ലോകകപ്പ് നേടിയില്ല എന്നതു കൊണ്ട് അവസാനിക്കില്ല, ക്രിസ്റ്റ്യാനോ റൊണാൾഡോ

ഫുട്ബോൾ മൈതാനത്ത് റൊണാൾഡോക്ക് സാധിക്കാത്തതായി ഒന്നുമില്ല. അപാരമായ വേഗം, രണ്ടു കാലുകൾ കൊണ്ടും ഷൂട്ട്‌ ചെയ്യാനുള്ള പാടവം, വായുവിൽ പന്തിന്മേൽ നിയന്ത്രണം, രണ്ടു വിംഗുകളിലും ഒരേ പോലെ കളിക്കാനുള്ള കഴിവ്, പാസ്സിംഗിലും ഡ്രിബിളിംഗിലും അസാധാരണമായ മികവ് എന്നിവയെല്ലാം കൂടിച്ചേർന്നാണ് കൂടെയോടുന്നവരിൽ നിന്നും അയാളെ വ്യത്യസ്തനാക്കുന്നത്.

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിംഗുകളിലൂടെ പറന്നുനടന്ന് ഒടുവിൽ അവരുടെ ആരാധകരുടെ ഹൃദയങ്ങളിലേക്ക് ചാട്ടുളി പോലെ കയറി ചെന്ന മാന്ത്രികൻ. ജോർജ് ബസ്റ്റും എറിക് കന്റോനയും അനശ്വരമാക്കിയ എഴാം നമ്പർ ജെഴ്സിയുടെ മൂല്യം കാത്തുസൂക്ഷിച്ച പയ്യൻ റയലിലെത്തുമ്പോൾ ലോകത്തിലെ മികച്ച കളിക്കാരിൽ ഒരാളായിരുന്നു. സാമാന്യം നല്ല വേഗതയുള്ള ഒരു വിംഗറുടെ യുവത്വത്തിന്റെ ചോരത്തിളപ്പ് അവസാനിക്കുമ്പോൾ അയാളുടെ ഫുട്ബോൾ ജീവിതവും മറ്റു പലരെയും പോലെ വിസ്‍മൃതിയിലേക്ക് നീങ്ങുമെന്ന് കരുതിയിരുന്നവരെ അമ്പരപ്പിച്ച്​ അയാൾ വേറൊരു തലത്തിലേക്കാണ് നീങ്ങിയത്. റയലിലൂടെ അയാൾ വളർന്നത് ആധുനിക ഫുട്‍ബോളിലെ മികച്ച ഫുട്ബോളർമാരുടെ നിരയിലേക്കാണ്.

ഒരു ഫുട്ബോൾ മൈതാനത്ത് റൊണാൾഡോക്ക് സാധിക്കാത്തതായി ഒന്നുമില്ല. അപാരമായ വേഗം, രണ്ടു കാലുകൾ കൊണ്ടും ഷൂട്ട്‌ ചെയ്യാനുള്ള പാടവം, വായുവിൽ പന്തിന്മേൽ നിയന്ത്രണം, രണ്ടു വിംഗുകളിലും ഒരേപോലെ കളിക്കാനുള്ള കഴിവ്, പാസിംഗിലും ഡ്രിബിളിംഗിലും അസാധാരണ മികവ് എന്നിവയെല്ലാം കൂടിച്ചേർന്നാണ് കൂടെയോടുന്നവരിൽ നിന്ന്​ അയാളെ വ്യത്യസ്തനാക്കുന്നത്. റയലിൽ അയാൾ പൂർണതയുടെ പടവുകൾ അനായാസം കയറിപ്പോയി. സെന്റർ ഫോർവേഡ് എന്ന റോളിലേക്ക് മാറിയതോടെ റൊണാൾഡോ തന്റെ അപാരമായ ഫിനിഷിംഗ് പാടവം പുറത്തെടുത്തു. റൗൾ ഗോൺസാലസും റൊണാൾഡോ ഡി ലിമയും കളിച്ചു കടന്നു പോയ റയലിന്റെ എക്കാലത്തെയും മികച്ച ഗോൾ സ്കോറർ എന്ന സ്വപ്നതുല്യ നേട്ടം മാത്രം മതി ഈ തലമുറക്ക് ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന കളിക്കാരനെ ആരാധിക്കാൻ. റയലിൽ നിന്ന്​ യുവന്റസിലേക്ക്. അവിടെയും തിളക്കമാർന്ന പ്രകടനങ്ങൾ. പ്രീമിയർ ലീഗ്, സ്പാനിഷ് ലീഗ് & ഇറ്റാലിയൻ സീരി എ, ഫുട്‍ബോൾ ലോകത്തെ ഏറ്റവും മികച്ച മൂന്ന് ലീഗുകളിലും തന്റെ കയ്യൊപ്പ് ചാർത്തിയ പ്രതിഭ.

