വടക്കേ മലബാറിലെ തൊഴിൽക്കൂട്ടങ്ങളെ നിയന്ത്രിച്ചിരുന്നത് അവരുടെ ഭൂമി ബന്ധങ്ങളായിരുന്നു. ഭൂമിയാണ് അടിസ്ഥാനമായി ഓരോ വിഭാഗത്തിലുമുള്ള വർഗങ്ങളുടെയും ജാതിയുടെയും സാമൂഹ്യനില നിർണയിച്ചിരുന്നത്. ജാതികേന്ദ്രിത സമൂഹമായതുകൊണ്ടുതന്നെ ഈ വേർതിരിവ് ചരിത്രത്തിൽ വന്നു ഭവിച്ചിട്ടുണ്ടാകുക മധ്യകാലഘട്ടത്തിലായിരിക്കും. നാടുവാഴികൾ ഭരിക്കുന്ന കാലം. രാജാക്കന്മാർ അവരുടെ അകമ്പടികളെ നിലനിർത്തി ഭയം ഉൽപ്പാദിപ്പിച്ച കാലം. അകമ്പടിനായനാർമാർ കുറുവടിയും വടിവാളുമായി ദേശഗുണ്ടകളായി വാണിരുന്ന കാലം. ഭൂമിയുടെ മുഴുവൻ അധികാരവും നമ്പൂതിരി ഇല്ലങ്ങൾക്കും അവർ ഉണ്ടാക്കിയെടുത്ത അമ്പലങ്ങൾക്കും വിധേയപ്പെട്ട കാലം. അമ്പലങ്ങൾ വലിയ ചുറ്റുമതിലുകൾകൊണ്ട് മറച്ചിരുന്ന കാലം. സവർണർക്ക് മാത്രം ദൈവവിശ്വാസം കൽപ്പിച്ചിരുന്ന കാലം. തൊട്ടുകൂടായ്മയുടെയും കണ്ടുകൂടായ്മയുടെയും കാലം.
ഏതായാലും രാജവാഴ്ചയുടെയും മൂപ്പുവാഴ്ചയുടെയും സ്വരൂപവാഴ്ചയുടെയും കാലത്തായിരിക്കണം ഭൂമിയുടെ അധികാരം ജാതിവ്യവസ്ഥയുമായും അതിൽ വിന്യസിച്ചിരിക്കുന്ന തട്ടുകളായിട്ടുള്ള ജാതിവിഭാഗങ്ങളുമായും അവരുടെ സ്വത്വനിർമ്മിതിയുടെ അടിസ്ഥാനമായും വർത്തിച്ചിരുന്നത്.
സാമൂഹിക ഇടം ഭൂമിയുടെ നിയന്ത്രണവുമായി രൂപീകരിക്കപ്പെടുന്നതാണ്. ഭൂമിയില്ലെന്ന കാരണത്താൽ സാമൂഹിക- സാംസ്കാരിക ഇടമുണ്ടാക്കിയെടുക്കാൻ കഴിയാതെ പോയ അനേകം മനുഷ്യരുടെ ജാതിക്കൂട്ടങ്ങളാണ് തൊട്ടുകൂടാത്തവർ. അവർ കൂടുതലുണ്ടെങ്കിലും ഇടങ്ങൾ നിശ്ചയിച്ചിരുന്നത് സവർണ ജാതിക്കൂട്ടങ്ങളാണ്. അതിന്റെ കേന്ദ്രബിന്ദു നെൽപ്പാടങ്ങളുടെ ചുറ്റുവട്ടത്തിലും അമ്പല ആരാധനാരൂപങ്ങളുടെ ഉടമസ്ഥതയിലുമായിരുന്നു. കണ്ണെത്താത്ത ദൂരം വരെയുള്ള നെൽപ്പാടങ്ങൾ ഒരു നാടുവാഴിയുടെ ദേശത്തിന്റെ ചിഹ്നമായാണ് വിനിമയം ചെയ്തത്. നെല്ല് നട്ടവരും കൊയ്തവരും മെതിച്ചവരും ബഹുജന ജാതിവിഭാഗങ്ങളാണെങ്കിലും നെൽപ്പാടവും നെല്ലും നെല്ല് വിളയുന്ന ഭൂമിയും നാടുവാഴി ജന്മിത്ത വ്യവസ്ഥിതിയിലെ ഉടമസ്ഥജാതികളുടെ സ്വത്തായിരുന്നു. ഈ സ്വത്തിന്റെ നിയന്ത്രണവും ഉടമസ്ഥതയുമാണ് സവർണരെ നാടുവാഴികളും സവർണ ജാതിജന്മികളുമാക്കി മാറ്റിയത്. ഭൂമി സാമൂഹിക ശക്തിയായി മാറുന്നതും ഈ ശക്തി അധികാരത്തിന്റെ വാളായി വർത്തിക്കുന്നതും ലോകചരിത്രത്തിൽ വിശകലനം ചെയ്തിട്ടുള്ളതാണ്.

ഭൂമി വംശീയമായും ലിംഗപരമായും ജാതിപരമായും വിഭജിക്കപ്പെടുന്നത് അധികാരികളുടെ അളവുകോലുകൾ കൊണ്ടാണ്. അതുകൊണ്ട് കേരളത്തിലെ ഭൂമിയുടെ അവകാശികൾ അതിന്റെ അധികാരികൾ സവർണ വിഭാഗങ്ങളായിരുന്നു. അത് ആണധികാരത്തിന്റെയും സവർണാധികാരത്തിന്റെയും പകർന്നാട്ടമായി കാണാനുമാവും. അതുകൊണ്ടാണ് ഭൂമിയുടെ വിതരണത്തെ കുറിച്ച് മനുഷ്യർ ആകുലപ്പെടുന്നത്. ഭൂപരിഷ്കരണ നിയമം അട്ടിമറിക്കാൻ സവർണ ജാതികൾ ശ്രമിക്കുന്നത് വെറും ഭൂമി നഷ്ടപ്പെടുന്നതുകൊണ്ടല്ല. സാമൂഹിക ഇടം ഉണ്ടായിവരുന്നത് ഭൂമിയിൽ നിന്നാണ്. അതുകൊണ്ട് ഭൂമിയുടെ വിഭജനം സാമൂഹികശക്തിയെയും ഇല്ലാതാക്കുമെന്ന ഭയം മൂലമാണ് എല്ലാതരം ഭൂവിതരണനയങ്ങളെയും സമ്പന്നരും സവർണരും എതിർക്കുന്നത്.
