ദ്രാവിഡ സാഹോദര്യത്തെ സംഘപരിവാർ ലക്ഷ്യം വെക്കുമ്പോൾ

ദ്രാവിഡ സംസ്ഥാനങ്ങൾ തമ്മിൽ സൗഹാർദ്ദപ്പെടുന്നതിനെ സംഘി ശക്തിയുടെ ആസൂത്രണ ബുദ്ധി ഭയപ്പെടുന്നു. സംസ്ഥാനങ്ങൾ തമ്മിൽ സ്‌‌‍നേഹത്തോടെ കഴിയണമെന്ന് പറയേണ്ട, ഇന്ത്യയുടെ ഐക്യത്തെയും അഖണ്ഡതയെയും ഉറപ്പിക്കാൻ സവിശേഷമായി ഉത്തരവാദിത്തപ്പെട്ട ഒരാൾ രണ്ട് അയൽ സംസ്ഥാനങ്ങളോട് തമ്മിലടിക്കാൻ പ്രത്യക്ഷമായിത്തന്നെ ആഹ്വാനം ചെയ്യുന്നതിന് പിന്നിലുള്ള ലക്ഷ്യം അത്ര വൈകാരികമോ യാദൃച്ഛികമോ അല്ല.

ദ്രാവിഡ സംസ്ഥാനങ്ങൾ തമ്മിലടിക്കണമെന്ന് നാം ഭാരതീയർ ഒരിക്കലും അഗ്രഹിച്ചു കൂടാത്തതാണ്. ഭാഷാസംസ്ക്കാരം കൊണ്ടും ചരിത്രപരമായും സഹോദരങ്ങളാണ് തമിഴ് കന്നട മലയാളം തെലുങ്ക് ഭാഷകൾ. തുളു, ബ്യാരി, കൊടവ, ബെല്ലാരി, തോട, കൊറഗ, ബഡഗ, കുറുമ്പ തുടങ്ങി ചാതിപ്പാണി എന്ന മലവേട ഭാഷ വരെയായി എൺപതിലധികം ദ്രാവിഡ ശാഖകളുള്ളതായി കണക്കാക്കപ്പെടുന്നുണ്ട്. സാഹിത്യദ്രാവിഡ ഭാഷകൾ തമ്മിൽത്തന്നെ എത്രയോ പദങ്ങൾ ഒരു പോലെയാണ്. പല പദങ്ങൾക്കും ഭാഷാ കുടുംബബന്ധം വളരെ പ്രകടമാണ്.. ചില ലിപികൾക്ക് പരസ്പര സാദൃശ്യം പോലുമുണ്ട്. എന്നാൽ ഇതൊന്നും വേണ്ട വിധം നമ്മൾ ശ്രദ്ധിക്കുന്നില്ല എന്നേയുള്ളൂ.

