സംസ്​കൃതത്തിന്​ 640 കോടി; അത്​ കേവലം​ ഒരു ഭാഷയ്​ക്കുള്ള തുകയല്ല…

കഴിഞ്ഞ മൂന്നുവർഷത്തിനുള്ളിൽ സംസ്കൃതത്തിനുവേണ്ടി 640 കോടി രൂപയാണ്​ ചെലവാക്കിയത്​. സംസ്കൃത ഭാഷയോടുള്ള കേന്ദ്ര സർക്കാരിന്റെ അമിത താല്പര്യത്തിന്റെ കാരണം അന്വേഷിക്കുന്നു.

മാർച്ച് 16-ന്​ രാജ്യസഭയിൽ കോൺഗ്രസ് എം. പി ജയറാം രമേഷ് നടത്തിയ ഒരു ഇടപെടലാണ് ഈ ലേഖനത്തിനാധാരം. 2020 ഫെബ്രുവരി മൂന്നിന്​ ലോക്‌സഭയിൽ കേന്ദ്ര സാംസ്‌കാരിക മന്ത്രി 171 -ാം ചോദ്യത്തിന് നൽകിയ മറുപടിയെ രാജ്യസഭയിൽ ചർച്ചയാക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ മൂന്നുവർഷത്തിനുള്ളിൽ ഇന്ത്യയിലെ ശ്രേഷ്ഠഭാഷകൾക്കോരോന്നിനും ചെലവാക്കിയ തുക എത്രെയെന്ന ചോദ്യത്തിന്​ മറുപടി പറയുകയായിരുന്നു മന്ത്രി. സംസ്കൃതത്തിനുവേണ്ടി 640 കോടി, തമിഴിന് 24 കോടി, മൂന്നുകോടി വീതം തെലുഗുവിനും കന്നടക്കും. മറ്റു ശ്രേഷ്ഠഭാഷകളായ മലയാളത്തിനും ഒറിയയ്ക്കും ഈ കാലയളവിൽ ഒന്നും ചെലവാക്കിയില്ല എന്ന മറുപടിയാണ് മന്ത്രി നൽകിയത്. ഭാരതീയ പൈതൃകത്തിന്റെ ഭാഗമെന്നനിലയിൽ സംസ്‌കൃതത്തെ അംഗീകരിക്കുമ്പോഴും ഭാഷക ജനസംഖ്യ ഏറ്റവും കുറവായ സംസ്‌കൃതത്തിനുവേണ്ടി ഇത്രയും പണം ചെലവാക്കുന്നതിന്റെ അനൗചിത്യവും ശ്രേഷ്ഠഭാഷകളിൽ ഒന്നൊഴികെ മറ്റുള്ളവയോടുള്ള വിവേചനവുമാണ് ജയറാം രമേഷ് സഭയിലവതരിപ്പിച്ചത്. ഈ ഇടപെടലിനെ പശ്ചാത്തലമാക്കി, സംസ്കൃത ഭാഷയോടുള്ള കേന്ദ്രസർക്കാരിന്റെ അമിതതാല്പര്യത്തിന്റെ കാരണങ്ങൾ അന്വേഷിക്കുകയാണിവിടെ.

ജയറാം രമേഷ്
ജയറാം രമേഷ്

ദേവഭാഷയായി അവതരിപ്പിക്കപ്പെട്ട സംസ്കൃതം മൃതഭാഷയാണെന്നും അല്ലെന്നുമുള്ള വാദം ആഗോളീയമായി സജീവമാണ്. പൂർവകാലത്തു സംഭാഷണഭാഷയായിരുന്നില്ലെന്നും വരമൊഴി രൂപമായിരുന്നെന്നും അത് ഗ്രന്ഥരചനയ്ക്കും ഭരണകൂട വ്യവഹാരങ്ങൾക്കും മാത്രമാണ് പ്രധാനമായി ഉപയോഗിച്ചിരുന്നതെന്നും ബ്രാഹ്മണരുടെ അധീനതയിൽ ഒതുങ്ങിയിരുന്ന വരേണ്യ ഭാഷയിരുന്നുവെന്നും അവർ ധൈഷണികരചനകളും കാവ്യങ്ങളും രചിക്കാൻ ഉപയോഗിച്ചിരുന്ന ഭാഷയെന്നല്ലാതെ ഒരിക്കലും ജനകീയ ഭാഷയായിരുന്നില്ല എന്നുമൊക്കെയുള്ള വിമർശങ്ങൾ സജീവമാണ്.

ഷെൽഡൺ പൊള്ളോക്കിന്റെ സംസ്കൃതത്തെകുറിച്ചുള്ള നിരീക്ഷണങ്ങളെയും വാദമുഖങ്ങളെയും അംഗീകരിക്കാൻ ഇന്ത്യയിലെ സംസ്‌കൃത പണ്ഡിതർക്ക് കഴിഞ്ഞിട്ടില്ല.

അതല്ല, സംസ്കൃതം ജീവൽഭാഷയാണെന്നും ഇപ്പോഴും വാമൊഴിയായി ഉപയോഗിക്കുന്നുണ്ടെന്നും (കർണാടകയിലെ ഷിമോഗാ ജില്ലയിലെ മാത്തൂർ ഗ്രാമം) വാദിക്കുന്നവരുമുണ്ട്. സംസ്‌കൃതത്തെ കുറിച്ച്​ പ്രചരിക്കുന്ന വാദങ്ങൾ പരിശോധിച്ചാൽ ഇതിന്​ പാശ്ചാത്യ- പൗരസ്ത്യ ചേരിതിരിവ് ഉണ്ടെന്നു വ്യക്തമാണ്. കൊളോണിയൽ കാലം മുതലേ സംസ്കൃതം വാമൊഴിയാണോ സാഹിത്യവരമൊഴിയാണോ എന്ന ചർച്ച ഉണ്ടായിട്ടുണ്ട്. പ്രബലമായ പാശ്ചാത്യപക്ഷം സംസ്കൃതത്തിന്റെ വരമൊഴി സാന്നിധ്യമേ അംഗീകരിച്ചിരുന്നുള്ളൂ, ഭാരതീയപക്ഷം തിരിച്ചും. സംസ്കൃതത്തിന്റെ നേരും വേരുമറിയാൻ സംസ്‌കൃതത്തെ കുറിച്ചുണ്ടായിരിക്കുന്ന പാശ്ചാത്യ- പൗരസ്ത്യ വാദങ്ങളെ കണക്കിലെടുക്കേണ്ടതുണ്ട്.

Photo: Screenshot from a Vlog on Mattur village, Stories by Iype Vallikadan
Photo: Screenshot from a Vlog on Mattur village, Stories by Iype Vallikadan

സംസ്കൃതം അന്തർദേശീയ ശ്രദ്ധ ഏറ്റുവാങ്ങിയത് സർ വില്യം ജോൺസിന്റെ നിരീക്ഷണത്തോടെയാണ്. 1786 ഫെബ്രുവരി രണ്ടിന്​ അദ്ദേഹം ഏഷ്യാറ്റിക് സൊസൈറ്റിയിൽ നടത്തിയ മൂന്നാം പ്രഭാഷണത്തിൽ, ‘ഗ്രീക്കിനെയും ലാറ്റിനെയും അപേക്ഷിച്ച്​ സംസ്കൃതഭാഷയ്ക്ക് അതിശയിപ്പിക്കുന്ന ഘടനയുണ്ടെന്നും വികസിച്ചതാണെന്നും എന്നാൽ ഇവ മൂന്നും വ്യാകരണത്തിൽ സമാനതയുള്ളവയാണെന്നും ഒരേ കുടുംബത്തിൽപ്പെട്ടവയാണെന്നും’ അഭിപ്രായപ്പെട്ടു. ഭാഷാശാസ്ത്രചരിത്രത്തിൽ നിർണായക സ്വാധീനം ചെലുത്താൻ ഈ നിരീക്ഷണത്തിനായി. അന്നുമുതൽ 1916- ൽ സസ്യുറിന്റെ ഘടനവാദആശയങ്ങൾ പുറത്തുവരുന്നതുവരെ ഭാഷാപഠനത്തെ നിയന്ത്രിച്ചിരുന്നത് ജോൺസിന്റെ ഭാഷാകുടുംബ സങ്കല്പമായിരുന്നു. കുടുംബനിർമിതിപോലെ ഹിന്ദു ദൈവങ്ങൾക്കും പുരാണ കഥാപത്രങ്ങൾക്കും പാശ്ചാത്യ സംസ്‌കാരത്തിൽ സമാനത കണ്ടെത്തി വിവരിക്കാനും ജോൺസ്‌ ശ്രമിച്ചു. ഭാഷയെയും മതത്തെയും മനസ്സിലാക്കാൻ ബൈബിൾ ഘടനയുമായി പൊരുത്തപ്പെടുത്തി വ്യാഖ്യാനിക്കാൻ ശ്രമിച്ചുവെന്നതും തെറ്റായി താരതമ്യം നടത്തിയെന്നതും പിൽക്കാലത്തു ജോൺസിനെതിരെയുള്ള വിമർശനമായി അവതരിപ്പിക്കപ്പെട്ടു.

