കുലത്തൊഴിലും കുടിവിലക്കും

കേരളത്തിൽ ഏറ്റവുമധികം ചർച്ചക്ക് വിധേയമായിട്ടുള്ള കുലത്തൊഴിലിനെക്കുറിച്ചും അതുണർത്തുന്ന ജാതിചിന്തയെക്കുറിച്ചുമുള്ള അന്വേഷണം. ആധുനിക കേരളത്തിലെ ജാതി വിനിമയങ്ങളെക്കുറിച്ചുള്ള പഠനപരമ്പര തുടരുന്നു

തൊഴിലിനെ ജാതിയുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള ജാതിനിർണയവും ഉച്ച നീചാടിസ്ഥാനത്തിലുള്ള തൊഴിൽ ശ്രേണീകരണവും കേരളത്തിൽ സൃഷ്ടിച്ചത് ബ്രാഹ്മണരാണെന്നതിന്​ തെളിവുകളേറെയുണ്ട്. ബ്രാഹ്മണമേധാവിത്വ കേരളത്തിൽ തൊഴിലിന് ‘കുലത്തൊഴിൽ' മഹിമ ചാർത്തിയെന്നതും വിസ്മരിക്കാവുന്നതല്ല. തൊഴിൽ ‘കുലത്തൊഴിൽ' ആയി മാറുന്നതിനുപിന്നിൽ ബ്രാഹ്മണ താല്പര്യങ്ങളാണെന്ന്​ ചാതുർവർണ്യ വ്യവസ്ഥിതിയുടെ പ്രത്യയശാസ്ത്രം വെളിവാക്കിയിട്ടുണ്ട്.

കേരളത്തിലെ ‘കുലത്തൊഴിൽ' സംസ്ഥാപനത്തോടൊപ്പം നടന്ന മൂല്യനിർണയം സവർണാവർണ ജാതിവ്യവസ്ഥയെ മേൽ -കീഴ് വ്യവസ്ഥയാക്കി. തൊഴിലിനെ മന്യാമാന്യമാനങ്ങളിലേക്കുയർത്തിയ ബ്രാഹ്മണപ്രത്യയശാസ്ത്രത്തിലുദിച്ച ‘കുലത്തൊഴിൽ' ഭാവനയെ ജാതിപരിഷ്‌കരണ പ്രസ്ഥാനങ്ങളോ കൊളോണിയൽ പരിഷ്‌കാരങ്ങളോ കാര്യമായി ചർച്ചചെയ്തില്ല. കുലത്തൊഴിൽ യാഥാർഥ്യമായി സമൂഹമനസ്സിൽ ഉറച്ചു. ബ്രിട്ടീഷുകാരും അതങ്ങനെതന്നെയെന്നു വിശ്വസിച്ചു. അവരുടെ വ്യവഹാരങ്ങളിലും ഫ്യൂഡൽ വ്യവഹാരങ്ങളിലും കുലത്തൊഴിൽ ഒരേപോലെ ആവർത്തിക്കപ്പെട്ടു. അതോടെ, കുലത്തൊഴിൽ ഭാവനക്ക് ചരിത്രപരമായ സ്ഥിരതയും അബോധത്തിൽ ആഴ്ന്നിറങ്ങിയ വിശ്വാസവും കൈവന്നു. ‘കുലത്തൊഴിൽ' ജാതിനിർണയത്തിനാധാരമാക്കിയതുകാരണം ജനാധിപത്യ സമൂഹത്തിലും അതിന്റെ വേരുകൾ മാഞ്ഞുപോകാത്ത ഓർമകളായി തുടരുന്നു. കേരളത്തിൽ ഏറ്റവുമധികം ചർച്ചക്ക് വിധേയമായിട്ടുള്ള കുലത്തൊഴിലിനെക്കുറിച്ചും അതുണർത്തുന്ന ജാതിചിന്തയെക്കുറിച്ചുമുള്ള അന്വേഷണമാണിവിടെ ഉദ്ദേശിക്കുന്നത്.

മദ്യത്തിന്റെ ജാതീയമാനം നഷ്ടപ്പെടുകയും ഉപഭോഗം വിപുലമാകുകയും മദ്യവ്യവസായം സർക്കാരിനു ലാഭകരമായി മാറുകയും ചെയ്​തെങ്കിലും ‘കള്ളുചെത്ത്' ജാതിചിന്തയുടെ പൈതൃക വ്യവഹാരങ്ങളായി ഇന്നും തുടരുന്നു.

ഗോത്രപരമ്പര്യത്തിൽ ഗോത്രാംഗങ്ങളെല്ലാം ഭക്ഷ്യശേഖരണത്തിൽ നിപുണരാണ്. പ്രകൃതിവിഭവങ്ങൾ ശേഖരിക്കുന്നതിനൊപ്പം നായാട്ടും നടത്തിയിരുന്നു. എല്ലാവർക്കും വീടുണ്ടാക്കാനും ആഭരണങ്ങൾ നിർമിക്കാനും ഭക്ഷ്യശേഖരണത്തിനും നൈപുണിയുണ്ടായിരുന്നു. ലിംഗാടിസ്ഥാനത്തിൽ നായാട്ട്​ പുരുഷകേന്ദ്രിതമാണെങ്കിലും കിഴങ്ങുശേഖരണം തുടങ്ങിയുള്ളവയിൽ സ്ത്രീകളും കൂടുതലായി പങ്കെടുത്തിരുന്നു. പ്രായം കൊണ്ടും അറിവുകൊണ്ടും ചികിത്സ, മന്ത്രവാദം തുടങ്ങിയുള്ള സവിശേഷ പരിചയംകൊണ്ടും മൂപ്പന്മാരും ഷാമന്മാരും പ്രത്യേക പരിഗണനക്കർഹരായിരുന്നുവെന്നതൊഴിച്ചാൽ സമൂഹം തൊഴിൽവിഭജനം അടിസ്ഥാനമാക്കി വിഭജിക്കപ്പെട്ടിരുന്നില്ല. കാർഷിക സാമൂഹ്യഘടനയിൽ വ്യത്യസ്ത തൊഴിൽ വൈദഗ്ധ്യം അംഗീകരിച്ചിരുന്നു.

'Caste-pital' by Sajan Mani. ജന്മനാ പൗരോഹിത്യമാണ് ബ്രാഹ്‌മണരുടെ കുലത്തൊഴിലെന്ന് സ്ഥാപിക്കാൻ കണ്ടെത്തിയ തൊഴിൽ ജാതിനിർണയ ഘടനയുടെ ഉപോല്പന്നമാണ് തൊഴിൽ വൈദഗ്ധ്യത്തിന്റെ അടിസ്ഥാനത്തിലുള്ള ജാതിനിർണയം.

എന്നാൽ അതൊക്കെ ഇന്ത്യയിലേതുപോലെ ജാതിയായി നിർവചിച്ചിട്ടില്ല. സംഘകാല സമൂഹത്തിൽ വിവിധ തൊഴിൽ വിഭാഗങ്ങൾ രൂപംകൊണ്ടിരുന്നെങ്കിലും അതൊന്നും ജാതിയായി പരിവർത്തനപ്പെട്ടിരുന്നില്ല. ജൈന ബൗദ്ധ കാലത്തും സംഘകാലഘടന നിലനിന്നു. അതായത്, തൊഴിൽവിഭാഗങ്ങൾക്ക്​ ജാതിനിർണയം നടന്നിരുന്നില്ല. ചാതുർവർണ്യ വ്യവസ്ഥ തൊഴിലിന്റെ ഉച്ചനീചത്വം നിർണയിക്കുകയും അതനുസരിച്ച്​ തൊഴിൽ പൈതൃകങ്ങൾ ജാതിയടിസ്ഥാനത്തിൽ ഉറപ്പിക്കുകയും ചെയ്തു.
തൊഴിൽ വിഭാഗങ്ങളെ ജാതിവിഭാഗങ്ങളാക്കി ചിത്രീകരിക്കാനും അതുവഴി ചാതുർവർണ്യഘടനയുടെ ഭാഗമായി നിശ്ചയിച്ച തൊഴിൽ വിഭജനം സാധുവാണെന്നും ജന്മനാ പൗരോഹിത്യമാണ് ബ്രാഹ്മണരുടെ കുലത്തൊഴിലെന്നും സ്​ഥാപിക്കാനും യഥാക്രമം രാജ്യഭരണവും സൈനികവൃത്തിയും ക്ഷത്രിയർക്കും ശൂദ്രർക്കും കല്പിച്ചുകൊടുക്കാനും ബ്രാഹ്മണർ കണ്ടെത്തിയ തൊഴിൽ ജാതിനിർണയ ഘടനയുടെ ഉപോല്പന്നമാണ് തൊഴിൽ വൈദഗ്ധ്യത്തിന്റെ അടിസ്ഥാനത്തിലുള്ള ജാതിനിർണയം.

ഈഴവർ എന്നത്​ ജാതിപ്പേരാണോ?

