Photo : keralaculture.org

ഗുരുവിന്റെ ജാതിരഹിത
സംഘാടനത്തിനേറ്റ വെല്ലുവിളികൾ

ജാതിയുടെ പേരിലുള്ള പൗരസ്വത്വം രൂപപ്പെട്ടതിനുശേഷമേ ജാതിരഹിതസഭയുടെ സാധ്യത ഉണ്ടാകൂ. സംഘടനയായിക്കഴിഞ്ഞാൽ കാലഭേദമനുസരിച്ച്​ ഭരണഘടനാഭേദഗതി വരുത്തി ജാതിരഹിത സഭയായി മാറ്റാമെന്ന പ്രത്യാശ ഉണ്ടായിരുന്നിരിക്കണം എന്നാണ് ഗുരുവിന്റെ സമുദായ ഇടപെടലിന്റെ ചരിത്രം വെളിവാക്കുന്നത്.

ബ്രാഹ്​മണസൃഷ്ടിയായ ചാതുർവർണ്യ വ്യവസ്ഥിതിയുടെ ഉപാധിയും ഉല്പന്നവുമായി മാറിയ മാനവവിവേചന സാമൂഹ്യനിർമിതിയാണ് ജാതി. ജീവശാസ്ത്രപരമോ നരവംശീയമോ ആയ ശാസ്ത്രീയഅടിസ്ഥാനമൊന്നും നിർണയിക്കാനാവില്ലെങ്കിലും ഇന്ത്യൻ സംസ്‌കൃതിയിൽ തിടം വച്ചിരിക്കുന്ന സാമൂഹികരോഗമാണിത്. കാലമേറെയായിട്ടും, മാറാവ്യാധിയായി അതിജീവനം ഉറപ്പുവരുത്തുന്ന ഈ രോഗം ഒരേസമയം അപരബോധവും ആത്മബോധവുമാണ്.

പൈതൃകബോധം, തൊഴിൽബോധം, സമുദായബോധം, സ്വത്വബോധം, അവകാശബോധം, വിവേചനബോധം, അധീശത്വ വിധേയത്വ ബോധം, ശുദ്ധ- അശുദ്ധി ബോധം, സംവരണമായി, സംവരണവിരുദ്ധമായി- അങ്ങനെ എത്രയോ അടരുകളിലൂടെ അതിജീവിക്കുന്ന ചരിത്രസംക്രമണ സാന്നിധ്യമാണ് ജാതി. ഇന്ത്യൻ ജനതയുടെ നവീകരണത്തിനായി ശ്രമിച്ചിട്ടുള്ള സാമൂഹികപരിഷ്‌കർത്താക്കളോ മതപരിഷ്‌കർത്താക്കളോ പൊതുവിൽ തങ്ങളുടെ നവീകരണശ്രമങ്ങളിൽ കേന്ദ്രസ്ഥാനത്തുറപ്പിക്കാത്ത ഒരു വിഷയവുമാണ് ജാതി. ചാതുർവർണ്യവ്യവസ്ഥിതിക്ക്​ ബദലായ പരിവർത്തനമുറകളല്ല, മറിച്ച്​, നിലവിലെ ചില കാര്യങ്ങളിൽ ആചാരപരിഷ്‌കരണമുറകളാണ് ഇക്കൂട്ടർ പ്രാവർത്തികമാക്കാൻ ശ്രമിച്ചത്.

ആര്യസമാജം, ബ്രഹ്മസമാജം തുടങ്ങി എത്രയോ നവീകരണശ്രമങ്ങൾ നമുക്കു പരിചിതമാണ്. ഇവയിൽ നിന്നൊക്കെ വ്യത്യസ്തമായ സാമൂഹ്യചിന്ത രൂപംകൊണ്ടത് കേരളത്തിലാണ്. അതും പഞ്ചവർണർ എന്നറിയപ്പെട്ട അവർണർക്കിടയിൽനിന്ന്​ശ്രീനാരായണഗുരുവിലൂടെയാണ്. എന്താണ് ഗുരുവിന്റെ ജാതിസങ്കല്പം? എന്തുകൊണ്ടാണ് ഗുരു ജാതിയെ കേന്ദ്രമാക്കി മനുഷ്യവിമോചനത്തെക്കുറിച്ചു ചിന്തിച്ചത്?

തീയ്യർ സമുദായത്തിലെ സ്‌ത്രീകൾ പണ്ട് മലബാറിൽ ധരിച്ചിരുന്ന ആഭരണങ്ങൾ / Photo : Wikimedia Commons:
തീയ്യർ സമുദായത്തിലെ സ്‌ത്രീകൾ പണ്ട് മലബാറിൽ ധരിച്ചിരുന്ന ആഭരണങ്ങൾ / Photo : Wikimedia Commons:

മനുഷ്യരുടെ ഐക്യത്തെയും സമത്വപുരോഗതിയെയും തടയുന്ന ഉപാധിയാണ് ജാതിയെന്നും ജാതിസൃഷ്ടാക്കൾക്ക്​ ലാഭമുണ്ടെന്നല്ലാതെ മനുഷ്യന് പൊതുവിൽ ഗുണമൊന്നുമില്ലാത്തതാണ് ജാതി കൊണ്ടെന്നും അദ്ദേഹം മനസ്സിലാക്കി. ‘‘അധഃകൃതവർഗക്കാർ എന്നൊരു പ്രത്യേകവർഗമില്ല. ശുദ്ധിയുള്ളവർ- ശുദ്ധിയില്ലാത്തവർ, വിദ്യയുള്ളവർ- വിദ്യയില്ലാത്തവർ, പണമുള്ളവർ- പണമില്ലാത്തവർ എന്നീ വക വ്യത്യാസങ്ങളേയുള്ളൂ’, ഇപ്പോൾ കാണുന്ന മനുഷ്യ നിർമിതമായ ജാതിവിഭാഗത്തിന്​ യാതൊരു അർത്ഥവുമില്ല . അനർത്ഥകരവുമാണ്. അത്​ നശിക്കതന്നെ വേണം. ജാതി ഉണ്ടെന്ന വിചാരം പോണം. ജാതിയെ സൂചിപ്പിക്കുന്ന പേരുകൾ ഉപയോഗിക്കരുത്, എഴുത്തുകുത്തുകളിൽ ജാതി കാട്ടരുത്. അതിന്​ സർക്കാരിലേക്ക് എഴുതി സമ്മതം വാങ്ങണം. മതം ഇഷ്ടംപോലെ പറയുവാനും ഒന്നും ഇല്ലെന്നു പറയുവാനും സ്വാതന്ത്ര്യം വേണം. പരിശ്രമിച്ചാൽ സർക്കാരിൽ നിന്ന്​ വിരോധം പറയുകയില്ല. ഇങ്ങനെ ആയാൽ ജാതി താനെപോവും.’’