സംസ്കൃതത്തിന്റെ ജൈവികമൂല്യത്തെയോ പാരമാർത്ഥിക സത്യത്തെയോ അംഗീകരിക്കാതെ വ്യാവഹാരിക സത്യത്തെ മാത്രം കണക്കിലെടുത്ത്​, ഹൈന്ദവപാരമ്പര്യം ഇതു രണ്ടും ചേർന്നതാണ് എന്ന യാഥാർഥ്യം മറന്ന്​, ഹൈന്ദവാടിത്തറ ഇളക്കാനുള്ള ശ്രമമാണ് പൊള്ളോക് നടത്തുന്നതെന്നുള്ള വിമർശം ഉന്നയിക്കപ്പെടുന്നുണ്ട്.

ജോൺസിന്റെ ശ്രമങ്ങൾ രണ്ടു തരത്തിലാണ് കൊളോണിയൽ ഭരണകൂടത്തെ സഹായിച്ചത്. ഒന്ന്; യൂറോപ്പുകാരും ഇന്ത്യക്കാരും തമ്മിലുള്ള ഭാഷാബന്ധം വിവരിച്ചതുവഴി ഭരിക്കുന്നവർ വിദേശികളല്ല; ചാർച്ചക്കാരാണെന്നു വരുത്താൻ സഹായിച്ചു. പൗരസ്ത്യ ധൈഷണികതയുടെ ആധുനികതയ്ക്ക്​ പാശ്ചാത്യ മാതൃകകൾ വേണമെന്നും സ്ഥാപിച്ചെടുക്കാനായി. ഇത്തരം വിമർശങ്ങൾ ഉയർന്നുവന്നിട്ടുണ്ടെങ്കിലും ഭാരതീയർ അപരിഷ്‌കൃതരാണെന്ന യൂറോപ്യൻ ബോധത്തെ നവീകരിക്കാൻ ഇന്ത്യൻ ധൈഷണിക- സർഗാത്മക സംഭാവനകളെ വിവർത്തനത്തിലൂടെ പാശ്ചാത്യർക്കു പരിചയപ്പെടുത്തിയതുവഴി ജോൺസിനു കഴിഞ്ഞുവെന്നത് അംഗീകരിക്കാതിരിക്കാനാവില്ല. ജോൺസിനെ തുടർന്ന്​ ശക്തമായി തീർന്ന പൗരസ്‌ത്യപഠനം ഇന്തോളജിയായി വികസിച്ചു. ഭാരതീയർക്കു ശാസ്ത്രബോധമില്ല, യുക്തിബോധമില്ല, ധൈഷണികഭാവനയില്ല, കേവലം അന്ധവിശ്വാസങ്ങളിൽ ജീവിക്കുന്ന ജനതയാണ്​ എന്ന യൂറോകേന്ദ്രിത ബോധം മാറ്റിയെടുക്കാൻ ജോൺസിനും തുടർന്നുവന്ന മാക്സ് മുള്ളർ ഉൾപ്പടെയുള്ള ഓറിയന്റലിസ്റ്റുകൾക്കും കഴിഞ്ഞു.

സർ വില്യം ജോൺസ് / Photo: Wikimedia Commons
സർ വില്യം ജോൺസ് / Photo: Wikimedia Commons

ഇന്ത്യയുടെ ലിഖിത സംസ്‌കൃത പൈതൃകത്തെ പാശ്ചാത്യർ അവർക്കു മനസിലായ രീതിയിൽ അവതരിപ്പിച്ചു. കിഴക്ക്​ വികസിപ്പിച്ച ദർശനങ്ങൾ അങ്ങനെ പാശ്ചാത്യ ധൈഷണികതയുടെ വളർച്ചയിൽ നിർണായക സ്വാധീനം ചെലുത്തി. പാശ്ചാത്യ ഭാഷാശാസ്ത്രത്തിന്റെ വികാസത്തിനു ചെറുതല്ലാത്ത സംഭാവനകൾ സംസ്‌കൃത രചനകൾ നൽകിയിട്ടുണ്ട് എന്നത്​ വിസ്മരിക്കാനാവില്ല. ഇന്നും യൂറോപ്പിലും അമേരിക്കയിലും സംസ്‌കൃത പഠനം ശക്തമാണെങ്കിലും അമേരിക്കയിലെ ഹാർവാർഡ്, ചിക്കാഗോ, കൊളംബിയ സർവകലാശാലകൾ സവിശേഷമായി സംസ്‌കൃതപഠനം നടത്തിവരുന്നുണ്ട്. അമേരിക്കൻ ഓറിയന്റലിസമായി അറിയപ്പെടുന്ന ഈ പഠനങ്ങൾ യൂറോപ്യൻ ഇന്തോളജി പഠനങ്ങളിൽനിന്ന്​ വ്യത്യസ്തവും സമകാലികവും കൂടുതൽ സാമൂഹിക പ്രസക്തിയുള്ളവയുമാണ്. ഹാർവാർഡ് സർവകലാശാലയിലെ സംസ്‌കൃത പ്രഫസറായ മൈക്കിൾ വിറ്റ്സെൽ, കൊളംബിയ സർവകലാശാലയിലെ ഷെൽഡൺ പൊള്ളോക് എന്നിവരുടെ പഠനങ്ങൾ ഇവിടെ ഓർക്കാം.

ആര്യൻ വംശജർ ഉയർന്ന ജ്ഞാനവും ലോഹസംസ്കാരവും വികസിച്ച ആരാധനക്രമവും സൈനികശേഷിയും കുതിരകളുമായി പുറത്തുനിന്ന്​ കുടിയേറിയവരാണ് എന്ന് സ്ഥാപിക്കുന്ന പഠനങ്ങൾ നിറയെ കാണാം.

സർ വില്യം ജോൺസ്‌ കൊളുത്തിവിട്ട ഭാഷാകുടുംബ ബന്ധത്തിന്റെ കഥ ലോകത്തെ എല്ലാ ഭാഷാഗവേഷകരും 19-ാം നൂറ്റാണ്ടിൽ ഭാഷാകുടുംബങ്ങൾ കണ്ടെത്തി വിവരിക്കുന്നതുവരെ നീണ്ടെന്നു മാത്രമല്ല; ഇന്തോ- യൂറോപ്യൻ ഭാഷാകുടുംബത്തിനാണ്​ ഏറ്റവും കൂടുതൽ വ്യാപനമുള്ളതെന്നും പൗരസ്ത്യർക്കു പാശ്ചാത്യരുമായി പൂർവ്വകാലബന്ധമുണ്ടെന്നും സ്ഥാപിക്കാനുമുതുകി. അതോടെ, ഇന്ത്യയെ സംബന്ധിച്ച് കൊളോണിയൽ കാലത്തെ ജ്ഞാനനിർമിതി ബ്രിട്ടീഷ് ഓറിയന്റലിസ്റ്റുകളുടെയും നാടൻ ബ്രാഹ്​മണ പണ്ഡിറ്റുകളുടെയും സംയുക്ത സംരംഭമായി മാറി. ബ്രാഹ്മണ സാക്ഷരതയുടെ അനുയായികളായിനിന്ന്​ ബ്രിട്ടീഷ് ഓറിയെന്റലിസ്റ്റ് വ്യവഹാരങ്ങൾ രൂപംകൊണ്ടു. ഇതിന്റെ ഫലമായി വംശീയമായി ഒരു ആര്യൻ വംശത്തെ നിർമിച്ചെടുക്കാനായി എന്നതാണ് കൊളോണിയൽ പഠനസംഗ്രഹം. അതാകട്ടെ മദ്ധേഷ്യയിൽ ജീവിച്ചസമൂഹം ഇന്നത്തെ ഇന്ത്യയിലേക്കു പലായനം ചെയ്തവരാണ് എന്ന വസ്തുതയാണ് പങ്കിടുന്നത്.

