1928 ജനുവരി ഒമ്പതിന് ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് രൂപീകരണ സമയത്ത് തൃശൂർ കൂർക്കഞ്ചേരിയിൽ വെച്ച് എടുത്ത ചിത്രം

ഗുരുഭാവനയെയും കടന്ന്​ വളർന്ന​പുതിയ ജാതി കേരളം

കേരള രാഷ്ട്രീയത്തിൽ ജാതിവർജനം ഏറ്റെടുക്കാൻ ഒരുകക്ഷിക്കും കഴിയാത്തത്ര സാമൂഹികവ്യാപനം ‘ജാതി' രാഷ്ട്രീയമായി നേടിയെടുത്തുകഴിഞ്ഞുവെന്നത് നിരാകരിക്കാനാവില്ല.

ജൈവികമാണെണെങ്കിലും സാമൂഹികമാണെണെങ്കിലും പരിണാമത്തെ കേവലം സ്വാഭാവികം എന്ന് നിശ്ചയിക്കാനാവില്ല. ആഭ്യന്തരമോ ബാഹ്യമോ ആയ ഘടകങ്ങളുടെ ചോദന അതിനുപിന്നിൽ കണ്ടെത്താനാവും. അതുപോലെ, പരിണാമത്തിന്റേതായ ചിഹ്നവ്യതിയാനവും പ്രകടമാകും. സമൂഹത്തിന്റെ പരിണാമത്തിൽ, ആ സമൂഹത്തിലുടലെടുക്കുന്ന ആശയലോകത്തിന്റെയും പ്രതിഷേധ രൂപങ്ങളുടെയും സ്വാധീനം നിർണായകമാണ്. സമൂഹം ഒരു അവസ്ഥയിൽനിന്ന് മറ്റൊരാവസ്ഥയിലേക്ക് പരിണമിക്കുന്നതിനുപിന്നിൽ ചാലകശക്തിയായി വർത്തിക്കുന്നത് നിലനിൽക്കുന്ന ഘടനക്കെതിരെ ഉയർന്നു വരുന്ന പ്രതിഷേധ സംസ്‌കാരമാണ്. ഘടനാമാറ്റത്തെ നവോത്ഥാനമായി വിശദീകരിക്കുമ്പോൾ അതിനു നിദാനമായ ഘടകങ്ങളെയും പ്രക്രിയകളെയും അടയാളപ്പെടുത്തേണ്ടതുണ്ട്.

കേരളത്തിൽ അരങ്ങേറിയ നവോത്ഥാനവ്യവഹാരങ്ങളിൽ പ്രമുഖ അടരായി തിരിച്ചറിയാവുന്നത് ജാതിയുമായി ബന്ധപ്പെട്ട വ്യവഹാരങ്ങളാണ്. ജാതിവിവേചനം, അയിത്തം, അയിത്തോച്ചാടനം, ജാതിസ്വത്വം, ജാതിവർജനം എന്നിങ്ങനെയുള്ള പ്രമേയങ്ങളാണ് ഇതുമായി ബന്ധപ്പെട്ട വ്യവഹാര വിഷയങ്ങൾ. കേരള സമൂഹത്തിന്റെ ഘടനാപരിണാമത്തിൽ ജാതി എന്ന സാമൂഹിക പ്രമേയം ഇടപെട്ടതെങ്ങനെയാണെന്നു ആലോചിക്കാവുന്നതാണ്.

ജാതിബോധം പരമ്പരാഗതമായി തന്നെയാണ് ഇന്നും നിലനിൽക്കുന്നതെന്നും കൃത്യമായ ഉച്ച- നീച വിവേചനം ബോധത്തിൽ നിന്ന്​ മാഞ്ഞുപോയിട്ടില്ലെന്നും രഹസ്യമായെങ്കിലും സമ്മതിക്കേണ്ടിയും വരും.

തുടക്കത്തിൽ, ചാതുർവർണ്യ സംസ്‌കൃതിയും അതിലുൾപ്പെടാത്തവരും തമ്മിലുള്ള പ്രകടമായ സാമൂഹ്യ വിവേചനമായിട്ടും ഇരുകൂട്ടരിലുമുള്ള ആഭ്യന്തര വിവേചനമായിട്ടുമാണ് ജാതിബോധം നിലനിന്നത്. ചാതുർവർണ്യർക്കിടയിൽ തൊഴിൽവിഭജനം വർണവിഭജനമായി അംഗീകരിക്കപ്പെട്ടിരുന്നു. ബ്രാഹ്മണരുടെ അതിജീവനയുക്തിയാണ് തന്ത്രപരമായ വരേണ്യവിഭജനത്തിനുപിന്നിൽ പ്രവർത്തിച്ചത്. വരേണ്യരുടെ ജീവിതസുരക്ഷക്ക് ഭൂരിപക്ഷത്തെ ഉപയോഗപ്പെടുത്താൻ സഹായിക്കുന്ന ജ്ഞാനപദ്ധതിയും അധീശത്വമാതൃകയും ജാതികേന്ദ്രിതമായി നിർണയിച്ചെടുക്കാനാവർക്കു കഴിഞ്ഞിരുന്നു. ഭാഷാ മേധാവിത്വം, ജ്ഞാനമേധാവിത്വം തുടങ്ങി സാംസ്‌കാരിക മേൽക്കോയ്മ നിലനിർത്തുന്ന ഉടമാധികാരം കൈമുതലായിരുന്നുവെന്നല്ലാതെ കായികശേഷിയോ ഭൂഉടമസ്ഥതയോ ഒന്നും തുടക്കത്തിലുണ്ടായിരുന്നില്ല. എങ്കിലും പൗരോഹിത്യ പൈതൃകം സ്ഥാനമാനങ്ങളും അതിജീവനവും ഉറപ്പുവരുത്തുന്ന സാംസ്‌കാരിക മൂലധനമായിരുന്നു. സവർണഘടനയിൽ ജന്മം കൊണ്ട്​ സ്ഥാനം ലഭിക്കാത്തവർ അവർണരായ അയിത്തജാതിക്കാരായി പുറത്തുനിൽക്കേണ്ടിവന്നു.
അവർണരെ കായികശേഷിമാത്രമാക്കി നിലനിറുത്താനും അവർ ഐക്യപ്പെടാതിരിക്കാനും ഘടനാവിരുദ്ധരാകാതിരിക്കാനും വേണ്ട മുൻകരുതലുകൾ തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ തുടങ്ങിയുള്ള നടപടിക്രമങ്ങളിലൂടെയും ശൂദ്രരുടെ മർദ്ദനഭീതിയിലൂടെയും നിലനിർത്തിവന്നു. വിധിയും കർമഫലവും അനുസരിക്കാനും അതനുസരിച്ച്​ അധമബോധത്തോടെ ജീവിക്കാനും അവർണരെ സാമൂഹികമായി പരിശീലിപ്പിച്ചിരുന്നു. നിലവിലെ ഘടനയെ നിലനിറുത്തുക എന്നതല്ലാതെ മാറ്റം വരുത്തുക എന്ന ആശയത്തിന്​ഇടമില്ലായിരുന്നു. ഫ്യൂഡൽ നാടുവാഴിത്തകാലത്തെ ശിക്ഷാവിധികളും സാമൂഹിക ആചാരങ്ങളും ഇത് ശരിവെയ്ക്കുന്നു. ഇതിന്​ വിള്ളലേറ്റത്​, മിഷണറി സാന്നിധ്യത്തോടെയാണ്. ആധുനിക വിദ്യാഭ്യാസം തുടങ്ങി കൊളോണിയൽ ആധുനികത എന്നറിയപ്പെടുന്ന സാംസ്‌കാരികാധിനിവേശം മൂലമാണ്. പ്രത്യക്ഷമായും പരോക്ഷമായും വ്യവസ്ഥാപരിവർത്തനത്തിന്​പശ്ചാത്തലമൊരുക്കിയത് മിഷണറി - കൊളോണിയൽ അധിനിവേശമാണെന്നതിൽ സംശയമില്ല.

ജാതി നിലനിർത്തപ്പെടേണ്ട ഒന്നല്ലെന്നും എതിർക്കപ്പെടേണ്ട ഒന്നാണെന്നും ആദ്യം തിരിച്ചറിഞ്ഞത് വൈകുണ്ഠസ്വാമികളാണ്. / Photo : Wikimedia Commons

വിവേചനോപാധിയായി നിലനിന്ന ജാതിയെ അത് നിലനിറുത്തേണ്ട ഒന്നല്ലെന്നും എതിർക്കപ്പെടേണ്ട ഒന്നാണെന്നും ആദ്യം തിരിച്ചറിഞ്ഞത് വൈകുണ്ഠസ്വാമികളാണ്. വൈകുണ്ഠസ്വാമികളിൽ ആരംഭിച്ച അയിത്തോച്ചാടന പരിപാടിക്ക്​ അതേരൂപത്തിലുള്ള തുടർച്ചയുണ്ടായില്ലെങ്കിൽപോലും പ്രാദേശിക ചെറുത്തുനില്പുണ്ടായിട്ടുള്ളത് എടുത്തുപറയാനാവും.

