തെയ്യക്കാരിൽ നിന്ന്അദൃശ്യമാകുന്ന
​തെയ്യക്കോലങ്ങൾ

ഫോക്ക്‌ലോർ അക്കാദമിയും ചില നാടൻ കലാകേന്ദ്രങ്ങളുമാണ് തെയ്യം എന്ന സ്വത്തിന്റെ ഉടമസ്ഥരായി ഇന്ന്​ പ്രവർത്തിക്കുന്നത്. തെയ്യം കെട്ടിയാടുന്നവനില്ലാത്ത അവകാശം തെയ്യം കെട്ടിക്കുന്ന ജാതികൾക്കുണ്ട്​. തെയ്യക്കാരിൽനിന്ന്​ തീർത്തും അന്യമായിരിക്കുന്നു തെയ്യം.

ത്തര കേരളത്തിൽ അനുഷ്ഠാനപരതയിൽ വിഗ്രഹാരാധനയേക്കാൾ ആഴത്തിൽ വേരൂന്നിയതാണ് തെയ്യം കെട്ട് അഥവാ കളിയാട്ടം. തുലാം പത്തിനുശേഷം ഉത്സവകാലത്തെ ഈ ദേശത്തുകാർ ആഘോഷിക്കുന്നത് വിവിധതരം തെയ്യങ്ങളെ കെട്ടിയാടിച്ചാണ്. പക്ഷെ, ഇന്ന് തെയ്യം ഉത്തരകേരളത്തിൽ അതിർത്തികൾ ഭേദിച്ച് മറ്റ് ദേശങ്ങളിലും സിനിമകളിലും നിരവധിയായ നരവംശശാസ്ത്ര ഫിലിമുകളിലും ഇടം പിടിച്ചിരിക്കുകയാണ്.

മുത്തപ്പൻ ഗൾഫ് നാടുകളിൽ പതികളുണ്ടാക്കി ഉറഞ്ഞാടുമ്പോൾ, തറവാടുകൾ അവരുടെ പൊലിമ വിളിച്ചൂതാൻ തെയ്യങ്ങളെ ഉറഞ്ഞാടിക്കുന്നു. എന്തുകൊണ്ടാണ് തെയ്യത്തെ കാണാൻ വലിയ ജനസഞ്ചയം വന്നുകൂടുന്നത്? അതിന്റെ ദൃശ്യപരത എങ്ങനെയാണ് ഡിജിറ്റൽ യുഗത്തിൽ പ്രസരണം ചെയ്യപ്പെടുന്നത്? തെയ്യത്തെ ക്യാമറയിൽ പതിക്കാൻ കഴിയില്ലെന്ന് വാദിച്ചവർ ഇന്ന് തെയ്യത്തെ കാണുന്നതുപോലും ക്യാമറയുടെ കണ്ണിലൂടെയാണ്. സമൂഹത്തിൽ വന്നിട്ടുള്ള എല്ലാ അനുരണനങ്ങളും തെയ്യത്തിലും ആ ജനസഞ്ചയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. ശരീരത്തിന്റെ മുറുക്കിക്കെട്ടലുകളിൽ വെച്ചുകെട്ടിയ ആഭരണങ്ങൾ രക്തശോഭ നൽകുമ്പോൾ ദൃശ്യമാകുന്നതിലെ ജീവൻതുടിപ്പുള്ള രൂപത്തെ പ്രകാശിപ്പിക്കുന്നു.

എന്നാൽ, അദൃശ്യമായ ശരീരവും സാമൂഹികബോധവും കാഴ്ചകൾക്ക് വിട്ടുകൊടുക്കാതെ കടിച്ചമർത്തുന്ന അദൃശ്യഭാഗം ഏത് ദൈവത്തിനുപുറകിലും പ്രവർത്തിക്കുന്നു. തെയ്യത്തിന്റെ അദൃശ്യത്തെക്കുറിച്ചും സാമൂഹിക- സാമുദായിക മാനങ്ങളെക്കുറിച്ചും വിശദീകരിക്കുകയാണ്​ ഈ കുറിപ്പിൽ.

ശരീരത്തിന്റെ മുറുക്കിക്കെട്ടലുകളിൽ വെച്ചുകെട്ടിയ ആഭരണങ്ങൾ രക്തശോഭ നൽകുമ്പോൾ ദൃശ്യമാകുന്നതിലെ ജീവൻതുടിപ്പുള്ള രൂപത്തെ പ്രകാശിപ്പിക്കുന്നു.

