ടി-20 വേൾഡ് കപ്പ്; ഇന്ത്യയുടെ 'കളി' കഴിഞ്ഞു, ഇനിയെന്ത് ?

അതിവൈകാരികമായ ദേശീയ വികാരമില്ലാത്ത ആരും ഇന്ത്യയെ ജയിക്കു എന്ന ഉറപ്പിൽ കളികാണാൻ ഇരിക്കാൻ സാധ്യതയില്ല. കാരണം മറ്റൊന്നുമല്ല, ഇന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുന്ന ടീമുകൾക്കിടയിലെ അന്തരം വളരെ ചെറുതാണ്. മത്സരം കടുത്തതും. തങ്ങളുടെ ദിവസത്തിൽ ഏത് വമ്പനെയും വീഴ്ത്താൻ പോന്നവരാണ് അയർലണ്ടും, നെതർലൻഡും, സിംബാവെയും അഫ്ഗാനും പോലെയുള്ളവർ പോലും. എങ്കിലും ഈ മത്സരം മറ്റൊരു വിധത്തിൽ അപ്രതീക്ഷിതം തന്നെയായിരുന്നു.

ട്ടാമത് ടി ട്വന്റി ലോകകപ്പ് ഫൈനലിൽ ഇന്ത്യ ഉണ്ടാവില്ല. അതിൽ മാറ്റുരയ്ക്കുന്നത് ഇംഗ്ലണ്ടും പാകിസ്ഥാനും ആയിരിക്കും. ആരുജയിച്ചാലും അതവരുടെ രണ്ടാം കിരീടനേട്ടമായിരിക്കും. ആദ്യ ടി ട്വന്റി ലോകകപ്പ് നേടിയ ഇന്ത്യയ്ക്ക് ഒരിക്കൽ കൂടി അതിൽ മുത്തമിടാനുള്ള കാത്തിരിപ്പ് ഒന്നര പതിറ്റാണ്ട് പിന്നിടും.

ഏതൊരു ഇന്ത്യക്കാരനും സ്വാഭാവികമായും ഈ കളി ഇന്ത്യ ജയിക്കും എന്ന പ്രതീക്ഷയോടെ ആയിരിക്കും കണ്ടിട്ടുണ്ടാവുക. എന്നാൽ അതിൽ അതിവൈകാരികമായ ദേശീയ വികാരമില്ലാത്ത ആരും ഇന്ത്യയെ ജയിക്കു എന്ന ഉറപ്പിൽ കളികാണാൻ ഇരിക്കാൻ സാധ്യതയില്ല. കാരണം മറ്റൊന്നുമല്ല, ഇന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുന്ന ടീമുകൾക്കിടയിലെ അന്തരം വളരെ ചെറുതാണ്. മത്സരം കടുത്തതും. തങ്ങളുടെ ദിവസത്തിൽ ഏത് വമ്പനെയും വീഴ്ത്താൻ പോന്നവരാണ് അയർലണ്ടും, നെതർലൻഡും, സിംബാവെയും അഫ്ഗാനും പോലെയുള്ളവർ പോലും. എങ്കിലും ഈ മത്സരം മറ്റൊരു വിധത്തിൽ അപ്രതീക്ഷിതം തന്നെയായിരുന്നു.

