നമ്പൂതിരി, നായർ, ഈഴവർ: ​ഏതാണ്​ കേരളത്തിലെ ആധിപത്യ ജാതി?

ഉത്തര മലബാറിലേക്ക് പോയാൽ അനുഷ്ഠാനപരമായി ദൈവമായി മാറുന്നത് മലയനും വണ്ണാനും നൽകതായരുമാണ്. എന്നാൽ, നായരോ തീയ്യരോ ആശാരിയോ മൂശാരിയോ മലയനെ അനുകരിക്കില്ല. അവനോട് ബഹുമാനവും തോന്നില്ല. കാരണം, തൊട്ടുകൂടായ്മയുടെ ചരിത്രാനുഭവങ്ങൾക്കൊപ്പം തീർത്തും ചെറിയ ജനസംഖ്യ അവരെ ദുർബലരാക്കുന്നു.

ധിപത്യ ജാതി എന്ന സങ്കൽപം എം.എൻ. ശ്രീനിവാസ് എന്ന സമൂഹശാസ്ത്രജ്ഞന്റെ സംഭാവനയാണ്. മൈസൂരിലെ രാംപുര എന്ന ഗ്രാമത്തിലെ ജാതിയുടെ പ്രതിപ്രവർത്തനങ്ങൾ പഠിച്ച അദ്ദേഹം വൊക്കലിംഗ എന്ന കർഷക വിഭാഗത്തെയാണ് ആധിപത്യജാതിയായി വിവരിക്കുന്നത്. ബ്രാഹ്മണരും ലിംഗായത്തുകളും ജാതിശ്രേണിയിൽ മുന്നിലാണെങ്കിലും അവർ ആധിപത്യ ജാതിയല്ല എന്ന് സമർഥിക്കുന്നു.

ആധിപത്യ ജാതികൾ രണ്ടു തരമുണ്ട്. ഒന്ന്, ദേശപരമായി (locally) ആധിപത്യമുള്ളവ. രണ്ട്, പ്രാദേശികമായി (regionally) ആധിപത്യമുള്ളവ. ദേശപരമായി ആധിപത്യമുണ്ടാവണമെങ്കിൽ ജാതിശ്രേണിയിൽ മുന്നിലും ശുദ്ധാശുദ്ധ ബന്ധങ്ങളിൽ നിർണയ സ്വഭാവമുള്ളതുമായ ജാതികളാകണം. അതായത്, അനുഷ്ഠാനപരമായി മുൻപന്തിയിൽ നിൽക്കുന്ന ജാതികളെയാണ് ആധിപത്യ ജാതികളെന്ന് വിളിക്കുക. കേരളത്തിന്റെ സാഹചര്യത്തിൽ ഇടദേശങ്ങളിൽ അമ്പലവുമായി ബന്ധപ്പെട്ട പൗരോഹിത്യ ജോലിയിൽ ഏർപ്പെടുന്ന നമ്പൂതിരിമാരും മറ്റ് അമ്പലവാസി ജാതികളം ഈ ഗണത്തിൽ പെടും.

എന്നാൽ, പ്രാദേശികമായി ആധിപത്യമുള്ള ജാതികൾ ജാതിശ്രേണിയിൽ മുന്നിലോ അനുഷ്ഠാനപരമായി പൗരോഹിത്യ ജോലിയിലോ ഉന്നത ജാതിശ്രേണിയിലോ ഉൾപ്പെടണമെന്നില്ല. അതിനെ നിർണയിക്കുന്നതിൽ പ്രധാനം മറ്റ് ജാതികളേക്കാൾ ജനസംഖ്യാപരമായി കൂടുതലും സാമൂഹികവും സാമ്പത്തികമായും ശക്തിയുമുള്ള (power) ജാതികളായിരിക്കണം എന്നതാണ്​. എന്നാൽ, അത്തരം ജാതികൾ ദലിത് വിഭാഗത്തിൽ പെടുന്നുവെങ്കിൽ തൊട്ടുകൂടായ്മയുടെയും തീണ്ടിക്കൂടായ്മയുടെയും ചരിത്രം അവരെ ആധിപത്യമുള്ള ജാതികളായി രൂപപ്പെടാൻ സഹായിക്കില്ല. അതായത്, പ്രാദേശികമായോ ദേശപരമായോ കേരളത്തിലെ ദലിതർ എണ്ണത്തിൽ കൂടുതലുണ്ടെങ്കിലും സാമൂഹ്യപരമായും സാമ്പത്തികമായും ശക്തിയാർജിക്കാത്ത ജാതികളായതിനാൽ അവർ ഈ ആധിപത്യ സ്വഭാവത്തിൽനിന്ന് പുറത്താകും. കേരളത്തിന്റെ സാഹചര്യത്തിൽ ദേശപരമായും പ്രാദേശികമായും മാറുന്ന സാമ്പത്തിക സാഹചര്യത്തിൽ ഈഴവരാണ് ആധിപത്യ ജാതി.

