111 (47), 107 (50), 0 (3), 0 (2), 109 (56) സഞ്ജു സാംസണിൻെറ (Sanju Samson) ടി20 ക്രിക്കറ്റ് കരിയർ ഈ അഞ്ച് ഇന്നിങ്സുകളിൽ നിന്ന് വായിച്ചെടുക്കാം. ബംഗ്ലാദേശിനെതിരെ കളിച്ച അവസാന മത്സരത്തിലെയും ദക്ഷിണാഫ്രിക്കക്ക് (India vs South Africa) എതിരായ നാല് മത്സരങ്ങളിലെയും സ്കോറുകളാണിത്. ഒന്നുകിൽ സിക്സറുകളും ഫോറുകളും പറത്തി എതിർ ബോളർമാരെ നിഷ്പ്രഭരാക്കി ഗംഭീര ഇന്നിങ്സ് കളിക്കുക. അല്ലെങ്കിൽ വളരെ കുറച്ച് പന്തുകൾ നേരിട്ട് കൂടാരം കയറുക. അലസമായി ക്രീസിൽ നേരംപോക്കുന്ന രീതിയേയില്ല. ഒന്നുകിൽ അടിച്ച് കളിക്കുക, ഇല്ലെങ്കിൽ അടിക്കാൻ ശ്രമിച്ച് പുറത്താവുക. ഈ ശൈലി തന്നെയാണ് സഞ്ജുവിൻെറ കരുത്തും ദൗർബല്യവും. അതിൻെറ പേരിൽ തന്നെയാണ് സഞ്ജു ഏറ്റവും കൂടുതൽ വിമർശിക്കപ്പെട്ടിട്ടുള്ളതും...
ഒമ്പത് വർഷങ്ങൾക്ക് മുമ്പ് ഇന്ത്യൻ ക്രിക്കറ്റിൽ അരങ്ങേറിയിട്ടും സഞ്ജുവിന് ഇതുവരെ കളിക്കാൻ സാധിച്ചത് 37 അന്താരാഷ്ട്ര ടി20 മത്സരങ്ങൾ മാത്രമാണ്. ഏകദിനത്തിൽ 16 മത്സരങ്ങൾ കളിച്ചുവെങ്കിലും ടെസ്റ്റിൽ ഇനിയും അവസരത്തിനായി കാത്തിരിക്കുന്നു. അന്താരാഷ്ട്രതലത്തിൽ സഞ്ജുവിൻെറ കരിയർ കയറ്റിറക്കങ്ങളുടേതാണ്. 2015ലെ അരങ്ങേറ്റത്തിന് ശേഷം പിന്നീട് ടീമിൽ അവസരം ലഭിക്കുന്നത് നാല് വർഷങ്ങൾക്ക് ശേഷമാണ്. പിന്നീട് പലപ്പോഴും ദേശീയ ടീമിൽ വന്നും പോയുമിരുന്നു. ടീമിലെടുത്തിട്ടും കളിക്കാൻ അവസരം ലഭിച്ചില്ല. അതിനെല്ലാം പലവിധ കാരണങ്ങൾ ഉണ്ടാവാമെങ്കിലും സഞ്ജുവിൻെറ പ്രതിഭ അർഹിക്കുന്ന രീതിയിൽ ഇന്ത്യൻ ടീം മാനേജ്മെൻറിൻെറ ഭാഗത്ത് നിന്ന് അദ്ദേഹത്തിന് പലപ്പോഴും പിന്തുണ ലഭിച്ചിട്ടില്ലെന്നത് സത്യമാണ്.
