കരിഞ്ചാമുണ്ഡി

ഒരു തെയ്യത്തിന്റെ മുഖത്തെ ഭാവങ്ങളെയും കഥകളിയിലെ ഏകലോചനത്തെയും ചേർത്തു വെച്ച് ചിന്തിക്കുന്നതിലെ സാംഗത്യമെന്ത്? ഫോക്കും ക്ലാസിക്കലും തമ്മിലെന്ത് എന്ന യുക്തിയാണ് അതിനുത്തരം. തെയ്യത്തിലെ പേരില്ലാത്ത, പേരറിയാത്ത നാടൻ അനുഷ്ഠാന നർത്തക കലാകാരന്മാരിലേക്ക് ഏകലോചനം പോലൊന്ന് കടന്നുവരുന്നത് ഏതു നിയമങ്ങൾ പ്രകാരമാണ്?- ബദരി നാരായണന്‍ എ​ഴുതുന്നു.

ഗ്രവും വന്യവും അനന്യവുമായ മൂർത്തി സങ്കൽപ്പമാണ് കരിഞ്ചാമുണ്ഡിയുടേത്. വടക്കേ മലബാറിലെ തികച്ചും അവൈദികമെന്നു പറയാവുന്ന തെയ്യം ആരാധനയിലെ ശക്തമായ സാന്നിധ്യമാണത്. തീക്ഷ്ണഭാവങ്ങളിലൂടെയും പുരാതീനങ്ങളായ ചില അംഗചലനങ്ങളിലൂടെയുമാണ് കരിഞ്ചാമുണ്ഡിയുടെ തെയ്യം അരങ്ങിൽ നിറഞ്ഞാടുക. മനസ്സിന്റെ ലോല സഹനപരിധികളെ ഉല്ലംഖിക്കും വിധം കണ്ഠം വിട്ടൊഴുകുന്ന പ്രാകൃതമായ മുരൾച്ചയുമായി ഈ ഗോത്രമൂർത്തിയെത്തുമ്പോൾ പെരുവിരൽ തൊട്ട് എന്തോ ഒന്ന് തരിച്ചുകയറിവന്ന് ഉടലകം നിറയും. കാണികളിൽ സ്തോഭഭയങ്ങളെ ജനിപ്പിക്കുമാറ് നിലത്ത് വീണുരുണ്ടും എടുത്തപടി ചാടി മറിഞ്ഞുമാണ് കാവകത്ത് ചെണ്ടയുടെ ആസുരവാദ്യലയത്തോടെ കരിഞ്ചാമുണ്ഡിയുടെ രംഗാവതരണം.

ആരാണ് കരിഞ്ചാമുണ്ഡി?

പായത്ത് ഒൻപതാളിൽ പ്രധാനിയാണവൾ. കുടക് മലകൾക്കിപ്പുറം നമ്മുടെ കണ്ണൂരിന്റെ കിഴക്കൻ മേഖലയിൽ കാർത്തികപുരത്തിനും മണക്കടവിനും മധ്യേയുള്ള വനസ്ഥലമാണ് പായം കോഴിത്താവളം.

ഈ വനസ്ഥലിയിൽ മൂത്ത ചാമുണ്ഡി, ഇളയചാമുണ്ഡി, പുള്ളിപ്പോതി, കായങ്കുളത്തമ്മ, വടുവക്കുട്ടി, ചെങ്ങോലൻ, വീരൻ, പരവച്ചാമുണ്ഡി എന്നിവരോടൊപ്പം പൊടിച്ചുണ്ടായവളത്രേ ഉഗ്രമൂർത്തിയായ കരിഞ്ചാമുണ്ഡി. അതാണ് പായത്ത് ആരൂഢമായി അമരുന്ന ഒൻപതാളിൽ പ്രധാനിയായി വിശേഷിക്കപ്പെടുന്നത്. പുറപ്പെട്ടു വന്നാൽ കറുത്ത മുട്ടനാടിനെയോ കരിങ്കോഴിയെയോ അറുത്ത് ദാഹം തീർക്കും വരെ ചോര കുടിക്കുന്ന കാട്ടുമൂർത്തിയെ കരിഞ്ചാമുണ്ഡി എന്നല്ലാതെ എന്തു വിളിക്കും. ചണ്ഡമുണ്ഡ വധോദ്യുക്തയായി ദേവീഭാഗവതത്തിലും ദേവീമാഹാത്മ്യത്തിലും പറയപ്പെടുന്ന അവതാരപ്പിറവിയായ ചാമുണ്ഡി ഈ ഗോത്രമൂർത്തിയിൽ അധ്യാരോപിക്കപ്പെടുന്നു.