ഐ.പി.എസ് ഉദ്യോഗസ്​ഥൻ എസ്​. ശ്രീജിത്തിന്റെ ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നുവല്ലോ. സാമൂഹ്യശാസ്ത്ര സങ്കൽപ്പനങ്ങളെ ഉപയോഗിക്കുന്നതിലും അപഗ്രഥനം ചെയ്യുന്നതിലും മനസ്സിലാക്കുന്നതിലുമുണ്ടായ വികലമായ നോട്ടം മൂലമാണ്​, സ്വന്തം ജാതിയായ നായർ വിഭാഗത്തെ ആധിപത്യ സ്വഭാവമുള്ള ജാതിയായി ശ്രീജിത്തിന് തോന്നിയതും അതിനെ ഒരഭിമാന ചിഹ്‌നമായി പുതിയ തലമുറയുടെ മുന്നിൽ വിളമ്പിയതും.

നായന്മാർ കേരളത്തിൽ ജനസംഖ്യാപരമായി കുറവായതിനാലും വിവിധ ഗ്രാമ- നഗരങ്ങളിൽ ചിതറി ജീവിക്കുന്നതിനാലും അവർ ആധിപത്യ ജാതിയല്ല. അതേസമയം, അധീശത്വത്തിന് (Hegemony) വിധേയരാകുകയും അത് ഒരു കേമത്വമായി കൊണ്ടുനടക്കുന്നവരുമാണ്. തിരുവാതിര നായർ സ്ത്രീകളാണ് കളിക്കാറ്. അത് കാണുന്നത് ഇല്ലങ്ങളിൽ ജീവിക്കുന്ന നമ്പൂതിരിമാരായിരുന്നു. നമ്പൂതിരിയുടെ പൗരോഹിത്യ- അനുഷ്ഠാന ശുദ്ധിയിലൂന്നിയ ജാതിനില അവരുടെ ശരീരങ്ങളെ അധ്വാനശരീരങ്ങളായല്ല മനസ്സിലാക്കുന്നത്, മറിച്ച്, തിരുമേനികളായാണ്. എന്നാൽ, അന്തർജനങ്ങൾക്ക് ഒരു കീഴ്‌സ്ഥാനമാണ് നമ്പൂതിരിമാർക്കിടയിലുള്ളത്. നായർ സംബന്ധ- വേളിയിലൂടെ നമ്പൂതിരിമാർ അവരുടെ അധീശത്വം നായരിലൂടെ ഒരു അനുഷ്ഠാന ശക്തിയായി സന്നിവേശിപ്പിച്ചു. അതുവഴി കൈവന്ന നമ്പൂതിരിബന്ധം നായർ ജാതികൾക്ക് സ്വീകാര്യതയുണ്ടാക്കിക്കൊടുത്തെങ്കിലും ദേശത്തിലോ പ്രാദേശികമായോ അധ്വാനങ്ങളെ നിയന്ത്രിക്കാനോ സ്വന്തമാക്കാനോ കഴിയുന്ന ഒരു ജാതിയായി നായന്മാരെ അത്​ മാറ്റിയിട്ടില്ല.