‘ഈഴവൻ എന്നത്​ ജാതിപ്പേരാണോ? ദേശപ്പരല്ലേ? ദേശപ്പേരു വേണമെങ്കിൽ വളരെക്കാലമായി ഇവിടെ കുടിയേറിപ്പാർത്തുവരുന്ന ഈഴവർക്ക് ഇനിയെങ്കിലും ‘മലയാളി 'യെന്നു പറയുന്നതല്ലേ നല്ലത്? മലയാളത്തുള്ളവൻ മലയാളി, ഇംഗ്‌ളണ്ടിലുള്ളവൻ ഇംഗ്ലീഷുകാരൻ. ജാതി ദൈവം സൃഷ്ടിച്ചതല്ലല്ലോ, മനുഷ്യൻ കല്പിച്ചുണ്ടാക്കിയതല്ലേ?' (ശ്രീനാരായണഗുരു വൈഖരി പു- 105).

ശ്രീനാരായണഗുരുതന്നെ ഈഴവർ എന്നത്​ ജാതിപ്പേരല്ല എന്ന് അഭിപ്രായപ്പെടുകയാണ്. എ.ഡി. 12ാം ശതകം വരെ ഈഴവർ എന്നത് ജാതിപ്പേരല്ല എന്നും കൃഷിയും വൈദ്യവും കളരിയും കൊണ്ട് കുലമഹിമയും സ്ഥാനവും ഉണ്ടായിരുന്ന ബുദ്ധമതക്കാർ ആയിരുന്നുവെന്നുമാണ് ചരിത്രകാരനായ ഇളംകുളം കുഞ്ഞൻപിള്ളയുടെ അഭിപ്രായം. ഈഴത്തുനാടുമായുള്ള ബന്ധം പദ നിരുക്തിയിലൂടെ തെളിയിച്ചിട്ടുണ്ട്. ഒട്ടേറെ കുടിയേറ്റകഥകളും ലഭ്യമാണ്. ബുദ്ധമതപ്രചാരണാർത്ഥം ഇവിടെയെത്തിയവരാണ് എന്നും ഭാഷ്യമുണ്ട്.

'ബ്രാഹ്‌മണതാല്പര്യങ്ങൾ സംരക്ഷിക്കാനുള്ള ചാതുർവർണ്യ സൂത്രമാണ് യഥാർത്ഥത്തിൽ 'കുലത്തൊഴിൽ' എന്ന സങ്കല്പനം. അതിനെ വിഛേദിക്കണമെന്നുള്ളതും അത്തരത്തിലുള്ള കുലമഹിമയും തൊഴിൽമഹിമയും എതിർക്കപ്പെടേണ്ടതാണെന്നതും വാസ്തവമാണ്.' / Illustration: Newslaundry

തെങ്ങുകൃഷിയുമായുള്ള ഇവരുടെ ബന്ധം പരിശോധിക്കുമ്പോൾ ചില സംശയങ്ങൾ തലപൊക്കുന്നു. തെങ്ങ്​ കേരളത്തിന് തനതാണോ? കേരവൃക്ഷത്തിന്റെ പേരിൽ കേളികേട്ട ദേശനാമമായി മാറിയ കേരളത്തിലെ ആദിമനിവാസികൾ തെങ്ങുകൃഷിയുമായി ബന്ധമുള്ളവരാണെങ്കിൽ അത്​ ഈഴവരാണോ? അതല്ല, കേരളത്തിൽ വരത്തരായ ഈഴത്തുനാട്ടുകാർ തെങ്ങുകൊണ്ടുവന്ന്​ വൻതോതിൽ കൃഷി ചെയ്തതിനുശേഷമാണോ കേരളമുണ്ടായത്?.

മലയാളം എന്നായിരുന്നു ദേശനാമം; കേരളം എന്ന ദേശനാമം പിന്നിടുണ്ടായതാണ് എന്ന് വാദിക്കുന്നത് ശരിയാകില്ല. അശോകശാസനങ്ങളിൽ ‘കേരളപുത്ര' ബി.സി. മൂന്നാം നൂറ്റാണ്ടിൽ ചേരരാജ്യ പരാമർശമായി കണ്ടെത്തിയിട്ടുണ്ട്. അശോകചക്രവർത്തി ബുദ്ധമത പ്രചാരണത്തിന്​ അയച്ചവർ - ഈഴവർ - കേരകൃഷി തുടങ്ങിയിട്ട് ‘കേരളപുത്ര' ഉണ്ടാകാൻ എളുപ്പമല്ല. രണ്ടു സാധ്യതയെ പറയാനാവൂ. ഒന്ന്, തനതായ സസ്യജാലങ്ങളിൽ തെങ്ങ്​ പ്രമുഖമായിരുന്നു. അല്ലെങ്കിൽ ദ്വീപിൽ നിന്നുള്ള കുടിയേറ്റം ഇപ്പോൾ പറയുന്നതിനേക്കാൾ പഴക്കമുള്ളതാണ്.

ആദിമനിവാസികളോളമല്ലെങ്കിൽപോലും നല്ല പഴക്കം ഈഴവർക്കുണ്ട്. കേരകൃഷി അവരാണ് ആരംഭിച്ചതെങ്കിൽ അതിന്മേലുള്ള അവകാശം നിഷേധിക്കാനാവില്ല. മറിച്ച്​, കേരവൃക്ഷം കേരളത്തിന്​ തനതാണെങ്കിൽ ഈഴത്തുകാർ വന്ന് അതിന്റെ ഉപയോഗം കണ്ടെത്തി എന്നു പറയേണ്ടിവരും. സമുദായങ്ങളുടെ ഉത്പത്തിയെയും തൊഴിലിനെയും കുറിച്ചുണ്ടാക്കിയിരിക്കുന്ന കഥകൾ പുരാവൃത്തങ്ങളായി മാറുന്നുവെന്നതിനപ്പുറം സയുക്തികമല്ല. പരശുരാമൻ മഴുവെറിഞ്ഞു സൃഷ്ടിച്ച കേരളപുരാവൃത്തം ബ്രാഹ്മണതാല്പര്യാർത്ഥം സൃഷ്ടിച്ചതാണെന്ന്​ ആദ്യം ചട്ടമ്പിസ്വാമികളും പിന്നീട് എം.ജി.എസ്. നാരായണനും തെളിയിച്ചിട്ടുണ്ട്. ചുരുക്കത്തിൽ, കേരളത്തിലെ ജാതിപുരാണം പറഞ്ഞുവെച്ചതുപോലെയല്ല. ഉദാഹരണമായി തെങ്ങ്​, ഈഴം, ഈഴവർ എന്നിങ്ങനെ പറഞ്ഞടുപ്പിക്കുന്ന വിഷയങ്ങൾ തമ്മിൽ പൊരുത്തങ്ങളെക്കാൾ പൊരുത്തക്കേടുകളാണധികവും. കേരള സമുദായങ്ങളെ കുറിച്ച് നരവംശീയമായി കൂടുതൽ അറിയേണ്ടതുണ്ട്.

ഈഴവരുടെ കുലത്തൊഴിലാണോ കള്ളുചെത്ത്?

ഈഴവരുടെ കുലത്തൊഴിൽ സംബന്ധിച്ച ചർച്ചകൾക്ക് അറുതിയില്ല. പ്രമുഖമായി അവതരിപ്പിക്കപ്പെട്ടിരിക്കുന്നത് കള്ളുചെത്താണെന്നാണ്. ഈഴവ/തിയ /ചോവർ വിഭാഗങ്ങൾക്ക്​ ജന്മംകൊണ്ട് കള്ളുചെത്ത്​ കുലത്തൊഴിലാണെന്നു പറയാനുള്ള തെളിവുകളെവിടെയാണ് എന്നുചോദിച്ചാൽ തൊട്ടുകാണിക്കാവുന്ന ഒരു രേഖയും നിലവിലില്ല. എന്നാൽ വ്യവഹാരത്തെളിവുകൾ ഏറെയുണ്ടുതാനും. ആരാണീ വ്യവഹാരസൃഷ്ടാക്കൾ എന്നന്വേഷിച്ചാൽ അതൊക്കെ ചെന്നെത്തുന്നത് സവർണപക്ഷത്താണ്. ഇവിടെയാണ് സവർണരാഷ്ട്രീയം ഒളിഞ്ഞിരിക്കുന്നത്.
ബൗദ്ധകാലഘട്ടത്തിൽ ഇല്ലാതിരുന്ന കുലത്തൊഴിൽ സങ്കല്പനം ആരുടെ സൃഷ്ടിയാണ്​. മദ്യനിർമാണവും വിതരണവും കുലത്തൊഴിലായിരുന്നുവെന്ന്​വ്യാവഹാരികമായി ഉറപ്പിക്കുന്നവർ വസ്തുനിഷ്ഠമായി സ്ഥാപിക്കേണ്ട ചിലതുണ്ട്.

തൊഴിലിൽ ‘ഉത്തമ അധമ’ വേർതിരിവ് നടത്തി മൂല്യനിർണയം നിശ്ചയിക്കുന്നതും എതിർക്കപ്പെടേണ്ടതാണ്. പക്ഷേ ഏതൊരു വിഭാഗവും , വ്യക്തിയും ആർജിക്കുന്ന തൊഴിൽ വൈദഗ്ധ്യത്തെ അംഗീകരിക്കേണ്ടതുണ്ട്. അത് കുലത്തൊഴിലായിട്ടല്ല. തൊഴിൽ നൈപുണിയായിട്ട് മനസിലാക്കേണ്ടതുണ്ട്.

