കേരളത്തിന്റെ മതേതര മനസ്സിലേക്ക്​ അരിയിട്ടുവാഴ്​ച നടത്തുന്ന പരിവാർ വാമനൻ

പോയകാലത്തിന്റെ ആഹ്ലാദത്തെ റദ്ദു ചെയ്​താണ്​ ആധുനിക കാലത്ത് ഹിന്ദുത്വശക്തികൾ ഓണത്തെ മതവൽക്കരിക്കാനും വർഗീയവൽക്കരിക്കാനും ശ്രമിക്കുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഓണത്തെ ‘വാമന'ജയന്തിയാക്കാൻ പരിവാർ പ്രസ്ഥാനങ്ങൾ കൊണ്ടുപിടിച്ച്​ പ്രചാരണം നടത്തിപ്പോരുന്നുമുണ്ട്.

ദ്ഭവമോ, കാലമോ, സങ്കൽപ്പത്തിന്റെ ആധികാരികതയോ ഇന്നുവരെ കണക്കാക്കാൻ കഴിയാത്ത ആഘോഷമാണ് മലയാളികളുടെ ഓണം. ആഹ്ലാദമെന്നാണ് ഓണമെന്ന വാക്കിന് പ്രാചീനകാലത്തുണ്ടായിരുന്ന അർത്ഥം. 14ാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട ഉണ്ണുനീലി സന്ദേശത്തിൽ, ‘‘ഒരു സുന്ദരിയുടെ കോലം കാണുന്തോറും ‘മാരന് ഓണ'മാണെന്ന് പ്രസ്താവമുണ്ട്. ആഹ്ലാദത്തെ ജനിപ്പിക്കുന്നത് എന്ന അർത്ഥത്തിലാണ് ഇവിടെ ഓണമെന്നുപയോഗിച്ചിട്ടുള്ളത്. ഓണം, 14ാം നൂറ്റാണ്ടിൽ ആഹ്ലാദത്തിന്റെ കാലമായിക്കഴിഞ്ഞിരുന്നെന്നു അനുമാനിക്കാം'' (കെ.ടി.രവിവർമ).

പോയകാലത്തിന്റെ ആഹ്ലാദത്തെ റദ്ദു ചെയ്​താണ്​ ആധുനിക കാലത്ത് ഹിന്ദുത്വശക്തികൾ ഓണത്തെ മതവൽക്കരിക്കാനും വർഗീയവൽക്കരിക്കാനും ശ്രമിക്കുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഓണത്തെ ‘വാമന'ജയന്തിയാക്കാൻ പരിവാർ പ്രസ്ഥാനങ്ങൾ കൊണ്ടുപിടിച്ച്​ പ്രചാരണം നടത്തിപ്പോരുന്നുമുണ്ട്.

ശ്രീകൃഷ്ണജയന്തിയെ പോപ്പുലറാക്കി മാറ്റിയതുപോലെ അടുത്ത നടപടി ഓണത്തെ വാമനജയന്തിയാക്കി മാറ്റിയാൽ കേരളത്തിൽ ഹിന്ദുത്വഭരണം സ്ഥാപിതമാകുമെന്നാണ് അവരുടെ മനഃപ്പായസം. ഓണത്തിന് മാംസം കഴിക്കരുതെന്നാണ് ഹിന്ദുത്വക്കാരുടെ പുതിയ ആവശ്യം. ഓണാഘോഷത്തിന് ഏകതാനമോ, കേന്ദ്രീകൃതമോ ആയ ഒരു രീതി ഇല്ല എന്നതാണ് രസകരമായ വസ്തുത. ഉദാഹരണത്തിന്, ഉത്തരകേരളത്തിലെ ഓണാഘോഷത്തിന് മത്സ്യവും മാംസവും നിർബന്ധമാണ്. കോഴിക്കോട് ജില്ലക്കാരനായ ബി.ജെ.പി സംസ്ഥാന പ്രസിഡണ്ടിന് ഇക്കാര്യം അറിയാത്തതുമല്ല. എന്നിട്ടും ബി.ജെ.പിയുടെ ഓണക്കാലത്തെ ‘പച്ചക്കറി അജണ്ട' ബ്രാഹ്മണമതത്തിന്റെ തീട്ടൂരം നടപ്പാക്കുകയെന്ന ദുഷ്ടലാക്കോടുകൂടിയുള്ളതാണ്.

ബ്രാഹ്​മണസ്​മൃതിയുടെ പുനരാവിഷ്​കാരം

മതനിരപേക്ഷതയും മതസൗഹാർദവും നിലനിൽക്കുന്ന കേരളം പോലൊരു സംസ്ഥാനത്തിന്റെ മനസ്സാക്ഷിയ്ക്കുമുന്നിൽ നിന്നുകൊണ്ട് ഓണത്തിനെ ഹിന്ദു ഉത്സവമാക്കി പ്രഖ്യാപിക്കാൻ ഹിന്ദുത്വശക്തികളെ പ്രേരിപ്പിച്ചത് ഭയം ഒന്നുകൊണ്ടുമാത്രമാണ്. ജനാധിപത്യത്തിന്റെ നാൾവഴികളിൽ കേരളത്തെ സംബന്ധിച്ച് ഹിന്ദുത്വശക്തികൾ വേരുറപ്പിക്കാൻ ശ്രമിക്കുന്നത് അപരമതവിദ്വേഷത്തിന്റെ വിത്ത്​ പാകിയാണെന്നത് നാം കണ്ടുകൊണ്ടിരിക്കുന്നു. മലയാളിയുടെ ദേശീയോത്സവത്തെ ലാക്കാക്കി ഹിന്ദുത്വക്കാർ ഇപ്പോൾ പ്രചാരണം തുടങ്ങാൻ കാരണം, പഴയ തിരുവിതാംകൂർ രാജാക്കന്മാർ തങ്ങളുടെ രാജ്യത്തെ വിശേഷിപ്പിച്ച ഹിന്ദുരാജ്യം എന്ന വിശേഷണം ജനാധപത്യകേരളത്തിന്​ ചാർത്തിക്കൊടുക്കാൻ വേണ്ടിത്തന്നെയാണ്. ഇവിടെ ഉന്നയിക്കപ്പെടുന്ന ചോദ്യം, കേരളം എന്നെങ്കിലും ഹിന്ദുമതത്തിന്റെ ചാതുർവർണ്യവ്യവസ്ഥയെ അംഗീകരിച്ചിട്ടുണ്ടോ എന്നതാണ്. കേരളത്തിലെ ഹിന്ദുമതം കേവലം ബ്രാഹ്മണമതമായിരുന്നു എന്നു മറന്നുപോകരുത്. കേരളീയ രാജാക്കന്മാരെല്ലാം ബ്രാഹ്മണരുടെ വിനീതദാസന്മാരായി നാടുഭരിച്ചവരാണെന്നും മറന്നുപോകരുത്. കൊച്ചി രാജ്യത്തെ കന്യകമാരായ തമ്പുരാക്കന്മാർക്ക് (കൊച്ചി രാജകുടുംബത്തിലെ സ്ത്രീ പ്രജകളും ‘തമ്പുരാക്കന്മാർ' എന്നാണറിയപ്പെട്ടിരുന്നത്) ബീജോല്പാദനം നടത്താൻ ആഢ്യബ്രാഹ്മണർ തന്നെ വേണ്ടിയിരുന്നു എന്നുമോർക്കുക.

