കലയിലുണ്ടോ ക്ലാസിക്കൽ ശരീരവും ഫോക് ശരീരവും?

കലകാരരുടെ ശരീരത്തിന്റെ നിറവും സൗന്ദര്യവും വംശീയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ സ്ഥാപിച്ചുറപ്പിക്കാൻ ശ്രമം നടക്കുമ്പോൾ തെയ്യത്തെയും ക്ലാസിക്കല്‍ കലാപദ്ധതികളെയും മുന്‍നിര്‍ത്തിയുള്ള ചില സൗന്ദര്യശാസ്ത്ര വിചാരങ്ങൾ ചര്‍ച്ച ചെയ്യുന്നു.

ലയിലെ നിറം, ജാതി, പ്രവിലേജ് എന്നിവ സംബന്ധിച്ചുള്ള ചര്‍ച്ചകളും സംവാദങ്ങളും വളരെ സജീവമായി തുടരുന്ന വര്‍ത്തമാനത്തില്‍ തെയ്യത്തെയും ക്ലാസിക്കല്‍ കലാപദ്ധതികളെയും മുന്‍നിര്‍ത്തിയുള്ള ചില സൗന്ദര്യശാസ്ത്ര വിചാരങ്ങളാണ് ഇവിടെ ചര്‍ച്ച ചെയ്യുന്നത്. തെയ്യം ഗ്രാമത്തില്‍ ജീവിച്ചു വളര്‍ന്ന ഒരു കാസര്‍ഗോട്ടുകാരന്‍ എന്ന നിലയിലും ഇരുപത്തിയെട്ട് വര്‍ഷമായി പല നിലയ്ക്കുള്ള കലാകാരന്മാരുമായും അവരുടെ രാഗാവതരണങ്ങളുമായും ഔദ്യോഗികമായി സഹവസിക്കുന്ന അനുഭവത്തിന്റെ പശ്ചാത്തലത്തിലുമാണ് ഇങ്ങനെ ചില കാര്യങ്ങള്‍ പങ്കുവെക്കുന്നത്.

ക്ലാസിക്കല്‍, ഫോക് എന്നിങ്ങനെ നമ്മുടെ അവതരണ കലകളെ രണ്ട് ഭിന്നധാരകളായാണ് വ്യവഹരിച്ച് വരുന്നത്. കലയില്‍ ഇത്തരത്തിലുള്ള വിഭജനങ്ങളിലൊന്നും വലിയ കാര്യമില്ല. ക്ലാസിക്കല്‍ എവിടെ അവസാനിക്കുന്നു ഫോക്ക് എവിടെ തുടങ്ങുന്നു എന്നൊന്നും കൃത്യമായി പറയാന്‍ സാധ്യമല്ല. കലകളെല്ലാം സങ്കലിതവും പരസ്പര പൂരകങ്ങളുമാണ്. ക്ലാസിക്കല്‍ രംഗാവതരണങ്ങള്‍ പരമാവധി കാണാന്‍ ശ്രമിക്കാറുണ്ട്.

ശാസ്ത്രീയ കലാപദ്ധതികളുടെ സങ്കേതങ്ങളെ കുറിച്ച് പരിമിതമായ ഗ്രാഹ്യം മാത്രമുള്ളതിനാല്‍ അതിന്റെ ആസ്വാദ്യത അത്ര പൂര്‍ണ്ണവുമല്ല. എങ്കിലും സാധ്യമാകുന്നതു പോലെയൊക്കെ കാണാറുണ്ട്. മനസ്സിലാക്കാന്‍ ശ്രമിക്കാറുണ്ട്.