കോരപ്പുഴക്കു വടക്കും ചന്ദ്രഗിരിപ്പുഴയ്​ക്കു തെക്കും കിഴക്ക് കൂർഗിനും ഇടയിൽ വരുന്ന ദേശത്തെയാണ് തെയ്യത്തിന്റെ സാംസ്‌കാരിക- അനുഷ്ഠാന ദേശമായി കാണാറുള്ളത്. കോലത്തിരിയുടെയും വിവിധങ്ങളായ നാടുവാഴികളുടെയും ശിക്ഷണത്തിൽ രൂപപ്പെട്ട സാമൂഹികക്രമത്തിലാണ് തെയ്യം അനുശീലിക്കപ്പെട്ടുവരുന്നത്. സ്വരൂപവാഴ്ചക്കുകീഴിലെ ശ്രേണീബന്ധങ്ങൾ ഓരോ മനുഷ്യരെയും ജാതികളെയും സാമൂഹികശിക്ഷണത്തിൽ ഉൾപ്പെടുത്തുകയും പുറത്തുകടക്കാനാകാത്ത വിധം ദേശ- അംശ മര്യാദകൾ പാലിക്കേണ്ടിവരികയും ചെയ്യുമ്പോൾ ഒരു സമൂഹം നിയന്ത്രിക്കപ്പെടുകയും ജാതിമാമൂലുകൾക്കുള്ളിൽ വരിഞ്ഞ്​ മുറുക്കപ്പെടുകയും ചെയ്യുന്നു. സാമൂഹികമായും സ്വന്തം ശരീരത്തിൻമേലുള്ളതുമായ നിയന്ത്രിത വരിഞ്ഞുകെട്ടലുകൾ ഒരു മേന്മയാണെന്ന് ബോധ്യപ്പെടുത്തിക്കൊണ്ടാണ് തെയ്യക്കാരന്റെ അധ്വാനത്തെയും ശരീരത്തെയും ഈ ദേശം വരിഞ്ഞുമുറുക്കിക്കെട്ടുന്നത്.

കൊല്ലപ്പണിയിലും സ്വർണപ്പണിയിലും മരപ്പണിയിലും മൺകുട നിർമാണത്തിലും മുഴുകിയവർ ആ ദേശത്തിന് ആവശ്യമായ അധ്വാനം പ്രദാനം ചെയ്യുന്നു. നിജപ്പെടുത്തിയ വേതനം ഈ ജാതിവിഭാഗങ്ങൾക്ക് അവകാശപ്പെട്ടുകൂടാ എന്നത്​ ഒരു യാഥാർഥ്യവുമായിരുന്നു.

ചെറുജന്മത്തിലെ ജന്മാരികൾ

ഭൂമിയിൻമേലുള്ള അധികാരം നമ്പൂതിരിമാർക്കായിരുന്നു. അതിനുകീഴിൽ ഭൂമിയെ നോക്കിനടത്തേണ്ടവർ നായന്മാരും ചില അമ്പലവാസി സമൂഹങ്ങളുമായിരുന്നു. അവർ അമ്പലങ്ങളിലാണ് അവരുടെ ദൈവത്തെ ഉണ്ടാക്കിയിരുന്നുവെങ്കിൽ പാടത്ത് പണിയെടുക്കുന്നവരുടെയും അനേകം വരുന്ന തൊട്ടുകൂടാത്ത സമൂഹങ്ങളുടെയും ദൈവങ്ങൾ തെയ്യങ്ങളായി നേരത്തെ മാറിയിരുന്നു. ദേശാധികാരങ്ങൾക്കുള്ളിൽ ചെറുദേശങ്ങൾ ഉണ്ടാക്കിയിരുന്നത് ജന്മിത്വത്തിന്റെ വികേന്ദ്രീകരണത്തിനു വേണ്ടിയായിരുന്നു. ദേശത്തെ അധികാരി നായർ തറവാടോ, കാണം ഏറ്റെടുത്ത് നടത്തിപ്പുകാരായ ജാതികളോ ചെറുജന്മാവകാശത്തിന്റെ അധികാരികളായോ മാറുന്നു. ഈ അധികാരികൾ, പ്രത്യേകിച്ച് കൈയൂക്കുള്ള വിഭാഗങ്ങളാവുകയാണ് പതിവ്.