ഒരു മത്സരത്തിൽ പരാജയപ്പെട്ടാൽ അടുത്ത മത്സരത്തിൽ ടീമിലുണ്ടാവില്ലെന്ന സമ്മർദ്ദം സഞ്ജുവിന് മുകളിൽ എക്കാലത്തുമുണ്ടായിരുന്നു. ഇന്ത്യ പോലെ പ്രതിഭയുള്ള ക്രിക്കറ്റർമാർക്ക് ധാരാളിത്തമുള്ള ഒരിടത്ത് അത് സ്വാഭാവികമാണ്. എന്നാൽ സഞ്ജുവിൻെറ അതേകാലത്ത് മോശം ഫോമിലും പരമാവധി അവസരങ്ങൾ ലഭിച്ചിട്ടുള്ള കളിക്കാരുണ്ടെന്ന വൈരുധ്യവുമുണ്ട്. സഞ്ജുവിന് അവസരം നിഷേധിക്കപ്പെടുമ്പോഴൊക്കെ ഉത്തരേന്ത്യൻ ലോബിയാണ് ഇതിന് പിന്നിലെന്ന വിമർശനം ഉയരാറുണ്ട്. ലോബിയിങ്ങിൻെറ ഇര തന്നെയായിരുന്നു സഞ്ജുവെന്ന് അദ്ദേഹത്തിൻെറ കരിയറിലൂടെ ഒന്ന് പോയാൽ തന്നെ മനസ്സിലാവും. 2023 ഡിസംബറിലാണ് സഞ്ജു അവസാനമായി ഇന്ത്യക്കായി ഒരു ഏകദിനം കളിച്ചത്. ദക്ഷിണാഫ്രിക്കയിലെ പാളിൽ നടന്ന മത്സരത്തിൽ താരം സെഞ്ചുറി നേടിയിരുന്നു. മൂന്ന് സിക്സറും നാല് ഫോറുകളുമടക്കം 114 പന്തിൽ 108 റൺസ് നേടിയതിന് ശേഷം ഒരവസരം പോലും ഏകദിനത്തിൽ ലഭിച്ചില്ലെന്നത് അവസരനിഷേധമാണ് വ്യക്തമാക്കുന്നത്.
അജിങ്ക്യ രഹാനെയുടെ നേതൃത്വത്തിൽ അന്നത്തെ ടീം ഇന്ത്യയുടെ രണ്ടാം നിര ടീമിൽ സിംബാവെക്കെതിരെയാണ് സഞ്ജു ആദ്യമായി ഒരു അന്താരാഷ്ട്ര ടി20 മത്സരം കളിക്കുന്നത്.
കരിയറിൻെറ തുടക്കം
ഡൽഹിയിലാണ് സഞ്ജു ക്രിക്കറ്റ് കളിച്ച് തുടങ്ങുന്നത്. അച്ഛൻ വിശ്വനാഥ് സാംസൺ അക്കാലത്ത് ഡൽഹി പോലീസിലായിരുന്നു. ഡൽഹിയിലെ സാഹചര്യം സഞ്ജുവിൻെറ കരിയറിന് ഗുണം ചെയ്യുന്നില്ലെന്ന് തോന്നിയപ്പോഴാണ് കേരളത്തിലേക്ക് മടങ്ങാമെന്ന് കുടുംബം തീരുമാനിക്കുന്നത്. 2015-ൽ അന്താരാഷ്ട്ര ക്രിക്കറ്റ് അരങ്ങേറ്റത്തിന് പിന്നിൽ രണ്ട് ഘടകങ്ങളാണ് നിർണായകമായത്. ഐപിഎല്ലിൽ രാഹുൽ ദ്രാവിഡെന്ന നായകന് കീഴിൽ രാജസ്ഥാൻ റോയൽസിനായി നടത്തിയ മികച്ച പ്രകടനമായിരുന്നു ഒന്നാമത്തേത്. 2013-ൽ 206 റൺസ് നേടിയിരുന്നു. രഞ്ജി ട്രോഫിയിൽ കേരളത്തിന് വേണ്ടി 47.50 ശരാശരിയിൽ ഒരൊറ്റ സീസണിൽ നേടിയത് 475 റൺസ്. അജിങ്ക്യ രഹാനെയുടെ നേതൃത്വത്തിൽ അന്നത്തെ ടീം ഇന്ത്യയുടെ രണ്ടാം നിര ടീമിൽ സിംബാവെക്കെതിരെയാണ് സഞ്ജു ആദ്യമായി ഒരു അന്താരാഷ്ട്ര ടി20 മത്സരം കളിക്കുന്നത്.
