രഞ്ജി ട്രോഫി, ഗുജറാത്തിനെ വീഴ്ത്തി കേരളം രചിച്ച ചരിത്രം

ഒന്നാം ഇന്നിങ്സിലെ ലീഡിൻെറ ബലത്തിൽ ഗുജറാത്തിനെ സെമിയിൽ മറികടന്ന് കേരളം ചരിത്രത്തിൽ ഇതാദ്യമായി രഞ്ജി ട്രോഫി ഫൈനലിൽ. സെഞ്ചുറി നേടിയ മുഹമ്മദ് അസ്ഹറുദ്ദീനാണ് കളിയിലെ താരമായത്.

News Desk

ചരിത്രത്തിൽ ഇതാദ്യമായി കേരളം രഞ്ജി ട്രോഫി ക്രിക്കറ്റിൻെറ ഫൈനലിൽ കടന്നു. അഹമ്മദാബാദിൽ നടന്ന സെമിയിൽ ഗുജറാത്തിനെതിരെ സമനില പിടിച്ചതോടെയാണ് കേരളത്തിന് ഫൈനൽ ഉറപ്പിക്കാൻ സാധിച്ചത്. ഒന്നാം ഇന്നിങ്സിലെ ലീഡാണ് നിർണായകമായത്. മത്സരത്തിൻെറ ഒന്നാം ഇന്നിങ്സിൽ കേരളം 457 റൺസാണ് നേടിയിരുന്നത്. ഗുജറാത്തിനെ 455 റൺസിൽ ഒതുക്കാൻ സാധിച്ചതിനാൽ രണ്ട് റൺസിൻെറ ലീഡ് സ്വന്തമായി. ഈ രണ്ട് റൺസ് ലീഡാണ് ഫൈനലിൽ സ്ഥാനം ഉറപ്പാക്കുന്നതിൽ നിർണായകമായത്. മുംബൈയെ സെമിയിൽ പരാജയപ്പെടുത്തി ഫൈനൽ ഉറപ്പാക്കിയ വിദർഭയാണ് ഇനി കേരളത്തിൻെറ എതിരാളികൾ. 80 റൺസിനാണ് വിദർഭ നിലവിലെ രഞ്ജി ജേതാക്കൾ കൂടിയായ മുംബൈയെ തോൽപ്പിച്ചത്.

മുമ്പും സെമിയിൽ കടന്നിട്ടുള്ള കേരളം ഇത്തവണ ഗുജറാത്തിനെതിരെ ഗംഭീര പോരാട്ടമികവാണ് പുറത്തെടുത്തത്. ആദ്യ ഇന്നിങ്സിൽ 457 റൺസ് നേടിയപ്പോൾ മുഹമ്മദ് അസ്ഹറുദ്ദീൻെറ സെഞ്ചുറിയാണ് ടീമിന് കരുത്തായത്. 341 പന്തിൽ നിന്ന് 20 ഫോറുകളും ഒരു സിക്സുമടക്കം 177 റൺസുമായാണ് അസ്ഹർ പുറത്താവാതെ നിന്നത്. താരം തന്നെയാണ് കളിയിലെ കേമൻ. ക്യാപ്റ്റൻ സച്ചിൻ ബേബി (69), സൽമാൻ നിസാർ (52) എന്നിവരുടെ പ്രകടനവും നിർണായകമായി. ഒന്നാം ഇന്നിങ്സിൽ ഗുജറാത്ത് കേരളത്തിന് കടുത്ത വെല്ലുവിളിയാണ് ഉയർത്തിയത്. 237 പന്തിൽ നിന്ന് 148 റൺസ് നേടിയ പ്രിയങ്ക് പഞ്ചലാണ് ടീമിൻെറ ടോപ് സ്കോററായത്. ജലജ് സക്സേനയും ആദിത്യ സർവാതെയും കേരളത്തിനായി 4 വീതം വിക്കറ്റുകൾ വീഴ്ത്തി.

ഒന്നാം ഇന്നിങ്സിൽ ലീഡ് നേടിയെങ്കിലും കേരളത്തിന് അവസാനദിനം പിടിച്ച് നിൽക്കണമായിരുന്നു. കേരളം 4 വിക്കറ്റ് നഷ്ടത്തിൽ 114 റൺസുമായി നിൽക്കെയാണ് മത്സരം സമനിലയിൽ അവസാനിച്ചത്. ഇന്ത്യൻ പ്രാദേശിക ക്രിക്കറ്റിലെ ഏറ്റവും പ്രധാനപ്പെട്ട ടൂർണമെൻറായ രഞ്ജി ട്രോഫ്രിയിലെ ഫൈനൽ പ്രവേശനം കേരളത്തിന് കായികമേഖലയിൽ വലിയ ഊർജ്ജമാണ് സമ്മാനിക്കാൻ പോവുന്നത്. സൽമാൻ നിസാർ, മുഹമ്മദ് അസ്ഹറുദ്ദീൻ തുടങ്ങിയ താരങ്ങൾ ഇതിനോടകം തന്നെ ദേശീയ ശ്രദ്ധയാകർഷിച്ച് കഴിഞ്ഞു. സെലക്ടർമാർ കൂടി തീരുമാനിച്ചാൽ ഇരുവരും ഇന്ത്യയുടെ ദേശീയ ടീമിൽ കളിക്കുന്നതിനുള്ള സാധ്യതയും തെളിയും. ഫൈനലിലും ഇതേ പ്രകടനം ആവർത്തിച്ചാൽ ടീമിന് ചരിത്രത്തിൽ ആദ്യമായി രഞ്ജി കിരീടം നേടുകയെന്ന നേട്ടത്തിലുമെത്താം.

Comments