ഒരു കായിക താരത്തിന് ടീം ഇനമായാലും വ്യക്തിഗത ഇനമായാലും തുടർച്ചയായി ഉയർന്ന നിലവാരത്തിൽ എല്ലാക്കാലവും ഫോം നിലനിർത്തി കളിച്ചുപോവുക എന്നത് അനായാസമല്ല. അങ്ങനെ ഫോം നിലത്തി പോകാൻ പറ്റാത്ത സന്ദർഭത്തിലാണ് മുൻ കാലങ്ങളിൽ പലരും വിരമിക്കൽ തീരുമാനത്തിലേക്ക് എത്തിച്ചേർന്നത്. ആ മട്ടിൽ സ്വരം നന്നായപ്പോൾ പാട്ട് നിർത്തിയ എത്രയോ താരങ്ങൾ ചരിത്രത്തിൽ ഉണ്ട്. എന്നാൽ പുതിയ കാലത്ത് ഫോമിന്റെ പീക്കിൽ നിൽക്കുമ്പോൾ ക്രിക്കറ്റ് താരങ്ങൾ ഒന്നിന് പിറകെ ഒന്നായി അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് വിരമിക്കുന്ന കാഴ്ചയാണ് കായിക ലോകം ഞെട്ടലോടെ കണ്ടുനിൽക്കുന്നത്. അതിനു പിന്നിലെ കാണാചരടുകൾ എന്തെല്ലാമാണ്?.
പൊതുവിൽ കളിജീവിതത്തിൽ നിന്ന് വിടവാങ്ങുന്നതിന് പലതായ കാരണങ്ങളുണ്ട്. മോശം ഫോം, പ്രായാധിക്യം, ബോർഡുമായുള്ള പിണക്കം, സാമ്പത്തിക അരക്ഷിതത്വം, വംശീയമായ നിലപാടുകൾ, കുടുംബത്തിനോടൊപ്പം കൂടുതൽ സമയം ചെലവഴിക്കുക, മാനസിക പിരിമുറുക്കം തുടങ്ങിയവയാണ് സാമാന്യമായ ന്യായങ്ങൾ.എന്നാൽ പുതിയ കാലത്ത് പലരും നേരത്തെ കൊഴിഞ്ഞുപോകുന്നതിന് പിന്നിൽ മറ്റൊരു സുപ്രധാന യുക്തിയാണുള്ളത്. അതൊരു പക്ഷേ ക്രിക്കറ്റിന് തന്നെ ഗുണം ചെയ്യാത്ത യുക്തിയുമാണ്.
ഈയിടെ ക്രിക്കറ്റിൽ നിന്ന് ‘സീനിയറും ജൂനിയറുമായ’ നിരവധി താരങ്ങൾ കളം വിടുകയുണ്ടായല്ലോ. ഗ്ലെൻ മാക്സ് വെൽ, മാർക്കസ് സ്റ്റോയിനസ് എന്നിവർ ഓസ്ട്രേലിയൻ ഏകദിന ടീമിൽ നിന്ന് വിരമിച്ചു. എന്നാൽ ടി. 20-യിൽ തുടരും. ദമിത് കരുണരത്‌നെ, മാർട്ടിൻ ഗപ്റ്റിൽ തുടങ്ങിയ താരങ്ങൾ ക്രിക്കറ്റിൽ നിന്ന് തന്നെ വിരമിച്ചപ്പോൾ, രോഹിത് ശർമ്മ, വിരാട് കോഹ്‍ലി, സ്റ്റീവൻ സ്മിത്ത് എന്നിവർ ചില ഫോർമാറ്റുകളിൽ നിന്ന് മാത്രം വിരമിച്ചു. ഇവരെല്ലാം 35 വയസ്സിന് മുകളിലുള്ളവരാണ് എന്നത് ശ്രദ്ധേയമാണ്.ഒരു പക്ഷേ കുറച്ചുകാലം കൂടി കളിച്ച് പോകാൻ ശേഷിയുള്ളവരായിരുന്നു ഈ സീനിയർ താരങ്ങൾ. എന്നിട്ടും അജ്ഞാതമായ കാരണങ്ങൾ കൊണ്ട് അവർ പൊടുന്നനെ വിരമിച്ചു. ഇത് ആരാധകരിൽ വല്ലാത്ത നിരാശയുണ്ടാക്കി.

