ബോളിവുഡ്​ അഥവാ ദ ഗ്രേറ്റ് ഇന്ത്യൻ മൊറാലിറ്റി

കാൽനൂറ്റാണ്ടിനിടെ ബോളിവുഡ്​ സിനിമയുടെ ഉള്ളടക്കത്തിലും സമീപനത്തിലുമുണ്ടായ മാറ്റങ്ങ​ളെക്കുറിച്ച്​ ഒരു രാഷ്​ട്രീയ വായന. 25 വർഷം പൂർത്തിയാക്കിയ, ഇന്ത്യൻ വാണിജ്യസിനിമയുടെ ചരിത്രവും സാധ്യതകളും മാറ്റിമറിച്ച ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ എന്ന സിനിമയെ മുൻനിർത്തി, പ്രതിലോമകരമായ പൊതുബോധത്തെ മഹത്വവത്കരിക്കുന്ന ദിൽവാലെ... പോലെയുള്ള സിനിമകൾ കാൽനൂറ്റാണ്ടിനുശേഷവും ആഘോഷിക്കപ്പെടുന്നത്​ എന്തുകൊണ്ട്​ എന്ന്​ വിശകലനം ചെയ്യുന്നു

രു ഹിന്ദുസ്ഥാനി പെൺകുട്ടിയുടെ ജീവിതത്തിൽ ചാരിത്ര്യത്തിനും കന്യകാത്വത്തിനും എത്ര വിലയുണ്ടെന്നറിയുന്ന പത്തരമാറ്റ് ഹിന്ദുസ്ഥാനിയായ പ്രവാസി യുവാവ്.

ഇതുവരെ ചെല്ലും ചെലവും തന്ന് വളർത്തിയ അച്ഛൻ തനിക്ക് നന്മ മാത്രമേ ചെയ്യൂ എന്നും അങ്ങനെ ചെയ്യുന്ന ഒരു പ്രധാന നന്മയാണ് ഇതുവരെ കണ്ടിട്ടില്ലാത്ത ഒരാളുമായി കല്യാണം ഉറപ്പിച്ചതെന്നും വിചാരിക്കുന്ന, ഇരുപതുകളിലേക്ക് കാലെടുത്തുവയ്ക്കുന്ന യുവതി.

മക്കളുടെയോ ഭാര്യയുടെയോ അഭിപ്രായങ്ങളും സ്വപ്നങ്ങളും തികഞ്ഞ ഹിന്ദുസ്ഥാനി സ്വത്വത്തിന് ചേരുന്നതാണോ എന്ന് തൂക്കിനോക്കി മാത്രം ചെവികൊടുക്കുന്ന, യുവതിയുടെ അച്ഛൻ.

പെൺമക്കളുടെ കൂട്ടുകാരിയായ സ്വീറ്റ് ആന്റ് ക്യൂട്ട്, പക്ഷെ നിസ്സഹായയായ അമ്മ.

കുടുംബപാരമ്പര്യം കാത്തുസൂക്ഷിച്ച്, ഡിഗ്രിക്ക് തോറ്റിട്ട് വന്ന് നിൽക്കുന്ന മകനെ ഓർത്ത് അഭിമാനിക്കുന്ന, നായകന്റെ അച്ഛൻ.

ദിൽവാലേ ദുൽഹനിയ ലേ ജായേംഗേ

കാൽനൂറ്റാണ്ട് കടന്നും ഈ സിനിമ ആഘോഷിക്കപ്പെടുമ്പോൾ ഷാരുഖ്ഖാന്റെ രാജിനെയും കാജോളിന്റെ സിമ്രനേയും അവരുടെ പ്രണയത്തേയും കണ്ട് കുളിരുകോരിയ പ്രേക്ഷകർ ഇന്നിന്റെ അളവുകോലുകളിലൂടെ സിനിമയിലേക്ക് തിരിച്ചുനടക്കുന്നത് മാറിയ കാലഘട്ടത്തിന്റെ അനിവാര്യതയാണ്.

ബഡേ ബഡേ ദേശോം മേം

ഇന്ത്യൻ വാണിജ്യസിനിമയുടെ ചരിത്രവും സാധ്യതകളും മാറ്റിമറിച്ച ദിൽവാലേ... റിലീസ് ചെയ്തത് 1995 ഒക്ടോബർ 20നാണ്. ഹിന്ദിസിനിമയിൽ തലമുറകളായി സംവിധായകരായും നിർമാതാക്കളായും സജീവമായ ചോപ്രകുടുംബത്തിലെ ഇങ്ങേയറ്റത്തെ കണ്ണി 23 കാരൻ ആദിത്യ ചോപ്രയായിരുന്നു കഥയും തിരക്കഥയും സംവിധാനവും.

ആദിത്യ വിശദീകരിച്ച കഥയുടെ പകുതിയെങ്കിലും സ്‌ക്രീനിൽ കണ്ടാൽ സിനിമ തിയേറ്ററുകൾ കീഴടക്കുമെന്ന് അണിയറക്കാർ പ്രതീക്ഷിച്ച പ്രോജക്റ്റ്. അച്ഛൻ യശ് ചോപ്രയുടെ നിർമാണത്തിൽ ഇറങ്ങിയ ആദിത്യയുടെ ഈ ആദ്യ ചിത്രം ബോക്‌സ് ഓഫീസുകളിലെ തരംഗം മാത്രമായി ഒതുങ്ങിയില്ല. എല്ലാ കണക്കുക്കൂട്ടലുകളേയും മുൻമാതൃകകളേയും പ്ലാറ്റ്‌ഫോമിൽ തന്നെ നിർത്തി സിനിമ ഭാവിയിലേക്ക് ഓടി. പലകാലത്തെ പ്രേക്ഷകർ അവർക്കൊപ്പം സിനിമയെ കൈപിടിച്ചുകയറ്റി.

1995ൽ നാല് കോടി ബജറ്റിൽ തീർത്ത ദിൽവാലെ... ഇന്ത്യയിലും വിദേശമാർക്കറ്റുകളിലുമായി വാരിക്കൂട്ടിയത് 102.50 കോടി രൂപ, ഇന്നത്തെ മൂല്യത്തിൽ 524 കോടി രൂപ.

വിജയഫോർമുല ഉണ്ടാകുകയല്ല, ഉണ്ടാക്കുകയാണ്

തൊണ്ണൂറുകളുടെ തുടക്കത്തിൽ റൊമാന്റിക് മ്യൂസിക്​ തിയേറ്ററുകൾ കയ്യടക്കിയതോടെ ഹിന്ദി മുഖ്യധാരാസിനിമകളിൽ പ്രണയവും കുടുംബബന്ധങ്ങളും പാരമ്പര്യവുമൊക്കെയായിരുന്നു സ്ഥിരം പ്രമേയം.

വൻ ഹിറ്റുകളായ മേനേ പ്യാർ കിയാ, ഹം ആപ്‌കേ ഹേ കോൻ തുടങ്ങിയ സിനിമകൾ കുടുംബം, പുരുഷമേധാവിത്തം, ഇന്ത്യൻ സ്ത്രീസങ്കൽപം എന്നിവയിലൂന്നി കഥ പറഞ്ഞു. ഉള്ളടക്കം കൊണ്ട് അതിന്റെയൊക്കെ തുടർച്ചയായിരുന്നു ദിൽവാലെ ദുൽഹനിയ ലേ ജായേംഗെയും.