കണ്ടനാര്‍കേളന്‍ തെയ്യം

ഫോക് കലാവിഭാഗത്തില്‍ ഉള്‍പ്പെടുന്ന തെയ്യത്തെ വളരെ അടുത്ത് നിന്നും മനസ്സിലാക്കുകയും കഴിഞ്ഞ അഞ്ചാറ് വര്‍ഷമായി തെയ്യത്തിലെ പല വിഷയങ്ങളെക്കുറിച്ചും തുടര്‍ച്ചയായി എഴുതുകയും ചെയ്യുന്നുണ്ട്. കഥകളി പോലുള്ള ക്ലാസിക്കല്‍ കലകള്‍ ഫ്യൂഡല്‍ സവര്‍ണ്ണ സംസ്‌കാരത്തിന്റെ ഉല്പന്നവും തെയ്യം കീഴാളന്റെ ഉയിര്‍ത്തെഴുന്നേല്പിന്റെ ആവിഷ്‌കാരവുമാണ് എന്ന വിധത്തിലുള്ള താരതമ്യങ്ങള്‍ക്കൊന്നും വലിയ പ്രസക്തിയില്ല. തെയ്യം എന്തോ മഹത്തരമായ കാര്യമാണെന്നും ക്ലാസിക്കല്‍ കല അങ്ങനെയല്ല എന്ന യാതൊരഭിപ്രായവുമില്ല.

പക്ഷെ കേരളത്തിന്റെ പൊതു സാംസ്‌കരിക മണ്ഡലത്തില്‍ എവിടെയാണ് കഥകളിയുടെയും തെയ്യത്തിന്റെയും സ്ഥാനം?

കറുത്തവനായ തെയ്യം കലാകാരന് കേരളീയ പൊതുസമൂഹത്തില്‍ എന്ത് നിലയും വിലയുമാണുള്ളത്?

ഒരനുഭവം പറയാം.
ഈയിടെ ക്ലാസിക്കല്‍ കലകള്‍ പഠിപ്പിക്കുന്ന ഒരു യൂണിവേഴ്‌സിറ്റിയില്‍ തെയ്യം വിഷയമായി ക്ലാസെടുക്കാന്‍ പോയി. ഡിഗ്രി, പി.ജി., പി എച്ച് ഡി വിദ്യാര്‍ത്ഥികളും അവരുടെ അദ്ധ്യാപകരുമായിരുന്നു ക്ലാസിലുണ്ടായിരുന്നത്. വിദ്യാര്‍ത്ഥികളോട് ഏതെങ്കിലും തെയ്യം കലാകാരന്റെ പേര് പറയാമോ എന്ന് ചോദിച്ചു. ആര്‍ക്കും ഒരു ത്തരവും ഉണ്ടായിരുന്നില്ല. (ക്ലാസില്‍ കണ്ണൂരില്‍ നിന്നും കാസര്‍കോട് നിന്നും ഓരോ വിദ്യാര്‍ത്ഥിയും ഉണ്ടായിരുന്നു അവരോട് അറിയുമെങ്കില്‍ പേര് പറയരുത് എന്ന് പ്രത്യേകം പറഞ്ഞു) ക്ലാസില്‍ പങ്കെടുത്ത എഴുപതോളം വരുന്ന വിദ്യാര്‍ഥികളില്‍ ഒരാള്‍ക്കും ഒരു തെയ്യം കലാകാരന്റെ പേര് പറയാന്‍ പറ്റിയില്ല. ശാസ്ത്രീയ കല ഐച്ഛിക വിഷയമായി എടുക്കുകയും അതില്‍ ഗവേഷണവും ഉപരിപഠനവും നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഒരു തെയ്യക്കാരന്റെ പേര് ഓര്‍മ്മയില്‍ പോലും വരാത്തത് എന്തുകൊണ്ടായിരിക്കും? അങ്ങനെ പറയാന്‍ പറ്റാത്തത് ഒരിക്കലും ആ വിദ്യാര്‍ത്ഥികളുടെ ന്യൂനതയല്ല. കാരണം അവരുടെ അഭ്യസന കാലങ്ങളില്‍ ഇന്നോളം അങ്ങനെയുള്ള ഒരു വിഷയത്തിലൂടെ കടന്നു പോയിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. എന്തുകൊണ്ടായിരിക്കാം ഒരു തെയ്യം കലാകാരന്റെ ജീവിതം വിഷയമായിട്ടുള്ള ഒരധ്യായവും നമ്മുടെ യൂണിവേഴ്‌സിറ്റിയില്‍ പഠന വിധേയമാകാത്തത്. അതേസമയം ഒരു നര്‍ത്തകിയുടെയോ കഥകളി നടന്റെയൊ ചെണ്ട വാദകന്റെയോ പേര് നിര്‍ദ്ദേശിക്കാന്‍ പറഞ്ഞാല്‍ എത്ര പേരുകള്‍ കുട്ടികള്‍ പറയും എന്ന് നമ്മള്‍ക്കറിയാമല്ലോ.