ഇങ്ങനെ പ്രായത്തിന്റെയോ മോശം ഫോമിന്റെയോ മറ്റോ കാരണങ്ങൾ കൊണ്ട് വിരമിച്ചവരല്ല സമകാലികരായ മറ്റ് യുവതാരങ്ങൾ. ക്വിൻ്റൺ ഡി കോക്ക് (30), ഹെൻറിക് ക്ലാസൻ (33), നിക്കോളാസ് പുരാൻ(29) എന്നിവർ ചെറുപ്രായത്തിൽ തന്നെ അന്താരാഷ്ട്ര കരിയർ അവസാനിപ്പിച്ചിരിക്കുകയാണ്.
ക്രിക്കറ്റ് താരങ്ങളുടെ അകാലത്തിലുള്ള വിരമിക്കലിന്റെ ചരിത്രത്തിൽ ആദ്യം ഓർമ്മയിൽ വരുന്ന പേര് സിംബാബ് വേ ഓൾറൗണ്ടർ നീൽ ജോൺസൺന്റെയാണ്. സിംബാബ്വേ ക്രിക്കറ്റ് തകർന്ന് തരിപ്പണമായ ഘട്ടത്തിൽ ആ ബോർഡിന് മേൽവിലാസമുണ്ടാക്കി മികച്ച ഏകദിന ടീമായി ഉയർത്തിക്കൊണ്ടു വന്നത് 90- കളുടെ അവസാനത്തോടെയാണ്. അപ്പോൾ ടീമിലുണ്ടായ ഒരുപിടി മികച്ച താരങ്ങളിൽ ആദ്യം പറയേണ്ടത് നീൽ ക്ലാർക്ക്സൺ ജോൺസണെക്കുറിച്ചാണ്. ഓപ്പണിംഗ് ബാറ്ററും ബൗളറുമായി ക്രിക്കറ്റ് ആരാധകരെ ഒന്നടങ്കം ഞെട്ടിച്ച താരം, 1998 മുതൽ 2000 വരെ മാത്രമായിരുന്നു ദേശീയ ടീമിന് വേണ്ടി ജേഴ്സിയണിഞ്ഞത്. മിന്നുന്ന ഫോമിൽ നിൽക്കുമ്പോൾ ജോൺസൺ സിംബാബ് വേ ക്രിക്കറ്റ് ബോർഡുമായുണ്ടായ തർക്കത്തിൽ അന്താരാഷ്ട്ര കരിയർ അവസാനിപ്പിച്ചത് കേവലം മുപ്പതാം വയസ്സിൽ. തുടർന്ന് പ്രൊഫഷണൽ ക്രിക്കറ്റിലേക്ക് ചുവട് മാറിയെങ്കിലും 34 വയസ്സിന്റെ യൗവനത്തിൽ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിച്ചു.
