കോഹ്‍ലിയുടേത് ഒരു സെഞ്ച്വറിക്കൊതിയല്ല

മികവ് കാണിക്കാനും സ്ഥാനം കാണിക്കാനും പരസ്പരം മൽസരിക്കേണ്ടി വരുന്ന ഇന്ത്യൻ ടീമിന്റെ പുതിയ സാഹചര്യത്തിൽ പരസ്പരം അഭിനന്ദിച്ചും തമാശകളുണ്ടാക്കിയും ഒത്തിണക്കം സൃഷ്ടിച്ചെടുക്കുന്നതിൽ വിരാടിന് വലിയ പങ്കുണ്ട്. രോഹിതിന്റെ പ്രഷർ റിലീസാറായി പലപ്പോഴും അയാൾ ഗ്രൗണ്ടിൽ വർക്ക് ചെയ്യുന്നു. വ്യക്തിപരമായ കഴിവുകൾക്കപ്പുറം ഇന്ത്യ നിലവിൽ കാണിക്കുന്ന ടീം വർക്കും ഒത്തിണക്കവും അൽഭുതപ്പെടുത്തുന്നതാണ്. അതിൽ വിരാടിന് റോളുണ്ട്.

39-ാം ഓവറിന്റെ അഞ്ചാം പന്തിൽ ഹസൻ മഹ്മൂദിനെ ലെഗിലേക്ക് കോഹ്‍ലി സിക്സർ പറത്തുമ്പോൾ കോഹ്‍ലിക്ക് 80 റൺസും ഇന്ത്യക്ക് 237 റൺസുമായിരുന്നു സ്കോർ ബോർഡിൽ. ഇന്ത്യക്ക് വിജയത്തിലേക്കും കോഹ്‍ലിക്ക് സെഞ്ച്വറിയിലേക്കും ഇരുപത് റൺസിന്റെ ഒരേ ദൂരം. അന്നേരം മറു വശത്ത് മികച്ച സ്ട്രൈക്ക് ഫോമിൽ കെ.എൽ. രാഹുലുമുണ്ട്. അറുപതോളം പന്തുകൾ ബാക്കിനിൽക്കെ ബംഗ്ലാദേശുമായുള്ള ഈ ലോകകപ്പിലെ തങ്ങളുടെ നാലാം മത്സരത്തിലെ വിജയം നൂറുശതമാനം ഗ്യാരണ്ടിയിൽ ഇന്ത്യ ഉറപ്പിച്ചു കഴിഞ്ഞിരുന്നു. എന്നാൽ വിരാട് കോഹ്‍ലിയുടെ ലക്ഷ്യം സെഞ്ച്വറിയായിരുന്നു.

അഫ്ഗാനിസ്ഥനെതിരെ ദൽഹിയിലും ഓസീസിനെതിരെ ചെന്നൈയിലും അർധ സെഞ്ച്വറി നേടിയ കോഹ്‍ലി ലക്ഷ്യം മനസ്സിൽ കുറിച്ചു. സിംഗിളുകൾ ഉപേക്ഷിക്കാൻ കെ.എൽ. രാഹുലിന് ആംഗ്യം കാണിച്ചു. അവസാന പന്തിൽ സിംഗിളെടുത്ത് സ്ട്രൈക്ക് വീണ്ടെടുത്തു. ഞൊടിയിട നേരം കൊണ്ട് ഡബിളുകൾ ഓടിയെടുത്തു. രാഹുൽ പൂർണപിന്തുണ കൊടുത്തു. കാണികൾ വല്ലാത്ത ഒരു ആകാംഷയിൽ ‘കിങ് കോഹ്‍ലി’യെന്ന് ഗാലറിയിൽ അലറി വിളിച്ചുകൊണ്ടിരുന്നു. ഡ്രസിങ് റൂമിൽ കുൽദീപും ഗില്ലും ജഡേജയും രോഹിതുമെല്ലാം എണീറ്റിരുന്ന് പരസ്പരം ആ നിമിഷങ്ങളുടെ രസം പങ്കിട്ടു.