ലാറ്റിനമേരിക്കൻ സാഹിത്യത്തെ അറിയാനുള്ള അതേ ആവേശം ദ്രാവിഡ ഭാഷകൾ തമ്മിൽ ഉണ്ടാവേണ്ടതാണ്. നിർഭാഗ്യവശാൽ, കാര്യമായി അത് സംഭവിച്ചിട്ടില്ല. 28.7 കോടിയിലധികം പേർ ഇന്ന് ദ്രാവിഡ ഭാഷ സംസാരിക്കുന്നുണ്ട്. ദ്രാവിഡ ഭാഷകളിൽ പ്രമുഖമായ തമിഴ് ശ്രീലങ്ക, മലേഷ്യ, സിംഗപ്പൂർ, സൗത്ത് ആഫ്രിക്ക, മൊറീഷ്യസ്, തുടങ്ങിയ രാജ്യങ്ങളിൽ ഔദ്യോഗിക ഭാഷയാണ്. അഞ്ച് വർഷം മുമ്പ് ആസ്ട്രേലിയയിൽ തമിഴ് ഔദ്യോഗിക ഭാഷയായി പ്രഖ്യാപിക്കപ്പെട്ടു. നോർവെ പോലുള്ള രാജ്യങ്ങളിൽ അനതിവിദൂരമല്ലാത്ത ഭാവിയിൽ ഔദ്യോഗികമായി വരാനുള്ള സാധ്യതയുമുണ്ട്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്ക് സംഭവിച്ച ആര്യന്മാരുടെ അധിനിവേശത്തെത്തുടർന്നുണ്ടായ സംസ്കൃത സ്വാധീനത്തെ ഏറ്റവും പ്രബലമായി ചെറുത്തു നിന്ന ദ്രാവിഡ ഭാഷയും തമിഴാണ്. തെക്ക് പടിഞ്ഞാറൻ പാക്കിസ്ഥാനിലെ ബ്രഹൂയി ഭാഷ ദ്രാവിഡമാണെന്ന് ഭാഷാപണ്ഡിതന്മാർ കണ്ടെത്തിയിട്ടുണ്ട്. ഇങ്ങനെ ഭാഷയുടെ ഉപബോധം ചരിത്രത്തിലൂടെ സഞ്ചരിച്ച വിസ്മയകരമായ ദ്രവീഡിയൻ കാഴ്ച കൂടിയാണത്. സംസ്ഥാനങ്ങളുടെ അതിർത്തിയിൽ അവസാനിക്കുന്നതല്ല ഭാഷ.

വ്യക്തികൾക്കെന്ന പോലെ സമൂഹത്തിനും ഉപബോധമുണ്ട്. ഉപബോധം എന്ന അവസ്ഥ പ്രത്യക്ഷ ഓർമ്മയിലല്ല അധിവസിക്കുന്നത്; നമ്മുടെ പരോക്ഷ ഓർമ്മയിലിരുന്നാണ് അത് നിയന്ത്രിക്കുന്നത്. നിർണായകമായ സന്ദർഭങ്ങളിലൊക്കെ, നമ്മുടെ യുക്തിയെ നിയന്ത്രിക്കുന്നത് അതാണ്. ധൈഷണിക ജാഗ്രതയെപ്പോലും മറികടന്ന് ഉപബോധമാണ് വിധികർത്താവിന്റെ കസേരയിൽ പലപ്പോഴും ചാടിയിരിക്കുന്നത്. സാമാന്യയുക്തിബോധത്തെക്കാൾ ആയിരം ഇരട്ടി വേഗതയാർന്ന ഒരു ക്രയവിക്രയം ആണത്. അതിനാൽ ഭാഷയായും സംസ്ക്കാരമായും പൊട്ടിപ്പുറപ്പെട്ട നീരൊഴുക്കിന്റെ ഉറവിടം അന്വേഷിക്കേണ്ട ബാധ്യത ഓരോ ജനതയ്ക്കുമുണ്ട്. അതുകൊണ്ടുതന്നെ ദ്രവീഡിയമായ അനേകം ചരിത്രനന്മകളെ ഈ വൈകിയ വേളയിലെങ്കിലും നാം ചേർത്ത്‌ പിടിക്കേണ്ടതുണ്ട്. വന്ന വഴിയെപ്പറ്റി അറിഞ്ഞാൽ മാത്രമേ ഒരു സമൂഹത്തിന് പോകേണ്ട വഴിയെപ്പറ്റി ശരിയായ ധാരണയുണ്ടാകൂ.

