1989 നവംബർ 15ന് കറാച്ചിയിലെ നാഷണൽ സ്റ്റേഡിയത്തിൽ പാക്കിസ്ഥാനെതിരായ മത്സരത്തിലൂടെയായിരുന്നു ടെസ്റ്റ് ക്രിക്കറ്റിൽ സച്ചിന്റെ അരങ്ങേറ്റം / Photo: BCCI

സച്ചിൻ ഒരു വലതുപക്ഷ മൂലധന നിർമിതി

സച്ചിൻ തെണ്ടുൽക്കർ കാട്ടിത്തന്ന വിജയപാതയിലൊരു നിലപാടില്ലായ്മയുടെ നിരന്തര സാന്നിധ്യമുണ്ട്. അയാളിലൂടെ മാന്യത കൈവരിക്കുന്ന കരിയറിസത്തിന് കുത്തകമുതലാളിമാരുടേയും ഭരണകൂട ഭീകരതയുടേയും മണമുണ്ട്- ‘ഇന്ത്യൻ ക്രിക്കറ്റിന്റെ ജാതി’ എന്ന ലേഖനപരമ്പരയുടെ രണ്ടാം ഭാഗം.

"മേഘാലയയുടെ ചരിത്രമെഴുതുന്നവർ ഇനിമുതൽ ആ ചരിത്രത്തെ ഇന്ത്യൻ ഐഡിലിന്റെ മൂന്നാം സീസണ് "മുമ്പ്' എന്നും "ശേഷം' എന്നും രണ്ടായി വിഭജിക്കേണ്ടി വരും. ഗോത്രങ്ങൾക്കിടയിലെ സംഘർഷങ്ങളും കൊലപാതകങ്ങളും കലാപങ്ങളും നിറഞ്ഞുനിൽക്കുന്ന ഒന്നാം ഭാഗവും സമാധാനവും ബഹുസ്വരതയുള്ള അന്തരീക്ഷവുമുള്ള രണ്ടാംഭാഗവും. അതിശയകരമായ ഈ മാറ്റത്തിന്റെ കാരണമായി ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെടുക അമിത് പോൾ എന്ന, സംഗീത റിയാലിറ്റി ഷോയുടെ അവസാന റൗണ്ടിലെത്തിയ മത്സരാർത്ഥിയായിരിക്കും.'

ജയ്ദീപ് മസൂംദാറെന്ന മാധ്യമ പ്രവർത്തകൻ 2007ൽ ഔട്ട്‌ലുക്ക് ഇന്ത്യയിലെഴുതിയ ഒരു പഠനത്തിന്റെ തുടക്കമാണിത്. 2004ൽ സോണി എന്റർടൈൻമെൻറ്​ ചാനലിൽ സംപ്രേക്ഷണമാരംഭിച്ച "ഇന്ത്യൻ ഐഡൽ' എന്ന റിയാലിറ്റി ഷോയുടെ മൂന്നാം സീസണിലെ ഒരു മത്സരാർത്ഥി മാത്രമായിരുന്നു തുടക്കത്തിൽ അമിത് പോൾ. ഐക്യഭാരതത്തിൽ കാലങ്ങളായി രണ്ടാംകിട ജീവിതം നയിക്കുകയും മുഖ്യധാരയിൽ നിന്ന് മാറ്റിനിർത്തപ്പെടുകയും ചെയ്ത നോർത്ത്- ഈസ്റ്റ് മേഖലയിൽ നിന്നുള്ള അമിത് പോൾ ദേശീയ മാധ്യമത്തിലെ അതിപ്രശസ്തമായ റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായതു മുതൽ മത്സരത്തിന്റെ ഓരോ ഘട്ടം പിന്നിടുമ്പോഴും നാഗാലാൻഡ് മുതൽ അസം വരെ ഉൾപ്പെടുന്ന വിശാല നോർത്ത്- ഈസ്റ്റ് പ്രവിശ്യയിലെ ജനങ്ങളുടെ പൊതുവികാരമായി മാറുകയായിരുന്നു. ഫൈനൽ റൗണ്ടാകുമ്പോഴേക്കും മേഘാലയയിലെ പതിറ്റാണ്ടുകളുടെ പഴക്കമുള്ള വിഘടനവാദസംഘങ്ങൾ വരെ അമിത് പോളിനെ വിജയിപ്പിക്കണമെന്ന അഭ്യർത്ഥനയുമായി രംഗത്തെത്തി. മേഘാലയ മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിർദേശത്തിന്റെ ഭാഗമായി പൊതു ടെലിഫോൺ ബൂത്തുകൾ വരെ അമിത് പോളിനുവേണ്ടി പ്രവർത്തനക്ഷമമായി.

അമിത് പോൾ ഇന്ത്യൻ ഐഡൽ വേദിയിൽ

കാശ്മീരിനെക്കാൾ പഴക്കമുള്ള മേഘാലയൻ ജനതയുടെ അരക്ഷിത ജീവിതത്തിനും വിഘടനവാദ പ്രവണതയ്ക്കുമിടയിൽ അമിത് പോൾ എന്ന ടെലിവിഷൻ സൂപ്പർസ്റ്റാർ സമാധാനത്തിന്റേയും ഐക്യത്തിന്റേയും പുതിയൊരു പാലം തീർത്തുവെന്ന് ജയ്ദീപ് മസൂംദാർ പറയുന്നു. അമിത് പോളിനെ മേഘാലയയുടെ സമാധാനത്തിന്റെ വക്താവായി നിയമിച്ച് മുഖ്യമന്ത്രി ഡി.ഡി. ലപാങ് നടത്തിയ പ്രസംഗത്തിൽ അദ്ദേഹം അമിത്ത് പോളിനെ കപിൽ ദേവിനോടാണ് ഉപമിക്കുന്നത്! ഒരു ലോകകപ്പ് വിജയത്തിലൂടെ നാനാവിധത്തിലുള്ള വിവേചനങ്ങളേയും മറികടന്ന് ക്രിക്കറ്റെന്ന പൊതുവികാരത്തിലൂടെ മുഴുവൻ ഇന്ത്യക്കാരേയും എങ്ങനെയാണോ കപിൽദേവ് ഏകോപിപ്പിച്ചത്, അതുപോലെയാണ് "ഇന്ത്യൻ ഐഡൽ' എന്ന ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെ അമിത് പോൾ മേഘാലയൻ ജനതയെ ഒന്നിപ്പിച്ചതെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹമന്ന് പ്രസംഗം നിർത്തിയത്.

