വാങ്കഡെയിൽ ഇന്ത്യയെ കാത്തിരിക്കുന്ന സാധ്യതകൾ

മികച്ച ഫോമും ഒത്തിണക്കവും നോക്കുകയാണെങ്കിൽ ഇന്ത്യ തന്നെ ജയിക്കുമെന്ന് കാണികളും ക്രിക്കറ്റ് പണ്ഡിതരും പറയുന്നു. എന്നാൽ ഐ സി സി ടൂർണമെന്റിലെ നോക്കൗട്ട് മൽസരങ്ങളിൽ ഇന്ത്യക്കെതിരെ വ്യക്തമായ ആധിപത്യം കിവീസിനുണ്ട്. എന്നാൽ എക്കാലത്തെയും മികച്ച ഫോമിലുള്ള ഇപ്പോഴത്തെ ഇന്ത്യൻ നിരക്കു മുമ്പിൽ അത് പ്രസക്തമാവണമെന്നില്ല.

വാങ്കഡെ സ്റ്റേഡിയത്തിൽ ബുധനാഴ്ച ക്രിക്കറ്റ് വേൾഡ് കപ്പിന്റെ 13-ാം എഡിഷന്റെ ആദ്യ സെമി ഫൈനൽ നടക്കുന്നു. പ്രാഥമിക ഘട്ടത്തിൽ ഒമ്പതു കളിയിലും ആധികാരികമായി വിജയിച്ച് ഒന്നാം സ്ഥാനത്തെത്തിയ ഇന്ത്യയും അഞ്ച് വിജയവും നാല് തോൽവിയുമായി നാലാം സ്ഥാനത്തെത്തിയ ന്യൂസിലാൻഡും പരസ്പരം ഏറ്റുമുട്ടുന്നു. കഴിഞ്ഞ നാലുവർഷവും സെമിഫൈനൽ കടന്ന ടീമായ ഇന്ത്യ 2019- ലെ കഴിഞ്ഞ ലോകകപ്പിൽ ന്യൂസിലാൻഡിനെതിരെ സെമിയിൽ തോറ്റിരുന്നു. ഗുപ്റ്റിലിന്റെ ഡയറക്ട് ത്രോയിൽ മില്ലി സെക്കന്റ് വ്യത്യാസത്തിൽ ധോണി പുറത്താവുന്നതും തേർഡ് അമ്പയർ റിച്ചാർഡ് അവിശ്വസനീയതയിൽ അന്തം വിട്ടുനിൽക്കുന്നതും രോഹിത് ഗാലറിയിലിരുന്ന് പൊട്ടിക്കരയുന്നതുമെല്ലാം ആ ദിവസത്തെ ഓൾഡ് ട്രാഫോഡിലെ ഇന്ത്യൻ ആരാധകരുടെ നെഞ്ചു പിളർത്തുന്ന കാഴ്ചയായിരുന്നു.

എന്നാൽ, അന്നത്തെ ഇന്ത്യൻ ടീമിൽ നിന്നു മാറി 1999 മുതൽ 2011 വരെ തുടർച്ചയായ 34 മത്സരങ്ങൾ തോൽവിയറിയാതെ മുന്നേറുകയും അതിലൂടെ മൂന്ന് ലോകകപ്പുകൾ തുടർച്ചയായി നേടുകയും ചെയ്ത മാറ്റി ഓസീസിനെ ഓർമിപ്പിക്കുന്നു, ഇന്നത്തെ ഇന്ത്യൻ ടീം. ലോകകപ്പ് കിരീടം നേടിയ 1983- ലും 2011- ലും പോലും ഇത്ര ശക്തമായ ടീം ഇന്ത്യക്കുണ്ടായിട്ടില്ല. 1983- ൽ ഗ്രൂപ്പ് ഘട്ടത്തിൽ ആസ്ട്രേലിയയോടും വെസ്റ്റിൻഡീസിനോടും തോറ്റിട്ടുണ്ട് ഇന്ത്യൻ ടീം. 2011- ൽ ദക്ഷിണാഫ്രിക്കയോട് പരാജയപ്പെടുകയും ഇംഗ്ലണ്ടുമായുള്ള മൽസരം സമാനിലയാവുകയും ചെയ്തു.

ഇന്ത്യ ലോകകപ്പ് നേടിയ 1983-ലെയും 2011-ലെയും ടീം

ഈ ലോകകപ്പിലെ ഏറ്റവും മികച്ച ബാറ്റിങ് നിരയാണ് ഇന്ത്യയുടേത്. കഴിഞ്ഞ മത്സരത്തിൽ ബാറ്റ് ചെയ്ത ആദ്യ ടോപ് ഫൈവ് ഓർഡർ ബാറ്റിസ്മാൻമാരും അർധശതകം നേടിയ ഉദാഹരണം തന്നെ ധാരാളം. ബ്രെയിറ്റ് ലീ, മഗ്രാത്ത്, ഡെയ്ൽ സ്റ്റൈൻ പോലെയുള്ള മാസ് പേസർമാരെ നോക്കി വെള്ളമിറക്കിയ തലമുറക്ക് സിറാജും ഷമിയും ബുമ്രയും സ്വിങ് ഡെലിവറികളിൽ അത്ഭുതങ്ങൾ കാണിച്ചുകൊടുത്തു. കുൽദീപും ജഡേജയും ആ പന്തിനെ ബാറ്റർമാർക്ക് മുകളിലൂടെ വട്ടം കറക്കിയെടുത്തു. അൽഭുതകരമായ ഒത്തിണക്കവും ഇന്റൻസിറ്റിയും മാക്സിമം ഔട്ട്പുട്ടും ഓരോ താരങ്ങളും മൈതാനത്ത് പ്രൊഡ്യൂസ് ചെയ്യുന്നു. റൺ വിട്ടു കൊടുക്കാതിരിക്കുന്നതിലും ക്യാച്ചെടുക്കുന്നതിലും ഫീൽഡിൽ വലിയ ആവേശം കാണിക്കുന്നു. നിലവിലെ ഫോം നോക്കിയാൽ അമിത ആത്മ വിശ്വാസത്തിലകപ്പെടാതെ കരുതലോടെ കളിച്ചാൽ ഇന്ത്യക്ക് ഫൈനൽ ബർത്ത് അത്ര പ്രയാസമുള്ളതാകില്ല.

