വയനാട്ടിലെ ആദിവാസികളുടെ ഗദ്ദിക/ photo: keralatourism.org

കേരളീയ സാംസ്​കാരിക മൂലധനത്തിലെ
​സാമുദായിക വിഹിതം എത്ര?

പൊതുവായി കണക്കാക്കുന്ന സാംസ്‌കാരിക കേരളം സൂക്ഷ്മാർത്ഥത്തിൽ പൊതുവല്ല, പൊതുവായി തീർന്നതാണ്. ഇപ്പോൾപോലും പല കലകളും സെക്യുലറായി എന്ന് അവകാശപ്പെടാനും കഴിയില്ല. നരവംശീയമായി ഏറെ താൽപര്യമുണർത്തുന്ന കാര്യമാണ് കേരള സംസ്‌കാരത്തിൽ സമുദായങ്ങളുടെ പങ്കാളിത്തമില്ലായ്മ.

കേരളത്തിന്റെ കലാ സാംസ്‌കാരിക മൂലധനത്തിന്റെ സാമുദായിക വിഹിതത്തെ കുറിച്ച്​ നാം ചർച്ച ചെയ്യാറില്ല. കേരള രൂപീകരണത്തെ തുടർന്ന് കലാസാംസ്‌കാരിക മുതലിനെ തനതു പാരമ്പര്യമുതലായും പൊതുമുതലായും കണ്ടുവരുന്നു. ഭാഷ / സാഹിത്യം, കലാരൂപങ്ങൾ, സംഗീതം, ഉത്സവങ്ങൾ, സിനിമ, പൈതൃകസ്മാരകങ്ങൾ, പുരാവസ്തു, പുരാരേഖ, ഭക്ഷ്യവിഭവങ്ങൾ എന്നിവയെല്ലാം കേരളത്തിന്റെ സാംസ്‌കാരിക വിഭവങ്ങളായി കേരള സാംസ്‌കാരിക വകുപ്പ് അവതരിപ്പിക്കുന്നു.

‘കേരള സംസ്‌കാരം' എന്നതുകൊണ്ട്​ ഉദ്ദേശിക്കുന്നതെന്തെന്ന്​ പ്രത്യക്ഷത്തിൽ സംശയത്തിന്​ വകനൽകില്ല. അതുകൊണ്ടുതന്നെ കേരളത്തെ മാതൃഭൂമിയായി കാണുന്ന കേരളീയർക്ക് കേരള സംസ്‌കാരം പൊതു സംസ്‌കാരമാണ്. ഈ ‘പൊതുബോധത്തിനെത്ര ‘പൊതു' അവകാശപ്പെടാനുണ്ട് എന്ന്​ സൂക്ഷ്മമായി പരിശോധിച്ചാൽ ‘പൊതു'വെന്നു വിചാരിക്കുന്ന പലതും പൈതൃകാവകാശം കൊണ്ട് പൊതുവല്ല എന്നു ബോധ്യപ്പെടും.

നാടൻ കലാരൂപങ്ങളിലും പ്രതിസമുദായ സ്വത്വം ഉള്ളടങ്ങുന്നുണ്ട് എന്നു കണ്ടെത്തുമ്പോൾ തന്നെ, അനേകം സമുദായങ്ങൾക്ക് കേരളസംസ്‌കാരത്തിൽ പങ്കാളിത്തമില്ല എന്നതും വിസ്മരിക്കാവുന്നതല്ല.

ജാതിസ്വത്വങ്ങളെ കുറിച്ചുള്ള ചർച്ചകൾ ഇപ്പോഴും സജീവമാണ്. ഇവയിലൊക്കെ സാമൂഹിക- രാഷ്ട്രീയ തലങ്ങളിലുള്ള സ്വത്വപ്രതിനിധാനമാണധികവും ചർച്ചാവിഷയമാകുന്നത്. പ്രതിസമുദായ സാംസ്‌കാരികസ്വത്വത്തെ കുറിച്ച് അന്വേഷിക്കുക പതിവില്ല. കൂടാതെ, ഒരു സമുദായമെന്ന നിലയിൽ ഏതെങ്കിലും തരത്തിലുള്ള സാംസ്‌കാരിക സാന്നിധ്യമുണ്ടോ എന്നോ ഇല്ലെങ്കിൽ എന്തുകൊണ്ടില്ല എന്നോ സവിശേഷമായി അന്വേഷിക്കാറുമില്ല. ഓരോ സമുദായവും വിശ്രമവേളകൾ എങ്ങനെയാണ് കൈകാര്യം ചെയ്തിരുന്നതെന്ന് വ്യക്തമായി രേഖപ്പെടുത്തിയിട്ടില്ല. നേരമ്പോക്കിനായി എന്തൊക്കെയാണ് ഓരോ സമുദായവും ചെയ്തിരിക്കുക?.

വിനോദത്തിനും ഉല്ലാസത്തിനും ഉപയോഗിച്ചിരുന്ന കായികവിനോദങ്ങളായ കളികൾ കൂടുതൽ സെക്യുലർ സ്വഭാവം നിലനിർത്തുന്നു.

തമാശക്കും സന്തോഷത്തിനും നേരമ്പോക്കിനുമായി ഇന്നേറെ മാർഗങ്ങളുണ്ട്. ഇത്രയും സംവിധാനങ്ങളൊന്നുമില്ലാതിരുന്ന കാലത്ത്​ കേരളത്തിലെ ജനങ്ങളുടെ നേരംപോക്ക് പ്രധാനമായും കളികളിൽ പങ്കെടുത്തുകൊണ്ടായിരിക്കണം. ചിലത്​പ്രാദേശികവും ചിലത്​ കേരളത്തിൽ പൊതുവായുള്ളതുമായിരുന്നിരിക്കാം. അത്തള പിത്തള തവളാച്ചി, അമ്മാനക്കളി, അണ്ടികളി, ഈർക്കിൽ കളി, ഉറിയടി, ഊഞ്ഞാലാട്ടം, ഏറുപന്ത്, ഒളിച്ചുകളി, കക്ക്, വടംവലി, കമ്പിത്തായം, കസേരകളി, കള്ളനും പോലീസും, കണ്ണുകെട്ടിക്കളി, കാരകളി, കിളിത്തട്ട്, കുട്ടിയും കോലും, കുഴിപ്പന്ത്, കൊത്തങ്കല്ല്, കോൽക്കളി, ഗോലികളി, ചെമ്പഴുക്ക കളി, തലപ്പന്തുകളി, തായം, തീപ്പട്ടിപ്പടം കളി, തൊട്ടുകളി, തൊപ്പിക്കളി, തോണിക്കളി, നരിയും പുലിയും കളി, നാടൻ പന്തുകളി, പകിട, പടവെട്ട്, പമ്പരം, പല്ലാങ്കുഴി, പുഞ്ചകളി, പട്ടം പറത്തൽ, കബഡി എന്നിങ്ങനെ അനേകം കളികൾ പ്രായഭേദമന്യേ പതിവുണ്ട്.

