പി.പി. ഷാനവാസ്​

കത്തുന്ന കാലത്ത്
ജ്ഞാനത്തിൻ മുറ്റത്ത്

അപര സെക്‌സിനെ അന്യമായി കണ്ട കാലം തീരാൻ ന്യൂജൻ വരേണ്ടി വന്നു.

‘ഒരു ഭാര്യ തന്റെ ഭർത്താവിനെ പ്രസവിക്കുന്നു. കളികളിൽ വിസ്മയിക്കുന്ന പിതാവിനെ കുട്ടി നോക്കി വളർത്തുന്നു മുലകൾ ഇല്ലാതെ മുല കുടിക്കുന്നു.

നോക്കൂ നാട്ടാരേ, നമ്മുടെ ജീർണകാലം എവിടെയെത്തിയെന്ന്. മകൻ സ്വന്തം അമ്മയെ വിവാഹം കഴിക്കുന്നു. കാലില്ലാത്ത ഒരുവൻ വായുവിലൂടെ കുതിച്ചു ചാടുന്നു. വായയില്ലാത്ത മനുഷ്യൻ പൊട്ടിച്ചിരിക്കുന്നു.

നിദ്രയില്ലാത്തയാൾ നിദ്ര കൊള്ളുന്നു. കടക്കോൽ ഇല്ലാതെ പാത്രത്തിൽ പാൽ കടയുന്നു. അകിടുകളില്ലാത്ത പശു പാൽ ചുരത്തുന്നു. നഷ്ടപ്പെട്ട വഴിയിൽ ദീർഘ യാത്ര.

വിശദീകരണത്തിനായി കബീർ പറയുന്നു: ദുരന്തങ്ങളുടെ ലോകത്ത് നിങ്ങൾക്ക് നിങ്ങളുടെ വഴി കണ്ടുപിടിക്കാൻ കഴിയില്ല, ഒരു ശരിയായ ഗുരുവില്ലാതെ!'

(സന്ത് കബീർ ഗോയിന്ദ് വൽ പൊതീസ്, പാഠ 21).

മീരാഭായിയുടെ ബാലവാടിയിൽ മഞ്ഞ ഉടുപ്പണിഞ്ഞുവന്ന മെഹറൂബ എന്ന അമ്മാവന്റെ മകളോടൊത്തിരിക്കണമെന്ന വാശിയിൽ തുടങ്ങിയതാണ് വിദ്യാലയങ്ങളിൽ ആണും പെണ്ണും ഒന്നിച്ചിരിക്കാമോ എന്ന വിവാദം. പിന്നെ ആലുങ്ങൽ എ.എം.എൽ.പിയിൽ സുമയ്യയുടെയും ആമിനയുടെയും ഒപ്പം ഇരിക്കണമെന്ന തോന്നൽ. യു.പി സ്‌കൂളിൽ ദേവധാർ സ്‌കൂളിൽ നിന്ന് പുതുതായെത്തിയ മിഡി അണിഞ്ഞുവന്ന ഷമീലയുടെയും പിന്നെ ലല്ലബിയുടെയും ജസ്നിയുടെയും അടുത്തിരിക്കണമെന്ന ആശ. ഹൈസ്‌കൂളിൽ സാജിതയും സുഹറയും മറ്റനേകം പെൺകുട്ടികളുടേയും മണങ്ങൾ, മാദകത്വങ്ങൾ. ഫാറൂക്കിൽ ആദ്യം സ്വാതന്ത്ര്യത്തോടെ തൊട്ടു വിസ്മയിപ്പിച്ച മണ്ണിശേരി സാജിത. നിലമ്പൂരിലേക്കുള്ള ബസ് യാത്രയിൽ അരികത്തിരിക്കാൻ ക്ഷണിച്ച കാർത്തിക. ഡിഗ്രി സുവോളജി ലാബിലെ കൈത്തൊടലുകൾ. തൊട്ടു പെരുമാറി പഠിപ്പിച്ച രേഷ്മ. അങ്ങിനെ പതുക്കെ പതുക്കെ മാറിപ്പോന്ന തൊടൽ ഭീതികൾ. അപര സെക്‌സിനെ അന്യമായി കണ്ട കാലം തീരാൻ ന്യൂജൻ വരേണ്ടി വന്നു. അപ്പോഴേക്കും കൊറോണാ കാലവും വന്നു. എന്നാലും ഉള്ളിലെ തൊടൽ ഭീതികൾ ഫ്രോയിഡിയൻ അബോധമായി തൊലിപ്പുറത്ത് തീർക്കുന്ന വിമ്മിട്ടങ്ങൾ തീർക്കാൻ പ്രത്യാഹാര പരിശീലനങ്ങൾ. ജിതേന്ദ്രിയത നേടാനുള്ള പെടാപാടുകൾ.

