സഞ്ജു സാംസൺ എന്ന നീതി പുലരും,
അതുവരെയെങ്കിലും കൂടെനിൽക്കണം, മലയാളികളെങ്കിലും

അവഗണനയുടെയും മാറ്റിനിർത്തലിന്റെയും ക്രീസിൽ നിന്ന് പുറത്തുകടന്നുള്ള ഒരു ഹാർഡ് ഹിറ്റിങ്ങായിരുന്നു എല്ലാഴ്പ്പോഴും സഞ്ജുവിന്റെ ക്രിക്കറ്റ് ജീവിതം. സഞ്ജു ക്രിക്കറ്റിലെ അപരവൽക്കരണത്തിന്റെ പ്രതിനിധി കൂടിയാണ്. ഏകദിന പരിചയമില്ലാത്ത ഋതിരാജും വാഷിങ്ടൺ സുന്ദറും പ്രസിത് കൃഷ്ണയും തിലക് വർമയും ആർ അശ്വിനും വരെ തിരിച്ചെത്തിയ ടീമിൽ സഞ്ജു മാത്രം ഇല്ലാതെയാകുന്നതിന്റെ യുക്തി സംശയകരമാണ്.

ഇതെല്ലാം ഇങ്ങനെ തന്നെയാണ്.
എന്റെ ശ്രമങ്ങൾ തുടരും.’
ണക്കിലും കഴിവിലും തന്നെക്കാൾ അർഹത കുറവുള്ളവർ ലോകകപ്പ് ടീമിലും ഏഷ്യൻ കപ്പിലും ഇടം പിടിച്ചപ്പോഴും പുതുമുഖങ്ങൾക്ക് അവസരം കൊടുത്ത ആസ്ത്രേലിയൻ പര്യടനത്തിൽ തന്റെ പേര് വെട്ടിമാറ്റിയപ്പോഴും ഇന്റർനാഷണൽ അരങ്ങേറ്റ പരിചയമില്ലാത്തവർ പോലും ഏഷ്യൻ ഗെയിംസ് സ്ക്വാഡിൽ ഉൾപ്പെട്ടപ്പോഴും താൻ മാത്രം പുറത്തായത്തിന്റെ സർവവേദനയും നിരാശയും ഒരു ഇമോജിയിൽ കൂട്ടിച്ചേർത്ത് അതുവരെയുള്ള നിശ്ശബ്ദതകൾ ഭേദിച്ച് സഞ്ജു ട്വീറ്റ് ചെയ്ത വാചകമാണിത്.

അവഗണനയുടെയും മാറ്റിനിർത്തലിന്റെയും ക്രീസിൽ നിന്ന് പുറത്തുകടന്നുള്ള ഒരു ഹാർഡ് ഹിറ്റിങ്ങായിരുന്നു എല്ലായ്പ്പോഴും സഞ്ജുവിന്റെ ക്രിക്കറ്റ് ജീവിതം. ക്രിക്കറ്റ് കളിക്കാർക്കും കളിത്തട്ടുകൾക്കും പഞ്ഞമില്ലാത്ത ദൽഹി തെരുവിൽനിന്ന് തുടക്കം. സെലക്ഷൻ ട്രയലുകളിലും അക്കാദമി പ്രവേശനങ്ങളിലും തുടർച്ചയായുള്ള നോർത്ത് ലോബി അവഗണന കാരണം അച്ഛൻ സാംസൺ വിശ്വനാദ് ദൽഹി പൊലീസിലെ ജോലി ഉപേക്ഷിച്ച് കുഞ്ഞു സാംസണിനെയും കൊണ്ട് കേരളത്തിലേക്ക് പറന്നു. മകന്റെ ക്രിക്കറ്റ് കഴിവിലും അഭിനിവേശത്തിലും പൂർണവിശ്വാസമുണ്ടായിരുന്ന പിതാവ് മകനെ ക്രിക്കറ്റിന്റെ വലിയ മേൽവിലാസമില്ലാത്ത കേരളത്തിൽ ക്രിക്കറ്റ് കളിക്കാൻ വിട്ടു.

