പി. രാമൻ

അരാഷ്ട്രീയവാദി എന്ന വാണം വീണ്ടും ഒരുക്കിവെച്ചത്​
ഞാൻ കാണുന്നു, എങ്കിലും ചിലതു പറയാനുണ്ട്​...

മറ്റു ഭാഷാകൃതികളുടെ മുന്നിൽ നമ്മുടെ സാഹിത്യം മങ്ങിപ്പോകുന്നത് തുറസ്സില്ലായ്മയും ഇരട്ടത്താപ്പും വിഗ്രഹവൽക്കരണവും മുൻധാരണയും ഫാസിസ്റ്റ് മനോഭാവവും കൊണ്ടുതന്നെയാണ്. സമകാല മലയാള സാഹിത്യം അതികേമമാണെന്ന് ഇവിടിരുന്നു നമ്മൾ പറയുന്നതല്ലാതെ മലയാളികളല്ലാത്തവരാരെങ്കിലും പറയുന്നുണ്ടെന്നു തോന്നുന്നില്ല. ഇത്രയും എഴുതുമ്പൊഴേക്കും അരാഷ്ട്രീയവാദി എന്ന വാണം വീണ്ടും വിടാൻ ഒരുക്കിവെച്ചത്​ ഞാൻ കാണുന്നുണ്ട്.

2000-ൽ എന്റെ ആദ്യ സമാഹാരമായ കനം പ്രസിദ്ധീകരിച്ചപ്പോൾ അതിൽ ഏറ്റവും വിമർശിക്കപ്പെട്ടത് അതിന്​ ഞാനെഴുതിയ ചെറിയ മുഖക്കുറിപ്പാണ്. അന്നത്തെ സാഹിത്യാന്തരീക്ഷത്തിന്റെ പശ്ചാത്തലത്തിൽ എഴുത്തിനെ സംബന്ധിച്ച എന്റെ അന്നത്തെ വീക്ഷണം അവതരിപ്പിക്കുന്നതായിരുന്നു അത്. എഴുത്തിൽ മലയാളി എപ്പോഴും പുലർത്തുന്ന ഉന്നതമായ ധർമ - നീതി - ബോധങ്ങളെയും അരാജകതയോടുള്ള അഭിനിവേശത്തെയും സംശയിക്കുന്ന ഒരു കുറിപ്പായിരുന്നു അത്. ജീവിതത്തിൽ ഇല്ലാത്ത ധർമ - നീതി ബോധങ്ങളും അരാജകചോദനയും എഴുത്തിൽ പ്രധാനമാണ് എന്ന ഹിപ്പോക്രാറ്റിക് കാഴ്ചപ്പാടിനോടുള്ള എന്റെ വിയോജിപ്പ് പക്ഷേ, അരാഷ്ട്രീയതയായാണ് വ്യാഖ്യാനിക്കപ്പെട്ടത്. ജീവിതത്തിൽ ഇല്ലാത്ത മൂല്യങ്ങൾ എഴുത്തിൽ വേണമെന്നാഹ്വാനം ചെയ്യുന്ന മലയാളിയുടെ ഇരട്ടത്താപ്പിനോടുള്ള പ്രതിഷേധമായിരുന്നു എന്നെ സംബന്ധിച്ച്​ ആ നിലപാട്. മലയാളിയുടെ ഹിപ്പോക്രസിയെ വിമർശിച്ചതിന്റെ പേരിൽ അരാഷ്ട്രീയ കവി എന്ന ശകാരമുദ്ര അന്നേ പതിച്ചുകിട്ടിയിട്ടുണ്ട് എനിക്ക്. സവർണകവി മുദ്ര പിന്നീടാണ് അനുവദിച്ചുകിട്ടിയത്.

എനിക്കുചുറ്റുമുള്ള, എഴുത്തുകാർ കൂടി ഉൾപ്പെടുന്ന സമൂഹത്തിന്റെ സാധാരണ ജീവിതവും സർഗാത്മക ജീവിതവും തമ്മിലെ അകലമാണ് അന്ന് യുവാവായിരുന്ന എന്നെ ഏറ്റവും പ്രകോപിപ്പിച്ചത്. വാക്കും പ്രവൃത്തിയും തമ്മിലെ അകലം എന്നും ഇതിനെ പറയാം. വ്യക്തിജീവിതത്തിൽ മൂല്യങ്ങൾ പുലർത്താതിരിക്കുക, എന്നാൽ സാഹിത്യവും രാഷ്ട്രീയവുമുൾപ്പെടുന്ന പൊതുമണ്ഡലത്തിൽ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച്​ നിൽക്കുക എന്ന പെരുമാറ്റരീതി കേരളസമൂഹത്തെ, പ്രത്യേകിച്ചും എഴുത്തുകാർ ഉൾപ്പെടുന്ന ബുദ്ധിജീവി മണ്ഡലത്തെ വിഴുങ്ങിയതായാണ് എനിക്കു തോന്നിയത്.