ഒരു മുസ്‌ലിം പെൺകുട്ടിയോട് തനിക്ക് തറവാടുണ്ടോ എന്നു ചോദിക്കുന്ന ശ്രീജിത്ത് ഐ.പി.എസ്, അത് നായന്മാരുടെ മാത്രം സംജ്ഞയാണെന്നും അത് അനുകരിച്ചുകൊണ്ടാണ് മറ്റ് ജാതി- മത വിഭാഗങ്ങൾ ഇന്ന് തറവാട് ഉള്ളവരായി അഭിമാനിക്കുന്നത് എന്നും പറയുന്നത്​ ശുദ്ധ അസംബന്ധമാണ്. സാമൂഹ്യശാസ്ത്രപരമായും ചരിത്രശാസ്ത്രപരമായും അത് നിലനിൽക്കുന്ന ഒന്നല്ല. എന്നാൽ, ഇത്തരം ഉദ്യോഗസ്ഥന്മാർ അവർ നേടിയെടുത്ത പൊതുസ്വീകാര്യതയിലൂടെ നിർമിച്ചെടുക്കുന്ന വ്യാജ തറവാടിത്തം സാമാന്യബുദ്ധിയായി ജനങ്ങൾ സ്വീകരിച്ചേക്കാം. ആ അധികാര രൂപത്തെ ആധിപത്യ ജാതികളോടല്ല സമപ്പെടുത്തേണ്ടത്. അതിന് ആധുനികമായി ലഭിച്ച വിദ്യാഭ്യാസത്തിന്റെ അടിസ്​ഥാനത്തിലുള്ളതും പാശ്​ചാത്യമായി സ്വയം മാറുന്നതിന്റെയും ഭാഗമായി ഉണ്ടായിവരുന്ന ഒന്നാണ്. എസ്​. ശ്രീജിത്തിന് ലഭിക്കുന്ന ഈ സ്വീകാര്യത സുകുമാരൻ നായർക്ക് ലഭിക്കുന്നില്ല. എന്നാൽ, ശശി തരൂർ എന്ന വിശ്വനായർക്ക് ലഭിക്കുകയും ചെയ്യും. അത് ആധികാരികതയിലൂടെ നിർമിച്ചെടുത്ത സ്വീകാര്യതയും അംഗീകാരവും കൊണ്ടാണ്.

   ശ്രീജിത്ത് ഐ.പി.എസ്
ശ്രീജിത്ത് ഐ.പി.എസ്

തറവാട് എന്നത് ഒരു നായർ പ്രതിഭാസമല്ല. നമ്പൂതിരി‘പ്പാടു’കളാണ് അധികാര തറകളെ ഉണ്ടാക്കിയെടുത്തത്. ‘പാട്’ എന്നാൽ അധികാരം. തറവാട് എന്നാൽ ഭൂമിയിൽ മേലുള്ള അധികാരം. ജന്മി- നാടുവാഴി ജാതിവ്യവസ്ഥയുടെ ഭാഗമായി നിർമിച്ചെടുത്ത അധീശത്വ സ്വഭാവങ്ങൾ നമ്പൂതിരിപ്പാടുകളിൽ പ്രതിഫലിക്കുകയും അത് ശക്തികേന്ദ്രങ്ങളെ നിർണയിച്ച്​ നടപ്പിലാക്കുന്നതിൽ കിണഞ്ഞ് ശ്രമിക്കുകയും ചെയ്തു. നായർ- കാണ കാരവണന്മാർ നമ്പൂതിരിയുടെ പാടിനെ തന്റെ തറവാട്ടിലേക്ക് കൊണ്ടുവരുന്നത് ജാതിശ്രേണിയിലെ മുൻനില കൊണ്ടോ അനുഷ്ഠാന പൗരോഹിത്യനില കൊണ്ടോ അല്ല. സ്വന്തം ജാതിയിലെ സ്ത്രീകളെ ലൈംഗികാവശ്യത്തിന് ഉപയോഗിക്കുന്ന സമ്പ്രദായം ആധിപത്യ ജാതികളിൽ കാണുന്ന സവിശേഷതയല്ല. എന്നാൽ, ചരിത്രത്തിന്റെ പാളിനോട്ടങ്ങളിൽ കൈമുതലാക്കിയ നമ്പൂതിരി പോലത്തെ അനുഷ്ഠാന ജാതിശക്തിനില നായന്മാരെയും അധീശത്വ ജാതികളായി മാറ്റി. നമ്പൂതിരിമാരുടെ ജീവിതശൈലികൾ അനുകരിച്ചും നമ്പൂതിരി പിതൃത്വം പിടിച്ചുവാങ്ങിയും സ്വയം നമ്പൂതിരിവൽക്കരിക്കപ്പെട്ട ജാതികളായി നായന്മാരെ കാണാമെങ്കിലും സമൂഹത്തിന്റെ സമസ്​തമേഖലയിലും എണ്ണത്തിൽ വ്യാപരിക്കുന്ന സാമൂഹികത നായന്മാർക്കില്ലാത്തതുകൊണ്ട് നായർ ഒരു അധീശത്വ ജാതിയല്ല. എന്നാൽ, നമ്പൂതിരി അധിനിവേശ സംസ്‌കാരം നായരിലൂടെ പ്രതിപ്രവർത്തിക്കുന്നതുകൊണ്ട് ഒരുഅധീശത്വ ജാതിയായി നായന്മാരെ വിശേഷിപ്പിക്കാം.

