വരൂ, നമുക്ക്​ വിയോജിക്കാനായി യോജിക്കാം

മുമ്പ്​ നമ്മുടെ എഴുത്തുകാർ ​​നേരിട്ട ‘എഴുത്തോ നിന്റെ കഴുത്തോ’ എന്ന ചോദ്യം, അതിനേക്കാൾ തീവ്രമായി ഈ കാലഘട്ടത്തിലെ എഴുത്തുകാർ അഭിമുഖീകരിക്കേണ്ടിവരുന്നുണ്ട്​. എന്നാൽ, എത്രത്തോളം സർഗാത്മകമായും ധീരമായും പ്രതികരണോന്മുഖമായും ഈ കാലവും അതിന്റെ എഴുത്തും എഴുത്തുകാരും രാഷ്​ട്രീയപ്രഖ്യാപനം നടത്തുന്നുണ്ട്​? ട്രൂ കോപ്പി വെബ്​സീനിൽ പ്രമുഖ എഴുത്തുകാരും സാംസ്​കാരിക പ്രവർത്തകരും തുറന്നെഴുതുന്നു.

Truecopy Webzine

കെ.ഇ.എൻ എഴുതുന്നു:

ന്നത്തെ ഇന്ത്യൻ അവസ്ഥ എന്താണ്?
ഒരു ഉദാഹരണം പറയാം. ഒമ്പതു മിനിറ്റുള്ള, പ്രത്യക്ഷത്തിൽ ഒരുതരം പ്രകോപനവും ഇല്ലാത്ത, സന്ദീപ് രവീന്ദ്രനാഥിന്റെ Anthem for Kashmir നിരോധിച്ചു. അതേസമയം, ഇന്ത്യൻ പ്രധാനമന്ത്രി മുതൽ വിവേക് അഗ്നിഹോത്രിയുടെ കാശ്മീർ ഫയൽസിനെ ഉയർത്തിപ്പിടിച്ചുകൊണ്ടിരിക്കുകയാണ്. കാശ്മീരിലെ ജനത, പ്രത്യേകിച്ച് മുസ്​ലിം ജനത ഭീകരരാണ് എന്ന ധാരണ സൃഷ്ടിക്കുന്ന ഒരു സിനിമയാണിത്.

ഇന്ത്യ ചരിത്രത്തിലെ ഏത് പ്രതിസന്ധിയേക്കാളും ഭീകരമായ പ്രതിസന്ധിയാണ് ഇന്നുള്ളത്. ഇരകൾക്കുവേണ്ടി പൊരുതുന്നവർ കുറ്റവാളികളാക്കപ്പെടുന്നു. ടീസ്റ്റ സെതൽവാദിന്റെ, ആർ.ബി. ശ്രീകുമാറിന്റെ, സജ്ഞീവ് ഭട്ടിന്റെ മുതൽ റാണാ അയൂബിന്റെയും അരുന്ധതി റോയിയുടെയും വരെ പ്രത്യക്ഷാനുഭവങ്ങൾ, ഇടതുപക്ഷജനാധിപത്യ കാഴ്ചപ്പാട് പുലർത്തുന്നവർക്കെതിരെയുള്ള നടപടികൾ, ബുൾഡോസർ എന്നത് വലിയ പൊളിറ്റിക്കൽ ഐക്കണായി മാറുന്ന അവസ്ഥ.

1950കളിലാണ് നെഹ്റു, ഉത്തർപ്രദേശ് തനിക്ക് വളരെ അന്യമായി തോന്നുന്നു, ഇവിടെ ഞാനൊരു വിദേശിയാണ് എന്ന് തോന്നുന്നു എന്നു പറഞ്ഞത്. ഇന്നത്തെ അവസ്ഥ എന്താണ്? ഒരു പൂജാരി ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാകുന്നതിൽ സെക്യുലറിസത്തിനുപോലും ഒരു അനൗചിത്യം തോന്നാത്തവിധം, വലതുപക്ഷ ആശയങ്ങളുടെ സ്വഭാവികവൽക്കരണം, അക്രമത്തിന്റെ നോർമലൈസേഷൻ ഇതെല്ലാം നടന്നുകഴിഞ്ഞ ഒരു പാശ്ചാത്തലത്തിൽ, മറ്റെല്ലാ തർക്കങ്ങളും മാറ്റിവച്ച്, പുരോഗമന സാഹിത്യം എന്ന് പേരിട്ടാലും ശരി, അല്ലെങ്കിലും ശരി, എല്ലാവരും ഐക്യപ്പെട്ട് മുന്നോട്ടുപോകുകയാണ് വേണ്ടത്. അതുകൊണ്ടാണ്, പുരോഗമന കലാസാഹിത്യ സംഘം, കാമ്പയിനുകളിലൊക്കെ ഇത്തരമൊരു സമീപനം സ്വീകരിക്കുന്നത്. വിഭജനത്തിനും വിദ്വേഷത്തിനും എതിരായ സമരോത്സുകമായ ഒരു മതനിരപേക്ഷ ബദലാണ് ഈ കാലഘട്ടത്തിൽ മുന്നോട്ടുവക്കേണ്ടത്.’’