ആറാട്ടുപുഴ വേലായുധപണിക്കർ ജാതിയെ വിവേചനത്തിന്റെയും അനീതിയുടെയും പ്രതീകമായി കണ്ട്​ അയിത്തോച്ചാടനത്തിനും സമത്വത്തിനും വേണ്ടി നയിച്ച സമരങ്ങൾ പ്രാദേശികമായ സ്വാതന്ത്ര്യസമരങ്ങളാണ്. സർക്കാർ പിൻബലത്തോടെ സവർണഹിന്ദുക്കൾ നടപ്പിലാക്കിയ അവർണവിരുദ്ധതക്കെതിരെ കരബലം ഉപയോഗിച്ചുതന്നെ അവകാശങ്ങൾ സ്ഥാപിക്കാൻ വേലായുധപണിക്കരും സംഘവും ശ്രമിച്ചു. അനീതിക്കെതിരെ കായികപോരാട്ടം നടത്തി അവകാശസ്ഥാപനം ഉറപ്പിക്കാനാണ് പണിക്കർ ശ്രമിച്ചത്. അവർണരുടെ ആരാധനാസ്വാതന്ത്ര്യത്തിന്​ ആദ്യത്തെ ക്ഷേത്രനിർമാണവും ശിവപ്രതിഷ്ഠയും 1852 ൽ പണിക്കരുടെ നേതൃത്വത്തിൽ നടന്നു. 1860 ൽ അവർണരുടെ ആദ്യത്തെ കഥകളിയോഗം സ്ഥാപിച്ചു. 1867 ൽ സഞ്ചാരസ്വാതന്ത്ര്യസമരം നടത്തി. മൂക്കുത്തി സമരം, അച്ചിപ്പുടവ ധരിക്കൽ അവകാശമാക്കാൻ നടത്തിയ ആദ്യത്തെ കർഷകത്തൊഴിലാളിസമരം, മേൽമുണ്ട് സമരം, കുടിയൊഴിപ്പിക്കലിനെതിരെയും അധികാരികളുടെ ദുർഭരണത്തിനെതിരെയുമുള്ള പ്രതിഷേധങ്ങൾ, നിക്ഷ്പക്ഷമായി നീതിനടപ്പാക്കൽ എന്നിങ്ങനെ വിവിധ തരത്തിൽ അനീതിക്കും സവർണമേധാവിത്വത്തിനും എതിരെയുള്ള ഇടപെടലുകൾ പണിക്കർ നടത്തി. ഒറ്റപ്പെട്ടു നടന്നിരുന്ന ഇത്തരം ചെറുത്തുനില്പുകൾ ജാതിയുടെ പേരിൽ നിഷേധിക്കപ്പെട്ടിരുന്ന അവകാശങ്ങൾ സ്ഥാപിച്ചെടുക്കാനുള്ള ശ്രമങ്ങളായിരുന്നെങ്കിലും അവക്ക്​ ജനകീയമായൊരു പ്രതിരോധ രാഷ്ട്രീയഭാഷ നിർമിച്ചെടുക്കാൻ കഴിഞ്ഞില്ല. അധമബോധത്തിലാണ്ടിരുന്നവരിൽ സ്വത്വബോധം രൂപീകരിച്ചുകൊണ്ട് പ്രതിരോധത്തിന്റെ ജനകീയധാരയായി വളർന്നുയരാൻ കഴിഞ്ഞില്ല എന്നുറപ്പിക്കാം. പലതും വൈകാരികവും സംഘർഷഭരിതവും തദ്ദേശീയവും ആയിരുന്നു.

വേലായുധപ്പണിക്കരുടെ സമരമുറയല്ല ശ്രീനാരായണഗുരു പിന്തുടർന്നത്. ഒന്നിനെയും പ്രത്യക്ഷമായി എതിർക്കാതെ, എന്നാൽ സാമൂഹ്യഘടനയെ തന്നെ മാറ്റിമറിച്ച അഹിംസാ സമരമുറകളായിരുന്നു ഗുരുവിന്റേത്.

നാടുവാഴിത്വത്തിനും ജാതിമേധാവിത്വത്തിനുമെതിരെ നടത്തിയ ഒറ്റയാൾ പോരാട്ടമാണ് ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ പ്രതിഷേധജീവിതം പങ്കിടുന്നത്. വേലായുധപ്പണിക്കരുടെ പ്രതിരോധം ഏതെങ്കിലും ഒരു ജാതിയുടെ സ്വത്വവൽക്കരണമോ അവകാശങ്ങളുടെ സ്ഥാപനമോ ലക്ഷ്യം വച്ചുള്ളതായിരുന്നില്ല. അവർണവിഭാഗത്തിനുവേണ്ടി അഥവാ അവകാശങ്ങൾ നിഷേധിക്കപ്പെട്ടവരുടെ രക്ഷകരായിരിക്കുക എന്നല്ലാതെ സ്വസമുദായ സംരക്ഷകരാവുക എന്നതായിരുന്നില്ല പണിക്കരുടെ നയം. കൃത്യമായ സവർണനിഷേധം ഉൾകൊണ്ടിരുന്നുവെന്നു മാത്രം. അതായത് അനീതികാട്ടുന്നവർക്കെതിരെയുള്ള പ്രത്യക്ഷ പ്രതിഷേധമായിരുന്നു ലക്ഷ്യംവെച്ചത്.

ആറാട്ടുപുഴ വേലായുധപണിക്കർ

വേലായുധപ്പണിക്കരുടെ സമരമുറയല്ല ശ്രീനാരായണഗുരു പിന്തുടർന്നത്. ഒന്നിനെയും പ്രത്യക്ഷമായി എതിർക്കാതെ, എന്നാൽ സാമൂഹ്യഘടനയെ തന്നെ മാറ്റിമറിച്ച അഹിംസാ സമരമുറകളായിരുന്നു ഗുരുവിന്റേത്. പ്രതിരോധത്തിന്റെ അദ്വൈതഭാഷ അഹിംസാരീതിയിലൂടെ പ്രാവർത്തികമാക്കാനായിരുന്നു ഗുരു ശ്രമിച്ചത്. അരുവിപ്പുറം പ്രതിഷ്ഠയിലൂടെയാണിത് ആരംഭിച്ചത്. ഗുരുവിന്റെ ശ്രമങ്ങൾ ഈഴവ സംഘാടനമായിരുന്നില്ല. വ്യവസ്ഥാപരമായി അരികുവൽക്കരിക്കപ്പെട്ട, അവകാശങ്ങൾ തിരിച്ചറിയാൻ കഴിയാത്ത, അധമബോധത്തിന്നടിമപ്പെട്ടു ജീവിക്കുന്ന ജനവിഭാഗങ്ങളെ ജാതിബോധം വെടിഞ്ഞ്​ ധർമബോധമുള്ള മനുഷ്യകർത്തൃത്വങ്ങളാക്കി ഉയർത്തുക എന്നതായിരുന്നു ഗുരുവിന്റെ ഉദ്ദേശ്യം. വിവേചന ഉപാധിയാക്കിയിരിക്കുന്ന ജാതി എന്ന സങ്കല്പത്തെയും ബോധത്തെയും ഇല്ലായ്മ ചെയ്ത് വിവേചിതരായി ജീവിക്കേണ്ടിവരുന്ന സാമൂഹിക മൂലധനക്കുറവ് നികത്തുക എന്നതായിരുന്നു കർമപദ്ധതി. ജാതിയില്ലായെന്ന ബോധം ആർജിക്കണമെങ്കിൽ ശുദ്ധിയും ധനവും കൈവരണം. അതിലേക്കായി വിദ്യാഭ്യാസം, കൃഷി, വ്യവസായം എന്നിവ പ്രോത്സാഹിപ്പിക്കാനും ധർമബോധത്തോടെ ജീവിക്കാനും അനുശീലിപ്പിക്കണം. ദുരാചാരങ്ങൾ വെടിഞ്ഞ്​ ആധുനിക മനുഷ്യരാകുന്നതോടെ വിവേചനം മാഞ്ഞുപോകും, സമത്വം കൈവരും എന്നിങ്ങനെയുള്ള ഭാവനക്കനുസൃതമായ കർമപദ്ധതികളാണ് പ്രയോഗത്തിൽ വരുത്താൻ ശ്രമിച്ചത്.

ജാതിരഹിത മനുഷ്യസമൂഹം സൃഷ്ടിക്കാനുള്ള ഗുരുവിന്റെ ശ്രമങ്ങളെല്ലാം പരാജയമായി. പതിതരായി ജീവിതം നയിക്കാൻ വിധിക്കപ്പെട്ട തങ്ങളെ വിമോചിപ്പിച്ച ഗുരു ജാതിദൈവമായി. ചുരുക്കത്തിൽ, ജാതി ഉച്ചാടനത്തിനിറങ്ങിത്തിരിച്ച ഗുരുവിനെ ജാതിഗുരുവാക്കി