ഇന്ത്യ -ഇംഗ്ലണ്ട് മത്സര പൂർവ്വ ബലാബലം

ടീം ഘടനയും ഒന്നിനൊന്ന് താൻപോരിമയും ഒക്കെ വച്ച് നോക്കിയാൽ തുല്യ ശക്തികളുടെ പോരാട്ടമായെ ആർക്കും അതിനെ വിലയിരുത്താൻ ആകുമായിരുന്നുള്ളു. ടി 20 ഓൾ റൗണ്ടർമാരുടെ കളിയാണ് എന്ന് പറയും. അങ്ങനെയെങ്കിൽ മുൻ തൂക്കം ഇംഗ്ലണ്ടിനാവും എന്നതും പ്രവചിക്കപ്പെട്ടത് തന്നെയാണ്. കാരണം ബെൻ സ്റ്റോക്‌സ്, മോയിൻ അലി, സാം കരൺ എന്നിങ്ങനെ മൂന്ന് പേരെയെങ്കിലും നമുക്ക് അങ്ങനെ വിളിക്കാൻ ആവും. ഇന്ത്യയ്ക്ക് ആകെ ഉള്ളത് ഒരു ഹാർദ്ദിക് മാത്രമാണ്. ഇനി ഇവരെ കൂടാതെ ഇംഗ്ലണ്ടിന് ക്രിസ് വോക്സ് എന്ന ബൗളിംഗ് ഓൾറൗണ്ടർ ഉണ്ട്. ആദിൽ റഷിദും ഒരു പന്ത് തൊടാത്ത വാലറ്റക്കാരനല്ല. ഇന്ത്യക്ക് അക്ഷർ പട്ടേൽ, അശ്വിൻ എന്നിങ്ങനെ രണ്ട് ബൗളിംഗ് ഓൾറൗണ്ടർമാർ ഉണ്ട് എന്ന് പറഞ്ഞാലും ഷമിയും അർഷദിപും ഉൾപ്പെടെ രണ്ട് വാലറ്റക്കാർ ഉണ്ട്. ഭൂവിൽ നിന്നും ടി ട്വന്റിയിൽ വലിയ കോൺഡ്രിബ്യുഷൻ ഒന്നും ബാറ്റിംഗിൽ പ്രതീക്ഷിക്കാൻ ആവില്ല എന്ന നിലയിൽ ഇംഗ്ലണ്ട് ടിം ഘടനയിൽ പ്രകടമായും കൂടുതൽ സന്തുലിതമാണ്.

ഇത് മാത്രമല്ല, മറ്റ് രണ്ട് ഘടകങ്ങൾ കൂടിയുണ്ട്. അതിൽ ഒന്ന്, ബൗളർമാരിൽ അത്യാവശ്യം ബാറ്റ് ചെയ്യുന്ന സാം കരനെയും ക്രിസ് വോക്സിനേയും പോലെയുള്ളവരുടെ അഭാവം മാത്രമല്ല, ബാറ്റ്സ്മാൻമാരിൽ അത്യാവശ്യം ബൗൾ ചെയ്യാൻ ആവുന്നവരുടെ അഭാവവും ഇന്ത്യൻ ടീമിൽ ഉണ്ട് എന്നതാണ്. ലിയാം ലിവിങ്സ്റ്റണെ പോലെ, മോയിൻ അലിയെ പോലെ ഏത് മത്സരത്തിലും രണ്ടുമൂന്ന് ഓവർ വിശ്വസിച്ച് ഏല്പിക്കാവുന്ന ഹാർഡ് ഹിറ്റിങ് ബാറ്റ്‌സ്മാൻമാരുടെ അഭാവം. നമുക്ക് ആകെയുള്ള ബൗൾ ചെയ്യുന്ന ബാറ്റ്‌സ്മാൻ ദിപക് ഹൂഡ ആയിരുന്നു. അയാൾ ആവട്ടെ ലിവിങ്സ്റ്റണിനെയും മോയിൻ അലിയെയും പോലെ എല്ലാ കണ്ടിഷൻസിലും ഒരുപോലെ കഴിവ് തെളിയിച്ച ഒരു താരം ആയിരുന്നുമില്ല.

