സ്വയം എരിഞ്ഞുരുകിത്തീരുമ്പോഴും മറ്റുള്ളവർക്ക് പ്രകാശമായി തീരുന്ന മഹത്വം എന്ന് മെഴുകുതിരിയെപ്പറ്റി സാഹിത്യം പറയുന്നത് കേട്ടിട്ടില്ലേ. തെയ്യത്തെപ്പറ്റിയും ഇതേ സാഹിത്യഭാഷ എഴുതിയാൽ തെറ്റില്ല.
ആഗോളതാപനത്തിൻ്റെ കാലത്ത് വേനലറുതിയിലാണ് തെയ്യക്കാലം അതിൻ്റെ ഉച്ചസ്ഥായിയിൽ എത്തുന്നത്. ഉടൽ മുഴുവൻ സങ്കീർണമായ അണിയലങ്ങൾ കെട്ടി മുറുക്കിയാടുന്ന തീക്കോലങ്ങൾ പ്രത്യേക ശോഭയാണ്. എത്ര ചൂടാണെങ്കിലും തെയ്യച്ചൂടിലേക്ക് ചാടിയിറങ്ങുന്ന വടക്കേ മലബാറിലെ തെയ്യപ്രിയരെ സംബന്ധിച്ച് ഹരമാണാ കാഴ്ച. എല്ലാ പ്രാചീന മതങ്ങളും അഗ്നിയെ ദൈവിക പ്രാതിനിധ്യമുള്ള പ്രകൃതിശക്തിയായി കരുതിയിരുന്നു എന്നതിന് തെളിവുകളുണ്ട്. വൈദികധാരയിൽ അഗ്ന്യാരാധന എന്ന നിലയ്ക്ക് വിശദമായ യാഗയജ്ഞങ്ങളുടെ പാരമ്പര്യമാണുള്ളത്.
തീക്കോലങ്ങളെന്നാൽ അക്ഷരാർത്ഥത്തിൽ അതൊരു തീക്കളി തന്നെയാണ്. എത്ര ശ്രദ്ധവെച്ചാലും വേവും വ്രണവും വന്നു കൂടുന്നത് ഒഴിവാക്കാനാകാത്ത വിധം വേനലിലെ തീക്കുളിയാണത്.
മാതമംഗലം മുച്ചിലോടുമായി ബന്ധപ്പെട്ട പൊന്വനോൻ തൊണ്ടച്ചൻ എന്ന അപൂർവ്വ തെയ്യം അരങ്ങത്തെത്തിയാൽ അഷ്ടദ്രവ്യങ്ങളർപ്പിച്ച് വിധിപ്രകാരമുള്ള ഹോമം ചെയ്യുന്നതു കാണാം. മഹാമാന്ത്രികനായ അവിടത്തെ കാരണവർ ദൈവക്കരുവായതാണ് ഈ തെയ്യം. ഇത് വൈദികേഷ്ടി പാരമ്പര്യത്തെ ഓർമിപ്പിക്കുമെങ്കിലും പ്രായേണ തെയ്യാട്ട രംഗത്തെ അഗ്നിയുടെ സാന്നിധ്യം മറ്റൊന്നാണ്. അത് അഗ്നിയെ കേന്ദ്രീകരിച്ച് അഗ്ന്യാരാധന എന്ന നിലയ്ക്കല്ല നിലനിൽക്കുന്നത്. മറിച്ച് അത് അഗ്നിയെ ഉപാധിയാക്കിക്കൊണ്ടുള്ള അതിശയ പ്രകടനങ്ങളിലും വീരകൃത്യങ്ങളിലുമാണ് കേന്ദ്രീകരിക്കുന്നത്. ചുട്ടുപൊള്ളുന്ന വേനലറുതിയിൽ തെയ്യം തീയിൽ കുളിക്കുന്നത് അറിഞ്ഞു കൊണ്ടുതന്നെയാണ്.
'ഉച്ചനേരമനലുന്ന തീ നടുവിൽ
ഉണ്മയോടു വിളയാടുവോർ'
എന്നത് ദേവിയുടെ സ്വഭാവത്തെപ്പറ്റി കോലസ്വരൂപത്തിങ്കൽ തായ് പരദേവത എന്ന ഉത്തരകേരളത്തിലെ വലിയതമ്പുരാട്ടിയുടെ തോറ്റത്തിൽ ആദ്യമേ പ്രസ്താവിക്കപ്പെട്ട കാര്യമാണ്.

തെയ്യാട്ട അരങ്ങിലെ അഗ്നി
ഏതൊരു തെയ്യാട്ട അരങ്ങിൻ്റെയും വടക്കേൻ വാതിൽ ഭാഗത്ത് കലശത്തറയോടു ചേർന്ന് അഗ്നിയുടെ സാന്നിധ്യമുണ്ടായിരിക്കും. കൃത്യമായും ‘അഗ്നികോണി’ൽ തന്നെയായി വരും അത്. പ്രത്യേകിച്ച് തീക്കോലങ്ങൾ ഇല്ലെങ്കിൽ തന്നെയും തലേന്ന് തോറ്റം പുറപ്പെടുന്നതിനു മുമ്പു തന്നെ നാലുകഷണം വിറകുകൊണ്ടെങ്കിലും നാമമാത്രമായാണെങ്കിലും മേലേരി കൂട്ടും.
കാളീസങ്കൽപ്പത്തിലുള്ള തായ് തെയ്യങ്ങളും തോറ്റവുമൊക്കെ ദാരികവധത്തിൻ്റെ സങ്കൽപ്പത്തിലുള്ള കലാശം കഴിഞ്ഞാൽ ഈ തീക്കനലിൽ കാൽ തട്ടി കനൽ തെറിപ്പിച്ച ശേഷമാണ് അടുത്ത ഘട്ടത്തിലേക്ക് പോകുന്നത്. ദാരികനുമായുള്ള ചോരക്കളിക്കുശേഷം കോലം അഗ്നിശുദ്ധി വരുത്തുന്നതിൻ്റെ സങ്കൽപ്പമാണത്.
