പൊന്നാട കയ്യിലിട്ടുകൊടുത്തത്രേ തന്ത്രി

ഫോക് ലോർ അക്കാദമിയുടെ യുവപ്രതിഭാപുരസ്കാരം നേടിയ തെയ്യം കലാകാരനായ ബാബു പെരുവണ്ണാൻ എന്നറിയപ്പെടുന്ന സജീവ് കുറുവാട്ടിന്​ ഒരു സമുദായ ക്ഷേത്രം സംഘടിപ്പിച്ച ചടങ്ങിൽ നേരിട്ട ജാതീയ അധിക്ഷേപം മുൻനിർത്തി തെയ്യവും ജാതിശ്രേണീ ബന്ധവും തമ്മിലുള്ള വിനിമയങ്ങളെക്കുറിച്ച്​ ഒരാലോചന

""കുഞ്ഞിമംഗലത്ത് ഒരു സമുദായ ക്ഷേത്രം ഇന്ന് എന്നെ പൊന്നാട നൽകി ആദരിക്കാൻ ക്ഷണിച്ചിരുന്നു. ഏതാണ്ട് 11 മണിയോടെ എത്തിയപ്പോൾ ശീവേലി നടക്കുകയാണ്. അത് കഴിഞ്ഞ് കവാടം ഉദ്ഘാടനവും കഴിഞ്ഞ് ആദരിക്കുന്ന വേദിയിലേക്ക് സ്വാഗതം ചെയ്തു. കോവിഡ് പ്രോട്ടോക്കോൾ നിലനിൽക്കുന്നതിനാൽ ചുരുക്കം ആളുകളേ ഉണ്ടായിരുന്നുള്ളൂ. ആദരിക്കപ്പെടുന്നവരെ ഓരോരുത്തരായി വേദിയിലേക്ക് വിളിച്ചു ക്ഷേത്രം തന്ത്രി പൊന്നാടയണിയിച്ചു. ക്ഷേത്രം കോലധാരിയെന്ന നിലയിൽ ഈയുള്ളവനെ വേദിയിലേക്ക് വിളിച്ചപ്പോൾ തന്ത്രിയുടെ അടുത്തു നിന്ന മാന്യദേഹം പറയുന്നു... പുതപ്പിക്കണ്ട.. ഫലകവും പൊന്നാടയും കയ്യിൽ ഇട്ടു കൊടുത്താൽ മതിയെന്ന്... അതെന്താ ഞങ്ങൾ അവർണരായതുകൊണ്ടാണോ എന്നെ മാത്രം വേദിയിൽ വേർതിരിച്ചു കണ്ടത്... ആ വേദിയിൽ ഞാൻ ആദരിക്കപ്പെടുകയായിരുന്നില്ല... അവമാനിക്കപ്പെടുകയായിരുന്നു..... വേണ്ടിയിരുന്നില്ല...... വല്ലാത്ത വേദന മാത്രമാണ് തോന്നിയത്.... ജാതീയത മനസിൽ പോറ്റുന്നവർ മേലിൽ ഇത്തരം വേദികളിൽ എന്നെ വിളിച്ചേക്കരുത്!''

ഫോക് ലോർ അക്കാദമിയുടെ യുവപ്രതിഭാപുരസ്കാരം നേടിയ തെയ്യം കലാകാരനായ ബാബു പെരുവണ്ണാൻ എന്നറിയപ്പെടുന്ന സജീവ് കുറുവാട്ട് ഏപ്രിൽ 24ന്. എഫ്.ബിയിലിട്ട ഈ കുറിപ്പ് ചർച്ചയായിരിക്കുകയാണ്.