മുൻകാലങ്ങളിൽ സ്ത്രീകൾ കരിഞ്ചാമുണ്ഡി തെയ്യത്തിന്റെ പുറപ്പാട് കാണുക പതിവില്ലായിരുന്നു. വയറ്റാട്ടിയെ അന്വേഷിച്ചു ചെന്ന കലന്തൻ ഹാജിയോടൊപ്പം വന്ന് അയാളുടെ വീട്ടിൽ കയറിക്കൂടി ബീവിയുടെ ഉദരം പിളർന്ന് കരുതിന്ന പൈശാചിക പുരാവൃത്തം കൂടിയുണ്ട് കരിഞ്ചാമുണ്ഡിക്ക്.

അസ്തമയത്തിന്റെ കാളമേഘച്ചെമപ്പെഴുതിയ മുഖത്ത് നാലു വെള്ളപ്പുള്ളികൾ വരയുന്നതോടെ മുഖം കൂടുതൽ ഭയാനകമാകും. ഇരുളിൽ തിളങ്ങുന്ന മൂന്നു പുള്ളികൾ ഇരുകണ്ണുകൾ ചുറ്റിയും ചുണ്ടു ചുറ്റിയും സ്ഥാനം പിടിക്കുമ്പോൾ നെറ്റിയിലെ നാലാമത്തെ പുള്ളിയുടെ മധ്യേ അർദ്ധചന്ദ്രക്കല എഴുതും. കുരുത്തോലച്ചെണ്ടുകൾ നിറഞ്ഞ തലമല്ലികയെന്ന കിരീടവും കുരുത്തോല ഉടുത്തു കെട്ടും ഉടുത്തുകെട്ടിനു മീതെ നീളൻ കുരുത്തോല ഉടയുമായി ഒരു പച്ചക്കിളിപ്പവിഴരൂപം താളത്തിൽ പതുങ്ങിത്തൊഴുത് അരങ്ങത്തേക്ക് അരണ്ട ചൂട്ടുവെളിച്ചത്തിൽ ഒഴുകിയെത്തുന്നതു കാണാം. തോൾവളയായും കൈവളയായും കുരുത്തോലപ്പൂച്ചെണ്ടുകളണിയുമ്പോൾ ശീതങ്കൻ തുള്ളലിന്റെ വേഷം ഓർമ വരും. പാദങ്ങളിൽ വെള്ളോട്ടു ചിലമ്പുകളും അണിഞ്ഞിരിക്കും. കരുതിയിരിക്കുക. എപ്പോഴാണ് ഉഗ്രഭാവത്തിൽ ആൾക്കൂട്ടത്തിനിടയിൽ ചൂട്ടുകറ്റത്തീപ്പൊരി തട്ടിച്ചിന്നിക്കൊണ്ട് നമ്മുടെ ദേഹത്തേക്ക് ചാടിവീണു മറിയുക എന്നറിയില്ല.

മുൻകാലങ്ങളിൽ സ്ത്രീകൾ കരിഞ്ചാമുണ്ഡി തെയ്യത്തിന്റെ പുറപ്പാട് കാണുക പതിവില്ലായിരുന്നു. വയറ്റാട്ടിയെ അന്വേഷിച്ചുചെന്ന കലന്തൻ ഹാജിയോടൊപ്പം വന്ന് അയാളുടെ വീട്ടിൽ കയറിക്കൂടി ബീവിയുടെ ഉദരം പിളർന്ന് കരുതിന്ന പൈശാചിക പുരാവൃത്തം കൂടിയുണ്ട് കരിഞ്ചാമുണ്ഡിക്ക്. കമ്പല്ലൂർ കോട്ട എന്ന സ്ഥാനത്ത് കലന്തന്റെ മാപ്പിള പൊറാട്ട് കാട്ടുമൂർത്തിയായ കരിഞ്ചാമുണ്ഡിയെ ചവിട്ടാൻ പിറകെ വരുന്നതിന്റെയും കരിഞ്ചാമുണ്ഡി ചവിട്ടേറ്റ് നടുവൊടിഞ്ഞു നീങ്ങുന്നതിന്റെയും ചടുലമായ ആവിഷ്കാരമുണ്ട്. പിടയുന്ന കോഴിയെ പച്ചയ്ക്ക് കടിച്ചു പറിച്ച് ചവച്ച് തിന്നുന്നതെല്ലാം അങ്ങേയറ്റം ബീഭത്സജനകമാണ്. ഗത്യന്തരമില്ലാത്ത അതീത ശക്തികളോട് ശരണമടഞ്ഞ് വശപ്പെടുത്തി കൂടെ നിർത്താനുള്ള പ്രാചീന മനുഷ്യന്റെ നയചാതുരിയുടെ ഏകദേശ ചിത്രമാണ് അവിടെ തെളിയുന്നത് എന്നു തോന്നുന്നു. ഭയഭക്തികളുടെ ഭാവലാവണ്യം അഭയമാണ് അധ്യാത്മിക നിലയെങ്കിലും ഭക്തി എപ്പോഴും മറ്റൊന്നായിരുന്നു. അവിടെ ഞാൻ നീ എന്നീ ഉഭയങ്ങളുണ്ട്. ഉഭയാവസ്ഥയാണ് ഭഗവാനും ഭക്തനുമെന്നത്.