പഞ്ചഭൂതങ്ങളിൽ അശുദ്ധി തട്ടാതെ നിൽക്കുന്നത് അഗ്നിയാണ് എന്നാണ് സങ്കൽപ്പം. സർവ്വഭക്ഷകനാണെങ്കിലും ഒന്നിനാലും അശുദ്ധി തട്ടാത്ത അഗ്നിക്കാണ് ശുദ്ധി വരുത്താൻ ഏറ്റവും കഴിവുള്ളതത്രേ. രാമായണത്തിൽ രാവണൻ്റെ അധീനതയിൽ നിന്ന് രക്ഷിക്കപ്പെട്ട് എത്തിയ സീതയ്ക്കുമുന്നിലേക്കും ഇതേ അഗ്നിശുദ്ധി കടന്നുവരുന്നുണ്ട്. സ്ത്രീശരീരത്തിനും കീഴാള ശരീരത്തിനും പൊള്ളിയാലെന്ത് എന്നതായിരിക്കാം.
എന്തായാലും തെയ്യാട്ട അരങ്ങത്ത് എപ്പോഴും തീ തയ്യാറാണ്. മനസ്സിലാക്കി വരുമ്പോൾ മേലേരിക്കനലിൻ്റെ തീച്ചൂടറിയാത്ത ഒരു തെയ്യവുമില്ല. എല്ലാ വിഭാഗങ്ങളിലുമുള്ള കോലധാരികളെ പൊതുവിൽ കനലാടി എന്നു വിളിക്കുന്നത് സംഗതമാകുന്നത് അവിടെയാകാം. ‘കനലാടി’ എന്നതിന് ‘കന്നൽ പാടി’ എന്ന പക്ഷാന്തരവും ഉള്ളത് ഇവിടെ ഓർക്കാതെയെല്ല.
പ്രദക്ഷിണം ചുറ്റി നൂറ്റൊന്നു മറി തീയിൽ വീഴലാണ് മാമൂലെങ്കിലും എത്ര തന്നെ അധികമായാലും നല്ലത് എന്നതാണ് നാട്ടുകൂട്ടത്തിൻ്റെ നടപ്പുരീതി. കുരുത്തോല കൊണ്ടുള്ള ഉടയ്ക്കകം ഇരുകൈകളും അടക്കം ചെയ്ത നിലയിൽ ഇടവും വലവും നിൽക്കുന്ന കയ്യാളർ കോലധാരിയെ തീയിൽ ഇട്ടുവാട്ടിയെടുക്കും എന്നു പറയുകയാകും ശരി
കനലാടിയുടെ വേവും വേനലും
സന്ധ്യമയങ്ങിയുള്ള തെയ്യമിറങ്ങുമ്പോൾ, തെയ്യത്തിൻ്റെ തോറ്റമുറയുമ്പോൾ സഹായികൾ മുന്നിൽ നിന്ന് വീശിത്തെളിയിച്ചു ചുഴറ്റിക്കൊണ്ട് ചൂട്ടുകറ്റകൾ പിടിക്കും. ആ വെളിച്ചത്തിനോട് പ്രതിശോഭിക്കും വിധമുള്ള അണിയലങ്ങളിലും ആടകളിലുമാണ് തെയ്യത്തിൻ്റെ ഉജ്ജ്വല ശോഭയിരിക്കുന്നത്. തെയ്യം പമ്പരം കറങ്ങുമ്പോൾ കണ്ണിനുമുന്നിൽ മാസ്മരനിമിഷങ്ങൾ സൃഷ്ടിക്കും വിധം കൂടെയുള്ളവർ ഈ ചൂട്ടുകറ്റ തെയ്യത്തിൻ്റെ ഉടയാടയിൽ തട്ടി തീപ്പൊരി ചിന്നിക്കുന്ന പതിവുണ്ട്. മേലേരിക്കനലായാലും ചൂട്ടു കറ്റപ്പൊരി ചിന്നിയായാലും ചുരുക്കത്തിൽ ഏതു തെയ്യവും തീച്ചൂടിലാണ് വിരിഞ്ഞിറങ്ങുന്നത്.
എന്നാൽ ഇതിനൊക്കെ അപ്പുറമാണ് തീത്തെയ്യങ്ങളുടെ കഥ. രണ്ടു രീതിയിലാണ് പൊതുവിൽ അഗ്നിക്കോലങ്ങൾ ഉള്ളതെന്നു കാണാം.
ഒന്ന്; ആളുന്ന തീയിലോ കനലിലോ വീഴുകയോ ഇരിക്കുകയോ ചെയ്ത് സ്തോഭജനകമാകുന്ന കോലങ്ങൾ.
രണ്ട്; ശരീരത്തിൽ തീപ്പന്തങ്ങളുമേന്തി ഭയജനകമാകുന്ന കോലങ്ങൾ.
രണ്ടായാലും തീക്കോലങ്ങളെന്നാൽ അക്ഷരാർത്ഥത്തിൽ അതൊരു തീക്കളി തന്നെയാണ്. എത്ര ശ്രദ്ധവെച്ചാലും വേവും വ്രണവും വന്നു കൂടുന്നത് ഒഴിവാക്കാനാകാത്ത വിധം വേനലിലെ തീക്കുളിയാണത്.
പൊട്ടൻ തെയ്യം, ഉച്ചിട്ട തുടങ്ങിയ തെയ്യക്കോലങ്ങൾ കത്തിയടങ്ങിയാൽ തീക്കനലുകൾ അവശേഷിക്കുന്ന പുളി, പാലച്ചെമ്പകം തുടങ്ങിയ വിറകുകൾ കത്തിച്ചു കൂട്ടിയ കനലിൽ ഇരിക്കുകയോ കിടക്കുകയോ ഒക്കെ ചെയ്യുന്ന തെയ്യമാണ്. കൂടെയുള്ള കയ്യാളർ വിടാതെ പിടിച്ചുമാറ്റിയാലും വിദഗ്ധമായി ഒഴിഞ്ഞു മാറി പിന്നെയും തീയിൽ പോയിരിക്കുന്നതാണ് ഈ തെയ്യങ്ങളുടെ സ്വഭാവം.ചിരിയും ചിന്തയും തെയ്യത്തിൻ്റെ വാചാലുകൾക്കൊപ്പം ചാരവും അന്തരീക്ഷത്തിൽ ഉയർന്നു പൊങ്ങും.
ഒറ്റക്കോലം അഥവാ തീച്ചാമുണ്ഡി തീക്കനൽ കുന്നു പോലെ അടിച്ചു കൂട്ടി വെച്ച മേലേരിത്തീയിലേക്ക് കമിഴ്ന്നടിച്ചു വീഴും വിധം ചാടുകയാണ്.