'അമ്പതുവർഷമായി പ്രധാനമായും രണ്ടു ചോദ്യങ്ങളുടെ കുറ്റികളിലാണ് നമ്മുടെ സാഹിത്യരംഗം കിടന്നുകറങ്ങുന്നത്. നിങ്ങളുടെ രാഷ്ട്രീയപക്ഷമെന്ത് എന്നതാണൊരു ചോദ്യം. വൃത്തത്തിലെഴുതണോ ഗദ്യത്തിലെഴുതണോ എന്നതാണ് പഴകിപ്പുളിച്ച രണ്ടാം ചോദ്യം.' / Illustration: CHema Skandal
'അമ്പതുവർഷമായി പ്രധാനമായും രണ്ടു ചോദ്യങ്ങളുടെ കുറ്റികളിലാണ് നമ്മുടെ സാഹിത്യരംഗം കിടന്നുകറങ്ങുന്നത്. നിങ്ങളുടെ രാഷ്ട്രീയപക്ഷമെന്ത് എന്നതാണൊരു ചോദ്യം. വൃത്തത്തിലെഴുതണോ ഗദ്യത്തിലെഴുതണോ എന്നതാണ് പഴകിപ്പുളിച്ച രണ്ടാം ചോദ്യം.' / Illustration: CHema Skandal

22 കൊല്ലം കഴിഞ്ഞ് ഇപ്പോഴും നമ്മുടെ സാഹിത്യാന്തരീക്ഷത്തിൽ വലിയ മാറ്റങ്ങളൊന്നും വന്നിട്ടില്ല എന്നുതന്നെ കാണിക്കുന്നു, പൊളിറ്റിക്കൽ കറക്റ്റ്‌നെസ് സാഹിത്യത്തിൽ വേണമോ വേണ്ടയോ എന്നതിനെ മുൻനിർത്തിയുള്ള നമ്മുടെ ഇപ്പോഴും തുടരുന്ന ചർച്ചകൾ. അമ്പതുവർഷമായി പ്രധാനമായും രണ്ടു ചോദ്യങ്ങളുടെ കുറ്റികളിലാണ് നമ്മുടെ സാഹിത്യരംഗം കിടന്നുകറങ്ങുന്നത്. നിങ്ങളുടെ രാഷ്ട്രീയപക്ഷമെന്ത് എന്നതാണൊരു ചോദ്യം. വൃത്തത്തിലെഴുതണോ ഗദ്യത്തിലെഴുതണോ എന്നതാണ് പഴകിപ്പുളിച്ച രണ്ടാം ചോദ്യം. ഈ രണ്ടു ചോദ്യങ്ങളും അപ്രസക്തം എന്നല്ല ഞാൻ പറയുന്നത്. മറിച്ച്, ഈ രണ്ടു ചോദ്യങ്ങൾക്കപ്പുറം മറ്റു ചോദ്യങ്ങൾ ഉയരുന്നില്ല എന്നാണ്. സൗന്ദര്യശാസ്ത്രപരമായ ഏതു സംവാദവും കറങ്ങിത്തിരിഞ്ഞ് ഈ കുറ്റികളിലേക്കുതന്നെ തിരിച്ചെത്തും. ഈ രണ്ടു ചോദ്യങ്ങൾ അരനൂറ്റാണ്ടായി പല പല പ്രച്ഛന്നരൂപങ്ങളിൽ നമ്മുടെ നേർക്കുവരുന്നത് ഭാവുകത്വപരമായ കെട്ടിക്കിടപ്പിനെയാണ് കാണിക്കുന്നത്.

വ്യക്തിജീവിതത്തിൽ പെരുമാറ്റശുദ്ധി പുലർത്താതിരിക്കുകയും രാഷ്ട്രീയശരി അല്ലാത്തതൊന്നും എഴുതരുത് എന്ന് ശഠിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പ് എഴുത്തിന്​ ഗുണം ചെയ്യുകയില്ല.