യുറോ കപ്പിലൂടെ മറുപടി

ക്ലബ് തലത്തിൽ കിരീടങ്ങൾ വെട്ടിപ്പിടിക്കുമ്പോഴും അന്താരാഷ്ട്ര തലത്തിലെ നേട്ടങ്ങളുടെ കുറവെന്നും വിമർശകർക്ക് ഒരായുധമായിരുന്നു. ലോകകപ്പ് അല്ലെങ്കിൽ യൂറോകപ്പ് പോലുള്ള മേജർ ടൂർണമെന്റുകളിൽ രാജ്യത്തിനുവേണ്ടി കളിക്കുമ്പോൾ തിളങ്ങാത്തവനെന്ന വിമർശനങ്ങൾ അയാളും നേരിട്ടിട്ടുണ്ട്.

2016 യൂറോ കപ്പ്. ആദ്യ രണ്ടു മത്സരങ്ങളിലും റൊണാൾഡോ നിറം മങ്ങിപ്പോയിരുന്നു. ഒരു ജേണലിസ്റ്റ് രാവിലെ ടീമിനൊപ്പം പരിശീലനത്തിനിറങ്ങിയ അയാളെ സമീപിക്കുന്നു. അടുത്ത മത്സരത്തെ പറ്റിയുള്ള ചോദ്യം തീർന്നതും മൈക്ക് പിടിച്ചെടുത്ത്​ തൊട്ടപ്പുറത്ത് തടാകത്തിലേക്ക് വലിച്ചെറിയുന്ന റൊണാൾഡോ വിമർശനങ്ങളുടെ മൂർച്ച കൂട്ടുകയാണ്. അസഹിഷ്ണുത പ്രകടിപ്പിക്കാതെ അയാളൊരിക്കലും മറച്ചു വച്ചിട്ടില്ല. മണിക്കൂറുകൾക്കുശേഷം ടൂർണമെന്റിലെ നിർണായക മത്സരത്തിൽ അയാളുടെ ടീം ഹംഗറിയെ നേരിടുന്നു. ആദ്യ പകുതി അവസാനിക്കുമ്പോൾ സ്കോർ 1 - 1. പോർച്ചുഗലിന്റെ ഗോളിനുള്ള അസ്സിസ്റ്റ് നൽകിയത് റൊണാൾഡോ ആണെങ്കിലും ആദ്യ പകുതിയിൽ അയാൾ പതിവ് പോലെ ഒരു ദയനീയ ദൃശ്യം തന്നെയാണ്. രണ്ടാം പകുതിയുടെ തുടക്കത്തിലേ ഹംഗറി വീണ്ടും ലീഡ് എടുക്കുന്നു. കൃത്യം മൂന്നുമിനുട്ടിനുശേഷം വലതു വിംഗിൽ നിന്ന്​ വന്ന ക്രോസ് റൊണാൾഡോയുടെ പ്രതികരണം മിന്നൽവേഗത്തിലായിരുന്നു. ഒരു ഡെഫ്റ്റ് ഫ്ലിക്ക്, ബാക്ക് ഹീൽ അല്ലെങ്കിൽ റബോണ ഫിനിഷ്, ഫുൾ ലെങ്ങ്ത് ഡൈവ് ചെയ്ത ഗോൾ കീപ്പറെ മറി കടന്നു പന്ത് വലയിൽ. അഞ്ച് മിനിറ്റിനുള്ളിൽ ഹംഗറി വീണ്ടും ലീഡ് എടുക്കുന്നു. ഏഴ് മിനിറ്റിനുള്ളിൽ വീണ്ടും ആ മനോഹര കാഴ്ച.