എന്നാൽ ശുഭപര്യവസായിയായ പ്രണയകഥ എന്നതിനൊപ്പം ചേർത്ത ചില പ്രത്യേക ചേരുവകളായിരുന്നു ദിൽവാലേ...യുടെ ഹൈലൈറ്റ്. പ്രവാസിയുടെ ഗൃഹാതുരത്വവും ദേശീയതയും കുടുംബബന്ധങ്ങളുടെ പവിത്രതയും സമം ചേർത്ത് കുഴച്ചതിൽ വിദേശലൊക്കേഷനുകളും പാട്ടുകളും ഫാഷനബിൾ വസ്ത്രങ്ങളും അക്‌സസറീസും ട്രെൻഡുകളും ഇടകലർത്തി തിയേറ്ററിലെത്തിയ സിനിമ പിന്നെ അവിടുന്ന് ഇറങ്ങിയതേയില്ല.

കല്യാണത്തോടെ അല്ലെങ്കിൽ കല്യാണത്തിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതോടെ തിരികെവരുന്ന കുടുംബസമാധാനം, പുരുഷന്റെ തീരുമാനത്തിനുകീഴിൽ ഒത്തൊരുമയോടെ കഴിയുന്ന കുടുംബാംഗങ്ങൾ, പരമ്പരാഗത (സംശയമില്ല, സവർണഹിന്ദു) രീതികളിലുള്ള വൻ സെറ്റപ്പിലെ കല്യാണങ്ങളും ആചാരനുഷ്ഠാനങ്ങളും (കർവാ ചൗത് പോലുള്ളവ ചിട്ടപ്രകാരം ആചരിച്ചില്ലെങ്കിൽ ഉണ്ടാകുന്ന ധാർമികപ്രതിസന്ധികൾ), വിദേശവിപണിയെ പരിഗണിച്ചുള്ള കഥകൾ -ദിൽവാലെ...യുടേയും പിന്നീട് അതിനെ പിന്തുടർന്നും വന്ന സിനിമകളുടെ പൊതു ഉള്ളടക്കം ഇതൊക്കെയായി.

പിന്നീട് യശ് രാജ് ഫിലിംസിന്റെ തലപ്പത്തേക്ക് വന്ന ആദിത്യ ചോപ്ര മാത്രമല്ല, ഇതേ ട്രെൻഡിന്റേയും ഇതേ ചേരുവകളുടേയും വക്താക്കളും വിദഗ്ധരുമായി മാറിയ സംവിധായകൻ കരൺ ജോഹറും കൊറിയോഗ്രാഫറും സംവിധായികയുമായ ഫറ ഖാനുമൊക്കെ തുടക്കം കുറിച്ചത് ദിൽവാലെ... യിലാണ്.

ജാ സിമ്രൻ ജാ

യൂറോപ്പിലൂടെയുള്ള ട്രെയിൻ യാത്രയ്ക്കിടെ പ്രണയബദ്ധരാകുന്ന പ്രവാസി യുവാവും യുവതിയും, ഇന്ത്യൻ കുടുംബ- സദാചാരസങ്കൽപങ്ങൾക്ക് യാതൊരു കോട്ടവും വരുത്താതെ വിവാഹമെന്ന ആഗ്രഹസാക്ഷാൽക്കാരത്തിൽ എത്തുന്നതാണ് ദിൽവാലെ ദുൽഹനിയ ലേ ജായേംഗെയുടെ ഇതിവൃത്തം.
പാർട്ടികൾക്ക് പോകാത്ത, മദ്യപിക്കുകയോ ഒരാണിനൊപ്പം ഒരു മുറിയിൽ തങ്ങേണ്ടിവരികയോ ചെയ്യുന്നത് മോശമാണെന്ന് കുരുതുന്ന, കല്യാണത്തിന് മുമ്പുതന്നെ ഭാവിഭർത്താവിന്റെ ആയുരാരോഗ്യസൗഖ്യത്തിന് നോമ്പെടുക്കുന്ന കുലീന യുവതിയാണ് സിമ്രൻ. രാജ് ആകട്ടെ കാമുകിയുടെ ജീവിതത്തിന്റെ ഉടമസ്ഥാവകാശം അവളുടെ അച്ഛൻ ചൗധരിയുടെ കയ്യിൽ നിന്ന് നേരിട്ട് കൈപ്പറ്റണമെന്ന് ഉറപ്പിച്ചിറങ്ങിയ മാന്യനും.

കറകറാന്നുള്ള ശബ്ദമുയർത്തിയും ചുവന്ന് കലങ്ങിയ കണ്ണുകളുരുട്ടിയും വിറപ്പിച്ചും അമരിഷ് പുരി ലക്ഷണമൊത്ത അച്ഛനും വില്ലനുമായി. നാടിന്റെ മണവും ഗുണവും ഒക്കെ തികഞ്ഞവനെന്ന് ധരിച്ചിരുന്ന ഭാവിമരുമകന്റെ പെരുമാറ്റങ്ങളിലെ സാംസ്‌കാരിക അധഃപതനം കണ്ട് മനസ്സ് തകർന്ന് നിൽക്കുമ്പോഴാണ് വിദേശസംസ്‌കാരത്തിന്റെ ഭാഗമായി ലണ്ടനിൽ തല്ലുകൊള്ളിത്തരം കാണിച്ചുനടന്ന പ്രവാസിയായ രാജിന്റെ ഉള്ളിലെ യഥാർത്ഥ ഹിന്ദുസ്ഥാനിയെ ചൗധരി കണ്ടെത്തിയത്.

കടുത്ത പ്രേമത്തിലായ സിമ്രന് തന്നെ മനസ്സിലാക്കാത്ത വീട്ടിൽ നിന്ന് പുറത്തുകടക്കണമെന്നുണ്ട്. ലോകം കാണാനോ സ്വന്തം ജീവിതം പടുക്കാനോ സാധിക്കാതെ പോയ അമ്മയ്ക്കറിയാം, ഈ ആണുങ്ങളുടെ ലോകത്ത് സ്വപ്നം കാണുന്നത് പോലും അത്ര എളുപ്പമല്ലെന്ന്. വെറുതെ അപ്പന്റെ അപ്രൂവലിന് വേണ്ടി കാത്തിരിക്കാതെ എത്രയും വേഗം സ്ഥലംവിടുന്നതാണ് നല്ലതെന്ന് മകളോട് പറയുന്നുണ്ട് അമ്മ (ഫരീദ ജലാൽ).

പക്ഷെ രാജ്, കാമുകിയേയും ഭാവി അമ്മായിയമ്മയേയും ബോധവത്കരിക്കുകയാണ്, കല്യാണത്തിന് രക്ഷിതാക്കളുടെ (അതായത് അച്ഛന്റെ) സമ്മതം വേണ്ടതിനെപ്പറ്റി.

