ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച ക്യാപ്റ്റൻ ആരെന്ന ചോദ്യത്തിന് കിരീടനേട്ടങ്ങളുടെ അടിസ്ഥാനത്തിൽ എം.എസ് ധോണിയെന്നും രോഹിത് ശർമയെന്നും അഭിപ്രായപ്പെടുന്നവരുണ്ടാവും. ക്രിക്കറ്റ് ഫീൽഡിലെ തന്ത്രങ്ങളുടേയും ബുദ്ധിപരമായ തീരുമാനങ്ങളുടെയുമൊക്കെ അടിസ്ഥാനത്തിലും ഇവർ മികച്ച ക്യാപ്റ്റൻമാർ തന്നെയാണ്. ധോണി ചെന്നൈയെയും രോഹിത് മുംബൈയെയും അഞ്ച് തവണയാണ് കിരീടനേട്ടത്തിലേക്ക് നയിച്ചിട്ടുള്ളത്. എന്നാൽ, ധോണിക്കും രോഹിത്തിനുമൊപ്പം എക്കാലത്തും ലീഗിലെ തന്നെ ഏറ്റവും മികച്ച താരങ്ങളടങ്ങിയ കളിക്കാരുടെ ഒരു സംഘമുണ്ടായിരുന്നു. ഇരുവരും അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയെ നയിച്ച് പരിചയസമ്പന്നരുമാണ്. എന്നാൽ, ഇതൊന്നുമില്ലാതെ ഒരാൾ ടൂർണമെൻറിലെ ഏറ്റവും മോശം റെക്കോർഡുള്ള രണ്ട് ടീമുകളെ ഫൈനലിലെത്തിക്കുന്നു. മറ്റൊരു ടീമിനെ കിരീടവിജയത്തിലേക്ക് നയിക്കുന്നു. പ്രതിസന്ധികളിൽ ടീമിനെ തോളിലേറ്റുന്നവരാണ് യഥാർത്ഥ നായകരെങ്കിൽ ശ്രേയസ് അയ്യരാവുന്ന ഐപിഎല്ലിൻെറ ഇതുവരെയുള്ള ചരിത്രത്തിലെ ഏറ്റവും മികച്ച നായകൻ. 2019 മുതൽ 2025 വരെയുള്ള ഐപിഎൽ കാലത്തിനിടയ്ക്ക് ശ്രേയസ് നയിച്ചത് മൂന്ന് ടീമുകളെയാണ്.
2018-ൽ ഗംഭീരമായി ബാറ്റിങ്ങിൽ തിളങ്ങിയതോടെയാണ് അടുത്ത് സീസണിൽ (2019) ഡൽഹിയുടെ നായകനായി ശ്രേയസ് അയ്യർ മാറുന്നത്. ആ സീസണിൽ തന്നെ ടീമിനെ പ്ലേ ഓഫിലെത്തിച്ചു. തൊട്ടടുത്ത സീസണിൽ (2020) ടീമിനെ ശ്രേയസ് ഫൈനലിലെത്തിച്ചു. ഐപിഎല്ലിൻെറ ചരിത്രത്തിൽ ആദ്യമായിട്ടായിരുന്നു ഡൽഹി ഫൈനലിലെത്തുന്നത്. ശ്രേയസ് എന്ന ക്യാപ്റ്റൻ വരുന്നത് വരെ ആ ടീമിന് കാത്തിരിക്കേണ്ടി വന്നു. തൊട്ടടുത്ത് സീസണിലും സ്വാഭാവികമായി ശ്രേയസ് ഡൽഹി ക്യാപ്റ്റനായി തുടരേണ്ടതായിരുന്നു. എന്നാൽ, പരിക്ക് കാരണം താരത്തിന് മാറിനിൽക്കേണ്ടി വന്നു. ഇതോടെ, ഇന്ത്യൻ ടീമിൽ സെൻസേഷനായി മാറിത്തുടങ്ങിയ ഋഷഭ് പന്തിനെ ഡൽഹി ക്യാപ്റ്റൻസി ഏൽപ്പിച്ചു. താരതമ്യേന ശരാശരിക്ക് മുകളിലുള്ള പ്രകടനത്തോടെ ഡൽഹി തങ്ങളുടെ ആ സീസൺ അവസാനിപ്പിച്ചു. 2022 സീസണിൽ തിരിച്ചെത്തിയ ശ്രേയസിന് ക്യാപ്റ്റൻ സ്ഥാനം തിരികെ നൽകാൻ ഡൽഹി ടീം മാനേജ്മെൻറ തയ്യാറായില്ല. ചരിത്രത്തിൽ ആദ്യമായി ടീമിനെ ഫൈനലിലെത്തിച്ച നായകനോടാണ് ഡൽഹി ആ ചതി കാണിച്ചത്. ഋഷഭ് പന്തെന്ന ക്യാപ്റ്റന് കീഴിൽ കളിക്കാൻ ശ്രേയസ് നിർബന്ധിതനായി. വൈകാതെ ടീം വിടുകയും ചെയ്തു. കഴിഞ്ഞ സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നയിച്ച ശ്രേയസ് ടീമിനെ മൂന്നാം കീരിടത്തിലേക്കാണ് നയിച്ചത്. ഗൗതം ഗംഭീറിന് ശേഷം കൊൽക്കത്തയെ കിരീടത്തിലേക്ക് നയിച്ച ക്യാപ്റ്റൻ.