ശാസ്ത്രീയവും യുക്തിനിഷ്ഠവുമായ മനുഷ്യഭാവന മുന്നോട്ടുവയ്ക്കാനയെങ്കിലും തുടക്കത്തിൽ ഗുരുവിന്​ തന്റെ ആശയങ്ങൾ ഏറ്റെടുക്കാൻ കഴിയുന്ന ഒരു ജനതയെ വാർത്തെടുക്കേണ്ടതുണ്ടായിരുന്നു. അതിലേക്കായിരുന്നു ശ്രമങ്ങളെല്ലാം. ലക്ഷ്യം സാധുകരിക്കാൻ പല ശ്രമങ്ങളും നടത്തി പരാജയമേറ്റുവാങ്ങി. ആരംഭം മുതൽ എസ്. എൻ.ഡി. പി, തന്റെ ആശയങ്ങൾ ഉൾക്കൊണ്ടിട്ടില്ല എന്ന്​ഗുരുവിനറിയാമായിരുന്നു. സംഘടിച്ചു മുന്നേറുന്നതോടെ നേതാക്കളിൽ നിന്ന്​ജാതിബോധം ഇല്ലാതാക്കാമെന്നും ക്രമേണ സമുദായത്തിൽ നിന്ന്​ ജാതി ഒഴിവാക്കി മനുഷ്യസമുദായമാക്കാമെന്നും അവരിലൂടെ എല്ലാവരെയും താനുദ്ദേശിക്കുന്ന ജാതിരഹിത മനുഷ്യജാതിയാക്കാമെന്നും ഗുരു വ്യാമോഹിച്ചു. സംഘടന തന്റെ ആശയങ്ങൾ ഉൾക്കൊള്ളുന്നില്ല, പകരം തന്നെ ഈഴവസമുദായരക്ഷകനായി കാണുന്നുവെന്ന്​ ബോധ്യമായതോടെ ഗുരു, തനിക്ക്​ ജാതിയും മതവുമില്ല എന്ന വിളംബരത്തിലേക്കുനീങ്ങി. ഗുരുവിന്റെ ചിന്ത പൂർണമായും സാമൂഹികസമത്വം ആർജിക്കാനുപകരിക്കുന്ന ജീവിതാദ്വൈതം ആയിരുന്നു. എന്നാൽ പ്രയോഗത്തിലെ പരാജയങ്ങൾ ദർശനവിരുദ്ധമായി സംഭവിച്ചു. ജാതിരഹിത മനുഷ്യസമൂഹം സൃഷ്ടിക്കാനുള്ള ഗുരുവിന്റെ ശ്രമങ്ങളെല്ലാം പരാജയമായി. പതിതരായി ജീവിതം നയിക്കാൻ വിധിക്കപ്പെട്ട തങ്ങളെ വിമോചിപ്പിച്ച ഗുരു ജാതിദൈവമായി.
ചുരുക്കത്തിൽ, ജാതി ഉച്ചാടനത്തിനിറങ്ങിത്തിരിച്ച ഗുരുവിനെ ജാതിഗുരുവാക്കി മാറ്റി എന്നുമാത്രമല്ല, ആധുനിക കേരളത്തിലെ ജാതിചിന്തയുടെ സ്ഥാപകനും സംരക്ഷകനും ഗുരുവാണെന്നു പറയുന്നതരത്തിൽ ഗുരുവിന്​ സഥാനമാനങ്ങളും നൽകി ആചരിക്കുന്നു.

എസ്. എൻ. ഡി. പി രൂപീകരണത്തെ തുടർന്ന്​ സാമുദായികവും രാഷ്ട്രീയവുമായ അവകാശങ്ങൾ സംരക്ഷിക്കുന്നതിന്​ നിരവധി സമുദായ സംഘടനകൾ നിലവിൽവന്നു./ Photo : Wikimedia Commons

ഗുരുവിന്റെ ജാതിചിന്തയും ജാതിവർജ്ജനശ്രമങ്ങളും രണ്ടുതരത്തിൽ കേരള സമൂഹത്തിൽ വേരോടി. ഒന്ന്; ജാതിസ്വത്വവൽക്കരണം, രണ്ട്; ജാതിനിഷേധം. ആദ്യത്തേത് സമൂല രാഷ്ട്രീയപ്രക്രിയയായി അംഗീകരിക്കുന്നു. ജാതിസ്വത്വവൽക്കരണം സമുദായങ്ങളുടെ സാമൂഹികവും രാഷ്ട്രീയവുമായ അവകാശനിർണയമായി സംവരണത്തിലൂടെ നിലനിൽക്കുന്നു. എസ്. എൻ. ഡി. പി രൂപീകരണത്തെ തുടർന്ന്​ സാമുദായികവും രാഷ്ട്രീയവുമായ അവകാശങ്ങൾ സംരക്ഷിക്കുന്നതിന്​ നിരവധി സമുദായ സംഘടനകൾ നിലവിൽവന്നു.

ജാതി വിവേചനം ഉറപ്പിച്ച മലയാളി മെമ്മോറിയൽ

ജാതിസ്വത്വവൽക്കരണത്തിലൂടെ രൂപംകൊണ്ട സമുദായ സംഘടനകൾ രാഷ്ട്രീയ അവകാശങ്ങൾക്കായി പൊരുതുന്നതിനുമുമ്പായി 1891 ൽ തദ്ദേശീയമായി അഭ്യസ്തവിദ്യർ സംഘടിച്ച്​ മലയാളി മെമ്മോറിയൽ സമർപ്പിച്ചു. സർക്കാർ സർവിസിൽ പരദേശി ബ്രാഹ്മണരുടെ നിയമനം അവസാനിപ്പിച്ച്​ തദ്ദേശീയരെ നിയമിക്കണമെന്നതായിരുന്നു മെമ്മോറിയൽ വിഷയം. ജാതിഭേദമില്ലാതെ അഭ്യസ്തവിദ്യർ സഹകരിച്ചെങ്കിലും ഇതിന്റെ ഗുണഭോക്താക്കൾ നായർ വിഭാഗക്കാരായിരുന്നുവെന്നാണ് ചരിത്രം. മലയാളി മെമ്മോറിയൽ വഴിയുണ്ടായ സർക്കാർ സർവിസിൽ ഈഴവർക്കും ക്രിസ്ത്യാനികൾക്കും മുസ്​ലിംകൾക്കും പ്രാതിനിധ്യം കുറവായിരുന്നു. ഇതേ കുറവ് നിയമനിർമാണസഭയിലും പ്രകടമായി. 1888 ൽ നിലവിൽവന്ന ലെജിസ്​ലേറ്റീവ് കൗൺസിലിൽ 1917 വരെ ഈഴവരിൽനിന്നും മുസ്​ലിം വിഭാഗത്തിൽ നിന്നും ആരെയും പ്രതിനിധിയായി ഉൾക്കൊള്ളിച്ചിരുന്നില്ല. ഇതിനുകാരണം, വോട്ടവകാശം അക്കാലത്ത്​ സ്വത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. ഭൂ ഉടമകളായിരുന്നതുകൊണ്ട്​ നായർ വിഭാഗത്തിനു അമിതപ്രാതിനിധ്യം ലഭിച്ചു. തുടക്കത്തിൽ ജാതിഭേദമില്ലാതെയുള്ള ഇടപെടലായിരുന്നു മലയാളി മെമ്മോറിയലെങ്കിലും ഫലത്തിൽ ജാതിവിവേചനം ഉറപ്പിക്കുന്ന ഒന്നായി മാറി.

ഗുരുവിന്റെ ജാതിവർജനം സാധ്യമായില്ലെങ്കിലും, എസ്.എൻ. ഡി. പി ഇതര സമുദായസംഘടനകൾക്കു പ്രചോദനമായി സമുദായങ്ങളുടെ സാമൂഹിക- രാഷ്ട്രീയ അവകാശങ്ങൾക്കായി സമരമുഖത്ത്​ ഐക്യകേരളത്തിനുമുമ്പുതന്നെ നിലയുറപ്പിച്ചിരുന്നു.

ഈഴവ മെമ്മോറിയൽ എന്ന ജാതിയധിഷ്​ഠിത അവകാശപോരാട്ടം

സാമുദായിക സമത്വത്തിനുവേണ്ടിയുള്ള ഇടപെടലായിരുന്നു 1896 ലെ ഈഴവ മെമ്മോറിയൽ. സർക്കാർ സർവീസിൽ ഈഴവർക്ക് നിയമനം നൽകുന്നില്ല എന്ന അനീതിയിലേക്ക്​ ശ്രദ്ധക്ഷണിക്കുകയായിരുന്നു ഇതിലൂടെ ചെയ്തത്. അതോടൊപ്പം, സ്‌കൂൾ പ്രവേശന വിഷയം ഉയർത്തി, കൂടാതെ, ജനസംഖ്യ മുൻനിർത്തിയും അവർ നൽകിവരുന്ന നികുതിയെയും കുറിച്ചും സർക്കാരിനെ ബോധ്യപ്പെടുത്തി സാമൂഹികസമത്വത്തിനായി വാദിച്ചുവെന്നതും ജാതിയധിഷ്ഠിത അവകാശ പോരാട്ടമായിരുന്നുവെന്നതിന്​ തെളിവാണ്. ഈഴവ മെമ്മോറിയലിലൂടെ ഈഴവർ അനുഭവിക്കുന്ന സാമൂഹികമായ സാമുദായിക നീതിനിഷേധത്തെയും ഈഴവരുടെ ഐക്യദാർഢ്യത്തെയും ഭരണകൂടസാന്നിധ്യത്തിൽ അവതരിപ്പിക്കാനായി എന്നല്ലാതെ അനുകൂല നടപടികളുണ്ടായില്ല.

പൗരസമത്വവാദ പ്രക്ഷോഭം

1919ൽ അഭ്യസ്തവിദ്യരായ ഈഴവ, ക്രൈസ്തവ, മുസ്​ലിം യുവജനത സർക്കാർ സർവിസിൽ നീതിപൂർവമായ പ്രതിനിധ്യത്തിന്​ സിവിൽ റൈറ്റ്​സ്​ ലീഗ് രൂപീകരിച്ച്​പൗരസമത്വവാദ പ്രക്ഷോഭം ആരംഭിച്ചു, സത്യാഗ്രഹ സമരം ചെയ്തു. എല്ലാവർക്കും സാമൂഹികവും രാഷ്ട്രീയവുമായ തുല്യാവകാശം എന്നതായിരുന്നു മുദ്രാവാക്യം.