അമിത് പോളിനെക്കുറിച്ചുള്ള പഠനം ഇന്ത്യൻ ജനസാമാന്യത്തെ സംബന്ധിച്ച രണ്ടു കാര്യങ്ങളാണ് വ്യക്തമാക്കുന്നത്. ഒന്ന്, ടെലിവിഷൻ എന്ന മാധ്യമത്തെ സംബന്ധിച്ചാണ്. വൈവിധ്യസമ്പന്നരായ ജനങ്ങളെ പോലും സൂക്ഷ്മമായി സ്വാധീനിക്കാനും ചിലപ്പോഴൊക്കെ ഏതെങ്കിലുമൊരു പൊതുവികാരത്തിന്റെ പേരിൽ ഏകോപിപ്പിക്കാനുമുള്ള ടെലിവിഷനെന്ന മാധ്യമത്തിന്റെ അപാരമായ ശേഷിയെ ഈ സംഭവം വീണ്ടും അടിവരയിട്ടുറപ്പിക്കുന്നുണ്ട്.

കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും പ്രതിഭാധനനായ കളിക്കാരനായിരുന്ന ഡീഗോ മറഡോണ തന്റെ സ്വകാര്യജീവിതത്തിന്റെ പേരിൽ പലകുറി വിമർശിക്കപ്പെട്ടിട്ടുണ്ട്. ബാലിശമായ അഭിപ്രായങ്ങളുടെ പേരിൽ പെലെയും അനഭിമതനായിട്ടുണ്ട്. എന്നാൽ, സച്ചിന്റെ കാര്യത്തിൽ അത്തരമൊരവസ്ഥ ഈയടുത്തകാലം വരെ ഉണ്ടായിട്ടില്ല.

രാമാനന്ദ സാഗറിന്റെ "രാമായണം മെഗാ സീരിയൽ' ദൂരദർശൻ സംപ്രേക്ഷണം ചെയ്ത കാലത്താണ് ടെലിവിഷന്റെ അപാരമായ സ്വാധീനശേഷി മുൻപ് നമ്മളറിഞ്ഞത്. ഇന്ത്യയിലുടനീളം വിഭിന്നമായ പശ്ചാത്തലങ്ങൾക്കിടയിൽ ചിതറിക്കിടന്നിരുന്ന മുഴുവൻ ഹിന്ദുക്കളും ഒരേ സമയത്ത്, ഒരേ മാധ്യമത്തിലൂടെ, ഒരേ പുരാണകഥയുടെ ദൃശ്യാവിഷ്‌ക്കാരം കാണുകവഴി അവർക്കിടയിൽ രൂപപ്പെട്ട ഐക്യത്തെ രാഷ്ട്രീയമണ്ഡലത്തിലേക്ക് കൂടി വികസിപ്പിച്ചതിന്റെ ഫലമായാണ് ബാബ്റി മസ്ജിദ് തകർക്കപ്പെട്ടതെന്ന് പത്രമാധ്യമങ്ങളെ കുറിച്ചുള്ള തന്റെ പഠനഗ്രന്ഥത്തിൽ റോബിൻ ജെഫ്രി അഭിപ്രായപ്പെടുന്നുണ്ട്. ഇതേ പ്രവർത്തനത്തിന്റെ തുടർച്ചയിലാണ് ബി.ജെ.പി. അധികാരത്തിലേറിയതും.
രണ്ട്, അരക്ഷിതമായ അന്തരീക്ഷത്തിൽ പരസ്പരം ഐക്യപ്പെടാനുള്ള മാർഗങ്ങൾക്ക് ജനങ്ങളെ സ്വാധീനിക്കാനുള്ള ശേഷി കൂടുന്നു. ശാന്തരായ മേഘാലയൻ ജനതയിലും അമിത് പോളിന് ചലനമുണ്ടാക്കാൻ സാധിച്ചേക്കാമെങ്കിലും അതിത്രയും വൈകാരികമാകുമായിരുന്നില്ല. സച്ചിൻ തെണ്ടുൽക്കറിന്റെ കരിയറിലുടനീളം മേൽപ്പറഞ്ഞ രണ്ടു യുക്തികളും നമുക്ക് കണ്ടെടുക്കാൻ പ്രയാസമില്ല.

