വാങ്കഡെയിലെ ഷമി- കോഹ്‍ലി നിമിഷങ്ങൾ

രണ്ടാമത് ബോൾ ചെയ്യുന്നവർക്ക് വാങ്കഡെയിൽ ലൈറ്റിന് താഴെ ആദ്യ 15 ഓവറുകളിൽ മികച്ച സ്വിങ് ആനുകൂല്യമുള്ള പിച്ചിൽ കോൺവെയും രചിനും ആദ്യ 5 ഓവർ സമ്മർദ്ധങ്ങളില്ലാതെ മറികടന്നു. എന്നാൽ പിന്നീടെത്തിയ ഷമി ആ പൂട്ട് പൊട്ടിച്ച് ഉള്ളിൽ കയറി, ആദ്യം കോൺവെയെയും പിന്നീട് രചിനെയും രാഹുലിന്റെ മികച്ച ഗ്ലൗസ് പെർഫോമൻസുകൾക്ക് വിട്ടുനൽകി. വാങ്കഡെയിൽ ആവേശം അപ്പോൾ നിലത്തിരിക്കാതെ സർവ്വ ആനന്ദത്തിലും എണീറ്റിരുന്നു.

ഇന്ത്യ- ന്യൂസിലാൻഡ് സെമിഫൈനലിൽ നിന്ന് മനസ്സിലേക്കോടി വരുന്നത് രണ്ടു നിമിഷങ്ങളാണ്.

ഒന്ന്: കളിയിലെ തന്റെ ഏഴാം വിക്കറ്റും നേടി ടീമിന് ഫൈനൽ ബെർത്തും കൊടുത്തശേഷം അമ്പയറോട് അനുവാദം ചോദിച്ച് കൊതിയോടെ ആ പന്ത് കൈകലാക്കി ഗ്രൗണ്ടിന് പുറത്തേക്ക് തുള്ളിനടക്കുന്ന ഷമി. മത്സരത്തിലെ കുറച്ച് നിമിഷങ്ങൾക്കുമുമ്പെ ഈ ലോകകപ്പിലെ തന്റെ മൂന്നാം അഞ്ച് വിക്കറ്റ് നേട്ടവും നേടി തലയിൽ വട്ടത്തിൽ കറക്കി ബൗളിങ്ങ് കോച്ച് മാംബ്രെക്ക് നേരെ ഉയർത്തി കാട്ടിയ അതേ പന്ത്. അയാൾ അത് എന്ത് ചെയ്യും? ഹൃദയത്തിൽ സൂക്ഷിക്കുമായിരിക്കും. അയാൾ മാത്രമല്ല, രാജ്യത്തെ 140 കോടി ജനങ്ങളും. ആത്മഹത്യാ ശ്രമങ്ങളും ദാമ്പത്യ പ്രശ്നങ്ങളും ടീമിൽ നിന്ന് തഴയലും പരിക്കുമെല്ലാം കൊത്തിക്കിറിയ അയാളുടെ കനം വന്ന കരിയറിന്റെ മുകളിൽ അയാൾ അതിനെ അഭിമാനപൂർവ്വം പ്രതിഷ്ഠിക്കും, അതിനെ വണങ്ങും.

ഈ ലോകകപ്പിലെ തന്റെ മൂന്നാം അഞ്ച് വിക്കറ്റ് നേട്ടം പന്ത് തലയിൽ വട്ടത്തിൽ കറക്കി ബൗളിങ്ങ് കോച്ച് മാംബ്രെക്ക് നേരെ ഉയർത്തി ആഘോഷിക്കുന്നു.

രണ്ട്: ‘പണ്ട് നീയെന്റെ കാലിൽ തൊട്ടു, ഇന്ന് നീ എന്റെ ഹൃദയവും’, ഏകദിന ക്രിക്കറ്റിൽ തന്റെ റെക്കോർഡ് മറികടന്ന് 50 സെഞ്ച്വറികൾ തീർത്ത കോഹ്‍ലി തന്റെ നേരെ ബാറ്റുയർത്തിക്കാട്ടിയപ്പോൾ സച്ചിൻ എണീറ്റ് കൈയുയർത്തി പറഞ്ഞതാണിത്. ആ നിമിഷം വിരാട് തന്റെ രണ്ട് കൈകളും കാലിലേക്ക് താഴ്ത്തിവീശി യൗവനകാലത്തെ ആ ആരാധനാപാത്രത്തെ വണങ്ങി. 2011- ൽ ലോകകപ്പ് വിജയത്തിനുശേഷം തന്നെ തോളിലേറ്റി വാങ്കഡെയെ കാണിച്ച 23 കാരൻ 35 കാരനായി അതേ വാങ്കഡെയിൽ തന്നെയും തന്റെ സ്ട്രൈറ്റ് ഡ്രൈവ് സ്റ്റാറ്റുവിനെയും സാക്ഷിനിർത്തി തന്റെ റെക്കോർഡ് ഭേദിക്കുന്നു. ശേഷം, ഗാലറിയിലെ തന്റെ പ്രിയതമ അനുഷ്ക ശർമക്കുനേരെ ചുംബനമെറിയുന്നു.