മലയാളി മെമ്മോറിയലിൻറെ കൊല്ലം ജില്ലയിലെ കേന്ദ്ര ബിന്ദുവായ മലയാളി സഭ ഹാൾ. പിന്നീട് എൻ.എസ്.എസ് മലയാളി സഭ സ്ക്കൂളായി പ്രവർത്തിച്ചു വരുന്നു. / Photo : Wikimedia commons

നിവർത്തന പ്രക്ഷോഭം

1932 മുതൽ 1938 വരെ രാഷ്ട്രീയ കോൺഗ്രസിന്റെ ബാനറിൽ നൂറ്റാണ്ടുകളായി സാമൂഹികനീതി നിഷേധിക്കപ്പെട്ട ജനവിഭാഗങ്ങൾ ഭരണ- സാമൂഹിക രംഗത്തെ പരിഷ്‌കരണത്തിന് നടത്തിയ പ്രക്ഷോഭമാണ് നിവർത്തന പ്രക്ഷോഭം. മഹാരാജാവ് 1932 ൽ വിളംബരം ചെയ്ത ഭരണപരിഷ്‌കാരത്തിനോടുള്ള പ്രതിഷേധമായി തിരഞ്ഞെടുപ്പിൽ ഇക്കൂട്ടർ പങ്കെടുക്കാതെ സ്വമേധയാ മാറിനിന്നതാണ് നിവർത്തനം. പരിഷ്‌കരിച്ച നിയമനിർമ്മാണസഭയിലും ഉദ്യോഗനിയമങ്ങളിലും ജനസംഖ്യാടിസ്ഥാനത്തിലുള്ള പ്രാതിനിധ്യം ലഭിച്ചില്ല, നായർ സമുദായത്തിന് അമിതപ്രതിനിധ്യം ലഭിച്ചു തുടങ്ങിയവയായിരുന്നു വിട്ടുനിൽക്കാൻ കാരണം. വാർഷിക ഭൂനികുതി വോട്ടവകാശത്തിനുള്ള യോഗ്യതയായിരുന്നു. അതുകൊണ്ടാണ് നായർവിഭാഗത്തിന്​ അമിതപ്രാധാന്യം വന്നത്. കരം തീരുവ സമ്പ്രദായം നിരോധിക്കണമെന്നും ജനസംഖ്യാടിസ്ഥാനത്തിൽ സീറ്റ്​ സംവരണം ചെയ്യുകയോ പ്രായപൂർത്തി വോട്ടവകാശം നടപ്പിലാക്കുകയോ വേണമെന്നും സമരക്കാർ ആവശ്യപ്പെട്ടു. ഈ പ്രക്ഷോഭം സർക്കാർ സർവീസിൽ സംവരണം, നിയമസഭാ പ്രതിനിധ്യത്തിന് സീറ്റ് സംവരണം എന്നിവ ഉറപ്പുവരുത്തി. ആനുപാതിക പ്രാതിനിധ്യാപ്രക്ഷോഭം വിജയിച്ചു. ഈ സമരങ്ങളിൽ ശക്തമായ പങ്കാളിത്തം ഈഴവ സംഘടനക്കുണ്ടായിരുന്നു. അതായത്, സവർണരല്ലാത്ത വിഭാഗങ്ങൾക്ക് സാമൂഹിക- രാഷ്ട്രീയ സമത്വം ആർജിച്ചെടുക്കാനുള്ള സംരംഭങ്ങളിൽ ജാതിസംഘടനക്ക്​ പങ്കുണ്ടായിരുന്നു. ഗുരുവിന്റെ ജാതിവർജനം സാധ്യമായില്ലെങ്കിലും, എസ്.എൻ. ഡി. പി ഇതര സമുദായസംഘടനകൾക്കു പ്രചോദനമായി സമുദായങ്ങളുടെ സാമൂഹിക- രാഷ്ട്രീയ അവകാശങ്ങൾക്കായി സമരമുഖത്ത്​ ഐക്യകേരളത്തിനുമുമ്പുതന്നെ നിലയുറപ്പിച്ചിരുന്നു. അതായത് ജാതി, അവകാശപോരാട്ടങ്ങളുടെ വിഷയമായി രൂപം കൊണ്ടു. കേരള രൂപീകരണത്തിനുശേഷം സമുദായസംഘടനകൾ ഒറ്റക്കും സംയുക്തമായും നടത്തിയ, നടത്തിവരുന്ന അവകാശസമരങ്ങളുടെ സജീവത ഓർക്കാവുന്നതാണ്.

ആധുനികവിദ്യാഭ്യാസം ലഭിച്ച ഡോ. പല്പുവിനും കുമാരനാശാനും ഗ്രഹിക്കാവുന്ന ആധുനിക പൗരബോധമോ ജനസംഖ്യാനുപാതിക പ്രാതിനിധ്യമോ സാമുദായികവും രാഷ്ട്രീയവുമായ സമത്വമോ മനസിലാക്കുക എന്നത്​ ഗുരുവിന്​അപ്രാപ്യമായിരുന്നു.

ഗുരുവും എസ്. എൻ. ഡി. പിയും പൗരാവകാശങ്ങളും

ഇവിടെ സവിശേഷമായി വിലയിരുത്തേണ്ട ഒരു സംഘർഷചിത്രമുണ്ട്. ഗുരുവും എസ്. എൻ.ഡി. പിയും പൗരാവകാശങ്ങളും എന്ന ഘടകത്രയ ബന്ധമാണ് സംഘർഷത്തിനാധാരം. സംഘടനയിലൂടെ ശക്തരാകാൻ നിർദ്ദേശിച്ച ഗുരുവിന് ഈഴവർ സംഘടിതരായി പൗരാവകാശങ്ങൾ ചോദിച്ചുവാങ്ങണമെന്ന സമരബോധമില്ലായിരുന്നു. ഗുരുവിന്​ ദേശരാഷ്ട്രസങ്കല്പമോ പൗരാവകാശ സങ്കല്പമോ ഒന്നും തന്നെ രാഷ്ട്രീയമായി മനസിലാക്കാനാകുമായിരുന്നില്ല. ആധുനികവിദ്യാഭ്യാസം ലഭിച്ച ഡോ. പല്പുവിനും കുമാരനാശാനും ഗ്രഹിക്കാവുന്ന ആധുനിക പൗരബോധമോ ജനസംഖ്യാനുപാതിക പ്രാതിനിധ്യമോ സാമുദായികവും രാഷ്ട്രീയവുമായ സമത്വമോ ഒന്നും മനസിലാക്കുക ഗുരുവിനു അപ്രാപ്യമായിരുന്നു. ഗുരുവും മറ്റുള്ളവരും പ്രവർത്തിച്ച പശ്ചാത്തലം ബ്രിട്ടീഷ് പൗരനൈതികതയുടേതാണ്.

ഡോ. പൽപ്പു, കുമാരനാശാൻ

പ്രജകൾ ആരായിരുന്നാലും നിയമത്തിനുമുന്നിൽ അവർ തുല്യരാണ് എന്നതിന്റെ പൊരുൾ ഗുരുവും ഡോ. പൽപ്പു, കുമാരനാശാൻ എന്നിവരും വ്യത്യസ്തമായാണ് ഉൾക്കൊണ്ടത്. ഗുരുവിന് ആത്യന്തികമായി ഏകമനുഷ്യ സങ്കല്പമാണുണ്ടായിരുന്നത്. പൂർണമായും അഭേദചിന്തയായിരുന്നു. താൻ സാമൂഹികമല്ലാതെ ജീവശാസ്ത്രപരമായി വിഭാവനം ചെയ്ത മനുഷ്യജാതി ഏകമാണെന്ന ദാർശനികനിലയുറപ്പിച്ചു. അക്കാലത്തെ പാശ്ചാത്യയുക്തിക്കും അപ്പുറമുള്ള ഭാവനയായിരുന്നു അതെന്നതിൽ സംശയമില്ല. എന്നാൽ ഭരണകൂടം, പ്രജ, ഉപജാപക സംഘങ്ങൾ, ഭരണപ്രത്യയശാസ്ത്രം, സാമൂഹിക അസമത്വം തുടങ്ങിയുള്ള ഓരോന്നിനെയും രാഷ്ട്രീയമായി മനസിലാക്കുകയും സമുദായത്തിന്റെ അവസ്ഥാപരിണാമം രാഷ്ട്രീയമായി ഉറപ്പുവരുത്തുകയും ചെയ്യേണ്ടതുണ്ട് എന്ന ധാരണയാണ് പല്പുവിനെയും കുമാരനാശാനെയും സ്വാധീനിച്ചത്. ഇവയൊന്നിനെക്കുറിച്ചും അവയുടെ ഘടനാപരമായ സങ്കീർണതയെ കുറിച്ചും രാഷ്ട്രീയമായ ധാരണ അദ്വൈതിയായ ഗുരുവിനുണ്ടായിരുന്നില്ല. സമൂഹം സവർണ- അവർണ ഭേദമാണെന്നും ഈ ഭേദത്തെ അഭേദമാക്കുന്നതോടെ മനുഷ്യസമത്വം താനേ വന്നുകൊള്ളുമെന്ന ദാർശനിക ഭാവനയാണ് ഗുരുവിനെ ഭരിച്ചത്. മനുഷ്യന്റെ വ്യക്തി- സമൂഹ പാരസ്പര്യം ഉൾക്കൊണ്ടുകൊണ്ടുതന്നെ, അന്യന്റെ പ്രിയം തന്നെയാകണം എന്റെയും പ്രിയം, തിരിച്ചും അങ്ങനെയാകുമ്പോൾ സാമൂഹിക സമത്വം കൈവരും എന്ന ചിന്തയാണ് ഗുരുവിനുണ്ടായിരുന്നത്. എന്നാൽ പശ്ചാത്തല ചിത്രമതല്ല എന്നും നിഷേധിച്ചിരുന്ന അവകാശങ്ങൾ ജനസംഖ്യാനുപാതികമായി സ്ഥാപിച്ചെടുത്ത്​ സാമൂഹികമായും രാഷ്ട്രീയമായും പൗരസമത്വം ആർജിക്കുക എന്നതാണ് അതിജീവനരാഷ്ട്രീയം എന്നും തിരിച്ചറിഞ്ഞ സംഘടനാനേതാക്കളാണ് എസ്. എൻ.ഡി. പിക്കുണ്ടായിരുന്നത്. അതിനവരെ പ്രാപ്തരാക്കിയത് കൊളോണിയൽ ആധുനികത തന്നെയാണ്.