ഇവയുടെ ഉത്ഭവം തനതാണോ വിദേശീയമാണോ പ്രാദേശികമാണോ സമുദായികമാണോ എന്നൊക്കെ അന്വേഷിച്ചറിഞ്ഞിട്ടില്ല. നൂറോളം നാടൻ കളികൾ കേരളത്തിൽ നേരമ്പോക്കിനും വിനോദത്തിനുമായി ഉണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ബ്രാഹ്മണർക്കിടയിൽ പ്രസിദ്ധമായിരുന്ന നർമസദസ്സുകളും വെടിവട്ടവും, അക്ഷരശ്ലോകവും നേരമ്പോക്കിനുള്ള ഉപാധികളായിരുന്നു. വിനോദത്തിനും ഉല്ലാസത്തിനും ഉപയോഗിച്ചിരുന്ന കായികവിനോദങ്ങളായ കളികൾ കൂടുതൽ സെക്യുലർ സ്വഭാവം നിലനിർത്തുന്നു.

ഫോക്​ലോർ എന്നറിയപ്പെടുന്ന അവതരണ (അനുഷ്ഠാന) ലോകം പാരിസ്ഥിതികവും പ്രാദേശികവും ദ്രാവിഡീയവുമായ സ്വഭാവം പങ്കിടുമ്പോൾ സവർണലോകം സംസ്‌കൃതഭാവനക്കനുസരിച്ചുള്ള ചിട്ടവട്ടങ്ങളോടെ ശാസ്ത്രീയകലകൾ നിർമിച്ചെടുക്കുകയായിരുന്നു.

എന്നാൽ, കലാപൈതൃകത്തിൽ കേരളീയ സമൂഹത്തിലുൾപ്പെടുന്ന സമുദായങ്ങൾക്കെല്ലാം സമാനമായ പങ്കല്ല ഉള്ളത് എന്നത്​ സമ്മതിച്ചേ മതിയാകൂ. സവർണവിഭാഗങ്ങൾ സാക്ഷരലോകത്തിന്റേതായ വിനോദോപാധികൾ വികസിപ്പിച്ചു. അവർണർക്കിടയിൽ കളികൾക്കും പാട്ടുകൾക്കുമായിരുന്നു മുൻഗണന. ഫോക്​ലോർ എന്ന പേരിൽ അറിയപ്പെടുന്ന വാങ്മയ / അവതരണ (അനുഷ്ഠാന) ലോകം കൂടുതൽ പാരിസ്ഥിതികവും പ്രാദേശികവും ദ്രാവിഡീയവുമായ സ്വഭാവം പങ്കിടുമ്പോൾ സവർണലോകം സംസ്‌കൃതഭാവനക്കനുസരിച്ചുള്ള ചിട്ടവട്ടങ്ങളോടെ ശാസ്ത്രീയകലകൾ നിർമിച്ചെടുക്കുകയായിരുന്നു. ത്രൈവർണികർക്കിടയിൽ തന്നെ എല്ലാ പേരും ഒരേ പോലെ കലാപൈതൃകത്തിന്റെ ഭാഗമായിട്ടില്ല. പൊതുവായി കണക്കാക്കുന്ന സാംസ്‌കാരിക കേരളം സൂക്ഷ്മാർത്ഥത്തിൽ പൊതുവല്ല, പൊതുവായി തീർന്നതാണ്. ഇപ്പോൾപോലും പല കലകളും സെക്യുലറായി എന്ന് അവകാശപ്പെടാനും കഴിയില്ല.

സവർണവിഭാഗങ്ങൾ സാക്ഷരലോകത്തിന്റേതായ വിനോദോപാധികൾ വികസിപ്പിച്ചു. അവർണർക്കിടയിൽ കളികൾക്കും പാട്ടുകൾക്കുമായിരുന്നു മുൻഗണന.

പുരോഗമന ആശയങ്ങൾ സ്വീകരിച്ച കേരളം, സാംസ്‌കാരികമായി പ്രാദേശിക- സാമുദായിക വേരുകൾ കാത്തുപോരുന്നുവെന്ന്​ തിരിച്ചറിയേണ്ടതുണ്ട്. നാടൻ കലാരൂപങ്ങളിലും പ്രതിസമുദായ സ്വത്വം ഉള്ളടങ്ങുന്നുണ്ട് എന്നു കണ്ടെത്തുമ്പോൾ തന്നെ, അനേകം സമുദായങ്ങൾക്ക് കേരളസംസ്‌കാരത്തിൽ പങ്കാളിത്തമില്ല എന്നതും വിസ്മരിക്കാവുന്നതല്ല. ഉദാഹരണമായി, കേരളത്തിലെ പ്രബല സമുദായമായ ഈഴവ /തിയ വിഭാഗത്തിന്​ തനതു സാംസ്‌കാരിക സ്വത്വമായി ചൂണ്ടിക്കാണിക്കാൻ ഒന്നുമില്ലാതെ പോയതെന്തുകൊണ്ടാണ്? ഇതിന്റെ കാരണമെന്ത്? നേരമ്പോക്കിന്റെതായ സംസ്‌കാരം വികസിക്കാത്തതാണോ സാംസ്‌കാരിക വിവേചനമാണോ എന്നൊക്കെ പരിശോധിച്ചറിയേണ്ടതുണ്ട്.

