ബിജു ഇബ്രാഹിം

ക്യാമറവീണ്ടെടുക്കുന്ന
​ദേശങ്ങൾ

ദേശം എന്നത് കലാപ്രവർത്തനത്തിന്റെ ഒരർത്ഥത്തിലുള്ള അടിത്തറ ആയിത്തീരുന്നു. പ്രദേശികതയിലൂടെ ഒരു കീഴാളരാഷ്ട്രീയത്തെ എന്റെ കല തിരിച്ചറിയാൻ ശ്രമിക്കുന്നു. അതിലൂടെ ദേശത്തിന്റെയും ദേശീയതയുടെയും അന്തർദേശീയതയുടെയും വിവക്ഷകൾ ഞാൻ അന്വേഷിക്കാൻ ശ്രമിക്കുന്നു.

പൗരാണിക നെടിയിരുപ്പ് സ്വരൂപത്തിന്റെ ഭാഗമായ കൊണ്ടോട്ടിക്കടുത്ത് കുളത്തൂർ ദേശത്തെ തുറയ്ക്കൽ എന്ന ഗ്രാമത്തിലാണ് ഞാൻ ജനിച്ചുവളർന്നത്. പ്രസിദ്ധ ചലച്ചിത്ര സംഗീത സംവിധായകൻ എം.എസ്. ബാബുരാജിന്റെ പിതാവ് ബംഗാളിൽ നിന്നുള്ള സംഗീതകാരനായ ജാൻ മുഹമ്മദുമായി ഞങ്ങളുടെ കുടുംബത്തിനുള്ള വിവാഹബന്ധം, കലാസാംസ്‌കാരികരംഗവുമായി നേരത്തെ തന്നെ ഒരു പൊക്കിൾകൊടി ബന്ധം നൽകിയിരുന്നു.

കൊണ്ടോട്ടി തങ്ങൾ കുടുംബവുമായും മഖ്ദൂമുകളുടെ ആത്മീയ പാരമ്പര്യവുമായും ഞങ്ങൾക്ക് അടുത്ത ചാർച്ചകളുണ്ട്. ഈ പശ്ചാത്തലത്തിലാണ്​ എന്റെ കലാജീവിതം പിച്ചവച്ചുതുടങ്ങുന്നത്. അമ്മാവന്റെ ശേഖരത്തിലുണ്ടായിരുന്ന ഓട്ടോ ഫോക്കസ് കാമറ ഉപയോഗിച്ച് തുറയ്ക്കൽ, കുളത്തൂർ, കൊണ്ടോട്ടി, അരിമ്പ്ര മലനിരകളും വിവിധ കാലഘട്ടങ്ങളിൽ ഇവിടെ നിർമിക്കപ്പെട്ട വാസ്തുവിദ്യാവിസ്മയങ്ങളും ചരിത്രസ്മാരകങ്ങളും ജനജീവിതവും പകർത്തിയാണ് എന്റെ ഫോട്ടോഗ്രഫി ജീവിതം തുടങ്ങുന്നത്.

കൊണ്ടോട്ടിയിൽ നിന്ന്​ ആദ്യമായി യാത്ര ചെയ്യുന്നത് സാമൂതിരിമാരുടെ തലസ്ഥാനവും ‘സത്യത്തിന്റെ നഗര’വും പൗരാണിക കച്ചവടകേന്ദ്രവും കൂടിയായ കോഴിക്കോട്ടേയ്ക്കാണ്. ഉപ്പയുടെ നാടും കൂടെയാണ് കോഴിക്കോട്. കോഴിക്കോട് കടപ്പുറത്തും, മിഠായിതെരുവിലും കറങ്ങി നാട്ടിലേക്ക് തിരിക്കുകയായിരുന്നു പതിവ്. പിന്നീട് പതുക്കെ സ്‌കൂൾ വിദ്യാഭ്യാസമൊക്കെ കഴിഞ്ഞ് കോഴിക്കോടിനും, കേരളത്തിനും പുറത്തേക്ക്​ യാത്ര ചെയ്യാൻ അവസരം കിട്ടുന്നു. ഇക്കാലത്ത്​കേരളത്തിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ യാത്ര ചെയ്ത്​, മൺസൂൺ നിറങ്ങൾ പകർത്തുന്ന പ്രൊജക്ടിന്റെ ഭാഗമായി പ്രവർത്തിക്കാൻ അവസരം കിട്ടി. ഇതിനിടയിൽ കുറച്ചുവർഷങ്ങൾ കമലിന്റെയും ടി.എ. റസാക്കിന്റെയും കൂടെ സിനിമയിൽ പ്രവർത്തിച്ചു. ആ സമയം കയ്യിലുണ്ടായിരുന്ന ഡിജിറ്റൽ ക്യാമറ ഉപയോഗിച്ച് ഷൂട്ടിംഗ് ലൊക്കേഷനുകൾ പകർത്താറുണ്ടായിരുന്നു. ഇതിനുശേഷം മട്ടാഞ്ചേരിയിൽ ഗുലാം ഷേഖ് വന്നപ്പോൾ അദ്ദേഹത്തിന്റെയൊപ്പം മട്ടാഞ്ചേരിയും തൃപ്പൂണിത്തുറയും സന്ദശിച്ച്​ ഫോട്ടോ ഷൂട്ടിൽ പങ്കെടുക്കാനുള്ള അപൂർവ അവസരമുണ്ടായി.