ഗുരുവഴി പോകാതെ കൊളോണിയൽ ആധുനികത സൃഷ്ടിച്ച പുത്തൻ സാഹചര്യം പ്രയോജനപ്പെടുത്തി പൗരാവകാശങ്ങൾ നേടാനുള്ള സമരപാത എസ്. എൻ. ഡി. പി തിരഞ്ഞെടുത്തതു നന്നായി. മറിച്ചായിരുന്നെങ്കിൽ കേരളസമൂഹം ഭാഗികമായെങ്കിലും ഇന്നനുഭവിക്കുന്ന സാമൂഹികവും രാഷ്ട്രീയവുമായ സാമുദായിക പ്രാതിനിധ്യം ഉണ്ടാകുമായിരുന്നില്ല.

സമുദായവൽക്കരണം ശക്തമായ അവകാശസംരക്ഷണ വേദിയൊരുക്കുമെന്ന സാധ്യതയാണ് എസ്. എൻ. ഡി. പി ഇതര സമുദായങ്ങൾക്ക് സംഘടിക്കാൻ പ്രചോദനമായത്. സമുദായവൽക്കരണം കേരള രാഷ്ട്രീയസ്വത്വനിർമിതികളായി മാറിയതും ജനസംഖ്യാടിസ്ഥാനത്തിലുള്ള സാമൂഹികവും രാഷ്ട്രീയവുമായ സമത്വഭാവനക്ക്​ ആധാരമായി തീർന്നതും വിസ്മരിക്കാവുന്നതല്ല. പൂർണമായും സമുദായവൽക്കരണത്തെ പിന്തുണച്ചത് കൊളോണിയൽ ആധുനികത മുന്നോട്ടുവച്ച ആനുപാതിക പ്രാതിനിധ്യസാധ്യതയാണ്. അത് പ്രയോജനപ്പെടുത്താതെ എസ്.എൻ. ഡി. പി ഗുരുവിന്റെ വഴിക്കു പോയിരുന്നെങ്കിൽ എന്തു സംഭവിക്കുമായിരുന്നുവെന്നും ആലോചിക്കാവുന്നതാണ്. ചാതുർവർണ്യ വ്യവസ്ഥിതിയിൽ നേട്ടങ്ങൾ മാത്രം കയ്യാളിയിരുന്നവരുടെ താല്പര്യങ്ങൾ ഭരണതലത്തിലും തുടരുമെന്നല്ലാതെ, രാഷ്ട്രീയമോ സാമൂഹികമോ ആയ സമത്വം അവർണർക്ക് ആർജിക്കാനാവുമായിരുന്നില്ല. അവർണവിഭാഗം മനുഷ്യരായി പരിവർത്തനപ്പെട്ട്​ജാതിഭേദമില്ലാതെ സാഹോദര്യത്തോടെ സഹവസിക്കുമായിരിക്കും. അപ്പോഴും അവർ സവർണചൂഷണത്തിന്റെ ഇരകളായിരിക്കും. രാഷ്ട്രീയഅസമത്വം പുതിയ രീതിയിൽ അനുഭവിക്കുന്നവരുമായിരിക്കും. സവർണ ഹിന്ദുക്കൾ തുല്യത അനുവദിക്കില്ലായിരുന്നു. സവർണർ ശ്രീനാരായണ ദർശനം ഏറ്റെടുത്ത്​ ഏകമാനവലോകത്തിന്റെയും സാഹോദര്യത്തിന്റെയും വക്താക്കളാകില്ലായിരുന്നു. ബ്രിട്ടീഷ് ഭരണമുറക്കനുസരിച്ചുള്ള അവർണവിരുദ്ധപദ്ധതികളുമായി മുന്നേറുമായിരുന്നു. ഗുരുവഴി പോകാതെ കൊളോണിയൽ ആധുനികത സൃഷ്ടിച്ച പുത്തൻ സാഹചര്യം പ്രയോജനപ്പെടുത്തി പൗരാവകാശങ്ങൾ നേടാനുള്ള സമരപാത എസ്. എൻ. ഡി. പി തിരഞ്ഞെടുത്തതു നന്നായി. മറിച്ചായിരുന്നെങ്കിൽ കേരളസമൂഹം ഭാഗികമായെങ്കിലും ഇന്നനുഭവിക്കുന്ന സാമൂഹികവും രാഷ്ട്രീയവുമായ സാമുദായിക പ്രാതിനിധ്യം ഉണ്ടാകുമായിരുന്നില്ല. സവർണ ന്യുനപക്ഷം എല്ലാ അവസരങ്ങളും കയ്യാളുമായിരുന്നു. അവകാശങ്ങൾക്കുവേണ്ടി സമരം ചെയ്യാവുന്ന വ്യത്യസ്തമായ സാമൂഹിക പരിസരം സൃഷ്ടിക്കപ്പെട്ടത് സമുദായവൽക്കരണത്തിലൂടെയാണ്. ഒഴിവാക്കപ്പെട്ടവർ ആദിവാസികളാണ്. അവർ ഗോത്രജീവിതം തുടർന്നു. ജാതിവിഭാഗങ്ങളായി കൃത്യമായ നരവംശീയകാരണങ്ങളാൽ പരിവർത്തനപ്പെട്ടില്ല.

അവകാശങ്ങൾക്കുവേണ്ടി സമരം ചെയ്യാവുന്ന വ്യത്യസ്തമായ സാമൂഹിക പരിസരം സൃഷ്ടിക്കപ്പെട്ടത് സമുദായവൽക്കരണത്തിലൂടെയാണ്. ഒഴിവാക്കപ്പെട്ടവർ ആദിവാസികളാണ്. / Photo : Shafeeq Thamarassery

ചുരുക്കത്തിൽ, ഗുരുവും എസ്. എൻ. ഡി.പിയും തമ്മിലുള്ള അഭിപ്രായ ഭിന്നതയെ പൗരസമത്വത്തിന്റെ രാഷ്ട്രീയവുമായി കണ്ണിചേർത്തുവേണം മനസിലാക്കാൻ.
ജാതിസ്വത്വങ്ങൾ പലനിലയിൽ രാഷ്ട്രീയപങ്കാളിത്തം ഉറപ്പുവരുത്തിക്കൊണ്ട്​ഭാഗികമായെങ്കിലും കേരള സമൂഹത്തിന്റെ ഭാഗമായിട്ടുണ്ട്. ഇതിനർത്ഥം അവർക്കെല്ലാം അർഹിക്കുന്ന പ്രാതിനിധ്യം ലഭിച്ചുവെന്നോ ലഭ്യമാക്കിയെന്നോ അല്ല. ആനുകുല്യലഭ്യതയെ ആപേക്ഷികമായി കണ്ടാൽ മതിയാകും. ഈ സാഹചര്യത്തിൽ ഗുരുവിന്റെ സ്ഥാനം എവിടെയാണ് എന്നും ആലോചിക്കേണ്ടതുണ്ട്. മാനവദർശനം അവതരിപ്പിച്ചുവെന്ന നിലയിൽ ഗുരുഭാവന സാർവ്വലൗകികമാണ്. എന്നാൽ അത് പ്രായോഗികമാക്കാനുള്ള പരിസ്ഥിതി ലഭ്യമാണോ? എന്നാലോചിച്ചാൽ കേരള സന്ദർഭത്തിൽ എന്നു ചുരുക്കിക്കാണാനാവില്ല, കാരണം എവിടെയാണെങ്കിലും ജനാധിപത്യം നിലനിൽക്കുന്നത് ജനസംഖ്യാ പ്രാതിനിധ്യ രാഷ്ട്രീയഭൂമികയിലാണ്. അത് ദേശരാഷ്ട്രസങ്കൽപനവുമായി ബന്ധപ്പെട്ടുനിൽക്കുന്നു. അതിന് അനുയോജ്യമായ രീതിയിലാണ് സമുദായങ്ങൾ; അവ ജാതി, ഭാഷാ, മത സമുദായങ്ങൾ, ഏതാണെങ്കിലും പ്രാതിനിധ്യത്തിനായി സമരം ചെയ്യുന്നത്. ദേശരാഷ്ട്ര രാഷ്ട്രീയത്തിന് ഗുരുവിന്റെ ഭാവന നിലവിൽ യോജിക്കുന്ന ഒന്നല്ല. എന്നാൽ എല്ലാ വിഭാഗങ്ങളും സാമൂഹികവും രാഷ്ട്രീയവുമായ പൗരസമത്വം നേടിയതിനുശേഷം മുന്നോട്ടുപോകാൻ ഗുരുവല്ലാതെ മറ്റു വഴിയുമില്ല. ‘ജാതി ചോദിക്കരുത് പറയരുത്’ എന്നുപദേശിച്ച ഗുരുവിനെതിരായി ‘ജാതി ചോദിക്കണം ജാതി പറയണം’ എന്ന വ്യവസ്ഥയാണ് നിലവിൽ വന്നത്. അവകാശം ലഭിക്കണമെങ്കിൽ ജാതി പറയണം. കേരളത്തിലെ ഭരണസംവിധാനം തന്നെ ഇതുറപ്പുവരുത്തുന്നു. അതായത് വിവേചന ഉപാധിയായിരുന്ന ജാതി അവകാശസ്വത്വമായി പരിണമിച്ചു. ഒരു ദിവസം കൊണ്ടല്ല ഇത് സംഭവിച്ചത്. പ്രക്ഷോഭസമരങ്ങളിലൂടെ ആർജിച്ചെടുത്ത അവകാശമാണിത്.