സെഞ്ചുറി നേട്ടം ബംഗ്ലാദേശിനെതിരെ സെഞ്ചുറി നേട്ടം ആഘോഷിക്കുന്ന വിരാട്

കളിയുടെ സ്ക്രീൻ വീണ്ടും മൈതാനത്തേക്ക് സൂം ചെയ്യപ്പെട്ടു. തൊട്ടടുത്ത ഓവറിൽ നസും അഹമ്മദിനെ സിക്സറും ഫോറും പറത്തി കോഹ്‍ലി അദ്ദേഹത്തിന്റെ ലക്ഷ്യത്തിന്റെ തൊട്ടടുത്തെത്തി. ബംഗ്ലാദേശ് ബൗളർമാർ വൈഡെറിഞ്ഞു എക്സ്ട്രാ റൺ വിട്ട് കൊടുത്ത് കോഹ്‍ലിയുടെ സെഞ്ച്വറി തടയാമെന്നാലോചിച്ചു. എന്നാൽ വിരാടിന്റെ കണക്ക് കൂട്ടലുകൾക്കപ്പുറത്ത് അവിടെയൊന്നും സംഭവിച്ചില്ല. 42-ാം ഓവറിന്റെ മൂന്നാം ബോളിൽ ഇന്ത്യക്ക് വിജയിക്കാൻ ഒരു റണ്ണും കോഹ്‍ലിയുടെ സെഞ്ച്വറിയ്ക്ക് രണ്ട് റണ്ണും എന്ന നിലയിലിരിക്കെ നസുമിനെ ക്രീസിൽ നിന്ന് ഒരടി കേറി മിഡ് വിക്കറ്റിന് മുകളിലൂടെയുള്ള റോക്കറ്റ് സിക്സറിലൂടെ വിജയ സെഞ്ച്വറി ലക്ഷ്യങ്ങൾ കോഹ്‍ലി ഭേദിച്ചു. ശരിക്കും 42-ാം ഓവറിലെ നസുമിന്റെ ആദ്യ രണ്ട് പന്തുകൾ മനപ്പൂർവ്വം അയാൾ ലീവ് ചെയ്തും പ്രതിരോധിച്ചും അതിനെ വാച്ച് ചെയ്യുകയായിരുന്നു. ക്രീസിന് തൊട്ട് മുന്നിൽ പിച്ച് ചെയ്ത് കറങ്ങി തിരിഞ്ഞ് ഉള്ളിലേക്ക് കയറുന്ന പന്തിനെ ഒരടി കേറി ഫുൾ ടോസ്സാക്കി മാറ്റാൻ അയാൾ തീരുമാനിക്കുന്നത് അങ്ങനെയാണ്. കളിയെയും എതിർ കളിക്കാരെയും തന്റെ വില്ലോയുടെ ഒത്ത നടുവിലേക്ക് കൊണ്ട് വരിക എക്കാലത്തും കോഹ്‍ലി പുലർത്തി വന്ന ഒരു ടെക്ക്നിക്കാണ്.

ശതകം നേടിയ അയാൾ മുമ്പെന്നുമില്ലാത്ത വിധം വിധം ബാറ്റുകൾ ഉയർത്തി കാട്ടിയും കാണികൾക്ക് നേരെ സന്തോഷം പ്രകടിപ്പിച്ചും നടന്ന് നീങ്ങി. ഏകദിനത്തിൽ അയാളുടെ 48-ാം സെഞ്ച്വറിയാണത്. ലോക ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ സച്ചിൻ ടെണ്ടുൽക്കറിന്റെ റെക്കോർഡിന് ഒരു സെഞ്ച്വറി മാത്രം അകലത്തിൽ. വിരാട് സെഞ്ച്വറിക്കൊതിയനാണെന്നും ടീം ഗെയിമല്ല കളിച്ചതെന്നും മുറുമുറുത്തവർ ഏറെയുണ്ടായിരുന്നു, ഈ മൽസരത്തിനുശേഷവും. എന്നാൽ വിരാട് ഈ കഴിഞ്ഞ പത്തിലധികം വർഷങ്ങളിൽ നിർണായക നിമിഷങ്ങളിലോരോന്നും തന്റെ വ്യക്തിഗത സ്കോർ നോക്കാതെ ടീമിനെ രക്ഷിപ്പിച്ചെടുത്ത അനേകം സന്ദർഭങ്ങളെ ഇവർക്കെങ്ങനെയാണ് ഒരൊറ്റ രാത്രിയിൽ റദ്ദ് ചെയ്യാൻ കഴിയുന്നത്. ടീം വിജയതീരത്തെത്തിയെന്ന ഉറപ്പുള്ള ആ സമയത്തിൽ അതിന് ചുക്കാൻ പിടിച്ച താരം വ്യക്തിഗതനേട്ടം കൂടി ലക്ഷ്യമിടുന്നതിൽ എന്താണ് തെറ്റ്? വ്യക്തിഗത നേട്ടങ്ങൾ കൂടി ചേർന്നതാണ് ക്രിക്കറ്റ്. അല്ലെങ്കിൽ നമുക്ക് സച്ചിൻ ഉണ്ടാകുമായിരുന്നോ?.