വീണ്ടും ജോവോ മരിയയുടെ കിടിലൻ ക്രോസ് മാർക്കറെ കാഴ്ചക്കാരനാക്കി ഉയരുന്ന റൊണോയുടെ മനോഹര ഹെഡ്ഡർ. പോർച്ചുഗീസ് കാണികളിൽ ഉന്മാദം ജനിപ്പിച്ച ഗോൾ. വെയിൽസിനെതിരെ സെമിയിലും മിന്നുന്ന പ്രകടനം കാഴ്ച വച്ച റൊണാൾഡോ ഫൈനലിൽ പരുക്കേറ്റു പുറത്തുപോയെങ്കിലും പോർച്ചുഗൽ എഡറിന്റെ എക്സ്ട്രാ ടൈം ഗോളിൽ അവരുടെ ചരിത്രത്തിലാദ്യമായി യൂറോ കപ്പ് ഉയർത്തി. വിമർശനങ്ങൾക്ക്, പരിഹാസങ്ങൾക്ക് അയാൾ മറുപടി കൊടുത്ത രീതി അനുപമമാണിത്. രാജ്യത്തിന് വേണ്ടി കളിക്കുമ്പോൾ തിളങ്ങാത്തവനെന്ന ശാപഭാരം ആ
യൂറോ കപ്പിലെ മികച്ച പ്രകടനം കൊണ്ടദ്ദേഹം കഴുകി കളഞ്ഞ കാഴ്ച.

പെനാൽറ്റി ബോക്സിലെ പ്രിഡേറ്റർ

റൊണാൾഡോയുടെ സ്വഭാവരീതികളെ, പെരുമാറ്റത്തെ നമുക്ക് എങ്ങനെ വേണമെങ്കിലും വിമർശിക്കാം, പരിഹസിക്കാം. എല്ലാം കേട്ടുനിന്നുകൊണ്ട് ആ മനുഷ്യൻ ഒരു ദിവസം തനിക്ക് മാത്രം സാധിക്കുന്ന രീതിയിൽ അസാധ്യ
ഫോമിലേക്കുയരുമ്പോൾ വിമർശകർ പോലും അദ്ഭുതത്തോടെ നോക്കി നിന്നുപോകും. പെനാൽറ്റി ബോക്സിലെ പ്രിഡേറ്റർ, രസകരമായ പേരാണത്. ഓരോ തവണയും എഴുതി തള്ളപ്പെടുമ്പോൾ റൊണാൾഡോ ലോകത്തോട്‌ വിളിച്ചു പറയുകയാണ്‌, തന്നിലെ പ്രതിഭക്ക് മരണം സംഭവിച്ചിട്ടില്ലെന്ന്. പ്രതിഭ സടകുടഞ്ഞെഴുന്നേൽക്കുന്ന നിമിഷങ്ങളിൽ റൊണാൾഡോയിൽ
നിന്നു വരുന്ന അവിസ്മരണീയ ഗോളുകൾ കാണുമ്പോൾ മനസ്സ് കൊണ്ട് നമിച്ചു പോകും എതിരാളികൾ പോലും.