കോച്ച് രമാകാന്ത് അച്‌രേക്കറിനൊപ്പം സച്ചിൻ

1989 നവംബർ 15ന് തന്റെ പതിനാറാം വയസിലാണ് സച്ചിൻ ഇന്ത്യൻ സീനിയർ ടീമിനായി അരങ്ങേറുന്നത്; അതും ‘ചിര വൈരി’കളായ പാകിസ്ഥാനെതിരെ! 24 വർഷം നീണ്ട കരിയറിൽ, രണ്ട് ദശാബ്ദത്തോളം പൊലിമകളൊന്നും കെട്ടുപോകാതെ അദ്ദേഹം തന്റെ കളിജീവിതം മുന്നോട്ട് നയിച്ചു. കളത്തിനകത്തെ സച്ചിനോളം തന്നെ കളത്തിന് പുറത്തെ സച്ചിനും വാഴ്ത്തപ്പെട്ടതായി കാണാം. ഈ "ബിംബാരാധന'ക്ക് ലോകചരിത്രത്തിൽ സമാനതകളില്ല. കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും പ്രതിഭാധനനായ കളിക്കാരനായിരുന്നു ഡീഗോ മറഡോണ. 1986ലെ ഫുട്ബോൾ ലോകകപ്പ് ഏറെക്കുറെ ഒറ്റയ്ക്ക് തന്നെ അദ്ദേഹം അർജന്റീനക്ക് നേടിക്കൊടുത്തു. ഡീഗോ തന്റെ സ്വകാര്യജീവിതത്തിന്റെ പേരിൽ പലകുറി വിമർശിക്കപ്പെടുകയോ വെറുക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. ബാലിശമായ അഭിപ്രായങ്ങളുടെ പേരിൽ ബ്രസീലിലും ലോകത്താകെയും പെലെയും അനഭിമതനായിട്ടുണ്ട്. എന്നാൽ, സച്ചിന്റെ കാര്യത്തിൽ അത്തരമൊരവസ്ഥ ഈയടുത്തകാലം വരെ ഉണ്ടായിട്ടില്ല. സച്ചിനിൽ സദാചാരബദ്ധമായ ഇന്ത്യൻ മൂല്യബോധവും ഇന്ത്യൻ മൂല്യബോധത്തിൽ സച്ചിനും ചെലുത്തിയ സ്വാധീനം ഇവിടെ പരിഗണിക്കണം.

സച്ചിനെ സംബന്ധിച്ച തന്റെ പുസ്തകത്തിന്റെ ആമുഖക്കുറിപ്പിൽ സ്‌പോർട്‌സ് റിപ്പോർട്ടർ കെ. വിശ്വനാഥ് ഇക്കാര്യം പരാമർശിച്ചു പോകുന്നു: "ഇന്ത്യൻ സമൂഹത്തെ അപഗ്രഥിക്കാൻ ശ്രമിക്കുന്ന പാശ്ചാത്യരായ സാമൂഹികശാസ്ത്രകാരൻമാർ കണ്ടെത്തുന്ന ചില പൊതുസവിശേഷതകൾ ഇങ്ങനെയാണ്; ഇന്നും ഒറ്റയിണയുടെ വിശുദ്ധിയിൽ വിശ്വസിക്കുന്നു, ദേശീയതക്ക് അമിതപ്രാധാന്യം കല്പിക്കുന്നു, ഹീറോയിസത്തിൽ അഭിരമിക്കുന്നു. ആഗോളീകരണവും ഉദാരീകരണവും ലോകക്രമത്തിന്റെ അടിസ്ഥാനശിലകളായി മാറിക്കഴിഞ്ഞ ഘട്ടത്തിലും "യാഥാസ്ഥിതികമായ' ഇത്തരം സവിശേഷതകൾ എങ്ങനെ ഇന്ത്യൻ സമൂഹം സൂക്ഷിക്കുന്നു എന്ന് അവർ അത്ഭുതപ്പെടുന്നു. ഇന്ത്യൻ സമൂഹത്തിൽ ഇടപെടുന്ന ചില പാശ്ചാത്യഗവേഷകർ ഈ സവിശേഷതകളെ പഠിക്കാനും പ്രകാശിപ്പിക്കാനും സച്ചിൻ തെണ്ടുൽക്കറെ ഉയർത്തിക്കാണിക്കുന്നുണ്ട്. സച്ചിനോടുള്ള രണ്ടു ദശകത്തിലേറെ നീണ്ടുനിൽക്കുന്ന ഇന്ത്യക്കാരന്റെ ആരാധന അവരിൽ അമ്പരപ്പുണ്ടാക്കുന്നു. മറ്റൊരു രാജ്യത്തും ഇത്ര നീണ്ട ഒരു കാലഘട്ടത്തിൽ ഒരു കായികതാരം ഇങ്ങനെ ആഘോഷിക്കപ്പെട്ടിട്ടില്ല'.

​​​​​​​തൊണ്ണൂറുകളോടെ ഇന്ത്യയിൽ രൂപപ്പെട്ടു വന്ന സവിശേഷമായ രാഷ്ട്രീയ-സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങളുടെ സ്വാഭാവിക പരിണതിയാണ് സച്ചിൻ തെണ്ടുൽക്കറെന്ന പ്രതിഭാസം. സച്ചിനെക്കുറിച്ചുള്ള ഏതു പഠനവും ഇന്ത്യയിലും ഇന്ത്യക്കാരിലുമുണ്ടായ ഈ മാറ്റങ്ങളെ പഠനവിധേയമാക്കാതെ പൂർണമാകാത്ത നിലയിൽ പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നു.

