ഒപ്പനപ്പാട്ടിനൊപ്പം
വെറ്റില മുറുക്കിയ മലപ്പുറം

മലപ്പുറം വെറ്റിലയ്ക്ക് അടുത്തിടെ അതിന്റെ വിശിഷ്ടത കണക്കിലെടുത്ത് കേന്ദ്രസര്‍ക്കാര്‍ പ്രത്യേക ജിയോഗ്രഫിക്കൽ ഇന്‍ഡികേഷന്‍ ടാഗ് നല്‍കിയിട്ടുണ്ട്. മലപ്പുറം ജീവിതരസായനത്തില്‍ കൊളോണിയല്‍ വിലങ്ങുകളും വിക്റ്റോറിയന്‍ സദാചാരവും പിടിമുറുക്കും മുമ്പ്, ലഹരിയെയും രസങ്ങളെയും എങ്ങനെയാണ് ആഘോഷിച്ചിരുന്നത്?.

ഖയാല്‍ കെസ്സ് കിസ്സ- 14

ര്‍ക്കാന മുറുക്കാനിനാ
അര്‍ബഅത്തുന്നൂറു
വ താംബൂലു വ തമ്പാക്കു
വ തനാബുലു മശ്ഹൂറു
(മുറുക്കുന്നതിന്റെ നിബന്ധനകള്‍ നാലെണ്ണമാണ്. നൂറ്. അടക്ക, പുകയില, പിന്നെ പ്രസിദ്ധമായ വെറ്റില).

സൂഫി വര്യനും സ്വാതന്ത്ര്യ പോരാളിയും മഹാ പണ്ഡിതനുമായിരുന്ന വെളിയങ്കോട് ഉമ്മര്‍ ഖാളിയുടെ വെറ്റിലയെക്കുറിച്ചുള്ള ഈ അറബി മലയാളം ബൈത്ത് വെറ്റിലയുടെ മലപ്പുറം മഹിമയുടെ പോയകാല രേഖകളില്‍ ഒന്നാണ്. അന്തസ്സിനും ആത്മീയതയ്ക്കും ലഹരിയുടെ ആവശ്യം മലപ്പുറം മനീഷികള്‍ പണ്ടേ തിരിച്ചറിഞ്ഞിരുന്നു.

ലാ തഉക്കുല്‍ ബി കൊട്ടടക്ക
ലി ഫക്കദി സിന്നി ഫീ ഫമിക്ക
വ ഔലാ നല്ല പഴങ്ങടക്ക
ബിലാ റൊയ്ബിന്‍ വലാ ഷക്ക.
(പല്ലില്ലാത്ത കാക്കേ, നല്ല പഴങ്ങടക്ക ഉണ്ടാകുമ്പോള്‍ എന്തിനാണ് ബുദ്ധിമുട്ടി കൊട്ടടക്ക തിന്നുന്നത്? എന്നും വായോവൃദ്ധനായ ഒരു മുറുക്കല്‍കാരനോട് ഉമ്മര്‍ഖാളി കവിത കെട്ടിയ കഥയുണ്ട്.)

