ഉമർ തറമേലിന്റെ ഉമ്മ കുഞ്ഞിബീ

പൊടിവാട്ടിക്കുഴച്ചുപരത്തിച്ചു​ട്ടെടുത്ത
​നൈസ്​ നൈസ്​ കാലങ്ങൾ

പത്തിരി ഒരു ദേശത്തിന്റെ വിഭവവും ഒരു സംസ്​കാരത്തിന്റെ രുചിയുമായത്​ എങ്ങനെയെന്ന്​ അന്വേഷിക്കുന്നു. ഒപ്പം, പുത്തൻ ഭക്ഷണങ്ങളുമായുള്ള തനതുഭക്ഷണങ്ങളുടെ കൊടുക്കൽവാങ്ങലുകളെക്കുറിച്ചും.

ലപ്പുറത്തുകാർക്ക് റംസാൻ പത്തിരിക്കാലം കൂടിയാണ്.
ഇപ്പോൾ സമൃദ്ധമായിക്കൊണ്ടിരിക്കുന്ന പൊറാട്ടകൾക്കും മന്തി -ബിരിയാണികൾക്കും പൊരിക്കടികൾക്കും മുമ്പ് പത്തിരി മാത്രമായിരുന്നു, അത്യാവശ്യം ജീവിക്കാൻ വകയുള്ള മിക്ക വീടുകളിലും നോമ്പുതുറ വിഭവം.

ഫ്രൂട്ട്​സ് അക്കാലത്ത് പതിവില്ല. ആകെയുണ്ടായിരുന്നത് തണ്ണിമത്തൻ എന്ന (വ) ബത്തക്ക. ഞങ്ങളുടെ നാട്ടിൽ എന്നല്ല, നഗരങ്ങളിലൊഴികെ എവിടെയും ഫ്രൂട്ട്​സ് കടകൾ 1970-80 കാലങ്ങളിൽ ഉണ്ടായിരുന്നില്ല. പലതരം നാടൻ മാങ്ങകളും കോമാങ്ങയുമാണ്​ മുഖ്യപഴങ്ങൾ. തണ്ണിമത്തൻ പാടങ്ങളിലും പറമ്പുകളിലും പച്ചക്കറിയോടൊപ്പം ഉത്പാദിപ്പിക്കുന്ന കാലമാണ്. നോമ്പുകാലം വേനൽക്കാലമാണെങ്കിൽ, മിക്കവാറും ദിനങ്ങളിൽ തണ്ണിമത്തനുണ്ടാവും. ഫ്രൂട്ട്​സ് നോമ്പുതുറ സമയത്ത് ഒരു ശീലമേയല്ല. രണ്ടറ്റം കൂട്ടിമുട്ടിക്കാൻ കഴിയാത്ത മനുഷ്യരുടെ ലോകത്ത്, ഫ്രൂട്ട്​സ് ഒരു വിഭവമേയായിരുന്നില്ല. മനുഷ്യരുടെ ഭക്ഷണത്തിൽ ആവശ്യമായത് ഇന്നതാണ് എന്ന് പറഞ്ഞുകൊടുക്കാനോ, കൊടുത്താൽ തന്നെ സ്വീകരിക്കാനോ ഉള്ള മനോബലം അക്കാലത്തില്ല. അതിനുപോന്ന ജീവിതചുറ്റുപാടില്ല, അത്രതന്നെ.

നൈസ് പത്തിരി / Photo : kothiyavunu.com

ഞങ്ങളുടെ നാട്ടിലെ ഒരു മാഷ്, സ്‌കൂളിലെ കുട്ടികളോട് രേഖപ്പെടുത്തിയ ഒരു വിമർശനം ഇന്നുമോർക്കുന്നു. അക്കാലത്ത് കോഴി വളർത്താത്ത വീടുകൾ നാട്ടിൻപുറത്തുണ്ടായിരുന്നില്ല. വീട്ടിൽ, കോഴികൾ ഇടുന്ന മുട്ട വിറ്റ്, ഉണക്കമത്സ്യം വാങ്ങിക്കൊടുക്കുകയും അങ്ങനെ കുട്ടിക്കുവേണ്ട പോഷകങ്ങൾ നിഷേധിക്കുകയും ചെയ്യുന്ന അമ്മമാരുടെ അജ്ഞതക്കുനേർക്കായിരുന്നു മാഷിന്റെ വിമർശനം. ഒരു അമ്മ അതിന് കൊടുത്ത മറുപടിയിങ്ങനെ; "അങ്ങേർക്ക് പറയാനെളുപ്പമാണ്. നാലു മുട്ട കൊണ്ട് എത്ര മക്കളെ തീറ്റാം. നൂറ് ഗ്രാം ഒണക്കമത്സ്യം വാങ്ങിയാൽ ഒരാഴ്ച പിള്ളേർക്ക് കഞ്ഞി കൊടുക്കാം. കൂടാതെ ചായപ്പൊടിയും ഉപ്പും കാസർട്ടും (മണ്ണെണ്ണ) കൂടി വാങ്ങാം'.
അമ്മമാരുടെ ഈ ഇക്കണോമിക്‌സ് കേട്ട് മാഷിന്റെ കാറ്റുപോയത് മിച്ചം.

ഞാനോർക്കുന്നു, ആ കാലത്തെ. രാഷ്ട്രീയ ഇച്ഛാശക്തിയോടെ നാം ഏറെ മുന്നോട്ടുപോയെങ്കിലും വറുതിയുടെ കാലം തന്നെയായിരുന്നു, അറുപതുകളും എഴുപതുകളും. എൺപതുകളോടെയാണ്, ഗൾഫ് പ്രവാസം മലബാറിന്റെ സാമൂഹ്യ -കുടുംബ സംവിധാനങ്ങളുടെ ഭാഗമായി മെല്ലെ പച്ചപിടിക്കുന്നത്.

