സഞ്ജു സാംസണും ഡോ. കൃഷ്ണ കിഷോറും.

നമ്മുടെ സഞ്ജു, അഭിമാനത്തോടെ ഒരു ആരാധകന്റെ കുറിപ്പ്…

സഞ്ജു സാംസൺ ആരാധകനാകുക എളുപ്പമല്ലായിരുന്നു. പക്ഷേ ഇന്ന്, ആ കാത്തിരിപ്പിന് ഒരു പേരുണ്ട്. അഭിമാനം. ഡോ. കൃഷ്ണ കിഷോർ എഴുതുന്നു.

ഫ്ലോറിഡയിലെ ലോഡർഹിൽ അമേരിക്കയുടെ ‘ക്രിക്കറ്റ് തലസ്ഥാനം’ എന്നറിയപ്പെടുന്ന സ്ഥലമാണ്. ഏകദേശം 74,000 പേർ മാത്രം താമസിക്കുന്ന ചെറിയ പട്ടണം. എന്നാൽ അന്താരാഷ്ട്ര ക്രിക്കറ്റിന്റെ സ്ഥിരം വേദി. ഇന്ത്യ – വെസ്റ്റ് ഇൻഡീസ് ടി20 പരമ്പരകൾക്ക് പതിവായി അരങ്ങാകുന്ന ഗ്രൗണ്ട്. അന്ന് ലോഡർഹില്ലിൽ വെയിൽ കനത്തിരുന്നു. ഗ്രൗണ്ടിൽ ഇന്ത്യ - വിൻഡീസ് മത്സരം. വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡിന്റെ അക്രഡിറ്റഡ് ജേർണലിസ്റ്റായി ഞാൻ പ്രസ് ബോക്സിൽ. എന്റെ ചുറ്റും ക്രിക്കറ്റ് ഇതിഹാസങ്ങൾ - കോളിൻ ക്രോഫ്റ്റ്, ചന്ദർപോൾ, ഇയാൻ ബിഷപ്പ്, ആംബ്രോസ്… അവർ തമ്മിൽ കളിയെ കുറിച്ച് സംസാരിക്കുന്നു. ഷോട്ടുകൾ, ഫീൽഡ് പ്ലേസ്‌മെന്റ്, ബൗളിംഗ് മാറ്റങ്ങൾ. ഇടയ്ക്ക് ഞാനും ആ സംഭാഷണത്തിന്റെ ഭാഗം. എന്നാൽ എന്റെ കണ്ണ് പിച്ചിലായിരുന്നു. പച്ചപ്പിന്മേൽ ഒരു മലയാളി ചെറുപ്പക്കാരൻ. സഞ്ജു സാംസൺ…

കളി കഴിഞ്ഞപ്പോൾ, പ്രസന്റേഷൻ സെറിമണിയിലേക്കുള്ള അനുമതിയോടെ ഞാൻ താഴേക്ക് ഇറങ്ങി. സുഹൃത്ത് വെസ്റ്റ് ഇൻഡീസ് മീഡിയ മാനേജർ ഫിലിപ്പ് സ്പൂണറും കൂടെ. തിരികെ നടക്കുമ്പോൾ, ആ ഫ്ലോറിഡ ഗ്രൗണ്ടിൽ രണ്ട് മലയാളികൾ മുഖാമുഖം. സഞ്ജു ഒരു ചിരിയോടെ തന്റെ വിജയ മെഡൽ എനിക്ക് നീട്ടിത്തന്നു. എന്നാൽ അതിനേക്കാൾ കൂടുതൽ എന്നെ തൊട്ടത് അദ്ദേഹത്തിന്റെ വാക്കുകളാണ്.

“ഞാൻ ചെറുപ്പം മുതൽ ചേട്ടനെ ടി.വിയിൽ, ഏഷ്യാനെറ്റ് ന്യൂസിൽ കാണാറുണ്ട്… അമേരിക്കയിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നത്.” പ്രശസ്തിയുടെ ഭാരം തൊടാത്ത ഒരു ലാളിത്യം. ആ നിമിഷം ഫോട്ടോയായി. പിന്നീട് സോഷ്യൽ മീഡിയയിൽ പടർന്നു. പക്ഷേ അത് വെറും ചിത്രം മാത്രമല്ല. സഞ്ജുവിനെ മലയാളികൾ ഹൃദയത്തോടെ ഏറ്റെടുത്ത നിമിഷങ്ങളിൽ ഒന്നായിരുന്നു അത്.

ക്രിക്കറ്റ് കമൻ്റേറ്ററും മുൻ ക്രിക്കറ്റ് താരമായ ഇയാൻ റാഫേൽ ബിഷപ്പും ഡോ. കൃഷ്ണ കിഷോറും.
ക്രിക്കറ്റ് കമൻ്റേറ്ററും മുൻ ക്രിക്കറ്റ് താരമായ ഇയാൻ റാഫേൽ ബിഷപ്പും ഡോ. കൃഷ്ണ കിഷോറും.