മാക്സ് മുള്ളർ
മാക്സ് മുള്ളർ

ആര്യൻ വംശജർ ഉയർന്ന ജ്ഞാനവും ലോഹസംസ്കാരവും വികസിച്ച ആരാധനക്രമവും സൈനികശേഷിയും കുതിരകളുമായി പുറത്തുനിന്ന്​ കുടിയേറിയവരാണ് എന്ന് സ്ഥാപിക്കുന്ന പഠനങ്ങൾ നിറയെ കാണാം. പിൽക്കാലത്ത്​ കുടിയേറിയവരല്ല ആര്യന്മാർ എന്നും പഠനങ്ങൾ ഉണ്ടായിട്ടുണ്ട്. ചുരുക്കത്തിൽ, ആര്യൻ കുടിയേറ്റത്തെ സാധുകരിക്കുന്നതും നിരാകരിക്കുന്നതുമായ പഠനങ്ങൾ ഇപ്പോഴും സജീവമാണ്. ജോൺസിന്റെ നേതൃത്വത്തിൽ പുഷ്ടി പ്രാപിച്ച കൽക്കത്ത ഓറിയന്റലിസ്റ്റുകൾ ബ്രാഹ്​മണ പണ്ഡിറ്റുകളുടെ അഭിപ്രായത്തിന്റെ ബലത്തിൽ ഇന്ത്യയിലെ എല്ലാ ഭാഷകളും സംസ്കൃതജന്യമാണ്‌ എന്നു വാദിച്ചു. തെറ്റായ ഈ വാദത്തെ മദ്രാസ് കേന്ദ്രമാക്കി പ്രവർത്തിച്ച ഓറിയന്റലിസ്റ്റുകൾ അംഗീകരിച്ചില്ല. ദക്ഷിണേന്ത്യയിലെ ജനതയും ഭൂവ്യവസ്ഥയും അധിവാസഘടനയും അവകാശക്രമവും സംസ്‌കാരവും ഭാഷയും വ്യത്യസ്തമാണെന്ന് കണ്ടെത്തി. 1816- ൽ ഫ്രാൻസിസ് വൈറ്റ് എല്ലിസ് താരതമ്യ രീതിശാസ്ത്രം ഉപയോഗിച്ചുതന്നെ സംസ്‌കൃതത്തിൽ നിന്ന്​ വ്യത്യസ്തമാണ് ദക്ഷിണേന്ത്യൻ ഭാഷകളെന്നു കണ്ടെത്തി. തുടർന്ന്​, 1856- ൽ റോബർട്ട് കാൽഡ്‌വെൽ ദ്രാവിഡഭാഷാകുടുംബമായി അംഗീകരിച്ചു.

Photo: The Forenoon of Life - Aryans entering India, 3500 B.C., illustration from 'Hutchinsons History of the Nations'
Photo: The Forenoon of Life - Aryans entering India, 3500 B.C., illustration from 'Hutchinsons History of the Nations'

കൂടാതെ ഋഗ്വേദത്തിലെ അന്യഭാഷാ സാന്നിധ്യത്തെ കുറിച്ചുണ്ടായ ചില നിരീക്ഷണങ്ങളും ബലൂചിസ്ഥാനിലെ ദ്രാവിഡഭാഷയായി തിരിച്ചറിഞ്ഞ ബ്രഹൂയിയുടെ സാന്നിധ്യവും ഹാരപ്പ സംസ്കാരശില്പികൾ ദ്രാവിഡരാണെന്ന സംശയവും ചേർന്ന്​ ആര്യൻ കുടിയേറ്റ കഥ കൂടുതൽ വികസിപ്പിച്ചു. പിൽക്കാലത്ത്​, ഋഗ്വേദത്തിലെ അന്യഭാഷാ സാന്നിധ്യം പ്രധാനമായും ദ്രാവിഡഭാഷയുടേതല്ലെന്ന്​ ഹാർവാർഡ് സർവകലാശാലയിലെ മൈക്കിൾ വിറ്റ്സെൽ കണ്ടെത്തി. കുയ്പ്പറിന്റെ പരിശോധനയിൽ ഋഗ്വേദത്തിലെ 4% പദങ്ങൾ, അതായത് 383 വാക്കുകൾ, ഇന്തോ- യൂറോപ്യൻ ഭാഷാകുടുംബത്തിൽ പെട്ടവയല്ലെന്നും ഇവ തദ്ദേശീയ പദങ്ങളാണെന്നും തെളിഞ്ഞു. ഇവ പ്രാദേശിക സസ്യങ്ങൾ, ജന്തുക്കൾ, കൃഷി, ആശാരിപ്പണി, വീട്, നൃത്തം, സംഗീതം, മതം, വിശ്വാസം എന്നിവയുമായി ബന്ധപ്പെട്ടവയാണ്​. താരതമ്യ സാധ്യതയനുസരിച്ച്​ അധികവും മണ്മറഞ്ഞ മുണ്ഡ ഭാഷയുമായും ചിലത്​ ദ്രാവിഡഭാഷയുമായും ബന്ധമുള്ളവയായിരിക്കാം. ഇതോടൊപ്പം ശക്തമായി ഉദിച്ച മറ്റൊരുവാദം, ഇന്ദോ- യൂറോപ്യൻ ഭാഷാകുടുംബത്തിന്റെ മൂലഭാഷ സംസ്കൃതമാണെന്നും ഇന്ത്യയിൽനിന്ന്​ പാശ്ചാത്യ ലോകത്തേക്കു കുടിയേറിയവരാണ് ഇൻഡോ- യൂറോപ്യൻ ഭാഷകർ എന്നുമാണ്​. നിലവിൽ താരതമ്യ ചരിത്രാത്മക ഭാഷാശാസ്ത്രത്തെളിവുകൾ ഈ വാദത്തെ അംഗീകരിക്കാൻ പര്യാപ്തമായിട്ടില്ല.

ചുരുക്കത്തിൽ, ഇൻഡോ- യൂറോപ്യൻ ഭാഷകളുടെ ഉല്പത്തി, ആര്യൻ കുടിയേറ്റം, ദ്രാവിഡ ഭാഷാവ്യാപനം, സംസ്‌കൃതവും ദ്രാവിഡവും തമ്മിലുള്ള സമ്പർക്കം, ഹാരപ്പൻ ദ്രാവിഡബന്ധം എന്നിങ്ങനെ അനേകം മേഖലകളിൽ പുത്തൻ അറിവുകൾക്കായുള്ള ഗവേഷണം നടക്കുന്നുവെന്നല്ലാതെ ഇതുവരെ ഒന്നിലും പൂർണമായ ന്യായികരണങ്ങൾ ഉണ്ടായിട്ടില്ല.

മോഹൻ‌ജൊ-ദാരോയിലെ ഹാരപ്പന്‍ നാഗരികതയുടെ ശേഷിപ്പുകള്‍
മോഹൻ‌ജൊ-ദാരോയിലെ ഹാരപ്പന്‍ നാഗരികതയുടെ ശേഷിപ്പുകള്‍

