എഴുത്തിന്റെ രാഷ്ട്രീയം, എഴുത്തുകാരുടെ രാഷ്ട്രീയം, വായനയുടെ രാഷ്ട്രീയം, കൃതികൾ ആവിഷ്‌കരിക്കുന്ന വ്യത്യസ്തമായ ജീവിതവീക്ഷണങ്ങൾ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുമ്പോൾ രാഷ്ട്രീയം, അരാഷ്ട്രീയം എന്നീ പരികൽപ്പനകളെക്കുറിച്ച് ചില കാര്യങ്ങൾ വിശദീകരിക്കേണ്ടതുണ്ട്.
രാഷ്ട്രീയം എന്ന ബ്രഹത് പരികൽപ്പനയുടെ തുടർച്ചയിലാണ് അരാഷ്ട്രീയം എന്ന പരികൽപ്പനയും പ്രസക്തമാകുന്നത്. പൊതുവിൽ കരുതപ്പെടുന്നതുപോലെ, രാഷ്ട്രീയം- അരാഷ്ട്രീയം എന്നത് വിപരീതപദങ്ങളല്ല. അതുകൊണ്ട്, ചരിത്രത്തിൽ രാഷ്ട്രീയം എന്നത് പ്രധാനപ്പെട്ട ഒരു പരികൽപ്പനയായി രൂപപ്പെട്ടുവന്ന കാലം മുതൽ തന്നെ അതിനോട് രാഷ്ട്രീയമായി എതിരിടുകയും എന്നാൽ സ്വന്തം രാഷ്ട്രീയം പ്രകടമായി അവതരിപ്പിക്കാതെ നിൽക്കുകയും ചെയ്യുന്നതിന്റെ ഭാഗമായിട്ടാണ് അരാഷ്ട്രീയം പ്രവർത്തിച്ചുപോന്നത്.
ചരിത്രത്തിൽ രാജാവ് ഭരിക്കുന്ന കാലത്ത്, രാജാവ് പ്രത്യക്ഷദൈവമായിരിക്കുകയും ‘രാജാവ് ജയിക്കട്ടെ’ എന്ന മുദ്രാവാക്യവും മംഗളശ്ലോകവുമെല്ലാം ഉണ്ടാകുകയും ചെയ്തപ്പോൾ രാജാവിന്റെ രാഷ്ട്രീയം തന്നെയാണ് പ്രകടമായി പ്രഖ്യാപിക്കപ്പെട്ടത്. അതിനോട് എതിരിടുന്ന രാഷ്ട്രീയത്തിന് ഒന്നുകിൽ ഒളിവിൽ പോകേണ്ടിവന്നു, അല്ലെങ്കിൽ നിശ്ശബ്ദമാകേണ്ടിവന്നു.
അരാഷ്ട്രീയത എന്നത് എക്കാലത്തെയും ഭരണവർഗം അവരുടെ രാഷ്ട്രീയ കാഴ്ചപ്പാടിന്റെ വിജയാഘോഷത്തിന്റെ ഭാഗമായി എടുത്തണിഞ്ഞിരുന്ന ഒരു ആഡംബരവസ്തുവാണ്.
കേരളത്തിൽ, ബ്രിട്ടീഷുകാർ തോട്ടം കൃഷിയുടെ രൂപീകരണത്തിനുവേണ്ടി അടിമത്തം നിരോധിക്കുന്നുണ്ട്. പക്ഷെ, അടിമകൾ ആ വിവരം അറിഞ്ഞിരുന്നില്ല. അത് അറിഞ്ഞതും അതിനെ അതിവർത്തിക്കാനുള്ള കാര്യങ്ങൾ ചെയ്തതും സത്യത്തിൽ ഉടമകൾ തന്നെയാണ്. മാത്രമല്ല, ജനകീയ പ്രസ്ഥാനങ്ങളും നവോത്ഥാന പ്രസ്ഥാനങ്ങളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും രൂപപ്പെട്ടുവരുമ്പോൾ മാത്രമാണ് തങ്ങളുടെ അവകാശങ്ങളെക്കുറിച്ചുള്ള ധാരണകളിൽ അവർക്ക്കൃത്യതയുണ്ടാകുന്നത്.
അരാഷ്ട്രീയം എന്ന അധികാരപ്രവർത്തനം
അരാഷ്ട്രീയത എന്നത് എക്കാലത്തെയും ഭരണവർഗം അവരുടെ രാഷ്ട്രീയ കാഴ്ചപ്പാടിന്റെ വിജയാഘോഷത്തിന്റെ ഭാഗമായി എടുത്തണിഞ്ഞിരുന്ന ഒരു ആഡംബരവസ്തുവാണ്. സാമ്രാജ്യത്വം ഒരിക്കലും ‘സാമ്രാജ്യത്വം വിജയിക്കട്ടെ' എന്ന മുദ്രാവാക്യം വിളിക്കുന്നില്ല, മുതലാളിത്തം ഒരിക്കലും ‘മുതലാളിത്തം വിജയിക്കട്ടെ' എന്ന മുദ്രാവാക്യം വിളിക്കുന്നില്ല, വലതുപക്ഷം ഒരിക്കലും ‘വലതുപക്ഷം വിജയിക്കട്ടെ' എന്ന മുദ്രാവാക്യം വിളിക്കുന്നില്ല. അതിനോട് എതിരിടുന്നവർക്കുമാത്രമേ അങ്ങനെ വിളിക്കേണ്ടിവരുന്നുള്ളൂ. അതിനുകാരണം, ഭരണവർഗത്തിന്റെ ആശയങ്ങൾക്ക്, ഭരണവർഗത്തോട് എതിരിടുന്ന ആശയങ്ങളേക്കാൾ ജനമനസ്സിൽ അലിഞ്ഞുചേരാനുള്ള സൗകര്യമുണ്ട്. അതുകൊണ്ടാണ്, അന്റോണിയോ ഗ്രാംഷി, ഒരു പ്രത്യയശാസ്ത്രം അദൃശ്യമാകുമ്പോൾ അത് അജയ്യമാകുന്നു എന്നു പറഞ്ഞത്. നമ്മുടെ ജീവിതത്തിൽ രാജാധിപത്യത്തിന്റെയും മുതലാളിത്തത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും ജനവിരുദ്ധ കാഴ്ചപ്പാട് സ്വയം തിരിച്ചറിയാനാവാത്തവിധം അലിഞ്ഞുചേർന്നിട്ടുണ്ട്.
അതിനെ അതിജീവിച്ച് സ്വയം കണ്ടെത്തുക, തിരിച്ചറിയുക എന്നത് അത്ര എളുപ്പമല്ല. വ്യക്തിയും സമൂഹവും നടത്തുന്ന, അത്ര എളുപ്പമല്ലാത്ത തിരിച്ചറിയൽ പ്രക്രിയയുടെ കൂടി ഭാഗമായാണ് രാഷ്ട്രീയം പ്രവർത്തിക്കുന്നത് എങ്കിൽ, ആ തിരിച്ചറിയൽ പ്രവർത്തനത്തെ പലതരത്തിൽ തിരിച്ചറിയാനാകാത്തവിധം തകർക്കുന്ന ഒരു അധികാര പ്രവർത്തനം എന്ന നിലയ്ക്കാണ് അരാഷ്ട്രീയം പ്രവർത്തിക്കുന്നത്. അതുകൊണ്ട്, മനുഷ്യൻ രാഷ്ട്രീയജീവിയാണ് എന്നതിൽനിന്നുമാത്രമേ സാമൂഹിക വിശകലനം ആരംഭിക്കാൻ പറ്റുകയുള്ളൂ. അത് എഴുത്തിന്റെയും വായനയുടെയും പരിമിതമണ്ഡലത്തിൽ മാത്രം ചുറ്റിക്കറങ്ങുന്ന ഒരു വിഷയമേ അല്ല. അത് നമ്മുടെ അസ്തിത്വവുമായി തന്നെ ബന്ധപ്പെട്ടതാണ്.
ആദിമർ മുതൽ പ്രിയർ വരെ
നമ്മുടെ ചരിത്രം എടുക്കുകയാണെങ്കിൽ, സൗകര്യത്തിനുവേണ്ടി എന്റെയൊരു നിർവചനം ഇങ്ങനെയാണ്: ഏറ്റവും പ്രാചീനകാലത്തെ മനുഷ്യരെ ഞാൻ ആദിമർ എന്നാണ് വിളിക്കുന്നത്. അങ്ങനെ വിളിക്കാൻ കാരണം, അന്ന് രാഷ്ട്രീയമില്ല, ഭാഷയോ ഉൽപാദനപ്രവർത്തനമോ ഒന്നുമില്ല. മാത്രമല്ല, പരിണാമത്തിന്റെ ഒരു പ്രത്യേകഘട്ടത്തിൽ രൂപപ്പെട്ട ഒരു പ്രത്യേക ജീവിവിഭാഗമെന്ന അർഥത്തിൽ അവർക്ക് അമ്പരപ്പും അൽഭുതവുമൊക്കെയാണ്. അതുകൊണ്ട് അവർ ആദിമരാണ്. എന്നാൽ, ജീവിതത്തിലൂടെ അവർ പ്രകൃതിയെ പരിമിതമായ തോതിൽ മനസ്സിലാക്കുന്നുണ്ട്. അങ്ങനെയാണ് അവർ പ്രാകൃതരായി തീരുന്നത്. ആദിമരുടെയും പ്രാകൃതരുടെയും കാലഘട്ടത്തിൽ രാഷ്ട്രീയം- അരാഷ്ട്രീയം എന്നീ പരികൽപ്പനകൾ രൂപം കൊള്ളുന്നില്ല. എന്തുകൊണ്ടെന്നാൽ, അന്ന് മനുഷ്യന്റെ മുന്നിലുണ്ടായിരുന്ന പ്രധാന അഭിമുഖീകരണം പ്രകൃതി തന്നെയായിരുന്നു. വന്യജന്തുക്കൾ, പ്രവചിക്കാനാകാത്ത കാലാവസ്ഥാമാറ്റങ്ങൾ, കാട്ടുതീയായും വന്യജീവിയായും വന്ന് ആദിമരെയും പ്രാകൃതരെയും കീഴ്‌പ്പെടുത്തുന്ന പ്രതികൂല പ്രകൃതിയെ അനുകൂലമാക്കാൻ ആദിമരും പ്രാകൃതരും നടത്തിയ പലതരം ഇടപെടലുകളുണ്ട്. ആ ഇടപെടലുകളുടെ നേതൃത്വം രാഷ്ട്രീയത്തിനായിരുന്നില്ല, കലയ്ക്കായിരുന്നു. അതുകൊണ്ട്, ആദിമ മനുഷ്യരും പ്രാകൃതരും രാഷ്ട്രീയക്കാരല്ല, കലാകാരരാണ്. പ്രകൃതിയെ അതിജീവിക്കാനുള്ള ശ്രമത്തിനിടയിലാണ് അവർ പലതരം ആവിഷ്‌കാരങ്ങൾ നടത്തിയത്. അന്ന് ഭാഷയില്ലല്ലോ. നൃത്തത്തിന്റെയും ചിത്രകലയുടെയുമൊക്കെ രൂപങ്ങൾ, പലതരം ഒച്ചകൾ, ഇതെല്ലാം ആശയവിനിമയത്തിന്റെ മാത്രമല്ല, അനുഭൂതി വിനിമയത്തിന്റെയും അടിത്തറയിരുന്നു. അതുകൊണ്ടാണ് അതിനെ കല എന്നു വിളിക്കുന്നത്.
കീഴാളവിരുദ്ധമായ ഒന്നിനെയും അത് എത്ര മഹത്തായ കൃതിയിലായാൽപോലും വെറുതെവിടാൻ ആത്മബോധമാർജിക്കുന്ന മുറയ്ക്ക് ആർക്കും കഴിയില്ല. അതാണ് രാഷ്ട്രീയ നിലപാട്. അതായിരിക്കണം രാഷ്ട്രീയ നിലപാട്.