ഒടുവിൽ തല്ലുവാങ്ങലും കൊടുക്കലും കഴിഞ്ഞ് അവശനായ രാജ് കയറിയ ട്രെയിൻ ഓടിത്തുടങ്ങിയപ്പോൾ തിരിച്ചറിവുണ്ടായ അച്ഛൻ സിമ്രനോട് പറയുന്നു, ചെന്ന് നീ നിന്റെ ജീവിതം ജീവിക്കാൻ (നിനക്ക് തോന്നിയ പോലെ, എന്നാലും ഞങ്ങളുടെ അംഗീകാരത്തോടെ). പിന്നെ സിമ്രൻ ട്രെയിനിന് പിന്നാലെ ഓടുകയാണ്, രാജ് കൈപിടിച്ച് കയറ്റുംവരെ.
ശുഭം.

ഷാരുഖ് ഖാൻ എന്ന ബ്രാൻഡ്

വിറയലോടെ ചിരിച്ചും സംസാരിച്ചും കണ്ണുകൾ വിടർത്തിയും ഷാരുഖ് ഖാൻ സ്‌ക്രീനിലെത്തുമ്പോൾ ഇഷ്ടപ്പെടുന്നവരും ഇഷ്ടപ്പെടാത്തവരുമുണ്ടാകും. സിനിമയിലെ ബന്ധങ്ങളൊന്നും അവകാശപ്പെടാനില്ലാതെ അഭിനയജീവിതത്തിന് തുടക്കം കുറിച്ച ഷാരുഖ് ഖാൻ തൊണ്ണൂറുകളുടെ ആദ്യം തന്നെ മുൻനിരനായകന്മാരുടെ കൂട്ടത്തിൽ പരിഗണിക്കപ്പെട്ടിരുന്നു. എന്നാൽ ഒരു പൂർണ എന്റർടെയ്‌നർ എന്ന നിലയിൽ വളർന്ന ഷാരുഖ്, ഇന്ത്യയിലും അയൽരാജ്യങ്ങളിലും മാത്രമല്ല, സൗത്ത് ഏഷ്യൻ, ആഫ്രിക്കൻ, യൂറോപ്യൻ രാജ്യങ്ങളിലാകെ ജനപ്രിയനായി തുടങ്ങിയത് ദിൽവാലെ... മുതൽക്കാണ്.

മൻഡരിൻ, പിയാനോ, ചെസ് വിദഗ്ധനും കടുവയുടെ ശബ്ദം അസലായി എടുക്കുന്ന മിമിക്രികലാകാരനും ഒക്കെയായ നന്മയും കുസൃതിയും നിറഞ്ഞ നായകൻ രാജ്, കൂടുംബബന്ധങ്ങളുടെ പവിത്രതയെപ്പറ്റി നെടുനീളൻ ഡയലോഗുകൾ കാച്ചിയപ്പോൾ ഷാരുഖ് എന്ന ബ്രാൻഡ് ജനിക്കുകയായിരുന്നു. ഇന്ത്യയേയോ ബോളിവുഡിനേയോ അറിയാത്തവർ പോലും ഷാരുഖിന്റെ പടം കാണാൻ മാത്രം ഹിന്ദി പഠിച്ചുതുടങ്ങി.

കാജോൾ എന്ന അഭിനേത്രി ബോളിവുഡിന്റെ ഒരു പുതിയ സങ്കൽപ്പമായിരുന്നു. ഇരുണ്ടനിറമുള്ള കൂട്ടുപുരികമുള്ള മേൽച്ചുണ്ടിൽ പൊടിമീശയുടെ പച്ചനിറമുള്ള ഒരു പെൺകുട്ടി ഹിന്ദി മുഖ്യധാരാ സിനിമയിൽ നായികയായി വരുന്നത് എത്രയോ പെൺകുട്ടികൾ ആത്മവിശ്വാസത്തോടെ കണ്ടുനിന്നു.

ഷാരുഖിനൊപ്പമുള്ള കെമിസ്ട്രിയിൽ ഇരുവരും കുഛ് കുഛ് ഹൊതാ ഹേ, കഭി ഖുശി കഭി ഖം എന്ന ബോക്‌സ് ഓഫീസ് ഹിറ്റുകളിലേക്ക് നടന്നതും ദിൽവാലെ...യുടെ ചുവടുകൾ പിന്തുടർന്നാണ്.

സിനിമയിലെ കഥാപാത്രങ്ങൾ പാശ്ചാത്യ വസ്ത്രധാരണം സ്വീകരിച്ചാലും പെരുമാറ്റത്തിൽ തികഞ്ഞ ഇന്ത്യൻസത്ത കാത്തുസൂക്ഷിച്ചു. ഷിഫോൺ സാരിയുടുത്ത നായിക വിദേശലൊക്കേഷനിലെ കുന്നിൻമുകളിൽ നൃത്തം ചെയ്യുക എന്ന യശ് ചോപ്ര ചിത്രങ്ങളിലെ സ്ഥിരം കാഴ്ച ദിൽവാലെ...യിലും തുടർന്നു. മനീഷ് മൽഹോത്രയുടെ വസ്ത്രാലങ്കാരത്തിൽ സിമ്രൻ കുഞ്ഞുടുപ്പും സ്വിം സ്വൂട്ടുമൊക്കെ ഇടുന്നുണ്ടെങ്കിലും അത് അച്ഛൻ അറിയാതെ ആയതുകൊണ്ട് ഇന്ത്യൻസംസ്‌കാരത്തെ അങ്ങനങ്ങ് ബാധിച്ചില്ല. ആൽപ്‌സിലെ കൊടുംമഞ്ഞിൽ അല്പം വസ്ത്രം മാത്രമിട്ടും (നായകൻ മഞ്ഞുകുപ്പായങ്ങളിലാണ്) പഞ്ചാബിലെ കടുകുപാടങ്ങളിലൂടെ പൊരിവെയിലത്ത് സൽവാർ കമ്മീസിൽ പുതച്ചുമൂടിയും നായിക ആടിപ്പാടിനടന്നു.

ഇന്ത്യ വിട്ടാൽ ഹിറ്റാകുമെന്ന ഫോർമുല

കളർ സിനിമകൾ സജീവമായതോടെ ഇന്ത്യൻ സിനിമയ്ക്ക് പരിചിതമായി തുടങ്ങിയതാണ് വിദേശലോക്കേഷനുകൾ. 1964ൽ ഇറങ്ങിയ സംഗം, പിന്നാലെ വന്ന ഈവനിംഗ് ഇൻ പാരീസ്, ലവ് ഇൻ ടോക്യോ - ഇവയൊക്കെ ഇന്ത്യയ്ക്ക് പുറത്തെ കാഴ്ചകളെ പിന്നീട് ഓർത്തെടുക്കും വിധം അവതരിപ്പിച്ച മുഖ്യധാരാചിത്രങ്ങളാണ്. യൂറോപ്യൻ ദൃശ്യങ്ങൾ എന്ന മാസ്മരികതയുമായി ഇറങ്ങിയ ദിൽവാലെ... വിദേശലോക്കേഷനെ ഒരു വിജയച്ചേരുവയാക്കി മാറ്റി.