തുർക്കിക്കാർ കൊണ്ടുവന്ന മദ്രസാഭീതികൾ ബ്രിട്ടീഷുകാർ പടർത്തിയ വിക്ടോറിയൻ സദാചാരമായി നമ്മിലുറച്ചു. അതിനും മുമ്പ് അങ്ങനെയല്ലായിരുന്നുവെന്ന് അള്ളാപിച്ചാ മൊല്ലാക്കമാർ നടത്തിയ ഓത്തുപള്ളിക്കൂടങ്ങളും മോയിൻകുട്ടി വൈദ്യരുടെ ഹുസ്സനുൽ ജമാൽ ബദറുൽ മുനീറും സാക്ഷി. ഇപ്പോൾ വന്നെത്തുന്ന അമേരിക്കൻ ജീവിതമോഡലിലെ വിദ്യാഭ്യാസ പരിഷ്‌കാരങ്ങളിൽ, ‘വസന്ത വായുവിൽ വസൂരി രോഗാണുക്കളുണ്ടോ' എന്ന് കവിയുടെ സംശയ സൗവർണ പ്രതിപക്ഷമാകുകയാണ് നാമിപ്പോൾ.

ഉള്ളിലെ തൊടൽ ഭീതികൾ ഫ്രോയിഡിയൻ അബോധമായി തൊലിപ്പുറത്ത് തീർക്കുന്ന വിമ്മിട്ടങ്ങൾ തീർക്കാൻ പ്രത്യാഹാര പരിശീലനങ്ങൾ. ജിതേന്ദ്രിയത നേടാനുള്ള പെടാപാടുകൾ / Photo: Shafeeq Thamarassery

രണ്ട്

മാർക്‌സിസ്റ്റ് വിദ്യാർത്ഥി സംഘടനകൾ ആണധികാരത്തിന്റെ കോട്ടകൊത്തളമായി രാഷ്ട്രീയയുക്തികളെ കെട്ടിപ്പൊക്കിയിരുന്ന കാലത്ത്, അന്ന് ‘ലോകത്തിലെ ഏറ്റവും വലിയ' എസ്.എഫ്‌.ഐ യൂണിറ്റായിരുന്ന മീഞ്ചന്ത ആർട്‌സ് കോളേജിൽ, രേഷ്മയും ശശിയും കരീമും, ഒളിവിലും തെളിവിലുമായി ഈ ലേഖകനുമൊക്കെച്ചേർന്ന് അതിനെ പൊളിച്ചടുക്കിയപ്പോൾ, യൂണിറ്റ് കമ്മിറ്റിയെ പിരിച്ചുവിടുന്നതിലേക്കു നയിച്ച ഉപജാപങ്ങളുടെ ഓർമകൾ വരുന്നു. അന്ന് പെണ്ണുങ്ങളുടെ മണം പിടിച്ചു നടന്ന കരീമിനെയും ശശിയെയും ഔദ്യോഗികപക്ഷത്തിന് അറപ്പായിരുന്നു. പിൽക്കാലത്താണ് ദീപക്കും അജയഘോഷും സുരേന്ദ്രനുമെല്ലാം ഫെമിനിസത്തിലേക്ക് മതം മാറിയത്. ദീപക്കിന്റെയും ഷാനവാസിന്റെയും കൂടെ ധർമ്മടത്ത് എം.എൻ. വിജയനെ കാണാൻ പോയതിനെത്തുടർന്ന് വിചാരണക്കൊടുവിൽ സാക്ഷാൽ രേഷ്മ ഭരദ്വാജിനെ എസ്.എഫ്‌.ഐ ജില്ലാ കമ്മിറ്റിയിൽ നിന്ന് പുറത്താക്കുകയും ചെയ്തു. അവൾ സഖാക്കളുടെ രാഷ്ട്രീയത്തിൽ നിന്ന് സഖികളുടെ കൂട്ടായ്മയിലേക്ക് കൂടൊഴിഞ്ഞു. കൃഷ്ണപ്രസാദും പ്രദീപ്കുമാറും സുജനും ശശിയും ഷാജിയും നേതൃത്വമായ ജില്ലാ കമ്മിറ്റിയുടെ സോവിയറ്റ് മോഡൽ വിചാരണകൾ. തൊട്ടു പിന്നാലെ സോവിയറ്റ് ഭരണകൂടം കൊഴിഞ്ഞു വീണു.

