2023 ട്വന്റി20 ലോകകപ്പ് സെമി ഫൈനൽ ഇന്ത്യ vs ഓസ്‌ട്രേലിയ മാച്ച് നടക്കുകയാണ്. 173 എന്ന വലിയ വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ 14 ഓവർ പിന്നിടുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 124 റൺസ് എന്ന നിലയിലാണ്. ക്യാപ്റ്റൻ ഹർമനും റിച്ചയും ക്രീസിലുണ്ട്, ജയിക്കാൻ 36 ബോളിൽ 49 റൺസ് വേണം. തൊട്ടടുത്ത ഓവറിൽ തുടർച്ചയായി രണ്ട് ബൗണ്ടറികളുമായി ക്യാപ്റ്റൻ അർധസെഞ്ചുറി തികക്കുന്നു. ജയിക്കാൻ 34 ബോളിൽ വെറും 41 മതി. വിജയപ്രതീക്ഷകളുടെ പടുകൂറ്റൻ മലയുടെ മുനമ്പിൽ എത്തിനിൽക്കുമ്പോൾ നാലാം ബോൾ ഡീപ്പ് മിഡ്‌വിക്കറ്റിലേക്ക് സ്വീപ്പ് ചെയ്തു വിട്ടു രണ്ടാം റണ്ണിനായി തിരിച്ചോടിവരുന്ന ഹർമന്റെ ബാറ്റ് വൈറ്റ് ലൈനിന് ഇഞ്ചുകളുടെ വ്യത്യാസത്തിൽ സ്റ്റക്ക് ആവുന്നു. ഈ നേരിയ വിടവിൽ ഗാർഡ്നർ എറിഞ്ഞ ബോൾ ഹീലി സ്റ്റമ്പിന് തട്ടുന്നു. നിരാശയോടെ ഹർമൻ പവലിയനിലേക്ക് മടങ്ങുമ്പോൾ ഇന്ത്യക്ക് ഹൃദയഭേദകമായ മറ്റൊരു തോൽവി. നോക്ക്ഔട്ട് മാച്ചുകളിൽ തലനാരിഴക്ക് വിജയം നഷ്ടപ്പെട്ടു പോവുന്നത് ഇന്ത്യൻ വിമൻസ് ടീമിന് ഇതാദ്യമായല്ല. നിലവിൽ ലോകത്തിലെ ഏറ്റവും ഡോമിനേറ്റിങ് ആയൊരു ടീമിനെതിരെ ഇഞ്ചോടിഞ്ചു പൊരുതിയാണ് ടീം തോൽവി വഴങ്ങുന്നത്. എങ്കിലും തോറ്റുപോയ ടീമിനെ കുറിച്ചൊരു കമന്റ് വായിച്ചു, "ഇവരൊക്കെ അടുക്കളയിൽ തന്നെ നിൽക്കുന്നതാണ് നല്ലത് ഇവരെക്കൊണ്ട് അതേ പറ്റു.' പ്രബുദ്ധരായ മലയാളി സമൂഹം ഒരു വേൾഡ് കപ്പ് സെമി ഫൈനൽ തോറ്റുപോയത് മഹാ അപരാധമെന്ന നിലയിൽ വിധിയെഴുതിയതാണ്.
