Photo : Pexels

വീട് എന്ന ഇടം, ഒരു തുറന്നു കാട്ടൽ

വീട്​ എന്ന ഇടം അതിലെ 'കഥാപാത്ര 'ങ്ങളുടെ ഐഡൻറിറ്റികളെയും അവരുടെ പ്രവൃത്തികളെയും എങ്ങനെയെല്ലാം നിർണയിക്കുന്നു എന്ന ആലോചനയാണിത്​.

' ഹോം ' എന്ന സിനിമയുടെ പശ്ചാത്തലത്തിലാണ്​ ഈ വിശകലനം.

ളർന്നുവന്ന ചുറ്റുപാടുകൾക്കനുസൃതമായി ഓരോരുത്തരുടെയും കാഴ്ചകളും കാഴ്ചപ്പാടുകളും മാറുന്നത് സ്വാഭാവികം മാത്രം. ഇടങ്ങളാണ് പ്രധാനപ്പെട്ട ഒന്ന്. ഇടങ്ങളുടെ (space) സ്വഭാവങ്ങളും അഭാവങ്ങളും പലതരം തട്ടുകൾ സൃഷ്ടിക്കുന്നുണ്ട്. വളർന്നുവന്നത് (Growth) എന്നാൽ, ശാരീരിക- മാനസിക- സാമൂഹിക പരിവർത്തനത്തെയാണ് ഉദ്ദേശിച്ചത്. ഓരോ ഇടങ്ങളിലും സ്വയം പെരുമാറേണ്ട രീതികൾ ഇതുതന്നെയാണ് എന്നോ, അല്ലെങ്കിൽ ശരിതെറ്റുകൾ ഉണ്ട് എന്നോ പറയുന്നത് മറ്റൊരു തലത്തിൽ നിന്നുകൊണ്ടാണ്. നിങ്ങൾ, ഞാൻ എന്നുപറയുമ്പോൾ തന്നെ രണ്ടുതരം തലങ്ങൾ കാണാം. നിങ്ങൾ ആരുമാകാം. എന്നാൽ, എനിക്ക് ഞാൻ എന്നാൽ ഞാൻ എന്ന സങ്കൽപ്പം തന്നെ ആണ്. സങ്കൽപ്പങ്ങളുടെ ശരിതെറ്റുകൾ എന്നൊന്നില്ല.

Photo: Pexels
Photo: Pexels

കഥ അൽപം മാറ്റിപ്പറയാനായി ബെഞ്ചമിൻ ഫ്രാങ്ക്‌ലിന്റെ ഒരു വാചകം പറയാം- "മനുഷ്യൻ എന്നത് ഉപകരണ നിർമാതാവായ മൃഗം'. മാർക്‌സ് പറഞ്ഞതു പോലെ അധ്വാന പ്രക്രിയയിൽ അധ്വാനിക്കുന്ന തൊഴിലാളി അവരുടെ കൈകാലുകൾ കൊണ്ട് പ്രവൃത്തിയിലേർപ്പെടുമ്പോൾ അവരുടെ കൈകാലുകൾ പോലും ആ അധ്വാന പ്രക്രിയയിലെ ഉപകരണങ്ങളാണ്. ഇനി മേൽപറഞ്ഞ കാര്യത്തിലേയ്ക്ക് തിരിച്ചുവരാം, ഹനാ ആറെൻറിന്റെ ഹ്യൂമൻ കണ്ടീഷൻ എന്ന സിദ്ധാന്തത്തിൽ മനുഷ്യാവസ്ഥകളെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. നാം ഉൾപ്പെടുന്ന ഈ സാമൂഹിക ക്രമത്തിൽ ഞാൻ - നിങ്ങൾ പലതരം നിബന്ധനകൾക്ക് വിധേയരാണ്. അതിൽ പ്രധാനപ്പെട്ട ഒന്ന്, എന്താണ് നിങ്ങളുടെ പേര് എന്ന് ചോദിച്ചാൽ അടുത്ത ചോദ്യം എന്താണ് നിങ്ങൾ ചെയ്യുന്നത് എന്നാണ്. (ജോലി) മനുഷ്യന് "ഇടങ്ങളിൽ' വിമോചനം എന്നൊന്നില്ല എന്നത് വാസ്തവമാണ്.

ഒരേ സിനിമ കാണുന്ന, രണ്ടുതലത്തിൽ വളർന്നുവന്ന ആളുകൾ അത് കണ്ടശേഷം വിശകലനം ചെയ്തു മനസ്സിലാക്കുമ്പോൾ രണ്ടുതരം വഴികൾ കാണാം. എന്നാൽ ഇന്ദ്രിയങ്ങൾ കൊണ്ട് ബുദ്ധിയുടെ സഹായത്തോടെ തിരിച്ചറിയുന്ന കാര്യങ്ങളുടെ സൂക്ഷ്മതലങ്ങൾ ഓരോ കാഴ്ചക്കാരനും വ്യത്യസ്​ത അനുഭവങ്ങൾ സമ്മാനിക്കും.

മനസ്സ്, ഇടം, ബോധാവസ്ഥ

മനസിന്റെ ചലനങ്ങൾക്ക് ഏറ്റക്കുറച്ചിലുണ്ടാകുന്നത് തികച്ചും സ്വാഭാവികം മാത്രം. മനസ്സ് എന്ന വാക്ക് മനുഷ്യന്​ ചിന്തിക്കാനും, കാര്യങ്ങൾ വിശകലനം ചെയ്ത് ഉത്തരത്തിലെത്താനും കഴിവുളള ശരീരത്തിന്റെ ഭാഗം എന്നു പറയാം. മനുഷ്യമസ്തിഷ്‌കത്തിന്റെ പ്രവൃത്തികൾ മനുഷ്യനെ ആരോഗ്യപൂർണമായി ജീവിക്കാൻ സഹായിക്കുന്നു. ആരോഗ്യം എന്നത് ശാരീരിക - മാനസിക വ്യവഹാരങ്ങൾ കൂടിച്ചേർന്ന് സാമൂഹികതലത്തിൽ കൂടി എത്തിനിൽക്കുന്ന അവസ്ഥയാണ്​. ഒരേ സിനിമ കാണുന്ന, രണ്ടുതലത്തിൽ വളർന്നുവന്ന ആളുകൾ അത് കണ്ടശേഷം വിശകലനം ചെയ്തു മനസ്സിലാക്കുമ്പോൾ രണ്ടുതരം വഴികൾ കാണാം. എന്നാൽ ഇന്ദ്രിയങ്ങൾ കൊണ്ട് ബുദ്ധിയുടെ സഹായത്തോടെ തിരിച്ചറിയുന്ന കാര്യങ്ങളുടെ സൂക്ഷ്മതലങ്ങൾ ഓരോ കാഴ്ചക്കാരനും വ്യത്യസ്​ത അനുഭവങ്ങൾ സമ്മാനിക്കും. സാമൂഹികസൃഷ്ടികളെല്ലാം മനുഷ്യന്റെ കേവലസൃഷ്ടികൾ മാത്രമാണ് എന്നത് ഉയർന്നുപറന്നാൽ മാത്രമേ നോക്കിക്കാണാനാകൂ.

