എല്ലാത്തിനും പകരം ചോദിക്കുന്നു,
സിറാജ് ഉയിർത്തെഴുന്നേൽക്കുന്നു

സിറാജെന്ന ഹൈദരാബാദുകാരൻ അഞ്ചാമത്തെയും ആറാമത്തെയും വിക്കറ്റിന് ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സൂയിയിൽ വായുവിൽ ഉയർന്നുപൊങ്ങി ചാടുമ്പോൾ സി ആർ സെവൻ പെർഫെക്ഷനില്ലെങ്കിലും അയാളുടേതുപോലുള്ള ഒരു പ്രഖ്യാപനമുണ്ടായിരുന്നു അതിന്. ഒരു ഉയിർത്തെഴുന്നേൽപ്പിന്റെ ചിത്രം. ബുമ്രക്കും ഷമിക്കുമൊപ്പം സ്വന്തം നാട്ടിലെ ലോകകപ്പിൽ അയാൾ ഇനി ഇന്ത്യൻ പേസിനെ നയിക്കും.

കൊളമ്പോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ ഏഷ്യൻ കപ്പ് 16-ാം എഡിഷൻ ഇന്ത്യ- ശ്രീലങ്ക ഫൈനലിന് എൺപത് ശതമാനത്തിലധികമാണ് കാലാവസ്ഥാ നിരീക്ഷകർ മഴ സാധ്യത കൽപ്പിച്ചിരുന്നത്. ഇതിനകം ഏഷ്യൻ കപ്പിലെ ഭൂരിഭാഗ മത്സരങ്ങളും വിധിയെഴുതിയത് മഴയും ഡി ആർ എസുമായിരുന്നു.

സമയമാറ്റങ്ങളും റിസർവ് ഡേയും വരെ മുന്നിൽ കണ്ടാണ് റൈൻ ജക്കറ്റുകളുമായി കാണികൾ ഗാലറിയിലെത്തിയത്. പ്രതീക്ഷിച്ച പോലെ കളി തുടങ്ങുന്നതിന് മുന്നേ മഴ പെയ്തു. മൈതാനത്ത് നീല ഷീറ്റ് വലിച്ചിട്ടു. ശ്രീലങ്കൻ കാണികൾ മഴയെ ശപിക്കുന്നുണ്ട്. കളിയെത്രയും പെട്ടന്ന് തുടങ്ങണം. 2022- ൽ ദുബായ് ക്രിക്കറ്റ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ പാകിസ്ഥാനെ തോൽപ്പിച്ച് നേടിയ ഏഷ്യൻ കിരീടം സ്വന്തം നാട്ടിൽ മറ്റൊരു അയൽരാജ്യത്തെ തോൽപ്പിച്ച് നിലനിർത്താനുള്ള സുവർണ്ണാവസരം. ലോകകപ്പ് അടുത്തിരിക്കെ 2011- ൽ കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടമായ ഏക ദിന ലോകകപ്പിന്റെ പകരം വീട്ടൽ. ശ്രീലങ്കയുടെ കണക്കുകൂട്ടലുകൾ ഇതെല്ലാമായിരുന്നു.

ശ്രീലങ്കൻ ക്യാപ്റ്റൻ ദസുൻ ശങ്കെ ടോസിൽ ബാറ്റിങ് തിരഞ്ഞെടുത്തു.