നമുക്ക് ധാരാളം ഡോക്ടർമാർ ഉണ്ടാവുന്നുണ്ട്. എഞ്ചിനീയർമാർ ഉണ്ടാവുന്നുണ്ട്. നിരവധി മേഖലകളിൽ സാങ്കേതിക വിദഗ്ദരുണ്ട്. ഏറെ സന്തോഷകരം തന്നെ. ഒപ്പം മാനവിക വിഷയങ്ങളിൽ ക്രിയാത്മകമായ പഠനങ്ങൾ വേണ്ട വിധം നടക്കാത്തത് എന്ത് കാരണത്താലാണെന്ന് നാം അന്വേഷിക്കേണ്ടതുണ്ട്. മൗലിക സാഹിത്യത്തെപ്പോലും സാങ്കേതിക ശാസ്ത്രമാക്കുന്ന പുതിയ വൈരുധ്യത്തിന്റെ മലയാള കാലാവസ്ഥയാണിന്ന്. മാനവിക വിഷയങ്ങൾക്കകത്താണ് ചരിത്രവും ഭാഷാ പoനവും വരുന്നത്. ഇന്ന് ഈ രണ്ട് മേഖലകളും വളരെ അശ്രദ്ധയോടെയാണ് കൈകാര്യം ചെയ്യപ്പെടുന്നത്.. ഡോക്ടർമാർ ഇല്ലാതിടത്ത് രോഗികൾ മരിച്ചുപോകുന്നതിനു തുല്യമാണ് ശരിയായ ചരിത്ര പoനം ഇല്ലാതിടത്ത് മനുഷ്യ സമൂഹത്തിന്റെ ദിശാബോധം മരിച്ച് പോകുന്നതും. ആരോഗ്യമുള്ള ഏത് സമൂഹവും ഇതേപ്പറ്റി ജാഗ്രത കൊള്ളും. ശരിയായ രാഷ്ട്രീയാവബോധത്തെ ഫാസിസ്റ്റ് ശക്തികൾ എങ്ങനെയാണ് ദുർബ്ബലമാക്കിയതെന്ന് ഒന്ന് പിന്തിരിഞ്ഞു നോക്കിയാൽ നമുക്ക് ‌എളുപ്പം മനസ്സിലാക്കാവുന്നതേയുള്ളൂ. ചരിത്രത്തിന്റെ കടിഞ്ഞാണാണ് ഒരു രാഷ്ട്രത്തിന്റെ കടിഞ്ഞാണെന്ന് ഫാസിസ്റ്റ് ശക്തികൾ നേരത്തെ മനസ്സിലാക്കി വെച്ചിട്ടുണ്ട്. വളരെ ആസൂത്രണ ബുദ്ധിയോടെയും തുല്യതയില്ലാത്ത ക്ഷമയോടെയും അവരത് നിർവ്വഹിച്ചു കൊണ്ടിരിക്കയാണ്. മറ്റൊരു നിലയ്ക്ക് പറഞ്ഞാൽ, തെറ്റായ ഒരു കാരണത്തിനാണെങ്കിലും കൃത്യമായ ആസൂത്രണ പടുത്വത്തോടെ സ്വതന്ത്ര ഇന്ത്യയിൽ ചരിത്രത്തെ അവരുദ്ദേശിക്കുന്ന വിധത്തിൽ "ശരിയായി ' ഒരു രാഷ്ട്രീയ ഉപകരണമാക്കി ഉപയോഗിക്കുകയും വിജയിക്കുകയും ചെയ്ത ഏക രാഷ്ട്രീയ പാർട്ടി ബി.ജെ.പിയാണ്. മറ്റുള്ളവരൊക്കെ രാഷ്ട്രീയ പാർട്ടിയെ കക്ഷിരാഷ്ട്രീയ പാർട്ടിയാക്കി പരിമിതപ്പെടുത്തുന്ന ജോലിയിലാണ് ഏറെയും വ്യാപൃതരായത്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രം അതാണ്. ഒറ്റപ്പെട്ടതെങ്കിലും ആഴമുള്ള ഇടപെടലുകളുടെ ഓർമ്മകളെ തിരസ്ക്കരിച്ചു കൊണ്ടല്ല ഇത് പറയുന്നത്.