അനന്തമായ അഭിനയ മുഹൂര്‍ത്തങ്ങളെ സൃഷ്ടിച്ച് മനോധര്‍മ്മങ്ങളിലൂടെ ആസ്വാദക ഹൃദയത്തില്‍ അനുഭൂതികളെ പ്രദാനം ചെയ്യുക രസം സ്ഫുരിപ്പിക്കുക എന്ന ധര്‍മ്മമാണ് ക്ലാസിക്കല്‍ കലകള്‍ നിര്‍വഹിക്കുന്നത്

എന്തുകൊണ്ടാണ് എപ്പോഴും ഇങ്ങനെ സംഭവിക്കുന്നത്? ക്ലാസിക്കല്‍ കലകളുടെയും തെയ്യം പോലുള്ള പാരമ്പര്യ അനുഷ്ഠാന കലകളുടെയും പ്രിവിലേജ് എന്താണെന്ന് ഇതില്‍ നിന്നും വളരെ എളുപ്പത്തില്‍ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും.

എന്താണ് ക്ലാസിക്കല്‍ കലയും തെയ്യവും തമ്മിലുള്ള വ്യത്യാസം.? കൂടുതല്‍ വ്യത്യാസങ്ങള്‍ ഒന്നും പറയുന്നില്ല. ഒരൊറ്റവ്യത്യാസം മാത്രം പറയാം. നമ്മുടെ ക്ലാസിക്കല്‍ കലകള്‍ അരങ്ങില്‍ അവതരിപ്പിക്കുന്ന ജീവിതമെന്നാല്‍ നേരത്തെ പറയപ്പെട്ട ഒരു പുരാവൃത്തത്തെയോ പുരാണത്തെയോ വീണ്ടും അവതരിപ്പിക്കുക എന്നുള്ളതാണ്.

പുതിയത് എന്നൊന്ന് ക്ലാസിക്കല്‍ അല്ല. ഏതെങ്കിലും ഹിന്ദു ദൈവത്തിന്റെയോ പുരാണങ്ങളിലെ വീര നായകന്മാരുടെയോ നായികമാരുടെയോ രാജാവിന്റെയോ രാജകുമാരിയുടെയോ ഋഷിവര്യന്മാരുടെയോ ഐതിഹാസിക ജീവിതം ക്ലാസിക്കല്‍ അവതരണത്തിലൂടെ വീണ്ടും വീണ്ടും ആവിഷ്‌കരിക്കുമ്പോള്‍ തെയ്യത്തിന് എപ്പോഴും പറയാനുള്ളത് പുതിയ പുതിയ ജീവിതങ്ങളെ കുറിച്ചാണ്. ദുശ്ശാസനെയും ദുര്യോധനയും കിര്‍മീരനെയും കീചകനെയും അങ്ങനെ കഥകളിയില്‍ എല്ലാവരെയും കൊല്ലുമ്പോള്‍ തെയ്യം ചത്തവരുടെ ഉടലുത്സവങ്ങളാണ്. മനുഷ്യരുടെ ദുഃഖമാണ് തെയ്യത്തിന്റെ വലിയ പ്രശ്‌നം. തെയ്യം എപ്പോഴും ആകുലപ്പെടുന്നത്‌ ദീനം സങ്കടം മഹാവ്യാധി എന്നതിനെ കുറിച്ചാണ്. അധികാരവര്‍ഗ്ഗം കൊലചെയ്യപ്പെട്ട നാട്ടുമനുഷ്യര്‍ തിരിച്ചുവന്ന് സ്വന്തം ചോരയുടെ കണക്ക് ചോദിക്കുന്നതാണ്‌ തെയ്യം. സമൂഹജീവിതത്തെ തെയ്യം സോഷ്യല്‍ ഓഡിറ്റിങ്ങിന് വിധേയമാക്കുന്നു.

