ഐസിസി ടി20 ലോകകപ്പിൽ ഇന്ത്യക്കെതിരായ മത്സരം കളിക്കില്ലെന്ന തീരുമാനത്തിൽ നിന്ന് ഒടുവിൽ പിൻമാറി പാകിസ്ഥാൻ. ഇതിനോടകം ആരംഭിച്ച ലോകകപ്പിലെ ഏറ്റവും സുപ്രധാന മത്സരമാണ് ഇന്ത്യ - പാക് പോരാട്ടം. ടൂർണമെൻറിൽ നിന്ന് പിൻമാറുകയാണെന്ന് നേരത്തെ ബംഗ്ലാദേശ് തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാകിസ്ഥാൻ സമ്മർദ്ദതന്ത്രവുമായി മുന്നോട്ട് വന്നത്. ഇന്ത്യക്കെതിരായ ഗ്രൂപ്പ് ഘട്ട മത്സരം ബഹിഷ്കരിക്കുമെന്നായിരുന്നു ഭീഷണി. കഴിഞ്ഞ ദിവസം നടന്ന ചർച്ചയ്ക്കൊടുവിൽ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഇന്ത്യക്കെതിരെ കളിക്കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. ഐസിസി പാക് ക്രിക്കറ്റ് ബോർഡ് അധികൃതരുമായാണ് ചർച്ച നടത്തിയത്.
ലോകകപ്പിൻെറ വരുമാനക്കണക്കുകൾ നോക്കിയാൽ മൊത്തം വരുമാനത്തിൻെറ 30 ശതമാനവും പ്രതീക്ഷിക്കുന്നത് ഈ മത്സരത്തിൽ നിന്നാണ്. ശ്രീലങ്ക, യു.എ.ഇ ക്രിക്കറ്റ് ബോർഡുകളുടെ അഭ്യർത്ഥനകൾ കൂടി പരിഗണിച്ചാണ് മത്സരത്തിൽ കളിക്കാൻ തീരുമാനിച്ചതെന്ന് പാകിസ്ഥാൻ സർക്കാർ വ്യക്തമാക്കുന്നു. പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് ഈ വിഷയത്തിൽ ശ്രീലങ്കൻ പ്രസിഡൻറ് കുമാര ദിസ്സനായകയുമായി സംസാരിക്കുകയും ചെയ്തിരുന്നു. ഇതിൻെറയെല്ലാം അടിസ്ഥാനത്തിലാണ് തീരുമാനം.


