കോലത്തുനാടിൻ്റെ സവിശേഷ ആചാരശേഷിപ്പുകളിലൊന്നായ കോതാമൂരിയാട്ടം എന്ന അനുഷ്ഠാന കലാരൂപം പോയ കാലത്തു നിലനിന്നിരുന്ന, നമ്മളെ നമ്മൾ വർത്തമാനകാലത്തു നിന്നുകൊണ്ട് വീണ്ടും ഓർത്തെടുക്കുന്ന അനുഭവമാകുന്നു. ആ നാട്ടുകൂട്ടത്തിനിടയിൽ നൂറ്റാണ്ടുകൾ നമ്മോട് പഴമ പറയുന്നു.
ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്രത്തിലാണ് കോതാമൂരിയാട്ടം മുറ പോലെ തുലാം 16- ന് രാവിലെ അരങ്ങേറുന്നത്. കാർഷിക സംസ്കാരവുമായി ബന്ധപ്പെട്ടു നിലനിന്നിരുന്ന ഊർവരാരാധനയായാണ് കാര്യത്തെ മനസ്സിലാക്കേണ്ടത്. ഐശ്വര്യസമൃദ്ധികളും ഫലഭൂയിഷ്ഠമായ മണ്ണും വിളകളുമാണ് അന്നത്തെ മനുഷ്യസ്വപ്നം. കാരണം വിശപ്പെന്ന ഘോരമായ അനുഭവം. അതറിയുന്ന മനുഷ്യനറിയാം, ഉത്തമാംഗം സത്യത്തിൽ വയറാകുന്നു. അന്നവിചാരം മുന്നവിചാരം.
നടയിൽ മുഴങ്ങുന്ന കോതാമൂരിപ്പാട്ട് അജ്ഞാത കർതൃകങ്ങളാണ്. അന്നത്തെ കീഴാളർക്ക് നാമങ്ങളില്ലായിരുന്നുവല്ലോ, ഉണ്ടെങ്കിൽ തന്നെ പുറത്ത് പറയാവതുമല്ല.
എന്തെല്ലാം വിത്ത് പൊലിക‐ നല്ല
ചെന്നെല്ല് വിത്ത് പൊലിക
ചെന്നെല്ല് വിത്ത് പൊലിക‐ നല്ല
കുഞ്ഞിക്കയമ പൊലിക.
തൃച്ചെങ്ങൻ വിത്തു പൊലിക
വിരിപ്പ് നെല്ല് പൊലിക‐ നല്ല
എണ്ണക്കുഴമ്പൻ പൊലിക‐ നല്ല
നാരകൻ വിത്ത് പൊലിക
പൊൻകിളിവാലി പൊലിക‐ നല്ല
മുണ്ടകൻ നെല്ല് പൊലിക.
നവര പുഞ്ച പൊലിക‐ നല്ല
ചിറ്റേനി വിത്ത് പൊലിക
നാളികൻ വിത്ത് പൊലിക‐ നല്ല
പാൽക്കഴമ വിത്ത് പൊലിക
ഉണ്ണിക്കറുവ പൊലിക‐ നല്ല
കോയിവാലൻ വിത്ത് പൊലിക
ജീരകശാല പൊലിക.
പൊലിക എന്നത് പൊലിച്ചുപാട്ടിലെ ശൈലിയാണ്. വർദ്ധിക്കുക, അഭിവൃദ്ധിപ്പെടുക, പെരുകുക, അലംകൃതമാകുക എന്നൊക്കെയാണ് അർത്ഥമാക്കുന്നത്. എന്നാൽ പൊലിഞ്ഞുപോകുക എന്ന വാക്കും അതോടൊപ്പം തന്നെയുണ്ട്. കെട്ടുപോകുക, നശിക്കുക എന്നാണതിൻ്റെ അർത്ഥം.