സ്വന്തം കണ്ടത്തിന് കാവല്‍ നില്‍ക്കുന്ന പുലയനും അവനോട് വഴിമാറാന്‍ പറയുന്ന ബ്രാഹ്മണനും ഒരിക്കലും ക്ലാസിക്കല്‍ കലയുടെ അവതരണ ലക്ഷ്യമല്ല.

പുലയന്‍ നായക സ്ഥാനത്ത് വരുന്ന ഏതെങ്കിലും ക്ലാസിക്കല്‍ കലയുണ്ടെങ്കില്‍ ഒന്ന് പറഞ്ഞുതരേണ്ടതാണ്. ഉത്തരമലബാര്‍ ഗ്രാമ ജീവിതങ്ങളുടെയും ആ നാട്ടില്‍ ജീവിച്ചു മരിച്ച മനുഷ്യരുടെയും രക്തരൂക്ഷിതമായ ചരിത്രത്തെയാണ് തെയ്യം കാലാതിവര്‍ത്തിയായി ഈ മണ്ണില്‍ നിലനിര്‍ത്തുന്നത്. നേരത്തെ പറയപ്പെട്ട ഒരു രാജാവിന്റെയോ രാജകുമാരിയുടെയോ ഏതെങ്കിലും ഋഷിയുടെയോ ജീവിതം അവതരിപ്പിക്കുക എന്ന യാതൊരു ബാധ്യതയും ഉത്തരവാദിത്വവും തെയ്യത്തിനില്ല. പുഞ്ചക്കണ്ടത്തില്‍ പണിയെടുത്ത് വിയര്‍ക്കുന്ന ഒരു പുലയനെയോ (പൊട്ടന്‍ തെയ്യം) നാത്തൂന്‍മാരുടെ നുണപറച്ചിലില്‍ കുഞ്ഞിമങ്ങലത്തെ തറവാട്ടില്‍ മനംനൊന്ത് കഴിയുന്ന ഒരു പെണ്ണിനെയോ (കടാങ്കോട്ട് മാക്കം) പൊനം കൊത്താന്‍ മലങ്കാട്ടില്‍ പോയി മദ്യലഹരിയില്‍ തീയില്‍ വെന്തു മരിച്ച പൊനംകൃഷിക്കാരനെയോ (കണ്ടനാര്‍കേളന്‍) കൂടിയാട്ടത്തിലോ മോഹിനിയാട്ടത്തിലൊ ഭരനാട്യത്തിലോ കാണാന്‍ കഴിയില്ല. കീഴാള ജീവിതങ്ങളെ അവരുടെ ചരിത്രത്തെ മണ്ണില്‍ നിലനിര്‍ത്തുക എന്നുള്ളത് നമ്മുടെ ക്ലാസിക്കല്‍ കലാപദ്ധതിയുടെ ഉദ്ദേശ ലക്ഷ്യമല്ല. ക്ലാസിക്കല്‍ അവതരണങ്ങള്‍ എപ്പോഴും ഇതിവൃത്തത്തിനും അപ്പുറം ആരെയും വിസ്മയിപ്പിക്കുന്നപെര്‍ഫോമന്‍സിലാണ്‌ നിലനില്ക്കുന്നത്. അനന്തമായ അഭിനയ മുഹൂര്‍ത്തങ്ങളെ സൃഷ്ടിച്ച് മനോധര്‍മ്മങ്ങളിലൂടെ ആസ്വാദക ഹൃദയത്തില്‍ അനുഭൂതികളെ പ്രദാനം ചെയ്യുക രസം സ്ഫുരിപ്പിക്കുക എന്ന ധര്‍മ്മമാണ് ക്ലാസിക്കല്‍ കലകള്‍ നിര്‍വഹിക്കുന്നത്.