ഇവിടെയാണ്, ഇതേ നാട്ടിലാണ് ലോകമെമ്പാടും ജനപ്രീതിയാർജിച്ച ഇന്ത്യൻ പ്രീമിയർ ലീഗിന്റെ വിമൻസ് എഡിഷനായ Women's Premier League വരുന്നത്. ജനുവരിയിൽ വയാകോം (Viacom) wplന്റെ മീഡിയ റൈറ്റ്സ് 951 കോടിക്കാണ് നേടിയത്. മുംബൈ ഇന്ത്യൻസ്, ഗുജറാത്ത് ജയൻറ്സ്, ഉത്തർപ്രദേശ് വാരിയേഴ്‌സ്, റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ, ഡൽഹി ക്യാപിറ്റൽസ് എന്നിങ്ങനെ അഞ്ച് ടീമുകൾ. ഫെബ്രുവരിയിൽ മുംബൈയിൽ വച്ച് നടന്ന ഓക്ഷനിൽ 1500ഓളം പ്ലെയേഴ്‌സ് തങ്ങളുടെ പേര് രജിസ്റ്റർ ചെയ്തു. ഓരോ ടീമിനും 12 കോടിയാണ് സ്പെൻഡ് ചെയ്യാൻ കഴിയുക. ഭംഗിയായി പൂർത്തിയായ ഓക്ഷനിൽ ഏറ്റവും എക്സ്പെൻസീവ് ആയ പ്ലെയർ ഇന്ത്യയുടെ സ്മൃതി മന്ദാന.
വിമൻസ് ക്രിക്കറ്റിൽ ഒരു പ്രതിഭാസമെന്നോണം വളർന്ന എലീസ് പെറി പറയുകയുണ്ടായി. "ഇന്ത്യ ക്രിക്കറ്റിന്റെ ഒരു സ്പിരിച്യുൽ ഹോം ആണ്. wplന്റെ ഭാഗമാവുക എന്നത് തന്നെ ഭാഗ്യമാണ്, ഇത് വിമൻസ് ക്രിക്കറ്റിന്റെ ചരിത്രം തന്നെ തിരുത്തി കുറിക്കും.' ആദ്യ വിമൻസ് പ്രീമിയർ ലീഗ് അവസാനിക്കുമ്പോൾ ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ നയിച്ച മുംബൈ ഇന്ത്യൻസ് കപ്പുയർത്തുന്നു.
പൊതുവെ ക്രിക്കറ്റെന്നാൽ മെൻസ് ക്രിക്കറ്റാണെന്ന് മാത്രം കരുതിപ്പോന്ന ഒരു രാജ്യത്തിൽ ഒന്നടങ്കം വിമൻസ് ക്രിക്കറ്റ് കൂടിയുണ്ടെന്ന തിരിച്ചറിവുണ്ടാവുന്നു. ക്രിക്കറ്റ് ഗ്രൂപ്പുകളിൽ നടക്കുന്ന ചൂടുപിടിച്ച ചർച്ചകളിൽ കോലിക്കും രോഹിതിനും ഒപ്പം ഹർമനും സ്‌മൃതിയും രേണുകയുമൊക്കെ ഇടം നേടുന്നു. ഈ മാറ്റം പെട്ടെന്നൊരു സുപ്രഭാതത്തിൽ പൊട്ടിമുളച്ചതല്ല. അതിന് പിന്നിൽ ഒരുപാട് വർഷങ്ങളുടെ നിരന്തരമായ പരിശ്രമങ്ങളുടെയും പോരാട്ടത്തിന്റെയുമൊക്കെ കഥകളുണ്ട്. അതിനെ കുറിച്ച് പറയണമെങ്കിൽ രണ്ട് പേരെ കൂടി ഓർക്കണം, അവരില്ലാതെ ഇന്ത്യൻ ക്രിക്കറ്റ് ചരിത്രം ഒരുകാലത്തും എഴുതാനാവില്ല. സാക്ഷാൽ മിതാലി രാജും ജൂലൻ ഗോസ്വാമിയും. ഇരുവരും wplൽ രണ്ട് ടീമുകളുടെ പരിശീലകരാണ്.