മൂന്നാമത്തെ ഘടകം ഓപ്പണിങ് തന്നെ. ബട്‌ലറും ഹെയിൽസും ഈ ടുർണമെന്റിൽ ഇതിനോടകം തന്നെ ക്ലിക്ക് ആയ ഓപ്പണിങ് ജോഡിയാണ്. എന്നാൽ രോഹിത് ശർമ ഇക്കുറി തീരെ ഫോമിൽ ആയിരുന്നില്ല. രാഹുൽ പരിക്ക് കഴിഞ്ഞ് തിരിച്ചുവരുന്നു എന്നതുകൊണ്ട് തന്നെ തന്റെ പതിവ് അനായാസ ശൈലിയിലേക്ക് എത്തിയിരുന്നുമില്ല. മറ്റൊരു പ്രശ്നം സ്പിൻ ഡിപ്പാർട്ട്‌മെന്റിൽ ആയിരുന്നു. അക്ഷർ പട്ടേൽ തികച്ചും ഫോമിൽ എത്താതെപോയ ഒരു ടുർണമെന്റിൽ രണ്ടാം സ്പിന്നർ ആയ അശ്വിനും സ്ഥിരതയോടെ ബൗൾ ചെയ്യാൻ ആവാതെ പോയി. ഇതൊക്കെ പരിഗണിക്കുമ്പോൾ ഇംഗ്ലണ്ടിനുള്ള സ്വാഭാവികമായ മേൽകൈ മറികടക്കാൻ ഇന്ത്യക്ക് വേണ്ടിയിരുന്നത് ശരിക്കും ഒരു സ്പെഷ്യൽ പ്രകടനമായിരുന്നു.

നടക്കാതെ പോയ "സ്പെഷ്യൽ '

ഒരു രോഹിത് ശർമ്മ സ്പെഷ്യൽ ഓരോ കളിയിലും ഇന്ത്യ പ്രതീക്ഷിച്ചിരുന്നു. പ്രതിഭയിൽ സംശയമില്ല എന്നതുകൊണ്ട് തന്നെ ഈ കളിയിൽ ആവും, ഈ കളിയിൽ ആവും എന്ന ആ പ്രതീക്ഷ ടുർണമെന്റിൽ ഉടനീളം പരാജയപ്പെട്ടു. മറ്റൊരു പ്രശ്നം ഏതാണ്ട് ഒരേ ശൈലിയിൽ കളിക്കുന്ന കളിക്കാർ ആണ് ആദ്യ മൂന്ന് നമ്പറിലും നമുക്ക് ഉള്ളത് എന്നതാണ്. തുടക്കത്തിൽ പ്രതിരോധിച്ച് കളിച്ച് സെറ്റ് ആയ ശേഷം അടിച്ച് തകർക്കുക എന്ന ശൈലിയാണ് രാഹുലും രോഹിതും കോലിയും പിന്തുടരുന്നത്. അത് ഉണ്ടാക്കുന്ന മന്ദഗതി അവരിൽ ആരെങ്കിലും ഒരാൾ നിന്ന് കളിച്ച് തുടർന്ന് വരുന്ന സൂര്യ, ഹാർദിക്, ഫിനിഷിങ് സ്‌പെഷ്യലിസ്റ്റ് കാർത്തിക് ഒക്കെ വഴി മറികടക്കുക എന്നതും. സെമിയിൽ രാഹുൽ നേരത്തെ പുറത്തായി. രോഹിത് ആവട്ടെ ഇരുപത്തിയെട്ട് പന്ത് കളിച്ച് ഇരുപത്തിയേഴ് റൺ മാത്രം എടുത്ത് നിർണ്ണായക സമയത്ത് പുറത്താവുകയും ചെയ്തു.

ടുർണ്ണമെന്റിൽ ഉടനീളം ഉജ്വല ഫോമിലായിരുന്ന കോലി ഇക്കുറിയും നിരാശപ്പെടുത്തിയില്ലെങ്കിലും നാല്പത് പന്തിൽ അമ്പത് എന്നത് അയാളുടെ നിലവാരത്തിൽ ഒരു മികച്ച ഇന്നിംഗ്സിന്റെ അടിത്തറ മാത്രമേ ആവുന്നുള്ളൂ. പിന്നെ നേടുന്ന ഇരുപത്, മുപ്പത് റൺ ആണ് ആ ഇന്നിംഗ്സിനെ സ്പെഷ്യൽ ആക്കുന്നത്. അത് ഉണ്ടായില്ല. ഒപ്പം പല കളികളിലും നമ്മളെ ജാമ്യത്തിൽ എടുത്ത സൂര്യകുമാർ സ്‌പെഷ്യലും ഇക്കുറി ഉണ്ടായില്ല. ഒമ്പതാം ഓവറിൽ രോഹിത്തും പന്ത്രണ്ടാം ഓവറിൽ സൂര്യയും പുറത്തായതോടെ മറ്റൊരു സാധ്യതയും നടക്കാതെ പോവുകയായിരുന്നു, മറ്റൊരു സ്പെഷ്യൽ.

