ഈ ലോകകപ്പിലെ തങ്ങളുടെ ആദ്യ രണ്ട് മത്സരങ്ങളും തോറ്റ രണ്ട് പ്രധാന ടീമുകൾ തമ്മിലുള്ള നിർണ്ണായക മത്സരമായിരുന്നു ലക്ക്നൗവിലേത്. അഞ്ച് തവണ ലോക ചാമ്പ്യൻമാരായ ആസ്ത്രേലിയയും ഒരു തവണ ചാമ്പ്യൻമാരായ ശ്രീലങ്കയും നേർക്ക് നേർ. ഇരുവർക്കും തുടർന്നുള്ള സെമി സാധ്യതകൾക്ക് വിജയം നിർബന്ധം. എന്നാൽ ലോക ക്രിക്കറ്റിന്റെ ചരിത്രമറിയുന്നവർ തുടർന്നുള്ള മൽസരങ്ങളിൽ ആസ്ത്രേലിയയുടെ തിരിച്ചു വരവ് പ്രതീക്ഷിച്ചിരുന്നു. അഞ്ച് തവണ ലോക ചാമ്പ്യൻമാരായി എന്നതിനപ്പുറം രണ്ട് തവണ റണ്ണേഴ്സും ഓരോ തവണ സെമി, ക്വാർട്ടർ ഫൈനൽ കടന്ന ടീമാണ് ഓസീസ്. 1975 മുതൽ തുടങ്ങിയ ക്രിക്കറ്റ് ലോകകപ്പിൽ വെറും രണ്ട് തവണ മാത്രമാണ് ഗ്രൂപ്പ് ഘട്ടത്തിൽ അവർ പുറത്തായത്. ആദ്യ കളികളിൽ തോറ്റ് പിന്നീട് അവിശ്വസനീയമായ രീതിയിൽ തിരിച്ചു വന്ന ടൂർണമെന്റുകൾ പ്രൂഫായി മൂന്നിലുള്ളപ്പോൾ ശ്രീലങ്കക്കെതിരെയുളള ഈ വിജയത്തിൽ അൽഭുതപ്പെടാനില്ല.
ടോസ്സ് നേടിയ ശ്രീലങ്ക ബാറ്റിങ്ങ് തിരഞ്ഞെടുത്തു. സൗത്ത് ആഫ്രിക്കക്കെതിരെയും പാകിസ്ഥാനെതിരെയും തോറ്റെങ്കിലും രണ്ട് കളിയിലും മുന്നൂറിന് മുകളിൽ റൺസ് നേടാൻ കഴിഞ്ഞ ആത്മവിശ്വാസത്തിലായിരുന്നുവത്. പ്രതീക്ഷിച്ച പോലെ ഓസീസ് പേസിനെതിരെ കരുതലോടെ ബാറ്റ് വീശിയ പാതും നിസൻകെയും കുശാൽ പെരേരയും ആദ്യ വിക്കറ്റ് പാർട്ടണർഷിപ്പ് നൂറിന് മുകളിലെത്തിച്ച് ലങ്കക്ക് മികച്ച തുടക്കം സമ്മാനിച്ചു. എന്നാൽ ഇരുപത്തി രണ്ടാം ഓവറിന്റെ നാലാം ബോളിൽ പാറ്റ് കുമ്മിൻസണിന്റെ ബോളിൽ ബൗണ്ടറി ലൈനിനടുത്ത് നിന്ന് വാർണർ നേടിയ ഒന്നാന്തരം ക്യാച്ചിൽ നിസൻകെ പുറത്തായി. തൊട്ടടുത്ത സ്പെല്ലിൽ കുമ്മിൻസൺ തന്നെ കുശാൽ പെരേരയുടെ ഓഫ് സ്റ്റമ്പ് പിഴുതു. കുമ്മിൻസൺ നേടിയ ഈ രണ്ട് വിക്കറ്റുകളാണ് ശ്രീലങ്കയുടെ ബാറ്റിങ്ങ് പൂട്ട് പൊളിച്ചത്.
സാംപയുടെ ബോളിൽ മറ്റൊരു മനോഹരമായ വാർണർ ക്യാച്ചിൽ പാകിസ്ഥാനെതിരെ സെഞ്ച്വറിയും ദക്ഷിണാഫ്രിക്കക്കെതിരെ അർധ സെഞ്ച്വറിയും നേടിയ കുശാൽ മെൻഡിസും പുറത്തായി. കഴിഞ്ഞ മത്സരത്തിൽ സെഞ്ച്വറി നേടിയ സമര വിക്രമ അടക്കം മധ്യ നിര ദയനീയമായി പരാജയപ്പെട്ടപ്പോൾ അവസാന ഒമ്പത് വിക്കറ്റുകൾ കൊണ്ട് ശ്രീലങ്കക്ക് കൂട്ടി ചേർക്കാനായത് വെറും അമ്പത്തി രണ്ട് റൺസ് മാത്രമായിരുന്നു . ഓപ്പണർമാരായ പാതും നിസൻകെ 61 റൺസും കുശാൽ പെരേര 78 റൺസും നേടി. അസലൻകെ 25 റൺസ് നേടിയതൊഴിച്ചാൽ ശ്രീലങ്കൻ നിരയിൽ മറ്റാർക്കും തന്നെ രണ്ടക്ക സംഖ്യ കടക്കാനായില്ല.
കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ നിന്ന് വിഭിന്നമായി ഫീൽഡിലും വിക്കറ്റിന് പിറകിലും ഉത്സാഹവാരായ പഴയ ഓസീസിനെയാണ് ശ്രീലങ്കക്കെതിരെ കണ്ടത്. കഴിഞ്ഞ മൽസരത്തിൽ മൂന്ന് ക്യാച്ചുകൾ കൈവിട്ട ഓസീസ് ഈ മൽസരത്തിൽ മികച്ച ഫീൽഡിങ്ങ് ഒത്തിണക്കം കാണിച്ചു. വെല്ലാലഗെയെ റൺഔട്ട് ചെയ്ത കുമ്മിൻസണിന്റെ ഡയറക്കറ്റ് ത്രോ അതിന് ഉദാഹരണമായിരുന്നു . പിച്ചിനെ പിന്തുണക്കുന്ന ഇന്ത്യൻ ഗ്രൗണ്ടിൽ ഇത് വരെ താളം കണ്ടെത്താൻ കഴിയാതിരുന്ന ആഡം സാംപ നാല് വികറ്റുകളുമായി ഫോം കണ്ടെത്തിയതും നിർണ്ണായ വിക്കറ്റുകൾ ക്യാപ്പ്റ്റൻ കുമ്മിൻസണും സ്റ്റാർക്കും ചേർന്ന് നേടുകയും ചെയ്തതോടെ ശ്രീലങ്കൻ സ്കോർ 209 ൽ ഓൾഔട്ടിൽ ഒതുങ്ങി.
എന്നാൽ ഇന്ത്യക്കെതിരെയും സൗത്ത് ആഫ്രിക്കക്കെതിരെയും ഇരുന്നൂറിന് താഴെയുള്ള സ്കോറിൽ കൂടാരം കയറിയ ആസ്ത്രേലിയയുടെ മികച്ച ബാറ്റിങ്ങ് നിരക്ക് നിലവിലെ സാഹചര്യത്തിൽ 210 എന്ന ചെറിയ വിജയ ലക്ഷ്യവും വെല്ലുവിളിയായിരുന്നു. കഴിഞ്ഞ രണ്ട് കളിയിലും ഒമ്പത് റണ്ണിന് മുകളിൽ റൺ റേറ്റ് വഴങ്ങിയ പതിരാനയെ പുറത്തിരുത്തിയാണ് ശ്രീലങ്ക ബൗളിംഗ് തുടങ്ങിയത്. എന്നാൽ ആദ്യ മറുവശത്ത് ഓവറിൽ പതിനഞ്ച് റൺസ് നേടിയാണ് മിച്ചലും വാർണറും ഇന്നിങ്ങ്സിന് തുടക്കമിട്ടത്. പക്ഷെ മധു ശങ്ക എറിഞ്ഞ നാലാം ഓവറിലെ ആദ്യത്തെയും അവസാനത്തെയും പന്തിൽ സ്മിത്തും വാർണറും സമാനമായ രീതിയിൽ എൽബി ഡബ്ലിയുവിൽ കീഴടങ്ങി.
എന്നാൽ മൂന്നാം വിക്കറ്റിൽ മിച്ചൽ മാർഷ് ലാബു ഷെയ്നുമായി കൂടി ചേർന്ന് സ്കോർ ചലിപ്പിച്ചു. മിച്ചൽ മാർഷ്-ലാബു ഷെയ്ൻ സംഖ്യം 56 റൺസ് നേടി. മിച്ചൽ മാർഷ് റൺ ഔട്ടിൽ പുറത്തായതോടെ ലാബു ഷെയ്ൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഇൻഗിൾസുമായി കൂടി ചേർന്ന് ലക്ഷ്യത്തിലേക്ക് നീങ്ങി. തുടർന്ന് ഇരുവരും കീഴടങ്ങിയെങ്കിലും മാക്സ് വെല്ലും സ്റ്റോയ്നിസും ചേർന്ന് ലക്ഷ്യം കണ്ടു. ഔട്ടാവാതെ 31 റൺസ് നേടിയിട്ടുള്ളുവെങ്കിലും മാക്സ് വെല്ലിന്റെ ആഞ്ഞടികൾ കണ്ട മൽസരമായിരുന്നു ഇന്നലെ, വിജയിക്കാൻ 88 പന്തിൽ 1 റൺസ് മാത്രം വേണ്ടിയിരിക്കെ സ്റ്റോയിനസ് വെല്ലാലഗെയെ ലോങ്ങ് ഓണിലൂടെ സിക്സർ പറത്തി ഓസീസിന് ഈ ലോകകപ്പിലെ ആദ്യ വിജയം നൽകി.
കഴിഞ്ഞ രണ്ട് മൽസരങ്ങളിലും രണ്ട് വിക്കറ്റ് വീതം നേടിയ മധു ശങ്ക ഈ കളിയിലും മൂന്ന് വിക്കറ്റുകൾ വീഴ്ത്തി ശ്രീലങ്കൻ നിരയിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ചു. ആഡം സാംപ നാല് വിക്കറ്റുകളും ഒരു മെയ്ഡനുമെറിഞ്ഞ് കളിയിലെ താരമായി. പോയിന്റ് പട്ടികയിൽ മുന്നേറാൻ കഴിഞില്ലെങ്കിലും ആദ്യ രണ്ട് കളിയിലും നമ്പർ ടൺ വരെയുള്ള ബാറ്റിങ്ങ് നിരയും പേസും സ്പിൻ നിരയും പരാജയപ്പെട്ടിടത്ത് നിന്നും തിരിച്ചു വന്നു എന്നതും ടീം പൊതുവായ ഒത്തിണക്കം കാണിച്ചുവെന്നതും ഓസീസിന് ആത്മവിശ്വാസം നൽകും. മൂന്ന് കളിയിലും തോറ്റ ശ്രീലങ്കയുടെ സെമി സാധ്യതകൾ ഏതാണ്ട് അവസാനിച്ചു.