സാമൂഹിക പരിവർത്തനങ്ങൾ ഇന്ന് മനുഷ്യനെ എത്തിച്ചിരിക്കുന്നത് ഒരു ‘cyborg' being ആയിട്ടാണ്. അതായത് നിങ്ങളും ഞാനുമെല്ലാം പകുതി മനുഷ്യനായും പകുതി യന്ത്രങ്ങളായും ദിനചര്യകൾ പോലും മുന്നോട്ടു കൊണ്ടുപോകുന്നു. ഓരോ സൈബോർഗുകളും അവരവരുടെ "Gadget' കളിലൂടെ മുന്നോട്ടുപോകുമ്പോൾ ഫ്രാങ്ക്‌ലിൻ പറഞ്ഞ വാചകം അതായത്, "man is a tool making animal' എന്നത് മാറ്റമില്ലാതെ തുടരുന്നു. ആദ്യമായി ടെർമിനേറ്റർ സിനിമ കണ്ടപ്പോഴും ഹെർക്കുലീസ്​ സിനിമ കണ്ടപ്പോഴും മനുഷ്യ cyborg കളെ ധാരാളം കണ്ടിട്ടുണ്ട്. ഇവിടെ മനസ്സിനൊപ്പം നിൽക്കുന്ന വിശകലന ഹേതുവായ മറ്റൊരു സങ്കൽപ്പം ആണ് " consciousness '. ഇതും വിശകലനങ്ങൾക്ക് മാനങ്ങൾ നൽകുന്നു.

Photo: Pexels
Photo: Pexels

consciousness എന്നാൽ, ഒരാൾക്ക് തന്റെ ചുറ്റുപാടുകളെക്കുറിച്ചുള്ള അവബോധവും അതോടൊപ്പം, ആ ചുറ്റുപാടുകളിൽ എങ്ങനെ പ്രതികരിക്കണം എന്നുളള കഴിവുമാണ്​. ഏതൊരാൾക്കും അയാൾ ഉൾപ്പെടുന്ന ഇടങ്ങളിൽ (space) അവരുടേതായ വേഷം അല്ലെങ്കിൽ പാത്രധർമം, ഭാവം, കടമ, ജോലി എന്നിങ്ങനെ പലതരം പ്രവൃത്തികൾ ചെയ്തുതീർക്കാനുണ്ടാകും. ഒരാൾ തന്റെ ചുറ്റുപാടുകളെക്കുറിച്ച് സ്വന്തം ഇന്ദ്രിയങ്ങൾ കൊണ്ടും ബുദ്ധി കൊണ്ടും മനസ്സിലാക്കുന്ന വസ്തുതകൾ അവരുടെ മുന്നോട്ടുളള യാത്രകളിൽ, ജീവനോടിരിക്കുന്ന അവസ്ഥകളിൽ അനിവാര്യമായ ഒന്നാണ്. മനുഷ്യന്റെ സർഗാത്മകതകൾ, വിചാരങ്ങൾ, പ്രവൃത്തികൾ എന്നിവ ഒരു മാധ്യമത്തിലൂടെ അവതരിപ്പിക്കുമ്പോൾ അത് ഓരോ തലത്തിൽ നിൽക്കുന്ന കാഴ്ചക്കാരനും വിവിധ തലത്തിലുളള അനുഭൂതികളും, തുടർവിചാരങ്ങളും ഉണ്ടാക്കുന്നുണ്ട് എന്നത് ശരി തന്നെയാണ്. അവനവന്റെ /അവളുടെ ബോധാവസ്ഥ അതുകൊണ്ടുതന്നെ കലാസൃഷ്ടികൾ വിശകലനം ചെയ്യുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു.

വിവിധ ഇടങ്ങളിൽ എങ്ങനെ പെരുമാറണം എന്ന് മനുഷ്യൻ ശീലിച്ചിട്ടുണ്ട്. ഇതിനെ - സാമൂഹിക പെരുമാറ്റം എന്നോ വളർച്ച എന്നോ വ്യാഖ്യാനിക്കാം. ഓരോ ഇടങ്ങളിലും അവൻ/അവൾ പിൻതുടരേണ്ടവ ചെയ്യുകയും ചെയ്യാതിരിക്കുകയും വേണം എന്ന പ്രമാണ സൂത്രങ്ങൾ (formulae) സാമൂഹികജീവികൾ സൃഷ്ടിച്ചു വച്ചിട്ടുണ്ട്. ഈ പ്രമാണസൂത്രങ്ങൾ തെറ്റിയാൽ കണക്കുകൾ മുഴവൻ തെറ്റിപ്പോകും എന്ന് വിശ്വസിക്കുന്നത് ശ്രേ കുലീനവും ആണത്രേ.

വീട് എന്ന ഇടം

വീട് എന്ന ഇടത്തെ ഓരോരുത്തർക്കും അവരവരുടെ സമൂഹിക തലങ്ങളിൽ നിന്നുകൊണ്ടേ വിശകലനം ചെയ്യാനാകൂ. വീട് എന്ന വിവിധതരം ഇടങ്ങളെ നോക്കിക്കാണുമ്പോൾ ഒരു കാര്യം, അതിലെ പ്രവർത്തകർ (actor)/നടൻ, നടി, മറ്റു നാട്യക്കാർ എന്നിവരാണ്. സാമൂഹിക ക്രമങ്ങളിൽ, പരിവർത്തനങ്ങളിൽ, ഇന്നത്തെ ആധുനിക ഗോത്രസങ്കൽപ കുടുംബങ്ങളിൽ, ഇന്നത്തെ കുടുംബം എന്ന സങ്കൽപത്തിൽ അച്ഛൻ, അമ്മ, മകൻ, മകൾ, മുത്തച്ഛൻ/മുത്തശ്ശി, മരുമകൾ, ചെറുമകൻ/ചെറുമകൾ തുടങ്ങി ധാരാളം വേഷങ്ങളും അവർ ഓരോരുത്തർക്കും പ്രത്യേകം പാത്രധർമങ്ങളും ഉണ്ട്. സിനിമകളിലെ വേഷങ്ങളും അതിലെ പാത്രധർമങ്ങളും അതുകൊണ്ടുതന്നെ മനുഷ്യർ നോക്കിക്കാണുന്നത് അത് അവരവർ തന്നെയായിട്ടാണ്. അതുകൊണ്ട് തന്നെ സിനിമകൾ സ്വപ്നങ്ങളും ഭാവനകളും ആണെങ്കിലും അവ മനുഷ്യരെ താൻ തന്നെയോ, കൂടെയുള്ളവരോ ആണ് ​സിനിമയിലെ കഥാപാത്രം എന്ന്​ തോന്നിപ്പിക്കുന്നു.