കളികൾക്ക് മാനസികവും ശാരീരികവുമായ ആരോഗ്യത്തിന്റെ തലം കൂടിയുണ്ടല്ലോ. കരിയറിന്റെ ഏറ്റവും മികച്ച ഘട്ടത്തിൽ നിൽക്കുമ്പോൾ മാനസിക സമ്മർദ്ദം (Stress) കൊണ്ട് പെട്ടെന്ന് കളിയവസാനിപ്പിച്ച മാർക്കസ് ട്രെസ്ക്കോത്തിക്ക്, ജൊനാഥൻ ട്രോട്ട് എന്നീ ഇംഗ്ലീഷ് ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റർമാരെ ക്രിക്കറ്റർ ആരാധകർ എങ്ങനെ മറക്കും. മാനസിക സമ്മർദ്ദവുമായി ബന്ധപ്പെട്ട് മുപ്പത്തി ഒന്നാം വയസ്സിൽ ആ കാലത്തെ ഏറ്റവും മികച്ച ഓപ്പണിംഗ് ബാറ്റർ ട്രെസ്കോത്തിക് 2008ൽ വിരമിച്ചപ്പോൾ, 2011 ൽ ഐ സി. സിയും ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡും മികച്ച താരമായി തിരഞ്ഞെടുത്ത ജൊനാഥാൻ ട്രോട്ട് മുപ്പത്തിരണ്ടാം വയസ്സിൽ മാനസിക പിരിമുറുക്കത്തിന്റെ പിടിയിൽപ്പെട്ട് ക്രിക്കറ്റ് ജീവിതം താൽക്കാലികമായും, മടങ്ങിവരവിൽ പഴയ ഫോം നിലനിർത്താനാവാതെ 2015 എന്നെക്കുമായും വിരമിക്കുകയുണ്ടായി.

കരിയറിന്റെ യുവത്വത്തിൽ കത്തിനിൽക്കുമ്പോൾ വിരമിച്ച മറ്റൊരു കളിക്കാരനാണ് സൗത്താഫ്രിക്കൻ വിക്കറ്റ് കീപ്പർ ബാറ്റർ ക്വിൻ്റൺ ഡി കോക്ക്.2023 ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കാൻ തീരുമാനിച്ചപ്പോൾ മൂന്ന് ഫോർമാറ്റിലും മാരക ഫോമിൽ നിൽക്കുകയായിരുന്നു താരം.ഡി കോക്കിന്റെ വിരമിക്കൽ തീരുമാനത്തിൽ രണ്ട് പ്രധാന കാരണങ്ങൾ ഉണ്ട്.
ഒന്ന്; ക്രിക്കറ്റ് ബോർഡും അതിലെ വംശീയമായ ചേരിതിരിവുകളും.
രണ്ട്; കൂടുതൽ സാമ്പത്തിക ഭദ്രത ഉറപ്പു നൽകുന്ന ഫ്രാഞ്ചൈസി ക്രിക്കറ്റിലേക്കുള്ള കണ്ണ്.
അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് വിരമിക്കുന്നതോടെ അതാത് രാജ്യങ്ങളുടെ ബോർഡുമായുള്ള കോൺട്രാക്ടുകളിൽ നിന്ന് പൂർണസ്വാതന്ത്ര്യം നേടാം. അതുവഴി ലോകത്തിന്റെ പല ഭാഗങ്ങളിലുള്ള പണക്കൊഴുപ്പുള്ള ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗുകളിൽ നിർബാധം കരാറിലേർപ്പെടാം, കളിക്കാം. ടി 20, ടി 10 പോലുള്ള കുട്ടിക്രിക്കറ്റ് തന്നെയാണ് ഇവരുടെ മേച്ചിൽപ്പുറങ്ങൾ എന്നത് നമുക്ക് കാണാം.