ഇംഗ്ലണ്ട് ബൗളിങ്ങിന്റെ കുന്തമുന ആയിരുന്ന മൂന്ന് ബൗളർമാർ സാം കരൺ, വോക്സ്, മാർക് വുഡ് എന്നിവർ ആയിരുന്നു. പിന്നെ ലെഗ് സ്പിന്നർ ആദിൽ റാഷിദും. അഞ്ചാം ബൗളറായി അവർ സ്റ്റോക്‌സ്, ലിവിങ്സ്റ്റൺ, മോയിൻ അലി എന്നിങ്ങനെ മൂന്ന് പേരെയും ഉപയോഗിച്ച് പോന്നിരുന്നു. സ്വാഭാവികമായും സ്പിന്നിനെതിരെ പ്രത്യേക ആധിപത്യമുള്ള സബ് കോണ്ടിനെന്റൽ കളിക്കാർ എന്ന നിലയിൽ ഇന്ത്യ ആക്രമിക്കാൻ ലക്ഷ്യം വയ്ക്കേണ്ടിയിരുന്നത് ആദിൽ റഷീദ്, മോയിൻ അലി, ലിവിങ്സ്റ്റൺ, ബെൻ സ്റ്റോക്‌സ് എന്നിവരെ ആയിരുന്നു.

ബെൻ സ്റ്റോക്‌സിനെ കൊണ്ട് ആദ്യമേ രണ്ട് ഓവർ എറിയിക്കുക എന്നത് ഇന്ത്യൻ ഓപണർമാരുടെ ഫോമിലെ ഉറപ്പില്ലായ്മയും അത് ഉണ്ടാക്കുന്ന പ്രതിരോധം ആദ്യം എന്ന സമീപനവും മുൻകൂട്ടി കണ്ടുള്ള ഒന്നായിരുന്നു. സ്റ്റോക്‌സിന്റെ രണ്ട് ഓവർ പതിനെട്ട് റണ്ണിൽ കഴിഞ്ഞു. വെല്ലുവിളി ആവും എന്ന് കരുതപ്പെട്ടിരുന്ന സാം കരണിനെതിരെ 10.50 ശരാശരിയിലും മാർക് വുഡിന്റെ പകരക്കാരനായി വന്ന ജോർദ്ദാനെതിരെ അതിലധികവും റൺ നേടാൻ ഇന്ത്യക്ക് ആയി എങ്കിലും ലെഗ് സ്പിന്നർ റാഷിദിന്റെ നാലോവറിൽ 20 , ലിവിങ്സണിന്റെ മൂന്ന് ഓവറിൽ 21 എന്നിങ്ങനെ മാത്രമേ നമുക്ക് സ്‌കോർ ചെയ്യാനായുള്ളു. അതായത് ഇന്ത്യൻ ബാറ്റ്‌സ്മാൻമാരുടെ പരമ്പരാഗത ശക്തിയെന്ന നിലയിൽ അവർ ഇന്നിംഗ്സിൽ കുത്തനെ ഉള്ള മൊമന്റത്തിനു ലക്ഷ്യം വെക്കേണ്ടിയിരുന്ന ഏഴ് ഓവറുകൾ വെറും നാൽപത്തിയൊന്ന് റൺ മാത്രമാണ് തന്നത്. ഒപ്പം ഒരു വിക്കറ്റും നഷ്ടമായി. ഇതാണ് സെമിയിൽ ഇന്ത്യക്ക് നഷ്ടമായ ഏറ്റവും കോസ്റ്റലി സ്പെഷ്യൽ.