പ്രസിദ്ധനായ മോയിന്‍കുട്ടി വൈദ്യര്‍ തന്റെ 'ബെത്തിലപ്പാട്ടില്‍' വെറ്റിലയുടെ ഐതിഹ്യവും ചരിത്രവും വൈദ്യവും രഹസ്യവും പറയുന്നു: ‘‘ബഹുമാന്യരായ ആളുകള്‍ പല നാട്ടിലുമുണ്ട്. അവരുടെ നടപടികള്‍ വ്യത്യസ്തമാണ്. മലബാറിലെ മാന്യന്മാരുടെ ശീലങ്ങളില്‍ മുഖ്യം കെട്ടുമുറുക്കലാകുന്നു. മുന്തിയ ആളുകള്‍ മുറുക്കുന്ന വെറ്റിലയുടെ കഥ പറയുവാന്‍ കൊതി തോന്നുകയാല്‍ അല്പം വിവരിക്കുകയാണ്.
'കൂറുള്ള മനുഷ്യരേ, വെറ്റിലയുടെ വിവരം പറയാം. ചക്രവര്‍ത്തിയായ സയ്യിദിനാ സുലൈമാന്‍ നബി ദൈവ കല്പന പ്രകാരം വിവാഹം ചെയ്യുന്നു. ബല്‍ക്വീസ് ബീവി. യശ്ഹബിന്റെ പുത്രിയാണ്. ജിന്നു സ്ത്രീ പ്രസവിച്ച ദേവിയാണവള്‍. സുലൈമാന്റെ വിവാഹത്തിന് മുന്നൂറ് സ്ത്രീകള്‍. അവരുടെ അടുത്ത ബന്ധുക്കളായി എഴുന്നൂറ് പേര്‍ വേറെയും. ആകെ ആയിരം പേര്‍. നിക്കാഹ് കഴിഞ്ഞു നിറഞ്ഞ സന്തോഷത്തില്‍ കഴിയുമ്പോള്‍ ആ സുന്ദരിയ്ക്ക് ചവയ്ക്കാന്‍ വല്ലതും വേണമെന്നായി. വായിലിട്ട് കടിക്കാനായി വെറ്റില കൊടുത്തു. അപ്പോള്‍ അടക്ക ആവശ്യപ്പെട്ടു. മുറുക്കിയപ്പോള്‍ ഉണ്ടായ അഴകിനെക്കുറിച്ച് എന്തു പറയാന്‍? പവിഴം പിളര്‍ന്ന പോലെയുള്ള ചുവപ്പു നിറം വായില്‍. മേലിലും ഇതു പോലെ വേണമെന്നായി. ചാരുപടിയില്‍ ഏലില്‍ ഇരുന്ന് തിളങ്ങുന്ന ചക്രവര്‍ത്തിയായ സുലൈമാന്‍ നബിക്കും അവര്‍ വെറ്റില നല്‍കി.'

കാവ്യ ശകലം ഇങ്ങനെ:
അദിസുകം ബഹിച്ചവര്‍ ഇരിക്കും നാളില്‍
ആളകായെ സിറി ബായില്‍ ഒതുക്കിബെഫാന്‍
ബെഫാന്‍ ജിന്നുകള്‍ നാകമേ ഫരിശാ
ചെപ്പാന്‍ ബെത്തില ബായിലേ കടിയായ് സുഫാരി ഇതുപോലെ എന്നുരയായ്
ഉരയായ് ഇക്കൊടുത്തത് ചവച്ച ഫോദില്‍
അശകെന്ദ് ചിരം ഫവിളം ഫിളര്‍ത്തെഫോല്‍ ഫോല്‍ അഹമര്‍ നിറം ഏറ്റിടയ് ബായില്‍
മേലിദ് ഫോലെയും ബേണമെന്നുരയില്‍ ചാരിഫടിയാല്‍ പൊങ്കിടയ് ഏലില്‍