മറ്റുള്ളവരോടുള്ള കരുതൽ, ജാഗ്രത, നീതിബോധം, വംശീയവും ജാതീയവും മതപരവും ലിംഗപരവും ദേശപരവും ഭാഷാപരവുമായ സമത്വബോധം തുടങ്ങിയ മൂല്യങ്ങൾ നിത്യജീവിതത്തിൽ മനുഷ്യർ ഉയർത്തിപ്പിടിക്കേണ്ടവയാണ് എന്നതിൽ സംശയമില്ല. സ്വാഭാവികമായും എഴുത്തുകാരുടെ കാഴ്ചപ്പാടിനെ അവ സ്വാധീനിക്കുകയും ചെയ്യും. അങ്ങനെ സ്വാഭാവികമായി സംഭവിക്കേണ്ടതാണ് എഴുത്തിലെ രാഷ്ട്രീയ ജാഗ്രത. എന്നാൽ വ്യക്തിജീവിതത്തിൽ അത്തരം പെരുമാറ്റശുദ്ധി പുലർത്താതിരിക്കുകയും രാഷ്ട്രീയശരി അല്ലാത്തതൊന്നും എഴുതരുത് എന്ന് ശഠിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പ് എഴുത്തിന്​ ഗുണം ചെയ്യുകയില്ല.

രാഷ്ട്രീയശരി മാത്രമേ എഴുതാവൂ എന്ന അതിജാഗ്രതയുടെ അടിസ്ഥാന കാരണം എഴുത്തുകാരൻ / എഴുത്തുകാരി എന്ന നിലയിലുള്ള സ്വന്തം ഇമേജ് കെട്ടിപ്പൊക്കാനുള്ള താത്പര്യമല്ലാതെ മറ്റൊന്നുമല്ല. നീതിയുടെ പക്ഷത്തു നിൽക്കുന്നവരും സ്വാതന്ത്ര്യത്തിനും സമത്വത്തിനും വേണ്ടി ശബ്ദമുയർത്തുന്നവരും ലോകത്തെവിടെ അക്രമവും ചൂഷണവും അനീതിയും നടന്നോ അതിനെതിരെ ഉടൻ പ്രതികരിക്കുന്നയാളുമാണ് എഴുത്തുകാരനായ / എഴുത്തുകാരിയായ താൻ എന്ന ഇമേജ് ഉണ്ടാക്കിയെടുക്കുക കേരളത്തിൽ നിലനില്പിന് വളരെ അത്യാവശ്യമാണ്. എഴുത്തുകാരെക്കുറിച്ച് ഇവിടെ നിലവിലുള്ള മുൻധാരണ അതാണ്. എഴുത്തുകാർ ഇവിടെ ഒരു എഴുന്നള്ളിപ്പുവിഗ്രഹമാണ്. വായനവാരം തൊട്ട് എ പ്ലസ് വിജയികളെ അനുമോദിക്കുന്ന ചടങ്ങിൽ വരെ എഴുത്തുകാരുടെ സാന്നിധ്യമുണ്ടാവണം. അങ്ങനെ എഴുന്നള്ളിക്കുമ്പോഴാണ് തന്റെ കൃതികൾ കൂടുതൽ വായിക്കപ്പെടുന്നതും താൻ പ്രസിദ്ധനാകുന്നതും എന്ന വ്യാമോഹം എഴുത്തുകാരും വെച്ചുപുലർത്തുന്നു. കൂടുതൽ എഴുന്നള്ളിപ്പ്​ കിട്ടണമെങ്കിൽ സമൂഹത്തിന്​ സ്വീകാര്യതയുള്ള സാംസ്‌കാരിക നായക ഇമേജ് കൂടുതൽ വർധിപ്പിച്ചേ പറ്റൂ. അതുകൊണ്ട് യാന്ത്രികമായ പ്രതികരണ സാഹിത്യത്തിലയാൾക്ക് മുഴുകിയേ പറ്റൂ.

എവിടെ അനീതിയുണ്ടായാലും (തൊട്ടരികെ നടക്കുന്ന അനീതികളോട് ഇവർക്കു താത്പര്യമില്ല. വിദൂരങ്ങളിലെ അനീതികളോടാണ് പ്രിയം) പിറ്റേന്നു കവിതയുമായെത്തുന്ന കവികളെ കാണുമ്പോൾ അതിനുവേണ്ടി കാത്തിരിക്കുന്ന കഴുകന്മാരല്ലേ ഇവർ എന്ന സംശയം എനിക്കു തോന്നാറുണ്ട്.