മഴ മാറി കളി പുനരാരംഭിച്ചു. ബുമ്രയും സിറാജും സ്പെല്ലുകൾ സ്റ്റാർട്ട് ചെയ്തു. ബുമ്രയുടെ ആദ്യ ഓവറിന്റെ മൂന്നാം ബോളിൽ പെരേരയുടെ കവർ ടച്ച് രാഹുൽ ഗ്ലൗസിലൊതുക്കി ആദ്യ മുൻ‌തൂക്കം ഇന്ത്യക്ക് നൽകി. നാലാം ഓവറിന്റെ ആദ്യ ബോളിൽ നിസ്സാനയുടെ ഒരു ഓഫ് ഡ്രൈവ് ജഡേജയുടെ അതിസുന്ദര ഡൈവ് ക്യാച്ചിൽ സിറാജും വിക്കറ്റ് അക്കൗണ്ട് തുറന്നു. എന്നാൽ ആ നാലാം ഓവർ കൊണ്ടുപോയത് ശ്രീലങ്കയുടെ നാല് ടോപ് ഓർഡർ ബാറ്റ്സ്മാൻ വിക്കറ്റുകളായിരുന്നു. സദീറയും അസലൻകെയും ഡി സിൽവയും മറ്റ് ബാറ്റർമാർക്ക് പാഡ് കെട്ടാൻ പോലും സമയം കൊടുക്കാതെ കൂടാരം കയറി. ഒരു വൺഡേ ഇന്റർനാഷണൽ ഫൈനലിൽ നാല് സ്ലിപ്പ് ഫീൽഡർമാരെ നിർത്താനുള്ള കോൺഫിഡൻസിലേക്ക് രോഹിത് എത്തി. അടുത്ത ഓവറിൽ ക്യാപ്റ്റൻ ദാസുൻ ശങ്കയെ സിങ് ബൗൾഡ് ചെയ്ത് തന്റെ വേഗതയേറിയ ആദ്യ അഞ്ചു വിക്കറ്റ് നേട്ടം സൂയി സെലിബ്രേഷനിട്ട് സിറാജ് ആഘോഷിച്ചു. വീണ്ടുമൊരു ബൗൾഡിലൂടെ ആറാം വിക്കറ്റ് നേടിയപ്പോൾ കമന്ററി ബോക്സിൽ രവി ശാസ്ത്രിയും വസീം അക്രമും സിറാജിനെ പറയാൻ വിശേഷണങ്ങൾക്ക് വേണ്ടി തിരഞ്ഞു. ആ സമയം മഴ പെയ്തിരുന്നെങ്കിലെന്ന് ശ്രീലങ്കൻ കളിക്കാരും കാണികളും ആത്മാർഥമായി പ്രാർഥിച്ചിട്ടുണ്ടാവണം. 50 റൺസ് ശ്രീലങ്കൻ ഓൾ ഔട്ട് പിന്തുടർന്ന് ഇന്ത്യ ആറ് ഓവറിൽ 10 വിക്കറ്റ് ശിഷ്ടത്തിൽ 263 പന്ത് ബാക്കി നിൽക്കെയുള്ള ഏറ്റവും മികച്ച ഏകദിന വിജയത്തോടെ തങ്ങളുടെ എട്ടാം ഏഷ്യൻ കിരീത്തിൽ മുത്തമിടുന്നു. ഇന്ത്യക്ക് കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ ആദ്യ അന്താരാഷ്ട്ര കിരീടം. ലങ്കക്ക് ഏകദിനത്തിൽ തങ്ങളുടെ ഏറ്റവും ചെറിയ രണ്ടാമത്തെ സ്കോറിന് തങ്ങളുടെ തന്നെ കൊളംബോയിൽ അപമാന പുറത്താവൽ.

ഫ്ലാഷ് ബാക്ക്, 23 വർഷങ്ങൾക്ക് മുമ്പുള്ള ഒരു ഷാർജ കപ്പിലെത്തി നിൽക്കുന്നു. സിംബാവേയെ തോൽപ്പിച്ചെത്തിയ ഇന്ത്യ ഫൈനലിൽ ശ്രീലങ്കയെ നേരിടുന്നു. സച്ചിനും ഗാംഗുലിയുമടങ്ങുന്ന ഇന്ത്യൻ ഓപ്പണിങ് ഭൂരിഭാഗം കളിയിലെ 150-നുമുകളിൽ ആദ്യ വിക്കറ്റ് പാർട്ട്ണർഷിപ്പെത്തിക്കുന്ന ഇന്ത്യൻ ബാറ്റിങ്ങിന്റെ സുവർണ കാലഘട്ടം. സനത് ജയസൂര്യയുടെ 189 റൺസ് നേട്ടത്തിൽ ശ്രീലങ്ക 299. മറുപടി ബാറ്റിനിറങ്ങിയ ഇന്ത്യ 54 റൺസിന് ഓൾ ഔട്ടാവുന്നു.

