ഹരികൃഷ്​ണൻ തച്ചാടൻ

കലയിലും ജീവിതത്തിലും നമുക്കാദ്യം
ഒരു രാഷ്ട്രീയത്തെ നിർവചിക്കേണ്ടതുണ്ട്​

കല ഏതെങ്കിലും സാമൂഹ്യവിഷയത്തെ അതിനുള്ളിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുമ്പോൾ അതിനകത്തെ വൈരുദ്ധ്യങ്ങളെ അഡ്രസ്സ് ചെയ്യേണ്ടതായി വരും. ആ പ്രവർത്തനത്തിൽ രാഷ്ട്രീയ ശരികേടുകളെ കുടഞ്ഞുകളഞ്ഞാൽ അതൊരു സന്മാർഗസന്ദേശം പോലെ ഏകതാനമായിരിക്കും

ല്ലാത്തിലും പൊളിറ്റിക്കൽ കറക്റ്റ്‌നസ് നോക്കുന്നത് ഒരു മോശം പ്രവണതയാണെന്ന് പറയുന്നവരുണ്ട്. പുരോഗമനപരമായ കാഴ്ചപ്പാടുകളൊന്നും വച്ചു പുലർത്താതെ, നിലനിൽക്കുന്ന സാമൂഹികചുറ്റുപാടുകളോട് കലഹത്തിന് മുതിരാതെ, അലസജീവിതം നയിക്കുന്നവരാണെങ്കിൽ അങ്ങനെ പറയുന്നതിൽ അവർക്ക് അവരുടേതുമാത്രമായ ന്യായമുണ്ട്. എന്നാൽ, വ്യക്തിജീവിതത്തിലും സാമൂഹ്യജീവിതത്തിലും പുരോഗമനപരമായി ഇടപെടുന്ന ഒരാൾക്ക് അത്തരം ഒരു തൊടുന്യായം പറഞ്ഞ് ഒഴിയാൻ സാധിക്കുകയില്ല. എന്തെന്നാൽ പുരോഗമനപക്ഷത്താവുക എന്നു പറയുന്നതോടെ തന്നെ നിലപാടിലും ജീവിതത്തിലും സ്വയം നവീകരിക്കപ്പെടാനുള്ള ബാധ്യത അത്തരം മനുഷ്യരിൽ സ്വാഭാവികമായി വന്നുചേർന്നുകഴിഞ്ഞു.

സമൂഹത്തിന്റെ പൊതുബോധം കലയിലെ ശരികേടുകളെ കണ്ടെത്തുന്നതിൽ എത്രമാത്രം പക്ഷപാതിത്തം പുലർത്തുന്നുണ്ട് എന്ന കാര്യം കൂടി ആരെങ്കിലും ചൂണ്ടിക്കാട്ടേണ്ടതുണ്ട്.