ഈഴവർ ക്രിസ്തുമതം സ്വീകരിച്ചു മുന്നോട്ടുപോയാൽ തിരുവിതാംകൂർ ക്രിസ്ത്യാനികളുടെ രാജ്യമാകുമെന്ന് ​ജനസംഖ്യാകണക്കുനിരത്തി ദിവാൻ സർ സി. പി. രാമസ്വാമി അയ്യർ രാജാവിനെ ബോധ്യപ്പെടുത്തി. അതോടെ, ആപത്ത്​ മനസിലാക്കിയ തിരുവിതാംകൂർ ഭരണകൂടം ക്ഷേത്രപ്രവേശന വിളംബരത്തിലേക്കു നീങ്ങി.

പൗരാവകാശങ്ങൾക്കായി നിവർത്തന പ്രക്ഷോഭം ശക്തിപ്രാപിക്കുന്ന കാലത്തുതന്നെ, ഈഴവർക്കിടയിൽ ഹിന്ദുമതത്തിൽ നിന്ന്​ വിമോചിതരാകാനുള്ള താല്പര്യമായി മതപരിവർത്തനം എന്ന ആശയം ശക്തിപ്രാപിച്ചു. ഓരോ നേതാക്കളും അവരവർക്കിഷ്ടപെട്ട ബുദ്ധ, ക്രൈസ്​തവ, ഇസ്​ലാം മതങ്ങൾ തിരഞ്ഞെടുത്ത് ഈഴവരുടെ മതപരിവർത്തനം സാധ്യമാക്കണമെന്നു വാദിച്ചു. മതപരിവർത്തനത്തെകുറിച്ചുള്ള അഭിപ്രായങ്ങൾ ശക്തി പ്രാപിച്ചപ്പോൾ ഗുരുവിന്റെ അഭിപ്രായം ഇക്കാര്യത്തിൽ എന്താണെന്നറിയാൻ സഹോദരൻ അയ്യപ്പൻ ഗുരുവുമായി സംഭാഷണം നടത്തി. ഗുരു ഇങ്ങനെയാണ്​ പറഞ്ഞത്​: ‘മനുഷ്യൻ നന്നായാൽ പോരായോ? മതംമാറ്റം അതല്ലേ?. മനുഷ്യന്റെ മതം, വേഷം, ഭാഷ എന്നിവ എങ്ങനെയിരുന്നാലും അവർ തമ്മിൽ ഒരു സമുദായമായി കഴിയണം, മതം എന്നുവെച്ചാൽ അഭിപ്രായം, അത് ഏതായാലും മനുഷ്യൻ ഒരുമിച്ചു കഴിയാം. ജാതിഭേദം വരുത്തരുത്, അതാണ് വേണ്ടത്. അതു സാധിക്കും, നിശ്ചയമായും സാധിക്കും. മതം മാറണമെന്നു തോന്നിയാൽ ഉടനെ മാറണം. മനുഷ്യന് മതസ്വാതന്ത്ര്യം വേണ്ടതാണ്.’

‘മതമേതായാലും മനുഷ്യൻ നന്നായാൽ മതി’ എന്ന നിലപാടായിരുന്നു ഗുരുവിനുണ്ടായിരുന്നത്. മനുഷ്യൻ നന്നാവുക എന്നുപറഞ്ഞാൽ ലൗകികവും ആത്മീയവുമായ ഉയർച്ചയെയാണ് ഗുരു ഉദ്ദേശിച്ചത്. ഇവ രണ്ടും രണ്ടല്ലെന്നും മനുഷ്യരുടെ സുഖപ്രാപ്തിക്ക്​ ഇവ രണ്ടും ഒത്തുചേർന്നുള്ള കർമപദ്ധതിയാണ് വേണ്ടതെന്നും ഗുരു നിർദേശിച്ചിരുന്നു. ഗുരു മതത്തിനോ ജാതിക്കോ അല്ല പ്രാധാന്യം നൽകിയത്, മനുഷ്യനന്മയ്ക്കു മാത്രമാണ്.

ശ്രീനാരായണ ഗുരുവും സഹോദരൻ അയ്യപ്പനും. / Photo : keralaculture.org

ജനസംഖ്യയിൽ ഉയർന്ന ഈഴവരുടെ മതപരിവർത്തന ആശയത്തെ വൻഭീഷണിയായി ജാതിഹിന്ദുക്കൾ നോക്കിക്കണ്ടു. ഇക്കൂട്ടർ ക്രിസ്തുമതം സ്വീകരിച്ചു മുന്നോട്ടുപോയാൽ തിരുവിതാംകൂർ ക്രിസ്ത്യാനികളുടെ രാജ്യമാകുമെന്ന് ജനസംഖ്യാകണക്കു നിരത്തി ദിവാൻ സർ സി. പി. രാമസ്വാമി അയ്യർ രാജാവിനെ ബോധ്യപ്പെടുത്തി. അതോടെ വരാൻപോകുന്ന മതപരിവർത്തന ഭീഷണിയുടെ ആപത്ത്​ മനസിലാക്കിയ തിരുവിതാംകൂർ ഭരണകൂടം അവസാനം ക്ഷേത്രപ്രവേശന വിളംബരത്തിലേക്കു നീങ്ങി. ഹിന്ദുമേധാവിത്വത്തിന്​ തകർച്ച സംഭവിക്കുമെന്നതായിരുന്നു ഭയം. അതൊഴിവാക്കാൻ പൗരാവകാശ സമത്വം നടപ്പിലാക്കുകയല്ലാതെ മറ്റു മാർഗമില്ലാതെവന്നു. ക്ഷേത്രപ്രവേശനവിളംബരം നടത്തി തൽക്കാലം ഈഴവരെ തൃപ്തിപ്പെടുത്തി. ജാതിഹിന്ദുവായില്ലെങ്കിലും ഹിന്ദുവാണെന്ന ലേബൽ ഈഴവർക്ക് ഔദ്യോഗികമായി ലഭിച്ചു. ഈ തീരുമാനം, അതിലേക്കുനയിച്ച സാഹചര്യം വെളിപ്പെടുത്താതെ ചരിത്രത്തിൽ ഘോഷിക്കപ്പെടുന്നു. ക്ഷേത്രപ്രവേശനവിളംബരത്തിനു പിന്നിൽ മറ്റൊരു കാരണവും കാണാം.

യഥാർത്ഥത്തിൽ ക്ഷേത്രപ്രവേശന വാദം ഗുരുവിനുണ്ടായിരുന്നില്ല.
​എസ്.എൻ.ഡി. പി സത്യാഗ്രഹത്തിന്റെ ഭാഗമായതാണ്, അല്ലാതെ അവരുടെ പദ്ധതിയായിരുന്നില്ല.