ഒരാളുടെ വീട്ടിലെ ഇടവും ജോലിചെയ്യുന്ന സ്ഥലത്തെ ഇടവും രണ്ടും രണ്ടാണ്. ഇവ രണ്ടിലും രണ്ടുതരം പെരുമാറ്റ രീതീകളും പ്രമാണസൂത്രങ്ങളും കാണാം. ചലച്ചിത്രകാരന്/ചലച്ചിത്രകാരിക്ക് അവന്റെയോ അവളുടെയോ ഇടങ്ങളിൽ നിന്നുകൊണ്ട് മാത്രം കഥാപാത്രങ്ങളും സൃഷ്ടികളും നടത്താനാകില്ല.

ഓരോ കാലഘട്ടത്തിന്റെയും വേഷങ്ങൾ, ജീവിതരീതികൾ, സാംസ്‌കാരിക ചേഷ്ടകൾ എല്ലാം ചലച്ചിത്രകാരന് തന്റെ ഭാവനയിൽ നിന്നും വസ്തുതകളിൽ നിന്നും സൃഷ്ടിക്കാനാകുന്നു. വീട് എന്ന ഇടത്തെക്കുറിച്ച്​ പല തരം വിശകലനങ്ങൾ തോന്നാനിടയുണ്ട്. സാമൂഹിക സൃഷ്ടിയിൽ വീട് എന്ന ആശയത്തിന് സാംസ്‌കാരികമായി പല മാനങ്ങളുണ്ടെന്ന് പൊതുവേ ആളുകൾ വിശ്വസിക്കുന്നു. സാംസ്‌കാരിക അധീശത്വങ്ങളും ആധിപത്യങ്ങളും ഓരോ ജനതയ്ക്കും മേൽ മാറ്റങ്ങൾ കൊണ്ടുവരാം. ഇതിൽ ഗുണകരമായതും അല്ലാത്തതുമായ കൂടിച്ചേരലുകൾ സംഭവിക്കാം. അതിൽ തന്നെ വിവിധ ഇടങ്ങളിൽ നിൽക്കുന്നവർ അവരുടേതാണ് ശ്രേഷ്ഠം എന്നും മറ്റുള്ളത് അത്ര പോരാ എന്നുമുള്ള കാഴ്ചപ്പാടുകളിൽ എത്തിച്ചേരുന്നു.

മനുഷ്യന്റെ അവസ്ഥ (Human condition) എന്ന സംജ്ഞ/ആശയം വിശകലനം ചെയ്യുമ്പോൾ ഓരോരുത്തരും അവന്റെയോ/അവളുടെയോ ഇടങ്ങളുമായി താരതമ്യം ചെയ്യേണ്ടതുണ്ട്. ഒരാളുടെ വീട്ടിലെ ഇടവും ജോലിചെയ്യുന്ന സ്ഥലത്തെ ഇടവും രണ്ടും രണ്ടാണ്. ഇവ രണ്ടിലും രണ്ടുതരം പെരുമാറ്റ രീതീകളും പ്രമാണസൂത്രങ്ങളും കാണാം. ചലച്ചിത്രാവിഷ്‌കാരം നടത്തുന്ന ചലച്ചിത്രകാരന്/ചലച്ചിത്രകാരിക്ക് അവന്റെയോ അവളുടെയോ ഇടങ്ങളിൽ നിന്നുകൊണ്ട് മാത്രം കഥാപാത്രങ്ങളും സൃഷ്ടികളും നടത്താനാകില്ല. അവർക്ക് പല ഇടങ്ങളിലും തലങ്ങളിലും ഇറങ്ങിച്ചെന്നുകൊണ്ടേ കഥയും കഥാപാത്രങ്ങളും ചലച്ചിത്രവും സൃഷ്ടിക്കാൻ കഴിയൂ. അവർ അവരുടെ സൃഷ്ടികൾ കാണുന്ന കാഴ്ചക്കാരെയും പരിഗണിക്കാതെ സൃഷ്ടികൾ നടത്താറില്ല.

സാമൂഹിക പെരുമാറ്റത്തിൽ എത്തിപ്പെടുന്ന രണ്ട് പ്രവർത്തകർ ഏത് സാമൂഹികതലങ്ങളിൽ ഉളളവരുമായിക്കോട്ടെ, അവനോ അവളോ സംസാരിക്കാനും പെരുമാറാനും പഠിക്കുന്നത് ആ സാമൂഹിക ഘടനയിൽ നിന്നുകൊണ്ടാണ്. Hannah Arendt ന്റെ വാചകം മാനുഷികാവസ്ഥകളുമായി ബന്ധപ്പെട്ടു പറയുമ്പോൾ; എന്താണ് നിങ്ങളുടെ പേര് എന്ന് ചോദിച്ചാൽ, തൊട്ടടുത്ത ചോദ്യം നിങ്ങൾ എന്താണ് ചെയ്യുന്നത് എന്നാണ്​. ആ ചെയ്യുന്ന പ്രവൃത്തി നമ്മുടെ സാമൂഹികഘടനയിൽ പഠനം, ജോലി, ഒരു ജോലിയും ഇല്ല എന്നൊക്കെയാണ്. ഇനി പഠിക്കുന്ന ആളോട് അടുത്ത ചോദ്യം എവിടെ പഠിക്കുന്നു, എന്ത് പഠിക്കുന്നു, എന്തിന് പഠിക്കുന്നു എന്നാകാം. ജോലി ചെയ്യുന്ന ആളോട് എവിടെ ജോലി ചെയ്യുന്നു, എന്ത് ജോലി ചെയ്യുന്നു, എന്തിനീ ജോലി ചെയ്യുന്നു എന്നൊക്കെ ആകാം.

