മനുഷ്യജീവിതം ഇന്നു കാണുന്ന രീതിയിലേക്ക് എത്തിച്ചേർന്നത് സാഹസികമായ ജീവിതയാത്രകളിലൂടെയാണ്. പ്രകൃതിയുടെ പ്രതിഭാസങ്ങളോടും മറ്റ് ജീവജാലങ്ങളോടും നിരന്തരം ഇടപഴകി അത് ആധുനിക ജീവിതക്രമത്തിലെത്തി നിൽക്കുന്നു. ആധുനികതയിലേക്കെത്തിയതോടെ മനുഷ്യരിൽ പ്രകൃതിയുമായുള്ള ബന്ധം അകന്നുതുടങ്ങി. ഈ വിടവ് മനുഷ്യജീവിതത്തെ കൂടുതൽ പ്രതിരോധത്തിലേക്ക് നീക്കികൊണ്ടിരിക്കുന്നു.
എന്നാൽ, പ്രകൃതിയുമായുള്ള ജൈവികബന്ധം വിട്ടുപിരിയാത്ത ജനസമൂഹങ്ങൾ നമുക്കിടയിലുണ്ട്. അതിൽ പ്രധാനികൾ ഇവിടത്തെ ഗോത്രജനതയാണ്. പ്രകൃതി വിഭവങ്ങളിലൂടെയുള്ള ജീവനോപാധിയാണ് ഇതിനെ ചേർത്തുനിർത്തുന്നത്. കാടിന്റെ നിഗൂഢതയും കാട്ടുമൃഗങ്ങളുടെ വേഗതയും അവർ മറികടന്നത് ചുറ്റുപാടുമായുള്ള നിരന്തര സമ്പർക്കത്തിൽ നിന്നുള്ള അറിവിലൂടെയാണ്. പൊതുസമൂഹത്തിലെ ജനങ്ങൾക്ക് ആദിവാസി ജീവിതം വേറിട്ട ഒരു കാഴ്ചയായി നിലനിൽക്കുന്നത് ആധുനികതയെ ആശ്രയിക്കുന്ന ജീവിതക്രമം മൂലമാണ്. കൃത്രിമമായി നിർമിക്കപ്പെടുന്ന ജീവിത സാഹചര്യങ്ങളും വ്യവഹാരങ്ങളും പൊതുസമൂഹത്തെ ഓരോ ദിവസവും പ്രകൃതിയിൽ നിന്നകറ്റിക്കൊണ്ടേയിരിക്കുന്നു. നിങ്ങൾ എ.സി മുറിയിൽ ഉറങ്ങുമ്പോൾ പ്രകൃതി ഒരുക്കുന്ന എ.സിയിൽ ഞങ്ങൾക്ക് കഴിയാൻ കഴിയുന്നു.
ഗോത്ര ജീവിതത്തിലെ സാഹസിക യാത്രകൾക്ക് തുടക്കം കുറിക്കുന്നത് കാട്ടിലെ ജീവിതത്തിൽ നിന്നു തന്നെയാണ്. കൂട്ടമായ ജീവിതം ഞങ്ങൾക്ക് നൽകിയ ആത്മവിശ്വാസവും ഭാഷയിലൂടെയും കലയിലൂടെയും വാർത്തെടുത്ത ഒരുമയും പ്രതിസന്ധികളെ മറികടക്കാൻ പ്രാപ്തരാക്കി. നല്ല രീതിയിലുള്ള കായികശേഷിയും ആയുധ നിർമാണത്തിലെ പ്രാവീണ്യവും വേട്ടയാടുന്ന ഞങ്ങളെ വിദഗ്ധരാക്കി. ഏത് കാട്ടിലൊളിച്ച മൃഗത്തെയും പുറത്തുചാടിക്കാൻ വേട്ടനായ്ക്കളെ പരിശീലിപ്പിച്ചു. ഗോത്രജനതയുടെ ഏറ്റവും വലിയ ശക്തി അവരുടെ ഉന്നവും നിരീക്ഷണ ശേഷിയുമാണ്. കാട്ടിൽനിന്ന് ഇളകിയോടുന്ന കാട്ടുപന്നി ഏതു ദിശയിലേക്ക് പോകുമെന്ന് മനസ്സിലാക്കി തടയുന്നു. ഓടി മറയാൻ ശ്രമിക്കുന്ന പന്നിയുടെ നടയിലേക്ക് കത്തിയമ്പ് എയ്തു തറപ്പിക്കുന്നു. ആദ്യം കൊള്ളിക്കുന്നവർക്ക് ‘നടയും തലയും' നൽകുന്നു.
പണ്ട് കാലത്ത് ഞങ്ങളുടെ ആളുകൾ കടുവയെ പിടിക്കുമായിരുന്നു. എന്റെ ചെറുപ്പത്തിൽ അമ്മയുടെ വീട്ടിൽ വലിയ നരിക്കുന്തങ്ങൾ ഉണ്ടായിരുന്നു.