ഐപിഎല്ലിൽ സ്ഥിരതയും അസ്ഥിരതയും
ഇന്ത്യയിലെ പ്രാദേശിക ക്രിക്കറ്റിനേക്കാൾ സഞ്ജുവിനെ വളർത്തിയത് ഐപിഎല്ലാണ്. അന്താരാഷ്ട്ര തലത്തിൽ ആരാധകരുണ്ടാവുന്നത് അവിടെ നിന്നാണ്. ബ്രയാൻ ലാറയെയും എബി ഡി വില്ലിയേഴ്സിനെയും പോലുള്ള ഇതിഹാസതാരങ്ങൾ സഞ്ജുവിൻെറ പ്രതിഭയെ പുകഴ്ത്തിയത് ഐപിഎല്ലിലെ പ്രകടനങ്ങൾ കണ്ടാണ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ കരിയർ തുടങ്ങിയ താരത്തിന് വഴിത്തിരിവുണ്ടാവുന്നത് രാജസ്ഥാൻ റോയൽസിലേക്കുള്ള വരവാണ്. 2012ൽ കെകെആറിൻെറ ഭാഗമായ താരത്തിന് ഒരൊറ്റ മത്സരം പോലും കളിക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ, 2013-ൽ ദ്രാവിഡ് വലിയ പ്രതീക്ഷയോടെ സഞ്ജുവിനെ രാജസ്ഥാനിലെത്തിച്ചു. അതിന് സഹായിച്ചത് മലയാളി ക്രിക്കറ്റർ എസ്.ശ്രീശാന്താണ്. തൻെറ കരിയറിൽ ദ്രാവിഡ് എത്രത്തോളം പ്രചോദനമായിരുന്നുവെന്ന് സഞ്ജു പലതവണ പറഞ്ഞിട്ടുണ്ട്. “ആ ദിവസം രാഹുൽ സാർ എന്നോട് പറഞ്ഞു. നീ ഗംഭീരമായാണ് കളിച്ചുകൊണ്ടിരിക്കുന്നത്. ഞങ്ങളുടെ ടീമിൽ കളിക്കാൻ ആഗ്രഹമുണ്ടോ? അതെനിക്ക് വലിയ ആത്മവിശ്വാസം പകർന്നു. ഇതിഹാസതാരമായ രാഹുൽ ദ്രാവിഡിൽ നിന്നാണ് ഈ വാക്കുകൾ…” - രാജസ്ഥാനിലേക്കുള്ള തൻെറ വരവിനെക്കുറിച്ച് സഞ്ജു പറഞ്ഞതാണിത്.
21ാം വയസ്സിൽ സഞ്ജു ഇന്ത്യൻ ക്രിക്കറ്റിൽ അരങ്ങേറിയിരുന്നു. എന്നാൽ പിന്നീടുള്ള അഞ്ച് വർഷം സ്ഥിരതയില്ലായ്മയുടെ പേരിൽ വിമർശിക്കപ്പെട്ടു. മിക്ക ഐപിഎല്ലുകളിലും പ്രതീക്ഷാനിർഭരമായ തുടക്കം സമ്മാനിക്കാറുള്ള സഞ്ജു, സീസൺ അവസാനിക്കുമ്പോഴേക്കും നിറംമങ്ങുന്ന അവസ്ഥയായിരുന്നു. 2015 മുതൽ 20 വരെയുള്ള കാലം ദേശീയടീമിൽ അവസരം ലഭിക്കാതിരുന്നതിനും പല കാരണങ്ങളുണ്ട്. 2019 വരെ ഏകദിന - ടി20 ഫോർമാറ്റിൽ എംഎസ് ധോണിയായിരുന്നു ഇന്ത്യയുടെ വിക്കറ്റ് കീപ്പർ. ഇതിനിടയിൽ കെ.