Hannah Arendt / Photo: Pexels
Hannah Arendt / Photo: Pexels

ഇടങ്ങൾക്കനുസരിച്ച് മനുഷ്യർ വിവിധ വേഷങ്ങൾ കെട്ടാറുണ്ട്. വീട്ടിൽ ഒരു വേഷം, വീടിനുപുറത്ത് മറ്റൊരു വേഷം, പഠിക്കുന്നിടത്ത് ഒരു വേഷം അങ്ങനെയൊക്കെ പോകുന്നു ആ നീണ്ട നിര. ചലച്ചിത്രത്തിൽ ചുരുങ്ങിയ സമയം കൊണ്ട് ഒരു മനുഷ്യായുസിന്റെ അതുമല്ലെങ്കിൽ പല കാലഘട്ടങ്ങളുടെ കഥ പറയുമ്പോൾ വിവിധ ഇടങ്ങൾ ബോധത്തോടെ സൃഷ്ടിക്കാൻ ചലച്ചിത്രകാരൻമാർ/കാരികൾ ശ്രമിക്കുന്നു. ഈ ശ്രമങ്ങൾ കഥയായി തിരശീലയിൽ അവതരിപ്പിക്കുമ്പോൾ അത് കാണുന്ന കാഴ്ചക്കാരൻ, താൻ ഉൾപ്പെടുന്ന പൊതു സാമൂഹികക്രമത്തിന്റെയും, അവനവന്റെയും ബോധാവസ്ഥയിൽ നിന്നുകൊണ്ടാണ് വിശകലനം ചെയ്യുന്നത്. സമൂഹത്തിൽ അവരുടെ വേഷം, പ്രശസ്തി, പ്രമാണസൂത്രങ്ങൾ എന്നിവയൊക്കെ ഉപയോഗിച്ച് അവർ ഈ ബോധാവസ്​ഥയിലൂടെ ഒരു നിഗമനത്തിൽ എത്തിച്ചേരുന്നു.

ഹോം എന്ന സിനിമയിലെത്തുമ്പോൾ

വീട് എന്ന ഇടത്തെക്കുറിച്ചും ജോലി എന്ന ഇടത്തെക്കുറിച്ചും ഹോം എന്ന സിനിമ വരച്ചുകാട്ടുമ്പോൾ നേരത്തെ പറഞ്ഞ സാമൂഹികഘടനയിൽ നിന്നുകൊണ്ടേ ഒരാൾക്ക് അതിനെ നോക്കിക്കാണാനാകൂ. മാനുഷികാവസ്ഥകളിൽ എന്തു പ്രവർത്തിയാണ് അയാൾ ചെയ്യുന്നത് എന്നതിൽനിന്ന് ​അയാളുടെ ബോധാവസ്ഥ എന്ത് എന്നും അത് പരിവർത്തനത്തിന് വിധേയമാണോ എന്നും കണക്കിലെടുക്കാം. വീട് എന്ന പൊതുധാരണയിൽ നിന്നുകൊണ്ട് അച്ഛനോടും അമ്മയോടും എങ്ങനെ പെരുമാറണമെന്ന് നമ്മൾ ചലച്ചിത്രങ്ങളിൽ കൂടി തന്നെ ഏറെ മനസ്സിലാക്കിയിട്ടുണ്ടാകാം. അതിൽ ഉത്തമകുടുംബ സങ്കൽപങ്ങളും ധാരാളം കണ്ടെന്നും വരാം.

ഹോം എന്ന സിനിമയിൽ നിന്ന്
ഹോം എന്ന സിനിമയിൽ നിന്ന്

ഏതൊരു ചലച്ചിത്രം തുടങ്ങുമ്പോഴും ഒരു കാര്യം എഴുതിക്കാണിക്കുന്നുണ്ട്. അതായത് ആ ചലച്ചിത്രം പൂർണമായും വിനോദത്തിനുവേണ്ടി മാത്രമാണെന്നും യാതൊരു തരത്തിലും ഒരു വിഭാഗത്തിലുമുള്ള ആളുകളെയും മോശമായി ചിത്രീകരിക്കുന്നില്ല എന്നും. അതോടൊപ്പം, സാമൂഹിക നിർമിതികളെയോ, വംശം, ജാതി, മതവിശ്വാസങ്ങൾ എന്നിവയെ​യോ യാതൊരു തരത്തിലും മോശമായി ചിത്രീകരിക്കുന്നില്ലെന്നും പകരം സ്രഷ്ടാവായ ചലച്ചിത്രകാരന്റെ ഭാവനയും, സർഗാത്മകതയുടെ ചിത്രീകരണവും മാത്രമാണ് എന്നും.

മനുഷ്യന് ഭാഷയും ഭാവനയും ഉണ്ടായത് ഓരോ സാമൂഹികക്രമങ്ങളിൽ നിന്നും അംശങ്ങൾ ഉൾക്കൊണ്ടിട്ടാണ്. ഹോം എന്ന സിനിമയിൽ "Time is money, money is everything' എന്ന വാചകം ആന്റണി ഒലിവർ ട്വിസ്റ്റിന്റെ മുറിയുടെ ക്ലോക്കിൽ എഴുതിയിട്ടുണ്ട്. ഈ കഥയിലെ ആ കഥാപാത്രത്തെ കാണിക്കുക എന്നതാണ് ആ മുറി കൊണ്ട് കഥാകൃത്ത് ഉദ്ദേശിച്ചത്. തന്റെ പ്രവൃത്തിയിൽ പ്രമാണസൂത്രങ്ങൾ ഒരിക്കൽ വളരെ കൃത്യമായി പിൻതുടർന്ന് വിജയിച്ച ആളാണ് ആ കഥാപാത്രം. എന്നാൽ അയാൾ തന്റെ പ്രമാണസൂത്രങ്ങളിൽ ഉറച്ചുനിൽക്കാൻ നടത്തിയ പരിശ്രമങ്ങൾ, ഒരു പുതിയ സാമൂഹികലോകത്തിൽ അയാളുടെ പ്രവൃത്തി ശ്രദ്ധയോടെ മുന്നോട്ടു കൊണ്ടുപോകാനുതകുന്നില്ല എന്നത് സങ്കീർണ പ്രശ്‌നമായി തീർന്നിരിക്കുന്നു. സംഭാഷണങ്ങൾക്കതീതമായി ചലച്ചിത്രകാരൻ ആന്റണിയുടെ അലങ്കോലമായിക്കിടക്കുന്ന മുറിയിലൂടെ അയാളുടെ മാനസികനില വരച്ചുകാട്ടാൻ ശ്രമിക്കുന്നു. അതോടൊപ്പം, ഏറെ ദ്രവിച്ച്​ കേടുപാട്​ സംഭവിച്ച അക്വേറിയത്തിന്റെ മേശ തുടക്കത്തിൽ കാണിക്കുന്നുണ്ട്. അത് അടർന്നുവീഴാൻ സാധ്യതയുണ്ടെന്ന് അറിവുള്ളതായി ഒലിവർ ട്വിസ്റ്റിന്റെ പെരുമാറ്റത്തിലും കാണാം. പ്രവൃത്തികൾ ചെയ്യാനുളള കഴിവിൽ, അധ്വാനിക്കുന്നവരുടെ ശ്രദ്ധയും ആ പ്രവൃത്തി കൊണ്ട് അവർ കാണുന്ന സംതൃപ്തിയും കൂലിയും എല്ലാം വരും.