സജീവ് തന്നെ അടുത്ത ദിവസം ഇട്ട ഒരു ഉപരി വിശദീകരണ കുറിപ്പ് ഇങ്ങനെയാണ്: ‘‘പ്രിയരെ, ഞാനിന്നലെ ഷെയർ ചെയ്ത പോസ്റ്റുമായി ബന്ധപ്പെട്ട് പല മീഡിയാസും എന്നെ കോൺടാക്ട് ചെയ്യുന്നുണ്ട്. ഇതൊരു വിവാദ വിഷയമാക്കുകയോ ക്ഷേത്രത്തെ കരിവാരിത്തേക്കുകയോ ചെയ്യുക എന്നത് എന്റെ ലക്ഷ്യത്തിൽ പെട്ടവയല്ല എന്ന് വിനയ പുരസരം അറിയിക്കട്ടെ. തന്ത്രി പെട്ടെന്ന് കയ്യിലിട്ട് തരാൻ ശ്രമിച്ചപ്പോൾ (അടുത്തുണ്ടായിരുന്ന നമ്പൂതിരിയുടെ നിർദ്ദേശപ്രകാരം) അതിനെതിരെ ആരും പ്രതികരിച്ചില്ലെന്നുള്ളത് വാസ്തവമാണ്. ഈ വിഷയം ക്ഷേത്രക്കാരുടെ ശ്രദ്ധയിൽ കൊണ്ടുവന്ന് തന്ത്രിയെ പ്രതിഷേധം അറിയിക്കുക - തിരുത്തുക എന്നതു മാത്രമായിരുന്നു ഉദ്ദേശ്യം. എന്റെ
പരിധിക്കുള്ളിൽ നിന്നു കൊണ്ട് ആരെയും പേരെടുത്തു പറയാതെ തന്നെ ഞാനത് ഭംഗിയായി നിർവ്വഹിച്ചിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം. എന്നാലിപ്പോൾ ഈ വിഷയത്തിന്റെ രാഷ്ട്രീ​യം( കക്ഷി രാഷ്ട്രീ​യമല്ല) ഉപയോഗിക്കപ്പെടുന്നു എന്ന് തോന്നിയതിനാലാണ് ഈയെഴുത്ത്. ആരുടെയും ചട്ടുകമാകാൻ താത്പര്യമില്ലാത്തതുകൊണ്ടാണ്. വീണ്ടും വീണ്ടും ഇതൊരു വിവാദ വിഷയമാക്കി മാറ്റരുതെന്ന് അപേക്ഷിക്കുന്നു’’.

വിവാദമാക്കേണ്ട കാര്യമില്ല എന്ന് വ്യക്തമാക്കുകയും ആരെയും പേരെടുത്ത് പറയാതെ ഇട്ട കുറിപ്പ് തന്ത്രിയെക്കൊണ്ട് തെറ്റ് തിരുത്തിക്കുക എന്ന ഉദ്ദേശ്യത്തോടെ മാത്രം എഴുതിയതാണെന്നു വിനീതനാവുകയും ചെയ്യുന്നുണ്ട് സജീവ്. അനുഷ്ഠാന സന്ദർഭത്തിലുണ്ടായ ഒരു ദുരനുഭവം മാത്രം ആയിരുന്നെങ്കിൽ ഉച്ചനീചത്വങ്ങളുടെ അരങ്ങാട്ട ഭൂമിയായ കാവകത്ത് അത് പ്രതീക്ഷിക്കാവുന്നതാകയാൽ വ്യക്തിപരമായി ക്ഷമിക്കുന്നതിൽ തെറ്റുപറയാനില്ല. എന്നാൽ ഒരു സാമൂഹികച്ചടങ്ങിലാണ് ഈ ഇകഴ്​ത്തൽ സംഭവിച്ചത് എന്നതുകൊണ്ട് തന്നെ കേരളീയ നവോത്ഥാനമെന്നൊക്കെ ഊതിവീർപ്പിച്ച ആ സാധനത്തിന് കുത്തിയാൽ പൊട്ടുന്ന ഒരു ബലൂണിന്റെ
തൊലിയുറപ്പേ ഉള്ളുവെന്ന് ഇങ്ങനെ ചിലത് ഓർമിപ്പിച്ചു നടുക്കമുണ്ടാക്കുന്നു.

ഒരു വിവാദമായാൽ തനിക്കു നേരിടേണ്ടി വരുന്ന ഒറ്റപ്പെടലിനെക്കുറിച്ച്, വിലക്കുകളെക്കുറിച്ച് പൂർണ ബോധ്യമുള്ളതുകൊണ്ടാണ് അദ്ദേഹം പിൻമടങ്ങുന്നത്. എന്നാൽ മലയാളത്തിന്റെ ഭാവി സാംസ്​കാരികചരിത്രം നമ്മെ കുറ്റക്കാരായി വിധിക്കാതിരിക്കാനെങ്കിലും നമുക്കിത് ചർച്ച ചെയ്തു കൊണ്ടേയിരിക്കണം.

തെയ്യക്കാരന്റെ സമുദായ ഭ്രഷ്ടിന് കാരണമായ ഇത്തരമൊരു സംഭവത്തിന് 20 വർഷം മുമ്പ് നേർ സാക്ഷിയായ ഒരു അനുഭവമുണ്ട്. പയ്യന്നൂരിലെ ഒരു സവർണ ഗൃഹത്തിൽ തെയ്യവും ഉച്ചബലിയെന്ന ചടങ്ങും നടക്കുന്നു. അവിടെ രാത്രിയിലെ കൊട്ടിപ്പാടിക്കണ്ണേറിന് പാടുന്ന അനുഷ്ഠാന ഗാനമാണ് തിരുനിഴൽമാല എന്ന പേരിൽ മലയാളത്തിലെ ഏറ്റവും പ്രാചീന കാവ്യമായി വരമൊഴി രൂപം പൂണ്ട് എം.എ. സാഹിത്യ വിദ്യാർത്ഥികൾ അന്ന് പഠിച്ചിരുന്നത്. ഒരു സാഹിത്യ വിദ്യാർത്ഥിയുടെ ആ ഒരു കൗതുകം കൂടിയുണ്ട് അന്നത്തെ ഉറക്കമൊഴിപ്പിന്.