വിദേശത്ത് ഒരു പാട്ടെങ്കിലും വേണം എന്നത് മുഖ്യധാരാ ഇന്ത്യൻ സിനിമയുടെ ശീലമായി. മധ്യവർഗകുടുംബങ്ങളുടെ ഇടയിൽ ഇന്ത്യയ്ക്കുള്ളിലെ വിനോദയാത്രകൾ സജീവമായിത്തുടങ്ങുന്ന അക്കാലത്ത് രാജ്യത്തിന് വെളിയിൽ ഇതുവരെ കണ്ടിട്ടില്ലാത്ത ലൊക്കേഷനുകൾ അവർക്ക് ആകർഷണങ്ങളും കൊതികളുമായി മാറി.

മ്യൂസിക്കൽ അല്ലാത്ത ബോളിവുഡ് സിനിമ എന്നൊന്നില്ലല്ലോ. പാട്ട് ഓളമുണ്ടാക്കിയാൽ സിനിമ ഏതാണ്ട് വിജയിച്ചു എന്ന് തന്നെയാണ്. ദിൽവാലെ...യുടെ പ്രധാനവിജയഘടകമായിരുന്നു പാട്ടുകൾ. ജതിൻ- ലളിത് കൂട്ടുകെട്ടിന്റെ സംഗീതവും ആനന്ദ് ബക്ഷിയുടെ വരികളും. തലമുറകൾ പലത് കഴിഞ്ഞെങ്കിലും സിനിമ കണ്ടിട്ടില്ലെങ്കിലും അതിലെ ഒരു പാട്ടെങ്കിലും കേൾക്കാത്തവർ ഇല്ലെന്നായി. ഇന്നും മെഹന്ദീ ലഗാകെ രഖ്‌ന... കേൾക്കാത്ത വടക്കേയിന്ത്യൻ കല്യാണങ്ങൾ വിരളമാണ്. പിന്നെ, രണ്ട് പ്രണയഗാനങ്ങൾ (ഹോഗയാ ഹേ തുഝ്‌കോ..., തുഝേ ദേഖാ തോ...) കുടിച്ചുഫിറ്റായി ഒരു പാട്ട് (സരാ സാ ഝൂം ലൂ മേം...) മഴ നനഞ്ഞൊരു പാട്ട് (മേരേ ഖ്വാബോം മേം...) ഷാരുഖിന് കുസൃതിത്തരങ്ങൾ കാട്ടാനൊരു പാട്ട് (രുഖ് ജാ...) ദേശസ്‌നേഹം തുളുമ്പുന്നൊരു പാട്ട് (ഘർ ആജാ പർദേസി...).

കൂടാതെ ചില ബോളിവുഡ് മുൻമാതൃകകളിലേത് പോലെ ഒരു തൊഴുത്തിലോ വയ്‌ക്കോൽക്കൂനയ്ക്കരികിലോ രാത്രി ചെലവഴിക്കാൻ നിർബന്ധിതരാകുന്ന കമിതാക്കൾ, ഒരു പാട്ട് പാടാനും കൂടെ നിർബന്ധിക്കപ്പെടുന്ന സാഹചര്യം ദിൽവാലെ...യിലും കാണാം.

ലോകമെങ്ങും ആഘോഷിക്കപ്പെട്ട റോമാന്റിക് ഡ്രാമയായ ബിഫോർ സൺറൈസ് ഇറങ്ങിയത് 1995ന്റെ തുടക്കത്തിലാണ്. ട്രെയിനിൽ വെച്ചുണ്ടായ പരിചയം പ്രണയമായി വളരുന്ന കഥ. 1993ൽ ഇറങ്ങിയ ഇൻ ദ ലൈൻ ഓഫ് ഫയറിലുണ്ട്, നായിക നടന്നുപോകുമ്പോൾ പ്രണയമുണ്ടെങ്കിൽ അവളിപ്പോൾ തിരിഞ്ഞുനോക്കുമെന്ന് കരുതുന്ന ക്ലിന്റ് ഈസ്റ്റ് വുഡിന്റെ കഥാപാത്രം.
രാജ് എന്ന പേര് മാത്രമല്ല, ദിൽവാലെ...യിലെ സീനുകൾ പോലും ഷാരുഖ് ഖാനിന്റെ തന്നെ ചെന്നൈ എക്‌സ്പ്രസ് പോലെയുള്ള ചില സിനിമകൾ അതേപടി പകർത്തി. മലയാളത്തിൽ അനിയത്തിപ്രാവിലും ചന്ദ്രനുദിക്കുന്ന ദിക്കിലും ഹൃദയത്തിൽ സൂക്ഷിക്കാൻ എന്ന ചിത്രത്തിലുമൊക്കെ ദിൽവാലേ...യുടെ സ്വാധീനം ആസ്വാദകർ ചികഞ്ഞു.

തിയേറ്റർ വിട്ടുപോകാത്ത സിനിമ

രജതജൂബിലിയിൽ സിനിമയുടെ ലെഗസി നിലനിർത്താനുള്ള പരിപാടികൾ സജീവമാണ്. വിവിധ രാജ്യങ്ങളിലായി ചിത്രം വീണ്ടും റിലീസ് ചെയ്യുകയാണ് യശ് രാജ് ഫിലിംസ്. രാജും സിമ്രനും തമ്മിലറിയാതെ കടന്നുപോയ ലണ്ടനിലെ ലെസ്റ്റർ സ്‌ക്വയറിൽ ഷാരുഖ് ഖാനും കാജോളിനും പ്രതിമകളുയരുകയാണ്. കൗബെൽ ഇമോജി ഇറക്കി ട്വിറ്ററും കൂടെക്കൂടി.

ഇരുപത്തിന്നാലര കൊല്ലം തുടർച്ചയായി ദിൽവാലെ ദുൽഹനിയ ലേ ജായേംഗേ പ്രദർശിപ്പിച്ച മുംബൈയിൽ മാറാത്ത മന്ദിറിൽ സിനിമയുടെ പ്രദർശനം നിർത്തിവെച്ചത് ഈ കോവിഡ് കാലത്ത് മാത്രമാണ്. രജതജൂബിലി ആഘോഷിക്കാൻ പറ്റാത്ത വിഷമം തിയേറ്റർ നിയന്ത്രണങ്ങൾ എടുത്തുമാറ്റുന്നതോടെ തീർക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഉടമകൾ. ആറ് വർഷം മുൻപ് പ്രദർശനം നിർത്താനൊന്ന് ശ്രമിച്ച മറാത്ത മന്ദിറിലേക്ക് ആളുകൾ വൻസംഘങ്ങളായി എത്തി പ്രദർശനം തുടരാൻ നിർബന്ധിക്കുകയായിരുന്നു.

മുംബൈയിലെ മാറാത്ത മന്ദിർ തീയറ്റർ

ബോളിവുഡ് സിനിമയുടെ തലവര മാറ്റിയെഴുതിയ ദിൽവാലെ...യേക്കുറിച്ച് പഠനങ്ങൾ, വിശകലനങ്ങൾ, പുസ്തകങ്ങൾ, ഡോകുമെന്ററികൾ എന്നുവേണ്ട പച്ചകുത്തലുകളും ഡയലോഗുകൾ എഴുതിവെച്ച് ആത്മഹത്യചെയ്യലും വരെയുണ്ടായി. കഴിഞ്ഞ 25 വർഷത്തിനിടെ സിനിമയെ പൊതിഞ്ഞുനിന്ന ആരാധനയിൽ കുതിർന്ന പ്രതികരണങ്ങൾക്കിടയിലും നിരവധി വിമർശനങ്ങളും എതിർപ്പുകളും ഉയർന്നുവന്നു.