പ്രണയവും വിദ്യാർത്ഥികളും എന്ന ചർച്ചയ്ക്ക് കാർമ്മികനായി അരാഷ്ട്രീയക്കാരനായ കല്പറ്റ നാരായണനും പഥ്യമായി മാറി. ആൺ- പെൺ ബന്ധങ്ങളുടെ സമസ്യകൾ ചർച്ച ചെയ്യാൻ സംന്യാസം വിട്ടൊഴിഞ്ഞ്​ നവ ഇടതുപക്ഷ ചിറകുകളിൽ പുനർജ്ജനിച്ച മൈത്രേയനും പിന്നെ രഘുവും ഗംഗയുമെത്തി. സോവിയറ്റ് സ്വപ്നങ്ങൾ തകർന്നു വീണ നാളുകളിലോ ഈ പുട്ടു കച്ചവടം എന്ന് എ. സോമൻ വിലപിച്ചു. തകർന്ന സോവിയറ്റ് നാടിന്റെ ശവമടക്കത്തിന് വരാമെന്നു സച്ചിദാനാന്ദൻ ഏറ്റുവെങ്കിലും സ്വകീയമായ വഴുവഴുപ്പോടെ ഊരിമാറി. ബ്രെഹറ്റും ബ്ലേക്കും മാർക്‌സിസവുമായി ടി. കെ. രാമചന്ദ്രൻ എന്ന പ്രാപ്പിടിയനും കാമ്പസിൽ വന്നു. അങ്ങനെ ബാബരി മസ്ജിദ് തകർന്നു. പോക്കർ മാഷുടെ പോസ്റ്റ് മോഡേണിസം പുലർന്നു. കെ.ഇ.എന്നിന്റെ നമ്പൂതിരി ഫലിതങ്ങൾക്ക് കനം വച്ചു. ഫാഷിസം എന്നു വിളിച്ചോതിയിട്ടും ഫാസിസം പടിവാതിൽക്കലെത്താൻ കെ.എൻ. പണിക്കർ വരേണ്ടി വന്നു. ‘ഉണക്ക പണിക്കരുടെ കൂടെ നടക്കുന്നത് എന്തിന്' എന്ന് ദേശാഭിമാനി എഡിറ്റോറിയൽ കക്ഷികൾ എന്നോട് ചോദിച്ചു. എന്റെ മാപ്പിള മൗനം ഉടഞ്ഞപ്പോൾ അവരെല്ലാം ചക്കരപ്പന്തലിൽ തേന്മഴ കൊണ്ടു. ഇപ്പോൾ ഞങ്ങൾ അവധൂതന്മാർ ആടിയ നാടകങ്ങൾ ഒന്നൊന്നായി അവർ വോട്ടുപെട്ടിയിലാക്കുന്നു. പെൺസമത്വം, ഭിന്നലിംഗ സംവരണം, സ്വവർഗരതി, കൂട്ട രതികൾ. ‘ക്യാപിറ്റൽ സെലിബ്രേറ്റഡ് ഇറ്റ്‌സ് ഓർഗീസ്' എന്ന് പറഞ്ഞ മാർക്‌സ് മൂലധനം കാരുന്ന ചുണ്ടെലിയായി അണ്ടർ ഗ്രൗണ്ടിൽ പോയി. നിയോ ലിബറലിസത്തിന്റെ പ്ലേഗ്​പരന്നു. മൂലധനം കഞ്ചാവ് സൂക്ഷിക്കാൻ പറ്റിയ പുസ്തകമെന്ന് ബഷീർ ഉപ്പാപ്പയുടെ ജയിലനുഭവം. ഇതാണ് വാസ്തവം. ഇതിനു മുമ്പിൽ മുട്ടു കുത്തുവിൻ.