മനുഷ്യന്​ മനുഷ്യജാതി എന്ന ഒരു ജാതിയേയുള്ളൂവെന്ന്​ജാതിനിർണയത്തിലൂടെയും ജാതിലക്ഷണത്തിലൂടെയും ശാസ്ത്രീയമായി തെളിയിച്ചുകൊണ്ടാണ് ഗുരു ജാതിയെ വർജ്ജിക്കാൻ ആഹ്വാനം ചെയ്തത്.

‘അങ്ങേയ്ക്കു ജാതിയില്ലല്ലോ, പിന്നെന്തുകൊണ്ടാണ് ഈഴവരുടെ ഇടയിൽ മാത്രം പ്രവർത്തനം നടത്തുന്നത്’ എന്ന ചോദ്യത്തിന് ഗുരു നല്കിയ മറുപടി; ‘ജാതിയാകുന്ന മദ്ദളത്തിന്റെ നടക്കുനിൽക്കുന്നത് ഈഴവരാണ്. വലത്തോട്ടു തിരിഞ്ഞു നോക്കിയാൽ അങ്ങേയറ്റത്തുനിൽക്കുന്ന നമ്പൂതിരി മുതൽ ഇങ്ങോട്ടുള്ളവരുടെ വിദ്യാഭ്യാസപരവും സാംസ്‌കാരികവുമായ എല്ലാം കാണാൻ കഴിയുന്നു. അതുപോലെ അവരുടെ അനാചാരങ്ങളെയും. ഇടത്തോട്ടു നോക്കിയാൽ ചണ്ഡാളൻ മുതൽ ഇങ്ങോട്ടുള്ളവരുടെ അറിവില്ലായ്മയും അനാചാരവാസനകളും മറ്റും ഗ്രഹിക്കാൻ സാധിക്കുന്നു. രണ്ടുകൈയിലും ഒരു വടം പിടിച്ചുകൊണ്ടു വലിച്ചാൽ രണ്ടു കൂട്ടരെയും മധ്യഭാഗത്തേക്കടുപ്പിക്കാൻ കഴിയും' (ഡോ. ടി. ഭാസ്‌കരൻ, ശ്രീനാരായണ വൈഖരി 2010 .പു 121 ).
പൂർണമായ തിരിച്ചറിവോടുകൂടി ജാതിയില്ലാതാക്കാൻ ഇറങ്ങിത്തിരിച്ച ഗുരുവിന്റെ അനുഭവസാക്ഷ്യമെന്ത്​ എന്ന്​ആലോചിക്കേണ്ടതാണ്.

ജാതിയില്ലെന്ന്​ വിശ്വസിച്ച ഗുരുവെന്തിന് പിന്നെ സമുദായ സംഘടനയുടെ ഭാഗമായി പ്രവർത്തിച്ചത് എന്നതിന്​, ജാതിയില്ലാ വിപ്ലവത്തിന്​ സമുദായ സംഘാടനം നിർബന്ധമാണെന്നു തോന്നിയിരിക്കാം എന്നേ പറയാനാവൂ.

ജാതിഭേദവും മതദ്വേഷവുമില്ലാതെ എല്ലാവരും സഹോദര്യത്തോടെ ജീവിക്കുന്ന മാതൃകാസ്ഥാനം സ്വപ്നം കണ്ടിരുന്ന ഗുരു, വിദ്യ കൊണ്ട്​ സ്വാതന്ത്രരാകാനും സംഘടനകൊണ്ട്​ ശക്തരാകാനും പ്രധാന ദേവാലയം വിദ്യാലയമാണെന്നും ഉപദേശിച്ച്​ തന്റെ സന്ദേശങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിച്ചു. അതിലേക്കായി മൂന്നു ഉദ്യമങ്ങളാണ് ഗുരുവിന്റെ നേതൃത്വത്തിലുണ്ടായത്. എസ്.എൻ. ഡി. പി യോഗം, അദ്വൈതാശ്രമം, ശ്രീനാരായണ ധർമ സംഘം. ഈ ശ്രമങ്ങളൊക്കെ നിഷ്ഫലമാകുകയാണെന്നു ഗുരു തിരിച്ചറിഞ്ഞുവെങ്കിലും സമാധിയാകുന്നതിന്​ഒരുവർഷം മുമ്പുവരെ പ്രതീക്ഷ കൈവെടിയാതെ ശ്രമം തുടർന്നുകൊണ്ടേയിരുന്നു. താൻ ഏറ്റുവാങ്ങുന്ന പരാജയങ്ങളിൽ നിരാശയുണ്ടായില്ല എന്നു പറയാനാവില്ലെങ്കിലും, പ്രതീക്ഷ കൈവിട്ടിരുന്നില്ല ഗുരു എന്നാണ് മനസിലാക്കാൻ കഴിയുന്നത്.