കേരളത്തിലെ ബൗദ്ധന്മാർ ആരായിരുന്നു. അതിൽ പ്രബല സമുദായം ഏതായിരുന്നു? ഈഴവ സമുദായമാണ് ബൗദ്ധ ശക്തിയായിരുന്നതെന്നതിനു തെളിവുകളേറെയുണ്ട്. ബൗദ്ധസ്വാധീനം കേരളത്തിലുണ്ടായിരുന്നില്ല എന്നോ ഈഴവവിഭാഗങ്ങൾ ബൗദ്ധരായിരുന്നില്ലന്നോ എന്നോ ആരും ഇന്ന് പറയില്ല. ആ നിലക്ക് ബൗദ്ധജീവിതം മദ്യനിർമാണം കുലത്തൊഴിലായ ഒരു വർഗത്തെ ഉൾക്കൊണ്ടിരുന്നുവെന്ന് വിശ്വസിക്കാനെളുപ്പമല്ല. കൂടാതെ, ഈള/ഈഴത്തു നാട്ടിൽനിന്ന്​ കുടിയേറിയവരാണ് ഈഴവർ എന്ന ചരിത്രസാക്ഷ്യത്തിന്റെ വെളിച്ചത്തിൽ നോക്കിയാലും ശ്രീലങ്കയിൽ ഇക്കൂട്ടർക്ക് തൊഴിൽ കള്ളുചെത്തായിരുന്നുവെന്നുറപ്പിക്കാനുള്ള തെളിവില്ല.
ലഭ്യമായ തെളിവുകൾ ശേഖരിച്ച്​ അവതരിപ്പിച്ച 1901 സെൻസസ് പരിശോധിച്ചാൽ പല കഥാതെളിവുകളും കാണാം.

ഈഴവസമൂഹത്തിന്റെ ബന്ധം തിരുനെൽവേലിയിലെയും തെക്കൻതിരുവിതാംകൂറിലെയും ചാന്നാർ സമൂഹവുമായും മലബാറിലെ തിയർ സമൂഹവുമായിട്ടുമാണ് എന്നാണ് ബ്രിട്ടീഷ് ഭാഷ്യം. തിയ എന്നതും ഈഴവ എന്നതും നിരുക്തപരമായി സിംഹള ദ്വീപിനെയാണ് സൂചിപ്പിക്കുന്നത്. തെക്കൻതിരുവിതാംകൂറിലും മധ്യതിരുവിതാംകൂറിന്റെ തെക്കുഭാഗത്തും ചോവർ എന്നും വടക്കു തിയർ എന്നുമാണ് ഇക്കൂട്ടർ അറിയപ്പെടുന്നത്. ചേവകരിൽ (സേവകർ) നിന്നാണ് ചോവർ രൂപം കൊണ്ടത്. പാണ്ട്യരാജകുമാരിയായ അല്ലി കർണാടക രാജാവായ നരസിംഹനെ വിവാഹം ചെയ്ത്​ സിലോണിൽ പോയി പാർത്തു. അവരുടെ പരിവാരങ്ങൾ മാതൃദേശത്ത്​ തിരിച്ചെത്തി വികസിച്ചവിഭാഗങ്ങളാണ് ചാന്നാരും ഈഴവരും. കാൾഡ്​വെല്ലിന്റെ നിഗമനപ്രകാരം ദ്വീപിൽനിന്ന്​ ദേശാന്തരഗമനം സംഭവിക്കാം.സിലോണിലെ ചാന്നാർ (ഷാന്നാർ) കോളണിയിൽനിന്ന്​ വന്നവരാണ്. ദരിദ്രരായ മറ്റൊരുവിഭാഗം തിരുവിതാംകൂറിലെത്തി, അവർ തെങ്ങ്​- പന കയറ്റ തൊഴിലാളികളായി അതിജീവനം കണ്ടെത്തി.

റോബർട്ട് കാൾഡ്‌വെൽ

മധ്യകാലഘട്ടത്തിൽ ചോവർ സൈനികവൃത്തിയിലായിരുന്നു. അമ്പലപ്പുഴ രാജാവിന്റെയും പുറക്കാട് രാജാവിന്റെയും സൈനികശേഷിയിൽ ഏറിയപങ്കും ചോവരായിരുന്നുവെന്നു ജെ. സി. വിഷെർ രേഖപ്പെടുത്തിയിട്ടുണ്ട്. മഹാരാജ രാമവർമയുടെ സൈന്യത്തിലും ശക്തമായ സാന്നിധ്യം ചോവർക്കുണ്ടായിരുന്നുവെന്ന്​ ഫ്രയർ ബർത്തോലോമോ രേഖപ്പെടുത്തിയിരുന്നുവെന്ന്​ 1901 സെൻസസ് പരാമർശിക്കുന്നുണ്ട്. ഇതിൽനിന്നൊക്കെ വ്യക്തമാകുന്നത്, കുലത്തൊഴിൽ കള്ളുചെത്താണ് എന്ന് തീരുമാനിക്കാനാവില്ല എന്നാണ്. 1881 ലെ തിരുവിതാംകൂർ സെൻസസ് തൊഴിൽവിവരങ്ങൾ പരിശോധിച്ചാലും ഭിന്നതൊഴിലുകളിൽ വ്യാപൃതരായിരുന്നുവെന്നുകാണാം. 1881 തിരുവിതാംകൂർ സെൻസസ് പ്രകാരം മൊത്തം ജനസംഖ്യയിൽ 16 .12 % അതായത്, 3,87,176 പേർ ഈഴവരാണ്. അതിൽ 1,03,349 (54 .11 %) പുരുഷന്മാരും 41,322 (21.07 %) സ്ത്രീകളും തൊഴിൽ ചെയ്തിരുന്നു.

1871 സെൻസസ് വിവരങ്ങളിലും വ്യത്യസ്തത്തൊഴിലുകളിൽ വ്യാപൃതരായിരുന്നുവെന്നു കാണാം. അതിലൊന്ന് കള്ളുചെത്തായിരുന്നു. ‘ഈഴവന്മാർ അല്ലെങ്കിൽ ഇളവന്മാർ കൊച്ചി -തിരുവിതാംകൂർ -മലബാർ പ്രദേശങ്ങളിലെ കള്ളുചെത്തുവർഗക്കാരാകുന്നു. ആയുർവേദം, ജ്യോതിഷം എന്നീ തൊഴിലുകളിലും ഈഴവർ പൊതുവെ ഏർപ്പെടാറുണ്ട് ' എന്നാണ് തേഴ്സ്റ്റൻ അഭിപ്രായപ്പെട്ടിരിക്കുന്നത് (ഡോ തേഴ്സ്റ്റൻ, Castes and Tribes South India,1909). വ്യത്യസ്തതൊഴിലുകളിൽ പങ്കാളികളായിരുന്ന സമൂഹമാണ് ഈഴവരുടേതെന്നും അതിലൊന്ന് കള്ളുചെത്തായിരുന്നുവെന്നും മനസ്സിലാക്കാം. ഇതിന്റെ അടിസ്ഥാനത്തിൽ ജാതിപ്പെരുമ തിളക്കുന്ന ജാത്യാഭിമാനികൾ ചെത്തല്ല കുലത്തൊഴിൽ എന്നു വാദിക്കുന്നതും കാണാം. കള്ളുചെത്ത് എന്തോ കുറഞ്ഞ തൊഴിലാണെന്ന സാമൂഹികബോധമാണിതിനു പിന്നിൽ. യഥാർത്ഥത്തിൽ ‘കുലത്തൊഴിൽ' എന്ന സങ്കല്പനം ബ്രാഹ്മണതാല്പര്യങ്ങൾ സംരക്ഷിക്കാനുള്ള ചാതുർവർണ്യ സൂത്രമാണ്. അതിനെ വിഛേദിക്കണമെന്നുള്ളതും അത്തരത്തിലുള്ള കുലമഹിമയും തൊഴിൽമഹിമയും എതിർക്കപ്പെടേണ്ടതാണെന്നതും വാസ്തവമാണ്.

കള്ളുചെത്താണ് ഈഴവരുടെ കുലത്തൊഴിൽ എന്ന പ്രചാരം പുനഃപരിശോധനയർഹിക്കുന്നു, മാത്രമല്ല, തെങ്ങുകൃഷി നടത്തിയിരുന്നവർ കള്ളുൽപ്പാദനം, കയർ നിർമാണം തുടങ്ങിയുള്ള മൂല്യവർദ്ധിത ഉല്പന്നങ്ങളുടെ സൃഷ്ടാക്കളായിരുന്നുവെന്നത് അഭിമാനമാണ്, അപമാനമല്ല എന്ന് തിരിച്ചറിയേണ്ടതുണ്ട്.

