സ്പർശം,അയിത്തം : സാമൂഹികചരിത്രവും സാംസ്‌കാരികഭാവനകളും

''കൊറോണക്കാലത്തെ വൈകാരികവും ആരോഗ്യപരവുമായ ആശങ്കകൾ ഏറി നിൽക്കുന്ന സാഹചര്യത്തിൽ സ്പർശത്തെക്കുറിച്ചുള്ള പ്രതികരണങ്ങൾ സമ്മിശ്രമാണ്. സാമൂഹികമായ അകലം പാലിക്കണം എന്ന് ഭരണകൂടത്തിൽ നിന്നും ആരോഗ്യപ്രവർത്തകരിൽ നിന്നും ആവർത്തിച്ചു വരുന്ന നിർദ്ദേശങ്ങൾ സ്പർശത്തെക്കുറിച്ചുള്ള ആലോചനകളെ പുതുക്കിപ്പണിയുന്നുണ്ട്. മാനസികമായ അടുപ്പം എന്നു കൂട്ടിച്ചേർക്കുന്നതിലെ "പുരോഗമന' ഉള്ളടക്കം ഈ വിഷയത്തിന്റെ സങ്കീർണമായ വിവക്ഷകളിലേക്കാണ് നമ്മുടെ ആലോചനകളെ നയിക്കുന്നത്.'' പഠനത്തിന്റെ ഒന്നാം ഭാഗം.

നുഷ്യസംസ്‌കാരത്തിന്റെ ചരിത്രത്തിൽ ഇന്ദ്രിയാനുഭൂതികൾക്കുള്ള പങ്ക്, അവയുടെ ഇടപെടൽ എന്നിവയെക്കുറിച്ചുള്ള ചിന്ത വളരെ സങ്കീർണവും ആഴമേറിയതുമാണ്. അതു വാസ്തവത്തിൽ അവ്യാഖ്യേയവും വൈരുദ്ധ്യപൂർണവുമാണ്. ഏറ്റവും അടിസ്ഥാനപരമായ ഇന്ദ്രിയാനുഭവമെന്ന നിലയ്ക്ക് സ്പർശം, കാഴ്ചയേക്കാൾ, കേൾവിയേക്കാൾ, ഗന്ധത്തേക്കാൾ, രുചിയേക്കാൾ തീവ്രവും മൂർത്തവുമാണ്. ആയതിനാൽതന്നെ സ്പർശത്തെ അനുഭൂതികളുടെ രാജാവ് എന്നാണ് പറയാറ്. സ്പർശത്തിന് ആധാരമായ ഇന്ദ്രിയം കേവലം ഏതെങ്കിലും ഒരു അവയവമല്ല, മറിച്ച് കൃത്യമായ അവയവത്തിന്റെ പദവിയിലും ഘടനയിലുമല്ലാതെ ത്വക്ക് ശരീരമാസകലം പൊതിഞ്ഞിരിക്കുന്നു. സ്പർശം എന്ന ഇന്ദ്രിയാനുഭൂതിയുടെ കേന്ദ്രമെന്ന നിലയ്ക്ക്, ഒരേസമയം നൈരന്തര്യമുള്ള, അതേസമയം ശിഥിലമായ ഘടനയാണ് ത്വക്കിനുള്ളത്. ശാരീരികമായ മൂർത്തതയോട്, പ്രാപഞ്ചികതയോട് ഏറ്റവും ചേർന്നുകിടക്കുന്നു സ്പർശം. കാഴ്ചയേക്കാൾ, കേൾവിയേക്കാൾ, ഗന്ധത്തേക്കാൾ ഒക്കെ സ്പർശം ശരീരത്തോട് ചേർന്നലിഞ്ഞുകിടക്കുന്നു. അനുഭൂതിയും അതിനാധാരമായ കരണം(വസ്തു)വും തമ്മിലുള്ള ഏറ്റവും ചെറിയ ദൂരം പോലും ഇവിടെയില്ല. വസ്തുവും അനുഭൂതിയും ഒരിടത്തു സംപൃക്തമായിനിൽക്കുന്ന, വാക്കും അതിൽത്തന്നെ അർത്ഥവും ഒട്ടിച്ചേർന്നിരിക്കുന്നതുപോലുള്ള തന്മയാണ് സ്പർശത്തിനുള്ളത്. ഉണ്മയുടെ നിരന്തരസന്നിഹിതത്വം അതിനെ എല്ലാ അനുഭൂതികളുടെയും മേൽ പ്രതിഷ്ഠിക്കുന്നു. ഇല്ലാത്ത ഒന്നിന്റെ അഭാവം കൊണ്ടുണ്ടാവുന്ന നിരന്തരസാധ്യത പോലുമാണത്. എന്നാൽ എപ്പോഴുമുള്ളത്, ഏറ്റവും തൊട്ടരികെ! അന്ധതയ്ക്കു സ്പർശം കാഴ്ച്ചയാണ്. സരമാഗുവിന്റെ നോവൽ അന്ധത, ഇ.സന്തോഷ്‌കുമാറിന്റെ മൂന്ന് അന്ധന്മാർ ആനയെ വിവരിക്കുന്നു പോലുള്ള രചനകൾ നേരിട്ടു തന്നെ പറയുന്നത് അതാണ്. രുചി എല്ലായ്പ്പോഴും സ്പർശമാണ്, നാവുകൊണ്ട് സ്പർശിക്കാതെ രുചി അറിയുന്നില്ല. അതിനാലാണ് പലപ്പോഴും ഭക്ഷണം രുചിച്ചു നോക്കാതെ ബഹുമാന്യർക്കു നേദിക്കുന്നത്. ദൈവങ്ങൾക്കും പരേതർക്കും. ബഷീറിന്റെ മതിലുകളിൽ സ്പർശത്തിനു പകരമാകുന്നത് കേൾവിയാണ്.

ഓഗസ്റ്റേ റോഡിന്റെ ദി കിസ് എന്ന ശില്പം (1886]
ഓഗസ്റ്റേ റോഡിന്റെ ദി കിസ് എന്ന ശില്പം (1886]

അതിസുന്ദരിയും ലോലമനസ്‌കയുമായ ഒരു രാജകുമാരിയുടെ കഥയുണ്ട്. അവൾക്കു വിഷമമാകുമെന്നതിനാൽ കൊട്ടാരത്തിലാരും മങ്ങിയ മുഖത്തോടെ കാണപ്പെടരുതെന്നായിരുന്ന രാജകല്പന. ആരെങ്കിലും വേദനിക്കുന്നതറിഞ്ഞാൽ രാജകുമാരി തളർന്ന് അസുഖബാധിതയാകും. അവൾക്കു കിടക്കാൻ കടലിലെ ഇരണ്ടപ്പക്ഷികളുടെ മാറിലെ മൃദുവായ തൂവലുകൾ ചേർത്തുണ്ടാക്കിയ കിടക്കയാണ് രാജാവൊരുക്കിയത്. കിടക്കയുടെ അടിയിൽ ഒരു കൊച്ചു പയർമണി പെട്ടിരുന്നു. അതുകൊണ്ടവൾക്കു സ്വസ്ഥമായി കിടക്കാൻ കഴിഞ്ഞില്ല. അപ്പോൾത്തന്നെ അച്ഛനമ്മമാരെത്തി കിടക്കയ്ക്കടിയിലെ പയർമണി നീക്കം ചെയ്ത് അവളെ ആലിംഗനം ചെയ്തു. കൊട്ടാരത്തിലാരും അഴുക്കു നിറഞ്ഞ വസ്ത്രം ധരിച്ചോ രോഗത്തിൽപ്പെട്ടോ വിഷാദത്തിൽപ്പെട്ടോ അവളുടെ കൺമുമ്പിൽ വന്നില്ല. അതെല്ലാം അവളെ സ്വയം രോഗത്തിലും വിഷാദത്തിലുമാക്കും, അതു രാജകോപത്തിനുമിടയാക്കുമെന്ന് അവർക്കറിയാം. രാജാവും രാജ്ഞിയും ജനങ്ങളും അവൾക്കു വേണ്ടി എന്തും ചെയ്തു. അവളുടെ സൗന്ദര്യത്തിലും പദവിയിലും അഭിമാനിച്ചു. എങ്കിലും എന്തിലും അലർജിയുള്ള അവളുടെ അതിമൃദുലമായ ചർമം! അതവരെ കുഴക്കി. അവളെ സംബന്ധിച്ചിടത്തോളം പരുത്തിവസ്ത്രങ്ങൾ വളരെ പരുക്കനും പട്ടുവസ്ത്രങ്ങൾ കനമേറിയവയുമായിരുന്നു. രാജാവ് വളരെ ബുദ്ധിമുട്ടി മാർദ്ദവമുള്ള നൂലുണ്ടാക്കിച്ച് വസ്ത്രങ്ങൾ നെയ്യാനേല്പിച്ചു. എല്ലാവരും കഠിനാധ്വാനത്തിൽ മുഴുകി പണിയെടുത്തു. എന്നാൽ ഫലമുണ്ടായില്ല. അങ്ങനെയിരിക്കെ രാജകുമാരിക്കു ജലദോഷം പിടിപെട്ട് അവൾ പെട്ടന്നു മരിച്ചുപോയി! (സുനീതി നാംജോഷി, ദ ഫെമിനിസ്റ്റ് ഫേബിൾസ്). ഈ കഥയുടെ സ്ത്രീവാദദിശ "സ്ത്രൈണത'യുടെ നേർക്കാണ് സംവദിക്കുന്നതെങ്കിലും സ്പർശം എന്ന സംവേദനത്തിന്റെ ചില അംശങ്ങളിലേക്കുകൂടി വെളിച്ചം വീശുന്നു. എന്താണ് സ്പർശത്തിലൂടെ സംഭവിക്കുന്നത്? വ്യത്യസ്തതയോടുള്ള സംവേദനമോ അഭിവാഞ്ഛയോ ആണത്. തൊടുന്നയാളുടെ തുടർച്ച തേടലാണത്. അനുസ്യൂതിയും സ്വരലയവും കാംക്ഷിക്കുന്ന പ്രവാഹത്തിനു സമാനം. സ്പർശം താദാത്മ്യപ്പെടലിന്റെ തുടക്കമാണ്. വേദനയുടെയും കരുണയുടെയും ആനന്ദത്തിന്റെയും സ്നേഹത്തിന്റെയും മറ്റനേകം വികാരങ്ങളുടെയും പകർച്ചകൾക്ക് സ്പർശം കൂടിയേ കഴിയൂ. പരിചരണത്തിന്റെ രാഷ്ട്രീയവും ഉള്ളടക്കവും തന്നെയാണ് സ്പർശത്തിന്റെയും. മാത്രമല്ല എല്ലാറ്റിന്റെയും പൂർണതയിൽ, സമഗ്രതയിലറിയാൻ "തൊട്ടറിയേണ്ടി'യിരിക്കുന്നു. തൊലിപ്പുറം വെറും തൊലിപ്പുറമല്ല തന്നെ. സ്പർശം അറിയലിന്റെ, അറിവിന്റെ വിഷയമാകുന്നതങ്ങനെയാണ്.

നമ്മുടെ ശാരീരികാനുഭൂതികൾ കൂടി ചേർന്നാണ് ആന്തരികം, ബാഹ്യം എന്ന തരത്തിലുള്ള ആശയങ്ങളെ നാം ഗ്രഹിക്കുന്നത്. സ്ഥലപരമായ ആശയങ്ങളെ സ്വരൂപിക്കുന്നതിൽ കാഴ്ച്ചയും കേൾവിയും സ്പർശവും ഗന്ധവും ഒക്കെയായ എല്ലാ ഇന്ദ്രിയാനുഭൂതികളും ഒന്നുചേർന്ന്, സ്വരഭംഗമില്ലാത്ത ഒരു താളക്രമം സൃഷ്ടിച്ചെടുക്കുന്നു. വസ്തുക്കളുടെയും സ്ഥലങ്ങളുടെയും പ്രതലങ്ങളുടെയും വക്കും മൂലകളും പുറവുമെല്ലാം സ്പർശത്തിലൂടെ നാം സ്വാംശീകരിക്കുന്നു. ഹാപ്റ്റിക് സ്പേസ് എന്ന സങ്കല്പനം അതാണ്. അളവുകൾ, ദൂരം മുതലായ ഏകകങ്ങളിലൂടെ നിയന്ത്രിക്കപ്പെടുന്ന മൂർത്തമായ ഒരനുഭവമാണ് സ്ഥലം. നിരവധി ഗവേഷണപഠനങ്ങൾ ആ മേഖലയിൽ നടക്കുന്നുണ്ട്. ടക്റ്റൈൽ അഥവാ സ്പർശം/ അസ്പൃശ്യത ഇവിടെ മർമപ്രധാനമായ ഒരു ആശയമണ്ഡലമാണ്. കേരളത്തിന്റെ സാമൂഹികചരിത്രത്തിന്റെ കണ്ണിലൂടെ നോക്കുമ്പോൾ മറ്റ് ഇന്ദ്രിയാനുഭവങ്ങളേക്കാൾ സ്പർശം കൂടുതൽ ധൂർത്തവും മാദകവുമായാണ് കരുതപ്പെടുന്നത്. "പുണർന്നുപെറുക' എന്നത് എല്ലാരും ചെയ്യുന്ന, എന്നാൽ ഒരല്പം "കുറഞ്ഞ' കാര്യം തന്നെയാണ്. വിട്ടുനിൽക്കുക, ധ്യാനിച്ചിരിക്കുക എന്നതിലാണ് ആഢ്യത്തം. ശരീരം മനസ്സ് എന്ന ദ്വന്ദ്വത്തിൽ അധിഷ്ഠിതമായ ഒരു തത്വചിന്താരീതി പ്രബലമായിരുന്ന ഒരിടമെന്ന നിലയിൽ, ശരീരം താഴെയും ശരീരത്തിന്റെ കാര്യങ്ങൾ കുറഞ്ഞതുമായി പരിഗണിക്കപ്പെടുന്ന രാഷ്ട്രീയം ഇന്നും നിലനിൽക്കുന്നുണ്ട്. സ്പർശം എന്നത് ഓർമയുടെ, ചിന്തയുടെ എതിർപക്ഷമായി നിൽക്കുന്നതങ്ങനെയാണ്. അതിനാൽ സ്പർശം എന്നത് ആഴത്തിലുള്ള ചിന്തയുടെ വിഷയമായി പരിഗണിക്കപ്പെടുന്നതിന്റെ റിസ്‌ക്ക് ഇവിടെയുണ്ട്. എന്നാൽ സംസ്‌കാരപഠനത്തിന്റെ രാഷ്ട്രീയം അതിനെ വിശാലമാക്കിയിട്ടുണ്ട്. ശരീരത്തെയും സ്പർശത്തെയും ഒരു സാമൂഹികസാംസ്‌കാരികനിർമിതിയായി കണ്ടുകൊണ്ട് അതിലെ അധികാരബന്ധങ്ങളെ അഴിച്ചു പണിയാനുള്ള ശ്രമങ്ങൾ ഇന്നു സജീവമാണ്.

കൊറോണക്കാലത്തെ വൈകാരികവും ആരോഗ്യപരവുമായ ആശങ്കകൾ ഏറി നിൽക്കുന്ന സാഹചര്യത്തിൽ സ്പർശത്തെക്കുറിച്ചുള്ള പ്രതികരണങ്ങൾ സമ്മിശ്രമാണ്. സാമൂഹികമായ അകലം പാലിക്കണം എന്ന് ഭരണകൂടത്തിൽ നിന്നും ആരോഗ്യപ്രവർത്തകരിൽ നിന്നും ആവർത്തിച്ചു വരുന്ന നിർദ്ദേശങ്ങൾ സ്പർശത്തെക്കുറിച്ചുള്ള ആലോചനകളെ പുതുക്കിപ്പണിയുന്നുണ്ട്. മാനസികമായ അടുപ്പം എന്നു കൂട്ടിച്ചേർക്കുന്നതിലെ "പുരോഗമന' ഉള്ളടക്കം ഈ വിഷയത്തിന്റെ സങ്കീർണമായ വിവക്ഷകളിലേക്കാണ് നമ്മുടെ ആലോചനകളെ നയിക്കുന്നത്.
ആധുനികപൂർവ കേരളവും സ്പർശവും