കലാകാരർ എന്ന അവസ്ഥയിൽനിന്ന് രാഷ്ട്രീയമനുഷ്യരായി അവർ മാറുന്നത്, പ്രജ എന്ന അവസ്ഥയിലേക്ക് മാറുമ്പോഴാണ്. പ്രധാനമായും നാടുവാഴിത്തം പോലുള്ള പലതരം അധികാരവ്യവസ്ഥകൾ രൂപപ്പെട്ടുവന്നപ്പോൾ, അതുവരെ ആദിമരും പ്രാകൃതരുമായിരുന്ന ജനത പ്രജകളായി മാറി. അതോടെ, കലാകാരരായിരുന്ന മനുഷ്യരുടെ കലയെ, അധികാരം പിടിച്ചെടുക്കുകയും അവരെ അധികാരത്തിന്റെ വരുതിയിലേക്ക് പരിമിതപ്പെടുത്തുകയും ചെയ്തു. അതായത്, പ്രതികൂലമായ പാശ്ചാത്തലത്തിലാണെങ്കിൽ പോലും പ്രകൃതിയെ അഭിമുഖീകരിക്കുകയും അതിജീവിക്കാൻ നടത്തുകയും ചെയ്ത ശ്രമത്തിൽനിന്ന് പിന്നെ അവരെ കൊണ്ടുനിർത്തുന്നത് അധികാരത്തിന്റെ ലോകത്താണ്. അത് പ്രജകളുടെ ഒരു ലോകമാണ്. അവിടെവച്ചാണ് ആദിമരുടെയും പ്രാകൃതരുടെയും ആവിഷ്‌കാരമായിരുന്ന കല രാജാവിന്റേതായി, അധികാരിയുടേതായി മാറുന്നത്.
ആദിമർക്കും പ്രാകൃതർക്കും അവരുടെ ജീവിതം തന്നെയായിരുന്നു കല. അതുകൊണ്ട്, ആദ്യത്തെ അതിജീവനമായിരുന്നു അവരെ സംബന്ധിച്ച് കല. വളരെ പ്രയാസപ്പെട്ട്, പ്രതികൂല കാലാവസ്ഥയിലാണ് അവർ ഗുഹകൾക്കുള്ളിൽ ചിത്രം വരച്ചത്. എന്തിന് അവർ ഇങ്ങനെ പ്രയാസപ്പെട്ടു? അത് അവരെ സംബന്ധിച്ച് അതിജീവനമായിരുന്നു. ഒരു പുലിയെ കീഴ്‌പ്പെടുത്തുന്നതായി വരച്ചുകഴിഞ്ഞാൽ, ഗുഹക്കുപുറത്തിറങ്ങി പുലിയെ കണ്ടാലും അതിനുമുമ്പ് പുലിയെ കണ്ടപ്പോഴുണ്ടായിരുന്ന പരിഭ്രമം അവർക്കുണ്ടാകില്ല. കാരണം, അവർ പുലിയെ, അതിന്റെ ചലനങ്ങളെ പഠിച്ചുകഴിഞ്ഞു.
എന്നാൽ, രാജാവിന്റെ കാലത്ത് സംഭവിച്ചത് എന്താണ്? ‘അരചൻ ചൊല്ല് കല്ലേപ്പിളർക്കും' എന്ന മട്ടിൽ ഇത് കീഴ്‌മേൽ മറിക്കപ്പെട്ടു. കല്ല് പിളർക്കുന്നത് തൊഴിലാളിയാണ്. അതായത്, കല പിടിച്ചെടുക്കപ്പെട്ടു, പ്രത്യക്ഷമായിത്തന്നെ. ഇതിന് മലയാളത്തിൽനിന്നുള്ള ഒരു പ്രതിരോധമാണ് കുഞ്ചൻ നമ്പ്യാർ നടത്തിയത്. അമ്പലപ്പുഴ രാജാവ്, പായസത്തിന് കയ്പ് എന്നുപറഞ്ഞപ്പോൾ എല്ലാ സിൽബന്തികളും പായസംകുടി നിർത്തി. നമ്പ്യാർ മാത്രം നിർത്തിയില്ല, രാജാവ് ചോദിച്ചപ്പോൾ നമ്പ്യാർ പറഞ്ഞു, അടിയന് പഞ്ചസാരയുടെ കയ്പ് ഇഷ്ടമാണ് എന്ന്.
പ്രജകളുടെ പലതരം പ്രതിരോധങ്ങളും നാടുവാഴിത്തവ്യവസ്ഥയുടെ ആന്തരികമായ സ്തംഭനവും നിമിത്തം രൂപപ്പെടുന്ന ആധുനിക മുതലാളിത്തവ്യവസ്ഥയിലാണ് പൗരർ ഉണ്ടാകുന്നത്. പൗരർ രൂപപ്പെട്ടുവരുന്നതോടെയാണ് കലയും മനുഷ്യനും തമ്മിലുള്ള നേർക്കുനേർ ബന്ധം അപ്രത്യക്ഷമാകുന്നത്. നാടുവാഴിത്തത്തിന്റെ കൽപ്പനക്കും അനുസരണക്കും ഇടയിലുള്ള ചട്ടക്കൂട് പൊളിയുന്നത് പൗരജീവിതത്തോടുകൂടിയാണ്. പൗരരായപ്പോൾ, രാജാവിന്റെ പൂർണ നിയന്ത്രണത്തിലായിക്കഴിഞ്ഞ കല ഔപചാരികമായി ജനങ്ങളുടേതാണ് എന്നൊരു പരസ്യം വന്നു. അതോടെ, കലയുടെ മേലുള്ള പ്രത്യക്ഷനിയന്ത്രണം അവസാനിച്ചു. കല രാജാവിന്റേത് എന്ന അവസ്ഥയിൽനിന്ന് മുതലാളിത്തം അതിനെ ഔപചാരികമായി ജനങ്ങളുടേതാക്കി. പക്ഷെ, സൂക്ഷ്മതലത്തിൽ വ്യത്യസ്ത തരത്തിലുള്ള ജനവിരുദ്ധ ആശയങ്ങളും പ്രവർത്തിച്ചു. ഈ പാശ്ചാത്തലത്തിലാണ് രാഷ്ട്രീയം- അരാഷ്ട്രീയം എന്നൊരു വിഭജനം രൂപപ്പെട്ടുവരുന്നത്. മുതലാളിത്തത്തിന്റെ നിലനിൽപ്പിനെ ദൃഢപ്പെടുത്താൻ അവർ രൂപപ്പെടുത്തിയ പലതരം മുഖംമൂടികളിൽ ഒന്നാണ് അരാഷ്ട്രീയത എന്നത്. കല ഭരണകൂടത്തെ സഹായിക്കുന്നതായിരിക്കെത്തന്നെ, അത്തരം കലയെ അവർ രൂപപ്പെടുത്താൻ ആഗ്രഹിക്കുന്നതായിരിക്കേ, അതിനെതിരായുള്ളതുകൂടി രൂപപ്പെടാനിടയുള്ളതുകൊണ്ട്, അതിന്റെ വിമോചനവീര്യത്തെ അലസിപ്പിക്കാൻ, രാഷ്ട്രീയാധികാരമുള്ളവർ തന്നെ പരോക്ഷമായി രൂപപ്പെടുത്തിയ ജനവിരുദ്ധ പരികൽപ്പനയാണ് സത്യത്തിൽ കലയിലെ അരാഷ്ട്രീയത. മുതലാളിത്ത കാലഘട്ടത്തിലാണ് അത് സൂക്ഷ്മതലത്തിൽ വികസിക്കുന്നത്. സത്യത്തിൽ, ശ്വസിക്കുന്നതുമുതൽ, സ്വപ്‌നം കാണുന്നതുമുതൽ സകല കാര്യങ്ങളിലും ആധുനികകാലത്ത് രാഷ്ട്രീയമുണ്ട്. ശുദ്ധവായു ശ്വസിക്കണം എന്നാഗ്രഹിക്കുന്നതുകൊണ്ടുമാത്രം ശുദ്ധവായു ശ്വസിക്കാൻ പറ്റില്ല. നമ്മൾ ഏത് രാഷ്ട്രീയപാർട്ടിയിൽ പെട്ടാലും ഏത് മതത്തിൽ പെട്ടാലും നിങ്ങൾ ജീവിക്കുന്ന പ്രദേശത്തിന്റെ വായുവും വെള്ളവും ഭക്ഷണവും അവിടെ രൂപപ്പെട്ടുവരുന്ന മനുഷ്യബന്ധങ്ങളും ഒക്കെയാണ് നമ്മുടെ ജീവിതത്തെ നിർണയിക്കുന്നത്. അതെല്ലാം ആധുനികകകാലത്തെ രാഷ്ട്രീയമാണ്.
വർഗവിഭജിതമായ ഒരവസ്ഥ അവസാനിക്കുന്നതോടെ, രാഷ്ട്രീയം അപ്രസക്തമാകും. അവിടെയാണ് മനുഷ്യൻ ഉണ്ടാകുക. ആ മനുഷ്യരുടെ സ്വപ്‌നതുല്യമായ വളർച്ചയുടെ ഒരു ഘട്ടത്തിൽ, മനുഷ്യരെല്ലാം പ്രിയപ്പെട്ടവരായി മാറും. അതോടെ രാഷ്ട്രീയപാർട്ടികളൊക്കെയും ഇല്ലാതാകും.
പൗരകാലഘട്ടത്തിൽ മനുഷ്യർ എന്നൊരു പരികൽപ്പനയെക്കുറിച്ചുകൂടി ആലോചിക്കേണ്ടതുണ്ട്. അതായത്, ഭരിക്കുന്ന മന്ത്രിയും വോട്ട് ചെയ്യുന്ന പൗരരും വോട്ട് ചെയ്യാത്ത പൗരരും എല്ലാം മനുഷ്യരാണ് എന്ന കാഴ്ചപ്പാടിലേക്ക് നമ്മൾ എത്തുന്നുണ്ട്. പൗരരായിരിക്കേ നമ്മൾ മനുഷ്യരാണ് എന്നുപറയുന്നത്
ഒരു തരത്തിൽ ആദർശമാണ്. മനുഷ്യർ എന്നത് ഒരു പൗരസമൂഹത്തിൽ യാഥാർഥ്യമല്ല. അത്, സാക്ഷാൽക്കരിക്കപ്പെടണമെന്ന് നമ്മൾ കാണുന്ന സ്വപ്‌നമാണ്. എന്നാൽ, മുതലാളിത്തവ്യവസ്ഥയുടെ അന്ത്യത്തിൽ മറ്റൊരു വികസിത സാമൂഹിക വ്യവസ്ഥയോ സോഷ്യലിസമോ അതുകഴിഞ്ഞുള്ള വ്യവസ്ഥയോ വരുമ്പോൾ പൗരർ എന്ന, പരിമിതമനുഷ്യരുടെ രാഷ്ട്രീയകർതൃരൂപം വിടുമ്പോൾ മാത്രമാണ് പൂർണാർഥത്തിൽ മനുഷ്യരാകുക. അപ്പോൾ, രാഷ്ട്രീയം ഉണ്ടാകില്ല. അങ്ങനെ രാഷ്ട്രീയം ഇല്ലാത്ത ഒരു മനുഷ്യസമൂഹത്തിലൂടെ മനുഷ്യൻ കടന്നുപോകുമ്പോഴാണ് പ്രിയർ എന്നൊരു പരികൽപന വരുന്നത്. അവിടെ ആധിപത്യമില്ല, വിധേയത്വമില്ല, ആവിഷ്‌കാരം മാത്രമേ ഉണ്ടാകുകയുള്ളൂ. അത് കലയുടെ നിത്യവസന്തലോകമായിരിക്കും. അവിടെ, നമ്മൾ ചർച്ച ചെയ്യുന്ന രാഷ്ട്രീയം- അരാഷ്ട്രീയം ഉണ്ടാകില്ല. എന്ത് ആവിഷ്‌കരിക്കണം, എന്ത് ആവിഷ്‌കരിച്ചുകൂടാ എന്ന പ്രശ്‌നമുണ്ടാകില്ല.