രാജസ്ഥാനിലെ ജോധ്പൂരിൽ ജനിച്ച മിതാലി പത്താം വയസിൽ ക്രിക്കറ്റ് കളിച്ചു തുടങ്ങുന്നു. ക്രിക്കറ്റെന്നാൽ ജന്റിൽ മാൻസ് ഗെയിം ആണെന്ന് പറഞ്ഞു പോരുന്ന അതേ നാട്ടിൽ മിതാലി നീണ്ട 23 വർഷം ഇന്ത്യൻ ടീമിന്റെ നെടുന്തൂണായി നിലകൊണ്ടു. ഈ കാലയളവിൽ അവർ തന്റെ പേരിനൊപ്പം എഴുതിച്ചേർത്ത റെക്കോർഡുകൾക്ക് കയ്യും കണക്കുമില്ല. വിമൻസ് ക്രിക്കറ്റിലെ ഏകദിനവ്യക്തിഗത സ്‌കോർ 7000 കടക്കുന്ന ആദ്യ ബാറ്ററാണ് മിതാലി. വൺ ഡേ ഫോർമാറ്റിൽ ഏറ്റവും കൂടുതൽ അർധസെഞ്ചുറികൾ, തുടർച്ചയായി ഏഴ് അർധസെഞ്ചുറികൾ നേടുന്ന ആദ്യ പ്ലെയർ. ടി20യിൽ ആദ്യമായി 2000 റൺസ് തികക്കുന്ന ആദ്യ വിമൻ ക്രിക്കറ്റർ. ഒടുവിൽ 2021ൽ വിമൻസ് ഇന്റർനാഷണൽ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺ സ്‌കോർ ചെയ്യുന്ന ബാറ്ററായി മാറി മിതാലി.
2022ൽ തന്റെ ജൂൺ മാസം തന്റെ റിട്ടയർമെന്റ് അനൗൺസ് ചെയ്തു മിതാലി പടിയിറങ്ങുമ്പോൾ വിമൻസ് ക്രിക്കറ്റ് ഒരുപാട് വളർന്നിരുന്നു. അവഗണനയുടെയും അപമാനത്തിന്റെയും കയ്പുനീരിൽ കുതിർന്ന അതേ മണ്ണിൽ വേരാഴ്ത്തി പതിയെ പതിയെ മഴയും വെയിലും കൊണ്ട് വളരാൻ ഇന്ത്യൻ വിമൻസ് ക്രിക്കറ്റിന് ആത്മവീര്യം പകർന്നു കൊടുത്തത് മിതാലിയാണ്. ഒപ്പം ഇന്റർനാഷണൽ വിമൻസ് ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് സ്വന്തമാക്കിയ ബംഗാളുകാരി ജൂലൻ ഗോസ്വാമിയും.
2005ൽ ഇന്ത്യ ഓസ്‌ട്രേലിയക്കെതിരെ ഒരു വേൾഡ് കപ്പ് ഫൈനൽ മാച്ചിനിറങ്ങി. ഇന്ത്യൻ ജനത അന്നതിനെ കുറിച്ച് കേട്ടുകാണുമോ എന്ന് സംശയമാണ്. അന്ന് ഇന്ത്യയെ നയിച്ച മിതാലി 12 വർഷങ്ങൾക്കിപ്പുറം 2017ൽ വീണ്ടും ഇംഗ്ലണ്ടിനെതിരെ ഒരു വേൾഡ് കപ്പ് ഫൈനലിനിറങ്ങി. ഗ്രൂപ്പ് സ്റ്റേജ് കഴിഞ്ഞു തങ്ങൾ തിരിച്ചു വരുമെന്ന് തീർച്ചയായത് കൊണ്ട് അതിന് കണക്കാക്കി ആദ്യമേ ഫ്‌ളൈറ്റ് ടിക്കറ്റുകൾ ബുക്ക് ചെയ്തിരുന്നുവെന്ന് സ്‌മൃതി പിന്നീട് ഒരു അഭിമുഖത്തിൽ പറഞ്ഞു കേട്ടു. 228 ചെയ്‌സ് ചെയ്യാനിറങ്ങിയ ഇന്ത്യ അവസാന ഓവറിൽ രണ്ട് ബോൾ ബാക്കിനിൽക്കെ 219 റണ്ണിന് ഓൾ ഔട്ടായി ഫൈനൽ പ്രതീക്ഷകൾ അസ്തമിക്കുമ്പോൾ പക്ഷെ ഇവിടെ ഇന്ത്യയിൽ ഒരു സൂര്യോദയമായിരുന്നു. തിരിച്ചുവന്ന ടീമിനെ കാണാൻ എയർപോർട്ടിൽ ക്രിക്കറ്റ് പ്രേമികൾ തടിച്ചു കൂടി. സ്നേഹവും പൂമാലകളും ചാർത്തി ടീമംഗങ്ങളെ നാട്ടിലേക്കവർ സ്വീകരിച്ചു. തങ്ങൾ ജയിച്ചത് പോലെയാണ് നാട്ടിലെത്തിയപ്പോൾ തോന്നിയത് എന്ന് സ്‌മൃതി പറയുകയുണ്ടായി. സത്യത്തിൽ അതൊരു വിജയം തന്നെ ആയിരുന്നു. ഒരു ജനത മുഴുവൻ തങ്ങളുടെ സിരയിലൊഴുകുന്ന ചോരയെന്നോണം കാണുന്ന ക്രിക്കറ്റിനെ ലിംഗഭേദമില്ലാതെ കണ്ടു തുടങ്ങി, സ്വീകരിച്ചു തുടങ്ങി.