മാനസിക സമ്മർദ്ദങ്ങൾ പുതിയ രൂപത്തിലും ഭാവത്തിലും നവമാധ്യമ ലോകത്തിന്റെ (സോഷ്യൽനെറ്റ് വർക്കിംഗ് സൈറ്റ്) കാലത്ത് ഏറെ പ്രസക്തമായ ഒരു വിഷയമാണ്.

കൃത്യനിശ്ചതയുള്ള ഉദ്ദേശ്യത്തോടെ ഒരാൾ അയാളുടെ പ്രവൃത്തിയിലേർപ്പെട്ട് അത്​ പൂർത്തീകരിക്കുമ്പോൾ മാത്രമാണ് അതൊരു ജോലി ആകുകയുളളൂ. അതിന് അയാൾ പ്രതിഫലവും സ്വപ്നം കാണുന്നുണ്ട്. അധ്വാന പ്രക്രിയയിൽ ഇവിടെ രണ്ടു തരം അധ്വാന വിഷയങ്ങളുണ്ട്​. ആന്റണി ഒരു കഥാകൃത്ത് ആയതുകൊണ്ട് ശാരീരിക അധ്വാനത്തിലുപരി മാനസിക അധ്വാനത്തിലൂടെ മാത്രമേ അയാൾക്ക് ജോലി പൂർത്തീകരിക്കാനാകൂ. അതിന് കഴിയാതെ ബുദ്ധിമുട്ടുന്ന കഥാവസ്ഥയിൽ, അയാൾ സാമൂഹികമായ സമ്മർദ്ദങ്ങളിൽ എത്തിച്ചേരുന്നു. അയാൾ നവമാധ്യമ ലോകത്തിൽ (cyborg being) വേരൂന്നിയ ആളെന്ന നിലയ്ക്ക് തന്റെ ചുറ്റുപാടുകളെക്കുറിച്ച് ശ്രദ്ധാലു തന്നെയാണ്. തന്റെ പ്രൊഡ്യൂസർ മുറിയിൽ കയറി വരുന്നുണ്ട് എന്നറിയുന്ന നിമിഷ നേരം കൊണ്ട് ഉറക്കത്തിൽ നിന്നെഴുന്നേറ്റ് ക്രമീകരണങ്ങൾ നടത്താൻ ആന്റണി എന്ന കഥാപാത്രം ശ്രമിക്കുന്നുണ്ട്. അവസാനം നിലവിൽ താമസിക്കുന്ന ഇടം മാറി വീട്ടിൽ ചെന്ന് തന്റെ ജോലി പൂർത്തീകരിക്കാൻ ശ്രമിക്കുന്നു. ഈ ശ്രമവും ഒടുവിൽ പരാജയപ്പെടുന്നു. "Time is money, money is everything' എന്ന ഫോർമുലയിൽ സമയം കയ്യിൽ നിൽക്കാതെ, ശ്രദ്ധ കൊടുത്ത് ജോലി പൂർത്തിയാക്കാതെ വരുന്ന അവസ്ഥ. വീട് എന്ന ഇടത്തിലെ formulaകളോടും കൂടിച്ചേർന്ന് പോകാൻ കഴിയാതെ വരുന്നു.

സാമൂഹികശാസ്ത്ര വിശകലനത്തോടെ സമൂഹത്തെ നോക്കിക്കാണുമ്പോൾ social/സമൂഹം എന്ന സങ്കൽപ്പം വളരെയധികം വ്യത്യസ്ത​ത നിറഞ്ഞ ഒന്നാണ്. ലളിതമായി പറഞ്ഞാൽ ഒരു കൂട്ടം ആളുകൾ, അവരുടെ ജീവിത രീതി, വ്യക്തികൾ തമ്മിലുളള ബന്ധങ്ങൾ, തുടർച്ചകൾ അവയെല്ലാം സമൂഹം എന്ന ഗണത്തിൽ പെടുന്നു. നിരവധി കുടുംബങ്ങളുടെ (വീടുകളുടെ) കൂട്ടത്തെ നമുക്ക് സമൂഹം എന്ന് പറയാം. സാമൂഹിക ക്രമങ്ങളുടെ തലങ്ങളും തട്ടുകളും ഉയർച്ച- താഴ്ചകളുമെല്ലാം ഉണ്ടാകുന്നത് അവയിലോരോന്നിലേയും സാമ്പത്തിക ക്രമങ്ങൾ കൂടി ചേർന്നു കൊണ്ടാണ്. സ്വത്ത് ഉള്ളവനേ സമൂഹത്തിൽ നീതി ലഭിക്കൂ എന്നത് ഓരോ ഭരണ ക്രമങ്ങളിലും കണ്ടുവരുന്ന ഒന്നാണ്.

ഹോം സിനിമയിൽ ശ്രീനാഥ് ഭാസി
ഹോം സിനിമയിൽ ശ്രീനാഥ് ഭാസി

ഹോം എന്ന ചിത്രത്തിലെ ഒലിവർ ട്വിസ്റ്റിന്റെ ഇടം ആധുനിക ഭവനത്തിന്റെ രൂപകൽപ്പനയാണ് - പ്രധാനമായും വിവിധ കാലഘട്ടങ്ങളിലൂടെ കടന്നു പോകുന്ന മുതിർന്നവരും (പഴയ തലമുറ) സ്മാർട്ട് ഫോണിലൂടെ നവമാധ്യമ ലോകത്തിൽ കുടുങ്ങി നിൽക്കുന്ന പുതു തലമുറയും. Adaptation അഥവാ പൊരുത്തപ്പെടലുകൾ പരിവർത്തിത സമൂഹങ്ങളുടെ സ്വഭാവമാണ്. തലമുറ വ്യത്യാസമില്ലാതെ നവ മാധ്യമലോകത്ത് നിരന്തരം വിലസുന്നവരുണ്ട്. പുതിയ കാര്യങ്ങൾ പഠിക്കുക എന്നത് മനുഷ്യന്റെ സ്വഭാവ സവിശേഷതയാണ്. മനുഷ്യരെ മൃഗങ്ങളിൽ നിന്ന്​വ്യത്യസ്​തരാക്കുന്നതും അതുതന്നെയാണ്. എട്ടുകാലി ഇരപിടിക്കുന്നത് മുൻപും ഇപ്പോഴും എല്ലാം ഒരുപോലെയാണ്. എന്നാൽ മനുഷ്യന്റെ ഭക്ഷണ ശീലങ്ങളും സ്വഭാവങ്ങളുമെല്ലാം ആധുനിക സാമൂഹിക ക്രമത്തിനനുസരിച്ച് മാറിപ്പോകുന്നു. ഇത് സമൂഹത്തിൽ ഉണ്ടാകുന്ന മാറ്റത്തിനനുസരിച്ചുളള പൊരുത്തപ്പെടലുകൾ കൊണ്ടാണ്.