തെയ്യക്കാരൻ- അതായത് മലയൻ, വണ്ണാൻ, വേലൻ, നൽകതായർ, മാവിലർ എന്നിവർ- തെയ്യം കെട്ടുന്നത് ഈ ജന്മാവകാശത്തിന്റെ പരിധിക്കുള്ളിലാണ്.

മേൽ- കീഴ് ജാതിശ്രേണീബന്ധം ചെറു ദേശങ്ങളിലും നടപ്പിൽ വരുത്താനുള്ള ഒരു ഉപാധി കൂടിയാണ് ജന്മാവകാശം എന്ന സങ്കൽപ്പം. തെയ്യക്കാരൻ- അതായത് മലയൻ, വണ്ണാൻ, വേലൻ, നൽകതായർ, മാവിലർ എന്നിവർ- തെയ്യം കെട്ടുന്നത് ഈ ജന്മാവകാശത്തിന്റെ പരിധിക്കുള്ളിലാണ്. കുട്ടിയായി ദേശത്ത് ജീവിക്കുന്ന തെയ്യക്കാരന്റെ കുഞ്ഞുങ്ങൾ അവരുടെ ശരീരത്തിന്റെ ബലം നോക്കി ‘നല്ല തെയ്യക്കാരനാകും’ എന്ന് നിജപ്പെടുത്തുന്ന രീതിയാണിത്. അതായത്​, തെയ്യക്കാരന്റെ ശരീരം ആ ദേശത്തിന്റെ അടിമശരീരമായി മാറുന്നു എന്നു ചുരുക്കം. കൊല്ലപ്പണിയിലും സ്വർണപ്പണിയിലും മരപ്പണിയിലും മൺകുട നിർമാണത്തിലും മുഴുകിയവർ ആ ദേശത്തിന് ആവശ്യമായ അധ്വാനം പ്രദാനം ചെയ്യുന്നു. നിജപ്പെടുത്തിയ വേതനം ഈ ജാതിവിഭാഗങ്ങൾക്ക് അവകാശപ്പെട്ടുകൂടാ എന്നത്​ ഒരു യാഥാർഥ്യവുമായിരുന്നു. അതിനെ കൂടി നിയന്ത്രിക്കാനാണ് ഈ ജന്മിയുടെ ചെറുജന്മികളെ നിർമിച്ചെടുക്കുന്ന തന്ത്രം.

കള്ള്​, കുരുത്തോല എന്നിവ തീയരുടെ പണിയിലൂടെ തെയ്യത്തിന് പ്രദാനം ചെയ്യുമായിരുന്നു. തെയ്യം എന്നുപറഞ്ഞാൽ ഇവിടെ ദേശാധികാരിയുടെ ദൃശ്യമായ രൂപത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. അധികാരത്തിന്റെ പൂർണ അവതാരം. വെളക്കിത്തല നായരും ക്ഷുരകനും ചെറുമനും പരസ്പരം കഷ്ടപ്പെട്ട് അധ്വാനം നിജപ്പെടുത്തി ജാതി അധികാരത്തിന്റെ പുല മാറ്റിയെടുക്കാൻ വസ്ത്രങ്ങൾ പുഴയിൽ പോയി കഴുകിയെടുത്ത് ‘മാറ്റ്' കൊടുക്കുന്നു. തെയ്യത്തിന്റെ അദൃശ്യഭാഗങ്ങൾ കാണണമെങ്കിൽ ഈ അധികാര രൂപങ്ങളെ നാം തിരിച്ചറിയണം.

കള്ള്​, കുരുത്തോല എന്നിവ തീയരുടെ പണിയിലൂടെ തെയ്യത്തിന് പ്രദാനം ചെയ്യുമായിരുന്നു. തെയ്യം എന്നുപറഞ്ഞാൽ ഇവിടെ ദേശാധികാരിയുടെ ദൃശ്യമായ രൂപത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്