ജോൺസ്‌ ആരംഭിച്ച, ഇന്ത്യയെ സംബന്ധിച്ച ഓറിയന്റലിസ്റ്റ് വ്യവഹാരങ്ങൾ ബ്രിട്ടീഷ് ഇന്തോളജി ആയും ജർമൻ ഇന്തോളജി ആയും വികസിച്ചു. യൂറോപ്യൻ ഓറിയന്റലിസത്തിനൊപ്പം അമേരിക്കൻ ഓറിയന്റലിസവും ശക്തി പ്രാപിച്ചിട്ടുണ്ട്. ഇന്ത്യയെ കുറിച്ചുള്ള പാശ്ചാത്യ പ്രതിനിധാനങ്ങളാണിവ. തിരുവായ്ക്ക്​ എതിർവാ ഇല്ലാതെ ബ്രിട്ടീഷ് ഓറിയന്റലിസം ശക്തി പ്രാപിച്ചിരുന്നപ്പോളാണ് എഡ്‌വേഡ്‌ സൈദിന്റെ ‘ഓറിയന്റലിസം’ എന്ന ഗ്രന്ഥം 1978-ൽ പ്രകാശിതമായത്. പാശ്ചാത്യപ്രതിനിധാനങ്ങളിൽ അന്തർലീനമായിരിക്കുന്ന യൂറോകേന്ദ്രിത പ്രത്യയശാസ്ത്രത്തെ അടിപടലം തുറന്നിട്ട്​ പൗരസ്ത്യദേശത്തിന്റെ അറിവിന്റെ കാണാക്കയങ്ങൾ വെളിപ്പെടുത്തി കൊടുക്കുകയായിരുന്നു സൈദ്. സാഹിത്യപഠനം, ചരിത്രം, നരവംശശാസ്ത്രം, സാമൂഹ്യശാസ്ത്രം, സംസ്കാരപഠനം, പൂർവേഷ്യൻ പഠനങ്ങൾ, താരതമ്യ മതപഠനം തുടങ്ങി വിവിധ മേഖലകളെ ആഴത്തിൽ സ്വാധീനിക്കാൻ ഈ കൃതിക്കു കഴിഞ്ഞു. ഏഷ്യൻ സമൂഹങ്ങളെയും സംസ്കാരങ്ങളെയും കുറിച്ചുള്ള തദ്ദേശീയ കാഴ്ചപ്പാടുകൾക്ക്​ പ്രധാന്യം നൽകി. സാഹിത്യ സൃഷ്ടികളെ സാമൂഹിക- രാഷ്ട്രീയ- സാമ്പത്തിക പരിസരവുമായി ബന്ധപ്പെടുത്തി സാഹിത്യപഠനത്തിന്​ ഒരു അന്തർ വൈജ്ഞാനിക രീതിശാസ്ത്രം പ്രദാനം ചെയ്യാൻ കഴിഞ്ഞു. പ്രതിനിധാന രാഷ്ട്രീയത്തെ കുറിച്ചുള്ള സൈദിന്റെ ഈ പഠനം, പിൽക്കാല അമേരിക്കൻ സാഹിത്യ സിദ്ധാന്തങ്ങളെയും സാംസ്കാരിക പഠന രീതിശാസ്ത്രത്തെയും അധിനിവേശാനന്തര പഠനങ്ങളെയും ആഴത്തിൽ സ്വാധീനിച്ചു. ഭാഷയും അധികാരവും തമ്മിലും സാംസ്കാരിക രാഷ്ട്രീയവും എഴുത്തും തമ്മിലുമുള്ള ബന്ധത്തെ മറനീക്കി പുറത്തുകൊണ്ടുവന്നുവെന്നത് സവിശേഷമായി അംഗീകരിക്കേണ്ടതാണ്.

എഡ്‌വേഡ്‌ സൈദ് / Photo: Wikimedia Commons
എഡ്‌വേഡ്‌ സൈദ് / Photo: Wikimedia Commons

പാശ്ചാത്യ മാധ്യമപ്രവർത്തകർ, സാഹിത്യ രചയിതാക്കൾ, ബുദ്ധിജീവികൾ തുടങ്ങിയവർ പൗരസ്ത്യ സംസ്കാരങ്ങളെ, തരംതാണതും ചലനരഹിതവും ദുഷിച്ചതുമാണെന്ന പ്രതീതി പരത്തുന്ന രീതിയിലാണ് അവതരിപ്പിച്ചിരുന്നത്. പാശ്ചാത്യർക്കിടയിൽ പൊതുബോധമായി മാറിയ ഈ പ്രതിനിധാനത്തെ സാമ്രാജ്യശക്തികൾ അവരുടെ നയങ്ങൾ സ്ഥാപിച്ചെടുക്കാൻ സഹായകമാക്കി. ഇത്തരം സാംസ്കാരികാധിനിവേശത്തിലൂടെ അവരുടെ സൈനിക- രാഷ്ട്രീയ- സാംസ്കാരിക പ്രവർത്തനങ്ങളെ ന്യായീകരിച്ചെടുക്കാൻ എളുപ്പമായി. പൗരസ്ത്യ ലോകത്തെക്കുറിച്ചുള്ള പാശ്ചാത്യ ജ്ഞാനനിർമിതി അധിനിവേശത്തിന്റെ അക്കാദമികമുഖം വെളിവാക്കുകയായിരുന്നു. പാശ്ചാത്യഭാവനയ്ക്കനുസരിച്ച്​ പൗരസ്ത്യലോകത്തെ വ്യാഖ്യാനിക്കുകവഴി പൗരസ്ത്യരുടെ സ്വത്വശോഷണമാണ് സംഭവിച്ചത്. കിഴക്കും പടിഞ്ഞാറുമാക്കി വിഭജിച്ചറിയുകയായിരുന്നു, അന്യതയുടെ അസമത്വ രാഷ്ട്രീയം ഉറപ്പിച്ചെടുക്കുകയായിരുന്നു അവർ. പൗരസ്ത്യലോകത്തെ ഇകഴ്ത്തി മേധാവിത്തം സ്ഥാപിച്ചുറപ്പിക്കുകയിരുന്നു യൂറോപ്യൻ ഓറിയന്റൽ അക്കാദമിക രാഷ്ട്രീയമെന്ന്​ തുറന്നടിക്കാനും അധിനിവേശാനന്തര പഠനത്തിന്​ യൂറോകേന്ദ്രിതമാല്ലാത്ത രീതിശാസ്ത്ര ഉണർവുണ്ടാക്കാനും സൈദിന്റെ പഠനത്തിനു കഴിഞ്ഞു.

എഡ്വേർഡ്​ സെയ്ദിന്റെ ഓറിയന്റലിസം പുറത്തുവന്നശേഷം കൊളോണിയൽ അധികാരത്തെ സംരക്ഷിച്ചുവന്ന പാശ്ചാത്യ / പൗരസ്ത്യ അക്കാദമികലോകത്തിനു മാറിചിന്തിക്കേണ്ടിവന്നു.

എഡ്വേർഡ്​ സെയ്ദിന്റെ ഓറിയന്റലിസം പുറത്തുവന്നശേഷം കൊളോണിയൽ അധികാരത്തെ സംരക്ഷിച്ചുവന്ന പാശ്ചാത്യ / പൗരസ്ത്യ അക്കാദമികലോകത്തിനു മാറിചിന്തിക്കേണ്ടിവന്നു. ഇന്ത്യയെ കുറിച്ച് ഉല്പാദിപ്പിച്ചിരുന്ന ജ്ഞാനവ്യവസ്ഥയെ പലരും സംശയിച്ചുതുടങ്ങി. ഓറിയന്റലിസ്റ്റ് ചിന്താഗതിയുടെ പുറകിലൊളിപ്പിച്ചിരുന്ന വംശചിന്തയെയും പ്രതിനിധാന രാഷ്ട്രീയത്തെയും തിരിച്ചറിഞ്ഞു തുടങ്ങി. ക്രമേണ, ഇന്തോളജിയുടെ അടിസ്ഥാനം നഷ്ടപ്പെട്ടു, അതിന്റെ പ്രയോഗവും ഉദ്ദേശ്യ ശൂന്യതയും ചർച്ച ചെയ്യപ്പെട്ടു. ഈ സമയത്ത്​ സെയ്ദിന്റെ പുസ്തകം വ്യാപകമായി ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇതിനകം സെയ്ദ് തുടങ്ങിവച്ച അധിനിവേശാനന്തര പഠനങ്ങൾ ശക്തി പ്രാപിച്ചു. പല ഇന്ത്യക്കാരും പാശ്ചാത്യ വ്യാഖ്യാനങ്ങളെ തള്ളിപ്പറഞ്ഞു. പരമ്പരാഗത സംസ്‌കൃത പണ്ഡിതന്മാർ അവരുടെ വ്യാഖ്യാനരീതി തുടർന്നുവന്നെന്നല്ലാതെ ആധുനിക രീതിശാസ്ത്രങ്ങൾ ഏറ്റെടുത്തില്ല. ആധുനിക രീതിശാസ്ത്രം പ്രയോജനപ്പെടുത്തിയവർക്ക്​ പരമ്പരാഗതമായ ഇന്ത്യൻ വ്യവഹാരങ്ങളെ കുറിച്ച്​ അധികം ധാരണയും ഉണ്ടായിരുന്നില്ല. അതു കാരണം അവരുടെ വിമർശങ്ങളും പാശ്ചാത്യ മാതൃകയിൽ, അതായത്​, പാശ്ചാത്യ സിദ്ധാന്തങ്ങളെയും രീതിശാസ്ത്രത്തെയും പിൻതുടർന്നുള്ളവയായിരുന്നു. ഇന്ത്യൻ ബദൽമുറകൾ സൃഷ്ടിക്കാനായില്ല എന്നതും ഓർക്കേണ്ടതാണ്.