അധികാരവര്‍ഗ്ഗം കൊലചെയ്യപ്പെട്ട നാട്ടുമനുഷ്യര്‍ തിരിച്ചുവന്ന് സ്വന്തം ചോരയുടെ കണക്ക് ചോദിക്കുന്നതാണ്‌ തെയ്യം

സമൂഹത്തില്‍ ഒരു നിലയും വിലയും ഇല്ലാത്ത എല്ലാ അധികാര കേന്ദ്രങ്ങളുടെയും കണ്ണിലെ കരടായ, സമൂഹം നിഷ്‌കരുണം പുറന്തള്ളിയ മനുഷ്യരുടെ ഉത്തരവാദിത്വമാണ് തെയ്യങ്ങള്‍ ഏറ്റെടുത്തിട്ടുള്ളത്. നമ്മുടെ അവതരണ കലകളുടെ ഇന്നോളമുള്ള ചരിത്രത്തില്‍ അങ്ങനെ ഏറ്റെടുക്കാനുള്ള ചങ്കൂറ്റം കാണിച്ചിട്ടുള്ളത് തെയ്യം മാത്രമാണ്. രാമനെ വേണോ ബാലിയെ വേണോ എന്ന ചോദ്യം തന്റെ മുന്നിലേക്ക് വന്നപ്പോള്‍ തെയ്യം രണ്ടാമതൊന്നാലോചിക്കാതെ പറഞ്ഞത് ഞാങ്ങക്ക് ആര്യ ദൈവത്തിന്റെ ചതിയമ്പുകൊണ്ട് നെഞ്ച് പിളര്‍ന്ന ബാലിയെ മതി എന്നാണ്. രാമനില്‍ നിന്നും ബാലിയെ വേര്‍തിരിച്ചെടുക്കാനുള്ള വിവേകമുണ്ട് വകതിരിവുണ്ട് തെയ്യത്തിന്. രാമന് ദൈവമാവാന്‍ തെയ്യത്തിന്റെ കഠിന ജീവിതം തരണം ചെയ്യേണ്ട യാതൊരാവശ്യവുമില്ല. ലോകത്തില്‍ ഹിന്ദു ഉള്ളിടത്തൊക്കെ രാമന്‍ ദൈവമാണ്. പക്ഷേ എല്ലാ രാമായണവും പാപിയായി ക്രൂശിക്കപ്പെട്ട ബാലിയെ ദൈവം എന്ന് വിളിക്കാനുള്ള ശേഷിയും ഇച്ഛാശക്തിയും തെയ്യത്തിന് മാത്രമാണുള്ളത്. അതുകൊണ്ടാണ് രാമനുവേണ്ടി കാവുകളുണ്ടാക്കാതെ ബാലിക്ക് വേണ്ടി ഉത്തരമലബാറില്‍ നിരവധി നിരവധി കാവുകള്‍ ഉയര്‍ന്നുവന്നിട്ടുള്ളത്

കേരളത്തിന്റെ രംഗകല ചരിത്രത്തില്‍ അധികാര കേന്ദ്രത്തെ ഏറ്റവും താഴെത്തട്ടിലുള്ള മനുഷ്യര്‍ ചോദ്യം ചെയ്യുകയും തകിടം മറിക്കുകയും ചെയ്യുന്ന ഒരേയൊരു പാരമ്പര്യ അവതരണ രൂപം തെയ്യം മാത്രമാണ്. നമ്മുടെ അവതരണ കലയില്‍ കൃത്യവും വ്യക്തവുമായ പൊളിറ്റിക്‌സ് യാതൊരു വിട്ടുവീഴ്ചയ്ക്കും കീഴടങ്ങാതെ ധൈര്യപൂര്‍വ്വം സംസാരിക്കുന്ന അവതരണ കലയും തെയ്യം മാത്രമാണ്.