ഉൾത്തലത്തിൽ ഭയവും ഭക്തിയും ഇരട്ട സന്താനങ്ങൾ പോലെയാണ് കാണപ്പെടുന്നത്. ഭയമില്ലാത്ത ഭക്തി സാമാന്യതയല്ല.അനാദികാലം മുതൽ മനുഷ്യനോടൊപ്പം ഭക്തി വന്നെത്തുന്നത് ഭയത്തോടൊപ്പമാണ്. അല്ലെങ്കിൽ ഭയത്തിൽ നിന്നുമാണ്. അതാണ് ഭയഭക്തി വിശ്വാസങ്ങളായി നിറഞ്ഞു കാണുന്നത്. ഏതെങ്കിലും അളവിൽ ഭയമില്ലാതെ ഭക്തിയില്ലെങ്കിൽ നിറഞ്ഞ ഭയഭക്തികളാണ് തെയ്യാരാധനയുടെ തട്ടകമായിരിക്കുന്നത്. അന്നെന്നപോലെ എന്ന് തീർത്തും പറയാൻ കഴിയില്ലെങ്കിലും ഇന്നും തെയ്യം ഭയഭക്തികളെ ജനിപ്പിക്കുവാൻ തക്ക ആരാധനാ അനുഷ്ഠാനമായി വടക്കന്റെ രക്തത്തിൽ അലിഞ്ഞു ചേർന്ന പോലെ തുടരുന്നു എന്നതാണ് വസ്തുത.

ഉൾക്കിടിലമുണ്ടാക്കും വിധം മുരണ്ടു ചാടി മറിഞ്ഞും ഉടയോടെ നിലത്തു വീണുരുണ്ടുമാണ് കരിഞ്ചാമുണ്ഡിയുടെ ആട്ടവും കലാശങ്ങളും. അതീവ രൗദ്രം സ്ഫുരിക്കുന്ന മുഖഭാവവും തീഷ്ണനോട്ടവും അസാമാന്യ മനോനിലയെയും ആത്മധൈര്യത്തെയും ആവശ്യപ്പെടുന്നതായി ആൾക്കൂട്ടത്തിനിടയിലെന്നാലും വഴിയേ നമുക്ക് മനസ്സിലാകും. ഭയം മുന്നിൽ വന്നു നിൽക്കുമ്പോൾ ആൾക്കൂട്ടത്തിലായാലും നാം അശരണമാംവിധം ഒറ്റയ്ക്കാകും. ആന്തരിക ശുദ്ധീകരണത്തിന്റെ പ്രാചീന മാർഗങ്ങളായിരിക്കാം അതിൽ. ഒരു തരം കഥാർസിസ് അല്ലെങ്കിൽ ഭാവവിരേചനം പോലുള്ള കാര്യങ്ങൾ കരിഞ്ചാമുണ്ഡിയെ ശ്രദ്ധിച്ചു കണ്ടുതീർക്കാനായാൽ സംഭവിച്ചേക്കാം.

പ്രകൃതിപരമായ ഭയത്തെയും ഒഴിവാക്കേണ്ടുന്ന മനഃശ്ശാസ്ത്രപരമായ ഭയത്തെയും കായകൽപ ചികിത്സയ്ക്കു വിധേയമാക്കുന്ന തരത്തിൽ ഒരുനുഭവം ചില തെയ്യങ്ങളിലുണ്ട്. നിങ്ങൾ തയ്യാറെങ്കിൽ.

ഉള്ളിൽ ഇരുട്ടിൽ ഉറഞ്ഞു കൂടുന്ന ഭയസംക്രമണത്തെ എടുത്തു വെളിയിൽ കളയാൻ മനസ്സിന് ദൃഢതയെ കൈവരുത്താൻ ആ ദർശനവേള നമ്മെ പരുവപ്പെടുത്തിയേക്കാം. നാട്ടരങ്ങിന്റെ പഴയ ഒരു പ്രവർത്തന രീതിയാണത്. അതിജീവന അതിവർത്തനങ്ങൾക്കുള്ള പഴമനസ്സിന്റെ സങ്കേതികവിദ്യയാണത്. രംഗം ശാന്തമാകുന്ന മുറയ്ക്ക് ഉഷ്ണം ഉഷ്ണേന ശാന്തയേ എന്ന് മനസ് സമർത്ഥമായി പതിയേ അതിവർത്തനപഥത്തിലെത്തും. അതല്ലെങ്കിൽ ഇടയ്ക്ക് നമ്മൾ പതുക്കെ അവിടെ നിന്നും പിൻവലിയും. അശക്തനിലയിൽ മനസ്സ് നൂറു തിരക്കുകളിലേക്ക് ഒഴിവാകുന്നതാണത്.

