മലാന്റെ വെടി കെട്ട് ബാറ്റിംഗിലും ടോപ് പ്ലേ യുടെ ക്ലാസ്സ് ബൗളിങ്ങിലും ഷാക്കിബിനെയും കൂട്ടരെയും മറികടന്ന് മുൻ ചാമ്പ്യൻമാർ വിജയവഴിയിൽ. ശ്രീലങ്കയുടെ കുശാൽ മെൻഡിസിൻറെയും സമരവിക്രത്തിന്റെയും സെഞ്ച്വറിയ്ക്ക് അതിലും വേഗത്തിൽ ഷഫീഖിന്റെയും റിസ്വാന്റെയും സെഞ്ച്വറി ചെക്ക് കാർഡിറക്കി പാകിസ്ഥാന് രണ്ടാം വിജയം.
ബംഗ്ലാദേശ് vs ഇംഗ്ലണ്ട്
ധർമ ശാലയിലെ ആദ്യ മത്സരത്തിൽ ഷാക്കിബും മിറാസും ചേർന്ന് അഫ്ഗാനിസ്ഥാനെ കറക്കിയിട്ട പിച്ചിൽ അതെ സ്പിൻ ആനുകൂല്യം പ്രതീക്ഷിച്ച് ബംഗ്ലാദേശ് ഇംഗ്ലണ്ടിനെതിരെയുള്ള തങ്ങളുടെ രണ്ടാം മത്സരത്തിൽ ടോസ് ആനുകൂല്യത്തിൽ ബൗളിങ്ങ് തിരഞ്ഞെടുത്തു. 156 റൺസെന്ന കുറഞ്ഞ അഫ്ഗാൻ ടോട്ടലിലേക്കല്ലെങ്കിലും ആറ് റൺസ് ശരാശരിക്ക് മുകളിൽ പോവാതെ വിക്കറ്റുകൾ വീഴ്ത്തി പിന്തുടർന്ന് വിജയിക്കാവുന്ന ഏറ്റവും കുറഞ്ഞ ഇംഗ്ലീഷ് ടോട്ടലെത്തിക്കുകയായയിരുന്നു ബഗ്ലാ ക്യാപ്റ്റൻ ശാക്കിബുൽ ഹസന്റെ പ്ലാൻ. എന്നാൽ ഇംഗ്ലീഷ് ഓപ്പണർ മിലാൻ ഷോയിലും ന്യൂ സിലാൻഡിനെതിരെയുള്ള അർധ ശതകത്തിന് പിന്നാലെ രണ്ടാം മത്സരത്തിലും റൂട്ട് നേടിയ 82 റൺസിന്റെയും ബലത്തിൽ ഇഗ്ലണ്ടിന് 137 റൺസിന്റെ ആധികാരിക വിജയം സ്വന്തം. ന്യൂ സിലാൻഡിനോട് ആദ്യ മത്സരത്തിൽ തോറ്റ മുൻ ചാമ്പ്യൻമാർ ക്രിക്കറ്റ് ലോകകപ്പിന്റെ പുതിയ പതിപ്പിൽ വിജയ വഴിയിലെത്തി.
മലാനും റൂട്ടിനും പുറമെ ബയ്ർസ്റ്റോയും ഇംഗ്ലീഷ് നിരയിൽ ഫിഫ്റ്റി തികച്ചു. ബെയർസ്റ്റോ - മലാൻ കൂട്ടുകെട്ടിൽ മികച്ച ഓപ്പണിംഗ് തുടക്കം കിട്ടിയ ഇംഗ്ലണ്ട് മികച്ച ടോട്ടലിലേക്ക് അതിവേഗത്തിൽ കുതിച്ചു. നാന്നൂറിന് മുകളിലുള്ള പ്രെഡിക്റ്റബിൾ സ്കോറിൽ 38 ആം ഓവറിന്റെ രണ്ടാം ബോളിൽ മലാൻ വീഴുന്നത് വരെ ബോളുകൾ ഇടം വലം പറന്നു. ഒരേ സമയം ഇടത് വലത് ബാറ്റർമാർ ക്രീസിലുള്ളത് ബംഗ്ലാദേശിന്റെ ഇന്നർ ഫീൽഡിങ് സർക്കിൾ പ്രതിരോധം തകർത്ത് ബൗണ്ടറികൾ തൊട്ടു. പുറത്തേക്ക് കറങ്ങി വന്ന പന്തുക്കളെ സ്കിപ്പ് ചെയ്ത് വിക്കറ്റ് കീപ്പർക്ക് മുകളിലൂടെ അതിർത്തി കടത്തി. മാലാന് ശേഷം ബട്ട്ലറെയും ബ്രൂക്കിനെയും കൂട്ടു പിടിച്ച റൂട്ട് സ്കോർ വീണ്ടും ചലിപ്പിച്ചു. നാല്പത് ഓവറിന് ശേഷം വൈകിയാണെങ്കിലും ധർമ ശാലയിലെ വരണ്ട പിച്ച് മെഹ്‌ദി ഹസന്റെ റൈറ്റ് സ്പിൻ ഡെലിവറിയിലൂടെ വീണ്ടും കറങ്ങി തിരിഞ്ഞു. മെഹ്‌ദി ഹസൻ നാല് വിക്കറ്റുകൾ വീഴ്ത്തി.
