പയ്യന്നൂരിലെ തെയ്യേറ്ററുകൾ

കാലടി സംസ്‌കൃതസർവകലാശാലയുടെ പയ്യന്നൂർ പ്രാദേശികകേന്ദ്രത്തിൽ മലയാളം അധ്യാപകനായി പ്രവർത്തിക്കുമ്പോഴാണ് "തെയ്യം' എന്ന അനുഷ്ഠാനകലാരൂപത്തെ ഞാൻ "കണ്ട'റിഞ്ഞു തുടങ്ങിയത്. കാമ്പസിലെ സ്നേഹനിധികളായ ശിഷ്യഗണങ്ങളും തദ്ദേശീയരായ സഹാധ്യാപകരും അവരുടെ ഗ്രാമങ്ങളിൽ അരങ്ങേറുന്ന കളിയാട്ടത്തിന് ക്ഷണിക്കുകവഴിയാണ് ഈ സൗഭാഗ്യം സാധ്യമായത്.

ഫോക്ലോർ (folklore) എന്ന ജ്ഞാനശാഖയെ അടുത്തറിയാൻ ശ്രമിക്കുന്ന പഠിതാവ് എന്ന നിലയിലാണ് തെയ്യത്തോട് ആഭിമുഖ്യമുണ്ടായത്. അപ്പർകുട്ടനാട്ടുകാരനായ എനിക്ക് കോലംതുള്ളലും പടയണിയും മുടിയെടുപ്പും ജീവിതയെഴുന്നെള്ളത്തും പരിചയമുണ്ടായിരുന്നെങ്കിലും തെയ്യം പുതിയൊരു അനുഭവമായിരുന്നു. ജയരാജിന്റെ "കളിയാട്ടം' എന്ന സിനിമയിലൂടെയും രാഘവൻ പയ്യനാട്, എം.വി. വിഷ്ണുനമ്പൂതിരി എന്നിവരുടെ പുസ്തകങ്ങളിലൂടെയും തെയ്യസംബന്ധിയായ ഏതാനും ധാരണകൾ മുന്നേ ലഭിച്ചിരുന്നുവെങ്കിലും അവയെയെല്ലാം ലഘൂകരിക്കുന്നതായിരുന്നു മുച്ചിലോട്ടുകാവിലെയും മറ്റും കളിയാട്ടത്തിന്റെ നേർക്കാഴ്ച്ചകൾ. ഫോക്ലോറിനെ സമഗ്രമായി രേഖപ്പെടുത്താനാവില്ല എന്ന സിദ്ധാന്തം നേരിൽ തിരിച്ചറിയുകയായിരുന്നു.

ചിത്രംവരയോടും വർണവിന്യാസങ്ങളോടും ചമയങ്ങളോടുമുള്ള സ്വകാര്യമായ താല്പര്യങ്ങളാണ് തെയ്യങ്ങളെ കണ്ണോടു കണ്ണോരം ചേർത്തുവെപ്പിച്ച മറ്റൊരു ഘടകം. പ്രകൃതിയിലെ നിറങ്ങളെ അതിന്റെ തുടർച്ചയിലും വിച്ഛേദത്തിലും വിന്യസിക്കുന്ന തെയ്യക്കോലങ്ങളുടെ കളർ പാറ്റേൺ, കോലങ്ങളുടെ അദ്ഭുതപ്പെടുത്തുന്ന ആകാരവിശേഷങ്ങൾ, തെയ്യക്കാരുടെ മുഖത്തെഴുത്തുകൾ, കൊട്ടും പാട്ടും ഭക്തിയും ചേർന്നുണ്ടാക്കുന്ന മെറ്റാഫിസിക്കലും സൈക്കഡലിക്കുമായ അന്തരീക്ഷം എന്നിവയെല്ലാം സവിശേഷമായ അനുഭവമാകുന്നു.