തൊഴിലിൽ ‘ഉത്തമ അധമ’ വേർതിരിവ് നടത്തി മൂല്യനിർണയം നിശ്ചയിക്കുന്നതും എതിർക്കപ്പെടേണ്ടതാണ്. പക്ഷേ ഏതൊരു വിഭാഗവും , വ്യക്തിയും ആർജിക്കുന്ന തൊഴിൽ വൈദഗ്ധ്യത്തെ അംഗീകരിക്കേണ്ടതുണ്ട്. അത് കുലത്തൊഴിലായിട്ടല്ല. തൊഴിൽ നൈപുണിയായിട്ട് മനസിലാക്കേണ്ടതുണ്ട്. ‘കുലത്തൊഴിൽ' എന്ന ബ്രാഹ്മണഭാവന ഇളക്കമില്ലാതെ, തങ്ങളുടെ പൗരോഹിത്യ ജ്ഞാനാധികാര വ്യവസ്ഥ തുടർന്നും നിലനിറുത്തിക്കൊണ്ടുപോകാനും ഇതര തൊഴിലുകൾക്കു അധമത്വം കല്പിച്ചൊഴിവാക്കാനുമുള്ള ഗൂഢതന്ത്രമായിരുന്നു എന്ന് ആലോചിച്ചാൽ മനസിലാകും.

കുലത്തൊഴിൽ എന്ന ബ്രാഹ്മണ സങ്കൽപനത്തെ തള്ളിക്കളഞ്ഞ്​ ‘കള്ളുചെത്ത് വൈദഗ്ധ്യം’ ഈഴവർക്കേ ഉണ്ടായിരുന്നുള്ളു എന്നുറപ്പിച്ചാൽ എന്താണ് തെറ്റ്?. കേരളത്തിൽ ചാന്നാന്മാരും ഈഴവരുമല്ലാത്ത വിഭാഗങ്ങൾക്ക് കള്ള്, കരുപ്പട്ടി നിർമാണ സാങ്കേതികവിദ്യ അറിയില്ല. കേരളത്തിന്റെ പൈതൃകസാങ്കേതികതയിൽ പ്രമുഖ സാന്നിധ്യമാണിത്. ദ്രാവിഡദേശത്തിലല്ലാതെ മറ്റൊരിടത്തും തെങ്ങ്​-പന ചെത്തി കള്ള്​ എടുക്കുന്ന സാങ്കേതികതയില്ല. പ്രാദേശികമായി തെങ്ങും പനയും ലഭ്യമായതുകൊണ്ടാണ് ഇത് സാധ്യമായത്. തെങ്ങുകൃഷി നടത്തിയിരുന്നവർ ഈഴവരായിരുന്നുവെന്നതിന്​തെളിവുകളുണ്ട്. അതുപോലെ, പനകൃഷി നടത്തിയിരുന്നത് ചാന്നാർ സമുദായക്കാരായിരുന്നു. ബൗദ്ധമിഷണറിമാരായാണ് ഇക്കൂട്ടർ ഇവിടെ കുടിയേറിയത് എന്ന് ചില രേഖകളിൽ കാണുന്നു.

അശോക ചക്രവർത്തിയുടെ നിർദ്ദേശാനുസരണം 2300 വർഷം മുമ്പ് ബുദ്ധ ധർമ്മമതത്വങ്ങൾ പ്രചരിപ്പിക്കാനും കൃഷി, ആയുർവേദം, ജ്യോതിശാസ്ത്രം, ആയോധന കലയായ കളരി, വാസ്തുവിദ്യ, ലോഹശാസ്ത്രം തുടങ്ങിയ അറിവുകൾ സമൂഹത്തിന്​ മിഷണറി പ്രവർത്തനത്തിലൂടെ പകർന്നുനല്കാനും ശ്രീലങ്ക വഴി കേരളത്തിലെത്തിയവരാണെന്നും, തദ്ദേശവാസികളായ കൃഷിയുടമകളായിരുന്ന പുലയരുമായി സങ്കരപ്പെട്ട ജാതിരഹിതരായ ഒരു വിസ്മൃതബൗദ്ധസമൂഹമായും മാറിയവരാണ് ഈഴവർ എന്നും വിശ്വസിക്കുന്നവരുണ്ട്. ഏതായാലും തെങ്ങുകൃഷിയിൽ നിന്നും പന കൃഷിയിൽനിന്നും മൂല്യവർദ്ധിത ഉല്പന്നങ്ങൾ വികസിപ്പിക്കാനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചവരാണ് ചാന്നാന്മാരും ഈഴവരുമെന്ന അവർക്കുള്ള പേറ്റൻറ്​ നിരസിക്കാനാവില്ല.

ഈഴത്തുനാട്ടിൽനിന്ന്​ കുടിയേറിയതാണോ കേരവൃക്ഷം, അതോ തദ്ദേശീയമായി ഇവിടെ ഉണ്ടായിരുന്നതാണോ എന്നതിൽ മുന്തിയ അഭിപ്രായം ദ്വീപിൽനിന്ന്​വന്നതാണെന്നു തന്നെ. ഈഴവർ ദ്വീപിൽ നിന്ന്​ കുടിയേറിയവരാണെങ്കിലും അല്ലെങ്കിലും വിഭവ ഉപയോഗവും മൂല്യവർദ്ധിത ഉത്പന്നസംസ്‌കരണവും കേരളത്തിന് സംഭാവനചെയ്തത് ഈഴവരാണെന്നതിൽ സംശയമില്ല. നാളിതുവരെ കേരളത്തിലെ സസ്യലോകത്തെ അറിഞ്ഞുപയോഗപ്പെടുത്തിയ മറ്റൊരു സമൂഹം ഇല്ല. ഹോർത്തൂസ് മലബാറിക്കസിലെ ഇട്ടിയച്ചൻ ഇതിനു സാക്ഷിയാണ്.

ഗുരു കള്ളുചെത്തിനെ ഒരിക്കലും കുലത്തൊഴിലായി പരാമർശിച്ചുകാണുന്നില്ല. എന്നാൽ ഇതൊരു അധമത്തൊഴിലാണ് എന്നുറപ്പിച്ചിരുന്നു. ഇക്കാര്യത്തിൽ ബ്രാഹ്മണരുടെ തൊഴിലിനോടുള്ള ഉച്ചനീചത്വ മനോഭാവത്തെ ഉൾപ്പേറിയതാണോ ഗുരുവെന്നു സംശയിക്കേണ്ടിയിരിക്കുന്നു.

കേരളത്തിലെ സസ്യസമ്പത്തിനെയറിയാനും ആയുർവേദ ചികത്സാരീതിയിൽ പ്രയോജനപ്പെടുത്താനും മരുന്നുസംസ്‌കരിക്കാനും ബൗദ്ധപാരമ്പര്യം ഏറ്റെടുത്തു മുന്നേറിയ ജനതക്ക് കഴിഞ്ഞിരുന്നുവെന്നതിനു തെളിവുകൾ ഏറെയുണ്ട്. കൊട്ടാരം വൈദ്യന്മാർ ഏറെയും ഈഴവർ തന്നെയായിരുന്നുവെന്നത് മറപ്പിക്കാനാവാത്ത യാഥാർഥ്യമാണ്. ബൗദ്ധപാരമ്പര്യത്തിലാർജിച്ച ആയുർവേദ ജ്ഞാനം ഇക്കൂട്ടർക്ക് കൈമുതലായിരുന്നു. നെയ്ത്തിലും ഒട്ടും പുറകിലായിരുന്നില്ല. ചുരുക്കത്തിൽ കള്ളുചെത്താണ് കുലത്തൊഴിൽ എന്ന പ്രചാരം പുനഃപരിശോധനയർഹിക്കുന്നുവെന്നു മാത്രമല്ല, തെങ്ങുകൃഷി നടത്തിയിരുന്നവർ കള്ളുല്പാദനം, കയർ നിർമാണം തുടങ്ങിയുള്ള മൂല്യവർദ്ധിത ഉല്പന്നങ്ങളുടെ സൃഷ്ടാ ക്കളായിരുന്നുവെന്നത് അഭിമാനമാണ്, അപമാനമല്ല എന്ന് തിരിച്ചറിയേണ്ടതുണ്ട്. ചുരുക്കത്തിൽ തൊഴിലിന്റെ പേരിൽ ജാതിനിർമിക്കുകയും സമൂഹത്തെ ശ്രേണികരിക്കുകയും ചെയ്ത ബ്രാഹ്മണതന്ത്രത്തെ തിരിച്ചറിയാതിരിക്കുന്നതു അധമജാതി നിർമിതിയെ സാധുകരിക്കലാണ്.