ഇതര ക്ലാസിക്കല്‍ രംഗ കലകളെപ്പോലെ ഏതെങ്കിലും കൊട്ടാരത്തിലെ തമ്പുരാന്‍ ഉണ്ടാക്കുകയോ തമ്പുരാന്‍ എഴുതി ചിട്ടപ്പെടുത്തുകയോ കൊട്ടാരം ദാസന്മാരോ ദാസിമാരോ അവരുടെ സേവകരോ രൂപകല്പന ചെയ്ത് അവതരിപ്പിക്കുകയോ ചെയ്ത ഒരു പാരമ്പര്യ രൂപമല്ല തെയ്യം. ഒരു നാട്ടിലെ ഏറ്റവും സാധാരണയില്‍ സാധാരണക്കാരനായ, ദൈവമാകാന്‍ ഒരു സാധ്യതയുമില്ലാത്ത സമൂഹത്തില്‍ യാതൊരു പ്രിവിലേജും ഇല്ലാതിരുന്ന മനുഷ്യരാണ് കൊല ചെയ്യപ്പെട്ട് തെയ്യമായി മാറുന്നത്. തെയ്യത്തെ നിര്‍മ്മിച്ചതും രൂപകല്‍പ്പന ചെയ്തതും തോറ്റംപാട്ടുകള്‍ കെട്ടിയുണ്ടാക്കിയതും മുഖത്തെഴുത്തും ചമയങ്ങളും ഉണ്ടാക്കിയതും തെയ്യക്കാരന്‍ തന്നെയാണ്. തെയ്യക്കാരനാണ് ആടുന്നത് പാടുന്നത്. തെയ്യക്കാരന് വേണ്ടി മറ്റാരെങ്കിലും ഉണ്ടാക്കിക്കൊടുത്തതല്ല തെയ്യം. സ്വന്തം ജീവിതത്തിന്റെ ദുരന്തമുഖങ്ങളില്‍ നിന്നും തെയ്യക്കാരന്‍ അവനവനെത്തന്നെ കണ്ടെടുത്ത്, വീണ്ടെടുത്താണ് തെയ്യത്തെ നിര്‍മ്മിച്ചിട്ടുള്ളത്. വരേണ്യകലകളെപ്പോലെ ഒരു സമൂഹത്തിലെ ഏറ്റവും ഉയര്‍ന്നവര്‍ക്ക് മാത്രം പ്രാപ്യമായ ഒരു നാട്യഗൃഗ്രഹമോ നാട്യമണ്ഡപമോ അല്ല തെയ്യത്തിന്റെ അരങ്ങുകള്‍. ജാതി മത വര്‍ണ്ണ വര്‍ഗ്ഗ ലിംഗഭേദാതീതമായി എല്ലാ മനുഷ്യരുടെയും കൈകള്‍ തെയ്യം ചേര്‍ത്തുപിടിക്കുന്നു. ജലത്തില്‍ മീനെന്നതുപോലെ ജനങ്ങളില്ലാതെ തെയ്യത്തിന് ജീവിക്കാന്‍ സാധ്യമല്ല.

അരങ്ങിലെ ക്ലാസിക്കല്‍ നടന്റെ ശരീരത്തിന്റെ സൂക്ഷ്മ വിന്യാസങ്ങള്‍ പോലെയോ അതില്‍ കൂടുതലോ തെയ്യക്കാരന്റെ ശരീരം സ്വയം ബൃഹദാഖ്യാനങ്ങളായി മാറുന്നുണ്ട്. തെയ്യം കലാകാരന്റെ ശരീരത്തിന്റെ ക്ഷമതയും അതിന്റെ അനന്തസാധ്യതകളും വിവരണാതീതമാണ്. ഒരു ദിവസം വൈകുന്നേരം തുടങ്ങി പിറ്റേന്നാള്‍ രാത്രി വരെ തുടര്‍ച്ചയായി നീണ്ടുനില്‍ക്കുന്നതാണ് ഒരു കതിവനൂര്‍ വീരന്‍ തെയ്യത്തിന്റെ അനുഷ്ഠാനങ്ങള്‍. ഒരു സന്ധ്യയ്ക്ക് തെയ്യക്കാരന്‍ അരങ്ങില്‍ വന്നു നിന്നാല്‍ പിറ്റേന്നാള്‍ സന്ധ്യയോട് കൂടി മാത്രമാണ് അയാള്‍ മുടിയഴിച്ച് സാധാരണ മനുഷ്യനായി വീട്ടിലേക്ക് തിരികെ പോകുന്നത്. തെയ്യക്കാരന്റെ കായബലത്തെക്കുറിച്ച് അവരോട് തന്നെ ചോദിച്ചാല്‍ നല്ല മലയാളത്തില്‍ ഉത്തരം പറയാന്‍ അവര്‍ക്കറിയില്ല. ഇത്രയും സമയത്തിനകത്ത് ഒരു നടന്‍ എന്നുള്ള നിലയില്‍ ആംഗീകവും വാചികവുമായ നിരവധി അഭിനയ സങ്കേതങ്ങളിലൂടെ കലാശങ്ങളിലൂടെ സംഗീത വഴികളിലൂടെ സൂക്ഷ്മമായ മുദ്രാഖ്യാനങ്ങളിലൂടെ തെയ്യത്തിലെ ഒരു നടന്‍ കടന്നുപോകുന്നുണ്ട്. തെയ്യക്കാരന്റെ ശരീരം എന്നുള്ളത് മറ്റ് കലാകാരന്മാരുടെ സങ്കല്‍പ്പത്തിന് എത്രയോ അപ്പുറമാണ്. ഒരു തീച്ചാമുണ്ഡി - ഒറ്റക്കോലം തെയ്യത്തിന്റെ രംഗപ്രയോഗങ്ങളെക്കുറിച്ച് നമുക്കാലോചിക്കാന്‍ പോലും പറ്റണമെന്നില്ല.