സാംസ്‌കാരിക കേരളത്തിന്റെ പിറവി

കേരള രൂപീകരണത്തിനു ശേഷമേ സാംസ്‌കാരിക കേരളത്തെ അടയാളപ്പെടുത്താനാവൂ എന്ന പരിമിതി പ്രകടമാണെങ്കിലും, ഭാഷാകേരളം അതിനുമുമ്പേ രൂപംകൊണ്ടിരുന്നതുകൊണ്ടും തിരുവിതാംകൂർ, കൊച്ചി, മലബാർ പ്രവിശ്യകളിലാകെ നിലനിന്ന സാംസ്‌കാരികമുതലുകളെല്ലാം ചേർന്നതാണ് സംസ്‌കാരകേരളം എന്നുള്ളതുകൊണ്ടും കേരള രൂപീകരണത്തിനുമുമ്പേ സംസ്‌കാരകേരളം നിലനിന്നുവെന്നു തീർപ്പാക്കാം. പിറവികൊണ്ടുതന്നെ വൈവിധ്യത്തെ ഉൾക്കൊള്ളുന്നതാണ് കേരളസംസ്‌കാരം. വൈവിധ്യത്തിനു കാരണമായ ദേശം, ജാതി, മതം, വർഗം, ലിംഗപദവി എന്നിവയെല്ലാം കേരളസംസ്‌കാരവുമായി ഇഴചേർന്നിരിക്കുന്നു. ഇവയെല്ലാം ഇഴപിരിച്ചറിയുമ്പോൾ മാത്രമേ സാംസ്‌കാരിക മൂലധനത്തിലെ സമുദായ വിഹിതം വ്യക്തമാകൂ. അതോടൊപ്പം, നേരമ്പോക്കിന്റെ കേരളപ്രകൃതം എന്തെന്നറിയാനും കഴിയുകയുള്ളൂ. വിശ്രമവേളകൾ ആനന്ദകരമാക്കാൻ കേരളീയർ രൂപംനൽകിയ വിനോദകേരളം എന്തായിരുന്നുവെന്നൊക്കെ അറിയേണ്ടതുണ്ട്. മലയാള സമൂഹത്തിന്റെ അനുഭവസാക്ഷ്യങ്ങളാണ് നേരമ്പോക്കിലടങ്ങുന്നത്. നേരമ്പോക്ക് കളിയല്ല; കാര്യമാണെന്നു സാരം.

മലയാള ഭാഷ എന്നുമുതൽക്കാണ് പൊതുസ്വത്തായത് എന്നാലോചിച്ചാൽ, അക്ഷരാവകാശം ജനകീയമായതുമുതലെന്നേ പറയാനാവൂ. അതുവരെ, വിനിമയംപോലും ശ്രേണീകൃതമായിരുന്നു.

ഭാഷ പൊതുസ്വത്താണ്. എല്ലാവർക്കും അവകാശപ്പെട്ടതാണ്. എങ്കിലും ഭാഷ സ്വകാര്യസ്വത്തുമല്ലേ? സ്വകാര്യ ഇടങ്ങൾ ഭാഷയിലില്ലേ? എന്നൊക്കെ ചോദിച്ചുതുടങ്ങിയാൽ ചെന്നെത്തുന്നത് മലയാളിയുടെ ഭാവനാലോകനിർമിതിയുടെ രഹസ്യങ്ങളിലേക്കായിരിക്കും. മലയാള സംസ്‌കാരത്തിന്​ എത്ര അടരുകളുണ്ട്? മാർഗിയും ദേശിയുമെന്ന്​ ധാരകൾ സംഗീതത്തിൽ അടയാളപ്പെടുത്തുന്നത്​ മറ്റുള്ള സംസ്‌കാര രൂപങ്ങൾക്കും ബാധകമാണ്. കടൽവഴിയും കരവഴിയും വന്നുചേർന്ന പാരമ്പര്യങ്ങൾ (ദേശീയം- വൈദേശീയം), തനതു പാരമ്പര്യം (ദ്രാവിഡം), മിശ്രപാരമ്പര്യം എന്നൊക്കെയും തരാതരംതിരിക്കാം. കാവുകളും ക്ഷേത്രങ്ങളും ഭിന്നസാംസ്‌കാരികധാരകളുടെ ഉത്പത്തിയിടങ്ങളായിരുന്നു. ഈ രണ്ടു സ്ഥാപനങ്ങളും രണ്ടുതരം ആരാധനക്രമം പാലിച്ചിരുന്നുവെന്നതുപോലെ സംസ്‌കാരത്തിലെ സാന്നിധ്യവും ഭിന്നമാണ്. ഭാഷായിടങ്ങളിലും ഭിന്ന പ്രതിനിധാന സാന്നിധ്യമാണ് പങ്കിടുന്നത്.

കാവുകളും ക്ഷേത്രങ്ങളും ഭിന്നസാംസ്‌കാരികധാരകളുടെ ഉത്പത്തിയിടങ്ങളായിരുന്നു. ഈ രണ്ടു സ്ഥാപനങ്ങളും രണ്ടുതരം ആരാധനക്രമം പാലിച്ചിരുന്നുവെന്നതുപോലെ സംസ്‌കാരത്തിലെ സാന്നിധ്യവും ഭിന്നമാണ്

മലയാളഭാഷ എന്നുമുതൽക്കാണ് പൊതുസ്വത്തായത് എന്നാലോചിച്ചാൽ, അക്ഷരാവകാശം ജനകീയമായതുമുതലെന്നേ പറയാനാവൂ. അതുവരെ, വിനിമയംപോലും ശ്രേണീകൃതമായിരുന്നു. വിനിമയ അയിത്തം നിലനിന്നിരുന്ന ഇടത്തിൽ ഭാഷ പൊതുമുതലാവില്ലല്ലോ. ഭാഷാമൂലധനത്തിൽ പ്രകടമായ വിവേചനം നിലനിൽക്കുന്നുണ്ടെന്ന് പറഞ്ഞാൽ അതിശയോക്തിയാവില്ല. രാഷ്ട്രീയകേരളം മെനഞ്ഞെടുത്ത മാനകമലയാളം പൊതുമലയാളമായി അംഗീകാരം നേടുമ്പോഴും സാഹിത്യപൈതൃകവും ധൈഷണിക പൈതൃകവും ഫോക്​ലോറും പ്രാദേശികവും സാമൂഹികവുമായ അകലങ്ങൾ നിലനിറുത്തുന്നുണ്ട്. സമുദായങ്ങളുടെ സാന്നിധ്യവും അസാന്നിധ്യവും പ്രകടമാണ്.