തുടർന്ന് തമിഴ്‌നാട്ടിൽ തിരുവണ്ണാമലയിലെ 365 പ്രൊജക്ടിൽ അംഗമായി. ഈ സമയത്ത്​ ഇന്ത്യയിലെ പ്രധാന ഫോട്ടോഗ്രാഫർമാരും കലാകാരന്മാരുമായി അടുത്ത് പരിചയപ്പെടാൻ അവസരം ലഭിച്ചു. ഫോട്ടോഗ്രഫിയിലെ പുതിയ സങ്കേതങ്ങളും രീതികളും അടുത്തറിയാൻ ഈ പദ്ധതി സഹായകമായി. അതിനുശേഷം ഹംപി, അജ്മീർ, നിസാമുദ്ദീൻ, ഉജ്ജയിൻ, കൊൽക്കത്ത, ഹിമാലയ, ബദരീനാഥ് തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ച്​ ഫോട്ടോഗ്രഫി ചെയ്യാനും സാധിച്ചു.

ഓരോ യാത്രകൾക്കും ഒടുവിൽ ജന്മദേശമായ കൊണ്ടോട്ടിയുടെ സാംസ്‌കാരിക സമ്പന്നതകളിലേക്കുതന്നെ തിരിച്ചുവന്നുകൊണ്ടിരുന്നു. കൊണ്ടോട്ടിയുടെ പ്രാദേശികതയിൽ അലിഞ്ഞുചേർന്ന ആത്മീയതയുടെയും മതേതരത്വത്തിന്റെയും കാരണമായ ജൈന- തമിഴ് പാരമ്പര്യം മുതൽ ഹസ്രത്ത് ഖോജ വലിയ മുഹമ്മദ് ഷാ തങ്ങളുടെ ദർഗാ ശരീഫ്, അദ്ദേഹം ഇരുന്ന തക്കിയ, അവിടുത്തെ സെറ്റിൽമെൻറ്​ തുടങ്ങിയവ ഉൾപ്പെടുന്ന ചരിത്രം കൂടുതൽ അറിയാനും പകർത്താനും ശ്രമിച്ചു.

വിനോബ പ്രസ്ഥാനത്തിന്റെ ഭാഗമായി രൂപം കൊണ്ട കേരളത്തിലെ തന്നെ ഏറ്റവും വലിയ കോളനി സെറ്റിൽമെൻറ്​ ആയ നെടിയിരുപ്പ് കോളനി, അരിമ്പ്ര മലയിലെ ജൈനപാരമ്പര്യമുള്ള ഊരകം തിരുവോണമലയിലെ നിർമിതി എന്നിവ ഇടയ്ക്കിടെ സന്ദർശിക്കുകയും പകർത്തുകയും ചെയ്തു.