മേലരി എന്ന കനൽക്കൂമ്പാരം
പ്രദക്ഷിണം ചുറ്റി നൂറ്റൊന്നു മറി തീയിൽ വീഴലാണ് മാമൂലെങ്കിലും എത്ര തന്നെ അധികമായാലും നല്ലത് എന്നതാണ് നാട്ടുകൂട്ടത്തിൻ്റെ നടപ്പുരീതി. കുരുത്തോല കൊണ്ടുള്ള ഉടയ്ക്കകം ഇരുകൈകളും അടക്കം ചെയ്ത നിലയിൽ ഇടവും വലവും നിൽക്കുന്ന കയ്യാളർ കോലധാരിയെ തീയിൽ ഇട്ടുവാട്ടിയെടുക്കും എന്നു പറയുകയാകും ശരി. ദിവസങ്ങൾ വിശ്രമമില്ലാതെ ശാരീരികമായി അത്യധ്വാനമുള്ള ആചാരാനുഷ്ഠാന വിശേഷങ്ങളുടെ പര്യവസാനത്തിലായിരിക്കും വെളുപ്പാൻ കാലത്ത് തീച്ചാമുണ്ഡി തെയ്യത്തിൻ്റെ അഗ്നിപ്രവേശം എന്ന് ഓർക്കണം. ഹിരണ്യവധസമയത്ത് സന്നിഹിതരായ ദേവകളിൽ അഗ്നിദേവൻ നരസിംഹത്തിൻ്റെ ഉഗ്രവീര ചൈതന്യത്തെ ഇതൊക്കെ എന്ത് എന്ന് പരിഹസിച്ചുവത്രേ. അഗ്നിദേവൻ്റെ അഹങ്കാരം ശമിപ്പിക്കാനാണ് വിഷ്ണുമൂർത്തി തീച്ചാമുണ്ഡിയായി അഗ്നിയിൽ വീഴുന്നത് എന്നാണ് വിശ്വാസം. അമർച്ച ചെയ്തൊതുക്കുകയാണ്. അഗ്നിയുടെ ചൂട് ഒന്നുമല്ല തനിക്ക് ഇപ്പൊഴും തണുക്കുകയാണ് എന്നതായിരിക്കണം തെയ്യത്തിൻ്റെ ഭാവം. 18 പുരാണങ്ങളിൽ തിരഞ്ഞാലും കാണാൻ കഴിയാത്ത ഇത്തരമൊരു കഥയും വിശ്വാസവുമാണ് വിഷ്ണുമൂർത്തി തെയ്യത്തെ ഒറ്റക്കോലം അഥവാ തീച്ചാമുണ്ഡിയായി അരങ്ങേറ്റുന്നത്.
ചൂട്ടോല കൂട്ടിയിട്ട് കത്തിച്ച് അപ്പുറം കാണാൻ വയ്യാത്ത ഉയരത്തിൽ തീജ്വാല പൊങ്ങുമ്പോൾ അതിലേക്ക് അങ്ങോട്ടും തിരിച്ചിങ്ങോട്ടും ചാടി തീക്കുണ്ഡം മുറിച്ചു കടക്കുകയാണ് കണ്ടനാർ കേളൻ തെയ്യത്തിൻ്റെ രീതി. നല്ല പോലെ ആളുന്ന തീക്കുണ്ഡത്തിനു നടുവിലേക്കു കയറി കോലം ഞൊടിയിട നിൽക്കുന്ന പ്രകടനവും ഈയടുത്തായി കണ്ടുവരുന്നുണ്ട്.
മുടിയിലും അരയിലും ജ്വലിക്കുന്ന തീപ്പന്തങ്ങൾ പോരാഞ്ഞ് കൈവിരൽ പത്തിലും തുണി ചുറ്റി എണ്ണയൊഴിച്ച് കോൽത്തിരി പോലെ കൊളുത്തിയാണ് പുള്ളി ഭഗവതിയെപ്പോലുള്ള തെയ്യങ്ങൾ പുറപ്പെട്ടുവരുന്നത്.
കൃഷി ചെയ്യാൻ പുനം തീയിടുകയായിരുന്നു കേളൻ. ഒന്നാം പൂമ്പുനം രണ്ടാം പൂമ്പുനം എന്നിങ്ങനെ ഓരോ പുനവും തീകൊളുത്തി വരുന്നതിനിടെ നിയന്ത്രണാതീതമായി പടർന്ന തീയിൽ നാലാം പൂമ്പുനത്തിൽ രക്ഷയായി ഉയർന്നു നിന്നൊരു നെല്ലിമരത്തിൻ്റെ മുകളിൽ കയറിപ്പറ്റുകയാണയാൾ. അതിനു മുകളിലുണ്ടായിരുന്ന കരിനാഗങ്ങൾ കൊത്തി ഇണ നാഗങ്ങൾ ദേഹത്തു ചുറ്റിയ നിലയിൽ തീയിലേക്ക് വീണ് ചാരമാകുന്ന കേളനെ പിന്നീട് അതുവഴി വന്ന വയനാട്ടു കുലവൻ കണ്ടെടുത്ത് പുനരുജ്ജീവിപ്പിക്കുകയായിരുന്നു.
ഇടിവെട്ടിയവൻ്റെ കാലിൽ പാമ്പും കടിച്ചു എന്നൊക്കെയുള്ള പ്രയോഗം പോലെ അതിദയനീയ നിലയുള്ള മൂർത്തി സങ്കൽപ്പം. അവതരിപ്പിക്കുന്ന കോലക്കാരൻ്റെ കാര്യം അതിലും കഷ്ടമാണ്. ശരീരം പൊള്ളിയാലും ഉടലിൽ ബന്ധിച്ച പൂക്കട്ടി മുടിയും ഉടയാടയും തീ പിടിക്കാതിരിക്കേണ്ടതടക്കം സാഹസികമായ ഉത്തരവാദിത്തങ്ങൾ കോലക്കാരനിൽ അർപ്പിതമാണ്. മുടിയിലും അരയിലും ജ്വലിക്കുന്ന തീപ്പന്തങ്ങൾ പോരാഞ്ഞ് കൈവിരൽ പത്തിലും തുണി ചുറ്റി എണ്ണയൊഴിച്ച് കോൽത്തിരി പോലെ കൊളുത്തിയാണ് പുള്ളി ഭഗവതിയെപ്പോലുള്ള തെയ്യങ്ങൾ പുറപ്പെട്ടുവരുന്നത്.