ഗൗരവകരമായ, ഇഴപിരിച്ച വിശകലനങ്ങൾ ഇങ്ങനൊരു മുഖ്യധാരാ സിനിമയ്ക്ക് ആവശ്യമുണ്ടോ എന്നതായിരുന്നു ഒരു മറുചോദ്യം. ഒരു വലിയ പറ്റം പ്രേക്ഷകരുടെ ഉള്ളിൽ ചില പിന്തിരിപ്പൻ ധാരണകൾ ഉറപ്പിക്കാൻ ഇടയാക്കുന്ന തരത്തിൽ പൊതുബോധനിർമിതി നടത്തുന്നു എന്നതിനാൽ പലരും ചിത്രത്തെ നിസ്സാരമായി കണ്ടില്ല. കലാമൂല്യമുള്ള സിനിമയെന്ന സങ്കൽപത്തെ പോലും പരിഗണിക്കാതെ അത്തരം സിനിമകൾക്ക് കിട്ടേണ്ടുന്ന ചെറുതും വലുതുമായ ഇടങ്ങൾ പോലും നഷ്ടപ്പെടുത്തുന്ന വിധത്തിൽ ടിപ്പിക്കൽ ബോളിവുഡ് മസാല സിനിമകളെ വിദേശ, സ്വദേശ മാർക്കറ്റുകളിൽ ഇതാണ് ഇന്ത്യൻ സിനിമയെന്ന് ഉയർത്തിക്കാട്ടാൻ ഇടയാക്കിയതിലും ദിൽവാലെ... ഉൾപ്പടെയുള്ള ചിത്രങ്ങൾക്ക് നിസ്സാരപങ്കായിരുന്നില്ല.

അഞ്ച് വർഷം മുൻപ് ദില്ലിയിലെ സിരി ഫോർട്ട് ഓഡിറ്റോറിയത്തിൽ യുഎസ് പ്രസിഡന്റ് ബരാക് ഒബാമ പ്രസംഗിക്കുകയാണ്. പ്രസംഗത്തിനിടെ ദിൽവാലെ...യിലെ ‘ബഡേ ബഡേ ദേശോം മേം...' എന്ന ഡയലോഗ് പറഞ്ഞതും ഓഡിറ്റോറിയം മാത്രമല്ല, ട്വിറ്ററും ലോകമെങ്ങുമുള്ള ആരാധകരും ഇളകിമറിഞ്ഞു.

ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള സംസ്‌കാരിക - സാമൂഹിക - നയതന്ത്ര ഇടപെടലുകളിലും ഇന്ത്യയുടെ മാറിയ മുഖത്തെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നതിലും ദിൽവാലേ...യുടെ സ്വാധീനങ്ങളുണ്ടായി.

ക്ലീഷെകളുടെ സമ്മേളനവും പൊളിറ്റിക്കൽ കറക്ട്‌നെസും

മുഖ്യധാരാ ഹിന്ദി സിനിമകളിലെ എല്ലാ ക്ലീഷെകളും ഒരുമിച്ച് സമ്മേളിച്ച ചിത്രത്തെ ബോളിവുഡിലെ ‘വെൻ ഹാരി മെറ്റ് സാലി'യെന്ന് പോലും പലരും വാഴ്ത്തി. ഇന്ത്യൻ സത്തയും സംസ്‌കാരവും സംരക്ഷിക്കപ്പെടുന്നിടത്തോളം രാജും സിമ്രനും ആകുന്നതിൽ തെറ്റില്ലെന്നാണ് ഷാരുഖ് ഖാൻ ഒരിക്കൽ പറഞ്ഞത്.

ഓരോരോ ഘടകങ്ങളെക്കാൾ എല്ലാം കൂടെ ചേർന്ന് മൊത്തത്തിൽ ഉണ്ടാക്കിയ ഓളമാണ് ദിൽവാലെ... ഈ സിനിമ ഒരു വലിയ പരിധി വരെ ഗൃഹാതുരത്വത്തിന്റെ ബലത്തിലാണ് ഇപ്പോഴും പിടിച്ചുനിൽക്കുന്നതെന്ന് വിമർശകർ കരുതുന്നു. ചിത്രഹാറിൽ ആദ്യം പാട്ടുകൾ കേട്ടുതുടങ്ങിയതും തിയേറ്ററിലോ ടി.വിയിലോ ആദ്യമായി സിനിമ കണ്ടതും തിയേറ്ററിൽ ഇരുന്ന സീറ്റ് പോലും കൃത്യമായി ഓർത്തെടുക്കുകയും ചെയ്യുന്ന മിക്ക പ്രേക്ഷകർക്കും ഇന്നും ലഹരിയാണ് ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ.

‘വരൂ പ്രണയിക്കാം’ എന്ന ടാഗ് ലൈനോടെ വന്ന ചിത്രം ബോളിവുഡ് പ്രേക്ഷകരെ ഇളക്കിമറിച്ചു. രാജിനെപ്പോലൊരു കാമുകനെ സ്വപ്നം കണ്ട പെൺകുട്ടികൾ നിരവധിയുണ്ടായിരുന്നു. ഒന്നല്ലെങ്കിൽ ഒരു അര രാജിനെയെങ്കിലും ജീവിതത്തിൽ പ്രതീക്ഷിച്ചവർ. എത്ര പരിഷ്‌കാരി ആണെങ്കിലും കുടുംബത്തിൽ അച്ഛന്റെയും അമ്മയുടേയും മുന്നിൽകൊണ്ടുനിർത്താനാകുന്ന സിമ്രനെ പോലെ കുലീനയും പരിശുദ്ധയുമായ പെൺകുട്ടിയെ കിട്ടുക എന്നത് യുവാക്കളുടെ അഭിലാഷമായി.

അതേസമയം, നായകനും നായികയ്ക്ക് കല്യാണം നിശ്ചയിച്ച വില്ലനും അസംഖ്യം കാമുകിമാരും പ്രണയബന്ധങ്ങളും ഉണ്ടായിട്ടുണ്ടെന്നുള്ളത് അവർ സ്വാഭാവികമായി കണ്ടു. വേഷത്തിലും പെരുമാറ്റത്തിലും രാജിനെ അനുകരിക്കാൻ ശ്രമിച്ചവർ പലരും ഇന്നും ആ ചിത്രത്തിന്റെ ഹാങ്ങോവറിൽ തന്നെ ജീവിക്കുന്നുണ്ട്. തോൽക്കുമ്പോൾ ഗംഭീരമായി സ്വീകരിക്കുന്ന അപ്പനമ്മമാർ ഉണ്ടായിരുന്നെങ്കിലെന്നും സകലത്തിനും കൂട്ടായി ഒരു സഹോദരിയെ കിട്ടിയിരുന്നെങ്കിലെന്നും ആഗ്രഹിച്ചവരുമുണ്ടായി.