എന്താണ് രാഷ്ട്രീയം എന്നുചോദിച്ചാൽ അതിന് പല ഉത്തരങ്ങളുണ്ട്. രാഷ്ട്രത്തെ സംബന്ധിക്കുന്നത് എന്നതാണ് അതിൽ ഒരുത്തരം. ഇത് അപര്യാപ്തമാണ്. രാഷ്ട്രം ചരിത്രത്തിന്റെ വളർച്ചയുടെ ഒരു പ്രത്യേകഘട്ടത്തിൽ രൂപം കൊണ്ടതാണ്. അപ്പോൾ, അതിനുമുമ്പുള്ള ജീവിതത്തിന്റെ അവസ്ഥ പഠിക്കേണ്ടിവരും. മാർക്‌സിസ്റ്റ്- ലെനിനിസ്റ്റുകൾ നൽകുന്ന ഒരു നിർവചനം, വർഗസംഘട്ടനത്തിന്റെ കലയും ശാസ്ത്രവുമാണ് രാഷ്ട്രീയം എന്നാണ്. അതായത്, ഒരു സമൂഹം വർഗവിഭജിതമായിക്കഴിഞ്ഞു എന്നതിന്റെ വിളംബരമാണ് രാഷ്ട്രീയം. അത് ഏതെങ്കിലും രാജാവോ വ്യക്തിയോ സംഘടനയോ ഉണ്ടാക്കിയതല്ല. മറിച്ച്, പലതരം കാഴ്ചപ്പാടുകളെ ഉണ്ടാക്കുന്നതിൽ സാമൂഹികമായ വർഗവിഭജനമാണ് വലിയ പങ്കുവഹിച്ചത്. അതുകൊണ്ട്, വർഗവിഭജിതമായ ഒരവസ്ഥ അവസാനിക്കുന്നതോടെ, രാഷ്ട്രീയം അപ്രസക്തമാകും. അവിടെയാണ് മനുഷ്യൻ ഉണ്ടാകുക. ആ മനുഷ്യരുടെ സ്വപ്‌നതുല്യമായ വളർച്ചയുടെ ഒരു ഘട്ടത്തിൽ, മനുഷ്യരെല്ലാം പ്രിയപ്പെട്ടവരായി മാറും. അതോടെ രാഷ്ട്രീയപാർട്ടികളൊക്കെയും ഇല്ലാതാകും. വ്യത്യസ്ത കലാസംഘങ്ങൾ അരങ്ങ് പൊളിക്കും.
അസമസമൂഹത്തിലെ പരിമിത വ്യക്തികൾക്ക് തങ്ങളെ കേവല മനുഷ്യരായി ആവിഷ്കരിക്കാനോ കൊണ്ടാടാനോ കഴിയില്ല. എന്നാൽ, ഭാവിയിലെ സമന്മാരുടെ സമൂഹത്തിൽ വ്യക്തികൾ പൂർണമനുഷ്യരാകും. അന്ന്, ആ ‘സമസമൂഹത്തിന്റെ’ സജഹഭാവമായി ‘പ്രിയർ’ മാറും.
രാഷ്ട്രീയശരി- രാഷ്ട്രീയതെറ്റ് എന്നത് വിശകലനത്തിന്റെ ഒരു മേൽപ്പാളി മാത്രമാണ്. അടിസ്ഥാന നിലപാട് പൊളിറ്റിക്കൽ കറക്ട്‌നസ് എന്നതല്ല, പൊളിറ്റിക്കൽ പൊസിഷൻ എന്ന പരികൽപ്പനയാണ്.
ആദിമർ, പ്രാകൃതർ, പ്രജർ, പൗരർ, മനുഷ്യർ, പ്രിയർ എന്നീ ആറുഘട്ടമായി വിശകലനസൗകര്യത്തിന് മനുഷ്യകർതൃത്വത്തെ വിഭജിക്കുകയാണ് ഇപ്പോൾ ചെയ്തത്. അതിൽ, ആദിമരിലും പ്രാകൃതരിലും മനുഷ്യർ കലാകാരരാണ്. മനുഷ്യർ, പ്രിയർ എന്ന തലത്തിലും മനുഷ്യർ എന്ന തലത്തിലും കലാകാരരാണ്. പ്രജർ എന്ന തലത്തിൽ, വലിയ സംവാദത്തിനും ചർച്ചക്കും സാധ്യമല്ലാത്തവിധം എന്താണ് കല, സാഹിത്യം, മികച്ചത് എന്നെല്ലാം രാജാവാണ് തീരുമാനിക്കുക. അതുകൊണ്ട്, അതിൽ വലിയ സങ്കീർണതകളില്ല. ജന്മി, ജന്മിയുടെ പത്രത്തിന് ‘ജന്മി’ എന്നുതന്നെ പേര് കൊടുക്കും, തൊഴിലാളി, അവരുടെ പത്രത്തിന് ‘തൊഴിലാളി’ എന്നുതന്നെ പേര് കൊടുക്കും. ഇത് കേരളത്തിലെ പ്രസിദ്ധീകരണങ്ങളുടെ പേരുകളായിരുന്നുവല്ലോ. എന്നാൽ, ആധുനിക മുതലാളിത്തത്തിന്റെ ആവിർഭാവത്തോടെ ഇതിലെല്ലാം സങ്കീർണതകൾ വന്നുചേരുകയും ഭരണവർഗത്തിന്റെ ആശയങ്ങൾ, ഭരണവർഗത്തിന്റെ ആശയങ്ങൾ എന്ന പ്രത്യക്ഷതലത്തിലും ഭരണവർഗത്തിന്റെ ആശയങ്ങളല്ല എന്ന് തോന്നിപ്പിക്കുന്ന തലത്തിലും പ്രവർത്തിക്കാൻ ആരംഭിച്ചു. രണ്ടാമത്തെതാണ് അരാഷ്ട്രീയം. അതുകൊണ്ടാണ്, തുടക്കത്തിൽ പറഞ്ഞത്, രാഷ്ട്രീയത്തിന്റെ വിപരീതമല്ല, ആധിപത്യം വഹിക്കുന്ന രാഷ്ട്രീയത്തിന്റെ തന്നെ അനുബന്ധമാണ് അരാഷ്ട്രീയം എന്നത്. മുഴുവൻ ജനങ്ങളുടേതുമായിരുന്ന കലയെയും സാഹിത്യത്തെയും തങ്ങളുടെ സ്വകാര്യമേൽക്കോയ്മയുടെ വരുതിയിലാക്കിയ അധികാരത്തിന്റെ പ്രത്യക്ഷവും പ്രച്ഛന്നവുമായ പ്രവർത്തനങ്ങളെ, അതായത്, രാഷ്ട്രീയവും അരാഷ്ട്രീയവുമായ പ്രവർത്തനങ്ങളെ എതിരിടുക എന്ന തലത്തിലാണ് എഴുത്തിന്റെ ജനകീയരാഷ്ട്രീയം പ്രസക്തമാകുന്നത്.
പൊളിറ്റിക്കൽ പൊസിഷൻ ആണ് അടിസ്ഥാന നിലപാട്
രാഷ്ട്രീയശരി- രാഷ്ട്രീയതെറ്റ് എന്നത് വിശകലനത്തിന്റെ ഒരു മേൽപ്പാളി മാത്രമാണ്. അടിസ്ഥാന നിലപാട് പൊളിറ്റിക്കൽ കറക്ട്‌നസ് എന്നതല്ല, പൊളിറ്റിക്കൽ പൊസിഷൻ എന്ന പരികൽപ്പനയാണ്. നിങ്ങളുടെ രാഷ്ട്രീയനിലപാട് എന്താണ്? ശരി- തെറ്റ് എന്നത് വ്യത്യസ്ത വായനയിൽ, വ്യത്യസ്ത രീതിയിൽ കടന്നുവരാനിടയുണ്ട്. മാത്രമല്ല, പലതരം വ്യാഖ്യാനങ്ങൾക്കും വിശദീകരണങ്ങൾക്കും വിധേയമാകാനിടയുണ്ട്. അതേസമയം, രാഷ്ട്രീയ നിലപാട് എന്നത് ഒരു ചരിത്രഘട്ടത്തിൽ കൃത്യമായിരിക്കാനേ സാധ്യതയുള്ളൂ. അതായത്, സാധാരണ ശരികൾ പലതുണ്ടാകാൻ സാധ്യതയുണ്ട്. സമരശരി ഒന്നേ, ഒരു സന്ദർഭത്തിൽ മിക്കവാറും സാധ്യമാകൂ. അല്ലെങ്കിൽ ചരിത്രത്തിൽ സാധ്യമായ, മുന്നിൽനിൽക്കുന്ന ശരി അതായിരിക്കും.
അതുകൊണ്ട് ഒരു കൃതി നിലനിൽക്കുന്ന സാമൂഹികാവസ്ഥയെ എതിരിടുന്നോ ഇല്ലയോ എന്ന് വിശകലനം ചെയ്യേണ്ടത് അതിലെ ഏതെങ്കിലും വാക്കുകൾ, ബിംബകൽപ്പനകൾ, പ്രമേയം ഇതുമാത്രം എടുത്തുകൊണ്ടാകാൻ പാടില്ല. ഇതെല്ലാം പ്രധാനം തന്നെയാണ്. മറിച്ച്, എഴുത്തിനൊരു നിലപാടുണ്ടാകുമല്ലോ, സങ്കീർണമാണത്, ആ നിലപാടാണ് നേതൃത്വം വഹിക്കേണ്ടത്. മറ്റു കാര്യങ്ങളെല്ലാം അതിന് കീഴ്‌പ്പെട്ടുമാത്രമാണ് പ്രസക്തമാകുക. എന്നാൽ, ആ ശരിയായ നിലപാടിനെ ശരിയല്ലാതാക്കുന്ന ഒരു വാക്കും കോമ പോലും വായനയിൽ വിചാരണ നേരിടാതെ കടന്നുപോയ്ക്കൂടാ.
എന്താണ് പുരോഗമന പക്ഷം?
പുരോഗമന സാഹിത്യ പ്രസ്ഥാനം ഒരു സംഘടന എന്ന നിലയ്ക്ക് രൂപപ്പെടുന്നതിനുമുമ്പുതന്നെ പുരോഗമനപരമായ കൃതികൾ ലോകത്തിന്റെ എല്ലാ ഭാഗത്തുമുണ്ടായിട്ടുണ്ട്. കുമാരനാശാന്റെ ദുരവസ്ഥയെ ഇ.എം.എസ്, കേരളത്തിലെ പുരോഗമന സാഹിത്യത്തിന്റെ മുന്നോടി എന്നു വിളിക്കുന്നുണ്ട്. 1922ലാണല്ലോ ദുരവസ്ഥ പ്രസിദ്ധീകരിക്കുന്നത്, അതിനും പതിനഞ്ചുവർഷത്തിനുശേഷമാണ് പുരോഗമന സാഹിത്യസംഘമുണ്ടാകുന്നത്. ഇത് രൂപപ്പെടുന്നതിന്റെ സാർവദേശീയ പാശ്ചാത്തലം നമുക്കെല്ലാം അറിയുന്നതുതന്നെയാണ്. ചെറുതും വലുതുമായ ഗ്രൂപ്പുകളുണ്ടായി, 1935ൽ പാരീസിൽ ചേർന്ന എഴുത്തുകാരുടെയും കലാകാരരുടെയും കൂട്ടായ്മയിലാണ് ‘മനുഷ്യസംസ്‌കാരത്തിന് ആര് കാവൽ നിൽക്കും' എന്ന ചോദ്യം ഉയരുന്നത്. അവിടെവച്ചാണ്, ഇതൊരു ഔദ്യോഗിക- ഔപചാരിക സംഘടനാരൂപം സ്വീകരിക്കുന്നത്. സാഹിത്യത്തെയും കലയെയും പൊതുവിൽ അംഗീകരിക്കുന്നതുകൊണ്ടാണ് പുരോഗമന കലാ സാഹിത്യ പ്രസ്ഥാനങ്ങൾ പ്രസക്തമാകുന്നത്. അതായത്, നമ്മുടെ സാമൂഹ്യബോധത്തിന്റെ വ്യത്യസ്ത രൂപങ്ങളാണ് തത്വചിന്ത, സദാചാരം, മതം, കല, സാഹിത്യം തുടങ്ങിയവ. ഇതിൽ ഏറ്റവും സങ്കീർണമാണ് കലയും സാഹിത്യവുമാണ്. കാരണം, ഇവ എഴുത്ത്, വായന, വിശകലനം, വിമർശനം എന്നിവയൊക്കെ കൂടിച്ചേർന്നതാണല്ലോ.