അംഗീകരിക്കാൻ മടിച്ചുനിൽക്കുന്നവരെ പോലും അംഗീകരിക്കാൻ പ്രേരിപ്പിക്കുന്ന നിമിഷങ്ങളായിരിക്കണം ഏതൊരു കായികതാരത്തിന്റെയും കരിയറിലെ സുവർണനിമിഷങ്ങൾ. ഇത്തരം നിർണായക നിമിഷങ്ങൾ കളിക്കുന്ന ഏതൊരു ടീമിനുവേണ്ടിയും നൽകാൻ കഴിയുന്നിടത്തോളം കാലം അപാരമായ പ്രതിഭയുടെ പിൻബലമില്ലാത്തവൻ എന്ന വിമർശനം ഒരു വിഷയമേയല്ല. ചാമ്പ്യൻസ് ലീഗ് നോക്ക് ഔട്ട്‌ റൗണ്ടിൽ വമ്പൻ ടീമുകൾ പോലും നേരിടാൻ ഇഷ്ടപ്പെടാത്തൊരു ടീമിന്റെ, La Vecchia Signora (ദ ഓൾഡ്‌ ലേഡി ) എന്നറിയപ്പെടുന്ന യുവന്റസിന്റെ, ഹോം ഗ്രൗണ്ട്. പെനാൽറ്റി ബോക്സിൽ എപ്പോഴും ടൈറ്റ് ആയി മാർക്ക് ചെയ്യപ്പെടേണ്ട ഒരു അപകടകാരിയായ കളിക്കാരനെ കുറച്ചൊന്നു ഫ്രീ ആയി വിട്ടൊരു തെറ്റിന് അയാൾ എതിർ പ്രതിരോധത്തെ ശിക്ഷിക്കുന്നത് തന്റെ വെർസാറ്റിലിറ്റി പ്രകടമാക്കി കൊണ്ടാണ്. കാർവാലോ പന്തുമായി ബോക്സിൽ കയറുമ്പോൾ ആറ് യുവന്റസ് കളിക്കാരാണ് ബോക്സിൽ. എന്നിട്ടും ബോക്സിലുള്ള രണ്ടേ രണ്ടു റയൽ കളിക്കാരായ റൊണാൾഡോയും വാസ്ക്വസും അൺ മാർക്ക്ഡ് തന്നെയാണ്.

കാർവാലോയുടെ ക്രോസ് വരുന്നത് ശൂന്യമായ ഒരു സ്പേസിലേക്കാണ്. അപകടമൊന്നും മണക്കാതിരുന്ന യുവന്റസ് പ്രതിരോധം റൊണാൾഡോയെ കാര്യമായി ശ്രദ്ധിക്കുന്നില്ല. നിമിഷനേരം കൊണ്ട് ഓടിയെത്തുന്ന റൊണാൾഡോ ഗോൾ പോസ്റ്റിനു സമാന്തരമായി വായുവിൽ ഉയർന്നു കൊണ്ടൊരു സുന്ദരമായ ബൈസിക്കിൾ കിക്കിലൂടെ ബഫനിനെ സ്തബ്ധനാക്കി കൊണ്ട് വലയിലേക്കും ചാമ്പ്യൻസ് ലീഗിലെ സുവർണ നിമിഷങ്ങളുടെ ലിസ്റ്റിലേക്കും പറഞ്ഞയക്കുമ്പോൾ സൈഡ് ലൈനിനപ്പുറത്ത് സിനദിൻ സിദാനെന്ന ഇതിഹാസം പോലും താൻ തൊട്ടു മുന്നേ കണ്ട കാഴ്ചയിൽ പ്രകടിപ്പിക്കുന്ന അവിശ്വസനീയത സാക്ഷിയാണ്. യൂട്യുബിൽ പരതി മികച്ച ബൈസിക്കിൾ കിക്കുകളുടെ ഫുട്ടെജ് എടുത്ത് നിരത്തി അനായാസം തർക്കിക്കാവുന്നതാണ്. സ്പേസ് ഉണ്ടാക്കിയെടുത്തല്ല ആ കിക്ക് ഡെലിവർ ചെയ്യുന്നത് എന്നും തർക്കിക്കാം. അത്തരമൊരു സാധ്യത മുൻകൂട്ടി കണ്ട്​ഞൊടിയിടയിൽ ആ ഫ്രീ സ്‍പെയ്‍സിലേക്ക് കടന്നുവരുന്ന റൊണാൾഡോയുടെ ഉൾക്കാഴ്ചയെ, അക്രോബാറ്റിസത്തെ, ടെക്നിക്കലി പെർഫക്റ്റ് ആയൊരു എക്സിക്യൂഷനെയൊന്നും അവഗണിക്കാൻ കഴിയില്ല. നിമിഷങ്ങൾ കൊണ്ടൊരു പാസും ഗോളിനുള്ള സാധ്യതയും തിരിച്ചറിയാനുള്ള കഴിവ് പ്രതിഭയുടെ അടയാളമല്ലെങ്കിൽ മനോഹരമായ ഒരു ബൈസിക്കിൾ കിക്കിലൂടെ അയാളത് എക്സിക്യുട്ട് ചെയ്ത രീതി സാക്ഷിയാണ്. ആ നിമിഷങ്ങളിലൊന്നിലാണോ പിന്നീട് യുവന്റസിലേക്കുള്ള റൊണാൾഡോയുടെ യാത്രയുടെ തുടക്കമിട്ടിരുന്നത് എന്നറിയില്ല.