ഈയൊരു പശ്ചാത്തലത്തിൽ കേരളത്തിന്റെ നവോത്ഥാന ചരിത്രം പരിശോധിച്ചാൽ നമുക്കൊരു സത്യം വെളിവാകും. ഈ നാട്ടിൽ നടന്ന എല്ലാ നവോത്ഥാനപരിശ്രമവും അവശരും അവർണരുമായ ജാതിഹിന്ദുക്കൾ സനാതനികളായ ഹിന്ദു വരേണ്യവിഭാഗത്തോടു മല്ലടിച്ചും സമരം ചെയ്തും നേടിയെടുത്ത അവകാശങ്ങളുടെ ചരിത്രമാണത്. അതായത്, അടിച്ചമർത്തപ്പെട്ട ജാതിഹിന്ദുക്കൾ ബ്രാഹ്മണമതക്കാരായ, ഹിന്ദുത്വക്കാരോടു നടത്തിയ സമരചരിത്രമാണത്. അതുകൊണ്ടുതന്നെ കേരളത്തിൽ ഹിന്ദുത്വ എന്ന ആശയംതന്നെ നൂറ്റാണ്ടുകളായി മർദകവേഷം പൂണ്ട ബ്രാഹ്മണമതക്കാരുടെ സ്മൃതിനിയമങ്ങളായിരുന്നു എന്നതാണ് യാഥാർത്ഥ്യം. ഈ ബ്രാഹ്മണസ്മൃതി നിയമങ്ങളെ മറ്റൊരു രീതിയിൽ പുനരാവിഷ്‌കരിക്കുക എന്ന ഗൂഢതന്ത്രമാണ് ഓണം ഹിന്ദു ഉത്സവമാണെന്ന് അവരെക്കൊണ്ടു പറയിപ്പിക്കുന്നത്.

പല വഴികളിലെ ഓണം

ഓണമെന്നു കേൾക്കുമ്പോൾത്തന്നെ വാമനനും മഹാബലിയുമാണ് ഐതിഹ്യം പൊതിഞ്ഞുവെച്ച പനയോലത്താളിൽനിന്ന്​ ഉയിർക്കൊണ്ടുവരുന്നത്. വാമനനുമായി ബന്ധപ്പെടുന്ന യാതൊരുവിധ തെളിവും ഓണവുമായി ബന്ധപ്പെട്ട പ്രാചീന ഐതിഹ്യത്തിലില്ല എന്നതാണ് രസകരം. ഇത്തരം ഇറക്കുമതിച്ചരക്കുകൾ ജനകീയമായത്, ആര്യബ്രാഹ്മണരുടെ വരവോടുകൂടിയാണെന്നത് പരക്കെ സമ്മതമായ വസ്തുതയുമാണ്. കേരളീയ ചരിത്രകാരന്മാർക്ക് ഇന്നുവരെ ഓണത്തിന്റെ സങ്കൽപ്പനത്തെക്കുറിച്ച് കാര്യമത്രപ്രസക്തമായ നിഗമനങ്ങളിൽ എത്തിച്ചേരാൻ കഴിഞ്ഞിട്ടുമില്ല.

ഓണമെന്ന ആഘോഷത്തെ പല കൈവഴികളായി വർഗീകരിക്കുകയെന്നതാണ് ഇന്ന് നമുക്കുമുന്നിലുള്ള ആശാസ്യമായ മാർഗം. കാരണം, ഓരോ കാലത്തും ഓണം ഓരോ തരത്തിലായിരുന്നു. ഒരു കാലത്തും ഓണമെന്ന ആഘോഷത്തിന് ഐകരൂപ്യമോ, സമ്യക്കായ അനുഷ്ഠാനങ്ങളോ ഉണ്ടായിരുന്നില്ല. ഈ പശ്ചാത്തലത്തിൽനിന്ന് പോയകാലത്തെ വർഗീകരിച്ച് ഓണസങ്കൽപ്പത്തിന്റെ വളർച്ചയും രൂപാന്തരവും രേഖപ്പെടുത്തുക എന്നതാണ് ഈ ലേഖനത്തിന്റെ ഉദ്ദേശ്യം. പ്രാഗ് വഴി, ശ്രമണവഴി, ശൈവ വഴി, വൈഷ്ണവ വഴി തുടങ്ങിയ അന്തർധാരകളിലൂടെ വികസിച്ചുവന്ന് ഒടുവിൽ അടിസ്ഥാനരഹിതമായ ഒരു ഐതിഹ്യത്തിൽ ഓണസങ്കൽപ്പം ഘനീഭവിച്ചു നിൽക്കുകയാണ്.

പ്രാഗ് വഴി

പഴയ കാലത്തെ ഓണാഘോഷത്തെ തിരയുന്നത് തികച്ചും അടിസ്ഥാനരഹിതമായ വ്യായാമമായിരിക്കും. കാരണം, പാടിപ്പതിഞ്ഞ സാങ്കൽപ്പികതയും മനോഹാരിതയുമൊന്നും പഴയ കാലത്തെ ഓണത്തിനുണ്ടായിരുന്നില്ല. ഓണം തന്നെ ആഘോഷിച്ചിരുന്നോ എന്നതു സംശയമാണ്. എങ്കിലും മറ്റോതൊരു ആഘോഷത്തിനുമപ്പുറം ഓണാഘോഷത്തിൽ ദർശിക്കാനാവുന്ന വസ്തുത, വിനോദ- ആയോധന കലകളുടെ ആധിക്യതയാണ്. ആബാലവൃദ്ധം ജനങ്ങൾക്കും ഈ വിനോദപരിപാടികളിൽ സ്ഥാനമുണ്ട്. ജാതിയിൽ പിന്നാക്കമെന്നു മുദ്രകുത്തിയവരുടെ വിനോദകലകളിൽ പ്രാചീനതയുടെ തുടിപ്പുകാണാം. പഴയകാലത്ത് ഈ വിനോദകലകൾ ഓണവുമായി ബന്ധപ്പെട്ടതായിരുന്നോ എന്നും സംശയിക്കണം. അവയൊക്കെ പിന്നീട് കൂട്ടിച്ചേർത്തതാകാനും സാധ്യതയുണ്ട്.

വിനോദകലകൾക്കുമപ്പുറം ആയോധന കലകളും ഇന്ന് ഓണവുമായി ബന്ധപ്പെട്ടുകിടക്കുന്നു. ഇതിൽ പ്രധാനമാണ് അമ്പെയ്ത്ത്. ദേശഭേദമില്ലാതെ അമ്പും വില്ലും ഓണസങ്കൽപ്പത്തിൽ അലിഞ്ഞു ചേർന്നിട്ടുണ്ട്. ‘‘വേണാട്ടു രാജാക്കന്മാർ തിരുവോണദിവസം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ, എഴുന്നള്ളുമ്പോൾ കോടിവസ്ത്രത്തോടൊപ്പം ഒരു അമ്പും വില്ലും കൂടി ദേവന്റെ പ്രസാദമെന്ന നിലയിൽ മേൽശാന്തിയിൽനിന്നു സ്വീകരിക്കണ''മെന്ന് വേലായുധൻ പണിക്കശ്ശേരി എഴുതുന്നു. പഴയൊരു ഓണപ്പാട്ടിൽ ഇപ്രകാരം പറയുന്നു:

നൽത്തറ നന്നായണിഞ്ഞുകൊണ്ട്
വീണ്ടുമവിടെ എഴുന്നള്ളിച്ചു
പട്ടോടു പൂപ്പട്ടുവച്ചതിന്മേൽ
വെള്ളവും കൊണ്ടന്നു വട്ടികയിൽ
ജലവുമായ് നാരിമാർ നീർതളിച്ചു
ആണ്ടവില്ലമ്പും കടുന്തുടിയും
കണയമ്പും കെട്ടീട്ടു നിന്നിടുന്നു.

photo : Hari Menon

കേരളത്തിലെ ആദിവാസി- ഗോത്ര വിഭാഗങ്ങളുടെ പ്രധാന ആയുധമാണ് അമ്പും വില്ലും. നായാട്ടായിരുന്നു അവരുടെ അന്നമാർഗം. നായാടിപ്പിടിക്കുന്ന മൃഗങ്ങളെ ഭക്ഷിച്ച് കാലക്ഷേപം കഴിച്ച അത്തരം വിഭാഗങ്ങളുടെ ആഘോഷവും ഓണവും ഒത്തുചേർന്നിരുന്ന ഒരു കാലമുണ്ടായിരിക്കണം. കെ.ടി.രവിവർമ പറയുന്നത് ഇപ്രകാരമാണ്: ‘‘അമ്പും വില്ലും പൂജയും ആർപ്പുവിളികളും കായിക വിനോദങ്ങളും ഓണാഘോഷത്തിന്റെ ഭാഗമായത്, നായാട്ടനുഷ്ഠാനവും ഓണാചരണവും പരസ്പരം ലയിച്ചു ചേർന്നപ്പോഴായിരിക്കണം.''