ദർശനം മനസ്സിന്റെ സൂക്ഷ്മചപലതകൾക്ക് ശമവും ശമനവുമായി മാറാം. കാണും വിധവും കാണാത്ത വിധവും ഏതു മനസ്സിലും എക്കാലവും ഇരിക്കുന്ന ഏറ്റവും വലിയ സൂക്ഷ്മചാപല്യമാണ് ഭയം. പ്രകൃതിയാണത്. ഒപ്പം മനഃശ്ശാസ്ത്രപരവുമാണത്. പ്രകൃതിപരമായ ഭയത്തെയും ഒഴിവാക്കേണ്ടുന്ന മനഃശ്ശാസ്ത്രപരമായ ഭയത്തെയും കായകൽപ ചികിത്സയ്ക്കു വിധേയമാക്കുന്ന തരത്തിൽ ഒരുനുഭവം ചില തെയ്യങ്ങളിലുണ്ട്. നിങ്ങൾ തയ്യാറെങ്കിൽ.

അവൈദിക ധാരയിൽ അവർണ വിഭാഗങ്ങൾക്കിടയിൽ ഒരു കാലത്ത് നിലനിന്നിരുന്ന മാന്ത്രിക ബാധോച്ചാടന ബലികർമങ്ങളുടെ ശക്തിയാണ് കരിഞ്ചാമുണ്ഡി പുറപ്പെട്ടു വന്നാൽ ചെയ്തു തീർക്കുന്ന അനുഷ്ഠാന കർമങ്ങളിൽ സന്നിഹിതമായിരിക്കുന്നത്. വണ്ണാൻ, പുലയൻ, ചെറുമൻ, വേലൻ സമുദായക്കാരാണ് തെയ്യം കെട്ടുന്നത്. ആട്ടുകല്ലെന്ന പോലെ കഴുത്തു കറക്കി പെട്ടെന്നു വെട്ടിച്ചും കലാശങ്ങൾക്കിടയിൽ തല ചെരിച്ചു വശത്തേക്കു നോക്കിക്കൊണ്ടുമുള്ള തെയ്യത്തിന്റെ മുഖഭാവങ്ങൾ ആദ്യമാദ്യം അപരിചിതങ്ങളെന്ന് മനസ്സ് തിരിച്ചറിയും. നിങ്ങൾ അനുവദിച്ചാലും ചിലപ്പോൾ ഇല്ലെങ്കിലും പ്രക്ഷുബ്ധതയും സ്തോഭവും വെച്ച് നിങ്ങളുടെ ഉൾത്തലത്തെ എടുത്ത് പന്താടുവാൻ ഇരുട്ടിൽ ചൂട്ടു വെളിച്ചത്തിലാടുന്ന ഒരു കരിഞ്ചാമുണ്ഡി തെയ്യത്തിനു കഴിയും. കാര്യം എന്താണെന്ന് അറിയണമല്ലോ എന്ന വെറും ഉദ്വോഗം കാരണമായിട്ടായിരിക്കും ചിലപ്പോൾ നിങ്ങൾ തെയ്യത്തിനു മുന്നിൽ വന്നു നിന്നതെങ്കിലും തൊട്ടടുത്താകുമ്പോൾ നിങ്ങളാ അനുഭവ പാതാളത്തിലേക്ക് അറിയാതെ വീണു പോകും. അത്ര മാത്രം വന്യവശ്യത ആ കറുത്ത സൗന്ദര്യ ധാമത്തിനുണ്ട്.

ഭയം മുന്നിൽ വന്നു നിൽക്കുമ്പോൾ ആൾക്കൂട്ടത്തിലായാലും നാം അശരണമാംവിധം ഒറ്റയ്ക്കാകും. ആന്തരിക ശുദ്ധീകരണത്തിന്റെ പ്രാചീന മാർഗങ്ങളായിരിക്കാം അതിൽ.

തെയ്യത്തിന്റെ പൊതുവിലുള്ള രജോഗുണത്തിൽ നിന്ന് തമോഗുണ പ്രധാനമായാണ് കരിഞ്ചാമുണ്ഡിയുടെ നിൽപ്പ്. ഏതു ദുർമൂർത്തിയെയും ഉപാസ്യ സൗന്ദര്യദേവതയാക്കി മാറ്റാനുള്ള കലയുടെ വൈഭവത്തിലൂടെയാണ് ഒരു സംസ്കാരം തെയ്യത്തെ മനുഷ്യമനസ്സിലേക്ക് കയറ്റി വെക്കുന്നത്. ഇരുളും വെട്ടവുമായി അരങ്ങു തകർത്ത് മനസ്സു ചൂഴ്ന്ന് നിതാന്തമായി അനന്തം നിലനിൽക്കുന്ന പ്രകൃതിയുടെ ആകൃതിയാണത്. മുഖത്തെ ഭാവങ്ങളെ യുക്തിഭദ്രമായി സൂക്ഷ്മ വിശകലനം ചെയ്യാനോങ്ങിയാൽ മനസ്സ് കുഴയും. മുഖത്തിന്റെ ഒരു ഭാഗം ഒന്നും മറ്റേ ഭാഗം മറ്റൊന്നുമാകുന്നത് ഭവിഷ്യ വർത്തമാനങ്ങളായി മനസ്സിൽ സന്ധിക്കുന്ന പല കാലങ്ങൾ പോലെ തോന്നിക്കും. ഒരു നിലയ്ക്കും പൊരുത്തപ്പെടുത്താനാകാത്ത ജീവിത പ്രയാസങ്ങളുടെ രൂപകമായും അത് മാറുന്നു.