പ്രാദേശിക പ്രതിഷേധധാര വികസിക്കുന്നതിനൊപ്പം ദേശീയ പ്രതിരോധവഴികളും ഇന്ത്യൻ നാഷണൽ കോൺഗ്രസ്​ പ്രവർത്തനങ്ങളിലൂടെ മലയാളിക്ക് പരിചിതമായി. കേരളത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്​ നേതൃത്വം യാഥാസ്ഥിതികരായ സവർണപക്ഷത്തിനായിരുന്നു. അതുകൊണ്ടുതന്നെ ഈഴവർ സംശയദൃഷ്ടിയോടെയാണ് കോൺഗ്രസ് പ്രതിഷേധങ്ങളെ നോക്കിയത്. കോൺഗ്രസിന്റെയോ സവർണ ഹിന്ദുക്കളുടെയോ സഹായത്തോടെ അവകാശങ്ങൾക്ക്​ ശ്രമിക്കുകയല്ല സ്വന്തം കാലിൽ നിന്നുകൊണ്ട് അവകാശങ്ങൾ നേടിയെടുക്കുകയാണ്​ വേണ്ടതെന്നായിരുന്നു സമുദായത്തിലെ പ്രബലപക്ഷത്തിന്റെ നിലപാട്. കോൺഗ്രസിൽ അടിയുറച്ചുനിന്ന ടി. കെ. മാധവൻ കോൺഗ്രസ് പ്രവർത്തനങ്ങൾ സമുദായത്തിന്റെ അവകാശസമരങ്ങളുമായി ബന്ധിപ്പിക്കാൻ താല്പര്യം കാണിച്ചു. എസ്. എൻ. ഡി. പിയുമായി ആലോചിക്കാതെതന്നെ, ഗാന്ധിയുൾപ്പടെയുള്ള എ.ഐ.സി.സി നേതൃത്വത്തിന്റെ ശ്രദ്ധയിൽ ഈഴവരുടെയും ഇതര താഴ്ന്നജാതിക്കാരുടെയും കേരളത്തിലെ അവസ്ഥ അവതരിപ്പിച്ചു. അയിത്തോച്ചാടനം കോൺഗ്രസിന്റെ ഔദ്യോഗിക പ്രവർത്തനമാക്കി മാറ്റാൻ ടി.കെ. മാധവന് കഴിഞ്ഞു. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും ഇല്ലായ്മ ചെയ്യണമെന്നും ജാതിവിവേചനമില്ലാതെ എല്ലാ ഹിന്ദുക്കളെയും സർക്കാർ ക്ഷേത്രങ്ങളിൽ പ്രവേശിപ്പിക്കണമെന്നുമുള്ള ആവശ്യവുമായി 1919 മുതൽ ടി.കെ. മാധവൻ ഗവണ്മെന്റിനെ സമീപിച്ചിരുന്നു. അനുകൂല നടപടി കിട്ടാതിരുന്ന സാഹചര്യത്തിലാണ് കോൺഗ്രസ് സഹായം തേടിയത്. വൈക്കം ക്ഷേത്രത്തിലേക്കുള്ള റോഡുകളിൽ അവർണർക്ക് സഞ്ചാരസ്വാതന്ത്ര്യത്തിന്​ 1924 മാർച്ച് 30 ന്​ ഗാന്ധിജിയുടെ പിന്തുണയോടെ വൈക്കം സത്യാഗ്രഹം ആരംഭിച്ചു. രണ്ടു ഇടവഴികളൊഴിച്ച്​ ബാക്കിയുള്ളവയിൽ അവർണർക്കും സഞ്ചാരം അനുവദിച്ചു. ഉദ്ദേശ്യലക്ഷ്യം പൂർണമായി നേടിയെടുക്കാൻ കഴിഞ്ഞില്ലെങ്കിലും ക്ഷേത്രപ്രവേശനത്തിനനുകൂലമായ പൊതുജനാഭിപ്രായമുണ്ടാക്കാൻ ഇത് സഹായിച്ചുവെന്നാണ് നിലവിലെ ഭാഷ്യം. സവർണജാഥ നടന്നതുമൊക്കെ അനുകൂലമായി പറയാറുണ്ട്.

യഥാർത്ഥത്തിൽ ക്ഷേത്രപ്രവേശന വാദം ഗുരുവിനുണ്ടായിരുന്നില്ല. എസ്.എൻ.ഡി. പി സത്യാഗ്രഹത്തിന്റെ ഭാഗമായതാണ്, അല്ലാതെ അവരുടെ പദ്ധതിയായിരുന്നില്ല. ക്ഷേത്രപ്രവേശനം അനുവദിച്ച്​ വിളംബരമുണ്ടായത് നല്ലതാണെങ്കിലും അതിന്റെ പിന്നിൽ പൗരാവകാശസമിതിയുടെ പ്രവർത്തനങ്ങൾ വഴി വളർന്ന അഹിന്ദുസമുദായങ്ങളുമായുള്ള ബന്ധവും ഈഴവരുടെ ഇടയിലെ മതപരിവർത്തന താല്പര്യവും ആയിരുന്നു മുഖ്യകാരണം.

ടി.കെ. മാധവൻ.

ജാതിക്കെതിരെ ഉയർന്ന യുക്തിവാദം

സമുദായവൽക്കരണത്തിനു പുറമെ, ഗുരുവിന്റെ കാലത്തുതന്നെ ഗുരുവിനെ പിന്തുടർന്ന്​ സമാന്തരമായ മറ്റൊരു ധാര; ജാതി, മതചിന്തയെ ധിക്കരിച്ചുകൊണ്ടുള്ള യുക്തിവാദത്തിലും നിരീശ്വരവാദത്തിലും ഊന്നി വളർന്നുവന്നു. 1917 ൽ രൂപം കൊണ്ട സഹോദരപ്രസ്ഥാനം, റഷ്യൻ സോഷ്യലിസ്റ്റ് ആശയങ്ങൾ പരിചയപ്പെടുത്തുന്ന, ഭൗതികവാദത്തിലേക്ക് യുവജനങ്ങളെ ആകർഷിക്കുന്ന പ്രസ്ഥാനമായി മാറി. ജാതി തിരസ്‌കരിക്കാൻ മിശ്രഭോജനവും മിശ്രവിവാഹവും ഏർപ്പെടുത്തി. ജാതിയും മതവും ദൈവവും മനുഷ്യന് വേണ്ട എന്നും പ്രചരിപ്പിച്ചു. ഹിന്ദുവിരോധം, നിരീശ്വരവാദം, ക്ഷേത്രബഹിഷ്‌കരണം, മതനിഷേധം, യുക്തിവാദം ഇവയൊക്കെ ഈഴവ യുവജനത്തിനിടയിൽ വ്യാപിച്ചു. സഹോദരൻ അയ്യപ്പൻ, സി. കേശവൻ എന്നിവരുടെ സമുദായ നേതൃത്വവും എസ്. എൻ.ഡി.പി യുടെ പൗരസമത്വ പ്രക്ഷോഭങ്ങളും ഇത്തരം ചിന്ത യുവജനങ്ങൾക്കിടയിൽ വ്യാപിക്കാൻ കാരണമായി. മതപരിവർത്തന ആശയത്തെ തള്ളിക്കളഞ്ഞ്​സ്വതന്ത്രസമുദായവാദം ശക്തമായി മുന്നോട്ടുവച്ചത് അഖിലകേരള തീയ യുവജനസംഘമാണ്. ഈഴവർ ഹിന്ദുമതം വിട്ട് സ്വതന്ത്രസമുദായമായി നിൽക്കണം എന്നതായിരുന്നു വാദം. എസ്. എൻ.ഡി. പി ഭാരവാഹികളായിരുന്ന സി. കേശവന്റെ യും സഹോദരൻ അയ്യപ്പന്റേയും പിന്തുണ ഇതിനുണ്ടായിരുന്നു. സ്വതന്ത്രസമുദായം എന്താണെന്നതിനെക്കുറിച്ചും ഈഴവസമുദായം ജാതിമതരഹിതമാകുന്നതിനെക്കുറിച്ചുമുള്ള വിശദ വിവരങ്ങൾ ഉള്ളടങ്ങുന്നതാണ് ഇ. മാധവന്റെ സ്വതന്ത്രസമുദായം എന്ന കൃതി. തിരുവിതാംകൂറിലും കൊച്ചിയിലും മലബാറിലും നിരോധിച്ച ആ കൃതി യുക്തിവാദപരവും മനുഷ്യസ്വത്വത്തെ സാമൂഹികനിർമിതികളിൽ നിന്ന്​ വിമോചിപ്പിക്കാനും ഉദ്ദേശിച്ചിട്ടുള്ളതുമാണ്. എന്നാൽ പിൽക്കാല കേരളം അതേറ്റെടുത്തുമില്ല. ഗുരുവിന്റെ മാനവയുക്തിയെ മാനിച്ച്​ സഹോദരൻ അയ്യപ്പൻ മുന്നോട്ടുവച്ച മനുഷ്യവിമോചന ആശയം സ്വതന്ത്രസമുദായത്തിലെത്തിനിന്നുവെന്നല്ലാതെ, പിൽക്കാലത്ത്​ കേരളചിന്ത ജാതിവിനിമയങ്ങളിൽ പുതിയ ഉണർവൊന്നും സൃഷ്ടിച്ചിട്ടില്ല. സ്വതന്ത്രസമുദായവാദ ശേഷം കേരളത്തിൽ ജാതിവിനിമയങ്ങൾക്ക്​ എന്തു സംഭവിച്ചുവെന്നും അന്വേഷിക്കേണ്ടതുണ്ട്.

സംഘടിച്ച ഒരു ജാതിയെയും, പ്രതിജാതി ആനുകൂല്യങ്ങളിൽ ഏറ്റക്കുറിച്ചിലുണ്ടായാലും, തള്ളിക്കളയാതിരിക്കാനുള്ള രാഷ്ട്രീയ ബലതന്ത്രം പ്രായോഗിക രാഷ്ട്രീയത്തിന്റെ ഭാഗമായി. ഭരണത്തിലെ ജാതിവഴക്കമായി ഇത്​ നിലനിൽക്കുന്നുവെന്നത്​ അംഗീകരിക്കാതിരിക്കാനാവില്ല.