കല കലയ്ക്കുവേണ്ടി എന്നത് പുരോഗമനപരമാണ്. കാരണം, കല രാജാവിനുവേണ്ടി, കല പ്രഭുവിനുവേണ്ടി, കല വ്യക്തിക്കുവേണ്ടി, കല കമ്പോളത്തിനു വേണ്ടി എന്നൊരു കാഴ്ചപ്പാടുമായി താരതമ്യപ്പെടുത്തിയാൽ, കല കലയ്ക്കുവേണ്ടി എന്നത് പുരോഗമനപരമാണല്ലോ.
1935നുമുമ്പ് മനുഷ്യസംസ്‌കാരത്തിന്റെ പക്ഷത്തുനിൽക്കാത്ത കൃതികളാണ് ഉണ്ടായിട്ടുള്ളത് എന്നും അതുകൊണ്ട്, പുതുതായി മനുഷ്യസംസ്‌കാരത്തിന്റെ പക്ഷത്തുനിൽക്കുന്ന കൃതികൾക്ക് നമ്മൾ രൂപം നൽകണം എന്നുമുള്ള കാഴ്ചപ്പാടല്ല അത് മുന്നോട്ടുവച്ചത്. അതിനുമുമ്പുള്ള മഹത്തായ കൃതികളെല്ലാം പുരോഗമനപക്ഷത്തുതന്നെയാണ്, നിരവധി സങ്കീർണതകളോടെ നിലകൊള്ളുന്നത്. എന്നാൽ, ഇപ്പോൾ സാഹിത്യവും കലയുമൊക്കെ സ്വയം സമരസജ്ജമാകണം എന്നുവന്നു. കാരണം, ഫാസിസ്റ്റ് കാലഘട്ടത്തിൽ, ജനാധിപത്യ- മാനവിക- മതേതര മൂല്യങ്ങളുള്ള കൃതികളാണ് ചുട്ടുകരിക്കപ്പെട്ടത്. ബ്രഹ്തിന്റെ ഒരു കവിതയുണ്ടല്ലോ, ദി ബേണിങ് ഓഫ് ദ ബുക്‌സ്. നാടുകടത്തപ്പെട്ട എഴുത്തുകാരൻ നിരോധിക്കപ്പെട്ട പുസ്തകങ്ങളുടെ പട്ടിക നോക്കിയപ്പോൾ, അയാളുടെ പുസ്തകത്തിന്റെ പേരില്ല. എന്റെ പുസ്തകം സത്യം പറഞ്ഞിരുന്നില്ലേ? നിങ്ങൾ എന്താണ് അത് കത്തിക്കാതിരുന്നത് എന്നുചോദിച്ച് അയാൾ രോഷാകുലനാകുന്നതിനെക്കുറിച്ചാണ് കവിത.
ചരിത്രത്തിലെ പ്രത്യേകമായൊരു പാശ്ചാത്തലത്തിലാണ് സമരസജ്ജമായ സാഹിത്യം, പൊരുതുന്ന സാഹിത്യം (‘നിലത്തിരുന്ന് എഴുതുന്നവർ പ്രകീർത്തിക്കപ്പെടുന്ന ഒരു കാലം വരും, സ്വർണസിംഹാസനങ്ങളിലിരുന്ന് എഴുതുന്നവർ ചോദ്യം ചെയ്യപ്പെടും'- ബ്രഹ്ത്) എന്നിവ വരുന്നത്. അത്, നേരത്തെ പറഞ്ഞ മുതലാളിത്തത്തിൽനിന്ന് വ്യത്യസ്തമാണ്. മുതലാളിത്തത്തിന്റെ ലിബറൽ മൂല്യങ്ങളെപ്പോലും ചുട്ടുകരിക്കുന്ന ഒരു ഫാസിസ്റ്റ് അന്തരീക്ഷത്തിലാണ് സാർവദേശീയ പുരോഗമനപ്രസ്ഥാനം വരുന്നത്.
ബോധപൂർവം, രാഷ്ട്രീയ കാഴ്ചപ്പാട് എന്ന നിലയിൽ തന്നെ കൃതികൾ പ്രവർത്തിക്കേണ്ട ഒരു കാലത്താണ് നമ്മൾ ജീവിക്കുന്നത്. പുരോഗമന സാഹിത്യം, അതിനുമുമ്പുള്ള സാഹിത്യത്തെ ശരിയായി മനസ്സിലാക്കുകയും സ്വന്തം കാലത്തോട് സൂക്ഷ്മമായി പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്.
എന്നാൽ ഇന്ത്യയിലെ അവസ്ഥ എന്തായിരുന്നു?
ജനകീയ കല എന്ന ഫോക്ക് ആർട്ടിൽ ചിതറിക്കിടക്കുന്ന അനേകം ചെറുത്തുനിൽപ്പുകളുണ്ട്. ഭക്തിപ്രസ്ഥാനം, നവോത്ഥാനപ്രസ്ഥാനം, സാമ്രാജ്യത്വ വിരുദ്ധപ്രസ്ഥാനം എന്നിവയിലെല്ലാം ഇത്തരം ചെറുത്തുനിൽപ്പുകളുണ്ട്. അതിന്റെയൊക്കെ പാശ്ചാത്തലത്തിലാണ് ഇന്ത്യയിൽ, 1936ൽ, സാർവദേശീയ സമ്മേളനത്തിന്റെ സ്പിരിറ്റ് ഉൾക്കൊണ്ടും ഇവിടെ നടന്നുകൊണ്ടിരുന്ന സാമ്രാജ്യത്വവിരുദ്ധ- ജനകീയ മുന്നേറ്റങ്ങളുടെ കരുത്ത് ഉൾക്കൊണ്ടും ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ സമ്മേളനപ്പന്തലിൽ രണ്ടു സമ്മേളനങ്ങൾ നടന്നത്. ഒന്ന്, കർഷകരുടെ സമ്മേളനം, രണ്ട്, എഴുത്തുകരുടെ സമ്മേളനം. കർഷകരുടെ സമ്മേളനത്തിന്റെ മുദ്രാവാക്യം; കൃഷിഭൂമി കൃഷിക്കാർക്ക്. പുരോഗമന സാഹിത്യകാരന്മാരുടെ സമ്മേളനത്തിന്റെ മുദ്രാവാക്യം; കലയും സാഹിത്യവും ജനങ്ങൾക്ക്. ഇതിന്റെ തുടർച്ചയിലാണ്, 1937ൽ കേരളത്തിൽ പുരോഗമന സാഹിത്യപ്രസ്ഥാനമുണ്ടാകുന്നത്.
ഒരു സവിശേഷ ചരിത്രസന്ദർഭത്തിൽ, അതുവരെയുള്ള സാഹിത്യത്തിന്റെ ജനകീയ സാധ്യതകളെ മുഴുവൻ സ്വാഗതം ചെയ്തുകൊണ്ട്, എന്നാൽ, സാഹിത്യത്തെ സംബന്ധിച്ച് പ്രത്യക്ഷമായ ഒരു നിലപാട് പ്രഖ്യാപിക്കേണ്ട ഒരു സന്ദർഭം വന്നിരിക്കുന്നു എന്ന തിരിച്ചറിവിലാണ് പുരോഗമന സാഹിത്യപ്രസ്ഥാനം ഉണ്ടാകുന്നത്. അതിന്റെ കൂടി രൂപീകരണ പാശ്ചാത്തലത്തിലാണ്, അതുവരെ സാഹിത്യത്തിലേക്ക് പ്രവേശനം ലഭിക്കാതിരുന്ന ഒരു വലിയ വിഭാഗം സാഹിത്യത്തിലേക്ക് കടന്നുവരുന്നത്.
അതേസമയം, തിരിച്ചറിയേണ്ട ഒരു കാര്യമുണ്ട്. പഴയ കാലത്ത് വേശ്യകൾ എന്നുവിളിച്ച, പുതിയ കാലത്ത് ലൈംഗികത്തൊഴിലാളികൾ എന്ന് ശരിയായി തിരിച്ചറിഞ്ഞ പുറമ്പോക്കുവൽക്കരിക്കപ്പെട്ട സ്ത്രീകളെ പുരോഗമനസാഹിത്യം വലിയതോതിൽ കൃതികളിലേക്ക് സ്വാഗതം ചെയ്തു. നമ്മൾ മനസ്സിലാക്കേണ്ടത്, ഡോസ്റ്റോയെവ്സ്കിയുടെ കുറ്റവും ശിക്ഷയും എന്ന നോവലിൽ, ഏറ്റവും അന്തഃസംഘർഷം അനുഭവിക്കുന്ന സന്ദർഭത്തിൽ റാസ്‌കോൽ നിക്കോവ് മുട്ടുകുത്തുന്നത് സോണിയ എന്ന ലൈംഗികത്തൊഴിലാളിയുടെ മുന്നിലാണ്. ഉപേക്ഷിക്കപ്പെട്ട മനുഷ്യരെ ഉൾക്കൊള്ളാൻ മഹത്തായ കൃതികൾക്ക് കഴിഞ്ഞിട്ടുണ്ട്. നാം ജീവിക്കുന്ന സമൂഹത്തിൽ, പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തിൽ, മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധത്തിൽ, ഒക്കെ നിരവധിയായ വൈരുധ്യങ്ങളുണ്ട്. ഒരു കൃതി മഹത്താകുന്നത്, വൈവിധ്യങ്ങളുടെയും വൈരുധ്യങ്ങളുടെയും സൂക്ഷ്മതയെയും നാനാത്വത്തെയും ഉൾക്കൊള്ളാനും പരിഹരിക്കാനും കഴിയുമ്പോഴാണ്. പുരോഗമന സാഹിത്യപ്രസ്ഥാനത്തിനുമുമ്പുള്ള പല കൃതികളിലും ഇതുണ്ട്. പക്ഷെ, അത് ഒറ്റപ്പെട്ട പ്രതിഭാശാലികളുടെ സർഗാത്മകയുടെ സ്‌ഫോടനങ്ങൾ എന്ന നിലയ്ക്കാണ് ചരിത്രത്തിൽ സംഭവിച്ചത്. അങ്ങനെ പോരാ, ഇതിനെ ബോധപൂർവംതന്നെ, രാഷ്ട്രീയ കാഴ്ചപ്പാട് എന്ന നിലയിൽ തന്നെ കൃതികൾ പ്രവർത്തിക്കേണ്ട ഒരു കാലത്താണ് നമ്മൾ ജീവിക്കുന്നത് എന്ന തിരിച്ചറിവാണ്. അതായത്, പുരോഗമന സാഹിത്യം, അതിനുമുമ്പുള്ള സാഹിത്യത്തെ ശരിയായി മനസ്സിലാക്കുകയും സ്വന്തം കാലത്തോട് സൂക്ഷ്മമായി പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. അതിന്റെ ഭാഗമായിട്ടാണ്, ഇവിടെ തകഴിയുടെ, ദേവിന്റെ, പൊറ്റെക്കാടിന്റെ, ബഷീറിന്റെ, ഉറൂബിന്റെയൊക്കെ കൃതികളുണ്ടാകുന്നത്.
കല കലയ്ക്കുവേണ്ടി എന്നത് പുരോഗമനപരമാണ്. കാരണം, കല രാജാവിനുവേണ്ടി, കല പ്രഭുവിനുവേണ്ടി, കല വ്യക്തിക്കുവേണ്ടി, കല കമ്പോളത്തിനു വേണ്ടി എന്നൊരു കാഴ്ചപ്പാടുമായി താരതമ്യപ്പെടുത്തിയാൽ, കല കലയ്ക്കുവേണ്ടി എന്നത് പുരോഗമനപരമാണല്ലോ. അതായത്, രാജാവിന്റെ കാലിനടിയിൽനിന്നും കമ്പോളത്തിന്റെ പിടിയിൽനിന്നും കലയെ വീണ്ടെടുക്കുകയാണല്ലോ അത് ചെയ്യുന്നത്.