വരവിൻ്റെ ഉദ്ദേശ്യം മനുഷ്യരെ രക്ഷിക്കാനോ ഭക്ഷിപ്പാനോ എന്ന ദൈവത്താറുടെ ചോദ്യത്തിന് ഭക്ഷിക്കാൻ എന്നിങ്ങനെ പുള്ളി ഭഗവതി മറുപടി പറയുകയുണ്ടായത്രേ. അതു കേട്ട ദൈവത്താർ കണ്ണു രണ്ടും കുത്തിപ്പൊട്ടിച്ചു കളഞ്ഞ വനദേവതയാണ് പുള്ളി ഭഗവതി. ശിരസ്സിലും അരയ്ക്കു ചുറ്റും മുഖത്തേയ്ക്ക് ജ്വാലയാളുന്ന പന്തങ്ങൾ.

പൊയ്ക്കണ്ണ് ധരിച്ചാടുമ്പോൾ നമ്മുടെ ശരീരം പോലെ ചൂടുതട്ടിയാൽ തണുക്കാനുള്ള സംവിധാനം ലോഹങ്ങൾക്കില്ലല്ലോ. കോലധാരിയുടെ മുഖത്തെ വെള്ളി പൊയ്ക്കണ്ണും വായിൽ നിന്നു കവിളത്തേക്കു നീളുന്ന വളഞ്ഞെകിറും എന്തിന് നെറ്റിയിലെ വെള്ളി തലപ്പാളിയടക്കം ചുട്ടുപഴുത്തിരിക്കുകയാവും. പൊയ്ക്കണ്ണു വെച്ചാലുടൻ വിയർത്തൊഴുകി അതിനകം നിറഞ്ഞ് കണ്ണുകാണാൻ ബുദ്ധിമുട്ടാകും. പൊയ്ക്കണ്ണിനകത്തേക്ക് പുക വന്നു നിറഞ്ഞാലും. കണ്ണുനീറും. അല്ലെങ്കിലേ കാഴ്ചയെന്നത് പൊയ്ക്കണ്ണിൻ്റെ സൂചിത്തുളയിലൂടെ മാത്രമായിരിക്കും.
എത്രമാത്രം ആത്മനിയന്ത്രണം വിടാത്ത കരുത്താകണം ഒരു കോലധാരിയെന്ന് ഊഹിക്കാൻ കഴിയുന്നുണ്ടോ. സഹനമില്ലാതെ ഒരു തെയ്യവുമില്ല. എന്നാൽ കിടിലൻ സ്നാപ്പുകളിലെ സുന്ദരദൃശ്യവും ധന്യമായ അനുഗ്രഹ നിമിഷങ്ങളും മാത്രമാണ് നമുക്കത്.
കയ്യിലും മെയ്യിലും തീപ്പന്തങ്ങൾ ധരിച്ചാടുന്ന തീക്കോലങ്ങളുടെ സ്ഥിതി ഇതാണെങ്കിൽ തീയിലേക്ക് കമിഴ്ന്നടിച്ചു വീഴുന്ന ഒറ്റക്കോലം പോലുള്ള തെയ്യങ്ങളുടെ സ്ഥിതി നോക്കാം. നാലും അഞ്ചും മീറ്റർ ദൂരെ നിന്നാൽ പോലും ചൂടു സഹിക്കാൻ കഴിയാത്ത മേലേരിത്തീയാണ്.
ചാടി വീഴുന്ന ആക്കത്തിൽ മുഖം തീക്കൂനയിൽ മുട്ടി മുട്ടിയില്ല എന്ന ഘട്ടം വരും. കൂടെയുള്ള കയ്യാളുകൾ മറുനിമിഷം വലിച്ചെടുക്കുന്നതിനിടെ ചൂടുവായൂ ശ്വാസമായി വലിച്ചെടുത്താൽ ശ്വാസകോശം പൊള്ളിയാൽ നരകം നേരിൽ കാണും. ജന്മകാലത്ത് ശ്വാസകോശത്തിൽ കഫമൊഴിയില്ല. ഒരിക്കലും ചൂടേൽക്കാൻ പാടില്ലാത്ത അവയവമാണ് കണ്ണ് എന്നതാണ് വൈദ്യശാസ്ത്രം പറയുന്നത്. അങ്ങേയറ്റം സംവേദനമുള്ള നേർത്ത ചർമമാണ് മുഖത്തും ചുണ്ടിനും മറ്റും. ഏതു ദൈവം വിചാരിച്ചാലും പൊള്ളലേൽക്കാതിരിക്കില്ല. കൂടെക്കൂടെ വെള്ളമൊഴിക്കുന്നത് കാണാമെങ്കിലും കോലധാരികളും കയ്യാളന്മാരും തുള്ളിക്കളിക്കുന്ന നിലത്തെ മണ്ണും കല്ലും കനലു പോലെ ചുട്ടുപഴുത്തു നിൽക്കുകയായിരിക്കും. കോലം മേലേരിയിലേക്ക് വീണു കഴിഞ്ഞാൽ ഇടവും വലവും നിന്ന് കൂടെ ചാടി മറിഞ്ഞ് വലിക്കുന്നവർക്കല്ലാതെ ഒന്നും ചെയ്യാനില്ലവിടെ. അവർക്കാണ് വൈദഗ്ധ്യവും കൃത്യമായ കണക്കുകൂട്ടലും വേണ്ടത്. അവർക്കും പൊള്ളുകയോ ചെയ്യുന്ന പ്രവൃത്തിയിൽ പാളുകയോ ചെയ്താൽ കോലധാരിക്ക് അപകടം സംഭവിക്കാം, സംഭവിച്ചിട്ടുണ്ട്.
മരിച്ച കോലധാരികളും മരണാസന്നതയിൽ ബാക്കിയായി ആരോരും കാണാതെ കണ്ണീരൊപ്പി രോഗബാധയോടെ കഴിയുന്നവരും ഉണ്ട്. അതെല്ലാം വിശ്വാസത്തിൻ്റെ പിന്നാമ്പുറങ്ങൾ മാത്രം. അനുഷ്‌ഠാന ജീവിതങ്ങൾ നേരിടുന്ന വെല്ലുവിളികളെ ചർച്ച ചെയ്ത വി.കെ. അനിൽകുമാറിൻ്റെ മേലേരി പോലുള്ള ഡോക്യുമെൻ്ററികൾ ഈ വിഷയത്തിലെ സത്യം തുറന്നു പറയാനുള്ള ശ്രമം എന്ന നിലയ്ക്ക് ഗണനീയമാണ്.