ജാതി അടിമത്തത്തെ ഉണ്ടാക്കുന്നില്ലെന്നും ഉണ്ടെന്നുമുള്ള വാദം കേരള ചരിത്രത്തിലുണ്ട്. ജാതി അടിമകൾ, ജാതി അടിമത്തം എന്നീ സങ്കൽപ്പനങ്ങൾ അത്തരത്തിൽ ചർച്ചയ്ക്ക് വിധേയമാക്കപ്പെട്ടിട്ടുണ്ട്. എന്നാൽ അടിമത്തം പൂർണമായ വിധേയപ്പെടലാണെന്നും അടിമയുടെ ശരീരത്തിന്മേലും തൊഴിലിലും അവന്റെ / അവളുടെ ബന്ധു മിത്രാദികളേക്കാൾ ഫ്യൂഡൽ പ്രഭുവിന് പൂർണാധികാരമുണ്ടെന്നുമുള്ള വാദം അടിമക്ക് ചേരുമെങ്കിലും തൊട്ടുകൂടാത്ത ജാതികൾക്ക് ഈ നിർവചനം സ്വീകാര്യമാകില്ലെന്ന് സാമൂഹിക ശാസ്ത്രജ്ഞർ തർക്കിക്കുന്നുണ്ട്. ഇതൊരു തർക്ക വിഷയമാണ്.
കേരളത്തിൽ ഭൂമിയുടെ കൈമാറ്റത്തോടൊപ്പം ഭൂമിയിൽ പണിയെടുത്തുകൊണ്ടിരുന്ന പുലയരെയും പറയരെയും കുറവരെയും വിറ്റിരുന്നതിന്റെ ചരിത്രം, അടിമകളാണോ തൊട്ടുകൂടാത്ത ജാതികളാണോ കീഴ്ജാതികളെന്ന തർക്കത്തെ വീണ്ടും സങ്കീർണമാക്കുന്നുണ്ട്. യൂറോപ്യൻ ഫ്യൂഡൽ വ്യവസ്ഥയിൽ നിലനിന്നിരുന്ന അടിമത്തമല്ല കേരളത്തിലോ ദക്ഷിണ ഏഷ്യൻ രാജ്യങ്ങളിലോ നിലനിന്നിരുന്ന അടിമത്ത വ്യവസ്ഥയെന്ന് ചരിത്ര ശാസ്ത്രജ്ഞർ വാദിക്കുന്നുണ്ട്. എങ്കിലും തൊട്ടുകൂടാത്ത ജാതിവ്യവസ്ഥ അടിമത്തത്തിന്റെ സവിശേഷതകൾ പേറുന്നുണ്ട്. അമ്മയെയും അച്ഛനെയും മകളെയും മകനെയും ഒരു സാധനം പോലെ വിൽക്കാൻ കഴിഞ്ഞിരുന്ന ചരിത്രവസ്തുതയുടെ അടിസ്ഥാനത്തിൽ, അടിമത്തം കീഴ്ജാതിയുടെ സാമൂഹിക അനുഭവമാണെന്ന് വാദിക്കേണ്ടിവരും.
അടിമത്തത്തെക്കാൾ ഭീകരവും അപമാനകരവുമാണ് തൊട്ടുകൂടായ്മയെന്ന് ഡോ. ബി.ആർ. അംബേദ്ക്കർ അഭിപ്രായപ്പെടുന്നുണ്ട്. തൊട്ടുകൂടായ്മ നിരന്തരമായ ഹിംസയുടെ ഉൽപ്പാദനത്തിലൂടെയാണ് നിലനിൽക്കുന്നത്. ജാതിയുടെ ഘടനയിൽ അത് അവഗണന ഉണ്ടാക്കുന്നു. ജാതിഘടനയുടെ മുകളിലേക്ക് പോകുന്തോറും ബഹുമതിയും അതിന്റെ കീഴ്നിലയിലേക്ക് പോകുന്തോറും അവഗണനയും നിർമ്മിക്കുന്ന ജാതി എല്ലാ വിഭാഗം ജനങ്ങളിലും മനുഷ്യരിലും നിരന്തരം വെറുപ്പും അവഗണനയും ഉണ്ടാക്കുന്നു. അതുകൊണ്ട് ജാതിയിൽ നിന്ന് മോചനം ലഭിക്കാതെ മനുഷ്യർ ജീവിക്കുന്നു. അടിമകൾ അടിമകൾ മാത്രമാണ്. അതിൽ താഴ്ന്ന അടിമകൾ, മുകളിലെ അടിമകൾ എന്നിങ്ങനെയുള്ള തരംതിരിവുകളും വിവേചനങ്ങളും അവർക്കിടയിൽ ഉണ്ടായിവരുന്നില്ല. അതുകൊണ്ട് ഒരടിമ ഏതെങ്കിലും സന്ദർഭത്തിൽ അടിമത്തത്തിൽ നിന്നും മോചനം നേടിയാൽ അന്നുമുതൽ അടിമ അല്ലാതായി തീരാം. എന്നാൽ തൊട്ടുകൂടാത്തവനായി ഒരിക്കൽ ജനിച്ചാൽ പിന്നീട് ഒരു മനുഷ്യന് അതിൽ നിന്ന് മോചനമില്ല. അതുകൊണ്ടാണ് ജാതി അതിഭീകരമായ ഹിംസയുടെ ശ്രേണീബന്ധമാണെന്ന് പറയുന്നത്. അത് ഒരേസമയം ഒരു വർഗവും ജാതിയുമായി നിലനിൽക്കുന്നു. cast-class എന്നു വിളിക്കാവുന്ന തരത്തിൽ ജാതി പ്രതിപ്രവർത്തിക്കുന്നു. ഏണിപ്പടികളില്ലാത്ത കെട്ടിടസമുച്ചയമാണ് ജാതി. അതിൽ അകപ്പെട്ടാൽ പിന്നെ താഴോട്ടോ മേലോട്ടോ സഞ്ചരിക്കാനുള്ള വഴികളില്ല. തൊട്ടുകൂടാത്ത ജാതികൾക്ക് വിലക്കപ്പെടുന്നത് വെറും സ്വത്ത് മാത്രമല്ല. നേരെ നിവർന്നുനിൽക്കാനുള്ള സ്വാതന്ത്ര്യമാണ്.