പരവ ചാമുണ്ഡി തെയ്യം
പരവ ചാമുണ്ഡി തെയ്യം

കഥകളിയിലെ ഏകലോചനം എന്ന് നാം കേട്ടിട്ടുണ്ട്. അങ്ങനെ മുഖത്ത് ഒരേ സമയം രണ്ടു ഭാവങ്ങൾ പ്രകാശിപ്പിക്കാൻ സാധാരണക്കാരിൽ സാധാരണക്കാരനായ ഒരു തെയ്യക്കാരനെ പ്രാപ്തനാക്കുന്നത് ഏത് സാധനയായിരിക്കും. ഏതറിവായിരിക്കും. ഏത് രസാവിഷ്കാര സാങ്കേതിക പദ്ധതിയായിരിക്കും അതിന് ആധാരം. ചിന്തിച്ചാൽ ഒരെത്തും പിടിയും കിട്ടില്ല. ശാസ്ത്രീയ നൃത്തകലകളിലെ വിശകലനനിയമങ്ങളിൽ അതിനു കാണുന്ന പേര് ഏകലോചനം എന്നാകുന്നു. കഥകളി, കൂടിയാട്ടം പോലുള്ള ശാസ്ത്രീയ കലകളുടെ തത്വങ്ങളിൽ സുവിദിതമായ ഏകലോചനം പോലുള്ള അഭിനയ കാര്യങ്ങൾ ഒരു തെയ്യക്കാരന്റെ മുഖത്ത് അയാൾ പോലുമറിയാതെ മിന്നിമറയുന്നത് കണ്ടെടുക്കാൻ ഈ ലേഖകന് സാധിച്ചിട്ടുണ്ട്.

ഏകലോചനത്തിൻ്റെ
കഥകളി വഴികൾ

ഇരയിമ്മൻ തമ്പിയുടെ ഉത്തരാസ്വയംവരം ആട്ടക്കഥയിൽ രണ്ടാം രംഗം. ദുര്യോധനനും ഭാര്യയായ ഭാനുമതിയും ഉദ്യാനത്തിൽ ശൃംഗരിക്കേ 'കല്യാണീ കാൺക മമ വല്ലഭേ’ എന്ന പല്ലവിക്കു ശേഷം വരുന്ന ഭാഗത്താണ് ഏകലോചനം കടന്നുവരുന്നത്.

‘‘കോകി നിന്മുഖം കണ്ടു ചന്ദ്രനെന്നു ചിന്തിച്ചു
ഏകാന്തം വിരഹത്തെ ശങ്കിച്ചിതാ.
ഏകലോചനം കൊണ്ടു കോപമോടു നിന്നെയും
ശോകമോടപരേണ നോക്കുന്നു പതിയേയും’’.
(മൂന്നാം ചരണം)

കണ്ണുകളുടെ ജന്മാർജിത വാസനാഗുണവിശേഷത്തോടൊപ്പം നിരന്തര അഭ്യാസ പരിശ്രമങ്ങളുടെയും ആകെത്തുകയായി മാത്രമാണ് ഏകലോചന അഭിനയസിദ്ധി നടനിൽ സംഭവിക്കുക.

ദുര്യോധനൻ പത്നി ഭാനുമതിയുടെ സൗന്ദര്യത്തെ പുകഴ്ത്തി സംസാരിക്കുന്നതാണ്. ചകോരത്തിന് ചന്ദ്രനുദിച്ചാൽ അതിന്റെ ഇണ അതിനെ പിരിഞ്ഞു പോകും എന്നാണ് കാവ്യസങ്കൽപ്പം. ദുര്യോധനൻ പറയുകയാണ്, അല്ലയോ ഭാനുമതി, നിന്റെ മുഖം ചന്ദ്രബിംബം ഉദിച്ചുയർന്ന പോലെ ആകയാൽ ചകോരത്തിന് നിന്നോട് ദേഷ്യം ഉണ്ടാകുന്നതു നോക്കൂ. കാരണം ചന്ദ്രനുദിച്ചു കഴിഞ്ഞാൽ ഇണ അതിനെ പിരിയുമല്ലോ. അതാണതിന്റെ സങ്കടം. ഒരേ സമയം ചകോരത്തിന് ഭാനുമതിയോടുള്ള കോപവും ഇണയെ പിരിയുന്നതിലുള്ള ശോകവും. രണ്ടു തീവ്ര വികാരങ്ങളാൽ കുഴയുന്ന ചകോരത്തിന്റെ അവസ്ഥയെ ദുര്യോധനൻ ഭാനുമതിയോട് വർണിക്കുമ്പോഴാണ് ഏകലോചനം വരുന്നത്. ചകോരത്തിന്റെ കോപവും ശോകവും അവിടെ ദുര്യോധനൻ മാറിമാറി കാണിക്കുകയാണ് വേണ്ടത്.