1903ലെ എസ്. എൻ. ഡി. പി രൂപീകരണം ഒരു സാമുദായിക സംഘടനയായിത്തന്നെയായിരുന്നു. ഈഴവരുടെ ലൗകിക- വൈദിക അഭ്യൂന്നതിക്കുവേണ്ടിയുള്ള ഒരു സംഘടനയാണെന്ന്​ അതിന്റെ കൂട്ടുയാദാസ്ഥിൽ (ഭരണഘടന) പ്രസ്താവിച്ചിട്ടുണ്ട്. 1903 മുതൽ 1911 വരെ സമുദായത്തെ നവീകരിക്കുക, അതിനായി ആചാരപരിഷ്‌കാരങ്ങളും ആദ്ധ്യാത്മിക അഭിവൃദ്ധി മാർഗങ്ങളും നടപ്പാക്കുക, ഭൗതികപുരോഗതിക്കായി വിദ്യാഭ്യാസം, വ്യവസായം ഉപദേശിക്കുക എന്നിവയ്ക്കാണ് ഗുരു പ്രാമുഖ്യം നൽകിയത്.

ജാതിയില്ലെന്ന്​ വിശ്വസിച്ച ഗുരുവെന്തിന് പിന്നെ സമുദായസംഘടനയുടെ ഭാഗമായി പ്രവർത്തിച്ചത് എന്നതിന്​, ജാതിയില്ലാവിപ്ലവത്തിന്​ സമുദായ സംഘാടനം നിർബന്ധമാണെന്നു തോന്നിയിരിക്കാം എന്നേ പറയാനാവൂ. ജാതിയുടെ പേരിലുള്ള പൗരസ്വത്വം രൂപപ്പെട്ടതിനുശേഷമേ ജാതിരഹിതസഭയുടെ സാധ്യത ഉണ്ടാകൂ. ആദ്യഘട്ടത്തിൽ സമുദായസ്വത്വം രൂപപ്പെടുത്താൻ സംഘടന വേണമെന്ന് തോന്നിയത് സ്വാഭാവികം. സംഘടനയായിക്കഴിഞ്ഞാൽ കാലഭേദമനുസരിച്ച്​ ഭരണഘടനാഭേദഗതി വരുത്തി ജാതിരഹിത സഭയായി മാറ്റാമെന്ന പ്രത്യാശ ഉണ്ടായിരുന്നിരിക്കണം എന്നാണ് ഗുരുവിന്റെ സമുദായ ഇടപെടലിന്റെ ചരിത്രം വെളിവാക്കുന്നത്. സമുദായവല്കരണത്തെ ഗുരുവും തുടക്കത്തിൽ അംഗീകരിച്ചു. ഇതിനായി ഒരു ദശബ്ദമെന്നായിരിക്കും ഗുരു കണക്കാക്കിയതെന്നു തോന്നുന്നു.

ശ്രീനാരായണ ഗുരു
ശ്രീനാരായണ ഗുരു

1903ൽ എസ്. എൻ. ഡി. പി നിലവിൽവന്നു, 1907 ൽ സാധുജനപരിപാലനസംഘം, 1909ൽ യോഗക്ഷേമസഭ, 1910ൽ വാലാ സമുദായ പരിഷ്‌കരണസഭ തുടങ്ങിയവയിലൂടെ 1910 ആയപ്പോൾ തന്നെ വിവിധ സമുദായങ്ങൾ സംഘടി ച്ചുകഴിഞ്ഞു. 1914 ആയപ്പോൾ, നായർ സർവീസ് സൊസൈറ്റിയും നിലവിൽവന്നു. 1911 മുതൽ ജാതിസംഘടനയായ എസ്. എൻ. ഡി. പി യെ ജാതിരഹിത സഭയാക്കാനുള്ള ഭരണഘടനാഭേദഗതിക്കായി ഗുരു ശ്രമം ആരംഭിച്ചു. ഇതിനുസഹായിച്ചത്​ 1904ൽ അരുവിപ്പുറത്തുനടന്ന യോഗത്തിന്റെ പ്രഥമ വാർഷികയോഗത്തിൽ, ചില ഉദ്ദേശ്യലക്ഷ്യങ്ങളിൽ ഭേദഗതി കൊണ്ടുവന്നു. ഉദാഹരണമായി, ഈഴവരുടെ ലൗകികവും വൈദികവുമായ അഭിവൃദ്ധി എന്നത് ‘ഈഴവ സമുദായത്തിൽ വൈദികവും ലൗകികവുമായ വിദ്യാഭ്യാസത്തെയും കൃഷി, കച്ചവടം, കൈത്തൊഴിൽ മുതലായ വ്യവസായങ്ങളെയും അഭിവൃദ്ധിപ്പെടുത്തുന്നതിനെയും അവയുടെ പ്രചാരത്തിനുമായി ക്ഷേത്രം , സന്യാസിമഠം, പള്ളിക്കൂടം, സഹായധനം മുതലായവ ഏർപ്പെടുത്തുന്നതിന് പ്രോത്സാഹിപ്പിക്കുകയും നടത്തുകയും ചെയ്യുക ' എന്ന് വിശദമാക്കി.

ഗുരു ആദ്യകാലത്തു നൽകിയ ഉപദേശങ്ങൾ ഈഴവസമുദായത്തെ ഉദ്ദേശിച്ചായിരുന്നെങ്കിൽ ക്രമേണ ജനസാമാന്യത്തിനുപയുക്തമാകുന്നവയായി.
ജാതിചിന്തയുൾപ്പടെയുള്ള തിന്മകൾക്കെതിരെ പോരാടാൻ ഗുരു വിഭാവനം ചെയ്ത എസ്. എൻ. ഡി. പി യോഗത്തിൽ ജാത്യഭിമാനികൾ കൂടുന്നുവെന്ന് മനസിലാക്കിയ ഗുരു 1911 ൽ ശിവഗിരിയിൽ ചേർന്ന എസ്. എൻ. ഡി. പി വാർഷിക സമ്മേളനത്തിൽ, ‘എസ്. എൻ. ഡി. പി യോഗത്തിന്റെ പ്രവൃത്തികൾ ഈഴവരുടെ അഭിവൃദ്ധിക്കുമാത്രം ലക്ഷ്യമാക്കിവെച്ചുകൊണ്ടിരിക്കാതെ, താഴ്ത്തപ്പെട്ട സമുദായങ്ങളുടെ എല്ലാം അഭിവൃദ്ധി അതിന്റെ ശ്രമങ്ങളുടെ ലക്ഷ്യമായിരിക്കത്തക്കവിധത്തിൽ യോഗത്തിന്റെ ഘടനയെ ഭേദപ്പെടുത്തിയാൽ കൊള്ളാ’മെന്ന് അഭിപ്രായപെട്ടു.