സ്മൃതി മന്ദാനയുടെ സെഞ്ചുറികൾ "പിന്നിൽ വന്നു കണ്ണ് പൊത്താം' എന്ന് പാട്ടുമിട്ട് പൈങ്കിളിവൽക്കരിച്ചു കൊണ്ടിരുന്നവരുടെ ചിരിയെ കുറിച്ച് മാത്രം സംസാരിച്ചു ശീലിച്ച നമ്മുടെ സമൂഹം കണ്ണഞ്ചിക്കുന്ന അവരുടെ കവർ ഡ്രൈവുകളെ കുറിച്ചു പറഞ്ഞു തുടങ്ങി. ധോണിയുടെയും രോഹിതിന്റെയും കൂൾ ക്യാപ്റ്റൻസി മാത്രം കേട്ട് പരിചയമുള്ള അതേ നാട്ടിൽ അവസാന ബോൾ വരെ തളർച്ചയില്ലാതെ പൊരുതുന്ന ഹർമൻപ്രീതിന്റെ ആത്മവീര്യത്തെ കുറിച്ചു കൂടി കേട്ട് തുടങ്ങി. രേണുക സിങ്ങിന്റെ പെയ്സിനെ കുറിച്ചും, ബൗണ്ടറി ലൈനുകളിൽ വച്ച് എങ്ങനെയും ബോൾ കൈപ്പിടിയിലൊതുക്കുന്ന ഹർലീൻ ഡിയോളിന്റെ മാന്ത്രിക വിദ്യയെ കുറിച്ചും, ഇന്നിംഗ്സ് ഓപ്പൺ ചെയ്ത് ആദ്യ ബോൾ തന്നെ ബൗണ്ടറി കടത്തുന്ന ഷെഫാലിയുടെ എക്സ്പ്ലോസീവ് ബാറ്റിങ്ങിനെ കുറിച്ചും ഇവിടെ ചർച്ചകൾ ഉണ്ടായി. ഡീവില്ലിയേഴ്‌സിനും വാർണറിനുമൊപ്പം പെറിയും മെഗ് ലാനിങ്ങും എക്ലെസ്റ്റോണുമൊക്കെ നമുക്ക് പ്രിയപ്പെട്ട ഫോറിൻ പ്ലെയേഴ്‌സിന്റെ ലിസ്റ്റിൽ ഇടം നേടിത്തുടങ്ങിയിരിക്കുന്നു. മാറ്റം പോലെ മനോഹരമായി ഭൂലോകത്തിൽ മറ്റെന്തുണ്ട്..!
എന്ത് തന്നെയായാലും ഇന്ത്യൻ പ്രീമിയർ ലീഗിന്റെ വിമൻസ് എഡിഷൻ ഈ പറഞ്ഞ മാറ്റത്തിന് വലിയ പ്രേരകശക്തിയാവും, സംശയമില്ല. വരും നാളുകൾ പ്രതീക്ഷയുടേതാണ്.