ബോധ്ഗയ സമരം; ബ്രാഹ്മണാധിപത്യത്തിനെതിരെ
ബുദ്ധനെ മുൻനിർത്തി ഒരു പോരാട്ടം

ബീഹാറിലെ ബോധ്ഗയയിലുള്ള മഹാബോധി മഹാവിഹാര ക്ഷേത്രഭരണം ബുദ്ധ സമൂഹത്തിന് കൈമാറണമെന്നാവശ്യപ്പെട്ട് നൂറുകണക്കിന് ബുദ്ധസന്യാസിമാരും അനുയായികളും ഫെബ്രുവരി 12 മുതൽ നിരാഹാരം നടത്തുകയാണ്. ബ്രാഹ്മണാധിനിവേശത്തിനെതിരായ സമരമെന്ന നിലയ്ക്ക് ഈ പ്രക്ഷോഭത്തിന്റെ സമകാലിക പ്രാധാന്യം പരിശോധിക്കുകയാണ് നവീൻ പ്രസാദ് അലക്സ്.

ബീഹാറിലെ ബോധ്ഗയയിലുള്ള ബുദ്ധമത കേന്ദ്രമായ മഹാബോധി മഹാവിഹാര ക്ഷേത്രഭരണം ബുദ്ധസമൂഹത്തിന് കൈമാറണമെന്നാവശ്യപ്പെട്ട് നൂറുകണക്കിന് ബുദ്ധ സന്യാസിമാരും അനുയായികളും ഫെബ്രുവരി 12 മുതൽ അനിശ്ചിതകാല നിരാഹാരസമരം നടത്തുകയാണ്. 1949-ലെ ബോധ് ഗയ ടെംപിൾ ആക്റ്റ് റദ്ദാക്കുക, ബോധ് ഗയ ടെംമ്പിൾ മാനേജുമെന്റ് ആക്റ്റ് ഭേദഗതി ചെയ്യുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ബീഹാറിലെ ബോധ്ഗയയിലുള്ള മഹാബോധി ക്ഷേത്രത്തിനുസമീപം ബുദ്ധഭിക്ഷുക്കൾ നിരാഹാരമനുഷ്ഠിക്കുന്നത്. 1949-ലെ നിയമം ക്ഷേത്ര മാനേജുമെന്റിൽ ബുദ്ധമത പ്രാതിനിധ്യം ഇല്ലാതാക്കുന്നതും ഹിന്ദു അംഗങ്ങൾക്ക് ആധിപത്യം നൽകുന്നതുമാണ് എന്നാണ് ബുദ്ധഭിക്ഷുക്കൾ ചൂണ്ടിക്കാണിക്കുന്നത്.

ഗൗതമ ബുദ്ധൻ ജ്ഞാനോദയം നേടിയതെന്ന് വിശ്വസിക്കപ്പെടുന്ന ബോധഗയയിലെ മഹാബോധി മഹാവിഹാരം ലോകമെമ്പാടുമുള്ള ബുദ്ധമതക്കാരുടെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലങ്ങളിൽ ഒന്നാണ്. എന്നിട്ടും, അതിന്റെ ഭരണം അത് പ്രതിനിധീകരിക്കുന്ന സമൂഹത്തിൽ നിന്ന് അടർത്തി മാറ്റപ്പെടുകയാണ്. ഈ സമരം കേവലം ഒരു വിഹാരത്തിന്റെ അധികാരത്തിനുവേണ്ടിയുള്ള ഒന്നല്ല, മറിച്ച് ബ്രാഹ്മണവിമർശാധിഷ്ഠിതമായ ബുദ്ധമതം അടക്കമുള്ള ശ്രമണപാരമ്പര്യങ്ങളെ ആക്രമിച്ചും അപഹരിച്ചും സ്വംശീകരിച്ചും അതിന്റെ സത്തയെ നഷ്ടപ്പെടുത്താനുള്ള ബ്രാഹ്‌മണ ശക്തികളുടെ നൂറ്റാണ്ടുകളായുള്ള അടിച്ചമർത്തലുകൾക്കെതിരായ ചെറുത്തുനിൽപ്പിന്റെ ഭാഗമാണ്.

ചരിത്രപരമായി, ഇന്ത്യയിലെ ബുദ്ധമതത്തിന്റെ തകർച്ച കേവലം സ്വാഭാവിക സാമൂഹിക മാറ്റങ്ങളുടെ ഫലമല്ല, മറിച്ച് ബ്രഹ്‌മണ്യത്തിന്റെ ആക്രമണങ്ങളുടെ ഫലമായിരുന്നു. ബുദ്ധവിഹാരങ്ങൾ തകർത്തും അതേസമയം ബുദ്ധൻ, ബുദ്ധമതാചാരങ്ങൾ, വിഹാരങ്ങൾ, ആശയങ്ങൾ എന്നിവ സ്വംശീകരിച്ചും അപഹരിച്ചും ബുദ്ധമതം സൃഷ്ടിച്ച സാമൂഹിക വിപ്ലവത്തിൽ തങ്ങൾക്ക് നഷ്‌ടമായ ആധിപത്യം വീണ്ടെടുക്കുകയായിരുന്നു ബ്രാഹ്മണ്യം. ‘ഇന്ത്യയുടെ ചരിത്രം ബുദ്ധമതവും ബ്രാഹ്മണമതവും തമ്മിലുള്ള മാരകമായ സംഘർഷത്തിന്റെ ചരിത്രമല്ലാതെ മറ്റൊന്നുമല്ല’ എന്ന് ഡോ. ബി.ആർ. അംബേദ്‌കർ എഴുതുന്നുണ്ട്.

ബുദ്ധന്റെ പാഠങ്ങൾ വളച്ചൊടിക്കുന്നതിലൂടെ മാത്രമല്ല, ബുദ്ധമത കേന്ദ്രങ്ങളുടെ നിയന്ത്രണത്തിലും ചരിത്രപരമായ ഈ ബ്രാഹ്മണാവത്ക്കരണപദ്ധതി ഇന്നും തുടരുന്നു. ഇപ്പോൾ, ബുദ്ധമതക്കാരുടെ ഏറ്റവും പ്രധാന സ്ഥലങ്ങളിലൊന്നായ ബോധഗയ ബ്രാഹ്മണിക്കൽ നിയന്ത്രണത്തെ അഭിമുഖീകരിക്കുന്നതിനാൽ, ബുദ്ധമതത്തിന്റെ സ്വയംഭരണവും പൈതൃകവും ഇല്ലാതാക്കുന്ന പ്രക്രിയ മറ്റൊരു ഘട്ടത്തിലേക്ക് കടക്കുന്നു.