യുവരാജും കാബ്ലിയുമൊക്കെയടങ്ങിയ മധ്യനിര ഒന്നും ചെയ്യാനാവാതെ തല കുനിച്ച് നടക്കുന്നു. അതിനുശേഷം 2010 ഏഷ്യ കപ്പ് ഫൈനലിലും 2011ലോകകപ്പ് ഫൈനലിലും 2013 ചാംപ്യൻസ് ട്രോഫി സെമിയിലും ഇന്ത്യ ശ്രീലങ്കയെ തകർത്തു. ഇന്ത്യ തങ്ങളുടെ എക്സ്ട്രാസുകളിൽ മാത്രം നേടിയിരുന്ന 54 റൺസ് എന്ന നാണക്കേടിന്റെ കടം അപ്പോഴും ബാക്കിയായി. ആ കടമാണ് സിറാജെന്ന ഹൈദരാബാദുകാരൻ അവരുടെ സ്വപ്നമൈതാനത്ത് വീട്ടിയത്. അഞ്ചാമത്തെയും ആറാമത്തെയും വിക്കറ്റിന് ശേഷം ക്രിസ്റ്റാനോ റൊണാൾഡോയുടെ സൂയിയിൽ വായുവിൽ ഉയർന്നുപൊങ്ങി ചാടുമ്പോൾ സി ആർ സെവൻ പെർഫെക്ഷനില്ലെങ്കിലും അയാളുടേതു പോലുള്ള ഒരു പ്രഖ്യാപനമുണ്ടായിരുന്നു അതിന്. ഒരു ഉയിർത്തെഴുന്നേൽപ്പിന്റെ ചിത്രം.

ഗോഡ് ഫാദറുകളില്ലാതെയാണ് ബൗളർമാർക്ക് പഞ്ഞമില്ലാത്ത ഇന്ത്യൻ ക്രിക്കറ്റിലേക്ക് സിറാജ് വരുന്നത്. ഹൈദരാബാദിലെ പഞ്ചാരഹിൽസിലെ രാജാ നഗറിൽ റിക്ഷ ഓടിച്ച് ജീവിതം ഉന്തിത്തള്ളിക്കൊണ്ടിരുന്ന മുഹമ്മദ് ഔസിന്റെ മകൻ ഒരു ക്രിക്കറ്റ് ബാറ്ററാവാനുള്ള ആഗ്രഹത്തിൽ ടെന്നീസ് ബോള് കൊണ്ട് തെരുവിൽ ക്രിക്കറ്റ് കളിച്ച് ബോളറായി. സ്കൂൾ ജില്ലാ ടീമുകളിലൂടെ വളർന്ന് സ്റ്റേറ്റ് ടീമിലെത്തി. 2015- ൽ രഞ്ജി ട്രോഫിയിൽ ദി ടോപ്പ് വിക്കറ്റർ ഓഫ് രഞ്ജി ട്രോഫി, സിറാജ് ഫ്രം ഹൈദരാബാദ് എന്ന അനൗൺസമെന്റിൽ ഐ പി എൽ ടീമായ സൺ റൈസേഴ്സിലെത്തി. അവിടുന്ന് പിന്നെ കിങ് കോഹ്‍ലിയുടെ ബാംഗ്ലൂരിലേക്ക്.

ഐ പി എലിന്റെ തന്റെ ആദ്യ കാലത്ത് നന്നായി പന്തെറിയാനായെങ്കിലും റൺസ് വിട്ട് കൊടുക്കാൻ ധാരാളിത്തം കാണിച്ചത് സിറാജിന് വിനയായി. സിറാജിനോളം പരിഹാസ്യനായ ഇന്ത്യൻ ബൗളർ ചരിത്രത്തിലില്ല.