ഷെൽഡൺ പൊള്ളോക്ക് / Photo: sheldonpollock.org
ഷെൽഡൺ പൊള്ളോക്ക് / Photo: sheldonpollock.org

മർദനമുറയായിതന്നെ വികസിച്ച രീതിശാസ്ത്രമായിരുന്നു ഓറിയന്റലിസത്തിന്റേത് എന്ന വീക്ഷണം വ്യാപകമായി അംഗീകരിക്കപ്പെട്ടു. പാശ്ചാത്യ ഇന്തോളജിസ്​റ്റുകൾ പുതിയ ശത്രുവായി ഉത്തരാധുനികരെ കണ്ടു. ശക്തമായി എതിരിടാനുള്ള രീതിശാസ്ത്രമികവ് അവർക്കില്ലാതെവന്നു. പരമ്പരാഗത ഇന്ത്യൻ ബുദ്ധിജീവികൾ ഉത്തരാധുനിക പഠനങ്ങൾ ഏറ്റെടുക്കാനുള്ള ആർജവം കാണിച്ചില്ല. പകരം സംസ്കൃത സംവർഗങ്ങളും സിദ്ധാന്തങ്ങളും മാത്രം ഉപയോഗിച്ചുവെന്നേ കാണാനാവൂ. അതുകൊണ്ടുതന്നെ പുതിയ അക്കാദമിക കണ്ടെത്തലുകളെ വിലയിരുത്താനോ പകരം വയ്ക്കാനോ സംവാദ ഉണർവ് സൃഷ്ടിക്കാനോ സാമ്പ്രദായിക പണ്ഡിതർക്ക്​ കഴിഞ്ഞുമില്ല.

ഈ സന്ദർഭത്തിലാണ് ഷെൽഡൺ പൊള്ളോക്ക് എന്ന അമേരിക്കൻ സംസ്കൃത പണ്ഡിതന്റെ സംസ്കൃതത്തെ കുറിച്ചുള്ള നിരീക്ഷണങ്ങൾ സവിശേഷ ശ്രദ്ധ ആകർഷിക്കുന്നത്. ചിക്കാഗോ, കൊളംബിയ സർവകലാശാലകളിലെ സംസ്കൃതാധ്യാപകനും ഇന്ത്യയുടെ സാഹിത്യ ധൈഷണിക പൈതൃകത്തെ കുറിച്ച്​ വിശദമായി പഠനം നടത്തുന്ന പണ്ഡിതനും ആണ്​ ഇദ്ദേഹം. ഇദ്ദേഹത്തിന്റെ സംസ്കൃതപാണ്ഡിത്യം ആഗോള പ്രശംസ നേടിക്കഴിഞ്ഞിട്ടുണ്ട്. ഇദ്ദേഹത്തിന്റെ സംസ്കൃതത്തെകുറിച്ചുള്ള നിരീക്ഷണങ്ങളെയും വാദമുഖങ്ങളെയും അംഗീകരിക്കാൻ ഇന്ത്യയിലെ സംസ്‌കൃത പണ്ഡിതർക്ക് കഴിഞ്ഞിട്ടില്ല.

സംസ്കൃതത്തിന്റെ അതിജീവനത്തിന്​ കേന്ദ്ര സർക്കാർ ചെലവാക്കിയ 640 കോടി രൂപ അത്ര വലിയ തുകയല്ലെന്നും ഭാഷാവിവേചനം നിലനിറുത്തുന്നതിന്​ കൃത്യമായ കാരണമുണ്ടെന്നും സംസ്കൃതത്തിന്റെ സ്വത്വപ്രതിസന്ധിയുടെ ആഴം അറിയുമ്പോൾ ബോധ്യപ്പെടും.

പൊള്ളോക്കിനെ തള്ളിക്കളയാനല്ലാതെ ധൈഷണികമായി എതിർക്കാനുള്ള രീതിശാസ്ത്രപരമായ മികവ് പരമ്പരാഗത സംസ്കൃതപണ്ഡിതന്മാർക്കു വശമില്ല. ലോകത്തെമ്പാടും പൊള്ളോക്കിന് ആർജിക്കാൻ കഴിഞ്ഞ പ്രശസ്തിയും ഇന്ത്യയിലെ ഇടതുപക്ഷം പൊള്ളോക്കിനൊപ്പം ചേരുന്നുവെന്നതും പൊള്ളോക്കിന്റെ അഭിപ്രായങ്ങൾ ഇന്ത്യയിൽ അംഗീകരിക്കപ്പെട്ടാൽ ഹിന്ദുവർഗീയതയിലൂന്നിയ പാർട്ടിരാഷ്ട്രീയത്തിന്​ വിള്ളലേൽക്കുമെന്നതും, സംസ്‌കൃത പൈതൃകത്തിൽ അഭിമാനിക്കുകയും പൈതൃകത്തുടർച്ച ഹിന്ദുരാഷ്ട്രനിർമിതിക്ക്​ അനിവാര്യമാണെന്നും വിശ്വസിക്കുന്നവർക്കിടയിൽ വലിയ ആശങ്ക സൃഷ്ടിക്കാൻ കഴിഞ്ഞിട്ടുണ്ട്. സംസ്കൃതത്തിന്റെ അതിജീവനത്തിന്​ കേന്ദ്ര സർക്കാർ ചെലവാക്കിയ 640 കോടി രൂപ അത്ര വലിയ തുകയല്ലെന്നും ഭാഷാവിവേചനം നിലനിറുത്തുന്നതിന്​ കൃത്യമായ കാരണമുണ്ടെന്നും സംജാതമായിരിക്കുന്ന സംസ്കൃതത്തിന്റെ സ്വത്വപ്രതിസന്ധിയുടെ ആഴം അറിയുമ്പോൾ ബോധ്യപ്പെടും.

കേന്ദ്ര സാംസ്കാരിക മന്ത്രി ജി. കിഷന്‍ റെഡ്ഡി
കേന്ദ്ര സാംസ്കാരിക മന്ത്രി ജി. കിഷന്‍ റെഡ്ഡി

കൊളോണിയൽകാലത്തെ സംസ്കൃത ജ്ഞാനവ്യവസ്ഥയെ കുറിച്ചും കൊളോണിയൽ കാലത്തിനു മുമ്പുള്ള സംസ്കൃത ജ്ഞാനവ്യവസ്ഥയെകുറിച്ചും ആഴത്തിലുള്ള പഠനങ്ങൾ നടത്തിയ പണ്ഡിതനാണിദ്ദേഹം. 1993- ൽ പ്രസിദ്ധീകരിച്ച 'ഡീപ് ഓറിയന്റലിസം' എന്ന ഗ്രന്ഥത്തിൽ ബ്രിട്ടീഷ് ഭരണത്തിനും യൂറോപ്യൻ ഇന്തോളജിക്കും മുമ്പേ ഇന്ത്യയിൽ വിവേചനാധിഷ്ഠിതമായ, ജനദ്രോഹപരമായ മേധാവിത്വം നിലനിന്നിരുന്നുവെന്നും അതിന്റെ ആയുധം സംസ്കൃതമായിരുന്നുവെന്നുമാണ് പൊള്ളോക് നിരീക്ഷിച്ചത്. കൊളോണിയൽ ഭരണാധികാരികളും ഓറിയന്റലിസ്റ്റുകളും, നിലനിന്ന ബ്രാഹ്മണ -സംസ്കൃത മേധാവിത്വ ഘടന നിലനിറുത്തുകയല്ലാതെ പൊളിച്ചെഴുതാൻ ശ്രമിച്ചിട്ടില്ല; ജനദ്രോഹപരമായ വിവേചനത്തിന് പാശ്ചാത്യമായത് ഒന്നും അടിച്ചേൽപ്പിച്ചിട്ടുമില്ല എന്ന നിഗമനമാണ് അദ്ദേഹം മുന്നോട്ടുവച്ചത്. പ്രീ ഓറിയന്റലിസ്റ്റ് ഓറിയന്റലിസം അഥവാ കൊളോണിയൽ പൂർവ ഓറിയന്റലിസം എന്നാണു ഈ ഘട്ടത്തെ പൊള്ളോക് നിർവചിച്ചത്. കൊളോണിയൽ പൂർവ ഇന്ത്യയിൽ സംസ്കൃതം മേധാവിത്വത്തിന്റെ ആയുധമായിരുന്നുവെന്നും സംസ്കൃതത്തിൽ ജനദ്രോഹ പീഡനമുറകൾ അന്തർലീനമാണെന്നും പൊള്ളോക് വെളിപ്പെടുത്തി.