യോഗത്തിന്റെ ഭരണഘടനയിൽ തന്നെ ഇങ്ങനെ ഒരു ഭേദഗതി വരുത്തി യോഗത്തിന്റെ ഘടന മാറ്റണമെന്നാണ് ഗുരു നിർദേശിച്ചത്. നിർദ്ദേശത്തിന് വലിയ സ്വീകാര്യത ലഭിച്ചില്ല. അതോടെ എസ്. എൻ. ഡി. പി യു മായുള്ള ബന്ധത്തിൽ ഗുരു അകലം പാലിക്കാൻ തുടങ്ങി.

ഗുരുവിന്റെ ജാതിരഹിത സംഘടനാ രൂപീകരണത്തിന്റെ മൂന്നാം പരീക്ഷണമായിരുന്നു ശ്രീനാരായണ ധർമ്മസംഘം. എസ്. എൻ. ഡി. പിയിൽ ലൗകിക ജീവികളാണെല്ലോ; അവർക്കു സ്വാർത്ഥത ഉണ്ടാകുന്നതു സ്വാഭാവികമാണെന്ന് ഗുരുവിനു അറിയാമായിരുന്നു.അതുകൊണ്ടു തന്നെ അവർക്കെതിരായ പ്രത്യക്ഷ സമരമുറയുമായി ഗുരു മുന്നോട്ടുപോകാത്തത്.

ശ്രീനാരായണഗുരുവിന്റെ ആഗ്രഹങ്ങളിൽ പ്രഥമസ്ഥാനം ജാതിയില്ലാത്ത ഒരു സഭ സ്ഥാപിക്കണമെന്നതായിരുന്നു. ഇതറിഞ്ഞ ഒരു ശിഷ്യൻ സംശയമായി ഗുരുവിനോട് എസ്. എൻ. ഡി. പി യോഗമോ? എന്നു ചോദിക്കുകയുണ്ടായി. അത് ‘ഈഴവരുടെ ലൗകികവും വൈദികവും വിദ്യാഭ്യാസപരവുമായ അഭ്യുന്നതിക്കുവേണ്ടിയാണ് എന്ന് കൂട്ടുയാദാസ്തിൽ പറഞ്ഞിരിക്കുന്നു’വെന്നാണ് ഗുരു മറുപടി നൽകിയത്. അതായിരുന്നു എസ്.എൻ. ഡി. പി യുടെ നിലപാട്. ഇത് മനസിലാക്കിയ ഗുരു രണ്ടു തീരുമാനങ്ങളെടുത്തു. സമുദായ പുരോഗതിക്കുവേണ്ടിയുള്ള കാര്യങ്ങളൊക്കെ അവർ നോക്കിക്കൊള്ളും. അവർ തന്നെ നോക്കട്ടെ , അവർക്കു വിട്ടുകൊടുത്തു. തുടർന്ന് ആലുവയിൽ അദ്വൈതാശ്രമം സ്ഥാപിച്ചത് ജാതിയില്ലാത്ത സഹോദര്യത്തോടെയുള്ള ഒരു ഏകലോകം എന്ന ലക്ഷ്യത്തോടുകൂടിയാണ്. ‘ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്’ എന്ന പൊരുളാണ് ഗുരുവിന്റെ അദ്വൈതം. ഈ ഉപദേശം ഉൾക്കൊള്ളുന്ന ജാതിനിർണയം ഇവിടെ വച്ചാണ് എഴുതിയത്. അദ്വൈതാശ്രമത്തിൽ എഴുതിവച്ച പ്രതിജ്ഞാവാചകം ഇത് ശരിവയ്ക്കുന്നു.

‘‘ഓം തത് സദ് ആലുവാ അദ്വൈതാശ്രമം ഈ മഠത്തിലെ അഭിപ്രായം, മനുഷ്യർക്ക് ഒരു ജാതിയും ഒരു മതവും ഒരു ദൈവവുമല്ലാതെ, ഓരോരുത്തർക്കും വെവ്വേറെ ജാതിയും മതവും ദൈവവും ഇല്ലെന്നാകുന്നു. എന്ന് അനുവാദപ്രകാരം ശ്രീനാരായണ ചൈതന്യം.’’

ഇതുമാത്രമല്ല. ഗുരുവിന്റെ ജാതിരഹിത താല്പര്യം വ്യക്തമാക്കുന്ന ഒരു വിളംബരം പ്രബുദ്ധകേരളത്തിൽ പ്രകാശിതമായതിങ്ങനെയാണ്: ‘‘നാം ഒരു ജാതിയിലോ മതത്തിലോ ഉൾപ്പെടുന്നില്ല. വിശേഷിച്ച്​ നമ്മുടെ ശിഷ്യവർഗത്തിൽ നിന്നു മേൽപ്രകാരമുള്ളവരെ മാത്രമേ നമ്മുടെ പിൻഗാമിയായി വരത്തക്കവിധം ആലുവ അദ്വൈതാശ്രമത്തിലെ ശിഷ്യസംഘത്തിൽ ചേർത്തിട്ടുള്ളു എന്നും മേലും ചേർക്കുകയുള്ളൂ എന്നും വ്യവസ്ഥപ്പെടുത്തിയിരിക്കുന്നതുമാകുന്നു. ഈ വസ്തുത പൊതുജനങ്ങളുടെ അറിവിലേക്കായി പരസ്യം ചെയ്തിരിക്കുന്നു’’.