മനസ്സിലേക്കുവന്ന രണ്ടാമത്തെ നിമിഷം അതായിരുന്നു. മൂന്നു വർഷക്കാലത്തെ സെഞ്ച്വറി വരൾച്ചയിലും ഫോമില്ലായ്മയിലും മാസങ്ങൾ ബാറ്റ് തൊടാൻ ധൈര്യപ്പെടാതെ വിഷാദത്തിനടിമപ്പെട്ട കോഹ്‍ലിയെ, ‘എല്ലാ മത്സരത്തിലും ഭാര്യയെ കൂടെ കൊണ്ടുവരുന്നതുകൊണ്ടാണ് ക്ലച്ച് പിടിക്കാത്തതെന്ന്’ വിമർശിച്ച സുനിൽ ഗവാസ്ക്കറെ അപ്പോൾ ഓർത്തു. അദ്ദേഹം അതിൽ ഇപ്പോൾ തീർച്ചയായും മാനസികമായി തിരുത്തൽ വരുത്തിയിരിക്കും.

 പ്രിയതമ അനുഷ്ക ശർമക്ക് നേരെ ചുംബനമെറിയുന്നു.

മത്സരത്തിലേക്ക്

വാങ്കഡെയിൽ ടോസ് നേടിയാലെടുക്കേണ്ട തീരുമാനത്തെ കുറിച്ച് ഒരു സംശയവും ആർക്കുമില്ലായിരുന്നു. രോഹിത് തന്റെ ശൈലിയിൽ തന്നെ ബാറ്റ് വീശി. 20 പന്തിനുമുകളിൽ നിന്ന് 40 ന് മുകളിൽ റൺസെടുക്കുകയെന്നത് അയാൾ അയാൾക്ക് തന്നെയിട്ട ഡ്യൂട്ടിയാണ്. ഈ ലോകകപ്പിലെ രണ്ട് 80+ സ്കോറും നാല് 40+ സ്കോറും ഇൻഡിവിജൽ മൈൽ സ്റ്റോണിനെ കുറിച്ച് അയാളിലെ ക്യാപ്റ്റൻ ചിന്തിക്കുന്നേയില്ല എന്നതിന്റെ പ്രൂഫ് റീഡിങ്ങാണ്. 29 പന്തിൽ 4 സിക്സും 4 ഫോറുമടക്കം 47 റൺസ് നേടി മറ്റൊരു ബൗണ്ടറി ശ്രമത്തിൽ വില്യംസണിന് ക്യാച്ച് കൊടുത്ത് മടങ്ങുമ്പോൾ സ്ട്രൈക്കെടുക്കാൻ പവലിയനിൽ നിന്നിറങ്ങിവരുന്ന കോഹ്‍ലിയോട് അയാൾ സംസാരിക്കുന്നുണ്ടായിരുന്നു. തന്റെ ഡ്യൂട്ടി താൻ ചെയ്തെന്നും നിന്റെ ഡ്യൂട്ടി നിലയുറപ്പിക്കുകയാണെന്നുമാവും അയാൾ അപ്പോൾ പറഞ്ഞത്.

വില്യംസണിന് ക്യാച്ച് കൊടുത്ത് മടങ്ങുമ്പോൾ സ്ട്രൈക്കെടുക്കാൻ പവലിയനിൽ നിന്നിറങ്ങി വരുന്ന കോഹ്ലിയോട് സംസാരിക്കുന്ന രോഹിത്

ഗില്ലിനെ അടിക്കാൻ വിട്ട് കോഹ്‍ലി നിലയുറപ്പിച്ചു. ഗിൽ കാലിന് പരിക്ക് പറ്റി റിട്ടയർ ഹർട്ട് ചെയ്തതിന് ശേഷം ശ്രേയസ് അയ്യരുമായി ചേർന്ന് സ്കോർ ചലിപ്പിച്ചു. ഗില്ലുമായി 93 റൺസിൻറെയും ശ്രേയസ് അയ്യരുമായി 163 റൺസിന്റെയും പാർട്ട്ണർഷിപ്പ് തീർത്തു. ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായി, അതിലും സച്ചിനെ പിന്തള്ളി. മറുവശത്ത് ഓഫ് ബ്രേക്കെടുത്ത് സ്പിന്നുമായി വന്ന രചിനെ ശ്രേയസ് അനായാസം ലോങ്ങ് ഓണിലേക്ക് പറത്തിക്കൊണ്ടിരുന്നു.