ടി.കെ. രാമചന്ദ്രൻ

മൂന്ന്

ജാതിയെ ഇല്ലായ്മ ചെയ്യാൻ, ഒരു നവോത്ഥാനയുക്തിക്ക് ആണും പെണ്ണും എന്ന ദ്വന്ദമായി മനുഷ്യഗോത്രങ്ങളെ വെട്ടിച്ചുരുക്കേണ്ട അത്യാവശ്യമുണ്ട്. ‘ഞാൻ നിങ്ങളെ ആണും പെണ്ണുമായി രണ്ടു ജാതിയിൽ മാത്രമേ കാണുന്നുള്ളൂ' എന്ന അറേബ്യൻ നവോത്ഥാന ശ്രുതി, തുർക്കിക്കാരുടെ പിൽക്കാല ഭരണയുക്തിയിൽ മദ്രസാവിദ്യാഭ്യാസം ആരംഭിച്ചപ്പോൾ, അത് ആണിനെയും പെണ്ണിനേയും തീണ്ടൽ സമൂഹമാക്കി വിഭജിക്കാനായി വ്യഖ്യാനിച്ചു. ഭരണകൂടങ്ങൾ പൊഴിഞ്ഞുവീണു. ബാക്കിയായ സിവിൽ സമൂഹങ്ങളിൽ അവശേഷിച്ച വ്യക്തിനിയമങ്ങൾ, പ്രവാചകന്റെ സ്ത്രീപക്ഷ മുന്നാക്കങ്ങളെ ഉസ്താദുമാരുടെ പെണ്ണുകെട്ടൽ മോഹമായി തരം താഴ്ത്തി. ബ്രാഹ്മണ പൗരോഹിത്യം സ്വന്തം സമൂഹങ്ങളുടെ കുഴി തോണ്ടിയതിന്റെ തനിയാവർത്തനങ്ങൾ. കല്യാണ ഭക്ഷണശാലകളിൽപോലും സ്ത്രീയെ മറ കൊണ്ട് വേർതിരിച്ചു വ്യവസ്ഥീകരിച്ച ഒരു ജീവിതക്രമം മാർക്‌സിസ്റ്റുകാരുടെ വൈകിയുദിച്ച ഉദാരീകരണയുക്തികളെ ഭയപ്പാടോടെ നോക്കിക്കാണുന്നതിൽ തെറ്റില്ല. കാരണം കൊളോണിയലിസം ‘വാസുവിന്റെ രൂപത്തിലും വരും' എന്ന ബഷീർ ഉപ്പാപ്പയുടെ ഭ്രാന്തിന്റ സംശയലേശം അവരിൽ ഇപ്പോഴും ബാക്കിയുണ്ട്. ആണും പെണ്ണും രണ്ടായി നിലകൊള്ളുന്ന സാംസ്‌കാരിക ബോധത്തിൽ സെക്‌സിന്റെ പ്രേരണകൾ കൂടുമെന്നും, അവയവങ്ങളുടെ മിന്നലാട്ടം പോലും ഉദ്ധാല കനെ ഉണർത്തുമെന്നുമുള്ള രതിദൗർബല്യം ഒരു സമൂഹത്തിന്റെയാകെ സാംസ്‌കാരിക അബോധമായിത്തീരുമ്പോൾ, മണൽ കാറ്റിനു പ്രതിരോധമായി ആണും പെണ്ണും ഉപയോഗിച്ചിരുന്ന വസ്ത്രം പെണ്ണിനെ മൂടിയിടാൻ പ്രേരിപ്പിക്കുന്ന അഫ്ഗാൻ യുക്തികൾ, വെള്ളക്കാച്ചിയും ജംമ്പറും നീളൻ തട്ടവും മുറുക്കിച്ചോന്ന ചുണ്ടും കാതിൽ ചിറ്റും അരഞ്ഞണവും അണിഞ്ഞ, പിൽക്കാലത്ത് സാരിയിൽ ആധുനികത കണ്ടെത്തിയ മാപ്പിള പെണ്ണിന് വഴിമാറിയ കാലം, ഒരു പോസ്റ്റ് മോഡേൺ അനുഭവമാണോ? ബാബരി അനന്തര കച്ചവട ഭീതിയാണോ?

