നൂറിലധികം ഏകദിനങ്ങളിലും ഒന്നര ഡസൻ ടെസ്റ്റുകളിലും ഇന്ത്യൻ തൊപ്പിയണിഞ്ഞ ക്രിക്കറ്ററാണ് വിനോദ് കാംബ്ലി. കഴിഞ്ഞ ദിവസം നടന്ന രമാകാന്ത് അച്ഛരേക്കർ അനുസ്മരണ ചടങ്ങിലും, അതിനു മുന്നെ മുംബെയിലെ ചില പൊതുയിടങ്ങളിലും കണ്ട കാംബ്ലിയുടെ ദയനീയ ചിത്രങ്ങൾ സ്വയംകൃതാനർത്ഥങ്ങളാണെന്നാണ് അധിക പേരും സമർത്ഥിക്കുന്നത്. എന്നാലിത് ഇന്ത്യൻ ചുറ്റുപാടിൽ ഒരു കാംബ്ലിയിൽ മാത്രം ഒതുങ്ങുന്ന കാഴ്ചയല്ല. ക്രിക്കറ്റിലും, സിനിമയിലും, വ്യവസായത്തിലുമൊക്കെ പാതിവഴിയിൽ ചില്ലുടഞ്ഞു പോയ ഒരുപാട് കാംബ്ലിമാരെ കാണാൻ സാധിക്കും. ഇതിൽ രാഷ്ട്രീയ സാമൂഹിക പശ്ചാത്തലങ്ങളുണ്ട്. ചരിത്രപരമായ കാരണങ്ങളുണ്ട്. അതിലുപരി സെലിബ്രിറ്റി ലോകത്തെ അദൃശ്യമായ കെണികളും വാരിക്കുഴികളുമുണ്ട്. ഇവ പലപ്പോഴും മുൻ സൂചകങ്ങളെ പോലെ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിട്ടില്ല.
കലാ സാഹിത്യ സാംസ്കാരിക ഭൂപടത്തിൽ നൂറ്റാണ്ടുകളോളം കറുത്തവർക്കും, ദലിതർക്കും പ്രവേശനമുണ്ടായിരുന്നില്ല. സിനിമയിലും അതായിരുന്നു സ്ഥിതി. പ്രതിഭയും വാസനയുമില്ലാത്തവരായി അവരെ മുദ്രകുത്തി. എന്നാൽ കായികരംഗത്ത് മെറിറ്റിനെ മൂടിവെക്കാൻ അധിക കാലത്തേക്ക് കഴിഞ്ഞില്ല. ജെസ്സി ഓവൻസും പെലെയും മുഹമ്മദലി ക്ലേയും ക്ലൈവ് ലോയ്ഡും കാൾ ലൂയിസുമൊക്കെ അവരുടേതായ മേഖലകളിൽ അരങ്ങുവാണു. 90-കളിൽ ഇന്ത്യൻ ക്രിക്കറ്റിൽ ഉദിച്ചുയർന്ന വിനോദ് കാംബ്ലി മാതംഗ് ദലിത് കുടുംബത്തിലാണ് ജനിച്ചത്. ഛത്രപതി ശിവജിയുടെയും അംബേദ്ക്കറിന്റെയും വിശ്വസ്തരായിരുന്ന മാതംഗ് വിഭാഗം നാടോടി സംഗീതവും, കയറുപിരിക്കലും കുലത്തൊഴിലാക്കിയവരാണ്. ഉടഞ്ഞു പോയി എന്നുറപ്പായതിനു ശേഷമാണെങ്കിലും കാംബ്ലി സച്ചിനേക്കാൾ പ്രതിഭയുള്ളയാളായിരുന്നുവെന്ന് ചിലരൊക്കെ പറയാറുണ്ട്. തേച്ചുമിനുക്കി സച്ചിനെ പോലെ കാലാതിവർത്തിയായില്ലെങ്കിലും മൗലിക പ്രതിഭയുള്ള ക്രിക്കറ്ററായിരുന്നു കാംബ്ലി.