ഒരു ബോളിവുഡ് സിനിമ പല തട്ടുകളിലുള്ള പല തലമുറകളെ സ്വാധീനിച്ചു എന്ന് പറയുമ്പോഴും, വർഷങ്ങൾക്ക് മുൻപ്, പാട്ടുകളും നിറങ്ങളും ആഘോഷങ്ങളും നിറഞ്ഞ ലോകത്ത് മൂന്ന് മണിക്കൂർ ആസ്വദിച്ച് കണ്ട ചിത്രത്തിലെ ഒരു സീൻ പോലും ഇന്ന് തികച്ച് കാണാൻ പറ്റുന്നില്ലെന്ന് പറഞ്ഞവരും നിരവധിയാണ്. ഷാരൂഖ് ഖാനോടുള്ള അഗാധമായ ആരാധനയോടെ ഹൃദയത്തോട് ചേർത്തുവെച്ച് കേട്ട ഡയലോഗുകളിലെ സ്ത്രീവിരുദ്ധത, പെൺകുട്ടിയുടെ ചാരിത്ര്യശുദ്ധിയെ പൊക്കിപ്പിടിച്ച് നടത്തുന്ന പ്രസംഗം, നായികയെ പിന്തുടർന്ന് ശല്യപ്പെടുത്തുന്ന നായകൻ -ഇവയൊക്കെ തിരിച്ചറിഞ്ഞതോടെ സിനിമ ആസ്വദിക്കാനാകാതെ പോയവർക്ക് പക്ഷെ തെല്ലും നിരാശയുമില്ല.

വാട് വിൽ പീപ്പിൾ സേ പോലെയുള്ള ചിത്രങ്ങളും, എന്തിനധികം, പിൽക്കാലത്ത് ഇറങ്ങിയ ബോളിവുഡ് സിനിമകൾ പോലും സമാനവിഷയങ്ങളെ മാനുഷികപരിഗണനയോടെ സമീപിച്ചത് കണ്ട തലമുറയാണ്. ഗിമ്മിക്കുകളിലും സദാചാരത്തിലും പൊതിഞ്ഞ പരിഹാരങ്ങളെ സിനിമയുടെ ഭാഗമായിട്ടാണെങ്കിലും കണ്ടിരിക്കാൻ അവർക്ക് ബുദ്ധിമുട്ടുണ്ട്. പടത്തിൽ എവിടെ തിരിഞ്ഞൊന്നുനോക്കിയാലും പാട്രിയാർക്കിയുടെ പൂണ്ടുവിളയാട്ടമാണല്ലോ എന്ന് പറഞ്ഞവരോടൊക്കെ, സിനിമയിൽ ആ അച്ഛനെക്കൊണ്ട് ‘ജാ സിമ്രൻ ജാ' എന്ന് പറയിപ്പിച്ചില്ലേ, അതല്ലേ മിടുക്ക് എന്ന് പറഞ്ഞ് കണ്ണിറുക്കുന്നു അണിയറക്കാർ.

ബോളിവുഡ് ഒരു ദിവാസ്വപ്‌നമാകുന്നു

അഭിനേതാക്കളുടെ താരമൂല്യം നോക്കി മാത്രം സിനിമ നിർമിച്ച് വിതരണം ചെയ്യുന്ന, വലിയ പുതുമ ഒന്നും അവകാശപ്പെടാനില്ലാത്ത ശുഭപര്യവസായികളായ കഥകളുള്ള, കഥയുമായോ കഥാപശ്ചാത്തലവുമായോ ബന്ധമൊന്നും നിർബന്ധമില്ലാത്ത പാട്ടും നൃത്തവുമുള്ള ചിത്രങ്ങൾ - ബോളിവുഡ് സിനിമയെ ഇങ്ങനെയും നിർവചിക്കാം.

ഒരു ദിവാസ്വപ്നത്തിൽ തുടർന്നും ജീവിക്കാൻ പ്രേക്ഷകരെ കൊതിപ്പിക്കുന്നവയാണ് മിക്കവാറും ബോളിവുഡ് സിനിമകളും. മായാദൃശ്യങ്ങളുടേയും ശബ്ദങ്ങളുടേയും ബഹളം ഒഴിഞ്ഞാൽ പിന്നെയൊന്നും ബാക്കിയില്ലാതെയാകുന്ന അത്തരം സിനിമകളുടെ വർണപ്പകിട്ടിനിടയ്ക്ക് മങ്ങിപ്പോയത് ഇന്ത്യയിലെ യാഥാർത്ഥ്യങ്ങളും ആർജവമുള്ള കഥകളും പറയുന്ന, ഹിന്ദിയിലെ തന്നെ സമാന്തരസിനിമകളും മറ്റ് ഭാഷാസിനിമകളുമായിരുന്നു.

വൻ ബജറ്റിലിറങ്ങുന്ന മുഖ്യധാരാസിനിമകളെക്കാൾ കലാപരമായി മുന്നിട്ട് നിന്ന ആ സിനിമകൾ, വിദേശചലച്ചിത്രമേളകളിൽ ഇന്ത്യയുടെ മുഖമായി. എന്നാൽ ദാരിദ്ര്യവും പട്ടിണിയും അസമത്വവും കാട്ടുന്ന ദൃശ്യങ്ങളിലൂടെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കപ്പെടുന്നതല്ല യഥാർത്ഥ ഇന്ത്യയെന്ന് സാംസ്‌കാരികദേശീയവാദികൾ അവകാശപ്പെട്ടുതുടങ്ങി. രാഷ്ട്രീയവും സാമ്പത്തികവുമായ മാറ്റങ്ങളിലൂടെ രാജ്യം കടന്നുപോയ തൊണ്ണൂറുകളുടെ ആദ്യത്തോടെയാണ് ആഡംബരവും പ്രകടനാത്മകതയും നിറഞ്ഞ ബോളിവുഡ് സിനിമകൾ നാടിന്റെ മുഖം മിനുക്കി കാട്ടാൻ തുടങ്ങിയത്.

1991ലെ സാമ്പത്തിക ഉദാരീകരണത്തോടെ വിപണിനിയന്ത്രണങ്ങൾ കുറഞ്ഞതും വിദേശപ്രത്യക്ഷനിക്ഷേപങ്ങളുടെ ഒഴുക്ക് കൂടിയതും പൊതു, സ്വകാര്യ ജീവിതങ്ങളിലാകെ പ്രതിഫലിച്ചു. വിപണികേന്ദ്രീകൃതമായ ജീവിതക്രമം മനോഭാവങ്ങളെ സ്വാധീനിച്ചപ്പോൾ പൗരർ ആത്യന്തികമായി ഉപഭോക്താക്കളായി. എന്നാൽ സ്വാതന്ത്ര്യത്തിന്റെയും തെരഞ്ഞെടുപ്പിന്റെയും ഭാഷയിലൂടെ സാമൂഹിക അന്തസ്സും ഉന്നമനത്തിനും കൂടിയുള്ള സാധ്യത തുറന്നുകൊടുക്കുകയാണ് ആധുനിക വിപണിയെന്ന് പുതുതലമുറ കരുതി.
സാമ്പത്തിക ഉദാരീകരണം സംസ്‌കാരിക ഇടപാടുകളേയും വിൽപനച്ചരക്കായി കണ്ടു. അത് പുതിയ സാംസ്‌കാരികഘടനകളേയും സ്വപ്‌നങ്ങളെയും അഭിലാഷങ്ങളെയും ഉണ്ടാക്കി. സാംസ്‌കാരിക ദേശീയതയ്ക്കും നിയോ ലിബറൽ നയങ്ങൾ വളമായി.