‘‘ഇപ്പോൾ പുരോഗമന സാഹിത്യവേദിയിലേക്ക്, സംഘടനയിൽ പെടാത്തവരും പലതരം വിയോജിപ്പുള്ളവരും കടന്നുവരുന്നുണ്ട്. അത് ആവേശകരമാണ്. നൂറുകാര്യങ്ങൾ നമുക്ക് വിയോജിക്കാനുണ്ടെങ്കിൽ, വിയോജിക്കാനായി യോജിക്കാം എന്ന നൂറ്റൊന്നാമത്തെ കാരണമുണ്ട്. അവിടെയാണ് നാം എത്തിനിൽക്കുന്നത്. ഇത് മനസ്സിലാക്കിയാണ് പുരോഗമന കലാസാഹിത്യസംഘം അതിന്റെ വർത്തമാനകാല പരിപാടികളുമായി മുന്നോട്ടുപോകുന്നത്.’’

‘‘ഏതെങ്കിലും കൃതിയെക്കുറിച്ച് അന്തിമമായ വിധി പ്രസ്താവിക്കുന്നതിനുള്ള ഒരു അധികാര സ്ഥാപനമല്ല പുരോഗമന സാഹിത്യ പ്രസ്ഥാനം. അത് വ്യത്യസ്ത അന്വേഷണങ്ങളെ പ്രചോദിപ്പിക്കുന്ന, സംവാദാത്മകം കൂടിയായ ഒരു സാംസ്‌കാരിക ഒത്തുചേരലാണ്. പുരോഗമന സാഹിത്യകാഴ്ചപ്പാട് പുലർത്തുന്നവർക്കിടയിൽ തന്നെ ഒരു കൃതിയെക്കുറിച്ച് വ്യത്യസ്ത വായനകളുണ്ടാകാവുന്നതാണ്. ഈ വായനകൾ കൃതിയെ തള്ളിക്കളയുന്നില്ല, റദ്ദുചെയ്യുന്നില്ല. ഒരു കൃതിയിലെ അന്ധതകൾ അവതരിപ്പിക്കുന്നത്, അതിന്റെ സാധ്യതകളെ ഇല്ലാതാക്കാനല്ല. എതു കൃതിയിലും അന്ധതകളും വൈരുധ്യങ്ങളും വിടവുകളും ഉണ്ടാകാൻ സാധ്യതയുണ്ട്. അത് ചൂണ്ടിക്കാണിക്കപ്പെടേണ്ടതുണ്ട്. അത് ചൂണ്ടിക്കാണിക്കപ്പെടുന്നത്, അതിന്റെ വായനയെ സൂക്ഷ്മമാക്കും, മാത്രമല്ല, തുടർന്നുവരുന്ന വായനക്കും എഴുത്തിനും പ്രചോദനമാകുകയും ചെയ്യും. ഈയർഥത്തിൽ പുരോഗമന സാഹിത്യപ്രസ്ഥാനവും അതിന്റെ സാംസ്‌കാരിക വിശകലനരീതിയും, വ്യത്യസ്ത വിമർശകർ നടത്തുമ്പോൾ വ്യത്യസ്തമായിരിക്കുന്നത് ഒരു സാധ്യതയായിട്ടാണ് കാണുന്നത്.’’

‘‘നമ്മുടെ ഈ കാലത്ത്, സങ്കുചിത അഭിപ്രായപ്രകടനങ്ങൾക്ക് വലിയ മാധ്യമശ്രദ്ധ ലഭിക്കുന്ന ഒരു കാലത്ത്, സൂക്ഷ്മതലത്തിൽ മാനവികതയെ, മതനിരപേക്ഷതയെ, ജനാധിപത്യത്തെ, സൗഹൃദത്തെ, ദൃഢപ്പെടുത്തുന്ന ഒരു വരി, ഒരു വാക്ക്, ഒരു മെറ്റഫർ ഇതെല്ലാം പ്രധാനപ്പെട്ടതാണ്. അതോടൊപ്പം, കീഴാളവിരുദ്ധമായ ഒന്നിനെയും അത് എത്ര മഹത്തായ കൃതിയിലായാൽപോലും വെറുതെവിടാൻ ആത്മബോധമാർജിക്കുന്ന മുറയ്ക്ക് ആർക്കും കഴിയില്ല. അതാണ് രാഷ്ട്രീയ നിലപാട്. അതായിരിക്കണം രാഷ്ട്രീയ നിലപാട്

തല പോകുന്ന കാലത്ത് തലനാരിഴ കീറിയുള്ള
തർക്കങ്ങൾക്ക് പ്രസക്തിയില്ല
ട്രൂ കോപ്പി വെബസീൻ പാക്കറ്റ്​ 84ൽ സൗജന്യമായി വായിക്കാം, കേൾക്കാം

Comments