ദിരാഷ്ട്ര, ത്രിരാഷ്ട്ര ടൂർണമെന്റുകളിൽ ന്യൂസിലാൻഡിനെതിരെ സമഗ്രാധിപത്യമുള്ള ഇന്ത്യക്ക് ഐ സി സി ടൂർണമെന്റുകളിൽ ന്യൂസിലാൻഡിനെതിരെ അത്ര പാസ്റ്റ് റെക്കോർഡില്ല. കഴിഞ്ഞ ലോകകപ്പ് സെമിയിലെ തോൽവി, 2021- ലെ ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ഫൈനൽ തോൽവി, 2021- ലെ ട്വന്റി ട്വന്റി വേൾഡ് കപ്പിലെ സെമി മുടക്കം തുടങ്ങി നിർണായക നോക്കൗട്ട് മത്സരങ്ങളിൽ നിരവധി തവണ ഇടറി വീണിട്ടുണ്ട്, ബ്ലാക്ക് ക്യാപ്പിന് മുന്നിൽ ഇന്ത്യ. ഈ ലോകകപ്പിലെ പ്രാഥമിക ഘട്ടത്തിലെ വിജയത്തിനുമുമ്പ്, 2003- ലായിരുന്നു ഇന്ത്യ അവസാനമായി കിവീസിനെ ലോകകപ്പ് വേദിയിൽ തോൽപ്പിച്ചത്. പരസ്പരം ഏറ്റുമുട്ടിയ 10 ലോകകപ്പ് മത്സരങ്ങളിലും വിജയത്തിൽ ന്യൂസിലാൻഡാണ് മുന്നിൽ. അഞ്ചു മത്സരങ്ങൾ കിവി പടയും നാല് മത്സരങ്ങൾ ഇന്ത്യയും വിജയിച്ചു. ഒരു മത്സരം മഴ മൂലം ഉപേക്ഷിച്ചു. എന്നാൽ ഈ പാസ്റ്റ് റെക്കോർഡുകളെ നിലവിലെ ശക്തമായ ഫോമും ഒത്തിണക്കവും വെച്ച് മറികടക്കാൻ കഴിയുമെന്നതാണ് ഇന്ത്യൻ പ്രതീക്ഷ.

1.2011-ലെ വേൾഡ്കപ്പ് സെമിയിൽ ഇന്ത്യയെ പുറത്തേക്കയച്ച ന്യൂസിലാൻഡ് ധോണി റൺഔട്ട്. 2.2021 ലെ വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ന്യൂസിലാൻഡിനെതിരെ തോറ്റ ഇന്ത്യൻ ടീം

റോഡ് ടു സെമി ഫൈനൽ-ഇന്ത്യ

ചെന്നൈയിലെ ഓസീസുമായുള്ള ആദ്യ മത്സരം മുതൽ തന്നെ വ്യക്തമായ ആധിപത്യ വിജയവുമായാണ് ഇന്ത്യ ടോപ്പ് ഒന്നിൽ പ്രാഥമിക ഘട്ടം അവസാനിപ്പിച്ചത്. കുറച്ചെങ്കിലും വെല്ലുവിളി നേരിട്ടത് ഓസീസുമായുള്ള ആദ്യ മത്സരത്തിൽ മാത്രമായിരുന്നു. രോഹിതും ഇഷൻ കിഷനും അയ്യരും പൂജ്യത്തിന് പുറത്തായെങ്കിലും കോഹ്‍ലിയുടെയും കെ.എൽ. രാഹുലിന്റെയും മികച്ച ചെറുത്തുനിൽപ്പിൽ ഓസീസിന്റെ 199 എന്ന താരതമ്യേനെ ചെറിയ സ്കോർ ഇന്ത്യ ഭേദിച്ചു. മൂന്നു വിക്കറ്റ് നേടിയ ജഡേജയുടെയും രണ്ടു വിക്കറ്റ് നേടിയ കുൽദീപിന്റെയും സ്പിൻ ചുഴിയിലാണ് ഓസീസ് ബാറ്റിങ് നിര കൂടാരം കയറിയത്. രണ്ട് വിക്കറ്റെടുത്തും റൺസ് വിട്ട് കൊടുക്കാതെയും ബുമ്രയും മികച്ച് പന്തെറിഞ്ഞു.

അഫ്ഗാനിസ്ഥാനെതിരെയുള്ള രണ്ടാം മൽസരത്തിൽ ഇന്ത്യ വഴങ്ങിയത് 272 റൺസാണ്. എന്നാൽ ക്യാപ്റ്റൻ രോഹിതിന്റെ (137) തകർപ്പൻ സെഞ്ച്വറി വെടിക്കെട്ടിലും ഇഷൻ കിഷന്റെയും (47) കോഹ്‍ലിയുടെയും (55) പിന്തുണയിലും 8 വിക്കറ്റിന് ഇന്ത്യ വിജയിച്ചു. നാല് വിക്കറ്റെടുത്ത ബുമ്രയായിരുന്നു ബൗളിങ്ങിലെ താരം.

പാകിസ്ഥാനെ നിഷ്പ്രഭമാക്കുന്നതായിരുന്നു ഇന്ത്യൻ ബൗളിങ്ങ്. ബുമ്രയും സിറാജും ജഡേജയും കുൽദീപും പാണ്ട്യയും രണ്ട് വിക്കറ്റുകൾ വീതം നേടി. രോഹിതിന്റെയും (86) ശ്രേയസ് അയ്യരുടെയും (53) അർധ ശതക ബലത്തിൽ ഇന്ത്യ ഏഴ് വിക്കറ്റിന് ലക്ഷ്യം മറികടന്നു.

അഞ്ച് ഇന്ത്യൻ താരങ്ങളാണ് ടൂർണമെന്റിൽ പത്ത് വിക്കറ്റുകൾക്ക് മുകളിൽ നേടിയത്. കുൽദീപ്, ബുമ്ര, ജഡേജ, സിറാജ്,ഷമി

ബംഗ്ലാദേശിനെതിരെയുള്ള നാലാം മത്സരത്തിൽ ബുമ്ര, സിറാജ്, ജഡേജ തുടങ്ങിയവർ രണ്ട് വിക്കറ്റുകളുമായി തിളങ്ങി. 256- ന്റെ മറുപടി ബാറ്റിങ്ങിൽ രോഹിത് (48), ശുഭ്മാൻഗിൽ (53), കെ.എൽ. രാഹുൽ (34) തുടങ്ങിയവർ മികച്ച പ്രകടനം കാഴ്ച്ചവെച്ചു. ഈ ലോകകപ്പിലെ തന്റെ ആദ്യ സെഞ്ച്വറിയിൽ സിക്സർ അടിച്ചാണ് കോസ്‍ലി (103) ഇന്ത്യയുടെ വിജയമാഘോഷിച്ചത്.