ഉത്സവപ്രേമിയായ ഞാൻ എത്രയോ ഉത്സവങ്ങൾ കണ്ടിരിക്കുന്നു. അതിൽ ക്ഷേത്രോത്സവങ്ങളും പള്ളിപ്പെരുന്നാളുകളും ചന്ദനക്കുടമഹോത്സവങ്ങളും കാർണിവലുകളുമെല്ലാം ഉൾപ്പെടും. എന്നാൽ ഏറെ വർഷങ്ങൾ കൂടിയിരിക്കുമ്പോൾ മാത്രം നടക്കുന്ന "പെരുങ്കളിയാട്ടം' നമ്മുടെ ഉത്സവബോധ്യങ്ങളെ അട്ടിമറിക്കുന്നതാണ്. പലമാതിരി ജനങ്ങൾ (വ്യത്യസ്ത ജാതിമതസ്ഥർ, വിഭിന്ന പ്രായക്കാർ, വിശ്വാസികൾ, സംഘാടകർ, പാർട്ടിക്കാർ തുടങ്ങിയവർ), ബഹുവിധ ചടങ്ങുകൾ/ആചാരങ്ങൾ, ജനപ്രിയകലാവിശേഷങ്ങൾ, വ്യത്യസ്ത ശബ്ദങ്ങൾ, സദ്യവട്ടങ്ങൾ എന്നിങ്ങനെ വിവിധതരം ബഹളസന്തോഷങ്ങളിലേക്ക് ഒരു ഗ്രാമം മുഴുവൻ രൂപാന്തരപ്പെടുന്ന സ്ഥലകാലവിശേഷമാണത്. പെരുങ്കളിയാട്ടദിനങ്ങളിൽ ദേശവും ദേശക്കാരും സവിശേഷമായ ഒരു കൾച്ചറൽ നോർമാലിറ്റിയിലേക്ക്, ഒരുപക്ഷേ "അപ്നോർമാലിറ്റി'യിലേക്ക് വഴിമാറുകയാണ്. ഈ ദേശക്കൂട്ടായ്മയിലേക്ക് എത്തിച്ചേരുന്നവരിലും ഈ മെറ്റാമോർഫോസിസ് സംഭവിക്കുമെന്നതാണ് അനുഭവം.

എന്റെ നാടകപ്രിയത്വവും തെയ്യാസ്വാദനത്തിനു പിന്നിലുണ്ടെന്ന് തിരിച്ചറിയുന്നു. തെയ്യം/കളിയാട്ടം നാടകം കൂടിയാണല്ലോ. സവിശേഷ കാല-സ്ഥലത്ത് അരങ്ങേറുന്ന പ്രകടനം. നാടകം എന്നത് വെറും നടനത്തിനപ്പുറം നാടിന്റെ അകമായിത്തീരുന്നത് തെയ്യമടക്കമുള്ള നാടൻകലകളിലാണെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. നാടകത്തെ വിശദീകരിക്കാൻ പൗരസ്ത്യവും പാശ്ചാത്യവുമായ നിരവധി സൈദ്ധാന്തിക സമീക്ഷകൾ നമുക്കു മുന്നിലുണ്ട്. എന്നാൽ തെയ്യനാടകത്തെ വിശദീകരിക്കാൻ അതു പോരാതെ വരും. ഇവിടെയാണ് പ്രാദേശികമായ ലാവണ്യശാസ്ത്രങ്ങൾ ഉരുത്തിരിയേണ്ടതുണ്ട് എന്നു പറയുന്നതിന്റെ പ്രസക്തി. ഇതു മുൻകൂട്ടി മനസ്സിലാക്കിയതുകൊണ്ടാവാം നിരൂപകനായ ഇ.പി. രാജഗോപാലൻ "തെയ്യേറ്റർ' എന്നൊരു പുതുസങ്കല്പനം മുന്നോട്ടുവെച്ചത്.