ഗോത്രജനതയുടെ നായാട്ട് ഒരു സാഹസിക ജീവിതക്രമത്തിന്റെ അടയാളം തന്നെയാണ്. ഈയിടെ വയനാട്ടിൽ കടുവ പുറത്തിറങ്ങി നടക്കുന്നതിനു ചൊല്ലി നാട്ടുകാരും രാഷ്ട്രീയ കക്ഷികളും ചേർന്ന് ‘കലാപം’ ഉണ്ടാക്കാൻ ശ്രമിച്ചു. ഇന്ന് കടുവ പിടുത്തം ഒരു സാഹസിക പ്രവർത്തനമാണ്. കാമറകളും തോക്കേന്തിയവരും എല്ലാം ചേർന്ന് വലിയ സംഘം ഇതിനായി പരിശ്രമിക്കുന്നത് കാണാം. എന്നാൽ പണ്ട് കാലത്ത് ഞങ്ങളുടെ ആളുകൾ കടുവയെ പിടിക്കുമായിരുന്നു. എന്റെ ചെറുപ്പത്തിൽ അമ്മയുടെ വീട്ടിൽ വലിയ നരിക്കുന്തങ്ങൾ ഉണ്ടായിരുന്നു. അപ്പൂപ്പൻ എനിക്ക് നരിയ പിടിക്കുന്ന രീതികൾ പറഞ്ഞുതരുമായിരുന്നു. കുറച്ചാളുകൾ ചേർന്ന് നരിക്കുന്തങ്ങളും വലയുമായി നരിയെ വളഞ്ഞ് പിടികൂടുന്നു. നരിപ്പാട്ടുകളും നരിക്കുന്തങ്ങളും എല്ലാം സാഹസിക വേട്ടയാടലിന്റെ ചിഹ്നങ്ങളാണ്.
അതുപോലെ, ആകാശം മുട്ടി നിൽക്കുന്ന വൻമരങ്ങളിൽ നിന്ന് പെരുതേൻ ശേഖരിക്കുന്ന കാട്ടുനായ്ക്കരും തേൻകുറുമറുമരുമെല്ലാം സാഹസികമായി ജീവനോപാധി കണ്ടെത്തുന്നവരാണ്. ഈ മരങ്ങളിലേക്കുള്ള കയറ്റം ഒരു സാഹസിക പ്രവർത്തിയായി കാണാമെങ്കിലും അവർക്കത് നിത്യവൃത്തിയാണ്. കാടുകളിൽ കഴിയുന്നവർ നിത്യോപയോഗ സാധനങ്ങൾ വാങ്ങുന്നതിനു പോലും കിലോമീറ്ററുകൾ താണ്ടി വരുന്നു. നടവഴികളിൽ പലപ്പോഴും ആനകൾ പതുങ്ങി നിൽക്കാറുണ്ട്. പരിസരത്ത് ആനയുണ്ടെങ്കിൽ ആനച്ചൂര് പിടിച്ച് മാറാനും കണ്ണുവെട്ടിച്ച് ഒളിയാനും കഴിയുന്നു. ദിവസവും കാട്ടിലൂടെയുള്ള ഈ നടപ്പ് അവരുടെ മനോവീര്യത്തെ ഊട്ടിയുറപ്പിക്കുന്നു. വനമേഖലയിൽ കഴിയുന്ന സ്ത്രീകൾ കാട്ടിൽ വിറക് ശേഖരിക്കുവാൻ നിരന്തരം പോകുന്നവരാണ്. കേവലം കത്തിയും കയറുമായി ചെല്ലുന്ന അമ്മമാർ ഒരു സാഹസിക കാഴ്ചയാണ്.
ഗോത്രജനതയുടെ നിർമാണരീതികൾ- ഉമി ചേർത്ത മൺകട്ടയും മുളയും വൈക്കോലും ചേർത്തുവെച്ച് ഉണ്ടാക്കിയ വീടുകൾ, കെണി, സുസ്ഥിര കൃഷി രീതികൾ- ഗോത്ര വിജ്ഞാനത്തിന്റെ ആവിഷ്‌കാരങ്ങളാണ്. ഗോത്രജനതയുടെ അതിസാഹസികമായ ആയോധന പാരമ്പര്യം മിത്തുകളിലും ചരിത്രത്താളുകളിലും പ്രകടമാണ്. വയനാടൻ മേഖല പണ്ട് ഭരിച്ചിരുന്ന ഗോത്ര രാജകുടുംബമായ വേട രാജ്യത്തെ ചതിയിലൂടെയാണ് കുമ്പള നാടിന് കീഴ്‌പ്പെടുത്താനായത്. ആ ചതി നടന്നില്ലായിരുന്നെങ്കിൽ ആദിവാസികളുടെ വിഭവങ്ങൾ ഇത്രയും ഉന്മൂലനം ചെയ്യപ്പെടില്ലായിരുന്നു. ബ്രിട്ടീഷ് പീരങ്കികൾക്കുനേരെ ഗോത്ര ജനത അഴിച്ചുവിട്ട ഗറില്ലായുദ്ധം ചരിത്രത്തിൽ ഇടം പിടിച്ചിട്ടുണ്ട്. കൊടുംകാട്ടിൽ ഒളിച്ചിരുന്ന് ഇലകൾക്കിടയിലൂടെ ശരമഴ പെയ്യിപ്പിച്ച് ബ്രിട്ടീഷ് പടയെ വിരട്ടിയ കാലം കഴിഞ്ഞിട്ട് അധികമായിട്ടില്ല. പനമരം കോട്ടയിൽ തലക്കര ചന്തുവിന്റെ നേതൃത്വത്തിൽ നടന്ന ആക്രമണത്തിൽ 70 ബ്രിട്ടീഷ് പട്ടാളക്കാരുടെ തലകളാണ് കൊയ്തത്. 1812 കുറിച്ചൃരും കുറുമരും കൂടി നടത്തിയ കലാപം സാഹസികമായ ഒരു ചരിത്ര ഏട് തന്നെയാണ്.