കുമാരനാശാൻ, ‘ദുരവസ്ഥ’യിൽ ഭയാശങ്കകളോടെ നിർവഹിച്ച ഒരു കാര്യമാണ് ധീരമായി പുരോഗമന സാഹിത്യം ഏറ്റെടുത്തത്. അതുകൊണ്ടാണ്, ഇ.എം.എസ് ഈ കൃതിയെ പുരോഗമനസാഹിത്യത്തിന്റെ മുന്നോടി എന്നു പറഞ്ഞത്.
ജനാധിപത്യ ഭരണക്രമം എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഭരണക്രമങ്ങൾ അടിസ്ഥാന ജനതയുടെ അവകാശങ്ങൾ നിഷേധിക്കുന്ന, അങ്ങനെ നിഷേധിക്കുമ്പോഴും അത് ജനാധിപത്യമാണെന്ന് അവരെ ബോധ്യപ്പെടുത്തുന്നതിൽ വിജയിക്കുകയും ചെയ്യുന്ന, ഒരു പ്രത്യേക രാഷ്ട്രീയ പാശ്ചാത്തലത്തോട് സ്വയം എതിരിടുകയും എതിരിടാൻ ജനങ്ങൾക്ക് ഊർജം പകരുകയും ചെയ്യുക എന്ന പ്രത്യേക ദൗത്യം കലയിൽ വന്നുചേർന്നിരിക്കുന്നു. ദുരവസ്ഥയുടെ മുഖവുരയിൽ കുമാരനാശാൻ പറയുന്നുണ്ടല്ലോ, ഭൂതകാലവും പരോക്ഷതയുമാണ് കൃതികളെ സംബന്ധിച്ച് സൗകര്യപ്രദം എന്ന്. വർത്തമാനകാലത്തെ അവതരിപ്പിക്കുന്നത് വലിയ പ്രശ്‌നങ്ങൾക്കിടയാക്കും. അതുകൊണ്ട്, ദുരവസ്ഥയിൽ മാപ്പ് പോലും ചോദിക്കുന്നുണ്ടല്ലോ. കുമാരനാശാൻ ഭയാശങ്കകളോടെ നിർവഹിച്ച ഒരു കാര്യമാണ് ധീരമായി പുരോഗമന സാഹിത്യം ഏറ്റെടുത്തത്. അതുകൊണ്ടാണ്, ഇ.എം.എസ് ഈ കൃതിയെ പുരോഗമനസാഹിത്യത്തിന്റെ മുന്നോടി എന്നു പറഞ്ഞത്.
അതായത്, സ്വന്തം കാലത്തെ അഭിമുഖീകരിക്കേണ്ടതുണ്ട് എന്ന് തിരിച്ചറിയുക, അതോടൊപ്പം, സാഹിത്യത്തെ സംബന്ധിച്ച് ഏറ്റവും സൗകര്യപ്രദം ഭൂതകാലവും പരോക്ഷതയുമാണ് എന്ന് ഇതുവരെയുള്ള അനുഭവത്തിന്റെ അടിസ്ഥാനത്തിൽ തിരിച്ചറിയുക- ഈയൊരു സംഘർഷമാണ് കുമാരനാശാൻ അനുഭവിച്ചത്. ആ ഒരു ചാഞ്ചല്യം ഇല്ലാതെ തന്നെ വർത്തമാനകാലത്തെ അഭിമുഖീകരിക്കാൻ ഇന്നത്തെ എഴുത്തുകാർ ധീരരാവണം എന്നൊരു കാഴ്ചപ്പാടാണ് പുരോഗമന സാഹിത്യം അന്ന് മുന്നോട്ടുവച്ചത്. ഏത് ചരിത്രഘട്ടത്തിലും ഏത് കാഴ്ചപ്പാടും മുന്നോട്ടുവക്കുമ്പോഴും, പ്രത്യേകിച്ച് സമരോത്സുക സമീപനം പുലർത്തുന്ന ഏതൊരു സംഘടനക്കും ചിലതിന് മുൻഗണന നൽകേണ്ടിവരും. ആ മുൻഗണന ആ സന്ദർഭത്തിൽ ശരിയായിരിക്കുമ്പോഴും, മറ്റുതരത്തിലുള്ള വിശകലനം നോക്കുമ്പോൾ അതിന്റെ വീഴ്ചകൾ വ്യക്തമാകും. അതുകൊണ്ട്, പുരോഗമന സാഹിത്യപ്രസ്ഥാനം സ്വന്തം മുൻഗണനകളിൽ വരുന്ന മാറ്റത്തെ അതിന്റെ തെറ്റുകൾ എന്നുപറഞ്ഞ് തിരുത്തിയിട്ടുണ്ട്. അതിനെ കേവല തെറ്റ്- കേവല ശരി എന്നൊരു ദ്വന്ദ്വത്തിലേക്ക് ചുരുക്കാൻ പറ്റില്ല.
മലയാള കവിത സവർണസദ്യയാണ് എന്ന് എം.പി. ശങ്കുണ്ണിനായർ പറയുന്നുണ്ട്. എന്നാൽ, ഇപ്പോൾ മലയാള കവിത പൊറോട്ടയും ബിരിയാണിയും ബീഫും കൂടിയാണ്. ഇതേപേരിൽ തന്നെ കഥകളും കവിതകളുമുണ്ട്. ശങ്കുണ്ണിനായർ പറഞ്ഞത് തെറ്റല്ല. അതുവരെയുള്ള കവിതകളെ പഠിച്ചതിന്റെ അടിസ്ഥാനത്തിൽ, കവിത പാരമ്പര്യ സംരക്ഷകമാണ് എന്നൊരു കാഴ്ചപ്പാട് അദ്ദേഹം ആദ്യം മുന്നോട്ടുവച്ചു. അതേസമയം, ഇവിടെ പലതരം പാരമ്പര്യങ്ങളുണ്ട് എന്ന് തിരിച്ചറിയുന്നതിൽ അദ്ദേഹം പരാജയപ്പെട്ടു. അതിൽ ഒരു പാരമ്പര്യത്തെ അദ്ദേഹം കൃത്യമായി അടയാളപ്പെടുത്തി. അത് സവർണപാരമ്പര്യമാണ്. ആ സവർണ പാരമ്പര്യത്തിന്റെ ഭക്ഷണവും ആചാരവും ജീവിതവുമാണ് പൊതുവേ ആ കാലത്തെ കവിതയും പങ്കുവച്ചത്.
ഇന്ദുലേഖ ഇംഗ്ലീഷിലാണ് ചിരിക്കുന്നത്. സംസ്‌കൃതമാണ് ചൊല്ലുന്നത്. ഇന്ദുലേഖ എഴുതപ്പെട്ട അതേകാലത്തുതന്നെയാണ്, മൂന്നുകൊല്ലം കഴിഞ്ഞപ്പോൾ പോത്തേരി കുഞ്ഞമ്പു സരസ്വതീവിജയം എഴുതുന്നത്.
പുതിയ ഒരു ദലിത് കൃതിയിൽ, അസാധാരണ ഗന്ധമുള്ള ബോട്ടിക്കറിയെക്കുറിച്ച് സൂചനയുണ്ട്. വൈലോപ്പിള്ളിയുടെ ഗന്ധങ്ങൾ എന്ന കവിതയിൽ ആദ്യ മഴ വീഴുമ്പോഴുള്ള മണ്ണിന്റെ ഗന്ധം, പുതുപുസ്തകങ്ങളുടെ ഗന്ധം, നെയ്തലാമ്പലിന്റെ ഗന്ധം എന്നിവയെക്കുറിച്ചാണ് പറയുന്നത്. പക്ഷെ, ലിംബാലെയുടെ കൃതിയിൽ ആട്ടിറച്ചി നന്നായി വരട്ടിയിട്ട് നിശാഗന്ധിപ്പൂക്കളുടെ ഗന്ധം എന്നു പറയുന്നുണ്ട്. ഒരു പ്രത്യേകതരം ജീവിതം നയിച്ച മനുഷ്യർ, ആ ജീവിതമാണ് എല്ലാ ജീവിതങ്ങളുടെയും മാതൃക എന്ന് കരുതുന്നുണ്ടെങ്കിൽ അത് മേൽക്കോയ്മയാണ്. ആ മേൽക്കോയ്മ വിതരണം ചെയ്യാനുള്ള അനുബന്ധമായി സാഹിത്യവും കലയും മാറുന്നു. സവർണരുടെ വീട്ടന്തരീക്ഷം തന്നെ മലയാള സാഹിത്യത്തിന്റെ അന്തരീക്ഷമായി മാറുന്നു. ഇന്ദുലേഖ ഇംഗ്ലീഷിലാണ് ചിരിക്കുന്നത്. സംസ്‌കൃതമാണ് ചൊല്ലുന്നത്. ഇന്ദുലേഖ എഴുതപ്പെട്ട അതേകാലത്തുതന്നെയാണ്, മൂന്നുകൊല്ലം കഴിഞ്ഞപ്പോൾ പോത്തേരി കുഞ്ഞമ്പു സരസ്വതീവിജയം എഴുതുന്നത്.
നമ്മുടെ മഹത്തായ കൃതികളിൽ, പ്രത്യേകിച്ച് ആഹ്വാനമില്ലാതെ തന്നെ പലതരം മാറ്റങ്ങൾ- സവർണാനുകൂലവും സവർണവിരുദ്ധവുമായ- വന്നിട്ടുണ്ട്. ദുരവസ്ഥക്കുമുമ്പാണല്ലോ പണ്ഡിറ്റ് കറുപ്പന്റെ ജാതിക്കുമ്മി വരുന്നത്. പക്ഷെ, അതെല്ലാം ആ കാലത്തിന്റെ കൂടി ആവിഷ്‌കാരം എന്ന നിലയ്ക്കാണ് കാണേണ്ടത്. സാഹിത്യം ഒറ്റപ്പെട്ട വ്യക്തികളുടെ പ്രതിഭയുടെ പ്രകാശനം മാത്രമല്ല, അതിനെ സാധ്യമാക്കുന്ന സാമൂഹിക പാശ്ചാത്തലമുണ്ട്, അതുകൊണ്ട് സാമൂഹിക പാശ്ചാത്തലത്തെ കുറെക്കൂടി ജനകീയമാക്കാനുള്ള പ്രവർത്തനത്തിൽ അത് പങ്കുവഹിക്കണം. ജനങ്ങളിൽനിന്ന് ഊർജം ഉൾക്കൊള്ളുന്നുണ്ട്, എഴുത്തുകാർ, പലതരത്തിൽ. അതുകൊണ്ട്, ജനങ്ങളെ അവർ ഊർജ്ജമുള്ളവരാക്കി തീർക്കണം. അതിന് വേണമെങ്കിൽ യാഥാസ്ഥിതിക ആശയങ്ങളോട് ഏറ്റുമുട്ടണം. അതിന്റെ അടിസ്ഥാനത്തിലാണ്, പുരോഗമന സാഹിത്യം, സാഹിത്യത്തിലെ നിലപാട് വ്യക്തമാക്കിയത്. പൊളിറ്റിക്കൽ പൊസിഷൻ, ഈസ്‌തെറ്റിക് പൊസിഷൻ വ്യക്തമാക്കിയത്. അത് ഇന്നും പ്രസക്തമാണ്.