തെയ്യത്തിന്റെ ദൃശ്യതയിൽ കൂടുതൽ വെളിവാക്കപ്പെടുന്നത് ജാതി തറവാടുകളെയാണ്. നായർ / നമ്പ്യർ തറവാടുകളിലെ തെയ്യത്തിനുമുന്നേ നടത്തുന്ന പുത്തരി അടിയന്തിരം തറവാടിന്റെ പാടനിലത്തെ ദൃശ്യമാക്കുന്നു. അനേകം മനുഷ്യർ തൊഴിലാളികളായി തറവാട്ടുപാടത്ത് പണിയെടുത്തുണ്ടാക്കിയ നെൽപ്പാടങ്ങൾ, പഴം- പച്ചക്കറി വിഭവങ്ങൾ എന്നിവയുടെ കാഴ്ച ദൃശ്യമാക്കുന്നത് ജാതിത്തറവാട് മഹിമയാണ്. കണ്ണൂർ ജില്ലയിലെ കൂടാളിതാഴത്തുവീട് എന്ന നമ്പ്യാർ തറവാട്ടിൽ തെയ്യത്തിന്റെ തുടക്കത്തിനുമുമ്പേ തുണിയിൽ ഓരോ ജാതിക്കാർക്കും- തിയ്യർ, മലയൻ, വാണിയർ- ചോറും സാമ്പാറും പച്ചമുളകും ഉപ്പും ദാനമായി കൊടുക്കുന്ന ചടങ്ങ് നാടുവഴി ജന്മിത്വത്തിന്റെ വിഭവവിതരണശേഷിയെയാണ് ഇത് ദൃശ്യമാക്കുന്നത്. ഇതുപോലെ അനേകം ചടങ്ങുകൾ തെയ്യത്തിന്റെ പരിസരത്ത്​ നമുക്കു കാണാം.

ജാതിബന്ധങ്ങൾ കമ്പോളത്തിന്റെ വ്യാപനത്തോടെ മാറിയെങ്കിലും തെയ്യം കെട്ടുന്ന സമയത്ത് പഴയ ജാതിരൂപങ്ങൾ രണ്ടോ മൂന്നോ ദിവസത്തേക്കെങ്കിലും പ്രത്യക്ഷപ്പെടാറുണ്ട്. ഇങ്ങനെ പറയാൻ എന്നെ പ്രേരിപ്പിക്കുന്നത്​, എന്റെ അച്ഛന്റെ അനുഭവം നേരിൽക്കണ്ടതാണ്​.

ഭൂപരിഷ്‌കരണനിയമത്തിനുശേഷം പല നായർ തറവാടുകളിലെ ഭൂമിയും തീയ്യ കുടുംബങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. ആദ്യമൊക്കെ കാവിന്റെയും തെയ്യത്തിന്റെയും ഉടയായ്​മ കൊണ്ടുപോകാൻ തീയർക്ക് കഴിഞ്ഞില്ലെങ്കിലും പുറമേ പോയി അധ്വാനിച്ചുവന്ന പുതിയ തലമുറ പഴയ തലമുറയെ മുൻനിർത്തി ഇത്തരം ആചാരങ്ങൾ നടത്തിക്കുകയുണ്ടായി. പുതിയ ഭാവങ്ങൾ പഴയ കാവുകൾക്ക് ​ഇങ്ങനെ കൈവരുന്നതായും കാണാം. പുതിയ കാലത്തെ കൈയൂക്ക് സമുദായമായി പിന്നാക്കക്കാരും തൊട്ടുകൂടാത്തവരുമായ തീയർ ദേശത്തിന്റെ ഉടമകളായി മാറി. ആചാരത്തെയും ദേശനടത്തിപ്പിനെയും ഘടനാപരമായ ഹിംസ ദൃശ്യവൽക്കരിക്കപ്പെടുന്നത് പലപ്പോഴും തിയ്യക്കാവുകളിലാണ്.