ജീവിതം നമുക്കുമുന്നിൽ തുറന്നുകിടക്കുകയാണ്. നീതിയും അനീതിയും ധർമാധർമങ്ങളുമെല്ലാം കൂടിക്കുഴഞ്ഞുകിടക്കുന്ന ജീവിതത്തിൽ ഒരു സാധാരണ മനുഷ്യനായി മുഴുകി തങ്ങളുടെ എഴുത്തുമായി വരുന്നവരാണ് എഴുത്തുകാർ എന്നതാണ് എന്റെ ബോധ്യം. സമകാല യാഥാർഥ്യങ്ങളെക്കുറിച്ച് അവർക്ക് കൃത്യമായ കാഴ്ചപ്പാടുണ്ടാവാം. പക്ഷേ, അതുമാത്രം എഴുതിയാൽ മതി എന്നത് ഫാസിസ്റ്റ് മനോഭാവമാണ്. നിർഭാഗ്യവശാൽ കഴിഞ്ഞ കുറേ കാലമായി അത് ശക്തവുമാണ്. മറ്റു ഭാഷാകൃതികളുടെ മുന്നിൽ നമ്മുടെ സാഹിത്യം മങ്ങിപ്പോകുന്നത് തുറസ്സില്ലായ്മയും ഇരട്ടത്താപ്പും വിഗ്രഹവത്കരണവും മുൻധാരണയും ഫാസിസ്റ്റ് മനോഭാവവും കൊണ്ടുതന്നെയാണ്. സമകാല മലയാള സാഹിത്യം അതികേമമാണെന്ന് ഇവിടിരുന്നു നമ്മൾ പറയുന്നതല്ലാതെ മലയാളികളല്ലാത്തവരാരെങ്കിലും പറയുന്നുണ്ടെന്നു തോന്നുന്നില്ല.

Open Casket by Dana Schutz. 1955-ൽ മിസ്സിസിപ്പിയിൽ ആഫ്രിക്കൻ അമേരിക്കൻ ബാലനെ രണ്ട് വെള്ളക്കാർ വെടിവെച്ചു കൊന്ന സംഭവവുമായി ബന്ധപ്പെട്ട് ഡാനാ ഷുട്ട്‌സ് 2016 ചെയ്ത പെയ്ന്റിങ്ങ്. യു.എസ്. വംശജയായ ഡാനയുടേത് കൾച്ചറൽ അപ്രോപ്രിയേഷൻ ആണെന്നും, എക്സിബിഷനുകളിൽ നിന്ന് പെയ്ന്റിങ്ങ് നീക്കം ചെയ്യപ്പെടണമെന്നും വ്യാപകമായ ആവശ്യമുയർന്നിരുന്നു.
Open Casket by Dana Schutz. 1955-ൽ മിസ്സിസിപ്പിയിൽ ആഫ്രിക്കൻ അമേരിക്കൻ ബാലനെ രണ്ട് വെള്ളക്കാർ വെടിവെച്ചു കൊന്ന സംഭവവുമായി ബന്ധപ്പെട്ട് ഡാനാ ഷുട്ട്‌സ് 2016 ചെയ്ത പെയ്ന്റിങ്ങ്. യു.എസ്. വംശജയായ ഡാനയുടേത് കൾച്ചറൽ അപ്രോപ്രിയേഷൻ ആണെന്നും, എക്സിബിഷനുകളിൽ നിന്ന് പെയ്ന്റിങ്ങ് നീക്കം ചെയ്യപ്പെടണമെന്നും വ്യാപകമായ ആവശ്യമുയർന്നിരുന്നു.

ഇത്രയും എഴുതുമ്പോഴേക്കും അരാഷ്ട്രീയവാദി എന്ന വാണം വീണ്ടും വിടാൻ ഒരുക്കിവെച്ചത്​ ഞാൻ കാണുന്നുണ്ട്. അതുകൊണ്ട് ഇന്നത്തെ ഇന്ത്യയിൽ ജീവിക്കുന്ന ഒരു മനുഷ്യനെന്ന നിലയിൽ എന്റെ ചില രാഷ്ട്രീയബോധ്യങ്ങൾ താഴെ വ്യക്തമായി പറയട്ടെ.