മാനസിക സമ്മർദ്ദങ്ങൾ പുതിയ രൂപത്തിലും ഭാവത്തിലും നവമാധ്യമ ലോകത്തിന്റെ (സോഷ്യൽനെറ്റ് വർക്കിംഗ് സൈറ്റ്) കാലത്ത് ഏറെ പ്രസക്തമായ ഒരു വിഷയമാണ്. മനുഷ്യന്റെ cyborg being എന്ന അവസ്ഥ ഒരുതരത്തിൽ ഇടങ്ങളെ തന്നെ സമ്മർദ്ദങ്ങളിലാക്കുന്നു എന്നതാണ് ഹോം എന്ന സിനിമയിൽ ഞാൻ കണ്ടെത്തിയ അടിവരയിട്ട കാര്യം. സ്മാർട്ട് ഫോണുകൾ ആളുകൾ തമ്മിലുളള ദൂരവ്യത്യാസങ്ങൾ ഇല്ലാത്ത ആശയങ്ങളും വിവരങ്ങളും കൈമാറുന്നതിനും - കൈമാറാതെ പോലും മറ്റൊരാളെ, അയാളുടെ പ്രവൃത്തികളെ നിരീക്ഷിക്കാനും വഴിയൊരുക്കുന്നു.

"ലോകത്തു നടക്കുന്ന കാര്യങ്ങളെല്ലാം ഫേസ്​ബുക്കിൽ എഴുതി ആശയവിനിമയങ്ങൾ നടത്തുന്നത്​ ആന്റണി ഒലിവർ ട്വിസ്റ്റിന്റെ സമയം അപഹരിക്കുന്നു’ എന്നത് പുതിയ സമൂഹത്തിന്റെ നടപടിക്രമം മാത്രമാണ്. സമയാപഹരണം നടത്തുന്ന ഗാഡ്​ജറ്റുകളും ആപ്പുകളും നവ സമൂഹത്തിന്റെ അത്യന്താപേക്ഷിത ഘടകമാണ്. അതില്ലാതെ മുന്നോട്ടു പോകാനും സാധിക്കുന്നില്ല എന്നു വരാം. വീട്, ജോലി എന്നീ ഇടങ്ങൾ ഇടകലർന്നു പോകുന്നത് ഇത്തരം ഗാഡ്​ജറ്റുകളുടെ സഹായത്തോടെയാണ്. അതുകൊണ്ടു തന്നെ മാനസിക സമ്മർദ്ദങ്ങൾക്കും ഇന്ന് യാതൊരു കുറവുമില്ല. മാനസിക അധ്വാനത്തിൽ ഏർപ്പെടുന്ന എല്ലാവരും വീട് എന്ന ഇടത്തിൽ ആന്റണിയെ പോലെ ചെറിയ പൊട്ടിത്തെറികൾ നടത്തുന്നത് സ്വാഭാവികം മാത്രമാണെന്നത് സിനിമയുടെ നെഗറ്റീവ് വശമായി കാണുന്നവർക്ക് പോലും ഒരു പരിധിവരെ മനസ്സിലാകുംവിധമാണ്​ "ഇടങ്ങൾ' ചിത്രീകരിച്ചിരിക്കുന്നത്​.

വീട് എന്ന സാമൂഹിക "ഇടം' സാമൂഹ്യവത്കരണ പ്രകിയയിലെ അടിസ്ഥാന ഇടം തന്നെയാണ്, ഓരോ സാമൂഹിക ജീവികളേയും സംബന്ധിച്ച്​. ഒരു വ്യക്തിയെ സമൂഹത്തിന്റെ ഭാഗമാക്കി മാറ്റുന്നതിന് വീട് എന്ന ഇടം പ്രധാന പങ്കു വഹിക്കുന്നുണ്ട് എന്നത് ഏതൊരു സമൂഹത്തിലും കണ്ടുവരുന്ന ഒന്നാണ്. വീട് എന്ന സാമൂഹിക ഇടത്തെ ചലച്ചിത്രകാരൻ തന്റെ രചനയിലും തുടർന്നുളള ദൃശ്യവൽക്കരണത്തിലും സൂക്ഷ്മതയോടെ വരച്ചു കാട്ടാൻ ശ്രമം നടത്തിയിട്ടുണ്ട്. പ്രധാനമായും മൂന്നു കാലഘട്ടങ്ങളും (തലമുറകൾ) മൂന്നു കഥാപാത്രങ്ങളിലൂടെ വീട് എന്ന ഇടത്തിൽ കാണാം. അപ്പച്ചൻ എന്ന വേഷം ചെയ്യുന്ന കൈനകരി തങ്കരാജ് ആ കാലഘട്ടത്തിലെ ഏറ്റവും മികച്ച ജോലി ചെയ്​തിരുന്ന വ്യക്തിയാണ്. കമ്പ്യൂട്ടറുകൾ വരുന്നതിനു മുൻപ് ടൈപ്റൈറ്റിംഗ് യന്ത്രം അരങ്ങുവാഴുന്ന കാലം. അറിയപ്പെടുന്ന ടൈപ്പിസ്റ്റും വിവർത്തകനും ആയിരുന്നു അദ്ദേഹം എന്ന് കഥയിൽ സൂചിപ്പിക്കുന്നു. അദ്ദേഹമാണ്​ ഒലിവർ ട്വിസ്റ്റ് എന്ന പേര് തനിക്ക് നൽകിയത് എന്ന് പപ്പ എന്ന ഇന്ദ്രൻസ് കഥാപാത്രം വിശാൽ എന്ന ഫിലിം സ്റ്റാറിനോട് പറയുന്നുണ്ട്. ഒലിവർ ട്വിസ്റ്റ് ആണെങ്കിൽ അദ്ദേഹത്തിന്റെ കാലഘട്ടത്തിലെ ആധുനികമായ വീഡിയോ കാസറ്റ് ലൈബ്രറി നടത്തി വിജയിക്കുകയും പിന്നീട് കൂടെ നിന്നയാളിനാൽ കബളിക്കപ്പെട്ട് ബിസിനസ്​പൊളിഞ്ഞ്​ മാനസികമായി തളർന്ന്​ വീട് എന്ന ഇടത്തിൽ മാത്രം ഒതുങ്ങിയപ്പോയ ആളുമാണ്. ആന്റണി ഒലിവർ ട്വിസ്റ്റ് എന്ന കഥാപാത്രത്തിന്റെ പ്രവൃത്തികളാണ് കഥ മുന്നോട്ടു കൊണ്ടുപോകുന്നതിന് ഇടയാകുന്നത്.