ബാക്കിപ്പത്തിരിയാൽ നിറയുന്ന പെൺവയറുകൾ

എനിക്ക് ഉമ്മ നോമ്പുതുറയ്ക്ക് നൽകിയിരുന്നത് മൂന്നോ നാലോ പത്തിരിയായിരുന്നു. ചിലപ്പോൾ രണ്ടുമാവാം. നോമ്പെടുത്തുതുടങ്ങിയശേഷവും അതേ. ഇളയവനായതുകൊണ്ട് ഉമ്മയ്ക്ക് എന്നോട് പ്രത്യേക പരിഗണനയുണ്ടായിരുന്നു. എനിയ്‌ക്കെന്നല്ല നോമ്പെടുത്ത ബാപ്പിക്കും (ബാപ്പ) ജ്യേഷ്​ഠന്മാർക്കും ഒക്കെയതെ. ആണുങ്ങളുടെ നോമ്പുതുറ ആദ്യം കഴിയും. അതുവരെ പെണ്ണുങ്ങൾ/മൂത്തച്ചിമാർ വാതിലും ചാരിനിൽക്കും. പെണ്ണുങ്ങളുടെ ഊഴമാകുമ്പോൾ ചിലപ്പോൾ ഒന്നോ രണ്ടോ പത്തിരി കൊണ്ട് അവർക്ക് വയറുനിറയും. പത്തിരി സൂക്ഷിച്ച കുട്ടയുടെ അടിഭാഗം നിഴലിട്ട് തുടങ്ങുന്നുണ്ടാവണം, ലിംഗസമത്വം ഒരു വാദഗതിയായി പുരോഗമിക്കാത്ത അക്കാലത്ത് പോലും

ഉമ്മയുടെ വീതംവെപ്പ് ഖലീഫ ഉമറിനെ ഓർമിപ്പിക്കുമായിരുന്നു.
ആ ബലാബത്തിനിടയിൽ, ഉമ്മയ്ക്ക് ചിലപ്പോൾ നോമ്പുതുറയ്ക്ക് ഒരു പത്തിരിപോലും കിട്ടിയിരുന്നില്ല. അതിലാർക്കും പരിഭവവുമുണ്ടായില്ല. എന്നാലും ആ മുഖം വാടിയതായി ഓർമയിലില്ല. നാട്ടിലെ മോശമല്ലാത്ത ഒരു കുടുംബമായിരുന്നു ഞങ്ങളുടേത്. എല്ലാവരും ഒരുമിച്ചു താമസിക്കുന്നതിനാൽ ഇന്നത്തെപ്പോലെ ന്യുക്ലിയർ അല്ല. പോരാത്തതിന് ബാപ്പിയോടൊപ്പം, നോമ്പുതുറക്കാൻ എല്ലാ ദിനങ്ങളിലും രണ്ടോ മൂന്നോ പേരുണ്ടാവും. ചിലപ്പോൾ നാലോ അഞ്ചോ. ബാപ്പ കണക്കാക്കിയത് മൂന്നുപേരെയായിരിക്കുമെങ്കിലും ഏറ്റവും പാവപ്പെട്ട ഒരാൾ സന്ധ്യയാവുമ്പോഴേയ്ക്ക് എവിടുന്നാണ് പൊട്ടിമുളച്ചുവീഴുക എന്നറിയില്ലല്ലോ. നോമ്പുതുറ സമയമെത്താറാവുമ്പോഴേ അതറിയൂ. അങ്ങനെയുള്ള അവസരങ്ങളിൽ ഉമ്മയുടെ മുഖത്തെ പരിഭവം പലപ്പോഴും വായിച്ചെടുത്തിട്ടുണ്ട്.

എൺപതുകളോടെയാണ്, മലബാറിൽ പൊടിമില്ലുകൾ സജീവമാകുന്നത്. അതിനുമുമ്പ്, അരി പൊടിക്കുകയായിരുന്നില്ല. കുന്താണിയിൽ നെല്ല് തൊലിച്ച്​ഉരലിൽ ഉലക്ക കൊണ്ട് ഇടിച്ചുപൊടിക്കുകയായിരുന്നു.

പാവപ്പെട്ട കുടുംബങ്ങളിലുള്ളവർക്ക് പത്തിരിയും ഇറച്ചിക്കറിയും (അല്ലെങ്കിൽ തേങ്ങയരച്ചുവച്ച ഉരുളൻകിഴങ്ങുകറി) ഭുജിക്കാനാവുക, ഇത്തരം അർധസമ്പന്നരുടെ വീട്ടിലെ എപ്പോഴെങ്കിലും വീണുകിട്ടുന്ന നോമ്പുതുറയിലൂടെയായിരുന്നു. അതുകൊണ്ടുതന്നെ, നോമ്പുതുറക്കാൻ അന്നത്തെ പലരും ഉള്ളാലെ ആഗ്രഹിച്ചിരുന്നു. നോമ്പുതുറ അന്ന് ഞങ്ങളുടെ സമൂഹത്തിലെ ഒരു സംസ്‌കാരം തന്നെയായിരുന്നു. ഇന്നത്തെപ്പോലെ, ഒരു കെട്ടിയെഴുന്നള്ളത്തോ പൊങ്ങച്ചമോ അല്ലായിരുന്നു. അത്ര കഷ്ടപ്പാടുള്ള കാലമായിരുന്നു അത്.

മനുഷ്യരുടെ ദരിദ്രജീവിതരീതിയോടാണ് എന്നും സംസ്‌കാരത്തിന് പൊക്കിൾക്കൊടിബന്ധം എന്ന് ഞാൻ പഠിച്ചത് ഈ ബാല്യ -കൗമാരങ്ങളിലാണ്. ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള ആഴം കാരുണ്യത്തിലൂടെ പരിഹരിക്കേണ്ടത് ഒരോ മനുഷ്യസമൂഹത്തിന്റെയും ബാധ്യതയായും ഇസ്​ലാം കരുതുന്നുണ്ട്. സ്റ്റേറ്റിനെ മാത്രം ചുമതലയേൽപ്പിച്ച് വിശ്വാസിക്ക് മാറിനിൽക്കാൻ പറ്റില്ല. ദൈവവുമായി അയാൾക്ക് എപ്പോഴും ഒരു ഉടമ്പടിബന്ധമുണ്ട് -സമൂഹത്തിന്റെ കാര്യത്തിലും പ്രകൃതി സംരക്ഷണത്തിന്റെ കാര്യത്തിലും!

ഇടിച്ചുപൊടിച്ച രസങ്ങൾ

രാവിലെ പത്തുമണിയോടെ പത്തിരിപ്പണി തുടങ്ങും. പലർക്കും പല റോളാണ്. പൊടി വാട്ടിക്കുഴച്ചുവേണം പത്തിരി ചുടാൻ. നന്നായി കുഴയ്​ക്കണം. പലക എന്നുപേരുള്ള മരത്തടി സീറ്റുകളിലിരുന്നാണ് കുഴ. പോരാ, അത് ചെറുവട്ടാക്കണം. പിന്നെ, ഉണങ്ങിയ പൊടിയിൽ ഒന്നുഴിഞ്ഞ്​ മനുഷ്യന്റെ ചെവിയോട് സാദൃശ്യമുള്ള പെരുവട്ടാക്കണം. പിന്നെ പരത്തൽ. പരത്താൻ പ്രത്യേക പലകയാണ്. പരത്തുന്നത് സൂക്ഷിക്കാൻ, പരത്തുന്ന പലകയുടെ ഒരറ്റത്ത് പ്രത്യേക സൗകര്യമുണ്ട്. പൊടിയിട്ട് പൊടിയിട്ട് ആ പലക എപ്പോഴും വൃത്തിയുള്ളതും വെളുത്തുമിരിക്കും. അവ ഒരു പ്രത്യേക സ്ഥലത്താണ് തൂക്കിയിടുക, അഴുക്കാവാതിരിക്കാൻ.

