Photo: Sreejith Kenoth / flickr

അനുഷ്ഠാനവാദികളേ മാറിനിൽക്കൂ;
ജാതിക്കാവുകളിൽനിന്ന് തെയ്യം പുറത്തുവരട്ടെ

ജാതിക്കാവുകളിൽ നിന്ന് തെയ്യം പുറത്തുവരണം. ജാതിത്തറവാടുകൾക്ക് ഈ വിമോചനത്തിൽ ഒന്നും ചെയ്യാനില്ല. പുതിയ രംഗപാടവം നിർമിക്കാൻ തെയ്യക്കാർക്ക് കഴിയും. തങ്ങൾ സ്വായത്തമാക്കിയ കഴിവും നമ്മുടെ പൂർവികർ ജീവിച്ചു മരിച്ച് നേടിയ കലാമൂല്യവും പുതിയ കാലത്തിനും ദേശത്തിനും കാവിനും അരങ്ങിനും ഉപയോഗിക്കുന്ന രീതിയിൽ മാറേണ്ടത് അനിവാര്യമാണ്. കാവിന്റെ പരിസരത്തുനിന്ന് തെയ്യം കുറെക്കൂടി ജനാധിപത്യ ഇടങ്ങളിൽ ചുവടുമാറ്റുമ്പോൾ ജാതിയുടെ വേരുകൾ ഒരു ചെറിയ പരിധിയിലെങ്കിലും മുറിക്കുന്നുണ്ട്.

തെയ്യക്കാരുടെ ശരീരത്തിന് തെയ്യത്തിന്റെ അണിയലങ്ങളിൽ കവിഞ്ഞുള്ള മൂല്യമുണ്ടോ? മേലേരിയിൽ തെയ്യത്തിന് പൊള്ളുമ്പോൾ തെയ്യക്കാരെൻ്റ ശരീരം പൊള്ളുമോ? തെയ്യക്കാർ മാറുന്ന സമൂഹത്തിൽ എങ്ങനെയാണ് സ്വാഭിമാനമുള്ള ജീവിതം വിഭാവനം ചെയ്യുക?
എന്നീ ചോദ്യങ്ങൾ കൂടി ചോദിക്കുമ്പോൾ മാത്രമേ തെയ്യം വെറും കാണുന്നതല്ല എന്ന് മനസ്സിലാവൂ. കുട്ടിക്കാലം മുതൽക്ക് തെയ്യം കെട്ടുന്ന ഒരാൾ എന്ന നിലയിൽ പറയട്ടെ, തെയ്യം തെയ്യക്കാർക്ക് ഒരു ജാതിത്തൊഴിലാണ്. അത് പാരമ്പര്യത്തിന്റെ കടമകളിലൂടെ നിർവഹിക്കേണ്ട അനുഷ്ഠാനമാണ്.

തെയ്യം ഒരു ദ്രാവിഡാചാരവും അനുഷ്ഠാനവുമാണെന്ന് പറയുന്നതിൽപ്പോലും ഒരുറപ്പും നമുക്കില്ല. പ്രകൃതിയെ ആരാധിച്ചിരുന്ന ആദിമമനുഷ്യർ വൃക്ഷത്തിന്റെയും പാമ്പിന്റെയും ലോകത്തുനിന്ന് ദൈവത്തെ സ്വന്തം ശരീരത്തിലേക്ക് മാറ്റിയപ്പോൾ വെളിച്ചപ്പാടുകൾ ഉണ്ടായിരിക്കാം. കോമരമെന്നാണ് തെയ്യത്തിലെ വെളിച്ചപ്പാടുകാർക്ക് തെയ്യവഴക്കം കൊടുക്കുന്ന പേര്. തെയ്യത്തിന്റെ ആദിരൂപം കോമരമാണെന്ന് പറയുന്നതിൽ തെറ്റില്ല. മനുഷ്യൻ ദൈവമായി വേഷപകർച്ച ചെയ്യുന്നത് ലോകത്തിലെ എല്ലാ ആദിമ വിശ്വാസ സംഹിതകളുടെയും സ്വഭാവമാണ്. തീർത്തും അസമത്വത്തിലുള്ള ഒരു സമൂഹം തെയ്യത്തെ കെട്ടിയാടിയും ആരാധിച്ചും വന്നിരിക്കാം. അവർ സ്വന്തം കാരണവൻമാരെയും പൂർവികരെയും ഓർമിക്കാനും അവരുടെ സംഭാവനകൾ പുതിയ തലമുറകളിലേക്ക് പകരാനുമായി തെയ്യം കെട്ടിയാടിയിരിക്കാം. മുത്തപ്പൻ, തൊണ്ടച്ഛൻ, കണ്ടനാർ കേളൻ എന്നീ തെയ്യങ്ങളൊക്കെ ഒരുതരം പൂർവികാരാധനയാണ്.