ആധുനികതയിലൂടെയും പുതിയ ജനാധിപത്യ രൂപീകരണത്തിലൂടെയും ഈഴവർ ശക്തിയാർജിച്ചെങ്കിലും അവർ അനുകരിക്കുന്നത് നമ്പൂതിരി- നായർ സംസ്‌കാരത്തെയാണ്. അതുവഴി സാമൂഹിക ഉന്നതി ഉണ്ടാക്കിയെടുക്കാനും കേരളത്തിലെ ഈഴവർക്ക് കഴിയുന്നുണ്ട്. അതിനെ ആധിപത്യജാതിയുടെ സ്വഭാവമായല്ല മനസ്സിലാക്കേണ്ടത്. അതിനെ സംസ്‌കൃതവൽക്കരണം എന്നാണ് എം.എൻ. ശ്രീനിവാസ് വിവക്ഷിക്കുന്നത്. സംസ്‌കൃതവൽക്കരണം ഒരുതരം ബ്രാഹ്മണവൽക്കരണമാണ്. കേരളത്തിലെ നായന്മാരും ഈഴവരും ഈ സംസ്‌കൃതവൽക്കരണത്തിൽ പെടുന്നതുകൊണ്ടാണ് കൈകളിൽ മന്ത്രച്ചരടുകളും നെറ്റിയിൽ ചന്ദനവും തിരുവാതിരയും മോഹിനിയാട്ടവുമൊക്കെ ഇവർ ആടിനടക്കുന്നത്. സുരേഷ് ഗോപിക്ക് അടുത്ത ജന്മത്തിൽ നായരായി ജനിക്കാനല്ല ആഗ്രഹം, നമ്പൂതിരിയായി ജനിച്ച്​ അമ്പലത്തിൽ പൂജ ചെയ്യുന്നയാളായി മാറാനാണ്. അവിടെയാണ് നായരുടെ അഭിമാന മനോനില കിടക്കുന്നത്. ഇങ്ങനെ വീക്ഷിക്കുന്ന ഈഴവനോ തീയ്യനോ നായരായി ജനിക്കാനല്ല ആഗ്രഹം, മറിച്ച്​ നമ്പൂതിരിയും ഒരു പൂണൂൽ ധാരിയാകാനുമാണ്. അതിനെയാണ് ബ്രാഹ്മണവൽക്കരണം എന്നു പറയുന്നത്.

   സുരേഷ് ഗോപി
സുരേഷ് ഗോപി

കർണാടകത്തിലെ വെക്കലിംഗ ജാതിശ്രേണിയിൽ കീഴ്‌നിലയിലാണെങ്കിലും അവിടുത്തെ ഒരു ബ്രാഹ്മണൻ ഈ ജാതിയിൽ പെട്ടവരെ ബഹുമാനിക്കുകയും അഭിസംബോധന ചെയ്യുകയും വേണം. കാരണം, ദേശത്തിലുള്ള ഭൂരിപക്ഷം സാമൂഹിക- സാമ്പത്തിക ഇടപാടുകളും നടത്തുന്നത് അവരാണ്. കള്ളുഷാപ്പും റേഷൻ കടയും സംഗീത ക്ലബ് നടത്തിപ്പും ഒരേ ജാതിക്കാർ- കുടുംബ ബന്ധുക്കൾ- നടത്തുമ്പോൾ ലിംഗായത്തുകളും ബ്രാഹ്മണരും ഈ സാമൂഹിക അധികാര ശക്തിയെ വണങ്ങേണ്ടിവരും. അതാണ് ആധിപത്യ ജാതി.