ഒരേ സമയം ചകോരത്തിന് ഭാനുമതിയോടുള്ള കോപവും ഇണയെ പിരിയുന്നതിലുള്ള ശോകവും. രണ്ടു തീവ്ര വികാരങ്ങളാൽ കുഴയുന്ന ചകോരത്തിന്റെ അവസ്ഥയെ ദുര്യോധനൻ ഭാനുമതിയോട് വർണിക്കുമ്പോഴാണ് ഏകലോചനം വരുന്നത്.  ചകോരത്തിന്റെ  കോപവും ശോകവും അവിടെ ദുര്യോധനൻ മാറി മാറി കാണിക്കുകയാണ് വേണ്ടത്.
ഒരേ സമയം ചകോരത്തിന് ഭാനുമതിയോടുള്ള കോപവും ഇണയെ പിരിയുന്നതിലുള്ള ശോകവും. രണ്ടു തീവ്ര വികാരങ്ങളാൽ കുഴയുന്ന ചകോരത്തിന്റെ അവസ്ഥയെ ദുര്യോധനൻ ഭാനുമതിയോട് വർണിക്കുമ്പോഴാണ് ഏകലോചനം വരുന്നത്. ചകോരത്തിന്റെ കോപവും ശോകവും അവിടെ ദുര്യോധനൻ മാറി മാറി കാണിക്കുകയാണ് വേണ്ടത്.

എന്നാൽ പ്രതിഭയുറ്റ കലാകാരന്മാർ ഒരു പടികൂടി കടന്ന് മുഖത്തിന്റെ ഒരു പാതി കൊണ്ട് ഒരു ഭാവവും മറുപാതി കൊണ്ട് മറ്റേ ഭാവവും കാണിക്കാൻ ഒരേ സമയം കഴിവുറ്റവരായിരുന്നത്രേ. അങ്ങനെയുള്ള ഏകലോചനം കഥകളി ആസ്വാദകരെ അത്ഭുത ആഹ്ലാദങ്ങളുടെ പരകോടിയെത്തിക്കുന്ന ആസ്വാദന വിരുന്നാകുമല്ലോ. ഏതായാലും ഉത്തരാസ്വയംവര ഭാഗത്ത് രണ്ടു ഭാവങ്ങളും മാറി മാറിയല്ലാതെ ഏകലോചനം ഒരേ സമയത്ത് മുഖത്തിന്റെ പാതി കൊണ്ട് ഇപ്പോൾ നിലവിലുള്ള കഥകളിയിലെ പ്രമുഖർ ആരും തന്നെ അഭിനയിച്ചു കാണാറില്ലെന്ന് പ്രശസ്ത കഥകളി സംഗീതജ്ഞൻ കലാമണ്ഡലം ബാബു നമ്പൂതിരിയെപ്പോലുള്ളവർ സാക്ഷ്യപ്പെടുത്തുന്നു.