ദീപം പൊലിക എന്ന ശൈലിയിൽ അതുണ്ട്. അത് രണ്ടർത്ഥത്തിലേക്കും ചാഞ്ചാടാം. ശ്രദ്ധയോടെ അല്ലെങ്കിൽ കെട്ടു പോകാവുന്ന ഒന്നാണ് വിളക്കിലെ നാളം എന്നതായിരിക്കാം അതിനു പിറകിലെ തത്വം. കൃഷിയുടെ സംസ്കൃതിയും ഇതേ അർത്ഥത്തിൽ നാം ജാഗ്രതയോടെ ഇരുകരങ്ങൾ ചേർത്ത് സംരക്ഷിക്കേണ്ട ഒന്നായി ഇവിടെ വിവക്ഷിക്കപ്പെടുന്നതായി ചിന്തിക്കാം. ഭദ്രദീപം പോലെ കൃഷിയെന്ന കരുത്തിനെ നാം കാക്കേണ്ടതായിരുന്നു.
കോലത്തുനാട്ടിലല്ല നമ്മളിന്ന്. വ്യവസ്ഥിതിയോടൊപ്പം മനഃസ്ഥിതിയും മാറി വന്നു. വിതയും കൊയ്ത്തും മറന്ന പാടവും, പുതിയ തൊഴിലിടങ്ങളും, മാറി വന്ന തൊഴിൽ സാഹചര്യങ്ങളും.. പോരാത്തതിന് കാലാവസ്ഥാമാറ്റങ്ങളും. അതേസമയം മണ്ണു പോലും ആവശ്യമില്ലാത്ത കൃഷിരീതികൾ ലോകത്ത് വികസിച്ചു വന്നതിൻ്റെ മാതൃകകളും നാം മനസ്സിലാക്കുന്നു.
ഏതായാലും, കൃഷി തന്നെ ഏതാണ്ട് പരിമിതപ്രായമായിക്കഴിഞ്ഞ ഒരു നാടിന് പഴയ ഗന്ധങ്ങളോടും സ്മൃതികളോടുമുള്ള ഗൃഹാതുരത്വ പ്രതിപത്തി ഇത്തരം ആചാരങ്ങളിലുണ്ട്. എക്കാലത്തും ഏതു സാമ്പത്തികശക്തിയുടെയും അടിസ്ഥാനമായ ഉൽപ്പാദനവ്യവസ്ഥ തന്നെയായ കാർഷികരംഗം ദുർബലമായതോടെ കേരളനാടിൻ്റെ നെല്ലറകൾ ശൂന്യമായ സമകാലിക അവസ്ഥയിലും ചെറുകുന്നിലമ്മയുടെ പ്രതാപത്തിന് കുറവേതും കാണാനില്ല. നിലവിൽ നിത്യം രണ്ടു നേരം ഭൂരിയായ അന്നദാനമുണ്ട്. അമ്മ ഇലയിട്ടു വിളിക്കുമ്പോൾ കരങ്ങളിൽ നിറച്ചെടുത്ത ചട്ടുകവും കോരികയുമാണ് ആയുധങ്ങൾ.
ക്ഷേത്രവും വയലും കൃഷിയും തമ്മിൽ
അതുലകവിയുടെ മൂഷികവംശം കാവ്യത്തിൽ പറയുന്ന ഇടങ്ങൾ പരിശോധിച്ചാൽ ഇന്നത്തെ കണ്ണൂർ ജില്ലയ്ക്കകം വടക്ക് കവ്വായിപ്പുഴ മുതൽ തെക്ക് വളപട്ടണം പുഴവരെ നിലനിന്നിരുന്ന മൂഷിക സാമ്രാജ്യം കാർഷിക സംസ്കാരവുമായി ബന്ധപ്പെട്ടു വളർന്ന ഒന്നായി വേണം മനസ്സിലാക്കാൻ. പരിസരങ്ങളിലെ സമൃദ്ധമായ ജലാശയങ്ങളും നദീതടങ്ങളുമായി ബന്ധപ്പെട്ട് സമൃദ്ധമായ നാട്ടുവിള ഉൽപാദനത്തെയും അതിൻ്റെ വാണിജ്യത്തെയും ആശ്രയിച്ചു ജീവിച്ച വിവിധ ജനപദങ്ങൾ ഏഴിമല ആസ്ഥാനമാക്കിയുള്ള മൂഷിക വംശത്തിൻ്റെ സാമ്പത്തികമായ നെടും തൂണുകളായി നിലനിന്നിരുന്നു. ലോകത്തെല്ലായിടത്തും അതങ്ങനെയാണ്. നദീതടങ്ങളിലെ ഫലഭൂയിഷ്ഠമായ മണ്ണ് കൃഷിക്കും സംസ്കാരത്തിനും ആധാരമായി മനുഷ്യനോടൊപ്പം നിന്നു. culture, agriculture എന്നീ വാക്കുകളിൽ അതുണ്ട്. മനുഷ്യപുരോഗതിയിൽ നിർണ്ണായകമായ ആ രണ്ടു സംഭവങ്ങൾ സംസ്കാരവും കൃഷിയും culture, agriculture എന്നിങ്ങനെ സാമ്യതയുള്ള രണ്ടു വാക്കുകളിൽ അടയാളപ്പെട്ടു കിടക്കുന്നു.