ടീമിനെ കിരീടത്തിലെത്തിച്ചിട്ടും കൊൽക്കത്തയ്ക്കൊപ്പം നിൽക്കാൻ ശ്രേയസോ, താരത്തെ നിലനിർത്താൻ കൊൽക്കത്തയോ തയ്യാറായില്ല. ഇതോടെയാണ് അദ്ദേഹം പഞ്ചാബ് കിങ്സിലേക്ക് എത്തുന്നത്. 26.75 കോടി രൂപയ്ക്കാണ് ശ്രേയസിന് പഞ്ചാബ് ലേലത്തിൽ എടുക്കുന്നത്. ഋഷഭ് പന്തിന് പിന്നിൽ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വിലപിടിപ്പുള്ള രണ്ടാമത്തെ കളിക്കാരൻ. താരലേലത്തിൽ പലവിധ അബദ്ധങ്ങൾ കാണിക്കാറുള്ള പഞ്ചാബിന് ഇക്കുറി എന്തായാലും പിഴച്ചില്ല. ക്യാപ്റ്റനെന്ന നിലയിലും ബാറ്ററെന്ന നിലയിലും പഞ്ചാബിനെ മുന്നിൽ നിന്ന് നയിക്കുകയാണ് ശ്രേയസ്. 2014ന് ശേഷം പത്ത് വർഷങ്ങൾക്കിപ്പുറത്ത് പഞ്ചാബ് ഇതാദ്യമായി പ്ലേ ഓഫിലെത്തുന്നു. അതും ലീഗ് ഘട്ടത്തിൽ ഒന്നാം സ്ഥാനക്കാരായിട്ട്. ഏകദിനത്തിൽ മാത്രം ഇന്ത്യയുടെ ദേശീയ ടീമിൽ സ്ഥാനമുള്ള ഘട്ടത്തിലാണ് ശ്രേയസിനെ പഞ്ചാബ് ഇത്രയും വിലകൊടുത്ത് വാങ്ങിച്ചത്. 2024-ൽ ബിസിസിഐ സെൻട്രൽ കരാറിലും താരമില്ലായിരുന്നു. എന്നാൽ, 2025ലെ ഇന്ത്യയുടെ ചാമ്പ്യൻസ് ട്രോഫി വിജയത്തിൽ ശ്രേയസിൻെറ പ്രകടനം നിർണായകമായിരുന്നു. റെക്കോർഡുകളും നേട്ടങ്ങളുമെല്ലാം നിരവധിയുണ്ടെങ്കിലും, മറുഭാഗത്ത് വലിയ അവഗണനകൾ നേരിടുന്നുണ്ട് ശ്രേയസ്. എന്നിട്ടും ശ്രേയസ് തൻെറ ജോലി ഭംഗിയായി നിർവഹിക്കുന്നുണ്ട്.
18 വർഷമായി ഐപിഎല്ലിൽ ഒരു കിരീടത്തിനായി കാത്തിരിക്കുന്ന ടീമാണ് പഞ്ചാബ്. ഒരിക്കൽ പോലും ഫൈനൽ കളിക്കാത്ത ടീം. 11 വർഷങ്ങൾക്ക് മുമ്പ് മാത്രം പ്ലേ ഓഫ് കളിച്ച ടീം. ശ്രേയസിൻെറ ക്യാപ്റ്റൻസിക്ക് കരുത്തേറുന്നത് ഇതൊക്കെ കൊണ്ടാണ്.