സ്പിന്നിനെതിരെ ഈ ലോകകപ്പിൽ ഏറ്റവും മികച്ച സ്ട്രൈക്ക് റേറ്റ് സ്ഥിരത അയ്യർക്കാണ്. ഈ ലോകകപ്പിൽ ഇന്ത്യൻ ബാറ്റിങ്ങ് നിരയിൽ അണ്ടർ റേറ്റഡായി വന്ന് ടീമിന്റെ ഏറെ കാലത്തെ നമ്പർ 4 പ്രതിസന്ധി പരിഹരിച്ച താരം. ശേഷം വന്ന കെ.എൽ. രാഹുലും തനിക്ക് കഴിയുന്ന വേഗത്തിൽ കുറഞ്ഞ പന്തുകളിൽ കൂടുതൽ റൺസ് കണ്ടെത്തി. വിരാട് കോഹ്‍ലിയുടെയും (117), ശ്രേയസ് അയ്യരിന്റെയും (1 05) സെഞ്ച്വറിയുടെയും ഗിൽ (80) , രോഹിത് (47), കെ.എൽ. രാഹുൽ (39) തുടങ്ങിയവരുടെയും മികവിൽ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തിൽ 397 റൺസിൽ 50 ഓവർ അവസാനിപ്പിച്ചു.

നിർണ്ണായക സെഞ്ചുറി നേടിയ ശ്രേയസ് അയ്യരും ടീമിന്റെ വലിയ ടോട്ടലിലേക്ക് മികച്ച സംഭാവന നൽകിയ ഗില്ലും

ലെങ്ത്തിലും പന്തിലും അപാര കൃത്യതയുള്ള ബുമ്രക്ക് ചെറിയ രീതിയിൽ നിയന്ത്രണം നഷ്ടമായ സ്പെല്ലോടെയായിരുന്നു ഇന്ത്യയുടെ ബൗളിങ്ങ് തുടക്കം. രണ്ടാമത് ബോൾ ചെയ്യുന്നവർക്ക് വാങ്കഡെയിൽ ലൈറ്റിന് താഴെ ആദ്യ 15 ഓവറുകളിൽ മികച്ച സ്വിങ് ആനുകൂല്യമുള്ള പിച്ചിൽ കോൺവെയും രചിനും ആദ്യ 5 ഓവർ സമ്മർദ്ധങ്ങളില്ലാതെ മറികടന്നു. എന്നാൽ പിന്നീടെത്തിയ ഷമി ആ പൂട്ട് പൊട്ടിച്ച് ഉള്ളിൽ കയറി, ആദ്യം കോൺവെയെയും പിന്നീട് രചിനെയും രാഹുലിന്റെ മികച്ച ഗ്ലൗസ് പെർഫോമൻസുകൾക്ക് വിട്ടുനൽകി. വാങ്കഡെയിൽ ആവേശം അപ്പോൾ നിലത്തിരിക്കാതെ സർവ്വ ആനന്ദത്തിലും എണീറ്റിരുന്നു.

39 ന് 2 എന്ന ആ തകർന്ന നിലയിൽ നിന്നാണ് ക്യാപ്റ്റൻ വില്യംസണും ഡാരിയൽ മിച്ചലും ചേർന്ന് കിവീസിന്റെ രക്ഷപ്രവർത്തനം നടത്തുന്നത്. ഒരു ഘട്ടത്തിൽ ഭേദിക്കപ്പെടില്ലെന്ന് കരുതിയ ഇന്ത്യൻ സ്കോർ കിവീസ് മറികടക്കുമെന്ന് തോന്നിച്ചു. ഗാലറിയും രോഹിതും ബൗളർമാരും താരങ്ങളും ടെലികാസ്റ്റിന് മുന്നിലുള്ളവരും ഒരുപോലെ അണ്ടർ പ്രഷറിലായി. ഒരു പ്രഫഷണൽ ക്രിക്കറ്റർ അനായാസം കൈപ്പിടിയിലൊതുക്കേണ്ട ക്രൂഷ്യൽ വില്യംസൺ ക്യാച്ച് ഇന്നർ സക്കിളിൽ നിന്ന് ഷമി നിലത്തിട്ടു. എന്നാൽ തൊട്ടടുത്ത തന്റെ സ്പെല്ലിൽ അതെ വില്യംസണെ ജഡേജയുടെ കയ്യിലെത്തിച്ച് ഷമി പ്രായശ്ചിത്തം വീട്ടി.