വാമൊഴി പാരമ്പര്യം എന്നൊക്കെ പൊതുവിൽ പറയുമെങ്കിലും ഇതിന്റെ സൃഷ്ടാക്കൾ അവർണ ജാതിവിഭാഗങ്ങളാണ്. ജാതിവാങ്മയങ്ങളായി പിറന്നതൊക്കെ അച്ചടിയിലൂടെ പിൽക്കാലത്ത്​ പൊതുമുതലായി മാറി. അങ്ങനെ നോക്കുമ്പോൾ, സവർണ വിഭാഗങ്ങളുടെ ഭാവനാലോകം കയ്യടക്കിയത് വരമൊഴിയാണെന്ന് കാണാം. എഴുത്തിന്റെ ലോകം സൃഷ്ടിച്ച വരേണ്യത സവർണ ആശയലോകമായി, സംസ്‌കാരത്തിന്റെ അവർണ ബാഹ്യഇടമായി അവർണരുടെ അസാന്നിധ്യം ഭാഷിയിലുറപ്പിച്ചു. ലീലാതിലകകാരൻ സൂചിപ്പിച്ച ഉത്കൃഷ്ട ത്രൈവർണിക ഭാഷാശീലം വരമൊഴിയായി വളർന്നു. വാമൊഴി ഏവരുടെയും പങ്കാളിത്തം ഉറപ്പുവരുത്തുമ്പോൾ വരമൊഴി ഒഴിവാക്കലിന്റെ സാംസ്‌കാരികവഴക്കമായി തഴച്ചുവളർന്നു. അക്ഷരജ്ഞാനാവകാശം നിഷേധിക്കപ്പെട്ടിരുന്ന അവർണർക്ക് അപ്രാപ്യമായിരുന്നു ഈ ഭാഷാമുതൽ. ഇത്തരത്തിൽ ഭാഷാസംസ്‌കാരം ഭാവനാസാന്നിധ്യം ഇരുവഴിയാക്കി നിലനിറുത്തിയിരുന്ന കേരളത്തിൽ ലിപിജ്ഞാനത്തിനും ബോധനാവകാശത്തിനും വേണ്ടി നടന്ന നവോത്ഥാന സമരങ്ങൾ അപൂർവമല്ല. കൊളോണിയൽ ആധുനികത രൂപപ്പെടുത്തിയ അവകാശബോധം അക്ഷരജ്ഞാനത്തിനും വരമൊഴി സാന്നിധ്യത്തിനും വഴിയൊരുക്കി. എന്നാൽ അക്ഷരമൂലധന നിർമിതിയിൽ അവർണർക്ക് എത്രകണ്ട് മുന്നേറാനായി എന്നത് അന്വേഷിച്ചറിയേണ്ടതാണ്. സാക്ഷരലോകത്തെ അദൃശ്യതക്ക്​ ലിപിബാഹ്യരായിരുന്നപ്പോളുള്ള അദൃശ്യതയെക്കാൾ വ്യാപ്തിയുണ്ട്.

അക്ഷരലോകത്ത്​ ജനസംഖ്യാ പ്രാതിനിധ്യമുണ്ടോ എന്നും ജാതി-മത- പ്രാദേശിക വിവേചനം നിലനിൽക്കുന്നുണ്ടോ എന്നുമൊക്കെ എഴുത്തിന്റെ സാമൂഹികശാസ്ത്രവും നരവംശശാസ്ത്രവും ഭൂമിശാസ്ത്രവും പഠിച്ചറിഞ്ഞു തീരുമാനിക്കാനേ കഴിയൂ.

മലയാളിയുടെ ഭാവനാപൗരത്വം

വരമൊഴി അബ്രാഹ്മണർക്കിടയിൽ പ്രചരിച്ചതുമുതൽ അവരുടെ പങ്കാളിത്തം ചെറിയ തോതിൽ കണ്ടുതുടങ്ങി. വാമൊഴിയായിരുന്ന പാട്ടുവഴി ലിപിരൂപമായതോടെ മാറ്റം പ്രകടമായി. രസാത്മകവും ചമത്കാരപൂർണവും ആസ്വാദ്യവുമായ ഭാഷാനിബന്ധത്തെ മലയാളത്തിൽ സാഹിത്യം എന്നാണ്​പറയുന്നതെങ്കിലും സാഹിത്യം മലയാളത്തിൽ പൊതുവല്ല. മാപ്പിള സാഹിത്യം, ക്രൈസ്തവ സാഹിത്യം, പെണ്ണെഴുത്ത്, ദലിതെഴുത്ത് (ദലിത് സാഹിത്യം ) എന്നിങ്ങനെ പിരിവുകൾ നിർണയിക്കുമ്പോൾ മലയാള മുഖ്യധാരാ സാഹിത്യം ഹൈന്ദവികവും സവർണീയവും ആണെഴുത്തുമാണെന്നു പറയാതെ പറഞ്ഞുവയ്ക്കുകയാണ്. മലയാള സാഹിത്യത്തിന്​ പൊതുവായ മലയാളവഴിയല്ല, പകരം സാമുദായിക വഴികളാണ് പ്രധാനം. ഈ വിവേചന ബോധമാണ് കേരള സംസ്‌കാരത്തിലെ സവർണീയവും ബ്രാഹ്മണീയവുമായ അക്ഷരത്തിന്റെ രാജപാത നിർമിച്ചെടുക്കുന്നത്. ഇന്നത്തെ അവസ്ഥ കൃത്യമായി വിലയിരുത്തണമെങ്കിൽ കർത്തൃത്വ പരിശോധന നടത്തണം. എഴുത്തുകാരുടെ ജാതി കണ്ടെത്തണമെന്നുവരും. അക്ഷരലോകത്ത്​ ജനസംഖ്യാ പ്രാതിനിധ്യമുണ്ടോ എന്നും ജാതി-മത- പ്രാദേശിക വിവേചനം നിലനിൽക്കുന്നുണ്ടോ എന്നുമൊക്കെ എഴുത്തിന്റെ സാമൂഹികശാസ്ത്രവും നരവംശശാസ്ത്രവും ഭൂമിശാസ്ത്രവും പഠിച്ചറിഞ്ഞു തീരുമാനിക്കാനേ കഴിയൂ. എന്നായാലും ഇത്​ വേണ്ടിവരുമെന്നതും മറയ്ക്കാനാവില്ല. പങ്കാളിത്ത ജനാധിപത്യത്തിൽ, ഭാവനാപൗരത്വവും ചർച്ചയാകും.