ഏറ്റവും നേർമയേറിയ മുളങ്കമ്പുകൊണ്ടാണ് പത്തിരി പരത്തുക- പുല്ലാംകുഴൽ പോലെ തോന്നിക്കും. പിന്നെപ്പിന്നെ അത് പി.വി.സി. പൈപ്പായി മാറി. മുളയില്ലാഞ്ഞിട്ടല്ല. മാർക്കറ്റിൽ പി.വി.സി വന്നുതുടങ്ങിയതോടെ എളുപ്പം അതായി. ഓടക്കുഴലിൽ നിന്ന്​ പി.വി.സി. യിലേയ്ക്ക് മാറുമ്പോഴേ, പത്തിരിയുടെ മിനുസത്തിൽ മാറ്റം വന്നുതുടങ്ങി. മനുഷ്യസംസ്‌കാരം, സാങ്കേതികമായി മുന്നേറുന്നതോടെ, കൂടുതൽ എളുപ്പമാവും. എന്നാൽ, ആ എളുപ്പത്തിൽ സൂക്ഷ്മമായ പല അടയാളങ്ങളും പിന്മാറും. ഏതൊരു ജീവിതസംസ്‌കാരത്തിന്റെയും ഇരുകാലവും അനുഭവിക്കുന്നവർ മാത്രമേ ആ മാറ്റം അറിയൂ.

ലക്ഷദ്വീപിലെ ഉലക്കമുട്ട് കളി. / Photo : laccadives.blogspot.com

എൺപതുകളോടെയാണ്, മലബാറിൽ പൊടിമില്ലുകൾ സജീവമാകുന്നത്. അതിനുമുമ്പ്, അരി പൊടിക്കുകയായിരുന്നില്ല. കുന്താണിയിൽ നെല്ല് തൊലിച്ച്​ഉരലിൽ ഉലക്ക കൊണ്ട് ഇടിച്ചുപൊടിക്കുകയായിരുന്നു. രണ്ടുപേർ അപ്പുറത്തും ഇപ്പുറത്തും നിന്ന്​ ഉലക്ക കൊണ്ട് ഒരു ഉരലിൽ ഇടിക്കുന്ന കലയും അതിന്റ താളവും ആനന്ദകരമാണ്. ഇടിക്കുന്നവരും അത് ആസ്വദിച്ചുകൊണ്ടാണ്, അവരുടെ ശ്വാസനിശ്വാസം പുറപ്പെടുവിക്കുക. പെണ്ണുങ്ങൾ മാത്രമല്ല, അക്കാലത്ത് നെല്ല് തൊലിക്കാനും അരി ഇടിക്കാനും ഉണ്ടായിരുന്നത്. അയൽപക്കത്തെ ആണുങ്ങളും വരും. ചില പെണ്ണുങ്ങളോടുള്ള അടുപ്പമായിരിക്കും ചിലരെ ഈ "ധീരസാഹസ'ത്തിന്​ പ്രേരിപ്പിക്കുക. അകന്ന കുടുംബങ്ങളിലുള്ള അയൽക്കാരും വരും.

എല്ലാരും നോമ്പ് തുറന്നു പോയികഴിഞ്ഞാലും നാലോ അഞ്ചോ പത്തിരി കുട്ടയിൽ ബാക്കിയാവും. പശി കെടാത്തവർക്കുവേണ്ടി ഉമ്മയുടെ "തങ്കരി'ക്കലാണത്.(തങ്കം പോലെ സൂക്ഷിക്കുന്നത് തങ്കരിക്കൽ). ആ പദം ഒരു കാലത്തെ മലബാറിലെ ഹോം ഇക്കണോമിയുടെ നട്ടെല്ലായിരുന്നു.

എല്ലാവർക്കും പരസ്പരം ആവശ്യമുള്ള കാലത്ത്, ഇത്തരം ജീവിതവൃത്തികളിലൊക്കെ ഒരനുഷ്ഠാനതലം നിലനിന്നു. ലക്ഷദ്വീപിൽവച്ച്, അവിടുത്തെ കലയായ ഉലക്കമുട്ട് കളിയിൽ പഴയ നെല്ലുകുത്തിന്റെയും ഉരലിൽ അരിയിടിപ്പിന്റെയും ആനന്ദതാളം ഞാൻ അനുഭവിച്ചറിയുകയുണ്ടായി. ശ്രദ്ധയും താളവും ഇടഞ്ഞുപോയാൽ കാൽ മുറിയാവുന്ന ഒരു കല കൂടിയാണ്, ഉലക്കമുട്ട് കളി.

ഏതായാലും, ഇടിച്ചുണ്ടാക്കിയ പൊടി കൊണ്ട് പത്തിരി ചുടുന്നതും മില്ലിൽ പൊടിച്ചതുകൊണ്ട് ചുടുന്നതും തമ്മിലുള്ള രസം വേവ്വേറെയാണ്. പരത്തിവെച്ച പത്തിരി ചുടുന്നത് വീട്ടിലെ മറ്റൊരംഗമായിരിക്കും. പത്തിരിയുടെ ചുടൽ അറിയണം. അന്ന്, മൺചട്ടിയിലാണ് ചുടുന്നത്. ഓട് (പത്തിരിച്ചട്ടി) കായുമ്പോൾ പത്തിരി ചട്ടിയിലേക്കിടും. പത്തോ പതിനഞ്ചു സെക്കൻറിൽ മറിച്ചിടണം. ഇരുപത് സെക്കൻറ്​ വെയിറ്റ് ചെയ്ത് ഒന്നുകൂടി മറിച്ചിടണം. അപ്പോൾ പത്തിരി പൊള്ളച്ചുവരും. നല്ല പത്തിരിയുടെ അടയാളമാണ്, ഈ പൊള്ളയ്ക്കൽ. അടുപ്പിൽ തീ കൂടുതലോ കുറവോ അരുത്. ഇന്നത്തെപ്പോലെ നാലും അഞ്ചും എണ്ണം ചുടുന്ന ഓട് അന്നില്ല. ഒറ്റയൊറ്റയായിത്തന്നെ ചുട്ടെടുക്കണം. മൺകലത്തിലോ മുളങ്കൊട്ടയിലോ ആണ് സൂക്ഷിപ്പ്. അവയിൽ, എത്ര സമയം വേണമെങ്കിലും കേടുവരാതെയിരിക്കും.