വാസ്തവത്തിൽ ഈ "ആഘോഷിക്കപ്പെടൽ' സച്ചിൻ എന്ന കളിക്കാരന്റെ കളി കൊണ്ട് മാത്രമുണ്ടാകുന്ന ഒന്നല്ല. സച്ചിന് ഇന്ത്യ എന്ന "ദേശരാഷ്ട്രങ്ങളുടെ കൂട്ടത്തെ' ഇന്ത്യ എന്ന "ഒറ്റ'യിലേക്ക് കേന്ദ്രീകരിക്കാൻ സാധിച്ചത് അത്ഭുതമായി നിൽക്കുമ്പോൾ തന്നെ, "ഇന്ത്യൻ സമൂഹ'ത്തിന്റെ അടിസ്ഥാനസ്വഭാവത്തോട് ചേർന്നാണ് അത് സംഭവിച്ചിട്ടുള്ളത് എന്നത് കൂടി മനസിലാക്കണം. 24 വർഷം കളിക്കളത്തിൽ തികഞ്ഞ പ്രൊഫഷണലിസത്തോടെ കളിച്ചതുകൊണ്ടോ, അസ്പർശ്യമായി തോന്നിയിരുന്ന റൺമലകൾ കീഴടക്കിയതുകൊണ്ടോ മാത്രമല്ല സച്ചിൻ ഈ വിധം ഒരു സ്വാധീനശക്തിയായി ഇന്ത്യൻ സമൂഹത്തിൽ മാറിയത് എന്ന് ചുരുക്കം. തൊണ്ണൂറുകളോടെ ഇന്ത്യയിൽ രൂപപ്പെട്ടു വന്ന സവിശേഷമായ രാഷ്ട്രീയ-സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങളുടെ സ്വാഭാവിക പരിണതിയാണ് സച്ചിൻ തെണ്ടുൽക്കറെന്ന പ്രതിഭാസം. സച്ചിനെക്കുറിച്ചുള്ള ഏതു പഠനവും ഇന്ത്യയിലും ഇന്ത്യക്കാരിലുമുണ്ടായ ഈ മാറ്റങ്ങളെ പഠനവിധേയമാക്കാതെ പൂർണമാകാത്ത നിലയിൽ പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നു.

1977ൽ ആറര ലക്ഷം ടെലിവിഷൻ സെറ്റുകൾ മാത്രമുണ്ടായിരുന്ന ഇന്ത്യയിൽ 1992 ആകുമ്പോഴേക്ക് നാലര കോടി ടെലിവിഷൻ സെറ്റുകൾ സ്ഥാനം പിടിക്കുകയും മുൻപെന്നത്തേക്കാളും ശക്തമായി ഇന്ത്യൻ ജനങ്ങളിലിടപെടാനുള്ള ശേഷി ടെലിവിഷൻ ശൃംഖലയ്ക്കുണ്ടായിത്തീരുകയും ചെയ്തു.

ഒട്ടുമിക്ക മൂന്നാംലോക രാജ്യങ്ങളിലും ടെലിവിഷൻ സംസ്‌കാരം പടർന്നു കയറിയതിനുശേഷമാണ് ഇന്ത്യയിൽ അങ്ങനെയൊന്നുണ്ടാവുന്നത്. 1990കളോടെ തന്നെ ലോകത്താകമാനം ടെലിവിഷൻ ശൃംഖലയും സംസ്‌കാരവും ശക്തമായ സാന്നിധ്യമായി നിലയുറപ്പിച്ചിരുന്നു. 1991ൽ ലോകബാങ്ക്​ സമ്മർദത്തിന് വഴങ്ങി ഇന്ത്യൻ മാർക്കറ്റുകളുടെ കവാടം ആഗോള മൂലധനശക്തികൾക്ക് മുഴുവനായും തുറന്നു കൊടുക്കുന്നത് വരെ മന്ദഗതിയിലായിരുന്ന ടെലിവിഷന്റെ പ്രചാരം അതിനുശേഷം കുതിച്ചുയർന്നു. 1977ൽ ആറര ലക്ഷം ടെലിവിഷൻ സെറ്റുകൾ മാത്രമുണ്ടായിരുന്ന ഇന്ത്യയിൽ 1992 ആകുമ്പോഴേക്ക് നാലര കോടി ടെലിവിഷൻ സെറ്റുകൾ സ്ഥാനം പിടിക്കുകയും മുൻപെന്നത്തേക്കാളും ശക്തമായി ഇന്ത്യൻ ജനങ്ങളിലിടപെടാനുള്ള ശേഷി ടെലിവിഷൻ ശൃംഖലയ്ക്കുണ്ടായിത്തീരുകയും ചെയ്തു. 1992ൽ സ്വകാര്യ സാറ്റലൈറ്റ് ചാനലുകൾ വന്നു തുടങ്ങുന്നത് വരെ ദൃശ്യമാധ്യമങ്ങൾ സമ്പൂർണമായും ഇന്ത്യൻ ഗവണ്മെന്റിന്റെ നിയന്ത്രണത്തിലായിരുന്നു.

ഇന്ത്യയിൽ അന്ന് നിലവിലുണ്ടായിരുന്ന ഒരേയൊരു ടെലിവിഷൻ ചാനലായ ദൂരദർശനെ കേന്ദ്ര ഗവണ്മെന്റിന്റെ ആശയങ്ങളുമായി ടെലിവിഷൻ സെറ്റുള്ള ഓരോ വീട്ടിലും കയറിയിറങ്ങാനുള്ള വെറുമൊരു ഉപകരണമായാണ് പ്രവർത്തിപ്പിച്ചിരുന്നത്. ഭൂമിശാസ്ത്രപരമായി ഡൽഹിയിലും സാംസ്‌കാരികമായി ഉത്തരേന്ത്യയിലും കേന്ദ്രീകരിക്കുന്നതാണ് ദൂരദർശൻ പരിപാടികളുടെ പൊതുസ്വഭാവമെന്ന നളിൻ മേഹ്ത്തയുടെ നിരീക്ഷണവും പ്രസക്തമാണ്. മത്സരങ്ങളുടെ തത്സമയ സംപ്രേക്ഷണത്തിന് ഇന്ത്യൻ ക്രിക്കറ്റ് ബോർഡിൽ നിന്ന് നല്ലൊരു തുക ദൂരദർശൻ ഈടാക്കിയിരുന്നു. 1993ൽ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ നടന്ന മത്സരത്തിന്റെ സംപ്രേക്ഷണാവകാശം ട്രാൻസ് വേൾഡ് ഇന്റർനാഷണൽ (Trans World International) എന്ന ബഹുരാഷ്ട്ര കമ്പനിക്ക് വിറ്റതോടെയാണ് ഈ മേഖലയിൽ പതിറ്റാണ്ടുകളോളം തുടർന്ന ദൂരദർശന്റെ കുത്തക അവസാനിച്ചു തുടങ്ങുന്നത്.