സെമിഫൈനലിലെ എതിരാളികളായ ന്യൂസിലാൻഡിനെതിരെയുള്ള അടുത്ത മത്സരം അഞ്ചു വിക്കറ്റെടുത്ത ഷമിയുടേതായിരുന്നു. സിറാജ്, ബുമ്ര തുടങ്ങി രണ്ട് മുഖ്യ പേസറേയും മൂന്നാം പേസറായി താക്കൂറിനെയും നാലാമനായി ഹർദിക്കിനെയും വെച്ചുള്ള ബൗളിംഗ് പദ്ധതിയായിരുന്നു അതുവരെയുള്ള മത്സരങ്ങളിൽ ഇന്ത്യക്കുണ്ടായിരുന്നത്. ബാറ്റിങ് ഡെപ്ത് കൂട്ടുക എന്ന ഉദ്ദേശ്യവും അതിനുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ മത്സരത്തിൽ പരിക്കേറ്റ ഹർദിക്കിനുപകരം വരുന്ന വിടവിൽ താക്കൂറിനെ പത്ത് ഓവറുകളുമെറിയിപ്പിക്കുക എന്ന ഹൈ റിസ്ക് ഒഴിവാക്കാൻ മാനേജ്മെന്റ് ഷമിയെ കൊണ്ടുവന്നു. കൂടാതെ മധ്യനിരയിൽ സൂര്യകുമാറിനെയും പരീക്ഷിച്ചു.

തുടർന്നുള്ള മത്സരങ്ങളെയും ഏറ്റവും സ്വാധീനിച്ച പരീക്ഷണമായി അത് മാറി. സെഞ്ച്വറിക്കരികിൽ വിക്കറ്റ് വീണ കോഹ്‍ലിയുടെയും (95), രോഹിത്തിന്റെയും (46), ശ്രേയസ് അയ്യരുടെയും (33) , വാലറ്റത്ത് ജഡേജയുടെയും (39) മികച്ച ബാറ്റിങ് പ്രകടനം ഇന്ത്യക്ക് ന്യൂസിലാൻഡിനേതിരെ 20 വർഷങ്ങൾക്കുശേഷമുള്ള ലോകകപ്പ് വിജയം സമ്മാനിച്ചു. ഇന്ത്യ ഈ ലോകകപ്പിൽ വഴങ്ങിയ ഏറ്റവും വലിയ സ്കോറായായ 273, ആറ് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു.

ഈ ലോകകപ്പിലെ റൺ വേട്ടയിൽ മുൻനിര സ്ഥാനം പിടിച്ചത് ഇന്ത്യയിൽ നിന്നും അഞ്ച് താരങ്ങൾ.രോഹിത്,ഗിൽ,കോഹ്ലീ,കെ.എൽ രാഹുൽ,ശ്രേയസ് അയ്യർ

ഇന്ത്യയുടെ ഈ ലോകകപ്പിലെ ഏറ്റവും ചെറിയ ടോട്ടലായിരുന്നു ഇംഗ്ലണ്ടിനെതിരെയുള്ള 229 റൺസ്. രോഹിത് ശർമ (87), കെ.എൽ. രാഹുൽ (39), സൂര്യകുമാർ യാദവ് (49) തുടങ്ങിയവരാണ് ബാറ്റിങ്ങിലെ മറ്റുള്ളവർ അടിപതറിയപ്പോൾ പോരാടി ഈ സ്കോറിലേക്കെത്തിച്ചത്. എന്നാൽ അനായാസവിജയം ലക്ഷ്യമിട്ടെത്തിയ നമ്പർ 10 വരെയുള്ള ഇംഗ്ലീഷ് ഓൾ റൗണ്ട് ബാറ്റിങ് നിരയെ ബുമ്രയും (മൂന്ന് വിക്കറ്റ്) ഷമിയും (നാല് വിക്കറ്റ്) ചേർന്ന് കൂട്ടിക്കെട്ടി. കുൽദീപും ജഡേജയും ചേർന്ന് ഇംഗ്ലണ്ട് ചെറുത്തുനിൽപ്പ് 34 ഓവറിലവസാനിപ്പിച്ചു.

ഇന്ത്യയുടെ ഏറ്റവും വലിയ ലോകകപ്പ് വിജയമായിരുന്നു ശ്രീലങ്കക്കെതിരെയുള്ള 302 റൺസിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഗില്ലിന്റെയും (92) കോഹ്‍ലിയുടെയും (88) ശ്രേയസ് അയ്യരുടെയും (82) ഒടുവിൽ ജഡേജയുടെ വെടിക്കെട്ടിന്റെയും (35) മികവിൽ 357 റൺസെടുത്തു. ഈ ലോകകപ്പിലെ തന്റെ രണ്ടാം അഞ്ചു വിക്കറ്റ് നേട്ടം നേടിയ ഷമിയും സിറാജും (മൂന്ന് വിക്കറ്റ്) 1.6 റൺസ് മാത്രം എക്കോണമിയിൽ ഒരു വിക്കറ്റെടുത്ത ബുമ്രയും പേസിൽ സംഹാര താണ്ടവമാടിയപ്പോൾ സ്പിന്നർമാർ തങ്ങളുടെ മൂന്നാം ഓവർ എറിഞ്ഞുതുടങ്ങുന്നതിനുമുമ്പുതന്നെ ഇരുപത് ഓവറിനുള്ളിൽ 55 റൺസിന് ശ്രീലങ്ക ഓൾ ഔട്ടായി. ശ്രീലങ്കൻ നിരയിൽ മുൻനിര ബാറ്റർമാരടക്കം അഞ്ചു പേർ ബൗൾഡായി.