കേരളത്തിൽ 225 ലേറെ സമുദായങ്ങളു​ണ്ടെന്നാണ് കണക്ക്​. അവയിൽ എത്ര സമുദായങ്ങൾക്ക് വിവിധ കലാരൂപങ്ങളുടെ സൃഷ്ടിയിൽ, അവയുടെ അവതരണത്തിൽ പങ്കാളിത്തമുണ്ട്?

മലയാള സാഹിത്യത്തിന്റെ നരവംശീയത, സാമൂഹ്യത, ഭൂമിശാസ്ത്രം എന്നിങ്ങനെ പഠിച്ചറിയുന്നതോടെ സാഹിത്യമൂലധനത്തിന്റെ പങ്കാളിത്തവിഹിതം വ്യക്തമാകും. വസ്തുനിഷ്ഠമായുള്ള വിലയിരുത്തൽ ആവശ്യമുള്ള മേഖലയാണിത്. ചില ജാതിവിഭാഗങ്ങളുടെ കേമത്വവും മറ്റു ചിലരുടെ സാന്നിധ്യക്കുറവും അസാന്നിധ്യവും എങ്ങനെ കൈവന്നുവെന്നും പരിഹാരമാർഗങ്ങളെന്തെന്നും ഭാവനാശൂന്യതയുടെ കാര്യകാരണങ്ങളും വിലയിരുത്തപ്പെടേണ്ടതാണ്. ചിലർക്കേ എഴുതാനാവൂ എന്നൊക്കെയാണ് ഉറച്ച വിശ്വാസമെങ്കിലും പ്രാതിനിധ്യക്കുറവിന്റെ സാമൂഹ്യശാസ്ത്രം പരിശോധിക്കേണ്ട സംഗതിയാണെന്നതിൽ സംശയമില്ല.

സാംസ്‌കാരികവകുപ്പ് നൽകിയ കലാരൂപ പട്ടികയുടെ അടിസ്ഥാനത്തിൽ, കേരളത്തിന്റെ കലാപൈതൃകത്തിന്റെ സമുദായ വിഹിതം പരിശോധിച്ചറിയാൻ ശ്രമിക്കാം.

കേരള സംസ്‌കാരത്തിൽ ആദിവാസികളുടെ സാന്നിധ്യം ഉറപ്പുവരുമ്പോഴും വിവിധ സമുദായങ്ങളുടെ പ്രകടമായ അഭാവം ഉയർത്തുന്ന നരവംശീയ പ്രശ്‌നത്തെ ഗൗരവമായി ചർച്ച ചെയ്യേണ്ടതുണ്ട്.

കലാപൈതൃകത്തെ പ്രസ്തുതവകുപ്പ് ഇങ്ങനെ വർഗീകരിക്കുന്നു:

1. ലളിതകലകൾ: ചിത്ര- ശില്പ കല.
2. അവതരണ കലകൾ: ശാസ്ത്രീയകലകൾ -കഥകളി, കൂടിയാട്ടം, നങ്ങ്യാർകൂത്ത്, ചാക്യാർകൂത്ത്, കൃഷ്ണനാട്ടം, ഓട്ടൻതുളളൽ, മോഹിനിയാട്ടം, കേരളനടനം.
3. അനുഷ്ഠാന കലകൾ: അയ്യപ്പൻപാട്ടും അയ്യപ്പൻവിളക്കും, കളമെഴുത്തും പാട്ടുകളും, പൂരക്കളി, വേലകളി, തോൽപ്പാവക്കൂത്ത്, തീയാട്ട്, കാവടിയാട്ടം, പൂതനും തിറയും.
4. നാടൻ കലാരൂപങ്ങൾ: ഒപ്പന, മാപ്പിളപ്പാട്ട്, അലാമിക്കളി, കുമ്മാട്ടിക്കളി, ചവിട്ടുനാടകം, കാക്കാരിശ്ശി നാടകം, കോൽക്കളി, കണ്യാർകളി, അർജ്ജുന നൃത്തം, ആടിവേടനും വേടനും, ഏഴാമത്തുകളി, ഓണത്താറും ഓണേശ്വരനും, ഐവർകളി, കഥാപ്രസംഗം, കോതാമ്മൂരിയാട്ടം, ക്രിസ്ത്യാനികളുടെ അടച്ചുതുറപ്പാട്ട്, ചോഴിക്കളി, തെക്കൻപാട്ടുകൾ, പരിചക്കളിയും പരിചമുട്ടുകളിയും, പാവകളി, പൊറാട്ടും പൊറാട്ടുനാടകവും, മങ്ങലംകളി, മാവിലരുടെ ഏരുതുകളി, പാന, സർപ്പംപാട്ട്, ദഫ് മുട്ട്, തെയ്യവും തിറയും, തെയ്യം, പടയണി, മുടിയേറ്റ്, തിരുവാതിരക്കളി, മാർഗ്ഗംകളി, അറബനമുട്ട്, അയ്യപ്പൻതീയാട്ടും ,അയ്യപ്പൻകൂത്തും, കാളവേല,കാളിയൂട്ട്, കുത്തിയോട്ടം, തിടമ്പുനൃത്തം, നന്തുണിപ്പാട്ട്, മാരിത്തെയ്യം, ഭദ്രകാളിത്തീയാട്ട്, മാപ്പിളതെയ്യങ്ങൾ.
5. ആയോധനകലകൾ: കളരിപ്പയറ്റ്.
6. ആദിവാസികലകൾ: ഗദ്ദിക, ഇരുളരുടെ പാട്ടും നൃത്തവും, ഊരാളികളുടെ മലങ്കൂത്ത്, കുറിച്യരുടെ കുംഭപ്പാട്ട്, കണ്ണോക്ക് പാട്ട്, കാണിപ്പാട്ട്, നായ്ക്കർകളി, പളിയനൃത്തം, മലപ്പുലയാട്ടം, മന്നാൻ കൂത്ത്, മുടിയാട്ടം.