നമ്മുടെ നാട്ടിലാകട്ടെ, ഇത്തരം കാർഷിക സംസ്കാര ഭൂമികകൾ സാമ്പത്തിക ഇടങ്ങളും അതുകൊണ്ടു തന്നെ ക്ഷേത്രങ്ങളുമായി പിൽക്കാലത്ത് മാറുകയുണ്ടായി എന്നു കാണാം. സാമ്രാജ്യ ഖജാനകളെ നൈതികവൽകരിച്ച് പരിരക്ഷിക്കുന്നതിൻ്റെ ഭാഗമായി മതപരമായ അടിത്തറയിൽ ഉറപ്പിച്ചുവെക്കുക എന്ന അധികാരത്തിൻ്റെ തന്ത്രമായി വേണം ഇതിനെ കാണാൻ. സമ്പത്തിന് ദൈവത്തിൻ്റെ സുരക്ഷിതത്വവും കാവലും ഉറപ്പാക്കുക എന്ന ലക്ഷ്യം അങ്ങനെ ഏറെക്കുറെ വിജയകരമായി. ക്ഷേത്രങ്ങളിലെ നിധിയിൽ കണ്ണുള്ള വലിയ പടയോട്ടങ്ങൾ വരുന്നതു വരെ. ക്ഷേത്രവുമായി ബന്ധപ്പെട്ട കാർഷിക ഉദ്പാദന സാമ്പത്തിക വ്യവസ്ഥയുടെ ചരിത്രം പതിനൊന്നാം നൂറ്റാണ്ടിലേത് എന്നു കരുതപ്പെടുന്ന മൂഷികവംശ കാവ്യത്തിൽ തന്നെ വ്യക്തമായി മനസ്സിലാക്കാം. മൂഷികവംശ കാവ്യത്തിൽ പറയുന്ന ചെല്ലേര, സംബാര എന്നിവ പണ്ടുകാലത്തെ തളിപ്പറമ്പ് പെരുംചെല്ലൂരും തൃച്ചംബരവും പോലുള്ള ക്ഷേത്ര കേന്ദ്രീകൃത കാർഷിക സാമ്പത്തിക കേന്ദ്രങ്ങളായിരുന്നു.

ഏഴിമലയുടെ തീരപ്രദേശങ്ങളിൽ നിന്നു കിഴക്കുമാറി എരമം തളിപ്പറമ്പ് പോലുള്ള പ്രദേശങ്ങൾ വരെ മൂഷികവംശ കാവ്യത്തിൽ പ്രത്യേകം പരാമർശമുള്ള ഇടങ്ങളാണ്. ഈ മൂഷിക സാമ്രാജ്യമാണ് തുറമുഖ കച്ചവട കേന്ദ്രങ്ങളും ചൈന മുതൽ അറബു നാടുകൾ വരെ വ്യാപാര ബന്ധങ്ങളും സ്ഥാപിച്ച കോലത്തുനാട് എന്ന പേരിൽ പിൽക്കാലത്ത് അറിയപ്പെട്ടത്.