ആഗോളവത്കരണം, കേബിൾ- സാറ്റ്‌ലൈറ്റ് ചാനലുകളുടെ വരവ്, എം.ടി.വിയുടെ പ്രചാരം - ഇവയെല്ലാം പുതിയതരം ദൃശ്യമാധ്യമസംസ്‌കാരത്തിന് വഴിവെച്ചു. ഇവ സംസ്‌കാരത്തിന് ഭീഷണിയെന്ന് കരുതിയവർ അതേ സങ്കേതങ്ങൾ തന്നെയെടുത്ത് എതിർ ആഖ്യാനങ്ങളും ഉണ്ടാക്കി. സിനിമ കാണുന്ന, സിനിമ നിർമിക്കുന്ന രീതികൾ തന്നെ മാറി. താരനിർമ്മിതികളിലും കുടുംബ പ്രൊഡക്ഷൻ ഹൗസുകളിലും വിതരണങ്ങളിലും പ്രചാരണപരിപാടികളിലും ബോളിവുഡിന് അതുവരെയുണ്ടായിരുന്ന മാനദണ്ഡങ്ങൾ മാറിമറിഞ്ഞു.

പ്രേക്ഷകരുടെ സ്വപ്നങ്ങൾ വിൽക്കുന്ന ബോളിവുഡിന്റെ മുഖം സ്വാഭാവികമായും മാറി. നവ ഉദാരവത്കൃത സമൂഹത്തെ അന്നത്തെ ബോളിവുഡ് സിനിമകൾ പ്രതിഫലിപ്പിച്ചുവെന്ന് മാത്രമല്ല, ആ സിനിമകൾ തിരികെ സമൂഹത്തിൽ സ്വാധീനമായി മാറുക കൂടി ചെയ്തു. അടിസ്ഥാനവർഗത്തെ പാടെ മറന്ന് മധ്യവർഗത്തിന്റേതായ വൈകാരികതയേയും അഭിലാഷങ്ങളേയും ആകുലതകളേയുമാണ് ആ സിനിമകൾ അഭിസംബോധന ചെയ്തതും. ആധുനികമായ ജീവിതരീതികളും ഫാഷനും ബ്രാൻഡുകളും കയ്യെത്തുന്നയിടത്താണെന്ന് തോന്നിപ്പിച്ചു.

ഹൈബ്രിഡിറ്റി എന്ന ആശയത്തോട് ചേർത്ത് ഗാർഷ്യ കാൻക്ലിനി പറയുന്ന ഒന്നാണ് സാംസ്‌കാരിക പുനഃപരിവർത്തനം എന്നത്. ആഗോള സ്വാധീനങ്ങളുണ്ടാകുമ്പോൾ പ്രാദേശിക സംസ്‌കാരങ്ങൾ മിക്കപ്പോഴും നശിക്കുന്നില്ല, പകരം അവർ ആധുനിക മാർഗങ്ങളിലൂടെ പാരമ്പര്യത്തെ ഊട്ടിയുറപ്പിക്കാനാണ് ശ്രമിക്കുക എന്ന് കാൻക്ലിനി പറയുന്നു.

സാംസ്‌കാരിക അധിനിവേശം തടയാൻ പ്രാദേശിക സാംസ്‌കാരികത ഉയർത്തിക്കാട്ടുകയാണ് പ്രതിവിധി എന്നതായിരുന്നു ദിൽവാലെ...യിലും അതിനുശേഷവും ബോളിവുഡ് മുന്നോട്ട് വെച്ച ആശയം. കൂടെ ദേശീയവികാരത്തള്ളിച്ചയും.

ആദ്യ ഇന്ത്യൻ സോഷ്യൽ സറ്റയർ എന്ന് കരുതുന്ന ബിലാൽ ഫെറാത് ഇറങ്ങിയത് 1921ലാണ്. പടിഞ്ഞാറൻ സംസ്‌കാരവുമായി വിദേശത്തുനിന്ന് മടങ്ങുന്നവരും മാറ്റങ്ങളോട് മുഖം തിരിഞ്ഞുനിൽക്കുന്ന ഇന്ത്യൻ സമൂഹവും ഒക്കെ വിഷയമായ ബിലാൽ ഫെറാതിന് എഴുപത് വർഷത്തിന് ശേഷമുണ്ടായ തുടർച്ചയായി കാണാം ദിൽവാലെ...യെ. ‘ഇന്ത്യൻ സംസ്‌കാരത്തെ മലിനമാക്കുന്ന ദുഷിച്ച വിദേശരീതികൾ' കോളോണിയൽ ഭരണകാലത്തെ ബംഗാളി ഹിന്ദു ഭദ്രലോകിന് ഉൾക്കൊള്ളാനാകാത്തതുപോലെ നവ ഉദാരവത്കരണകാലത്ത് ലണ്ടനിൽ നിന്ന് തിരികെ എത്തുന്ന പഞ്ചാബി പ്രവാസിക്കും സ്വീകാര്യമായില്ല.

വിപണി നിർണയിച്ച, വിപണിയെ നിർണയിച്ച ചിത്രം

ഇന്ത്യനായ എല്ലാത്തിനോടും ഗൃഹാതുരത്വമുള്ള പ്രവാസി സമൂഹങ്ങൾ വളർന്ന് വന്നതോടെ വിദേശവിപണി ബോളിവുഡിനും പ്രധാനമായി. ബോളിവുഡ് സിനിമകളുടെ വമ്പൻ ബജറ്റ് മിക്കപ്പോഴും തിരിച്ചുപിടിക്കുന്നത് വിദേശരാജ്യങ്ങളിലെ ഇന്ത്യക്കാരും അല്ലാത്തവരുമായ പ്രേക്ഷകരിലൂടെയായി. ഇന്ത്യൻ ഡയസ്‌പോറയ്ക്ക് വേണ്ടി ഡിസൈൻ ചെയ്യപ്പെട്ട സിനിമകളുണ്ടായി. ദിൽവാലെ...യാണ് അതിന് തുടക്കമായതും.

ഇന്ത്യയ്ക്ക് പുറത്തുള്ള ഇന്ത്യക്കാരുടെ സാംസ്‌കാരിക ഐക്യപ്പെടലും കൂടിയതോടെ അവരുടെ സ്വത്വ പ്രതിസന്ധി, തിരിച്ചുവരവ്, ഗൃഹാതുരത്വം എന്നിവ ബോളിവുഡിന്റെ പ്രിയവിഷയങ്ങളായി. സാംസ്‌കാരിക അടിത്തറയ്ക്ക് ഒരു തട്ടുകേടും വരാതെ ആധുനികതയെ പുണരുന്ന കഥാപാത്രങ്ങൾ നിറഞ്ഞ ബോളിവുഡ് സിനിമകൾ ഇന്ത്യൻ പ്രേക്ഷകർക്കും പ്രവാസിസമൂഹങ്ങൾക്കും ഒരുപോലെ സ്വീകാര്യമായി.