ബൗളിംഗ് പരാജയം

അഡലൈഡ് ഓവലിൽ ഈ കാലാവസ്ഥയിൽ ടോസ് നേടുന്ന ആരും ചെയ്യുന്നതേ ഇംഗ്ലണ്ട് ചെയ്തുള്ളു. ടോസ് കിട്ടിയതുകൊണ്ട് മാത്രമെന്ന് പറയാൻ ആവില്ലെങ്കിലും പവർ പ്‌ളേ ഓവറുകളിൽ ഇന്ത്യയെ വരിഞ്ഞുകെട്ടാൻ പതിവ് പോലെ അവർക്കും കഴിഞ്ഞു. തുടർന്ന് സുര്യ സ്പെഷ്യൽ, കോലി സ്പെഷ്യൽ ഒന്നും ഉണ്ടായില്ലെങ്കിലും നൂറ്റിതൊണ്ണൂറ് സ്ട്രൈക് റേറ്റിൽ ഹാർദിക്ക് അഞ്ച് സിക്‌സ് ഉൾപ്പെടെ മുപ്പത്തിമൂന്ന് പന്തിൽ നേടിയ അറുപത്തിമൂന്ന് റൺ ആണ് ഇന്ത്യയെ പതിനെട്ടാം ഓവറിൽ നാലുവിക്കറ്റ് നഷ്ടത്തിൽ നൂറ്റി മുപ്പത്തിയാറ് എന്ന നിലയിൽ നിന്നും മാന്യമായ ഒരു സ്‌കോറിൽ എത്തിച്ചത്.

പ്രതീക്ഷിച്ചതുപോലെ മഴ എത്താത്തതുകൊണ്ട് വെയിലേറ്റ് ഉണങ്ങുന്ന പിച്ചിൽ ബാറ്റിങ്ങ് കൂടുതൽ ആയാസരഹിതമാവും എന്നത് പ്രെഡിക്റ്റബിൾ ആയിരുന്നു. എന്നാൽ എപ്പോ വേണമെങ്കിലും മഴ പെയ്യാം എന്നത് കണക്കിലെടുക്കുമ്പോൾ ഇംഗ്ലണ്ടിന്റെ തന്ത്രം സിംപിൾ ആയിരുന്നു. ബംഗ്ലാദേശ് ഇന്ത്യയ്ക്ക് എതിരെ പ്രയോഗിച്ച അതെ തന്ത്രം, പവർ പ്ലെയിൽ പരമാവധി റൺ നേടാൻ ശ്രമിക്കുക എന്നത്. ബട്‌ലർ ഹെയിൽസ് ജോഡി ഇത്തരം ഒരു തന്ത്രത്തെ നടപ്പിലാക്കാൻ സ്വാഭാവിക ശേഷിയുള്ളവർ ആണെന്നത് എല്ലാവർക്കും അറിയാവുന്നതാണ്. അപ്പോൾ അതിനെതിരെ ഇന്ത്യക്ക് പ്രതീക്ഷിക്കാനുള്ളത് ഒരു സ്പെഷ്യൽ മൊമന്റ് ആയിരുന്നു. ഒരു ഉജ്വല റൺ ഔട്ട്, ഒരു മാജിക് ബോൾ, ഒരു ഹിറ്റ് വിക്കറ്റ് ... ഒന്നും ഉണ്ടായില്ല.