ചെറുജന്മാവകാശിയായ അച്ഛൻ
ചെറുജന്മാവകാശികളാണ് ഉത്തര കേരളത്തിൽ തെയ്യം വിവിധ കാവുകളിൽ അരങ്ങേറുന്നതിന്റെ ആദ്യത്തെ ഉത്തരവാദി. ദേശത്തിലെ മലയനും വണ്ണാനും പുലയനും വേലനും മാവിലാനും ചെറുജന്മാവകാശികളാണ്. തെയ്യ നിർവഹണത്തിനായി അടയാളം സ്വീകരിച്ച് തെയ്യങ്ങൾ നിവർത്തിച്ചുകൊള്ളാമെന്ന് വെത്തിലതാലത്തിൽ ദക്ഷിണയും വാങ്ങി കാവുടമകൾക്കും ദേശത്തിലെ അംഗങ്ങൾക്കും ഉറപ്പ് കൊടുക്കുന്ന ചടങ്ങാണ് അടയാളം വാങ്ങൽ. തെയ്യങ്ങൾ നടത്തുക എന്നത് ഒരവകാശമായി സ്വീകരിക്കുന്നതാണ് ഈ ചടങ്ങിന്റെ അർത്ഥം.
ചുരുക്കത്തിൽ, ദേശത്തിലെ ജാതിത്തറവാട്ടിലെ തെയ്യങ്ങൾ കെട്ടിയാടാനുള്ള ഉത്തരവാദിത്തം കീഴാള ജനതയുടെയും കുടുംബത്തിന്റെയും കടമയായി ഈ അടയാളവും ചെറുജന്മസ്ഥാനവും മാറുന്നു. തെയ്യങ്ങൾ തുടങ്ങുന്നതിന് മാസങ്ങൾക്കു മുമ്പ് അടയാളങ്ങൾ വാങ്ങി തെയ്യത്തിനാവശ്യമായുള്ള ചെണ്ടക്കാരെയും ഇലത്താളക്കാരനെയും കുറുംകുഴൽക്കാരനെയും തെയ്യം കെട്ടിയാടുന്നവനെയും നേരിൽ കണ്ട് അവർക്ക് ദക്ഷിണ കൊടുത്ത് ദേശത്തിലെ കാവുകളിലെ തെയ്യത്തിന്റെ നടത്തിപ്പുകാരനും തെയ്യക്കാരനും വാദ്യക്കാരനുമൊക്കെയായി മാറുന്ന കടമയെയാണ് ചെറുജന്മാവകാശി എന്നു പറയുന്നത്. ജാതിക്കടമകളുടെ നിർവഹണമാണ് ചെറുജന്മം.
കാവിൽ തെയ്യം തുടങ്ങുന്നതുമായി ബന്ധപ്പെട്ട് സവിശേഷമായ ചെണ്ടവാദ്യം തുടങ്ങുന്നതിനു മുന്നേ എന്റെ അച്ഛൻ കാവുടമകളുടെ പള്ളിയറയ്ക്ക് മുന്നിൽ താണു കുനിഞ്ഞ്, "അടിയൻ തെയ്യത്തിന്റെ അടിയന്തരം നിവർത്തിക്കുവാൻ പോകുന്നു" എന്ന് ഉച്ചത്തിൽ ഉരിയാടും. അതിന് അരിയെറിഞ്ഞ് സമ്മതമറിയിക്കും കാവധികാരികൾ അഥവാ തെയ്യ തറവാട്ട് കാരണവന്മാർ. അച്ഛന്റെ വിധേയപ്പെടൽ ദൈവത്തിന്റെ മുന്നിലോ അതോ കാവധികാരികളുടെ ജാതിക്കോയ്മയ്ക്കു മുന്നിലോ എന്നത് ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമാണ്.
എന്തായാലും വടക്കേ മലബാറിലെ തെയ്യക്കാവുകളിൽ തെയ്യം നിവർത്തിക്കുവാനായി ഇന്നും ഓരോ അച്ഛന്മാർ താണു വണങ്ങി നിൽക്കുന്നുണ്ട്. ജന്മാരിപട്ടമെന്ന് ആചാരവട്ടം നൽകി തെയ്യക്കാരുടെ ജാതിക്കടമ അവരുടെ അദ്ധ്വാനത്തിലൂടെയും പാരമ്പര്യ കലാനിപുണതയിലൂടെയും സ്വായത്തമാക്കാൻ ജാതിത്തറവാട്ടുകാർക്ക് കഴിയുന്നുണ്ട്.