കോഹ്‍ലി അയാൾക്ക് എറിയാൻ പന്ത് നൽകുമ്പോഴെല്ലാം ബാംഗ്ലൂർ ആരാധകർ ഗാലറിയിൽ നിന്ന് കൂവി. കോഹ്‍ലിയുടെ ‘പെറ്റ്’ എന്നും ചെണ്ടയെന്നും ദേശീയ മാധ്യമങ്ങളടക്കം കളിയാക്കി. പരമാവധി റൺസ് വിട്ട് കൊടുക്കാതിരിക്കുക, പവർപ്ലേകളിൽ വിക്കറ്റെടക്കുക, ആധുനിക ക്രിക്കറ്റിന്റെ പുതിയ തിയറിയിൽ സിറാജ് ടീമിൽ അയോഗ്യനാണെന്ന് മുൻ ഇന്ത്യൻ താരങ്ങളും വിധിയെഴുതി. 2019 -ൽ കൊൽക്കത്തയുമായുള്ള നിർണ്ണായക ഐ പി എൽ മൽസരം. രണ്ട് ഓവർ ബാക്കി നിൽക്കെ ബാംഗ്ലൂർ ഏകദേശം വിജയം ഉറപ്പിച്ചതാണ്. സിറാജിന്റെ സെക്കൻഡ് ലാസ്റ്റ് ഓവറിൽ നോബോളടക്കം അഞ്ച് ബൗണ്ടറികൾ പായിച്ച് ആന്ദ്രെ റസ്സൽ ആ വിജയം തട്ടിയെടുത്തു. സിറാജിന്റെ ക്രിക്കറ്റ് ഭാവി അതോടെ തീർന്നുവെന്ന് എല്ലാവരും കരുതിയതാണ്. സിറാജിന്റെ തലപ്പടം കട്ട് ചെയ്ത് കൊൽക്കത്ത ജെയ്സിയിൽ മാൻ ഓഫ് ദി മാച്ച് പുരസ്കാരം വാങ്ങുന്നത് ട്രോളാക്കി ക്രിക്കറ്റ് നിരൂപകർ അത് ആസ്വദിച്ചു. ആരാധകർ കോഹ്‍ലിക്കെതിരെ തിരിഞ്ഞു. തൊട്ടടുത്ത ന്യൂസിലാൻഡ് പര്യടനത്തിൽ തന്റെ ആദ്യ ട്വന്റി ട്വന്റി മൽസരത്തിൽ നാല് ഓവറിൽ മാത്രം 53 റൺസ് വഴങ്ങി. കോഹ്‍ലി അമിതമായി സിറാജിനെ പിന്തുണക്കുന്നുവെന്ന ആരോപണമുയർന്നു. മറുവശത്ത് ഷാമിയും ബുംറയും ഭൂവനേഷറും ഉമ്രാൻ മലിക്കും വരുൺ ആരോണും അടങ്ങിയ ലോകോത്തര നിലവാരത്തിൽ പന്തെരിയുന്ന താരങ്ങളുടെ നീണ്ട നിര ഇന്ത്യൻ സ്ക്വഡായിയുണ്ടായിരുന്ന സമയം കൂടിയായിരുന്നുവത്.

2019 ജനുവരിയിൽ 263-മതും 2020 ജനുവരിയിൽ 279-മതും ഐ സി സി റാങ്കിന്റെ പിറകിലുണ്ടായിരുന്ന സിറാജ് പിന്നീട് 2020 ഡിസംബറിൽ 18 ലെത്തി. സ്വയം നവീകരിക്കുകയായിരുന്നു സിറാജ്. അത്യധികം കഠിനാദ്വാനവും ആത്മവിശ്വാസത്തോടെയും സിറാജ് തന്റെ ശൈലിയിൽ മാറ്റങ്ങൾ കൊണ്ട് വന്നു. ക്രിക്കറ്റിൽ പേസർ ഒരിക്കലും എറിയരുത് എന്ന ആംഗിളിലായിരുന്നു അതുവരെ സിറാജെറിഞ്ഞ എല്ലാ ബോളുകളും. ക്രിക്കറ്റിന്റെ അക്കാദമി പഠനങ്ങളില്ലാതെ തെരുവിലെ ടെന്നീസ് ബോളിലെ പരിചയത്തിൽ മാത്രം ബിഗ് പ്പിച്ചുകളിലെറിഞ്ഞിരുന്ന ഓവർപ്പിച്ച് ഡെലിവറി ബാറ്റ്സ്മാന്മാർക്ക് എളുപ്പത്തിൽ ബൗണ്ടറികളും സിക്സറുകളും പായിക്കാൻ പറ്റുന്ന വിധത്തിലുള്ളതായിരുന്നു.എന്നാൽ സിറാജ് അതിൽ സ്വിങ്ങർ സാധ്യത പരീക്ഷിച്ചു.