ബ്രാഹ്മണാധിപത്യത്തെ
വെല്ലുവിളിച്ച തഥാഗതൻ

ബുദ്ധന്റെ സന്ദേശങ്ങൾ സാമൂഹിക നീതിയിൽ ആഴത്തിൽ വേരൂന്നിയതാണ്. ശ്രേണിപരമായ ബ്രാഹ്മണ്യ മാനദണ്ഡങ്ങളെ വെല്ലുവിളിക്കുകയും ഒരു സമത്വസമൂഹത്തിന് വാദിക്കുകയും ചെയ്തു, ബുദ്ധൻ. ബുദ്ധമതം മതവിപ്ലവമായി തുടങ്ങിയെങ്കിലും അത് അതിലുപരിയായ സാമൂഹിക- രാഷ്ട്രീയ വിപ്ലവമായിരുന്നു എന്നാണ് ഡോ. അംബേദ്‌കർ എഴുതുന്നത്. ബുദ്ധമതം അടക്കമുള്ള ശ്രമണപാരമ്പര്യങ്ങൾ വേദാധികാരത്തെയും ബ്രാഹ്മണമതം അനുശാസിക്കുന്ന സാമൂഹിക ശ്രേണിയെയും നിരാകരിക്കുന്ന, വേദേതരമായ, ഭിന്നമായ ദാർശനിക പരമ്പര്യങ്ങളാണ്.

ശ്രേണിപരമായ ബ്രാഹ്മണ്യ മാനദണ്ഡങ്ങളെ വെല്ലുവിളിക്കുകയും ഒരു സമത്വസമൂഹത്തിന് വാദിക്കുകയും ചെയ്തു, ബുദ്ധൻ. ബുദ്ധമതം മതവിപ്ലവമായി തുടങ്ങിയെങ്കിലും അത് അതിലുപരിയായ സാമൂഹിക- രാഷ്ട്രീയ വിപ്ലവമായിരുന്നു എന്നാണ് ഡോ. അംബേദ്‌കർ എഴുതുന്നത്.
ശ്രേണിപരമായ ബ്രാഹ്മണ്യ മാനദണ്ഡങ്ങളെ വെല്ലുവിളിക്കുകയും ഒരു സമത്വസമൂഹത്തിന് വാദിക്കുകയും ചെയ്തു, ബുദ്ധൻ. ബുദ്ധമതം മതവിപ്ലവമായി തുടങ്ങിയെങ്കിലും അത് അതിലുപരിയായ സാമൂഹിക- രാഷ്ട്രീയ വിപ്ലവമായിരുന്നു എന്നാണ് ഡോ. അംബേദ്‌കർ എഴുതുന്നത്.

ബുദ്ധ പാഠങ്ങൾ ബ്രാഹ്മണമതത്തിന്റെ അടിസ്ഥാന അടിത്തറയെ നേരിട്ട് വെല്ലുവിളിച്ചു, പ്രത്യേകിച്ച് ജാതി (വർണ്ണം), ആചാരപരമായ യാഗങ്ങൾ (യജ്ഞങ്ങൾ), അറിവിന്റെ ഏകാവകാശികൾ ബ്രാഹ്മണരാണ് എന്ന മേൽക്കോയ്മ മുതലായവ. ജാതി അടിസ്ഥാനത്തിലുള്ള വിവേചനം അദ്ദേഹം നിരസിച്ചു. ഒരാളുടെ മൂല്യം നിർണ്ണയിക്കുന്നത് ജനിച്ച ജാതിയല്ല, മറിച്ച്, അയാളുടെ പ്രവർത്തങ്ങളാണ് (കർമം) എന്ന് ഊന്നിപ്പറയുന്നു, അംബഠ സൂത്തയിലും (Ambaṭṭha Sutta) അസ്സലായന സുത്തയിലും (Assalāyana Sutta) ബ്രാഹ്മണ്യത്തോടുള്ള ഈ വെല്ലുവിളി കാണാം. ഈ സൂതങ്ങളിൽ തന്നെ ആത്മീയപുരോഗതി എല്ലാവർക്കും ജാതിഭേദമേന്യ സാധ്യമാണ് എന്നും ബുദ്ധൻ വിഭാവനം ചെയ്യുന്നു.

ഇത് ബ്രാഹ്മണമതത്തിൽ നിന്നുള്ള സമൂല വ്യതിചലനമായിരുന്നു. അവിടെ ആത്മീയ പുരോഗതി ഉയർന്ന ജാതികളിൽ മാത്രം ഒതുങ്ങിനൽക്കുന്ന ഒന്നാണ്. ലിംഗസമത്വത്തോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത എടുത്തുപറയേണ്ടതാണ്, ഭിക്ഷുണി സംഘത്തിന്റെ സ്ഥാപനത്തിലും, ചൂഷവേദല്ല സൂത്തയിലും (Cūḷavedalla Sutta) ഇത് പ്രകടമാണ്. ജ്ഞാനവും ധാർമ്മികശക്തിയും പുരുഷന്മാരിൽ മാത്രം ഒതുങ്ങുന്നതല്ലെന്ന് ഊന്നിപ്പറയുന്ന ജാതക കഥകളായ സുജാത ജാതകവും വെസ്സന്താര ജാതകവും ബൗദ്ധസാഹിത്യത്തിൽ കാണാം. ബൗദ്ധ സാഹിത്യത്തിന്റെ അഭിവാജ്യ ഘടകമായ ജാതക കഥകൾ, ആചാരപരമായ വിശുദ്ധിയെക്കാൾ ധാർമ്മികതയ്ക്ക് മുൻഗണന നൽകുന്ന ബദൽ ധാർമ്മിക ചട്ടക്കൂടുകൾ പലപ്പോഴും അവതരിപ്പിക്കുന്നു.