കേരളത്തിന്റെ ആധുനികപൂർവസമൂഹത്തെ സംബന്ധിച്ചിടത്തോളം സ്പർശം എന്ന അനുഭവം സ്ഥൂലമായ ഒരു സാമൂഹികപരിപ്രേക്ഷ്യത്തിലായിരുന്നു വ്യവഹരിക്കപ്പെട്ടിരുന്നത്. പ്രവാസജീവിതത്തിന്റെ ഭാഗമായി കടൽ കടന്നു പോയാലും എന്തിന്, കോരപ്പുഴ കടന്നു പോയാൽപ്പോലും ഊരുവിലക്കും ജാതിഭ്രഷ്ടതയുമുള്ള കാലത്തെക്കുറിച്ചു കേട്ടിട്ടുണ്ട്. നിശ്ചിതമായ ഒരു സ്ഥലപരിധിക്കകത്ത് വരുന്നവയെല്ലാം സ്പർശത്തിന്റെ മൂല്യം പേറിയിരുന്നു. ഓരോ സാമൂഹികഘടനയുടെയും ആവൃതിയ്ക്കുള്ളിൽ കടന്നുവരുന്ന അപരസാന്നിധ്യത്തെ സ്പർശമായി കണ്ടു. ഈ കാലഘട്ടത്തിൽ സ്പർശത്തെ നാം തിരിച്ചറിയുന്നത് അതിനുനേരെയുള്ള വിലക്കുകളുമായി ബന്ധപ്പെട്ടാണ്. വിലക്കുകളാൽ നിർണീതമായ സ്പർശമാണ് നമ്മുടെ സമൂഹത്തിന്റെ മുഖമുദ്ര എന്നു വേണമെങ്കിലും പറയാവുന്ന വിധമായിരുന്നു, അത്. സ്പർശത്തിന്റെ പരിധിക്കനുസരിച്ച്, സ്പർശിക്കുന്നവരുടെ ജാതി/ലിംഗഭേദമനുസരിച്ച്, വിലക്കുകളുടെ നീണ്ട നിരതന്നെ രൂപപ്പെട്ടിരുന്നു. ഈ വിലക്കുകളെ ഭേദിച്ചുകൊണ്ട് മുന്നോട്ടുനീങ്ങിയ പ്രസ്ഥാനങ്ങളും സമരങ്ങളും വ്യക്തികളുമാണ് നമ്മുടെ സമൂഹത്തെ ചലനാത്മകമാക്കിത്തീർത്തത്. പടിഞ്ഞാറൻ സമൂഹങ്ങളിൽ പണ്ടു മുതൽക്കേ സ്പർശം ഇത്രമേൽ വിലക്കുകൾ നിറഞ്ഞതല്ല, അത് ശക്തമായ ഇന്ദ്രിയാനുഭൂതിയായി അവരുടെ സംസ്‌കാരത്തിൽ കാണാനും കഴിയും. എങ്കിലും 16, 17 നൂറ്റാണ്ടുകളിൽ സ്പർശം യൂറോപ്പിൽ തിന്മയുടെ, പാപത്തിന്റെ സ്വഭാവമുള്ളതായി കരുതപ്പെട്ടിരുന്നു. പ്ലേഗ്, കുഷ്ഠം തുടങ്ങിയ പകർച്ചവ്യാധികളായിരുന്നു കാരണം. മുതലാളിത്തത്തോടെ, കാഴ്ച്ച സ്പർശത്തെയും കവിഞ്ഞ് മുന്നേറി. ഫോട്ടോഗ്രഫി, ക്യാമറ, സിനിമ, ടി.വി തുടങ്ങിയവയുടെ കടന്നുവരവോടെ കാഴ്ച്ചയുടെ ഇന്ദ്രിയവിതാനങ്ങൾ സംസ്‌കാരം അടക്കിവാണു. സമാനമായ വിധത്തിൽ വ്യത്യസ്തകാലത്താണെങ്കിലും കാഴ്ച്ചാധിഷ്ഠിതമായ ഒരു സംസ്‌കൃതി നമ്മെയും മാറ്റിത്തീർത്തിട്ടുണ്ട്. കേരളത്തിന്റെ സവിശേഷ സാമൂഹികഘടനയിൽ നടന്ന നവോത്ഥാനസംവാദങ്ങളധികവും സ്പർശവിലക്കുകളെ ഭേദിക്കുന്നതിനായി രൂപപ്പെട്ടവയാണ്. സ്പർശത്തെ വിലക്കുകളിൽ നിന്നും മുക്തമാക്കിയും പുതുതായി നിർവചിച്ചും കൊണ്ടുതന്നെയാണ് കേരളീയജനത പൗരത്വം സ്ഥാപിച്ചത്. ആ മറികടക്കൽ ഒരു ജനാധിപത്യസമൂഹത്തിന് അനിവാര്യമായിരുന്നു.

അടുപ്പം/അകലം
മനുഷ്യശരീരങ്ങൾ തമ്മിലുള്ള അകലം ആദ്യകാലകേരളത്തിൽ സാങ്കേതികമായും മൂല്യപരമായും വളരെ കൂടുതലായിരുന്നു. പഴയകാലത്ത് നിലവിലിരുന്ന വീടുനിർമാണത്തിന്റെ ഫ്യൂഡൽ മാതൃകകളിൽ ഒരു ഒറ്റഘടനാരീതി അധികമില്ല എന്നു കാണാം. അതായത് വീട് എന്നത് പല കഷണങ്ങളായി ചിതറിയതാണ്. അകം, പുറം എന്ന ഘടനയക്കു പുറമേ വീടിന്റെ ഘടന ശകലിതവും വിസ്തൃതവുമാണ്. പെണ്ണുങ്ങളും പണിക്കാരും പെരുമാറുന്ന പിന്നാമ്പുറങ്ങൾ, പടിഞ്ഞാറ്റികൾ, ഉരൽപ്പുരകൾ, മറപ്പുരകൾ, ഈറ്റുപുരകൾ ഒക്കെ കാരണവന്മാരും ആണുങ്ങളും വിരാജിക്കുന്ന പൂമുഖങ്ങളിൽ നിന്നും വ്യത്യസ്തമാണ്, ദൂരെയാണ്. അകത്തുള്ളാൾ, അന്തർജ്ജനം എന്നൊക്കെയുള്ള പേരുതന്നെ ഈ അകം പുറം സംബന്ധിച്ച മൂല്യപരമായ വേർതിരിവിനെക്കൂടി വഹിക്കുന്നുണ്ട്. തളങ്ങളും വരാന്തകളും പുറം കോലായകളും പടിപ്പുരകളും, വിറകുപുരകളും ഒക്കെ വേറെയാണ്. നിലവറകൾ, അറപ്പുരകൾ, പത്തായപ്പുരകൾ, അരിയും നാളികേരവും മറ്റും സൂക്ഷിക്കുന്ന കലവറകൾ, ഞാറ്റുപുരകൾ, മച്ചിൻപുറങ്ങൾ ഒക്കെ പലതരം സാമ്പത്തികാധാരങ്ങളാൽ, അധ്വാനഘടകങ്ങളാൽ നിർണയിക്കപ്പെടുന്നവയാണ്. സ്വാഭാവികമായും എല്ലാം എല്ലാവർക്കും കയറിയിറങ്ങാനുള്ള ഇടങ്ങളല്ല.

"തീണ്ടലിലില്ലാത്ത ജാതിക്കാരെ സ്വീകരിക്കുന്ന നാടശാല, ബഹുമാന്യരായ അതിഥികളെ ഊട്ടാനുള്ള പടിഞ്ഞാറ്റിത്തറ, രോഗികളായ പുരുഷന്മാർക്കു കിടക്കാനുള്ള ദീനമുറി, ഔപാസനം, ശ്രാദ്ധം മുതലായ വൈദികകാര്യങ്ങൾക്കുള്ള വടക്കിനി, നമ്പൂതിരിമാരുടെ അത്താഴത്തിന് ഉപയോഗിക്കുന്ന മേലടുക്കള, സ്ത്രീകൾക്ക് ആർത്തവകാലങ്ങളിൽ ശയിക്കാനുള്ള മുറി, പാത്രക്കലവറ, അന്തർജ്ജനങ്ങളുടെ പെട്ടി മുതലായവയും ഉപ്പിലിട്ടവകയും സൂക്ഷിക്കുന്ന പുത്തനറ, പ്രസവമുറിയായ വടക്കേ അകം, അന്തർജ്ജനങ്ങൾക്ക് അത്താഴമുണ്ണാനുള്ള തുണ്ടനടുക്കളയും വടക്കേക്കെട്ടും പൂജാമുറി എന്ന ശ്രീലകം, മോരും മറ്റുവകകളും സൂക്ഷിക്കുന്ന മോരകം, ....ഊട്ടുപുര, നടുമുറ്റങ്ങൾ....' (പുറം80, 81 പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം) എന്നിങ്ങനെ നീളുന്ന വാസ്തുഘടനാവൈശദ്യങ്ങളിൽ ഒരേ ജാതി സമൂഹങ്ങളിലെ തന്നെ ശരീരങ്ങളുടെ അടുപ്പം/ അകലം വ്യക്തമാണ്. എന്നാൽ അയിത്തജാതികളുമായുള്ള സ്ഥിരമായ അകൽച്ചയെയും അവ ഉൾക്കൊള്ളുന്നുണ്ട്. പടിഞ്ഞാറ്റിയുടെ സ്ഥാനം എപ്പോഴും തെക്കു പടിഞ്ഞാറെ കോണിലായി നിശ്ചയിക്കുന്നത് അയിത്തജാതിക്കാരിൽ നിന്നും സ്ഥിരമായ കഴിയുന്നത്ര അകന്നൊഴിഞ്ഞ് നില്ക്കാൻ വേണ്ടിക്കൂടിയാണെന്നും ഭാസ്‌കരനുണ്ണി എഴുതുന്നു. ഒപ്പം ഈ വാസ്തുവിവരണങ്ങളിൽ ജാതി മേൽക്കോയ്മയുടെയും ധൂർത്തിന്റെയും അടയാളങ്ങളും സ്പഷ്ടമാണ്. ഇതേ നമ്പൂതിരിയില്ലങ്ങളിൽ ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും കിടന്നുറങ്ങാനുള്ള വെവ്വേറെ മച്ചറകൾ മുകളിലായി ഉണ്ടെന്നും അവിടേക്കുള്ള കോണിപ്പടികളും വെവ്വെറെയാണെന്നും ഭാസ്‌കരനുണ്ണി എഴുതുന്നു.