ടൂർണമെന്റിലെ ടോപ് 2 ടീമുകൾ തമ്മിലുള്ള പോരാട്ടമായിരുന്നു ഇന്ത്യ- ദക്ഷിണാഫ്രിക്ക പോരാട്ടം. എന്നാൽ നാല് സെഞ്ച്വറിയുമായി സ്വപ്ന സമാന ബാറ്റിങ്ങ് കാഴ്ചവെച്ച ഡീ കോക്കും റൺവേട്ടയിൽ മുന്നിലുള്ള വാൻ ഡെർ ഡുസെനും മാർക്രം, ക്ളാസൻ, മില്ലർ, ജനെസൺ തുടങ്ങി കൂറ്റനടിക്കാരുടെ പ്രോട്ടിയാസ് ഇന്ത്യൻ ബൗളേഴ്സിന് മുന്നിൽ വെറും 83 റൺസിൽ നല്ല കുട്ടികളായി വരി വരിയായി പവലിയനിലേക്ക് മാർച്ച് ചെയ്തു. ജഡേജ അഞ്ചു വിക്കറ്റ് നേട്ടം നേടി. സെഞ്ച്വറി നേടിയ കോഹ്‍ലി ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടുന്ന (49 തവണ) സച്ചിന്റെ റെക്കോർഡിനൊപ്പമെത്തി. ആദ്യ ബാറ്റിങ്ങിൽ 326 റൺസ് നേടിയ ഇന്ത്യക്ക് 243 റൺസിന്റെ മറ്റൊരു വമ്പൻ ജയം.

പ്രാഥമിക ഘട്ടത്തിലെ ഒമ്പതാമത്തെ മത്സരവും വിജയിച്ച് അപ്രമാദിത്യം ഉറപ്പിക്കുകയായിരുന്നു നെതർലാൻഡിനെതിരെയുള്ള മത്സരത്തിൽ ഇന്ത്യ. ടോപ് ഓർഡറിൽ ആദ്യ അഞ്ചു പേരും അർധ ശതകം പിന്നിട്ടു. രോഹിത് (61), ഗിൽ (51), കോഹ്‍ലി (51) എന്നിവർ ഫിഫ്റ്റികൾ നേടിയപ്പോൾ ശ്രേയസ് അയ്യരും (128) രാഹുലും (102) സെഞ്ച്വറികൾ നേടി. അയ്യരും രാഹുലുമെല്ലാത്ത ഒമ്പതുപേരും പന്ത് കയ്യിലെടുത്ത ഇന്നിങ്ങ്സിൽ നെതർലാൻഡ് ഓട്ടം 250 ലവസാനിച്ചു.

എല്ലാ ടീമുകളും പരസപരം ഏറ്റ്മുട്ടുന്ന റൗണ്ട് റോബിൻ രീതിയിൽ ലീഗ് ഘട്ടത്തിലെ പോയിന്റ് നില

റോഡ് ടു സെമി ഫൈനൽ-ന്യൂസിലാൻഡ്

ആദ്യ നാലു കളിയും ജയിച്ച് പിന്നീടുള്ള നാലു കളിയിലും അടിപതറി, ശ്രീലങ്കക്കെതിരെയുള്ള അവസാന മത്സരത്തിൽ തിരിച്ചുവന്ന് നാലാമനായാണ് ന്യൂസിലാൻഡ് സെമിയിലെത്തുന്നത്. ക്യാപ്റ്റൻ വില്യംസണിന്റെ പരിക്കും പേസ് നിരയിൽ സ്ഥിരമായി ഒരു കോമ്പിനേഷൻ കണ്ടെത്താൻ പറ്റാത്തതും ആദ്യ ഘട്ടത്തിലെ വെല്ലുവിളിയായിരുന്നു.

കഴിഞ്ഞ ലോകകപ്പിൽ കപ്പിനും ചുണ്ടിനുമിടയിൽ നിന്ന് കിരീടം തട്ടിയെടുത്ത ഇംഗ്ലണ്ടിനെ ഉദ്ഘാടന മത്സരത്തിൽ തന്നെ തോൽപ്പിച്ച ആത്മവിശ്വാസത്തോടെയാണ് കിവികൾ തുടങ്ങിയത്. ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തിൽ 282 റൺസ് എന്ന ലക്ഷ്യം ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ കോൺവെയുടെയും (152) രചിന്റെയും (123) മികവിൽ ന്യൂസിലാൻഡ് മറികടന്നു. ലോകകപ്പിലെ അരങ്ങേറ്റ മൽസരത്തിൽ തന്നെ സെഞ്ച്വറി നേടുന്ന താരമായി രച്ചിൻ. മാറ്റ് ഹെൻറിയും (മൂന്ന് വിക്കറ്റ്) സ്പിന്നർമാരായ സാന്റ്നറും ഗ്ലെൻ ഫിലിപ്സും (രണ്ട് വിക്കറ്റ് വീതം) നന്നായി പന്തെറിഞ്ഞു.

ടോപ് ഓർഡർ ബാറ്റർമാരെല്ലാം മികച്ച സംഭാവന നൽകിയ രണ്ടാമത്തെ മത്സരത്തിൽ നെതർലാൻഡിനേതിരെ 99 റൺസിന്റെ വിജയം നേടി. വിൽ യങ്ങും രചിൻ രവീന്ദ്രയും ലതാമും അർധ ശതകം നേടി. ഇന്ത്യൻ പിച്ചിൽ പന്ത് തിരിച്ച സാന്റ്നർ അഞ്ചു വിക്കറ്റ് നേടി. ഡെത്ത് ഓവറുകളിൽ ബാറ്റ് കൊണ്ടും സാന്റ്നർ (36) തിളങ്ങി. ഹെൻറി മൂന്ന് വിക്കറ്റെടുത്തു. പരിക്ക് മാറി വില്യംസൺ തിരിച്ചുവന്ന മത്സരത്തിൽ നേടിയ (78) , കോൺവേ (45) ഡാരിയൽ മിച്ചൽ (89) എന്നീ പ്രകടനങ്ങളുടെ ബലത്തിൽ ബംഗ്ലാദേശിന്റെ 245 സ്കോർ വെറും രണ്ട് വിക്കറ്റ് നഷ്ടത്തിൽ ന്യൂസിലാൻഡ് മറികടന്നു. പേസർമാരായ ലൂക്കി ഫെർഗൂസൻ മൂന്ന് വിക്കറ്റും ബോൾട്ടും ഹെൻറിയും രണ്ട് വിക്കറ്റ് വീതവും നേടി.