ലോകകപ്പ്,ഏഷ്യ കപ്പ്, ഗെയിംസ്, ആസ്ത്രേലിയൻ പരമ്പര തുടങ്ങിയ ടീമുകളിൽ നിന്ന് ഒഴിവാക്കിയതിനുശേഷം സഞ്ജു സോഷ്യൽ മീഡിയയിൽ നടത്തിയ പ്രതികരണം

ദൽഹി സ്റ്റേറ്റ് ടീമിന്റെ സെലെക്ഷൻ ക്യാമ്പിൽ നിന്ന് പറഞ്ഞുവിട്ട സഞ്ജു അണ്ടർ 13 നാഷണൽ ടൂർണമെന്റിൽ അതേ ദൽഹിക്കെതിരേ നേടിയ സെഞ്ച്വറിയടക്കം അഞ്ച് സെഞ്ച്വറിയുമായി 973 റൺസ് നേടി പ്ലേയർ ഓഫ് ദി ടൂർണമെന്റായി. ശേഷം നടന്ന വിജയ് മർച്ചന്റ് ട്രോഫിയിൽ ഡബിൾ സെഞ്ച്വറിയും രഞ്ജി ട്രോഫിയിലെ മികച്ച പ്രകടനവുമായി അണ്ടർ 19 ഇന്ത്യൻ ടീമിലെത്തി. എന്നാൽ പ്രതീക്ഷയോടെ ഏഷ്യൻ കപ്പിനിറങ്ങിയ സഞ്ജുവിന് നന്നായി കളിക്കാനായില്ല. എന്നാൽ ആസ്ത്രേലിയയുമായി തൊട്ടടുത്തുനടന്ന ടൂർണമെന്റിൽ മികച്ച പ്രകടനത്തോടെ തൊട്ടടുത്ത വർഷം വൈസ് ക്യാപ്റ്റൻ റോളിൽ വീണ്ടും കൗമാര ഏഷ്യൻ കപ്പിനെത്തി. ഫൈനലിൽ, പാകിസ്താനെതിരെയുള്ള സെഞ്ച്വറിനേട്ടത്തോടെ രാജ്യത്തിന് കിരീടം നേടിക്കൊടുത്തു. പിന്നീട്, അണ്ടർ- 19 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയുടെ ടോപ്പ് സ്കോററായി.

അണ്ടർ- 19 ലോകകപ്പിലെയും ഐ പി എല്ലിലെയും മികച്ച പ്രകടനം വൈകിയെങ്കിലും ഇന്ത്യൻ സീനിയർ ടീമിലെത്തിച്ചു. ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയിൽ ഇടം പിടിച്ചെങ്കിലും ടൂർണമെന്റ് മുഴുവൻ ഡഗൗട്ടിൽ നിന്ന് കളി കാണാനും ടൈംഔട്ട് സമയങ്ങളിൽ സഹ താരങ്ങൾക്ക് ബാറ്റും കിറ്റും കൊണ്ടുപോയി കൊടുക്കാനുമായിരുന്നു അയാളുടെ നിയോഗം. ഡഗൗട്ടിൽ സർവനിരാശയോടെയും മറ്റു കളിക്കാരിൽ നിന്ന് മാറിനിന്നിരിക്കുന്ന സഞ്ജുവിന്റെ മുഖം മനസ്സിലേക്കുവരുന്നു. ശേഷമുള്ള വിൻഡീസ് പരമ്പരയുടെ ടീം ലിസ്റ്റിൽ ഉൾപ്പെട്ടെങ്കിലും ആ ടൂർണമെന്റ് പല കാരണങ്ങളാൽ ഉപേക്ഷിച്ചു. 2015- ൽ ലോകകപ്പിന്റെ മുപ്പതംഗ ടീമിലുണ്ടായിട്ടും അവസാനനിമിഷം പുറത്തായി. എന്നാൽ ആ നിരാശയയെല്ലാം രാജസ്ഥാൻ റോയൽസ് ജേഴ്സിയിൽ ഐ പി എൽ മൈതാനത്ത് അയാൾ ബാറ്റ് കൊണ്ട് തീർത്തുകൊണ്ടിരുന്നു. അർധ സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ താരമായി. തൊട്ടടുത്ത സീസണിന്റെ യുവതാരമായി, ടീം ക്യാപ്റ്റനായി.