ബ്രാഹ്മണാധിപത്യത്തിനെതിരായ അദ്ദേഹത്തിന്റെ വെല്ലുവിളി ഭാഷയിലേക്ക് തന്നെ വ്യാപിച്ചു - സംസ്‌കൃത ഗ്രന്ഥങ്ങളിൽ ബ്രാഹ്മണ്യ സാഹിത്യം നിലനിന്നപ്പോൾ, ബുദ്ധൻ സാധാരണക്കാരുടെ ഭാഷയായ പാലിയിൽ സംസാരിച്ചു, തന്റെ തത്വചിന്ത അടിസ്ഥാന ജനതയ്ക്ക് പ്രാപ്യമായ ഒന്നാക്കി. ബുദ്ധന്റെ 'സംഘ' സങ്കല്പം ജാതിവിരുദ്ധ ചെറുത്തുനിൽപ്പിന്റെ സമൂലമായ ഇടമായിരുന്നു, അവിടെ ബഹിഷ്കൃത ജാതികളിൽ നിന്നുള്ളവരും, തൊഴിലാളികളും, ബ്രാഹ്മണപശ്ചാത്തലത്തിൽ നിന്നുള്ളവരും തുല്യരായി നിലനിന്നിരുന്നു. ബ്രാഹ്മണിസത്തോടുള്ള ബുദ്ധന്റെ എതിർപ്പ്, ബ്രാഹ്മണമതത്തിന്റെ ആചാരങ്ങൾക്കെതിരായ വിമർശനങ്ങളിലേക്കും വ്യാപിച്ചു.

കൂടദന്ത സൂത്തത്തിൽ (Kūṭadanta Sutta), മൃഗബലികളെ ബു​ദ്ധൻ അപലപിക്കുകയും അവയിൽ ലാഭമുണ്ടാക്കുന്ന പുരോഹിത വർഗ്ഗത്തിന്റെ അധികാരം ചോദ്യം ചെയ്യുകയും ചെയ്യുന്നു. ബുദ്ധമതത്തിന്റെ പ്രചാരത്തിനുമുൻപ് ബ്രാഹ്മണ ആചാരങ്ങൾ പൂർണമായും യാഗാാദി കർമങ്ങളിൽ അധിഷ്ഠിതമായിരുന്നു എന്ന് മനസ്സിലാക്കാം. ഒരു രാജാവിന്റെ പത്ത് കടമകൾ (ദാസരാജ ധർമ്മം) പോലെയുള്ള ഗ്രന്ഥങ്ങളിലൂടെ വ്യക്തമാക്കപ്പെട്ട അദ്ദേഹത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ കാഴ്ചപ്പാട്, ബ്രാഹ്മണ- ക്ഷത്രിയ സഖ്യത്തിന്റെ ചൂഷണശക്തിയെ ആശയപരമായി വെല്ലുവിളിച്ചവയാണ്.

ബൗദ്ധ- ബ്രാഹ്മണ സംഘർഷവും
ബുദ്ധമതത്തിന്റെ തകർച്ചയും

ബുദ്ധമതവും ബ്രാഹ്മണ്യവും തമ്മിലുള്ള പോരാട്ടം കേവലം മതപരമായ സംഘർഷം മാത്രമല്ല, ഡോ. അംബേദ്കർ, ഇന്ത്യയിലെ വിപ്ലവവും പ്രതിവിപ്ലവവും എന്ന കൃതിയിൽ വാദിക്കുന്നത്, ബുദ്ധമതം ബ്രാഹ്മണമേധാവിത്വത്തിനെതിരായ ഒരു വിപ്ലവത്തെ പ്രതിനിധീകരിക്കുന്നു എന്നാണ്. എന്നിരുന്നാലും, ഈ വിപ്ലവം ബ്രാഹ്മണർ സംഘടിപ്പിച്ച ഒരു പ്രതിവിപ്ലവത്തെ അഭിമുഖീകരിച്ചു. അത് രാഷ്ട്രീയ അടിച്ചമർത്തൽ, ബൗദ്ധിക അപഹരണം, കായികമായ അടിച്ചമർത്തൽ മുതലായ ഒന്നിലധികം തന്ത്രങ്ങളിലൂടെ ബുദ്ധമതത്തെ തകർക്കാൻ ശ്രമിച്ചു.

അശോക ചക്രവർത്തി (ബി സി മൂന്നാം നൂറ്റാണ്ട്) അടക്കമുള്ള ഭരണാധികാരികളുടെ കാലത്ത് ബുദ്ധമതം രാജകീയ രക്ഷാകർതൃത്വം നേടിയെടുത്തതതോടെ അതിന്റെ സ്വാധീനം വളരുകയും അത് ഇന്ത്യൻ സമൂഹത്തിലെ ഒരു പ്രബലശക്തിയായി മാറുകയും ചെയ്തു. ബുദ്ധ വിഹാരങ്ങൾ അഭിവൃദ്ധി പ്രാപിച്ചു. എല്ലാ ജാതികളിൽ നിന്നുമുള്ള ആളുകളെ ആകർഷിക്കുന്ന വിദ്യാഭ്യാസത്തിനും സാമൂഹികക്ഷേമത്തിനുമുള്ള ജനകീയ കേന്ദ്രങ്ങളായി ഇവ പ്രദാനം ചെയ്തു. ബുദ്ധമത ധാർമ്മികതയുടെ ഭരണത്തിലേക്കുള്ള വികാസം, പലപ്പോഴും ‘ധമ്മ ഭരണം’ എന്ന് വിളിക്കപ്പെടുന്നു. ഈ കാലഘട്ടത്തിൽ ബുദ്ധമത ധാർമികത ഭരണത്തെ സ്വാധീനിച്ചിരുന്നു.

അശോകന്റെ ശാസനങ്ങൾ ജാതി അടിസ്ഥാനമാക്കിയുള്ള സാമൂഹിക ഘടനകളെക്കാൾ ‘ധമ്മ’ത്തിന് ഊന്നൽ നൽകുന്നവയായിരുന്നു. ഈ കാലഘട്ടത്തിലാണ് പ്രധാപ്പെട്ട ബൗദ്ധ ഐക്കണോഗ്രാഫികളും വിഹാരങ്ങളും പഠനകേന്ദ്രങ്ങളും ഉണ്ടാവുന്നത്, കപിലവസ്തുവിലെയും വൈശാലിയിലെയും ഭരഹുത്തിലേയും സാഞ്ചിയിലെയും വിഹാരങ്ങളും സ്തൂപങ്ങളും നിർമ്മിക്കപ്പെടുന്നത്.