Photo : Malayali Online, Fb Page

നോമ്പുതുറ സമയമാകുന്നതോടെ ജ്യേഷ്ഠന്മാർ അങ്ങാടിയിൽ നിന്നെത്തും. പിറകെ ബാപ്പിയോടൊപ്പം നോമ്പുതുറക്കാരും. കാരക്കയും ഒരു കവിൾ വെള്ളവും കൊണ്ടാണ് നോമ്പ് തുറക്കേണ്ടത്. പ്രവാചകചര്യയാണത്രെ. അറേബ്യൻ മരുഭൂമിയിൽ സമൃദ്ധമായി വിളയുന്ന മുഖ്യ ആഹാരവസ്തുവാണ് ഈത്തപ്പഴം. എണ്ണ കണ്ടുപിടിക്കുന്നതിനുമുമ്പ് അറേബ്യൻ സമ്പദ്ഘടന തന്നെ ഈ പഴത്തെ ആശ്രയിച്ചായിരുന്നു. ഈത്തപ്പഴത്തിന്റെ ഉണക്കിയ രൂപമാണ് കാരക്ക. മലബാറിൽ നോമ്പുകാലത്ത് മാത്രം കാരക്ക കിട്ടുമായിരുന്നു. ഇന്ന് സർവത്ര ഈത്തപ്പഴമാണ്. സമൃദ്ധിയുടെ കാലത്ത് കാരക്ക പോരാ എന്ന മട്ടാണ് വിശ്വാസികളുടേത് എന്ന് തോന്നിപ്പോവും. പല വിലനിലവാരത്തിലുള്ള ഈത്തപ്പഴം ഇന്ന് മാർക്കറ്റിൽ സുലഭമാണ്. അജ്വയ്ക്കാണ് ഏറെ പ്രിയം.

എന്നാൽ, മാപ്പിളപ്പാട്ടുകളിലൊന്നും ഈത്തപ്പഴം ഇല്ല, എന്ന വസ്തുത എടുത്തുപറയേണ്ടതുണ്ട്. കാരക്കയും കാരക്കാതോട്ടവും നിറഞ്ഞുനിൽക്കുന്ന നിരവധി മാപ്പിളപ്പാട്ടുകളുണ്ട്. ഇതൊക്കെ ഓർമിപ്പിക്കുന്നത്, മലബാറിൽ നോമ്പ് തുറക്കുന്ന ഒരു സംസ്‌കാരത്തെ കൊണ്ടാടിയത് കാരക്ക കൊണ്ടാണ്. കാരക്കയുടെ രുചിപോലെ മറ്റൊന്നും ഭൂമിയിലില്ല എന്നെനിയ്ക്ക് തോന്നിയിട്ടുണ്ട്. മറ്റൊരു പഴത്തിന്റെയും രുചിയുമായി അതിന് സാമ്യമില്ല.

ഉമ്മയുടെ പത്തിരിക്കുട്ടയിൽനിന്ന്​ ഞാൻ ഒന്നെങ്കിലും മോഷ്ടിക്കാത്ത ദിനമില്ല. വിശപ്പ് കെട്ടിട്ടുണ്ടാവില്ല. ആ മോഷണത്തിന് ഉമ്മയുടെ മൗനനുവാദമുണ്ട്. അതിന്റെ പേരിൽ, ജ്യേഷ്ഠൻ എന്നെ പലപ്പോഴും തുറിച്ചുനോക്കാറുണ്ട്.

ബാപ്പി (ബാപ്പ) ഒരു കാരക്ക കൊണ്ട് ആറു ചീളുകൾ ആക്കുമായിരുന്നു. ഒരു ദിവസം നോമ്പുതുറയ്ക്ക് അനുവദിക്കപ്പെടുന്ന കാരക്ക രണ്ടോ മൂന്നോ. അത് ചീളാക്കി വിതരണം ചെയ്യുന്ന ജോലി എനിക്കായിരുന്നു. ഒരു കാരക്ക ആറുചീളാക്കുക സാഹസികമായ പണിയാണ്. അക്കാലത്തെ ജീവിതബജറ്റിനെയും റംസാൻ ബജറ്റിനെയും പ്രതിഫലിപ്പിക്കുന്ന പ്രതീകത്മകമായ ഒരു പണി കൂടിയായിവേണം അതിനെ കരുതാൻ.

എല്ലാരും നോമ്പ് തുറന്നു പോയികഴിഞ്ഞാലും നാലോ അഞ്ചോ പത്തിരി കുട്ടയിൽ ബാക്കിയാവും. പശി കെടാത്തവർക്കുവേണ്ടി ഉമ്മയുടെ "തങ്കരി'ക്കലാണത്.(തങ്കം പോലെ സൂക്ഷിക്കുന്നത് തങ്കരിക്കൽ). ആ പദം ഒരു കാലത്തെ മലബാറിലെ ഹോം ഇക്കണോമിയുടെ നട്ടെല്ലായിരുന്നു. ഒന്നും വട്ടറുക്കരുത് എന്ന് ഉമ്മ എപ്പോഴും പറയും. "വട്ടറുക്കരുത്'എന്ന പ്രയോഗത്തിന്റെ അർഥം പിൽക്കാലത്ത് എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഏതു സൂക്ഷിപ്പിലും സൂക്ഷ്മത വേണം. അന്നന്നത്തെ ഉപയോഗം തീരുന്നതോടെ തീരുന്നതല്ല ജീവിതം. അത് ഒരു പരിവൃത്തമാണ്. ആ വൃത്തത്തെ പൂരിപ്പിക്കാൻ, എപ്പോഴും കരുതൽ വേണം. ഏതു സാധനവും മനുഷ്യന് ആവശ്യമായി വരും. ചിലപ്പോൾ നമ്മുടെ വസ്തു നമുക്കായിരിക്കില്ല, അന്യർക്കായിരിക്കും ആവശ്യമായി വരിക. ഏതായാലും എന്തിന്റെയും സ്റ്റോക്ക് വേണം. ഒന്നും "വട്ടറുക്കരുത്'.

പുതുപ്പറമ്പ് അങ്ങാടി

വലിച്ചെറിയൽ സംസ്‌കാരത്തോടെ ഒരുപക്ഷേ, നമ്മുടെ സമൂഹം മറന്നുപോയതോ മനഃപൂർവം വലിച്ചെറിഞ്ഞതോ, ആണ് ഇവയൊക്കെ. ഐശ്വര്യകാലത്തിന്റെ നിഘണ്ടുവിൽ നമുക്ക് പരിചിതമാവുന്നത്, വേറൊരു പദസമ്പത്താണ്.