സവർണഗൃഹനിർമിതിയിൽ നിന്നും കടകവിരുദ്ധമായ വിധത്തിലാണ് പഴയ കീഴാളഗൃഹനിർമിതി എന്ന് ഗ്രന്ഥകാരൻ പറയുന്നു. കൂണുകൾ പോലെ എന്നതിനെ കാവ്യാത്മകമാക്കുകയും ചെയ്യുന്നു. ""കാണാം ചെറുതായകലെ നിന്നാലൊരു കൂണെന്നപോലെ വയൽവരമ്പിൽ..''(പുലയന്റെ കുടിൽ-ആശാൻ) ഈ കൂണുകൾ എല്ലാ സവർണവിഭാഗങ്ങളുടെയും വളപ്പുകളിൽ നിന്നും അകലെയായി, യാതൊരു കാരണവശാലും കണ്ടോ മിണ്ടിയോ അയിത്തമുണ്ടാകാത്തത്ര അകലത്തിലായിരുന്നുവെന്നും അദ്ദേഹമെഴുതുന്നു. ഇക്കൂട്ടരുടെ വർണവിവേചനാപരമായ അകൽച്ചയെ 11-ാം നൂറ്റാണ്ടിൽ കേരളത്തിലെത്തിയ അൽബിറൂനി വ്യക്തമാക്കുന്നു. "അലക്കുകാരൻ, ചെരുപ്പുകുത്തി, നെയ്ത്തുകാരൻ മുതലായവരെ ഏറ്റവും താഴ്ന്ന ജോലിക്കാരായി ഗണിച്ചിരുന്നു. മേൽപ്രസ്താവിച്ച നാലുകൂട്ടർ മറ്റുള്ളവരുമായി ഒരു സ്ഥലത്തും കൂടിച്ചേർന്നു താമസിക്കുകയില്ല' (പുറം 81, പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം). വീടുകളുടെ ഘടന സംബന്ധിച്ച പരാമർശങ്ങൾ ഘാതകവധത്തിലൊരിടത്തു കാണാം. അക്കാലത്ത് ജനാലകൾ പണിതു തുടങ്ങിയിരുന്നില്ല. എന്നാൽ മറിയത്തിന്റെ വീട്ടിൽ കിളിവാതിലുകളുണ്ടായിരുന്നു. അത് കാണുമ്പോൾ മറിയത്തെ പെണ്ണുകാണാൻ വന്ന ആൾ എന്തിനാണത് എന്നാരായുന്നു. അപ്പോൾ പെണ്ണിന്റെ അപ്പനായ കോശികുര്യൻ പറയുന്നു: ""വളരെ ആളുകൾ കിടന്നുറങ്ങുമ്പോൾ ഉണ്ടാകുന്ന ദുർവായു പുറത്തിറങ്ങി നല്ലതു കേറേണ്ടതിനു തന്നെ. ഇതുകൊണ്ടു തന്നെയാണ് ഇവിടെയുള്ളവർക്കു ഏറെ ദീനം വരാത്തതു. ഈ ദിക്കുകാരെല്ലാം ഈ സൂത്രം അംഗീകരിച്ചെങ്കിൽ കൊള്ളായിരുന്നു എന്നു ഇനിക്കു വളരെ ആഗ്രഹവുമുണ്ടു''.(പുറം, 90, ഘാതകവധം)

ജാതിസ്പർശങ്ങൾ
നമ്മുടെ നാട്ടിലെ സ്പർശത്തിന്റെ സാംസ്‌കാരികചരിത്രം ഏറെയും ജാതിയുടെ ചരിത്രബന്ധങ്ങളുമായി ഇഴപിരിക്കാനാവാത്തവിധം ബന്ധപ്പെട്ടു കിടക്കുന്നു. ജാതി ഉപജാതികൾ തമ്മിലുള്ള അയിത്തവും ചാർച്ചകളും കെട്ടുപിണഞ്ഞുകിടക്കുന്ന സാംസ്‌കാരികമായ പ്രതലമാണതിനുള്ളത്. മേൽജാതി കീഴ്ജാതി അയിത്തങ്ങൾക്കു പുറമേ കീഴ്ജാതികൾ തമ്മിൽത്തമ്മിലും കൃത്യമായ അയിത്തം പാലിക്കപ്പെട്ടിരുന്നു. പി.ഭാസ്‌കരനുണ്ണി എഴുതുന്നു: "മണ്ണാന്മാരും പാണന്മാരും മറ്റും ഈഴവർക്കു വഴിമാറണം. പുലയനും പറയനും മറ്റും പാണനും മണ്ണാനും വഴിമാറണം. പറയനും മറ്റുള്ളവരും നായാടിക്കു വഴിമാറണം. ഈ പറഞ്ഞ എല്ലാ ജാതിയും നാലുവർണത്തിനും വഴിമാറണം. ചില ജാതിക്കാരെ തൊട്ടാലേ അയിത്തമുണ്ടാകൂ. മറ്റു ചില ജാതിക്കാരുടെ സാന്നിധ്യം പോലും അയിത്തമുണ്ടാക്കും. ചില ജാതിക്കാരെ കണ്ടാൽ മതി അയിത്തമായി. ചില കർമങ്ങൾക്ക് നമ്പൂതിരി കുളിച്ചു ശുദ്ധമായി വരുമ്പോൾ നായരോടൊന്നു മിണ്ടിയാൽ മതി, അശുദ്ധമാകും. പിന്നെ കുളി വേണം. ഓരോ ജാതിയും സവർണജാതിക്കു മുമ്പിൽ എത്രയെത്ര ദൂരമാണ് മാറിനിൽക്കേണ്ടതെന്നുള്ളതിന് കൃത്യമായി, ശാസ്ത്രഗ്രന്ഥങ്ങളിൽ അളവു കല്പിച്ചിട്ടുണ്ട്. നായാടികൾ 72 അടി ദൂരം, പുലയൻ 64 അടി ദൂരം, കണിശൻ 36 അടി ദൂരം, മുക്കുവൻ 24 അടി ദൂരം. കേരളത്തിൽ താണജാതികൾ തമ്മിൽത്തമ്മിലുള്ള അസ്പൃശ്യതയും രൂക്ഷമായിരുന്നു. പുലയൻ പറയനെ തൊട്ടാൽ ആ പറയൻ അയിത്തം മാറാൻ മൂന്നുവട്ടം മുങ്ങിക്കുളിക്കണം. തിരിച്ചു പറയൻ പുലയനെ തൊട്ടാലും പുലയൻ മൂന്നുവട്ടം മുങ്ങിക്കുളിക്കണം (പി.ഭാസ്‌കരനുണ്ണി 19 നൂറ്റാണ്ടിലെ കേരളം). തീണ്ടൽ നിയമം തെറ്റിച്ചാൽ കീഴാളന് തക്കതായ ശിക്ഷ ലഭിക്കാതെ വഴിയില്ലായിരുന്നു. മരണം വരെ ആവാം ശിക്ഷയുടെ കടുപ്പം. ജാതിയുടെ കീഴാളനില എത്രത്തോളം താഴെയാണോ അത്രത്തോളം കടുത്തതായിരിക്കും ശിക്ഷ. ഒരേ കുറ്റങ്ങൾക്ക് വ്യത്യസ്തജാതികൾക്ക് വ്യത്യസ്ത ശിക്ഷകളായിരുന്നു എന്നത് ശരീരത്തിലും തീണ്ടലിലും അതുവഴി സ്പർശത്തിലും ഉള്ളടങ്ങിയ ജാതിയെ കാട്ടിത്തരുന്നു. പണ്ടുമുതല്ക്കേ നിലവിലിരുന്ന പുലപ്പേടി, മണ്ണാപ്പേടി മുതലായ ആചാരബദ്ധവും കുറ്റകരവുമായ അസ്പൃശ്യതയുടെ സ്ത്രീവിരുദ്ധത ചരിത്രകാരന്മാർ ഇതിനോടകം ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. മേല്പറഞ്ഞ ആചാരങ്ങൾ കെട്ടുകഥയാണെന്ന വാദവും ചരിത്രകാരന്മാർക്കിടയിലുണ്ട്.