ചെറുജന്മത്തിൽ തളച്ചിടുന്ന ശരീരങ്ങൾ

കാലം സമൂഹജീവിതത്തെ മാറ്റിമറിച്ചിട്ടുണ്ടെങ്കിലും തെയ്യം കാലത്തെ ചിലപ്പോൾ മാറ്റമില്ലാതെ നിലനിർത്തുന്നതുപോലെ തോന്നും. ജാതിബന്ധങ്ങൾ കമ്പോളത്തിന്റെ വ്യാപനത്തോടെ മാറിയെങ്കിലും തെയ്യം കെട്ടുന്ന സമയത്ത് പഴയ ജാതിരൂപങ്ങൾ രണ്ടോ മൂന്നോ ദിവസത്തേക്കെങ്കിലും പ്രത്യക്ഷപ്പെടാറുണ്ട്. ഇങ്ങനെ പറയാൻ എന്നെ പ്രേരിപ്പിക്കുന്നത്​, എന്റെ അച്ഛന്റെ അനുഭവം നേരിൽക്കണ്ടതാണ്​. തെയ്യക്കാവിൽ അടയാളം വാങ്ങിയാൽ പിന്നെ ആ തറവാട്ടിന്റെ ശരീരമായി പ്രവർത്തിക്കുന്നതുപോലെ തോന്നും. ചെറിയ തുക വെറ്റിലയിട്ട് അടക്കാക്കഷ്ണത്തോടൊപ്പം കൊടുത്തുകഴിഞ്ഞാൽ എല്ലാ വാദ്യക്കാരെയും ചമയക്കാരെയും അടിയറ (കലശം) കയറ്റത്തിന് കൊട്ടുന്ന ചെണ്ടക്കാരെയും വരെ ഏൽപ്പിക്കുകയും അവരെ സമയബന്ധിതമായി നിലയുറപ്പിക്കുന്നതിൽ ദിവസങ്ങളോളം അധ്വാനിക്കുകയും ചെയ്യുന്ന അച്ഛനെ എനിക്കറിയാം. കാവിന്റെ പ്രധാന കോമരം അഥവാ അനുഷ്ഠാന അധികാരം വഹിക്കുന്ന വ്യക്തി അതുവരെ സുഹൃത്താണെങ്കിലും കാവിൽ തീർത്തും മേൽ- കീഴ് ബന്ധത്തിലടിസ്ഥാനപ്പെട്ടാണ് പെരുമാറാറുള്ളത്. ഈ അധികാരം തെയ്യക്കാവുകളിൽ ഇന്നും എത്രയോ മാറ്റത്തിന് വിധേയമായ തലമുറയിലും കാണുന്നുണ്ട് എന്നതാണ് ജാതിത്തെയ്യങ്ങൾ കാലത്തെ ചിലപ്പോൾ നിൽപ്പിച്ചുകളയുമെന്ന്​ പറഞ്ഞതിന്റെ അടിസ്​ഥാനം.

ജാതിബന്ധങ്ങൾ കമ്പോളത്തിന്റെ വ്യാപനത്തോടെ മാറിയെങ്കിലും തെയ്യം കെട്ടുന്ന സമയത്ത് പഴയ ജാതിരൂപങ്ങൾ രണ്ടോ മൂന്നോ ദിവസത്തേക്കെങ്കിലും പ്രത്യക്ഷപ്പെടാറുണ്ട്.

ചെറുജന്മത്തിനുള്ളിലെ ജനനം

തെയ്യക്കാരെ സംബന്ധിച്ച് മനുഷ്യജന്മം ചെറുതാകുന്ന ഒരിടം കൂടിയാണിത്​. കാവുടമകൾ തെയ്യക്കാർക്കിടയിൽ ഒട്ടുമില്ലാത്ത മത്സരം ഉണ്ടാക്കിയെടുക്കുകയും ‘അയ്യോ നമ്മുടെ ജന്മാരിയാണല്ലോ വരുന്നത്’ എന്നൊക്കെ വാക്കുകളിൽ ​പ്രകടിപ്പിച്ച്​ ഇല്ലാത്ത ഒരു മേൽ അന്തസ്സിനെ അവർ തെയ്യക്കാർക്കിടയിൽ പരത്തും. സമൂഹത്തിൽ വർഷം മുഴുവൻ വിഭവങ്ങളിൽനിന്നും അവകാശങ്ങളിൽനിന്നും പുറന്തള്ളപ്പെട്ട്, രണ്ടോ മൂന്നോ കുടുംബങ്ങളിൽ മാത്രം ചുരുങ്ങിയ തെയ്യക്കാരെ നിയന്ത്രിക്കാനും തങ്ങൾക്കനുസരിച്ച് മാറ്റിയെടുക്കാനും ഭൂരിപക്ഷ സമുദായങ്ങൾക്ക് കഴിയുകയും ചെയ്യും. അതുവരെ അനുഭവിച്ച കീഴ്‌നില കാരണമാകാം ശരീരത്തെ ഉലയ്ക്കുന്ന കെട്ടലുകളും ഉറക്കമൊഴിച്ചിലുമൊക്കെയായി തെയ്യക്കാർ സ്വയം മറന്ന് തെയ്യമായി മാറുന്നത്. തെയ്യക്കാരിലും ചിലപ്പോൾ മറ്റ് പിന്നാക്ക ജാതികളിലും നിലനിൽക്കുന്ന കാരണവർ ആരാധനാരൂപം കൊണ്ടാവണം, പാരമ്പര്യത്തെ മുൻനിർത്തി തീർത്തും യുക്തിരഹിതവും സ്വന്തം ശരീരത്തെയും മനസ്സിനെയും വരിഞ്ഞുകെട്ടുന്നതുമായ ഈ സമ്പ്രദായങ്ങളോട് മനുഷ്യർ സമരസപ്പെട്ടുപോകുന്നത്.