കതിവനൂര്‍വീരന്‍ തെയ്യത്തിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന ചെമ്മരത്തിത്തറ

തെയ്യത്തിനെതിരെ അടുത്തകാലത്തായി ഉയര്‍ന്നുവരുന്ന മറ്റൊരു വലിയ ആരോപണം തെയ്യം ജാതീയതയെയും ഫ്യൂഡല്‍ താല്‍പര്യങ്ങളെയും അതിന്റെ ഗതകാല മൂല്യങ്ങളെയും അരക്കിട്ടുറപ്പിക്കുന്നു എന്നതാണ്. നമ്മുടെ സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക രംഗങ്ങളില്‍ ശക്തമായി പ്രവര്‍ത്തിക്കുന്ന അത്രയൊന്നും ജാതി തെയ്യം ഉണ്ടാക്കുന്നില്ല. തെയ്യം ഒരുതരത്തിലും ജാതിയെ അഡ്രസ്സ് ചെയ്യുന്നില്ല. ബ്രാഹ്മണന്റെ വീട്ടില്‍ തെയ്യം കെട്ടിയാലും പൊട്ടന്‍ പുലയന്‍ തന്നെയാണ്. നാങ്കളെ കൊത്തിയാലും നീങ്കളെ കൊത്തിയാലും ഒന്നല്ലേ ചോര എന്ന ചോദ്യം ബ്രാഹ്മണന്റെ വീടായതുകൊണ്ട് പുലയപ്പൊട്ടന്‍ ചോദിക്കാതിരിക്കുകയുമില്ല. സമൂഹങ്ങളിലെ വിവിധ ജാതി കൂട്ടായ്മകളാണ് തെയ്യത്തെ ഒരു ടൂള്‍ ആയി ഉപയോഗിച്ചുകൊണ്ട് സംഘടിക്കുന്നതും ശക്തി കാണിക്കുന്നതും.

തെയ്യത്തെയും കഥകളി പോലുള്ള ക്ലാസിക്കല്‍ കലകളെയും താരതമ്യം ചെയ്യുമ്പോള്‍ എവിടെയാണ് തെയ്യം നില്‍ക്കുന്നത്. എന്താണ് തെയ്യത്തിന്റെ സാമൂഹിക പദവി. ഇത്രയും മഹത്തായ അവതരണ പാരമ്പര്യവും രംഗകലാ ചരിത്രവുമുള്ള തെയ്യക്കാരന്റെ സാമൂഹിക നില അങ്ങേയറ്റം ശോചനീയമാണ്. കഥകളിയെ ഏറ്റവും മഹത്വമുള്ളതാക്കുന്നതും സ്വീകാര്യമാക്കുന്നതും തെയ്യത്തെ അങ്ങനെയല്ലാതാക്കുന്നതും സത്യത്തില്‍ എന്താണ്?

Comments