വിങ്ങറിൽ നിന്നും സപ്പോർട്ട് സ്‌ട്രൈക്കറായും പിന്നീട് സെന്റർ ഫോർവെഡായും വിജയകരമായ ട്രാൻസ്ഫോർമേഷന് വിധേയമായ ഒരു കളിക്കാരൻ. ഓരോ ഘട്ടത്തിലും വെല്ലുവിളികൾക്കും വിമർശനങ്ങൾക്കും ഗോൾമഴ കൊണ്ട് മറുപടി. ലൂയിസ് ഫിഗോക്ക് ശേഷം പോർച്ചുഗൽ കണ്ട ഇതിഹാസസമാനനായ ഫുട്ബോളറെ പറ്റി എഴുതാതെ ആധുനിക ഫുട്‍ബോളിലെ ഒരു ചരിത്രവും പൂർണമാകില്ല.

കണ്ണീരോടെ മടക്കം

അസാധാരണമായ രീതിയിൽ തിളക്കമുള്ള കരിയറിലെ അവസാന പകുതി പക്ഷേ റൊണാൾഡോ മറക്കാൻ ആഗ്രഹിക്കുന്നതാകും. മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള റൊണാൾഡോയുടെ രണ്ടാം വരവ് എത്ര കണ്ടു ആഘോഷിക്കപ്പെട്ടിരുന്നോ അത്രയും തന്നെ വിവാദങ്ങളുടെ അകമ്പടിയോടെയാണ് റൊണാൾഡോ യുണൈറ്റഡ് വിടുന്നതും. കോച്ച് എറിക് ടെൻ ഹാഗുമായുള്ള അഭിപ്രായ വ്യത്യാസങ്ങളും പരസ്യപ്രസ്താവനകളും അച്ചടക്കമില്ലാത്ത പെരുമാറ്റവും റൊണാൾഡോയെ യുണൈറ്റഡിൽ അനഭിമതനാക്കിയിരുന്നു. പിയേഴ്‌സ് മോർഗ്ഗനുമായുള്ള അഭിമുഖത്തിൽ യുണൈറ്റഡിനെതിരെ ആഞ്ഞടിക്കുന്നതോടെ വേർപിരിയൽ അനിവാര്യമായിരുന്നു. ലോകകപ്പിന്നിടെയാണ് റൊണാൾഡോയും യുണൈറ്റഡും ഒട്ടും സുഖകരമല്ലാത്ത രീതിയിൽ വേർപിരിയുന്നത്.