സ്വതന്ത്ര ഇന്ത്യയിൽ, ഫാസിസ്റ്റ് ശക്തികൾ ചരിത്രത്തെയും ഒരു ജനതയെയും എങ്ങനെ വിഭജിച്ച് മുന്നേറാം എന്ന് ചർച്ച ചെയ്ത് കൊണ്ടിരുന്നപ്പോൾ കക്ഷിരാഷ്ട്രീയ പാർട്ടികൾ സീറ്റ് വിഭജന ചർച്ചയിലാണ് മുഖ്യമായും ഊന്നിയതെന്ന് കാണാം.! സ്വാതന്ത്ര്യ സമര ചരിത്രത്തിന്റെ
ഉപബോധത്തെയാണ് ദീർഘകാലം കോൺഗ്രസ്സിന് അധികാരത്തിലേറാൻ സഹായിച്ചത്. അതല്ലാതെ, അവർ വിചാരിക്കുന്നത് പോലെ തങ്ങളുടെ കക്ഷിരാഷ്ട്രീയ തന്ത്രങ്ങളുടെ മിടുക്കിനാലും തീരുമാനങ്ങളാലുമാണെന്ന് തെറ്റിദ്ധരിച്ചതിന്റെ ഫലമാണ് കോൺഗ്രസ് പാർട്ടി ഇന്നനുഭവിക്കുന്ന മാരക പതനം. തമാശ അതല്ല, കക്ഷിരാഷ്ട്രീയതന്ത്രത്തിനകത്താണ് കോൺഗ്രസ് ഇപ്പോഴും തമ്പടിച്ചിരിക്കുന്നതും!

രാഷ്ട്രീയ പ്രവർത്തനത്തിൽ നിന്ന് വിഭിന്നമായി, കക്ഷിരാഷ്ട്രീയ പ്രവർത്തനത്തിന്റെ പ്രധാന പോരായ്മ എന്താണെന്നു വെച്ചാൽ, അതിന്റെ
പരിമിതമായ കാലസങ്കല്പമാണ്. അഞ്ച് വർഷമാണ് ഇന്ത്യയിലെ കക്ഷിരാഷ്ട്രീയക്കാരുടെ "കാലസങ്കല്പം'! രണ്ട് വർഷം തോറും വരുന്ന ഇലക്ഷൻ ഏർപ്പാടാണെങ്കിൽ പിന്നെയും ചുരുങ്ങിപ്പോയേനെ!

വ്യക്തികൾക്കെന്ന പോലെ സമൂഹത്തിനും ഉപബോധമുണ്ട് എന്നാണ് പറഞ്ഞു വന്നത്. അത് ചരിത്രത്തിലും ഭാഷയിലുമാണ് ഉണ്ണുകയും ഉറങ്ങുകയും ചെയ്യുന്നത്. നമ്മൾ അറിയുന്നില്ല എന്നു മാത്രം. മലയാള ഭാഷയിൽ നാം ഉപയോഗിക്കുന്ന അനേകതെറികളുടെ ഉപബോധാവസ്ഥ ജാതി ബോധത്തിലധിഷ്ഠിതമായ ഒന്നാണെന്ന് ഇന്ന് കുറെ പേർക്കെങ്കിലും അറിയാം. പക്ഷേ, ബഹു ഭൂരിപക്ഷം പേർക്കും അറിയില്ല എന്നതാണ് വാസ്തവം. ഇന്ന് സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ പേർ ഉപയോഗിക്കുന്ന തെറി "ചെറ്റ' എന്ന പദമാണെന്ന് ശ്രദ്ധിച്ചു നോക്കുന്നവർക്കൊക്കെ അറിയാം. മന:പൂർവ്വം പറയുന്നതായിക്കൊള്ളണമെന്നില്ല. പക്ഷേ, ആ പദത്തെ ഒരു തെറിയായി രൂപപ്പെടുത്തിയത് ജാതി ഉപബോധമെന്ന കാര്യമാണെന്ന് ഗ്രാംഷിയെയും ചോംസ്കിയെയും പഠിച്ചവർ പോലും വിസ്മരിക്കുന്നത് കാണാം. നല്ല വായനയും വിവരവുമുള്ളവർ എന്ന് നമ്മൾ വിചാരിക്കുന്നവർ പോലും ക്ഷോഭം ശമിപ്പിക്കുന്ന തെറിയായി ഒരു ജാതി ആക്ഷേപത്തെ ഉപയോഗിക്കുന്നത് ഭാഷാ ഉപബോധത്തെ കേന്ദ്രീകരിച്ചുള്ള നമ്മുടെ സാമൂഹിക പഠനങ്ങൾ ജനകീയമായിത്തീരാത്തത് കൊണ്ടു കൂടിയാണ്.