കോമരമെന്നാണ് തെയ്യത്തിലെ വെളിച്ചപ്പാടുകാർക്ക് തെയ്യവഴക്കം കൊടുക്കുന്ന പേര്. തെയ്യത്തിന്റെ ആദിരൂപം കോമരമാണെന്ന് പറയുന്നതിൽ തെറ്റില്ല.

ആദിമരൂപത്തിൽ നിന്നും തെയ്യത്തിന് അമ്പലങ്ങളുമായുള്ള ബന്ധം വന്നത് ആര്യൻമാർ വടക്കു നിന്ന് തെക്കോട്ട് കുടിയേറി പാർത്തതിന് ശേഷമായിരിക്കാം. അമ്പലങ്ങൾ തെയ്യത്തിന്റെ പ്രപഞ്ചത്തിൽ കയറിക്കൂടിയ പുറത്തുനിന്നുള്ള സാംസ്​കാരിക അധിനിവേശമാണ്. തെയ്യത്തിന് അമ്പലവ്യവസ്​ഥയുമായി യാതൊരു ബന്ധവുമില്ല. അമ്പലവാസികളായി മാറിയ ജാതികൾ തെയ്യങ്ങളെയും ജാതീയമായി വർഗീകരിച്ചു. ജാതിയെന്ന ഹിംസാരൂപത്തിന്റെ സാമൂഹിക ഘടനയിൽ തെയ്യങ്ങൾ ഉറഞ്ഞുതുള്ളി. കാവിൽ അമ്പലത്തിന്റെ കടന്നുകയറ്റം ശുദ്ധാശുദ്ധ ബന്ധങ്ങളെയും ശ്രേണീയ പെരുമാറ്റങ്ങളെയും തെയ്യത്തിൽ ഉൾച്ചേർത്തു. അങ്ങനെയാണ് തെയ്യത്തിന് ചുറ്റും ജാതികളുടെ ഒരു കൂട്ടം അണിനിരന്നത്. ഈ ജാതികൾ തെയ്യത്തിന്റെ അനുഷ്ഠാനത്തിൽ അനിവാര്യമായ ഒന്നായതു കൊണ്ടാണ് കാവിൽ നിന്നും പുറത്തു ചെല്ലുന്ന തെയ്യങ്ങൾക്ക് മൂല്യം കുറയുന്നത് എന്ന ഒരു വാദം ഉന്നയിക്കപ്പെടുന്നുണ്ട്. തെയ്യം അനുഷ്ഠാനമാവുമ്പോൾ തന്നെ മനുഷ്യനെ തരംതിരിക്കുന്ന വ്യവസ്​ഥകൾ തെയ്യം പുനരുൽപ്പാദിപ്പിക്കുന്നുണ്ടെന്നത് അനുഷ്ഠാനത്തോടൊപ്പം കൂടിച്ചേരുന്ന ഹിംസാത്മ ഭാവനയാണ്. കാവിന്റെ പരിസരത്തുനിന്ന് തെയ്യം കുറെക്കൂടി ജനാധിപത്യ ഇടങ്ങളിൽ ചുവടുമാറ്റുമ്പോൾ ജാതിയുടെ വേരുകൾ ഒരു ചെറിയ പരിധിയിലെങ്കിലും മുറിക്കുന്നുണ്ട്. അതുകൊണ്ട് തെയ്യത്തിലെ കല തെയ്യംകെട്ട് ജാതികൾക്കും വ്യക്തികൾക്കും ഒരു വിമോചന സാധ്യതയാണ്. തെയ്യത്തെ ദൂരെ നിന്ന് കാണുകയും പരിപാലിക്കുകയും ചെയ്യുന്ന ജാതികൾക്ക് തെയ്യം ഒരു മനോഹര അനുഷ്ഠാന ഇടവും, ജാതിമഹിമ വാഴ്ത്താൻ പറ്റിയ സന്ദർഭവുമാവുന്നതുകൊണ്ടാണ് തെയ്യത്തെ അനുഷ്ഠാനത്തിൽ മാത്രം തളച്ചിടാൻ അവർ ആഗ്രഹിക്കുന്നത്.

ഞാൻ ആദ്യമായി തെയ്യം ചെയ്യാൻ തീരുമാനിക്കുന്നത് സ്വന്തമായ ആഗ്രഹംകൊണ്ടുമാത്രമല്ല. പാരമ്പര്യത്തിന്റെ കടമ, ജാതിയുടെ തൊഴിൽ, മേൽജാതിക്കാരുടെ അധിനിവേശ പെരുമാറ്റം എന്നിവയിലൂടെയാണ്. ഇത് എന്റെ മാത്രം കഥയാവില്ല. ഒരു സാമൂഹിക നിർബന്ധിക്കൽ ഇത്തരം അനുഷ്ഠാന രൂപങ്ങളുടെ പിറകിലുണ്ട്. കണ്ടുനിൽക്കുന്ന ജാതികൾക്ക് ഇതൊരു ലാവണ്യമായ അനുഭവമായിരിക്കും. എന്നാൽ തെയ്യം കെട്ടുന്നവരുടെ അനുഭവം മറ്റൊന്നാണ്. എന്റെ അച്ഛൻ അദ്ദേഹത്തിന്റെ ചെറുപ്പവും യൗവനവും വാർധക്യവും തെയ്യത്തിനുവേണ്ടി ഉഴിഞ്ഞുവച്ചത് അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പായിരുന്നില്ല. ഒരു കുലത്തൊഴിലെന്ന രീതിയിൽ പലപ്പോഴും തെയ്യം ഒരു കടമമായിട്ടാണ് നിവർത്തിക്കുന്നത്.