അങ്ങനെയെങ്കിൽ കലയിലും പൊളിറ്റിക്കൽ കറക്റ്റ്‌നസ് പുലർത്തേണ്ടതല്ലേ? തീർച്ചയായും അത്തരമൊരു സാധ്യത കലയിൽ നിലനിൽക്കുന്നുണ്ട്.
​പക്ഷെ, നിലവിലുള്ള സാമൂഹികസാഹചര്യങ്ങളെ മുൻനിർത്തി, എതെങ്കിലും കലാരൂപത്തെയോ അതിന്റെ ഉള്ളടക്കത്തെയോ അപഗ്രഥിക്കാനും അതിലെ രാഷ്ട്രീയശരികേടുകൾ ഉയർത്തിക്കാട്ടാനും ശ്രമിക്കുന്നതിൽ ചില്ലറ പ്രശ്‌നങ്ങളുണ്ട്. ഒന്നാമതായി, കലയുടെ ഫ്ലെക്‌സിബിലിറ്റി വലിയൊരു വിഷയമാണ്. അതിന് ഭൂതത്തിലേക്കും ഭാവിയിലേക്കുമൊക്കെ ചലിക്കാൻ സ്വാതന്ത്ര്യമുണ്ട്. സ്ഥലകാലങ്ങൾ യഥാർത്ഥത്തിൽ അതിനെ ബാധിക്കുന്നില്ല. നിങ്ങൾക്ക് ഇവിടെ നിന്നുകൊണ്ട് ചരീത്രാതീതകാലത്തെ കുറിച്ചോ ഭാവികാലത്തെ കുറിച്ചോ ഒരു നോവൽ രചിക്കാനോ, സിനിമ എടുക്കാനോ കഴിയും. അവിടെ പക്ഷെ വർത്തമാനകാലത്തിലെ നിയമങ്ങൾക്കോ, രാഷ്ട്രീയ സംവാദങ്ങൾക്കോ ഇടമുണ്ടാവില്ല. നമ്മുടെ രാഷ്ട്രീയശരികളുടെ അളവുകോലുകൾ അവിടെ പാകമാവുകയില്ല. ചരിത്രത്തിലെ നീതിനിഷേധങ്ങളെ ഒരു യഥാർത്ഥ്യമായി ഉൾക്കൊള്ളാനും നമ്മുടെ വർത്തമാനത്തെ അതിൽ നിന്ന്​ വിഭിന്നമായി മാറ്റിത്തീർക്കാനുള്ളൊരു ശ്രമം നടത്താനും മാത്രമേ നമുക്ക് സാധിക്കൂ. അപ്പോൾ പിന്നെ, കലയിലെ രാഷ്ട്രീയ ശരികേടുകൾ ചികയുന്നതിലെ അർത്ഥമെന്താണ്?

ആദിവാസി സമൂഹത്തെ അധിക്ഷേപിക്കുന്ന കഥാപാത്ര ചിത്രീകരണവും ഉള്ളടക്കവുമുള്ള ഫ്ളവേഴ്സ് ടിവി സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക് ടമാർ പടാർ 138ാം എപ്പിസോഡിൽ നിന്ന്

നിങ്ങൾ കലയെ ഉപയോഗപ്പെടുത്തി ചരിത്രത്തിലെ നീതിനിഷേധങ്ങളെ ലഘൂകരിച്ച് കാണിക്കാനും വർത്തമാനകാലത്തെ അനീതികളെ ബോധപൂർവ്വം അപനിർമിക്കാനും ശ്രമിക്കുകയാണെങ്കിൽ അവിടെ രാഷ്ട്രീയശരികേടുകളെ ചൂണ്ടിക്കാണിക്കേണ്ടതായി വരും. മുഖ്യധാരാചാനലുകൾ ദലിത് ശരീരങ്ങളെ ബോഡി ഷെയിം ചെയ്​ത്​ കോമഡി പരിപാടികൾ ഇപ്പോഴും സംപ്രേഷണം ചെയ്യുന്നുണ്ട്. ഒരാളുടെ നിറത്തെയും, ശരീരപ്രകൃതിയെയും പരിഹസിച്ച് തമാശ ഉൽപാദിപ്പിക്കുമ്പോൾ നമ്മൾ ആർജ്ജിച്ചെടുത്ത മൂല്യബോധങ്ങൾക്ക് വിരുദ്ധമായി ഒരു പിന്നോട്ട് നടത്തത്തിനുള്ള ബോധപൂർവ ശ്രമം കലയിലൂടെ സംഭവിക്കുന്നു. അവിടെ നമുക്ക്​ തീർച്ചയായും കലഹിക്കേണ്ടതായി വരും. രാഷ്ട്രീയശരികേടുകൾ ചൂണ്ടിക്കാണിക്കേണ്ടിയും വരും.

കാശ്മീർ ഫയൽസ് പോലൊരു സിനിമയെ നമുക്ക് വിമർശിക്കേണ്ടിവരുന്നത് ചരിത്രത്തിലെ ഒരു അനീതിയെ ഇന്ത്യയിൽ നിലനിൽക്കുന്ന ഭൂരിപക്ഷ വർഗീയതക്ക് ന്യായീകരണം സൃഷ്ട്ടിക്കാനായി അപനിർമിക്കുമ്പോഴാണ്. അവിടെ, സിനിമ നിർമ്മിക്കുന്നവരുടെ ആവിഷ്‌കാരസ്വാതന്ത്ര്യം ഇന്ത്യയിലെ ന്യൂനപക്ഷ മതസ്ഥരുടെ ജീവിക്കാനുള്ള അവകാശത്തിനുമേൽ കത്തിവെക്കാൻ ശ്രമിക്കുകയാണ്. പൃഥ്വീരാജ് എന്ന സിനിമയിലും ചരിത്രത്തെ വളച്ചൊടിച്ച് സ്പർദ്ധ വളർത്താൻ ബോധപൂർവ ശ്രമം കാണാം.