പോർച്ചുഗലിനായി ഒരു ലോകകപ്പ് എന്ന സ്വപ്നവുമായി വന്നിറങ്ങുന്ന റൊണാൾഡോ തന്റെ കരിയറിന്റെ നല്ല നാളുകൾ പിന്നിട്ടിരുന്നു. ഘാനക്കെതിരെ ആദ്യ മത്സരത്തിൽ പെനാൽറ്റിയിലൂടെ സ്‌കോർ ചെയ്ത് കൊണ്ട് അഞ്ച് ലോകകപ്പുകളിൽ ഗോളടിക്കുന്ന ആദ്യ കളിക്കാരനെന്ന ബഹുമതി സ്വന്തമാക്കുന്ന റൊണാൾഡോ പക്ഷേ പഴയ ഗോളടിയന്ത്രത്തിന്റെ നിഴൽ പോലെയാണെന്ന് തോന്നിപ്പിച്ചിരുന്നു. റൊണാൾഡോയുടെ മിനിമൽ വർക്ക് റേറ്റും പുറകോട്ടിറങ്ങി പന്ത് സ്വീകരിക്കാനുള്ള മടിയും ഒരു ടീം പ്ലെയറിൽ നിന്നു വളരെ ദൂരെയാണ് അദ്ദേഹത്തെ നിർത്തിയത്. ആദ്യത്തെ മൂന്നു കളികളിലും ഇമ്പാക്ട് ഇല്ലാത്ത പ്രകടനങ്ങളാണ് റൊണാൾഡോ നൽകുന്നതെന്നിരിക്കെ പോർച്ചുഗൽ ടീമിന്റെ ഗെയിം പ്ലാനിൽ തന്നെ റൊണാൾഡോക്ക് സ്ഥാനമില്ലെന്ന് ഉറപ്പിക്കുന്ന രീതിയിലാണ് പോർച്ചുഗൽ കളിച്ചതും. ആദ്യത്തെ നോക്ക് ഔട്ട് മത്സരത്തിൽ റൊണാൾഡോ ബെഞ്ച് ചെയ്യപ്പെടുകയും പോർച്ചുഗൽ തങ്ങളുടെ സ്വതസിദ്ധമായ ഫോമിലേക്ക് ഉയർന്നു സ്വിറ്റ്‌സർലണ്ടിനെ തകർക്കുകയും ചെയ്തു. റൊണാൾഡോക്ക് പകരം ആദ്യ ഇലവനിൽ വന്ന ഗോൺസലോ സാന്റോസ് തകർപ്പൻ ഹാട്രിക് നേടുകയും ചെയ്തതോടെ മൊറൊക്കൊക്കെതിരെ നിർണായകമായ ക്വാർട്ടറിൽ റൊണാൾഡോ ബെഞ്ചിൽ തന്നെ തുടരുകയാണ്. ഒരു ഗോളിനുപിന്നിൽ നിൽക്കെ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ റൊണാൾഡോ എത്തുന്നുണ്ട്. തന്റെ അവസാന ലോകകപ്പ് മത്സരത്തിൽ പോർച്ചുഗലിനെ രക്ഷപ്പെടുത്തിയെടുക്കാൻ കഴിയാതെ കണ്ണീരോടെ പുറത്തുപോകുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരു നൊമ്പരകാഴ്ചയായിരുന്നെങ്കിലും ചില യാഥാർഥ്യങ്ങൾ അവഗണിക്കാനും കഴിയില്ല. ഫുട്‍ബോൾ ആത്യന്തികമായി ഒരു ടീം ഗെയിമാണ്, ടീമിനെക്കാൾ വലുതല്ല ഏതൊരു കളിക്കാരനും.

മുന്ന് പ്രീമിയർ ലീഗ് കിരീടങ്ങൾ, രണ്ട് ലാ ലിഗ കിരീടങ്ങൾ, രണ്ട് തവണ ഇറ്റാലിയൻ സീരി എ, പോർച്ചുഗലിനുവേണ്ടി യൂറോ കപ്പ്, നേഷൻസ് ലീഗ് എന്നിവക്കുപുറമെ 5 തവണ ബാലോൻ ദോറും നേടിയ ഇതിഹാസതാരത്തിന്റെ മഹത്വം ഒരു ലോകകപ്പിന്റെ അഭാവം കൊണ്ടൊരു തരിമ്പ് പോലും കുറയുന്നില്ല എന്നതാണ് സത്യം. ഫുട്‍ബോൾ ലോകം കണ്ട എക്കാലത്തെയും മികച്ചവരിൽ ഒരാളായി ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടതാണ് ആ പേര്, ക്രിസ്റ്റ്യാനോ റൊണാൾഡോ.

Comments