പരിക്കും ഫോമില്ലായ്മയുമൊക്കെ ഇടക്കിടെ വന്നും പോയുമിരിക്കുന്ന ശ്രേയസിൻെറ കരിയറിൽ 2025 സീസൺ ഏതായാലും വഴിത്തിരിവാകുകയാണ്. 41 പന്തിൽ 87 റൺസുമായി മുംബൈ ഇന്ത്യൻസിനെതിരായ രണ്ടാം ക്വാളിഫയറിലെ മാച്ച് വിന്നിങ് പെർഫോമൻസ് അടക്കം ഇതിനോടകം താരം നേടിയത് 603 റൺസ്. ഗുജറാത്തിനെതിരെ പുറത്താവാതെ 97 റൺസുമായാണ് ശ്രേയസ് ഈ സീസൺ തുടങ്ങുന്നത്. 54.82 ശരാശരിയുള്ള താരം നേടിയത് ആറ് അർധശതകങ്ങൾ. 2015-ൽ ഐപിഎല്ലിൽ അരങ്ങേറ്റം നടത്തിയ ശ്രേയസിൻെറ ബാറ്ററെന്ന നിലയിലുള്ള ഏറ്റവും മികച്ച സീസണാണിത്. 2020-ൽ ഡൽഹിക്കൊപ്പം 519 റൺസ് നേടിയതായിരുന്നു നേരത്തെ ഏറ്റവും മികച്ച പ്രകടനം. ശ്രേയസിൻെറ ഐപിഎൽ ക്യാപ്റ്റൻസിയെ ഇങ്ങനെ ചുരുക്കാം: അഞ്ച് സീസണുകളിലായി മൂന്ന് ടീമിനെ നയിച്ചു. ഒരു തവണ കിരീടം, ഒരു തവണ റണ്ണേഴ്സ് അപ്, ഒരു തവണ പ്ലേ ഓഫ്, 2022-ൽ കൊൽക്കത്ത 7ാമത്. ഇപ്പോഴിതാ വീണ്ടുമൊരു ഫൈനൽ.

18 വർഷമായി ഐപിഎല്ലിൽ ഒരു കിരീടത്തിനായി കാത്തിരിക്കുന്ന ടീമാണ് പഞ്ചാബ്. ഒരിക്കൽ പോലും ഫൈനൽ കളിക്കാത്ത ടീം. 11 വർഷങ്ങൾക്ക് മുമ്പ് മാത്രം പ്ലേ ഓഫ് കളിച്ച ടീം. ശ്രേയസിൻെറ ക്യാപ്റ്റൻസിക്ക് കരുത്തേറുന്നത് ഇതൊക്കെ കൊണ്ടാണ്. മുംബൈ ഇന്ത്യൻസിനെതിരെ തകർപ്പൻ പ്രകടനം നടത്തിയ ശ്രേയസിനെ അഭിനന്ദിച്ച് മുൻ ഇന്ത്യൻ താരം നവജ്യോത് സിങ് സിദ്ദു നടത്തിയ പ്രതികരണം ശ്രദ്ധേയമാണ്. അഞ്ച് തവണ ടീമുകളെ കിരീടത്തിലെത്തിച്ച എംഎസ് ധോണിയും രോഹിത് ശർമയും ഐപിഎല്ലിലെ മികച്ച ക്യാപ്റ്റൻമാരാണെന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ അവർ എന്നും ഒരേ ടീമിനെ തന്നെയാണ് നയിച്ചിരുന്നതെന്ന് സിദ്ദു പറഞ്ഞു. “എന്ത് കൊണ്ടാണ് ശ്രേയസ് ഏറ്റവും മികച്ച ക്യാപ്റ്റനാവുന്നത്? അദ്ദേഹം ഡൽഹിയെ ഏഴ് വർഷത്തിന് ശേഷം പ്ലേ ഓഫിലെത്തിച്ചു. 13 വർഷത്തിന് ശേഷം ഡൽഹിയെ ഫൈനലിലെത്തിച്ചു. കൊൽക്കത്തയെ 10 വർഷത്തിന് ശേഷം കിരീടത്തിലേക്ക് നയിച്ചു. 11 വർഷത്തിന് പഞ്ചാബിനെ പ്ലേ ഓഫിലും ഫൈനലിലുമെത്തിച്ചു. ഇതെല്ലാം അപ്രതീക്ഷിതമായി സംഭവിച്ചതല്ല, യാദൃശ്ചികമായി സംഭവിച്ചതുമല്ല,” സിദ്ദു വിശദീകരിക്കുന്നു.