തുമ്പിതുള്ളൽ, താലീപീലികളി, കണ്ണനാമുണ്ണികളി, കുടമൂത്തുകളി, പെണ്ണിനെത്തരുമോ കളി എന്നിവയൊക്കെ ജാതിയിൽ താഴേക്കിടയിലുള്ളവരുടെ ഓണവിനോദങ്ങളാണെന്നും നാം കാണണം.

പഴയകാലത്തെ കല്ലുവെച്ചാരാധനയുടെ പിന്തുടർച്ചയെന്നുവേണം പൂക്കളത്തിനു നടുവിലെ തൃക്കാക്കരയപ്പനെ കാണേണ്ടതും. ഈ കല്ല് ക്രമേണ മഹാദേവനായും, മഹാബലിയായും, ഇപ്പോൾ വാമനനായും മാറിപ്പോയിരിക്കുന്നു എന്നതാണ് വാസ്തവം.

‘മാവേലി നാടു വാണീടും കാലം
മാനുഷരെല്ലാരുമൊന്നു പോലെ'എന്നാണ് ഓണത്തെക്കുറിച്ചുള്ള പഴയ പാട്ട്. ഈ പാട്ടുപോലും അത്ര പഴയതല്ല എന്നതാണ് വാസ്തവം. ഈ പാട്ടിൽ പറയുന്ന പഴയകാലം ഏത് എന്നതാണ് അടുത്ത ചോദ്യം. പഴയ കാലത്ത് മലയാളക്കരയിൽ അത്ര സമ്പന്നമായൊരു കാലമുണ്ടായിരുന്നുവോ? ലഭ്യമായ വിവരങ്ങൾ ചേർത്തുവെച്ചു വായിച്ചാൽ, ഒരിക്കലും ഉണ്ടായിരുന്നില്ല എന്നുവേണം അനുമാനിക്കാൻ. ഓണത്തെക്കുറിച്ചുള്ള കൽപ്പനകളെല്ലാം കേവലം ഒരു സ്വപ്നാടനക്കാരന്റെ പകൽക്കിനാവ് മാത്രമാണെന്നു പറയേണ്ടിവരും. രാജൻ ഗുരുക്കൾ ഈ വിഷയത്തെ നോക്കിക്കാണുന്നത് ഇപ്രകാരമാണ്: ‘‘വാസ്തവത്തിൽ ഈയടുത്തകാലം വരെ സമൂഹത്തിന്റെ താഴേത്തട്ടിൽ ഓണമുണ്ടായിരുന്നില്ല. ഏതെങ്കിലും ഭൂവുടമയുടെ പടിക്കൽ കാത്തുകെട്ടിക്കിടന്ന് എച്ചിലെടുത്തതല്ലാതെ സ്വന്തമായി സദ്യ വെച്ചിരുന്നില്ല. കാണം വിറ്റും ഓണം ഉണ്ണണം എന്ന ചൊല്ലൊക്കെ ശരി. സത്യത്തിൽ കാണക്കാർക്കും ഏതെങ്കിലും പടിക്കൽ സർവാണി കൂടാനേ നിർവാഹമുണ്ടായിരുന്നുള്ളു. അന്തരാള ജാതിക്കാർ അമ്പലങ്ങളിലെ ഊട്ടിന്റെ ബാക്കികൊണ്ട് തൃപ്തിപ്പെട്ടു. സാധാരണ നായന്മാർ ഇല്ലങ്ങളിലെ ബാക്കികൊണ്ടും. നാടുവാഴിക്കും ജന്മിക്കുംപോലും നാം കരുതുന്നതുപോലെ ഓണം അത്രയ്ക്കു വിശേഷപ്പെട്ട ആഘോഷമൊന്നുമായിരുന്നില്ല.''

ഓണത്തിന്റെ പ്രാഗ് വഴി അത്ര ആശാസ്യമല്ലെന്നു കാണാം.

ശ്രമണ വഴി

ഓണത്തെ സംബന്ധിച്ച്, അതിന്റെ രീതികളെ സംബന്ധിച്ച് നമുക്ക് സ്വാംശീകരിക്കാവുന്ന അടുത്ത ഘട്ടം ബൗദ്ധ- ജൈന സംസ്‌കാരങ്ങളുടെ സംഭാവനകളാണ്. ഈ രണ്ടു സംസ്‌കാരങ്ങളെ പൊതുവായി ശ്രമണം(ബുദ്ധ-ജൈന ഭിക്ഷുക്കളെ സൂചിപ്പിക്കുന്ന വാക്ക്) എന്ന വാക്കിലൂടെയാണ് ഇനിയങ്ങോട്ടു സൂചിപ്പിക്കുക. ഇന്നത്തെക്കാലത്ത് വിവക്ഷിക്കുന്നതുപോലെ പ്രാചീന കേരളത്തിൽ ഹിന്ദുമതം എന്നറിയപ്പെടുന്ന ബ്രാഹ്മണമതമുണ്ടായിരുന്നില്ല. കേരളത്തിലേക്ക് മതമെന്ന സംജ്ഞയിൽ ആദ്യം എത്തിച്ചേർന്നത് ശ്രമണമതങ്ങളായിരുന്നു. അവർ വിദ്യാകേന്ദ്രങ്ങൾ ആരംഭിച്ചു. സ്‌നേഹത്തിന്റെയും സഹനത്തിന്റെയും സന്ദേശം പ്രചരിപ്പിച്ചു. ജനങ്ങളൊന്നടങ്കം ശ്രമണമതത്തിൽ ആകൃഷ്ടരായി. ദുഃഖകരമെന്നു പറയട്ടെ, കേരള ചരിത്രകാരന്മാർ പലപ്പോഴും കേരളത്തിലെ ശ്രമണ പാരമ്പര്യത്തെക്കുറിച്ച് വലിയ മതിപ്പൊന്നും പ്രകടിപ്പിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്; പലയിടത്തും നിരവധി തെളിവുകളുണ്ടായിട്ടുപോലും. ഓണം, തിരുവോണം എന്നീ പദങ്ങൾ സംസ്‌കൃതത്തിലെ ശ്രാവണ പദത്തിന്റെ തത്ഭവങ്ങളാണ്. ശ്രാവണം എന്ന പദസംജ്ഞ ബൗദ്ധമാണ്. ബുദ്ധശിഷ്യന്മാർ ശ്രമണന്മാർ എന്നാണ് അറിയപ്പെടുന്നത്. ബൗദ്ധ സങ്കല്പപ്രകാരം വിശ്രമത്തിനും വിനോദത്തിനും ഉപയോഗിച്ചിരുന്ന മാസമാണ് ശ്രാവണം അഥവാ ചിങ്ങം.

