വീണ്ടുമൊരു ലോകകപ്പ് ഇന്ത്യയിലെത്തുമോ?

പുതു തലമുറയിലേക്ക് ക്രിക്കറ്റ് കൈമാറ്റം ചെയ്യപ്പെടാൻ പോവുന്ന വേളയിൽ, കോലിക്കും രോഹിതിനുമൊക്കെയായി ഒരു ലോകകപ്പ് എന്ന പ്രതീക്ഷ വാനോളമാണ്. നീണ്ട 12 വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ വീണ്ടുമൊരു ലോകകപ്പ് നമുക്ക് സ്വന്തമാവുമോ?

2019- വേൾഡ് കപ്പ് സെമിഫൈനൽ.
ഇന്ത്യ vs ന്യൂസിലൻഡ് മാച്ച്‌ പുരോഗമിക്കുകയാണ്. ആദ്യ ഇന്നിങ്സിൽ 239 റൺസെടുത്ത കിവീസിനെതിരെ ചെയ്‌സ് ചെയ്യാനിറങ്ങിയ ഇന്ത്യയുടെ തുടക്കം പാളിയെങ്കിലും ധോണിയും ജഡേജയും ചേർന്ന ചെറുത്തുനില്പിൽ വിജയപ്രതീക്ഷകൾ വിരിഞ്ഞുനിൽക്കുകയാണ്.

47-ാം ഓവർ അവസാനിക്കുമ്പോൾ ഇന്ത്യക്ക് ജയിക്കാൻ 18 ബോളിൽ 37 റൺസ് വേണം. എന്നാൽ ട്രെന്റ് ബോൾട്ടിന്റെ ഓവറിൽ ജഡേജ ഉയർത്തിയടിച്ച ബോൾ വില്യംസണിന്റെ കൈകളിൽ ചെന്നുവീഴുന്നു. അടുത്ത ഓവറിന്റെ മൂന്നാം ബോളിൽ വിക്കറ്റുകൾക്കിടയിൽ ഏറ്റവും വേഗതയേറിയ മഹിയെ തന്നെ ഗുപ്ടിൽ കിറുകൃത്യമായി എറിഞ്ഞിട്ട് റൺഔട്ടാക്കി തിരിച്ചയക്കുമ്പോൾ പവലിയനിൽ കണ്ണുപൊത്തി നിന്ന് കരയുന്ന, ടൂർണമെന്റിൽ അഞ്ച് സെഞ്ചുറികളുമായി നിൽക്കുന്ന രോഹിത് ശർമയുടെ ദൃശ്യം, ക്രിക്കറ്റ് പ്രേമികളുടെ ഹൃദയത്തിൽ നിന്നിതുവരെ മാഞ്ഞുപോയിട്ടുണ്ടാവില്ല.

2019 വേൾഡ് കപ്പിൽ ന്യൂസിലാൻഡിനോട് സെമി ഫൈനലിൽ തോറ്റ് പുറത്തായപ്പോൾ ഗാലറിയിൽ നിന്ന് കരയുന്ന രോഹിത് ശർമ

2017 വിമൻസ് വേൾഡ് കപ്പ് ഫൈനൽ.
ഇന്ത്യ vs ഇംഗ്ലണ്ട് മാച്ച്.
ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇംഗ്ലണ്ട് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 228 റൺസ് സ്കോർബോർഡിൽ എഴുതിച്ചേർത്തു. ചെയ്‌സിങിനിറങ്ങിയ ഇന്ത്യയുടെ ഓപ്പണർ പൂനം പതിയെ കളിച്ച് താളം കണ്ടെത്തി ക്രീസിലുണ്ട്. ഇരു ദശകങ്ങളായി ഇന്ത്യൻ ടീമിന്റെ നെടുന്തൂണെന്നോണം നിലകൊണ്ട ക്യാപ്റ്റൻ മിതാലിയെ പക്ഷെ പതിമൂന്നാമോവറിലെ ആദ്യ പന്തിൽ തന്നെ സിവറും ടെയ്‌ലറും ചേർന്ന് റൺഔട്ടാക്കി തിരിച്ചയക്കുന്നു. പിന്നീട് 86 റൺസുമായി പൂനം പിടിച്ചുനിന്നെങ്കിലും ഒപ്പമൊരു വലിയ പാർട്ണർഷിപ്പ് ബിൽഡ് ചെയ്യാനാവാതെ ഇന്ത്യ പരാജയപ്പെടുന്നത് കണ്ട് കണ്ണുനിറഞ്ഞത് ഇന്നുമോർമയുണ്ട്. ഗ്രൂപ്പ് സ്റ്റേജ് കഴിഞ്ഞ് തങ്ങൾ തിരിച്ചുവരുമെന്ന് തീർച്ചയായതുകൊണ്ട് അതിന് കണക്കാക്കി ആദ്യമേ ഫ്ലൈറ്റ് ടിക്കറ്റുകൾ ബുക്ക് ചെയ്തിരുന്നുവെന്ന് സ്‌മൃതി മന്ദാന പിന്നീട് ഒരു അഭിമുഖത്തിൽ പറഞ്ഞുകേട്ടു.