ഗുരു കള്ളുചെത്തിനെ ഒരിക്കലും കുലത്തൊഴിലായി പരാമർശിച്ചുകാണുന്നില്ല. എന്നാൽ ഇതൊരു അധമത്തൊഴിലാണ് എന്നുറപ്പിച്ചിരുന്നു. ഇക്കാര്യത്തിൽ ബ്രാഹ്മണരുടെ തൊഴിലിനോടുള്ള ഉച്ചനീചത്വ മനോഭാവത്തെ ഉൾപ്പേറിയതാണോ ഗുരുവെന്നു സംശയിക്കേണ്ടിയിരിക്കുന്നു. ശുദ്ധിവാദത്തെ അംഗീകരിച്ചതു പോലെ സംസ്‌കൃതമനുഷ്യനെ കുറിച്ചുള്ള സങ്കല്പത്തിൽ ബ്രാഹ്മണമൂല്യം ഉത്തമമാണെന്ന് ഗുരുവും കരുതിയോ?
‘ചെത്ത് ഒരു മഹാവ്യാധിയാണ്. ഒരവയവത്തിന്​ കുഷ്ഠരോഗമുണ്ടായാൽ ദേഹം മുഴുവൻ അതു ദുഷിപ്പിക്കുന്നതുപോലെ, ചെത്തുന്നതു മൂലം സമുദായം മുഴുവൻ കെട്ടുപോകുന്നു. രോഗം പിടിപെട്ട അവയവം നാം മുറിച്ചുകളയുന്നതു പോലെ, ചെത്തുകാരനെ സമുദായത്തിൽനിന്ന്​ വേർപെടുത്തണം' എന്ന സദാചാര നിലപാടാണ് ഗുരു കൈകൊണ്ടത്.

എന്തായിരിക്കും ഗുരുവിനെ കള്ളുവ്യവസായത്തിനെതിരെ പ്രേരിപ്പിച്ച മനോഭാവം. ശുദ്ധി സങ്കൽപവും സനാതനത്വവും തന്നെ. ബ്രാഹ്മണർ അധമത്വം കല്പിച്ചിരിക്കുന്ന തൊഴിൽ തുടർന്നാൽ പരിഷ്‌കൃതിക്ക്​ അത് വിഘാതമാകും എന്ന് ഗുരു വിശ്വസിച്ചുകാണും. അധമസ്ഥാനത്തുനിന്നുയരാൻ കള്ളുവ്യവസായം ഒഴിവാക്കുക എന്നതായിരുന്നു ഗുരുവിന്റെ നിലപാട്. കള്ളുമായി ബന്ധപ്പെട്ട സന്ദേശങ്ങൾ ഗുരുവിന്റെ പ്രവർത്തനഘട്ടങ്ങളിൽ അവസാനമാണ് കാണുന്നത്. 1920 മുതലുള്ള കാലത്ത്. അതിനുമുമ്പ് മതം, സദാചാരം, വിദ്യഭ്യാസം, വ്യവസായം തുടങ്ങിയുള്ള മേഖലകളിലാണ് പ്രചാരം നടത്തിയിരുന്നത്. എസ്.എൻ.ഡി.പി. നടപ്പാക്കേണ്ട പ്രവർത്തങ്ങളിലൊന്നും ഗുരു മദ്യവിലക്കു പ്രചരിപ്പിക്കാൻ ആവശ്യപ്പെട്ടിട്ടില്ല. ചെത്ത് ‘കുലത്തൊഴിലായി'രുന്നെങ്കിൽ ആദ്യമേ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിൽ അത് വിഷയമായേനെ. ബ്രിട്ടീഷുകാർ കള്ളുവ്യവസായത്തെ പ്രോത്സാഹിപ്പിച്ചപ്പോൾ ഗുരു ആ നയത്തിനെതിരെ പ്രതികരിച്ചില്ല. 1920 ആയപ്പോൾ മാത്രമാണ് ഗുരുവിന്റെ ശ്രദ്ധ ഇക്കാര്യത്തിൽ പതിയുന്നത്.

ഹോർത്തൂസ് മലബാറിക്കസിലെ തെങ്ങിന്റെ ചിത്രീകരണം. ലാറ്റിൻ, മലയാളം, അറബി, കൊങ്കണി ഭാഷകളിൽ തെങ്ങിന്റെ പേര് പരാമർശിച്ചിരിക്കുന്നത് കാണാം. / Photo: K.S. Manilal

‘മദ്യം വിഷമാണ്. അതുണ്ടാക്കരുത്, കൊടുക്കരുത്, കുടിക്കരുത്'

ശ്രീനാരായണഗുരുവിന്റെ സന്ദേശങ്ങളിൽ ഒന്നാണിത്​.
ഈ കുടിവിലക്കിനെ കേരളം എങ്ങനെ ഏറ്റെടുത്തുവെന്ന്​ ആലോചിക്കേണ്ടതുണ്ട്. ഗുരുവിന്റെ മറ്റുപല സന്ദേശങ്ങൾക്കും ഇന്നും സജീവതയുണ്ട്. ഗുരുവിനെ നവോത്ഥാനായകരിൽ ഒരാളാക്കുന്നതിലും സാമൂഹികവിപ്ലവകാരി പട്ടം ചാർത്തുന്നതിലും പ്രധാനമായി ആധാരമായത് ഗുരുവചനങ്ങളാണ്. ചില ഗുരുവചനങ്ങൾക്ക് വേണ്ടത്ര പരിഗണന കേരള സമൂഹമോ സമുദായമോ നല്കിക്കാണാറില്ല. ഗുരുവചനങ്ങളുടെ പൊരുളറിഞ്ഞോ അറിയാതെയോ ആവശ്യാനുസരണം പ്രയോജനപ്പെടുത്തുന്നത് ശീലമായി മാറിയിട്ടുണ്ടെങ്കിലും ചിലത് ഒഴിവാക്കുന്നതും ശീലമായിട്ടുണ്ട്. ഗുരുവചനങ്ങളിൽനിന്ന് ചിലത് തെരെഞ്ഞെടുത്ത് ഉപയോഗിക്കുന്നതിന്റെയും മറ്റുചിലത് ഒഴിവാക്കുന്നതിന്റെയും താല്പര്യം ഒന്നല്ല. ചിലതിന്​ വ്യവഹാരമൂല്യം ലഭിക്കുകയും മറ്റുചിലതിന് ലഭിക്കാതിരിക്കുന്നതും എന്തെന്ന പരിശോധന വർത്തമാനകാല ഗുരുസാന്നിധ്യത്തെ അളന്നറിയാൻ സഹായിക്കും എന്നുറപ്പാണ്. ഗുരുവചനങ്ങളിൽ അവഗണന അനുഭവിക്കുന്ന ചില സന്ദേശങ്ങൾ അന്വേഷിച്ചറിയാം.തുടക്കത്തിൽ പറഞ്ഞ സന്ദേശം അവഗണന അനുഭവിക്കുന്നവയിൽ ഒന്നാണ്.

ഗുരുവിന്റെ മദ്യസന്ദേശത്തിന്റെ ചരിത്രമൂല്യം പരിശോധിക്കേണ്ടതുണ്ട്. സ്വാതന്ത്രസമരത്തിന്റെ ഭാഗമായി പ്രചരിച്ച ഗാന്ധിയൻ സന്ദേശങ്ങളിലെ ഒന്നാണ് മദ്യവർജ്ജനമെങ്കിലും, മലയാള സന്ദർഭത്തിൽ ഗുരുവിനുമുമ്പ് ആരും മദ്യവർജ്ജന നയം അവതരിപ്പിച്ചിട്ടില്ല എന്നത് ഗുരുസന്ദേശത്തിന്റെ ചരിത്രപ്രാധാന്യം ഉയർത്തുന്നു. എന്തുകൊണ്ടായിരിക്കും 1920 ൽ അതായത്, ഗുരുവിന്​ 64 വയസ്സായപ്പോളാണ് ഇത്തരമൊരു സന്ദേശം നൽകിയത്. ‘ചെത്തുകാരന്റെ ദേഹം നാറും, തുണി നാറും, വീടും നാറും, അവൻ തൊട്ടതെല്ലാം നാറും' എന്ന തരത്തിലാണ് ഗുരുമദ്യസന്ദേശത്തെ വിശദീകരിച്ചത്.

ജനങ്ങളുടെ അധഃപതനത്തിനുള്ള ഒരു കാരണമായും അപരിഷ്‌കൃതത്വത്തിന്റെ ലക്ഷണമായും മദ്യനിർമിതിയെയും വില്പനയെയും ഉപഭോഗത്തെയും ഗുരു കണ്ടു. കേവലം കുടിവിലക്കായി മാത്രം ഇതിനെക്കാണാനാവില്ല.