മഹാരാഷ്ട്രയിലെ ഏറെ ശ്രദ്ധേയമായ സ്കൂൾ ക്രിക്കറ്റ് ടൂർണ്ണമെന്റായിരുന്നു ഹാരിസ് ഷീൽഡ്. 1988 ഫെബ്രുവരി 24ന് നടന്ന മത്സരത്തിൽ ബോംബെയിലെ ശാരദാശ്രമം വിദ്യാമന്ദിർ, സെന്റ് സേവ്യേഴ്സ് ഹൈസ്കൂളിനെതിരെ ഇന്നിംഗ്സ് ഡിക്ലയർ ചെയ്യുമ്പോൾ 748/2 എന്നതായിരുന്നു സ്കോർ ബോർഡിലെ റൺസ് നില. ബോംബെ ആസാദ് മൈതാനിയിൽ കാംബ്ലിയും സച്ചിനും ചേർന്ന കൂട്ടുകെട്ട് അടിച്ചു കൂട്ടിയത് പുറത്താവാതെ 664 റൺസായിരുന്നു. കാംബ്ലിയുടെ സംഭാവന 349, സച്ചിൻ 326 എന്നിങ്ങനെയായിരുന്നു സ്കോർ ചെയ്തത്. ഇരുവർക്കും പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. 1992, 96 ലോകകപ്പുകളിൽ കളിച്ച കാംബ്ലി ഇംഗ്ലണ്ട്, സിംബാബ്‌വേ, ശ്രീലങ്ക എന്നിവർക്കെതിരെ മൂന്നു വ്യത്യസ്ത രാജ്യങ്ങളുമായുള്ള മത്സരങ്ങളിൽ തുടർച്ചയായി മൂന്നു ടെസ്റ്റുകളിൽ സെഞ്ച്വറി നേടിയ ആദ്യ ക്രിക്കറ്ററായിരുന്നു. ആ ഉയരത്തിൽ നിന്നാണ് അച്ഛരേക്കർ അനുസ്മരണ ചടങ്ങിൽ പഴയ പ്യാസ സിനിമയിൽ ജോണിവാക്കർ സ്ക്രീനിൽ പാടിയ റാഫിഗാനം, താളംതെറ്റി പരിസര ബോധമില്ലാതെ പാടുന്ന നിലയിലേക്ക് കാംബ്ലി പതിച്ചത്. 'സർജോ തെരാ ചക്‌രായേ, ക്യാ ദിൽ ഡൂബാ ജായേ, ആജാ പ്യാരേ പാസ് ഹമാരേ, കാഹേ ഖബരായ് ?'. ‘എന്നടുത്ത് വരാൻ എന്തിനു ഭയക്കണം’ എന്ന അവസാന വരി സച്ചിനെ പിടിച്ചുമാറ്റാൻ വന്ന ഉത്സാഹിയെ മുൻകൂട്ടി കണ്ടതു പോലായി.
ദലിത് - പിന്നാക്ക സാഹചര്യങ്ങളിൽ നിന്നു വരുന്ന ഒരാൾ ഓർമ്മവെച്ച നാൾ മുതൽ മാറ്റിനിർത്തലുകളും വിവേചനവും നേരിട്ടു തന്നെയാണ് ഉത്തരേന്ത്യൻ സാഹചര്യങ്ങളിൽ ഇന്നും മുന്നോട്ടു പോവുന്നത്. പേരിൽ, വസ്ത്രം ധരിക്കുന്നതിൽ, ആഘോഷ വേളകളിൽ, തലമുടി- താടി- മീശ വിധാനങ്ങളിൽ എല്ലാം അലിഖിത രീതികൾ നിലനിൽക്കുന്നു. മനുസ്മൃതിയും, ചാതുർവർണ്ണ്യവും മനസ്സിൽ താലോലിക്കുന്നവർ അധികാരത്തിൽ തുടർച്ചകൾ നേടിയതോടെ നവോത്ഥാനത്തിന്റെ ഘടികാരസൂചികൾ പിറകിലോട്ടാണ് ഓടുന്നത്. ഇത്തരത്തിൽ പലവിധ കാരണങ്ങൾ കൊണ്ട് സെലിബ്രിറ്റി ലോകത്തിൽ ഇടം പിടിക്കുക എന്നത് ദലിതർക്ക് മുന്നിൽ ഒരു ബാലികേറാമല തന്നെയാണ്. ഇതു താണ്ടി അവിടെ എത്തിച്ചേരുന്നവർ പ്രതിഭാവിലാസം കൊണ്ട് അനിഷേധ്യത കൈവരിച്ചവരായിരിക്കും.
ദുരനഭുവങ്ങൾ തീർത്ത അരക്ഷിത ബാല്യവും, വെല്ലുവിളികൾ നിരന്തരം നേരിടുന്ന കരിയർ പോരാട്ടങ്ങളും ചിലരുടെയെങ്കിലും വ്യക്തിത്വത്തിൽ ചുരുക്കം അസ്വാഭാവികതകൾ തീർക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. അത്തരം ദൗർബല്യങ്ങൾക്ക് സാധാരണ ഗതിയിൽ പോംവഴിയാണ് ആരായാറുള്ളത്. എന്നാൽ ദലിത് സെലിബ്രിറ്റികളുടെ കാര്യത്തിൽ ദൗർബല്യങ്ങൾക്ക് പ്രചുരപ്രചാരം നൽകാനും കൂവിയാർക്കാനും അവയെ ആഘോഷിക്കാനുമാണ് പൊതുബോധ നിർമ്മിതിക്കാർ മുന്നോട്ടു വരാറുള്ളത്. ബഹുഭൂരിഭാഗവും അവിടെ തടഞ്ഞു വീഴുന്നു. ഈ രൂപ പരിണാമങ്ങൾ ആ വിഭാഗത്തിന്റെ തനതു പ്രകൃതമായി സാമാന്യവൽക്കരിക്കപ്പെടുന്നു. അച്ചടക്കവും സമർപ്പണവുമൊക്കെ വംശമഹിമയുള്ളവർക്കു മാത്രം പറഞ്ഞതാണെന്ന വ്യഖ്യാനം അതോടെ ഉരുത്തിരിയും.