തിയ്യ തറവാട്ടിലെ തെയ്യത്തിന്റെ പരികർമ്മിയാണ് എമ്പ്രാ എന്ന് വിളിക്കുന്ന കുഞ്ഞാണൻ. കുഞ്ഞാണനും അച്ഛനും സുഹൃത്തുക്കളാണ്. അവർ ഒന്നിച്ച് കള്ള് കുടിക്കും. തമാശകൾ പറയും. അച്ഛന്റെ പുരയിടത്തിലെ അഞ്ച് തെങ്ങിലെ തേങ്ങ പാട്ടത്തിന് വാങ്ങിയിരിക്കുന്നതും കുഞ്ഞാണനാണ്. തെയ്യക്കാവിലെ ഉൽസവത്തിൽ പക്ഷെ കുഞ്ഞാണൻ തീർത്തും എമ്പ്രാനായി. മാത്രം മാറും. അച്ഛൻ വെറും തെയ്യക്കാരൻ. ചെറുജന്മാവകാശിയായി മാറിയ അച്ഛൻ ഈ എമ്പ്രാനെ തെയ്യക്കാവിൽ വെച്ച് തൊഴുത് അടയാളവും തെയ്യവും നിവർത്തിക്കണം. തേങ്ങയ്ക്ക് കാശു തരുന്നില്ലെന്ന വർത്തമാനം പറച്ചിലിലുണ്ടാവുന്ന അഭിപ്രായ വ്യത്യാസങ്ങളിലും അവർ തെരുവിൽ തർക്കിക്കും.
പക്ഷെ അച്ഛൻ തെയ്യമായാൽ എമ്പ്രാനായ കുഞ്ഞാണൻ തൊഴും. അച്ഛൻ ജന്മാരിയായി ആ കാവിലെ എല്ലാവരെയും തൊഴു കൈയ്യോടെ നിൽക്കും. അനുഷ്ഠാനത്തിൽ ജാതിക്കടമകൾ തകിടം മറിയും. അപ്പോഴും തെയ്യം കെട്ടുജാതികളുടെ സാമൂഹികനില മാറ്റമില്ലാതെ തുടരും. ചെറുജന്മാവകാശിപ്പട്ടം പാരമ്പര്യമായി ലഭിച്ച അമൂല്യ സ്ഥാനമാണെന്ന ധാരണയിൽ അവർ ചോര നീരാക്കി കാവുകളിലെയും ജാതി തറവാട്ടുകളിലെയും തെയ്യങ്ങൾ കെട്ടിയാടുകയും ചെണ്ടകൾ അത്യുച്ചത്തിൽ കൊട്ടുകയും ഉറഞ്ഞു തുള്ളുകയും ചെയ്യും.

ചെറുജന്മം തെയ്യം കെട്ടുന്ന ജാതികൾക്ക് മാത്രമായ ജാതി തൊഴിലല്ല. അത് എല്ലാ ജാതികളിലും പ്രവർത്തിക്കുന്നുണ്ട്. ഉദാഹരണത്തിന് ദേശത്തെ ഒരു തറവാട്ട് തെയ്യത്തിനാവശ്യമായ വെളിച്ചെണ്ണ കാവിലെത്തിക്കേണ്ടത് ദേശത്തെ വാണിയ ജാതിയുടെ കടമയാണ്. അവരുടെ സ്ത്രീകളാണ് തെയ്യത്തിന്റെ തീപ്പന്തത്തിനാവശ്യമായ അലകുകൾ പിച്ചാത്തി കൊണ്ട് ചെത്തി മിനുക്കുന്നത്. തെയ്യത്തിന്റെ ആടയാഭരണത്തിന് അനിവാര്യമായ കുരുത്തോല കാവിലെത്തിക്കേണ്ടത് ദേശത്തിലെ തെങ്ങുകയറ്റക്കാരനായ തിയ്യന്റെ കടമയാണ്. തെയ്യത്തിന്റെ തിരുവായുധം പണിയുന്നത് കൊല്ലനാണ്. സ്വർണത്തിലുള്ള പണിതു കൊണ്ടുവരേണ്ടത് ദേശ തട്ടാനാണ്. ഇങ്ങനെ ഒരു തറവാട്ടിലെ തെയ്യത്തിന് ആവശ്യമായ എല്ലാ വിഭവങ്ങളും അദ്ധ്വാനവും സമയവും വിധേയപ്പെടലും ഓരോ തൊഴിൽക്കൂട്ടങ്ങൾ ജാതിക്കടമയായി നിവർത്തിക്കുന്ന ജാതിയുടെ സാമൂഹിക പെരുമാറ്റത്തിന്റെ പേരു കൂടിയാണ് ചെറുജന്മം. ജന്മം നമ്പൂതിരിക്കും കാണവും പാട്ടവും മധ്യജാതികൾക്കും.
ചെറുജന്മം ചെറുതൊഴിൽക്കൂട്ടങ്ങളായ ജാതികളുടെ ജാതിക്കടമയാണ്, കുടുംബ നിയോഗമാണ്. അതുകൊണ്ട് ഒരു തറവാട്ടിലെ തെയ്യം ആ തറവാട്ടിലെ അംഗങ്ങളെ ഒന്നിച്ച് ഒരിടത്തേക്ക് കൂട്ടിക്കൊണ്ടുവരുമ്പോൾ ആ കൂടിച്ചേരൽ സാധ്യമാക്കുന്നതിൽ നിർണായക പങ്കാണ് തെയ്യത്തിനുള്ളത്. അതോടൊപ്പം അത് ഭൗതികമായും ആത്മീയമായും സാധ്യമാകുന്നത് ചെറുജാതികളായ അനേകം തൊഴിൽക്കൂട്ടങ്ങളുടെ അദ്ധ്വാനത്തിന്റെ ഫലമാണ്. ചെറു ജാതിക്കൂട്ടങ്ങൾ തറവാടുകളിലെ തെയ്യങ്ങളെ അവരുടെ തെയ്യങ്ങളായി കണ്ട് അവരുടെ കുടുംബങ്ങളിലെ ചെറുതും വലുതുമായ അംഗങ്ങളെ തെയ്യ നിർവഹണത്തിനായി വിനിയോഗിക്കുന്നു. ഈ അദ്ധ്വാനം എളുപ്പത്തിൽ ലഭിക്കാനായി ചെറുജന്മാവകാശപ്പട്ടം പട്ടും വളയും നൽകി ദേശാചാരസ്ഥാനം നൽകി പെരുപ്പിച്ച് കാണിക്കുന്നു. പട്ടും വളയും എന്ന ആചാരസ്ഥാനത്തിനായി തെയ്യക്കാർ മത്സരിക്കുമ്പോൾ മറ്റു തൊഴിൽക്കൂട്ടങ്ങൾ കാലാന്തരത്തിൽ അപ്രത്യക്ഷരാകുകയും എളുപ്പത്തിൽ ജാതിയുടെ കെട്ടിയാടലുകളിൽ നിന്നും മോചിതരാകുകയും ചെയ്യുന്നു.