ഒരേസമയം സച്ചിൻ തെണ്ടുൽക്കറുടെ സാമ്പത്തികകാര്യ മാനേജരും വേൾഡ്‌ടെൽ എന്ന സ്ഥാപനത്തിന്റെ അമരക്കാരനുമായി പ്രവർത്തിച്ചിരുന്ന മസ്‌ക്കരാനസാണ് ക്രിക്കറ്റിന്റെ സംപ്രേക്ഷണാവകാശ വിൽപ്പനയെന്ന വൻസാധ്യത ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന് പരിചയപ്പെടുത്തുന്നത്.

രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഉദാരവത്കരണമെന്ന കേന്ദ്രനയത്തിന് വിരുദ്ധമായി ക്രിക്കറ്റ് മത്സരങ്ങളുടെ സംപ്രേക്ഷണത്തിന് മുകളിലുള്ള കുത്തകാവകാശത്തിന് വേണ്ടി ദൂരദർശൻ കോടതിയിൽ പോയി. സാറ്റലൈറ്റ് ടെലിവിഷൻ സിഗ്‌നലുകൾക്ക് മുകളിലുള്ള കേന്ദ്രത്തിന്റെ സമ്പൂർണ്ണ നിയന്ത്രണം അഭിപ്രായ സ്വാതന്ത്ര്യത്തിന് മുകളിലുള്ള കടന്നുകയറ്റമാണെന്ന 1995ലെ സുപ്രീംകോടതിയുടെ വിധിയോടെ ദൂരദർശന്റെ കുത്തക സമ്പൂർണ്ണമായി അവസാനിച്ചു. ദൂരദർശന്റെ ആവർത്തനവിരസതയിൽ നിന്ന് മുക്തരായ ജനം സ്വകാര്യ സാറ്റലൈറ്റ് ചാനലുകളേയും അവ മുന്നിലെത്തിക്കുന്ന ഉല്പന്നങ്ങളേയും കായിക മത്സരങ്ങളേയുമടക്കം ഗാഢമായി പുൽകുകയാണുണ്ടായത്. ഈ ജനപ്രിയമായ അടിത്തറയാണ് ഉദാരവത്കൃത ഇന്ത്യയിലെ മൂലധന താത്പര്യങ്ങളുടെ സ്വാഭാവിക കേന്ദ്രമായി ക്രിക്കറ്റിനെ മാറ്റിയത്.

മാർക്ക് മസ്‌ക്കരാനസും സച്ചിനും

ബഹുരാഷ്ട്ര കമ്പനികൾക്കും സച്ചിനുമിടയിലെ പാലമായി പ്രവർത്തിച്ചത് മാർക്ക് മസ്‌ക്കരാനസെന്ന ഇന്ത്യൻ-അമേരിക്കൻ വ്യവസായിയാണ്. ഒരേസമയം സച്ചിൻ തെണ്ടുൽക്കറുടെ സാമ്പത്തികകാര്യ മാനേജരും വേൾഡ്‌ടെൽ എന്ന സ്ഥാപനത്തിന്റെ അമരക്കാരനുമായി പ്രവർത്തിച്ചിരുന്ന മസ്‌ക്കരാനസാണ് ക്രിക്കറ്റിന്റെ സംപ്രേക്ഷണാവകാശ വിൽപ്പനയെന്ന വൻസാധ്യത ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന് പരിചയപ്പെടുത്തുന്നത്. 1996ലെ ലോകകപ്പിന്റെ സംപ്രേക്ഷണാവകാശം വേൾഡ്‌ടെൽ സ്വന്തമാക്കുകയും ഇരട്ടിയോളം ലാഭമുണ്ടാക്കുകയും ചെയ്തതോടെയാണ് 92 മുതൽ തുടങ്ങിയ, ക്രിക്കറ്റിലേക്കും സച്ചിൻ തെണ്ടുൽക്കറിലേക്കുമുള്ള വൻതോതിലുള്ള നിക്ഷേപം കൗമാരം പിന്നിടുകയും സ്ഥിരപ്പെടുകയും ചെയ്യുന്നത്. ചിരവൈരികളായ ഇന്ത്യയും പാക്കിസ്ഥാനും ഷാർജ സ്റ്റേഡിയത്തിൽ ഏറ്റുമുട്ടുന്ന, ഇന്ത്യക്കാർക്കിടയിലെ സച്ചിന്റെ ഇതിഹാസ പദവി അരക്കിട്ടുറപ്പിച്ച പല ഇന്നിംഗ്‌സുകളും പിറന്ന ഷാർജ കപ്പ് പൊടിതട്ടിയെടുത്തതും മസ്‌ക്കരാനസിന്റെ മൂലധന താൽപര്യങ്ങളാണ്.