ഏഷ്യൻ കപ്പിലെ ബംഗ്ലാദേശിനെതിരെയുള്ള മൽസരത്തിൽ സച്ചിൻ ക്രിക്കറ്റിലെ തന്റെ നൂറാം സെഞ്ചുറി തികക്കുന്നു.

സെഞ്ച്വറിയുടെ വില ഏറ്റവും നന്നായി അറിയാവുന്ന രണ്ടു പേരാണ് ലോക ക്രിക്കറ്റിലുള്ളത്. ഒന്ന് സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കർ. ലോക ക്രിക്കറ്റിലെ തന്റെ മൂന്ന് ഫോർമാറ്റിലെയും കൂടിയുള്ള നൂറാം സെഞ്ച്വറിക്ക് അയാളും ഇന്ത്യക്കാരും എത്ര കാത്തിരുന്നതാണ്.

ഇതേ ബംഗ്ലാദേശിനെതിരെ ഏഷ്യാ കപ്പിൽ വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ സച്ചിൻ ടെണ്ടുൽക്കർ തന്റെ ആ നൂറാം സെഞ്ച്വറി കൂട്ടി ചേർക്കുമ്പോൾ പറഞ്ഞ വാക്കുകൾ ഓർക്കുന്നു: ‘‘ആ സെഞ്ച്വറിക്കുശേഷം ഞാൻ അത്യാഹ്ളാദം കാണിക്കുയോ വായുവിൽ ചാടി ഉയർന്നു പൊങ്ങുകയോ ചെയ്തില്ല. ബാറ്റ് മുകളിലേക്കുയർത്തി ഞാൻ ദൈവത്തോട് ചോദിക്കുകയായിരുന്നു. 99 സെഞ്ച്വറിക്ക് ശേഷം എന്തിനാണ് ഒരു സെഞ്ച്വറിക്കുവേണ്ടിയെന്നെ ഇത്ര നീണ്ടു പരീക്ഷിച്ചത്.’’
99 സെഞ്ച്വറികൾക്കുശേഷം വർഷങ്ങൾക്കിടയിൽ ആ സെഞ്ച്വറിക്കായി തൊണ്ണൂറിന് മുകളിൽ പൊരുതി വിക്കറ്റ് വീണ ഡസൻ കണക്കിന് മൽസരങ്ങളും 99-നു മുകളിലെത്തുമ്പോൾ മുട്ട് മടക്കുന്ന ദൈവവുമെന്നുള്ള ചിലരുടെയെങ്കിലും ഒളിഞ്ഞും തെളിഞ്ഞുമുള്ള പരിഹാസവും അയാൾ അപ്പോൾ ഓർത്തിരിക്കണം.

ഇതേ സാഹചര്യത്തിലൂടെ കടന്നുവന്ന കളിക്കാരനാണ് വിരാട്.

അഫ്ഗാനിസ്ഥാനെതിരെ ട്വന്റി ട്വന്റി മത്സരത്തിലെ സെഞ്ച്വറിയിലൂടെ മൂന്ന് വർഷത്തെ സെഞ്ച്വറി ബ്രെക്കിന് ശേഷം അയാൾ പറഞ്ഞ വാക്കുകൾ ഓർക്കുന്നു: ‘‘എനിക്ക് ഏറ്റവും വിലപ്പെട്ട സെഞ്ച്വറിയായിരുന്നു ഇത്. കുറച്ച് കാലങ്ങളായി ഫോം വീണ്ടെടുക്കാനാവാതെ ഡിപ്രഷനിലായിരുന്നു. ബാറ്റ് കൈ കൊണ്ട് തൊടാൻ പോലും മടിച്ച മാസങ്ങൾ ഉണ്ടായിരുന്നു. ആയിരക്കണക്കിന് ദിവസങ്ങൾക്കുശേഷമാണ് എന്റെ വില്ലോയിൽ നിന്ന് സെഞ്ച്വറി വരുന്നത്. ഈ സെഞ്ച്വറി ഭാര്യ അനുഷ്കക്കും ഞങ്ങളുടെ കൊച്ചു മോൾക്കും സമർപ്പിക്കുന്നു.’’