കർക്കടമാസത്തിൽ ആടിയും വേടനും, കന്നിമാസത്തിലെ ഗോതാമൂരി ആട്ടവും തുലാത്തിനുശേഷം വിവിധ കാവുകളിലും (ഇന്ന് അമ്പലങ്ങളിലും) പതികളിലും പൊട്ടനും വിഷ്ണുമൂർത്തിയും ഗുളികനും കണ്ഠാകർണനും കുട്ടിച്ചാത്തനും കെട്ടിയാടുമ്പോൾ ശരീരത്തിൽ മുറുകുന്ന കെട്ടുകളുടെ കാഠിന്യം പുറത്തുനിന്ന് കാണുന്ന കാഴ്ചക്കാർക്ക് കാണാൻ പറ്റില്ല. കതിവനൂർ വീരൻ മന്നപ്പനെന്ന ഒരു തിയ്യന്റെ കഥയാണ്. വണ്ണാൻ ജാതിയിലുള്ളവരാണ് ഈ തെയ്യം കെട്ടേണ്ടത്. ഇത് ആരു തീരുമാനിച്ചു? ജാതി സമൂഹമെന്നാണ് അതിന്റെ ഉത്തരം. ആയോധനമുറയും അനുഷ്ഠാന പാലനവും തിയ്യരുടെ കാരണവനായ കതിവനൂർ വീരനുവേണ്ടി തിയ്യർ ചെയ്താൽ പോരേ? അവരുടെ ഈ തെയ്യം ചെയ്യാനാരാണു യോഗ്യർ? അപ്പോൾ തെയ്യങ്ങൾ കാവിൽ നിന്നും പുറത്തുപോയി അതിെൻ്റ പരിപാവനത കളങ്കപ്പെടുത്തുന്നു എന്ന കരച്ചിൽ ഇല്ലാതാക്കാമല്ലോ.

മുച്ചിലോട്ട് ഭഗവതി ഒരു ബ്രാഹ്മണസ്​ത്രീയാണ്. അനുഷ്ഠാനത്തിൽ ആ കാര്യം വിവരിക്കുകയും അത് ഉറപ്പിക്കുന്ന അനുഷ്ഠാനം തെയ്യം നിർവഹിക്കുകയും ചെയ്യുന്നുണ്ട്. ആ തെയ്യത്തിന്റെ ജാതിഉടമകൾ വാണിയരാണ്. ചക്കിൽ എണ്ണയാട്ടി വാണിഭം നടത്തിയിരുന്ന വാണിയർ തങ്ങളുടെ കുലതെയ്യമായി കണക്കാക്കുന്നതും ഈ ഭഗവതിയെയാണ്. ആ ഭഗവതിയെ കെട്ടിയാടാൻ എന്തിനാണ് വണ്ണാന്റെ ശരീരത്തെ ഏൽപ്പിക്കുന്നത്? ഒന്നികിൽ നമ്പൂതിരിമാർ ആ തെയ്യം കെട്ടണം. അല്ലെങ്കിൽ വാണിയർ. എന്നാൽ തെയ്യത്തിന്റെ പുറംചട്ടകളിൽ ഒളിച്ചിരിക്കുന്ന ജീവനുള്ള ശരീരത്തിൽ വന്നു ഭവിക്കുന്ന അനേകം കെട്ടുകൾ ആ മനുഷ്യ ശരീരങ്ങളെ വേഗത്തിൽ രോഗാതുരമാക്കും. ശരീരത്തിൽ കെട്ടുന്ന അനേകം കെട്ടുകളെ കൂടിയാണ് തെയ്യംകെട്ടൽ എന്നു പറയുന്നത്.