അനേക ദശാബ്ദങ്ങൾക്ക് ശേഷവും, അങ്ങേയറ്റം ദുഷിച്ച നൂറ്റാണ്ടിൽ നിന്നും വന്ന ജാതി ഉപബോധം അൾട്രാ മോഡേൺ വിവര സാങ്കേതിക ഉപകരണങ്ങളിലൊന്നായ ആൻഡ്രോയ്ഡ് / ഐ ഫോണുകളിലും വന്നു കൂടുന്നു; അത്ര ശക്തമാണ് സാമൂഹ്യ ഉപബോധാവസ്ഥ. സാമൂഹ്യ ഉപബോധം മിന്നൽ വേഗത്തിലാണ് ഭാഷയിലൂടെ സഞ്ചരിക്കുന്നത്. അത് കൊണ്ടു തന്നെ സാമൂഹ്യ ഉപബോധത്തിന്റെ ചിറക് കൂടിയാണ് ഭാഷ

ബസവണ്ണ പ്രതിമ

സവിശേഷമായതും മഹത്തായതുമായ അനേകം ദ്രാവിഡ ചരിത്രങ്ങളെ നാം ഓർത്തിരിക്കേണ്ടതിന്റെയും പഠിക്കേണ്ടതിന്റെയും രാഷ്ട്രീയ പ്രാധാന്യം മറ്റേത് കാലത്തെക്കാൾ ഇന്ന് പ്രധാനമാണ് എന്ന വിചാരത്തിൽ നിന്നാണ് ഈ കുറിപ്പ്. ഇതെഴുതുന്ന ആളിന്റെ ധാരണ വെച്ച് പറയുകയാണെങ്കിൽ, തെക്കെ ഇന്ത്യയിൽ ആദ്യമായി മത നവോത്ഥാന പ്രസ്ഥാനം ഉരുവപ്പെട്ടത് കർണാടകത്തിലാണ്. പന്ത്രണ്ടാം നൂറ്റാണ്ടിൽ വചനം കവിതകളിലൂടെയാണത് സംഭവിച്ചത്. ബസവണ്ണയാണതിന് തുടക്കം കുറിക്കുന്നത്. അക്ക മഹാദേവി, അല്ലമ പ്രഭു തുടങ്ങിയ എണ്ണമറ്റ കവികളും കവിതകളും ആ പ്രസ്ഥാനത്തിന് ഊർജ്ജം നൽകി. അരളയ്യ എന്ന ചെരിപ്പ് കുത്തിയായ കവിയടക്കം പലരും അതിനെ പ്രതിനിധീകരിച്ചു. സവർണ ബോധത്തെ തടയിടാൻ അനേക കാലം അതിന് സാധിച്ചു. പക്ഷേ, ഇന്നത്തെ കർണാടക എന്താണ്? ഭാഷയിലും ചരിത്രത്തിലുമുള്ള തുടർച്ചകളെ അത് തുടച്ച് മാറ്റിയതെങ്ങനെയാണ്? എഴുത്തുകാരും ചിന്തകരും കൊല്ലപ്പെടുകയും നിരന്തരം ഭീഷണിക്ക് വിധേയമാകുന്നതും എന്ത് കൊണ്ടാണ്? ഇന്ത്യ മുഴുവൻ ആദരിക്കുന്ന എഴുത്തുകാരിൽ ഒരാളായ ഡോ.അനന്തമൂർത്തിയെപ്പോലും അദ്ദേഹത്തിന്റെ
ജീവിതാവസാനകാലത്ത് വേട്ടയാടിയതിന്റെ ഓർമ്മകളുടെ ഞെട്ടലിൽ നിന്ന് നാം ഇന്നും മോചിതരായിട്ടില്ല. സംഘി രാഷ്ട്രീയത്തെ വാക്കുകൾ കൊണ്ട് എതിർത്തു എന്ന ഒറ്റക്കാരണത്താൽ പാക്കിസ്ഥാനിലേക്ക് പോകാൻ അദ്ദേഹത്തിന് സംഘികൾ വിമാന ടിക്കറ്റെടുത്ത് കൊടുത്തു!. ഈ വാർത്ത കേട്ട് ഏറ്റവും നടുങ്ങിപ്പോയ സമൂഹങ്ങളിലൊന്ന് മലയാളികൾ കൂടിയാണ്. കാരണം, അനന്തമൂർത്തി കന്നടക്കാരുടെ മാത്രമല്ല, മലയാളികളുടെയും ആദരണീയനായ എഴുത്തുകാരനാണ്. ബസവണ്ണയുടെ നാട്ടിലാണല്ലോ അത് സംഭവിച്ചതെന്ന് ഞാനടക്കമുള്ള ആളുകൾ വ്യസനത്തോടെ ഓർത്തു.