എന്നാൽ കള്ള് കാവിലെത്തിക്കുന്ന തിയ്യനോ എണ്ണ കൊണ്ടുവരുന്ന വാണിയനോ അനുഷ്ഠാനപരമായി മുഴുവൻ സമയവും തെയ്യത്തിനാവശ്യമില്ല. തെയ്യക്കാവധികാരികൾക്കും ആവശ്യമില്ല. അവരുടെ കടമ നിർവഹിച്ചാൽ അവർക്ക് പിന്മാറാം. എന്നാൽ തെയ്യം കെട്ടുന്ന ജാതികൾക്ക് തെയ്യം തുടങ്ങുന്നതു മുതൽ അവസാനിക്കുന്നതു വരെയും അത് കഴിഞ്ഞും തറവാട്ടിലെ അനുഷ്ഠാനവുമായി ബന്ധപ്പെട്ടിരിക്കുന്നതുകൊണ്ട് ചെറുജന്മാവകാശം പൊട്ടിക്കാൻ പറ്റാത്ത വിധത്തിൽ ജാതിസമൂഹവുമായി ഉൾച്ചേർന്നിരിക്കുന്നു. അതുകൊണ്ടാണ് എത്ര ആധുനികമായ തെയ്യക്കാരനാണെങ്കിലും തെയ്യക്കാവിൽ അവൻ / അവൾ വെറും ഒരു ജാതിശരീരമായി ചുരുങ്ങുന്നത്. അതിനെ വേണ്ടുവോളം ചൂഷണം ചെയ്യുവാൻ തെയ്യം കെട്ടിക്കുന്ന ജാതി തറവാട്ട് അംഗങ്ങൾക്ക് കാലാകാലത്തോളം കഴിയുന്നുമുണ്ട്. തെയ്യത്തിന്റെ പ്രതിഫലം കോളായി ഇന്നും നിലനിൽക്കുന്നതിന്റെ അടിസ്ഥാനം ചെറുജന്മാവകാശമാണ്.
ചെറുജന്മാവകാശമുള്ളവർക്ക് അതായത് ചെറുജാതി തൊഴിൽ വിഭാഗങ്ങളുടെ സേവനം യഥാവിധി സ്വീകരിക്കുമ്പോഴും അവർക്ക് നിയതമായ പ്രതിഫലം ആവശ്യപ്പെടാനാവാത്ത വ്യവസ്ഥയാണ് ചെറുജന്മം. ജാതിമര്യാദകളും കടപ്പാടുകളുമാണ് ഈ വ്യവസ്ഥയെ നയിക്കുന്നത്. തെയ്യക്കാവുകളിൽ പണ്ടു കാലത്ത് തെയ്യക്കാർക്ക് കൊടുത്തിരുന്ന കോളിന്റെ പ്രതിഫലത്തിന്റെ തുക എഴുതിവെച്ചിട്ടുണ്ടാവും. അത് വളരെ തുച്ഛമായ തുകയായിരിക്കും. അതിൽ സാധനങ്ങളുടെ പേരും ലഭിക്കും. തെയ്യത്തിന് നിവേദിച്ച വിഭവങ്ങൾ, തേങ്ങ, കള്ള്, അരി, അടക്ക, വെത്തില എന്നിവയോടൊപ്പം അറുത്ത കോഴിയുടെ തല എന്നിവയും തെയ്യക്കാരുടെ പങ്കായി കാണും. ചുരുക്കിപ്പറഞ്ഞാൽ സവർണ തറവാട്ടുകാരുടെ സേവനദാതാക്കളായി പണിയെടുക്കുന്ന ചെറുജാതിക്കൂട്ടങ്ങളാണ് ഈ വ്യവസ്ഥയിൽ പ്രധാനമായും വരിക.

മധ്യകാല ദേശങ്ങൾ നാടുവാഴി തറവാട്ടുകാർ ഭരിക്കുന്ന കാലത്ത് ദേശങ്ങളെ ചെറുജന്മങ്ങളായി തരംതിരിച്ചിരുന്നു. പ്രകൃതിയുടെ സവിശേഷതകൾ വർണിച്ചാണ് ഈ ദേശങ്ങളെ നിർവചിക്കുക. കുന്നിന് താഴെയും പുഴയുടെ വടക്കും തോടിന് തെക്കുമുള്ള ദേശത്ത് ആശാരിപ്പണി, തട്ടാൻപണി, സ്വർണപ്പണി, വിവിധ അനുഷ്ഠാനങ്ങളുടെ നിവർത്തിക്കൽ നടത്തുന്ന പണികൾ, ദേശത്തെ പ്രസവമെടുക്കൽ, തച്ചുമന്ത്രം അരിയും ഭസ്മവും എന്നിങ്ങനെ നാനാതരത്തിലുള്ള തൊഴിലുകൾ ചെയ്യുവാനായി വിവിധതരം കുടുംബങ്ങൾക്ക് അവകാശമുള്ളതായി അറിയിക്കും. ദേശത്തിന് പുറത്തുള്ള കുടുംബങ്ങളിലെ ചെറുജന്മാവകാശി മറ്റൊരു ദേശത്ത് ഇത്തരം തൊഴിലുകൾ നിവർത്തിക്കണമെങ്കിൽ ആ ദേശത്തെ ചെറുജന്മാവകാശിയുടെ സമ്മതം ആവശ്യമാണ്. ഇത് ദേശജാതി മര്യാദയായി നിലനിൽക്കും.