പരമ്പരാഗതമായ നാട്ടറിവുപഠനത്തിൽനിന്നും അനുഷ്ഠാനവിചാരത്തിൽനിന്നും വ്യത്യസ്തമായി സംസ്‌കാരപഠനം (Cultural Studies), പ്രകടനപഠനം (Performance Studies) എന്നീ വിജ്ഞാനശാഖകൾ തുറന്നുതരുന്ന നവീനമായ അറിവുകളോടു ചേർത്തുവെച്ചുകൊണ്ട് തെയ്യവ്യവഹാരത്തെ വ്യാഖ്യാനിക്കുന്നതു കൗതുകകരമായിരിക്കും. അത്തരം ശ്രമങ്ങൾ തെയ്യത്തിന്റെ കാണാക്കാഴ്ച്ചകൾ കാട്ടിത്തന്നേക്കും. എല്ലാ പ്രക്രിയകളെയും പ്രകടനങ്ങളായി മനസ്സിലാക്കാനും അവയുടെ പ്രകടനപരതയിൽ അതിനെ വിലയിരുത്തുവാനുമുള്ള ശ്രമം പ്രകടനപഠനത്തിന്റെ ഭാഗമാണ്. പ്രകടനത്തിന്റെ സൗന്ദര്യപരതയും രാഷ്ട്രീയവും ഇവിടെ ചർച്ചാവിഷയങ്ങളായിത്തീരും. സാംസ്‌കാരികസ്വത്വം മനസ്സിലാക്കാൻ മ്യൂസിയവും ഗ്രന്ഥാലയങ്ങളുമല്ല, പ്രകടനാവിഷ്‌കാരങ്ങളാണ് സഹായിക്കുകയെന്ന ജയിംസ് ക്ലിഫോർഡിന്റെ നിരീക്ഷണം ശ്രദ്ധേയമാണ്.

തെയ്യവും മുടിയേറ്റും പടയണിയും നാടൻ കഥയുടെ പറച്ചിലും വിവിധതരത്തിലുള്ള പ്രകടനങ്ങളാണ്. ആഴ്ചപ്പതിപ്പുകളും പ്രഭാഷണങ്ങളും ടെലിവിഷൻ ന്യൂസ് ബുള്ളറ്റിനുകളും പ്രകടനങ്ങളാവുന്നതുപോലെ ഏതു ഫോക്ലോർ രൂപത്തിന്റെ അവതരണത്തെയും പ്രകടനമായി പരിഗണിക്കാം. സാഹിത്യരചനകൾപോലെതന്നെ അനുദിന സംഭാഷണങ്ങളും ഇത്തരത്തിൽ സംവേദനപ്രകടനങ്ങളാണ്. പ്രകടന പരമ്പരയാണത്. ആൾക്കാരെ അനുനയിപ്പിക്കാനും വിപ്ലവകാരിയാക്കാനും ദുഃഖിതരാക്കാനുമൊക്കെ ഇതുവഴി സാധിക്കും. അനുദിന ഭാഷണം ആംഗ്യപ്രധാനവുമാണല്ലോ. നാടോടിവാങ്മയങ്ങളും വമ്പിച്ച പ്രകടനങ്ങളത്രേ.

പ്രകടനമെന്നത് ഒരു സംവേദനസംഭവം (communivative event) ആകുന്നു. അത് സവിശേഷമായ സംവേദനപ്പെരുമാറ്റവും (communivative bahavior) ആണ്. വ്യാഖ്യാനാത്മക നിർമ്മിതിയായും പ്രകടനത്തെ മനസ്സിലാക്കാം. ആയതിനാൽത്തന്നെ പ്രകടനത്തിന്റെ വ്യാഖ്യാനപഗ്രഥനങ്ങൾ സംവേദനപ്രക്രിയയുടെ സാമൂഹിക സാംസ്‌കാരികമുഖങ്ങൾ വെളിപ്പെടുത്തിത്തരും. പ്രകടനപഠിതാവായ റിച്ചാർഡ് ബൗമാൻ പ്രകടനം (performance), പ്രകടനശേഷി (competence) എന്നിവയെ സിദ്ധാന്തവല്ക്കരിക്കുന്നുണ്ട്. ഭാഷകന്റെ ഭാഷാശേഷിയുടെ അപൂർണ്ണമായ പ്രകാശനം മാത്രമാണ് ഭാഷാപ്രകടനം എന്ന നോം ചോംസ്‌കിയുടെ നിലപാടിനോട് ഡെൽഹൈംസിനെപ്പോലുള്ള നരവംശശാസ്ത്രജ്ഞർ വിയോജിക്കുന്നു. അവരുടെ അഭിപ്രായത്തിൽ വ്യാകരണത്തിനാസ്പദം ഭാഷാപ്രകടനമാണ്. കുറഞ്ഞപക്ഷം, വ്യാകരണത്തിനും പ്രകടനത്തിനും തുല്യപദവിയെങ്കിലും കല്പിക്കണം. തെയ്യം എന്ന പ്രകടനത്തെ സാധ്യമാക്കുന്ന വ്യാകരണമെന്ത് എന്ന അന്വേഷണം പ്രസക്തമാണ്.