വെറ്റിലയുടെ മാപ്പിള മഹിമ വൈദ്യര്‍ നാടകീയമായി വിവരിക്കുന്നത് കേള്‍ക്കൂ: ഒപ്പന പാട്ടുകാര്‍ക്കുള്ള മര്യാദകള്‍ ഈ സഭയില്‍ കാണാത്തതെന്ത്? ഇവിടെ കാരണവന്മാരില്ലേ? ആദ്യം തൊട്ടേയുള്ള പുതിയാപ്ലമാരുമില്ലേ? ഔചിത്യ ബോധമുള്ളവരാരുമില്ലേ? ബന്ധുവീട്ടുകാര്‍ക്കുമറിയില്ലേ? ഈ പാട്ടുകാരുടെ അവകാശമായ വെറ്റിലക്കെട്ടു തരിക. സഭയ്ക്ക് വെറ്റില വച്ച് സ്ഥാന മാനങ്ങള്‍ക്കനുസരിച്ചു പ്രവര്‍ത്തിക്കുക. കൊടുക്കാന്‍ വെറ്റിലക്കെട്ടില്ലെങ്കില്‍ അങ്ങാടിയില്‍ ഓടിപ്പോയി മടങ്ങിവരിക. കൊടുക്കുവാന്‍ കയ്യില്‍ കാശില്ലെങ്കില്‍ അയല്പക്കത്തെ വീട്ടില്‍ ചെന്ന് കാര്യം പറഞ്ഞു അല്പം വാങ്ങുക. അവിടെ നിന്നും കിട്ടിയില്ലെങ്കില്‍ ഞങ്ങളുടെ മുമ്പില്‍ വന്ന് സങ്കടം പറയുക. ഞങ്ങള്‍ക്ക് സങ്കടം കേട്ട് അലിവ് തോന്നിയാല്‍ എല്ലാം പൊറുത്ത് പരസ്പരം സന്തോഷത്തിലാകാം. നിങ്ങള്‍ സഭയില്‍ വന്ന് ഉള്ളുകളികള്‍ മൂടി വയ്ക്കാതെ പറയുക. മടിക്കേണ്ട. ഞങ്ങളോട് രഹസ്യമായെങ്കിലും ഉള്ളുകള്ളികള്‍ പറയുക. കാശില്ലാത്ത കാര്യം മൂടി വച്ച് മേനി നടിക്കേണ്ട. ഉള്ളും പുറവുമെല്ലാം അറിയുന്നവനാണ് ദൈവം.

വെറ്റിലയുടെ കേരളപ്പഴമയെക്കുറിച്ചും കവിത കോര്‍ക്കുന്നു വൈദ്യര്‍: മലയാള നാട്ടിലെ രാജാക്കന്മാര്‍ക്ക് അധിപനായിരുന്ന, കേവല സ്ഥാനത്തിനുടയവരായ ചേരമാന്‍ പെരുമാള്‍ ഭരിക്കുന്ന കാലം. അന്ന് ബുദ്ധിമാന്‍മാര്‍ നിശ്ചയിച്ച സ്ഥാനമാന മര്യാദപ്രകാരം മഹത്തായ പ്രവൃത്തികള്‍ നടക്കുന്ന നാളിലെല്ലാം വെറ്റില മുറുക്ക് നടപ്പുണ്ടായിരുന്നു. ശണഠ ഒഴിവാക്കി ഇണങ്ങുന്നതിന് വെറ്റിലക്കെട്ടും പണവും കൊടുക്കുക പതിവായിരുന്നു. അതുപ്രകാരം ഒപ്പന പാടുന്നവര്‍ക്കും പാട്ടെഴുതുന്നവര്‍ക്കും വെറ്റില ഒരവകാശമാണ്. രാജാക്കന്മാര്‍ക്ക് കാണിക്കയായി കൊടുക്കാവുന്ന വിശിഷ്ട വസ്തുവാണ് വെറ്റില. അത് നാട്ടു മുഖ്യന്മാര്‍ക്ക് പ്രിയങ്കരമാണ്. കോപം മാറ്റുവാന്‍ ഉത്തമമാണ്. ഭാര്യ പിണങ്ങിയെന്നു കരുതുക. അപ്പോള്‍ അല്പം മുറുക്കാന്‍ വെച്ചു നീട്ടുക. അവള്‍ മയങ്ങിക്കൊണ്ട് അരികില്‍ വന്നണയും തീര്‍ച്ച. ഇടപാടുകളെപ്പറ്റി സംസാരിക്കുമ്പോള്‍ വായില്‍ ചവയ്ക്കാന്‍ പറ്റിയ വസ്തുവാണ് വെറ്റില. മനസ്സിനെ മടി ബാധിച്ചാല്‍ ഉണര്‍വേകാനും ഉത്തമമാണ്.