ഫോട്ടോ: കെ.ആർ. സുനിൽ

നാല്

അറിവും ലൈംഗികതയും എന്നും ബന്ധപ്പെട്ട വിഷയങ്ങൾ തന്നെയായിരുന്നു. ബുദ്ധൻ സമാരംഭിച്ച ഭിക്ഷുസംഘങ്ങളിൽ ആനന്ദൻ വാശി പിടിക്കുംവരെ ആണുങ്ങളെ മാത്രമേ എടുത്തിരുന്നുള്ളൂ. പിൽക്കാല മൊണാസ്ട്രികളുടെ ഉയരങ്ങൾ സ്ത്രീയ്ക്ക് അപ്രാപ്യമായിരുന്നു. എങ്കിലും ബുദ്ധപാഠശാലയായിരുന്ന ശബരിമലയിൽ മഠാധിപതി ശബരി എന്ന സ്ത്രീയായിരുന്നു. സാക്ഷാൽ അയ്യപ്പന്റെ ഗുരു. സ്ഥാനമൊഴിഞ്ഞപ്പോൾ അയ്യപ്പൻ അധിപനായി. വിരഹിണിയായ മാളികപ്പുറത്തമ്മയെ കൊണ്ടുവന്ന് ആയുർവേദം പഠിപ്പിച്ചു ഗുരുവാക്കി. പിന്നെ ആണുങ്ങൾക്ക് മാത്രമായി ശബരിമല മാറിപ്പോയത് ബ്രാഹ്മണാധിപത്യത്തിന്റെ വേലയാണോ?

ഉപനിഷത്തുകാലത്ത് സത്യം തേടുന്ന ശിഷ്യർക്ക് ആദ്യം ബ്രഹ്മചര്യ വ്രതം ഉപദേശിക്കാറുണ്ട്. ബ്രഹ്മാനുഭവം ലൈംഗിക വിമലീകരണത്തിലൂടെ നടക്കേണ്ടതാണ് എന്ന ഗൂഢശാസ്ത്രമാണോ അതിനു പിന്നിൽ? ഏതായാലും പരീക്ഷയ്ക്കു പഠിക്കാനിരിക്കുമ്പോഴാണ് ഏറ്റവും കൂടുതൽ മാസ്റ്റർബേഷൻ പ്രവണത വന്നു ചേരുന്നത് എന്നത് സാമാന്യ അനുഭവമത്രെ. അപ്പോൾ അറിവും ലൈംഗികതയും, അധികാരവും ലൈംഗികതയും പോലെ സാമാന്യ ദ്വന്ദങ്ങളാണോ? അതോ ശുദ്ധമായ അറിവനുഭവത്തിന്റെ വിഘനേശ്വരൻ രതി ചിന്തയാണോ? ഒന്നുകിൽ അവനു പൂജ കഴിച്ചു തൃപ്തമാക്കണം. അല്ലെങ്കിൽ മനഃശക്തി കൊണ്ട് വിഘനം നേരിടാനുള്ള സ്ഥൈര്യം സമാഹരിക്കണം. രണ്ടായാലും വേണ്ടില്ല. വൈരാഗ്യം കൊണ്ട് യോഗനില നേടാം. ‘ഭോഗോ യോഗ യഥേ' എന്ന തന്ത്രശാസ്ത്രവുമാകാം. ഭോഗത്തിലൂടെ തന്നെ യോഗം. ഭോഗതൃഷ്ണയെ ഭോഗത്തിലൂടെത്തന്നെ കൂടൊഴിപ്പിക്കാം എന്ന യുക്തി. അപ്പോൾ തൊടൽഭീതികൾ കൊണ്ടുള്ള മനസ്സിന്റെ ചാഞ്ചാട്ടങ്ങൾ ഭേദമാക്കാൻ തൊട്ടിരിക്കാം എന്ന യുക്തി വന്നുചേരുന്നു. കൂടിക്കലരുമ്പോൾ ഉണ്ടാകുന്ന ആഗ്രഹചിന്തകളെ കുടിയൊഴിപ്പിക്കാൻ, കൂടിക്കലരുകൾ തന്നെ മാർഗ്ഗം എന്ന തന്ത്രശാസ്ത്രം. ഇട്ടിക്കോരയുടെ ഇൻസസ്റ്റ് മുദ്ര ചാർത്തിയ മൂലധന യുക്തിയുടെ കാലത്ത് ഇടതു വലതില്ലാതെ തന്ത്രശാസ്ത്രം പരീക്ഷിക്കുന്നതിൽ അത്ഭുതമില്ല. അത്തരം യുക്തിയോട് വൈദികവും ബ്രാഹ്മണവുമായ സാംസ്‌കാരിക നിലപാടുകൾ പ്രതിരോധമുയർത്തുകയെന്നതും സ്വാഭാവികം. കാരണം അധിനിവേശത്തിന്റെ ആദ്യകാലങ്ങളിൽ സാംസ്‌കാരിക പ്രതിരോധങ്ങളാണുണ്ടാകുക എന്ന് ആഫ്രിക്കൻ സ്വാതന്ത്ര്യ പോരാളിയും ചിന്തകനുമായ അമിൽകർ കബ്രാൾ ചൂണ്ടിക്കാണിക്കുന്നു. സംസ്‌കാരം ശരിയായ അർത്ഥങ്ങളാർജിക്കും വരെ അത് തല കുത്തിയ നിലയിൽ ഭവിക്കുന്നു. സത്യം പ്രത്യയശാസ്ത്രമായി കണ്ണാടിക്കാഴ്ചയാകും പോലെ. ശീർഷാസനത്തിൽ നിൽക്കുന്ന ഹെഗലിയൻ അഭ്യൂഹങ്ങളെ യാഥാർഥ്യത്തിന്റെ മണൽപ്പരപ്പിൽ നേരെനിർത്താൻ കാൾ മാർക്‌സ് വരും വരെ വർഗസമരത്തിന് വർഗീയതയുടെ ഭാവം പകർന്നു എന്നു വരാം.