സാഹിത്യത്തിലായാലും ഭരണ വ്യവഹാരങ്ങളിലായാലും സംസ്‌കൃതത്തിൽ പ്രതിഫലിച്ചിരുന്നത് ബ്രാഹ്‌മണ താല്പര്യങ്ങളാണ്, ഇന്ത്യയിൽ രൂപം കൊണ്ടിരുന്ന വരേണ്യ അധികാരഘടനക്കൊപ്പം ചേർന്നതല്ലാതെ ചുഷണമുറകളൊന്നും ബ്രിട്ടീഷ് ഭരണകൂടം പുതുതായി തുടങ്ങിയില്ല എന്നെല്ലാം പൊള്ളോക് നിരീക്ഷിച്ചു.

ഓറിയന്റലിസത്തെ ഒരു അധിനിവേശ മർദനമുറയായി കണ്ട സൈദിനെ മറികടന്ന്,​ യൂറോപ്യന്മാർ ഇവിടെ എത്തുന്നതിനുമുമ്പേ ഓറിയന്റലിസം സംസ്‌കൃതത്തിൽ നിലനിന്നിരുന്നുവെന്നും പാശ്ചാത്യർക്ക് സാമൂഹ്യ മർദനമുറ പരിചയമായത് സംസ്‌കൃതം പഠിച്ചതിലൂടെയാണെന്നും വാദിച്ച പൊള്ളോക്കിനെ അംഗീകരിക്കുക ഇന്ത്യക്കാർക്ക്​ എളുപ്പമാണോ? യൂറോപ്യൻ ഇന്തോളജിസ്​റ്റുകളെ രക്ഷിക്കാനുള്ള വഴിയായി കണ്ട്​ പൊള്ളോക്കിനെ നിരസിക്കാനുള്ള ആഹ്വാനം സംസ്കൃതക്യാമ്പുകളിൽ ശക്തമായി. വർണം പോലുള്ള ചില ആശയങ്ങൾ സാമൂഹ്യ പീഡന ആശയങ്ങളാണെന്ന്​ പൊള്ളോക് വിവരിച്ചു. കൂടാതെ, തദ്ദേശീയ അധികാര വ്യവഹാരങ്ങളിലൊക്കെ അസമത്വം നിലനിന്നത്​ ജാതിവ്യവസ്ഥയുടെ ഫലമാണെന്നും വ്യാഖ്യാനിച്ചു. വർണത്തിനു സമാനമായ സങ്കല്പം യുറോപ്പിയൻസിനില്ല, ബ്രിട്ടീഷ് ഇന്തോളജി, സംസ്‌കൃത പുസ്​തകങ്ങളിൽ നിലനിന്ന അസമത്വത്തെ കാണിച്ചുതന്നു, സാഹിത്യത്തിലായാലും ഭരണ വ്യവഹാരങ്ങളിലായാലും സംസ്‌കൃതത്തിൽ പ്രതിഫലിച്ചിരുന്നത് ബ്രാഹ്‌മണ താല്പര്യങ്ങളാണ്, ഇന്ത്യയിൽ രൂപം കൊണ്ടിരുന്ന വരേണ്യ അധികാരഘടനക്കൊപ്പം ചേർന്നതല്ലാതെ ചുഷണമുറകളൊന്നും ബ്രിട്ടീഷ് ഭരണകൂടം പുതുതായി തുടങ്ങിയില്ല എന്നെല്ലാം അദ്ദേഹം നിരീക്ഷിച്ചു.
സംസ്‌കൃതത്തെ ആയുധമാക്കി മർദനം നടത്തിയത് ബ്രാഹ്മണരാണ്, മറിച്ച്​, പാശ്ചാത്യരല്ല എന്ന് പറഞ്ഞുവയ്ക്കുകയാണ് പൊള്ളോക്. ‘ഉത്തര ഓറിയന്റലിസം’ എന്നാണ് പൊള്ളോക്ക് തന്റെ പഠനങ്ങൾക്കു പേരു നൽകിയത്.

സംസ്കൃതമാണ് അസമത്വ  പ്രശ്നങ്ങളുടെ ആരൂഢം എന്നാണ് പൊള്ളോക്ക് വിവരിച്ചത്. / Graphics: Velivada.com
സംസ്കൃതമാണ് അസമത്വ പ്രശ്നങ്ങളുടെ ആരൂഢം എന്നാണ് പൊള്ളോക്ക് വിവരിച്ചത്. / Graphics: Velivada.com

പാരമ്പര്യം, സംസ്കാരം ചരിത്രം എന്നിവയെ സാമ്രാജ്യത്വത്തിൽ നിന്ന്​ വീണ്ടെടുക്കുക എന്ന സെയ്ദിന്റെ അഭിപ്രായത്തെ പൊള്ളോക് മറ്റൊരു തരത്തിൽ വ്യാഖ്യാനിച്ചു. പരമ്പരാഗതമായിതന്നെ ഇന്ത്യയിൽ അധിശത്വം നിലനിൽക്കാൻ കാരണം സംസ്കൃതമാണ്. അത് ഭൂതകാലത്തു മാത്രമല്ല വർത്തമാനത്തിലും നിലനിൽക്കുന്നു. ചില സമുദായങ്ങൾക്കും സ്ത്രീകൾക്കും എതിരെയുള്ള മർദനവ്യവസ്ഥകൾ പൈതൃകത്തിൽ തന്നെ ഉറച്ചുപോയി. അതുകൊണ്ട്​ സംസ്കൃതത്തിന്റെ അഗാധ ഘടനയിൽ ലീനമായിരിക്കുന്ന വിവേചനത്തിലൂന്നിയ സാമൂഹിക വിഷാംശത്തെ മനസിലാക്കി സംസ്‌കൃത ഗ്രന്ഥങ്ങളെ പുനർപാരായണം ചെയ്യേണ്ടതുണ്ട്. സംസ്‌കൃതം എങ്ങനെയാണ് സാമൂഹ്യ വിവേചനവും അസമത്വവും നിലനിറുത്തുന്നതെന്നു പരിശോധിച്ചറിയണം. സംസ്കൃതമാണ് അസമത്വ പ്രശ്നങ്ങളുടെ ആരൂഢം എന്നാണ് പൊള്ളോക്ക് വിവരിച്ചത്. ഇന്ത്യയിൽ മാത്രമല്ല, സംസ്കൃതം ഏറ്റെടുത്ത ഇടങ്ങളിലെല്ലാം വരേണ്യ മേൽക്കോയ്മ നടപ്പാക്കാൻ സംസ്കൃതത്തിനു കഴിഞ്ഞു. നാസിസ്റ്റ് ഫാഷിസത്തിന്റെ വിത്തുപാകാൻ സംസ്കൃതത്തിന്​ കഴിഞ്ഞത് ജർമൻ ഇന്തോളജിയിലൂടെയാണെന്നാണ് പൊള്ളോക്കിന്റെ പക്ഷം. ഇന്തോളജി പഠനങ്ങളുടെ സാംഗത്യം നഷ്ടപ്പെട്ടിട്ടില്ല. അതിന് പുതിയ ദിശാബോധം നൽകാനാണ് പൊള്ളോക് ശ്രമിച്ചത്.