എൽ രാഹുലിനെ പോലുള്ള താരങ്ങൾ ഉയർന്നുവന്നു. ടോപ് ഓർഡറിലും മിഡിൽ ഓർഡറിലുമായി രോഹിത് ശർമയും വിരാട് കോഹ്ലിയുമെല്ലാം നിറഞ്ഞുനിന്ന കാലത്ത് സഞ്ജുവിനെ പോലൊരു കളിക്കാരന് അവസരം ലഭിക്കുകയെന്നത് അൽപം പ്രയാസമുള്ള കാര്യം തന്നെയായിരുന്നു. രവി ശാസ്ത്രി പരിശീലകനായിരുന്ന, വിരാട് കോഹ്ലി നയിച്ചിരുന്ന ഇന്ത്യൻ ടീമിലേക്കാണ് സഞ്ജു മടങ്ങിവരുന്നത്. പിന്നീട്, രോഹിത് നയിച്ച രാഹുൽ ദ്രാവിഡ് പരിശീലകനായ ഇന്ത്യൻ ടീമിൽ സഞ്ജുവിന് താരതമ്യേന കൂടുതൽ അവസരങ്ങൾ ലഭിച്ചിരുന്നു. എന്നാൽ, ഗൗതം ഗംഭീർ പരിശീലകനായ സൂര്യകുമാർ യാദവ് ക്യാപ്റ്റനായ ടി20 ടീമിൽ സഞ്ജുവിന് ലഭിക്കുന്ന പരിഗണന അൽപം വ്യത്യസ്തമാണ്. വരുന്ന പത്ത് മത്സരങ്ങളിലെങ്കിലും സഞ്ജുവിന് പ്ലേയിങ് ഇലവനിൽ തുടർച്ചയായി അവസരം നൽകുമെന്നാണ് സൂര്യ പറഞ്ഞത്. സഞ്ജുവിൻെറ കഴിവിൽ പൂർണവിശ്വാസമുള്ള പരിശീലകനാണ് ഗംഭീർ. ഇന്ത്യയുടെ മുൻതാരങ്ങളിൽ സഞ്ജുവിനെ ഏറ്റവും കൂടുതൽ പിന്തുണച്ചിട്ടുള്ള ഒരാൾ ഗംഭീറാണ്. ഇരുവരും നൽകിയ പിന്തുണ സഞ്ജുവിന് വലിയ ആത്മവിശ്വാസം പകർന്നിട്ടുണ്ട്. അത് താരത്തിൻെറ കളിയിൽ പ്രകടമാണ് താനും.
അന്താരാഷ്ട്ര ടി20 കരിയർ
2020-ൽ സഞ്ജു ആറ് ടി20 മത്സരങ്ങൾ മാത്രമാണ് കളിച്ചിരുന്നത്. ആകെ നേടിയത് 10 ശരാശരിയിൽ വെറും 64 റൺസ് മാത്രം. 2021-ൽ കളിച്ചത് വെറും മൂന്ന് മത്സരങ്ങൾ, നേടാനായത് 34 റൺസ്. 2023-ൽ ആറ് മത്സരങ്ങളിൽ നിന്ന് 179 റൺസ് നേടി. 2023-ൽ എട്ട് മത്സരങ്ങളിൽ നിന്ന് നേടിയത് വെറും 78 റൺസ് മാത്രം. കിട്ടിയ അവസരങ്ങൾ പലതും താരത്തിന് മുതലാക്കാൻ സാധിക്കാതെ പോയി. സഞ്ജുവിന് ടീമിലെടുക്കണമെന്ന് മുറവിളി കൂട്ടിയവർ തന്നെ, താരം അവസരം പാഴാക്കുന്നത് കണ്ട് കടുത്ത വിമർശനവും ഉയർത്തി. സഞ്ജുവിൻെറ ക്രിക്കറ്റ് കരിയറിലെ ഏറ്റവും മനോഹരമായ വർഷമായി മാറുകയാണ് 2024. സ്ഥിരമായി അവസരങ്ങൾ നൽകിയിരുന്നുവെങ്കിൽ സഞ്ജു നേരത്തെ തന്നെ ദേശീയ ടീമിന് മുതൽക്കൂട്ടാവുമായിരുന്നെന്ന വാദത്തെ ശരിവെക്കുകയാണ് ഇപ്പോഴത്തെ പ്രകടനം. ടീമിൽ എന്താണ് റോളെന്ന് സഞ്ജുവിന് നേരത്തെ തന്നെ വ്യക്തതയുണ്ടായിരുന്നു. നാട്ടിൽ ബംഗ്ലാദേശിനെതിരെയും വിദേശത്ത് ദക്ഷിണാഫ്രിക്കക്ക് എതിരെയും മുഴുവൻ മത്സരങ്ങളിലും ഓപ്പണറാക്കുമെന്ന സന്ദേശം സഞ്ജുവിന് നേരത്തെ തന്നെ ലഭിച്ചിരുന്നു. അതിനാൽ മാനസികമായും കായികമായും കൃത്യമായി തയ്യാറെടുപ്പുകൾ നടത്താൻ താരത്തിന് സാധിച്ചിരുന്നു. അത് സഞ്ജു തന്നെ തുറന്ന് പറയുകയും ചെയ്തിട്ടുണ്ട്. “മൂന്നാഴ്ച മുമ്പ് തന്നെ ടീം നേതൃത്വത്തിൽ നിന്ന് എനിക്ക് കൃത്യമായ സന്ദേശം ലഭിച്ചിരുന്നു. ഞാൻ ഓപ്പണറായിട്ടായിരിക്കും കളിക്കുകയെന്ന് ഗൗതം ഭായിയും സൂര്യയും അഭിഷേക് നായരും പറഞ്ഞിരുന്നു. അത് കാരണം എനിക്ക് കൃത്യമായ പരിശീലനം നടത്താൻ പറ്റി. ഞാൻ രാജസ്ഥാൻ റോയൽസ് അക്കാദമിയിൽ പോയി ന്യൂ ബോൾ ബൗളർമാർക്കെതിരെ കളിച്ച് നന്നായി പരിശീലനം നടത്തി. ആ പരിശീലനം ശരിക്കും എന്നെ സഹായിച്ചു,” സഞ്ജു പറഞ്ഞു. ഒന്നാം നമ്പറിൽ മുതൽ ഏഴാം നമ്പറിൽ വരെ ഇന്ത്യ നേരത്തെ സഞ്ജുവിനെ കളിപ്പിച്ചിട്ടുണ്ട്. ബാറ്റിങ് പൊസിഷനിൽ എവിടെ ഇറങ്ങണമെന്നും അടുത്ത മത്സരത്തിൽ പ്ലേയിങ് ഇലവനിൽ ഉണ്ടാവുമോ എന്ന് ഉറപ്പില്ലാത്തതും സഞ്ജുവിൻെറ കരിയറിനെ വല്ലാതെ ബാധിച്ചിരുന്നു.
ബംഗ്ലാദേശിനെതിരെ ആദ്യ ടി20യിൽ സഞ്ജു നേടിയത് 19 പന്തിൽ നിന്ന് 29 റൺസാണ്. രണ്ടാം ടി20യിൽ 7 പന്തിൽ നിന്ന് 10 റൺസ് നേടി. സ്വാഭാവികമായും ആദ്യ രണ്ട് മത്സരങ്ങളിലെ ശരാശരി പ്രകടനത്തോടെ പല കോണുകളിൽ നിന്നും വിമർശനം ഉയർന്ന് തുടങ്ങി. എന്നാൽ മൂന്നാം മത്സരത്തിൽ സഞ്ജു തൻെറ കരിയറിലെ ആദ്യ അന്താരാഷ്ട്ര ടി20 സെഞ്ചുറി സ്വന്തമാക്കി. 47 പന്തുകളിൽ നിന്ന് 11 ഫോറുകളും 8 സിക്സറും അടക്കം 111 റൺസ്. മത്സരത്തിലെ പ്ലെയർ ഓഫ് ദി മാച്ചും ആയിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരെ ഒന്നാം ടി20യിൽ സഞ്ജു വീണ്ടും സെഞ്ചുറി നേടുന്നു. ദക്ഷിണാഫ്രിക്കയിൽ താരത്തിൻെറ രണ്ടാം സെഞ്ചുറി (നേരത്തെ ഏകദിനത്തിൽ സെഞ്ചുറി നേടിയിരുന്നു). ടി20യിൽ തുടർച്ചയായി രണ്ട് മത്സരങ്ങളിൽ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ ക്രിക്കറ്ററെന്ന അപൂർവനേട്ടവും.
നാട്ടിൽ ബംഗ്ലാദേശിനെതിരെയും വിദേശത്ത് ദക്ഷിണാഫ്രിക്കക്ക് എതിരെയും മുഴുവൻ മത്സരങ്ങളിലും ഓപ്പണറാക്കുമെന്ന സന്ദേശം സഞ്ജുവിന് നേരത്തെ തന്നെ ലഭിച്ചിരുന്നു.