കാശ്മീർ ഫയൽസ് സിനിമയിൽ നിന്നൊരു രംഗം

അപ്പോൾ, ചരിത്രത്തെ മറ്റൊന്നായി സങ്കൽപ്പിക്കുന്നത് മഹാപാതകമാണോ എന്ന രീതിയിൽ ഒരു ചോദ്യം ഉയർന്നു വരാം. ചരിത്രത്തെ മറ്റൊന്നായി സങ്കൽപ്പിക്കുന്നത് കലാകാരരെ സംബന്ധിച്ച് അവരുടെ ആവിഷ്‌കാരസ്വാതന്ത്ര്യമാണ്. പക്ഷെ, അത് സമൂഹത്തിൽ സൃഷ്ടിക്കാൻ പോകുന്ന ചലനങ്ങൾ പുരോഗമനപരമാണോ എന്നതിനെ ആശ്രയിച്ചുമാത്രമേ അതിന്റെ ശരികേടുകളെ നിർവചിക്കാനാവൂ. എസ്. ഹരീഷിന്റെ ആഗസ്റ്റ് 17 എന്ന നോവലിൽ തിരുവിതാംകൂറിന്റെ പ്രതിചരിത്രമാണ് പറയുന്നത്. ചരിത്രത്തിലെ ഒരു പ്രധാനപ്പെട്ട സംഗതി മറ്റൊരു രീതിയിൽ സംഭവിച്ചാൽ തുടർന്നങ്ങോട്ടുള്ള ചരിത്രഗതി എങ്ങനെയായിരിക്കും എന്ന് നോവലിസ്റ്റ് ഭാവന ചെയ്യുകയാണ്. തിരുവിതാംകൂർ ഒരു സമ്പൂർണ ഹിന്ദു രാഷ്ട്രമായി മാറുന്നതും അത് ഒരിക്കലും സംഭവിച്ചിട്ടില്ലാത്ത അതിന്റെ ഭാവനാചരിത്രത്തിൽ അരാജകത്വത്തിലേക്ക് വീണുപോകുന്നതും അയാൾ സങ്കൽപ്പിച്ചെഴുതുന്നു. അവിടെ പക്ഷെ വായനക്കാർക്ക്​ പൊളിറ്റിക്കൽ കറക്റ്റ്‌നസ് തിരയേണ്ട ആവശ്യം വരുന്നില്ല. കാരണം, നോവൽ പ്രതിചരിത്ര നിർമിതിയിലൂടെ വർത്തമാന ഇന്ത്യൻ സാഹചര്യത്തെ കുറിച്ചും അതിന്റെ ഭാവിയെ കുറിച്ചുമുള്ള മുന്നറിയിപ്പും ആശങ്കയും പങ്കുവെക്കുകയാണ്. ഒരു കലാസൃഷ്ട്ടി എന്ന നിലയിൽ നമ്മുടെ മൂല്യബോധങ്ങളെ റദ്ദ് ചെയ്യാനുള്ള ശ്രമം അത് നടത്തുന്നില്ല.

ഒരു നോവലിലെ കഥാപാത്രം വായ തുറന്നാൽ സംവരണ വിരുദ്ധതയും ദലിത് വിരുദ്ധതയും പറയുന്ന ആളായിരിക്കാം. ആ പാത്രസൃഷ്ടിയെ മാത്രം മുൻനിർത്തി എഴുത്തുകാർ അല്ലെങ്കിൽ ചലച്ചിത്രകാരർ മനഃപൂർവ്വം അങ്ങനെ ഒരു കഥാപാത്രത്തെ സൃഷ്​ടിച്ച് ദലിത് വിരുദ്ധത പറഞ്ഞതാണെന്ന് വായിച്ചാൽ അത് അപകടമാകും.