പൊള്ളിയാലും പൊള്ളിയില്ലെങ്കിലും നിങ്ങൾ തെയ്യമായി നിറഞ്ഞ് ആടേണ്ടി വരും. തൊഴുതു നിരനിൽക്കുകയും തിരക്കുകൂട്ടുകയും ചെയ്യുന്നവരോട് ക്ഷമയോടെ നിന്ന് മുഖത്തു നോക്കി അലിവോടെ ശിരസ്സിൽ കൈ തൊട്ട് ആശ്വാസവചനങ്ങൾ ചൊരിഞ്ഞ് അനുഗ്രഹിക്കേണ്ടതായും വരും.
വലിയ അനുഭവസമ്പത്തും ശാരീരികക്ഷമതയും ആത്മവിശ്വാസവും ധൈര്യവും ഇല്ലാതെ ഒരു കോലക്കാരന് തീക്കോലം കെട്ടി മുടിയഴിക്കാനാകില്ല. അരയ്ക്കു ചുറ്റും വലിയ മുടിയിലാകെയും തീപ്പന്തങ്ങൾ കൊളുത്തിയ ദണ്ഡൻ, തീക്കുട്ടിച്ചാത്തൻ തുടങ്ങിയ തെയ്യങ്ങൾ ഒരു തീപ്പമ്പരം പോലെ ഭ്രമണം ചെയ്യുന്ന കാഴ്ച വിസ്മയഭംഗിയുള്ളതാണ്. അരയിൽ കനത്ത പതിനാറ് പന്തങ്ങളുമായി പുറപ്പെടുന്ന കണ്ഠാകർണൻ എന്ന തെയ്യം പീഠത്തിന്മേൽ കയറി നിന്നു കറങ്ങുന്ന ആപത്കരമായ രംഗം ഉള്ളു കിടുങ്ങിപ്പോകുന്ന അനുഭവം തന്നെയാണ്. നിയന്ത്രണാതീതമാകാവുന്ന തീയിൽ കോലധാരിക്ക് അരുതാത്തത് സംഭവിച്ച സന്ദർഭങ്ങളുമുണ്ടായിട്ടുണ്ട്.... അതും വിശ്വാസികളായ നാട്ടുകൂട്ടത്തിനു മുന്നിൽ വെച്ച്.
പുതിയ ഭഗവതി, പുള്ളി ഭഗവതി, കക്കര ഭഗവതി, തീക്കുട്ടിച്ചാത്തൻ തുടങ്ങിയ തെയ്യങ്ങൾ പന്തങ്ങളണിഞ്ഞ് ഇരുട്ടിൽ ജ്വലിക്കുന്ന ഭദ്രദീപക്കാഴ്ചകളാണ്. ചെണ്ടയുടെ താളക്രമത്തിനൊത്ത് ചുവടുകൾ വെക്കുമ്പോൾ കാറ്റിൻ്റെ ഗതിയ്ക്കനുസരിച്ച് മുന്നോട്ടും പിന്നോട്ടും ആയുന്നത് നിയന്ത്രിച്ചു ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ അരമടയിൽ പ്രഭചൊരിയുന്ന കുത്തുപന്തങ്ങളുടെ ജ്വാല നേരെ മുഖത്തേക്ക് ചെല്ലും. കോലധാരിക്ക് പൊള്ളലേൽക്കും.
വിദ്യ വശത്താക്കിയാലും കാറ്റിൻ്റെ ഗതി പ്രതീക്ഷിച്ചതിൽ നിന്നു മാറിമറിയാം. ശ്രദ്ധ ചെറുതായൊന്നു പാളിയാൽ തന്നെ കണക്കുകൂട്ടലുകൾ തെറ്റാം. തുടർന്നും കലാശങ്ങൾ ചടങ്ങുകൾ അണുവിട തെറ്റാതെ നിവർത്തിച്ച് പൂർത്തീകരിക്കേണ്ട തെയ്യമാണ്. ഉടയും മുടിയും മറ്റും കെട്ടി മുറുക്കി നിർത്തിയ നിലയിൽ കോലധാരിയുടെ ശരീരം തീരെ സ്വാധീനത്തിലായിരിക്കില്ല. പരാധീനത അവിടെയാണ്. കൂടെയുള്ളവർ മനസ്സിലാക്കി അനുകൂലമായി കൂടെ നിന്നില്ലെങ്കിൽ നേരിയ പിഴവുകൾ നിമിഷങ്ങൾക്കകം പൊള്ളൽ സംഭവിക്കുന്നതിൽ കലാശിക്കും. തെയ്യക്കാരനും കൂടെയുള്ള സഹായികളും ഒരേ മനസ്സായിരിക്കണം. പൊള്ളിയാലും പൊള്ളിയില്ലെങ്കിലും നിങ്ങൾ തെയ്യമായി നിറഞ്ഞ് ആടേണ്ടി വരും. തൊഴുതു നിരനിൽക്കുകയും തിരക്കുകൂട്ടുകയും ചെയ്യുന്നവരോട് ക്ഷമയോടെ നിന്ന് മുഖത്തു നോക്കി അലിവോടെ ശിരസ്സിൽ കൈ തൊട്ട് ആശ്വാസവചനങ്ങൾ ചൊരിഞ്ഞ് അനുഗ്രഹിക്കേണ്ടതായും വരും. അവിടെയാണ് സ്വയം ഉരുകിത്താഴുമ്പോഴും ലോകത്തിന് പ്രകാശവും കാഴ്ചയും നൽകി അനുഗ്രഹവുമാകുന്ന മെഴുകുതിരിയുടെ സാഹിത്യോപമ തെയ്യക്കാരനുമായി യോജിച്ചുവരുന്നത്.
പൊള്ളുമ്പോൾ പുളയുന്ന മനുഷ്യാവസ്ഥകളും എന്തായാലും ഒന്നുമേ ബാധിക്കാത്ത വിധം അകം നിറഞ്ഞനുഗ്രഹിക്കുന്ന ദൈവാധീനങ്ങളും ശരീരമെന്ന ഒരിടത്ത് സംഗമിക്കുന്ന പ്രതിഭാസമാകുന്നു ഓരോ കോലധാരിയും.