ഏതായാലും ഉമ്മയുടെ പത്തിരിക്കുട്ടയിൽനിന്ന്​ ഞാൻ ഒന്നെങ്കിലും മോഷ്ടിക്കാത്ത ദിനമില്ല. വിശപ്പ് കെട്ടിട്ടുണ്ടാവില്ല. ആ മോഷണത്തിന് ഉമ്മയുടെ മൗനനുവാദമുണ്ട്. അതിന്റെ പേരിൽ, ജ്യേഷ്ഠൻ എന്നെ പലപ്പോഴും തുറിച്ചുനോക്കാറുണ്ട്. എന്റെ കാര്യം ഇതാണെങ്കിൽ നോമ്പുതുറക്കാൻ വരുന്ന അതിഥികളുടെ സ്ഥിതി എന്തായിരിക്കും എന്ന ചിന്ത എന്നെയലട്ടും.

ബദരീങ്ങളുടെ ആണ്ടുനേർച്ച

പത്തിരി ഒരു ദേശത്തിന്റെ തന്നെ വിഭവമായി മാറുന്ന ഒരു ദിനം റംസാനിലുണ്ട്. റംസാൻ പതിനേഴിന്. അന്ന് ബദരീങ്ങളുടെ ആണ്ടുനേർച്ചയാണ്. വിഖ്യാതമായ ബദർ യുദ്ധത്തിൽ പ്രവാചകനോടൊപ്പം പങ്കെടുത്തവരാണ് ബദരീങ്ങൾ. 313 പേർ പങ്കെടുത്ത യുദ്ധത്തിൽ ഏതാനും പേർ രക്തസാക്ഷികളാവുകയുണ്ടായി. ഇസ്​ലാമിന്റെ വളർച്ചയിൽ നിർണായക യുദ്ധമായിരുന്നു ബദർ എന്ന സ്ഥലത്ത് നടന്ന ആ യുദ്ധം. ബദർ താഴ്വര തന്ത്രപ്രധാനമായ ഒരു സ്ഥലമാണ്. ആ സ്ഥലം പ്രത്യേകം വേലികെട്ടിത്തിരിച്ചു സംരക്ഷിച്ചിട്ടുണ്ട് സൗദി ഭരണകൂടം.

രണ്ട് സംഭവങ്ങളാണ് ഞങ്ങളുടെ ഗ്രാമത്തിന്റെ ആഘോഷമായി ഉണ്ടായിരുന്നത്. രണ്ടാമത്തേത്, പ്രവാചകന്റെ ജന്മദിനാഘോഷമായിരുന്നു, അറബി മാസമായ റബീഉൽ അവ്വൽ മാസം 12-ന്. മദ്രസയിൽ ആരവങ്ങളോടെ കൊണ്ടാടപ്പെടുന്ന ഒരു നാട്ടുമൗലൂദ് പോലെയായിരുന്നു അത്. തേങ്ങാച്ചോറും ഇറച്ചിക്കറിയുമാണ് ഈ കാലത്ത് നാട്ടുനടപ്പ്. നെയ്ച്ചോർ ഏറ്റവും സവിശേഷ ആഘോഷസന്ദർഭങ്ങളിൽ മാത്രം ഉണ്ടാക്കുന്ന വിഭവമായിരുന്നു. ബിരിയാണിയെക്കുറിച്ച് അക്കാലത്ത് കേട്ടുകേൾവി പോലുമില്ലായിരുന്നു. ബിരിയാണി, മലപ്പുറത്തിന്റെ വിഭവമായി മാറുന്നത് തൊണ്ണൂറുകൾക്കുശേഷമാണ് എന്നാണോർമ.

പൊറോട്ടയും കുബ്ബൂസും ചിക്കനുമൊക്കെ മെല്ലെമെല്ലെ നോമ്പുതുറയുടെ തീൻമേശകളിലേയ്ക്ക് കടന്നുവരുന്നത് തൊണ്ണൂറുകളിലാണ്. ക്രമേണ, പുതിയാപ്പിളനോമ്പുതുറയുടെ വ്യാകരണം തന്നെ മാറി.

ബദരീങ്ങളുടെ ആണ്ടുനേർച്ചയ്ക്ക്, നാട്ടിലെ എല്ലാ വീടുകളിൽനിന്നും പത്തിരി ചുട്ട് പള്ളിയിലേയ്ക്ക് ഒഴുകും. നാട്ടിലെ അമുസ്​ലിം വീടുകളിൽനിന്ന്​ പത്തിരി കൊടുത്തയക്കാറുണ്ട്. സവർണ ജാതിയിൽപ്പെട്ടവർ ഞങ്ങളുടെ നാട്ടിൽ ഇല്ലായിരുന്നു. പുലയരും തിയ്യസമുദായത്തിൽപ്പെട്ട ചില കുടുംബങ്ങളുമാണുള്ളത്. അസർ നിസ്‌കരാനന്തരം, ജുമുഅത്ത് പള്ളിയിൽ മൗലൂദ് തുടങ്ങും. നോമ്പുതുറയ്ക്ക് മുൻപായി പത്തിരിയും തേങ്ങാച്ചോറും വിതരണം ചെയ്യും. വരട്ടിയ പോത്തിറച്ചിയുമുണ്ടാവും. ദേശത്തെ ഒരുവിധം മനുഷ്യരൊക്കെ അതിന്റെ പങ്കുപറ്റാൻ വൈകുന്നേരം പള്ളിയിലേക്കൊഴുകും. രണ്ടുകാര്യമാണ്. ഒന്ന്, ബദരീങ്ങളുടെ പ്രിയം കൊണ്ട് ദൈവം അതിൽ പങ്കാളിയായവരുടെ പാപം പൊറുത്തുകൊടുക്കുന്നു. അതിനേക്കാളൊക്കെ, സുഭിക്ഷമായി പത്തിരിയും പോത്തിറച്ചിയും തിന്നാനുള്ള അപൂർവദിനം, പരമദരിദ്രരായ നാട്ടുകാർക്ക് ഇതൊന്ന് മാത്രമാണ്. മഹാഭൂരിപക്ഷം പട്ടിണിയിലായിരുന്ന കാലത്ത്, ഒരു ദിവസത്തെ സുഭിക്ഷത ആഘോഷിക്കാനുള്ള അവസരം. അന്നേദിവസം പത്തിരിയെത്താത്ത വീടുകളുണ്ടാവില്ല. ബാപ്പയുടെ കൂടെ അന്ന് ആരും നോമ്പുതുറക്കാനുണ്ടാവാറില്ല.