വീട് എന്ന ചെറു സാമൂഹിക ഇടത്തെക്കുറിച്ച് ഉപസംഹരിക്കുമ്പോൾ, ഓരോ വീടുകളും ഓരോ വ്യത്യസ്​ത ഇടങ്ങളാണ് എന്നും, സമൂഹം കൽപ്പിച്ച പ്രമാണ സൂത്രങ്ങൾ ഓരോ വീടുകളിലും വ്യത്യസ്ത​ത നിറഞ്ഞതാണ് എന്നും മുൻകാല ചലച്ചിത്രങ്ങളിൽ നമുക്ക് കാണാം

ആന്റണി ഒലിവർ ട്വിസ്റ്റിനെ പോലെ ചാൾസ് ഒലിവർ ട്വിസ്റ്റും പുതുതലമുറയെ മറ്റൊരു തരത്തിൽ വരച്ചുകാട്ടാൻ ശ്രമിക്കുന്നു. അയാൾ സോഷ്യൽ നെറ്റ്​വർക്കിങ്​സൈറ്റുകൾ തിരയുകയും ലൈക്കുകളിടുകയും subscriptionനു വേണ്ടി വീട് എന്ന ഇടത്തെ നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്യുന്നു. ആ വിഷയങ്ങളിൽ സർവ്വോപരി ജ്ഞാനിയായ ന്യൂ ജനറേഷന്റെ പ്രതിനിധിയാണയാൾ. അതോടൊപ്പം, വീട് എന്ന ഇടത്തിന്റെ ആത്മാവായ കുട്ടിയമ്മ എന്ന അമ്മ കഥാപാത്രത്തെയും സാമൂഹിക കാഴ്ച്ചപ്പാടിൽ നിന്നും അല്ലാതെയും നോക്കി കാണാം. കുട്ടിയമ്മ ഒരു നഴ്‌സ് ആയിരുന്നെന്നും ഇപ്പോൾ വീട്ടുജോലികൾ ചെയ്തു മുന്നോട്ടു പോകുന്നു എന്നും സൂചനയുണ്ട്. വീട്ടിൽ ഒരു നഴ്‌സ് ഉണ്ടായതുകൊണ്ട് തന്റെ അപ്പച്ചനെ ശുശ്രൂഷിക്കാൻ മറ്റൊരാളെ വയ്‌ക്കേണ്ടി വന്നിട്ടില്ല എന്ന് ഒലിവർ ട്വിസ്റ്റ് പറയുന്നുണ്ട്. അതോടൊപ്പം, ഇപ്പോൾ അവരുടെ പെൻഷൻ കൊണ്ടാണ് കുടുംബം മുന്നോട്ടു പോകുന്നത് എന്നും സൂചനയുണ്ട്. വീട്ടുജോലിയും ജോലി സ്ഥലത്തെ പ്രവൃത്തിയും ഒരുമിച്ച് ചെയ്യുന്ന work - life balance എന്ന സ്ത്രീകളുടെ സമൂഹികാവസ്ഥയും ഒരു തരത്തിൽ തുറന്നു കാട്ടുന്നുണ്ട് ചലച്ചിത്രകാരൻ. അതോടൊപ്പം, അപ്പച്ചന്റെ മൂത്രം തുടക്കുകയും അതിനെ പറ്റി അപ്പച്ചനോടു തന്നെ പരാതി പറയുകയും​ ചെയ്യുന്നു പപ്പ ആയ ഒലിവർ ട്വിസ്റ്റ്. അടുക്കളയിൽ കുട്ടിയമ്മയെ സഹായിക്കുന്നതും വീട്ടിൽ പച്ചക്കറികളും ചെടികളും പരിപാലിക്കുന്നതും ചിത്രീകരിക്കുന്നതിലൂടെ അത് മറ്റൊരു ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ അല്ല എന്ന പ്രതീതി വരുത്താൻ ചലച്ചിത്രകാരൻ ശ്രമിച്ചിട്ടുണ്ട്.

വീട് എന്ന ഇടത്തിന്റെ ആത്മാവായ കുട്ടിയമ്മ എന്ന അമ്മ കഥാപാത്രത്തെയും സാമൂഹിക കാഴ്ച്ചപ്പാടിൽ നിന്നും അല്ലാതെയും നോക്കി കാണാം.ഹോം സിനിമയിൽ മഞ്ജു പിള്ളയുടെ കുട്ടിയമ്മ എന്ന കഥാപാത്രം
വീട് എന്ന ഇടത്തിന്റെ ആത്മാവായ കുട്ടിയമ്മ എന്ന അമ്മ കഥാപാത്രത്തെയും സാമൂഹിക കാഴ്ച്ചപ്പാടിൽ നിന്നും അല്ലാതെയും നോക്കി കാണാം.ഹോം സിനിമയിൽ മഞ്ജു പിള്ളയുടെ കുട്ടിയമ്മ എന്ന കഥാപാത്രം