രസകരമായ ഒരു ചോദ്യം പലപ്പോഴും എനിക്ക്​ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്- ഉത്തരകേരളത്തിലെ കമ്യൂണിസവും തെയ്യവും എങ്ങനെയാണ് യോജിച്ചുപോകുന്നത്?

രസകരമായ ഒരു ചോദ്യം പലപ്പോഴും എനിക്ക്​ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്- ഉത്തരകേരളത്തിലെ കമ്യൂണിസവും തെയ്യവും എങ്ങനെയാണ് യോജിച്ചുപോകുന്നത്? കാവിലെ ചുവപ്പുപട്ടണിഞ്ഞ കോമരത്തിന് തെയ്യത്തെ നോറ്റിരിക്കാനും മറ്റേകൈ മുഷ്ടി ചുരുട്ടി ഇൻക്വിലാബ് വിളിക്കാനും കഴിയുന്ന സാമൂഹികലോകം എങ്ങനെയായിരിക്കും ഉണ്ടായിട്ടുണ്ടാകുക? തെയ്യം തന്നെയാണ് അതിനുള്ള മറുപടി. തെയ്യക്കാരൻ സ്വയം കീഴ്‌നിലയിൽ നിന്ന് ഇരച്ചുകയറി ദൈവമാകുന്ന സാങ്കൽപികലോകം സത്യമാണെന്ന തരത്തിൽ ആവിഷ്‌കരിക്കാൻ കഴിയുന്നതുപോലെ യാഥാർഥ്യമല്ലാത്ത മനോനിലയാണ് തെയ്യവും കമ്യുണിസവും. അതുകൊണ്ടാണ്, തെയ്യക്കാരുടെ അടിമശരീരം കമ്യൂണിസ്റ്റ് ആശയങ്ങൾക്കുപോലും മോചിപ്പിക്കാൻ കഴിയാത്തവിധം ചെറുജന്മപരിധിക്കുള്ളിൽ തളച്ചിടപ്പെട്ടിരിക്കുന്നത്.

തെയ്യക്കാരൻ സ്വയം കീഴ്‌നിലയിൽ നിന്ന് ഇരച്ചുകയറി ദൈവമാകുന്ന സാങ്കൽപികലോകം സത്യമാണെന്ന തരത്തിൽ ആവിഷ്‌കരിക്കാൻ കഴിയുന്നതുപോലെ യാഥാർഥ്യമല്ലാത്ത മനോനിലയാണ് തെയ്യവും കമ്യുണിസവും.

തൊഴിൽ ഉൽപ്പന്നത്തിൽനിന്ന്​ അന്യവൽക്കരിക്കപ്പെടുംപോലെ തെയ്യം ശരീരത്തിൽനിന്ന് വിടുതൽ വാങ്ങുന്നു. പാരമ്പര്യമായി വാമൊഴിവഴക്കത്തിലും എഴുത്തിലും അനുശീലിച്ച കലാമൂലത്തി​ന്മേൽ- പാട്ട്, നൃത്തം, വര, കുരുത്തോലപ്പണി, ചെണ്ടകൊട്ട്- ഒരവകാശവുമില്ലാതെ, അനുവാദമില്ലാതെ യഥേഷ്ടം ആൾക്കാർക്ക് സ്വകാര്യതയിൽ ഇടിച്ചുകയറി ഫോട്ടോയും വീഡിയോയും എടുത്തുപോകാൻ കഴിയുന്ന പാകത്തിൽ തെയ്യക്കാരിൽനിന്ന്​ തീർത്തും അന്യവുമാണ് തെയ്യം എന്ന കോലം. ഫോക്ക്‌ലോർ അക്കാദമിയും ചില നാടൻ കലാകേന്ദ്രങ്ങളുമാണ് തെയ്യം എന്ന സ്വത്തിന്റെ ഉടമസ്ഥരായി ഇന്ന്​ പ്രവർത്തിക്കുന്നത്. തെയ്യം കെട്ടിയാടുന്നവനില്ലാത്ത അവകാശം തെയ്യം കെട്ടിക്കുന്ന ജാതികൾക്കുണ്ടെന്നതാണ്, തെയ്യക്കാരിൽ നിന്ന് അദൃശ്യമാകുന്ന തെയ്യക്കോലങ്ങൾ വിവരിക്കുന്നത്​. ▮

Comments