മാലയിൽ കോർത്ത വിവാഹ മോതിരം ഉയർത്തി കാട്ടി വിരാട് സെഞ്ചുറി നേട്ടം ഭാര്യ അനുഷ്കക്കും മകൾക്കും സമ്മാനിക്കുന്നു.

2008- ൽ ഇന്ത്യൻ ടീമിന് അണ്ടർ 19 കിരീടം നേടി കൊടുത്താണ് ഇന്ത്യൻ ക്രിക്കറ്റിന്റെ ബാറ്റിംഗ്‌ കൊട്ടകയിലേക്ക് അയാൾ പ്രവേശിക്കുന്നത്. പിന്നീട് ലോക ക്രിക്കറ്റ് ചരിത്രത്തിൽ ഒരു കാലത്തും തകർക്കപ്പെടില്ലെന്ന് തോന്നിച്ച സച്ചിന്റെ റെക്കോർഡുകൾ മറികടക്കുമെന്ന തോന്നിപ്പിക്കലിൽ അയാൾ ബാറ്റ് വീശി. പോസ്റ്റ്‌ടെൻഡുൽകർ ഇറയ്ക്ക് അതേ രാജ്യത്തുനിന്നൊരു അവകാശി പിറന്നിരിക്കുന്നു. സെഞ്ച്വറിയിൽ കുറഞ്ഞത് അയാളും അയാളിൽ നിന്ന് ഇന്ത്യക്കാരും പ്രതീക്ഷിക്കാതെയായി. കോഹ്‍ലി സെഞ്ച്വറി അടിക്കുന്നത് വാർത്തയല്ലാതായി. ടെസ്റ്റ്, ട്വന്റി, ഒഡി തുടങ്ങി മൂന്ന് ഫോർമാററ്റിലും നമ്പർ വണ്ണിലെത്തിയ ആദ്യ ഇന്ത്യക്കാരനായി. ഒരു ദശകത്തിനുള്ളിൽ 20,000 റൺസ് കൂട്ടി ചേർത്ത കളിക്കാരനായി. സച്ചിന്റെ റെക്കോർഡുകൾ ഓരോന്നായി ഭേദിക്കുന്നത് സന്തോഷത്തോടെ തന്നെ ആ രാജ്യത്തെ ജനങ്ങൾ കണ്ടു. സച്ചിൻ പൂർണ്ണാനുഗ്രഹാശസ്സുകളോടെ പിന്തുണയറിയിച്ചു. അങ്ങനെ ഉയർച്ചയുടെ ഏറ്റവും കൊടുമുടിയിൽ നിൽക്കെയാണ് കോഹ്‍ലിയുടെ കരിയറിൽ അപ്രതീക്ഷിത ട്വിസ്റ്റ്.

2020- നുശേഷം അയാൾ അയാളുടെ പ്രതിഭയുടെ നിഴലിന്റെ കോപ്പിയിലേക്ക് മാറി. റൺസ് ഒഴുകിയിരുന്ന അയാളുടെ ബാറ്റ് വറ്റിവരണ്ടു. ഒരു കാലത്തും താരങ്ങളുടെ പൂർവ്വ സംഭാവനകൾ പരിഗണിക്കാത്ത ബി സി സി എ അയാളുടെ ഒഡി ക്യാപ്റ്റൻ ക്യാപ്പ് തിരിച്ചു വാങ്ങി. സർവ്വ നിരാശയോടെയും സങ്കടത്തോടെയും ടെസ്റ്റ് ക്യാപ്റ്റൻസി അയാൾ രാജിവെച്ചു. ടീമിൽ നിന്ന് ചില മത്സരങ്ങളിൽ അയാളെ പുറത്ത് നിർത്തി.