കവിതയായി കേള്‍ക്കൂ:

കേഫീന്‍ രാജരില്‍ കാണിക്ക ബെത്തില
കോഫായ് മൂഫരില്‍ ഏറ്റിടും ബെത്തില
മേഫില്‍ ദേശിയം മാറ്റിടും ബെത്തില
മാറ്റത്താല്‍ ശൗജത്ത് പിണങ്ങിയെങ്കില്‍ മയങ്ങിക്കൊണ്ട് അരുകില്‍ ബന്നടുക്കും ചൊങ്കില്‍…
എടവാടൊക്കെ ഉരത്തിടും ഫോദില്‍
കടിവായില്‍ ഫദിവാക്കിടട്ടെ ബെത്തില
മടിഉളം തന്നില്‍ തീര്‍ത്തിടും ബെത്തില.

വെറ്റില പോരിശ കവി തുടരുന്നു:
മരുമകനോട് അമ്മായിക്ക് വെറുപ്പ് തോന്നിയാല്‍ അവരെ അടുപ്പിക്കാന്‍ ഏറ്റവും ഉചിതം വെറ്റിലയാണ്. മദനാഗ്രഹം നിര്‍വഹിക്കാന്‍ പോകുമ്പോള്‍ വൃത്തിയായൊന്ന് മുറുക്കുന്നത് കൊള്ളാം. വായ്‌നാറ്റത്തിന് പരീക്ഷിച്ചു നോക്കാവുന്ന വസ്തുവാണ് വെറ്റില.

'രസമിന്‍ നല്ല ഫശുത്തെ അടക്ക
കുസുമം തോള്‍ ബലം ഫൊന്ദിയ ബെത്തില ഇസ്മില്‍നോട്ടം എട്ട് ഫൊകയില
നോട്ടം നൂറദ് ചാന്ദ് ഫരിശാലുമേ
തീര്‍ത്തി ഏദ് നാലും ബശമായതില്‍
ആയദില്‍ ഫിന്നെ അടക്ക മുറിച്ച്
ബായദില്‍ ബെത്തില കൂടെ ചമച്ച്
കേവലമാലെ ഫൊറുക്ക കുറച്ച്
ഫൊറുത്തദിന്‍ ഫിറൈ രസം അറിഞ്ഞോ
ഫരിശോദിച്ചറിഞ്ഞുള്ളൈ അറിവദന്താര്‍
അറിവീന്‍ ബീരിദം ഏറിയ ബെത്തില
തെറിയും ഫോരും ഒശിത്തിടും ബെത്തില.'

'നല്ല പഴുത്ത അടക്ക. തണ്ട് പൊങ്ങിയ വെറ്റില. മികച്ച പുകയില. ചാന്ത് പോലെ നൂറ് എന്നിവ നാലും കയ്യിലെടുത്ത് അടക്ക മുറിച്ച് വായിലിട്ട് കൂടെ വെറ്റിലയും വയ്ക്കണം. അതിന്റെ രസമനുഭവിക്കുക. ഈ വെറ്റില സഭയില്‍ അന്തസ്സ് വര്‍ധിപ്പിക്കുന്നതാണ്. തെറിയും പോരും ഒഴിവാക്കുന്നതാണ്.'

'സൂര്യാസ്തമയത്തിനു മുമ്പ് എടുത്ത് രസകരമായി മുറുക്കുക. പരുപരുപ്പാകുമ്പോള്‍ ദന്ത ശുചീകരണം ചെയ്ത് അംഗ ശുദ്ധീകരണം വരുത്തി സന്ധ്യാ നിസ്‌കാരം നിര്‍വഹിക്കുക. ഇതു പോലെ പ്രഭാതത്തില്‍ എഴുന്നേറ്റ് വെറ്റില കയ്യിലെടുത്ത് നൂറ് തേച്ചു തണ്ടു കളഞ്ഞു വായിലിട്ടു ചവയ്ക്കുക. നേരത്തെ പറഞ്ഞ പോലെ അഞ്ചു നേരവും ഇങ്ങനെ പ്രാര്‍ത്ഥിക്കുക.'