ആ ഒരൊറ്റ വേൾഡ് കപ്പ്, ഫൈനൽ തോറ്റുപോയെങ്കിലും ഒരു ജനത മുഴുവൻ തങ്ങളുടെ സിരയിലൊഴുകുന്ന ചോരയെന്നോണം കാണുന്ന ക്രിക്കറ്റിനെ ലിംഗഭേദമില്ലാതെ കാണാനും സ്വീകരിക്കാനും തുടങ്ങിയതിനുപിന്നിൽ ഒരു വലിയ കാരണമായി മാറി. എങ്കിലും തോൽവിയുടെ മുറിപ്പാടിന്നും ബാക്കിയാണ്.

2017 വുമൺസ്  വേൾഡ് കപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനോട്‌ തോറ്റ ഇന്ത്യൻ ടീമിന്റെ നിരാശ

2023 വിമൻസ് ട്വന്റി 20 ലോകകപ്പ് സെമി ഫൈനൽ. ഇന്ത്യ vs ഓസ്‌ട്രേലിയ മാച്ച്.
173 എന്ന വലിയ വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ 14 ഓവർ പിന്നിടുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 124 റൺസ് എന്ന നിലയിലാണ്. ക്യാപ്റ്റൻ ഹർമനും റിച്ചയും ക്രീസിലുണ്ട്, ജയിക്കാൻ 36 ബോളിൽ 49 റൺസ് വേണം. തൊട്ടടുത്ത ഓവറിൽ തുടർച്ചയായി രണ്ട് ബൗണ്ടറികളുമായി ക്യാപ്റ്റൻ അർധസെഞ്ചുറി തികക്കുന്നു. ജയിക്കാൻ 34 ബോളിൽ വെറും 41 മതി. വിജയപ്രതീക്ഷകളുടെ പടുകൂറ്റൻ മലയുടെ മുനമ്പിലെത്തിനിൽക്കുമ്പോൾ നാലാം ബോൾ ഡീപ്പ് മിഡ്‌വിക്കറ്റിലേക്ക് സ്വീപ്പ് ചെയ്തു വിട്ടു രണ്ടാം റണ്ണിനായി തിരിച്ചോടിവരുന്ന ഹർമന്റെ ബാറ്റ് വൈറ്റ് ലൈനിന് ഇഞ്ചുകളുടെ വ്യത്യാസത്തിൽ സ്റ്റക്ക് ആവുന്നു. ഈ നേരിയ വിടവിൽ ഗാർഡ്നർ എറിഞ്ഞ ബോൾ ഹീലി സ്റ്റമ്പിന് തട്ടുന്നു. നിരാശയോടെ ഹർമൻ പവലിയനിലേക്ക് മടങ്ങുമ്പോൾ ഇന്ത്യക്ക് ഹൃദയഭേദകമായ മറ്റൊരു നോക്ക്ഔട്ട് തോൽവി.

2023 വുമൺസ്  ട്വന്റി 20 ഫൈനലിൽ ആസ്ത്രേലിയയുടെ കൂറ്റൻ ടാർഗറ്റ് മറി കടക്കാൻ കഴിയാതെ നിരാശയിലിരിക്കുന്ന ഇന്ത്യൻ ബാറ്റിങ് ഡഗ്ഔട്ട്