അന്നൂരിലെ ചന്തുപ്പണിക്കർക്ക് ആണ് തെയ്യത്തിന് അവിടെ അവകാശം. തെയ്യം കെട്ടിയാൽ പറയുന്ന വാചാലുകളിൽ നിന്നും ഉരുളയ്ക്കുപ്പേരി പോലെ വാർന്നു വീഴുന്ന വാക്കുകൾ തങ്ങൾക്ക് പൊള്ളലുണ്ടാക്കിയപ്പോൾ കരനാഥന്മാർ മൂപ്പർക്ക് അഹങ്കാരിയെന്ന ബിരുദപ്പേര് നല്കി. വിഷ്ണുമൂർത്തിയുടെ ഹിരണ്യവധാഭിനയ സന്ദർഭത്തിൽ പടിക്കെട്ടിൽ നിന്നും ഗർഭഗൃഹത്തിലേക്ക് അറിയാതെ കാലെടുത്തു വെച്ചതിന് ഉഗ്രപ്രതാപിയായ കാരണവർ തെയ്യത്തെ ശകാരിച്ചപ്പോൾ "ഈരേഴു പതിനാലു ലോകവും ഇരു കാൽച്ചുവട്ടിലളന്ന പരദേവതയ്ക്ക് ഈ ഭവനവും അധീനമാണല്ലോ ?' എന്ന് കെട്ടുമുറതെറ്റാതെ മറുപടി കൊടുത്ത ആളാണ് പണിക്കർ.

വീട്ടുകാർ ഏർപ്പെടുത്തിയ ചെണ്ടവാദ്യത്തിന്റെ എണ്ണക്കുറവ് ചൊല്ലി രാത്രിയിൽ വീട്ടുകാരുമായി ചെറിയ പ്രശ്നമുണ്ടായത് പിറ്റേന്ന് ഉച്ചക്ക് പാതാള ഹോമ സമയത്ത് കശപിശയിലെത്തി ചടങ്ങിനു മുടക്കം വന്നുവെന്നു തോന്നുന്നു. ഇതാകണം പ്രശ്നത്തുടക്കം. ഈ വീട്ടുകാർക്ക് കോയ്മാവകാശമുണ്ടായിരുന്ന ദേശത്തെ ഇതരസുദായത്തിന്റെതായ മറ്റൊരു കാവിലും ചന്തുപ്പണിക്കർക്ക് വിലക്ക് വന്നു. എന്നാൽ സമീപദേശത്ത് ഇതേ സമുദായത്തിന്റെ മറ്റൊരു പ്രമുഖ ആരാധനാലയത്തിൽ പതിവുപോലെ ആണ്ടുകളിയാട്ടത്തിന് ചന്തുപ്പണിക്കർ തന്നെ അടയാളം വാങ്ങി. ഇത് രണ്ടു ദേശങ്ങൾ തമ്മിലുള്ള പകയായി.

കോയ്മക്കാരായ പൊതുവാൾ സമുദായവും കാവുകാരായ തീയരും തമ്മിലുള്ള ബന്ധം വഷളായി. പ്രമുഖനായ ഒരു രാഷ്ട്രീയ നേതാവ് മധ്യസ്ഥനായെത്തി. കാര്യം രമ്യമായി പരിഹരിച്ചു. തെയ്യം വിലങ്ങിയ ചന്തുപ്പണിക്കരുടെ കാര്യത്തിലെന്താണ് തീരുമാനമെന്ന് ചോദിച്ചപ്പോൾ നേതാവ് പറഞ്ഞു. "ദേശത്തെ തീയരും പൊതുവാക്കന്മാരും തമ്മിലുള്ള പ്രശ്നം പറഞ്ഞു തീർക്കാനാണ് ഞാൻ വന്നത്. ചന്തുപ്പണിക്കർ എന്ത് വേണമെങ്കിലും ചെയ്തോട്ടെ.... അത് ഇപ്പോൾ പരിഗണനയിലില്ല.'' ചന്തുപ്പണിക്കർ ഇപ്പോഴും തെയ്യത്തട്ടകത്തിന് പുറത്താണ്. അന്യദേശങ്ങളിൽ "അകനാൾനീക്കൽ' പോലുള്ള ചില ഉച്ചാടനച്ചടങ്ങുകൾ നിർവഹിച്ചും മറ്റും ജീവിച്ചു പോരുന്നതായറിയുന്നു.