ഉത്തര ഇന്തോളജി പഠനങ്ങൾ സൂക്ഷ്മമായി പരമ്പരാഗത ഇന്ത്യയിൽ അരങ്ങേറിയിരുന്ന അധീശത്വത്തെ കണ്ടെത്തുകയും വിശകലനം ചെയ്യുകയും സിദ്ധാന്തവത്കരിക്കുകയും വേണം. അതിനായി സംസ്കൃതത്തിൽ ലീനമായിരിക്കുന്ന സാമൂഹിക വിഷാംശത്തെ തിരിച്ചറിഞ്ഞ്​ പ്രവർത്തിക്കാൻ പാശ്ചാത്യ ഇന്തോളജി ഗവേഷകരെ അദ്ദേഹം ആഹ്വാനംചെയ്തു. സംസ്കൃതം ഒരേ സമയം നാഗരികതയും അതേസമയം അസമത്വവും വിവേചനവും ഉൾനിറഞ്ഞ അപരിഷ്കൃതത്വവും പേറുന്നു. അസമത്വത്തിന്റെയും വിവേചനത്തിന്റെയും മൂലകാരണം സംസ്കൃതമാണ്. പ്രാചീനകാലത്ത് സംസ്കൃതം ധൈഷണിക ആയുധമായിരുന്നുവെങ്കിൽ ഇക്കാലത്തത് വർഗീയദേശീയ വാദികൾ ഉപയോഗിക്കുന്നു.

നാസിസ്റ്റ് ഫാഷിസത്തിന്റെ വിത്തുപാകാൻ സംസ്കൃതത്തിന്​ കഴിഞ്ഞത് ജർമൻ ഇന്തോളജിയിലൂടെയാണെന്നാണ് പൊള്ളോക്കിന്റെ പക്ഷം.  / Photo: Benito Mussolini giving the Roman salute standing next to Adolf Hitler, Wikimedia Commons
നാസിസ്റ്റ് ഫാഷിസത്തിന്റെ വിത്തുപാകാൻ സംസ്കൃതത്തിന്​ കഴിഞ്ഞത് ജർമൻ ഇന്തോളജിയിലൂടെയാണെന്നാണ് പൊള്ളോക്കിന്റെ പക്ഷം. / Photo: Benito Mussolini giving the Roman salute standing next to Adolf Hitler, Wikimedia Commons

സംസ്കൃതം സാമൂഹ്യാധികാരത്തിന്റെ വാഹനമായിരുന്നു. വേദങ്ങൾ ദൈവികമായ ശ്രേണികൃതത്വം നിലനിറുത്തുന്ന പ്രത്യയശാസ്ത്രവും ഉൾകൊള്ളുന്നു. ഈ പ്രത്യയശാസ്ത്രമാണ് ധർമശാസ്ത്രങ്ങളും മറ്റു കൃതികളും ഉൾക്കൊണ്ടിരിക്കുന്നത്. ഇതിലൂടെ ഇന്ത്യയുടെ സാമൂഹികവും രാഷ്ട്രീയവുമായ ശ്രേണി നിർമിതി സാധ്യമായിരിക്കുന്നു. ഇതിനു നേതൃത്വം നൽകിയത് ബ്രാഹ്മണരാണ്. നിഘണ്ടുക്കൾ, പദനിഷ്പത്തി, സ്വനവിജ്ഞാനം, ഛന്ദസ്സ്, വ്യാകരണം, മുഹൂർത്തം തുടങ്ങിയുള്ള മേഖലകൾ വികസിപ്പിച്ചത് ബ്രാഹ്മണരായിരുന്നു. ഇതെല്ലം വൈദിക ആചാരക്രമം പാലിക്കാനായിരുന്നുവെന്നാണ് പറയുന്നത്. ഇതവരുടെ അധികാരമായി മറ്റുള്ളവരിൽനിന്ന്​ ശ്രേഷ്ഠത കൈവരിക്കാൻ സഹായിച്ചു. ഇതാണ് സംസ്കൃതം ആര് എന്തിന്​ ഉപയോഗിക്കണമെന്ന അധികാരമായത്. വരേണ്യതയുടെ ജനനവും അംഗീകാരവും സംഭവിച്ചു. വൈദിക ബ്രാഹ്മണരുടെ ലോകവീക്ഷണം ആചാരപരിപാലനമായി. പൂജാവിധി നടത്താനുള്ള അധികാരം സാമൂഹികാധികാരമായി മാറി. യജ്ഞവിധി സാമൂഹികാധികാരമായി. ഇതിലൂടെ ബ്രാഹ്മണർ സാംസ്കാരിക അസമത്വം സൃഷ്ടിച്ചു. ഇത് മറ്റു ജനതയ്ക്കുമേൽ ആഭ്യന്തര അധിനിവേശത്തിന്​ കളമൊരുക്കി. ഈ പ്രത്യയശാസ്ത്ര പ്രശ്നം പലരും ശ്രദ്ധിച്ചില്ല. അതുകൊണ്ട് ഇന്തോളജി പുതിയ രീതിയിൽ പരമ്പരാഗത അധിശത്വത്തെ മനസിലാക്കണമെന്നു പൊള്ളോക്ക് വാദിച്ചു.

ഓറിയന്റലിസം ഇരക്കൊപ്പം നിലയുറപ്പിച്ചു, മർദിത വിമോചനപാത സ്വീകരിച്ചു എന്നതുകൊണ്ടാണ് പൊള്ളോക് ഇന്ത്യയിൽ ആഘോഷിക്കപ്പെടുന്നത്.

സംസ്കൃതത്തിൽ ഉറച്ചിരിക്കുന്ന വർണം ഉൾപ്പടെയുള്ള സംവർഗങ്ങളെ ചോദ്യം ചെയ്യണം എന്ന് ശഠിച്ച്​ ഇന്തോളജിയുടെ ധർമത്തെ പുതിയ ദിശാബോധം നൽകി പുതുക്കുകയാണ് പൊള്ളോക്കിന്റെ ഉത്തരധുനിക ഇന്തോളജി. അതായത്, അമേരിക്കൻ ഓറിയന്റലിസം അംബേദ്കറിന്റെ സാമൂഹ്യ വിവേചനത്തിനെതിരായുള്ള ചിന്തക്കൊപ്പം ചേർന്ന് സംസ്കൃതത്തിന്റെ മേൽക്കോയ്മയിൽ നിന്ന്​ ഇന്ത്യൻ സമൂഹത്തെ വിമോചിപ്പിക്കുക എന്ന ആശയം ശക്തമായി മുന്നോട്ടുവയ്ക്കുന്നു. സംസ്കൃതത്തെ സാമൂഹിക പീഡനത്തിന്റെ ആയുധമാക്കിയെന്ന നിഗമനം വേദകാലത്തേ തുടങ്ങിയെന്നും ബ്രാഹ്മണരിലൂടെ ഏഷ്യയിൽ അസമത്വം വ്യാപിപ്പിച്ചുവെന്നും പിൽക്കാലത്തുണ്ടായ സംസ്കൃതാപചയത്തിനു മുസ്​ലിം ഭരണവും യൂറോപ്യൻ അധിനിവേശവുമല്ല കാരണമെന്നും പൊള്ളോക്ക് നിരീക്ഷിക്കുന്നുണ്ട് പൊള്ളോക് സംസ്കൃതപഠനത്തെ ഹൈന്ദവാടിത്തറയിൽ നിന്ന്​ വിപ്ലവാത്മകമായി മാറ്റി, സംസ്കൃത രചനകളിലെ സാമൂഹികവിരുദ്ധത തിരിച്ചറിഞ്ഞുവെന്ന് അവകാശപ്പെടുന്നുണ്ട്. പൊള്ളോക്ക് സംസ്കൃതത്തിലെ മേൽക്കോയ്മ, ചൂഷണം, അക്രമം എന്നിവ വിശദമായി പരിശോധിച്ചു.

ഡോ. ബി.ആര്‍. അംബേദ്കര്‍
ഡോ. ബി.ആര്‍. അംബേദ്കര്‍

സാമൂഹ്യവിവേചനത്തെ മനസിലാക്കാനുള്ള പുതുവഴിയായി ഇന്തോളജിയയെ കാണാൻ ശ്രമിക്കുന്നതിലൂടെ അടിസ്ഥാന വർഗ്ഗത്തിന്റെ വിമോചകരായി ഉത്തരാധുനിക ഇന്തോളജിസ്റ്റുകൾ മാറുന്നുവെന്നാണ് ഓറിയന്റലിസത്തിന്റെ ഈ ദിശാമാറ്റത്തെ ചിലർ മനസിലാക്കുന്നത്. ഓറിയന്റലിസം ഇരക്കൊപ്പം നിലയുറപ്പിച്ചു, മർദിത വിമോചനപാത സ്വീകരിച്ചു എന്നതുകൊണ്ടാണ് പൊള്ളോക് ഇന്ത്യയിൽ ആഘോഷിക്കപ്പെടുന്നത്. ഇന്ത്യയിൽ പണ്ടേ നിലനിന്നതാണ് അസമത്വവും വിവേചനവും. അതിനെ ഓറിയന്റലിസ്റ്റ് പൂർവ ഓറിയന്റലിസം എന്ന്​ പേരിട്ടതോടെ, അധിനിവേശ ക്രിസ്ത്യൻ മിഷനറി- കൊളോണിയൽ സൃഷ്ടിയാണ് ഓറിയന്റലിസം എന്നത്​ മായ്ച്ചു കളയാനാണ് പൊള്ളോക് ശ്രമിക്കുന്നത് എന്ന വിമർശനവും ഉയർന്നിട്ടുണ്ട്.