പക്ഷെ, ഈ ചുഴിഞ്ഞുനോട്ടം കലാകാരരുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് വെല്ലുവിളി ഉയർത്തുന്നുണ്ട്. ഇവിടെ ആരോഗ്യകരവും അനാരോഗ്യകരവുമായ പ്രവണതകളുണ്ടെന്ന് കാണാം. പലപ്പോഴും സന്ദർഭങ്ങളിൽ നിന്ന് അടർത്തിയെടുത്തുമാത്രം കലയിലെ രാഷ്ട്രീയ ശരികേടുകൾ ചൂണ്ടിക്കാണിക്കുന്ന ഒരു രീതിയുണ്ട്. ഒരു നോവലിലെ കഥാപാത്രം വായ തുറന്നാൽ സംവരണ വിരുദ്ധതയും ദലിത് വിരുദ്ധതയും പറയുന്ന ആളായിരിക്കാം. അയാളുടെ ഡയലോഗുകൾ ചിലപ്പോൾ കേൾക്കുന്നവരെ ഈർഷ്യ പിടിപ്പിച്ചേക്കാം. ആ പാത്രസൃഷ്ടിയെ മാത്രം മുൻനിർത്തി എഴുത്തുകാർ അല്ലെങ്കിൽ ചലച്ചിത്രകാരർ മനഃപൂർവ്വം അങ്ങനെ ഒരു കഥാപാത്രത്തെ സൃഷ്​ടിച്ച് ദലിത് വിരുദ്ധത പറഞ്ഞതാണെന്ന് വായിച്ചാൽ അത് അപകടമാകും. യഥാർത്ഥത്തിൽ അങ്ങനെയൊരു കഥാപാത്രത്തെ ഗ്ലോറിഫൈ ചെയ്തുകൊണ്ടുള്ള കഥാന്ത്യമാണെങ്കിൽ മാത്രമേ മേൽപ്പറഞ്ഞ വിമർശനത്തിന് സാധുതയുള്ളൂ. അങ്ങനെയുള്ള പാത്രസൃഷ്ടി പോലും പാടില്ലെന്ന കടുംപിടിത്തം വരുമ്പോഴാണ് കലയിലെ പൊളിറ്റിക്കൽ കറക്റ്റ്‌നസ് എന്ന വാദം അനാരോഗ്യകരമാകുന്നത്.

എസ്. ഹരീഷ്

കല ഏതെങ്കിലും സാമൂഹ്യവിഷയത്തെ അതിനുള്ളിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുമ്പോൾ അതിനകത്തെ വൈരുദ്ധ്യങ്ങളെ അഡ്രസ്സ് ചെയ്യേണ്ടതായി വരും. ആ പ്രവർത്തനത്തിൽ രാഷ്ട്രീയ ശരികേടുകളെ കുടഞ്ഞുകളഞ്ഞാൽ അതൊരു സന്മാർഗസന്ദേശം പോലെ ഏകതാനമായിരിക്കും എന്നൊരു പ്രശ്‌നത്തെ കൂടി നമ്മൾ അഭിമുഖികരിക്കേണ്ടതായി വരും.