രണ്ടാം ടി20യിൽ വെറും 3 പന്ത് നേരിട്ട് റണ്ണൊന്നുമെടുക്കാതെ സഞ്ജു മടങ്ങുന്നു. ബാറ്റർമാർക്ക് വലിയ പിന്തുണ ലഭിക്കാതിരുന്ന പിച്ചിൽ ദക്ഷിണാഫ്രിക്ക നേരിയ മാർജിനിൽ ഇന്ത്യയെ തോൽപ്പിച്ചു. തുടർച്ചയായ രണ്ട് സെഞ്ചുറികൾക്ക് ശേഷം ഒരു ഡക്ക് ആയതിനാൽ വലിയ വിമർശനങ്ങൾ ഇല്ലായിരുന്നു. എന്നാൽ തൊട്ടടുത്ത മത്സരത്തിലും മാർകോ ജാൻസൻെറ പന്തിൽ സഞ്ജു സംപൂജ്യനായി സമാനമായ രീതിയിൽ പുറത്തായി. വീണ്ടും വിമർശനങ്ങൾ… എന്നാൽ, വാണ്ടറേഴ്സിൽ സഞ്ജു വീണ്ടും മിന്നുന്ന ഫോമിൽ ദക്ഷിണാഫ്രിക്കൻ ബോളിങ് നിരയെ വേട്ടയാടി. സഞ്ജുവിനൊപ്പം സെഞ്ചുറി നേടി തിലക് വർമ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യയുടെ സീരീസ് വിജയം ഉറപ്പാക്കി. ഒരു കലണ്ടർ വർഷം അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ മൂന്ന് സെഞ്ചുറികൾ നേടുന്ന ലോകത്തിലെ തന്നെ ആദ്യ ക്രിക്കറ്ററെന്ന ചരിത്രനേട്ടവുമായാണ് സഞ്ജു 2024 എന്ന വർഷം പൂർത്തിയാക്കാൻ പോവുന്നത്.
ഇനി കാത്തിരിക്കുന്നത്
2007-ലെ പ്രഥമ ടി20 ലോകകപ്പ് വിജയത്തിന് ശേഷം മറ്റൊരു ടി20 കിരീടത്തിന് ഇന്ത്യക്ക് കാത്തിരിക്കേണ്ടി വന്നത് 17 വർഷമാണ്. ഐപിഎൽ പോലെ മികച്ച ഒരു ടി20 ലീഗ് നടത്തിയിട്ടും പ്രതിഭയുടെ ധാരാളിത്തത്തെ വേണ്ടവിധത്തിൽ
ഉപയോഗപ്പെടുത്താൻ പലപ്പോഴും സാധിച്ചിരുന്നില്ല. സൂര്യകുമാർ യാദവെന്ന ക്രിക്കറ്ററുടെ വരവോടെ ടി20 ഫോർമാറ്റിൽ ഇന്ത്യൻ ബാറ്റർമാർക്ക് കൃത്യമായ ഒരു ബെഞ്ച് മാർക്ക് ഉണ്ടായിട്ടുണ്ട്. അത് മുന്നോട്ട് കൊണ്ടുപോവാൻ കെൽപ്പുള്ള കളിക്കാരനാണ് സഞ്ജു സാംസൺ. ഈ വർഷം സഞ്ജുവിന് പ്രായം 30 തികഞ്ഞു. ഇനിയും വൈകിയിട്ടില്ല. കരിയർ ബാക്കി കിടക്കുകയാണ്. “30 എന്നത് വലിയൊരു പ്രായമൊന്നുമല്ല. മൈക്കിൾ ഹസിയൊക്കെ ഫുൾ കരിയർ കളിച്ചത് 30-ന് ശേഷമാണ്. സഞ്ജുവിന് വലിയൊരു ഗുണം വരാൻ പോവുന്നത് രാഹുൽ ദ്രാവിഡ് രാജസ്ഥാൻ റോയൽസിൻെറ കോച്ചായി വരുന്നുവെന്നതാണ്. രാഹുൽ പല കളിക്കാരെയും മുന്നോട്ട് കൊണ്ടുവരാൻ സഹായിച്ചിട്ടുണ്ട്. മുമ്പും സഞ്ജു രാഹുലിൻെറ കൂടെ കളിച്ചിട്ടുണ്ട്, രാജസ്ഥാൻ റോയൽസിൽ. ഇനിയും