ആദ്യകാല യുക്തിവാദികളിൽ നിന്ന്​ ആവേശം ഉൾക്കൊണ്ട യുവജനത സോഷ്യലിസ്റ്റ് ആശയധാര ഏറ്റെടുത്തതോടെ കേരളത്തിൽ പുതിയ ഉണർവുണ്ടായി. കർഷക- വിദ്യാർത്ഥി- തൊഴിലാളി പ്രസ്ഥാനങ്ങൾ അടക്കം നിരവധി പ്രസ്ഥാനങ്ങൾ കമ്യൂണിസ്​റ്റ്​ ആശയധാരയുടെ പിൻബലത്തോടെ കേരള സമൂഹത്തെ സംഘടിപ്പിച്ചു. ഈ പുത്തൻ സാഹചര്യത്തിൽ ‘ജാതി' ഒരു പ്രധാന വ്യവഹാര സംവർഗമല്ലാതായി. വർഗം എന്ന പുതിയ സാമൂഹിക സംജ്ഞ കേന്ദ്രീകരിച്ചുള്ള വ്യവഹരോല്പാദനമാണ് പിന്നെയുണ്ടായത്. 1930 കൾക്കുമുമ്പുതന്നെ കേരള സമൂഹത്തിലെ പ്രമുഖ സമുദായങ്ങൾ പ്രതിജാതി സംഘാടനം പൂർത്തിയാക്കിയിരുന്നു. അവകാശങ്ങൾക്കുവേണ്ടിയുള്ള സമരപാതയും തുറന്നിരുന്നു. ജനസംഖ്യാ പ്രാതിനിധ്യസംവരണവും അംഗീകരിച്ചെടുപ്പിച്ചിരുന്നു. കൂടാതെ, ഇന്ത്യൻ നാഷണൽ കോൺഗ്രസ് സവർണപക്ഷമായും അവർണവിഭാഗങ്ങൾ കണക്കാക്കിയിരുന്നു. ആധുനിക കേരളം രൂപംകൊള്ളുമ്പോൾ അവർണഭൂരിപക്ഷം കമ്യൂണിസ്റ്റ് ആശയധാരയിൽ ആകൃഷ്ടരായി പ്രവർത്തിക്കുകയായിരുന്നു. കമ്യൂണിസ്റ്റ് ആശയധാരയിൽ അണിനിരന്നതുവഴി ജാതി മത വർജ്ജനം നടന്നതായി അവകാശപ്പെടാനാവില്ല. എങ്കിലും, ആദ്യകാലത്ത്​ യുക്തിവാദത്തിന്റെ സ്വാധീനം മിശ്രവിവാഹത്തെ പ്രോത്സാഹിപ്പിക്കുകയും ദൈവാരാധനയുമായുള്ള താൽക്കാലിക അകൽച്ചയും സൃഷ്ടിച്ചിരുന്നുവെന്നത് അതിശയോക്തിയല്ല.

ജാതിസ്വത്വങ്ങളെ അംഗീകരിച്ചുകൊണ്ടുള്ള ഭരണതന്ത്രമാണ് കേരളത്തിൽ ഇടതു-വലതു സർക്കാരുകൾ അനുവർത്തിച്ചത്. സംഘടിച്ച ഒരു ജാതിയെയും, പ്രതിജാതി ആനുകൂല്യങ്ങളിൽ ഏറ്റക്കുറിച്ചിലുണ്ടായാലും, തള്ളിക്കളയാതിരിക്കാനുള്ള രാഷ്ട്രീയ ബലതന്ത്രം പ്രായോഗിക രാഷ്ട്രീയത്തിന്റെ ഭാഗമായി. ഭരണത്തിലെ ജാതിവഴക്കമായി ഇത്​ നിലനിൽക്കുന്നുവെന്നത്​ അംഗീകരിക്കാതിരിക്കാനാവില്ല. കേരള രാഷ്ട്രീയത്തിൽ ജാതിവർജനം ഏറ്റെടുക്കാൻ ഒരുകക്ഷിക്കും കഴിയാത്തത്ര സാമൂഹികവ്യാപനം ‘ജാതി' രാഷ്ട്രീയമായി നേടിയെടുത്തുകഴിഞ്ഞുവെന്നത് നിരാകരിക്കാനാവില്ല. ജാതിതാത്പര്യങ്ങൾക്കനുസരിച്ചുള്ള പങ്കുവെപ്പുകളിൽ മുറുമുറുപ്പുണ്ടാകുന്നത് ജനസംഖ്യാ പ്രാതിനിധ്യം പാലിക്കപ്പെടുന്നില്ല എന്നൊക്കെ പറഞ്ഞുകൊണ്ടാണ്.

തിരുവിതാംകൂറിലും കൊച്ചിയിലും മലബാറിലും നിരോധിച്ച ഇ മാധവൻറെ സ്വതന്ത്ര സമുദായം യുക്തിവാദപരവും മനുഷ്യസ്വത്വത്തെ സാമൂഹികനിർമിതികളിൽ നിന്ന്​ വിമോചിപ്പിക്കാനും ഉദ്ദേശിച്ചിട്ടുള്ളതാണ്

ചുരുക്കത്തിൽ ‘ജാതി'അധമത്വത്തിൽനിന്നും അവകാശത്തിൽനിന്നും അധികാരമായി വളർന്ന കാഴ്ചയാണ് കേരളത്തിലെ ജാതിവിനിമയങ്ങൾ പങ്കിടുന്നത്. ഇലക്ടറൽ ജനാധിപത്യ രാഷ്ട്രീയത്തിൽ ജാതി സ്ഥിരാംഗത്വം ആർജിച്ചു കഴിഞ്ഞു. മതവർഗീയതയോട് വിയോജിപ്പുയരുമ്പോഴും ജാതീയത തഴച്ചുവളരുന്നു. ജാതിരഹിത കേരളത്തെ വിഭാവനം ചെയ്ത ഗുരുഭാവനക്കേറ്റ ആഘാതമാണിതെന്നു ധരിക്കുന്നവരുണ്ടാകാം. ജാതിസമുദായങ്ങൾ ഗുണഭോക്താക്കളായിരിക്കുമ്പോൾ ഗുരുഭാവനയെ തള്ളിക്കളഞ്ഞുവെന്ന്​ ഓർക്കേണ്ടതുമില്ലല്ലോ. ജാതി അംഗീകരിക്കപ്പെടുന്ന ഒരു സാമൂഹിക സംവർഗമായി മാറിയെന്നു സമ്മതിക്കുമ്പോൾ തന്നെ ജാതിബോധം പരമ്പരാഗതമായി തന്നെയാണ് നിലനിൽക്കുന്നതെന്നും കൃത്യമായ ഉച്ച- നീച വിവേചനം ബോധത്തിൽ നിന്ന്​മാഞ്ഞുപോയിട്ടില്ലായെന്നും കൂടി രഹസ്യമായെങ്കിലും സമ്മതിക്കേണ്ടിയും വരും.

ഈ സന്ദർഭത്തിൽ ഞാൻ ജോലിചെയ്തിരുന്ന കേന്ദ്രസർക്കാർ സ്ഥാപനത്തിൽ അനൗപചാരിക ഭാഷാപ്രയോഗമായി കേട്ടിരുന്ന ഒരു നിന്ദാപദമാണ് ‘സർക്കാരി ബ്രാഹ്​മിൻ' എന്നത്​. സംവരണവിഭാഗങ്ങളെ സൂചിപ്പിക്കാനാണ് ഈ പദം ഉപയോഗിച്ചുകേട്ടിട്ടുള്ളത്. അതേതരത്തിലുള്ള ഇകഴ്ത്തൽ മനോഭാവം കേരള പൊതുബോധത്തിലും അവശേഷിക്കുന്നുണ്ടെന്നത് മറച്ചുവയ്‌ക്കേണ്ടതില്ല. അഭ്യസ്തവിദ്യരെന്നോ അല്ലാത്തവരെന്നോ വേർതിരിവില്ലാതെ ഇത്തരം ജാതിവിവേചനബോധം നിലനിൽക്കുന്നുണ്ട്. പരസ്യമായി പറയാൻ രാഷ്ട്രീയ പ്രബുദ്ധത അനുവദിക്കുന്നില്ല എന്നുപറയുന്നതിനേക്കാൾ നല്ലത്, ജാതിപരാമർശങ്ങൾ ശിക്ഷാനടപടിക്ക് കാരണമാകുമെന്ന പേടി കൊണ്ടാണ്. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.

(പരമ്പര അവസാനിച്ചു)


എം. ശ്രീനാഥൻ

ഭാഷാശാസ്ത്രജ്ഞൻ, പ്രഭാഷകൻ, എഴുത്തുകാരൻ. തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിൽ പ്രൊഫസർ. തിയററ്റിക്കൽ ലിംഗ്വിസ്റ്റിക്‌സ്, അപ്ലൈഡ് ലിംഗ്വിസ്റ്റിക്‌സ്, ലിംഗ്വിസ്റ്റിക്‌സ് ആന്ത്രപ്പോളജി, ലാംഗ്വേജ് ആൻറ്​ ജനറ്റിക്‌സ് തുടങ്ങിയവ മേഖലകളിൽ സ്‌പെഷലൈസേഷൻ. മലയാള ഭാഷാചരിത്രം: പുതുവഴികൾ, എ.ആർ. നിഘണ്ടു, Dravidian Tribes & Language, മലയാള ഭാഷാശാസ്ത്രം, കേരള പാണിനീയ വിജ്ഞാനം (ഡോ. സി. സെയ്തലവിക്കൊപ്പം എഡിറ്റർ), ചട്ടമ്പിസ്വാമികളുടെ ജ്ഞാന നവോത്ഥാനം തുടങ്ങിയവ പ്രധാന പുസ്തകങ്ങൾ.

Comments