​​​​​​​‘മദ്യം ബുദ്ധിയെയും ആരോഗ്യത്തെയും നശിപ്പിക്കുന്ന വിഷമാണ്. ഉണ്ടാക്കി കുടിപ്പാൻ കൊടുക്കുന്നതു വലിയ പാപം. മദ്യപനു ചെയ്യാൻ പാടില്ലാത്ത ദുഷ്‌കൃത്യം ഒന്നുമില്ല. ചെത്തുകാരനെ കണ്ടാൽ കശാപ്പുകാരനോടുള്ളതിനേക്കാൾ വെറുപ്പു തോന്നും. അവന്റെ ദേഹവും വസ്ത്രവും വീടും പറമ്പുമെല്ലാം അറപ്പുതോന്നുന്ന ഒരുവക ദുർഗന്ധം വ്യാപിച്ചിരിക്കും. മദ്യവില്പനയുള്ള ഗ്രഹത്തിൽ അടുക്കള ശുദ്ധമായിരുപ്പാൻ പ്രയാസം. സ്ത്രീകൾക്ക് മര്യാദ പാലിപ്പാൻ പ്രയാസം. തീയരിൽ സാധുക്കൾ മാത്രമേ ചെത്താറുള്ളൂ. അവരുടെ സംഖ്യ ആയിരത്തിൽ ഒന്നു കാണുമോ എന്നു സംശയം. മറ്റു വർഗക്കാരിലുള്ള സാധുക്കളാരും ചെത്തിയല്ല കഴിയുന്നത്. ഇപ്പോൾ ചെത്തുകൊണ്ടുള്ള ആദായം തന്നെ മുഴുവൻ സർക്കാരിന് പോകുന്നു. കഷ്ടനഷ്ടങ്ങളും പാപവും മാത്രമേ ചെത്തുകാരനു ശേഷിക്കുന്നുള്ളൂ. പിന്നെ എന്തിനു തീയർ ചെത്തണം? വലിയ ലാഭമുണ്ടായാൽത്തന്നെ പാപകരമായ തൊഴിൽ മനുഷ്യൻ ചെയ്യരുത്'.-കുമാരനാശാന്റെ ഗദ്യലേഖനങ്ങൾ II പു 157 -158 ).

നാറ്റത്തെ അശുദ്ധിയായി ഗുരു കാണുകയാണ്. കള്ളുണ്ടാക്കലും വിൽപനയും ഉപഭോഗവും അധമതൊഴിലായി തന്നെയാണ് ഗുരു കണ്ടിരുന്നത്. ജനങ്ങളുടെ അധഃപതനത്തിനുള്ള ഒരു കാരണമായും അപരിഷ്‌കൃതത്വത്തിന്റെ ലക്ഷണമായും മദ്യനിർമിതിയെയും വില്പനയെയും ഉപഭോഗത്തെയും ഗുരു കണ്ടു. കേവലം കുടിവിലക്കായി മാത്രം ഇതിനെക്കാണാനാവില്ല. പാരമ്പര്യവിച്ഛേദം ഉറപ്പുവരുത്തുന്ന ഗുരുവചനങ്ങളിൽ ഒന്നു മാത്രമാണിത്. ഗുരുവിഭാവനം ചെയ്ത ആധുനിക മനുഷ്യസമൂഹം മദ്യവിമുക്തമാണ്. അന്ധവിശ്വാസങ്ങളെയും, പ്രാണിഹിംസ മുതലായ അമംഗളാചരത്തോടുകൂടി അനുഷ്ടിക്കപ്പെടുന്ന ദുർദേവതാരാധനകളെയും നിരാകരിക്കുക, താലികെട്ട് നിറുത്തലാക്കുക, തിരണ്ടുകുളി, പുളികുടി ആഘോഷവും ചെലവും ഒഴിവാക്കുക, ബഹുഭാര്യാത്വവും ഭർത്രത്വവും ഒഴിവാക്കുക എന്നിങ്ങനെ മനഃപൂർവം നിരാകരണം ചെയ്യേണ്ട ചില ആചാരങ്ങളും ഗുരു ഉപദേശിച്ചിട്ടുണ്ട്.

പുലയരോടുള്ള സംഭാഷണത്തിൽ ഗുരു മദ്യപാനം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു: ‘നിങ്ങൾക്കു പണമില്ലെന്നു പറയുന്നതു ശരിയല്ല. നിങ്ങളൊക്കെ പണമാണല്ലോ. ദിവസേന വേലചെയ്തു പണമുണ്ടാക്കാതെ നിങ്ങളിൽ ആരും ഇല്ല. ഇപ്പോൾ അത് മദ്യപാനം ചെയ്തും മറ്റും വെറുതെ പോകുന്നു... മദ്യപാനം കഴിയുന്നതും നിറുത്തണം. ഇനി കുട്ടികൾ കള്ളുകുടിക്കുവാൻ അനുവദിക്കരുത്. പ്രായം ചെന്നവരും കഴിയുന്നതും മാറ്റണം. സഭ കൂടി പറയേണ്ടത്​ മദ്യപാനം മുതലായതുകളെ നിറുത്താനാണ്'.

അധമാവസ്ഥയിൽനിന്ന്​ മോചനം നേടാനുള്ള ഒരുമാർഗം സാമ്പത്തികമായി ദുർവ്യയം ഒഴിവാക്കലാണ്. മദ്യപാനത്തിന് ചെലവാകുന്ന രൂപ പുതുതലമുറയുടെ വിദ്യാഭ്യാസത്തിന് ഉപയോഗിക്കണമെന്നാണ് ഗുരു ഉപദേശിച്ചത്'
ഗുരുവിന്റെ കുടിവിലക്കിനു പല അർത്ഥതലങ്ങൾ കാണാം. മദ്യം വിഷമാണ്. അതുണ്ടാക്കരുത്, കൊടുക്കരുത്; കുടിക്കരുത് എന്ന് അതിൽ നിപുണരായ സമുദായത്തോട് ആവശ്യപ്പെടുന്നു. അതേസമയം, അവശത നേരിടുന്ന മറ്റൊരു സമുദായത്തോട് മദ്യം ഉപയോഗിക്കുന്നത് നിറുത്തണമെന്നും ആവശ്യപ്പെടുന്നു.

ശ്രീ നാരായണ ​ഗുരു, ചട്ടമ്പി സ്വാമികൾ, തീർത്ഥപാദ പരമഹംസർ. / Photo: Keralaculture.org

പൊതുവിൽ മദ്യം വിഷമാണ്, അശുദ്ധിയാണ്, അപരിഷ്‌കൃത ലക്ഷണമാണ്, പുരോഗതിക്ക് വിഘാതമാണ് എന്നൊക്കെ ഗുരു മനസിലാക്കിയിട്ടാണ് കുടിവിലക്ക് സന്ദേശം നൽകിയത്. പാരമ്പര്യത്തെ മനുഷ്യനന്മയുടെ പേരിൽ വിഛേദിക്കുകയാണ് ഗുരു. ദ്രാവിഡ പൈതൃകത്തെ സവിശേഷമായി ഗോത്രപൈതൃകത്തെ ആരാധനയിലും ഗുരു നിഷേധിക്കുന്നുണ്ട്. പൈതൃകമാണെങ്കിലും മദ്യ-മാംസ നിവേദ്യം, ജന്തുബലി സംസ്‌കാരം എന്നിവയെയും ഗുരു നിഷേധിക്കുന്നു. അധമത്വത്തിന്റെ കാരണങ്ങളിലൊന്ന് അപരിഷ്‌കൃത ജീവിതരീതിയും മറ്റൊന്ന് അശുദ്ധിയുമാണെന്ന് ഗുരുവിശ്വസിച്ചു. പാരമ്പര്യവിഛേദം എന്ന സമീപനം സംസ്‌കൃതരാകാനും പുരോഗതി പ്രാപിക്കാനുമുള്ള വഴിയായി ഗുരു വിലയിരുത്തി. ദ്രാവിഡ സംസ്‌കൃതിയിൽ ഇത്തരത്തിലുള്ള കുടിവിലക്ക് ആദ്യം അവതരിപ്പിച്ചത് തിരുക്കുറൾ കർത്താവായ തിരുവള്ളുവരാണ്.തിരുക്കുറളിന്റെ സ്വാധീനമാണ് ഗുരുവിൽ കാണാനാവുന്നത്. തിരുക്കുറളിന്റെ അർത്ഥകാണ്ടത്തിൽ ഒരു അധ്യായമാണ് ‘കള്ളുണ്ണാണ്മേ'(മദ്യവിലക്ക്).

921 മുതൽ 930 വരെയുള്ള കുറളുകൾ ഇതുമായി ബന്ധപ്പെട്ടതാണ്. കുടിയനെ ശത്രുക്കൾപ്പോലും പേടിക്കില്ല എന്നത്​, ഉണ്ടായിരുന്ന കീർത്തിയില്ലാതാകും, നല്ലവനായിരിക്കണമെന്നു വിചാരമുള്ളവൻ കള്ളുകുടിക്കുകയെ ചെയ്യരുത്, കള്ളിന്റെ മത്തുപിടിച്ചുള്ള കൂത്താട്ടം ഉറ്റവർക്ക്​ ദുഃഖമുണ്ടാക്കും, കുടിയന് നാണവും മഹിമയും ഇല്ലാതാകും, ദേഹത്തെ മറന്ന്​ കാശുകൊടുത്ത്​കള്ളുകുടിക്കുന്നത്​ അരുതായ കാര്യമാണ്, ശ്വാസമുണ്ടെങ്കിലും ബോധമില്ലാത്ത കള്ളുകുടിയൻ ശവത്തിനുതുല്യം, കുടി മറച്ചാലും വെളിപ്പെട്ടുപോകും, കൂടിയന് ന്യായം മനസിലാവില്ല. കൂടിയന് കുടിച്ചു കൂത്താടുന്ന മറ്റൊരുവന്റെ അവസ്ഥ കണ്ടറിഞ്ഞ്​ കുടി നിറുത്താനുള്ള ബുദ്ധിയില്ല. അത് മനസ്സിലായാൽ കുടിനിറുത്താനുള്ള ഉപായമായേനെ എന്നിങ്ങനെ അറിവും മാന്യതയും നശിപ്പിക്കുന്ന ഒന്നാണ് കള്ളുകുടിയെന്നു സാമൂഹികദൃഷ്ട്യാ ദോഷങ്ങൾ എണ്ണിപറഞ്ഞിട്ടുണ്ട് തിരുവള്ളുവർ. തിരുക്കുറളിന്റെ സ്വാധീനമായിരിക്കും സമൂഹനന്മക്കായി ഗുരു കുടിവിലക്ക് നിർദ്ദേശിച്ചതിനുപിന്നിൽ. അത് ഹിന്ദുമത പ്രചാരണാർത്ഥമല്ല. തിരുക്കുറൾ ഹിന്ദുമത ഗ്രന്ഥമായി വിലയിരുത്തുന്നുണ്ട്. എന്നാലതിനു അത്തരമൊരു ബന്ധമില്ല. ആരോപിക്കുന്നത് മാത്രമാണ്. അത് ദ്രാവിഡ നൈതികതയെയാണ് മുന്നോട്ടുവയ്ക്കുന്നത്. മറിച്ച്, ആര്യപ്രമാണങ്ങളെ അധികരിച്ചുള്ളതല്ല. ആര്യവൽക്കരണത്തിന്റെയും ഹൈന്ദവവൽക്കരണത്തിന്റെയും പകിട്ട് തിരുക്കുറളിനു ചാർത്തികൊടുക്കുകയാണ്. വസ്തുതാപരമായ യാഥാർഥ്യം അതല്ല.