മൂഷികരുടെ നിരവധി വംശാവലീചരിതങ്ങൾ പ്രതിപാദിക്കുന്ന മൂഷികവംശ കാവ്യത്തിൽ അചല മൂഷികൻ്റെ കാലത്തെ അചല പട്ടണവും വല്ലഭമൂഷികൻ്റെ വല്ലഭപട്ടണവും മാരാഹി പട്ടണവും കാർഷിക പ്രകൃതിവിഭവങ്ങളുടെ ഉദ്പാദന വിപണന കേന്ദ്രങ്ങളായിരുന്നു. യഥാക്രമം ഏഴിമലയ്ക്ക് തൊട്ടുള്ള കുന്നരു, വളപട്ടണം, മാടായി എന്നീ പ്രദേശങ്ങളാണത് എന്ന് മൂഷികവംശ കാവ്യം സർഗം11/30, സർഗം 13/40 ൽ നിന്നു വായിച്ചെടുക്കാം. മൂഷികഖണ്ഡം എന്നാണ് കാവ്യത്തിൽ മൂഷിക സാമ്രാജ്യത്തെ വിശേഷിപ്പിക്കുന്നത്. വടക്കേ മലബാറിൽ വയലിന് കണ്ടം എന്ന വാക്കാണ് ഉപയോഗിക്കുന്നത് എന്ന കാര്യം ഇവിടെ പ്രത്യേകം ഓർക്കേണ്ടതുണ്ട്. ഖണ്ഡം അഥവാ കണ്ടം എന്ന സംബോധന നാടിനു മുഴുവൻ വന്നു കൂടുന്നത് കാർഷിക വൃത്തിയോട് ഇഴ വേർപിരിക്കാനാകാത്ത നാടിൻ്റെ ബന്ധം മൂലമാകണം.
മൂഷികവംശം 15-ാം സർഗത്തിൽ പ്രതിപാദിക്കുന്ന ശ്രീകണ്ഠരാജാവിൻ്റെ കാലത്തിനു ശേഷമാണ് ഉദയവർമൻ കോലത്തിരി മുതലായവരുടെ രംഗപ്രവേശവും കോലത്തു നാടിൻ്റെ ഉദയവും. ക്രിസ്തുവിനുശേഷം 14- 15 നൂറ്റാണ്ടോടെ കോലത്തിരി രാജവംശം ശക്തിപ്രാപിച്ചതായി കരുതാം. അതിൻ്റെ പിന്തുടർച്ചയായി വന്ന ചിറക്കൽ രാജവംശത്തിൻ്റെ അധീനതയിലായിരുന്ന ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്രമാകട്ടെ പതിനെട്ട് പത്തൊമ്പത് നൂറ്റാണ്ടുകളിൽ പൂർവ്വകാലത്ത് നിറ പൊലിച്ചിരുന്ന കാർഷിക സംസ്കാര കേന്ദ്രീകൃതമായ ക്ഷേത്രസംവിധാനമായി കരുതപ്പെടുന്നു. സമീപസ്ഥമായ കോലത്ത് വയൽ എന്ന സ്ഥലനാമവുമായി ക്ഷേത്രത്തിന് ബന്ധമുണ്ട്. പുരാസങ്കൽപസങ്കേതം എന്ന നിലയ്ക്ക് ക്ഷേത്രത്തിന് എത്ര പഴക്കമുണ്ടെന്ന് കൃത്യമായി പറയാൻ കഴിയില്ലെങ്കിലും വിശദമാതൃകയിലുള്ള ഇന്നത്തെ ക്ഷേത്ര സങ്കേതത്തിന് കൂടിയാൽ നാലോ അഞ്ചോ നൂറ്റാണ്ടിലധികം പഴക്കമില്ല. കാർഷിക സംസ്കാരവും ക്ഷേത്രവുമായുള്ള രൂഢമൂലമായ ബന്ധമാണ് ആചാരാനുഷ്ഠാനങ്ങളായി ഇവിടെ കാണാൻ കഴിയുക. അതിൽ തന്നെ സുപ്രധാനമായ ഒന്നാണ് കോതാമൂരിയാട്ടം എന്ന ചടങ്ങ്.
ആരിയ നാട്ടിൽ പിറന്നോരമ്മ കോലത്ത് നാട് കിനാക്കണ്ടിന് ...
അഗ്രശാലമാതാവായി അന്നപൂർണേശ്വരി ഭാവത്തിൽ ഇവിടെ പ്രതിഷ്ഠിക്കപ്പെട്ട ശിവഭാഗേശ്വരി ശ്രീപാർവ്വതി കാശിയിൽ നിന്ന് മൂന്നു തോഴിമാരോടൊപ്പം കപ്പലേറി ഇവിടെ വന്നു ചേർന്നതായാണ് ഐതിഹ്യം.

അങ്ങനെ വരുമ്പോൾ;
കപ്പലിലെന്ത് ചരക്കേറ്റണ്ട് എന്തെല്ലാമാണ് ചരക്കേറ്റണ്ട്.