പ്രകടനം വ്യാഖ്യാനത്തിന് വഴിയൊരുക്കുന്നു. പ്രകടനത്തിലൂടെയാണ് പൊരുൾ തിരിക്കപ്പെടുന്നത്. അതുകൊണ്ട് പ്രകടനശേഷിയും സംവേദനത്തിൽ നിർണായകമായി വരുന്നു. വിവിധതരം തെയ്യങ്ങൾ, അനുബന്ധ പുരാവൃത്തങ്ങൾ, തെയ്യംകെട്ടുകാർ, നടത്തിപ്പുകാർ തുടങ്ങിയ ഘടകങ്ങൾ അതിന്റെ പലമകളോടെയും പാഠഭേദങ്ങളോടെയും നിലനില്ക്കുന്ന സാംസ്‌കാരികഭൂമികകൂടിയാണ് വടക്കേമലബാർ. ആയതിനാൽത്തന്നെ തെയ്യത്തെ മുൻനിർത്തിയുള്ള പ്രകടനവിചാരത്തിന് വൈജ്ഞാനികപ്രസക്തിയുണ്ട്. തെയ്യത്തെ മുൻനിർത്തി രചിക്കപ്പെട്ട പുസ്തകങ്ങൾ, ചിത്രകഥകൾ, ചെറുതും വലുതുമായ ഡോക്യുമെന്ററി സിനിമകൾ (ഫോക്കുമെന്ററി), ഫീച്ചർസിനിമകൾ തുടങ്ങിയവയെ വിവിധ പ്രകടനമാതൃകകളായി പരിഗണിക്കേണ്ടിവരും.

സംസ്‌കാരത്തെക്കുറിച്ചുള്ള പഠനമാണ് "സംസ്‌കാരപഠനം' എന്ന ലളിതയുക്തി ഇന്നു വിലപ്പോകില്ല. എന്തിനെയും ഏതിനെയും സാംസ്‌കാരികമായി വിലയിരുത്തുന്നതാണ് സംസ്‌കാരപഠനം എന്ന തിരിച്ചറിവ് ഉണ്ടാകേണ്ടിയിരിക്കുന്നു. സംസ്‌കാരമെന്നത് ഇവിടെ പ്രാകൃതത്തിന്റെ അപരമോ സവർണമോ കുലീനമോ അല്ല. മറിച്ച്, പൊതുജനജീവിതശൈലി ആകുന്നു. അതു നിത്യവൃത്തിപരവും സാധാരണവുമാണ്. സംസ്‌കാരത്തെ സംബന്ധിച്ച ഈ വീക്ഷണം തീർത്തും ജനാധിപത്യപരമാണുതാനും.