മഞ്ഞനിറം ഓണത്തിന്റെ അവിഭാജ്യഘടകമാണ്. ബുദ്ധമതം സ്വീകരിച്ചവർക്ക് ശ്രീബുദ്ധൻ നൽകിയിരുന്നത് മഞ്ഞവസ്ത്രമായിരുന്നു. ഓണക്കോടിയായി നൽകുന്ന മഞ്ഞമുണ്ട് ഈ ചടങ്ങിനെ സൂചിപ്പിക്കുന്നു. മഞ്ഞനിറമുള്ള മത്തപ്പൂവ് പൂക്കളത്തിൽ നിർബന്ധമായിരുന്നു. അതിന് അഞ്ചിതളാണുള്ളത്. ഇത് ബുദ്ധധർമത്തിലെ പഞ്ചശീലങ്ങളുടെ പ്രതീകമായി കരുതിവരുന്നു. ബുദ്ധമതത്തെ കേരളത്തിൽനിന്നും ആട്ടിപ്പായിക്കാൻ അക്രമങ്ങളും ഹിംസകളും നടത്തിയതിന്റെ സ്മരണകളാണ്, ഓണത്തല്ലും ചേരിപ്പോരും വേലകളിയും പടേനിയും മറ്റും. വാമന-മഹാബലി കഥയ്ക്കപ്പുറം ശ്രമണമതസങ്കൽപ്പവുമായി ബന്ധപ്പെട്ട് ഓണത്തിന്റെ ഐതിഹ്യം ഉരുത്തിരിഞ്ഞതിനെക്കുറിച്ച് വേലായുധൻ പണിക്കശ്ശേരി പറയുന്നു: ‘‘ബുദ്ധമതവിശ്വാസിയും പ്രജാസുഖത്തെ ലക്ഷ്യമാക്കി ഏറ്റവും കാര്യക്ഷമമായി ഭരണം നടത്തിയിരുന്നതുമായ ഒരു കേരള ചക്രവർത്തിയെ ബ്രാഹ്മണരുടേയും ക്ഷത്രിയരുടേയും ഉപജാപവും കയ്യൂക്കുംകൊണ്ട് അദ്ദേഹം ബൗദ്ധനാണെന്ന ഒരൊറ്റ കാരണത്താൽ മാത്രം ബഹിഷ്‌കരിച്ച് ബ്രാഹ്മണമതം പുനഃസ്ഥാപിച്ചതിന്റെ ഓർമ, കേരളത്തിലെ വിളവെടുപ്പുത്സവത്തോടൊപ്പം ആഘോഷിക്കുന്നതാണ് ഓണം.''

മലയാളത്തിൽ പ്രസിദ്ധമായ പാട്ടാണ് ‘ഓണത്തപ്പാ കുടവയറാ...' എന്നത്. ഇന്ന് ഓണത്തപ്പൻ എന്നാൽ മഹാബലിയുടെ ചിത്രമായാണ് സങ്കൽപ്പിക്കുന്നത്. ഓലക്കുടയും, വീർത്തവയറുമായി നിൽക്കുന്ന ഓണത്തപ്പനെ ഒരു സാപ്പാട്ടു രാമനായി നമുക്കു തോന്നും. ഈയടുത്ത കാലത്തായി ഹിന്ദുത്വക്കാർ പറയുന്നത്, ഓണത്തപ്പനായ മഹാബലിക്ക് കുടവയറില്ല, അദ്ദേഹം ബലിഷ്ഠകായനും അരോഗദൃഢഗാത്രനുമാണെന്നാണ്. മഹാബലിക്ക് കുടവയറുണ്ടാവില്ലായിരിക്കാം. പക്ഷേ, ഓണത്തപ്പന് കുടവയറുണ്ട്. കാരണം കുടവയറുള്ള ഓണത്തപ്പൻ മഹാബലിയേയല്ല. ഈ സങ്കൽപ്പം നാം കടംകൊണ്ടത് ജൈനമതത്തിൽ നിന്നാണ്. ജൈനമതത്തിലെ ജൈനതീർത്ഥങ്കരന്മാരുടെ ലക്ഷണമാണ് കുടവയർ എന്ന് എസ്.കെ. വസന്തനും വി.വി.കെ.വാലത്തും പരാമർശിക്കുന്നു. ആ പഴയ നാടൻ പാട്ടിൽ ഓണത്തിന്റെ സദ്യയെക്കുറിച്ചാണ് പരാമർശിച്ചിരിക്കുന്നത്.

ഓണത്തപ്പാ കുടവയറാ
എന്നാണപ്പാ തിരുവോണം?
നാളെത്തന്നെ തിരുവോണം
നാക്കിലയിട്ടു വിളമ്പേണം
ഓണത്തപ്പാ കുടവയറാ
എന്താണപ്പാ കറിയെല്ലാം?
ചേനത്തണ്ടും ചെറുപയറും
കാടും പടലവുമെരിശ്ശേരി
വാഴയ്ക്കാച്ചുണ്ടുപ്പേരി
മാമ്പഴം കൊണ്ടു പുളിശ്ശേരി
കാച്ചിയ മോരും നാരങ്ങേം
പച്ചടി കിച്ചടിയച്ചാറും
ഓണത്തപ്പാ കുടവയറാ
എന്നാണപ്പാ തിരുവോണം?

തൃക്കാക്കരയിലെ ഓണസങ്കൽപ്പത്തിൽ ജൈനതീർത്ഥങ്കരന്റെ കുടവയറ് ഒരു സൂചകമായതെങ്ങനെ എന്നു സംശയിച്ചേക്കാം. ഡോ.പുതുശ്ശേരി രാമചന്ദ്രൻ ഇപ്രകാരം പറയുന്നു: ‘‘ജൈനവണിക്കുകളുടെ സാന്നിധ്യം തെളിയിക്കുന്ന ഒരു മഹാക്ഷേത്രമാണ് തൃക്കാക്കര. ഈ ക്ഷേത്രത്തിന്റെ വളർച്ചയ്ക്ക് സമ്പന്നരായ ജൈനവണിക്കുകൾ വലിയ സംഭാവന നൽകുന്നുണ്ട്. പ്രസിദ്ധ ജൈനകേന്ദ്രമായ പെരുമ്പാവൂരിലെ കല്ലിലും കൊടുങ്ങല്ലൂരിലെ കുണവായ്‌ക്കോട്ടവും പാലക്കാട്ടെ കാട്ടാമ്പള്ളിയും ആയുള്ള തൃക്കാക്കരയുടെ സാമീപ്യം ശ്രദ്ധേയം. തൃക്കാക്കര വിഷ്ണു ക്ഷേത്രമാകും മുൻപ് പ്രശസ്തമായൊരു ജൈനകേന്ദ്രമായിരിക്കാൻ സാധ്യതയുണ്ട്. തൃക്കാക്കര ക്ഷേത്രത്തിലെ വ്യവസ്ഥകളിൽ പങ്കെടുത്ത സാക്ഷികളെല്ലാം ‘ചാതുക്കൾ' അഥവാ ‘സത്തുക്കളാണ്'. സത്തുക്കൾ എന്നാൽ ജൈനവണിക്കുകൾ എന്ന് പ്രാകൃതഭാഷാ നിഘണ്ടു പറയുന്നു.''