വെറ്റിലയുടെ മതവും ഗുണവും ആത്മീയതയും മോയിന്‍ കുട്ടി വൈദ്യര്‍ ഇങ്ങനെയെല്ലാം പറഞ്ഞു വയ്ക്കുമ്പോള്‍, മലപ്പുറത്തെ മറ്റു കവികളും വെറ്റിലയ്ക്ക് ഇപ്രകാരം സ്തുതിഗീതം എഴുതിയിട്ടുണ്ടെന്നു കാണുമ്പോള്‍, മലപ്പുറം ജീവിത രസായനത്തില്‍ കൊളോണിയല്‍ വിലങ്ങുകളും വിക്റ്റോറിയന്‍ സദാചാരവും പിടി മുറുക്കും മുമ്പ്, ലഹരിയെയും രസങ്ങളെയും എങ്ങനെയാണ് ആഘോഷിച്ചിരുന്നുവെന്നറിയാം. പ്രസിദ്ധയായ കവി കൊണ്ടോട്ടിക്കാരി മാളുത്താത്ത പില്‍ക്കാലത്ത് എഴുതിയ ഒരു ഒപ്പനപ്പാട്ട് കേള്‍ക്കൂ:

'ബഹുമാനസ്സഭയില്‍ വെച്ചിടും വെറ്റിലാ
ബഹുജോറില്‍ തിന്ന് രസിച്ചിടും വെറ്റിലാ
വട്ടൊത്ത തട്ടില്‍ വെയ്ക്കും തളിര്‍ വെറ്റിലാ
വര്‍ണ്ണനാ ബഹുമെച്ചം പച്ച വെറ്റിലാ
എണ്ണമില്‍ പലതരം ഉള്ളൊരു വെറ്റില
എറിയ പേര്‍കളും തിന്നണ വെറ്റില
ഏറ്റവും കേളി മികന്തൊരു വെറ്റില
നന്നായി ഗുണം കാട്ടും തിരൂര്‍ വെറ്റിലാ
നാടാകെ സുറുതിയാം നാടന്‍ വെറ്റിലാ..'

തിരൂരില്‍ നിന്ന് വെറ്റില ട്രെയിനില്‍ കയറ്റുന്നു / Photo: Screengrab, chayamakkani

മാളുത്താത്ത പരാമര്‍ശിക്കുന്ന തിരൂര്‍ വെറ്റിലയുടെ പ്രസിദ്ധി കടല്‍ കടന്നതാണ്. പാകിസ്ഥാനിലേക്കും അഫ്ഗാനിസ്ഥാനിലേക്കും ബാംഗ്ലാദേശിലേക്കും ഇന്നും തിരൂര്‍ വെറ്റില കയറ്റുമതി ചെയ്യുന്നുണ്ട്. മലപ്പുറം വെറ്റിലയ്ക്ക് അടുത്തിടെ അതിന്റെ വിശിഷ്ടത കണക്കിലെടുത്ത് കേന്ദ്രസര്‍ക്കാര്‍ പ്രത്യേക ജിയോഗ്രഫിക്കൽ ഇന്‍ഡികേഷന്‍ ടാഗ് നല്‍കിയിട്ടുണ്ട്. വെറ്റില കൃഷി ശോഷിച്ച നിലയിലെങ്കിലും ഇന്നും പല നിലയില്‍ തുടരുന്നുണ്ട്. തലക്കടത്തൂരില്‍ ഇന്നും ജോറായി കൃഷിയുണ്ടെന്നറിയുന്നു. വെറ്റിലപ്പാറ എന്ന സ്ഥലനാമവുമുണ്ട്. മണ്ണിന്റെ ഗുണ വൈശിഷ്ട്യം കൊണ്ടാവും, സേലം വെറ്റിലയ്ക്കും ബനാറസി ഇനത്തിനും ബംഗാളിയ്ക്കുമപ്പുറം തിരൂര്‍ വെറ്റില ഇന്ത്യന്‍ ടാഗിന് അര്‍ഹമായത്. മലപ്പുറത്തെ പല നിലയിലുള്ള മാജിക്കല്‍ റിയലിസ്റ്റ് അനുഭവങ്ങള്‍ക്കൊപ്പം, താമരകൃഷിയും വെറ്റിലകൃഷിയും ചരിത്രം തീര്‍ക്കുന്നു. വഹാബി ഇസ്ലാമിന്റെ ആധുനികതയ്ക്ക് അധികപ്പറ്റായ പലതും മലപ്പുറം മാപ്പിള ജീവിതം പൊന്നുപോലെ സൂക്ഷിക്കുന്നു. ഹിന്ദുത്വ എന്ന നിലയില്‍, നിയോ ഇസ്​ലാം അപരവല്‍ക്കരിക്കുന്ന പലതും മലപ്പുറം മാപ്പിളയുടെ ആത്മഭാവങ്ങളാണ്. മക്കിയ വ്യാപാര ജീവിതം ലാഭത്തിന് തീരെഴുതിയ നന്മകള്‍, നബി പലായനം ചെയ്‌തെത്തിയ കാര്‍ഷിക നാടായ മദീനയില്‍ പൂവണിഞ്ഞ പോലെ, വ്യാപാരികളുടെ മതം അപരവല്‍ക്കരിച്ച സത്യത്തെ മലപ്പുറം മലയോരങ്ങള്‍ കാത്തു സൂക്ഷിക്കുന്നു. വെറ്റിലക്കഥയും താമരകൃഷിയും അവയില്‍ ചിലതാണ്.