എസ്. എൻ. ഡി. പി ഭരണഘടനാഭേദഗതിക്കായുള്ള ഗുരുവിന്റെ നിർദ്ദേശം ജാത്യഭിമാനികൾ ഏറ്റെടുക്കാതിരുന്നപ്പോൾ 1916 മെയ് 22 ന് ഔദ്യോഗികമായി ഗുരു യോഗത്തിൽനിന്ന്​ വിട്ടുനിൽക്കുന്നതായി അറിയിച്ചുകൊണ്ടുള്ള കത്തുനല്കി.

എന്റെ ഡോക്ടർ അവർകൾക്ക്, യോഗത്തിന്റെ നിശ്ചയങ്ങൾ എല്ലാം നാം അറിയാതെ പാസ്സാക്കുന്നതുകൊണ്ടും , യോഗത്തിന്റെ ആനുകൂല്യം നമ്മെ സംബന്ധിച്ചകാര്യങ്ങളിൽ ഇല്ലാത്തതുകൊണ്ടും, യോഗത്തിന്​ ജാത്യാഭിമാനം വർദ്ധിച്ചുവരുന്നതുകൊണ്ടും, മുമ്പേതന്നെ മനസ്സിൽനിന്നും വിട്ടിരുന്നതുപോലെ ഇപ്പോൾ വാക്കിൽനിന്നും പ്രവൃത്തിയിൽനിന്നും യോഗത്തെ വിട്ടിരിക്കുന്നു. എന്ന് ശ്രീനാരായണഗുരു (ഒപ്പ് )

തീയർ സമുദായത്തിലെ ഒരു പെൺകുട്ടി, 1898ലെ ചിത്രം, ബ്രിട്ടീഷ് രേഖകളിൽനിന്ന്​ / Photo : Wikimedia Commons
തീയർ സമുദായത്തിലെ ഒരു പെൺകുട്ടി, 1898ലെ ചിത്രം, ബ്രിട്ടീഷ് രേഖകളിൽനിന്ന്​ / Photo : Wikimedia Commons

ഗുരുവിന്റെ എസ്. എൻ. ഡി. പി ഭേദഗതി നിർദ്ദേശത്തെ കുറിച്ച് ആലോചിക്കാൻ എസ്.എൻ. ഡി.പി ഡോ. പൽപ്പു, എൻ. കുമാരനാശാൻ, സി. കൃഷ്ണൻ, എം. ഗോവിന്ദൻ, കെ. എൻ. ഗോപാലൻ, എൻ. കുമാരൻ, ഇ. കെ. അയ്യാക്കുട്ടി, കെ. സി. കുഞ്ഞുരാമൻ, കെ. എം. കൃഷ്ണൻ, കൊച്ചുണ്ണിവൈദ്യർ എന്നിവരടങ്ങിയ കമ്മിറ്റി രൂപീകരിച്ചു. ഗുരു ആരോപിച്ച ജാത്യാഭിമാനം കളയാൻ കഴിഞ്ഞില്ലാത്തതുകൊണ്ടാകാം കമ്മിറ്റി തീരുമാനമെടുത്തതായി വിവരം ലഭ്യമല്ല. അതോടൊപ്പം ഗുരു യോഗവുമായുള്ള ബന്ധം വിഛേദിക്കുന്നതായി ഡോ. പൽപ്പുവിന് 1916 ൽ നൽകിയ കത്തിന്റെ കാരണം എന്താണെന്നു പരിശോധിക്കണം എന്നും അഭിപ്രായമുയർന്നു. ‘എഴുത്ത് രഹസ്യക്കത്താണെന്നും അത് പരസ്യപ്പെടുത്താനുള്ളതല്ലെന്നും സ്വാമി യോഗത്തോടുള്ള ബന്ധം വിട്ടിട്ടില്ലെന്നും’ കുമാരനാശാൻ പ്രസ്താവിച്ചു. (1917 നവംബർ ലക്കം മിതവാദി മാസികയിൽ ദേശാഭിമാനി മാസികയിൽ നിന്ന്​ പകർത്തിച്ചേർത്തത് (കൊട്ടാരക്കര എസ്. എൻ. ഡി. പി വാർഷിക റിപ്പോർട്ട് ). ഈ കത്ത് ഗുരുതന്നെ 1928 ആഗസ്റ്റ് 6 ലെ ധർമ്മം മാസികയിൽ പ്രസിദ്ധീകരിച്ചു.

ശ്രീനാരായണ ഗുരുവും ഡോ.പൽപുവും
ശ്രീനാരായണ ഗുരുവും ഡോ.പൽപുവും

‘തനിക്കു ജാതിയില്ല, മതമില്ല’ വിളംബര (1917) ത്തിനുശേഷം 1920 ആലപ്പുഴയിൽ നടന്ന 17ാമത് എസ്. എൻ. ഡി. പി വാർഷികത്തിൽ, ‘ജാതിഭേദം കൂടാതെ ആരെയും അംഗങ്ങളാക്കി ചേർക്കുന്നതിന് അനുവദിക്കുന്ന ഒരു പ്രമേയം അംഗീകരിച്ചു: ‘ഇപ്പോൾ യോഗം മെമ്പർമാരായിരിക്കുന്നവരുടെയും ഇപ്പോഴത്തെ യോഗത്തിന്റെ നിബന്ധനപ്രകാരം മേലാൽ മെമ്പർമാരായി ചേരുന്നവരുടെയും അധികാരാവകാശങ്ങൾക്കും ക്ഷേമത്തിനും ദോഷം നേരിടാത്തവിധത്തിൽ, യോഗോദ്ദേശ്യങ്ങളിൽ അനുകമ്പയുള്ള എല്ലാവർക്കും ജാതിമതഭേദം കൂടാതെ മെമ്പർമാരായി ചേരത്തക്കവണ്ണം യോഗത്തിലെ മെമ്പർ സ്ഥാനം എല്ലാവർക്കും അനുവദിച്ചുകൊടുക്കുകയും, പുതിയ റൂളിൻ പ്രകാരം ചേരുന്ന മെമ്പർമാരുടെ അവകാശങ്ങളെയും ക്ഷേമത്തെയും അവരുടെ ഇച്ഛ പ്രകാരം സംരക്ഷിക്കുന്നതിന് വേണ്ട വ്യവസ്ഥകൾ ഉണ്ടാക്കണമെന്നും ഈ യോഗം തീർച്ചയാക്കുന്നു ' എന്നതായിരുന്നു ആ പ്രമേയം.