1. നിങ്ങൾക്കു വേണമെങ്കിൽ ജനാധിപത്യകാലത്ത് ജീവിക്കാം, വേണമെങ്കിൽ മത - ജാതിക്കാലത്ത് ജീവിക്കാം എന്നൊരു ചോയ്‌സ് വെച്ചാൽ മത - ജാതിക്കാലം മതി എന്നു തീരുമാനിക്കുന്നവരാകും ബഹുഭൂരിപക്ഷം ജനങ്ങളുമെന്ന് എനിക്കു തോന്നിയിട്ടുണ്ട്. ജനാധിപത്യകാലത്ത് പൂർണമായും അങ്ങനെയൊരു ജീവിതം എളുപ്പമല്ലാത്തതിനാൽ മാത്രം രണ്ടുതോണിയിലും ഒരേ സമയം കാലിട്ടു നിൽക്കേണ്ടി വരുന്നവരാണ് മിക്കവരും. ഈ രണ്ടു കാലങ്ങളുടെ നിയമവും നീതിയും മൂല്യബോധവും ഒരിക്കലും പൊരുത്തപ്പെടാത്തവിധം രണ്ടാണ്.
ഞാൻ ജനാധിപത്യകാലത്ത് ജീവിക്കാൻ ആഗ്രഹിക്കുന്നു. ജനാധിപത്യമൂല്യങ്ങളിൽ വിശ്വസിക്കുന്നു. ഇന്ത്യൻ ഭരണഘടനയിലും ഭരണഘടന ഉറപ്പുതരുന്ന നീതിയിലും തുല്യതയിലും സ്വാതന്ത്ര്യത്തിലും വിശ്വസിക്കുന്നു.

2. മത- ജാതി ജീവിതം തന്നെയും ജനാധിപത്യ - ഭരണഘടനാ കാലത്തിന്റെ നിയമാവലികൾക്കോ സാമാന്യയുക്തിക്കു തന്നെയോ നിരക്കാത്തതാണ്. അതിൽ ജനാധിപത്യകാലത്തിന്റെ നീതിയും മൂല്യങ്ങളും തിരയുന്നത് മണ്ടത്തരമാണ്.

3. മനുഷ്യന്റെ ഭാവനാസൃഷ്ടി എന്ന നിലയിൽ ഞാൻ ദൈവസങ്കല്പത്തെ വിലമതിക്കുന്നു. അതതുകാലത്ത് മനുഷ്യനുണ്ടാക്കിയ വിചാരധാരകൾ എന്ന നിലയിൽ മതദർശനങ്ങളെ മാനിക്കുന്നു. മതദർശനങ്ങൾക്ക് അവ രൂപംകൊണ്ട കാലത്തിനും ദേശത്തിനുമപ്പുറത്തേക്ക് ചരിത്രപ്രാധാന്യവും ഭാവന എന്ന നിലയ്ക്കുള്ള പ്രാധാന്യവുമല്ലാതെ മറ്റു പ്രസക്തിയുണ്ടെന്ന് വ്യക്തിപരമായി ഞാൻ കരുതുന്നില്ല. ജനാധിപത്യകാലത്തെ മനുഷ്യന്റെ ആത്മീയ അന്വേഷണങ്ങളെപ്പോലും തൃപ്തിപ്പെടുത്താൻ ഇന്നത്തെ മതചിന്തകൾക്കു പൂർണമായും കഴിയുമെന്നും വിചാരിക്കുന്നില്ല. എന്നാൽ മതവിശ്വാസ സ്വാതന്ത്ര്യവും ആരാധനാ സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും ഇന്ത്യൻ ഭരണഘടന ഓരോ പൗരനും ഉറപ്പുനൽകുന്നതിനെ ഞാൻ മാനിക്കുന്നു. സ്വാതന്ത്ര്യം എന്ന വാക്കിനൊപ്പം തന്നെ തുല്യത എന്ന വാക്കും ഭരണഘടന ഒരുമിച്ച് ഉയർത്തിപ്പിടിക്കുന്നുണ്ടെന്നും ഞാൻ മനസ്സിലാക്കുന്നു.