നീണ്ട മൂന്ന് വർഷത്തിലധികം ഫോമില്ലാതെ ആത്മവിശ്വാസം നഷ്ട്ടപെട്ട് നിരാശവാനായ പഴയ വിരാട്

ഗവാസ്ക്കർ ഭാര്യ അനുഷ്ക എല്ലാ കളിയിലും കൂടെ വരുന്നതുകൊണ്ടാണ് വിരാട് ഫോമാവത്തത് എന്ന് സ്ത്രീവിരുദ്ധതയിൽ പരാമർശിച്ചു. വിരാടില്ലാത്ത ഒരു ട്വന്റി ലോകകപ്പ് സക്വഡ് 2022- ൽ പ്രതീക്ഷിച്ചു നിൽക്കുന്ന സമയത്താണ് അയാളുടെ തിരിച്ചു വരവുണ്ടാകുന്നത്. അഫ്ഗാനിസ്താനെതിരെയുള്ള സെഞ്ച്വറിക്ക് ശേഷം തന്റെ മാലയിൽ കോർത്ത അനുഷ്ക സമ്മാനിച്ച വിവാഹമോതിരം ഗാലറിയിലേക്ക് ഉയർത്തി കാട്ടുമ്പോൾ അയാൾ എന്തോ സംസാരിക്കുന്നുണ്ടായിരുന്നു. തന്റെ വിഷാദസമയത്ത് ധോണി മാതമാണ് ഇന്ത്യൻ ടീമിൽ കൂടെയുണ്ടായിരുന്നെന്ന് അയാൾ പിന്നീട് പറഞ്ഞിരുന്നു. എന്നാൽ അയാളുടെ പ്രതാപ കാലത്ത് അന്നും ഇന്നും അയാൾ എല്ലാർക്കുമൊപ്പമുണ്ട്. ഒരു പക്ഷേ മികവ് കാണിക്കാനും സ്ഥാനം കാണിക്കാനും പരസ്പരം മൽസരിക്കേണ്ടി വരുന്ന ഇന്ത്യൻ ടീമിന്റെ പുതിയ സാഹചര്യത്തിൽ പരസ്പരം അഭിനന്ദിച്ചും തമാശകളുണ്ടാക്കിയും ഒരു ഒത്തിണക്കം സൃഷ്ട്ടിച്ചെടുത്തതിൽ വിരാടിന് വലിയ പങ്കുണ്ട്. രോഹിതിന്റെ പ്രഷർ റിലീസാറായി പലപ്പോഴും അയാൾ ഗ്രൗണ്ടിൽ വർക്ക് ചെയ്യുന്നു. വ്യക്തിപരമായ കഴിവുകൾക്കപ്പുറം ഇന്ത്യ നിലവിൽ കാണിക്കുന്ന ടീം വർക്കും ഒത്തിണക്കവും അൽഭുതപ്പെടുത്തുന്നതാണ്. അതിൽ വിരാടിന് റോളുണ്ട്.

കളിക്കിടയിൽ പൂർണ്ണ ഉൽസാഹത്തോടെ സഹ കളിക്കാരെ പ്രോൽസാഹിപ്പിക്കുന്ന വിരാട്

വിരാടിന്റേത് ഇത് അവസാന ലോകകപ്പാണ്. 2011- ലെ ലോകകപ്പ് നേടിയ കാലഘട്ടത്തിൽ നിന്ന് അവശേഷിക്കുന്ന ഒരേ ഒരാൾ. ഗിൽ ഡെങ്കി കഴിഞ്ഞ് രോഹിതിനൊപ്പം ഓപ്പണിങ്ങിൽ വീണ്ടും ജോയിൻ ചെയ്തപ്പോൾ ഈ ലോകകപ്പിലെ ഏറ്റവും പെർഫക്ക്റ്റ് ക്ലാസ്സ് ഓപ്പണിങ് ഇരുവരുമാണെന്ന് തോന്നി. മൂന്നാം നമ്പറിൽ അതിലും വലിയ ക്ലാസ് ബാറ്റിങ്ങ് തുടർച്ചയായി കോഹ്‍ലി വരുമ്പോൾ കുറച്ചു കാലങ്ങൾക്കപ്പുറം അയാളുടെ ബാറ്റിങ്ങിനെ നമ്മൾ മിസ്സ് ചെയ്യുമെന്നോർത്ത് നമ്മൾ വിഷമ ഘട്ടത്തിലാവുന്നു.