ക്രൂഷ്യൽ വില്യംസൺ ക്യാച്ച് ഇന്നർ സക്കിളിൽ നിന്ന് നിലത്തിട്ടതിന് തൊട്ടടുത്ത തന്റെ സ്പെല്ലിൽ അതെ വില്യംസണെ ജഡേജയുടെ കയ്യിലെത്തിച്ച് ഷമി പ്രാശ്ചിത്തം വീട്ടുന്നു.

കളിയിലെ തന്നെ മോസ്റ്റ് ടേണിങ്ങ് പോയിന്റായിരുന്നുവത്. അത്രയും മനോഹരമായ ചേസിങ് ഇന്നിങസായിരുന്നു വില്യംസണും ഡാരിയൽ മിച്ചലും ആ സമയത്ത് കളിച്ചു കൊണ്ടിരുന്നത്. ഒരു ഓവറിൽ ആവശ്യമായ റൺ റേറ്റ് അപ്പോൾ എട്ടിലേക്ക് ചുരുങ്ങിയിരുന്നു. സ്ട്രൈക്ക് കൈമാറി മിച്ചലിനെ കൊണ്ട് സ്കോർ ചെയ്യിപ്പിച്ച് ഇന്നിങ്സിനെ വേണ്ട പോലെ ചൂടാക്കിയും തണുപ്പിച്ചും, മിച്ചൽ ഡോട്ട് ബോളുകളിൽ പ്രഷറിൽ പെടുമ്പോൾ അത് മറി കടക്കാൻ സ്പൈസിലൂടെ ബൗണ്ടറി കണ്ടത്തിയും ഒരു ജനറൽ റോളാണ് ക്യാപ്റ്റൻ കളിച്ചിരുന്നത്. ന്യൂസിലാൻഡ് നിരയിലെ മോസ്റ്റ് എക്സ്പീരിയൻസ്ഡ് ആന്റ് എക്സ്പൻസീവ് വിക്കറ്റായിരുന്നു അത്. വില്യംസണിനുശേഷം ഒന്നാന്തരം സീമിലൂടെ ലതാമിനെയും രണ്ട് ഡോട്ട് ബോളിന്റെ പ്രഷർ ഹുക്കിൽ കുടുക്കിയ ഷമി ന്യൂസിലാൻഡിനെ അധിക സമ്മർദ്ദത്തിലേക്കും ഇന്ത്യയെ വലിയ ആശ്വാസത്തിലേക്കും തിരിച്ചു കൊണ്ടെത്തിച്ചു.

പിന്നീടുവന്ന ഗ്ലെൻ ഫിലിപ്സിനെ ചുമതലയേൽപ്പിച്ച് മിച്ചൽ വീണ്ടും നല്ല ബോളുകൾ തിരഞ്ഞു പിടിച്ച് ആക്രമിച്ചു. നാൽപതാം ഓവറിൽ സിറാജിനെ 20 റൺസടിച്ചു. 50 പന്തിൽ 100 ന് മുകളിലെന്ന അസാധ്യമല്ലാത്ത റൺ ചേസിങ് ട്രാക്കിലേക്ക് വീണ്ടും ന്യൂസിലാൻഡ് മാറി. അത് വരെ മിച്ചലിന്റെ ഫേവെറൈറ്റ് ഹിറ്റിങ്ങിന് പാകത്തിൽ പന്ത് വെച്ച് കൊടുത്തിരുന്ന കുൽദീപ് എറിഞ്ഞ തന്റെ അവസാന രണ്ട് ഓവറുകളിൽ (42, 44 ഓവറുകൾ) അയാൾ ഹൈ ഇമ്പാക്ട് കൊണ്ടുവന്നു. റൺ നിരക്ക് ഓവറിൽ 12 നടുത്ത് വേണ്ട സമയത്ത് 2 ഓവറിൽ വിട്ട് കൊടുത്തത് വെറും 6 റൺസ്. അതെ ഓവറിൽ ചാമ്പ്മാനെ ജഡേജയുടെ കൈകളിലെത്തിക്കുകയും ചെയ്തു. ആ സമയത്ത് തന്നെ സെഞ്ചുറി തികച്ച മിച്ചലിനെക്കാൾ അപകടകാരിയായി മാറിയ ഗ്ലെൻ ഫിലിപ്സിനെ ബുമ്ര തിരിച്ചയച്ചു.