ന്യൂസിലാൻഡ് നിരയിൽ റൺവേട്ടയിൽ മുന്നിലുള്ള രച്ചിൻ രവീന്ദ്ര, കോൺവെ, ഡാരിയൽ മിച്ചൽ, പരിക്ക് മൂലം മൂന്ന് മൽസരങ്ങൾ മാത്രം കളിച്ച് 90 ശരാശരിയിൽ റൺസ് നേടിയ കെയിൻ വില്യംസൺ

നാലാം മൽസരത്തിൽ അഫ്ഗാനിസ്ഥാനെ 149 റൺസിന് തോൽപിച്ചു. വീണ്ടും പരിക്കേറ്റ് പുറത്തായ വില്യംസണിന് പകരമെത്തിയ വിൽ യങ്ങ് (54), ലതാം (68), ഗ്ലെൻ ഫിലിപ്സ് (71) എന്നിവരുടെ പ്രകടനത്തിൽ 288 റൺസ് നേടിയ ന്യൂസിലാൻഡ് സ്പിന്നർ സാന്റ്നറിന്റെയും (മൂന്ന് വിക്കറ്റ്) പേസർമാരായ ലൂക്കി ഫെർഗൂസന്റെയും (മൂന്ന് വിക്കറ്റ്) ബോൾട്ടിൻറെയും (രണ്ട് വിക്കറ്റ്) മികവിൽ പ്രധാന ടീമുകളെ അട്ടിമറിച്ചെത്തിയ അഫ്ഗാനെ 139 ലൊതുക്കി.

തങ്ങളുടെ അഞ്ചാം മത്സരത്തിൽ ഇന്ത്യക്കെതിരെയായിരുന്നു ഈ ലോകകപ്പിലെ ആദ്യ തോൽവി. ഡാരിയൽ മിച്ചലിന്റെ കന്നി ലോകകപ്പ് സെഞ്ച്വറിയിലും (130), രചിൻ രവീന്ദ്രയുടെ (75) റൺസിലും 273 റൺസ് കൂട്ടിച്ചേർത്തെങ്കിലും ഇന്ത്യ നാല് വിക്കറ്റിന് ലക്ഷ്യം ആ ലക്ഷ്യം മറികടന്നു. തുടർന്നുള്ള ധർമശാലയിലെ ആസ്ട്രലിയയുമായുള്ള അഞ്ചാം മത്സരത്തിൽ 388 റൺസ് കൂറ്റൻ ലക്ഷ്യം പിന്തുടർന്ന കിവി പട രചിന്റെ സെഞ്ച്വറിയുടെയും (116), നീഷമിന്റെയും (58), ഡാരിയൽ മിച്ചലിന്റെയും (54) അർധ ശതകത്തിന്റെയും ബലത്തിൽ തൊട്ടടുത്തെത്തിയെങ്കിലും അഞ്ചു റൺസിന് തോറ്റു. ഗ്ലെൻ ഫിലിപ്സും ബോൾട്ടും മൂന്ന് വിക്കറ്റുകൾ വീതം നേടി.

ടൂർണമെന്റിലെ ടോപ് റൺസ് വേട്ടക്കാരായിരുന്ന ദക്ഷിണാഫ്രിക്കക്കെതിരെയായിരുന്നു അടുത്ത മത്സരം. ഡീ കോക്കും വാൻ ഡേർ ഡുസെനും സെഞ്ച്വറികളുമായി ആഞ്ഞടിക്കുകയും (114, 133), സ്പിന്നർ മഹാരാജും മീഡിയം പേസർ ജാൻസെണും (4,3) വിക്കറ്റുകൾ വീതം വീഴ്ത്തുകയും ചെയ്തപ്പോൾ ന്യൂസിലാൻഡ് ഈ ലോകകപ്പിലെ തങ്ങളുടെ കുറഞ്ഞ സ്കോറിൽ 167 റൺസിന് പുറത്തായി. 190 റൺസിന്റെ വലിയ തോൽവി.

ന്യൂസിലാൻഡ് ബൗളിങ്ങ് നിരയിലെ കുന്തമുനകളായ ലെഫ്റ്റ്-ആം സ്പിന്നർ സാന്റനർ,പേസർമാരായ ബോൾട്ട്,ഹെൻറി

റൺ റേറ്റിലും പോയിന്റ് ടേബിളിലും സെമി പ്രവേശനത്തിന് പരസ്പരം മത്സരിക്കുകയായിരുന്ന രണ്ട് ടീമുകൾ തമ്മിലുള്ള മത്സരമായിരുന്നു, ന്യൂ സിലാൻഡ്- പാക് പോരാട്ടം. രചിന്റെ ഈ ലോകകപ്പിലെ മൂന്നാം സെഞ്ചുറി (108) യിലും വീണ്ടും മടങ്ങിയെത്തിയ ക്യാപ്റ്റൻ വില്യംസണിന്റെയും (95) മധ്യനിരയിൽ നടത്തിയ വെടിക്കെട്ട് ബാറ്റിങ്ങിന്റെയും കരുത്തിൽ 400 നേടിയ ന്യൂസിലാൻഡിന് പക്ഷെ മഴ നിയമത്തിലും ഫഖർ സമാന്റെയും (126) ബാബർ അസമിന്റെയും (66) വെടിക്കെട്ടിലും അടിപതറി. ഡി എൽ എസ് നിയമ പ്രകാരം പാകിസ്ഥാന് 21 റൺസിന്റെ വിജയം.

ആദ്യ നാല് കളിയിലും ജയിച്ച് പിന്നീടുള്ള നാല് കളിയിലും തോറ്റ് സെമി പ്രവേശനത്തിൽ നിർണായക മൽസരമായിരുന്നു ശ്രീലങ്കക്കെതിരെ അവസാനത്തേത്. ഈ ലോകകപ്പിൽ ഏറ്റവും നിറം മങ്ങിയ പ്രകടനം കാഴ്ചവെച്ച ശ്രീലങ്കയുടെ 172 എന്ന ചെറിയ സ്കോർ 23.2 ഓവറിൽ ന്യൂസിലാൻഡ് മറികടന്നു. കോൺവെയും (45) രചിനും (42) ഡാരിയലും (43) ബാറ്റിങ്ങിൽ സംഭാവനകൾ നൽകി. പേസർമാരായ ബോൾട്ടും (മൂന്ന് വിക്കറ്റും) ലൂക്കി ഫെർഗൂസൻ (രണ്ട് വിക്കറ്റും) സ്പിന്നർമാരായ സാന്റ്നറും ഗ്ലെൻ ഫിലിപ്സും രണ്ട് വിക്കറ്റ് വീതവും നേടി.