ആരിയൻ വിത്തും ചെന്നെല്ലു വിത്തും കപ്പലിൽ കോരി നിറച്ചാളമ്മ
ഇങ്ങനെ വിതയ്ക്കുവാനുള്ള തരാതരം നെൽവിത്തുകളുമായാണ് അമ്മയുടെ പുറപ്പാടെന്ന് കോതാമൂരിപ്പാട്ടിൽ കേൾക്കാം. ആഗമന വിവരമറിഞ്ഞെത്തിയ തളിപ്പറമ്പ് പെരും തൃക്കോവിലപ്പനിൽ നിന്ന്;
കോലത്ത് വയലും കോലമാമുടി മന്നനും എനിക്കെൻ്റപ്പാ
എന്നിങ്ങനെ ശ്രീപാർവ്വതി ചോദിച്ചുവാങ്ങുന്നതായും പാട്ടിലുണ്ട്. അപ്രകാരം വടക്ക് പഴയങ്ങാടിപ്പുഴയ്ക്കും തെക്ക് വളപട്ടണം പുഴയ്ക്കുമിടയിൽ കോലത്തുവയൽ എന്ന പാടശേഖരം കോലത്തിരി തിരുനടയിലേക്ക് സമർപ്പിച്ചിട്ടുള്ളതത്രേ. ഭൂമിശാസ്ത്രം വെച്ചു നോക്കുമ്പോൾ ഇത്ര വലിയ ഒരു നാടുമുഴുവൻ വയൽ എന്ന പേരിൽ അറിയപ്പെടുന്നു എന്നർത്ഥം. കിഴക്കോട്ടു ദർശനമായ ക്ഷേത്രത്തിൻ്റെ കിഴക്കുവശത്തുള്ള ഈ പാടത്തുനിന്ന് കൊയ്തു കൊണ്ടുവരുന്ന കതിരു കൊണ്ട് കർക്കിടക മാസത്തിൽ ഐശ്വര്യ സിദ്ധ്യർത്ഥം നിറയും പുത്തരിയും ചടങ്ങുണ്ട്. പണിയാള സമൂഹങ്ങളിലെ വിവിധ അവകാശികൾ കൈമാറി ഉപചാരപൂർവ്വം കതിരുവെക്കും തറയിൽ എത്തിക്കുന്ന ഈ കതിർക്കുലകൾ പൂജിച്ചശേഷം നിറനിറാ പൊലി പൊലി ഇല്ലം നിറ വല്ലം നിറ എന്നിങ്ങനെ പ്രാർത്ഥനയോടെ ഓരോ വീടുകളിലും എത്താനുള്ളതാണ്. ഒരുമണി വിത്തിൽ നിന്ന് നൂറുമണി തിരിച്ചു തരാൻ തയ്യാറായി പാൽമണി ചുരത്തി നിൽക്കുന്ന മണ്ണിൻ്റെ അനന്ത വാത്സല്യമാകുന്നു ഇവിടെ വയലിലമ്മ. മണ്ണു തന്നെ ദൈവം.
സംസ്കൃതത്തിൽ ക്ഷേത്ര ശബ്ദത്തിന് വയൽ എന്ന അർത്ഥമുണ്ട്. ക്ഷേത്രവും വയലും തമ്മിലുള്ള ബന്ധത്താൽ ഈ അർത്ഥം ചെറുകുന്നമ്പലവുമായി ചേർത്ത് ചിന്തിക്കുമ്പോൾ തികച്ചും ആലോചനാമൃതമായി മാറുന്നു.
ചിറക്കൽ രാജവംശത്തിൻ്റെ അധീനതയിൽനിന്ന് കാലാന്തരത്തിൽ ക്ഷേത്രം മലബാർ ദേവസ്വം ബോർഡിൻ്റെ നിയന്ത്രണത്തിൽ എത്തി നിൽക്കുകയാണ്.