അണ്ടർ 19 കിരീടം നേടി കൊടുത്ത സഞ്ജു ടീമിനൊപ്പം

അങ്ങനെ ഏറെ കാത്തിരിപ്പിനൊടുവിൽ സിംബാബ്​‍വെക്കെതിരെയുള്ള ട്വന്റി ട്വന്റി മൽസരത്തിൽ ഹരേരയിൽ സഞ്ജു ആദ്യമായി ഇന്ത്യൻ ദേശീയ ടീമിനുവേണ്ടി തന്റെ വില്ലോ വീശി. ഇടവിട്ടുള്ള ടൂർണമെന്റുകളിലും മൽസരങ്ങളിലും ടീമിലിടം പിടിച്ചെങ്കിലും കളത്തിലിറങ്ങാൻ പറ്റിയില്ല. മാനേജ്മെന്റ് സഞ്ജുവിനെ തട്ടിക്കളിച്ചു. പല ബാറ്റിംഗ് ഓർഡറിൽ മാറിമാറി ഇറങ്ങേണ്ടിവന്നു. അയാൾക്കുശേഷം വന്നവരും മോശം ട്രാക്ക് റെക്കോർഡുള്ളവരും ഇന്ത്യൻ ബാറ്റിങ് ഓർഡർ കയറിയിറങ്ങി.

ശേഷമുള്ള എട്ട് വർഷങ്ങളിൽ 13 എകദിനങ്ങൾ മാത്രമാണ് സഞ്ജുവിന് കളിക്കാനായത്. മൂന്ന് അർദ്ധ സെഞ്ച്വറിയടക്കം 55 റൺസ് ശരാശരിയിൽ 390 റൺസ്. ട്വന്റി ട്വന്റിയിൽ ശരാശരിയിലും പേർഫോമൻസ് ട്രാക്കിലും പിന്നിലാണെങ്കിലും ഏകദിനത്തിൽ മികച്ച ബാറ്റിങ് ശരാശരിയും സ്ഥിരതയുമുള്ള ഇന്ത്യൻ ബാറ്റർമാരിൽ മുൻനിരയിലാണയാൾ.
സഞ്ജുവിനെ മറികടന്ന് ലോകകപ്പ് സ്ക്വാഡിൽ ഇടം പിടിച്ച സൂര്യകുമാർ യാദവ് കഴിഞ്ഞ 25 ഏകദിനത്തിൽനിന്ന് 24 റൺസ് ശരാശരിയിൽ നേടിയത് വെറും 537 റൺസാണ്. ബി സി സി എയുടെ ഏത് മാനദണ്ഡതുലാസാണ് സഞ്ജുവിനെ അയോഗ്യനാക്കിയത് എന്ന ചോദ്യം അതുകൊണ്ടു തന്നെ ന്യായമായും വിശദീകരണം അർഹിക്കുന്നു. രോഹിത് ശർമ, വിരാട് കോഹ്ലി, കുൽദീപ് യാദവ്, ഹർദ്ധിക്ക പാണ്ഡ്യ തുടങ്ങിയ സീനിയർ താരങ്ങൾക്ക് വിശ്രമം നൽകി, പുതുമുഖങ്ങൾക്ക് പരിഗണന നൽകിയുള്ള ആസ്ത്രേലിയയ്ക്കെതിരെയുള്ള ടീമിലും ഇടം പിടിച്ചില്ല. ഏകദിന പരിചയമില്ലാത്ത ഋതിരാജും വാഷിങ്ടൺ സുന്ദറും പ്രസിത് കൃഷ്ണയും തിലക് വർമയും ആർ അശ്വിനും വരെ തിരിച്ചെത്തിയ ടീമിൽ സഞ്ജു മാത്രം ഇല്ലാതെയാകുന്നതിന്റെ യുക്തി സംശയകരമാണ്.