കലാചരിത്രത്തിൽ നിന്നും പൊതുജീവിതത്തിൽ നിന്നും തമസ്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ചന്തുപ്പണിക്കർമാരുടെ ദ്രൗണിജന്മങ്ങളുടെ പുകച്ചിലറിയുന്നതു കൊണ്ടാകാം ബാബുപ്പെരുവണ്ണാന് ഇവിടെ ശബ്ദിക്കാനാകാതെ പോകുന്നത്.

തെയ്യം ഒരു ജാതി കലയാണ്. അത് ഒരു ജാത്യാനുഷ്ഠാനമാണ്. തെയ്യം ജാതി ബോധത്തെ തട്ടിത്തകർക്കുന്നു എന്നൊക്കെ ഒരു ഉമ്മച്ചിത്തെയ്യത്തെയും ആലിച്ചാമുണ്ഡിയെയും മുക്രിപ്പോക്കറെയും പൂലിൻ കീഴ് ദൈവത്തെയും വട്ടിയൻ പൊള്ളയേയും ചൂണ്ടിക്കാട്ടി അഭിമാനിക്കുന്നതിൽ വലിയ കാര്യമൊന്നുമില്ല. കളിയാട്ടത്തിലെ പെരുമലയനായ സുരേഷ് ഗോപിക്ക് അടുത്ത ജന്മത്തിൽ ബ്രാഹ്മണനായി ജനിക്കാനായേക്കും. പക്ഷെ തെയ്യ/ തീയ്യക്കാവിൽ കണ്ടനാർകേളൻ തെയ്യം കെട്ടാൻ ആവില്ല. ജാതീയമായ ഒരു സാമൂഹ്യാവസ്ഥയിൽ രൂപപ്പെടുകയും വികസിക്കുകയും ചെയ്തതാണ് തെയ്യപ്പണി.

മരപ്പണിയും ലോഹപ്പണിയും ആഭരണ നിർമാണവുമൊക്കെ ജാതീയമായ തൊഴിലായിരുന്നുവെങ്കിലും യന്ത്രവൽക്കരണത്തിന്റെ
കടന്നുവരവും മാർക്കറ്റിന്റെ ഇടപെടലും മാറിയ സാങ്കേതിക വിദ്യകളും സർവോപരി മാറിയ കാലവും അതിനെ ഒരു ഉപജീവനമാർഗം മാത്രമാക്കുകയും അഭിരുചിയും പരിശീലനവും കൊണ്ട് ആർക്കും കടന്നു വരാവുന്ന തരത്തിലാക്കുകയും ചെയ്തു. ആശാരി എന്നത് ആദ്യം ജാതിപ്പേര് മാത്രമല്ലാതാവുകയും പിന്നീടത് മരപ്പണിക്കാരൻ എന്ന നിരപേക്ഷ നാമത്താൽ പ്രതിസ്ഥാപിക്കപ്പെടുകയും ചെയ്തു. എന്നാൽ തെയ്യക്കാരൻ അപ്പോഴും എപ്പോഴും മലയനും വണ്ണാനും മാവിലനും കോപ്പാളനും തന്നെയായി നിലനിന്നു. രാജാവ് നാടൊഴിഞ്ഞാലും പഴയ നാടുവാഴിയുടെ കീഴിലുണ്ടായിരുന്ന ക്ഷേത്രപ്പെരുമാക്കളുടെ സന്നിധിയിൽ നിന്നോ പഴയ കൊട്ടാരം നിന്നിടത്ത് പണിത പുത്തൻ കോൺക്രീറ്റ്​ വീടിന്റെ മുറ്റത്ത് നിന്നോ വീരും വിരുതവും കിട്ടിയ തെയ്യക്കാരന്റെ ആ ഹയർഗ്രേഡ് തെയ്യാട്ടത്തിന്റെ
സർവീസ് ബുക്കിൽ രേഖപ്പെടുത്തപ്പെട്ടതും പെരുമലയൻ, പെരുവണ്ണാൻ എന്നൊക്കെ ജാതി കൊണ്ടു തന്നെ.

ഫോക് ലോർ അക്കാദമി പോലുള്ള സ്ഥാപനങ്ങളിൽ നിന്നുള്ള ഒരേ തരം അംഗീകാരം ലഭിച്ചാലും തീയാട്ടു കുറുപ്പിനും തിടമ്പുനൃത്തക്കാരൻ നമ്പൂതിരിയ്ക്കും കിട്ടുന്ന മുൻഗണന കാവുവട്ടത്തിൽ തീച്ചാമുണ്ഡി കെട്ടി പണിക്കറായ മലയന് കിട്ടില്ല. ഈ യാഥാർത്ഥ്യത്തിനു മുമ്പിലാണ് അപമാനിതനായി ഒരു തെയ്യക്കാരൻ നില്ക്കുന്നത്. കുഞ്ഞിമംഗലം മാന്യമംഗലത്തെ വേട്ടക്കൊരുമകൻ കോട്ടത്തിലെ തന്ത്രിയിൽ നിന്നും സജീവൻ കുറുവാട്ട് എന്ന തെയ്യക്കാരന് നേരിട്ട അമാന്യമായ പെരുമാറ്റത്തിൽ പ്രതിഷേധിക്കുമ്പോൾ തന്നെ കാവകത്തെ അടുത്തറിയുന്നതിനാൽ ഇത് എന്നെ തീരെ അഭ്ഭുതപ്പെടുത്തുന്നില്ല.