ശൈവ വഴി

ശ്രമണമതങ്ങളെ ആട്ടിയോടിച്ചാണ് ഹിന്ദുമതം എന്നറിയപ്പെട്ട ബ്രാഹ്മണമതം കേരളത്തിൽ ആധിപത്യം സ്ഥാപിച്ചത്. കേരളത്തിലെ ക്ഷേത്രനിർമിതകളൊന്നും ആര്യബ്രാഹ്മണരുടെ സംഭാവനയല്ല. അവയെല്ലാം ശ്രമണമതക്കാരുടെ നിർമിതികളായിരുന്നു. പ്രത്യേകിച്ചും ജൈനമതക്കാരോടാണ് കേരളത്തിലെ ക്ഷേത്രനിർമിതികൾക്ക് കടപ്പാടുള്ളത്. ഈ നിർമിതികളെ പിടിച്ചെടുത്താണ് ആര്യബ്രാഹ്മണർ ശിവനേയും വിഷ്ണുവിനേയും പ്രതിഷ്ഠിച്ചത്. ഇവിടെ നാം ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ടൊരു കാര്യമുണ്ട്. കേരളത്തിലേക്കു ആദ്യം കടന്നുവന്ന ബ്രാഹ്മണരുടെ മതം ശൈവമായിരുന്നു. ഇവിടേക്ക് ആദ്യമെത്തിയത് ശൈവമതക്കാരായ ബ്രാഹ്മണരായിരുന്നു എന്നതുകൊണ്ടുതന്നെ കേരളത്തിലെ ആദ്യകാല ബ്രാഹ്മണക്ഷേത്രങ്ങളെല്ലാം ശിവക്ഷേത്രങ്ങളുമായിരുന്നു. കെ.പി.സി.അനുജൻ ഭട്ടതിരിപ്പാട് പറയുന്നു: ‘‘(കേരളത്തിലെ)ക്ഷേത്രാരാധനയുടെ ആരംഭദശയിൽ ശിവക്ഷേത്രങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളു. പിന്നീട് മാത്രമാണ് വിഷ്ണ്വാദികളായ ഇതരമൂർത്തികൾക്കും അമ്പലങ്ങളിൽ സ്ഥാനം ലഭിച്ചത്. തുടക്കത്തിൽ എല്ലാ അമ്പലങ്ങളിലും സവ്യാപസവ്യരീതി(മുക്കാൽവട്ട പ്രദക്ഷിണം) നിലനിന്നിരിക്കണം. ശൈവ-വൈഷ്ണവ വിഭാഗീയത ശക്തി പ്രാപിച്ചപ്പോൾ സവ്യാപസവ്യത്തെ ശൈവസമ്പ്രദായമെന്ന നിലയ്ക്കു പരിത്യജിച്ചതായിരിക്കും.''

ഈ പ്രസ്താവനയിൽ നിരവധി കാര്യങ്ങൾ മനസ്സിലാക്കാനുണ്ട്. ആദ്യകാലത്ത് ശിവക്ഷേത്രങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളു. ജൈനക്ഷേത്രങ്ങളെല്ലാം പഴയ കാലത്ത് ശിവക്ഷേത്രങ്ങളായി മാറി എന്നതാണ് ഇതിനുള്ള സമാധാനം. കൂടൽമാണിക്യം (കൂടൽമാണിക്യമെന്ന ജൈനക്ഷേത്രം ആദ്യകാലത്ത് ശിവക്ഷേത്രമായി മാറിയിരുന്നു എന്നനുമാനിക്കണം. കാരണം അവിടെയിപ്പോഴും പ്രദക്ഷിണം പൂർണമാക്കാറില്ല), വടക്കുന്നാഥൻ തുടങ്ങി നിരവധി ഉദാഹരണങ്ങളുണ്ട്. പിന്നീടാണ് വൈഷ്ണമതക്കാർ കേരളത്തിലേക്ക് കടന്നുവന്നത്. ശൈവമതക്കാരെ അനുകരിച്ച് വൈഷ്ണവരും ക്ഷേത്രങ്ങൾ വെട്ടിപ്പിടിച്ചപ്പോൾ ശിവക്ഷേത്രത്തിലേതെന്നുപോലെയുള്ള പ്രദക്ഷിണമായിരുന്നു വിഷ്ണുക്ഷേത്രങ്ങളിലും ഉണ്ടായിരുന്നത്. പിന്നീട് ശൈവ-വൈഷ്ണവ സ്പർധയിൽ പരസ്പരം പിടിച്ചെടുക്കലിന്റെ ഘട്ടമെത്തി. മിക്ക ശിവക്ഷേത്രങ്ങളും വിഷ്ണുക്ഷേത്രങ്ങളായി മാറി. അതിലൊന്നാണ് തൃക്കാക്കര ക്ഷേത്രവും.

തൃക്കാക്കരയിലെ ഇന്നത്തെ വാമനമൂർത്തി ക്ഷേത്രത്തിന്റെ തെക്കുഭാഗത്തായി മതിലുകെട്ടി തിരിച്ചിരിക്കുകയാണ് പഴയ ശിവക്ഷേത്രം. തൃക്കാക്കരത്തേവർ എന്ന് പണ്ട് അറിയപ്പെട്ടിരുന്നത് മഹാദേവനായിരുന്നു എന്നത് അധികമാരും ചർച്ച ചെയ്തിട്ടുമില്ല. ഈ ചർച്ചയുടെ അനന്തരഫലം വാമനജയന്തിക്കാരുടെ കള്ളിവെളിച്ചത്താകും എന്നതാണ്. തൃക്കാക്കരയപ്പൻ ഒരു കാലത്ത് മഹാദേവനായിരുന്നു എന്നതിന് നമുക്കു ലഭിക്കുന്ന തെളിവുകൾ ഏതൊക്കെയാണെന്നു പരിശോധിക്കാം.

കുറുപ്പുംവീട്ടിൽ കെ.എൻ. ഗോപാലപിള്ള രചിച്ച്, കൊല്ലവർഷം 1124-ൽ പ്രസിദ്ധീകരിച്ച ‘കേരളമഹാചരിത്ര'ത്തിൽ പറയുന്നതിങ്ങനെ: ‘‘എടപ്പള്ളിക്കു സമീപത്ത് ‘തൃക്കാക്കര' എന്നൊരു ഗ്രാമം ഉണ്ട്. ഇവിടെ പുരാതനമായ ഒരു ക്ഷേത്രവും കോവിലകങ്ങളുടെ നഷ്ടശിഷ്ടങ്ങളും കാണാനുണ്ട്. ക്ഷേത്രം വളരെ ഐശ്വര്യത്തിലും പ്രാഭവത്തിലും, വിദൂരമായ അതീതകാലത്ത് ഇരുന്നിരുന്നുവെന്നും, ഇപ്പോഴത്തെ പരിതസ്ഥിതികളിൽനിന്ന് മനസ്സിലാക്കാൻ കഴിയും.....ഇതു മഹാദേവക്ഷേത്രമാണ്. ''തൃക്കാക്കര അപ്പൻ'' എന്നാണ് പ്രസ്തുത ഉപാസനാ മൂർത്തിയുടെ അപരനാമം. ഈ തൃക്കാക്കര അപ്പനും പ്രാചീന കേരള ചരിത്രവുമായി വലുതായ ഒരു ബന്ധം ഉണ്ട്.'' (പേജ്-77)

ഓണമാഘോഷത്തിൽ, തൃക്കാക്കര അപ്പൻ കുടികൊള്ളുന്നത് പൂക്കളമധ്യത്തിലാണ്. ആദ്യകാലത്ത് (ഇന്നത്തെ മൺരൂപങ്ങൾ വരുന്നതിനും മുൻപ്) പൂക്കളത്തിന്റെ നടുക്ക്, തൃക്കാക്കര അപ്പനായി എല്ലാ വീടുകളിലും വെച്ചിരുന്നത് വൃത്തിയുള്ള ഒരു കല്ല് ആയിരുന്നു. ആ കല്ല് ആറ്റിൽ നിന്നോ, കുളത്തിൽ നിന്നോ ആയിരുന്നു എടുത്തിരുന്നത് എന്ന പ്രത്യേകതയുമുണ്ട്. പൂക്കളത്തിന്റെ നടുക്ക് തൃക്കാക്കര അപ്പനായി കല്ലിനെ അഥവാ ശിലയെ സ്ഥാപിക്കുമ്പോൾ അത് ശിവപ്രതിഷ്ഠയ്ക്ക് തുല്യമാവുന്നു. തൃക്കാക്കരയിലെ ശിവസങ്കൽപ്പത്തെ സാക്ഷാത്കരിക്കാനാണ്, പണ്ടുള്ളവർ പൂക്കളമധ്യത്തിൽ ഒരു കല്ലിനെ സ്ഥാപിച്ചിരുന്നത് എന്ന് ഇതിനെ ചുരുക്കിപ്പറയാം.