പുതുപ്പറമ്പ്പഴയ ജുമുഅത്ത് പള്ളിയുടെ മുഖപ്പ്

നാട്ടുകാർക്കൊക്കെ ഒറ്റപ്പള്ളി, ഒരു ഇമാം. ഇന്നത്തെപ്പോലെ പുത്തൻ പ്രസ്ഥാനക്കാർ എന്ന് പിൽക്കാലത്ത് സുന്നികളാൽ പേരിട്ടുവിളിക്കപ്പെട്ട സംഘങ്ങൾ ഒന്നും നാട്ടിലുണ്ടായിവന്നിട്ടില്ല. ആകെ അംഗീകരിക്കാനും സ്വപ്നം കണ്ടുണരാനും ആത്മരാക്ഷർഥം തങ്ങളുടെ പ്രാർഥനയിൽ ഉൾപ്പെടുത്താനുമുള്ള വിശുദ്ധരാണ് ബദരീങ്ങൾ. മറ്റൊന്ന്, മമ്പുറം തങ്ങളാണ്.

പുതിയാപ്പിളനോമ്പുതുറ

തൊണ്ണൂറുകളോടെയാണ്, നാട്ടിലെ സാമ്പത്തിക നിലയിൽ ഗണ്യമായ പുരോഗതി വന്നത്. അതിനുകാരണം, ഗൾഫ് പ്രവാസമായിരുന്നു. പൊറോട്ടയും കുബ്ബൂസും ചിക്കനുമൊക്കെ മെല്ലെമെല്ലെ നോമ്പുതുറയുടെ തീൻമേശകളിലേയ്ക്ക് കടന്നുവരുന്നത് തൊണ്ണൂറുകളിലാണ്. ക്രമേണ, പുതിയാപ്പിളനോമ്പുതുറയുടെ വ്യാകരണം തന്നെ മാറി. പുതിയാപ്പിളമാരുടെ നോമ്പുതുറയാണ് അന്ന് പലവീടുകളിലും കൊണ്ടാടപ്പെട്ടിരുന്ന ചടങ്ങ്. പുതിയാപ്പിളയോടൊപ്പം പത്തുപതിനഞ്ചു സുഹൃത്തുക്കൾ നോമ്പുതുറക്കാൻ വരും. പല പ്രായത്തിലുള്ളവരും തരക്കാരും കൂട്ടത്തിലുണ്ടാവും. നോമ്പ് തുടങ്ങിയാൽ ആദ്യവാരത്തിൽ തന്നെ വേണം സൽക്കാരം എന്നാണ് വെപ്പ്. നീണ്ടുപോയതുകൊണ്ട് പിണങ്ങിപ്പോയ പുതിയാപ്പിളമാർ ധാരാളം അക്കാലത്തുണ്ട്. അതൊരു അഭിമാനപ്രശ്‌നം പോലെയായിരുന്നു.

ഇപ്പോൾ, പത്തിരി പലവീടുകളിലും ഒരു വിഭവമല്ല. പത്തിരിയോട് ഇഷ്ടമില്ലാഞ്ഞിട്ടല്ല. പത്തിരിയുണ്ടാക്കുന്ന മെനക്കേട്, പുതിയ ന്യൂക്ലിയർ കുടുംബഘടനയ്ക്ക് പുറത്താണ്.

പുതിയാപ്പിളനോമ്പുതുറ, ചെലവുള്ള കാര്യമാണ്. പാവപ്പെട്ടവരാണെങ്കിൽ നന്നായി ഞെരുങ്ങും. കടം വാങ്ങിയും മറ്റും സൽക്കാരം നടത്തുന്നവരായിരുന്നു അധികവും. സൽക്കാരം കഴിഞ്ഞുപോകുമ്പോൾ, പെണ്ണിന്റെ കൂട്ടക്കാർ/പിതാവ്, പുതിയാപ്പിളയ്ക്ക് ഒരു പണക്കിഴി കൊടുക്കുന്ന നാട്ടുനടപ്പുണ്ട്. ആയിരം രൂപയുടെ കിഴിയെങ്കിലും വേണം. അന്നത്തെ ആയിരം കൊണ്ട് ഒരാനയെ വാങ്ങാം. അത്ര ഞരുക്കമുള്ള കാലമാണ്.

"നാടെവിടെ മക്കളെ' എന്ന അയ്യപ്പപ്പണിക്കരുടെ കവിതയിൽ, ഏറനാടിനെ അടയാളപ്പെടുത്തിയിരിക്കുന്നത് നമുക്ക് കാണാപാഠമാണല്ലോ. "പത്തിരിക്കറി കൂട്ടി മണവാട്ടി നുണയുന്നൊ- രൊപ്പനകൾ പാടുന്ന നാടെവിടെ മക്കളെ...'

അയ്യപ്പപ്പണിക്കർ. / Photo : Wikimedia Commons

പരിസ്ഥിതി കവിത എന്ന മട്ടിൽ കുപ്രസിദ്ധി കേട്ട ആ കവിതയിൽ മാത്രമാണ്, ഒരുപക്ഷേ, ആധുനികത ഒരു വിഭവം കൊണ്ട് ഒരു പ്രദേശത്തെ /ഏറനാടിനെ അടയാളപ്പെടുത്തിയത്. നമ്മുടെ കവിതയിലും മറ്റും സവർണരുടെ ഭക്ഷണവിഭവങ്ങളും ശീലങ്ങളും ആഘോഷങ്ങളും ചിന്തയുമൊക്കെയാണ്, തൊണ്ണൂറുകൾ വരെ കടന്നുവന്നിട്ടുള്ളത്. ഇത്രമേൽ പാരമ്പര്യവും പരസ്പരവിനിമയവും കൊണ്ട് അടയാളപ്പെട്ട മുസ്​ലിം ജീവിതത്തിന്റെ അടയാളങ്ങൾ ഇന്നും നമ്മുടെ കവിതയിലില്ല, എന്നതാണ് വാസ്തവം. തൊണ്ണൂറുകൾക്കുശേഷം ദലിത് ജീവിതത്തിന്റെ നിരവധി അടയാളങ്ങൾ മലയാളകവിത എഴുതിക്കാണിച്ചത്, അന്നുതൊട്ട് ശക്തമായ ഒരു ദലിത് ചിന്താജാഗരണത്തിന്റെ ഭാഗമായിട്ടായിരുന്നു. അതേസമയം, മുസ്​ലിം സാമൂഹിക സൂചകങ്ങൾ കവിതയിലേയ്ക്ക് കടന്നുവരാഞ്ഞതെന്തേ എന്നൊരു വലിയ ചോദ്യം ഒഴിഞ്ഞുകിടപ്പുണ്ട്. (എന്നാൽ നാടകത്തിലോ ഫിക്ഷനിലോ അതല്ല സ്ഥിതി). കവിതയിലെ ഒഴിവാക്കലിന്റെ തത്വശാസ്ത്രം മലയാള കവിതയുടെ പാരമ്പര്യവുമായി കണ്ണിചേർന്നുകിടക്കുന്നു എന്നു കരുതാനാണ് ന്യായം. മുസ്​ലിം കവികളിൽനിന്നുപോലും ആവശ്യമുള്ള അളവിൽ നമ്മുടെ കവിതയ്ക്ക് അതു കിട്ടിയിട്ടില്ല.