ഉത്തര മലബാറിലേക്ക് പോയാൽ അനുഷ്ഠാനപരമായി ദൈവമായി മാറുന്നത് മലയനും വണ്ണാനും നൽകതായരുമാണ്. എന്നാൽ, നായരോ തീയ്യരോ ആശാരിയോ മൂശാരിയോ മലയനെ അനുകരിക്കില്ല. അവനോട് ബഹുമാനവും തോന്നില്ല. കാരണം, തൊട്ടുകൂടായ്മയുടെ ചരിത്രാനുഭവങ്ങൾക്കൊപ്പം തീർത്തും ചെറിയ ജനസംഖ്യ അവരെ ദുർബലരാക്കുന്നു. തൊട്ടുകൂടാത്ത ചരിത്രമുള്ള തീയ്യരെയോ മണിയാണിയെയോ വണ്ണാനെയോ മലയനെയോ സാമൂഹികമായി മാനിക്കാനോ അനുകരിക്കാനോ തയാറാകില്ല. തെയ്യം കെട്ടിയാൽ ദൈവത്തോളം വളരുന്ന മലയൻ; തെയ്യവേഷം അഴിക്കുന്ന മാത്രയിൽ കീഴ്ജാതിശരീരമായി മാറുന്നു. ഏതു സമയവും ആക്രമിക്കപ്പെടാവുന്ന ശരീരങ്ങളായി മാറുന്നു. ബന്ധുബലവും രക്തബന്ധുത്വവും കുടുംബ കണ്ണികളും തിയ്യരെ ബലമുള്ള ജാതിയായി മാറ്റുന്നു. അങ്കവും അടിയും തല്ലുമായി നമ്പ്യാരെയും മണിയാണിയെയും നമ്പൂതിരിയെയും സാമൂഹിക- സാമ്പത്തിക ബന്ധുബല ശക്തിയിൽ കീഴ്‌പ്പെടുത്താൻ കഴിയുന്നതിനെയാണ് ആധിപത്യ ജാതി എന്നു വിളിക്കുന്നത്. ജാതിസമൂഹത്തിന്റെ ക്രമത്തിൽ മുസ്‌ലിം- മാപ്പിള വിഭാഗങ്ങൾ തിങ്ങിപ്പാർക്കുന്ന ഇടങ്ങൾ നിർണയിക്കുന്നത് അവരാണ്. എന്നാൽ, സംസ്‌കൃതവൽക്കരണം ഹിന്ദുത്വ രൂപീകരണത്തിന് വഴിമാറുമ്പോൾ അവർ അപരരായി മാറും. ഹിന്ദുത്വവൽക്കരണം മൂലമാണ്​ മുസ്​ലിം അപരത്വം നിർമിക്കപ്പെടുന്നത്​. അതിനെ ഹിന്ദുത്വവൽക്കരണമെന്നാണ് പറയേണ്ടത്.

എണ്ണം കൊണ്ടും സാമ്പത്തികമായും മുസ്‌ലിം - മാപ്പിളമാർ ദേശ- പ്രാദേശിക അധികാരശക്തി ആകുമ്പോഴും സാംസ്‌കാരിക മേൽക്കൂര മുസ്‌ലിം വിഭാഗത്തെ അപരരായി തീർക്കുന്നു. അല്ലെങ്കിൽ, അപരവൽക്കരണ പ്രത്യയശാസ്ത്രമാണ് ഹിന്ദുക്കളെ ഒന്നാക്കുന്നത്. ആൾക്കൂട്ട അക്രമത്തിന് വിധേയരാകുന്ന ആദിവാസികളും ദലിതരും റേപ്പ് ചെയ്യപ്പെടുന്ന സ്ത്രീകളും ഈ ആധിപത്യ ജാതി സ്വഭാവത്തിൽനിന്ന് ഉണ്ടായിവരുന്നതാണ്. സാമൂഹിക ദുർബലതയുള്ള ജാതികളുടെ ആത്മാഭിമാനത്തെ തകർക്കാൻ കൂടിയാണ് അവരുടെ സ്ത്രീകളെ ആക്രമിക്കുന്നത്. അഥവാ, ആധിപത്യ സ്വഭാവം ഉറപ്പിക്കുന്നത് ഇങ്ങനെയൊക്കൊയണ്. നിയമം, നീതി, സാഹോദര്യം, ജനാധിപത്യം എന്നൊക്കെയുള്ള സങ്കൽപ്പങ്ങൾ തോറ്റുപോകുന്നത് ഇത്തരം ജാതികളുടെ രൂപീകരണത്തിലൂടെയാണ്.


Summary: ഒരു മുസ്‌ലിം പെൺകുട്ടിയോട്, തനിക്ക് തറവാടുണ്ടോ എന്നു ചോദിക്കുന്ന ശ്രീജിത്ത് ഐ.പി.എസ്, അത് നായന്മാരുടെ മാത്രം സംജ്ഞയാണെന്നും അത് അനുകരിച്ചുകൊണ്ടാണ് മറ്റ് ജാതി- മത വിഭാഗങ്ങൾ ഇന്ന് തറവാട് ഉള്ളവരായി അഭിമാനിക്കുന്നത് എന്നും പറയുന്നത്​ ശുദ്ധ അസംബന്ധമാണ്. കേരളത്തിന്റെ സാഹചര്യത്തിൽ ദേശപരമായും പ്രാദേശികമായും മാറുന്ന സാമ്പത്തിക സാഹചര്യത്തിൽ ഈഴവരാണ് ആധിപത്യ ജാതി.


ഡോ. രാജേഷ്​ കോമത്ത്​

മഹാത്മാഗാന്ധി സർവകലാശാലയിൽ സാമൂഹ്യശാസ്ത്ര വിഭാഗത്തിൽ അസോസിയേറ്റ് പ്രൊഫസർ.

Comments