2019 സെമി ഫൈനൽ

കഴിഞ്ഞ ലോകകപ്പിലും ഏഴ് ജയവും ഒരു സമനിലയും ഒരു തോൽവിയുമായി പതിനഞ്ച് പോയിന്റോടെ ഒന്നാം സ്ഥാനത്തോടെയായിരുന്നു ഇന്ത്യയുടെ സെമിപ്രവേശം. ഒമ്പത് കളിയിൽ നിന്നും അഞ്ച് ജയവും മൂന്ന് തോൽവിയും ഒരു സമനില പോയിന്റുമായി 11 പോയിന്റോടെ ന്യൂസിലാൻഡ് നാലാം സ്ഥാനത്തെത്തി. ഒന്നാം സ്ഥാനക്കാരും നാലാം സ്ഥാനക്കാരും തമ്മിലുള്ള സെമിഫൈനൽ മൽസരത്തിൽ ആദ്യം ബാറ്റ് ചെയ്ത കിവീസ് കെയിൻ വില്യംസണിന്റെയും (67) റോസ് ടെയ്ലറിന്റെയും (74) ബലത്തിൽ 239 റൺസ് നേടി. താരതമ്യേന ഭേദിക്കാവുന്ന സ്കോർ പിന്തുടർന്ന ഇന്ത്യക്ക് മാറ്റ് ഹെൻറിയുടെയും ബോൾട്ടിന്റെയും ആദ്യ സ്പെല്ലിൽ തന്നെ അടിപതറി. കെ.എൽ. രാഹുലും രോഹിതും വിരാട് കോഹ്‍ലിയും ഓരോ റൺസ് മാത്രമെടുത്ത് പുറത്തായി. നാല് ഓവറിൽ 5-3 എന്ന സ്കോറിൽ നിന്നും 92-6 എന്ന അനിശ്ചിതത്വത്തിൽ നിന്നും ജഡേജയുമായി ചേർന്ന് ധോണി 2011-ന് സമാനമായ പോരാട്ടത്തിനൊരുങ്ങിയെങ്കിലും ഗുപ്റ്റിലിന്റെ ഡയറക്റ്റ് ത്രോയിൽ അതുമാവസാന്നിച്ചു. പിന്നീട് നടന്ന ജഡേജയുടെ ഒറ്റയാൾ പ്രകടനം ലക്ഷ്യത്തിന് 18 റൺസ് ബാക്കി നിൽക്കേ അവസാനിച്ചു. ഓൾഡ് ട്രാഫോഡിൽ ഇന്ത്യയുടെ കണ്ണീര് വീണു.

2019 ന്യൂസിലാൻഡിനെതിരെയുള്ള സെമി ഫൈനലിൽ അവസാന നിമിഷം ഒറ്റയാൾ പോരാട്ടം നടത്തിയ ജഡേജയും പുറത്താകുന്നു.

ടീമും താരങ്ങളും ഫാക്ട്ടറുകളും

1975-മുതലുള്ള ലോകകപ്പ് ക്രിക്കറ്റ് ചരിത്രത്തിൽ ഏഴ് തവണയാണ് ഇരു ടീമുകളും സെമിഫൈനൽ കടന്നത്. അതിൽ ഇന്ത്യ മൂന്ന് തവണയും ന്യൂസിലാൻഡ് കഴിഞ്ഞ തുടർച്ചയായ രണ്ട് ലോകകപ്പിലും ഫൈനലിലെത്തി. 1983-ൽ വെസ്റ്റിൻഡീസിനെതിരെയും 2011-ൽ ശ്രീലങ്കക്കെതിരെയും ഇന്ത്യ കിരീടം നേടിയപ്പോൾ 2015-ൽ ആസ്ട്രേലിയയോടും 2019-ൽ ഇംഗ്ലണ്ടിനെതിരെയും ന്യൂസിലാൻഡ് ഫൈനലിൽ പരാജയപ്പെട്ടു. ഇന്ത്യക്ക് മൂന്ന് സെമി വിജയവും ന്യൂസിലാൻഡിന് രണ്ട് സെമി വിജയവുമാണുള്ളത്.

ഈ ലോകകപ്പിലെ കണക്കും കളിയും നോക്കുമ്പോൾ കിവികൾക്ക് ഒരുപാട് മുന്നിലാണ് ഇന്ത്യൻ ടീം. എല്ലാ താരങ്ങളും കാഴ്ച്ചവെക്കുന്നത് അവരുടെ ഏറ്റവും മികച്ച പ്രകടനങ്ങൾ. ബാറ്റിങ്ങ് നോക്കുകയാണെങ്കിൽ ഈ ലോകകപ്പിലെ റൺവേട്ടയിൽ ആദ്യ ഇരുപതിലുള്ള നാല് താരങ്ങൾ. 594 റൺസുമായി ഒന്നാം സ്ഥാനത്തുള്ള വിരാട്, 503 റൺസുമായി രോഹിത്, 421 റൺസുമായി എട്ടാം സ്ഥാനത്തുള്ള ശ്രേയസ് അയ്യർ, 347 റൺസ് നേടിയ കെ.എൽ. രാഹുൽ തുടങ്ങിയവരും ഗില്ലും അത്യാവശ്യഘട്ടങ്ങളിൽ അവസരത്തിനൊത്തുയരുന്ന ജഡേജയയും ട്വന്റി- ട്വന്റി സ്റ്റൈൽ ബാറ്റർ സൂര്യകുമാർ യാദവുമടങ്ങിയ വമ്പൻനിര. മുൻനിര ബാറ്റർമാർ സ്ഥിരതയുള്ള പ്രകടനം കാഴ്ച്ചവെക്കുന്നതുകൊണ്ടുതന്നെ സൂര്യകുമാറിന് ഇതുവരെ വലിയ അവസരങ്ങളൊന്നും ലഭിച്ചിട്ടില്ല.