തെങ്ങിൽ കയറുന്നതിനെ ഉത്തരമലബാറിൽ തെങ്ങ് കെട്ടൽ എന്നാണ് പറയുക. തിയ്യർ എന്ന ജാതിയാണ് അവിടെ തെങ്ങിൽ കയറി തേങ്ങ പറിക്കുന്നതും കള്ള് ചെത്തുന്നതും. വളരെ കഠിനമായ തൊഴിലാണിത്. അനേകം മനുഷ്യർ ഈ തൊഴിലിനിടയിൽ തെങ്ങിൽ നിന്നും വീണു മരണപ്പെട്ടിട്ടുണ്ട്. തെങ്ങ് ചതിക്കില്ല എന്ന ചൊല്ല് ആ തൊഴിലിൽ നിന്നും ഒരിക്കലും വിടുതൽ വാങ്ങാൻ കഴിയാതിരുന്ന തിയ്യരുതന്നെ ഉണ്ടാക്കിയതായിരിക്കും. തെങ്ങിൽ നിന്നും വീണ് അപകടം ഉണ്ടാകും എന്നുതന്നെയാണ് ആ ചൊല്ലിന്റെ അർഥം. ഒരുപാട് തെയ്യങ്ങൾ ചെയ്യുന്ന തെയ്യക്കാരുടെ ശരീരം ഏതാണ്ട് അമ്പത് വയസ്സാകുമ്പോഴെക്കും അവശമായിരിക്കും. തീയിലും കനലിലും ചാടിയിട്ടുള്ള തെയ്യങ്ങളാണ് കെട്ടുന്നതെങ്കിൽ ആ പ്രായം ഇനിയും കുറയും. ഒരു തെയ്യക്കാരന്റെ പ്രതീക്ഷിതായുസ്സ് ശരാശരി വെറും അറുപത് വയസ്സാണ്. തലയൽ കിരീടങ്ങൾ താങ്ങാനായി തെയ്യക്കാർ നെറ്റിയിൽ കെട്ടുന്ന അണിയലമാണ് തലപ്പാളി. തലപ്പാളി കെട്ടുമ്പോൾ നെറ്റിയിലും ചെവിക്ക് മുകളിലുമായി ഒഴുകുന്ന അനേകം സിരകളിൽ രകതയോട്ടം കുറയും. അതിന് മുകളിൽ വയ്ക്കുന്ന ഓരോ ആഭരണവും തലയുടെ വ്യത്യസ്​ത ഭാഗങ്ങളിൽ മുറുക്കി ക്കെട്ടിയാണ് നിലനിർത്തുന്നത്. അതിനുശേഷം കഴുത്തിലും കൈയിലും കാലിലുമായി എണ്ണമറ്റകെട്ടുകൾ! ആ കെട്ടുകളെ കൂടിയാണ് തെയ്യംകെട്ട് എന്ന് പറയുക. ആ കെട്ടുകൾ ചിലതൊക്കെ രഹസ്യകെട്ടുകളാണ്. അത് അനുഷ്ഠാനമല്ല. കലയാണ്. കലയാണ് തെയ്യമെന്ന കനലാടിയുടെ ശരീരത്തിൽ എല്ലാം അണിയിച്ചൊരുക്കുന്നത്. അനുഷ്ഠാനം കാഴ്ചക്കാർക്കും സ്വജാതിക്കാർക്കും ആത്മസുഖമാണ്.

തെയ്യത്തെ ദൂരെ നിന്ന് കാണുകയും പരിപാലിക്കുകയും ചെയ്യുന്ന ജാതികൾക്ക് തെയ്യം ഒരു മനോഹര അനുഷ്ഠാന ഇടവും, ജാതിമഹിമ വാഴ്ത്താൻ പറ്റിയ സന്ദർഭവുമാവുന്നതുകൊണ്ടാണ് തെയ്യത്തെ അനുഷ്ഠാനത്തിൽ മാത്രം തളച്ചിടാൻ അവർ ആഗ്രഹിക്കുന്നത്.