സച്ചിൻ തെണ്ടുൽക്കറെന്ന താരശരീരത്തിന്റെ നിർമ്മിതിയിൽ ടെലിവിഷൻ സെറ്റുകൾക്ക് ഒരുപക്ഷേ അദ്ദേഹത്തിന്റെ പ്രതിഭയോളം പങ്കുണ്ട്. ടെലിവിഷൻ സെറ്റിലൂടെയുള്ള കായിക മത്സരങ്ങളുടെ സംപ്രേക്ഷണത്തിലൂടെ രൂപപ്പെട്ടു വന്നത് പുതിയൊരു താരസംസ്‌കാരം തന്നെയായിരുന്നു. കായിക താരങ്ങൾക്ക് ഒരു പരിധിവരെ അപ്രാപ്യമായിരുന്ന പൊതുമണ്ഡലത്തിന്റെ സൂക്ഷ്മസ്ഥലികളിലേക്ക് വരെ വൻതോതിലുള്ള മൂലധന നിക്ഷേപത്തിന്റെ പിൻബലത്തിൽ ടെലിവിഷൻ സെറ്റുകളിലൂടെ അവരുടെ പ്രശസ്തി കടന്നെത്താൻ തുടങ്ങിയതും ഈ കാലഘട്ടത്തിലാണ്. ആഗോള പ്രതിഭാസങ്ങളായ കായിക താരങ്ങൾ (Transnational Sporting Celebrity) ടെലിവിഷൻ സെറ്റുകളും കായികമത്സരങ്ങളും ആഗോളമൂലധനവും കൈകോർത്തു പിടിച്ചു തുടങ്ങിയ ഈ കാലഘട്ടത്തിന്റെ ഉല്പന്നങ്ങളാണ്. ടൈഗർ വുഡ്സും മൈക്കൽ ജോർദാനും ഡേവിഡ് ബെക്കാമും മൈക്കൽ ഷൂമാക്കറുമൊക്കെ അടങ്ങിയ ഈ നിരയിലെ ആദ്യത്തെ ഇന്ത്യൻ പ്രതിനിധിയാണ് സച്ചിൻ തെണ്ടുൽക്കർ. സച്ചിൻ തെണ്ടുൽക്കറുടെ പ്രശസ്തിയെന്ന വലതുപക്ഷ മൂലധന നിർമിതിയുടെ പിൻബലത്തിലും തണലിലുമാണ് ഇന്ത്യൻ ഉപഭൂഖണ്ഡത്തിന് അപരിചിതമായിരുന്ന പല ഉൽപ്പന്നങ്ങളും കോർപറേറ്റ് സ്ഥാപനങ്ങളും ഇവിടെ വേരുപടർത്തിയത്.

ഇന്ത്യയിലെ പിന്നോക്ക വിഭാഗങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയവിജയത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ ഉപരിവർഗ്ഗത്തിനുണ്ടാക്കിയ അസ്വസ്ഥതയ്ക്ക്, മുഴുവൻ ഇന്ത്യക്കാരുടെയും അഭിമാനമായ ഒരു സ്ഥാപനം സമ്പൂർണമായും തങ്ങളുടെ കൈകളിലാണെന്ന തിരിച്ചറിവ് നൽകുന്ന ആശ്വാസം ചെറുതല്ല!

ഇന്ത്യയിൽ ഉരുത്തിരിഞ്ഞു വന്ന ഉപഭോഗസംസ്‌കാരവും അതിന്റെ വക്താക്കളായ ഒരു മധ്യവർഗത്തിന്റെ സാന്നിധ്യവും സച്ചിന്റെ കരിയറിന് സഹായകമായ രീതിയിലാണ് പ്രവർത്തിച്ചത്. ലോകരാജ്യങ്ങൾക്ക് മുന്നിൽ ഉയർത്തിക്കാട്ടാൻ പറ്റിയ, ലോകോത്തര നിലവാരമുള്ള ഒരേയൊരു ഇന്ത്യൻ ഉൽപ്പന്നമെന്ന നിലയിൽ കൂടിയാണ് സച്ചിനോടുള്ള ആരാധന രൂപപ്പെടുന്നത്. കാണികളില്ലാതെ അരങ്ങേറുന്ന ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റുകളും, കൂറ്റൻ റെക്കോർഡുകളുണ്ടായിട്ടും താരപരിവേഷമില്ലാത്ത ആഭ്യന്തരതലത്തിലെ താരങ്ങളും ഇന്ത്യക്കാരുടെ "അന്താരാഷ്ട്ര' നിലവാരത്തിലുള്ളവയോട് മാത്രമുള്ള താത്പര്യത്തെ കാണിക്കുന്നു. ശിവസേനയുടെ പ്രാദേശിക ദേശീയതയേക്കാൾ മഹാരാഷ്ട്രയിലെ മധ്യവർഗത്തിന് യോജിക്കാനായത് ഇന്ത്യൻ ക്രിക്കറ്റിൽ സച്ചിൻ പ്രതിനിധീകരിക്കുന്ന പാൻ ഇന്ത്യൻ സമീപനത്തോടാണെന്ന് രാജ്ദീപ് സർദേശായ് എഴുതിയിട്ടുണ്ട്. ദേശീയ പ്രസ്ഥാനത്തിന്റെ കേന്ദ്രങ്ങളിലൊന്നായിരുന്നിട്ടും സ്വാതന്ത്ര്യലബ്ധിക്കു ശേഷം തങ്ങൾ അവഗണിക്കപ്പെട്ടെന്നൊരു തോന്നൽ മഹാരാഷ്ട്രയിലെ മധ്യവർഗ്ഗത്തിനുണ്ടായിരുന്നെന്നും, അപ്പോഴും മഹാരാഷ്ട്രയുടെ അധീശത്വത്തിന് കീഴിലായിരുന്ന സ്ഥാപനമെന്ന നിലയിൽ ഇത്തരം ആശങ്കകൾ അസാധുവാകുന്ന ഒരേയൊരു മേഖല ക്രിക്കറ്റായിരുന്നുവെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. ഗാവസ്‌കറും സച്ചിനും ഈ അതീശത്വബോധത്തെ കൊടുമുടികളിലെത്തിക്കുകയായിരുന്നു.