നാടോടി വേരോടി കെടാതെ പാട്ടുകൾ
സ്തുതികഥാഗാനങ്ങളും പൊറാട്ടു നാടകവും ഇടവിട്ടുവരുന്ന ശൈലിയാണ് കോതാമൂരിയാട്ടത്തിൽ കാണുന്നത്. അന്യം നിന്നു പോകാവുന്ന നമ്മുടെ ഇത്തരം പഴയ പാട്ടുകളെ കണ്ടെത്തി സമാഹരിക്കാൻ മുന്നിട്ടിറങ്ങുന്ന ഗോപിനാഥ് ആയിരം തെങ്ങിനെ പോലെ തദ്ദേശീയനായൊരു ഗവേഷണ ബുദ്ധിയുടെ ശ്രമങ്ങൾ ഗണനീയമെന്ന് ഇവിടെ പറയാതെ വയ്യ. ചിറക്കൽ രാജവംശത്തിൻ്റെ പ്രധാന ഭരദേവതയായി അറിയപ്പെടുന്ന ക്ഷേത്രം നൂറ്റെട്ടു ദുർഗാലയങ്ങളിൽ പ്രധാനമായ ഒന്നത്രേ. തുലാത്തിൽ ക്ഷേത്രത്തിലെ കോതാമൂരിയാട്ടം ചടങ്ങിനുശേഷം മുമ്പുകാലത്ത് കോതാമൂരിയാട്ടക്കാർ ഐശ്വര്യ സിദ്ധ്യർത്ഥം ചുറ്റുമുള്ള വീടുകൾ കയറിയിറങ്ങുന്ന പതിവുണ്ടായിരുന്നു. അങ്ങനെ വീടുകളിൽ പൊലിമ വാരിവിതറി അവിടങ്ങളിൽ നിന്നെല്ലാം കിട്ടുന്ന വിഭവങ്ങൾ സ്വീകരിച്ചു പോരുന്നതും കീഴ്‌വഴക്കമായിരുന്നു. സംഘത്തെ നയിക്കുന്ന പാട്ടുകാരനായ ഗുരുനാഥൻ വാദ്യത്തോടെ കോതാമൂരിപ്പശുവിൻ്റെ കോലം ധരിച്ച കുട്ടിയെ എഴുന്നള്ളിച്ച് ക്ഷേത്രനടയിൽ കൊണ്ടുവന്ന് സ്തുതിച്ചു തുടങ്ങുമ്പോൾ ഇടവേളകൾ കൂടെയുള്ള രണ്ടു പനിയന്മാർ ഏറ്റെടുക്കും.
നർമവും പരിഹാസവും ആക്ഷേപങ്ങളുമായി അരങ്ങത്ത് ചിരിയും ചിന്തയുമായി രസമാല തീർക്കും. ചുറ്റും കൂടി നിൽക്കുന്ന ആരിലേക്കാണ് പനിയന്മാരുടെ പരിഹാസത്തിൻ്റെ കൂരമ്പുകൾ വന്നു പതിക്കുന്നത് എന്നറിയില്ല. ചൂളിപ്പോകും. പ്രളയം വന്ന് വിത്തുകൾ വരെ അന്യം നിന്ന് സർവ്വം നശിച്ച ഏതോ ഒരു ഘട്ടത്തിൽ സ്വർലോകത്തു നിന്ന് ദിവ്യപശുവായ ഗോദാവരി ഭൂമിയിലേക്ക് ആനയിക്കപ്പെടുന്നതായാണ് സങ്കൽപ്പം. വിഷ്ണുജ്വരവും ശിവജ്വരവുമാണ് സംരക്ഷകരായി കൂടെക്കൂടിയ പനിയന്മാർ. മുഖപ്പാളയും കുരുത്തോല ആടയുമാണ് പനിയന്മാരുടെ വേഷം. ഗോദാവരിപ്പശുവായ കുട്ടിക്ക് മിനുക്ക് മുഖത്തെഴുത്തുണ്ട്. അരയിൽ പശുവിൻ്റെ രൂപം ഉറപ്പിച്ചിരിക്കും.