'അടയ്ക്ക അടക്കം കെട്ടാന്‍.
ബെറ്റില ബന്ധം വയ്ക്കാന്‍.
നൂറ് നൂറാനിയത്തിന്.
പുകല മസ്താനിയത്തിന്'
എന്നിങ്ങനെ മലപ്പുറത്തെ സൂഫി മസ്താന്മാര്‍ക്കും പ്രിയങ്കരമാണ് കെട്ട് മുറുക്കല്‍. അഹത്തിനെ വരുതിയ്ക്ക് നിര്‍ത്താനും നഫ്‌സ് എന്ന് സൂഫികള്‍ മൊഴിയുന്ന ദേഹേച്ഛകളെ പിടിച്ചു കെട്ടാനും അലഖ് എന്ന ബുദ്ധിയുടെ തെളിച്ചത്തിനും ഏകാഗ്രതയ്ക്കും കോപത്തിന്റെ ശമനത്തിനും സര്‍വ്വോപരി ഹൃദയദ്രവീകരണത്തിനും മലപ്പുറത്തെ മസ്താക്കന്മാര്‍ മുറുക്കാന്‍ ഉപയോഗിക്കുന്നു. ശ്രീരാമകൃഷ്ണ പരമഹംസരും രമണമഹര്‍ഷിയും വെറ്റിലമുറുക്കുകാരായിരുന്നു. ഹൃദയചക്രത്തിനും സഹസ്രാരപദ്മത്തിനും ഉത്തേജനം നല്‍കുന്നു എന്ന കാരണത്താലാവണം ആത്മാന്വേഷകരുടേയും ആചാര്യന്മാര്‍ പലരുടേയും വെറ്റിലപ്രിയം എന്നു കരുതാം. അല്ലാഹു ഇരിക്കുന്ന ഹര്‍ഷും കുര്‍ഷും മനുഷ്യദേഹത്തില്‍ ഉച്ചിയിലാണല്ലോ. അവിടെ തട്ടുന്ന ഞരമ്പുകള്‍ ഉണര്‍ത്തുന്ന കാരണം കൊണ്ടാകും വെറ്റില മുറുക്ക് മനുഷ്യരാശി പൗരാണിക കാലം മുതല്‍ സ്വഭാവ ശീലത്തില്‍ ഉള്‍പ്പെടുത്തിയത്. ഫിലിപ്പൈന്‍സിലാണ് ഉത്ഭവം. ബി.സി 400 മുതല്‍ ഉപയോഗമുണ്ട്. ഗൊയ്‌നയ്ക്കടുത്ത് സോളോമന്‍ ദ്വീപുകളില്‍ പൗരാണിക കാലത്തു തന്നെ മുറുക്കിന്റെ വകഭേദത്തെക്കുറിച്ച് പറയുന്നുണ്ട്. ശേഷം ചിന്ത്യം.

Comments