വ്യക്തി, സമൂഹം, വൈരുധ്യങ്ങൾ
കലയും സാഹിത്യവും സാമൂഹിക വിമോചനത്തിന്, ജനങ്ങൾക്ക്, കല സാമൂഹിക പുരോഗതിക്ക് എന്നൊക്കെയുള്ള മുദ്രാവാക്യങ്ങൾ മുന്നോട്ടുവക്കുമ്പോൾ സമൂഹം എന്നാൽ എന്താണ് എന്നുകൂടി ആലോചിക്കണം. ഇവിടെ യാന്ത്രിക സമീപനം പോരാ. ഉദാഹരണത്തിന്, തോട്ടിതൊഴിലാളികളെക്കുറിച്ചുള്ള അവതരണം സാമൂഹികം, അതേസമയം, അധ്യാപകരുടെയോ കല്ലുവെട്ടുകാരുടെയോ തോട്ടിയുടെ തന്നെയോ വ്യക്തിഗതമായ മാനസികലോകങ്ങളെക്കുറിച്ചുള്ള- രോഗം, മരണം, പ്രണയം- വിഷയങ്ങൾ അത്ര പ്രസക്തമല്ല എന്ന സമീപനം കാണാം. വ്യക്തിയല്ല സമൂഹമാണ് പ്രധാനം എന്ന ധാരണയനുസരിച്ച്, സാമൂഹിക കാര്യങ്ങൾക്ക് ഊന്നൽ നൽകുന്നു. ഇ.എം.എസ് തന്നെ പറയുന്നുണ്ട്, വ്യക്തി തന്നെയാണ് എഴുത്തിന്റെ ലോകം എന്ന്. വ്യക്തി തന്നെയാണ് സമൂഹം. വ്യക്തികൾ കൂടിച്ചേർന്ന് സമൂഹമുണ്ടാകുകയല്ല ചെയ്യുന്നത്, ഓരോ ചരിത്രഘട്ടത്തിലും സാമൂഹികത സ്വാശീകരിക്കുന്ന മനുഷ്യർ ആ മാനവികതയെ വെളിപ്പെടുത്തുന്നവർ എന്ന അർഥത്തിൽ സ്വയം വ്യക്തികളായി തീരുകയാണ്. അതുകൊണ്ട്, ഒരു ചരിത്രഘട്ടത്തിൽ എത്രമാത്രം സാമൂഹികത ഒരാൾക്ക് സ്വാംശീകരിക്കാൻ കഴിഞ്ഞു, അതാണ് അയാളുടെ വ്യക്തിത്വത്തിന്റെ മാനദണ്ഡം, അതാണ് അയാളുടെ വ്യക്തിത്വത്തിന്റെ വളർച്ച. നമ്മൾ ആധുനിക ശാസ്ത്ര- സാങ്കേതിക കാലത്ത് ജീവിച്ചുകൊണ്ട് നാടുവാഴിത്ത യുഗത്തിലെ മൂല്യങ്ങളാണ് സ്വാംശീകരിക്കുന്നത് എങ്കിൽ, നമ്മൾ വ്യക്തിയായിട്ടില്ല, പ്രജ തന്നെയാണ്. ആ നിലയ്ക്ക്, കേരളത്തിലെ ഭൂരിപക്ഷം മനുഷ്യരിൽ ഒരു വലിയ വിഭാഗം പ്രജകളാണ് ഇന്നും. അവർ രാജാവിനെയോ തമ്പ്രാനെയോ വണങ്ങുന്നില്ല, ആ നിലയ്ക്ക് അത് രാഷ്ട്രീയമാണ്, അതേസമയം, അവർ ഗാർഹിക ജീവിതത്തിലൊക്കെ പങ്കുവക്കുന്ന ആചാരങ്ങൾ, അനുഷ്ഠാനങ്ങൾ, നിലപാടുകൾ, സമീപനങ്ങൾ എല്ലാം വൈരുധ്യങ്ങൾ നിറഞ്ഞതാകും.
സി.എസ്. രാജേഷിന്റെ ഒരു കവിതയുണ്ട്, മുദ്രാവാക്യം.
നിലനിൽക്കുന്ന പുരോഗമനത്തെ പരിഹസിക്കുന്ന ഒരു രചനയാണ്, എന്നാൽ, അത് പുരോഗമന സാഹിത്യത്തിൽ ഉൾപ്പെടുത്തേണ്ട കൃതിയുമാണ്. ഒരു സറ്റയർ പോലെയാണ്. ഓർമയിൽനിന്ന് പറയാം: ഞങ്ങളിലില്ല ജാതിമതങ്ങൾ എന്ന് തൊണ്ടപൊട്ടുമാറ് വിളിച്ചുകൊടുക്കുമ്പോഴാണ് കുട്ടപ്പൻ സഖാവിന്റെ കൊച്ചുമോന്റെ കൂടെ നവ്യാമോളെ ഇടവഴിയിൽ കാണാറുള്ള കാര്യം കുറുപ്പുചേട്ടൻ ചെവിയിൽ പറയുന്നത്. ചുമ്മാതല്ല, ഈയിടെയായി ഈ മുദ്രാവാക്യം വിളിക്കുമ്പോൾ കുട്ടപ്പന് വല്ലാത്തൊരാവേശം. ഇനിയെന്റെ പട്ടി വിളിച്ചുകൊടുക്കും ആ പോക്രിത്തരം.
പൊതുജീവിതത്തിൽ നമ്മൾ പങ്കുവെക്കുന്ന ആശയങ്ങളും ഗാർഹിക ജീവിതത്തിൽ പങ്കുവെക്കുന്ന ആശയങ്ങളും തമ്മിൽ വൈരുധ്യമുണ്ട്. അതുകൊണ്ടാണ് തെരുവിലെ മുദ്രാവാക്യം വീട്ടിൽ പോക്രിത്തരമായി മാറുന്നത്. അത്, സ്വഭാവികമാണ്, അത് വ്യക്തികളുടെ മാത്രം പരിമിതിയുടെ പ്രശ്‌നവുമല്ല. അത് പരിമിതിയാകുന്നത് എപ്പോഴാണ്? ഇതൊരു പരിമിതിയാണ് എന്ന് തിരിച്ചറിയാത്ത സമയത്താണ്.
ആളുകൾ അരാഷ്ട്രീയമാകുന്നത് എവിടെയാണ്? പൊതുജീവിതത്തിൽ ഈ മുദ്രാവാക്യം വിളിക്കുന്നത് രാഷ്ട്രീയമാകും. തങ്ങൾ വിളിക്കുന്ന ഈ രാഷ്ട്രീയമുദ്രാവാക്യത്തിന്റെ പൊരുൾ എന്താണ് എന്നവർ മനസ്സിലാക്കാതിരിക്കുന്നു, അല്ലെങ്കിൽ മനസ്സിലാക്കിയിട്ടും അതിനെ വെറുമൊരു അലങ്കാരം മാത്രമാക്കുന്നു. നമ്മുടെ കാലത്ത് പുതിയൊരു അരാഷ്ട്രീയം രൂപപ്പെട്ടുവന്നിട്ടുണ്ട്. അത് രാഷ്ട്രീയമായിത്തന്നെയുള്ള ഒരു അരാഷ്ട്രീയമാണ്. വോട്ട് അരിവാളിനും മനസ്സ് താമരയ്ക്കും. ഈയൊരു വിഭജനം കേരള സമൂഹത്തിൽ വർധിച്ചുകൊണ്ടിരിക്കുകയാണ്. രണ്ടുതരത്തിലുള്ള അരാഷ്ട്രീയതയുണ്ട്. ഒന്ന്, ഭരണവർഗത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി രൂപപ്പെട്ട അരാഷ്ട്രീയത. രണ്ട്, ഭരണവർഗത്തെ എതിരിടുന്നതിനിടയിൽ തന്നെ, അതിന്റെ പൊരുളും സാംസ്‌കാരികമൂല്യവുമൊക്കെ നഷ്ടപ്പെട്ട് ഉപരിപ്ലവമായിത്തീരുന്ന ഒരു രാഷ്ട്രീയം.
പുരോഗമന സാഹിത്യവും മറ്റു സാഹിത്യങ്ങളും തമ്മിലുള്ള വ്യത്യാസം ഇ.എം.എസ് വേർതിരിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ കേരളത്തിന്റെ സാമൂഹികബോധത്തെ മുന്നോട്ടുനയിക്കുന്നതിൽ അദ്ദേഹം നിർണായക പങ്കുവഹിക്കുകയും ചെയ്തു.
അടിമഭാഷയുടെ വിമോചനം
കേരളത്തിന്റെ നവോത്ഥാനവുമായി ബന്ധപ്പെട്ടുതന്നെ, പുരോഗമന കാഴ്ചപ്പാടു പുലർത്തുന്ന നിരവധി കൃതികളും ആശയങ്ങളും രൂപപ്പെട്ടുവന്നിട്ടുണ്ട്. അന്ന്, അത് താരതമ്യേന ലളിതമായിരുന്നു. ഉദാഹരണത്തിന് വി.ടി. ഭട്ടതിരിപ്പാടൊക്കെ പറയുന്നുണ്ടല്ലോ, അമ്പലത്തിലെ ദേവനുള്ള നിവേദ്യം വിശക്കുന്ന മനുഷ്യർക്ക് ഞാൻ വച്ചുവിളമ്പും, ദേവന് ചുറ്റിയ പട്ടുടയാട വസ്ത്രമില്ലാത്ത മനുഷ്യർക്ക് ചീന്തിക്കൊടുക്കും. അങ്ങനെയാണ് അടുക്കളയിൽനിന്ന് അരങ്ങത്തേക്ക്, പ്രേംജിയുടെ ഋതുമതി തുടങ്ങിയ കൃതികളുണ്ടാകുന്നത്. ഇവ സാമൂഹികമായ വിവേചനത്തിനെതിരായ പ്രതിരോധമായിരുന്നു. കെ. ദാമോദരന്റെ പാട്ടബാക്കി പോലെ, അദ്ദേഹം നടത്തിയ സൈദ്ധാന്തിക ഇടപെടലുകൾ, എല്ലാം ചൂഷണത്തിനെതിരെയുള്ള പ്രതിരോധങ്ങളായിരുന്നു. അതുപോലെ, യോഗക്ഷേമസഭയുമായും മറ്റും ബന്ധപ്പെട്ട് ഇ.എം.എസ് നടത്തിയ ഇടപെടലുകൾ. അടുക്കളയിൽനിന്ന് അരങ്ങത്തേക്ക് എന്ന നാടകത്തിൽ അദ്ദേഹം അഭിനയിച്ചിട്ടുമുണ്ടല്ലോ. പുരോഗമന സാഹിത്യവും മറ്റു സാഹിത്യങ്ങളും എന്ന പേരിൽ, ഇവ രണ്ടും തമ്മിലുള്ള വ്യത്യാസം ഇ.എം.എസ് വേർതിരിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ കേരളത്തിന്റെ സാമൂഹികബോധത്തെ മുന്നോട്ടുനയിക്കുന്നതിൽ അദ്ദേഹം നിർണായക പങ്കുവഹിക്കുകയും ചെയ്തു. ഇക്കാര്യം എളുപ്പം മനസ്സിലാക്കാൻ എം.പി. പോൾ, വൈക്കം മുഹമ്മദ് ബഷീറിനെക്കുറിച്ചും തന്നെക്കുറിച്ചും നടത്തിയ നിരീക്ഷണം മതി. പഴയ ആ സവർണകാലം തന്നെയാണ് സാഹിത്യലോകത്ത് നിലനിന്നിരുന്നത് എങ്കിൽ എഴുത്തുകാരൻ ആകാനാകാതെ വൈക്കം മുഹമ്മദ് ബഷീർ സോപ്പ് ചീപ്പ് കണ്ണാടി എന്നൊക്കെ തെരുവിൽ നീട്ടിവിളിച്ചുനടക്കുന്ന ഒരു തെരുവുകച്ചവടക്കാരനായി തീരുമായിരുന്നു. ഞാനായിരുന്നുവെങ്കിൽ സരസ്വതീഗന്ധം തിരിയാത്ത ഒരു കത്തനാരും.
കത്തനാരാകുന്നതിൽനിന്ന് എം.പി. പോളിനെയും തെരുവുകച്ചവടക്കാരനാകുന്നതിൽനിന്ന് ബഷീറിനെയുമൊക്കെ മാറ്റിത്തീർക്കുന്നതിൽ പുരോഗമന സാഹിത്യപ്രസ്ഥാനം സൃഷ്ടിച്ച ഒരു ഭാവുകത്വ സ്‌ഫോടനമുണ്ട്. ബഷീർ സ്വയം പ്രഖ്യാപിച്ച പുരോഗമന സാഹിത്യകാരനല്ലല്ലോ, എന്നാൽ, അദ്ദേഹത്തിന്റെ കൃതികളിൽ പുരോഗമന സാഹിത്യത്തിന്റെ തുറന്ന കാഴ്ചപ്പാടാണല്ലോ ഉള്ളത്. ഉദാഹരണത്തിന് ബഷീറിന്റെ ഭാഷ. അത് ആഢ്യഭാഷയെ എതിരിട്ട് നടത്തിയ നിരവധി ഇടപെടലുകളുടെ ഭാഗമായി വിമോചിതമായ ഒരടിമഭാഷയാണ്.