ആ മൂന്നുവർഷത്തെ, അല്ലെങ്കിൽ ആയിരത്തിന് മുകളിലുള്ള ഫോമില്ലാത്ത ആ ഇടവേളയില്ലായിരുന്നെങ്കിൽ കോഹ്‍ലിയുടെ സ്ഥാനം എവിടെയായിരിക്കുമെന്ന് പലപ്പോഴും സങ്കൽപ്പിച്ചു നോക്കിയിട്ടുണ്ട്. ലോക ക്രിക്കറ്റിൽ ഒരു താരം രണ്ട് ദശകങ്ങൾ നീണ്ട് ബാറ്റ് വീശിയാലും തകർക്കപ്പെടാനാവാത്ത റെക്കോർഡുകൾക്ക് മുകളിലായിരിക്കണം അപ്പോൾ അയാൾ. എന്നാൽ ഫോം നഷ്ട്ടമായ കടുത്ത വിഷാദ നാളുകളിൽ നിന്നും ഇന്ത്യ പോലുള്ള കോമ്പറ്റീറ്റീവ് ബാറ്റിങ്ങ് ഓർഡറിലേക്ക് രാജകീയമായി തിരിച്ചു കയറി എന്നതാണ് അതിനേക്കാൾ അയാളെ മികച്ച ക്രിക്കറ്ററാക്കുന്നത് എന്ന് ഞാൻ മനസ്സിലാക്കുന്നു.

ബംഗ്ലാദേശ് പേസർ ഷൊരിഫുൾ ഇസ്ലാമിനെ നേരിടുന്ന വിരാട്

ലോകകപ്പിന് മുമ്പുള്ള വാർത്താസമ്മേളനത്തിൽ ലോകകപ്പിൽ നിലവിൽ മൂന്ന് സെഞ്ച്വറികളുള്ള തനിക്ക് ബിഗ് ഇന്നിങ്സ് കളിക്കാനുള്ള കൊതിയെ കുറിച്ച് വിരാട് തുറന്നുപറഞ്ഞിരുന്നു. എൺപത് റൺസ് എടുത്ത് നിൽക്കുമ്പോൾ വിജയലക്ഷ്യമായ ഇരുപത് റൺസിന് വേണ്ടി അയാൾ കളിച്ച കളി അതിലേക്കാണ് ഓർമ തന്നത്. സിംഗിളെടുക്കാതെ സ്ട്രൈക്ക് കൈമാറാതെ ക്രീസ് കീപ്പ് ചെയ്തപ്പോൾ വിക്കറ്റ് പോയിരുന്നെങ്കിൽ എന്താകുമായിരുന്നെന്ന് വിരാടിനെ കൂടുതലറിയാത്ത ചിലരെങ്കിലും ആശങ്ക പെട്ടിട്ടുണ്ടാകും. എന്നാൽ വിരാട് പോലും അതിനെ കുറിച്ച് ചിന്തിച്ച് പോലുമുണ്ടാവില്ല. ക്രീസിൽ നിന്ന് മാറി റിസ്ക് ഫൂട്ടുകളും ക്ലാസ്സിനപ്പുറത്തുള്ള കൂറ്റൻ ബൗണ്ടറി ശ്രമങ്ങൾ നടത്തുമ്പോയും വിക്കറ്റ് പോവില്ലെന്ന് ഉറപ്പ് തരുന്ന ഒരു സുരക്ഷിതത്വമുണ്ട് വിരാടിൽ. പവർ ഹിറ്റർമാർ ഇന്ത്യയിൽ തുടർച്ചയായി അവതരിച്ചെങ്കിലും വിരാടിനുശേഷം ടീം ഇന്ത്യയും ക്രിക്കറ്റും മിസ് ചെയ്യുക ആ സുരക്ഷിതത്വ ബോധമായിരിക്കും. അത് മിനിമം ഈ ലോകകപ്പിലെങ്കിലും കൂടെയുണ്ട് എന്നതാണ് നമ്മുടെ ആത്മവിശ്വാസം.

Comments