വിജയപ്രതീക്ഷകളുടെ അമിതഭാരവും തലയിലേന്തി ഒരു വലിയ ജനത കണ്ണിമ ചിമ്മാതെ, കാത് കൂർപ്പിച്ചു നോക്കിയിരിക്കുന്നൊരു നാടാണ്. ക്രിക്കറ്റ് ഇന്നാട്ടുകാർക്ക് ഊണുമുറക്കവും പോലെ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. 2011 ഏകദിന വേൾഡ് കപ്പ് ഫൈനലിൽ ധോണി ഉയർത്തിയടിച്ച ബോളിനൊപ്പം ഉയർന്നുപൊങ്ങിയ നമ്മുടെ ലോകകപ്പിനോടുള്ള അഭിനിവേശം ഇന്നും ഗാലറിയിലെവിടെയോ കാത്തിരിക്കുകയാണ്. "Dhoni finishes off in style, a magnificent strike into the crowd. India lift the world cup after 28 years, the party starts in the dressing room..” എന്ന് രവിശാസ്ത്രിയുടെ ശബ്ദം ആവേശത്തിൽ ഇടറുമ്പോൾ നമ്മളും ആനന്ദക്കണ്ണീർ പൊഴിച്ചിട്ടുണ്ട്. വർഷങ്ങളായി ഈ രാജ്യത്തിന്റെ ഭാരം തന്റെ ചുമലിൽ അദ്ദേഹം ചുമന്നതല്ലേ, ഇനി ഞങ്ങൾ അയാളെ തോളിലേറ്റാനുള്ള സമയമാണ് എന്ന് കോലി സച്ചിനെ കുറിച്ച് പറഞ്ഞ മനോഹരമായ രാത്രി. തന്നെ കാർന്നുതിന്നുന്ന അർബുദബാധയറിയാതെ, രോഗലക്ഷണങ്ങളൊന്നുമേ വകവെക്കാതെ ലോകകപ്പ് മുത്തമിടുന്ന നിമിഷം വരെ തന്റെ ജീവിതം തന്നെ കളിയിലർപ്പിച്ച യുവരാജ് സിംഗിന്റെ രാത്രി. ക്രിക്കറ്റ് ഒരു വികാരം കൂടിയായ ഒരു രാജ്യത്ത്, നമുക്കൊരു സച്ചിനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ അവസാന വേൾഡ് കപ്പ്‌. സ്വന്തം നാട്ടിൽ വച്ച് ജയിച്ച്, വാങ്കഡെയുടെ ക്രിക്കറ്റ് അലിഞ്ഞുചേർന്ന മണ്ണിലൂടെ വിജയമാഘോഷിച്ച് ഇന്ത്യൻ ടീം സച്ചിനെ ചുമലിലേറ്റി നടക്കുന്നത് കണ്ടാണ് അന്നീ നാട്ടിലോരോ പുൽനാമ്പുമുറങ്ങാൻ കിടന്നത്. അതിലൊരു കാവ്യനീതിയുണ്ടായിരുന്നു, ആ വേൾഡ് കപ്പ് അയാളെ അർഹിച്ചിരുന്നു.

2011 വേൾഡ് കപ്പ് ഫൈനൽ കിരീടം നേടിയ ഇന്ത്യൻ ടീം സച്ചിനെ ചുമലിലേറ്റുന്നു

ഇന്നിതാ അതുപോലൊരു മുഹൂർത്തത്തിനുള്ള കാത്തിരിപ്പിലാണ് നാം. സച്ചിൻ പോയ വിടവ് നികത്താൻ ഇനി ആരുണ്ടെന്ന ചോദ്യമുയർന്നപ്പോൾ സാക്ഷാൽ വിരാട് കോലി ഉദയം ചെയ്തു. തിരുത്തുകയില്ലെന്ന് ചരിത്രത്തിലെഴുതപ്പെട്ട റെക്കോർഡുകൾ അയാൾ നിസാരമായി വെട്ടിക്കുറിച്ചു. ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും ജനകീയനായ ബാറ്ററായി അയാൾ വളർന്നത് നാം അഭിമാനത്തോടെ കണ്ടുനിന്നു.

വിരാട് കോഹ്ലിയും രോഹിതും

നാമോമനപ്പേരിട്ടു ഹിറ്റ്മാൻ എന്ന് വിളിച്ച പ്രിയപ്പെട്ടൊരു ഓപ്പണറുണ്ടായി. മൂന്നിരട്ട സെഞ്ചുറികളും, ഒരു വേൾഡ് കപ്പിൽ അഞ്ചു സെഞ്ചുറികളുമൊക്കെയായി അയാൾ കരിയറിന്റെ തുടക്കത്തിലെ അലസതയെന്ന ചീത്തപ്പേരൊക്കെ മാറ്റിയെഴുതി. അയാളുടെ പുൾ ഷോട്ടുകൾ നമ്മുടെ ഹൃദയത്തിലേക്ക് വന്ന് പതിച്ചു തുടങ്ങി. പുതു തലമുറയിലേക്ക് ക്രിക്കറ്റ് കൈമാറ്റം ചെയ്യപ്പെടാൻ പോവുന്ന വേളയിൽ, കോലിക്കും രോഹിതിനുമൊക്കെയായി ഒരു ലോകകപ്പ് എന്ന പ്രതീക്ഷ വാനോളമാണ്. നീണ്ട 12 വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ വീണ്ടും ആ ലോകകപ്പ് നമുക്ക് സ്വന്തമാവുമോ?

Comments