ബാറ്ററേ ഫ്രണ്ട് ഫുട്ടിൽ കളിക്കാൻ നിർബന്ധിച്ച് സ്റ്റമ്പിനോട് ചേർന്നും സ്റ്റമ്പിൽ നിന്ന് മാറിയും ഇൻസിങ്ങുകളും ഔട്ട് സിങ്ങുകളുമെറിഞ്ഞു. അപ്രതീക്ഷിതമായി ചെറിയ യോർക്കറുകൾ എറിഞ്ഞു. പേസ് കൂട്ടാതെ അതിലുള്ള ശ്രദ്ധ പന്ത് സ്വിങ് ചെയ്യിപ്പിക്കുന്നതിലായി. ക്രീസിനെയും ക്രീസിൽ ബാറ്റർ നിൽക്കുന്ന പോസിഷനെയും സമ്മർദ്ധമായി ഉപയോഗിച്ച് ബാറ്ററേ കൊണ്ടുതന്നെ വിക്കറ്റൊരുക്കുന്ന പുതിയ രീതിയിൽ ബാറ്റർമാർക്ക് അടി തെറ്റി. ബാറ്റ് വെക്കണോ ലീവ് ചെയ്യണോ എന്ന അനിശ്ചിതത്വം ബോൾ ക്രീസിലെത്തുന്ന അവസാന നിമിഷം മനഃപ്പൂർവ്വം സിറാജ് ബാറ്ററിൽ അടിച്ചേൽപ്പിച്ചു. റൺസ് വിട്ടുകൊടുക്കുന്നതിൽ ധാരാളിയായിരുന്ന സിറാജ് മൈഡൻ ഓവറുകളെറിയാൻ തുടങ്ങി. പവർ പ്ലേ സ്പെൽ സ്പെഷലിസ്റ്റായി. 2021 ബാംഗ്ലൂരിനുവേണ്ടി ഒരു ഐ പി എൽ മൽസരത്തിലെറിഞ്ഞ മൈഡനുകൾ,

അതേ ആൻദ്ര റസ്സലിനെ ഒരു റൺ പോലുമെടുക്കാൻ കൊടുക്കാതെ എറിഞ്ഞ 2021 ലെയും 2022 ലെയും സിങ് കൂട്ടി ചേർത്ത ഓവർ പ്പിച്ച് ഡെലിവറി. പുതിയ സിറാജിന് ബറ്റാർമാർക്ക് പിടികിട്ടിയില്ല.

ആസ്ട്രേലിയക്കെതിരെയുള്ള അവരുടെ നാട്ടിലുള്ള ടെസ്റ്റ് പരമ്പര. തന്റെ ആദ്യ റെഡ് ബോൾ മൽസരത്തിനിറങ്ങുമ്പോൾ ജനഗണമനകൊപ്പം സിറാജ് പൊട്ടിക്കരഞ്ഞു. ദിവസങ്ങൾക്ക് മുന്നാണ് പിതാവ് ഔസ് മരണപ്പെട്ടത്. നാട്ടിലേക്ക് മടങ്ങുന്നതിനെ കുറിച്ച് പലവട്ടം ആലോചിച്ചതാണ്.