ഹോം എന്ന ചിത്രത്തിൽ ‘ഹോം’ എന്ന ഇടത്തിൽ കഴിയുന്ന അഞ്ച് കഥാപാത്രങ്ങളും അവരുടേതായ പാത്രധർമങ്ങളിൽ ഏർപ്പെടുന്നു. എങ്കിലും കഥയുടെ ശുഭാവസ്ഥക്ക്​ ഒലിവർ ട്വിസ്റ്റിന്റെ ജീവിതത്തിൽ നടന്ന ഒരു അസാധാരണ സംഭവവുമായി കൂട്ടിച്ചേർത്ത് അദ്ദേഹത്തെ അസാധാരണനായ വ്യക്തി ആക്കി ചിത്രീകരിക്കുന്നു. ജീവിതത്തിൽ ഏറെ മുന്നോട്ടുപോയി വിജയം കൈവരിക്കേണ്ട ഒരാളായിരുന്നു താനെന്നും തന്റെ ബിസിനസിൽ അപ്രതീക്ഷിതമായി ഉണ്ടായ തിരിച്ചടികൊണ്ട് മുന്നോട്ടുപോകാൻ കഴിയാതെ വീട്ടിൽലൊതുങ്ങിപ്പോയെന്നും ഡോ. ഫ്രാങ്ക്​ലിൻ എന്ന സൈക്കോളജിസ്റ്റിന്റെ സഹായത്തോടെ തുറന്നു കാട്ടുന്നുണ്ട്. ചിത്രത്തിൽ സൂര്യൻ എന്ന കഥാപാത്രം ഒലിവർ ട്വിസ്റ്റിന്റെ ബാല്യകാല സുഹൃത്തും തുടർന്നും വഴികാട്ടിയുമായി തുടരുന്നുണ്ട്. ഒലിവർ ട്വിസ്റ്റിന്റെ മാനസിക സംഘർഷങ്ങൾ ഒരു പരിധിവരെ തുടർന്നുപറയാനും, സംസാരിക്കാനും, കൂടെ നിൽക്കാനും സൂര്യൻ എന്ന കഥാപാത്രം പ്രധാന പങ്കുവഹിക്കുന്നുണ്ട്. Anxiety Disorder, Depression എന്നീ മാനസികാവസ്ഥകൾ ചിത്രത്തിന്റെ അടിസ്ഥാന വിഷയമാകുന്നുണ്ട്. അതോടൊപ്പം മൊബൈൽ ഫോൺ അഡിക്ഷൻ എന്ന പുതുതലമുറയുടെ അവസ്ഥയും വ്യക്തമാക്കുന്നു. ഇതുമൂലം ബൗദ്ധികമായ പ്രവൃത്തികളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെ സ്​ക്രിപ്​റ്റ്​ റൈറ്ററായ ആന്റണി ഒലിവർ ട്വിസ്റ്റ് എന്ന കഥാപാത്രം പരാജയപ്പെടുന്നതും പിന്നീട് കൃത്യമായ ചികിത്സയിലൂടെ തന്റെ ബൗദ്ധികമായ പ്രവൃത്തിയിൽ വിജയിക്കുന്നതും ക്ലൈമാക്‌സിൽ ചലച്ചിത്രകാരൻ വരച്ചുകാട്ടുന്നു.

ഉപസംഹാരം

ഏതൊരു കലാസൃഷ്ടിയും കാണുന്ന കാഴ്ചക്കാരന്​ അവരവരുടേതായ വിശകലനങ്ങളിലൂടെ മാത്രമാണ്​ ഒരു അഭിപ്രായത്തിലെത്തിച്ചേരാൻ കഴിയുന്നത്. അതിന് ഓരോരുത്തരുടേയും സാമൂഹിക ഇടങ്ങളും, അവസ്ഥകളും, അനുഭവങ്ങളും, സങ്കൽപ്പങ്ങളും, ബോധാവസ്ഥയും, കാഴ്ചപ്പാടുകളും എല്ലാം കാരണമാകുന്നു. ആന്റണി ഒലിവർ ട്വിസ്റ്റ്, തന്റെ പപ്പ ജീവിതത്തിൽ സാധാരണക്കാരനാണെന്ന്​ കരുതുന്നയാളാണ്​. പപ്പ ജീവിതത്തിൽ എന്ത് ഉണ്ടാക്കി എന്ന ചോദ്യവും അയാൾക്കുണ്ട്​. ഇതിനുള്ള ഉത്തരമെന്നോണം, ഒലിവർ ട്വിസ്റ്റിനെ അസാധാരണനായ വ്യക്തിയാക്കി മാറ്റി അതിലൂടെ സ്‌നേഹവും ബഹുമാനവും കൽപ്പിച്ചുകൊടുക്കുന്നത്​ കഥാ ഉപസംഹാരത്തിനുളള ഉപാധിയായി മാത്രം കാണുന്ന ആളുകളുണ്ട്. ഇത് സിനിമയുടെ നെഗറ്റീവ് വശമാണെന്ന് കരുതുന്നവരും ഉണ്ട്. ആന്റണി ഒലിവർ ട്വിസ്റ്റ് നേരിടുന്ന മാനസിക സമ്മർദ്ദവും (ജോലിയുമായി ബന്ധപ്പെട്ട) അതുകൊണ്ട് ഉണ്ടാകുന്ന പൊട്ടിത്തെറിയുമാണിത്​ എന്നൊരു വാദവും ഉണ്ട്. വീട് എന്ന ഇടത്തിൽ informal, imperfect എന്നിങ്ങനെ ആകാം എന്നും പുറത്തുളള വലിയ സാമൂഹിക ലോകത്തിൽ formal, perfect ആകണം എന്നും ചിത്രം പറഞ്ഞു വയ്ക്കുന്നു.

ആധുനിക സാമൂഹിക ഇടങ്ങളിൽ സൈക്കോളജിസ്റ്റ് അതുകൊണ്ടുതന്നെ ചിത്രത്തിലെ പ്രധാന കഥാപാത്രമാണ്​. അയാളാണ് കഥയ്ക്കും കഥാഗതിയ്ക്കും ധാർമികത നൽകുന്നത്. വീട് എന്ന ചെറു സാമൂഹിക ഇടത്തെക്കുറിച്ച് ഉപസംഹരിക്കുമ്പോൾ, ഓരോ വീടുകളും ഓരോ വ്യത്യസ്​ത ഇടങ്ങളാണ് എന്നും, സമൂഹം കൽപ്പിച്ച പ്രമാണ സൂത്രങ്ങൾ ഓരോ വീടുകളിലും വ്യത്യസ്ത​ത നിറഞ്ഞതാണ് എന്നും മുൻകാല ചലച്ചിത്രങ്ങളിൽ നമുക്ക് കാണാം. അമ്മ എന്ന കഥാപാത്രം ആണ് ഓരോ വീടുകളിലും മക്കളുടെ ഏതവസ്ഥയ്ക്കും കൂടെ ഉണ്ടാകുക എന്ന ഫീലിംഗ് ഈ ചിത്രത്തിലും നൽകുന്നുണ്ട്. അമ്മയും അച്ഛനും ഉളള ഇടം- അതാണ് മക്കൾക്ക് വീട് എന്ന അവസ്ഥ സമ്മാനിക്കുന്നുണ്ട്​. വീട് എന്ന വൈകാരിക അനുഭവം സമ്മാനിക്കാൻ ചലച്ചിത്രാവിഷ്‌ക്കാരം നടത്തിയ കലാകാരൻമാർക്ക് സാധിച്ചു എന്ന് പറയാം.
ഹോം എന്ന ഇടം കാഴ്ചക്കാരന് ബോറടി ഉണ്ടാക്കാത്ത തരത്തിൽ ചലച്ചിത്രകാരൻ വരച്ചുകാട്ടുമ്പോൾ ഓരോ കഥാപാത്രവും പ്രത്യേകതകൾ നിറഞ്ഞവരായി കാണുന്നു. കാര്യമായ ഡയലോഗ് ഇല്ലാത്ത അപ്പച്ചൻ പോലും ചിത്രത്തിൽ ഒരു പ്രധാന ഘടകം ആകുന്നു.▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​

Comments