മറുപടി ബാറ്റിംഗിൽ ആദ്യ ഓവറിൽ തുടരെ മൂന്ന് ബൗണ്ടറികൾ നേടി തുടങ്ങിയ ബംഗ്ലാദേശിന് പക്ഷെ രണ്ടാം ഓവറിന്റെ നാലാം ബോളിൽ തൻസിദ് ഹസനെയും അഞ്ചാം ബോളിൽ ഷാന്റോയെയും നഷ്ടമായി. തുടർന്നുള്ള തന്റെ സ്പെല്ലിൽ ശാക്കിബിന്റെ വിലപ്പെട്ട വിക്കറ്റ് കൂടി നേടി ടോപ്ലെ കളിയിലെ ആദ്യ മൂന്ന് വികറ്റുകളും തന്റെ പേരിലാക്കിയപ്പോൾ ഇത്തവണത്തെ ക്രിക്കറ്റ് ലോകകപ്പിലെ ഏഴാം കളിയുടെ ഗതി നിർണ്ണയിച്ചു കഴിഞ്ഞിരുന്നു. ആദ്യ കളിയിൽ രക്ഷകരായിരുന്ന മിറാസും ഷാന്റോയും എളുപ്പത്തിൽ കൂടാരം കയറി. തുടർച്ചയായി വിക്കറ്റുകൾ പോന്നപ്പോഴും ഒരറ്റത്ത് നിലയുറപ്പിച്ച് കളിച്ച ഓപ്പണർ ലിറ്റൻ ദാസും 51 റൺസെടുത്ത മുഷ്ഫികർ റഹിമും തൗഹിദും സ്കോർ 200 ലെത്തിച്ചു. പവർ പ്ലേയുടെ ആദ്യ പകുതിയിലെ മൂന്ന് വിക്കറ്റും മധ്യ നിരയിൽ വാലറ്റത്തെ കൂട്ട് പിടിച്ച് ചെറുത്ത് നിൽക്കാൻ നോക്കിയ മുഷ്ഫികർ റഹിമിന്റെ നിർണ്ണായക വിക്കറ്റും പിഴുത ടോപ് പ്ലെ ആണ് ഇംഗ്ലീഷ് നിരയിലെ ബൗളിങ്ങ് ഹൈ ലൈറ്റ്. 107 ബോളിൽ 140 തികച്ച ബാറ്റിങ് വെടികെട്ട് മലാന്റെ ആദ്യ ലോകക്കപ്പ് സെഞ്ച്വറി കൂടിയാണ്. ഇരുവർക്കും രണ്ട് കളിയിൽ നിന്ന് ഒരു തോൽവി ഒരു ജയം.
ശ്രീലങ്ക vs പാകിസ്ഥാൻ
ശ്രീലങ്കയുടെ സെഞ്ച്വറി കണക്കിന് അതെ നാണയത്തിൽ മറുപടി കൊടുത്താണ് പാകിസ്ഥാൻ തങ്ങളുടെ ഏറ്റവും മികച്ച ലോകക്കപ്പ് ചെസിങ് വിജയം സ്വന്തമാക്കിയത്. കുശാൽ മെൻഡിസിൻറെയും സമരവിക്രത്തിന്റെയും സെഞ്ച്വറിയ്ക്ക് അതിലും വേഗത്തിൽ അബ്ദുള്ള ഷഫീഖിന്റെയും റിസ്വാന്റെയും സെഞ്ച്വറി ചെക്ക് കാർഡ്.
സൗത്ത് ആഫ്രിക്കക്കെതിരെയും ആദ്യ ഓവറുകളിൽ വികറ്റ് നഷ്ട്ടമായ ശ്രീലങ്ക പാകിസ്ഥാനെതിരെയും പതിവ് ആവർത്തിച്ചു. ഇത്തവണ നിസാങ്കക്ക് പകരം കുശാൽ പെരേര ഹസന്റെ വേഗതയെറിയ ബോളിൽ റിസ്വാന് ക്യാച്ച് നൽകി പുറത്തേക്ക് നടന്നു. മൂന്നാമനായിറങ്ങിയ കുശാൽ മെൻഡിസ് പക്ഷെ വേഗതയേറിയ ആഫ്രിദി- റഹൂഫ്- ഹസൻ സ്പെല്ലുകളെ അതിലും വേഗത്തിൽ ഗാലറിയിലെത്തിച്ച് ശ്രീലങ്കക്ക് ബാറ്റിങ് മുൻതൂക്കം നൽകി. പതിഞ്ഞ താളത്തിൽ പിന്തുണ നൽകി നിസ്സൻക (51 റൺസ്) രണ്ടാം വികറ്റ് പാർട്ണർഷിപ്പ് നൂറിലെത്തിച്ചു. പാക് ബൗളർമാർ പന്തിൽ പേസ് കുറച്ചു. ഇടവേള കൊടുത്ത് നവാസും ശദാബ് ഖാനും സ്പിന്നെറിഞ്ഞു. നിസങ്കക്ക് ശേഷം വന്ന സമര വിക്രമയും ബാറ്റിംഗ് ഗിയർ മാറ്റിയതോടെ റൺ നിരക്കുയർന്നു. 77 പന്തിൽ 122 റൺസെടുത്ത മെൻഡിസിനെ ഹസൻ ഡെലിവറിയിൽ നല്ല ഒന്നാന്തരം ഇമാമുൽ ഹഖ് ക്യാച്ചിൽ പാകിസ്ഥാൻ പുറത്താക്കി. സ്കോർ 28.5 ഓവറിൽ 7.7 റൺ റേറ്റിൽ 218 റൺസ്.