കേരളീയ കലാപൈതൃകത്തിന്റെ വൈവിധ്യം പ്രകടമാണ്. ഇവയെല്ലാം കേരളത്തിന്റെ പൊതുമുതലായി കൊണ്ടാടപ്പെടുന്നു, ഓരോ കേരളീയരും തനതു കലാപൈതൃകത്തിൽ അഭിമാനിക്കുന്നു. സമുദായങ്ങളുടെ വലിപ്പച്ചെറുപ്പമോ പീഡിതാവസ്ഥയോ സാംസ്‌കാരിക മൂലധനത്തിന്റെ കാതൽ നിർണയിക്കുന്നതായി കേരളം സാക്ഷ്യപ്പെടുത്തുന്നില്ല. നരവംശീയമായി എല്ലാ സമുദായങ്ങൾക്കും അവരവരുടെതായ സാംസ്‌കാരിക മൂലധനം ഉണ്ടാകും. പീഢിതവർഗങ്ങളുടെ കാര്യത്തിൽ പ്രതിരോധത്തിന്റെ അംശങ്ങൾ അവരുടെ മൊഴി, കലാ സാന്നിധ്യങ്ങളിൽ സവിശേഷമായി സ്വാധീനിക്കാറുമുണ്ട്. കേരള സംസ്‌കാരത്തിൽ ആദിവാസികളുടെ സാന്നിധ്യം ഉറപ്പുവരുമ്പോഴും വിവിധ സമുദായങ്ങളുടെ പ്രകടമായ അഭാവം ഉയർത്തുന്ന നരവംശീയ പ്രശ്‌നത്തെ ഗൗരവമായി ചർച്ച ചെയ്യേണ്ടതുണ്ട്.

കേരളീയ കലാപൈതൃകത്തിന്റെ വൈവിധ്യം പ്രകടമാണ്. ഇവയെല്ലാം കേരളത്തിന്റെ പൊതുമുതലായി കൊണ്ടാടപ്പെടുന്നു/ photo:keralaculture.org

ഈ കലാരൂപങ്ങളെ സാമൂഹികമായും സാങ്കേതികമായും വിവിധ രീതിയിൽ മനസിലാക്കാം. സവർണ- അവർണ വിവേചനാടിത്തറ കാണുന്നതിനൊപ്പം ക്ലാസിക്കൽ / ഫോക് ആർട്ട്​, ക്ഷേത്ര /ഗ്രാമം, സ്വകാര്യ അവകാശമുള്ളത്/ പൊതുവായുള്ളത്, മതാടിസ്ഥാനം / മതേതരം , അനുഷ്​ഠാനം / വിനോദം , ജാതി /ഗോത്രം എന്നിങ്ങനെയൊക്കെ വർഗീകരിച്ചറിയുമ്പോൾത്തന്നെ ഇവ വിരൽചൂണ്ടുന്ന സാമൂഹിക യാഥാർഥ്യമെന്താണ്​?

കേരളത്തിൽ 225 ലേറെ സമുദായങ്ങൾ അധിവസിക്കുന്നുവെന്നാണ് കണക്ക്​. അവയിൽ എത്ര സമുദായങ്ങൾക്ക് പ്രസ്തുത കലാരൂപങ്ങളുടെ സൃഷ്ടിയിൽ, അവയുടെ അവതരണത്തിൽ പങ്കാളിത്തമുണ്ട്? ആസ്വാദനത്തിൽ പങ്കാളികളാണെന്ന്​ കേരളീയർക്കാകെ അവകാശപ്പെടാം. മറിച്ച്​, ഈ കലാരൂപങ്ങൾക്കെല്ലാം പൊതു ഉടമസ്ഥരല്ല ഉള്ളത്. അവയുടെ ഉടമസ്ഥത ജന്മാവകാശമായി നിലനിൽക്കുന്നവരുമുണ്ട്. അതുകൊണ്ടാണ് സമുദായങ്ങളുടെ സാംസ്‌കാരിക വിഹിതത്തെ കുറിച്ചുള്ള ചർച്ച പ്രധാനമാകുന്നത്. കേരളത്തിൽ കലാസാംസ്‌കാരികരംഗം ശക്തിപ്രാപിച്ചത്​ ഫ്യൂഡൽ കാലഘട്ടത്തിലാണ്. അവർണരുടെ അധ്വാനത്തിൽ ക്ലേശരഹിതമായ ജീവിതം സാധ്യമായിരുന്ന സവർണപക്ഷത്തിന്​ സമ്പന്നമായ ദൃശ്യകലകൾ വളർത്തിയെടുക്കാൻ കഴിഞ്ഞു. ക്ഷേത്രം കേന്ദ്രീകരിച്ചുള്ള ബ്രാഹ്മണ രക്ഷാകർതൃത്വത്തിൽ ദൃശ്യകലകൾ സവർണപക്ഷത്തിന്റെ നേരമ്പോക്കായി. കൂത്തിന്​ പേരുകൊണ്ട് ദ്രാവിഡ ഛായയുണ്ടെങ്കിലും അമ്പലവാസികളായ ചാക്യാന്മാരിലൂടെ സംസ്‌കൃത കലാരൂപമായി അതു മാറി. ദൃശ്യസാക്ഷരത നിർബന്ധമാക്കിയ സവർണലോകം കലാപൈതൃകഉടമകളായി വിഹരിക്കുന്നു. അമ്പലവാസി വിഭാഗങ്ങളുടെ അശ്രാന്തപരിശ്രമം കലാകേരളത്തിന്റെ സംസ്‌കൃതധാര ഉറപ്പിച്ചെടുത്തു. അക്ഷരജ്ഞാനം അനുവദിച്ചിട്ടില്ലാത്തതുകൊണ്ട്​ വരമൊഴിമൂലധനം ഉണ്ടാക്കാൻ ആദ്യകാലത്ത്​ ശൂദ്രവർഗത്തിന് കഴിഞ്ഞില്ലെങ്കിലും പിൽക്കാലത്ത്​ വരമൊഴി ഉടമകളാകാൻ അവർക്കു കഴിഞ്ഞു. ബ്രാഹ്മണർക്ക്​ അവതരണകലയായി അനുഷ്​ഠാനകലയായ തിടമ്പുനൃത്തം മാത്രമേയുള്ളു. ഇതര സവർണ വിഭാഗങ്ങൾക്ക്, പ്രത്യേകമായി അമ്പലവാസികൾക്ക്​ അവകാശപ്പെടാനുള്ളവയാണ് പ്രധാന ദൃശ്യകലകളെല്ലാം. പിൽക്കാലത്ത്​ നായർ സമൂഹം പങ്കാളിത്തമുറപ്പിച്ചു. ക്ലാസിക്​ കലാരൂപങ്ങളുടെ സൃഷ്ടിക്കുപിന്നിൽ ഒരു അവർണ സമുദായത്തിനും പങ്കാളികളാകാൻ കഴിയുന്ന സാഹചര്യമായിരുന്നില്ല അവയുടെ പിറവികാലം എന്നംഗീകരിക്കുമ്പോൾ തന്നെ അവർണരിൽ എത്ര വിഭാഗങ്ങൾക്ക്​ തനത് സാംസ്‌കാരിക സാന്നിധ്യമാകാൻ കഴിഞ്ഞുവെന്നത്​വിചാരണ അർഹിക്കുന്നുണ്ട്.