ബുദ്ധ ധമ്മത്തിനെതിരായ പ്രതിവിപ്ലവത്തിന്റെ ആദ്യ സ്വരങ്ങൾ പ്രധാനമായും കേട്ടുതുടങ്ങുന്നത്, ശുംഗ രാജവംശം (ബിസി 185-73), പുഷ്യമിത്ര ശുംഗയുടെ കീഴിൽ, ബ്രാഹ്മണ ആചാരങ്ങൾ പുനരുജ്ജീവിപ്പിക്കുകയും ബുദ്ധമത ഹിംസയ്ക്ക് ഉത്തരവിടുകയും ചെയ്യുന്നതോടെയാണ്. ഏതാണ്ട് ഈ കാലഘത്തോടെ മനുസ്മൃതി (സി. 2-ാം നൂറ്റാണ്ട്) പോലെയുള്ള ബുദ്ധസമത്വവാദത്തെ നേരിട്ട് എതിർക്കുന്ന ജാതി അടിസ്ഥാനമാക്കിയുള്ള വിവേചനത്തെ ക്രോഡീകരിക്കുന്ന ബ്രാഹ്മണ ഗ്രന്ഥങ്ങൾ എഴുതപ്പെട്ടു. എന്നിരുന്നാലും, ബുദ്ധമതം കുശാൻ സാമ്രാജ്യത്തിന്റെ കീഴിൽ (1-3 നൂറ്റാണ്ട് CE), പ്രത്യേകിച്ച് കനിഷ്കന്റെ കീഴിൽ (c. 127-150 CE) വീണ്ടും തഴച്ചുവളർന്നു. ഇതിനുശേഷം വന്ന ഗുപ്ത ഭരണാധികാരികളുടെ കാലത്ത് (320-550 CE) ബ്രാഹ്മണിക്കൽ ആധിപത്യം പുനഃസ്ഥാപിക്കപ്പെടുന്നു.

ഈ ചരിത്രത്തെ അല്പം ആഴത്തിൽ പരിശോധിക്കേണ്ടതുണ്ട്. ക്ഷേത്രങ്ങളുടെയും വിഗ്രഹങ്ങളുടെയും ചരിത്രം പരിശോധിച്ചാൽ, ഈ പാരമ്പര്യം ഉണ്ടായി വന്നത് ബുദ്ധ- ജൈന ക്ഷേത്രങ്ങളിൽ നിന്നാണ് എന്ന് മനസിലാക്കാം. മനുസ്‌മൃതി അടക്കമുള്ള പല ബ്രാഹ്മണ സ്‌മൃതികളും ബ്രാഹ്മണരെ വിഗ്രഹരാധനയിൽ നിന്ന് വിലക്കുന്നുണ്ട് എന്നത് ഇതിനോട് ചേർത്ത് വായിക്കണം. ഗുപ്ത കാലഘട്ടത്തിൽ രക്ഷാകർതൃത്വത്തിലൂടെയും ബ്രാഹ്മണ സ്വാധീനത്തിലൂടെയും നിരവധി പ്രമുഖ ബുദ്ധ- ജൈന വിഹാരങ്ങളും ക്ഷേത്രങ്ങളും ആക്രമിക്കപ്പെടുകയോ ക്രമേണ ശൈവ, വൈഷ്ണവ തീർത്ഥാടന കേന്ദ്രങ്ങളായി പരിവർത്തനം ചെയ്യപ്പെടുകയോ ചെയ്തു.

ബുദ്ധന്റെ പ്രബുദ്ധതയെ അടയാളപ്പെടുത്തുന്ന ബുദ്ധമത കേന്ദ്രമായ ബോധഗയയിലെ മഹാബോധി ക്ഷേത്രത്തിൽ കാലക്രമേണ വിഷ്ണു, ശിവൻ തുടങ്ങിയ ഹിന്ദു ദൈവങ്ങൾ സ്ഥാപിക്കപ്പെട്ടു.
ബുദ്ധന്റെ പ്രബുദ്ധതയെ അടയാളപ്പെടുത്തുന്ന ബുദ്ധമത കേന്ദ്രമായ ബോധഗയയിലെ മഹാബോധി ക്ഷേത്രത്തിൽ കാലക്രമേണ വിഷ്ണു, ശിവൻ തുടങ്ങിയ ഹിന്ദു ദൈവങ്ങൾ സ്ഥാപിക്കപ്പെട്ടു.

ബുദ്ധന്റെ പ്രബുദ്ധതയെ അടയാളപ്പെടുത്തുന്ന ബുദ്ധമത കേന്ദ്രമായ ബോധഗയയിലെ മഹാബോധി ക്ഷേത്രത്തിൽ കാലക്രമേണ വിഷ്ണു, ശിവൻ തുടങ്ങിയ ഹിന്ദു ദൈവങ്ങൾ സ്ഥാപിക്കപ്പെട്ടു. ശബരിമല, തിരുപ്പതി, ബദരീനാഥ്, പുരി തുടങ്ങിയ പ്രസിദ്ധ ക്ഷേത്രങ്ങളുടെ കാര്യത്തിലും ഇത്തരം സൂചനകൾ ചരിത്രകാരർ നൽകുന്നുണ്ട്. ഇതിനു മുൻപ് ബ്രാഹ്മണ്യത്തിന് ക്ഷേത്രങ്ങൾ എന്നുപറയാൻ തക്ക ആരാധാനാലയങ്ങളൊന്നും ഉണ്ടായിരുന്നില്ല, ഏതാണ്ട് പൂർണമായും ബ്രാഹ്മണമതം യാഗാധിഷ്ഠിതമായിരുന്നു. അതുകൊണ്ടു​തന്നെ ക്ഷേത്രങ്ങളും വിഗ്രഹാരാധനയും പോലെയുള്ള ആചാരമാതൃകകൾ ബൗദ്ധ- ജൈന പാരമ്പര്യങ്ങളിൽ നിന്ന് ബ്രാഹ്മണവത്ക്കരിച്ചു സ്വംശീകരിച്ചതാണ്.