ബെസ്റ്റ് ബാറ്റിങ്ങ് ആവറേജിലും മുന്നിലായി കോഹ്‍ലി (99), ശ്രേയസ് അയ്യർ (70), കെ.എൽ. രാഹുൽ (69) എന്നിവരുണ്ട്. 24 സിക്സറുകൾ പറത്തിയ രോഹിതാണ് ടൂർണമെന്റിലെ മോസ്റ്റ് സിക്സർ കോൺട്രിബ്യൂട്ടർ. കോഹ്‍ലി അഞ്ച് തവണയും രോഹിതും അയ്യരും ഗില്ലും മൂന്ന് വീതവും അർധ ശതകങ്ങൾ നേടി. ഏറ്റവും കൂടുതൽ ഫോറുകളുടെ എണ്ണത്തിൽ രോഹിത് ശർമയാണ് മുന്നിൽ, 58 ഫോറുകളാണ് ഒമ്പത് മൽസരങ്ങളിൽ നിന്ന് താരം കണ്ടെത്തിയത്. ടൂർണമെന്റിൽ നേടിയ ടോട്ടൽ സ്കോറിന്റെ 75 ശതമാനവും രോഹിത് നേടിയത് ബൗണ്ടറികളിൽ നിന്ന് മാത്രമാണ്.

ഈ ലോകകപ്പിലെ റൺ വേട്ടയിൽ മുന്നിലെത്തിയ അഞ്ച് ബാറ്റർമാരും വ്യത്യസ്ത്ഥ അടിസ്ഥാനത്തിലുള്ള അവരുടെ പെർഫോമൻസുകളും

ന്യൂസിലാൻഡ് നിരയിൽ കന്നി ലോകകപ്പിൽ തന്നെ മൂന്ന് സെഞ്ച്വറികൾ നേടിയ രച്ചിൻ രവീന്ദ്രയാണ് റൺ വേട്ടയിൽ മുന്നിൽ. 70 റൺസിന്റെ ബാറ്റിങ് ശരാശരിയിൽ 565 റൺസ്. 418 റൺസ് നേടിയ ഡാരിയൽ മിച്ചലും 359 റൺസ് നേടിയ കോൺവെയും റൺവേട്ട പട്ടികയുടെ മുൻസ്ഥാനങ്ങളിലുണ്ട്. പരിക്ക് അലട്ടുന്നുണ്ടെങ്കിലും മൂന്നു കളിയിൽ നിന്ന് 93 ബാറ്റിങ്ങ് ശരാശരിയിൽ കളിക്കുന്ന കെയിൻ വില്യംസണും പ്രധാന ബാറ്റിങ് ഫാക്റ്ററാണ്. ഗ്ലെൻ ഫിലിപ്സും ലതാമും വിൽയങ്ങും അവസരത്തിനൊത്ത് കളിക്കുന്നു. ടോപ്പ് സിക്സ് ഓർഡറിൽ മൂന്ന് ലെഫ്റ്റ്-ആം ബാറ്റർമാരുള്ളത് കിവീസിന്റെ മാത്രം എക്സ്ട്രാ ഫാക്റ്ററാണ്.

ബൗളിങ്ങിൽ സമ്പൂർണ ആധിപത്യമാണ് ഇന്ത്യക്കുള്ളത്. ഒമ്പത് കളിയിൽ നിന്ന് 86 വിക്കറ്റുകളാണ് ബൗളർമാർ നേടിയത്. അഥവാ മൊത്തം നേടാൻ പറ്റുന്നതിന്റെ നാല് വിക്കറ്റ് മാത്രം കുറവ്, അഞ്ച് താരങ്ങളാണ് ടൂർണമെന്റിൽ പത്ത് വിക്കറ്റുകൾക്ക് മുകളിൽ നേടിയത്. ബുമ്ര 17 വിക്കറ്റും ഷമിയും ജഡേജയും 16 വിക്കറ്റും കുൽദീപ് യാദവ് 14 വിക്കറ്റും സിറാജ് 12 വിക്കറ്റും നേടി. ആദ്യ നാല് മൽസരങ്ങളും പുറത്തിരുന്ന് പിന്നീടുള്ള മൽസരങ്ങളിൽ രണ്ട് തവണ അഞ്ച് വിക്കറ്റ് നേട്ടം നേടി ലോകകപ്പ് ചരിത്രത്തിലെ ഇന്ത്യക്കുവേണ്ടി ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ഷമിയുടെ പെർഫോമൻസ് എടുത്ത് പറയേണ്ടതാണ്. ആറ് മെയ്ഡൻ ഓവറുകളെറിഞ്ഞ ബുമ്ര ഈ ടൂർണമെന്റിലെറിഞ്ഞത് 303 ഡോട്ട് ബോളുകളാണ്. ജഡേജയും കുൽദീപും സിറാജും 250 പന്തിന് മുകളിൽ ഡോട്ട് ബോളുകൾ കണ്ടെത്തി. തുടർച്ചയായി ഡോട്ട് ബോളുകൾ കണ്ടെത്തി ബാറ്ററേ സമ്മർദ്ദത്തിലാക്കി വിക്കറ്റ് നേടുക എന്നതാണ് ഇന്ത്യൻ ബൗളർമാരുടെ പദ്ധതി. ആ പദ്ധതിയാണ് വിജയിച്ചതും.

ലെഫ്റ്റ്- ആം സ്പിന്നറായ സാന്റ്നറാണ് ന്യൂസിലാൻഡ് ബൗളിങ്ങിലെ പ്രധാന ശക്തി. ഇന്ത്യൻ പിച്ചുകൾക്കനുസരിച്ച് ചുഴിയൊരുക്കാൻ സാന്റ്നറിന് കഴിയുന്നു. ഇന്ത്യക്കെതിരെ മികച്ച ട്രാക്ക് റെകോർഡാണ് സാന്റ്നറിന്റേത്. കഴിഞ്ഞ ലോകകപ്പിൽ പത്ത് ഓവറെറിഞ്ഞ് 34 റൺസ് വിട്ട് കൊടുത്ത് രണ്ട് മെയ്ഡനും രണ്ട് നിർണായക വിക്കറ്റുമെടുത്ത പ്രകടനം. ഈ ലോകകപ്പിലെ ലീഗ് മാച്ചിൽ പത്ത് ഓവറെറിഞ്ഞ് 37 റൺസ് വിട്ട് കൊടുത്ത് ഒരു വിക്കറ്റെടുത്ത മറ്റൊരു മികച്ച പ്രകടനം. സാന്റ്നർ ഇത്തവണ നേടിയ 16 വിക്കറ്റുകളിൽ 15 ഉം വലത് ബാറ്റർമാരുടേതായിരുന്നു. വലത് ബാറ്റ്സ്മാൻമാർ കൂടുതലുള്ള ഇന്ത്യൻ നിരക്കെതിരെ കെയിൻ വില്യംസണിന്റെ പ്രധാന ആയുധം അതുകൊണ്ടു തന്നെ സാന്റ്നറായിരിക്കും. 13 വിക്കറ്റെടുത്ത ബോൾട്ടും 11 വിക്കറ്റെടുത്ത ഹെൻറിയും പേസ് നിരയെ നയിക്കും. ഈ ടൂർണമെന്റിൽ  290 ഡോട്ട് ബോളുകളും 6 മെയ്ഡനുകളും കണ്ടെത്തിയ താരം കൂടിയാണ് ബോൾട്ട്.