പി. രാമൻ
പി. രാമൻ

4. തിരിച്ച്, ജാതി- മത കാലത്തെ ജീവിതത്തെ ഇന്നത്തെ ജനാധിപത്യ- ഭരണഘടനാ മൂല്യങ്ങൾ വെച്ച് അളക്കുന്നതും മണ്ടത്തമാണ്. ജനാധിപത്യ- ഭരണഘടനാ മൂല്യങ്ങൾ വെച്ച് മത- ജാതിക്കാലത്തിന്റെ മൂല്യങ്ങളെ വിമർശിക്കാം. പക്ഷേ പക വെച്ചുപുലർത്തുന്നത് അർഥശൂന്യമാണ്. അത് ഒരർഥത്തിൽ ആ കാലത്തേക്കു തന്നെ മടങ്ങിപ്പോകലുമാണ്.

5. മത- ജാതിക്കാലത്തിന്റെ മൂല്യങ്ങൾ നിയന്ത്രിക്കുന്ന സ്ഥാപനങ്ങൾ ഈ ജനാധിപത്യ - ഭരണഘടനാ കാലത്തും നിലനിൽക്കുന്നു എന്നത് ഒരു കീറാമുട്ടി പ്രശ്‌നം തന്നെയാണ്. അവയെ സമ്പൂർണമായി ജനാധിപത്യവത്കരിക്കണം. ഏത് മത-ജാതി വിഭാഗത്തിന്റെയായാലും ആരാധനാലയങ്ങളിൽ എല്ലാ വിശ്വാസികൾക്കും ലിംഗഭേദമില്ലാതെ, തുല്യപരിഗണന നൽകണം. പ്രാർഥിക്കാൻ മാത്രമല്ല, പൗരോഹിത്യകർമം ചെയ്യാനും. ഞാൻ മനസ്സിലാക്കിയിടത്തോളം, മതവിശ്വാസ സ്വാതന്ത്ര്യവും ആരാധനാ സ്വാതന്ത്ര്യവും ഉറപ്പുതരുന്ന ഭരണഘടന അതിനകത്ത് ഏതെങ്കിലും തരത്തിലുള്ള വിവേചനം അനുവദിക്കുന്നില്ല. സ്വാതന്ത്ര്യം എന്ന ആശയത്തോടൊപ്പം തുല്യത എന്ന ആശയവും ഭരണഘടനയിലുണ്ട്. ആരാധനാലയങ്ങൾ ഭാഗികമായി ജനാധിപത്യവത്കരിച്ചതുകൊണ്ട് ഒരു ഫലവും ഉണ്ടാവുകയില്ല. സംഘർഷങ്ങൾ ഉണ്ടാവുകയും ചെയ്യും. ആരാധനാ സ്വാതന്ത്ര്യത്തോടൊപ്പം തുല്യതയും ഉറപ്പുവരുത്തി അവ പൂർണമായും ജനാധിപത്യവത്കരിക്കണം.

എന്റെ ഒരു ബോധ്യത്തെയും ന്യായീകരിക്കാൻ വേണ്ടിയുള്ളതല്ല എന്റെ എഴുത്ത്. ബോധ്യങ്ങളെല്ലാം മനസംസ്‌കാരമാക്കുക മാത്രം ചെയ്ത്, ജീവിതത്തിൽ തുറന്നുമുഴുകലാണ് എഴുത്ത്.

6. ജനാധിപത്യ-ഭരണഘടനാ കാലത്ത് ഇത്തരത്തിൽ പൂർണമായും ജനാധിപത്യവത്കരിക്കാതെ മത- ജാതിക്കാലത്തെ മൂല്യങ്ങളാൽ നിയന്ത്രിക്കപ്പെടുന്ന സ്ഥാപനങ്ങളിൽ ബ്രാഹ്മണ്യമൂല്യങ്ങളും വിവേചനവും തുടരുന്നത് സ്വാഭാവികം. അവ ഇല്ലാതാവണമെങ്കിൽ പൂർണമായും ജനാധിപത്യവത്കരിക്കപ്പെടുകയും ഭരണഘടനാനുസൃതമാക്കുകയും വേണം. ഭരണഘടനാനുസൃതമായതിനുശേഷമുള്ള ജാതി - മത നിയമങ്ങൾ മതി എന്നു തീരുമാനിക്കണം. മറ്റെല്ലാം ഭരണഘടനാപൂർവ- ജനാധിപത്യപൂർവ ചരിത്രമായിക്കണ്ട് മാറ്റിവക്കണം. അല്ലാത്തിടത്തോളം ജനാധിപത്യമൂല്യങ്ങൾ നോക്കുകുത്തിയാവുകയും ജാതി- മതക്കാലത്തിന്റെ മൂല്യങ്ങൾ തന്നെ എല്ലാം നിയന്ത്രിക്കുകയും ചെയ്യും. ഫ്യൂഡൽ ജാതി- മതക്കാലത്തിന്റെ ഉത്സവങ്ങൾ ഈ ജനാധിപത്യ - ഭരണഘടനാ കാലത്തും തുടരുന്നുണ്ട്. അവ ഒന്നുകിൽ അടിമുടി ജനാധിപത്യവത്കരിക്കണം. അപ്പോൾ അവയിലടങ്ങിയ മതാധിപത്യകാല മൂല്യങ്ങൾ പൂർണമായും തള്ളിക്കളയേണ്ടിവരും. അല്ലെങ്കിൽ ഈ ജനാധിപത്യകാലത്തിന് തനതായ ഉത്സവങ്ങൾ ഉണ്ടായിവരണം.