സംസ്‌കാരത്തെ സാമ്പത്തികവ്യവഹാരവുമായി കൂട്ടിയിണക്കി വ്യാഖ്യാനിക്കുന്ന പ്രവണത ഇന്നു ശക്തി പ്രാപിച്ചു വരുന്നുണ്ട്. "ശുദ്ധസംസ്‌കാരം'എന്ന സങ്കല്പംതന്നെ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. ഓരോ സാംസ്‌കാരികപ്രകടനത്തിനും ഏതെങ്കിലും തരത്തിൽ ജനതയുടെ സാമ്പത്തികജീവിതവുമായി ബന്ധമുണ്ടാകും. അതുകൊണ്ടാവണം സാംസ്‌കാരിക പ്രകടനങ്ങളെയും സാംസ്‌കാരികപ്രതിഭാസങ്ങളെയും സാധ്യമാക്കിയ സമ്പദ് വ്യവഹാരങ്ങളെക്കുറിച്ചുകൂടി സാംസ്‌കാരപഠനം ഇന്നു ശ്രദ്ധ പുലർത്തുന്നത്. ഒരു പെരുങ്കളിയാട്ടത്തിന് ദശലക്ഷക്കണക്കിനു രൂപയാണു ചെലവാകുന്നത്. വർഷം കഴിയുന്തോറും ചെലവ് കുതിച്ചുയർന്നു വരുകയാണ്. കാവിന്റെ നടത്തിപ്പുകാരായ "വാല്യക്കാർ' കളിയാട്ടക്കമ്മിറ്റി നിശ്ചയിക്കുന്ന തുക നല്കണം എന്ന നാട്ടുവ്യവസ്ഥ രൂപീകൃതമായിരിക്കുന്നു. ഈ തുക നല്കാൻ കഴിയാത്ത വാല്യക്കാർ കളിയാട്ടത്തിന്റെ ഒരുക്കവേളയിൽ വിവിധ പണികളിൽ എർപ്പെട്ട് തുക വീട്ടണമെന്ന വ്യവസ്ഥയുമുണ്ട്. ദിവസക്കൂലി പ്രത്യേകം നിശ്ചയിക്കപ്പെടും. ഇതിന്റെ കണക്കുകൾ നോക്കി നടത്താൻ "മുക്ത്യാർ' ഉണ്ടാകും.

തെയ്യക്കാരനും ചമയക്കാരനും ചെണ്ടക്കാർക്കും മറ്റുമായി നൽകേണ്ട തുക കമ്മിറ്റി സ്വരൂപിക്കേണ്ടതുണ്ട്. വാല്യക്കാരുടെ വീതംവരവ് തികയാതെ വരുന്നതിനാൽ പൊതുപ്പിരിവും നടത്തപ്പെടും. കളിയാട്ടമഹോത്സവത്തെ ഗംഭീരമാക്കാനായി ഗാനമേള, നാടകം, കോമഡി സ്‌കിറ്റ് തുടങ്ങിയ ജനപ്രിയകലാവിരുന്നുകളും സംഘടിപ്പിക്കപ്പെടുന്നു. ബഹുവർണ്ണ പോസ്റ്ററുകൾ, കമാനങ്ങൾ, നോട്ടീസുകൾ, തിയറ്റർ ഫിലിം സ്ലൈഡുകൾ, പ്രദേശിക കേബിൾ ടി.വി. പരസ്യങ്ങൾ, സോഷ്യൽ മീഡിയ പ്രചരണം മുതലായവ പെരുങ്കളിയാട്ടത്തിന് ഒഴിച്ചുകൂടാൻ പറ്റാത്ത സംഗതികളായി തീർന്നിരിക്കുന്നു. കളിയാട്ടനടത്തിപ്പിനു സ്പോൺസർമാരുണ്ട്. ക്രിക്കറ്റുകളിക്കു മാത്രമല്ല തെയ്യംനടത്തിപ്പിനും സ്പോൺസർഷിപ്പ് അനിവാര്യമായി തീരുന്നു. ജനപ്രിയ കലാപരിപാടികൾ അണിനിരത്തിക്കൊണ്ടാണ് കളിയാട്ടം എന്ന വ്യവഹാരം ഇന്നു ഭാവന ചെയ്യപ്പെടുന്നത്. ജനകീയകല / ജനപ്രിയകല എന്ന അതിർവരമ്പ് ഇതോടെ വീണ്ടും പ്രശ്നവൽക്കരിക്കപ്പെടുന്നു.