അന്നുമുതൽ ഒരു ലളിതമായ ബന്ധം. ഇടയ്ക്കുള്ള സന്ദേശങ്ങൾ. ടി20 ലോകകപ്പിനിടെ വീണ്ടും കണ്ടുമുട്ടൽ. എന്നാൽ അതിനപ്പുറം, ഒരു വ്യക്തമായ തിരിച്ചറിവ്. സഞ്ജു സാംസൺ ഒരു പേര് മാത്രമല്ല. അത് ഒരു വികാരമാണ്. മലയാളികൾക്ക് അദ്ദേഹം “നമ്മുടെ സഞ്ജു” ആണ്. ആധുനിക സ്പോർട്സ്മാനായുള്ള എല്ലാ ഗുണങ്ങളും സഞ്ജുവിനുണ്ട്. സോഷ്യൽ മീഡിയ സാന്നിധ്യം, പ്രശസ്തരുമായി അടുത്ത ബന്ധം, ബ്രാൻഡ് എൻഡോഴ്‌സ്മെന്റുകൾ. എന്നാൽ ആ തിളക്കം അദ്ദേഹത്തിന്റെ ഉള്ളിലേക്ക് കടന്നിട്ടില്ല. സ്വയം പ്രശംസിക്കുന്നവരെ ഇഷ്ടപ്പെടാത്ത സമൂഹമാണ് കേരളം. അതുകൊണ്ടാണ് സഞ്ജുവിന്റെ വിനയവും ലാളിത്യവും മലയാളികളുടെ മനസ്സിൽ പറ്റിപ്പിടിക്കുന്നത്. ലോകം ചുറ്റുന്ന താരമായിട്ടും ‘കേരളം’ എന്ന തിരിച്ചറിവ് വിട്ടുകളയാത്തത് - അതാണ് ആ ബന്ധത്തിന്റെ അടിത്തറ. ഇന്ത്യൻ ക്രിക്കറ്റിൽ കേരളം പലപ്പോഴും ദൂരെ അറ്റത്തായിരുന്നു. ശ്രീശാന്തിനും ടിനു യോഹന്നാനും ശേഷമുള്ള പ്രതീക്ഷയായി സഞ്ജു എത്തിയപ്പോൾ, അത് മലയാളികളുടെ അഭിമാനമായി മാറി.

സഞ്ജുവിന്റെ ആരാധകനാകുക എളുപ്പമല്ല. അദ്ദേഹം ഔട്ടായ ദിവസം ചിലർക്കു ഭക്ഷണം പോലും ഇറങ്ങില്ല. അത് അതിശയോക്തിയല്ല. ഞാൻ തന്നെ പലപ്പോഴും അദ്ദേഹത്തിന്റെ ഇന്നിങ്സിന്റെ ആദ്യ ഓവറുകൾ ലൈവായി കാണുന്നത് ഒഴിവാക്കാറുണ്ട്. ഞാൻ കണ്ടാൽ ഇന്നിംഗ്സ് പെട്ടെന്ന് അവസാനിക്കുമോ എന്നൊരു വിചിത്രമായ ഭയം. അദ്ദേഹം 30-ലോ 40-ലോ എത്തുമ്പോഴാണ് ഒരു ആശ്വാസം. അപ്പോൾ കണ്ടാൽ സുരക്ഷിതമാണെന്ന് ഞാൻ തന്നെയാണ് എന്നെ വിശ്വസിപ്പിക്കുന്നത്. പലപ്പോഴും, ആ ഭയത്തിന്റെ പേരിൽ മികച്ച ഇന്നിങ്സുകൾ ലൈവായി നഷ്ടപ്പെടുകയും പിന്നീട് റീപ്ലേകളിൽ കണ്ടു തൃപ്തിപ്പെടേണ്ടി വരികയും ചെയ്യുന്നു. അതാണ് സഞ്ജു ഫാൻഡം.

വിവരിക്കാൻ ബുദ്ധിമുട്ടുള്ള ഒരു ബന്ധം. സഞ്ജു എവിടെയുണ്ടോ, അവിടെയാണ് മലയാളിയുടെ ടീം. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനൊപ്പം മലയാളികൾ നിന്നത് അതുകൊണ്ടാണ്. ഇപ്പോൾ അദ്ദേഹം ചെന്നൈ സൂപ്പർ കിങ്സിൽ. പക്ഷേ പിന്തുണ മാറിയില്ല. പിങ്കിൽ നിന്ന് മഞ്ഞയിലേക്ക് മാറിയത് ഒരു നിമിഷം കൊണ്ട് മാത്രമായിരുന്നു. ഏകദേശം ഒരു ദശാബ്ദത്തോളം, സഞ്ജുവിന്റെ കരിയർ ഉയർച്ചയും ഇടിവും തമ്മിൽ ആടിക്കൊണ്ടിരുന്നു. അവസരങ്ങൾ ശകലങ്ങളായി വന്നു. ഒരു ഇന്നിങ്സ്, പിന്നെ നിശ്ചലത. മത്സരാധിഷ്ഠിതമായ ഇന്ത്യൻ ടീമിൽ ചെറിയ ഇടിവുകൾക്ക് പോലും വലിയ വിലയായിരുന്നു.