ഗുരു നിർദ്ദേശിച്ച ഭരണഘടനാഭേദഗതി അംഗീകരിച്ചുകൊണ്ടുള്ള ഒരു പ്രമേയമായിരുന്നില്ല ഇത്. ഇരുട്ടുകൊണ്ടു ഓട്ടയടക്കുന്നതിനു തുല്യമായ സമീപനമായിരുന്നു ഇതിൽ പ്രതിഫലിച്ചത്. അതായത്, നിരുപാധികമായി എല്ലാ ജാതിമതസ്ഥർക്കും യോഗത്തിൽ ചേരുന്നതിന്​ അനുവാദം നൽകാനുദ്ദേശിച്ചുകൊണ്ടുള്ളതായിരുന്നില്ല. യോഗത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളോട് അനുഭാവമുള്ളവർക്കുമാത്രം അംഗങ്ങളാകാമെന്നേ ഉദ്ദേശിച്ചുള്ളൂ. ഗുരുവിന്റെ നിർദ്ദേശം ഈഴവരുടെ സംഘടന എന്ന ചട്ടക്കൂട്ടിൽനിന്ന്​ മനുഷ്യരുടെ സംഘടന ആക്കണമെന്നതായിരുന്നു (പി .കെ. ഗോപാലകൃഷ്ണൻ,1914, ശ്രീനാരായണഗുരു വിശ്വമാനവികതയുടെ പ്രവാചകൻ). ഗുരുവിന്റെ ജാതിരഹിത ആശയത്തെയാണ് ഈ പ്രമേയത്തിലൂടെ അട്ടിമറിച്ചത്.

ടി.കെ. മാധവന്റെ താല്പര്യപ്രകാരം പുതിയ അംഗങ്ങളെ ചേർക്കുന്ന പരിപാടിക്ക്, യോഗത്തിൽനിന്ന്​ വിട്ടുനിന്നിരുന്നെങ്കിലും എസ്. എൻ. ഡി. പി യോഗത്തെ ജാതിയില്ലാത്ത സഭയാക്കാനുള്ള ഗുരുവിന്റെ ആഗ്രഹം കൊണ്ട്​ ഒരു സന്ദേശം നൽകി: ‘‘സംഘടനകൊണ്ടല്ലാതെ യാതൊരു സമുദായത്തിനും ശക്തിയും അഭിവൃദ്ധിയും ഉണ്ടാകുന്നതല്ല . ഈ തത്വം അനുസരിച്ചാണ് 25 കൊല്ലം മുമ്പേ നാം യോഗം സ്ഥാപിച്ചത്. ഈഴവൻ എന്ന പേര് ഒരു ജാതിയെയോ മതത്തെയോ സൂചിപ്പിക്കുന്നില്ല. അതിനാൽ ഈ യോഗത്തിൽ ജാതിമതഭേദം നോക്കാതെ ആളുകളെ ചേർക്കാവുന്നതാണ്. യോഗത്തിൽ ധാരാളം ആളുകൾ ചേരട്ടെ എന്നു നാം ആശംസിക്കുന്നു’’ എന്നാണ് ഗുരു 1927 ഫെബ്രുവരിയിൽ നൽകിയ സന്ദേശം.

ഒരു ഈഴവ കുടുംബം / Photo : keralaculture.org
ഒരു ഈഴവ കുടുംബം / Photo : keralaculture.org

ഇതിനെ തുടർന്ന് 1927 ഏപ്രിൽ പള്ളാത്തുരുത്തിയിൽ നടന്ന യോഗത്തിന്റെ വാർഷികയോഗത്തിലും യോഗത്തിനായുള്ള അവസാന സന്ദേശം ഗുരു നൽകി: ‘‘സമുദായ സംഘടനയെ പറ്റിയും മതപരിഷ്‌കാരത്തെ ക്കുറിച്ചും ഗൗരവമേറിയ ചില ആലോചനകൾ ചെയ്തുവരുന്നുണ്ടെന്നു അറിയുന്നതുകൊണ്ട് നമുക്ക് വളരെ സന്തോഷമുണ്ട്. എന്നാൽ സംഘടനയുടെ ഉദ്ദേശ്യം ഒരു പ്രത്യേക വർഗക്കാരെ മാത്രം ചേർത്ത് ഒരു സമുദായത്തെ സൃഷ്ടിക്കുവാനായിരിക്കരുത്. മതപരിഷ്‌കാരം ഇന്നുള്ള ഏതെങ്കിലും ഒരു മതസംഘത്തെ ഉപേക്ഷിച്ച് മറ്റൊരു സംഘത്തിൽ ചേരുന്ന ശ്രമം മാത്രമായിരിക്കരുത്. നമ്മുടെ സമുദായ സംഘടന എല്ലാ മനുഷ്യരെയും ഒന്നായി ചേർക്കുന്നതായിരിക്കണം. മതം വിശ്വാസസ്വാതന്ത്ര്യത്തെ അനുവദിക്കുന്നതും സംസ്‌കൃതബുദ്ധികൾക്കെല്ലാം സ്വീകാര്യവും മനുഷ്യരെ ഒരു ഉത്തമമായ ആദർശത്തിലേക്കു നയിക്കുന്നതുമായിരിക്കണം. ‘ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് 'എന്ന സനാതന ധർമം അങ്ങനെയുള്ള ഒരു മതമാകുന്നു. ഈ സനാതനധർമത്തിൽ വിശ്വസിക്കുന്നവരെയെല്ലാം ഒന്നായി ചേർക്കുന്നത് സംഘടനയ്ക്ക് ഏറ്റവും ഉത്തമമായ രീതി ആയിരിക്കുമെന്ന് നമുക്ക് തോന്നുന്നു. മതപരിവർത്തനം കൂടാതെ അസമത്വങ്ങളും ബുദ്ധിമുട്ടുകളും തീരുകയില്ലെന്നു വിശ്വസിക്കുന്നവർക്കു സനാതനധർമം മതമായി സ്വീകരിക്കുന്നത് അവരുടെ മതപരിവർത്തനവും സ്വാതന്ത്ര്യ പ്രഖ്യാപനവും ആയിരിക്കുന്നതാണ്.’’