വിലക്കുകൾ ഒരു തുടർച്ചയാണ്

1994 ജൂലൈയിൽ പഴയങ്ങാടിയിലെ മണക്കാടൻ രാമപ്പെരുവണ്ണാന് ഏഴോം കുറുമ്പാ ഭഗവതിക്കാവ് ഭ്രഷ്ട് കല്പിക്കുന്നതും തെയ്യം വിലക്കുന്നതും ഒരു ദളിത് ഗൃഹത്തിൽ മുത്തപ്പൻ കെട്ടിയതിനായിരുന്നു. അന്ന് കൊമ്പുവെച്ച ഫോക് ലോറിസ്റ്റുകളൊക്കെ അതിനെ ന്യായീകരിക്കുകയാണ് ചെയ്തത്. വയനാട്ട് കുലവൻ തെയ്യംകെട്ടിനോടനുബന്ധിച്ചുള്ള കാട്ടുമൃഗ നായാട്ടിന്റെ നിരോധനം ആ ജനതയുടെ സ്വത്വ നിരാസമാണെന്നും പണ്ട് നമ്മുടെ ഇത്തരം അക്കാദമിഷ്യന്മാർ പറഞ്ഞിട്ടുണ്ട്. ഫോക് ലോറിന്റെ വിഷയ പദവി നിലനില്ക്കാൻ കോരൻ കുഴികുത്തി തന്നെ എപ്പോഴും കഞ്ഞി കുടിക്കണമെന്ന നിർബന്ധം മറ്റൊരു തരം വരേണ്യ ബോധമാണ് പ്രസരിപ്പിക്കുന്നത് എന്ന് അന്നൂരിലെ വിലക്കപ്പെട്ട ആ തെയ്യക്കാരൻ ഇപ്പോഴും കാവിനു പുറത്തു തന്നെ നില്ക്കുമ്പോൾ മറന്നു പോകരുത്.

ഉത്തര കേരളത്തിലെ കാവുകളിലെ സാമുദായിക സംഘാടനത്തിന്റെ കെട്ടുറപ്പ് കർഷക വിപ്ലവത്തിന്റെ നിലപാട് തറയായി മാറിയത് എങ്ങനെയെന്ന് കെ.കെ.എൻ.കുറുപ്പ് നിരീക്ഷിക്കുന്നുണ്ട്. മുക്കാൽ നൂറ്റാണ്ട് മുമ്പ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ആരംഭകാലത്ത് വിശ്വാസത്തെ പൂർണമായും പുറത്ത് നിർത്തിയ അപൂർവ്വം നാട്ടുമനുഷ്യരുണ്ടായിരുന്നു ഇവിടത്തെ ഗ്രാമങ്ങളിൽ. എന്നാൽ യാതൊരു വിധ ആന്തര വൈരുധ്യവും തോന്നാത്ത വിധം കാവും പൂരക്കളിയും തെയ്യവും കൂട്വായിയും പെരുങ്കളിയാട്ടവും പാർട്ടി പ്രവർത്തനത്തിന് ഒപ്പം തന്നെ നടത്തികൊണ്ടു പോയവരായിരുന്നു ഭൂരിപക്ഷവും.

1997 ൽ രക്തസാക്ഷി ഗ്രാമമായ കരിവെള്ളൂരിലെ മുച്ചിലോട്ടുകാവ്, മകൾ വിജാതീയ വിവാഹം കഴിച്ച ഒരു സമുദായിയുടെ കുടുംബത്തിന് ഊരുവിലക്ക് കല്പിച്ചിരുന്നു. 1970 കളിൽ കളമ്പാട്ടും പൂരക്കളിയും പോലുള്ള അനുഷ്ഠാന കലാരൂപങ്ങളിൽ രാഷ്ട്രീയപ്രമേയങ്ങൾ നിബദ്ധിച്ച് കമ്യൂണിസ്റ്റ് വേദികളിൽ അവതരിപ്പിക്കുന്നതിന് നേതൃത്വം കൊടുത്ത ഒരു സാംസ്ക്കാരിക പ്രവർത്തകനായിരുന്നു അപ്പോൾ ഊരുവിലക്ക് കമ്മറ്റിയുടെ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നത്. ഈ ഇരട്ട വ്യക്തിത്വത്തിൽ നിന്ന് ഇന്നും പുറത്തു കടക്കാനാവാത്തതു കൊണ്ടാണ് മല്ലിയോട്ടുകാവുകളിൽ മുസ്ലീമിനു പ്രവേശനമില്ല എന്ന മനുഷ്യവിരുദ്ധ ബോർഡുകൾ എല്ലാ ക്കൊല്ലവും പുതുക്കി എഴുതിക്കൊണ്ടേയിരിക്കുന്നത്.