പച്ച പിടിക്കുന്ന ചപ്പാത്തിക്കമ്പനികൾ

ഇപ്പോൾ, പത്തിരി പലവീടുകളിലും ഒരു വിഭവമല്ല. പത്തിരിയോട് ഇഷ്ടമില്ലാഞ്ഞിട്ടല്ല. പത്തിരിയുണ്ടാക്കുന്ന മെനക്കേട്, പുതിയ ന്യൂക്ലിയർ കുടുംബഘടനയ്ക്ക് പുറത്താണ്. ആയതുകൊണ്ടുതന്നെ, കോവിഡ് കാലത്തിന് സ്വല്പം മുമ്പ് മലബാറിലുടനീളം, ചപ്പാത്തിക്കമ്പനി എന്നൊരു പ്രതിഭാസം ഉയർന്നുവന്നു. ചപ്പാത്തിക്കമ്പനിയില്ലാത്ത ചത്വരങ്ങൾ മലപ്പുറത്ത് ഇപ്പോൾ വിരളമാണ്. മലപ്പുറത്തുകാരെല്ലാം ഒരു സുപ്രഭാതത്തിൽ ഭക്ഷണശീലം മാറ്റിയോ എന്നുതോന്നും വിധം ഈ പ്രതിഭാസം വ്യാപകമാണ്. ചപ്പാത്തിക്കമ്പനിയിൽ, ആ പേരിലുള്ള വിഭവം മാത്രമല്ല. പൊറാട്ട, പത്തിരി, പത്തൽ... പിന്നെ അതിലേയ്ക്കുള്ള മസാലവിഭവങ്ങൾ ഒക്കെക്കിട്ടും. പലർക്കും പ്രമേഹവും കൊഴുപ്പും കൂടിയപ്പോൾ അരിഭക്ഷണം കുറയ്ക്കാനുള്ള ഡോക്ടർമാരുടെ സദുപദേശങ്ങൾ ഒരുപക്ഷേ പച്ചപിടിച്ചത് ചപ്പാത്തിക്കമ്പനി എന്ന പേരിലൂടെയാണ്.

ഇന്നും ഒരുപക്ഷേ, ഭക്ഷണസാമഗ്രികൾ ആമസോണിലൂടെയും മറ്റു വെർച്വൽ കൊളാബറെഷൻ കമ്പനികളിലൂടെയും ഒഴുകിയെത്തുന്ന പ്രദേശത്തിൽ മുഖ്യസ്ഥാനം മലപ്പുറത്തിനുണ്ട്.

ഒരു പ്രവാസിസമൂഹം എന്ന നിലയിലേയ്ക്കുള്ള മാറ്റം, നമ്മുടെ കൃഷിസമ്പദ്ഘടനയെ തകരാറിലാക്കുകയും നാണ്യവിളകളിലൂടെയും ഇറക്കുമതി ഭക്ഷണങ്ങളിലൂടെയും ഒരു പുതുസമൂഹത്തെ ഉണ്ടാക്കിയെടുക്കുകയും ചെയ്തു. ഇന്നും ഒരുപക്ഷേ, ഭക്ഷണസാമഗ്രികൾ ആമസോണിലൂടെയും മറ്റു വെർച്വൽ കൊളാബറെഷൻ കമ്പനികളിലൂടെയും ഒഴുകിയെത്തുന്ന പ്രദേശത്തിൽ മുഖ്യസ്ഥാനം മലപ്പുറത്തിനുണ്ട്.

ആദ്യമാദ്യം ചപ്പാത്തി മാത്രം വിറ്റ കമ്പനികൾ, ലാഭം കൂട്ടാൻ പലതും ഉത്പാദിപ്പിക്കാൻ തുടങ്ങി. അവസാനം, ചപ്പാത്തിയല്ലാത്ത എന്തും അവിടെക്കിട്ടും എന്ന നിലയിലായി. ഗാന്ധിജിയുടെ സത്യന്വേഷണ പരീക്ഷണങ്ങൾ, സൗജന്യവിലയ്ക്ക് കിട്ടിയതുകൊണ്ട് വായിക്കാതെ അലമാരയിൽ സൂക്ഷിച്ച ഇന്ത്യക്കാരെപ്പോലെ, ചപ്പാത്തിക്കമ്പനികളുടെ ജാതകത്തിൽ ഞങ്ങൾ മലപ്പുറത്തുകാർക്കും ചിലത് വായിച്ചെടുക്കാനുണ്ട്.

ചപ്പാത്തിക്കമ്പനിയില്ലാത്ത ചത്വരങ്ങൾ മലപ്പുറത്ത് ഇപ്പോൾ വിരളമാണ്. / Photo : worldorgs.com

ഈ ചപ്പാത്തിയും പത്തിരിയിനങ്ങളും ഒരു പ്രസിൽ നിന്ന്​ കടലാസ് ​പ്രിൻറ്​ ചെയ്‌തെടുക്കും മട്ടിൽ ഉത്പാദിപ്പിച്ചെടുക്കുന്നവയാണ്. കടലാസിന്റെ കനവും വെള്ളക്കാരന്റെ വിളറിയ വെളുപ്പുമാണ് പത്തിരിക്ക്. അടുക്കളയിൽ കണ്ടുമറന്ന ആ സ്പീഷീസുമായി ഈ വിഭവത്തിന് വലിയ ബന്ധമൊന്നുമില്ല. അടുക്കള തിരിച്ചുപിടിച്ചാലും, പഴയത് വരും എന്ന പ്രതീക്ഷയിലും കഴമ്പില്ല. ഒരോ കാലവും പുതിയ സാങ്കേതികമാനങ്ങൾ ആവശ്യപ്പെടുന്നു. അവയാണ്, തലമുറയുടെ അഭി"രുചി 'തീരുമാനിക്കുക. കാലഹരണപ്പെട്ട ടെക്​നോളജിയും പത്തിരിയോർമകളും കാല്പനികതയുടെയും ഗൃഹാതുരതയുടെയും അടയാളമായി അവശേഷിക്കുമെന്നുമാത്രം.