ഒരു ഏഴെട്ട് കൊല്ലം ബാക്കിയുണ്ട്. പക്ഷേ, സ്ഥിരതയോടെ കളിക്കണമെന്ന് ദ്രാവിഡിനെ പോലൊരു കോച്ചിന് സഞ്ജുവിനെ ബോധ്യപ്പെടുത്താൻ സാധിക്കും. സ്ഥിരതയാണ് സഞ്ജുവിൻെറ പ്രശ്നം. രണ്ട് മാച്ചിൽ പത്തിൽ പത്ത് കിട്ടിക്കഴിഞ്ഞാൽ പിന്നെയുള്ള രണ്ട് മാച്ചിൽ ചിലപ്പോ രണ്ടും മൂന്നുമൊക്കെ ആയിരിക്കും,” - സഞ്ജു സാംസണിൻെറ കരിയറിനെക്കുറിച്ച് ട്രൂ കോപ്പി തിങ്കിനോട് സംസാരിക്കവേ ക്രിക്കറ്റ് ലേഖകനും വിസ്ഡൻ ഇന്ത്യയുടെ മുൻ എഡിറ്ററുമായ ദിലീപ് പ്രേമചന്ദ്രൻ മുമ്പ് പറഞ്ഞതാണിത്. സഞ്ജു ഇനി തൻെറ കരിയറിൽ ഓർക്കേണ്ട ഒരു പ്രധാന കാര്യമിതാണ്. അതിനുള്ള ആദ്യപടിയാണ് ഈ കലണ്ടർ വർഷം നേടിയ മൂന്ന് സെഞ്ചുറികൾ.
ടി20 ഫോർമാറ്റിൽ ഇന്ത്യയുടെ സ്ഥിരം ഓപ്പണറെന്ന നിലയിലോ മധ്യനിര ബാറ്ററെന്ന നിലയിലോ സഞ്ജുവിന് അവസരം ലഭിക്കേണ്ടതുണ്ട്. വിരാട് കോഹ്ലി, രോഹിത് ശർമ തുടങ്ങിയവരുടെ ടി20 കരിയർ ഏകദേശം അവസാനിച്ച് കഴിഞ്ഞു. ബാറ്ററെന്ന നിലയിൽ ഇവരിൽ ഒരാളുടെ പിൻഗാമിയായാണ് ടി20യിൽ സഞ്ജുവിനെ ഉപയോഗപ്പെടുത്തേണ്ടത്. വിക്കറ്റ് കീപ്പറെന്ന നിലയിൽ ടീമിൻെറ ഒന്നാം ചോയ്സായി സഞ്ജു മാറണം. ഋഷഭ് പന്ത് ഇപ്പോഴും ടി20 ഫോർമാറ്റിൽ സഞ്ജുവിനേക്കാൾ മികച്ച ബാറ്ററാണെന്ന് തെളിയിച്ചിട്ടില്ല. ജിതേഷ് ശർമയ്ക്കും ധ്രുവ് ജുറേലിനുമൊക്കെ ഇനിയും കാത്തിരിക്കാവുന്നതാണ്. ഇഷാൻ കിഷൻ ഏകദേശം ടീമിന് പുറത്തായിക്കഴിഞ്ഞു. സൂര്യ കഴിഞ്ഞാൽ മാരക പ്രഹരശേഷിയുള്ള ബാറ്ററെന്ന നിലയിൽ സഞ്ജുവിനുള്ള സാധ്യത വളരെ വലുതാണ്. സ്ഥിരതയാർന്ന ഇത്തരം പ്രകടനങ്ങൾ ആവർത്തിക്കുകയെന്നതാണ് സഞ്ജു കാണിക്കേണ്ട ഉത്തരവാദിത്വം. ഒന്നോ രണ്ടോ മത്സരങ്ങളിലെ മോശം പ്രകടനമൊന്നും കണക്കിലെടുക്കാതെ, കൃത്യമായ ഒരു ബാറ്റിങ് പൊസിഷനിൽ സ്ഥിരമായി സഞ്ജുവിനെ കളിപ്പിക്കുക എന്നതാണ് ടീം മാനേജ്മെൻറ് ചെയ്യേണ്ടത്. ഇത് രണ്ടും ഒത്തുവന്നാൽ, ടി20 ഫോർമാറ്റിൽ ഇന്ത്യയുടെ എക്കാലത്തെയും മികച്ച ബാറ്റർമാരിൽ ഒരാളായി വളരാനുള്ള പ്രതിഭയും കഴിവും സഞ്ജുവിനുണ്ട്. അതേ… അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇനി അവൻെറ കാലമാണ്…