കൊളോണിയലാധുനികത വച്ചുനീട്ടിയ സൗകര്യങ്ങൾ ആവോളം അനുഭവിച്ച അവർണവിഭാഗങ്ങൾ സാമൂഹികവും സാമ്പത്തികവുമായ നേട്ടങ്ങളുണ്ടാക്കിയെങ്കിലും സാംസ്‌കാരിക മൂലധനം ആർജിക്കുന്നതിൽ
താല്പര്യം കാണിച്ചില്ല

സംസ്‌കൃതവല്കരണവും സവർണ കലകളും

ദൃശ്യസാക്ഷരതയും സവിശേഷ വൈദഗ്ധ്യവും നിർബന്ധമാക്കിയ സവർണ കലകളുടെ സൃഷ്ടാക്കളും പ്രയോക്താക്കളും ത്രൈവർണിക സാക്ഷര സമൂഹമായിരുന്നു. ഈ വഴക്കം ഏറിയ തോതിലുള്ള മാറ്റങ്ങളില്ലാതെ തുടരുന്നു. ക്ഷേത്രകേന്ദ്രിതമായ കലാപൈതൃക നിർമിതിയിൽ ബ്രാഹ്മണർ രക്ഷാകർത്തൃത്വം ഏറ്റെടുത്തപ്പോൾ അമ്പലവാസികൾ അവതരണക്കാരും മേളക്കാരും പാട്ടുകാരുമായി അരങ്ങുതകർത്തു. പാരമ്പര്യമായുള്ള വഴക്കങ്ങളിൽ കലാമണ്ഡലവും സ്‌കൂൾ/ കോളേജ് കലാമേളകളും അയവുവരുത്തുന്നുണ്ടെങ്കിലും പൂർണമായും സെക്യുലറായ കലാരൂപങ്ങളാണെന്ന്​ രാഷ്ട്രീയപ്രബുദ്ധത അവകാശപ്പെടുന്ന കേരളത്തിന്​ ഇന്നും കഴിയില്ല. പഴയ കൊച്ചി രാജ്യമാണ് പ്രധാനമായും ഈ കലകളുടെ ദേശമെങ്കിലും തിരുവിതാംകൂറിന്റെ സംഭാവനകളും കാണാം. ബ്രാഹ്മണാധിപത്യം അംഗീകരിച്ച്​ മുന്നോട്ടുപോയ ക്ഷേത്രകേന്ദ്രിതഘടനയിൽ പങ്കാളികളായ സമൂഹങ്ങൾക്കായും അവർക്കിടയിലുമാണ് ഈ കലാരൂപങ്ങൾ സവിശേഷമായത്. ഈ ഘടനയ്ക്ക് പുറത്തുള്ള അവർണസമൂഹത്തിന്​ ഈ സാംസ്‌കാരിക മൂലധന നിർമിതിയിൽ പങ്കൊന്നുമില്ല. ഫ്യൂഡൽ കാലത്തിന്റെ സാംസ്‌കാരിക സ്മാരകങ്ങളാണവ.

കൊളോണിയലാധുനികത വച്ചുനീട്ടിയ സൗകര്യങ്ങൾ ആവോളം അനുഭവിച്ച അവർണവിഭാഗങ്ങൾ സാമൂഹികവും സാമ്പത്തികവുമായ നേട്ടങ്ങളുണ്ടാക്കിയെങ്കിലും സാംസ്‌കാരിക മൂലധനം ആർജിക്കുന്നതിൽ
താല്പര്യം കാണിച്ചില്ല. ശ്രീനാരായണഗുരുവിന്​ വിദ്യയുടെ ഗുണമറിയാമായിരുന്നു. സംസ്‌കൃതം, തമിഴ്, മലയാളം ഭാഷകളിൽ പ്രാവീണ്യം തെളിയിച്ച്​സമുദായത്തിനായുള്ള അക്ഷരമൂലധനസൃഷ്ടി തുടങ്ങിവച്ചു. അതുവരെയുണ്ടായിരുന്ന വിവേചനത്തെ ദാർശനികമായി നേരിട്ട്​ ബദൽ മാതൃക മുന്നോട്ടുവച്ചു. തിരസ്‌കൃതചരിത്രത്തെ മാറ്റിപ്പണിയാനും ബദൽ ജ്ഞാന മൂലധനത്തിന്​ രൂപംകൊടുക്കാനും ശ്രമിച്ചുവെങ്കിലും കലാ സാംസ്‌കാരിക മൂലധനത്തിനായുള്ള ശ്രമങ്ങളൊന്നും ഉണ്ടായില്ല. കൂടാതെ, ക്ഷേത്രസ്ഥാപനം പരിപാലിച്ചെങ്കിലും ക്ഷേത്രസംസ്‌കൃതിയിലൂടെ സവർണർ ആർജ്ജിച്ച സാംസ്‌കാരിക മൂലധനം ഒഴിവാക്കുകയും ചെയ്തു.

പൂരക്കളി തീയർക്കിടയിലും അർജുനനൃത്തം ഈഴവർക്കിടയിലും ഉണ്ടെന്നു വാദിച്ചാലും, ഇവ ഇതര സമുദായങ്ങളും പങ്കിടുന്നുണ്ട്/ .keralaculture.org

ഭിന്ന ഉപജാതികളുടെ മിശ്രണമാണ് ഈഴവ സമുദായം. ബി.സി ഒന്നാം നുറ്റാണ്ടുമുതലുള്ള ശാസനങ്ങളിൽ പരാമർശിക്കപ്പെടുന്ന ഈഴവർ, തൊഴിലിലും ഭിന്നരാണ്. ഈഴവ /തിയ വിഭാഗങ്ങൾക്ക്​ തനത് സാംസ്‌കാരികമൂലധനം ശുഷ്‌കമാകാനുള്ള കാരണങ്ങൾ ആരായുന്നത് നന്നാകും.