തൃക്കാക്കര ക്ഷേത്രം ശിവക്ഷേത്രമായിരുന്നു എന്നു സ്ഥാപിച്ച്​വി.വി.കെ.വാലത്ത് ശുകസന്ദേശത്തിലെ ശ്ലോകം ഉദ്ധരിക്കുന്നു:

‘‘ഉണ്ടല്ലൊ പോംവഴിക്കാ ശിവനിലയമതി-
ന്നുള്ളിലായ് പന്തിരണ്ടും
രണ്ടും പിന്നീടൊരെട്ടും പുനരപി പിതിനൊന്നും
സുരന്മാരിരിപ്പൂ
വർണിയ്ക്കത്തക്ക മാഹോദയപുരമടവാർ-
കൊങ്കമേലൂർമ്മിതട്ടി
ചൂർണിക്കും ചൂർണിയാറുണ്ടരികിലനുജയാം
താമ്രപർണിയ്ക്കതത്രെ''

ശിവനിലയം എന്നാണ് തൃക്കാക്കര ക്ഷേത്രത്തെ കവി വർണിക്കുന്നത്.

തൃക്കാക്കരയപ്പൻ ശിവനായിരുന്നു എന്ന് സൂചിപ്പിക്കുന്ന ഒരു നാടോടിഗാനം കുറുംപ്പുംവീട്ടിൽ ഗോപാലപിള്ള തന്റെ ഗ്രന്ഥത്തിൽ അനുബന്ധമായി കൊടുത്തിരിക്കുന്നു.(എഴുത്തച്ഛൻ കാലത്ത് നവീകരിക്കപ്പെട്ടത് എന്ന് ഗ്രന്ഥകാരൻ പ്രത്യേകം എടുത്തു പറയുന്നു) അതിന്റെ പ്രസക്തഭാഗം ഇവിടെ പകർത്താം. (അടിവരയിട്ട വരികൾ ശ്രദ്ധിക്കുക):

ആരോമൽപ്പൈങ്കിളിപ്പെൺകിടാവേ
പാരാതെ വന്നിങ്ങരികത്തിരി
ആതപ ഭീതികളൊന്നും വേണ്ടാ
കാതളോം തേനും നറുനെയ്യതും
ഇന്നാവോളം നീ നുകർന്നുകൊള്ളൂ
എന്നതുകേട്ടു കിളിമകളും
നന്നായ് തെളിഞ്ഞു നുകർന്നു തേനും
ഖിന്നത കൈവിട്ടു മെല്ലവേ ചൊല്ലിനാൾ
തൃക്കാക്കരെ നിന്നു വന്നു ഞാനും
തൃക്കാക്കരയെന്തു വാർത്തയുള്ളൂ
തൃക്കാക്കര ശ്രീ മഹാദേവന്റെ
തൃപ്പാദ സേവകൻ രാജമൗലീ
ഇപ്പാരശേഷം അടക്കി മന്നൻ
മുപ്പാരിടത്തിലും കേളിപൊക്കി
ഇപ്പാരിടത്തിനു മേന്മ നൽകീ
തിങ്ങിന മോദം വളർത്തി പാരിൽ
ഇങ്ങനെ വാഴുന്ന തമ്പുരാന്റെ
കൽപ്പന ചൊൽക്കൊണ്ടോരോണമല്ലോ
നൽപ്പൊന്നും ചിങ്ങത്തിലേയോണമല്ലോ
തൃക്കാക്കരെ വാഴുമീത്തമ്പുരാനോ
തൃക്കക്കരശ്രീ മഹാദേവന്റെ
തൃക്കാലിണകൂപ്പി ചൊന്നിവണ്ണം
നമ്മുടെ മാനുഷരെല്ലാപേരും
ഉണ്മയിലോണംദിനം നാലോണം
ഉല്ലാസമായിട്ടും ഭുജിച്ചും വേണം
വില്ലാളിമാർ ചേലയുടുത്തൊരുങ്ങി
വില്ലു കുലച്ചു വലിച്ചു പൂട്ടി
മല്ലരു പോരു നടത്തവേണം
മല്ലാക്ഷിമാരവരെല്ലാപേരും
മല്ലായുധന്തന്നെ കരിച്ചവന്റെ
മല്ലാക്ഷി നാടകം കളിച്ചു പാടി
ഉല്ലാസമാർന്നുടൻ അടിച്ചു കുമ്മി
സമ്മാനമോടു കൂരവം പാടിയും
നിർമ്മായമങ്ങനെയുല്ലസിക്കുക
തൃക്കാക്കര ശ്രീ മഹാദേവന്റെ
പക്കത്തിൽ മേവീടുമംബേ നിങ്ങൾ
ഉൾക്കാമ്പിൽ ധ്യാനിച്ചു മേളിക്കുവിൻ
ഇങ്ങനെയോണം കഴിച്ചുവെന്നാൽ
നിങ്ങൾക്കു പാരിൽ വിളങ്ങും സൗഖ്യം
ഓണക്കളികൾ വേണം പലേവക
ആണുങ്ങളെല്ലാരും ഒത്തുകൂടി
ഊനം വരാതെ കച്ചകൾ കെട്ടി
മാനം പെരുക്കും മാടമ്പിമാരേ
മാനിച്ചു മുന്നണീൽ നിർത്തിക്കൊണ്ടും....

ഇങ്ങനെ പാട്ട്​ നീണ്ടുപോകുന്നു. ഈ പാട്ടിൽ സ്ത്രീകൾ കുമ്മിയടിച്ചു കളിക്കുന്നുണ്ട്. തിരുവാതിരയ്ക്ക് ‘തിരുവാതിരക്കളി'യായും ഓണത്തിനു ‘കൈകൊട്ടിക്കളി'യായും അറിയപ്പെടുന്ന ആ കലാരൂപത്തിന്റെ പാട്ടുകൾ ഏറെയും ശിവനെക്കുറിച്ചുള്ളതാണ്. (ഓമനക്കുട്ടൻ ഗോവിന്ദൻ... എന്നതൊക്കെ പുതിയകാലത്തുള്ളതാണ്). ഓണത്തിനു തിരുവാതിരക്കളിയെന്നപോലെ കൈകൊട്ടിക്കളി വന്നത് തൃക്കാക്കരയപ്പൻ ശിവനായതു കൊണ്ടാണെന്ന് ന്യായമായും സംശയിക്കാം.

ഓണം വന്നാലോ പെണ്ണുങ്ങൾക്കെല്ലാർക്കും
വേണം നല്ലൊരു പാട്ടും കളീം

എന്നതിലെ പാട്ടും കളീം ശിവനെ സ്തുതിച്ചു പാടിക്കളിക്കുന്ന കൈകൊട്ടിക്കളി തന്നെ. ഈ പാട്ടിൽ നിന്നും മനസ്സിലാകുന്ന മറ്റൊരു വസ്തുത, തൃക്കാക്കരത്തേവരെ ഉപാസിച്ചിരുന്നൊരു രാജാവുണ്ടായിരുന്നു എന്നതാണ്. ശൈവോപാസകനായ രാജാവിനെ നിഷ്‌കാസിതനാക്കി വൈഷ്ണവർ രാജ്യം പിടിച്ചെടുത്ത കഥയാണോ ഓണത്തിന്റെ ഐതിഹ്യം എന്നും സംശയിക്കേണ്ടിയിരിക്കുന്നു.