7. ആയിരക്കണക്കിനുവർഷം നീണ്ടതാണ് ജാതി - മതക്കാലം. ജനാധിപത്യ - ഭരണഘടനാകാലത്തിന് ഇന്ത്യയെ സംബന്ധിച്ച്​ ചുരുങ്ങിയ കാലദൈർഘ്യമേ ഉള്ളൂ. ഈ രണ്ടു കാലങ്ങളും അവയുടെ മൂല്യ - നിയമങ്ങളും തമ്മിലുള്ള സംഘർഷത്തെ ജീവിതത്തിലുടനീളം നമുക്ക് അഭിമുഖീകരിച്ചേ പറ്റൂ. സമകാല ഇന്ത്യ നേരിടുന്ന പ്രധാന സംഘർഷം ഇതുതന്നെയാണ്. അടിസ്ഥാനപരമായി ഇതിൽ ഏതു കാലത്തും ഏതു മൂല്യത്തിലും നിൽക്കാൻ നമ്മൾ ആഗ്രഹിക്കുന്നു എന്നതാണ് പ്രധാനം. ഞാൻ ജനാധിപത്യ - ഭരണഘടനാ കാലത്ത് ജീവിക്കാൻ ഇഷ്ടപ്പെടുന്നു. ആ കാലത്തിന്റെ സ്വാതന്ത്ര്യത്തിലും നീതിയിലും തുല്യതയിലും വിശ്വസിക്കുന്നു. ഇന്ത്യൻ ഭരണഘടനയാണ് എന്റെ പ്രമാണം.

മുകളിൽ കൊടുത്തവ ഞാൻ വിശ്വസിക്കുന്ന പ്രമാണങ്ങളാണ്. മനുഷ്യൻ എന്ന നിലയിൽ എന്റെ ജീവിതത്തിലെ ബോധ്യങ്ങളാണ്. എന്നാൽ ഇവയെ ന്യായീകരിക്കാൻ വേണ്ടിയല്ല ഞാൻ കവിതയെഴുതുന്നത്. ഇവയെ എന്നല്ല, എന്റെ ഒരു ബോധ്യത്തെയും ന്യായീകരിക്കാൻ വേണ്ടിയുള്ളതല്ല എന്റെ എഴുത്ത്. ബോധ്യങ്ങളെല്ലാം മനസംസ്‌കാരമാക്കുക മാത്രം ചെയ്ത്, ജീവിതത്തിൽ തുറന്നുമുഴുകലാണ് എഴുത്ത്. ഇങ്ങനെയേ എഴുതാവൂ എന്ന ഏതു തരം ശാഠ്യത്തെയും തകർക്കലാണ് എഴുത്ത്. ​▮​


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


പി. രാമൻ

കവി. അധ്യാപകൻ. കനം, തുരുമ്പ്, ഭാഷയും കുഞ്ഞും, രാത്രി പന്ത്രണ്ടരയ്ക്ക് ഒരു താരാട്ട്, പിന്നിലേക്കു വീശുന്ന കാറ്റ്, ഇരട്ടവാലൻ എന്നീ കവിതാ സമാഹാരങ്ങളും മായപ്പൊന്ന് (ജയമോഹന്റെ തമിഴ് കഥകളുടെ മലയാള പരിഭാഷ) എന്ന വിവർത്തന കൃതിയും രചിച്ചിട്ടുണ്ട്.

Comments