മുൻകാല താരങ്ങൾ വിരമിച്ച് ക്രിക്കറ്റ് അനുബന്ധ (കോച്ചിംഗ്, കമൻ്റേറ്റർ) മേഖലകളിലേക്കാണ് വഴിമാറിയതെങ്കിൽ ;പുതിയ താരങ്ങൾ ക്രിക്കറ്റിൽ നിന്നല്ല വിരമിക്കുന്നത്,അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് മാത്രമാണ് എന്നത് ശ്രദ്ധേയമാണ്. പ്രായത്തിന്റെ പരിമിതികൾ കൊണ്ടോ, ഫോമിൽ വന്ന പ്രശ്നങ്ങൾ കൊണ്ടോ, മാനസിക പിരിമുറുക്കങ്ങൾണ്ടോ, ക്രിക്കറ്റ്ബോർഡുമായുള്ള പിണക്കങ്ങൾ കൊണ്ടോ മാത്രമായിരുന്നു ക്രിക്കറ്റ് താരങ്ങൾ പൊതുവിൽ കളിയവസാനിപ്പിച്ചിരുന്നത്. എന്നാൽ പുതുകാലതാരങ്ങളുടെ വലിയൊരു ശതമാനത്തിന്റെയും വിരമിക്കൽ യുക്തി സാമ്പത്തിക ഭദ്രത തന്നെയാണ്. ഏകദിനമോ, ടെസ്റ്റോ പോലെ കായിക ക്ഷമത താരതമ്യേന അത്രമേൽ പ്രധാനപ്പെട്ടതല്ലാത്ത കളിരീതികളുടെ (T20, T 10) ഭാഗമാവുമ്പോൾ കുടുംബജീവിതത്തിന് കൂടുതൽ സമയവും ചുരുങ്ങിയ സമയത്തിൽ സാമ്പത്തികമായ ഉയർന്ന നേട്ടവും ഉണ്ടാക്കാം എന്നത് പലരുടെയും നോട്ടം ഫ്രാഞ്ചൈസി കുട്ടിക്രിക്കറ്റിലേക്ക് ചുരുങ്ങുന്നതിന് കാരണമായിട്ടുണ്ട്. അത്തരം സന്ദർഭത്തിലാണ് കേവലം 29-ാം വയസ്സിൽ, സമകാലിക ക്രിക്കറ്റിലെ ഏറ്റവും സ്ഫോടകാത്മക ബാറ്റിംഗ് ശൈലികൊണ്ട് ശ്രദ്ധേയനായ വിൻഡീസ് വിക്കറ്റ് കീപ്പർ ബാറ്റർ നിക്കോളാസ് പൂരന്റെ വിരമിക്കൽ വലിയ വാർത്തയായത്.
ഒരു വർഷം മുഴുവൻ രാജ്യത്തിന് വേണ്ടി കളിച്ചാൽ കിട്ടുന്നതിന്റെ ഇരട്ടിയിലധികം പ്രതിഫലം ഒരു ഫ്രാഞ്ചൈസിയിൽ മാത്രം നിന്ന് ലഭിക്കുന്നു.സീസൺ അനുസരിച്ച് ഓരോ ഫ്രാഞ്ചൈസികളലും മാറി മാറി കളിക്കുമ്പോൾ കോടികളുടെ പ്രതിഫലമാണ് കളിക്കാരന് ലഭിക്കുന്നത്.
2003- ൽ ആരംഭിച്ച ആദ്യ ട്വന്റി-20 ലീഗായ ടി- 20 ബ്ലാസ്റ്റ് മുതൽ ഐ.പി.എൽ (2008), ബിഗ് ബാഷ് (2011), ബംഗ്ലാദേശ് പ്രീമിയർ ലീഗ് (2012), കരീബിയൻ പ്രീമിയർ ലീഗ് (2013), പാക്കിസ്ഥാൻ പ്രീമിയർ ലീഗ് (2016), ലങ്ക പ്രീമിയർ ലീഗ് (2020), അഫ്ഗാൻ പ്രീമിയർ ലീഗ്, എസ്.എ- 20 ലീഗ്, യു.എ.ഇ ഇന്റർനാഷണൽ ലീഗ് (2023) വരെയുള്ള എല്ലാ ലീഗ് മത്സരങ്ങളിലും നിക്കോളാസ് പൂരനും ഡി കോക്കും അടക്കമുള്ള താരങ്ങൾ കളിക്കുന്നുണ്ട്. ഇവരെ പൊന്നുംവില കൊടുത്താണ് ഫ്രാഞ്ചൈസികൾ സ്വന്തമാക്കുന്നത്.