സംഘകാലാനന്തരമുള്ള ദ്രാവിഡജനതക്ക്​ ധൈഷണികവും ആര്യേതരവുമായ അടിത്തറ നിർമിക്കുകയായിരുന്നു തിരുവള്ളുവർ. കള്ളുകുടിയുടെ സാമൂഹികപ്രശ്‌നങ്ങൾ അവതരിപ്പിച്ചു സമൂഹത്തെയും ഭരണത്തെയും നവീകരിച്ചു നീതിപൂർവമായ ഭരണവും സമൂഹവും എങ്ങനെയായിരിക്കണം എന്ന ഭാവനയാണ് മുന്നോട്ടുവച്ചത്. തിരുവള്ളുവർ തമിഴകത്തിലേക്കു പൊതുവിൽ അവതരിപ്പിച്ച സമൂഹഭാവന ഏറ്റെടുത്തുകൊണ്ടാണ് ഗുരു സമാനമായ മലയാളഭാവന സൃഷ്ടിച്ചത്. തിരുവള്ളുവർക്കുസംഭവിച്ച അതേ ദുര്യോഗം ഗുരുവിന്റെ കാര്യത്തിലും സംഭവിച്ചു. പാരമ്പര്യ മൂലധനമായി വ്യാവഹരികമായി ഏറ്റെടുക്കുമെങ്കിലും അവർ വിഭാവനം ചെയ്ത സദാചാരപൗരനെ നിർണയിക്കുന്നതിൽ കൃത്യമായ തിരഞ്ഞെടുപ്പ് ഭാഷാസമൂഹങ്ങൾ നിലനിറുത്താറുണ്ട്. ഇതെന്തുകൊണ്ട് സംഭവിച്ചു എന്നാലോചിച്ചാൽ മദ്യത്തിന്റെ നരവംശീയത അറിയേണ്ടതാണ് എന്ന് ബോധ്യമാകും.

സാമ്പത്തികമായി വളരുന്ന ഒരു തദ്ദേശീയ സാമ്പത്തിക സാധ്യതയെയാണ് ഒഴിവാക്കാൻ ഗുരു ആവശ്യപ്പെട്ടത്. 1871 സെൻസസിൽ പോലും കള്ളുകോൺട്രാക്ടർ എന്ന പുതിയ തൊഴിൽമേഖല വളർന്നിരുന്നു.

മദ്യത്തിന് മനുഷ്യവംശത്തോളം പഴക്കമുണ്ട്. പണ്ടുമുതലേ ധാന്യങ്ങളും തേനും പഴങ്ങളും ഒക്കെ പുളിപ്പിച്ച് മദ്യമുണ്ടാക്കിയിരുന്നതിന് നിരവധി തെളിവുകൾ ലഭ്യമാണ്, കുടിയുടെ സംസ്‌കാരിക നരവംശശാസ്ത്രം പരിശോധിച്ചാൽ പരമ്പരാഗതമായി ഇന്ത്യയിലെ ആദിമനിവാസികൾക്കിടയിൽ തന്നെ വിവിധതരം വീര്യം കുറഞ്ഞതും കൂടിയതുമായ മദ്യം സസ്യങ്ങളിൽ (ഫലമൂലാദികൾ ,ധാന്യങ്ങൾ) നിന്ന്​ നിർമിച്ചിരുന്നുവെന്നതിനു തെളിവുകളുണ്ട്. ഋഗ്വേദത്തിലും ഭാരതീയപുരാണങ്ങളിലും പരാമർശിച്ചുകാണുന്ന സോമരസം മദ്യമായിരുന്നോ അല്ലയോയെന്ന് വ്യക്തമല്ല. ആദിവാസികളുടെ ഇടയിൽ മദ്യനിർമാണവും ഉപഭോഗവും സവിശേഷസന്ദർഭങ്ങളിൽ സമൂഹം അനുവദിക്കുന്നുണ്ട് എന്നതിനു നിറയെ ആഗോളതലത്തിൽ തെളിവുകളുണ്ട്. ഇന്ത്യയിൽ ചില ഗോത്രങ്ങൾക്കിടയിൽ തനതുരീതിയിലുള്ള മദ്യനിർമിതിയും ഉപഭോഗവും ഉണ്ടെങ്കിലും എല്ലാഗോത്രങ്ങളിക്കിടയിലും ഉണ്ടെന്നുപറയാനാവില്ല.

ഉദാഹരണമായി ആൻഡമാൻ ആദിവാസികൾക്കിടയിൽ ലഹരി പാനീയങ്ങളുടെ നിർമാണമോ ഉപയോഗമോ തനതായി വികസിച്ചിട്ടില്ല. കേരളത്തിലെ ആദിവാസികൾക്കിടയിലും മദ്യനിർമിതി വ്യാപകമല്ല. സംഘകാലത്തെ തമിഴകത്ത്​നാടൻമദ്യം സ്ത്രീകളുൾപ്പടെ ഉപയോഗിച്ചിരുന്നു. പനംകരിക്കും ഇളനീരും കരിമ്പിൻനീരും ചേർത്തുണ്ടാക്കുന്ന ‘മുന്നീർ 'വ്യാപകമായി സ്ത്രീകളും ഉപയോഗിച്ചിരുന്നു. അതുപോലെ, പനങ്കള്ള്, തെങ്ങുംകള്ള്, നറതം, നറവ്, നറ,ചാറ് എന്നിങ്ങനെ വ്യത്യസ്തപേരുകളിൽ നാടൻമദ്യമുണ്ടായിരുന്നതായി സംഘസാഹിത്യത്തിൽനിന്ന്​ മനസിലാക്കാം. യുദ്ധത്തിനു മുമ്പും പിമ്പും ഉണ്ടാട്ട് (മദ്യസേവ)നടത്തിയിരുന്നു. ഇഷ്ടദൈവങ്ങൾക്കു മാംസവും മദ്യവും നിവേദ്യമായി നൽകിയിരുന്നതും ദ്രാവിഡപാരമ്പര്യമായിരുന്നു.

സോമരസ ഉപയോഗം പുരാണസന്ദർഭത്തിൽ പോലും കാണാം. കൂടാതെ,പീതാപീത്വാ പുനഃപീത്വാ യാവത്പതതി ഭൂതലേ പുനരുത്ഥായ വൈപീത്വാ പുനഃപീത്വാ പുനർജ്ജന്മന വിദ്യതേ
കള്ളുകുടിക്കുക വീണ്ടുംകുടിക്കുക, ഒടുവിൽ ഭൂമിയിൽ കറങ്ങിവീഴുന്നതുവരെ കുടിക്കുക, അവിടുന്നു എഴുന്നേറ്റു വീണ്ടും കുടിക്കുക, ഇങ്ങനെയുള്ളവനു പുനർജന്മമില്ല എന്നാണ്​ മഹാനിർവാണമന്ത്രം എന്ന ഗ്രന്ഥത്തിൽ കാണുന്ന ഈ വരികളുടെ സാരമെന്ന് ഇ. മാധവൻ സ്വതന്ത്രസമുദായം (1934) എന്ന ഗ്രന്ഥത്തിൽ പരാമർശിച്ചുകാണുന്നു. അതായത്, പണ്ടുമുതലേ മദ്യസേവയെ (കാളിതന്ത്രം ) ഒരുമോക്ഷമാർഗമായും പരിഗണിച്ചിരുന്നുവെന്നാണ് ഇ. മാധവൻ നിരീക്ഷിച്ചത്. പ്രകൃതിയിൽ ലഭ്യമാകുന്ന വസ്തുക്കളുടെ സംസ്‌കരണ സാങ്കേതികവിദ്യക്കു പഴക്കമേറെയുണ്ട്. ഇതിന്റെ വ്യാവസായിക സാധ്യത മനസിലാക്കിയി 1790ൽ ഈസ്റ്റിന്ത്യ കമ്പനി അബ്ക്കാരി എക്സൈസ് സിസ്റ്റം ഭാരതത്തിൽ നടപ്പിലാക്കി.1888ൽ അലഹബാദി ൽചേർന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് അഖിലേന്ത്യ സമ്മേളനം മദ്യം നിയന്ത്രിക്കുന്നതിന് ബ്രിട്ടീഷ് സർക്കാരിനോട് ആവശ്യപ്പെട്ടു. എന്നാൽ സാമ്രാജ്യത്വഭരണകൂടം അത് മുഖവിലക്കെടുത്തില്ല.