സജീവ് കുറുവാട്ട് / ഫോട്ടോ : സനീഷി ടി.കെ
സജീവ് കുറുവാട്ട് / ഫോട്ടോ : സനീഷി ടി.കെ

ആരുടെയുംപേരു പറയാതെ അനുഭവിച്ച സങ്കടം എഴുതുകയും തന്ത്രി തനിക്കു മാത്രം പൊന്നാട കയ്യിലിട്ടു തന്ന് ശുദ്ധം പാലിച്ചത് തന്റെ കീഴാള സ്വത്വം കൊണ്ടാണെന്ന് സ്വയം തിരിച്ചറിയുകയും ചെയ്യുന്ന സജീവ് കുറുവാട്ട് ഇതൊരു വലിയ പ്രശ്നമാക്കി ഉയർത്തരുതെന്ന് അഭ്യർത്ഥിക്കുന്നത്‌ ഇനിയും കാവകത്ത് തെയ്യം കെട്ടണമെന്ന് ആഗ്രഹിക്കുന്നതു കൊണ്ടാണ്, കുലത്തൊഴിലിനപ്പുറത്ത് തെയ്യത്തെ അഭിമാനപൂർവം കൊണ്ടു നടക്കുകയും ആഴത്തിൽ പഠിക്കുകയും തെയ്യത്തെ പറ്റി അക്കാദമിക വ്യക്തതയോടെ എഴുതുകയും ചെയ്യുന്ന ഈ കലാകാരന് പോലും പ്രതിഷേധത്തിന്റെ ആയുധം അണിയറയിൽ വെക്കേണ്ടി വരുന്നത് അതുകൊണ്ടാണ്.

ഒരു കാവനുഷ്ഠാനത്തിനിടയിലല്ല, കോവിഡ് കാലമല്ലെങ്കിൽ എം.എൽ.എ അടക്കമുള്ള മറ്റു ജനപ്രതിനിധികളും പങ്കെടുക്കുമായിരുന്ന ഒരു സാമൂഹിക ചടങ്ങിലാണ്‌ പുതപ്പിക്കേണ്ട പൊന്നാട എറിഞ്ഞ് കൊടുത്തത്. (അങ്ങനെയാണെങ്കിലും അപ്പോൾ സദസിൽ നിന്ന് അവരിലാരെങ്കിലും ഇങ്ങനെ ചെയ്യരുതെന്ന് തന്ത്രിയെ വിലക്കുമെന്ന് കരുതുന്നില്ല!) അങ്ങനെ ചെയ്ത തന്ത്രിയെയും അതിനുപദേശിച്ച ആളെയും ഒന്നു ഗുണദോഷിക്കാനെങ്കിലും സാമൂഹിക ഇടപെടലുകൾക്ക് കഴിയേണ്ടതുണ്ട്.

അദ്ദേഹത്തിന്റെ രണ്ടാം കുറിപ്പ് കൊണ്ട് റദ്ദ് ചെയ്യാനാവാത്ത ജാതിയുടെ രാഷ്ട്രീയത്തെ നാം ഇനിയും സംബോധന ചെയ്തില്ലെങ്കിലാണ് ചുമരിൽ പഴയ കലണ്ടർ തന്നെ തൂക്കിയിടേണ്ടി വരിക. അവർണനായതുകൊണ്ടല്ലേ എന്ന ആത്മ പുച്ഛം ആത്മരോഷമായതാണ് സജീവ് ഇത്തരം കുറിപ്പ് ഇടാൻ കാരണം. രണ്ടാമത്തെ കുറിപ്പിൽ തന്ത്രിയെ വിലക്കിയത് മറ്റൊരു നമ്പൂതിരി തന്നെയെന്ന് വ്യക്തമാണ്. അനുഷ്ഠാനേതരമായ ഒരു പൊതു ചടങ്ങിൽ വെച്ച് അവിടെ സന്നിഹിതരായിരിക്കുന്ന ശൂദ്രനായന്മാരുടെ മുന്നിൽ വർണ വിജൃംഭനം സംഭവിച്ച് തന്റെ ജാതിക്കോണകം പ്രദർശിപ്പിച്ച ആ മാന്യ ദേഹത്തിനാണ് ചികിത്സ വേണ്ടത്. സജീവൻ പിൻവലിയാൻ നിർബന്ധിക്കപ്പെട്ടാലും ഈ പ്രശ്നത്തെ സജീവമാക്കി നിർത്തേണ്ട സാമുഹ്യ ബാധ്യത എല്ലാ ജനാധിപത്യവിശ്വാസികൾക്കുമുണ്ട്.