ഒരു വർഷം മുഴുവൻ രാജ്യത്തിന് വേണ്ടി കളിച്ചാൽ കിട്ടുന്നതിന്റെ ഇരട്ടിയിലധികം പ്രതിഫലം ഒരു ഫ്രാഞ്ചൈസിയിൽ മാത്രം നിന്ന് ലഭിക്കുന്നു.സീസൺ അനുസരിച്ച് ഓരോ ഫ്രാഞ്ചൈസികളലും മാറി മാറി കളിക്കുമ്പോൾ കോടികളുടെ പ്രതിഫലമാണ് കളിക്കാരന് ലഭിക്കുന്നത്. ഇത് സ്വാഭാവികമായും രാജ്യത്തിന് വേണ്ടി കളിക്കാൻ പല ബോർഡുകളിലേയും താരങ്ങൾക്ക് വിമുഖത ഉണ്ടാക്കിയിട്ടുണ്ട്. വിശേഷിച്ചും വെസ്റ്റ് ഇൻഡീസ്, ദക്ഷിണാഫ്രിക്ക പോലുള്ള രാജ്യങ്ങളിലെ കളിക്കരാണ് മിക്കവാറും പലതരം തർക്കങ്ങളും (വംശീയം, സാമ്പത്തികം) അഭിപ്രായ വ്യത്യാസങ്ങളും കൊണ്ട് രാജ്യാന്തര മത്സരങ്ങളിൽ നിന്ന് വിട്ടുനിന്നത്. അവിടങ്ങളിലെ ക്രിക്കറ്റ് ബോർഡുകളുടെ സാമ്പത്തിക ഭദ്രതയും കളിക്കാരും ബോർഡും തമ്മിലുള്ള ഊഷ്മളതയും അത്ര നല്ലതല്ല. ഒരു പക്ഷേ ബി.സി.സിഐ, ക്രിക്കറ്റ് ഓസ്ട്രേലിയ, ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് പോലുള്ള ക്രിക്കറ്റ് ബോർഡുകൾ മാത്രമാണ് താരങ്ങൾക്ക് മികച്ച പ്രതിഫലം നൽകുന്നത്.
ആ നിലയിൽ ദേശീയ ടീമിലെ അസ്വാതന്ത്ര്യവും സാമ്പത്തിക പരാധീനതകളും താരങ്ങളുടെ അകാലത്തിലുള്ള വിടവാങ്ങലിന്റെ പ്രധാന കാരണങ്ങളാണ്. മാത്രവുമല്ല രാജ്യത്തിന് വേണ്ടി കളിക്കുമ്പോഴുള്ളത്രയും സമ്മർദ്ദമോ, ആത്മസമർപ്പണമോ ഇത്തരം ലീഗുകളിൽ താരങ്ങൾക്ക് വേണ്ട എന്നതും മത്സരങ്ങൾ കാണുന്നവർക്ക് അറിയാം. ഒന്നല്ലെങ്കിൽ മറ്റൊന്ന് എന്ന അനേകം സാധ്യതകൾ ഫ്രാഞ്ചൈസി ടീമുകൾ കളിക്കാർക്ക് തുറന്ന് കൊടുക്കുന്നുണ്ട്. നല്ല പ്രകടനം നടത്താതെ വന്നാൽ ദേശീയ ടീമിൽ ഇടം ഉണ്ടാവാതെ വരും. എന്നാൽ ഫ്രാഞ്ചൈസി ലീഗുകൾ അനവധിയായതുകൊണ്ട് തന്നെ ഒന്നല്ലെങ്കിൽ മറ്റൊരു ഫ്രാഞ്ചൈസി എന്ന ബോധ്യവും താരങ്ങളുടെ പിരിമുറുക്കത്തിന് അയവ് നൽകുന്ന കാര്യമാണ്.