കനലാടി ജീവിതമെന്ന
ഉത്സവപ്പിറ്റേന്ന്
കനലാടിയുടെ ജീവിതം വാസ്തവത്തിൽ ഉത്സവപ്പിറ്റേന്ന് എന്നു പറയുന്നതുപോലെയാണ്. ആരും അന്വേഷിച്ചു വരാത്ത തെയ്യം കഴിഞ്ഞുള്ള ദിവസങ്ങളിലാണ് തെയ്യക്കാരൻ്റെ വറുതിയും വേദനയും ഏകാന്ത വ്യഥകളും. തട്ടുകേടുകൾ പറ്റിയാൽ തന്നെ ആചാരപ്പെട്ട ഒരു ജന്മത്തിൻ്റെ ദൈവാധീനക്കുറവായാകും അതു വിലയിരുത്തപ്പെടുക. അയാൾക്കത് ആരോടും മിണ്ടാതെ കഴിക്കുകയേ നിവൃത്തിയുള്ളൂ. പിന്നെയല്ലേ എന്തെങ്കിലും സഹായം ലഭിക്കുന്നതും മറ്റും.
കോലക്കാരനെ കനലാടി എന്നു വിളിക്കുന്നത് എവിടെയും അർത്ഥയുക്തം തന്നെ. തീർത്ഥഘട്ടത്തിലെന്നപോലെ കൂട്ടിയിട്ട കനലിൽ ആടിയും ഭയഭക്തി ജനകമായ വിശ്വാസത്തിൻ്റെ അഗ്‌നി കോരിക്കുടിച്ചും ജീവിതസായാഹ്നമെത്തുന്നതിനു മുമ്പു തന്നെ പലവിധ ശാരീരിക ദുരിതങ്ങളുടെ കൂടാകുന്നതിലേക്കാണ് കോലധാരിയുടെ അനുഷ്ഠാന ജീവിതം ചെന്നെത്തുക. അതാണ് സ്വയം ഉരുകിത്തീരുന്ന മെഴുകുതിരിയുടെ റഫറൻസ് പറഞ്ഞത്.
തീ കോരിക്കുടിക്കുകയോ? അതെ.
വേല സമുദായക്കാർ കെട്ടുന്ന കുണ്ടോറച്ചാമുണ്ഡി കൈത്തിരി കത്തിച്ചെടുത്ത് ഇടത്തേ കൈയിലെ തിരി ഇടത്തെ അണവായിലേക്കും വലത്തേ കൈയിലെ തിരി വലത്തെ അണവായിലേക്കും കയറ്റി മാറി മാറി കടിച്ചു കെടുത്തുന്നത് തീവിഴുങ്ങുന്നതായാണ് കാണികൾക്ക് തോന്നുക. പല്ലുകൾ കൊണ്ട് എണ്ണത്തിരി കടിച്ചു കെടുത്തിയാൽ വായിൽ നിന്ന് പുകവരുന്നതുകാണാം. മിണ്ടാതെ വേദന കടിച്ചമർത്തി എന്നൊക്കെയുള്ള പ്രയോഗം കേട്ടിട്ടേയുള്ളൂ.
ഇത്തരം സ്വയം പീഡനങ്ങളുടെ സന്ദർഭങ്ങൾ കടന്നുവരുന്നതാണ് തെയ്യത്തിലെ അനുഷ്ഠാന വശങ്ങൾ പലതും. തെയ്യത്തിൽ നിന്ന് ആകെ കിട്ടിയ കാശ് കോലക്കാരന് ഒറ്റത്തവണ ഡെൻ്റിസ്റ്റിനെ കണ്ടു വന്നാൽ തീരാവുന്നതേയുള്ളൂ.
മഹാവിഷ്ണു അഗ്നിയുടെ മദം ശമിപ്പിക്കുന്നതിന് അഗ്നിയിലേക്ക് ചാടി വീഴുന്നുവെങ്കിൽ അതിൻ്റെ പ്രതിരൂപാത്മകമായ ആവിഷ്കാരം പോരേ? പ്രതിരൂപാത്മകമായി കാര്യങ്ങളെ അവതരിപ്പിക്കുന്നതല്ലേ കലയുടെയും ആചാരങ്ങളുടെയും ചരിത്രത്തിൽ മുഴുവനും കാണാനുള്ളത്?
ഇളവൂർ തൂക്കം അനാചാരമെന്ന് കേരളം ചർച്ച ചെയ്തുവെങ്കിൽ അതേക്കാൾ ദയാരഹിതവും വികസിത സമൂഹത്തിന് നിരക്കാത്തതുമായ കാര്യങ്ങൾ ഒറ്റക്കോലത്തിൻ്റെ അനുഷ്ഠാനത്തിലുണ്ട്. സ്വയം പീഡനമെന്നോ പരപീഡനമെന്നോ വ്യവഛേദിക്കാനാകാത്ത വിധം കോലധാരിയെ മലപോലെ വളർന്ന തീക്കൂമ്പാരത്തിലിട്ട് വാട്ടി വലിച്ചെടുക്കുന്നത് ഒരു സമൂഹം ഗോവിന്ദ നാമോച്ചാരണങ്ങളും ജയഭേരികളുമായി ആഘോഷിക്കുകയാണ്. മഹാവിഷ്ണു അഗ്നിയുടെ മദം ശമിപ്പിക്കുന്നതിന് അഗ്നിയിലേക്ക് ചാടി വീഴുന്നുവെങ്കിൽ അതിൻ്റെ പ്രതിരൂപാത്മകമായ ആവിഷ്കാരം പോരേ? പ്രതിരൂപാത്മകമായി കാര്യങ്ങളെ അവതരിപ്പിക്കുന്നതല്ലേ കലയുടെയും ആചാരങ്ങളുടെയും ചരിത്രത്തിൽ മുഴുവനും കാണാനുള്ളത്?