വൈഷ്ണവ വഴി

ഇന്ന് തൃക്കാക്കര ക്ഷേത്രം അറിയപ്പെടുന്നത് വാമനമൂർത്തി ക്ഷേത്രമെന്നാണ്. തൃക്കാക്കരയുടെ നാൾവഴികൾ പരിശോധിച്ചാൽ അവിടുത്തെ വിഷ്ണുക്ഷേത്രത്തിന് അധികം കാലപ്പഴക്കമില്ല എന്നു മനസ്സിലാകും. പഴയകാലത്ത് തൃക്കാക്കര കാൽക്കരനാട് എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. കാൽക്കരനാട്ടിൽ വിഷ്ണുവിനെ പ്രതിഷ്ഠിച്ചപ്പോൾ പഴയ വാമന കഥയെ പുറത്തെടുത്തു എന്നുവേണം അനുമാനിക്കാൻ. മാവേലി എന്ന സങ്കൽപ്പത്തെ മഹാബലിയായും മാറ്റി. മഹാബലി മാവേലിയാകില്ല എന്ന് വി.വി.കെ.വാലത്ത് പറയുന്നു: ‘‘മഹാബലിയുടെ ദ്രാവിഡ രൂപത്തിലുള്ള തത്ഭവമാണ് ‘മാവേലി' എന്നു കരുതാൻ വഴിയില്ല. ‘മഹാ' എന്നതിന്റെ അർത്ഥം ‘മാ'യ്ക്കുണ്ടെങ്കിലും ‘ബലി' എങ്ങനെ ‘വേലി'യായി ലോപിക്കുമെന്നറിഞ്ഞുകൂടാ. തമിഴ് നാട്ടിലെ ‘മഹാബലിപുരം' കേരളത്തിലെ ‘മാവേലിക്കര'പോലെ എന്തുകൊണ്ടു ‘മാവേലിപുര'മായില്ല എന്ന ചോദ്യം സ്വാഭാവികമാണ്.''

തൃക്കാക്കര വാമനമൂർത്തി ക്ഷേത്രം. / Photo : Wikimedia Commons

ചുരുക്കത്തിൽ മാവേലിയും മഹാബലിയും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നു മനസ്സിലാക്കാം. പിന്നെങ്ങനെ തൃക്കാക്കരയിലും ഓണസങ്കൽപ്പത്തിലും വാമനനും മഹാബലിയും കടന്നുവന്നു എന്നതിനെക്കുറിച്ച് ആലോചിച്ചാൽ പഴയകാല ബ്രാഹ്മണമതത്തിന്റെ കൗശലതന്ത്രമാണതെന്നു മനസ്സിലാകും. കാൽക്കരെ എന്ന നാമവും മാവേലി എന്ന രാജാവിന്റെ കഥയും വിഷ്ണുവിന്റെ വാമനാവതാരവും ത്രിവിക്രമന്റെ കാൽപ്പാദവും സമ്മേളിക്കുമ്പോൾ ഒരു കഥയുടെ ദേഹണ്ഡം ഉരുത്തിരിയുകയായി. അങ്ങനെ തൃക്കാക്കരയിലെ വിഷ്ണുപ്രതിഷ്ഠയെ വാമനപ്രതിഷ്ഠയാക്കി മാറ്റുന്നു(തൃക്കാക്കരയിലെ പ്രതിഷ്ഠ മഹാവിഷ്ണുവാണ്). ഭാഗവതത്തിലെ കഥ ഇറക്കുമതി ചെയ്യുന്നു. മാവേലി മഹാബലിയാകുന്നു, മഹാവിഷ്ണു വാമനനാകുന്നു, ഐതിഹ്യം പാകപ്പെടുകയും ചെയ്യുന്നു. കേരളത്തിലെ ആദ്യകാല സ്ഥലനാമങ്ങൾ തങ്ങൾക്കനുസരിച്ച് മാറ്റിയെടുത്തുകൊണ്ടാണ് ബ്രാഹ്മണമതം കേരളത്തിൽ തങ്ങളുടെ അപ്രമാദിത്വം സ്ഥാപിച്ചത്. അതിന്റെ ലളിതമായ ഉദാഹരണമാണ് ഗുരുവായൂർ എന്ന നാമം. പഴയ കാലത്ത് കുരുവയൂര് എന്നറിയപ്പെട്ടിരുന്ന സ്ഥലനാമത്തെ ഗുരുവായൂര് എന്ന് മാറ്റുകയും ആ മാറ്റത്തെ സാധൂകരിക്കാൻ ഗുരുവിന്റെയും വായുവിന്റെയും കഥ തുന്നിച്ചേർക്കുകയും ചെയ്തു. ഈ തരത്തിലാണ് കേരളത്തിലെ ഒട്ടുമിക്ക സ്ഥലപ്പേരുകളുടേയും ചരിത്രം. കാൽക്കരൈനാട് എന്നതിലെ കാലാണ് പ്രശ്‌നമായത്. യഥാർത്ഥത്തിൽ ജൈനമതത്തിലെ കാൽപ്പാദ ആരാധനയുമായിട്ടാണ് തൃക്കാക്കരക്ക് ബന്ധമെന്നു അനുമാനിക്കേണ്ടിയിരിക്കുന്നു. വാമന- മഹാബലി കഥയുമായി ഓണത്തേയും തൃക്കാക്കരയേയും ബന്ധിപ്പിക്കുന്ന ഒരു തെളിവും ഇന്നുവരെ ലഭിച്ചിട്ടില്ല. വാമനനാൽ(മഹാവിഷ്ണുവിനാൽ) വഞ്ചിതനായ മഹാബലി എന്ന പ്രജാക്ഷേമതൽപ്പരനായ രാജാവിനെ മനസ്സിലാക്കാൻ മലയാളികൾക്ക് കഠിന പ്രയത്‌നം ചെയ്യേണ്ടി വന്നില്ല എന്നതാണ് ബലി- വാമന മിത്തുകളുടെ ജനകീയത വിളിച്ചോതുന്നത്. വർഷത്തിലൊരിക്കൽ പ്രജകളെ കാണാൻ വരുന്ന മാവേലിയെ- മഹാബലിയെ വരവേൽക്കാൻ ജാതി- മത ഭേദമെന്യേ മലയാളികൾ തയ്യാറെടുക്കുന്നു-അതാണ് പുതിയ കാലത്തെ ഓണം.

വില്ലനെ നായകനാക്കുന്ന ഓണം

മഹാബലി- വാമന കഥയുടെ അന്തസ്സാര തത്ത്വം ഇന്ന് മാറി മറിഞ്ഞിരിക്കുന്നു. വില്ലനായ വാമനനാണ് ഇന്ന് താരമാകേണ്ടതെന്നാണ് ഹിന്ദുത്വശക്തികളുടെ വാദം. ഓണമെന്നാൽ വാമനജയന്തിയാണെന്നാണ് അവരുടെ കടുംപിടുത്തം. ഓണവുമായി മഹാബലി- വാമന കഥയെ ബന്ധിപ്പിക്കുന്ന യാതൊരു തെളിവും അവശേഷിക്കിന്നില്ല എന്നിരിക്കെ വാമനമൂർത്തിയുടെ അപദാനവും വാമനജയന്തിയും കേരളത്തിന്റെ മതേതര മനസ്സിന് ഒരിക്കലും മനസ്സിലാവുകയുമില്ല. ഹിന്ദുത്വശക്തികൾ ചരിത്രത്തെ മറച്ചുപിടിക്കുകയും ഐതിഹ്യങ്ങളിൽ അഭിരമിച്ച് കാലക്ഷേപം കഴിക്കുകയും ചെയ്യുന്ന ദയനീയ ചിത്രമാണ് ഭാരതത്തിലുടനീളം നമുക്കു ദർശിക്കാൻ കഴിയുന്ന ഒരു പ്രത്യേകത. കേരളത്തിൽ പരശുരാമന്റെ കെട്ടുകഥ സത്യമാണെന്നു ആത്മാർത്ഥമായും വിശ്വസിച്ച് അതിനു വ്യതിരിക്തവും നട്ടാൽ മുളയ്ക്കാത്ത നുണകളും അവർ ചമച്ചുകൊണ്ടേയിരിക്കുന്നു.