എറിഞ്ഞടി
താൻ പഠിച്ച സ്‌കൂളിലെ "ജാതിക്കുശുമ്പനാ'യ ഒരധ്യാപകന്റെ പ്രത്യേകരീതിയിലുള്ള ശിക്ഷാമുറയെപ്പറ്റി സി.കേശവൻ എഴുതുന്നുണ്ട്. വടി കയ്യിൽ പിടിച്ച് കുട്ടികളെ അടിച്ചാൽ അയിത്തമാകുമെന്നതിനാൽ വടി കൊണ്ട് എറിഞ്ഞു മർദ്ദിക്കുന്ന സവിശേഷമായ രീതിയായിരുന്നു അയാളുടേത്.""ചൂരലിന്റെയോ വടിയുടേയോ ഒരറ്റം ഒരാൾ ഒരു കയ്യിൽ മുറുക്കെ പിടിക്കുക. അനന്തരം കയ്യിലെ മസിലുകളുടെ ശക്തി ചൂരലിൽ കടത്തി, മറ്റേ അറ്റം കൊണ്ടു വേറൊരാളുടെ കൈപ്പത്തിയിലോ ഭുജത്തോ പൃഷ്ഠത്തോ ഊക്കായി സംഘട്ടനം നടത്തുക. രണ്ടു ശരീരങ്ങൾ ചൂരൽ വഴി ബന്ധപ്പെടുന്ന ഒരു നിമിഷമുണ്ട്. അപ്പോഴാണ് അടി പൂർത്തിയാകുന്നത്. കൃഷ്ണപിള്ളസ്സാർ ഏകകാലത്ത് ഒരു ഈഴവശരീരത്തെയും തന്റെ നായർശരീരത്തെയും ഈ വടികൊണ്ട് ബന്ധിക്കാൻ അനുവദിച്ചിരുന്നില്ല. വടിവഴി പോലും ഈഴവന്റെ അശുദ്ധം തന്റെ മേൽ ബാധിക്കരുതെന്ന് അത്ര നിർബന്ധമുള്ളയാളായിരുന്നു സാർ. അതിനാലാണ് ഈ വടിയെറിച്ചിൽ. ഉദ്ദിഷ്ഠഫലം ഉണ്ടാവുകയും ചെയ്യും, അയിത്തമൊട്ടാവുകയുമില്ല!'' (പുറം 62, ജീവിതസമരം)

ചെറുകാടിന്റെ ജാതിയനുഭവം അദ്ദേഹത്തിന്റെ ആത്മകഥയായ ജീവിതപ്പാതയിൽ പലയിടങ്ങളിലായി കടന്നുവരുന്നുണ്ട്. വടുവങ്കരരാമൻ എന്ന ഈഴവക്കുട്ടിയുമായി പ്രൈമറിസ്‌കൂൾ കാലത്തുണ്ടായിരുന്ന ചങ്ങാത്തം കളവു പഠിക്കാനിടയാക്കിയത്രെ. നെല്പാടത്തിനു നടുവിലിരുന്ന് മോഷ്ടിച്ച കരിമ്പിൻകഷണങ്ങൾ വെട്ടിക്കണ്ടിച്ചു തിന്നത് വീട്ടിലറിഞ്ഞു ശകാരം കിട്ടി. കൂടാതെ വടുവങ്കരരാമൻ ഈഴവനാണെന്നും ഈഴവനെ തീണ്ടിയാൽ അശുദ്ധമാകുമെന്നും ആ കൂട്ടുകെട്ട് അവസാനിപ്പിക്കണമെന്നും തന്റെ ഗുരുനാഥനായ ഗോപാലനെഴുത്തച്ഛൻ വഴി കല്പനകിട്ടിയെന്നും ചെറുകാട് എഴുതുന്നു. (ജീവിതപ്പാത, പുറം 58) ""വടുവങ്കര രാമനുമായുള്ള എന്റെ സൗഹാർദ്ദം ചെറുകാട്ടുകരയിൽ ഒരു പ്രശ്നമായിത്തീർന്നു. ഞാൻ തീയശുദ്ധമായി പിഷാരത്തും അമ്പലത്തിലും കടക്കുന്നു. എല്ലാം അശുദ്ധമാക്കി ചുട്ടു പൊടിക്കുന്നു- ഇതായിരുന്നു പരാതി. അശുദ്ധം അഗ്‌നിപോലെ ചൂടുള്ളതാണെന്നാണ് ആളുകൾ വിശ്വസിച്ചിരുന്നത്. അതുകൊണ്ടാവാം ചുട്ടുപൊടിക്കുക എന്നു പറഞ്ഞത്....... ഗോവിന്ദൻകുട്ടി പിഷാരത്ത് തീയശുദ്ധമാക്കിയാൽ പിഷാരത്തുനിന്ന് അവർക്കു ഉണ്ണാൻ കഴിയില്ലത്രെ. പിഷാരത്തുനിന്ന് കൊണ്ടുപോവുന്ന ഉണങ്ങലരി, നെയ്യ്, പൂവ്, തുടങ്ങിയ സാധനങ്ങളിലൂടെ ഈ അശുദ്ധം ഈശ്വരനെയും ബാധിക്കും. അശുദ്ധമായാൽ ഈശ്വരന് അമ്പലത്തിലിരിക്കാനാവുമോ? ഈശ്വരൻ അമ്പലത്തിൽ നിന്നിറങ്ങിപ്പോവും...''(പുറം 59, ജീവിതപ്പാത). ജാതി അയിത്തം കൊണ്ട് താൻ ശിക്ഷയിൽ നിന്ന് ഒഴിവായ കഥയും അദ്ദേഹം വിവരിക്കുന്നുണ്ട്. എള്ളുകൃഷി നടക്കുന്ന പാടത്തുനിന്ന് കുട്ടികൾ കണക്കില്ലാതെ എള്ളു മോഷ്ടിച്ചു തിന്നതിന് എല്ലാർക്കും ശിക്ഷകിട്ടി. എന്നാൽ തനിക്കു ശുദ്ധം മാറിയാൽ കുളിക്കാതെ ഒന്നും കഴിക്കാറില്ലെന്നും അതിനാൽ എള്ളുതിന്നിട്ടില്ലെന്നും ചെറുകാട് കളവു പറഞ്ഞ് ശിക്ഷയിൽ നിന്ന് ഒഴിവായി. ഒരു മുന്നാഴി എള്ളെങ്കിലും താൻ തിന്നുകാണുമെന്ന് അദ്ദേഹത്തിനുറപ്പായിരുന്നു. ചാമി എന്ന ഈഴവൻ അയിത്തത്തെക്കുറിച്ചുള്ള ചെറുകാടിന്റെ കാഴ്ച്ചകളെ മാറ്റിക്കളഞ്ഞ സംഭവവും ഉണ്ട്. ഒരിക്കൽ സന്ധ്യക്ക് പുഴയിൽമുങ്ങിക്കുളിച്ചു കയറി തലതുവർത്തിയ ചെറുകാടിന്റെ നേരെ ചാമി എന്ന ഈഴവയുവാവിന്റെ പോത്ത് ചാടി വന്നു. അയാളതിനെ വെള്ളത്തിലേക്കു തന്നെ ഇറക്കി കഴുകാൻ തുടങ്ങി. തന്നെ അയിത്താക്കിയതിൽ ചെറുകാട് ഈർഷ്യ കാണിച്ചു. അപ്പോൾ ചാമി അയിത്തൊക്കെ ഇപ്പോ ഇല്ലാണ്ടാവും എന്നും നാരായണഗുരു പറഞ്ഞ ജാതിസമത്വം ഉരുവിടുകയും ചെയ്തു. പിറ്റേന്ന് ആശാന്റെ കൃതികളും അവ പരിചയപ്പെടുത്തിയ മലയാളം പണ്ഡിറ്റായ തന്റെ അളിയനെയും ചാമി കാട്ടിക്കൊടുത്തു. (പുറം 75, 76 ജീവിതപ്പാത)