ഡോ. ബി.ആർ. അംബേദ്കർ, വെജിറ്റേറിയനിസം യഥാർത്ഥത്തിൽ ബ്രാഹ്മണ ആചാരമല്ലെന്നും ബുദ്ധമതത്തെ എതിർക്കാനുള്ള തന്ത്രപരമായ അനുരൂപമായിരുന്നുവെന്നും തെളിവുകളുടെ അടിസ്ഥാനത്തിൽ എഴുതുന്നുണ്ട്. ആദ്യ കാല വൈദിക ബ്രാഹ്മണർ ഗോമാംസം ഭക്ഷിക്കുന്നവരായിരുന്നുവെന്നും മൃഗബലി വൈദിക ആചാരങ്ങളുടെ പ്രധാന ഭാഗമായിരുന്നുവെന്നും അദ്ദേഹം എടുത്തുകാണിക്കുന്നു. മനുസ്‌മൃതിയിലടക്കം ബ്രാഹ്മണരെ ഗോമാംസം കഴിക്കാൻ നിർദേശിക്കുന്നതായി കാണാം. എന്നാൽ ബുദ്ധമതം ശക്തമായി മൃഗബലിയെ എതിർത്തിരുന്നു. എന്നാൽ മാംസാഹാരം കഴിക്കുന്നതിനെ ബുദ്ധൻ എതിർത്തിരുന്നില്ല. ബുദ്ധമതത്തിന്റെ ഉദയത്തോടെ, ബ്രാഹ്മണർ ക്രമേണ ആധിപത്യം നേടാനുള്ള ഒരു തന്ത്രമെന്ന നിലയ്ക്ക് സസ്യാഹാരികളായിമാറുകയായിരുന്നു എന്നാണ് അംബേദ്‌കർ എഴുതുന്നത്. ഈ മാറ്റം യഥാർത്ഥ ധാർമ്മിക ആശങ്കകളാൽ നയിക്കപ്പെട്ടതല്ലെന്നും ബുദ്ധമതത്തിനെതിരായ ബ്രാഹ്മണിക്കൽ പ്രതിവിപ്ലവത്തിന്റെ ആസൂത്രിയ നീക്കമായിരുന്നുവെന്നും അംബേദ്കർ വിശദീകരിക്കുന്നു.

ഗുപ്ത സാമ്രാജ്യത്തിന്റെ കാലത്ത് (4-ാം നൂറ്റാണ്ട് CE), വേദ, ഇതിഹാസ, സ്മൃതി ഗ്രന്ഥങ്ങളുടെ സമാഹാരവും വ്യവസ്ഥാപിതവൽക്കരണവും അടയാളപ്പെടുത്തിയ ബ്രാഹ്മണ ഏകീകരണത്തിന്റെ ഒരു സുപ്രധാന ഘട്ടം സംഭവിച്ചു. ഈ കാലഘട്ടത്തിൽ മനുസ്മൃതിയുടെ ഔപചാരികവൽക്കരണം സംഭവിച്ചു. അത് കർക്കശമായ ജാതിശ്രേണികളെയും ബ്രാഹ്മണ മേധാവിത്വത്തെയും ശക്തിപ്പെടുത്തി. ഈ കാലത്തു തന്നെയാണ് ബുദ്ധനെ തന്നെ അപഹരിക്കുന്നതിന്റെ ഭാഗമായി ബുദ്ധനെ വിഷ്ണുവിന്റെ അവതാരമായി അവതരിപ്പിക്കുന്നത്. ബ്രഹ്മാണ്ഡ പുരാണം, ശാരദാ തിലകം, ബൃഹത് സ്തോത്രം, ഭാഗവത പുരാണം തുടങ്ങിയ ഗ്രന്ഥങ്ങളിൽ ഇത് കാണാം. കൃത്യമായി പറഞ്ഞാൽ ബ്രാഹ്മണ മേധാവിത്വത്തിന്റെ സ്ഥാപനത്തിനുശേഷം രചിക്കപ്പെട്ട ഗ്രന്ഥങ്ങളിലാണ് ഇത് കാണുന്നത്. അതേസമയം, മഹായാനത്തിലെ ബോധിസത്വന്മാരെ ക്രമേണ ശൈവമതത്തിലേക്ക് ലയിപ്പിക്കുന്നതായി കാണാം. അവലോകിതേശ്വരൻ, മഞ്ജുശ്രീ, അചലൻ തുടങ്ങിയ ബോധിസത്വന്മാരെ ശൈവപ്രതിമകളിലേക്ക് ലയിപ്പിക്കുന്നതായി കാണാം.
അതേസമയം മഹായാന ദേവതകളായ താര, വജ്രവരാഹി, മാരിചി എന്നിവ കാളിയുടെ രൂപങ്ങളായി പുനർവ്യാഖ്യാനം ചെയ്യപ്പെട്ടു. മേൽ പറഞ്ഞ ബൗദ്ധവിഹാരങ്ങളുടെ പരിവർത്തനം ഇവിടെ വീണ്ടും പുനഃസന്ദർശിക്കേണ്ടതുണ്ട്. ഗൗതമ ബുദ്ധന്റെയും ബോധിസത്വന്മാരുടെയും മഹായാന ദേവതകളുടെയും വിഗ്രഹങ്ങൾ ഈ ആരാധനാലയങ്ങളിൽ നിന്ന് എടുത്തുമാറ്റി നശിപ്പിക്കപ്പെടുകയോ, അവ ശൈവ- വൈഷ്‌ണ വിഗ്രഹങ്ങളായി രൂപമാറ്റം വരുത്തപ്പെടുകയോ ചെയ്തു.

ഈ കാലത്തു തന്നെയാണ് ബുദ്ധനെ തന്നെ അപഹരിക്കുന്നതിന്റെ ഭാഗമായി ബുദ്ധനെ വിഷ്ണുവിന്റെ അവതാരമായി അവതരിപ്പിക്കുന്നത്. ബ്രഹ്മാണ്ഡ പുരാണം, ശാരദാ തിലകം, ബൃഹത് സ്തോത്രം, ഭാഗവത പുരാണം തുടങ്ങിയ ഗ്രന്ഥങ്ങളിൽ ഇത് കാണാം. കൃത്യമായി പറഞ്ഞാൽ ബ്രാഹ്മണ മേധാവിത്വത്തിന്റെ സ്ഥാപനത്തിനുശേഷം രചിക്കപ്പെട്ട  ഗ്രന്ഥങ്ങളിലാണ് ഇത് കാണുന്നത്.
ഈ കാലത്തു തന്നെയാണ് ബുദ്ധനെ തന്നെ അപഹരിക്കുന്നതിന്റെ ഭാഗമായി ബുദ്ധനെ വിഷ്ണുവിന്റെ അവതാരമായി അവതരിപ്പിക്കുന്നത്. ബ്രഹ്മാണ്ഡ പുരാണം, ശാരദാ തിലകം, ബൃഹത് സ്തോത്രം, ഭാഗവത പുരാണം തുടങ്ങിയ ഗ്രന്ഥങ്ങളിൽ ഇത് കാണാം. കൃത്യമായി പറഞ്ഞാൽ ബ്രാഹ്മണ മേധാവിത്വത്തിന്റെ സ്ഥാപനത്തിനുശേഷം രചിക്കപ്പെട്ട ഗ്രന്ഥങ്ങളിലാണ് ഇത് കാണുന്നത്.