വിൻഡീസ് താരവും ക്യാപ്റ്റനുമായിരുന്ന നിക്കോളാസ് പുരാൻ തന്റെ 29-ാം വയസ്സിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചിരിക്കുകയാണ്. പക്ഷേ ക്രിക്കറ്റിൽ നിന്ന് വിരമിച്ചിട്ടില്ല താനും. സമകാലിക കുട്ടിക്രിക്കറ്റിലെ ഏറ്റവും സ്ഫോടക ശക്തിയുള്ള ഇടംകൈയ്യൻ ബാറ്ററായ പുരാനെ ഇക്കഴിഞ്ഞ ഐ.പി.എൽ.സീസണിൽ ലഖ്നൗ സൂപ്പർ ജയൻ്റ്സ് സ്വന്തമാക്കിയത് 21 കോടിക്കാണ്. എന്താണ്ട് രണ്ട് മാസത്തോളം നീണ്ടു നിന്ന ഐ.പി.എല്ലിൽ മാത്രം താരത്തിന്റെ വിലയാണിത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇതുപോലുള്ള പണക്കൊഴുപ്പിന്റെ സാധ്യതകളുള്ള പത്തോളം ലീഗുകൾ നടക്കുന്നുണ്ട്. അതിൽ മിക്കതിലും പുരാൻ ഭാഗഭാക്കുമാണ്. കണക്കുകൾ വെച്ച് പെരുക്കി നോക്കിയാൽ മനസ്സിലാകും താരങ്ങളുടെ കണ്ണ് പോകുന്നത് എങ്ങോട്ടാണെന്ന്. ഈയിടെ 33-ാം വയസ്സിൽ വിരമിച്ച സൗത്ത് ആഫ്രിക്കൻ വിക്കറ്റ് കീപ്പർ ബാറ്ററായ ഹെൻറിക് ക്ലാസനെ സൺറൈസേർസ് ഹൈദരാബാദ് വാങ്ങിയത് 23 കോടിക്കാണ്. ഇദ്ദേഹവും സമകാലിക ഫ്രാഞ്ചൈസി ക്രിക്കറ്റിന്റെ കണ്ണിലുണ്ണിയാണ്.

ഐ.പി.എൽ പോലുള്ള വൻ ലീഗുകളെ ചുറ്റിപ്പറ്റി അന്താരാഷ്ട്ര ടൂർണമെൻ്റകളുടെ കലണ്ടർ തന്നെ ക്രമീകരിക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. ബി.സി.സി.ഐക്ക് പോലും ഐ.പി.എൽ. എന്ന പണം കായ്ക്കുന്ന മരം തന്നെയാണ് പ്രധാനം (ഇക്കഴിഞ്ഞ ഐ.പിഎൽ.ഫൈനലിന്റെ കാഴ്ചക്കാർ ഇന്ത്യ - പാക് മത്സരങ്ങൾ കണ്ടതിലും അധികമായിരുന്നുവത്രെ). ക്രിക്കറ്റ് അതിന്റെ തനത് സൗന്ദര്യം വിട്ട് പല വഴികളിലേക്ക് പടർന്നപ്പോൾ സാമ്പത്തിക യുക്തിക്ക് മേൽക്കൊയ്മ വരുകയും മികച്ച താരങ്ങളുടെ പ്രകടനങ്ങൾ ഫ്രാഞ്ചൈസി ക്രിക്കറ്റിലേക്ക് മാത്രം ചുരുങ്ങുകയും ചെയ്തു. യഥാർഥത്തിൽ നഷ്ടം സംഭവിക്കുന്നത് ക്ലാസിക്കൽ ക്രിക്കറ്റിനും ക്രിക്കറ്റ് ആരാധകർക്കും മാത്രമാണ്. താരങ്ങൾക്ക് മുന്നിൽ ദേശീയ ടീം വേണോ ഫ്രാഞ്ചൈസി ലീഗു വേണോ എന്ന ചോദ്യമേ അവശേഷിക്കുന്നുള്ളൂ. തിരഞ്ഞെടുപ്പ് അവരുടേതാണ്. ക്രിക്കറ്റ് മാറുകയാണ്. കളിക്കാരുടെ മനോനിലയും.