ദക്ഷിണാഫ്രിക്കകെതിരെയുള്ള മൽസരത്തിനിടെ സഞ്ജു

അക്സർ പട്ടേലിന് പരിക്കേറ്റ സാഹചര്യത്തിൽ ലോകകപ്പ് സ്കോഡിലേക്ക് ഒരാളെ കൂടി ഉൾപ്പെടുത്തുന്നതിനുള്ള പ്രീ- ട്രയൽസ് കൂടിയാണ് സ്വന്തം നാട്ടിൽ നടക്കുന്ന ആസ്ത്രേലിയയുമായുള്ള പരമ്പര. ഇതെല്ലാം മാറ്റിവെച്ചാലും പൂർണമായും പുതുമുഖങ്ങൾക്ക് അവസരം നൽകിയ ഏഷ്യൻ ഗെയിംസിന് പോലും സഞ്ജു പടിക്കുപുറത്താവുന്നു. സഞ്ജുവിന്റെ പത്ത് ശതമാനത്തോളം കളിയും കണക്കും തെളിയിച്ചിട്ടില്ലാത്ത പ്രബീഷ് സിങ്ങും ജിതേഷ് ശർമയുമാണ് ഗെയിംസിന്റെ വിക്കറ്റ് കീപ്പർമാർ. സഞ്ജുവിനെ ക്യാപ്റ്റനാക്കി ഏഷ്യൻ ഗെയിംസിന് ഇന്ത്യൻ ടീമിനെ പറഞ്ഞയണമായിരുന്നെന്ന് പരസ്യമായി പറഞ്ഞത് പ്രശസ്ത്ര ക്രിക്കറ്റ് വിദഗ്ധനും കമന്ററേറ്ററുമായ ആകാശ് ചോപ്രയാണ്. ലോകകപ്പ് സ്ക്വാഡിൽ ഇടം നൽക്കാത്തതിൽ വിവാദങ്ങൾ നിലനിക്കെ ഏഷ്യൻ കപ്പിനും തുടർന്നുള്ള ആത്രേലിയൻ പരമ്പരക്കും ഏഷ്യൻ ഗെയിംസിനും മാറ്റി നിർത്തിയത് ഈ ടൂർണമെന്റുകളിൽ സഞ്ജു മികച്ച ഫോമിൽ കളിച്ചാൽ സ്വഭാവികമായും സെലക്ഷൻ കമ്മറ്റിക്കെതിരെയുള്ള ആരോപണങ്ങൾ പരസ്യമായി തെളിയുമെന്ന ഭയം കൊണ്ടുകൂടിയാവും.

ലോകകപ്പ് ടീമിലുൾപ്പെടുത്താത്തത്തിന് പുറമെ ആസ്ത്രേലിയയ്ക്കെതിരെയുള്ള ടീമിലും സഞ്ജുവിന്റെ പേര് കാണാഞ്ഞത് ആശ്ചര്യകരമെന്ന് പറഞ്ഞത് മുൻ ഇന്ത്യൻ കീപ്പർ റോബിൻ ഉത്തപ്പയാണ്. സഞ്ജുവിന്റെ സ്ഥാനത്ത് താനായിരുന്നെങ്കിൽ കടുത്ത നിരാശയിൽ ഒരു പക്ഷേ കളം തന്നെ വിടുമായിരുന്നെന്ന് കഴിഞ്ഞ ദിവസം പഠാനും ട്വീറ്റ് ചെയ്തു. ട്വന്റി ട്വന്റി ഫോർമാറ്റിലെ കുറച്ച് നല്ല പ്രകടനങ്ങൾക്കപ്പുറം ഒന്നും അവകാശപ്പെടാനില്ലാത്ത സൂര്യയെ ടീമിലെടുത്തതും ഇഷനെ പോലെ സഞ്ജുവിനെ വിക്കറ്റ് പ്ലസ് ബാറ്റിങ് സ്പേസിലേക്ക് പരിഗണിക്കാത്തതിനെയും ഹർഭജനും ഗംഭീറും  വിമർശിച്ചിരുന്നു.