ഉദാഹരണത്തിന് കർണ്ണാടകയിലെ കദ്രി മഞ്ജുനാഥ ക്ഷേത്രം, യഥാർത്ഥത്തിൽ അവലോകിതേശ്വരന് സമർപ്പിച്ച ബുദ്ധവിഹാരമായിരുന്നു. പിന്നീട് ശൈവ തീർത്ഥാടന കേന്ദ്രമായി രൂപാന്തരപ്പെട്ടു. ബുദ്ധ സന്യാസ സമുച്ചയമായിരുന്ന എല്ലോറയിലെ പല ഗുഹകളും ഗുപ്ത, രാഷ്ട്രകൂട കാലഘട്ടങ്ങളിൽ ശൈവ, വൈഷ്ണവ ആരാധനാലയങ്ങളായി പുനർനിർമ്മിക്കപ്പെട്ടു. കേരളത്തിൽ നിന്നുതന്നെ ഇതിനെ പറ്റിയുള്ള സൂചനകൾ ലഭിച്ചിട്ടുണ്ട്. കേരളോത്പത്തിയിൽ മലമുകളിലുള്ള ദുർദവതകളെയും തീരപ്രദേശങ്ങളിലെ ജലദേവതകത്തെയും ശൈവ പരമ്പര്യത്തിലേക്ക് മാറ്റണം എന്ന് പറയുന്നുണ്ട്.

ബുദ്ധന്റെയും ബോധിസത്വന്മാരുടെയും ആരാധനയെ കുറിച്ച് ആദ്യം വിവരിച്ച പ്രജ്ഞാപരാമിത സൂത്രം, മഞ്ജുശ്രീ മൂലകൽപ്പ, നിർവാണ സൂത്രം, ബുദ്ധവതാംശക സൂത്രം തുടങ്ങിയ താന്ത്രിക ബുദ്ധമത ഗ്രന്ഥങ്ങൾ പിന്നീട് ബ്രാഹ്മണപാരമ്പര്യത്തിൽ ലയിച്ച് പുനരാവിഷ്കരിക്കപ്പെട്ടു. ഈ ഗ്രന്ഥങ്ങളിൽ പലതും ക്രമേണ ബ്രാഹ്മണവൽക്കരിക്കപ്പെട്ടു. ബുദ്ധമത ആചാരങ്ങളും ദേവതകളും ബ്രാഹ്മണ താന്ത്രിക സമ്പ്രദായങ്ങളിലേക്ക് സ്വാംശീകരിക്കപ്പെട്ടു. ഈ രീതിയിൽ ഒരേസമയം, ബൗദ്ധരെയും അവരുടെ ആരാധന കേന്ദ്രങ്ങളും ആക്രമിക്കുക, പല ആരാധനാലയങ്ങളും ശൈവ, വൈഷ്ണവ ക്ഷേത്രങ്ങളായി പരിവർത്തനം ചെയ്യുക, ബൗദ്ധ ആശയങ്ങളും തന്ത്രങ്ങളും ബ്രാഹ്മവത്കരിച്ച് അവയുടെ സാമൂഹിക നീതിയുടെ സത്തയെ ചോർത്തിക്കളഞ്ഞ് സ്വാംശീകരിക്കുക, ഒടുവിൽ ബുദ്ധനെ തന്നെ അപഹരിക്കുക എന്ന പദ്ധയിലൂടെയാണ് പ്രതിവിപ്ലവം മുന്നേറിയത്.

ബുദ്ധമതത്തിന്റെ പതനവും ജാതി മേധാവിത്വത്തിന്റെ പുനഃസ്ഥാപനവും

ഇന്ത്യയിലെ ബുദ്ധമതത്തിന്റെ തകർച്ച, സാമൂഹിക അസമത്വങ്ങളെ സ്ഥാപനവൽക്കരിക്കുന്ന ഗ്രന്ഥങ്ങളിലൂടെ ക്രോഡീകരിക്കപ്പെട്ട ബ്രാഹ്മണ ജാതി മേധാവിത്വത്തിന്റെ പൂർണ്ണമായ വേരോട്ടത്തെ അടയാളപ്പെടുത്തി. ബുദ്ധമതം ക്ഷയിച്ചപ്പോൾ, ബ്രാഹ്മണിക്കൽ ഗ്രന്ഥങ്ങളായ മനുസ്മൃതി, അപസ്തംബ ധർമ്മസൂത്രം, ഗൗതമ ധർമ്മസൂത്രം മുതലായവ സാമൂഹിക ഘടനയെ നിർണയിക്കുന്ന അവസ്‌ഥയുണ്ടായി. ഇതോടെ ജാതിവ്യവസ്ഥയ്ക്ക് ഭരണപിന്തുണയും വ്യവസ്ഥാപിതമായ ന്യായീകരണവും ലഭിച്ചു. ബുദ്ധമതത്തിന്റെ തകർച്ചയ്ക്കുശേഷം ഭരണവും നിയമങ്ങളും നിശ്ചയിക്കുന്നവയായി ബ്രാഹ്മണ ഗ്രന്ഥങ്ങൾ മാറി, അത് തീർത്തും മനുഷ്യത്വരഹിതമായ ഒരു സാമൂഹിക ക്രമം തന്നെ തീർത്തു.

കർണ്ണാടകയിലെ കദ്രി മഞ്ജുനാഥ ക്ഷേത്രം, യഥാർത്ഥത്തിൽ അവലോകിതേശ്വരന് സമർപ്പിച്ച ബുദ്ധവിഹാരമായിരുന്നു. പിന്നീട് ശൈവ തീർത്ഥാടന കേന്ദ്രമായി രൂപാന്തരപ്പെട്ടു.
കർണ്ണാടകയിലെ കദ്രി മഞ്ജുനാഥ ക്ഷേത്രം, യഥാർത്ഥത്തിൽ അവലോകിതേശ്വരന് സമർപ്പിച്ച ബുദ്ധവിഹാരമായിരുന്നു. പിന്നീട് ശൈവ തീർത്ഥാടന കേന്ദ്രമായി രൂപാന്തരപ്പെട്ടു.