മലയാളഭാഷ ഫ്യൂഡൽകാലത്ത് അടിമമലയാള ഭാഷയും ഉടമമലയാള ഭാഷയുമായി രണ്ടായി വിഭജിക്കപ്പെട്ടിരുന്നു. 1936ലാണല്ലോ ശിവരാമൻ എന്നൊരു ഈഴവയുവാവ്, ഒറ്റപ്പാലത്ത് കണ്ണിയൻപറമ്പ് എന്ന് സ്ഥലത്തുവച്ച്, ഒരു മലയാളവാക്ക് ഉച്ചരിച്ചതിന്റെ പേരിൽ കൊല്ലപ്പെട്ടത്. ഉപ്പ് തരൂ എന്നു പറഞ്ഞതിനാണ് അയാൾ കൊല്ലപ്പെട്ടത്. അധഃസ്ഥിതർ, ആചാരഭാഷയിൽ പുളിക്കുന്നത് എന്നേ പറയാവൂ, നവോത്ഥാനത്തിന്റെ ഊർജം ഉൾക്കൊണ്ട് അത് അയാൾ തെറ്റിച്ചു, കൊല്ലപ്പെട്ടു. അങ്ങനെയുള്ള രീതികളിൽനിന്നാണ് ബഷീറിന്റെയും തകഴിയുടെയും ദേവിന്റെയുമൊക്കെ ഭാഷയിലെ വിപ്ലവത്തെ കാണേണ്ടത്. പുരോഗമന സാഹിത്യം ഭാഷയിൽ വലിയ മാറ്റമാണുണ്ടാക്കിയത്. 1836ലാണ് വൈകുണ്ഠ സ്വാമികളുടെ സമതാ സമാജം വരുന്നത്. 1852ലാണ് ഫസൽ പൂക്കോയ തങ്ങളൊക്കെ, ഞാൻ എന്നു പറയണം, ഉച്ഛിഷ്ടം തിന്നരുത്, നിവർന്നുനിൽക്കണം, ചെയ്ത ജോലിക്ക് കൂലി ചോദിച്ചുവാങ്ങണം, അങ്ങുന്ന്- തമ്പുരാൻ എന്ന് വിളിക്കരുത് എന്നൊക്കെ പറയുന്നത്. അതുകഴിഞ്ഞ്, 1921ലാണ് മലബാറിലെ ഏറ്റവും വലിയ കർഷകസമരം. അതിന്റെ തുടർച്ചയിലാണ്, 1922ൽ ദുരവസ്ഥ വരുന്നത്. അതിൽ, സാവിത്രി പറയുന്നുണ്ട്, തമ്പ്രാൻ എന്നും തമ്പ്രാട്ടി എന്നും വിളിക്കരുത് എന്ന്. 1929ലാണ് ഇതേകാര്യം നമ്പൂതിരി യുവജനസംഘം പറയുന്നത്. 1938ലാണ്, ആത്മാഭിമാനധ്വംസകമായ പദപ്രയോഗങ്ങൾ അരുത് എന്ന് വള്ളുവനാട് കർഷകസംഘം പ്രമേയം പാസാക്കുന്നത്. അതിന്റെ തുടർച്ചയിലാണ് ‘തമ്പ്രാനെന്നു വിളിക്കില്ല, പാളേൽ കഞ്ഞി കുടിക്കില്ല' എന്ന മുദ്രാവാക്യം വരുന്നത്. ഇവയുടെയും പുരോഗമസാഹിത്യപ്രസ്ഥാനത്തിന്റെയും കർഷക സമരങ്ങളുടെയുമൊക്കെ പാശ്ചാത്തലത്തിലാണ് ഐക്യകേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് സർക്കാർ വരുന്നത്. ഈ സർക്കാറിനെ അട്ടിമറിച്ച വിമോചനസമരത്തോടെയാണ് സത്യത്തിൽ ഭാവുകത്വത്തിൽ ഒരു അട്ടിമറി നടക്കുന്നത്. അതിന്റെ പാശ്ചാത്തലത്തിലാണ് സാഹിത്യത്തിലെ പൈങ്കിളിയൊക്കെ സത്യത്തിൽ രൂപപ്പെടുന്നത്. അടിമഭാഷയെ പ്രതിരോധിച്ചുകൊണ്ട് ഒരു ജനാധിപത്യഭാഷ രൂപപ്പെട്ടല്ലോ, അതിനെ പൊളിക്കുന്ന തരത്തിലാണ് അന്നത്തെ മുദ്രാവാക്യങ്ങളുണ്ടായത്. അവയെ രണ്ടായി വിഭജിക്കാം. ഒന്ന്, രാഷ്ട്രീയമായി കമ്യൂണിസ്റ്റുകാർക്കെതിരെ വിളിച്ച മുദ്രാവാക്യം: ‘നമ്പൂരി താടി വടിക്കാൻ പോയ്ക്കൂടേ?'
കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ സംബന്ധിച്ച് നമ്പൂരി പൂജ ചെയ്യുന്നതും താടി വടിക്കുന്നതും കള്ള് ചെത്തുന്നതും കല്ല് വെട്ടുന്നതുമെല്ലാം ഒരേതരത്തിലുള്ള തൊഴിലാണ്. ആ മുദ്രാവാക്യം വിളിച്ചവർ മോശമായ രീതിയിലാണ് അത് വിളിച്ചത് എങ്കിലും സൂക്ഷ്മതലത്തിൽ അത് അങ്ങനെ മോശം ഒന്നായിരുന്നില്ല. സ്വയം താടി വടിക്കുന്നവർക്ക് നല്ല കഴിവുണ്ടെങ്കിൽ മറ്റുള്ളവരുടെ താടിയും വടിക്കാവുന്നതാണ്. മറ്റൊരു മുദ്രാവാക്യം, ‘മന്നം നാടുഭരിക്കട്ടെ, ചാത്തൻ പുല്ലു പറിക്കട്ടെ', ‘കള്ളച്ചാത്തനെ വച്ചുപുലർത്താൻ നാണമില്ലേ നമ്പൂരീ.'
കമ്യൂണിസ്റ്റ് എന്ന് അവസ്ഥയിൽനിന്ന് നമ്പൂരിയെ വേറൊരുതരത്തിൽ കാണുന്ന ജാതിയുടെ ഒരു സർക്കസുണ്ട്.
അടിമഭാഷ പൊളിക്കുന്നതിനും പുറമ്പോക്കിലേക്ക് ഉപേക്ഷിക്കപ്പെട്ട ജനതയെ സാഹിത്യത്തിലെയും ജീവിതത്തിലെയും നായകപദവിയിലേക്ക് കൊണ്ടുവരുന്നതിലും പുരോഗമന സാഹിത്യം വഹിച്ച പങ്ക് വളരെ വലുതാണ്. ഇപ്പോൾ വലതുപക്ഷ കാഴ്ചപ്പാട് രാഷ്ട്രീയമായി പുലർത്തുന്നവർ പോലും പഴയ ശുദ്ധകലാവാദം പോലുള്ളവ പറയുന്നില്ല. മാത്രമല്ല, ഇപ്പോൾ വായനയുടെ മണ്ഡലത്തിൽ ദലിത് വായന, സ്ത്രീപക്ഷ വായന തുടങ്ങി നിരവധി വായനകൾ വികസിച്ചുവന്നു. കേരളത്തിന്റെ പാശ്ചാത്തലത്തിൽ പുരോഗമന സാഹിത്യം നടത്തിയ ഇടപെടലുകൾ കൂടി ഇതിൽ വലിയ സംഭാവന നൽകിയിട്ടുണ്ട്.
മുമ്പ്, പുരോഗമന സാഹിത്യത്തിന്റെ പാശ്ചാത്തലത്തിലാണ്, ജോസഫ് മുണ്ടശ്ശേരി, ‘വായനക്കാർ എഴുത്തുകാരാകട്ടെ’ എന്നാശംസിക്കുന്നത്. ഇന്ന്, വായനയും എഴുത്തും വേർതിരിയുന്ന അതിർത്തി മുമ്പത്തേക്കാൾ എത്രയോ നേർത്തുനേർത്ത് വന്നിട്ടുണ്ട്. ഇതൊരു മുന്നേറ്റമാണ്. ഇത് സാധ്യമാക്കിയതിന് പുരോഗമന സാഹിത്യം തത്വത്തിലും പ്രയോഗത്തിലും വഹിച്ച പങ്കുണ്ട്. ഉദാഹരണത്തിന്, കേരളത്തിലെ വായനശാലകൾ, കലാ സമിതികൾ, ഇവിടങ്ങളിൽ നടന്ന ചർച്ചകൾ, അവതരിപ്പിച്ച നാടകങ്ങൾ, ഇതെല്ലാം കൂടി ചേർന്നതാണ്, പുരോഗമന സാഹിത്യ പ്രസ്ഥാനം, അല്ലാതെ സംഘടന എന്ന അർഥത്തിൽ മാത്രമല്ല.
പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്റെ പക്ഷത്തുനിൽക്കുന്നു എന്നതുകൊണ്ടുമാത്രം ഒരാളുടെ കൃതി പുരോഗമനകരം ആകണമെന്നില്ല. പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്റെ എതിർപക്ഷത്തുനിൽക്കുന്നവരുടെ കൃതി ചിലപ്പോൾ പുരോഗമനപരമാകാം.
വ്യത്യസ്ത വിമർശനങ്ങൾ, വ്യത്യസ്ത സാധ്യതകൾ
എൺപതുകളുടെ പകുതിയിൽ തന്നെ ആഗോളീകരണത്തിന്റെയും ഫാസിസ്റ്റുവൽക്കരണത്തിന്റെയും അന്തരീക്ഷം ശക്തമായിത്തീരുന്നുണ്ട്. ആ സമയത്ത് എഴുത്തുകാരുടെയും കലാകാരരുടെയും വിപുലമായ കൂട്ടായ്മയുമുണ്ടാകുന്നുണ്ട്. തല പോകുന്ന ഒരു കാലത്ത്, തലനാരിഴകീറിയുള്ള തർക്കങ്ങൾക്ക് പ്രസക്തിയില്ല. വിപുലമായ ഒരു കൂട്ടായ്മ, ഐക്യവേദി അതാണ്, പുരോഗമന സാഹിത്യ പ്രസ്ഥാനം 1992ലെ പെരുമ്പാവൂർ സമ്മേളനത്തിൽ മുന്നോട്ടുവച്ചത്.
പുരോഗമന സാഹിത്യപ്രസ്ഥാനം നേരത്തെ മുന്നോട്ടുവച്ച ചില ആശയങ്ങളുണ്ട്. പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്റെ പക്ഷത്തുനിൽക്കുന്നു എന്നതുകൊണ്ടുമാത്രം ഒരാളുടെ കൃതി പുരോഗമനകരം ആകണമെന്നില്ല. പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്റെ എതിർപക്ഷത്തുനിൽക്കുന്നവരുടെ കൃതി ചിലപ്പോൾ പുരോഗമനപരമാകാം. ഇത് ഒരു പുതിയ കാഴ്ചപ്പാടല്ല. പ്രമുഖ മാർക്‌സിസ്റ്റ് സൈദ്ധാന്തികനായ ജോർജി പ്ലഖനോവ്, ഒരു ഫ്യൂഡൽ പാശ്ചാത്തലമാണ് ടോൾസ്‌റ്റോയിയിൽ കണ്ടത്. അത് ശരിയുമായിരുന്നു. എന്നാൽ, റഷ്യയുടെ സവിശേഷമായ പാശ്ചാത്തലത്തിൽ ടോൾസ്‌റ്റോയിയുടെ കൃതികൾ, റഷ്യൻ വിപ്ലവത്തിന്റെ കണ്ണാടിയാണെന്ന് തിരിച്ചറിഞ്ഞ് ലെനിൻ നടത്തിയ ഇടപെടലുമുണ്ട്. വ്യക്തിപരമായ പ്രഭുപക്ഷപാതം പുലർത്തുന്ന ഒരാളുടെ കൃതി പ്രഭുക്കളുടെ പതനം തുറന്നുകാണിക്കുന്ന ഒരു കൃതിയായി മാറാം. അത് സാധ്യതയാണ്. ആ സാധ്യതയെ പുരോഗമന സാഹിത്യപ്രസ്ഥാനം എന്നും ഉൾക്കൊണ്ടിട്ടുണ്ട്. എന്നാൽ, അതിനെ ആദർശവൽക്കരിക്കേണ്ടതില്ല. പക്ഷെ, അതിനപ്പുറത്ത്, വലതുപക്ഷ ആശയമുള്ള കൃതികൾ പോലും, അത്തരം കാഴ്ചപ്പാട് പുലർത്തുന്നവർ പോലും, ഈയൊരു വിപുലമായ കൂട്ടായ്മയിൽ, മതനിരപേക്ഷതയെയോ ജനാധിപത്യത്തെയോ പിന്തുണക്കുന്ന എന്തെങ്കിലുമൊന്നുണ്ടെങ്കിൽ, അതിനെ മുഴുവൻ ചേർത്തുപിടിക്കുക എന്ന സമീപനമാണ് പെരുമ്പാവൂർ രേഖയിൽ എടുത്തിട്ടുള്ളത്.