"തൊട്ടടുത്ത് കേരളമുണ്ട്. സൂക്ഷിക്കണം.'
- കർണാടക ജനതയോട് അമിത്ഷാ നടത്തിയ വിദ്വേഷ ആഹ്വാനം ഇതാണ്. ഭാഷകൊണ്ടു പോലും സഹോദരരായ ആളുകളോടാണിത് പറയുന്നതെന്നോർക്കണം.

ആഭ്യന്തര കലഹങ്ങളിൽ നിന്ന് രാജ്യത്തെ പൗരന്മാരെ സംരക്ഷിക്കേണ്ട ഒരു മന്ത്രിയാണിത് പറയുന്നത്!. ഇന്ത്യൻ ചരിത്രത്തിൽത്തന്നെ ഇത് ആദ്യത്തേതായിരിക്കണം. ഒരു സംസ്ഥാനത്തിലെ ജനതയോട്, തൊട്ടടുത്ത അയൽ സംസ്ഥാനത്തിലെ ജനതയെ വെറുക്കാൻ ആഹ്വാനം ചെയ്ത ആ വാക്കുകൾക്കെതിരെയുള്ള നമ്മുടെ സാംസ്കാരിക രാഷ്ട്രീയ മണ്ഡലത്തിലെ നിശ്ശബ്ദത അതിഭീകരമായിരുന്നു. ഇക്കാര്യത്തിൽ കേരള മുഖ്യമന്ത്രി നടത്തിയ പ്രതിഷേധ വാക്കുകൾ സമീപകാലരാഷ്ട്രീയ ചരിത്രത്തിലെ ഉത്തമമാതൃകയായിത്തന്നെയാണ് കാണേണ്ടത്.രാഷ്ട്രീയത്തിന്റെ
ദിശാബോധം കൃത്യം സൂചികയിൽ വന്നു നിന്ന അപൂർവ്വം സന്ദർഭങ്ങളിലൊന്നായി ഇത്. പക്ഷേ, എത്ര പേർ ഇത് രാഷ്ട്രീയപരമായി തിരിച്ചറിഞ്ഞു?