നരേന്ദ്രമോദിയും സച്ചിനും / Photo: @sachin_rt, Twitter

സച്ചിന്റെ കാര്യത്തിൽ ഇതിനൊരു വിശാലമായ ഇന്ത്യൻ വകഭേദം കൂടെയുണ്ട്. സച്ചിന്റെ കരിയറാരംഭിക്കുന്ന അതേ കാലത്താണ് ഇന്ത്യയിൽ മണ്ഡൽ കമ്മീഷൻ റിപ്പോർട്ടിനെതിരെ വ്യാപകമായ ഉപരിവർഗ സമരങ്ങൾ തുടങ്ങിയത്. പതിറ്റാണ്ടുകളായി തങ്ങളുടെ വിളനിലമായ തൊഴിലിടങ്ങളിലേക്ക് പിന്നോക്ക ജാതിക്കാർ കടന്നുവരുന്നതിലെ അസ്വസ്ഥത തെരുവിലിറങ്ങിയും അക്രമമഴിച്ചുവിട്ടുമാണ് ഇന്ത്യൻ ഉപരിവർഗ്ഗം പ്രകടിപ്പിച്ചത്. ഇത്തരമൊരു അസ്വസ്ഥതയ്ക്ക് യാതൊരു സാധ്യതയുമില്ലാതിരുന്ന, കേന്ദ്ര ഗവണ്മെന്റിന്റെ സംവരണ നിയമങ്ങൾക്ക് പുറത്ത് നിൽക്കുന്ന പരമാധികാര സ്ഥാപനമായ ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് സമ്പൂർണമായും മേൽജാതിക്കാരുടെ നിയന്ത്രണത്തിലായിരുന്നു. സ്വാതന്ത്ര്യാനന്തരം വിവിധ ബോർഡുകളുടേയും അർദ്ധ സർക്കാർ സ്ഥാപനങ്ങളുടേയും തലപ്പത്തേക്ക് സ്വയം പറിച്ചു നട്ട ഉപരിവർഗ്ഗത്തിന്റെ ചരിത്രമുണ്ടതിനു പിന്നിൽ. ഇന്ത്യയിലെ പിന്നോക്ക വിഭാഗങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയവിജയത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ ഉപരിവർഗ്ഗത്തിനുണ്ടാക്കിയ അസ്വസ്ഥതയ്ക്ക്, മുഴുവൻ ഇന്ത്യക്കാരുടെയും അഭിമാനമായ ഒരു സ്ഥാപനം സമ്പൂർണമായും തങ്ങളുടെ കൈകളിലാണെന്ന തിരിച്ചറിവ് നൽകുന്ന ആശ്വാസം ചെറുതല്ല! ഈ അമർഷവും ആശ്വാസവും തൊണ്ണൂറുകൾ മുതൽ ഇന്ത്യൻ സമൂഹത്തിനിടയിലെ സജീവ സാന്നിധ്യമാകുകയും മറ്റു പലതിലേക്കുമെന്ന പോലെ ക്രിക്കറ്റിലേക്കും അതുവഴി സച്ചിനിലേക്കുമെത്തുന്നുണ്ട്.

അതിനാടകീയതയും ദേശീയതയും ജനിപ്പിക്കുന്ന രീതിയിൽ ക്രിക്കറ്റ് റിപ്പോർട്ടിങ് മാറിയപ്പോൾ മിക്കപ്പോഴും കേന്ദ്രകഥാപാത്രമാകേണ്ടി വന്നത് സച്ചിനായിരുന്നു. ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടിയപ്പോഴൊക്കെ പത്രറിപ്പോർട്ടുകൾ തീവ്രദേശീയത പ്രതിഫലിപ്പിക്കുന്ന ഭാഷയും അവതരണരീതിയുമാണ് സ്വീകരിച്ചത്.

അച്ചടിമാധ്യമങ്ങൾ തുടക്കകാലം മുതലേ ക്രിക്കറ്റിനെ പ്രാധാന്യത്തോടെയാണ് കണ്ടത്. കൊളോണിയൽ കാലഘട്ടത്തിലെ മാധ്യമങ്ങൾ ഇന്ത്യക്കാരുടെ കായികശേഷിയെ പരിഹസിക്കാനുപയോഗിച്ചിരുന്ന അളവുകോലുകളിലൊന്നായിരുന്നു യൂറോപ്യന്മാരുടെ ക്രിക്കറ്റ് മികവ്. എങ്കിലും, മികച്ച രീതിയിൽ കളിച്ചിരുന്ന ഇന്ത്യൻ കളിക്കാരെ അതേ നിലവാരത്തിലുള്ള ഇംഗ്ലീഷ് കളിക്കാരുമായി താരതമ്യം ചെയ്തുകൊണ്ടുള്ള റിപോർട്ടുകളും ഇടയ്ക്കിടെ വന്നുകൊണ്ടിരുന്നു. എഴുപതുകളോടെ പത്രങ്ങളിൽ ക്രിക്കറ്റിന് വലിയ പ്രാധാന്യം കൈവരികയും പ്രാദേശികഭാഷാ പത്രങ്ങൾ സജീവമായതോടെ ഇത് വർധിക്കുകയും ചെയ്തു. ക്രിക്കറ്റിലെ സാങ്കേതിക പദപ്രയോഗങ്ങളെ പ്രാദേശികവത്കരിക്കുകയും ജനപ്രിയമാക്കുകയും ചെയ്തതിൽ റേഡിയോ വഹിച്ച അതേ പങ്ക് പ്രാദേശികഭാഷാ പത്രങ്ങളും വഹിച്ചിട്ടുണ്ട്. തൊണ്ണൂറുകളോടെ അതിനാടകീയതയും ദേശീയതയും ജനിപ്പിക്കുന്ന രീതിയിൽ ക്രിക്കറ്റ് റിപ്പോർട്ടിങ് മാറിയപ്പോൾ മിക്കപ്പോഴും കേന്ദ്രകഥാപാത്രമാകേണ്ടി വന്നത് സച്ചിനായിരുന്നു. ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടിയപ്പോഴൊക്കെ പത്രറിപ്പോർട്ടുകൾ തീവ്രദേശീയത പ്രതിഫലിപ്പിക്കുന്ന ഭാഷയും അവതരണരീതിയുമാണ് സ്വീകരിച്ചത്. ക്രിക്കറ്റിനെ കേന്ദ്രീകരിച്ചുള്ള റിപ്പോർട്ടിങ് അച്ചടി-ദൃശ്യ മാധ്യമങ്ങളുടെ സവിശേഷതയായി മാറിയതിന്റേയും ആദ്യ ഗുണഭോക്താക്കളിലൊരാൾ സച്ചിനാണ്. സച്ചിനെ ചുറ്റിപ്പറ്റിയുള്ള അനേകം മിത്തുകളുടെയും തീവ്രദേശീയതയിൽ പൊതിഞ്ഞെടുത്ത പൊതുചിത്രത്തിന്റേയും ഉത്ഭവകേന്ദ്രങ്ങളിലൊന്ന് ദേശീയ-പ്രാദേശിക പത്രങ്ങളാണ്.