നാം 2022ലാണ് സംസാരിക്കുന്നത്. ഇന്നത്തെ ഇന്ത്യൻ അവസ്ഥ എന്താണ്? ഒരു ഉദാഹരണം പറയാം. ഒമ്പതു മിനിറ്റുള്ള, പ്രത്യക്ഷത്തിൽ ഒരുതരം പ്രകോപനവും ഇല്ലാത്ത, സന്ദീപ് രവീന്ദ്രനാഥിന്റെ Anthem for Kashmir നിരോധിച്ചു. അതേസമയം, ഇന്ത്യൻ പ്രധാനമന്ത്രി മുതൽ വിവേക് അഗ്‌നിഹോത്രിയുടെ കാശ്മീർ ഫയൽസിനെ ഉയർത്തിപ്പിടിച്ചുകൊണ്ടിരിക്കുകയാണ്. കാശ്മീരിലെ ജനത, പ്രത്യേകിച്ച് മുസ്‌ലിം ജനത ഭീകരരാണ് എന്ന ധാരണ സൃഷ്ടിക്കുന്ന ഒരു സിനിമയാണിത്. ഇന്ത്യ ചരിത്രത്തിലെ ഏത് പ്രതിസന്ധിയേക്കാളും ഭീകരമായ പ്രതിസന്ധിയാണ് ഇന്നുള്ളത്. ഇരകൾക്കുവേണ്ടി പൊരുതുന്നവർ കുറ്റവാളികളാക്കപ്പെടുന്നു. ടീസ്റ്റ സെതൽവാദിന്റെ, ആർ.ബി. ശ്രീകുമാറിന്റെ, സജ്ഞീവ് ഭട്ടിന്റെ മുതൽ റാണാ അയൂബിന്റെയും അരുന്ധതി റോയിയുടെയും വരെ പ്രത്യക്ഷാനുഭവങ്ങൾ, ഇടതുപക്ഷജനാധിപത്യ കാഴ്ചപ്പാട് പുലർത്തുന്നവർക്കെതിരെയുള്ള നടപടികൾ, ബുൾഡോസർ എന്നത് വലിയ പൊളിറ്റിക്കൽ ഐക്കണായി മാറുന്ന അവസ്ഥ.
1950കളിലാണ് നെഹ്‌റു, ഉത്തർപ്രദേശ് തനിക്ക് വളരെ അന്യമായി തോന്നുന്നു, ഇവിടെ ഞാനൊരു വിദേശിയാണ് എന്ന് തോന്നുന്നു എന്നു പറഞ്ഞത്. ഇന്നത്തെ അവസ്ഥ എന്താണ്? ഒരു പൂജാരി ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാകുന്നതിൽ സെക്യുലറിസത്തിനുപോലും ഒരു അനൗചിത്യം തോന്നാത്തവിധം, വലതുപക്ഷ ആശയങ്ങളുടെ സ്വഭാവികവൽക്കരണം, അക്രമത്തിന്റെ നോർമലൈസേഷൻ ഇതെല്ലാം നടന്നുകഴിഞ്ഞ ഒരു പാശ്ചാത്തലത്തിൽ, മറ്റെല്ലാ തർക്കങ്ങളും മാറ്റിവച്ച്, പുരോഗമന സാഹിത്യം എന്ന് പേരിട്ടാലും ശരി, അല്ലെങ്കിലും ശരി, എല്ലാവരും ഐക്യപ്പെട്ട് മുന്നോട്ടുപോകുകയാണ് വേണ്ടത്. അതുകൊണ്ടാണ്, പുരോഗമന കലാസാഹിത്യ സംഘം, കാമ്പയിനുകളിലൊക്കെ ഇത്തരമൊരു സമീപനം സ്വീകരിക്കുന്നത്. വിഭജനത്തിനും വിദ്വേഷത്തിനും എതിരായ സമരോത്സുകമായ ഒരു മതനിരപേക്ഷ ബദലാണ് ഈ കാലഘട്ടത്തിൽ മുന്നോട്ടുവക്കേണ്ടത്. ഒരു പൂവിനെക്കുറിച്ച് ഇന്ത്യനവസ്ഥ ഉൾക്കൊണ്ട് പാടുമ്പോൾ, ആ പൂവും ഒരു സാമൂഹികപ്രതിരോധത്തിന്റെ പ്രതീകമായി മാറും. അതെല്ലാം പുരോമനപരമാണെന്നാണ് പറഞ്ഞുവരുന്നത്.
പുരോഗമന സാഹിത്യകാഴ്ചപ്പാട് പുലർത്തുന്നവർക്കിടയിൽ തന്നെ ഒരു കൃതിയെക്കുറിച്ച് വ്യത്യസ്ത വായനകളുണ്ടാകാവുന്നതാണ്. ഈ വായനകൾ കൃതിയെ തള്ളിക്കളയുന്നില്ല, റദ്ദുചെയ്യുന്നില്ല.
ഇപ്പോൾ പുരോഗമന സാഹിത്യവേദിയിലേക്ക്, സംഘടനയിൽ പെടാത്തവരും പലതരം വിയോജിപ്പുള്ളവരും കടന്നുവരുന്നുണ്ട്. അത് ആവേശകരമാണ്. നൂറുകാര്യങ്ങൾ നമുക്ക് വിയോജിക്കാനുണ്ടെങ്കിൽ, വിയോജിക്കാനായി യോജിക്കാം എന്ന നൂറ്റൊന്നാമത്തെ കാരണമുണ്ട്. അവിടെയാണ് നാം എത്തിനിൽക്കുന്നത്. ഇത് മനസ്സിലാക്കിയാണ് പുരോഗമന കലാസാഹിത്യസംഘം അതിന്റെ വർത്തമാനകാല പരിപാടികളുമായി മുന്നോട്ടുപോകുന്നത്.
ഇടശ്ശേരിയുടെ ഏറ്റവും മികച്ച കവിതയായി പല വിമർശകരും പറയാറുള്ളതാണ് ഇസ്‌ലാമിലെ വൻമല. പക്ഷെ, ആ കവിതയുടെ സാധ്യത ഉൾക്കൊണ്ടുകൊണ്ടുതന്നെ, ആ കവിതക്കെതിരെയുള്ള വിമർശനവും, ഒരു സാംസ്‌കാരിക വിമർശകൻ എന്ന നിലയ്ക്ക് ഞാൻ നിർവഹിച്ചിട്ടുണ്ട്. അമ്പതുകളിൽ ഈ കവിത എഴുതുന്ന സമയത്ത് അത് ഏറ്റവും മാനവികമായ ഒരു കവിതയാണ്. പക്ഷെ, പുതിയ കാലത്തെ സംഘർഷങ്ങൾ കൂടി, കീഴാളർ ആർജിച്ചുകഴിഞ്ഞ പുതിയ കർതൃപദവി കൂടി, ഇന്ന് നമ്മുടെ വായനയിൽ കടന്നുവരും. അതുകൂടി ഉൾക്കൊണ്ട് കവിത അവതരിപ്പിക്കുന്നത്, ആ കവിതയുടെ സാധ്യത തിരസ്‌കരിക്കാനല്ല.
അതേസമയം, പുരോഗമനസാഹിത്യത്തിന്റെ പക്ഷത്തുള്ള മറ്റു വിമർശകർക്കും അല്ലാത്തവർക്കും അതിൽനിന്ന് വ്യത്യസ്തമായി ഇതേ കവിതയെ കാണാൻ കഴിയുന്നുണ്ട്. അതിനുള്ള സാധ്യതയുണ്ട് എന്നാണ് പറഞ്ഞുവരുന്നത്.
അതായത്, ഏതെങ്കിലും കൃതിയെക്കുറിച്ച് അന്തിമമായ വിധി പ്രസ്താവിക്കുന്നതിനുള്ള ഒരു അധികാര സ്ഥാപനമല്ല പുരോഗമന സാഹിത്യ പ്രസ്ഥാനം. അത് വ്യത്യസ്ത അന്വേഷണങ്ങളെ പ്രചോദിപ്പിക്കുന്ന, സംവാദാത്മകം കൂടിയായ ഒരു സാംസ്‌കാരിക ഒത്തുചേരലാണ്. പുരോഗമന സാഹിത്യകാഴ്ചപ്പാട് പുലർത്തുന്നവർക്കിടയിൽ തന്നെ ഒരു കൃതിയെക്കുറിച്ച് വ്യത്യസ്ത വായനകളുണ്ടാകാവുന്നതാണ്. ഈ വായനകൾ കൃതിയെ തള്ളിക്കളയുന്നില്ല, റദ്ദുചെയ്യുന്നില്ല. ഒരു കൃതിയിലെ അന്ധതകൾ അവതരിപ്പിക്കുന്നത്, അതിന്റെ സാധ്യതകളെ ഇല്ലാതാക്കാനല്ല. എതു കൃതിയിലും അന്ധതകളും വൈരുധ്യങ്ങളും വിടവുകളും ഉണ്ടാകാൻ സാധ്യതയുണ്ട്. അത് ചൂണ്ടിക്കാണിക്കപ്പെടേണ്ടതുണ്ട്. അത് ചൂണ്ടിക്കാണിക്കപ്പെടുന്നത്, അതിന്റെ വായനയെ സൂക്ഷ്മമാക്കും, മാത്രമല്ല, തുടർന്നുവരുന്ന വായനക്കും എഴുത്തിനും പ്രചോദനമാകുകയും ചെയ്യും. ഈയർഥത്തിൽ പുരോഗമന സാഹിത്യപ്രസ്ഥാനവും അതിന്റെ സാംസ്‌കാരിക വിശകലനരീതിയും, വ്യത്യസ്ത വിമർശകർ നടത്തുമ്പോൾ വ്യത്യസ്തമായിരിക്കുന്നത് ഒരു സാധ്യതയായിട്ടാണ് കാണുന്നത്.
നമ്മുടെ ഈ കാലത്ത്, സങ്കുചിത അഭിപ്രായപ്രകടനങ്ങൾക്ക് വലിയ മാധ്യമശ്രദ്ധ ലഭിക്കുന്ന ഒരു കാലത്ത്, സൂക്ഷ്മതലത്തിൽ മാനവികതയെ, മതനിരപേക്ഷതയെ, ജനാധിപത്യത്തെ, സൗഹൃദത്തെ, ദൃഢപ്പെടുത്തുന്ന ഒരു വരി, ഒരു വാക്ക്, ഒരു മെറ്റഫർ ഇതെല്ലാം പ്രധാനപ്പെട്ടതാണ്. അതോടൊപ്പം, കീഴാളവിരുദ്ധമായ ഒന്നിനെയും അത് എത്ര മഹത്തായ കൃതിയിലായാൽപോലും വെറുതെവിടാൻ ആത്മബോധമാർജിക്കുന്ന മുറയ്ക്ക് ആർക്കും കഴിയില്ല. അതാണ് രാഷ്ട്രീയ നിലപാട്. അതായിരിക്കണം രാഷ്ട്രീയ നിലപാട്. ▮
(കെ.ഇ.എന്നുമായുള്ള സംഭാഷണത്തിൽനിന്ന് തയാറാക്കിയത് കെ. കണ്ണൻ)
വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.