നളന്ദ, വിക്രമശില, ഒദന്തപുരി തുടങ്ങിയ ബുദ്ധ പഠന കേന്ദ്രങ്ങളുടെ നാശം ബുദ്ധമത ദർശനങ്ങളെ ഇല്ലാതാക്കുക മാത്രമല്ല, എല്ലാവർക്കും പ്രാപ്യമായ വിദ്യാഭ്യാസ സമ്പ്രദായത്തെ തകർക്കുന്നതായിരുന്നു. അതോടെ, ആപസ്തംബ ധർമ്മസൂത്രത്തിൽ നിർദ്ദേശിച്ചിരിക്കുന്നതുപോലെ പഠനം ഉയർന്ന ജാതിക്കാരുടെ മാത്രം അവകാശമായി മാറി. ധർമസൂത്രകളിലൂടെ അയിത്തം വ്യവസ്ഥാവത്കരിച്ചതോടെ, കീഴാള ജനതയുടെ വസ്ത്രം, ഭക്ഷണം തുടങ്ങി എല്ലാം നിയന്ത്രിക്കപ്പെട്ടു. ബുദ്ധമത സ്വാധീനത്തിൻ കീഴിൽ താരതമ്യേന കൂടുതൽ സ്വാതന്ത്ര്യം നേടിയ സ്ത്രീകൾ കീഴ്‌വണക്കത്തിലേക്ക് തരംതാഴ്ത്തപ്പെട്ടു. ഒരു സ്ത്രീക്ക് ഒരിക്കലും സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയില്ലെന്ന് മനുസ്മൃതി വ്യക്തമായി പ്രഖ്യാപിച്ചു.

ബോധഗയ വീണ്ടെടുക്കാൻ മഹാബോധി മഹാവിഹാര ക്ഷേത്രത്തിന്റെ ഭരണം ബുദ്ധ സമൂഹത്തിന് കൈമാറണമെന്നാവശ്യപ്പെട്ട് നൂറുകണക്കിന് ബുദ്ധ സന്യാസിമാരും അനുയായികളും ഫെബ്രുവരി 12 മുതൽ അനിശ്ചിതകാല നിരാഹാര സമരം നടത്തുകയാണ്. ബ്രാഹ്മണർ എന്തുകൊണ്ടാണ് ക്ഷേത്രം നിയന്ത്രിക്കുന്നത് എന്ന് പ്രതിഷേധക്കാർ ചോദിക്കുന്നു. മഗധയെ ‘പാപികളുടെ നാട്’ എന്ന് മുദ്ര കുത്തുകയും ബുദ്ധനെ നോക്കിയാൽ പോലും കഠിനമായ ശിക്ഷകൾ നൽകുകയും ചെയ്ത ബ്രാഹ്‌മണ ഗ്രന്ഥങ്ങൾ ഉദ്ധരിച്ച്, ക്ഷേത്രത്തിന്റെ നിലവിലെ ഭരണം സാംസ്കാരിക അപഹരണമാണെന്ന് അവർ പറയുന്നു. ബോധ് ഗയയ ക്ഷേത്രത്തിനു സമീപം നടന്ന പ്രതിഷേധത്തിൽ ത്രിപുര, ലഡാക്ക്, ഉത്തർപ്രദേശ്, മഹാരാഷ്ട്ര എന്നിവയുൾപ്പെടെ ഇന്ത്യയിലുടനീളമുള്ള അനുഭാവികൾ എത്തിയിട്ടുണ്ട്. ബ്രാഹ്മണ ശക്തികളും ഭരണകൂട അധികാരികളും ആസൂത്രിതമായി തങ്ങളെ അപമാനിക്കുന്നു എന്ന് ബുദ്ധ സന്യാസിമാർ പറയുന്നു. സന്യാസിമാരെ ഭീഷണിപ്പെടുത്തുന്നു, അവരുടെ പ്രാർഥനകളും സമ്മേളനങ്ങളും തടസ്സപ്പെടുത്തുന്നു. 1949-ലെ ബോധ്ഗയ ക്ഷേത്രനിയമം ഭരണഘടനാവിരുദ്ധവും ബുദ്ധമത പൈതൃകത്തിനെതിരായ ആക്രമണവുമാണെന്ന് പ്രസ്ഥാനത്തിന്റെ പ്രധാന നേതാവായ ഡോ. വിലാസ് ഖരാത്ത് പറയുന്നു. ക്ഷേത്ര മാനേജ്‌മെൻ്റ് കമ്മിറ്റിയിലെ (ബി ടി എം സി) ബ്രാഹ്മണാധിപത്യത്തെ വിമർശിച്ച അദ്ദേഹം, ബ്രാഹ്മണ കമ്മിറ്റി അംഗങ്ങൾ ക്ഷേത്രത്തിൽ ബ്രാഹ്മണിക് ആചാരങ്ങൾ അനുഷ്ഠിക്കുകയും ഐക്കോണോഗ്രാഫികളെ വളച്ചൊടിച്ച് ബ്രാഹ്മണവത്ക്കരിക്കാൻ ശ്രമം നടത്തുന്നു എന്നും പറയുന്നു. ബുദ്ധമത്തിന്റെ അസ്‌തിത്വത്തെ ഇല്ലാതാക്കാനുള്ള ചരിത്രപരമായ ശ്രമത്തിന്റെ ഭാഗമായണതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ക്ഷേത്രം ഭരിക്കാൻ ബ്രാഹ്മണരുടെ ഭൂരിപക്ഷ സമിതിയെ അനുവദിക്കുന്ന ബി.ടി നിയമം പിൻവലിക്കണമെന്നാണ് പ്രതിഷേധിക്കുന്ന സന്യാസിമാരുടെയും ഭിക്ഷുണിമാരുടെയും അനുയായികളുടെയും ആവശ്യം.