ഒരേസമയം ഒന്നിലധികം ഭാവങ്ങളെ അല്ലെങ്കിൽ രസങ്ങളെ മുഖത്ത് അഭിവ്യഞ്ജിപ്പിക്കാനുള്ള കഴിവിനെയാണ് ഏകലോചനം എന്ന അഭിനയ സങ്കേതമായി പറയുന്നത്. തികച്ചും ഭാരതീയമായ അഭിനയസങ്കൽപ്പനമാണിത്. പല ഭാവങ്ങൾ ഇടകലർന്നു വരുന്ന അവസ്ഥകൾ പ്രത്യേകമായി കഥയ്ക്കിടയിൽ ഉണ്ടെങ്കിൽ നടന് ഈ സങ്കേതത്തെ ഇളകിയാട്ടത്തിൽ അത് അഭിനയിച്ചു പരീക്ഷിക്കാം. ഫലിപ്പിക്കാം. തന്റെ മുഖത്തിനെപ്പറ്റിയും അതിന്റെ സാധ്യതാ പരിമിതികളെപ്പറ്റിയുമുള്ള ധാരണയും വളരെയധികം നിരീക്ഷണപാടവവും ഒത്തിണങ്ങിയ ഒരു നടന് ചിട്ടയായ അഭ്യാസത്തിലൂടെ മാത്രം എത്തിച്ചേരാൻ കഴിയുന്ന ഇടമാണ് ഏകലോചന അഭിനയ സിദ്ധി. അല്ലെങ്കിൽ വ്യക്തവും സൂക്ഷ്മവുമായി വ്യവഛേദിക്കാൻ പാകത്തിൽ ഉദ്ദിഷ്ടഭാവങ്ങൾ തീക്ഷ്ണതയിൽ മുഖത്തു വിരിയണമെന്നില്ല. വിപരീതമാകും ഫലം. ‘കഥകളിയിലെ മൊസാർട്ട്’ എന്നു വിശേഷിക്കപ്പെട്ട ചെറുതാഴത്തുനിന്നുള്ള കലാമണ്ഡലം കൃഷ്ണൻ നായർ അരങ്ങത്ത് ഏകലോചനം ചെയ്യാറുള്ളതായി പറയുന്നു. നടന്റെ കണ്ണുകൾക്കാണ് അഭിനയത്തിൽ ഭാവരസവ്യഞ്ജകശക്തി കൂടുതലുള്ളത്. അതിനാൽ ഒരു കണ്ണിൽ ഒരു ഭാവം പൂർണമായിരിക്കേ മറ്റേ കണ്ണിൽ മറ്റൊരു ഭാവത്തിന്റെ പൂർണത എളുപ്പമല്ല. കണ്ണുകളുടെ ജന്മാർജിത വാസനാഗുണവിശേഷത്തോടൊപ്പം നിരന്തര അഭ്യാസ പരിശ്രമങ്ങളുടെയും ആകെത്തുകയായി മാത്രമാണ് ഏകലോചന അഭിനയ സിദ്ധി നടനിൽ സംഭവിക്കുക. കഥകളിയിൽ യശഃശ്ശരീരനായ തോട്ടം ശങ്കരൻ പോറ്റിയും ഏകലോചന സിദ്ധിയിൽ അഗ്രഗണ്യനായിരുന്നത്രേ. 1943- ൽ കൽക്കട്ട കൾച്ചറൽ സെന്ററിൽ പ്രൗഢമായ ആസ്വാദക സദസ്സിനു മുന്നിൽ ഭീമപ്രഭാവം (ദുശ്ശാസനവധം) അഭിനയിച്ചുകൊണ്ടിരുന്നപ്പോൾ ഹൃദയാഘാതത്താൽ പൊലിഞ്ഞുപോയ കഥകളി അരങ്ങിലെ ഭദ്രദീപമായിരുന്നു തോട്ടം.

നടൻ പ്രേംജിയുടെ ഏകലോചനം
നടൻ പ്രേംജിയുടെ ഏകലോചനം

ഉത്തരാസ്വയംവരത്തിനിടെ കണ്ടിട്ടുള്ള അദ്ദേഹത്തിന്റെ അത്ഭുതാവഹമായ ഏകലോചന അഭിനയ പാടവത്തെ സഹനടനും അദ്ദേഹത്തിന്റെ ശിഷ്യനുമായ കുടമാളൂർ കരുണാകരൻ നായർ പിന്നീട് അനുസ്മരിച്ച് എഴുതിയിട്ടുണ്ട്.

ഭാവസാധനയുടെ
നിലാവു സാധകങ്ങൾ
ഏകലോചനം സ്വായത്തമാക്കുക എളുപ്പമല്ല;
ദുർഘടമായ സാധകങ്ങൾ വേണ്ടി വരും.

രാത്രിയിൽ നിത്യേന ചന്ദ്രന്റെ ഉദയാസ്തമാനങ്ങൾ നോക്കി താളവാദ്യക്കാരടക്കം കഥകളി കലാകാരന്മാർ സാധകം ചെയ്തിരുന്ന രീതിയാണ് നിലാവുസാധകം. അമാവാസി കഴിഞ്ഞ് വെളുത്തപക്ഷത്തിൽ ചന്ദ്രൻ തെളിയുന്ന ദിവസം മുതൽ ആരംഭിച്ച് ചന്ദ്രനുദിക്കുന്നതും അസ്തമിക്കുന്നതും നോക്കി ദിനേന അനുലോമ ഗതിയിൽ (ascending order) പുരോഗമിക്കുന്ന നിലാസാധകം പൗർണമിയാകുമ്പോഴേക്ക് രാവൊട്ടുക്കായ പരിശീലനമൂർധന്യമെത്തും. അതോടൊപ്പം പകൽ ഉറക്കം ഒഴിവാക്കി ഔഷധ സേവയും പഥ്യവും നോൽക്കേണ്ടതുണ്ട്. ഇരുപത്തിരണ്ടു നാഴികവരെ നിലാവുസാധകം എത്തുന്ന തീവ്രസാധനാവിശേഷങ്ങൾ പറയപ്പെട്ടിട്ടുണ്ട്.

പരിശീലനഘട്ടത്തിൽ ഈ സമയമത്രയും നേർക്കുനേർ കണ്ട് അഭിപ്രായം പറയാൻ തക്കതായ അറിവുള്ള ആളെയും കൂടെ നിർത്തേണ്ടി വരും. സിനിമാനടനും കഥകളി നടനുമായ പത്മശ്രീ പ്രേംജി ഏകലോചനം അഭിനയിച്ചു കാണിക്കുന്നത് ഫോട്ടോയായി പ്രചരിക്കപ്പെട്ടിട്ടുള്ളതാണ്. വർഷങ്ങളോളം സാധനയിലൂടെ കടന്നുപോകുന്ന കൃതഹസ്തരായ കലാകാരന്മാർക്കു മാത്രം അരങ്ങത്ത് ഫലിപ്പിക്കാൻ കഴിഞ്ഞ കഥകളിയിലെ അഭിനയ സങ്കേതമാണ് ചുരുക്കത്തിൽ ഏകലോചനമെന്നത്.