കൊണ്ടോട്ടിയുടെ സംസ്‌കാരം, ജീവിതരീതി, വ്യവഹാരം എന്നിവയിൽ പ്രത്യേക പങ്കുവഹിക്കുന്നത് അനുയോജ്യമായ ഭൂപ്രകൃതി, ജലലഭ്യത, സൂര്യപ്രകാശത്തിന്റെ വിന്യാസം എന്നിവയും കൂടിയാണ്. അപൂർവ ജീവജാലങ്ങളുടെയും ഔഷധ സസ്യങ്ങളുടെയും സ്വാഭാവിക സാന്നിധ്യവും ഇവിടെയുണ്ട്. കൊണ്ടോട്ടിയെ ചുറ്റി നിൽക്കുന്ന മലനിരകൾ എക്കാലത്തും മലഞ്ചരക്കിന്റെ ലഭ്യത ഉറപ്പു വരുത്തിയിരുന്നതുകൊണ്ടും കടലുണ്ടി, പൊന്നാനി, ചാലിയം, ബേപ്പൂർ, കോഴിക്കോട് തുടങ്ങിയ തുറമുഖങ്ങൾ കൊണ്ടോട്ടിയോടടുത്തു കിടക്കുന്നതു കൊണ്ടും, ഇവിടം കച്ചവട ഇടപാടുകളുടെ ഇടനിലമായിരുന്നു.

ഇത്തരത്തിൽ, ചരിത്രപരമായും ഭൂമിശാസ്ത്രപരമായും സവിശേഷതകളുള്ള ബഹുസ്വരമായ ഒരു സാംസ്‌കാരിക പൈതൃകത്തിന്റെ ഭാഗമാണ് ഞാൻ ജീവിക്കുന്ന ഇടം എന്ന തിരിച്ചറിവ് ഫോട്ടോഗ്രാഫർ എന്ന നിലയിലുള്ള എന്റെ യാത്രയിൽ പുതിയ പാതകൾ കണ്ടെത്താൻ സഹായിച്ചു.

ഇക്കാലത്താണ് മട്ടാഞ്ചേരിയിലെ "ഉരു' ആർട്ട് ഹാർബറിൽ റസിഡൻറ്​ ആർട്ടിസ്റ്റ് ആയി പ്രവർത്തിക്കാൻ ക്ഷണം ലഭിക്കുന്നത്. മട്ടാഞ്ചേരി എന്ന ചെറിയ പ്രദേശത്ത് അധിവസിക്കുന്ന 40 വ്യത്യസ്ത കമ്യൂണിറ്റികളുടെ ജീവിതരീതികൾ, ആചാരങ്ങൾ, ഭക്ഷണം, അവരുടെ അധിവാസകേന്ദ്രങ്ങളിലെയും ആരാധനാലയങ്ങളിലെയും വാസ്തു ശൈലികളുടെ സവിശേഷതകൾ എന്നിവ ഉൾക്കൊള്ളിച്ചു കൊണ്ടുള്ളതായിരുന്നു റിയാസ് കോമു ക്യൂറേറ്റ് ചെയ്ത ‘മട്ടാഞ്ചേരി പ്രൊജക്റ്റ്’.

ദേശീയതയുടെയും അന്തർദേശീയതയുടെയും ജൈവയൂണിറ്റുകളാണ് പ്രാദേശിക ഇടങ്ങൾ. എന്നാൽ ദേശീയതയും അന്തർദേശീയതയും രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളായി പരിവർത്തിക്കപ്പെടുന്ന ഇടങ്ങളിൽ പ്രാദേശികത ഒരു പ്രതിരോധ ഉപാധിയായി നമുക്ക് തിരിച്ചറിയാനാകും.

മട്ടാഞ്ചേരി പ്രൊജക്റ്റ്, ഗോവയിൽ നടന്ന സെറന്റിപിറ്റി ഫെസ്റ്റിൽ പ്രദർശിപ്പിക്കാൻ കഴിഞ്ഞു. കൂടാതെ ഫോർട്ട് കൊച്ചിയിൽ ഒരു മസ്ജിദിന്റെ മുകൾനിലയിൽ ഒരുക്കിയ ഗാലറിയിൽ ഒരു വർഷത്തോളം ഈ വർക്കുകൾ പ്രദർശിപ്പിച്ചു. ഫോട്ടോഗ്രഫി പ്രദർശനത്തിന്​ ഒരു പള്ളി വേദിയായത് ഏറെ ശ്രദ്ധിക്കപ്പെട്ടു. 2018-19 വർഷത്തെ കൊച്ചി ബിനാലെയിൽ കാമ്പയിൻ ഫോട്ടോഗ്രാഫർ ആയും പ്രവർത്തിച്ചു.