വൈദ്യശാസ്ത്രവും സ്പർശവും
സ്പർശചികിൽസയിൽ അഗ്രഗണ്യനായ ചോലയിൽ കുഞ്ഞിമാമി വൈദ്യർ ഈഴവനായതിനാൽ അംഗീകരിക്കപ്പെട്ടില്ല. നാഡി നോക്കി ചികിൽസിച്ചിരുന്ന ജീവൻ മശായിയേക്കാൾ ഒരു പടികൂടി കടന്ന് കൈയിൽ നൂലുകെട്ടി ആ നൂലിൽ പിടിച്ചുകൊണ്ട് രോഗനിർണയം നടത്തിയിരുന്നു അദ്ദേഹം. അസ്പൃശ്യത വൈദ്യനെയും ബാധിച്ചിരുന്ന കാലം. അദ്ദേഹത്തെ പരിഹസിക്കാനോ പരീക്ഷിക്കാനോ എന്നറിയില്ല, കട്ടിലിന്റെ കാലിൽ ചരടുകെട്ടി അത് പുറത്തുനിന്ന വൈദ്യന്റെ കയ്യിൽ കൊടുത്തു. എന്നിട്ട് ചികിൽസ ആരാഞ്ഞു. വൈദ്യർ നൂലു പിടിച്ച് മരവിച്ചു പോയിരിക്കുന്നു, ഇനി ചികിൽസയുടെ ആവശ്യമില്ല എന്നു പറഞ്ഞുവത്രെ. സമാനമായ ഒരു കഥ തലശ്ശേരിയിലെ ഊരാച്ചേരി ഗുരുനാഥന്മാരെക്കുറിച്ചും പറഞ്ഞുകേൾക്കാറുണ്ട്. ചൊക്ലിക്കടുത്ത് ഒളിവിലത്ത് പൊയ്യുപ്രം തറവാട്ടിലെ കെട്ടിലമ്മയക്ക് കഠിനമായ, മാറാത്ത തലവേദന. ഊരാച്ചേരിൽ ഗുരുക്കൻമാരിൽ കേമനായ ഒതേനൻ ഗുരുക്കളെത്തന്നെ വിളിക്കാൻ ചിറയക്കൽ തമ്പുരാൻ കല്പിച്ചു. ഗുരുക്കളെത്തി, നാഡി പരിശോധിക്കണമെന്നാവശ്യപ്പെട്ടു. പക്ഷേ കെട്ടിലമ്മ പുറത്തു വരില്ല, രോഗവിവരം കേട്ട് മരുന്നു കുറിക്കുകയാണ് മറ്റു വൈദ്യന്മാർ ചെയ്യാറുള്ളതെന്നു തമ്പുരാൻ പറഞ്ഞു. പുറത്തു വരാൻ വിഷമമാണെങ്കിൽ തമ്പുരാട്ടി നൂലിന്റെ ഒരറ്റം കയ്യിൽ പിടിച്ചിട്ട്, മറ്റേ അറ്റം പുറത്ത് എന്റെ കയ്യിൽ തന്നാൽ മതി എന്നായി ഗുരുക്കൾ. അതനുസരിച്ച് നൂലിന്റ ഒരറ്റം ഗുരുക്കളുടെ കയ്യിൽ കൊടുത്തു. ഗുരുക്കൾ കുറേ നേരം നൂൽ കാതിൽ ചേർത്തു പിടിച്ചു കണ്ണടച്ചിരുന്നു. പിന്നെ പതുക്കെ പറഞ്ഞു, "രണ്ടു നേരം കറക്കുന്നത് ഒരു നേരമാക്കിയാൽ മതി, ഇപ്പോഴുള്ള ക്ഷീണം മാറിക്കൊള്ളും'. വൈദ്യരെ പരീക്ഷിക്കുന്നതിനായി നൂല് അകത്ത് ഒരു പശുവിന്റെ കാലിലാണ് കെട്ടിയിരുന്നതത്രെ!

ഇക്കണ്ടൻ അകത്ത് എന്ന ഒരു ചൊല്ല് കൊച്ചീഭാഗത്തു പ്രചാരത്തിലുണ്ടായിരുന്നത്രെ. ഒരിക്കൽ കൊച്ചീരാജകുടുംബത്തിലെ ഒരംഗത്തിനു കലശലായ അസുഖം. പ്രഗൽഭരായവർ പലരും നോക്കിയെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ രാജാവിന്റെ ആജ്ഞപ്രകാരം ഇക്കണ്ടൻ എന്ന പ്രസിദ്ധ ഈഴവവൈദ്യനെ വിളിക്കാൻ കല്പനയായി. വൈദ്യൻ വന്ന വിവരം രാജാവിനെ അറിയിച്ചു. ഇക്കണ്ടൻ വൈദ്യൻ എവിടെ എന്നായി രാജാവ്. പുറത്തുനില്ക്കുന്നു എന്നാണ് സേവകരറിയിച്ചത്. ഉടനെ രാജാവ് കല്പിച്ചു, ഇക്കണ്ടൻ അകത്ത്. ഈഴവരായ വൈദ്യന്മാർക്കും മറ്റും രാജകൊട്ടാരത്തിനുള്ളിലേക്ക് പ്രവേശനം നിഷേധിക്കപ്പെട്ടിരുന്ന അക്കാലത്ത് രാജാവ് അദ്ദേഹത്തെ അകത്തു പ്രവേശിച്ചതു മുതലാണ് ഇക്കണ്ടൻ അകത്ത് എന്ന പ്രയോഗം നിലവിൽ വന്നത്. അതോടെ അയാൾ കൊട്ടാരം വൈദ്യനുമായി.

ചികിൽസകരായിരുന്ന ബ്രാഹ്മണസമൂദായാംഗങ്ങൾ ധാരാളമായി ഉണ്ട്. അഷ്ടവൈദ്യൻ ചെറിയനാരായണൻ നമ്പൂതിരി അതിലൊരാളാണ്. തങ്ങൾ ബ്രാഹ്മണസമുദായത്തിലെ അസ്പൃശ്യരാണ് എന്നത്രെ അദ്ദേഹത്തിന്റെ ഭാഷ്യം. കാരണം ചികിൽസ ചെയ്യുന്ന വൈദ്യന്മാരാണ്. എന്നാൽ ഈ പതിതത്വം തനിക്കില്ലെന്നദ്ദേഹം വാദിക്കുന്നുണ്ട്. കാരണം വേദാധികാരമുണ്ടത്രെ. അതിനു കാരണം വേദചർച്ച നടക്കുന്നിടങ്ങളിൽ തങ്ങളുടെ സാന്നിധ്യം നിർബന്ധമായിരുന്നുവത്രെ. ആ സമയത്ത് ആർക്കെങ്കിലും അസുഖമുണ്ടായാൽ അതു പരിഹരിക്കാനായിരുന്നു അതെന്നാണ് യാഥാർത്ഥ്യം (ആൽബത്തിലെ ഓർമകൾ). നവോത്ഥാനപരിഷ്‌കർത്താവായ ഒരെഴുത്തുകാരൻ തനിക്കു ബാധിച്ച വിഷമിറക്കാൻ വൈദ്യന്റെ ഇല്ലത്തെത്തിയത്രെ. എന്നാൽ ശുദ്ധം വിട്ടുകളിക്കാത്ത വൈദ്യൻ അകത്തുപ്രവേശിപ്പിക്കാതെ പുറത്തുകിടത്താൻ നിർദ്ദേശിച്ചതിൽ പ്രതിഷേധിച്ച് മരണപ്പെട്ടാലും വേണ്ടില്ല, തനിക്കു ചികിൽസവേണ്ടെന്നു പറഞ്ഞ് പോന്ന കഥ എവിടെയോ വായിച്ചതോർക്കുന്നു.

കൊട്ടാരവും ക്ഷേത്രവും പോലുള്ള ഫ്യൂഡൽ ഇടങ്ങൾ മാത്രമല്ല, മാവേലിക്കര സർക്കാർ ആശുപത്രിയും ശുദ്ധാശുദ്ധങ്ങൾ പാലിച്ചിരുന്നതായി ആത്മകഥകൾ പറയുന്നു. സവർണേതരരായ ആരെയും തന്നെ അവിടെ ഡോക്ടർമാരായും നിയമിച്ചിരുന്നില്ലത്രെ.