നിയമങ്ങളിൽ നിന്നല്ല - മനുഷ്യലോകത്ത് അവന് ഇതുവരെ എന്തൊക്കെ നിയമങ്ങൾ കണ്ടെത്താൻ സാധിച്ചിട്ടുണ്ടോ ആ നിയമങ്ങൾക്കെല്ലാം നിയാമകശക്തിയായി വർത്തിക്കുന്ന പ്രകൃതിയിൽ നിന്നു തന്നെയാകണം തെയ്യത്തിലേക്ക് ഏകലോചനം കടന്നുവരുന്നത്.
നിയമങ്ങളിൽ നിന്നല്ല - മനുഷ്യലോകത്ത് അവന് ഇതുവരെ എന്തൊക്കെ നിയമങ്ങൾ കണ്ടെത്താൻ സാധിച്ചിട്ടുണ്ടോ ആ നിയമങ്ങൾക്കെല്ലാം നിയാമകശക്തിയായി വർത്തിക്കുന്ന പ്രകൃതിയിൽ നിന്നു തന്നെയാകണം തെയ്യത്തിലേക്ക് ഏകലോചനം കടന്നുവരുന്നത്.

ഒരു തെയ്യത്തിന്റെ മുഖത്തെ ഭാവങ്ങളെയും കഥകളിയിലെ ഏകലോചനത്തെയും ചേർത്തു വെച്ച് ചിന്തിക്കുന്നതിലെ സാംഗത്യമെന്ത് ?ഫോക്കും ക്ലാസിക്കലും തമ്മിലെന്ത് എന്ന യുക്തിയാണ് അതിനുത്തരം. തെയ്യത്തിലെ പേരില്ലാത്ത, പേരറിയാത്ത നാടൻ അനുഷ്ഠാന നർത്തക കലാകാരന്മാരിലേക്ക് ഏകലോചനം പോലൊന്ന് കടന്നുവരുന്നത് ഏതു നിയമങ്ങൾ പ്രകാരമാണ്.

വർഷങ്ങളോളം സാധനയിലൂടെ കടന്നുപോകുന്ന കൃതഹസ്തരായ കലാകാരന്മാർക്കു മാത്രം അരങ്ങത്ത് ഫലിപ്പിക്കാൻ കഴിഞ്ഞ കഥകളിയിലെ അഭിനയ സങ്കേതമാണ് ചുരുക്കത്തിൽ ഏകലോചനമെന്നത്.

അങ്ങനെ ചിന്തിക്കുമ്പോഴാണറിയുക. നിയമങ്ങളിൽ നിന്നല്ല - മനുഷ്യലോകത്ത് അവന് ഇതുവരെ എന്തൊക്കെ നിയമങ്ങൾ കണ്ടെത്താൻ സാധിച്ചിട്ടുണ്ടോ ആ നിയമങ്ങൾക്കെല്ലാം നിയാമകശക്തിയായി വർത്തിക്കുന്ന പ്രകൃതിയിൽ നിന്നു തന്നെയാകണം തെയ്യത്തിലേക്ക് ഏകലോചനം കടന്നു വരുന്നത്.

അതേ പ്രകൃതിയിൽ നിന്നു തന്നെയാണല്ലോ ഇക്കാണായ പ്രപഞ്ചങ്ങളുടെ ആട്ടപ്രകാരങ്ങൾ പിന്നീട് മനുഷ്യൻ കണ്ടെടുത്തതും അറിവു ശേഖരങ്ങളിലേക്ക് പകർത്തി വെച്ചതും. ഏകലോചനം സംഭവിക്കുന്നത് ചിത്രങ്ങളിലെ മുഖത്തിന്റെ ഒരു പാതി മൂടി വെച്ച് നോക്കിയാൽ പ്രത്യേകിച്ച് കണ്ണുകളിൽ ആ ഭാവപൂർണത വ്യക്തമായി കാണാൻ കഴിയും.

കരിഞ്ചാമുണ്ഡി,
ഫോട്ടോകൾ:
ഷിജു കെ.വി. കോറോം

photo: Shiju K V Korom
photo: Shiju K V Korom


Summary: What is the relevance of thinking by combining the facial expressions of a Theyyam with ekalochanam in Kathakali? Badari narayanan writes.


ബദരി നാരായണന്‍

തൃപ്പൂണിത്തുറ RLV കോളജ് ഓഫ് മ്യൂസിക് & ഫൈനാർട്സിൽ നിന്ന് ഫൈൻ ആർട്ട്സിൽ ബിരുദം.

Comments