ഒരറ്റത്ത് വിക്കറ്റ് വീഴുമ്പോൾ മറ്റൊരറ്റത്ത് ഒറ്റക്ക് വിജയിപ്പാനെന്ന മട്ടിൽ ബാറ്റ് വീശി നിൽപ്പുണ്ടായിരുന്നു ഡാരിയൽ മിച്ചൽ

എന്നിട്ടും ഗാലറിയിലെയും മൈതാനത്തെയും ഇന്ത്യയുടെ ടെൻഷൻ ഒഴിഞ്ഞിരുന്നില്ല. ഒരറ്റത്ത് വിക്കറ്റ് വീഴുമ്പോൾ മറ്റൊരറ്റത്ത് ഒറ്റക്ക് വിജയിപ്പാനെന്ന മട്ടിൽ ബാറ്റ് വീശി നിൽപ്പുണ്ടായിരുന്നു ഡാരിയൽ മിച്ചൽ. സ്ട്രൈറ്റ് ടു സ്റ്റമ്പുകളും യോർക്കറുകളും വരെ അയാൾ ബൗണ്ടറികളായി കൺവേർട്ട് ചെയ്തു. ലെഗ് സ്ക്വയറിലേക്കുള്ള അയാളുടെ ഹിറ്റിങ്ങികുകൾ തടയാൻ സിറാജ് ഓഫിലേക്ക് തുടർച്ചയായ വൈഡ് യോർക്കറുകളെറിഞ്ഞു. എന്നാൽ അതിൽ പലതും എക്സ്ട്രാ റണ്ണായി. അപ്പോഴാണ് കളിയിലെ ഷമിയുടെ മൂന്നാം വരവ്, ഡാരിയൽ മിച്ചലിന്റെ വിക്കറ്റ് ജഡേജയുടെ കൈകളിലെത്തിച്ച് തന്റെ മൂന്നാം അഞ്ചു വിക്കറ്റ് നേട്ടവും ഈ ലോകകപ്പിലെ ടോപ് വിക്കറ്റർ പൊസിഷനും ഷമി സ്വന്തമാക്കി. അതോടെ കളി ഇന്ത്യക്ക് എഴുതപ്പെട്ട് കഴിഞ്ഞിരുന്നു. അതിന്റെ സമ്മർദ്ധം മുതലെടുത്ത് സിറാജ് സാന്റ്നറെ എളുപ്പത്തിൽ മടക്കി.

ന്യൂസിലാൻഡിന്റെ ആദ്യ അഞ്ച് ബാറ്റർമാരും വീണത് ഷമിക്ക് മുമ്പിലാണ്

ഫെർഗൂസനെയും സൗത്തിയെയും തിരിച്ചയച്ച് നാലാം വരവിൽ ഷമി 7 വിക്കറ്റ് നേട്ടം നേടി. ഇന്ത്യ 70 റൺസിൽ ഫൈനലിലേക്ക് മാർച്ച് ചെയ്തു. അപ്പോൾ സ്ക്രീനിൽ തെളിഞ്ഞ സ്കോർ കാർഡ് വെറുതെ നോക്കി. ന്യൂസിലാൻഡിന്റെ ആദ്യ അഞ്ച് ബാറ്റർമാരും വീണത് ഷമിക്ക് മുമ്പിലാണ്. 2007-ൽ ഓസീസിനെ കിരീടം ചൂടിച്ച മഗ്രാത് പെർഫോമൻസിനേക്കാൾ എന്തുകൊണ്ടും മികച്ച ബൗളിങ്ങ് പെർഫോമൻസ്. ആദ്യ 4 കളിയിൽ പുറത്തിരുന്ന് പിന്നീടുള്ള 6 കളികളിൽ  കൂടി നേടിയത് 23 വിക്കറ്റുകൾ. ആകെ 17 ലോകകപ്പ് ഇന്നിങ്സുകളിൽ നിന്ന് 54 വിക്കറ്റുകൾ. ലോകകപ്പ് മൽസരങ്ങളിൽ അയാൾ നേടുന്ന വിക്കറ്റ് ശരാശരി മൂന്നിന് മുകളിലാണ്. അയാൾ ഇപ്പോൾ കളിച്ചു കൊണ്ടിരിക്കുന്നത് ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ മാസ്മരിക സ്പെല്ലുകളാണ്.

Comments