സംസ്കൃതത്തിന്റെ ശ്രേണീകൃത രാഷ്ട്രീയത്തിനെതിരായി ബുദ്ധിസം സാമൂഹിക വിമോചനത്തിനൊപ്പം നിലകൊണ്ടതോടെ ബ്രാഹ്മണർ, പൂർവമീമാംസ കൃതികളുമായി മുന്നോട്ടുവന്നു. ശൂദ്രർക്കും മറ്റും കൽപിച്ചിരുന്ന വിലക്കുകളെ ക്രോഡീകരിക്കലയിരുന്നു ലക്ഷ്യം. ആചാരപരമായ നിയമങ്ങൾ ശൂദ്രരെ പരിമിതപ്പെടുത്താൻ നിർബന്ധമായിരുന്നു. പൂർവമീമാംസക്കെതിരായി ഉത്തരമീമാംസ ആദിശങ്കരനിലൂടെ കടന്നെത്തി. ശങ്കരകൃതികളിലൂടെ ശുദ്രവിരുദ്ധത കൂടുതൽ ശക്തിപ്രാപിക്കുകയാണുണ്ടായത്. എന്നാൽ പണ്ടത്തെപ്പോലെ ശൂദ്രവിരുദ്ധത നിലനിറുത്താനോ പൊള്ളോക്കിന്റെ നിരീക്ഷണങ്ങളുടെ ശക്തി ചോർത്തിക്കളയാനോ കഴിയുന്ന പുതിയ രചനാവഴികളുമായി മുന്നോട്ടുവരാൻ കഴിയുന്നവരില്ല.

Illustration of Sankaracharya
Illustration of Sankaracharya

സംസ്കൃതത്തിന്റെ ജൈവികമൂല്യത്തെയോ പാരമാർത്ഥിക സത്യത്തെയോ അംഗീകരിക്കാതെ വ്യാവഹാരിക സത്യത്തെ മാത്രം കണക്കിലെടുത്ത്​, ഹൈന്ദവപാരമ്പര്യം ഇതു രണ്ടും ചേർന്നതാണ് എന്ന യാഥാർഥ്യം മറന്ന്​ ഹൈന്ദവാടിത്തറ ഇളക്കാനുള്ള ശ്രമമാണ് പൊള്ളോക് നടത്തുന്നതെന്നുള്ള വിമർശം ഉന്നയിക്കപ്പെടുന്നുണ്ട്. പക്ഷേ ശക്തിപോരാ. മോക്ഷം, യജ്ഞം എന്നിവയെ എതിർക്കുന്നു, വേദം അസമത്വത്തെയും വിവേചനത്തെയും ഉൾകൊള്ളുന്നു, സംസ്കൃതവ്യാകരണം മലിനമാണ്, അത് സാമൂഹികശ്രേണീകരണം പ്രകടമാക്കുന്നത്​ സാമൂഹിക നീതിക്കെതിരാണ്, സംസ്‌കൃതം സാഹിത്യത്തെ രാഷ്ട്രീയായുധമാക്കി എന്നൊക്കെയുള്ള പൊള്ളോക്കിന്റെ നിരീക്ഷണങ്ങളെ ശക്തമായി പ്രതിരോധിക്കേണ്ട ബാധ്യത വരുമ്പോൾ ചെലവാക്കേണ്ട തുക എത്രയെന്നാലോചിച്ചുനോക്കൂ. ഒരു ഭാഷക്കായല്ല, മറിച്ച്​, ഹൈന്ദവ രാഷ്‌ടീയത്തിന്റെ ആധാരശിലയിളകാതിരിക്കാനുള്ളതാണ്​ എന്നുകൂടി ഓർക്കുക.

ശ്രീ നാരായണ ഗുരു
ശ്രീ നാരായണ ഗുരു

പ്രത്യക്ഷത്തിൽ, അമേരിക്കൻ ഓറിയന്റലിസ്റ്റായ ഷെൽഡൺ പൊള്ളോക്കിനെ സാമൂഹിക ചൂഷണവും സംസ്കൃതവുമായുള്ള ബന്ധത്തിന്റെ സൂക്ഷ്മരാഷ്ട്രീയം തിരിച്ചറിഞ്ഞതിന്റെ പേരിൽ അംഗീകരിക്കാതിരിക്കാനാവില്ലെങ്കിലും ഭാരതീയ ദർശനത്തെ വ്യാവഹാരികമായി മാത്രമേ പരിഗണിക്കുന്നുള്ളുവെന്നത് ചാർവാക പാരമ്പര്യത്തെ ഓർമിപ്പിക്കുന്നതാണ്. വേദോപനിഷത്തുകളെ പ്രാദേശിക പണ്ഡിതന്മാർ കണക്കിലെടുത്തതെങ്ങനെയെന്നു പൊള്ളോക്കിന് പരിചയമുണ്ടെന്നു തോന്നുന്നില്ല. ഉദാഹരണമായി, ആർഷചിന്തയുടെ പരമസാരം അറിയാനും അവയെ ബ്രാഹ്മണേതരമാക്കാനും സർവജനദർശനമാക്കി ജനകീയവൽക്കരിക്കാനും ശ്രമിച്ച ചട്ടമ്പിസ്വാമിയുടെയും ശ്രീനാരായണഗുരുവിന്റെയും പരിശ്രമങ്ങൾ കേരളീയർക്കുമുന്നിലുണ്ട്. അവരാകട്ടെ, വ്യാവഹാരിക തലത്തിനൊപ്പം പാരമാർത്ഥിക തലത്തെയും ഉൾക്കൊള്ളുകയും സയുക്തികമായി, വിപ്ലവാത്മകമായി വിവരിക്കാനും ശ്രമിച്ചവരാണ്. അതിനാൽ, പൊള്ളോക്കിനെ ഇന്ത്യൻ സന്ദർഭത്തിൽ വിലയിരുത്തുമ്പോൾ ഇന്ത്യയിൽ ഇതിനകം വികസിച്ചുവന്നിട്ടുള്ള വിമോചന ദാർശനിക പരമ്പര്യത്തെയും അബ്രാഹ്മണ യുക്തിബോധത്തെയും തദ്ദേശീയ അദ്വൈത പ്രമാണങ്ങളെയും കൂടി പരിഗണിക്കേണ്ടതുണ്ട്.


എം. ശ്രീനാഥൻ

ഭാഷാശാസ്ത്രജ്ഞൻ, പ്രഭാഷകൻ, എഴുത്തുകാരൻ. തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിൽ പ്രൊഫസർ. തിയററ്റിക്കൽ ലിംഗ്വിസ്റ്റിക്‌സ്, അപ്ലൈഡ് ലിംഗ്വിസ്റ്റിക്‌സ്, ലിംഗ്വിസ്റ്റിക്‌സ് ആന്ത്രപ്പോളജി, ലാംഗ്വേജ് ആൻറ്​ ജനറ്റിക്‌സ് തുടങ്ങിയവ മേഖലകളിൽ സ്‌പെഷലൈസേഷൻ. മലയാള ഭാഷാചരിത്രം: പുതുവഴികൾ, എ.ആർ. നിഘണ്ടു, Dravidian Tribes & Language, മലയാള ഭാഷാശാസ്ത്രം, കേരള പാണിനീയ വിജ്ഞാനം (ഡോ. സി. സെയ്തലവിക്കൊപ്പം എഡിറ്റർ), ചട്ടമ്പിസ്വാമികളുടെ ജ്ഞാന നവോത്ഥാനം തുടങ്ങിയവ പ്രധാന പുസ്തകങ്ങൾ.

Comments