ഇത്തരം ചോദ്യത്തിലെ യുക്തിയൊക്കെ നന്നായി അറിയാമെങ്കിലും ഈ വക ചോദ്യങ്ങളൊന്നും പക്ഷേ ഒറ്റക്കോല മഹോത്സവം പൂർവ്വാധികം ശോഭയോടെ തീരുമാനിച്ചാൽ വടക്കനു പിന്നെ പ്രസക്തമായി തോന്നുകയേയില്ല. ചോദിക്കുന്നവൻ കുറ്റക്കാരനുമാകും. ഇതെല്ലാം ദൈവത്തിൻ്റെ പേരിലാകുന്നിടത്ത് വിശ്വാസം നവോത്ഥാന ബോധ്യങ്ങളിൽ നിന്ന് തെന്നിമാറുകയാണ്. ഒരു മനുഷ്യൻ കൺമുന്നിൽ ഇത്രയൊക്കെ സഹനങ്ങളിലൂടെ കടന്നു പോകുന്നതിൽ നിങ്ങൾക്ക് പരമദയനീയത തോന്നുന്നില്ലെങ്കിൽ വടക്കൻ്റെ മാനവിക ധാരണകളിലും ആസ്വാദന പ്രക്രിയയിലും സാരമായ എന്തോ പ്രശ്നമുണ്ട്.

സാമൂഹ്യ അജാഗ്രതയുടെ ആഴം
കളിയാട്ടത്തിൻ്റെ അന്നദാനത്തിൽ സുരക്ഷാ പ്രോട്ടോകോൾ പാലിക്കാൻ മുൻകയ്യെടുക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ അവിടെ അഗ്നിനൃത്തം ചെയ്യുന്ന കോലക്കാരൻ്റെ ജീവസുരക്ഷയ്ക്കുള്ള പ്രാഥമികമായ സംവിധാനങ്ങളെങ്കിലും ഒരുക്കണമെന്ന് നിബന്ധന വെയ്ക്കേണ്ട കാലം അതിക്രമിച്ചു. എല്ലാ മേഖലയിലും ശാസ്ത്രീയ മാനദണ്ഡങ്ങളുള്ള സമൂഹത്തിൻ്റെ ബാധ്യതയാണത്.
ഇത്തരം വിഷയങ്ങളിലെ അജാഗ്രതയുടെ കാര്യത്തിൽ ജനങ്ങളുടെ വഴിയേ തന്നെയാണ് ജനങ്ങളുടെ സർക്കാരുകളുമുള്ളത്. പതിനെട്ടു തികയാത്ത കുട്ടികൾ പാരമ്പര്യം കാത്തു സൂക്ഷിക്കാനുള്ള നിയോഗം പേറി നൂറ്റൊന്നു തവണ തീയിലാടേണ്ടി വരുന്ന മറ്റൊരു പഴക്കം കൂടിയുണ്ട് ഒറ്റക്കോലത്തിൽ.
ചിറക്കൽ ചാമുണ്ഡി കോട്ടത്ത് 2023- ൽ നടന്ന പെരുങ്കളിയാട്ടത്തിൽ എട്ടാം ക്ലാസ്സുകാരൻ്റെ ഒറ്റക്കോലം അഗ്നിപ്രവേശം നടത്തിയതിനെ തുടർന്ന് സന്നദ്ധ സംഘടനയായ ‘ദിശ’ ഹൈക്കോടതിയെ സമീപിച്ചു. വെറും പതിനാലു വയസ്സുകാരനായ കുട്ടിയെ ഇത്തരം ആചാരങ്ങൾക്കു നിയോഗിച്ചതിനെ എതിർത്തുകൊണ്ട് സർക്കാരിനോടുള്ള ചീഫ് ജസ്റ്റിസിൻ്റെ ചോദ്യത്തിന്, തീച്ചാമുണ്ഡി തെയ്യം അനുഷ്ഠിക്കുമ്പോള്‍ കുട്ടികള്‍ക്ക് അങ്ങനെ പരിക്കേല്‍ക്കുമെന്ന് കരുതുന്നില്ലെന്നാണ് സംസ്ഥാന സർക്കാരിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വാദിച്ചത്. ചിറക്കൽ ചാമുണ്ഡി കോട്ടം കളിയാട്ടത്തിൽ 2023-ൽ അരങ്ങേറിയ സംഭവങ്ങളിൽ സംസ്ഥാന ബാലാവകാശ കമ്മീഷനും കേസെടുത്തിരുന്നു.
തെയ്യം കെട്ടിയ കുട്ടിയുടെ പരീക്ഷീണിതാവസ്ഥയുടെ നേർക്കാഴ്ചകൾ വീഡിയോയായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചപ്പോഴാണ് ഇത്രയെങ്കിലും നടന്നത്. കുട്ടി കോലധാരിയുടെ വിശേഷങ്ങൾ വിശ്വാസ പാരമ്പര്യങ്ങളുടെ വീരസ്യഭാഷയിൽ അവതരിപ്പിക്കുമ്പോൾ നമ്മുടെ മുഖ്യധാരാമാധ്യമങ്ങളുടെ പൊടിപ്പും തൊങ്ങലും നിറഞ്ഞ ശൈലി ഒന്നു വേറെ തന്നെയാകും.
എല്ലാവരും മുൻകൈയെടുത്ത് ദൈവത്തെ പോലും അക്ഷരാർത്ഥത്തിൽ പരീക്ഷിക്കലാകുന്നു ഒറ്റക്കോലം.

സഹനങ്ങളെ മറയ്ക്കുന്ന
ദൈവിക മാനങ്ങൾ
നിയുക്തരാകുന്നത് മനുഷ്യ ജന്മങ്ങളാണ്. എല്ലാ കീഴാള പാരമ്പര്യങ്ങളുടെയും എക്കാലത്തെയും പരിണതി തന്നെയാണതിൽ കാണാൻ കഴിയുക. ഉയർന്ന ശിരസ്സോടെ മുന്നോട്ടു വരുമ്പൊഴും വേദനയും പുളച്ചിലുമുള്ള പാവം മൂകശരീരമാണത്. തെയ്യത്തിൻ്റെ മാസ്മര ശക്തിസൗന്ദര്യ പ്രഭാവങ്ങളാലാകാം പലപ്പോഴും നമ്മളത് മറന്നു പോകുന്നു. അല്ലെങ്കിൽ അതിനെ മറയ്ക്കും വിധം തന്നെയാണ് തെയ്യത്തിൻ്റെ ഘടനയും രസരാസവിദ്യയും.