സഞ്ജുവിനെ പരിഗണിക്കാത്തതിൽ പരസ്യ വിമർശമുന്നയിച്ച മുൻ ഇന്ത്യൻ താരങ്ങളായ ഇർഫാൻ പഠാനും ഗംഭീറും റോബിൻ ഉത്തപ്പയും ഹർഭജൻ സിങ്ങും കമന്ററേറ്ററായ ആകാഷ് ചോപ്രയും

സഞ്ജു സാങ്കേതിക സ്ഥിരത തികവുമുള്ള താരം തന്നെയാണ്. കഴിഞ്ഞ ഐ പി എല്ലിലെ റാഷിദ്ഖാനെതിരേയുള്ള ബാക്ക് ടു ബാക്ക് ബൗണ്ടറിയും മുൻനിര വിക്കറ്റുകൾ വീണ് സമ്മർദ്ദത്തിലായ സമയത്ത് ദക്ഷിണാഫ്രിക്കക്കെതിരെ നടത്തിയ ഇന്നിങ്സും വലിയ ഉദാഹരണം. ഫിയർലെസ് ബാറ്റർ എന്നാണ് കോഹ്‍ലി നല്കിയ വിശേഷണം. ആദ്യ പന്ത് മുതൽ അറ്റാക്ക് ചെയ്ത കളിക്കുന്ന ശൈലിയിൽ ഇടയ്ക്ക് അയാൾ സെവാഗിനെ ഓർമിപ്പിക്കും. ബൗളർമാരുടെ സമ്മർദ്ദതന്ത്രങ്ങളിൽ തുഴയാതെ തന്നെ റൺ ടോട്ടലിങ്ങിലും ചെസിങ്ങിലും ഉപകാരപ്പെടുന്ന താരം. ബാറ്റിങ്ങിൽ പരമാവധി ബോളുകൾ നേരിട്ട് ടീമിൽ സ്ഥാനം പിടിക്കാൻ മൽസരിക്കുന്ന ടോപ്പ് ഓർഡർ ബാറ്റ്സ്മാരുള്ള ഇന്ത്യ മിസ് ചെയ്യുന്നതും അത്തരമൊരു ബാറ്ററേയാണ്. ക്രിക്കറ്റ് പണ്ടിറ്റുകളായ നാസർ ഹുസൈനും സൈമൺ ഡൂളും ഇന്ത്യൻ ബാറ്റിങ്ങിനെ കഴിഞ്ഞ ദിവസം വിലയിരുത്തിയത് ഇങ്ങനെയായിരുന്നു. നോക്കൗട്ട് മൽസരങ്ങൾ വരുമ്പോൾ ഇന്ത്യൻ ടീം ഫിയർലെസ് ക്രിക്കറ്റ് കാഴ്ചവെക്കുന്നില്ല. പരാജയപ്പെട്ടാൽ മാധ്യമങ്ങളും ആരാധകരും എന്ത് പറയുമെന്ന ഭയമാണ് ഇന്ത്യൻ ക്രിക്കറ്റർമാരെ നയിക്കുന്നത്. പലരും ടീമിൽ സ്ഥാനം പിടിക്കാനും കണക്കുകൾ മെച്ചപ്പെടുത്താനും മാത്രമാണ് കളിക്കുന്നത്. എന്നാൽ നിസ്വാർത്ഥനായ സഞ്ജു അങ്ങനെയല്ല. ഏകദിനത്തിൽ നൂറിന് മുകളിൽ സ്ട്രൈക്ക് റൈറ്റ് അതിനൊരുദാഹരണമാണ്. എന്നാൽ കളിക്കപ്പുറത്ത് ടീമിൽ നിലനിൽക്കാനുള്ള പാർട്ടി മൂഡ് പൊടിക്കെകൾ അയാളുടെ കയ്യിലില്ല.

രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ വിക്കറ്റ് കീപ്പിങ്ങിനിടെ

ഇടകാലത്ത് കിട്ടിയ അവസരങ്ങൾ മുതലെടുത്തില്ലെന്ന് വിമർശകർ പറയുമ്പോഴും അയാളുടെ ടോട്ടൽ ശരാശരി ആർക്കും അവഗണിക്കാവുന്നതല്ല. സൂര്യ അവസാനമായി അർദ്ധ സെഞ്ച്വറി നേടിയത് കഴിഞ്ഞവർഷം ഫ്രെബുവരിയിലാണ്. വർഷത്തിലൊരിക്കൽ കിട്ടുന്ന അവസരങ്ങൾ നൽകുന്ന അധിക സമ്മർദ്ദത്തിന്റെ ഭാരവും ഒരുപക്ഷേ ഇടക്കാലത്തെ സഞ്ജുവിന്റെ മൽസരങ്ങളിലുണ്ടാവും. ബൗളറെ നേരിടുമ്പോൾ മനസ്സിലേക്കുവരിക, ചെറിയ പിഴവ് പറ്റിയാൽ പോലും പടിക്ക് പുറത്താക്കാൻ കാത്തിരിക്കുന്ന വരേണ്യവിഭാഗത്തിന്റയും കളിയാക്കാൻ കാത്തിരിക്കുന്ന ആരാധകരുടെയും മുഖങ്ങളാവും.
അതിൽ കുറഞ്ഞ ഒരു സാങ്കേതികയും പക്വത കുറവും സഞ്ജുവിൽ കാണുന്നില്ല. സാങ്കേതിക കുറവും പിഴവും ബി സി സി എക്കും അജിത്ത് അഗാക്കറുടെ നേതൃത്ഥത്തിലുള്ള സെലക്ഷൻ കമ്മറ്റിക്കുമാണ്. അത് മനപൂർവ്വം നടപ്പിലാക്കുന്നതുമാണ്. മുംബൈ ലോബിയെന്നത് ഒരു സാങ്കൽപ്പിക ന്യായീകരണമൊന്നുല്ല. കഴിഞ്ഞ അഞ്ചുവർഷങ്ങളിൽ മുംബൈയിൽനിന്ന് ഇന്ത്യൻ സ്ക്വോഡിലെത്തിയ താരങ്ങളുടെ കണക്കും അവരുടെ കളിയിലെ കണക്കും താരതമ്യം ചെയ്താൽ മാത്രം മതിയിതിന്. നിലവിലെ ടീം സെലക്ട്ർ അജിത്ത് അഗാക്കർ മുൻ മുംബൈയുടെ സെലക്ടറായിരുന്നു.

അജിത്ത് അഗാക്കറും ക്യാപ്റ്റൻ രോഹിത് ശർമയും ടീം പ്രഖ്യാപന വാർത്താ സമ്മേളനത്തിനിടെ

തീർച്ചയായും, സഞ്ജു ക്രിക്കറ്റിലെ അപരവൽക്കരണത്തിന്റെ പ്രതിനിധിയാണ്. എന്നാൽ 13 വയസുമുതൽ അവഗണനയുടെ ക്രീസിൽ ബാറ്റ് വീശിത്തുടങ്ങിയ സഞ്ജു കളിയിലെ എതിരാളികളെയും കളിക്കുപുറത്തെ മേലാളന്മാരേയും ഒരു ഹാർഡ് കിക്ക് ഷോട്ടിന് പറത്തി വീണ്ടും തിരിച്ചുവരും. ക്രിക്കറ്റ് പ്രായത്തിന്റെ അവസാന കാലത്ത് ടീമിലെത്തി കരിയറിൽ നേരിട്ട അവസാന ബോൾ വരെയും ഐതിഹാസികമാക്കിയ മൈക്കിൾ ഹസിയെ പോലെ വൈകിയെങ്കിലും മികച്ച അന്താരാഷ്ട്ര കരിയർ കെട്ടിപ്പെടുക്കും. അയർലാൻഡും സിംബാവേയും തങ്ങളുടെ ടീമിലേക്ക് വിളിച്ചപ്പോയും കൗണ്ടി ക്രിക്കറ്റിൽ കളിക്കാൻ അവസരം കിട്ടിയപ്പോയും അയാൾ അതെല്ലാം വേണ്ടെന്ന് വെച്ചത് ഇന്ത്യൻ ജെഴ്സിയിൽ തന്നെ കളിക്കാനുള്ള അയാളുടെ ആഗ്രഹം ഒന്നുകൊണ്ടുമാത്രമാണ്. സഞ്ജുവെന്ന നീതി പുലരും. അത് വരെയെങ്കിലും കൂടെ നിൽക്കേണ്ട കടമ നമ്മൾ മലയാളിക്കെങ്കിലുമുണ്ട്.

Comments