തുടക്കത്തിൽ ഉണ്ടാകേണ്ടിയിരുന്നത് ഉണ്ടായില്ലെങ്കിൽ ബാറ്റിംഗിന് അനുകൂലമാകുന്ന പിച്ചും കുറഞ്ഞുവരുന്ന സ്‌കോർബോർഡ് പ്രഷറും വിക്കറ്റ് വീഴ്ച ബൗളിംഗ് ടിമിന്റെ പ്രതീക്ഷ മാത്രമാക്കി മാറ്റും. പാകിസ്ഥാൻ ന്യുസിലൻഡിനെതിരെ കളിച്ചപ്പോൾ സംഭവിച്ചതും ഇത് തന്നെ. അവരുടെ ഒരു വിക്കറ്റ് എങ്കിലും എടുക്കണം എന്നായി ചുരുങ്ങിയ ആഗ്രഹം ഭാഗ്യത്തിന് മൂന്നായി ഭവിച്ചു. പക്ഷേ കളി സമ്പൂർണ്ണമായി തോറ്റു. എന്നാൽ ഈ ഒരൊറ്റ കളി വച്ച് ന്യുസിലാൻഡ് ടീമിന്റെ ബൗളർമാരെ അവർ പണി മതിയാക്കിച്ച് കന്നുപൂട്ടിക്കാൻ വിടുമോ? അവരുടെ കാര്യം അറിയില്ല. നമ്മുടെ ക്രിക്കറ്റ് ആരാധരുടെ കയ്യിൽ അവരുടെ ഭാവി തീരുമാനിക്കാനുള്ള അധികാരം ഉണ്ടായിരുന്നെങ്കിൽ അത് പക്ഷേ ഉറപ്പായി നടന്നേനെ. ചുരുങ്ങിയത് രോഹിത്, രാഹുൽ, അക്ഷർ, അശ്വിൻ, പന്ത് , ഷമി ഒക്കെയും പിന്നെ ക്രിക്കറ്റ് മൈതാനം കാണില്ല.

എട്ടാം ടി ട്വന്റി ലോകകപ്പ് സെമിയിൽ ഇംഗ്ലണ്ട് ഇന്ത്യയെ കളിയുടെ എല്ലാ മേഖലകളിലും ആധിപത്യം നേടിക്കൊണ്ട് തീർത്തും പരാജയപ്പെടുത്തി. ആ വസ്തുതയെ അംഗീകരിച്ചും ഇംഗ്ലണ്ട് ടീമിനെ ഹൃദയം തുറന്ന് അഭിനന്ദിച്ചുകൊണ്ടും ഇന്ത്യൻ ഫാൻസിന്റെ ഓർമ്മയ്ക്ക് വേണ്ടി മാത്രമായി കുറച്ച് സ്ഥിതിവിവര കണക്ക് കൂടി ചേർക്കട്ടെ.

കപ്പ് നേട്ടവും വിജയ ശതമാനവും

ടി 20 ലോകകപ്പിൽ ഏറ്റവും അധികം മത്സരങ്ങൾ കളിച്ച ശ്രീലങ്കയ്ക്ക് തന്നെയാണ് ഏറ്റവും മികച്ച വിൻ പേഴ്‌സന്റേജ് . മൊത്തം 43 മത്സരങ്ങൾ കളിക്കുകയും അതിൽ ഇരുപത്തിയേഴിലും ജയിക്കുകയും അതിനിടെ മൂന്ന് തവണ ഫൈനലിൽ എത്തുകയും ചെയ്ത ലങ്കയുടെ വിജയ ശതമാനം 63. 95 ആണ്. അവരെക്കാൾ അഞ്ച് മത്സരം കുറച്ച് മാത്രം കളിച്ചിട്ടുള്ള ഇന്ത്യയാവട്ടെ 38 മത്സരങ്ങളിൽ നിന്നും 23 വിജയവും 13 പരാജയവുമായി തൊട്ട് പിന്നിൽ ഉണ്ട്. 63 . 51 ആണ് രണ്ടുതവണ ഫൈനലിൽ എത്തിയ ഇന്ത്യയുടെ വിജയശതമാനം. ലങ്ക ഇക്കുറി സെമി കണ്ടില്ല. ഇന്ത്യ സെമിയിൽ തോറ്റു.