'മദ്യം വിഷമാണ്, അശുദ്ധിയാണ്, അപരിഷ്‌കൃത ലക്ഷണമാണ്, പുരോഗതിക്ക് വിഘാതമാണ് എന്നൊക്കെ ഗുരു മനസിലാക്കിയിട്ടാണ് കുടിവിലക്ക് സന്ദേശം നൽകിയത്. പാരമ്പര്യത്തെ മനുഷ്യനന്മയുടെ പേരിൽ വിഛേദിക്കുകയാണ് ഗുരു.'

1930കളിൽ മഹാത്മഗാന്ധിയുടെ നേതൃത്വത്തിൽ മദ്യവിരുദ്ധ പ്രസ്ഥാനം ശക്തിപ്പെടുത്തി. ദേശീയ പ്രസ്ഥാനത്തിൽ ഉയർന്നുവന്ന ദേശീയപൗരത്വനിർമിതിയിലും മദ്യവർജ്ജനം ചർച്ചയായിട്ടുണ്ട്. 1956 ലാണ് ലോകാരോഗ്യസംഘടന മദ്യാസക്തിയെ ഒരു രോഗമായി പ്രഖ്യാപിച്ചത്. അതിനുശേഷമാണ് മദ്യ ഉപഭോഗത്തെ സജീവമായി ഒരു ആരോഗ്യപ്രശ്‌നമായി പരിഷ്‌കൃത സമൂഹം കണ്ടത്. അതിനൊക്കെ മുമ്പേയുള്ള മദ്യവർജ്ജന പ്രഖ്യാപനങ്ങളൊന്നും വലിയരീതിയിൽ ജനം സ്വീകരിച്ചിട്ടില്ല
മദ്യവർജനഭാവനയെ കേരളം മനസിലാക്കുന്നത് ഒരു ഗാന്ധിയൻ സമരമുറയായിട്ടാണ്. ഗാന്ധിക്കും കോൺഗ്രസ്സിനും മുമ്പേ തിരുവള്ളുവർ മദ്യവിമുക്ത സമൂഹഭാവന അവതരിപ്പിച്ചിരുന്നു. ഗുരുവും ആധുനികകേരളസമൂഹത്തെ വിഭാവനം ചെയ്തപ്പോൾ ജാതിവിമുക്ത മദ്യവിമുക്ത ബഹുമത സഹിഷ്ണതയുള്ള സമൂഹഭാവനയാണ് അവതരിപ്പിച്ചത്. ‘കുടിപൈതൃക ത്തിന്റെ വിച്ഛേദത്തിലൂടെ ആധുനികമനുഷ്യനാവുക’ എന്ന ഗുരുഭാവനയെ ഏറ്റെടുക്കാൻ സമുദായത്തിനോ കേരളസമൂഹത്തിനോ കഴിഞ്ഞില്ല. ഇതിനു രണ്ടുകാരണങ്ങൾ കണ്ടെത്താം. ആദ്യമായി തനതായ വ്യവസായ സാധ്യതതന്നെ. രണ്ടാമതായി, സാമൂഹ്യനരവംശ ബോധത്തിനു വിരുദ്ധമായ സമൂഹഭാവനയെ ഏറ്റെടുക്കാൻ സമൂഹം തയ്യാറായില്ല.

ഗുരുവിന്റെ മദ്യവിരുദ്ധ സന്ദേശം ലാഭകരമല്ലാത്ത ഒരു ആശയമായതുകൊണ്ടാണ്, ആരും അതിനെ കുറിച്ച് വേവലാതിപ്പെടാത്തത്. ഗുരുവും സന്ദേശങ്ങളും ലാഭനഷ്ടമനുസരിച്ചു ഏറ്റെടുക്കേണ്ടതാണ് എന്ന ബോധ്യം നമുക്കുണ്ട്.

അധികാരങ്ങളും സവർണസമൂഹത്തിൽ നിക്ഷിപ്തമായിരിക്കുമ്പോൾ കള്ളുചെത്തുവിദ്യയുടെ ഉടമസ്ഥാവകാശം നഷ്ടപ്പെടുത്താൻ ബന്ധപ്പെട്ടവർ തയ്യാറയില്ല എന്നുവേണം മനസിലാക്കാൻ. സാമ്പത്തികമായി വളരുന്ന ഒരു തദ്ദേശീയ സാമ്പത്തിക സാധ്യതയെയാണ് ഒഴിവാക്കാൻ ഗുരു ആവശ്യപ്പെട്ടത്.1871 സെൻസസിൽ പോലും കള്ളുകോൺട്രാക്ടർ എന്ന പുതിയ തൊഴിൽമേഖല വളർന്നിരുന്നു. കള്ളുവ്യവസായം സർക്കാരിന് നികുതിയിനത്തിൽ വമ്പിച്ച വരുമാനമായി മാറിയിട്ടുണ്ട് . തൊഴിൽ സാധ്യത തിരിച്ചറിഞ്ഞ കേരളം ഇന്ന് ഏറ്റവും കൂടുതൽ കുടിസംസ്‌കാരം വ്യാപിപ്പിക്കാൻ ശ്രമിക്കുന്നതും അതുകൊണ്ടുതന്നെ. മദ്യത്തിന്റെ ജാതീയമാനം നഷ്ടപ്പെടുകയും ഉപഭോഗം വിപുലമാകുകയും മദ്യവ്യവസായം സർക്കാരിനു ലാഭകരമായി മാറുകയും ചെയ്​തെങ്കിലും ‘കള്ളുചെത്ത്' ജാതിചിന്തയുടെ പൈതൃക വ്യവഹാരങ്ങളായി ഇന്നും തുടരുന്നു.

ഗുരുവിന്റെ മദ്യസന്ദേശം നാം സ്വീകരിക്കാത്തത് കള്ളുവ്യവസായത്തിന്റെ സാമ്പത്തികശാസ്ത്രം അറിഞ്ഞതുകൊണ്ടാണ്. ഗുരുവിന്റെ മദ്യവിരുദ്ധ സന്ദേശം ലാഭകരമല്ലാത്ത ഒരു ആശയമായതുകൊണ്ടാണ്, ആരും അതിനെ കുറിച്ച് വേവലാതിപ്പെടാത്തത്. ഗുരുവും സന്ദേശങ്ങളും ലാഭനഷ്ടമനുസരിച്ചു ഏറ്റെടുക്കേണ്ടതാണ് എന്ന ബോധ്യം നമുക്കുണ്ട്. ഗുരുവിന്റെ മനുഷ്യഭാവനയും ജാതിവിരുദ്ധഭാവനയും ഏറ്റെടുക്കുന്നതും ലാഭകരമല്ല. ജാതിപറയുന്നതാണ് ലാഭം. ഗുരുവിനെ അനുസരിച്ചു ജാതിപറയാതിരിക്കലല്ല. അങ്ങനെ ഗുരുവും ഉപഭോഗസംസ്‌കൃതിയിലെ ലാഭനഷ്ട കണക്കുകൾക്കു വിധേയനാണ് എന്നതാണ് കേരളീയ ഗുരുപാഠം. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


എം. ശ്രീനാഥൻ

ഭാഷാശാസ്ത്രജ്ഞൻ, പ്രഭാഷകൻ, എഴുത്തുകാരൻ. തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിൽ പ്രൊഫസർ. തിയററ്റിക്കൽ ലിംഗ്വിസ്റ്റിക്‌സ്, അപ്ലൈഡ് ലിംഗ്വിസ്റ്റിക്‌സ്, ലിംഗ്വിസ്റ്റിക്‌സ് ആന്ത്രപ്പോളജി, ലാംഗ്വേജ് ആൻറ്​ ജനറ്റിക്‌സ് തുടങ്ങിയവ മേഖലകളിൽ സ്‌പെഷലൈസേഷൻ. മലയാള ഭാഷാചരിത്രം: പുതുവഴികൾ, എ.ആർ. നിഘണ്ടു, Dravidian Tribes & Language, മലയാള ഭാഷാശാസ്ത്രം, കേരള പാണിനീയ വിജ്ഞാനം (ഡോ. സി. സെയ്തലവിക്കൊപ്പം എഡിറ്റർ), ചട്ടമ്പിസ്വാമികളുടെ ജ്ഞാന നവോത്ഥാനം തുടങ്ങിയവ പ്രധാന പുസ്തകങ്ങൾ.

Comments