ഒരു തെയ്യം അണിഞ്ഞൊരുങ്ങണമെങ്കിൽ തിയ്യൻ തെങ്ങിൽ കയറി കുരുത്തോല വെട്ടണം. കലശത്തറയിൽ കള്ള് വേണം. തിയ്യൻ അവന്റെ അനുഷ്ഠാന കർത്തവ്യമെന്ന നിലയിൽ അത് ചെയ്യും. അത് അവെൻ്റ ജന്മാവകാശമായാണ് പകർന്നുകൊടുത്തിരിക്കുന്നത്. തിയ്യന്റെ കുലത്തൊഴിലിനെ അനുഷ്ഠാന സേവനമാക്കിയിരിക്കുന്നു. കുരുത്തോല ഉണ്ടെങ്കിലേ തെയ്യമുള്ളു. അപ്പോൾ തിയ്യൻ വേണം. തെയ്യത്തിന് വാള് പരിച എന്നി ആയുധങ്ങൾ വേണം. അത് അനുഷ്ഠാനത്തിെൻ്റ ഭാഗമാണ്. വീരൻ കോലങ്ങൾക്ക് ആയുധമില്ലാതെ പറ്റില്ല. കൊല്ലന്മാർ ആയുധം പണിയുന്നു. തെയ്യത്തിന് പീഠം വേണം. മരംകൊണ്ട് പീഠം പണിയുന്നതിന് ആശാരി വേണം. തെയ്യത്തിന് പന്തം, ദീപം എന്നിവയ്ക്ക് വെളിച്ചെണ്ണ വേണം. അവിടെ വാണിയൻ വേണം. പലപ്പോഴും ഈ തെയ്യങ്ങളുടെ അരങ്ങ് അഥവാ കാവ് നായൻമാരുടെയും മറ്റ് അമ്പലവാസി ജാതികളുടെയും മേൽനോട്ടത്തിലായിരിക്കും. ഭൂമിയുടെ മേൽ അവകാശമുള്ളവർ അതിന്റെ അധികാരികളായി മാറി. അവരുടേതായി തെയ്യങ്ങൾ. ഉന്നതജാതി തറവാട്ടുകാർക്കുവേണ്ടി താഴ്ന്ന ജാതിയിൽപ്പെട്ട ഒരു പറ്റം തൊഴിൽ ജാതിക്കൂട്ടങ്ങൾ ശരീരം മറന്ന് പണിയെടുത്ത് ഉണ്ടാക്കുന്നതാണ് തെയ്യങ്ങൾ. തെയ്യത്തിൽ ഏറ്റവും കഠിനവും ക്ലേശകരവുമായ തെയ്യംകെട്ടൽ സമൂഹത്തിലെ ഏറ്റവും താഴെക്കിടയിലുള്ള ജാതികളുടെ ജന്മാവകാശമാക്കി. അതിനെയാണ് അനുഷ്ഠാനമെന്ന് പറയുന്നത്. തെയ്യത്തിന് തെയ്യമാവാൻ മേൽപ്പറഞ്ഞ എല്ലാ ജാതികളും അവരുടെ കുലത്തൊഴിലുകളും ആവശ്യമാണ്. അതാണ് അനുഷ്ഠാനവാദികളുടെ മൂലധനം.

ഉറഞ്ഞാടുന്ന തരത്തിലുള്ള കലാരൂപങ്ങൾ എല്ലാ സ്​ഥലങ്ങളിലും പ്രദേശങ്ങളിലുമുള്ള മനുഷ്യജീവിതത്തിലുണ്ടായിട്ടുണ്ട്. ശരീരത്തിൽ വിറയൽ ഉണ്ടാകുന്ന അനുഷ്ഠാനരീതികൾ ഒരുവിധം എല്ലാ മതങ്ങളിലുമുണ്ട്. മനുഷ്യകുലത്തിലെ ഒരു ‘അരങ്ങ് നരവംശശാസ്​ത്രമാണ്’ (Theatre Anthropology) അതിനാധാരം. അതുകൊണ്ട് ഏത് മനുഷ്യനും ഏതു തെയ്യവും കെട്ടാനാവും. എന്നാൽ ഒരു തരത്തിലുള്ള മുൻപരിചയവുമില്ലാതെ ഒരാൾ തെയ്യം കാവിലോ പുറത്തോ ചെയ്യുകയാണെങ്കിൽ ഒന്നുകിൽ രണ്ടോ മൂന്നോ മിനുട്ടുകൾക്കിടയിൽ അയാൾക്ക് തലചുറ്റും. ഉടൻ തലച്ചമയം അഴിക്കാൻ പറയും. തെയ്യം ഒരു കലകൂടിയായതു കൊണ്ടാണ് പാരമ്പര്യത്തിന്റെ അനുശീലനത്തിൽ ചെണ്ടയുടെ താളത്തിലും തോറ്റത്തിന്റെ തോന്നിപ്പിക്കലിലും, കാവിെൻ്റയോ അരങ്ങിെൻ്റയോ ഊർജത്തിൽ തെയ്യങ്ങൾ ഉറഞ്ഞുതുള്ളുന്നത്.

തെയ്യത്തിന്റെ പുറംചട്ടകളിൽ ഒളിച്ചിരിക്കുന്ന ജീവനുള്ള ശരീരത്തിൽ വന്നു ഭവിക്കുന്ന അനേകം കെട്ടുകൾ ആ മനുഷ്യ ശരീരങ്ങളെ വേഗത്തിൽ രോഗാതുരമാക്കും. ശരീരത്തിൽ കെട്ടുന്ന അനേകം കെട്ടുകളെ കൂടിയാണ് തെയ്യംകെട്ടൽ എന്നു പറയുന്നത്.