പണ്ട് പഠിക്കേണ്ട പ്രായത്തിൽ ഇല്ലാത്ത പൈസക്ക് ടെന്നീസ് ബോൾ വാങ്ങി കൊടുത്തതിന് ഔസിനെ നിരന്തരം ചീത്ത പറഞ്ഞു കൊണ്ടിരുന്നിരുന്ന മാതാവ് ശബാന ബീഗം ആ ദിവസം സിറാജിനോട് ഫോണിൽ വിളിച്ച് അവിടെ കളി തുടരാൻ പറഞ്ഞു. മകൻ ഇന്ത്യൻ ജെയ്സിയിൽ കാണാൻ കൊതിച്ച് ജീവിതത്തിന്റെ തൊണ്ണൂറ് ഭാഗവും രാജ് നഗറിൽ റിക്ഷ ചവിട്ടി ജീവിച്ച് മരിച്ച മുഹമ്മദ് ഔസിന് സിറാജിന് ചെയ്ത് കൊടുക്കാൻ കഴിയുന്ന ഏറ്റവും വലിയ കാര്യം അത് തന്നെയാവുമെന്ന് ആ അമ്മ കരുതിയിട്ടുണ്ടാവും. തന്റെ ജീവിതാഭിലാഷങ്ങൾക്ക് പരിമിതികൾക്കിടയിലും കൂടെ നിന്ന അച്ഛന്റെ വേർപാട്, ആസ്ട്രേലിയയയ്ക്കെതിരെയുള്ള ആദ്യ ഇന്നിഗ്സുകൾക്കിറങ്ങിയ സിറാജിനെ വ്രിസ്ബണിലെ ആസ്ത്രേലിയൻ കാണികൾ വംശീയമായി അധിക്ഷേപിച്ചു. അച്ഛന്റെ മരണത്തിലും വംശീയ അധിക്ഷപത്തിലും മനസ്സിന്റെ പരിധി വിട്ട് ഡ്രസ്സിങ് റൂമിൽ കരയുന്ന സിറാജിനെ ഇന്ത്യൻ താരങ്ങൾ ചേർത്തുനിർത്തി.

മൂന്നാം ടെസ്റ്റിൽ സിറാജ് എല്ലാത്തിനും പകരം ചോദിച്ചു. ഒരു ഇന്നിങ്സിൽ എണ്ണം പറഞ്ഞ അഞ്ച് ടോപ്പ് ഓർഡർ ബാറ്റ്സ്മാരെ പവലിയനിലേക്ക് പറഞ്ഞയച്ചു. ആസ്ത്രേലിയയുടെ മണ്ണിൽ അവരെ തോല്പ്പിച്ച് ചരിത്ര ടെസ്റ്റ് നേട്ടവുമായി ഇന്ത്യ ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാമതായപ്പോൾ സിറാജ് വ്രിസ്ബണിൽ തന്നേ അധിക്ഷേപിച്ച കാണികൾക്ക് നേരെ ആ ചുവന്ന പന്ത് മുകളിലേക്കുയർത്തി കറക്കി കാണിച്ചു.ഐ സി സി യുടെ റാങ്ക് ഷീറ്റുകളിൽ ഒന്നാമനായി.

ഷമിക്ക് ബാക്കപ്പായി വന്ന ഏഷ്യൻ കപ്പ് മുമ്പിൽ. ബുമ്രയെന്ന പേസ് മരം തിരിച്ചു വരവിൽ എല്ലാം കടപ്പുഴക്കാനെന്ന ഭാവത്തിൽ പന്തെറിയുന്നു. നിഴലാകുമെന്ന് തോന്നിച്ച സിറാജ് ആ മരത്തിന്റെ കൊടുങ്കാറ്റായി. ഏഴ് ഓവറിൽ 21 റൺസ് മാത്രം വിട്ട് കൊടുത്ത് ഒരു മെയ്ഡനും 6 വിക്കറ്റും. കൂടെ ഡസൻ കണക്കിന് റെക്കോർഡുകളും. ഏകദിനത്തിൽ ഏറ്റവും വേഗതയിൽ 50 വിക്കറ്റ് സ്വന്തമാക്കുന്ന താരങ്ങളിലൊന്ന്, ഏഷ്യൻ കപ്പിലെ ഒരു ബൗളറുടെ ആദ്യ 5 വിക്കറ്റ് നേട്ടം, ഒരോവറിൽ 4 വിക്കറ്റ് വീഴ്ത്തുന്ന ആദ്യ ഇന്ത്യക്കാരൻ,അജന്ത മെൻഡിസ് (6-16) കഴിഞ്ഞാൽ ഒരു ബൗളറുടെ ഏറ്റവും മികച്ച പേർഫോമനസ്. 5 വിക്കറ്റ് നേട്ടം ഏറ്റവും കുറഞ്ഞ 16 പന്തുകളിൽ നേടി ചാമിന്ത് വാസിന്റെ റെക്കോർഡിനൊപ്പം.