തിരുവിതാംകൂറിൽ ആദ്യമായി ദലിത് വിഭാഗത്തിൽ നിന്നും ഒരു സർക്കാർ ജോലിക്കാരൻ ഉണ്ടായതിനു പിന്നിൽ ജാതിപരമായ അസ്പൃശ്യതയ്ക്കു കാര്യമായ പങ്കുണ്ടെന്നു വിനിൽ പോളിനെപ്പോലുള്ള ഗവേഷകർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. തിരുവിതാങ്കൂറിൽ വസൂരി പടർന്നു പിടിച്ചു. സർക്കാർ തന്നെ മുൻകയ്യെടുത്ത് പ്രതിരോധകുത്തിവെപ്പിനുള്ള ഏർപ്പാടുകൾ ചെയ്തു. എന്നാൽ രോഗബാധിതരായ പുലയർക്കു വേണ്ടി ആരാണതു ചെയ്യുക? അച്ചുകുത്തുജോലി ചെയ്യാൻ നിയോഗിക്കപ്പെട്ടവരായ സർക്കാരുദ്യോഗസ്ഥർ ദളിതരുടെ കാര്യം വരുമ്പോൾ അയിത്തമാകുന്നതിനാൽ ആ ജോലി ദളിതരെത്തന്നെ ഏല്പിച്ചതിലൂടെയാണിതു സാധ്യമായത് (ഇതു സംബന്ധിച്ച വിശദമായ പരാമർശം ജെ.ഡബ്ല്യൂ. ഗ്ലാഡ്സ്റ്റൻ 1984 ൽ എഴുതിയ protestant christianity and peoples movements in Kerala: A study of christian mass movements in relation to Hindu oscio- religious movements in Kerala 1850-1936 (സെമിനാരി പബ്ലിക്കേഷൻസ്, 1984, പുറം 121) പുസ്തകത്തിൽ).
1830 കളിൽ തിരുവിതാംകൂറിലെ ഒരു രാജാവ്, ഉത്രം തിരുന്നാൾ മാർത്താണ്ഡവർമ(1846-60)യാണെന്നു രേഖകൾ പറയുന്നു, അനാട്ടമി പഠിക്കാനാഗ്രഹിച്ച കഥ വിനിൽ പോൾ തന്റെ ഫേസ്ബുക്ക് പേജിൽ പറയുന്നുണ്ട്. സ്വാതി തിരുന്നാളിന്റെ ഇളയ സഹോദരനായ ഈ രാജാവ് പരിഷ്‌കാരപ്രിയനും ബ്രിട്ടീഷ് മാതൃകകളുടെ ആരാധകനുമായിരുന്നുവത്രെ. രാജാവിനെ അനാട്ടമി പഠിപ്പിക്കാൻ ബ്രൗൺ എന്ന ബ്രിട്ടീഷ് ഡോക്ടറും അസ്ഥികൂടവും ബ്രിട്ടനിൽ നിന്നും എത്തിച്ചു. പക്ഷേ മൃതദേഹത്തിൽ സ്പർശിച്ചാൽ രാജാവിന് തീണ്ടൽ ആവുന്നതിനാൽ അസ്ഥികൂടത്തിൽ തൊടാനാവില്ല. പകരം ആനക്കൊമ്പു കൊണ്ട് വേഗം ഒരു അസ്ഥികൂടമുണ്ടാക്കി അതിൽ പഠനം പൂർത്തിയാക്കിയത്രെ. രാജാവിന്റെ മരണശേഷം അത് ഒരു സൂക്ഷിപ്പായി അവിടെ കാത്തുവെച്ചു. ഉത്രം തിരുന്നാൾ സ്വയം ഒരു പരീക്ഷണശാല സജ്ജമാക്കി അതിൽ മരുന്നു പരീക്ഷണങ്ങൾ നടത്തിയിരുന്നതായും മറ്റും തിരുവിതാംകൂർ ചരിത്രകാരനായ ശങ്കുണ്ണിമേനോൻ എഴുതുന്നു. പയ്യെപയ്യെ അദ്ദേഹം മുൻകയ്യെടുത്ത് ആളുകളെ ചികിൽസിക്കാനും തുടങ്ങി. അതോടെ വേറെ തന്നെ ഒരു ആതുരാലയം സ്ഥാപിക്കുന്നതിനും തുനിഞ്ഞു. അങ്ങനെ രാജാവ് മുൻകൈയെടുത്തു തുടങ്ങിയ സ്ഥാപനത്തിലേക്ക് ബ്രാഹ്മണരും മറ്റ് സവർണവിഭാഗക്കാരും കടന്നു വന്നു തുടങ്ങി. ദ്രവരൂപത്തിലുള്ള ഇംഗ്ലീഷ് മരുന്നുകളിൽ സ്പിരിറ്റ് കലർന്നിരിക്കുന്നുവെന്ന ധാരണയിൽ അവരാരും തൊട്ടുനോക്കാറുപോലുമില്ലായിരുന്നു. എന്നാൽ രാജാവു തുടങ്ങിയ ഈ ആശുപത്രിയിൽ അവർ വന്നു ചികിൽസിച്ചിരുന്നു. മരുന്നു സ്വീകരിച്ചിരുന്നു.
അഷ്ടവൈദ്യന്മാരിലൊരാളെക്കുറിച്ച് ഐതിഹ്യമാലയിൽ പറയുന്ന ഒരു ആഖ്യാനം സ്പർശവും ആചാരവും തമ്മിലുള്ള ബന്ധത്തെ കൂടുതൽ സൂക്ഷ്മമായി മനസ്സിലാക്കാൻ സഹായിക്കും. കുഷ്ഠരോഗം ബാധിച്ച ഒരു നമ്പൂതിരി വൈദ്യനെ കാണാനെത്തുകയാണ്. പെരുമ്പാമ്പിന്റെ നെയ്യ് കഴിച്ചാൽ അസുഖം മാറുമെന്നു പറഞ്ഞതുകേട്ട് നിരാശയോടെ രോഗി മടങ്ങി. ശുദ്ധസസ്യഭുക്കായ താൻ എങ്ങനെ പെരുമ്പാമ്പിൻ നെയ്യു കഴിക്കും?! പോരാത്തതിന് ആചാരവിരുദ്ധമായി നിഷിദ്ധമായതു ഭക്ഷിച്ചാൽ ജാതിഭ്രഷ്ടുമാവും. വിഷണ്ണനായ നമ്പൂതിരിയുടെ സ്വപ്നത്തിൽ തന്റെ ഇഷ്ടദൈവം ചമ്രവട്ടത്തപ്പൻ പ്രത്യക്ഷപ്പെട്ടു, 40 ദിവസം കുളിച്ചുതൊഴുത് പുഴയിലെ വെള്ളം കുടിക്കാൻ പറഞ്ഞു മറഞ്ഞു. നമ്പൂതിരി അതനുസ്സരിച്ചു പ്രവർത്തിച്ചു. രോഗവും മാറി. ഇതറിഞ്ഞ വൈദ്യൻ തനിക്ക് രോഗി വെള്ളം കുടിച്ച ആ സ്ഥലമൊന്നു കാണണമെന്നു പറഞ്ഞു ചെന്നു. അപ്പോഴതാ പെരുമ്പാമ്പിന്റെ അസ്ഥികൂടം ആ ഒഴുക്കിനോടു ചേർന്നു തന്നെയുണ്ട്. വൈദ്യനതോടെ സമാധാനമായി. സത്യത്തിൽ നമ്പൂതിരിക്കും സമാധാനമായി, കാരണം താനായിട്ട് ആചാരലംഘനം നടത്തിയിട്ടില്ല, സ്വപ്നമാണ് തന്നെ നയിച്ചത്. സ്വപ്നത്തിലൂടെ അതാവാം! അപ്പോൾ പാപമില്ല. മറ്റൊരു കാര്യം വെള്ളത്തിന്റെ സ്പർശം എല്ലാ അശുദ്ധികളെയും കഴുകിക്കളയുമെന്ന സവർണാബോധവും. മറ്റുള്ളവർ തൊട്ട വസ്തുക്കൾ വെള്ളം തളിച്ചു ശുദ്ധിവരുത്തുക എന്നത് സവർണർക്കിടയിൽ നടപ്പിലുള്ള ഒരു രീതിയാണല്ലോ. വൃത്തിയേക്കാൾ ശുദ്ധമാണ് ഇവിടെ പ്രബലമായ ഘടകം. ജെ. ദേവികയും ഹരികൃഷ്ണനും ചേർന്ന് കഫീല ഓൺലൈൻ മാസികയിലെഴുതിയ ലേഖനത്തിൽ സവർണസ്ത്രീകൾ തങ്ങളുടെ മുണ്ടും നേരിയതും വെള്ളത്തിൽ മുക്കി ശുദ്ധിയാക്കുന്നതിനെക്കുറിച്ചു പറയുന്നു. അഴുക്കു കളഞ്ഞ് വൃത്തിയാക്കുന്ന അലക്കായി തോന്നുമെങ്കിലും ഈ പ്രവൃത്തിയുടെ പ്രധാനപ്രേരണ വൃത്തിയേക്കാൾ ശുദ്ധിബോധമാണെന്നവർ പറയുന്നു. അയിത്തജാതിക്കാരുമായുള്ള ഇടപഴകലിലൂടെ "അശുദ്ധ'മായ വസ്ത്രമാണവരുടെ പ്രശ്നം.

പഴയകാല കേരളത്തിലെ വ്യാപാരരീതികളിൽ സ്പർശത്തിന്റെ വിവേചനങ്ങൾ കാണാം. ചന്തയിലോ കടകളിലോ ഒക്കെ സാധനങ്ങൾ വാങ്ങാൻ വരുന്ന കീഴാളർ പണം ദൂരെ വെച്ച് തീണ്ടാപ്പാടകലെ മാറിനിൽക്കുമത്രെ. കടക്കാരൻ പുറത്തു വന്ന് സാധനം അവിടെ വെച്ച് പണമെടുത്തുകൊണ്ടു പോകും. പണത്തിന് തീണ്ടലില്ല, മനുഷ്യശരീരത്തിനേയുള്ളു! സവർണർ പറയുന്ന പോലെ ഉപ്പ് എന്നു ഉപ്പു വാങ്ങാനെത്തിയ ഒരു കീഴാളൻ പറഞ്ഞതിന് അയാളെ തല്ലിക്കൊന്ന കഥ കേരളത്തിലുണ്ട്! കീഴാളർ ഉപ്പെന്നു പറയാൻ പാടില്ല, പുളിഞ്ചാടൻ എന്നാണ് പറയേണ്ടതത്രെ.
ഇരുപതാംനൂറ്റാണ്ടിന്റെ തുടക്കത്തിൽ തന്നെ സിനിമാശാലകളിലും മറ്റും പലജാതിക്കാർ അടുത്തടുത്തിരുന്ന് ഇടപെടുമ്പോഴുണ്ടാവുന്ന അയിത്ത/ശുദ്ധിയെക്കുറിച്ചുള്ള, ആരോഗ്യത്തെയും പകർച്ചവ്യാധികളെക്കുറിച്ചും ഒക്കെയുള്ള സവർണരുടെ ആകുലതകൾ പ്രദർശനശാലകളെ ബാധിച്ചിരുന്നുവെന്ന് ബിന്ദുമേനോനും മറ്റും പറയുന്നുണ്ട്.