സംസ്‌കാരവും അധികാരവും തമ്മിലുള്ള ബന്ധം സംസ്‌കാരപഠനം കണക്കിലെടുക്കുന്നുണ്ട്. വേഷവും ഭക്ഷണവുംവരെ പദവിചിഹ്നങ്ങളായി പ്രവർത്തിക്കുന്നുവെന്ന് മനസ്സിലാക്കാൻ കഴിയും. അലങ്കാരങ്ങളും മറ്റും സൗന്ദര്യവിശേഷങ്ങൾ എന്നതിനപ്പുറം സമൂഹത്തിലെ അധികാരപ്രവാഹത്തെ എങ്ങനെ നിയന്ത്രിക്കുന്നുവെന്ന് വ്യക്തമാക്കാൻ സംസ്‌കാരപഠനം ശ്രമിക്കുന്നു. ഗ്രാംഷിയുടെ സിദ്ധാന്തം പലതരത്തിലുള്ള മേൽക്കോയ്മകളെ ക്കുറിച്ച് അറിവുനൽകുന്നുണ്ട്. സാമാന്യബുദ്ധി എന്നതു വെറും സാമാന്യബുദ്ധിയല്ലെന്നും അതു നിലവിലുള്ള അധികാരഘടനയുടെ നിർമ്മിതികളാണെന്നും മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഓരോ കാലത്തെയും ആശയാവലികൾ എങ്ങനെ പൊതുബോധമുണ്ടാക്കുന്നുവെന്നും അതെങ്ങനെ അധികാരശ്രേണി കെട്ടിപ്പടുക്കുന്നുവെന്നും സമകാലിക സംസ്‌കാരപഠനം വിശദീകരിക്കുന്നുണ്ട്. അധികാരം സ്ഥാപിച്ചെടുക്കാനും നിലനിർത്താനും ഒരു വേള, അതു നിർവീര്യമാക്കാനും വരെയുള്ള ശ്രമങ്ങൾ സാംസ്‌കാരികപ്രകടനങ്ങളിലൂടെ വെളിപ്പെട്ടു കിട്ടുന്നു.

കാവ്, കളിയാട്ടം എന്നിവയുമായി ബന്ധപ്പെട്ട അന്തിത്തിരിയൻ, കോമരം, കൂട്ടായിക്കാർ, തെയ്യക്കാരൻ തുടങ്ങിയവരുടെ വേഷങ്ങൾ എങ്ങനെ അധികാരപദവി കൈയ്യാളാനുള്ള ഉപകരണങ്ങളായി മാറുന്നുവെന്ന് ആലോചിക്കുന്നതു കൗതുകകരമായിരിക്കും. കളിയാട്ടവേളയിൽ 'വാല്യക്കാരുടെ' വേഷങ്ങൾ വമ്പിച്ച അധികാരപ്രകടനമായി മാറുന്നതു കാണാം. കൂട്ടായ്മയ്ക്കുള്ളിലെ അധികാരത്തിന്റെ വ്യത്യസ്ത ശ്രേണികൾ എങ്ങനെ പ്രകടനാത്മകമാകുന്നുവെന്ന് അന്വേഷിക്കാവുന്നതാണ്. ഇതിനു പ്രകടനപഠനം തുറന്നു തരുന്ന സാധ്യതകൾ പ്രയോജനപ്പെടുത്താം.

പ്രകടമായ മറ്റൊരു അധികാരഘടന ജാതിശ്രേണിയുമായി ബന്ധപ്പെട്ടതാണ്. പൊതുവാൾ-മണിയാണി-വാണിയൻ-തീയൻ എന്നിങ്ങനെ നീണ്ടുപോകുന്ന ശ്രേണീകരണം സൂക്ഷ്മമായി അപഗ്രഥിക്കാൻ കഴിയും. സംസ്‌കാരം (culture) എന്ന പദം ഒരു താക്കോൽ വാക്കാണെന്നും അതേറെ ആശയക്കുഴപ്പം സൃഷ്ടിക്കുന്നുവെന്നും റെയ്മണ്ട് വില്യംസ് സൂചിപ്പിക്കുന്നുണ്ട്. ഈ സന്ദർഭത്തോടു ചേർത്തു വെയ്ക്കാവുന്ന മറ്റൊരു വാക്കാണ് "കൂട്ടായ്മ' (folk) എന്നത്. കൂട്ടായ്മക്കുള്ളിൽത്തന്നെ അധികാരത്തിന്റെ വിവിധ തരത്തിള്ള ബലപരീക്ഷകൾ നടന്നുകൊണ്ടേയിരിക്കുന്നുവെന്ന തിരിച്ചറിവ് സുപ്രധാനമാണ്. പരമ്പരാഗത ഫോക്ലോറിസ്റ്റുകൾ കൂട്ടായ്മയെ "വിശുദ്ധ'മായും "അചാല്യ'മായും വിവക്ഷിക്കുന്നതിൽ പന്തികേടുണ്ട്.