ഇത്തരത്തിൽ സേവനജാതികളുടെ തൊഴിൽ മറ്റൊരു ദേശത്തിലെ ചെറുജന്മാവകാശമുള്ളവർ നടത്തുകയാണെങ്കിൽ അത് പരാതിയായി ദേശമുഖ്യന്മാരുടെ മുന്നിലോ ദേശത്തെ സവർണ തറവാട്ടിലോ അറിയിച്ചാൽ പ്രശ്നപരിഹാരം നിർദ്ദേശിക്കുന്നത് ഇത്തരം തറവാട്ടുകാരാണ്. ഇതൊക്കെ നിയന്ത്രിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നത് പുരുഷന്മാർ തമ്മിലായിരിക്കും. ചെറുജന്മാവകാശി സേവനജാതി കുടുംബത്തിലെ മുതിർന്ന പുരുഷനായിരിക്കും. അദ്ദേഹത്തിന്റെ ഉത്തരവാദിത്തവും കടമയുമായിരിക്കും. നാടുവാഴി തറവാട്ടുകാർക്ക് ആദ്യം ഇത്തരം സേവനങ്ങൾ നൽകണം. പിന്നീട് ജാതിശ്രേണി ബന്ധത്തിനനുസരിച്ച് കീഴോട്ട് ക്രമപ്രകാരം ചെയ്യുവാനായി ദേശവഴക്കം നിർബന്ധിക്കും. ഉദാഹരണത്തിന് വടക്കേ മലബാറിൽ കർക്കടക മാസത്തിൽ വേടൻ പാട്ടും മറ്റ് അനുബന്ധ അനുഷ്ഠാനങ്ങളും നിർവഹിക്കേണ്ടി വരുമ്പോൾ ആദ്യം ഈ അനുഷ്ഠാനം നിർവഹിക്കേണ്ടത് ദേശത്തെ സവർണ തറവാട്ടിലായിരിക്കണം. പിന്നെ അതേ ജാതിത്തറവാട്ടിലെ മറ്റ് കുടുംബങ്ങളിലും പിന്നീട് മറ്റ് കീഴ്ജാതി കുടുംബങ്ങളിലും ജാതി നിലയും സാമ്പത്തികനിലയും നോക്കി നടപ്പിലാക്കേണ്ടിവരും. കോതാമൂരിയാട്ടം, കാലൻപാട്ട് എന്നിങ്ങനെ ഓരോ അനുഷ്ഠാന നിർവഹണവും ദേശത്തിനുള്ളിലും തറവാട്ടുകാരുടെ ജാതിമഹിമ മാനിച്ചും നിർവഹിക്കുകയെന്നത് ചെറുജന്മാവകാശിയുടെ കടമയാണ്. അത് തെറ്റിച്ചാൽ സവർണ തറവാട്ടംഗങ്ങൾ പരാതിയുമായി വരുന്ന സന്ദർഭങ്ങൾ നിരവധിയായിരുന്നു.
ആശാരിപ്പണിയിലാണ് ചിലപ്പോൾ തർക്കങ്ങൾ ഉണ്ടാകുക. ദേശത്തെ ആശാരി വീട് പണി കഴിപ്പിക്കുമ്പോൾ സവർണ തറവാട്ടിൽ ആദ്യം ജോലി ചെയ്യുകയും ചിലപ്പോൾ സമാന ജാതി സാമ്പത്തിക നിലയുള്ള അടുത്ത കുടുംബത്തിൽ ആശാരിപ്പണി വെറുതെയൊന്ന് തുടങ്ങി വെക്കാൻ പോയെന്നും വരാം. പണി നഷ്ടപ്പെടാതിരിക്കാൻ തുടങ്ങിവെക്കുകയെന്നത് തൊഴിൽക്കൂട്ടങ്ങളുടെ ഒരു രീതിയാണ്. പണി പിടിക്കലാണത്. ഇതിലും തർക്കങ്ങളുണ്ടാകാം. അതേ തുടർന്ന് ദേശവിലക്കും ഊരുവിലക്കും ആശാരിമാർക്ക് കൽപ്പിക്കാൻ സവർണ തറവാട്ടുകാർക്ക് കഴിയുകയും ചെയ്യും. തട്ടാൻമാരുടെ സ്വർണപ്പണിയിലും തെങ്ങ് കെട്ടലും പറമ്പ് കിളക്കലും വെളിച്ചെണ്ണ ഉണ്ടാക്കുന്നതിലും വിതരണം ചെയ്യുന്നതിലും വരെ തറവാടിന്റെ പരിഗണനകൾ അനിഷേധ്യമാണ്.
ദേശാധികാരം മറ്റ് ജാതികളെ നിയന്ത്രിക്കുന്നതിലും അവരുടെ കുടുംബങ്ങളിൽ നടക്കേണ്ടുന്ന പ്രവർത്തനങ്ങളെ പറ്റിയും അഭിപ്രായം പറയാനുള്ള അധികാരം സവർണ തറവാടുകൾ കൈയ്യാളിയിരുന്നു. ഈ തറവാട്ടിലെ അകമഴിഞ്ഞ സമ്മാനങ്ങളിലൂടെയാണ് ചെറുജാതികൾ അവരുടെ വിശേഷപ്പെട്ട ചടങ്ങുകൾ നടത്തുന്നത്.