1. സംസ്‌കൃതവത്കരണത്തിന്റെ ആനുകൂല്യം അനുഭവിക്കാനായില്ല. ഇതിനു പ്രധാന കാരണമായി പറയാവുന്നത്​, അവരുടെ ബൗദ്ധപാരമ്പര്യമാണ്. ബൗദ്ധപാരമ്പര്യത്തിൽ കൊല്ലം, ആലപ്പുഴ ഭാഗങ്ങളിൽ അവശേഷിക്കുന്ന കെട്ടുകാഴ്ച ഉത്സവങ്ങളിലെ ആന എഴുന്നള്ളിപ്പൊന്നും ഈഴവ /തിയ പാരമ്പര്യമായി കാണുന്നില്ല.

2. അവർണ വിഭാഗമായതുകൊണ്ട്. പറയർ, പുലയർ, കാക്കാലർ തുടങ്ങി അവർണവിഭാഗങ്ങൾക്കും ആദിവാസികൾക്കും സാംസ്‌കാരിക സ്വത്വം രൂപപ്പെട്ടിട്ടുണ്ട്. ജനസംഖ്യയിൽ മുഖ്യമായ ഇവർക്കും തീരദേശവാസികൾക്കും എന്തുകൊണ്ട് സാംസ്‌കാരിക മൂലധനം സൃഷ്ടിക്കാൻ കഴിഞ്ഞില്ല. ശൂദ്ര വിഭാഗം സംസ്‌കൃതവത്കരണത്തിന്റെ ഭാഗമായാണ് സാംസ്‌കാരിക മൂലധനം ആർജ്ജിച്ചത്. ഈഴവരെ കൊളോണിയൽ ആധുനികതയോ പിൽക്കാലത്ത്​ അവർ ചേർന്നുനിന്ന കമ്യൂണിസമോ സാംസ്‌കാരിക മൂലധനം ആർജ്ജിക്കാൻ പ്രാപ്തമാക്കിയില്ല. സാമ്പത്തിക- സാമൂഹിക മൂലധന നിർമിതിക്കാണ് ഇക്കൂട്ടർ താല്പര്യം കാണിച്ചത്. ഇത് കളികളൊഴിച്ചുള്ള നേരംപോക്ക് സംസ്‌കാരം പാരമ്പര്യമായി ഇല്ലാത്തതുകൊണ്ടാണോ? മുഖ്യധാരാ സംസ്‌കൃതിയുടെ ഭാഗമായി മാറിയതുകൊണ്ടാണോ?

3. നവോത്ഥാനത്തിന്റെ ഭാഗമായി ഈഴവർക്കിടയിൽ നടന്ന ക്ഷേത്രവൽക്കരണം പാരമ്പര്യമായുണ്ടായിരുന്ന സംസ്‌കാരത്തെ ഒഴിവാക്കിയതാണോ? നാടൻ ആചാരങ്ങളെയും അനുഷ്​ഠാനങ്ങളെയും പരിഷ്‌കൃതരാകാനായി ഒഴിവാക്കാൻ ശ്രീനാരായണഗുരു നിർദ്ദേശിച്ചിരുന്നു. ഇതാണോ സാംസ്‌കാരിക ശൂന്യത സൃഷ്ടിച്ചത് എന്നുറപ്പിക്കാനുമാവില്ല.

4. അധ്വാനക്കൂടുതൽ കാരണം വിനോദത്തിന്​ സമയം കിട്ടിയില്ല. ഇതും സർഗാത്മക മൂലധനസൃഷ്ടിക്ക്​ വിഘാതമായി അംഗീകരിക്കാനുള്ള മതിയായ കാരണമല്ല. പൂരക്കളി തീയർക്കിടയിലും അർജുനനൃത്തം ഈഴവർക്കിടയിലും ഉണ്ടെന്നു വാദിച്ചാലും, ഇവ ഇതര സമുദായങ്ങളും പങ്കിടുന്നുണ്ട്. പ്രാദേശികമായി പലതിലും പങ്കാളിത്തമുണ്ടെങ്കിലും തനതായി ഈഴവ /തിയ വിഭാഗത്തിന്റേതാണെന്നു സ്ഥാപിക്കാനാവില്ല. വൻതോതിൽ നടന്ന ക്രിസ്തീയവൽക്കരണമാണോ തീരദേശവാസികൾക്കിടയിൽ മണ്ണിന്റെ മണമുള്ള കലാപരമ്പര്യമില്ലാതാക്കിയത്? നരവംശീയമായി ഏറെ താൽപര്യമുണർത്തുന്ന കാര്യമാണ് കേരള സംസ്‌കാരത്തിൽ സമുദായങ്ങളുടെ പങ്കാളിത്തമില്ലായ്മ. ▮


എം. ശ്രീനാഥൻ

ഭാഷാശാസ്ത്രജ്ഞൻ, പ്രഭാഷകൻ, എഴുത്തുകാരൻ. തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിൽ പ്രൊഫസർ. തിയററ്റിക്കൽ ലിംഗ്വിസ്റ്റിക്‌സ്, അപ്ലൈഡ് ലിംഗ്വിസ്റ്റിക്‌സ്, ലിംഗ്വിസ്റ്റിക്‌സ് ആന്ത്രപ്പോളജി, ലാംഗ്വേജ് ആൻറ്​ ജനറ്റിക്‌സ് തുടങ്ങിയവ മേഖലകളിൽ സ്‌പെഷലൈസേഷൻ. മലയാള ഭാഷാചരിത്രം: പുതുവഴികൾ, എ.ആർ. നിഘണ്ടു, Dravidian Tribes & Language, മലയാള ഭാഷാശാസ്ത്രം, കേരള പാണിനീയ വിജ്ഞാനം (ഡോ. സി. സെയ്തലവിക്കൊപ്പം എഡിറ്റർ), ചട്ടമ്പിസ്വാമികളുടെ ജ്ഞാന നവോത്ഥാനം തുടങ്ങിയവ പ്രധാന പുസ്തകങ്ങൾ.

Comments