ഒരു മത്സരത്തിലെ ഏഴ് ഓവറിനപ്പുറത്തേക്ക് നീണ്ട റെക്കോർഡ് പട്ടികകൊപ്പം സിറാജ് തന്റെ പഴയ കാലം ഓർത്തിരിക്കണം. ചെണ്ടയെന്ന വിളിയും സ്വന്തം കാണികളുടെ കൂവലുകളും തല കുനിച്ച് നടന്നതും.

ചെണ്ടയെന്ന് വിളിച്ചവർ ചെണ്ട കൊട്ടി അയാളെ ഇന്ന് യുഗപുരുഷനാക്കുന്നു. എന്നാൽ അയാൾക്ക് ഔസ് എന്ന റിക്ഷക്കാരന്റെ മകനാവാതെ വയ്യ. ഫൈനലിലെ മികച്ച താരത്തിനുള്ള പ്രൈസ് മണി അയാൾ നൽകിയത് അവിടുത്തെ ഗ്രൗണ്ട് സ്റ്റാഫുകൾക്കാണ്. ഒരു വലിയ പരിപാടിയുടെ വിജയത്തിന് അതിന്റെ ഏറ്റവും താഴെയുള്ള മനുഷ്യർ നൽകുന്ന അധ്വാനവും വിലയും സിറാജിന് നന്നായിയറിയാം.

രണ്ടാഴ്ച്ചക്കപ്പുറം സ്വന്തം നാട്ടിൽ വീണ്ടും ക്രിക്കറ്റ് ലോകകപ്പ് അരങ്ങെത്തുകയാണ്. രണ്ടുമൂന്ന് ലോകകപ്പിന്റെ പരിചയസമ്പത്തുള്ള ഷമിയും ബുമ്രയുമടങ്ങുന്ന പേസ് സംഘത്തിലേക്ക് സിറാജിനെ പോലെ വളരെ കുറഞ്ഞ മത്സരങ്ങൾ കളിച്ച താരം ഒരു ബാധ്യതയാണെന്ന് പറഞ്ഞവരുണ്ടായിരുന്നു. പകരം ചാഹലിനെ എടുക്കണമെന്ന വാദവുമുണ്ടായിരുന്നു. എന്നാൽ സിറാജിന്റെ ഏഷ്യൻ പ്രകടനം അവരുടെ വായ പൊത്തും. വാങ്കഡെയിലും അഹമ്മദാബാദ്, ചിന്ന സ്വാമി സ്റ്റേഡിയത്തിലും സിങ്ങുകളും മറു സിങ്ങുകളുമായി അയാൾ അയാൾക്കൊപ്പം ക്രിക്കറ്റിനെയും നവീകരിക്കും. ബൗളിംഗിന്റെ അക്കാദമിക്ക് നിയമങ്ങൾ പഠിചിട്ടില്ലാത്ത സിറാജിന്റെ ബോളിനെ ഏത് വശത്തേക്ക് കവർ ചെയ്യണമെന്നതിൽ ഓസ് ന്യൂസിലാൻഡ്, സൗത്ത് ബറ്റാർമാർ കുഴപ്പത്തിലാവും.പേസ് ബോളിന്റെ പരമ്പരാഗത വെള്ളത്തിലെറിയും.

സിറാജ് ബുമ്രക്കും ഷമിക്കുമൊപ്പം സിറാജ് സ്വന്തം നാട്ടിലെ ലോകകപ്പിൽ ഇന്ത്യൻ പേസിനെ നയിക്കും.

Comments