ദേശീയതയുടെയും അന്തർദേശീയതയുടെയും ജൈവയൂണിറ്റുകളാണ് പ്രാദേശിക ഇടങ്ങൾ. എന്നാൽ ദേശീയതയും അന്തർദേശീയതയും രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളായി പരിവർത്തിക്കപ്പെടുന്ന ഇടങ്ങളിൽ പ്രാദേശികത ഒരു പ്രതിരോധ ഉപാധിയായി നമുക്ക് തിരിച്ചറിയാനാകും. ഇതിന്റെ ഭാഗമായി കോഴിക്കോട്ടും കൊണ്ടോട്ടിയിലും പരിസര പ്രദേശങ്ങളിലും നടന്ന കലാ- സാംസ്‌കാരിക- പാരിസ്ഥിതിക- ആത്മീയ അന്വേഷണ സംഘാടനങ്ങളിലും പ്രവർത്തനങ്ങളിലും ഒരു ഫോട്ടോഗ്രാഫർ എന്ന നിലയിൽ തന്നെ സംഘാടനത്തിന് നേതൃത്വം നൽകാനും ആ പ്രവർത്തനങ്ങളെ ഡോക്യുമെൻറ്​ ചെയ്യാനും കഴിഞ്ഞു. ദേശീയത ഇങ്ങനെയല്ലാം എന്റെ കലയുടെയും ഫോട്ടോഗ്രാഫിയുടെയും പ്രവർത്തനങ്ങളുടെയും മാനദണ്ഡവും നിയാമകവും ആയിത്തീർന്നു. സൗന്ദര്യാത്മകതയും പ്രതിരോധവും രാഷ്ട്രീയവും ഫോട്ടോഗ്രാഫിയിൽ ഒരുപോലെ ഉൾച്ചേർക്കാമെന്ന്, അന്വേഷണം ഇങ്ങനെ വിപുലമായി.

പ്രാദേശികതയുടെ ഈ പ്രതിരോധസാധ്യതയാണ് ഒരു പക്ഷേ എന്റെ ഫോട്ടോഗ്രഫി ജീവിതം അടയാളപ്പെടുത്തുന്നത്. ഇതര ഷൂട്ടിംഗ് ലൊക്കേഷനുകളിലും അതാതിടത്തെ പ്രദേശിക സമ്പന്നതകളെ അന്വേഷിക്കുന്നതാണ് സ്വാഭാവികമായും എന്റെ ഫോട്ടോഗ്രഫി. അങ്ങനെ ദേശം എന്നത് കലാപ്രവർത്തനത്തിന്റെ ഒരർത്ഥത്തിലുള്ള അടിത്തറ ആയിത്തീരുന്നു. പ്രദേശികതയിലൂടെ ഒരു കീഴാളരാഷ്ട്രീയത്തെ എന്റെ കല തിരിച്ചറിയാൻ ശ്രമിക്കുന്നു. അതിലൂടെ ദേശത്തിന്റെയും ദേശീയതയുടെയും അന്തർദേശീയതയുടെയും വിവക്ഷകൾ ഞാൻ അന്വേഷിക്കാൻ ശ്രമിക്കുന്നു. ​▮















ബിജു ഇബ്രാഹിം

​ ഫോ​ട്ടോഗ്രാഫർ, യാത്രികൻ മ‍ട്ടാഞ്ചേരിയിലെ ഒരു നിശ്ചിത ഭൂപരിധിക്കുള്ളിൽ ജീവിക്കുന്ന വിവിധ കുടിയേറ്റ വിഭാ​ഗങ്ങളുടെ ജീവിതവും അവർ തമ്മിലുള്ള കൊടുക്കൽ വാങ്ങലുകളെയും അതുവഴി മട്ടാഞ്ചേരിയുടെ സാമൂഹിക സവിശേഷതകളെയും സമ​ഗ്രമായി അടയാളപ്പെടുത്തിയ ട്രാൻസെന്റൻസ് എന്ന ബിജു ഇബ്രാഹിമിന്റെ ഫോട്ടോ എക്സിബിഷൻ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Comments