ഒൻപതില്ലം മലയന്മാരിൽ പെട്ട മാങ്ങാട്ടുവളപ്പിൽ മുരളി പണിക്കരാണ് ഗുരുനാഥൻ. ഗുരുനാഥനെന്നാണ് പാട്ടുപാടി മുന്നിൽ നിന്നു നയിക്കുന്നയാളെ സംഘത്തിലുള്ളവർ സംബോധന ചെയ്യുന്നത്. ചെറുകുന്നിലമ്മയെ വണങ്ങി കൃഷ്ണൻ്റെ നടയിൽ സർവ്വാഭരണ ഭൂഷിതനായ ഗോകുല ബാലനെ വർണിച്ച് ഗുരുനാഥൻ പാടി നിന്നപ്പോൾ പനിയന്മാരിലൊരാൾ അകത്തുള്ള ക്ഷേത്രം അധികാരികളിലൊരാളോട് ചോദിക്കുകയാണ് തമ്പുരാക്കന്മാരേ, ഇപ്പറഞ്ഞ പൊന്നാഭരണങ്ങളൊക്കെ ഭദ്രമായി അകത്തുണ്ടോ?
വല്ലതും ബാക്കി വെച്ചേക്കണേ.
ശബരിമലയിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ അരങ്ങത്തെ തമാശ അങ്കലാപ്പായി മാറുന്നു. അകത്ത് ശാന്തിക്കാരും എല്ലാവരും കാതുകൂർപ്പിച്ചിരുന്ന വേള. വ്യാക്ഷേപകമായ വാക്കുകൾക്ക് മൗനനിലയാണ് മറുപടി. പൊറാട്ടുകൾക്ക് എന്തും പറയാം. പനിയന്മാർക്ക് മുഖപ്പാള വെച്ചാൽ എന്തും കാണിക്കാം. ഫോകിൻ്റെ രസമൂർധന്യം അവിടെയാണ്. അകത്തുള്ള ശക്തിയെ മുൻനിർത്തി ഭയക്കാതെ ചോദ്യങ്ങൾ ചോദിക്കാൻ സിസ്റ്റത്തിൽ തന്നെ ഒരു പഴുതെങ്കിലും ബാക്കി നിർത്തിയിരുന്നു ഈ സംസ്കാരം. എല്ലാ അടിച്ചമർത്തലുകൾക്കിടയിലും അനുഷ്ഠാനകലകളിൽ ആ സ്വാതന്ത്ര്യത്തിൻ്റെ ചെറുജാലകങ്ങൾ തുറന്നിട്ടിരുന്നു.
ഉരുണ്ടു കൂടുന്ന പൊതുജന പ്രതിഷേധം, അല്ലെങ്കിൽ ധാർമികരോഷം ഒരിക്കലും ഒരു വിപ്ലവത്തിലേക്കെത്താത്ത വിധം ആ സേഫ്റ്റി വാൽവിൽ കൂടി കൃത്യമായി പുറത്തേക്കുപോകണം. അതിനുതക്ക പാകത്തിൽ, മയത്തിൽ ഒരു സംവിധാനമാകാം കലയുടെ മുഗ്ധ പരിവേഷത്തിൽ ശ്രദ്ധയെ ക്ഷണിക്കുന്നത്. തിരുനടയിലെ ദിവ്യമായ പശ്ചാത്തലത്തിൽ എല്ലാ വീഴ്ചകളും തീവെട്ടിക്കൊള്ളകളും മനുഷ്യലോകത്തെ സ്വാഭാവികതകളെന്ന് നിരീക്ഷിക്കപ്പെടും. വീണ്ടും ചർച്ചകളിൽ ഉയർന്നു വന്ന് അന്തരീക്ഷത്തിൽ ചാറിപ്പെയ്ത് ശമിക്കും. ചിന്തകൾ ചിരിയോടു ചേരും. ഒത്തുകൂടിയവർ അവരവരുടെ പാട്ടിന് വേർപിരിയും. എന്നാലും മുഖപ്പാള വെച്ച പനിയന്മാർ ചില്ലറക്കാരല്ല, ഏതൊരു ആരാധനാലയവും ഭരിക്കുന്ന മനുഷ്യൻ്റെയും മനുഷ്യൻ്റെ അധികാരത്തെയും വണങ്ങി നിൽക്കേണ്ടതില്ല. അതിന് മതധാരണയും രാഷ്ട്രീയധാരണയും നല്ല പോലെ ഒരുമിച്ചു വേണ്ടിവരും. സത്യമായ ആ പൊരുളുണർത്തുവാൻ ഈ പനിയന്മാർക്ക് കഴിയും, ചിന്തിക്കാൻ നമ്മൾ തയ്യാറുണ്ടെങ്കിൽ…