ഉദാഹരണത്തിന്, കീഴ്ജാതി കുടുംബങ്ങളിൽ കല്ല്യാണം നടക്കുകയാണെങ്കിൽ അതിനാവശ്യമായ തേങ്ങയും മറ്റ് വിഭവങ്ങളും ചെറുജന്മാവകാശിക്ക് സമ്മാനമായി തിരിച്ചുകൊടുത്തും ഈ ആശ്രിതത്വം നിലനിർത്തും. ശക്തമായ തറവാടുകൾ ചെറുജന്മാവകാശിയുടെ അഭിമാനമായിട്ടു കൂടി നിലനിർത്തും. തറവാട്ടിൽ നടത്തുന്ന കളിയാട്ടങ്ങൾ ആ തറവാട്ടിലെ ദൈവങ്ങളുടെ കെട്ടിയാടലുകളാണ്. കുലത്തെയ്യങ്ങൾ ജാതി തെയ്യങ്ങളായി തറവാട്ട് ഭൂമിയിൽ നിറഞ്ഞാടുമ്പോൾ ദേശത്തെ കീഴ്ജാതി വിഭാഗങ്ങൾ അത് അവരുടെ ദൈവമായും ഉത്സവമായും അംഗീകരിക്കുന്നു. കീഴ്ജാതികൾ മറ്റുള്ളവരുടെ കാവുകളിൽ ഉത്സവം നടക്കുമ്പോൾ അത് സ്വന്തം ഉത്സവമായി കണ്ട് അതിന്റെ പൂർത്തീകരണത്തിന് കൈമെയ്യ് മറന്ന് അദ്ധ്വാനിക്കുന്നു. ചെറുജന്മാവകാശത്തിന്റെ വ്യവസ്ഥാപിതമായ തുടർച്ചകൾ ഇന്നും വടക്കേ മലബാറിലെ സാമൂഹിക ഘടനയിൽ ദർശിക്കാം. വ്യവസ്ഥയുടെ കാഠിന്യം കാലാന്തരത്തിൽ രൂപാന്തരപ്പെട്ടെങ്കിലും അതിന്റെ സൂക്ഷ്മരൂപങ്ങൾ പല തരത്തിലും ഭാവത്തിലും പുനരുൽപ്പാദിപ്പിക്കപ്പെടുന്നുണ്ട്. സാമൂഹികവും ചരിത്രപരവുമായ ഇടർച്ചകൾ ഈ വ്യവസ്ഥയ്ക്കുണ്ടെങ്കിലും ചില തുടർച്ചകൾ കാണാമെന്ന് സാരം.
നമ്പൂതിരി, നമ്പ്യാർ, നായർ തറവാടുകൾ ദേശത്തെ വാഴുകയും വാണിയ, മണിയാണി, ആശാരി, തട്ടാൻ, സെറാപ്പ് (സ്വർണപ്പണിക്കാരൻ), കൊല്ലൻ, വണ്ണാൻ, മലയൻ, വേലൻ എന്നിങ്ങനെ ദേശത്തുള്ള ജാതിവിഭാഗങ്ങളുടെ സേവന തൊഴിൽ നിയന്ത്രണം ജാതീയമായി കേന്ദ്രീകരിക്കുകയും കീഴ്ജാതി തൊഴിൽ വൈദഗ്ധ്യത്തെ തങ്ങളുടെ ജീവിത സൗകര്യത്തിനും അധികാര നിർമ്മിതിക്കും ദിനം തോറും ഉപയോഗിക്കുകയും തൊഴിൽ നിയന്ത്രണങ്ങളും ഊര് വിലക്കും മറ്റ് ശിക്ഷാ സമ്പ്രദായങ്ങളും നടപ്പിലാക്കിയും ശ്രേണീകൃതമായ ജാതികളെ ഭയപ്പെടുത്തി നിലനിർത്തുന്ന അനേകം സാമൂഹിക വ്യവഹാരങ്ങൾ ഉണ്ടാക്കിയും ഹിംസാത്മകമായും ചിലപ്പോൾ തലോടിയും അധികാരം നിലനിർത്തുന്ന ഒരു സാമൂഹിക വ്യവസ്ഥയായി ചെറുജന്മാവകാശത്തെ നിർവചിക്കാം.

ദേശത്തെ ഏക അംഗീകാരം ചെറുജന്മാവകാശത്തിന്റെ പാലനത്തിലൂടെ മാത്രം നിലനിൽക്കുന്നതുകൊണ്ട് ഓരോ സേവന ജാതികളും അവരുടെ ദേശം നഷ്ടപ്പെടാതിരിക്കാൻ ശ്രമിക്കും. ചെറുജന്മാവകാശം ഏതെങ്കിലും തരത്തിൽ നഷ്ടപ്പെടുന്നുവെങ്കിൽ അത് ആത്മാഭിമാനത്തിന്റെ മുറിവായി കണ്ട് മനോവിഷമത്തിലാകുന്നവർ ഇന്നും ഉത്തര കേരളത്തിലുണ്ട്. ഇതിന്റെ കാഠിന്യം നാടുവാഴി ജന്മിത്ത ജാതി വ്യവസ്ഥയിൽ അതിതീവ്രമായി പ്രവർത്തിച്ചു കാണും. അതുകൊണ്ടാണല്ലോ ഈ ഉത്തരാധുനിക കാലത്തും ചില ജാതിക്കൂട്ടങ്ങൾ ചെറുജന്മാവകാശത്തിനായി മത്സരിക്കുകയും അതിന്റെ നഷ്ടം അഭിമാനനഷ്ടമായി കണക്കാക്കുന്നതും.