തെയ്യത്തിന്റെ മുഖത്തെഴുത്ത് ഒരു ക്ലാസിക്കൽ രൂപമണിഞ്ഞ കലയാണ്. നൂറ്റാണ്ടുകളെടുത്ത് അനുശീലിച്ച കൈവിരുതിൽ വിരിയുന്ന വർണപ്പൊലിമയാണ് മുഖത്തെഴുത്ത്. ഒരു കടലാസിൽ ചിത്രം വരയ്ക്കുന്നത് പോലെയല്ല ഈ എഴുത്ത്. വരയ്ക്കുന്നവന്റെ കൈകൾക്ക് വിപരീതമായി മുഖം അദ്ദേഹത്തിന്റെ മടിയിൽ കിടക്കുന്നു. വിപരീതദിശയിലാണ് മുഖത്ത് എഴുതുന്നത്. ഓരോ തെയ്യത്തിനും വ്യത്യസ്​ത മുഖത്തെഴുത്ത് രൂപങ്ങളുണ്ട്. അതിനൊക്കെ പ്രത്യേകം എഴുത്തു പഠിച്ച് ശീലിച്ച കലാകാരന്മാർ വേണം. അത് അണിയറ ശീലത്തിൽ നിന്നും കലാകാരന്റെ മനോധർമത്തിലൂടെയും ഉണ്ടായിവരുന്ന ചിത്രങ്ങളാണ്. നാം ഒരു വാഹനം ആദ്യമായി ഓടിക്കുമ്പോൾ ദൈവത്തെ വിചാരിക്കുംപോലെ ദൈവത്തെയും സ്​മരിക്കുന്നു. പക്ഷേ ഒരു ദൈവത്തിന്റെ പെട്ടെന്നുള്ള അനുഗ്രഹംകൊണ്ട് വരയ്ക്കാവുന്നതല്ല തെയ്യത്തിന്റെ മുഖത്തെഴുത്ത്.

കുട്ടിയായിരിക്കുമ്പോൾ മുതൽ അരങ്ങിലും അണിയറയിലും അച്ഛന്റെയും അമ്മാവൻമാരുടെയും എഴുത്തുശീലുകൾ കണ്ടും പഠിച്ചും വരച്ചും വരപ്പിച്ചും സ്വായത്തമാകുന്ന ഈ കഴിവ് തീർത്തും കലാപരമാണ്. അനുശീലിച്ചുണ്ടായവയാണ്. തെങ്ങ് കെട്ടുന്നത് ദൂരെനിന്ന് പഠിക്കാൻ കഴിയാത്തതുപോലെ, കരയിൽ നിന്നും നീന്തൽ പഠിക്കാൻ കഴിയാത്തതുപോലെ അതിയായ സമയം ചെലവഴിച്ച് സ്വായത്തമാക്കിയ തെയ്യത്തിന്റെ മുഖത്തെഴുത്ത് അനുപമമായ കലാമൂല്യമാണ് അതുപോലെ തെയ്യത്തിന്റെ എല്ലാ നിറവരയും അണിയറ ചമയങ്ങളും കരവിരുതിൽ വിരിയുന്നവയാണ്. അതും തെയ്യംകെട്ട് ജാതികൾ മാത്രം അനുശീലിച്ച് പോരുന്നവയാണ്. ചെണ്ട പണിയുന്നതും അത് കൊട്ടുന്നതും തെയ്യംകെട്ട് ജാതികൾ തന്നെയാണ്. തെയ്യം അടിമുടി കലയാണ്. അനുഷ്ഠാനപരത, ജാതിമൂല്യങ്ങളെ ഉറപ്പിക്കാനുള്ള തന്ത്രമാണ്.

തെയ്യത്തിന്റെ മുഖത്തെഴുത്ത് ഒരു ക്ലാസിക്കൽ രൂപമണിഞ്ഞ കലയാണ്. നൂറ്റാണ്ടുകളെടുത്ത് അനുശീലിച്ച കൈവിരുതിൽ വിരിയുന്ന വർണപ്പൊലിമയാണ് മുഖത്തെഴുത്ത്.

തെയ്യം കാവിൽ നിന്ന് പടിയിറങ്ങി പുതിയ അരങ്ങുകളിൽ ഇടം തേടുമ്പോൾ ജാതിയുടെ വേലി ക്കെട്ടിൽ തളച്ചിടപ്പെട്ട കലാകാരൻമാർ വിമോചിതരാവുന്നു. തങ്ങൾ പാരമ്പര്യത്തിലൂടെയും തലമുറ മാറ്റത്തിലൂടെയും സ്വായത്തമാക്കിയ കഴിവുകൾ പുതിയ കാലത്ത് വൈവിധ്യമാർന്ന ഇടങ്ങളിൽ സന്നിവേശിപ്പിക്കുന്നു. തെയ്യക്കാരന് തെയ്യക്കാലത്തിനപ്പുറം എന്ത് ശ്രദ്ധയാണ് കാവുകൾ കൊടുക്കുന്നത്? ജാതി തെയ്യങ്ങളെ കെട്ടിയാടുന്നതിൽ മാത്രം തളച്ചിടുന്ന ജാതിക്കാവുകളിൽ നിന്നും തെയ്യം മാത്രമല്ല അത്തരത്തിലുള്ള എല്ലാ രൂപങ്ങളും പുറത്തുവരണം. സംഗീതത്തിലും നാടകത്തിലും രംഗകലയിലും സിനിമയിലും പുതിയ ഭാവങ്ങളും കണ്ടുപിടിത്തവും സമ്പ്രദായങ്ങളും കൊണ്ടുവരാൻ പുതിയ തലമുറ തയ്യാറാവണം. ജാതിത്തറവാടുകൾക്ക് ഈ വിമോചനത്തിൽ ഒന്നും ചെയ്യാനില്ല. പുതിയ രംഗപാടവം നിർമിക്കാൻ തെയ്യക്കാർക്ക് കഴിയും. തങ്ങൾ സ്വായത്തമാക്കിയ കഴിവും നമ്മുടെ പൂർവികർ ജീവിച്ചു മരിച്ച് നേടിയ കലാമൂല്യവും പുതിയ കാലത്തിനും ദേശത്തിനും കാവിനും അരങ്ങിനും ഉപയോഗിക്കുന്ന രീതിയിൽ മാറേണ്ടത് അനിവാര്യമാണ്. അതിന് അനുഷ്ഠാനത്തിന്റെ ജാതി ലാവണ്യ സുഖത്തിൽ അഭിരമിക്കുന്ന അനുഷ്ഠാനവാദികൾക്കൊന്നും ചെയ്യാനില്ല.