ഇത്തവണത്തേത് കൂടി കൂട്ടിയാൽ ലങ്കയ്ക്ക് ശേഷം മൂന്ന് തവണ ഫൈനലിൽ എത്തിയ ടീമാണ് പാകിസ്ഥാൻ. അവർ ആകെ കളിച്ച 40 മത്സരങ്ങളിൽ 24 ലും ജയിച്ച് 61 ശതമാനം വിജയവുമായി ആണ് മൂന്നാം അങ്കത്തിന് ഇറങ്ങുന്നത്. ഇന്ത്യ സെമി ജയിച്ചിരുന്നുവെങ്കിൽ അവരുടെയും മൂന്നാമത്തെ ഫൈനൽ ആവുമായിരുന്നു ഇത്. ഇംഗ്ലണ്ടിനോ? അവർക്കും ഇത് മൂന്നാമങ്കം തന്നെ. എന്നാൽ അവരുടെ റെക്കോഡോ? ഇംഗ്ലണ്ട് ആകെ കളിച്ച 38 ൽ 19 കളി ജയിക്കുകയും 18 എണ്ണത്തിൽ തോൽക്കുകയും ചെയ്തു. ശരാശരി 51 .35 . എന്നാൽ രണ്ടുതവണ ഫൈനലിൽ എത്തുകയും ഒരുതവണ കപ്പെടുക്കുകയും ചെയ്തു. അവരെക്കാൾ വളരെ മെച്ചം ശരാശരിയിൽ (62 .85 ) കളിച്ച 35ൽ 22 ഉം ജയിച്ച സൗത്ത് ആഫ്രിക്കയ്ക്കാവട്ടെ ഒരിക്കൽ പോലും ഫൈനലിൽ എത്താനായില്ല. ഇക്കുറി അവർ അവസാന രണ്ട് വരെ ഗ്രുപ്പിൾ ഒന്നാം സ്ഥാനത്ത് നിന്നിട്ട് അവസാന മത്സരത്തിൽ നെതർലണ്ടിനോട് അപ്രതീക്ഷിത പരാജയം ഏറ്റുവാങ്ങി സെമി കാണാതെ പുറത്താവുകയായിരുന്നു.

ഇനി, ടി 20 ലോകകപ്പിന്റെ നാളിതുവരെയുള്ള ചരിത്രത്തിൽ രണ്ട് തവണ കപ്പ് നേടിയ ആയ വെസ്റ്റ് ഇൻഡിസോ? കളിച്ച 36 കളിയിൽ പകുതി, 18 വിജയം മാത്രം.തോൽവിയുടെ എണ്ണത്തിൽ ടെസ്റ്റ് കളിക്കുന്ന റ്റീമുകളിൽ 25 പരാജയങ്ങളുമായി ബംഗ്ലാദേശ് , 18 തോൽവിയുമായി ഇംഗ്ലണ്ട് എന്നീ റ്റീമുകൾ മാത്രമാണ് അവരുടെ 16 എന്ന സംഖ്യയ്ക്കും മുമ്പിൽ ഉള്ളത്.എന്നിട്ടും വെസ്റ്റ് ഇൻഡീസും ഇംഗ്ലണ്ടും രണ്ടുതവണ ഫൈനലിൽ എത്തി. രണ്ടുതവണയും വിൻഡീസ് കപ്പ് എടുത്തു . ഇംഗ്ലണ്ട് ഒരിക്കലും.