തെയ്യവും ജാതിശ്രേണീ ബന്ധവും "ചങ്ങനും പുങ്ങനും' പോലെ ഇരട്ടകളാണ്. തെയ്യം ജാതിയെ ഊട്ടിയുറപ്പിക്കുന്നതാണ് എന്ന അഭിപ്രായത്തിൽ കാര്യമില്ലാതില്ല. എന്നാൽ തെയ്യവും കാവും ഇല്ലാതാക്കലല്ല ജാതിയെ പ്രക്ഷാളനം ചെയ്യാൻ വേണ്ടിയുള്ള എളുപ്പമാർഗം. ജാതിയുടെ ആഭിജാത ബോധം സത്യസന്ധമായ ചരിത്രബോധം കൊണ്ട് ഇല്ലാതായിക്കൊള്ളും. ആരാധനയുടെ ദ്രാവിഡപർവം ഇല്ലാതായാൽ കാവുകളെല്ലാം ക്ഷേത്രമാവുകയും ജ്യോതിഷികൾ അനുഷ്ഠാനങ്ങൾ തീരുമാനിക്കുകയും അവരുടെ വിവരദോഷങ്ങൾ നാളത്തെ ആചാരമായി മാറുകയും ചെയ്യുകയേ ഉള്ളൂ. ഈ പ്രശ്നത്തിന് ഇന്ന് ചെയ്തു കാണുന്ന വിശ്വാസപൂർവമായ പരിഹാരം കാവിനെ ക്ഷേത്രമാക്കി, തെക്കൻ കിരിയാത്തനെ വൈദ്യനാഥനാക്കി, മുച്ചിലോട്ടമ്മയെ ബാല പാർവതിയാക്കി നമ്പൂതിരിയെ പൂജക്ക് ഏല്പിക്കലാണ്. അതാണ് നടന്നുകൊണ്ടിരിക്കുന്നത്. സീരിയലിലെ കെട്ടിലമ്മമാരെ പോലെ കയ്യിൽ പൂപാത്രവും ഏന്തി കാവിൽ തൊഴാൻ പോകുന്ന പെണ്ണുങ്ങളും അടുത്തൂൺ കാല സാമൂഹിക പ്രവർത്തനം ഉത്സവക്കമ്മിറ്റി കൺവീനറുടെതാക്കി ആറ്റുകാൽ പൊങ്കാലയിടലിനെ വടക്കിന്റെകൂടി ദേശീയോത്സവമാക്കാൻ ഉത്സാഹിക്കുന്ന ആണുങ്ങൾ ആണ് ചുറ്റും. ചെവി ചേർത്തു നോക്ക്. പൊട്ടൻ തെയ്യത്തിന്റെ തോറ്റം പാട്ടല്ല ലളിതാസഹസ്രനാമമാണ് കാവിലെ കോളാമ്പികൾ തുപ്പുന്നത്.