അനുഷ്ഠാനം സാമൂഹികഘടനയിൽ അള്ളിപിടിച്ചിരിക്കുന്ന ഒരു യാഥാർഥ്യമാണ്. മുച്ചിലോട്ടിനുള്ളിൽ മഠപ്പുരയിൽ എണ്ണമറ്റ കാവുവ്യവസ്​ഥകളിൽ അനുഷ്ഠാനങ്ങൾ ശ്രേണീയമായ മനുഷ്യബന്ധങ്ങളെ മുകളിലും താഴെയും നല്ലതും മോശവുമായി തരംതിരിക്കുന്നു. തെയ്യങ്ങൾ യഥാർഥത്തിൽ സാമൂഹിക വ്യവസ്​ഥക്കെതിരെ ഉടലെടുത്ത രൂപങ്ങളാണെങ്കിലും അനുഷ്ഠാനങ്ങൾ അതിനെ ജാതി അതിർവരമ്പിനുള്ളിൽ കെട്ടിയിടുന്നു. സമകാലീന തെയ്യങ്ങൾ യഥാർഥത്തിൽ നിലനിൽക്കുന്നത് അങ്ങനെ മാത്രമല്ല. മലയാളത്തിൽ നിന്നും കുടകിലേക്ക് പോയ മാങ്ങാട്ട് മന്നപ്പൻ എന്ന തിയ്യൻ കതിവനൂരിലെ വീരനായി കുടക്മലയിലും താഴ്വാരങ്ങളിലും ദൈവമായി മാറി. വടക്കേ മലബാറിൽ നിന്ന് 1980- കളിൽ മദ്രാസിലും ബോംബെയിലും പാലായനം ചെയ്ത കുടുംബങ്ങൾ അവിടങ്ങളിൽ തെയ്യക്കാവുകൾ പണിതു. ഗൾഫിൽ പോയവർ മുത്തപ്പനെ ഗൾഫിൽ കെട്ടിയാടുന്നുണ്ട്. അങ്ങനെ തെയ്യത്തിന് സാങ്കേതികവിദ്യകൾ പടരുന്ന ഈ കാലത്ത് ദേശങ്ങളെയും ജാതിമര്യാദകളെയും ഭേദിച്ച് പുതിയകാലത്തിെൻ്റ കോലത്തിനും വഴക്കത്തിനുമിണങ്ങിയ തരത്തിൽ ആടിയുറയാൻ കഴിയുന്നതിന്റെ ചാലകശകതി കലയാൽ തുന്നികെട്ടിയ തെയ്യത്തിന്റെ ഘടനകൊണ്ടാണ്. തെയ്യം കെട്ടുന്നവർക്ക് തെയ്യം കലയും അനുഷ്ഠാനവും കാരണവർമാർ ചെയ്ത സമ്പ്രദായങ്ങളുമാണെങ്കിൽ തെയ്യംകെട്ടാത്ത ജാതികൾക്ക് ഇത് അവരുടെ പൂർവ്വികരും തറവാട് മഹിമയും കൂടിച്ചേരുന്ന ഗൃഹാതുരത്വമാണ്. തെയ്യത്തിലടങ്ങിയ രഹസ്യകല (Secret art of Performance) അറിയാത്ത ഭക്തന്മാർക്ക് തെയ്യം അടിമുടി അനുഷ്ഠാനമാണ്, അതിന്റെ പ്രയോക്താക്കൾക്ക് അത് കലാപരമായ അനുഷ്ഠാനമാണ്.

തെയ്യത്തിലടങ്ങിയ രഹസ്യകല (Secret art of Performance) അറിയാത്ത ഭക്തന്മാർക്ക് തെയ്യം അടിമുടി അനുഷ്ഠാനമാണ്, അതിന്റെ പ്രയോക്താക്കൾക്ക് അത് കലാപരമായ അനുഷ്ഠാനമാണ്.