രോഹിത് ശർമ്മയും ഡോ. കൃഷ്ണ കിഷോറും.
രോഹിത് ശർമ്മയും ഡോ. കൃഷ്ണ കിഷോറും.

ആ ഘട്ടത്തിൽ ആരാധകർ മാത്രം സ്ഥിരമായി നിന്നു. കളിയിൽ സ്ഥിരതയില്ലെന്നുള്ള വിമർശനങ്ങൾ ഉയർന്നപ്പോഴും, ആ പ്രതിഭയെ അവർ സംരക്ഷിച്ചു. ഒരു മിന്നും പ്രകടനത്തിനായി ക്ഷമയോടെ കാത്തുനിന്നു. അത് ഒരു സാധാരണ പിന്തുണയല്ല, ഉറച്ച ഒരു വിശ്വാസം. വർഷങ്ങളായുള്ള ആ കാത്തിരിപ്പ് ഒടുവിൽ ലോകകപ്പിൽ അവസാനിച്ചു. ടൂർണ്ണമെന്റിൽ സഞ്ജു നിർണായകമായ പ്രകടനം കാഴ്ചവെച്ചു. ബാറ്റ് വാചാലമായി. ഇന്ത്യ ചാമ്പ്യന്മാർ. വിമർശകർ മൗനം പാലിച്ചു.

ലോഡർഹില്ലിൽ എനിക്ക് മെഡൽ കൈമാറിയ ആ ചെറുപ്പക്കാരൻ… ഇന്ന് ലോകകപ്പ് ജേതാവ്.

ഇന്ന്, CSKയുടെ മഞ്ഞ ജഴ്സിയിൽ അദ്ദേഹം ആത്മവിശ്വാസത്തോടെ നിൽക്കുന്നു.

സഞ്ജു സാംസൺ ആരാധകനാകുക എളുപ്പമല്ലായിരുന്നു. പക്ഷേ ഇന്ന്, ആ കാത്തിരിപ്പിന് ഒരു പേരുണ്ട്. അഭിമാനം. ആ വിശ്വാസം, ഇന്ന് ശരിയായി.

സഞ്ജു സാംസൺ തന്റെ സ്വർണ്ണ മെഡൽ ഡോ. കൃഷ്ണ കിഷോറിന് നൽകുന്നു.
സഞ്ജു സാംസൺ തന്റെ സ്വർണ്ണ മെഡൽ ഡോ. കൃഷ്ണ കിഷോറിന് നൽകുന്നു.
മുൻ ക്രിക്കറ്റ്  താരമായ ഡാരൻ സാമിയും ഡോ. കൃഷ്ണ കിഷോറും.
മുൻ ക്രിക്കറ്റ് താരമായ ഡാരൻ സാമിയും ഡോ. കൃഷ്ണ കിഷോറും.
 മുൻ ക്രിക്കറ്റ് താരമായ ഡാരൻ ഗംഗയോടൊപ്പം ഡോ. കൃഷ്ണ കിഷോർ.
മുൻ ക്രിക്കറ്റ് താരമായ ഡാരൻ ഗംഗയോടൊപ്പം ഡോ. കൃഷ്ണ കിഷോർ.
ക്രിക്കറ്റ് പരിശീലകനും വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റനുമായ ശിവ്‌നരൈൻ ചന്ദർപോളിനൊപ്പം ഡോ. കൃഷ്ണ കിഷോർ.
ക്രിക്കറ്റ് പരിശീലകനും വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റനുമായ ശിവ്‌നരൈൻ ചന്ദർപോളിനൊപ്പം ഡോ. കൃഷ്ണ കിഷോർ.
 മുൻ ക്രിക്കറ്റ് താരങ്ങളായ കോളിൻ  ക്രോഫ്റ്റ്, കർട്ട്ലി  ആംബ്രോസ് എന്നിവരോടൊപ്പം  ഡോ. കൃഷ്ണ കിഷോർ.
മുൻ ക്രിക്കറ്റ് താരങ്ങളായ കോളിൻ ക്രോഫ്റ്റ്, കർട്ട്ലി ആംബ്രോസ് എന്നിവരോടൊപ്പം ഡോ. കൃഷ്ണ കിഷോർ.

Comments