സംസ്‌കാരപഠനത്തിൽ ഭാഷാഭിമുഖ്യം വളരെ പ്രകടമാണ്. സൊഷൂറിന്റെ ഘടനാവാദം ഭാഷാശാസ്ത്രപരമാണ്. ഇതിൽനിന്നു വികാസം പ്രാപിച്ചുവന്നവയാണ് ഘടനാവാദാനന്തര സിദ്ധാന്തങ്ങൾ. ഭാഷാമാതൃക പിന്തുടർന്നാണ് മിഷേൽ ഫൂക്കോ വ്യവഹാരപഠനം അവതരിപ്പിച്ചത്. ഓരോ സിദ്ധാന്തവും ഓരോ വാദമാണെന്നും അതിലെ ഉപപാദനമാണ് പ്രധാനമെന്നും ഫൂക്കോ സമർത്ഥിച്ചു. സമൂഹത്തിന്റെ കെട്ടുമുറകളെയും ചിട്ടകളെയും വ്യവഹാരങ്ങൾ (discourses) ആയിട്ടാണ് അദ്ദേഹം കണക്കാക്കിയത്. സംസ്‌കാരമാതൃകകളെ വ്യവഹാരമാതൃകകളായി പരിഗണിക്കാം.

തെയ്യത്തിനു മുന്നോടിയായി അവതരിപ്പിക്കുന്ന തോറ്റം പാട്ട്, വെള്ളാട്ടം, തെയ്യക്കാരന്റെയും കോമരത്തിന്റെയും വാചാലുകൾ തുടങ്ങിയവയെ വ്യത്യസ്ത വ്യവഹാരമാതൃകകളായി പരിഗണിച്ച് അവയുടെ ഉപപാദനച്ചിട്ടകൾ (discursive practices) വേർതിരിച്ചറിഞ്ഞ് വ്യാഖ്യാനിക്കാൻ കഴിയും. കാവിലെ ചടങ്ങുമായി ബന്ധപ്പെട്ട് കോമരം ഓരോ വീട്ടിലും എത്തുമ്പോൾ അല്പം 'വാചാൽ' പറയാറുണ്ട്. ബ്രാഹ്‌മണവീടുകളിൽ വാചാൽ മുഴുവനും പറയണമത്രേ! ഉത്തരകേരളത്തിലെ ദേശ്യഭാഷാപദങ്ങൾ, ജ്യോതിഷസംബന്ധിയായ പദങ്ങൾ, ബോധപൂർവ്വം ചേർത്തുവയ്ക്കുന്ന സംസ്‌കൃതശബ്ദങ്ങൾ എന്നിവയെല്ലാംകൊണ്ട് കോമരത്തിന്റെ വാചാൽ ഒരു മഹാപ്രകടനമായി മാറുന്നതു കാണാം.

തെയ്യവുമായി ബന്ധപ്പെട്ട മറ്റു ഭാഷാവ്യവഹാരങ്ങളുടെയും ഉപപാദനച്ചിട്ടകൾ വേർതിരിച്ചറിഞ്ഞ് വ്യാഖ്യാനിക്കാൻ കഴിയും. സംസ്‌കാരപഠനത്തിന്റെ ഭാഷോന്മുഖതയെ ശക്തിപ്പെടുത്തിയ ദെറിദയുടെ അപനിർമ്മാണസിദ്ധാന്തം ഇവിടെ പ്രത്യേക പരിഗണനയർഹിക്കുന്നു. സംഭവങ്ങളുടെയും പ്രകടനങ്ങളുടെയും വസ്തുക്കളുടെയും സത്തയെ വേർതിരിച്ചെടുത്ത് അവതരിപ്പിക്കാമെന്ന പരമ്പാരാഗതവിശ്വാസത്തെയാണ് ദെറിദ ചോദ്യം ചെയ്തത്. ഭൗതിക പരിതോവസ്ഥകളുടെ വിന്യാസത്തിലൂടെ മാത്രമേ പ്രത്യക്ഷീകരണം സാധിക്കുകയുള്ളുവെന്ന് അദ്ദേഹം വ്യക്തമാക്കി. ആത്മീയതയും ഭക്തിയും ശൂന്യതയിലല്ല ദേശ- കാല- വർഗ- ജാതി- ലിംഗ നിർണ്ണയനങ്ങളിലൂടെയാണ് വെളിപ്പെടുന്നത്.