മുഖത്തെഴുതി ഏറ്റവും കുറഞ്ഞ ചില ഉടുത്തു കെട്ടലുകളോടെയാണ് എല്ലാ തെയ്യങ്ങളും അരങ്ങത്തേക്ക് അല്ലെങ്കിൽ തിരുനടയിലേക്കു വരുന്നത്. എന്നാൽ നടയിൽ നിന്ന് കൊടിയിലയും തിരിയും വാങ്ങി വന്നിരുന്ന് ബാക്കിയുള്ള അണിയലങ്ങൾ അണിഞ്ഞ് കണ്ണാടി നോക്കി ഉറയുമ്പോഴേക്കും അയാൾ പഴയ ആളല്ല. വ്യക്തിയുടെ അഭാവവും ശക്തിയുടെ ആവിർഭാവവും. അവിടെ ആ രൂപാന്തരം അയാളിൽ സംഭവിക്കുകയാണ്. അറിയാതെ ചുറ്റുമുള്ളവരിലേക്കും ആ ഭാവം പടരുമ്പോൾ തെയ്യം മുടിയഴിച്ച് പഴയ ശരീരമായി മാറും വരെ കോലധാരിയിലെ മനുഷ്യൻ എവിടെയാണ് പോയ് മറയുന്നതായി തോന്നുന്നത്?
എല്ലാവരുടെയും മുന്നിലാണ് അയാൾ തെയ്യം കെട്ടിയതെങ്കിലും കലയുടെ വർണ്ണ വിധാനങ്ങളിലൂടെയാണ് ഒരു സംസ്കാരം അലൗകിക മൂർത്തി സാന്നിധ്യങ്ങളെ നിങ്ങളുടെ ബോധത്തിലേക്ക് എഴുതിച്ചേർക്കാൻ ശ്രമിക്കുന്നത്.
തെയ്യം കഴിഞ്ഞ് കോളു കൊടുക്കുന്ന സമയത്ത് അധ്വാനത്തിനും മെനക്കേടിനും ഒത്തുള്ള പ്രതിഫലമായില്ല എന്നതിനാൽ അയാളുടെ മുഖം മങ്ങാതിരിക്കാൻ മനസ്സുമടുക്കാതിരിക്കാൻ വിശ്വാസികൾ വേണ്ടത്ര മനസ്സു വെക്കേണ്ടതല്ലേ?
കനലാടി അഥവാ
പ്രജ്ഞാപൂർണത
പൂർണമായുമുള്ള മനഃസാന്നിധ്യം ഒരു കനലാടിയിൽ അത്യന്താപേക്ഷിതമാണ്.
യഥോ ഹസ്തസ്തഥോ ദൃഷ്ടിഃ
യഥോ ദൃഷ്ടിസ്തഥോ മനഃ
കയ്യെത്തുന്നിടത്ത് കണ്ണുണ്ടായിരിക്കുക; കണ്ണെത്തുന്ന അവിടെ മനസ്സുണ്ടായിരിക്കുക - എന്നിങ്ങനെ നാട്യശാസ്ത്രങ്ങൾ നിഷ്കർഷിക്കുന്ന കൈമെയ് മനസ്സുകൾ യോജിപ്പിലായിരിക്കേണ്ട സ്വയംബോധം തെയ്യക്കാരനിൽ ശരിക്കും ഉണ്ടായിരിക്കേണ്ടതുണ്ട്. തീർച്ചയായും ഈ ചേർച്ച തന്നെയാണ് യോഗം. അതിനു വിരുദ്ധമായാൽ മറ്റു കലകളെപ്പോലെ ആട്ടം പിഴയ്ക്കുക മാത്രമല്ല ജീവനുതന്നെ അപകടം സംഭവിക്കുന്ന അരങ്ങാണ് തെയ്യത്തിൻ്റേത്.
സ്വയം മറക്കാനുള്ള എല്ലാ സാധ്യതയുമുള്ള അരങ്ങത്തും പൂർണമായ സ്വശരീരബോധവും പര ശരീരബോധവും പരിസരബോധവുമില്ലാതെ കോലക്കാരന് തെയ്യത്തെ അരങ്ങത്ത് വിജയിപ്പിക്കാൻ കഴിയില്ല. തീർച്ചയായും യോഗാവസ്ഥയാണത്. തനുമനങ്ങൾ ഒത്തിയലുന്ന സംപ്രജ്ഞതയുടേതായ ചില നിമിഷങ്ങൾ. ആത്മാവിഷ്കാരമൂർച്ഛയുടെ മുഹൂർത്തങ്ങൾ. ഒരു തെയ്യക്കാരനു മാത്രം അറിയാൻ കഴിയുന്ന ഈ ആത്മീയ രുചിയ്ക്കു വേണ്ടിയാകാം അയാൾ പിന്നീടും എത്രയൊക്കെ സഹനങ്ങളിരുന്നാലും തെയ്യം കെട്ടാനിറങ്ങുന്നത്.
തെയ്യം കെട്ടുന്ന ഒരുവന് ആത്മവിശ്വാസമോ ദൈവം കാക്കുമെന്ന വിശ്വാസമോ ഗുരുവനുഗ്രഹമോ എന്തൊക്കെ തുണയായി ഉണ്ടായാലും അധികമാകില്ല. ദൈവാനുഗ്രഹമൊക്കെ പ്രതീക്ഷിക്കാമെങ്കിലും അയാൾ പക്ഷേ ഇത്തരം പുണ്യ പ്രവൃത്തികളിൽ നിന്ന് പ്രതിഫലമായി ധനം പ്രതീക്ഷിക്കുന്ന വ്യക്തി ആയാൽ? നമ്മുടെ സമൂഹത്തിൽ ഒരിക്കലും അതൊന്നും ക്ഷന്തവ്യമായ കാര്യമല്ല.
ദൈവമാകാൻ ആചാരപ്പെട്ട നിയുക്ത ജന്മമായ പണിക്കർക്ക് / പെരുവണ്ണാന് പണത്തോട് താൽപര്യമോ?
തെയ്യം കഴിഞ്ഞ് കോളു കൊടുക്കുന്ന സമയത്ത് അധ്വാനത്തിനും മെനക്കേടിനും ഒത്തുള്ള പ്രതിഫലമായില്ല എന്നതിനാൽ അയാളുടെ മുഖം മങ്ങാതിരിക്കാൻ മനസ്സുമടുക്കാതിരിക്കാൻ വിശ്വാസികൾ വേണ്ടത്ര മനസ്സു വെക്കേണ്ടതല്ലേ?
അതുണ്ടാകുന്നുണ്ടോ?
ഉണ്ടായാൽ അത്രയും നല്ലത്.


