അമിത്ഷാ

ദ്രാവിഡ സമൂഹത്തിലെ സഹോദരങ്ങളെ തമ്മിലടിപ്പിച്ചുള്ള കക്ഷിരാഷ്ട്രീയ മുതലെടുപ്പുകളെ പ്രതിരോധിക്കേണ്ട സന്ദർഭത്തെ ഓർമ്മിപ്പിക്കുന്ന ഒന്നാണ് സത്യത്തിലിത്. കാരണം, ദ്രാവിഡ സംസ്ഥാനങ്ങൾ തമ്മിൽ സൗഹാർദ്ദപ്പെടുന്നതിനെ സംഘി ശക്തിയുടെ ആസൂത്രണ ബുദ്ധി ഭയപ്പെടുന്നു. സംസ്ഥാനങ്ങൾ തമ്മിൽ ഏകോദര സഹോദരരെപ്പോലെ സ്നേഹത്തോടെ കഴിയണമെന്ന് പറയേണ്ട, ഇന്ത്യയുടെ ഐക്യത്തെയും അഖണ്ഡതയെയും ഉറപ്പിക്കാൻ സവിശേഷമായി ഉത്തരവാദിത്തപ്പെട്ട ഒരാൾ രണ്ട് അയൽ സംസ്ഥാനങ്ങളോട് തമ്മിലടിക്കാൻ പ്രത്യക്ഷമായിത്തന്നെ ആഹ്വാനം ചെയ്യുന്നതിന് പിന്നിലുള്ള ലക്ഷ്യം അത്ര വൈകാരികമോ യാദൃച്ഛികമോ അല്ല. ഇതിനു നേരെ നമ്മുടെ വാർത്താ മാധ്യമങ്ങൾ പുലർത്തിയ മൗനം അമ്പരപ്പിക്കുന്നതായിരുന്നു. അന്തിച്ചർച്ചകൊണ്ട് പോലും വെറുപ്പിന്റെ
ഈ ആഹ്വാനത്തെ ആരും കാര്യമായി സ്പർശിച്ചില്ല.

ചരിത്രത്തിന്റെ സാമൂഹ്യഉപബോധത്തെ ശ്രദ്ധിക്കാതെ നടത്തുന്ന ഏത് രാഷ്ട്രീയ / സാംസ്കാരിക പ്രവർത്തനങ്ങളും വിഫലമായ കഠിനാധ്വാനം മാത്രമായിത്തീർന്നെന്നിരിക്കും. ദ്രാവിഡ സംസ്ഥാനങ്ങൾ തങ്ങളുടെ ചരിത്ര / ഭാഷാ പഠനങ്ങളിലേക്ക് കാര്യമായി മടങ്ങേണ്ടതുണ്ടെന്ന് കൂടി ഈ സന്ദർഭം നമ്മെ ഓർമ്മിപ്പിക്കുന്നു. ചരിത്രത്തെയും ഭാഷയെയും ഒരു രാഷ്ട്രീയ ഉപബോധ സഞ്ചാരമായി പരിവർത്തിപ്പിച്ചതിന്റെ കരുത്താണ് തമിഴകത്ത് ഇന്ന് നാം കാണുന്നത്. കർണാടകത്തോട് പറഞ്ഞത് തമിഴ് നാട്ടിൽ ആവർത്തിക്കാൻ മാത്രം ഇച്ഛാശക്തി എന്ത് കൊണ്ട് ഇല്ലാതായി എന്ന് പഠിക്കുമ്പോഴാണ് കന്നടയിലുണ്ടായ മഹത്തായ വചനം പ്രസ്ഥാനത്തെ പുതിയ രൂപത്തിൽ വീണ്ടെടുക്കേണ്ട ആവശ്യകതയെപ്പറ്റി ചിന്തിച്ച് പോകുന്നത്. രാഷ്ട്രീയം വലിയ ആൾക്കൂട്ടത്തിന്റെ എക്സിബിഷനിസം മാത്രമല്ല. ഭൂമിയ്ക്കടിയിലേക്ക്
പോയ മനുഷ്യരും ചരിത്രത്തെ നിയന്ത്രിക്കുന്നുണ്ട്.

Comments