ഈ വിഷയത്തിൽ സംസാരിക്കുമ്പോൾ സമൂഹത്തിന്റെ പൊതുബോധം കലയിലെ ശരികേടുകളെ കണ്ടെത്തുന്നതിൽ എത്രമാത്രം പക്ഷപാതിത്തം പുലർത്തുന്നുണ്ട് എന്ന കാര്യം കൂടി ആരെങ്കിലും ചൂണ്ടിക്കാട്ടേണ്ടതുണ്ട്. ചില കാര്യങ്ങൾ ആസ്വാദകരുടെയോ വിമർശകരുടെയോ പൊളിറ്റിക്കൽ കറക്റ്റ്‌നസിന്റെ റഡാർ പരിധിയിൽ വരാറില്ല. സിനിമകളിൽ ഒളിഞ്ഞും തെളിഞ്ഞും പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്ന തൊഴിലാളി വിരുദ്ധതയെ ഒരു രാഷ്ട്രീയ ശരികേടായി അധികമാരും നിർവചിച്ചു കണ്ടിട്ടില്ല. പോപ്പുലർ സിനിമകളുടെ തുടക്കം മുതൽ ഒടുക്കം വരെ ഈ തൊഴിലാളി വിരുദ്ധതക്ക് ഒരു ജനിതക തുടർച്ചയുള്ളതായി കാണാം. അച്ഛൻ ശ്രീനിവാസൻ മുതൽ മകൻ വിനീത് വരെ നീളുന്ന തുടർച്ച. വളരെ സ്വാഭാവികമായി ഈ രാഷ്ട്രീയ ശരികേടിനെ പ്രേക്ഷകരിലേക്ക് കടത്തിവിടാൻ സിനിമക്ക് കഴിഞ്ഞിട്ടുണ്ട്. ഏറ്റവും പോപ്പുലറായ കല എന്ന നിലക്ക് മുതലാളിത്ത മൂലധനവ്യവസ്ഥയുടെ എല്ലാ അനുഗ്രഹാശിസ്സുകളും അതിനുണ്ടായി.പക്ഷെ നോക്കുകൂലി വാങ്ങി ലക്ഷപ്രഭുവായ ഒരു ചുമട്ടുതൊഴിലാളിയും നമ്മുടെ പരിസരങ്ങളിൽ ഇല്ലാതിരുന്നിട്ടും സിനിമ ചുമട്ടുതൊഴിലാളികളെ പരിഹാസപാത്രങ്ങളാക്കുന്നതിനെ നമ്മൾ കൈയ്യടിച്ചു വരവേറ്റു. അതിൽ എത്രമാത്രം രാഷ്ട്രീയശരികേടുണ്ട് എന്ന് നമ്മൾ ചിന്തിച്ചില്ല. മാതൃത്വത്തെ മഹത്വവൽക്കരിക്കുന്ന കഥയും കവിതയും പാട്ടുകളും സിനിമയും ഉണ്ടായപ്പോൾ മാതൃത്വം എന്ന കുറ്റിക്കുചുറ്റുമിട്ട് അവരെ കറക്കുന്നതിൽ രാഷ്ട്രീയ ശരികേടുള്ളതായി നമുക്കു തോന്നുന്നില്ല. ഇങ്ങനെ ഒരു വൈരുദ്ധ്യം കലയിലെ പൊളിറ്റിക്കൽ കറക്റ്റ്‌നസ് തിരയുന്നവരിലുമുണ്ടെന്ന് തോന്നുന്നു. നിങ്ങൾ ശരികേട് ചൂണ്ടിക്കാണിക്കാൻ ഉയർത്തുന്ന രാഷ്ട്രീയത്തിൽ പോലും വൈരുദ്ധ്യങ്ങളുള്ളതായി കാണാം. അങ്ങനെ വരുമ്പോൾ നിങ്ങൾക്ക് പ്രയോരിറ്റിയുള്ള ഒന്നിനെ ചൂണ്ടിക്കാണിച്ച് മറ്റൊന്നിനെ അവഗണിക്കുന്നതിലും ഒരു ശരികേടുണ്ട്.

അപ്പോൾ അവസാനം വന്നുനിൽക്കുന്നത് കലയിൽ പൊളിറ്റിക്കൽ കറക്റ്റ്‌നസ് ചികയണോ വേണ്ടയോ എന്ന ‘യെസ് ഓർ നോ’ ചോദ്യത്തിലാണെങ്കിൽ നമുക്കാദ്യം ഒരു രാഷ്ട്രീയത്തെ നിർവചിക്കേണ്ടതായി വരും. വളരെ വിശാലമായി മനുഷ്യപക്ഷത്തുനിൽക്കുന്ന ഒരു രാഷ്ട്രീയം നമ്മൾ പുലർത്തേണ്ടതുണ്ട്. കലയിലും ജീവിതത്തിലും അതിനുള്ള അന്വേഷണമാണ് നടത്തുന്നതെങ്കിൽ തീർച്ചയായും ശരികേടുകൾ ചൂണ്ടിക്കാണിച്ചും നവീകരിച്ചും നമുക്ക് മുന്നോട്ടുപോകേണ്ടതായി വരും. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.

Comments