ഹെഡ് ടു ഹെഡ്

രണ്ടായിരത്തി ഏഴ് മുതൽ ഇരുപത്തിരണ്ട് വരെയുള്ള പതിനഞ്ച് കൊല്ലത്തിനിടയിൽ നടക്കുന്ന എട്ടാമത് ലോക ടി 20 ലോകകപ്പിന്റെ സെമി ഫൈനലിൽ ആണ് ഇന്ത്യ ഇംഗ്ലണ്ടിനോട് തോറ്റ് പുറത്താവുന്നത്. എന്നാൽ ഈ കാലയളവിനിടയിൽ ഈ രണ്ട് ടീമുകൾ തമ്മിൾ മുമ്പ് ഏറ്റുമുട്ടിയത് ആകെ മൂന്ന് തവണ മാത്രമാണ്. യുവരാജ് ബ്രോഡിനെതിരെ ഒരോവറിൽ ആറ് സിക്‌സർ പറത്തിയ ആദ്യലോകകപ്പ് മത്സരത്തിൽ ഇന്ത്യ ജയിച്ചു. രണ്ടാമത്തെ ഏറ്റുമുട്ടലിൽ റയാൻ സൈഡ്ബോട്ടം എന്ന കൈയ്യൻ ബൗളറിന്റെ പ്രകടനത്തിൽ മൂന്ന് റണ്ണിന് ഇന്ത്യ തോറ്റു . മൂന്നാമത്തെ ഏറ്റ് മുട്ടലിൽ വലിയ മാർജിനിൽ ഇന്ത്യ പിന്നെയും ജയിച്ചു. ഇക്കുറി ഇംഗ്ലണ്ടും.

ഈ പതിനഞ്ച് കൊല്ലത്തിനിടയിൽ ആകെ 22 മത്സരങ്ങളെ ഇരു ടീമുകളും തമ്മിൽ കളിച്ചിട്ടുള്ളു. ഇതിൽ പന്ത്രണ്ടിൽ വിജയം ഇന്ത്യയ്ക്ക്. അവസാന അഞ്ച് മത്സരങ്ങളിൽ നാലിലും വിജയം ഇന്ത്യയ്ക്ക് ഒപ്പമായിരുന്നു. അതിൽ രണ്ടെണ്ണം ലണ്ടനിൽ വച്ചും.രണ്ടായിരത്തി ഇരുപത്തിയൊന്നിലും രണ്ടിലുമായി നടന്ന ഈ അഞ്ച് കളികളിൽ കളിച്ചത് ഏതാണ്ട് ഇതേ താരങ്ങൾ തന്നെയാണ്. എന്നുവച്ചാൽ ഈ പറഞ്ഞ രോഹിതും രാഹുലും അവരെ തിരഞ്ഞെടുത്ത ബോഡും ഭരണസംവിധാനവും ഒക്കെ തന്നെ.

അക്ഷർ പട്ടേലിന് ക്രിക്കറ്റ് കളിക്കാൻ അറിയില്ല, കെ എൽ രാഹുലിന് വൈറ്റ് ബോൾ ക്രിക്കറ്റ് എന്തെന്ന് അറിയില്ല, അശ്വിനും രോഹിതും വിരമിക്കേണ്ട കാലമായി , ഭുവിയെ കൊണ്ട് പന്ത് തൊടിക്കരുത് എന്നൊക്കെ പറയുന്ന ആരാധകർ തന്നെ ആയിരുന്നു കുറച്ച് കാലം മുമ്പ് കോലിയുടെ രക്തം വീഴണം എന്ന് പറഞ്ഞതും. എന്നാൽ ഇന്നിപ്പോ കോലി വീണ്ടും ദേശീയ ഹീറോ ആയി. അതുപോലെ ആരാധകർ ക്രിക്കറ്റ് കളിക്കാൻ അറിയാവുന്നവൻ എന്ന നിലയിൽ ടീമിൽ കളിക്കാൻ അനുമതി അരുളുന്ന സൂര്യകുമാറും. എന്നാൽ ഇതേ യാദവിന്റെ വീട് ഇവർ തന്നെ തകർക്കുന്ന ദിവസം എന്നാണോ ?

കളിക്കാരും ക്രിക്കറ്റ് ബോഡും ഒക്കെ പുരസ്‌കാര വേദികളിൽ നിന്നുകൊണ്ട് നിങ്ങൾ ഇല്ലാതെ ഞങ്ങൾ ഇല്ല എന്നൊക്കെ പറഞ്ഞ് ഫാൻസിനെ സുഖിപ്പിക്കും എന്നല്ലാതെ അവർ പറയുന്നത് മുഖവിലയ്ക്ക് എടുക്കാറേയില്ല എന്നത് ഭാഗ്യം.
ഇല്ലെങ്കിൽ...

Comments