കേരള സമൂഹത്തിൽ ഗോത്രജനതയുടെ ഇത്തരം ഇടപെടലുകൾക്ക് വലിയ ശ്രദ്ധ ലഭിച്ചില്ല. ഇതിനു പകരം ഇത്തരം സാഹസികതകൾ മറ്റുള്ളവർ സിനിമകളിലൂടെയും മറ്റും അവതരിപ്പിക്കുമ്പോൾ അതിന് വലിയ സ്വീകാര്യത ലഭിക്കുന്നു.
പ്രകൃതിയുമായി ഇണങ്ങി ജീവിക്കുമ്പോൾ പ്രകൃതിയുടെ ചില താളം തെറ്റലുകളെ കൃത്യമായി മനസ്സിലാക്കി അതിജീവിക്കുക എന്നതാണ് പ്രധാനം. ഗോത്രജനതയുടെ ജീവിതത്തിൽ ഇത് വളരെ പ്രായോഗികമായ ഒന്നുതന്നെയാണ്. കഴിഞ്ഞ പ്രളയകാലത്തെ കണക്ക് പരിശോധിക്കുമ്പോൾ വെള്ളം കയറി ക്യാമ്പിലെത്തിവരിൽ കുറുമരോ കുറിച്യരോ ഉണ്ടായിരുന്നില്ല. കാരണം അവർ കൃത്യമായി ഭൂമിയുടെ കിടപ്പ് നോക്കി വീടുകൾ കെട്ടാൻ സ്ഥലം കണ്ടെത്തി. എന്നാൽ ജന്മിത്വ വ്യവസ്ഥക്കിരയായ പണിയ, അടിയ വിഭാഗക്കാർക്ക് ആദിവാസി എന്ന പേരല്ലാതെ സ്വതന്ത്രമായി ഇടം കണ്ടെത്താൻ സമൂഹം അവസരം നൽകിയില്ല. അതുകൊണ്ട്, സുരക്ഷിത ഇടങ്ങളിലേക്ക് ഇവർക്ക് എത്തിച്ചേരാൻ കഴിഞ്ഞില്ല. എന്നിരുന്നാലും ചുറ്റുപാടുമായുള്ള ബന്ധവും എല്ലാം ഉൾക്കൊള്ളാവുന്ന മനസ്സും ഓരോ തവണയും അതിജീവനത്തിലേക്ക് ഇവരെ നയിക്കുന്നു.
കേരള സമൂഹത്തിൽ ഗോത്രജനതയുടെ ഇത്തരം ഇടപെടലുകൾക്ക് വലിയ ശ്രദ്ധ ലഭിച്ചില്ല. ഇതിനു പകരം ഇത്തരം സാഹസികതകൾ മറ്റുള്ളവർ സിനിമകളിലൂടെയും മറ്റും അവതരിപ്പിക്കുമ്പോൾ അതിന് വലിയ സ്വീകാര്യത ലഭിക്കുന്നു. പുലിമുരുകൻ എന്ന ചിത്രത്തിന്റെ വിജയഗാഥ ഇതിന്റെ നേർക്കാഴ്ചയാണ്. മലയാള സിനിമകൾ പലപ്പോഴും ഗോത്രജനതയെ മോശമായി ചിത്രീകരിക്കുവാനാണ് ശ്രമിച്ചിട്ടുള്ളത്. ബാംബു ബോയ്‌സ് പോലുള്ള ചിത്രങ്ങൾ ഞങ്ങളുടെ സമൂഹത്തെ അപമാനിക്കാൻ ശ്രമിക്കുന്നു.
കേരളത്തിന്റെ സാമൂഹിക- സാംസ്‌കാരിക ജീവിതത്തിൽ ഗോത്രജനത അടയാളപ്പെടുത്തലുകൾ സമൃദ്ധമാണ്. ഇന്നത്തെ പൊതുസമൂഹത്തിന്റെ കാഴ്ചയിൽ സാഹസികം എന്നു തോന്നുന്ന പല കാഴ്ചകളും ഗോത്രജീവിതത്തിൽ അതിജീവന യാത്രയാണ്. ▮
ട്രൂകോപ്പി വെബ്‌സീൻ പാക്കറ്റ് 66-ൽ പ്രസിദ്ധീകരിച്ചത്.