ആരാധന-സ്പർശത്തിന്റെ കീഴാളത
ക്ഷേത്രപ്രവേശനവുമായി ബന്ധപ്പെട്ട് കേരളത്തിൽ നടന്ന സമരങ്ങളെല്ലാം തന്നെ വഴിനടക്കാനും അസ്പൃശ്യതയെ മറികടക്കാനുമുള്ള പൗരത്വാവകാശങ്ങളിലൂന്നിയവയായിരുന്നു. ആരാധനാലയങ്ങൾക്കകത്തുള്ള വിവേചനങ്ങളും ധാരാളമുണ്ടായിരുന്നു. നാരായണഗുരുവിന്റെ ഈഴവശിവപ്രതിഷ്ഠ ആരാധനയ്ക്കുള്ള സ്വാതന്ത്ര്യത്തിലൂന്നിയതായിരുന്നു. താൻ താമസിച്ചിരുന്ന ഒരു കർഷകന്റെ കുടിലിൽ തറയിൽ കണ്ട ഒരു കല്ല് പൂജക്കായി കർഷകൻ ഉപയോഗിച്ചിരുന്നതാണെന്നറിഞ്ഞ് അതിനെ വെയിലത്തു വെച്ചു നോക്കാനാഞ്ഞ ഒരു പ്രഫസറുടെ കഥ അനന്തമൂർത്തി പറയുന്നുണ്ട്. പക്ഷേ പിന്നെ പാവം കർഷകന്റ വിശ്വാസത്തെ താൻ മാനിച്ചില്ല എന്നുള്ളതാലോചിച്ച് അയാൾ ആകെ കുറ്റബോധമുള്ളവനായി. വൈകിട്ട് കർഷകൻ പണികഴിഞ്ഞുവന്നപ്പോൾ പ്രഫസർ തെറ്റും മാപ്പും പറഞ്ഞു. അയാൾ ചിരിച്ചുകൊണ്ട് മറ്റൊരു കല്ല് പൂജക്കായി തിരഞ്ഞെടുത്തു. കല്ലല്ല, തന്റെ വിശ്വാസമാണ് അയാൾക്കു പ്രമാണമായത് എന്നാണ് അനന്തമൂർത്തിയുടെ വ്യാഖ്യാനമെന്നു കരുതാം. ദളിതനു പകരം അതൊരു ബ്രാഹ്മണനായിരുന്നെങ്കിൽ കല്ല് എടുത്തുനോക്കാൻ പ്രഫസറുടെ ജിജ്ഞാസ ഉണരുമായിരുന്നോ എന്ന ചോദ്യവും ബാക്കിനിൽക്കുന്നു.

1926-ലെ കോഴിക്കോട്ടെ ഒരു ക്ഷേത്രം.
1926-ലെ കോഴിക്കോട്ടെ ഒരു ക്ഷേത്രം.

കീഴാളക്രിസ്ത്യാനികൾക്ക് പള്ളിയിൽ കൃപാന കയ്യിൽ കൊടുക്കാറില്ല. എറിഞ്ഞാണത്രെ കൊടുക്കാറുണ്ടായിരുന്നത്. പാമ്പാടി ജോൺ ജോസഫ് ബ്രിട്ടീഷ് പാർലമെന്റിൽ അതിനെതിരെ ഒരു നിവേദനം കൊടുത്തതായി കീഴാള ചരിത്രപണ്ഡിതർ പറയുന്നു. വീഞ്ഞ് വായിൽ മുട്ടിക്കാതെ വലിയ തവിയിൽ കോരി ഒഴിച്ചുകൊടുക്കുകയാണ് ചെയ്യുന്നതെന്നും മിഷനറിരേഖകളിൽ കാണാമത്രെ. പത്തൊമ്പതാം നൂറ്റാണ്ടിലെ അടിമകകളുടെ ആത്മീയജീവിതത്തെക്കുറിച്ചെഴുതപ്പെട്ട "വിശ്വാസവും വിമോചനവും:കൈപ്പറ്റ ഹാബേൽ' എന്ന കൃതിയിലും ഇതു കടന്നു വരുന്നുണ്ട്. (പുറം64, സനൽ മോഹൻ, വിനിൽ പോൾ). സിസ്റ്റർ ജെസ്മിയുടെ അനുഭവങ്ങളിൽ പരസ്പരം സ്പർശിക്കാതെ ഇരിക്കേണ്ടതായ തൊടലടക്കം എന്ന വ്രതത്തെക്കുറിച്ചു പറയുന്നുണ്ട്. പ്രാർത്ഥനയ്ക്കിടയിലോ അല്ലാതെയോ മറ്റൊരാളെ സ്പർശിക്കാൻ പാടില്ലെന്നുള്ള കർശനമായ വിലക്കാണത്. ലംഘിച്ചാൽ കടുത്ത ശിക്ഷ ലഭിക്കുമായിരുന്നുവത്രെ. ആഢ്യത്തം കുറഞ്ഞ കന്യാസ്ത്രീകളിൽ ചിലർക്ക് മറ്റുള്ളവരോടൊപ്പം പ്രാർത്ഥനകളിലും കുർബാനയിലും പങ്കുചേരാൻ അനുവാദമില്ലായിരുന്നുവെന്നും പറയുന്നുണ്ട്. അവരെ കസേരകളിൽ ഇരിക്കാൻ അനുവദിച്ചിരുന്നില്ല. മറിച്ച് പെട്ടിപ്പുറങ്ങളാണ് അവരുടെ ഇരിപ്പിടം. പെട്ടിപ്പുറത്തമ്മമാർ എന്നാണത്രെ അവർ വിളിക്കപ്പെട്ടിരുന്നത്.

സമീപകാലത്തുണ്ടായ വടയമ്പാടി ക്ഷേത്രമതിൽ സംബന്ധിച്ച പ്രശ്നങ്ങൾ ഈ വിവേചനത്തിന്റെ ആധുനികരൂപത്തെയാണ് പ്രക്ഷേപണം ചെയ്യുന്നത്. വടയമ്പാടി ദേവീക്ഷേത്രത്തിനടുത്തു സ്ഥിതിചെയ്യുന്ന ദളിത് കോളനി നിവാസികളുടെ കലാകായികവിനോദാവശ്യങ്ങൾക്കായും നടവഴിയായും ഉപയോഗിച്ചിരുന്ന മൈതാനം എൻ.എസ്.എസ്.കരയോഗം അടച്ചുകെട്ടിയതിനെതിരെയാണ് ദളിതർ പ്രക്ഷോഭം ആരംഭിച്ചത്. പറയസമുദായാംഗമായ മാക്കോത പാപ്പു പ്രതിഷ്ഠവെച്ച് പൂജനടത്തിയിരുന്നതും പുലയസമുദായത്തിൽപ്പെട്ട നടത്താക്കുടി ചോതി എന്ന വെളിച്ചപ്പാട് കൊടുവാളും ചിലങ്കയും സൂക്ഷിച്ചിരുന്നതുമായ തറ/പതി ഈ മൈതാനത്തിലാണ് സ്ഥിതിചെയ്തിരുന്നത്. വിഗ്രഹം പണിയുന്ന കമ്മാളനോ തച്ചനോ തങ്ങൾ പ്രതിഷ്ഠിച്ച വിഗ്രഹത്തിൽ തൊടാനവകാശമുണ്ടായിരുന്നില്ല. അത്തരമൊരു രംഗം പെരുന്തച്ചൻ സിനിമയിലുണ്ട്.



Summary: G Ushakumari writes about Touch and Intangibility Social History and Cultural Imaginaries


ജി. ഉഷാകുമാരി

എഴുത്തുകാരി, സാമൂഹിക വിമർശക. പുല്ലൂറ്റ് ഗവ. കെ.കെ.ടി.എം കോളേജിൽ അസോസിയേറ്റ് പ്രൊഫസർ. ഉടൽ ഒരു നെയ്​ത്ത്​: സംസ്​കാരത്തിന്റെ സ്​ത്രീവായന, വയലറ്റുനാവിലെ പാട്ടുകൾ തുടങ്ങിയവ പ്രധാന പുസ്​തകങ്ങൾ.

Comments