ബോധഗയ സമരം കേവലം ഒരു വിശ്വാസ ഭൂമിയുടെ നിയന്ത്രണത്തിനായുള്ള സമരമല്ല, ചരിത്രപരമായ നീതിക്കും ഇന്ത്യയിൽ ബുദ്ധമത സ്വയംഭരണം പുനഃസ്ഥാപിക്കുന്നതിനുമുള്ള പോരാട്ടമാണ്. ചരിത്രപരമായി, ബുദ്ധമതം ബ്രാഹ്മണ മേധാവിത്വത്തെയും ജാതിശ്രേണിയെയും വെല്ലുവിളിക്കുകയും സാമൂഹികനീതി, സമത്വം, അനുകമ്പ എന്നിവയെ പ്രോത്സാഹിപ്പിക്കുകയും ചെയ്ത ഒരു വിപ്ലവശക്തിയായിരുന്നു. എന്നിരുന്നാലും, ഇന്ത്യയിൽ അതിന്റെ തകർച്ചയ്ക്ക് ശേഷം, ബുദ്ധമത സ്ഥലങ്ങൾ ഒന്നുകിൽ അപഹരിക്കപ്പെടുകയോ വ്യവസ്ഥാപിതമായി അവഗണിക്കപ്പെടുകയോ ചെയ്തു, മതത്തിന്റെ പൈതൃകത്തെ സ്വന്തം ജന്മസ്ഥലത്ത് നിന്ന് ഇല്ലാതാക്കി. ബുദ്ധൻ ജ്ഞാനോദയം നേടിയ സ്ഥലമായ മഹാബോധി ക്ഷേത്രം കൈകാര്യം ചെയ്യാനുള്ള അവകാശത്തിനായി ഇന്ന് ബുദ്ധമതക്കാർക്ക് പ്രതിഷേധിക്കേണ്ടിവരുന്നു എന്ന വസ്തുത അവർ നേരിടുന്ന ആഴത്തിൽ വേരൂന്നിയ ചരിത്രപരമായ അനീതികളെ എടുത്തുകാണിക്കുന്നു. ബുദ്ധൻ സ്ഥാപിച്ചെടുത്ത സമത്വത്തിന്റെയും നീതിയുടെയും മൂല്യങ്ങൾ പുനഃസ്ഥാപിക്കുന്നതിനു വേണ്ടി കൂടിയുള്ള പോരാട്ടമാണിത്. അടിച്ചമർത്തലും സാമൂഹിക അസമത്വങ്ങളും നിലനിൽക്കുന്ന ഒരു കാലത്ത്, ചരിത്രപരവും സമകാലികവുമായ സന്ദർഭങ്ങളിൽ ഈ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കേണ്ടതിന്റെ ആവശ്യകതയുടെ ശക്തമായ ഓർമ്മപ്പെടുത്തലാണ് ബോധഗയയ്ക്കുവേണ്ടിയുള്ള സമരം.

ബോധഗയ വീണ്ടെടുക്കാൻ മഹാബോധി മഹാവിഹാര ക്ഷേത്രത്തിന്റെ ഭരണം ബുദ്ധ സമൂഹത്തിന് കൈമാറണമെന്നാവശ്യപ്പെട്ട് നൂറുകണക്കിന് ബുദ്ധ സന്യാസിമാരും അനുയായികളും ഫെബ്രുവരി 12 മുതൽ അനിശ്ചിതകാല നിരാഹാര സമരം നടത്തുകയാണ്.
ബോധഗയ വീണ്ടെടുക്കാൻ മഹാബോധി മഹാവിഹാര ക്ഷേത്രത്തിന്റെ ഭരണം ബുദ്ധ സമൂഹത്തിന് കൈമാറണമെന്നാവശ്യപ്പെട്ട് നൂറുകണക്കിന് ബുദ്ധ സന്യാസിമാരും അനുയായികളും ഫെബ്രുവരി 12 മുതൽ അനിശ്ചിതകാല നിരാഹാര സമരം നടത്തുകയാണ്.

നമ്മുടെ പുരോഗമന ഇടങ്ങളിൽ പോലും, പ്രത്യേകിച്ച് കേരളത്തിൽ, ചരിത്രപരവും സാംസ്കാരികവുമായ ചർച്ചകളിൽ ​പലപ്പോഴും ബുദ്ധനെയും അദ്ദേഹത്തിന്റെ വിപ്ലവ പൈതൃകത്തെയും ഇന്നും പുറത്തു നിർത്തുന്നു എന്നത് ഖേദകരമാണ്. സാമൂഹിക നീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങളെ രൂപപ്പെടുത്തിയ സമത്വമൂല്യങ്ങളെ പുനരുജ്ജീവിപ്പിക്കാൻ ബുദ്ധൻ, മഹാവീരർ, ചാർവാകൻ, ഗുരു നാനാക്ക് തുടങ്ങിയവരുടെ പാരമ്പര്യങ്ങൾ നമ്മുടെ ചർച്ചകളിൽ അവിഭാജ്യമായിരിക്കേണ്ടതാണ്.

Works Cited:

1.Ambedkar, B.R. Buddha or Karl Marx. Siddharth College Publications, 1956.
2.Ambedkar, B.R. Revolution and Counter-Revolution in Ancient India. Government of Maharashtra, 1987.
3.Ambedkar, B.R. The Buddha and His Dhamma. Siddharth College Publications, 1957.
4.Ambedkar, B.R. The Untouchables: Who Were They and Why They Became Untouchables? Amrit Book Co., 1948.
5.Barua, Alka. Dīgha Nikāya Pali Text With English Translation (Set in 3 Volumes). New Bharatiya Book Corporation, 2006.
6.Cowell, E. B. (Ed.). The Jataka or Stories of the Buddha's Former Births (Vols. 1–6). Cambridge University Press, 1895.
7.Davidson, Ronald M. Indian Esoteric Buddhism: A Social History of the Tantric Movement. Columbia University Press, 2002.
8.Kramrisch, Stella. Exploring India’s Sacred Art: Selected Writings of Stella Kramrisch. Edited by Barbara Stoler Miller, Motilal Banarsidass, 1994.
9.Mitra, Debala. Buddhist Monuments. Sahitya Akademi, 1971.
10.Ñāṇamoli, Bhikkhu, and Bhikkhu Bodhi. The Middle Length Discourses of the Buddha: A Translation of the Majjhima Nikāya. Wisdom Publications, 1995.
11.Schopen, Gregory. Bones, Stones, and Buddhist Monks: Collected Papers on the Archaeology, Epigraphy, and Texts of Monastic Buddhism in India. University of Hawaii Press, 1997.
12.Strong, John S. The Legend of King Aśoka: A Study and Translation of the Aśokāvadāna. Princeton University Press, 1983.
13.Thapar, Romila. Aśoka and the Decline of the Mauryas. Oxford University Press, 1961.


Summary: Hundreds of Buddhist monks and followers have been fasting since February 12, demanding that the Mahabodhi Mahavihara temple in Bodh Gaya, Bihar be handed over to the Buddhist community.


നവീൻ പ്രസാദ് അലക്സ്

ജർമ്മനിയിലെ മാക്‌സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എവല്യൂഷണറി ബയോളജിയിൽ IMPRS ഫെലോ. ഇക്കോളജി, എവല്യൂഷണറി ബയോളജി എന്നീ മേഖലകളുമായി ബന്ധപ്പെട്ട് പ്രവ‍ർത്തിക്കുന്നു.

Comments