അടുത്ത തലമുറയുടെ പ്രണയങ്ങളിലും വിവാഹങ്ങളിലും മതപരമായ കാര്യങ്ങളിലും പെരുമാറ്റങ്ങളിലും ജന്മനാടിന്റെ സാംസ്‌കാരികതുടർച്ച നഷ്ടമാകുമോ എന്ന് പേടിച്ചുനിന്ന വിദേശത്തെ ഇന്ത്യൻ സമൂഹങ്ങൾക്ക് ആശ്വസിക്കാനുള്ള വക കണ്ടെത്തിക്കൊടുത്തു മിക്ക ബോളിവുഡ് സിനിമകളും. അവരിൽ പലരും കുട്ടികളെ നാടിന്റെ സാംസ്‌കാരിക പാരമ്പര്യം പഠിപ്പിക്കാൻ അത്തരം സിനിമകൾ കാട്ടിത്തുടങ്ങി. ജീവിക്കുന്ന ലോകവും ചുറ്റുപാടുകളും വേഷവും പാശ്ചാത്യമായതുകൊണ്ട് സ്വാഭാവം അങ്ങനെയാകണമെന്നില്ലെന്ന വലിയ ഗുണപാഠം കാട്ടി ദിൽവാലെ... ഉൾപ്പടെയുള്ള സിനിമകൾ അവരെ സമാധാനിപ്പിച്ചു.

മുഖ്യധാരാഹിന്ദി സിനിമകളിൽ ഹിന്ദു കല്യാണങ്ങൾ സ്ഥിരം ഘടകവും മുഖ്യാകർഷണവുമായപ്പോൾ യഥാർത്ഥ കല്യാണങ്ങൾ അതുവരെയുണ്ടായിരുന്ന രീതികളിൽ നിന്ന് മാറി കൂടുതൽ സിനിമാറ്റിക് ആയി. കുടുംബാംഗങ്ങളുടെ തന്നെ നേതൃത്വത്തിൽ നടത്തിയിരുന്ന ചടങ്ങുകളിൽ നിന്ന് സമ്പദ് വ്യവസ്ഥയെ സ്വാധീനിക്കുന്ന വൻ സംഭവങ്ങളായി ഇന്ത്യയിലും വിദേശത്തും കല്യാണങ്ങൾ രൂപകൽപന ചെയ്യപ്പെട്ടു. ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ അവിടെയും വലിയ സ്വാധീനമായി.

സദാചാര, ദേശസ്‌നേഹ, ഗുണപാഠ ഉത്തരവാദിത്തം

യഥാർത്ഥ ജീവിതത്തിൽ പരിമിത സന്തോഷങ്ങൾ മാത്രമുള്ള മനുഷ്യർക്ക്, ദാരിദ്ര്യത്തിന്റേയും കൂടുംബയാഥാർത്ഥ്യങ്ങളുടേയും രാഷ്ട്രീയസങ്കീർണതകളുടേയും പിടിയിൽ നിന്ന് കുറച്ച് നേരത്തേക്കെങ്കിലും രക്ഷപ്പെടാനുള്ള ഇടം മാത്രമാണ് ബോളിവുഡ് സിനിമകളെന്ന് പറയാറുണ്ട്. വിദ്യാഭ്യാസമില്ലാത്ത സാമാന്യജനത്തിന്റെ പരിപാടി സിനിമ കാണൽ മാത്രമാണെന്നും സിനിമ നിർമിക്കൽ ബൗദ്ധികമായി ഉയർന്ന ഉപരിവർഗത്തിന്റെ പണിയാണെന്നും അതിനാൽ സാധാരണക്കാരായ പ്രേക്ഷകർക്കായി സദാചാര, ദേശസ്‌നേഹ, ഗുണപാഠ സന്ദേശങ്ങൾ രൂപീകരിക്കേണ്ടുന്ന ഉത്തരവാദിത്തം സിനിമ നിർമ്മിക്കുന്നവർക്കുണ്ടെന്നും മുഖ്യധാരാസിനിമാവ്യവസായം ഒരു തോന്നൽ ഉണ്ടാക്കി വെച്ചിട്ടുണ്ടെന്ന് സാറ ഡിക്കി, സിനിമ ആന്റ് ദ അർബൻ പുവർ ഇൻ സൗത്ത് ഇന്ത്യ എന്ന പുസ്തകത്തിൽ പറയുന്നു.

സാധാരണക്കാർക്ക് വേണ്ടത് ഉപരിപ്ലവമായ നേരമ്പോക്കുകളാണെന്നും വരേണ്യബുദ്ധിശാലികൾക്ക് പറഞ്ഞിട്ടുള്ള സിനിമ അങ്ങനെയല്ല എന്നുമുള്ള ധാരണ അതിന്റെ തുടർച്ചയാണ്. ഇത്തരം ധാരണകളേയും പ്രതിലോമകരമായ പൊതുബോധത്തേയും മഹത്വവത്കരിക്കുകയാണ് ദിൽവാലെ... പോലെയുള്ള സിനിമകൾ ആഘോഷിക്കപ്പെടുമ്പോഴൊക്കെയും.

രാഷ്ട്രീയ - സാമൂഹ്യ കാരണങ്ങളാൽ പിന്നോട്ട് നടക്കാൻ വെമ്പുന്ന ഒരു സമൂഹത്തിന് മുന്നിൽ ഇന്നും എത്തുന്ന മിക്ക സിനിമകളും ഇങ്ങനൊക്കെത്തന്നെയാണ്. 25 വർഷം മുൻപ് ഇക്കാര്യങ്ങളിലും ട്രെൻഡ് സെറ്ററായി മാറിയ ചിത്രത്തെ സൂക്ഷ്മമായി കാണേണ്ടിവരുന്നത് അതുകൊണ്ടും കൂടിയാണ്.

ഷോലെയ്ക്ക് ശേഷം ഇന്ത്യയുടെ സാംസ്‌കാരിക ബിംബമായി മാറിയ ചിത്രമാണെങ്കിലും കാലാതിവർത്തിയായ ഒന്നായി ദിൽവാലെ...യെ കാണാനാകുമോയെന്ന് സംശയമാണ്. ഒരു വലിയ പറ്റം പ്രേക്ഷകരെ പല അടരുകളിൽ സ്വാധീനിച്ച മുഖ്യധാരാസിനിമയായും ബോളിവുഡിന്റേയും അനുബന്ധവ്യവസായങ്ങളുടേയും ഗതി തീരുമാനിച്ചതിൽ നിർണായകശക്തിയായും ആയിരിക്കണം ചരിത്രം ദിൽവാലെ ദുൽഹനിയ ലേ ജായേംഗെയെ രേഖപ്പെടുത്തുക.

Comments