പുതുതലമുറ ഇഷ്ടപ്പെടുന്ന ഒരു വിഭവവുമല്ല, പത്തിരി. ടെക്​നോളജിയും കാലഹരണപ്പെട്ടു. ഭക്ഷണത്തിൽ നിയോ കോളനിശക്തികൾ ഉത്പാദിപ്പിക്കുന്ന വിഭവങ്ങളോളം ഇഷ്ടം ഇന്ന് ആർക്കും പത്തിരിയോടില്ല. പഴയകാലത്ത് പത്തിരി പരത്താനും പരത്തിയത് വെക്കാനുമായി പണികഴിപ്പിച്ച പ്രത്യേക ഡിസൈനിലുള്ള പലകകൾ, ഓടക്കുഴൽ... എന്നിത്യാദി പല വീടുകളിലും ഏതെങ്കിലും മൂലയിൽ വിശ്രമിക്കുന്നത് കണ്ടിട്ടുണ്ട്. ഉരലും ഉലക്കയും കുന്താണിയും പോലെ പത്തിരിപ്പലകയും അത് ചുട്ട മൺചട്ടിയും ഓടക്കുഴലും ചില വീടുകളിലെങ്കിലും ആർക്കൈവുകളിലെന്നപോലെ സൂക്ഷിക്കാൻ നാം കനിവ് കാട്ടുന്നുമുണ്ട്. ഇത്രയൊക്കെയേ, കഴിഞ്ഞുപോയ കാലത്തോട് മനുഷ്യന് ധാർമികമായ ഉത്തരവാദിത്തമുള്ളൂ.

നാണത്തോടെ ഒളിഞ്ഞുനോക്കുന്ന പത്തിരി

നോമ്പുതുറകൾ, കോമേഴ്സ്യൽ കമ്പനികൾ ഏറ്റെടുത്തു. വിഭവങ്ങളുടെ ഊരും പേരും മാറി. മലബാറിന്റെ അടുക്കളയിൽ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന വിഭവങ്ങളെ ഇപ്പോൾ പഴമക്കാർക്ക് തിരിച്ചറിയാൻ പാടാണ്. എന്നാലും പുതിയാപ്പിള വരുമ്പോൾ, തീൻമേശയിൽനിന്ന്​ പത്തിരി നാണത്തോടെ ഒളിഞ്ഞുനോക്കും. കുഴൂർ വിത്സന്റെ ഒരു കവിതയിൽ പറഞ്ഞപോലെ, (‘തെങ്ങുകളായി വിവർത്തനം ചെയ്യപ്പെട്ട ഈന്തപ്പനകളെപ്പോലെ’) പഴയ പലകപ്പത്തിരിയായി "വിവർത്തനം ചെയ്യപ്പെട്ട ഞങ്ങൾ' എന്നപോലെ. പഴയ പത്തിരിയുടെ ഗന്ധവും സ്വഭാവവും അയവിറക്കി കൂട്ടത്തിലെ മധ്യവയസ്‌കർ മിൻറ്​ പത്തിരി തിന്നുന്നുണ്ടാവാം. അതേസമയം, മറ്റു കോസ്‌മോപൊളിറ്റൻ വിഭവങ്ങൾ തിന്നു വയറുനിറയുമ്പോഴേക്കും, പുതിയാപ്പിള പത്തിരിയുടെ കാര്യം മറന്നേക്കും. എങ്കിലും, പാരമ്പര്യവാദം തികട്ടുന്ന ചിലരെങ്കിലും ഒളികണ്ണാൽ പത്തിരിയെ കടാക്ഷിച്ച് തീൻമേശയോടുള്ള ചരിത്രപരമായ കടപ്പാട്​ നിലനിർത്താറുണ്ട്. ഇതാണിപ്പോൾ പത്തിരിയുടെ തലവിധി. സാങ്കേതിക മാറ്റങ്ങളും ശീലമില്ലായ്മയും നമ്മെ പഴയ അഭി/രുചികളിൽനിന്ന്​ മെല്ലെമെല്ലെ പിൻവലിക്കുന്നു.

നോമ്പുതുറകൾ, കോമേഴ്സ്യൽ കമ്പനികൾ ഏറ്റെടുത്തു. വിഭവങ്ങളുടെ ഊരും പേരും മാറി. മലബാറിന്റെ അടുക്കളയിൽ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന വിഭവങ്ങളെ ഇപ്പോൾ പഴമക്കാർക്ക് തിരിച്ചറിയാൻ പാടാണ്. / Photo : Flicker.com

ദാരിദ്ര്യത്തിലാണ്, മനുഷ്യബന്ധങ്ങളുടെ സമൃദ്ധി എന്നാണ്, ജീവിതം എന്നെ പഠിപ്പിച്ചിട്ടുള്ളത്. അതുപോലെ സന്തോഷം മറ്റൊന്നുകൊണ്ടും ഉണ്ടാവില്ല. വിശപ്പിന് തത്വശാസ്ത്രവും സൗന്ദര്യശാസ്ത്രവുമുണ്ട്. രണ്ടും അറിയുമ്പോഴേ കാലത്തെ ആഴത്തിൽ അറിയാൻ പറ്റൂ. വ്രതം "എനിക്കു വേണ്ടിയുള്ളതാണ്' (അസൗമു ലീ) എന്ന് ദൈവം മനുഷ്യനോട് പ്രത്യേകമായി പറഞ്ഞത് അതുകൊണ്ടാവും. എപ്പോഴും ദൈവത്തിന്റെ കാരുണ്യഗുണത്തോടൊപ്പമാണ്, മനുഷ്യനെ ഖുർആൻ തുന്നിച്ചേർത്തിട്ടുള്ളത്. ഖുർആൻ പ്രവാചകന് അവതരിച്ചുതുടങ്ങിയത് റംസാനിലാണെന്നതും യാദൃച്​ഛികമായിരിക്കാനിടയില്ല.

മനുഷ്യകാരുണ്യത്തിന് ഏതുതരം സമ്പദ്ശാസ്ത്രത്തെയും സഞ്ചലിപ്പിക്കാനും മാനവികമായി ഉജ്ജീവിപ്പിക്കാനും കഴിയും, ഏതുതരം വിമർശനം നിലനിൽക്കുമ്പോഴും. സമ്പന്നതയുടെ മടിത്തട്ടിൽ അലച്ചുകൊണ്ടിരിക്കുന്ന നവമുതലാളിത്തത്തിന്റെ കാലത്ത് മുകളിൽ പറഞ്ഞതൊക്കെ, ഒരു കടങ്കഥ പോലെ തോന്നാം. പത്തിരിയുടെ ഈ ആഖ്യാനം എന്തിലേയ്ക്കും ചേർത്തുവച്ചു വായിക്കാനുള്ള സ്വാതന്ത്ര്യം വായനക്കാർക്കുള്ളതാണ്, അത്രേയുള്ളൂ. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


ഡോ. ഉമർ തറമേൽ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ മലയാള -കേരള പഠനവിഭാഗത്തിൽ പ്രൊഫസറായിരുന്നു. ദേശത്തിന്റെ​​​​​​​ ഭാവനാഭൂപടങ്ങൾ, ഇശലുകളുടെ ഉദ്യാനം, കാഴ്​ചയുടെ ഹെയർപിൻ വളവുകൾ തുടങ്ങിയവ പ്രധാന പുസ്​തകങ്ങൾ.

Comments