""മക്കളിൽ ആരെങ്കിലും ഒരാൾ ഇന്ത്യയെ പ്രതിനിധീകരിച്ച് കളിക്കണമെന്നത് അച്ഛന്റെ സ്വപ്നമായിരുന്നു. അദ്ദേഹത്തിന്റെ സ്വപ്നം സാക്ഷാത്കരിക്കാനായതിൽ എനിക്ക് ഒരുപാട് സന്തോഷമുണ്ട്. ഇത്രയും വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. ഇനി ഗ്രൗണ്ടിൽ നിന്ന് കയറേണ്ട സമയമാണ്. ഇത് ആദ്യ ഇന്നിങ്സിന്റെ അവസാനം മാത്രമാണ്. കമന്ററിയും കോച്ചിങ്ങുമായി രണ്ടാം ഇന്നിങ്സ് തുടങ്ങുന്നത് ആലോചിക്കുന്നുണ്ട്''.
രണ്ട് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന തന്റെ കരിയറിന് വിരാമമിട്ടുകൊണ്ട് വസിം ജാഫർ എന്ന ക്രിക്കറ്റുകളിക്കാരൻ പറഞ്ഞവാക്കുകളാണിത്. ഇന്നിപ്പോൾ വസിം ജാഫറിന്റെ പേര് വീണ്ടും ചർച്ചയാകുന്നു. ഉത്തരാഖണ്ഡ് ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകസ്ഥാനം രാജിവെച്ചതിലൂടെയാണ് ജാഫർ വീണ്ടും ചർച്ചയാകുന്നത്. ഇന്ത്യൻ ക്രിക്കറ്റിൽ അത്രയൊന്നും ഉയർന്ന് കേൾക്കാതിരുന്ന മതവെറി വാസിം ജാഫറിനെ വേട്ടയാടുന്നു.
ടീം സെലക്ഷനിൽ മറ്റുള്ളവർ ഇടപെടുന്നു എന്നാരോപിച്ചാണ് പരിശീലക സ്ഥാനം ജാഫർ രാജിവച്ചത്. ""വളരെയേറെ കഴിവുള്ള താരങ്ങൾ ഉത്തരാഖണ്ഡ് ടീമിലുണ്ട്. എന്നാൽ അവരെയോർത്ത് എനിക്ക് സങ്കടം തോന്നുന്നു. ഈ പറഞ്ഞ താരങ്ങളെ ടീമിൽ ഉൾപ്പെടുത്താൻ എനിക്ക് സാധിക്കുന്നില്ല. പുറത്തുനിന്നുള്ളവരാണ് ടീമിനെ തെരഞ്ഞെടുക്കുന്നത്. അർഹരല്ലാത്തവർ ടീമിലെത്തുന്നു.'' എന്നായിരുന്നു പരിശീലക സ്ഥാനത്ത് നിന്ന് രാജിവെച്ച് കൊണ്ട് ക്രിക്കറ്റ് അസോസിയേഷന് അയച്ച മെയിലിൽ ജാഫർ പറഞ്ഞത്.
പക്ഷേ വിചിത്ര വാദമാണ് വസിം ജാഫറിനെതിരെ ടീം മാനേജർ നവനീത് മിശ്ര ഉയർത്തിയത്. ജാഫർ ടീമിൽ കൂടുതൽ മുസ്‌ലിം കളിക്കാരെ ഉൾപ്പെടുത്തുകയും മതപരമായ കാര്യങ്ങൾക്ക് പ്രാധാന്യം കൊടുക്കുകയും ചെയ്തു എന്നാണ് മിശ്രയുടെ ആരോപണം
23 അംഗ ടീമിൽ ആകെ മൂന്ന് പേരാണ് മുസ്‌ലിം സമുദായത്തിൽ നിന്ന് ഉണ്ടായിരുന്നത് എന്നതാണ് വസ്തുത. മുസ്‌ലിം മതപണ്ഡിതരെ ടീം ക്യാംപിലേക്ക് ക്ഷണിക്കുകയും അവർക്ക് നമസ്‌കരിക്കാൻ സൗകര്യം ഒരുക്കിയതായും "രാമ ഭക്ത ഹനുമാൻ കി ജയ്' എന്ന ടീമിന്റെ മുദ്രാവാക്യം "ഗോ ഉത്തരാഖണ്ഡ്' എന്നാക്കി മാറ്റിയെന്നും തുടങ്ങി നിരവധി ആരോപണങ്ങളും ജാഫറിൻ മേൽ ചൊരിഞ്ഞു.