പെരുമാളിന്റെ മതംമാറ്റം

പന്ത്രണ്ടാം നൂറ്റാണ്ടിന്റെ തുടക്കത്തോടെ കേരളത്തിൽ പെരുമാൾ ഭരണം ഇല്ലാതായി എന്നാണ് കണക്കാക്കപ്പെടുന്നത്. അവസാനത്തെ പെരുമാൾ ഇസ്​ലാം മതം സ്വീകരിച്ച് പുറപ്പെട്ടുപോയി എന്നും കഥകളുണ്ട്(എം.ജി.എസ്. ഇത് കള്ളക്കഥയാണെന്നു പറയുന്നു). കഥകളുടെ വാസ്തവത്തിനപ്പുറം പെരുമാളിന്റെ പുറപ്പെട്ടു പോക്കിന് കേരള ചരിത്രവുമായി ചില ബന്ധങ്ങൾ കാണാനാകും. പെരുമാളിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് ശൈഖ് സൈനുദ്ദീൻ ഇപ്രകാരം പറയുന്നു: ‘‘രാജാവിനെ കാണാതായ സംഭവം മലിബാറിൽ ഹിന്ദുക്കളുടേയും മുസ്​ലിംകളുടേയും ഇടയിൽ വളരെ പ്രചാരമുള്ള കഥയാണ്. രാജാവ് മേൽഭാഗത്തേക്കു കയറിപ്പോയതാണെന്നും ഒരിക്കലദ്ദേഹം ഇറങ്ങിവരുമെന്നും ഹിന്ദുക്കൾ വിശ്വസിക്കുന്നു. ഇതിനെ ആസ്പദമാക്കിയാണത്രെ, കൊടുങ്ങല്ലൂർ പട്ടണത്തിൽ ഒരു പ്രത്യേക സ്ഥലത്തു ചില വിശേഷ ദിവസങ്ങളിൽ മെതിയടിയും വെള്ളവും ഒരുക്കി വെക്കുന്നതും വിളക്കു കൊളുത്തുന്നതും.''

മാവേലി പ്രജകളെ കാണാൻ വരുന്നതുപോലെ സമാനമായൊരു കഥയാണ് പെരുമാളിന്റേതും.

മഹാബലി ജയിക്കുന്നു

വാമന-ബലിക്കഥയിൽ, സനാതന ഭാഷ്യം ബലിയുടെ അഹങ്കാരം തീർക്കാൻ വേണ്ടിയാണ് വാമനൻ അവതരിച്ചതെന്നാണ്. എന്നാൽ ദേവീഭാഗവതത്തിൽ ജനമേജയൻ വ്യാസനോടു സംസാരിക്കുന്ന ഒരു രംഗം നാം അറിഞ്ഞിരിക്കണം.

ജനമേജയൻ വ്യാസനോടു പറഞ്ഞു: ‘നൂറു യജ്ഞം ചെയ്തവനും ധർമിഷ്ഠനും ദാനശീലനും സത്യസന്ധനും ജിതേന്ദ്രിയനുമായിരുന്ന മഹാബലിയെ വഞ്ചിക്കാൻവേണ്ടി ജഗത് പ്രഭുവായ വിഷ്ണു വാമനരൂപം പൂണ്ടു. അല്ലയോ വ്യാസമഹർഷേ! ഇവരിൽ ആരാണ് ജയിച്ചത്? വ്യാജവേഷം പൂണ്ട വാമനനോ, മഹാബലിയോ? എനിക്കതിൽ സംശയമുണ്ട്. ധർമജ്ഞനായ അങ്ങ് എന്റെ സംശയനിവൃത്തി വരുത്തിയാലും!'

ജനമേജയന്റെ ചോദ്യം ശ്രവിച്ച് വ്യാസൻ സംശയരഹിതമായി പറഞ്ഞു: ‘രാജാവേ! ജയിച്ചത് മഹാബലി തന്നെയാണ്. അദ്ദേഹം പ്രതിജ്ഞ ചെയ്തതനുസരിച്ച് ഭൂമി ദാനം ചെയ്തു. ത്രിവിക്രമനാണെങ്കിലും വാമനനെന്ന പേരിൽ പ്രസിദ്ധനായിത്തീർന്ന ഹരി, വാമനവേഷം കെട്ടിയത് ബലിയെ വഞ്ചിക്കാൻ വേണ്ടിത്തന്നെയായിരുന്നു. ഹീനമായ ഈ കൃത്യം ചെയ്ത ഹരിക്ക് പ്രായശ്ചിത്തം ചെയ്യേണ്ടിവന്നു. അതിന്റെ ഫലമായാണ് ബലിയുടെ ദ്വാരപാലകനായി വിഷ്ണുവിന് ജീവിക്കേണ്ടിവന്നത്’. (പാതാളത്തിലെ സുതലത്തിൽ വാഴുന്ന മഹാബലിയുടെ ദ്വാരപാലകനായി മഹാവിഷ്ണു വർത്തിക്കുന്നു എന്നാണ് വിശ്വാസം- ‘സുതലേ വർത്തതേ യസ്യ ദ്വാരപാലോ ഹരിഃ സ്വയം').

തുടർന്ന് വ്യാസൻ പറഞ്ഞു: ‘രാജാവേ! ധർമത്തിന്റെ മൂലം സത്യമല്ലാതെ മറ്റൊന്നല്ല.'

പാലാ നാരായണൻ നായർ എഴുതിയതു പോലെ,‘കാമന കലരാത്ത മന്നവാ പുരാതന/ വാമന കഥകളിൽ കൗതുകം ഞങ്ങൾക്കില്ലാ...' എന്ന പ്രഖ്യാപനമാകണം നമ്മുടെ ഓണപ്രതിജ്ഞ.

സഹായക ഗ്രന്ഥങ്ങൾ

തുഹ്ഫത്തുൽ മുജാഹിദീൻ, ശൈഖ് സൈനുദ്ദീൻ, വിവ: വേലായുധൻ പണിക്കശ്ശേരി.
ക്ഷേത്രാചാരങ്ങളും വ്രതാനുഷ്ഠാനങ്ങളും, കെ.പി.സി.അനുജൻ ഭട്ടതിരിപ്പാട്.
കേരള ചരിത്രത്തിന്റെ അടിസ്ഥാന ശിലകൾ, ഡോ. പുതുശ്ശേരി രാമചന്ദ്രൻ.
നമ്മുടെ നാടോടിക്കഥകളും ഐതിഹ്യങ്ങളും, ഡോ. കെ. ശ്രീകുമാർ.
അന്വേഷണം ആസ്വാദനം, വേലായുധൻ പണിക്കശ്ശേരി.
മഹാബലി എന്ന മിത്തും ഓണത്തിന്റെ ചരിത്രവും, കെ.ടി.രവിവർമ.
കേരളത്തിലെ സ്ഥല ചരിത്രങ്ങൾ- തൃശൂർ, എറണാകുളം, വി.വി.കെ.വാലത്ത്.
കേരള സംസ്‌കാര ചരിത്ര നിഘണ്ടു, എസ്.കെ.വസന്തൻ.
മിത്ത് ചരിത്രം സമൂഹം, രാജൻ ഗുരുക്കൾ.
കേരളം വളരുന്നു, പാലാ നാരായണൻ നായർ.
ദേവീ ഭാഗവതം, വിവ: എൻ.വി.നമ്പ്യാതിരി, പറക്കോട്.
കേരളമഹാചരിത്രം, കുറുപ്പുംവീട്ടിൽ കെ.എൻ. ഗോപാലപിള്ള.
ക്ഷേത്രവിജ്ഞാനകോശം, പി.ജി.രാജേന്ദ്രൻ

Comments