ജാതിയും, വർഗ്ഗവും, വംശവും, ലിംഗവും, നിറവും മുൻഗണനാക്രമം നിശ്ചയിക്കുന്ന താരലോകങ്ങളിൽ ദലിത് സ്വത്വങ്ങൾ കാലിടറി വീണതിന് ഒരുപാട് ഉദാഹരണങ്ങൾ ഉണ്ട്. മുസ്ലിം- ദലിത് പശ്ചാത്തലമുള്ള മീനാകുമാരി 39 വയസ്സിലും, സങ്കര ദലിത് കുടുംബത്തിലെ ദിവ്യഭാരതി 19ാം വയസ്സിലും, ദലിത് നടിയായ സിൽക്ക് സ്മിത 36ാം വയസ്സിലും, കലാഭവൻ മണി 45ാം വയസ്സിലും ഒക്കെ വേഷപ്പകർച്ച അവസാനിപ്പിച്ച് മടങ്ങിയത് ചില ഉദാഹരണങ്ങൾ മാത്രമാണ്. പി.കെ. റോസിയെ തെമ്മാടിക്കൂട്ടം അടിച്ചോടിച്ചു. രജനീകാന്തും, ഇളയരാജയും, രാധിക, ധനുഷ് തുടങ്ങിയവരും ഇതിന് അപവാദമാണെന്ന് പ്രത്യേകം പറയേണ്ടതുണ്ട്. ബോക്സർമാരായ മേരി കോമും, വിജേന്ദർ സിംഗും ഇതേ രീതിയിൽ ഉയർന്നു വന്നവരാണ്.
ലോകത്തെല്ലായിടത്തും ചരിത്രപരമായി പിന്നാക്കം പോയ ജനതകൾ തിരിച്ചു നടന്ന് പ്രതാപമണയുന്ന കാഴ്ചകൾ നമുക്ക് മുന്നിലുണ്ട്. പഴകിയ പഴികളിൽ വ്രണപ്പെട്ട് അരാജകത്വത്തിൽ അഭയം പ്രാപിക്കുന്ന രീതികൾ അവസാനിപ്പിച്ച് സ്വയം മാതൃക തീർക്കാൻ പ്രതിഭകൾ മുന്നോട്ടു വരണം. അതിനവരെ പ്രാപ്തരാക്കാൻ അധികൃതരും, നിക്ഷ്പക്ഷ പൊതുബോധവും കൂടെ നിൽക്കണം. സ്വപ്നലോകം യാഥാർത്ഥ്യമാവുമ്പോൾ സ്ഥലജലവിഭ്രമം സംഭവിക്കുക എന്നത് മാനുഷിക ദൗർബല്യമാണ്. അതിന് ജാതിയുമായി ബന്ധമില്ല. അവിടെ സമചിത്തതയും സംയമനവും അച്ചടക്കവും ശീലിക്കുന്ന ശൈലി പൊതുവായി രൂപപ്പെടുത്തിയെടുക്കണം. പ്രതിഭ ഒരു അപൂർവ്വതയാണ്. അതിനു സംഭവിക്കുന്ന ശോഷണം പൊതുനഷ്ടമാണ്. കലയും സാഹിത്യവും സ്പോർട്സും ജാതീയ കുരുക്കുകളിൽ മുറുകി ഊർദ്ധശ്വാസം വലിക്കാൻ നമുക്ക് അനുവദിക്കാതിരിക്കാം.
ലോകത്തേറ്റവും കൂടുതൽ പണം കുമിഞ്ഞു കൂടുന്ന കായിക സംഘടനകളിലൊന്നാണ് ബിസിസിഐ. 2.25 ബില്യൺ ഡോളറാണ് ബിസിസിഐയുടെ ആസ്തി. ഉദാഹരണം പറഞ്ഞാൽ ജേഴ്സി ലോഗോ സ്പോൺസർഷിപ്പിലൂടെ മാത്രം വർഷത്തിൽ 120 കോടി രൂപ വരും. ഐപിഎൽ, മീഡിയ പകർപ്പവകാശം, സ്പോൺസർഷിപ്പ്, ബ്രോഡ്കാസ്റ്റിംഗ് അവകാശം, ഐസിസിയുടെ 38% വരുമാന പങ്കാളിത്തം എന്നിവയൊക്കെ വേറെയുമുണ്ട്. അപ്പോഴാണ് നൂറിലധികം ഏകദിനത്തിൽ കളിച്ച ഒരു താരം മരുന്നിനും ചികിൽസക്കും പണമില്ലാതെ വിഭ്രാന്തി കലർന്ന വാക്കും, പോക്കുമായി നീങ്ങുന്നത്. കൂടെ കളിച്ച സഹസ്ര കോടീശ്വരർ വേറെയൊരുപാടുണ്ട്. കഷ്ടം എന്നല്ലാതെ എന്തു പറയാൻ!!