ഇതിലൂടെ ഗുരു തന്റെ ജാതിരഹിത സംഘടനയെ കുറിച്ചുള്ള ഭാവന വീണ്ടും യോഗത്തിനു മുന്നിൽ അവതരിപ്പിക്കുകയാണ്.അതോടൊപ്പം, അക്കാലത്തു ഈഴവരുടെ മതപരിവർത്തനത്തെ കുറിച്ചുള്ള ആലോചനകൾ നടക്കുന്നതിനെയും ഗുരു അഭിമുഖീകരിക്കുന്നുണ്ട്. ‘ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് ' എന്ന സനാതന ധർമ്മം ഗുരു മതമായി തന്നെ മുന്നോട്ടു വയ്ക്കുന്നു. അത്തരമൊരു ബോധമാർജിച്ചാൽ മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്നതും സർവമതസാരവും ഒന്നാണെന്ന അഭേദബോധവും കൈവരുമെന്ന പ്രതീക്ഷയും നിലനിറുത്തുന്നു. അതിലൂടെ ജാതിയെയും മതത്തെയും നിരാകരിച്ചു മനുഷ്യരാകാം എന്നായിരുന്നു ഗുരുവിന്റെ സ്വപ്നം.

സ്വാഭാവികമായും സന്യാസിമാർക്കു സ്വാർത്ഥതാല്പര്യങ്ങൾ അഭികാമ്യമല്ലാത്തതുകൊണ്ട്​ അവർക്കിടയിൽ ജാതിബോധം തലപൊക്കില്ല, അതുകൊണ്ട് തന്റെ ജീവിതാഭിലാഷമായ ജാതിരഹിതസംഘടന എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടുമെന്ന ധാരണയായിരുന്നു ഗുരുവിനുണ്ടായിരുന്നത്.

ഏതായാലും യോഗം തന്റെ വഴിയിൽനിന്നുവിട്ട് ജാത്യാഭിമാനികളുടെ സമുദായസംഘടനായ കാര്യം 1911 ൽത്തന്നെ വ്യക്തമായെങ്കിലും എസ്. എൻ. ഡി. പിക്ക്​ എന്നെങ്കിലും പുനർവിചാരമുണ്ടാകുമെങ്കിൽ എന്നോ മറ്റോ ഉദ്ദേശിച്ചാകും വീണ്ടും ശിഷ്യഗണത്തിന്റെ താല്പര്യപ്രകാരം ഈ സന്ദേശം നൽകിയത്.
ഗുരുവിന്റെ ജാതിരഹിത സംഘടനാരൂപീകരണത്തിന്റെ മൂന്നാം പരീക്ഷണമായിരുന്നു ശ്രീനാരായണ ധർമസംഘം. എസ്. എൻ. ഡി. പിയിൽ ലൗകിക ജീവികളാണെല്ലോ; അവർക്കു സ്വാർത്ഥത ഉണ്ടാകുന്നതു സ്വാഭാവികമാണെന്ന് ഗുരുവിനു അറിയാമായിരുന്നു.അതുകൊണ്ടുതന്നെ അവർക്കെതിരായ പ്രത്യക്ഷ സമരമുറയുമായി ഗുരു മുന്നോട്ടുപോകാത്തത്.

സ്വാഭാവികമായും സന്യാസിമാർക്കു സ്വാർത്ഥതാല്പര്യങ്ങൾ അഭികാമ്യമല്ലാത്തതുകൊണ്ട്​ അവർക്കിടയിൽ ജാതിബോധം തലപൊക്കില്ല, അതുകൊണ്ട് തന്റെ ജീവിതാഭിലാഷമായ ജാതിരഹിതസംഘടന എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടുമെന്ന ധാരണയായിരുന്നു ഗുരുവിനുണ്ടായിരുന്നത്. കുമാരനാശാൻ എഴുതിയ, അദ്വൈതാശ്രമം സ്ഥാപിക്കുന്നതുവരെയുള്ള ഗുരുവിന്റെ ജീവചരിത്രത്തിൽ ഗുരുവിന്റെ ജാതിയില്ലാസഭയെ കുറിച്ചുള്ള ഭാവന വെളിപ്പെടുന്നുണ്ട്: ‘‘വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും അനുമാനിക്കാവുന്നതായി സ്വാമിയുടെ അഗാധമായ ഹൃദയത്തിൽ ഇപ്പോൾ കിടക്കുന്ന പാവനമായ മറ്റൊരു അഭിപ്രായം, തന്റെ ശിഷ്യന്മാരായ സന്യാസികളും ബ്രഹ്മചാരികളും അടങ്ങിയ ഒരു പ്രത്യേക സംഘടന സ്ഥാപിച്ചും അതുമൂലം ജാതിമതഭേദം കൂടാതെ പൊതുവിൽ നാട്ടിനും ജനങ്ങൾക്കും ഒന്നുപോലെ ആദ്ധ്യാത്മികമായ തേജസ്സും സദാചാര സംബന്ധമായും, വിദ്യാഭ്യാസ സംബന്ധമായും ഉള്ള അഭിവൃദ്ധിയും ഉണ്ടാകുന്നതിനു യത്‌നിപ്പാൻ വേണ്ട ഏർപ്പാടുകൾ ചെയ്യണമെന്നുള്ളതാകുന്നു.’’ (പി. കെ. ഗോപാലകൃഷ്ണൻ, 1914, ശ്രീനാരായണഗുരു- വിശ്വമാനവികതയുടെ പ്രവാചകൻ).