കർഷക സമരത്തെ അവഗണിച്ചും മോദി സർക്കാറിനെ അനുകൂലിച്ചുകൊണ്ടുമുള്ള സച്ചിന്റെ ട്വീറ്റ്. ഇത് സച്ചിനെതിരെ വ്യാപക പ്രതിഷേധമുയർത്തിയിരുന്നു

ഇന്ത്യയിൽ ഒരു ശരാശരി മധ്യവർഗക്കാരൻ എത്തിച്ചേരാനാഗ്രഹിക്കുന്ന ഉയരങ്ങളുടെ റൂട്ട്മാപ്പ് തയ്യാറാക്കുന്നത് സച്ചിനെ പഠിച്ചുകൊണ്ടാണ് എന്നുവേണം കരുതാൻ. ആഢംബരപൂർണ്ണമായ കായികജീവിതമാഗ്രഹിക്കുന്ന ഏതൊരു ഇന്ത്യക്കാരനും തന്റെ മുൻഗാമിയായി കാണുന്നത് സച്ചിനെയാണ്. മോദി ഗവണ്മെന്റിനെ അനുകൂലിച്ചുകൊണ്ടും, ഫലത്തിൽ കർഷകസമരത്തെ അവഗണിച്ചുകൊണ്ടും സച്ചിനിട്ട ട്വീറ്റ് വ്യാപക പ്രതിഷേധമുളവാക്കിയതും ഈ വൈരുദ്ധ്യത്തിൽ നിന്നാണ്. എല്ലാവർക്കും സച്ചിനിൽ തങ്ങൾക്ക് വേണ്ടത് കാണാൻ കഴിയുന്നു എന്നതായിരുന്നു മുന്നത്തെ സ്ഥിതി. എന്നാൽ, ഒരു രാഷ്ട്രീയവിഷയത്തിലെ അഭിപ്രായപ്രകടനം ചിലരെയെങ്കിലും തിരസ്‌ക്കരിച്ചു മാത്രമേ സാധ്യമാകൂ എന്നതാണ് സച്ചിന്റെ കാര്യത്തിലും സംഭവിച്ചത്. തങ്ങളുടേതാണെന്ന് എല്ലാവരാലും കരുതപ്പെട്ടിരുന്ന സച്ചിൻ, താൻ എല്ലാവരുടേയുമല്ലെന്നും ചിലരോട് കുറച്ചധികം കൂറ് തനിക്ക് കാട്ടാനുണ്ടെന്നും പ്രഖ്യാപിക്കുകയായിരുന്നു. സച്ചിൻ തെണ്ടുൽക്കറെന്ന പ്രതിഭാസം തന്നെയൊരു മൂലധന നിർമിതിയാണ്. മൂലധന താത്പര്യങ്ങളെ ചൊടിപ്പിക്കുകയോ പ്രകോപിപ്പിക്കുകയോ ചെയ്യുന്ന ഒന്നും തന്നെ അയാൾ ചെയ്യുകയോ പറയുകയോ ചെയ്തിട്ടില്ലെന്നതിലാണ് അയാളുടെ നിലനിൽപ്പ്. സച്ചിൻ തെണ്ടുൽക്കർ കാട്ടിത്തന്ന വിജയപാതയിലൊരു നിലപാടില്ലായ്മയുടെ നിരന്തര സാന്നിധ്യമുണ്ട്. അയാളിലൂടെ മാന്യത കൈവരിക്കുന്ന കരിയറിസത്തിന് കുത്തകമുതലാളിമാരുടേയും ഭരണകൂട ഭീകരതയുടേയും മണമുണ്ട്. ഭരണകൂടവും മൂലധനശക്തികളും സഖ്യഭരണം നടത്തുന്ന ഇന്ത്യയിൽ സച്ചിൻ തെണ്ടുൽക്കർ ആരുടെ കൂടെ നിൽക്കുമെന്ന പ്രാഥമിക ധാരണപോലും നമുക്കുണ്ടാക്കാൻ സാധിച്ചില്ല എന്നതിലാണ് സമകാല ഇന്ത്യയിലെ ഏറ്റവും വലിയ പ്രതിസന്ധി കുടികൊള്ളുന്നത്. ▮

(അവസാനിച്ചു)

റഫറൻസ്

Newspaper revolution in India - Robin JeffreyTelevision in India - Nalin MehtaTelevision and the Public Sphere - Peter DahlgrenCricketing Culture in Conflict - Boria MajumdarUnderstanding Celebrity - Graeme Turner
സച്ചിൻ ഒരു ഇന്ത്യൻ വിജയഗാഥ - കെ. വിശ്വനാഥ്


അക്ഷയ് പി.പി.

പോണ്ടിച്ചേരി കേന്ദ്ര സർവകലാശാലയിൽ മൂന്നാം വർഷ സോഷ്യോളജി ബിരുദ വിദ്യാർത്ഥി.

അനശ്വർ കൃഷ്ണദേവ് ബി.

കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിൽ ഗവേഷകൻ.

Comments