ഇന്നത്തെ വിദ്യാസമ്പന്നനായ തെയ്യക്കാരൻ ഒരു കലാകാരൻ എന്ന നിലയിൽ പഴയ ആത്മ പുച്ഛമൊന്നും അനുഭവിക്കുന്നില്ല. കേന്ദ്രീയ വിദ്യാലയത്തിലെ പ്രിൻസിപ്പാളുദ്യോഗത്തിൽ നിന്നും സ്വയം വിരമിച്ച പണ്ട് തെയ്യക്കാരനായിരുന്ന ഒരു ബാല്യകാല സുഹൃത്തിനെ ഈയിടെ ഒരു സാംസ്കാരിക ചടങ്ങിൽ അടുത്തു കണ്ടു. കാലിൽ ചെമ്പഞ്ഞിച്ചാറും മുഖത്ത് അല്പം ചായില്യച്ചോപ്പും അവശേഷിപ്പിച്ച് ഒരു തെയ്യപ്പറമ്പിൽ നിന്നും ഓടി വന്നതാണ്. ഊരുകാവൽക്കാരായ പുലയരുടെ ദൈവം നായനാരായ സവർണ ദൈവത്തെ ഭൂമിയുടെ കണക്ക് ബോധിപ്പിക്കുന്ന ചടങ്ങ് വടക്കൻ കേരളത്തിൽ പല സവർണ സമുദായ കാവുകളിലുമുണ്ട്. വർഷങ്ങളായി ഇത് മുടങ്ങിയ ഒരു സവർണക്കാവിലെ തെയ്യാട്ടക്കമ്മറ്റിക്ക് ഒരു കുറി ഇത് പുനരാരംഭിക്കണമെന്ന് വെളിപാടുണ്ടായി. ദൈവ പ്രശ്നത്തിൽ ജ്യോതിഷി ഇത് എടുത്തു പറഞ്ഞു. അല്ലെങ്കിൽ പറയിപ്പിച്ചു. തെയ്യാട്ട ദിവസം അധിദേവതയുടെ തെയ്യം "കാവിന്റെ
പഠിപ്പുരയിലും പുലയത്തെയ്യം താഴെ വയലിലും മുഖാമുഖം നിന്നു. പാരമ്പരാഗതമായി കേട്ടു പഠിച്ച സംബോധനാ പദമായ "എന്റെ
കാട്ടുമൂർത്തികളേ' എന്ന വിളിയോടെ പെരുവണ്ണാൻ കെട്ടിയ കാവകത്ത് കുടികൊണ്ടഭരദേവത തന്റെ കീഴാള ദൈവത്തെ വിളിച്ചു. ആലയിൽ അകിടു പൊലിയാൻ ദേശത്തെ കന്നിനെയും കിടാവിനെയും കാവൽ നിന്ന് പാലിക്കുന്ന,
ആധിവ്യാധിയകറ്റി പൈതങ്ങളെ കാത്തുരക്ഷിക്കുന്ന, കൊഴു മുതൽ മുങ്ങം വരെയുള്ള വയൽ പ്പരപ്പ് നോക്കിനടത്തുന്ന താൻ കാട്ടു മൂർത്തിയല്ലെന്നും "കൂടെയുള്ളോരെ' എന്നാണ് തന്നെ വിളിക്കേണ്ടതെന്നും മറ്റേ ദേവത തിരുത്തി. ഉത്തരം മുട്ടിയ ആസ്ഥാനമൂർത്തി പിണങ്ങിപ്പോയി. അതോടെ കുടിപ്പിരിയൽ ചടങ്ങ് എന്നേക്കുമായി വേണ്ടെന്ന തീരുമാനവുമായി കാവധികൃതരുടെ ഭാഗത്തുനിന്ന്. മൂർത്തികെട്ടിയ കോലക്കാരൻ സെൻട്രൽ യൂനിവേഴ്സിറ്റിയിൽ എം.എ. ചരിത്രത്തിന് പഠിക്കുകയായിരുന്നു. വിദ്യാഭ്യാസം തീർച്ചയായും വിമോചിപ്പിക്കുന്നുണ്ട്.

തെയ്യത്തിന്റെ അനുഷ്ഠാനബദ്ധത അതു പോലെ നിലനിർത്തി ഇനി വരും കാലത്തിൽ അതിജീവിക്കില്ല തന്നെ. കാവകത്തെ ജാതീ ശ്രേണിത്വം മതിലിനു പുറത്തും വെളിവായാൽ തെയ്യം പഠിച്ച / തെയ്യത്തെയും പഠിച്ച പുതിയ തെയ്യക്കാരൻ തീർച്ചയായും ചോദ്യം ചെയ്യും . തെയ്യക്കാരനോടുള്ള കൂട്ടായ്മയുടെ നിലപാട് മാറ്റുകയും സമഭാവനയോടെ കാണുകയുമേനിർവാഹമുള്ളൂ. അല്ലെങ്കിൽ ക്ഷേത്രക്കാർ തന്നെ സ്വയം പഠിച്ച് തെയ്യം തുള്ളേണ്ടിവരും. വടകര ഭാഗത്ത് പാണർ കെട്ടിയിരുന്ന തിറ ഒരു നമ്പ്യാർ സമുദായി പഠിക്കുകയും അനുഷ്ഠാനപരമായി അവതരിപ്പിക്കുകയും ഏതോ ഒരു അവാർഡ് അദ്ദേഹത്തിന് കിട്ടുകയും ചെയ്തിട്ടുണ്ട് എന്ന് വായിച്ചിട്ടുണ്ട്.
ഇനി ഇവിടെയും അത് വേണ്ടി വരും...
ആ ജാതിക്കോണകവാലുമായി വന്നാൽ



Summary: ഫോക് ലോർ അക്കാദമിയുടെ യുവപ്രതിഭാപുരസ്കാരം നേടിയ തെയ്യം കലാകാരനായ ബാബു പെരുവണ്ണാൻ എന്നറിയപ്പെടുന്ന സജീവ് കുറുവാട്ടിന്​ ഒരു സമുദായ ക്ഷേത്രം സംഘടിപ്പിച്ച ചടങ്ങിൽ നേരിട്ട ജാതീയ അധിക്ഷേപം മുൻനിർത്തി തെയ്യവും ജാതിശ്രേണീ ബന്ധവും തമ്മിലുള്ള വിനിമയങ്ങളെക്കുറിച്ച്​ ഒരാലോചന


Comments