തെയ്യത്തിലെ കോമരമാണ് അനുഷ്ഠാനപാലകൻ. ആദിരൂപവും കോമരമാണ്. കാവിലെ അന്തിത്തിരിയൻമാരും വെളിച്ചപ്പാടൻമാരും ആടയാഭരണങ്ങളോ വർണ്ണാഭമായ ഭാവപകർച്ചകളോ ഇല്ലാതെ നേരിട്ട് ദൈവത്തിന്റെ പ്രതിരൂപമാണ്. എന്നാൽ തെയ്യങ്ങൾക്ക് വെള്ളാട്ടമെന്ന ചെറുരൂപവും വിശ്വരൂപമെന്ന നിലയിൽ അന്തിമ തെയ്യരൂപവുമുണ്ട്. അനുഷ്ഠാനം മാത്രമല്ലാത്തതുകൊണ്ടാണ് വിവിധ രൂപങ്ങളിലും ആട്ടങ്ങളിലും തെയ്യം അവതരിക്കപ്പെടുന്നത്. ആടയാഭരണങ്ങളിലും ഈ വ്യത്യാസം കാണാം. വെള്ളാട്ടത്തിൽ പലപ്പോഴും മുഖത്തെഴുത്തിന് പകരം മഞ്ഞക്കുറിയും കണ്ണെഴുത്തും മാത്രമായിരിക്കും.

എന്നാൽ തെയ്യത്തിന്റെ പൂർണകായരൂപം നിറഞ്ഞ മുഖത്തെഴുത്തിലും വട്ടമുടിയിലോ നീളൻമുടിയിലോ നിറഞ്ഞാടുന്ന തെയ്യങ്ങളാണ്. വെള്ളാട്ടത്തിന് ദീർഘമായ തോറ്റവും ആട്ടവുമുണ്ട്. എന്നാൽ ശരീരമാസകലം അണിയലകൾകൊണ്ട് നിറഞ്ഞിരിക്കുന്ന തെയ്യരൂപം കലാശങ്ങൾ കുറക്കുന്നു. തെയ്യക്കാരന് യഥേഷ്​ടം തന്റെ ശരീരംകൊണ്ട് ആടാനും അഭ്യാസപ്രകടനങ്ങൾ നടത്താനും കഴിയുന്നത് തെയ്യത്തിന്റെ ചെറുരൂപത്തിലാണ്. അത് തെയ്യത്തിന്റെ ആട്ടത്തെയും അരങ്ങിനെയും മുൻനിർത്തി ഉണ്ടായിട്ടുള്ള ആട്ടപ്രകാരമാണ്. എന്നാൽ തെയ്യത്തിന്റെ പ്രതിപുരുഷനായ വെളിച്ചപാടിന് എപ്പോഴും ഒരേ രൂപവും ഭാവവുമാണ്. അനുഷ്ഠാനത്തെയും തെയ്യത്തിന്റെ ഐതീഹ്യത്തെയും പുലർത്തുന്ന ഏകരൂപം കോമരമാണ്. എന്നാൽ തെയ്യത്തിന്റെ പൂർണതയിൽ കാവിനും ഭകതർക്കും വിവിധ ജാതി സമുദായങ്ങൾക്കും കോമരത്തിനും തെയ്യത്തിന്റെ അന്തിമക്കാഴ്ചയിൽ നമസ്​കരിച്ച് നിൽക്കാനേ കഴിയൂ.

ഗുളികന്‍ വെള്ളാട്ടം

ദേശവും കാലവും ഓർമകളും ഇല്ലാതാവലും എല്ലാം തെയ്യത്തിൽ സന്നിവേശിപ്പിക്കുന്നതിലൂടെ തെയ്യം ദേശദേവതയായി മാറുന്നു. തെയ്യത്തിന്റെ തിരുമുടി അഴിക്കുന്ന മാത്രയിൽ വെളിച്ചപാട് തെയ്യത്തിലെ അഥവാ കോലശരീരത്തിലെ ‘ഉറയലിനെ’ വീണ്ടും സ്വന്തം ശരീരത്തിലും വാളിലോ പീഠത്തിലോ തേങ്ങയിലോ താമ്പൂലത്തിലോ ശേഖരിച്ച് സങ്കല്പത്തറയിൽ കുടിയിരുത്തുന്നു. അനുഷ്ഠാനപരതയുടെ കർതൃത്വം കോമരത്തിനാണ്. സാമ്പ്രദായികമായ അരങ്ങിന്റെ കർത്താക്കളും ആട്ടക്കാരുമാണ് തെയ്യക്കാർ. അവർ അടിമുടി കലാകാരന്മാരാണ്. അതുകൊണ്ടുതന്നെ തെയ്യം കലയാണ്. അനുഷ്ഠാനം കോമരത്തിലാണ് കുടികൊള്ളുന്നത്.

സൂചന: രാജേഷ് കോമത്ത്–2013 നാട്ടുദൈവങ്ങൾ സംസാരിച്ചു തുടങ്ങുമ്പോൾ, മാതൃഭൂമി ബുക്സ്​.

Comments