സമകാലിക സംസ്‌കാരപഠനത്തിന്റെ മറ്റൊരു സവിശേഷത അത് സ്വത്വരാഷ്ട്രീയം തിരിച്ചറിയുന്നുവെന്നതാണ്. ഉല്പാദനവും ഉപഭോഗവും സ്വത്വനിർവചനങ്ങൾക്കുള്ള വഴികളാണ്. വാല്യക്കാർ, കൂട്ടായിക്കാർ, ഭ്രാന്തൻ, ഭർത്താവ് തുടങ്ങിയ നിർമിതികൾ എന്തെല്ലാം പ്രവണതകളാണ് മുമ്പോട്ടു വയ്ക്കുന്നത്! ഒരു വ്യക്തിയെത്തന്നെ പയ്യന്നൂർക്കാരൻ, തെയ്യക്കാരൻ, മാർക്സിസ്റ്റുകാരൻ, അധ്യാപകൻ, യുവാവ് എന്നെല്ലാം പേർ ചൊല്ലി വിളിക്കുമ്പോഴുള്ള സ്വത്വ സംക്രമണം ശ്രദ്ധേയമാണ്. ആഖ്യാതാവ്, ആഖ്യാനത്തിലൂടെ സ്വത്വം നിർമ്മിച്ചെടുത്ത് എങ്ങനെ ആഖ്യാനലക്ഷ്യം നേടുന്നുവെന്ന് അന്വേഷിക്കാവുന്നതാണ്. ഇക്കാര്യത്തിൽ ആഖ്യാതാവിനു വലിയ സ്വാതന്ത്ര്യമൊന്നുമില്ല. അയാളുടെ ഭാഷയും സാമൂഹ്യ ഉല്പന്നമാണ്. സമൂഹത്തിന്റെ നിഴലടയാളങ്ങൾ വീണ ഭാഷകൊണ്ടാണ് ആഖ്യാനം സാധ്യമാക്കുന്നത്. തെയ്യത്തിന്റെ തോറ്റങ്ങൾ, മുഖത്തെഴുത്ത്, രൂപശില്പം തുടങ്ങിയവയെ സാംസ്‌കാരിക ഉല്പന്നങ്ങളായി അപഗ്രഥിക്കുമ്പോൾ അതിലൂടെ പ്രകാശിതമാകുന്ന കർത്തൃത്വത്തെ (subjectivity) പാട്ടുകാരന്റെ/മുഖത്തെ ഴുത്തുകാരന്റെ/കോലംകെട്ടുകാരന്റെ സ്വത്വമായി മാത്രം മനസ്സിലാക്കാൻ സംസ്‌കാരപഠനം സമ്മതിക്കില്ല. സാമൂഹ്യപ്രക്രിയയുമായി ബന്ധപ്പെട്ടുകൊണ്ടാണ് ഇവയെല്ലാം ഉരുവം കൊള്ളുന്നത്. ലിംഗകർത്തൃത്വങ്ങളെപ്പോലും "സാംസ്‌കാരിക ശൃംഖല'യുടെ ഭാഗമായി വ്യാഖ്യാനിക്കേണ്ടി വരുമെന്നർത്ഥം. തെയ്യത്തെ കുറിച്ചുള്ള, ഒരു പക്ഷേ എല്ലാ സാംസ്‌കാരിക വിഷയങ്ങളെയും കുറിച്ചുള്ള അന്വേഷണങ്ങളും പഠനങ്ങളും ഈവക കാര്യങ്ങളിൽ ശ്രദ്ധ വെയ്ക്കേണ്ടതുണ്ട്.

Comments