അമിൽകർ കബ്രാൾ / Photo: Wikimedia

അപ്പോഴും വസന്തവായുവിൽ വസൂരി രോഗാണുക്കൾ ഉണ്ടെന്നു മറന്നുകൂടാ. കടൽകാറ്റിനൊപ്പം മരണമുണ്ട് എന്ന കവിയുടെ കാഴ്ച. അതിവേഗ തീവണ്ടികൾ തുറുകണ്ണൻ മരണവുമായി നമ്മുടെ ഹരിതഭൂമിയെ കീറിമുറിച്ചാർത്തുപായുന്ന ദൃശ്യം ഒരു പേടിസ്വപ്നമായി ഉറക്കം കെടുത്തുകയും ചെയ്യും. കൂടിക്കലരുകളും കൂടിച്ചേരലുകളും തൃഷ്ണയുടെ ഉത്സവമായി മാറാതെ, പോസ്റ്റ് മോഡേൺ യുക്തികൾ കാലംകഴിഞ്ഞ വായനകളായി തീരാതെ, ഉന്നത വിദ്യാഭ്യാസം നവവരേണ്യതയുടെ ഓത്തുകളങ്ങായി വൃഥായാകാതെ സംരക്ഷിക്കേണ്ടതുണ്ട്. ടി.കെ. ചൂണ്ടി മരിച്ച ആ ഫ്രഞ്ചനുഭവങ്ങളെ, ഫൂകോഡിയൻ ടൂൾ ബോക്‌സിനെ, ദെലൂസിയൻ ലോകങ്ങളെ നാം ശരിയായ അർത്ഥങ്ങളിൽ വിവർത്തനം ചെയ്തറിയേണ്ടതുണ്ട്. കാരണം വിവർത്തനത്തിൽ ചോർന്നു മരിച്ച കവികളുടെ കാലത്ത്, വൈകി വിടരുന്ന മാർക്‌സിസ്റ്റ് രാജീവങ്ങളുടെ ചെളിക്കുണ്ടുകളെ ഭയപ്പെടുന്നത്, രക്ഷിതാക്കളുടെ പ്രായാധിക്യത്തിന്റെ സ്വാഭാവികനീതിയാണ്. എല്ലാത്തിലും മധ്യനില ഉപദേശിച്ച ആ ബുദ്ധന്റെ താമര വിരിയട്ടെ.

‘എല്ലാത്തിനും തീ പിടിച്ചിരിക്കുന്നു. കണ്ണുകളിൽ തീ. രൂപങ്ങളിൽ തീ. കണ്ണിലെ ബോധ്യത്തിനു തീ. കണ്ണിലെ കാഴ്ചയ്ക്കു തീ. കണ്ണിലെ കാഴ്ച്ചയെ ആശ്രയിച്ച് നിലകൊള്ളുന്ന എല്ലാത്തിനും തീ. സന്തോഷത്തിലും ദുഃഖത്തിലും അവ രണ്ടുമല്ലാത്ത അനുഭവങ്ങളിലും തീ. എന്തിന്റെ തീ? തൃഷ്ണയുടെ തീ, വെറുപ്പിന്റെ തീ, മിഥ്യാഭ്രമത്തിന്റെ തീ. ഞാൻ പറയുന്നു: ജന്മത്താലും ജരയാലും മരണത്താലും സങ്കടത്താലും വിലാപത്താലും ദുരിതത്താലും നിരാശയാലും ഉള്ള തീ...’

(മഗഥയിലെ ഉരുവിൾവയിൽ ബുദ്ധൻ നൽകിയ അഗ്‌നി സാരോപദേശം).


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.

Comments