ക്രിക്കറ്റിന് വേണ്ടി ജീവിതം മാറ്റിവെച്ച ആഭ്യന്തര ക്രിക്കറ്റിലെ ഉജ്ജ്വല കളിക്കാരന് തന്റെ രണ്ടാം ഇന്നിങ്സ് നിവൃത്തികേട് കൊണ്ട് പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നപ്പോൾ അയാളെ ഒരു മതമൗലികവാദിയാക്കിയാണ്
ചിത്രീകരിച്ചത്. ഇതോടെയാണ് വസിം ജാഫറിന് ആരോപണങ്ങൾക്ക് ഒരു ഓൺലൈൻ പത്രസമ്മേളനം നടത്തി വിശദീകരണം നൽകേണ്ടിവന്നത്. ഓരോ ആരോപണങ്ങൾക്കും അക്കമിട്ടു മറുപടി പറയുന്നുണ്ടയാൾ. അത്യന്തം വെറുപ്പുളവാക്കുന്ന മാനേജറുടെ ആരോപണത്തിന് ഓരോന്നായി മറുപടി എഴുതുമ്പോൾ അയാളുടെ മനസിൽ ഇന്നത്തെ ഇന്ത്യനവസ്ഥയുടെ ഏകദേശ ചിത്രം മിന്നിമറയുന്നുണ്ടായിരിക്കണം. അവിശ്വസനീയമായ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് സ്റ്റാറ്റസ് ഉള്ള ഒരു മുൻ ഇന്ത്യൻ ടീം അംഗത്തിന് ഇത്തരത്തിലുള്ളൊരു വിശദീകരണം നൽകേണ്ടിവരുന്നുവെന്നത് ഇന്ത്യ ഇന്ന് എത്തിപ്പെട്ട അവസ്ഥയുടെ ആഴം വ്യക്തമാക്കുന്നുണ്ട്.
അസംബന്ധമായ ഇത്തരം ആരോപണങ്ങൾക്ക് വസിം ജാഫർ മറുപടി പറയേണ്ടി വരുമ്പോൾ, താരത്തിനൊപ്പം കളിച്ച പ്രമുഖ താരങ്ങളെല്ലാം മൗനത്തിലാണ്. അനിൽ കുംബ്ലെയും ഇർഫാൻ പഠാനും ദൊഡ്ഡ ഗണേശും മനോജ് തിവാരിയും വസിം ജാഫറിന് പിന്തുണ അറിയിച്ചുകൊണ്ട് ട്വീറ്റ് ചെയ്തിട്ടുണ്ട് എന്നത് മാത്രമാണ് ആശ്വാസം. പോപ് ഗായിക റിയാനയും പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ ട്യുൻബെർഗും ഇന്ത്യയിലെ കർഷക സമരത്തെ പിന്തുണച്ചപ്പോൾ പുറത്തുനിന്നുള്ളവർ ഇടപെടേണ്ടന്ന് ട്വിറ്ററിൽ തിട്ടൂരമിറക്കിയ ആദരണീയരായ ക്രിക്കറ്റ് താരങ്ങളിൽ പലരും വാ തുറന്നിട്ടില്ല. സച്ചിൻ തെൻഡുൽക്കറെല്ലാം സംഘപരിവാറിന്റെ മാത്രം ദൈവമായി അധഃപതിക്കുന്ന കാഴ്ച എത്ര സങ്കടകരമാണ്. സർവ്വമേഖലയിലും മേധാവിത്വം സ്ഥാപിച്ച ഭൂരിപക്ഷ വർഗീയത ക്രിക്കറ്റിലേക്കും കടന്നുചെല്ലുന്നു എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്.