മുപ്പത് ഓവറുകൾക്ക് ശേഷം പന്തിലെ പേസും നിയന്ത്രവും വീണ്ടെടുത്ത ഹസ്സനും റഹൂഫും പിന്നീടുള്ള ഓവറുകളിൽ തുടർച്ചയായി വിക്കറ്റുകൾ വീഴ്ത്തി. ഒരറ്റത്ത് 89 പന്തിൽ 108 റൺസുമായി സമര വിക്രമ പിടിച്ചു നിന്നു. ഹസൻ നാല് വിക്കറ്റുകൾ വീഴ്ത്തി. ശ്രീലങ്കൻ ഇന്നിങ്സ് അവസാനിക്കുമ്പോൾ പാകിസ്ഥാൻ ടാർഗറ്റ് 345.
സൗത്ത് ആഫ്രിക്കക്കെതിരെ ഏറ്റവും വലിയ ലോകകപ്പ് ടോട്ടൽ വിട്ട് കൊടുക്കേണ്ടി വന്ന ശ്രീലങ്ക സ്പിന്നിലൂടെ വളരെ കരുതിയാണ് ബൗളിംഗ് ഓപ്പൺ ചെയ്തത്. നാലാം ഓവറിൽ ഇമാമുൽ ഹഖിനെയും എട്ടാം ഓവറിൽ ബാബർ അസമിനെയും പാകിസ്ഥാന് ആദ്യത്തിൽ തന്നെ നഷ്ട്ടമായി. ടൂർണമെന്റ് ഹോട്ട് ഫേവറൈറ്റ് വില്ലോയായ ക്യാപ്പറ്റൻ ബാബർ രണ്ടാം കളിയിലും തിളങ്ങാനാവാതെ ഹൈദരാബാദ് സ്റ്റേഡിയത്തിൽ തല കുനിച്ച് നടന്നു. സ്കോർ 37 ന് 2,എന്നാൽ ഷഫീക്കും റിസ്വാനും ചേർന്ന് പാക് പ്രതീക്ഷകൾക്ക് ജീവൻ നൽകി. 103 പന്തിൽ 113 റൺസ് നേടിയ ഷഫീഖ് പുറത്താവുമ്പോയേക്ക് പാക് സ്കോർ 33 ഓവറിൽ 213 എന്ന സേഫ് ചേസിങ്ങ് പോയിന്റിൽ എത്തിയിരുന്നു. തുടർന്ന് ഷക്കീലിനെയും ഇഫ്തിക്കാറിനെയും കൂട്ടിപിടിച്ച് പാതിരാനയെ കണക്കിന് തല്ലിയോടിച്ച് പത്ത് പന്തുകൾ ബാക്കിനിൽക്കെ പാകിസ്ഥാന് വിജയം സമ്മാനിച്ചു.അമ്പത് ഓവർ ലോകക്കപ്പിലെ പാകിസ്ഥാന്റെ നിർണ്ണായക ചേസിംഗ് വിജയം. അമ്പത് ഓവറും വിക്കറ്റിന് പിന്നിൽ നിന്ന റിസ്‌വാൻ ചേസിങ്ങിലെ ഭൂരിഭാഗ സമയം ബാറ്റിംഗിലും ചിലവഴിച്ചുവെന്നത് കളിയിലെ പ്രതേകതയാണ്. ആദ്യ കളിയിൽ 42 പന്തിൽ 76 എടുത്ത മെൻഡിസ് ഈ കളിയിലും (77 പന്തിൽ 122) വെടി കെട്ട് പ്രകടനം നടത്തിയെന്നത് ശ്രീലങ്കൻ കീ ഫാക്ട്ടർ, ശ്രീ ലങ്കയെ ഈ ലോകകപ്പിൽ മുന്നോട്ട് നയിക്കുക ഈ ബാറ്ററുടെ മികവ് കൂടിയായിരിക്കും.
ഫലത്തിൽ പാകിസ്ഥാന് രണ്ട് ജയം നാല് പോയിന്റ്, ശ്രീലങ്കക്ക് രണ്ട് തോൽവിയോടെ അടുത്ത കളി നിർണ്ണായകം.