ശ്രീനാരായണ ധർമസംഘത്തെ കുറിച്ചുള്ള ആലോചനകൾ പലപ്പോഴായും ഉണ്ടായി. ശ്രീനാരായണധർമ്മസംഘത്തിനായി സത്യാവ്രതസ്വാമികൾ ചില കരടുനിയമങ്ങളുണ്ടാക്കി. 1925 ൽ ഗുരു എഴുതിയ വിൽപത്രപ്രകാരം തന്റെ പിൻഗാമിയായി ബോധാനന്ദ സ്വാമിക്ക് അവകാശങ്ങൾ എഴുതിവെച്ചു. ഇത് മറ്റു സന്യാസികളിലും യോഗം ഭാരവാഹികളിലും ഇഷ്ടക്കേടുണ്ടാക്കി. പറഞ്ഞുതീർക്കാൻ കഴിയാത്ത അഭിപ്രായ വ്യത്യസങ്ങളുയർന്നുവന്നു. പ്രതിഷേധമായി ഗുരുവിന്​ ഉപവാസം അനുഷ്ഠിക്കേണ്ടിവന്നു. നേരിട്ട്​ എല്ലാ പ്രതിഷേധങ്ങളെയും മറികടന്ന് 1928ൽ ജനുവരിയിൽ ഗുരു ശ്രീനാരായണ ധർമ്മസംഘം രൂപീകരിച്ചു. സ്വാർത്ഥരഹിതരായി ലോകശുശ്രുഷക്കുവേണ്ടിമാത്രം പ്രവർത്തിക്കുന്ന സന്യാസിസംഘം ജാതിയില്ലാത്ത സഭയായിരിക്കും എന്നതായിരുന്നു ഗുരുഭാവന.

ഒരു തീയ്യർ കുടുംബം ( 1906 ) / Photo : Wikimedia Commons
ഒരു തീയ്യർ കുടുംബം ( 1906 ) / Photo : Wikimedia Commons

ബോധാനന്ദൻ, ഗോവിന്ദാനന്ദൻ, രാമാനന്ദൻ, ധർമ്മതീർത്ഥൻ, നീലകണ്ഠൻ ബ്രഹ്മചാരി, വിദ്യാനന്ദൻ (മാമ്പലം ), പി. നടരാജൻ (നടരാജഗുരു), ഏണസ്റ്റ്കർക്ക് (ഗുരുവിന്റെ ആദ്യത്തെ യൂറോപ്യൻ ശിഷ്യൻ) എന്നിവരാണ് ധർമ്മസംഘത്തിൽ ആദ്യമുണ്ടായിരുന്നത്. ധർമ്മതീർത്ഥർ പരമേശ്വരമേനോനായിരുന്നു. ജാതിയെ ഉച്ചാടനം ചെയ്യാൻ ശ്രമിച്ചുവെങ്കിലും പരാജിതനായി പിന്നീട് ജോൺ ധർമ്മതീർത്ഥൻ എന്ന പേരിൽ ക്രിസ്തുമതാനുയായി ജീവിക്കേണ്ടിവന്നു. അത്രക്കു ഭീകരമായിരുന്നു ധർമസംഘത്തിലെ ജാതിയുദ്ധം.

ചാതുർവർണ്യം നിലനിറുത്തുന്ന അദ്വൈത സന്യാസ പരമ്പരയെയല്ല, ജാതിചിന്ത വെടിഞ്ഞവരെയാണ് ഗുരുധർമം പ്രചരിപ്പിക്കാൻ ഗുരുശിഷ്യരാക്കിയത്. അന്യമതത്തിൽ നിന്നും അന്യജാതിയിൽ നിന്നും വന്ന ശിഷ്യരോട് ഗുരുവിന്​അടുപ്പമുണ്ടായിരുന്നു. ഈ അടുപ്പം അദ്ദേഹത്തിന്റെ ജാതിരഹിതമായ അടുപ്പമായിരുന്നു. ബോധാനന്ദസ്വാമികളെ അനന്തരാവകാശിയും ശിവഗിരിയിലെ ആദ്യ മഠാധിപതിയാക്കിയതും ഇതിനു മതിയായ തെളിവാണ്. ത്യാഗവും പരോപകാരവും ലക്ഷ്യമാക്കി ജാതിമതഭേദമില്ലാതെ രൂപീകരിച്ച സന്യാസിസംഘം ജാതിയുടെയും മതത്തിന്റെയും പേരിലും വസ്തുവകകൾക്കായും എസ്. എൻ. ഡി. പിയുമായി കോടതിവ്യവഹാരങ്ങളിൽ മുഴുകി. മാനവികതയുടെയും സാഹോദര്യത്തിന്റെയും സന്ദേശം ലോകത്തെ അറിയിക്കാൻ ജാതിവർജ്ജനം ആയുധമാക്കിയ ഗുരുവിന്റെ ജാതിവർജ്ജന ശ്രമങ്ങളുടെ പരിണതഫലമാണ് നാം കണ്ടത്.

ജാതിക്കെതിരായി പ്രവർത്തിക്കാൻ ശ്രമിച്ച ഗുരുവിന്റെ പരാജയങ്ങൾ മനസ്സിലാക്കുമ്പോൾ ഗുരു ഗാന്ധിജിയോട് പറഞ്ഞത് ഓർക്കാതിരിക്കാനാവില്ല; ‘അതിന്റെ രൂഢമൂലത ഓർത്താൽ പൂർണഫലപ്രാപ്തിക്ക്​ മഹാത്മജി വീണ്ടും അവതരിക്കേണ്ടി വരും'.
അതുതന്നെയാണ് കേരളത്തിന്​ ഗുരുവിനോടും പറയാനുള്ളത്. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.

Comments