നീട്ടിവളർത്തിയ താടിയുമായി ക്രിക്കറ്റ് മൈതാനത്ത് ഓരോ തവണ വസിം ജാഫർ എന്ന കളിക്കാരൻ റൺ അടിച്ചു കൂട്ടുമ്പോഴും നമുക്ക് അയാളുടെ മതം വിഷയമായിരുന്നില്ല. മുഹമ്മദ് അസ്ഹറുദ്ദീനെന്നും മുഹമ്മദ് കൈഫെന്നും സഹീർഖാനെന്നും ഇർഫാൻ പഠാനെന്നും സിറാജെന്നും കേൾക്കുമ്പോൾ അവരുടെ കളിമികവിനെ കുറിച്ചല്ലാതെ അവരുടെ മതവിശ്വാസം തിരഞ്ഞിട്ടില്ല. കപിൽ ദേവ് മുതൽ സേവാഗും സച്ചിനും ഗാംഗുലിയും ധോണിയും കോഹ്‌ലിയും ക്രിക്കറ്റ് മൈതാനത്ത് നിറഞ്ഞാടിയപ്പോൾ ക്രിക്കറ്റ് പ്രേമികൾ കയ്യടിച്ചതും ആഹ്ലാദിച്ചതും അവരുടെ മതവിശ്വാസത്തിന്റെ പേരിലായിരുന്നില്ല. രാജ്യാതിർത്തി കടന്ന് വാസിം അക്രമിനും ബ്രയൻലാറയ്ക്കും ആദം ഗിൽഗ്രിസ്റ്റിനും കെെൻ വില്യംസണും ലസിത് മലിങ്കയ്ക്കും ആരാധകരുണ്ടായതും അവരുടെ പേരിന് പിന്നിലെ മതം കൊണ്ടായിരുന്നില്ല. ക്രിക്കറ്റ് വിനോദത്തിനപ്പുറം ഒരു കച്ചവടം ആണെന്ന വിമർശനം ഉയർന്നിരുന്നെങ്കിലും ഒരിക്കലും ക്രിക്കറ്റ് ഇന്ത്യയിൽ രാഷ്ട്രീയമോ വർഗീയമോ ആയിരുന്നില്ല. ഇപ്പോൾ ക്രിക്കറ്റ് കച്ചവടത്തിനൊപ്പം ഭൂരിപക്ഷ മത വർഗീയതയുടെ വിളനിലമായി വളർന്നുകൊണ്ടിരിക്കുന്നു. ക്രിക്കറ്റ് താരങ്ങൾ രാഷ്ട്രീയക്കാരുടെ ചട്ടുകമാകുന്നു. അമിത് ഷായുടെ മകൻ ബി.സി.സി.ഐ സെക്രട്ടറിയാകുന്നതും അയാളുടെ ചൊൽപ്പടിക്ക് താരങ്ങൾ പൊതു ഇടങ്ങളിൽ ഇടപെടുന്നതും അപകട സൂചനയാണ്.
ആഭ്യന്തര തലത്തിൽ 260 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും 118 ലിസ്റ്റ് എ മത്സരങ്ങളും 23 ട്വന്റി20 മത്സരങ്ങളും കളിച്ച ജാഫർ, 12,000 റൺസ് പിന്നിടുന്ന ആദ്യ താരമായിരുന്നു. ആഭ്യന്തര കരിയറിൽ ഭൂരിഭാഗവും മുംബൈയ്ക്കായി കളിച്ച ജാഫർ, അവസാന കാലത്ത് വിദർഭയിലേക്ക് മാറി. വിദർഭയ്ക്ക് വേണ്ടി രണ്ട് വീതം രഞ്ജി-ഇറാനി ട്രോഫികൾ നേടിക്കൊടുത്തിട്ടുണ്ട്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 260 മത്സരങ്ങളിൽ നിന്ന് 50.67 ശരാശരിയിൽ 19,410 റൺസ് നേടി, അതിൽ തന്നെ 57 സെഞ്ചുറികളും 91 അർധസെഞ്ചുറികളും ഉൾപ്പെടുന്നു. രഞ്ജി ട്രോഫിയിൽ 150 മത്സരം പൂർത്തിയാക്കുന്ന ആദ്യ താരവും ജാഫറായിരുന്നു. അതായത് ആഭ്യന്തര ക്രിക്കറ്റിൽ സച്ചിനേക്കാൾ കരിയർ ഗ്രാഫുള്ള കളിക്കാരൻ.
ദേശീയ ടീമിൽ നിന്നും ഓരോ തവണ തഴയപ്പെടുമ്പോഴും രഞ്ജിയിലേക്കും മറ്റു ചെറുകളിയിലേക്കും ഓടിപ്പോയി പാഡ് കെട്ടി റൺസ് വാരിക്കൂട്ടിയ താരമായിരുന്നു. വിരമിച്ചിട്ടും മൈതാനത്തു നിന്നും ഇറങ്ങിപ്പോവാൻ കൂട്ടാക്കാത്ത കളിഭ്രാന്തനായിരുന്നു അയാൾ. പലതും നേടിയ ശേഷവും ചെറിയ ടീമുകളുടെ കോച്ചും മെന്ററും വഴികാട്ടിയുമൊക്കെയായി ക്രിക്കറ്റിനൊപ്പം നിന്നയാൾ. എന്നിട്ടിപ്പോൾ മതം പറഞ്ഞ് അപമാനിച്ചിറക്കിവിടുകയാണ് പുതിയ ഇന്ത്യ വസിം ജാഫറിനെ.