കളിയാട്ടത്തിന്റെ സന്ദർഭത്തിലാണെങ്കിൽ തറവാട്ട് കാവിലെ തെയ്യത്തിന് ആവശ്യമായി എല്ലാ തൊഴിലുകളും നിവർത്തിക്കേണ്ടത് ഈ ചെറുജാതി വിഭാഗങ്ങളാണ്. തെയ്യങ്ങൾ ഏതൊക്കെ, ആരൊക്കെ കെട്ടിയാടണം, കോലക്കാരൻ, കോമരം, കലശം എന്നിവയുടെ പ്രധാന കാര്യവാഹകൻ ആരൊക്കെ എന്നെല്ലാം തീരുമാനിക്കുന്നത് പ്രധാനമായും തറവാട്ട് കാരണവന്മാരാണ്. അവരുടെ ഇംഗിതങ്ങൾ ഇഷ്ടാനിഷ്ടങ്ങൾ ഈ തീരുമാനത്തെ സ്വാധീനിക്കും. ഏറ്റവും കൂടുതൽ ഭവ്യതയുള്ള ആൾക്കാരെയാണ് പൊതുവിൽ അധികാരികൾക്കിഷ്ടം. അതുകൊണ്ട് കീഴ്നിലയിൽ വിധേയപ്പെട്ട് നിൽക്കുന്നവരോട് അധികാരികൾക്ക് പ്രത്യേക മമത ഉണ്ടാകും. ഇതിന് ദേശത്തെ കണിയാനും (ജ്യോതിഷം) പങ്കുണ്ട്.
കണിയാന്റെ സേവനം ചെറുജന്മാവകാശത്തിന്റെ മര്യാദകൾക്കുള്ളിലാണ്. കണിയാനും തറവാട്ടുകാരുടെ കാരുണ്യത്തിൽ കഴിയുന്നവരായിരിക്കും, കണിയാന്റെ വാരിവെക്കലിൽ പ്രത്യക്ഷപ്പെട്ട തെരഞ്ഞെടുപ്പാണെന്ന് കണിയാൻ ശാസ്ത്രപ്രകാരം പറയുമെങ്കിലും തറവാട്ട് കാരണവരുടെയും കാരണോത്തികളുടെയും ഇഷ്ടങ്ങളാണ് നടപ്പിലാവുക. തെയ്യക്കാരൻ, ചെണ്ടക്കാരൻ, കലശക്കാരൻ എന്നിവയൊക്കെ ഈ ഇഷ്ടത്തിനനുസരിച്ച് മാറാം. എങ്കിലും തെയ്യത്തിന്റെ കോലക്കാരനെ തീരുമാനിക്കാൻ ചെറുജന്മാവകാശിക്ക് ചില അവകാശങ്ങളുണ്ട്. താവഴി കുടുംബവഴക്കത്തിന്റെ പാരമ്പര്യ സമ്പ്രദായങ്ങൾ കോലക്കാരെ ചില കുടുംബങ്ങളിൽ നിന്ന് മാത്രം തെരഞ്ഞെടുക്കേണ്ടത് ദൈവനിഷ്ഠയാണെന്ന് ഉറപ്പിച്ചാൽ ചെറുജന്മാവകാശിയുടെ നിർദ്ദേശം പലപ്പോഴും തറവാട്ടുകാർ സമ്മതിക്കും. എന്നാൽ ഇത് തീരുമാനിക്കുക പലതരത്തിലുള്ള സൂക്ഷ്മാധികാര രൂപങ്ങളായിരിക്കും. കുടുംബങ്ങൾ, സൗഹൃദങ്ങൾ, രാഷ്ട്രീയ ഐക്യങ്ങൾ എന്നിവ ചിലപ്പോൾ തെയ്യക്കാരെ നിർണയിക്കുന്നതിൽ സ്വാധീനം ചെലുത്തും.
കോമരങ്ങളും തെയ്യക്കാരനും തമ്മിലുള്ള അടുപ്പം കോലക്കാരന്റെ ദേശപ്രശസ്തി എന്നിവയും നിർണയന ഘടകങ്ങളാകും. എന്റെ ചെറുജന്മാവകാശപരിധിയുള്ള കാവിൽ രക്തചാമുണ്ഡിയുടെ കോലക്കാരൻ ഇന്നയായളായിരിക്കണമെന്ന് പറഞ്ഞ് കാവു കമ്മിറ്റിക്കാർ വന്നത് ഞാൻ ഓർക്കുന്നു. അത് നിങ്ങൾക്ക് നിർണയിക്കാൻ പറ്റില്ല, അത് ചെറുജന്മാവകാശിയുടെ പാരമ്പര്യ അവകാശമാണെന്നൊക്കെ ഞാൻ പറഞ്ഞെങ്കിലും കമ്മിറ്റിക്കാർ ശഠിച്ചു. എന്താണിതിന്റെ കാരണമെന്ന് തിരക്കിയപ്പോഴാണ് മറ്റൊരു സാമൂഹികവസ്തുത വെളിവായത്. നിർദ്ദേശിച്ച കോലക്കാരൻ ഒരു രാഷ്ട്രീയ കൊലപാതക കേസിൽ ജയിലിൽ കിടക്കുന്ന പ്രതികളുടെ സുഹൃത്താണ്. അവർക്ക് ജയിലിൽ ബീഡിയും മറ്റും കൊണ്ടുകൊടുക്കുന്ന രാഷ്ട്രീയ സുഹൃത്താണ്. ചെറുജന്മാവകാശം പുതിയ സാമൂഹിക- രാഷ്ട്രീയ സന്ദർഭത്തിൽ പുതിയ സാമൂഹിക അധികാര രൂപങ്ങളുടെ തെരഞ്ഞെടുപ്പായി മാറും എന്നുപറയാൻ വേണ്ടിയാണ് ഞാനിത് പറയുന്നത്. ഓരോ ദേശത്തും നാട്ടിലും പട്ടണത്തിലും നഗരങ്ങളിലും വിവിധ രൂപത്തിലും കോലത്തിലും അവതരിക്കുമെന്ന് സാരം. അതിന്റെ പ്രതിപ്രവർത്തനം സൂക്ഷ്മമായി പഠിക്കേണ്ടതാണ്.
(അവസാനിക്കുന്നില്ല).