ടീമിലെ അഞ്ച് താരങ്ങളും പത്ത് വിക്കറ്റിന് മുകളിൽ നേടി. അവരുടെ ബൗളിങ്ങ് പെർഫോമൻസുകൾ

ട്രൻഡ് ഓഫ് വാങ്കഡെ

ബാറ്റിങ്ങിനെ അനുകൂലിക്കുന്ന പിച്ചാണ് വാങ്കഡെയിലേത്. ലോകകപ്പിനുമുന്നേ 270 റൺസായിരുന്നു ശരാശരി ബാറ്റിങ് സ്കോർ. എന്നാൽ ലോകകപ്പിലെ മൽസരങ്ങളിൽ നിന്നും ശരാശരി 350 ആയി ഉയർന്നു. 60 മുതൽ 70 വരെയുള്ള ചെറിയ ദൂരമാണ് ബൗണ്ടറിയിലെക്കുള്ളത്. ടോസ് നേടിയ ടീം ബാറ്റ് തിരഞ്ഞെടുക്കാനാണ് നൂറ് ശതമാനവും സാധ്യത. ഈ ലോകകപ്പിലെ ഈ പിച്ചിലെ ആദ്യ ഇന്നിങ്സ് ശരാശരി 357 ന് 6 വിക്കറ്റും രണ്ടാം ഇന്നിങ്സിലേത് 188 ന് ഒമ്പത് വിക്കറ്റുമാണ്. ഈ വലിയ വ്യത്യാസം തന്നെ ആദ്യ ഇന്നിങ്സ് കഴിഞ്ഞുള്ള പിച്ചിന്റെ മാറ്റം സൂചിപ്പിക്കുന്നു. മറുപടി ബൗൾ ചെയ്യാനെത്തുന്ന ടീമിന് ലൈറ്റിന് താഴെ പന്തിൽ മികച്ച സ്വിങ് ലഭിക്കുന്നു.

പവർ പ്ലേ ഓവറുകളിൽ ഈ തരത്തിൽ ഈ ലോകകപ്പിൽ വാങ്കഡെയിൽ വീണത് 17 വിക്കറ്റുകളാണ്. പകൽ സമയത്ത് അതേസമയം ബാറ്റ് ചെയ്ത ടീമുകൾക്ക് മൊത്തമായി പവർപ്ലേയിൽ അഞ്ച് വിക്കറ്റ് നഷ്ടം മാത്രമുള്ളപ്പോയാണത്. അതുകൊണ്ടുതന്നെ ചെസ് ചെയ്യുന്ന ടീമിന് ആദ്യ പതിനഞ്ച് ഓവറുകൾ അതിനിർണായകമായിരിക്കും. റൺസ് എക്കോണമി ഉയർത്താൻ പറ്റിയില്ലെങ്കിലും വിക്കറ്റ് വീഴാതിരിക്കുകയാവും ആ സമയത്ത് ടീമുകൾ എടുക്കുന്ന സ്ട്രാറ്റജി. ഗില്ലിനെ എൻഡിൽ വെച്ച് ആദ്യ പന്ത് മുതൽ അടിച്ചുകളിച്ച രോഹിത് മറുപടി ബാറ്റിങ്ങാണ് ലഭിക്കുന്നതെങ്കിൽ എന്ത് ചെയ്യും എന്ന ആകാംഷ നിലനിൽക്കുന്നു. എന്നാൽ ഈ പതിനഞ്ച് ഓവറുകൾക്കുശേഷം പിച്ച് പകലിനേക്കാൾ ബാറ്റർമാർക്ക് അനുകൂലമാകും. വാങ്കഡെയിൽ എല്ലാ കളിയിലും കണ്ട വ്യക്തമായ ഈ ട്രൻഡ് മൂലം ടോസ് വിൻ ചെയ്യുക എന്നത് കളിയിലെ നിർണായക ഭാഗമാകും.

ടോസ് വിൻ ചെയ്യുക എന്നത് ഇരു ക്യാപ്റ്റൻമാർക്കും നിർണ്ണായകമാവും

കളിയിലെ കണക്കോ വിശകലനങ്ങൾക്കോ പുറത്താവും ആ ദിവസത്തെ മാച്ച് റിസൾട്ട്. നിലവിലെ മികച്ച ഫോമും ഒത്തിണക്കവും നോക്കുകയാണെങ്കിൽ ഇന്ത്യ തന്നെ ജയിക്കുമെന്ന് കാണികളും ക്രിക്കറ്റ് പണ്ഡിതരും പറയുന്നു. എന്നാൽ ഐ സി സി ടൂർണമെന്റിലെ നോക്കൗട്ട് മൽസരങ്ങളിൽ ഇന്ത്യക്കെതിരെ വ്യക്തമായ ആധിപത്യം കിവീസിനുണ്ട്. എന്നാൽ എക്കാലത്തെയും മികച്ച ഫോമിലുള്ള ഇപ്പോഴത്തെ ഇന്ത്യൻ നിരക്കു മുമ്പിൽ അത് പ്രസക്തമാവണമെന്നില്ല. അങ്ങനെയെങ്കിൽ 2023 അഹമ്മദാബാദിലെ ഫൈനൽ പോരാട്ടത്തിൽ തീർച്ചയായും ഇന്ത്യയുണ്ടാകും. ഇന്ത്യയുടെ മൂന്നാം ലോകകപ്പ് കിരീടധാരണത്തിന് സാധ്യത തെളിയും.

Comments